അധിക ബാധ്യതയോ? കിഫ്ബി നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍

സി.എ.ജിയുടെ ഓഡിറ്റ് സംബന്ധിച്ച വാദപ്രതിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കിഫ്ബിയിലൂടെ നടത്തുന്ന കോര്‍പ്പറേറ്റ് അജന്‍ഡകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കുന്നു
അധിക ബാധ്യതയോ? കിഫ്ബി നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍

 
മൂന്നുവര്‍ഷം മുന്‍പു വരെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായിരുന്നു കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന 'കിഫ്ബി'. നൂല്‍പ്പാലത്തിനപ്പുറം വികസനം, അതായിരുന്നു കിഫ്ബിയുടെ പ്രായോജകര്‍ മുന്നോട്ടുവച്ച സ്വപ്നം. ഭാവിയില്‍ അയഥാര്‍ത്ഥ്യങ്ങളാണെന്നു ബോധ്യപ്പെട്ടിട്ടും പലരും കേരളവികസനത്തിന്റെ പുതിയ മോഡലിന്റെ വാഴ്ത്തുപാട്ടില്‍ വീണു. നവലിബറല്‍ കാലത്തെ വികസന സ്വപ്നങ്ങള്‍ തങ്ങളുടെ സാമൂഹ്യ ചുമതലയുടെ ഭാഗമാണെന്നു നേതാക്കള്‍ വിശ്വസിച്ചു. വിമര്‍ശകരാകട്ടെ, പിന്തിരിപ്പന്‍മാരും വികസനദ്രോഹികളുമായി മാറി. എതിര്‍പ്പുകളുടെ പേരില്‍ കേരളത്തിലെ ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ വിഭവ സമാഹരണമടക്കമുള്ള നയതീരുമാനങ്ങള്‍ പരമ്പരാഗത ഭരണസംവിധാനങ്ങള്‍ക്കു പുറത്ത് രൂപംകൊള്ളുന്നത് ഗുരുതരമായ രാഷ്ട്രീയപ്രശ്നമാണെന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍പോലും തിരിച്ചറിയുന്നില്ല.

കിഫ്ബി ഉയര്‍ത്തുന്ന പ്രധാന രാഷ്ട്രീയപ്രശ്നവും അതുതന്നെയാണ്. സര്‍ക്കാരിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് സംവിധാനമാണ് കിഫ്ബിയെന്നാണ് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രധാനം. ഭരണഘടനാച്ചട്ടങ്ങളുടെ ബാധ്യത ഒഴിവാക്കി നവലിബറല്‍ മൂലധനമൊഴുക്കിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ചാലകം. ലാഭനഷ്ടങ്ങളില്‍ അടിസ്ഥാനമാണ് കിഫ്ബിയുടെ വിഭവസമാഹരണവും വിനിയോഗവും. കിഫ്ബിയുടെ കാഴ്ചപ്പാടില്‍ സര്‍ക്കാര്‍ ഒരു ഫെസിലിറ്റേറ്റര്‍ മാത്രമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു സഹായി. രൂപീകരണ ചരിത്രം മുതല്‍ നോക്കിയാല്‍ കിഫ്ബിയുടെ ഈ നിയോ ലിബറല്‍ അജണ്ട തെളിയും. 1999-ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് കിഫ്ബി ആക്റ്റ് പാസ്സാക്കുന്നത്. വൈദ്യുതി, റോഡ്, തുറമുഖം, വിമാനത്താവളങ്ങള്‍, ജലവിതരണം, മാലിന്യനിര്‍മ്മാര്‍ജനം തുടങ്ങി വിവിധ നിക്ഷേപ സാധ്യതകളുള്ള മേഖലകളാണ് ഇതിന്റെ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഗ്രാന്‍ഡുകള്‍, അഡ്വാന്‍സുകള്‍, വായ്പകള്‍ എന്നിവ വഴി സര്‍ക്കാരില്‍നിന്നു വിഭവസമാഹരണം നടത്താനാണ് കിഫ്ബി ആദ്യം ലക്ഷ്യമിട്ടിരുന്നത്. ബോണ്ടുകളും ഡിബെഞ്ചറുകളും വഴി ആഭ്യന്തര വിപണിയില്‍നിന്നുമാത്രം, അതും 1000 കോടിയില്‍ താഴെ മാത്രം വരുന്ന ധനസമാഹരണമാണ് കിഫ്ബി അന്ന് ലക്ഷ്യമിട്ടിരുന്നത്. 

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർ
ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർ

വികസന രാഷ്ട്രീയത്തിന്റെ പൊരുളുകള്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍, 40 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള സംയുക്ത സംരംഭങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു ആദ്യ ലക്ഷ്യം. ചീഫ്സെക്രട്ടറി, ആറ് വകുപ്പ് സെക്രട്ടറിമാര്‍, ബാങ്കിങ് മേഖലയിലുള്ള രണ്ട് വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്നതായിരുന്നു കിഫ്ബിയുടെ ബോര്‍ഡ്. 2016-ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി. അതുവരെയുള്ള ഘടനകളെയൊക്കെ മാറ്റിമറിക്കുന്നതായിരുന്നു ആ നിയമഭേദഗതി. ചട്ടങ്ങളില്‍ പലതും മാറ്റിയെഴുതി. വിശാല താല്പര്യങ്ങളില്‍ ചിലതൊക്കെ ഉള്‍പ്പെടുത്തി. കിഫ്ബിക്ക് അനുമതി നല്‍കാവുന്ന പദ്ധതിമേഖലകള്‍ പത്തെണ്ണമായിരുന്നത് ഇരുപതാക്കി. ഭൂമിയൊരുക്കലും ധാതുഖനനവും കിഫ്ബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. മത്സ്യബന്ധനം, ഐ.ടി., വിദ്യാഭ്യാസം, ആരോഗ്യം, സ്പോര്‍ട്സ്, ടൂറിസം തുടങ്ങി കോര്‍പ്പറേറ്റുകള്‍ക്ക് താല്പര്യമേറിയ മിക്ക മേഖലകളിലും കിഫ്ബിക്ക് പദ്ധതികള്‍ നടത്താനുള്ള അനുമതിയും നിയമംവഴി നല്‍കി. ഇത് കൂടാതെ സര്‍ക്കാര്‍ ഓഹരി നിക്ഷേപം 26 ശതമാനമുള്ള സൊസൈറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതിയുമായി സഹകരിക്കാമെന്നും  ഭേദഗതി വരുത്തി. 1999-ലെ നിയമമനുസരിച്ച് കിഫ്ബിയുടെ ഫണ്ട് ദേശസാല്‍ക്കരണ ബാങ്കില്‍ വേണം നിക്ഷേപിക്കാന്‍ എന്നുണ്ടായിരുന്നു. ഭേദഗതിയോടെ ഈ നിബന്ധനയും കളഞ്ഞു. ഇങ്ങനെ കിഫ്ബിയുടെ ഓരോ പ്രവര്‍ത്തനഘട്ടവും ചുവടുവയ്പ്പും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഏറ്റെടുക്കുന്ന പദ്ധതികളുടെ ചെലവ് സംബന്ധിച്ച് നിയമത്തില്‍ ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഗ്യാരന്റ് 1000 കോടിയിലധികം ചെലവ് വരുന്ന പദ്ധതികള്‍ പാടില്ലെന്ന ദുര്‍ബ്ബലമായ പരാമര്‍ശം മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ തന്നെ സര്‍ക്കാര്‍ മാറ്റം വരുത്തി. പിന്നീട് പരിധി പലതവണ ഉയര്‍ത്തി 21,000 കോടിയാക്കി. പദ്ധതിക്കു പത്തു കോടി മാത്രമേ ഒരു തവണ അനുവദിക്കാവൂവെന്ന നിബന്ധനയും പരിഷ്‌കരിച്ചു. ബോര്‍ഡിന്റെ ഘടനയും മാറ്റി. മുഖ്യമന്ത്രിക്കു പകരം ചീഫ് സെക്രട്ടറിയായി അധ്യക്ഷന്‍. ധനമന്ത്രിക്കുവേണ്ടി വൈസ് ചെയര്‍പേഴ്സണ്‍ എന്ന പദവി സൃഷ്ടിച്ചു. എക്സ് ഒഫിഷ്യോ അംഗങ്ങളുടെ എണ്ണം ഏഴില്‍നിന്നു നാലായി കുറച്ചു. അതേസമയം വിദഗ്ദ്ധരുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തുകയും ചെയ്തു. 2016-ലെ ഭേദഗതി സ്വകാര്യവല്‍ക്കരണത്തിനുള്ള അധിക സാധ്യതകള്‍ തുറക്കുകയായിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ പൊതുവിഭവങ്ങള്‍ ഉപയോഗിച്ച് നിക്ഷേപവും വികസനവും നിര്‍മ്മാണവും പ്രവര്‍ത്തനവും നടത്തുകയായിരുന്നു ലക്ഷ്യം. നിക്ഷേപത്തിനു വേണ്ട അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കും. നികുതിയോ ഫീസോ വാങ്ങില്ലെന്നു മാത്രമല്ല, ഗ്രാന്റായി സര്‍ക്കാര്‍ പണം നല്‍കുകയും ചെയ്യും. പൊതുജനങ്ങളില്‍നിന്നു യൂസര്‍ഫീ പിരിക്കാനുള്ള ചട്ടം ഈ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചതും 2016-ലാണ്.

അഞ്ചിനം നിക്ഷേപക്കരാറുകളാണ് ആദ്യ ഘട്ടത്തില്‍ കിഫ്ബിക്ക് ഉണ്ടായിരുന്നത്. ബി.ഒ.ടി (ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍), ബി.ഒ.ഒ (ബിള്‍ഡ് ഓണ്‍ ഓപ്പറേറ്റ്), ബി.ഒ.ഒ.ടി (ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍), ബി.ടി.ഒ (ബില്‍ഡ് ട്രാന്‍സ്ഫര്‍ ഓപ്പറേറ്റ്), ഡി.ബി.എഫ്.ഒ.ടി (ഡിസൈന്‍-ബില്‍ഡ്- ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍) എന്നിങ്ങനെയാണ് ആ കരാറുകള്‍. ഈ അഞ്ച് വ്യവസ്ഥകളടക്കമുള്ള കരാറുകളിലെല്ലാം സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഭൂമിയടക്കമുള്ള പൊതുവിഭവങ്ങള്‍ നിശ്ചിതകാലത്തേക്ക് ഉപയോഗിക്കാന്‍ കരാര്‍ നല്‍കുന്ന ഈ വ്യവസ്ഥകള്‍ നിയോലിബറല്‍ മൂലധനമൊഴുക്കിന്റെ നടത്തിപ്പിന് അനിവാര്യമായ ഘടകങ്ങളെല്ലാം ചേര്‍ത്താണ് രൂപപ്പെടുത്തിയത്.     

കിഫ്ബി നല്‍കുന്ന കടബാധ്യത

സമീപകാല ചരിത്രത്തിലൊന്നും സംഭവിക്കാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ന് കേരളം. ധനവകുപ്പ് ട്രഷറി നിയന്ത്രണം കടുപ്പിച്ചത് അത് സ്ഥിരീകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിക്ക് എതിരേയുള്ള വിമര്‍ശനങ്ങള്‍ വിലയിരുത്തേണ്ടത്. പരമ്പരാഗത ഭരണസംവിധാനത്തിനു പുറത്തുള്ള കിഫ്ബി എന്ന ആശയം സമീപഭാവിയില്‍ത്തന്നെ സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നാണ് അതില്‍ കാതലായ ഒരു വിമര്‍ശനം. അടിസ്ഥാന സൗകര്യവികസനത്തിനും വന്‍കിട പദ്ധതികള്‍ക്കും ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ ചെലവാക്കുന്ന കീഴ്വഴക്കമാണ് കിഫ്ബി വന്നതോടെ തെറ്റിയത്. സാധാരണഗതിയില്‍ സംസ്ഥാനങ്ങള്‍ക്കു വായ്പയെടുക്കുന്നതിനു പരിധിയുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലധികം വായ്പയെടുക്കാനാവില്ല. എന്നാല്‍, കിഫ്ബി ഇതിനെ മറികടക്കുന്നു. വായ്പയല്ല, ബോണ്ടുകളാണ് നിക്ഷേപമാര്‍ഗം എന്നതാണ് കിഫ്ബിയുടെ സവിശേഷതയായി സര്‍ക്കാര്‍ പറയുന്നത്. ബോണ്ടുകളിലൂടെ വിഭവസമാഹരണം നടത്തിയാലും പലിശയടക്കം ഇത് തിരിച്ചടക്കണം. ഇതിനു മുന്‍പെടുത്ത വായ്പകളുടെ പലിശയടയ്ക്കാനാണ് ഇപ്പോള്‍ വരുമാനത്തിന്റെ മൂന്നിലൊന്നും സംസ്ഥാനം ചെലവിടുന്നത്. വര്‍ഷംതോറും വായ്പ ഉയരുകയും ചെയ്യുന്നു. റവന്യൂക്കമ്മിയും ധനക്കമ്മിയും അടുത്തകാലത്തെങ്ങും കുറയില്ലെന്നു സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വരവുചെലവുകളുടെ അന്തരം മൊത്തം ജി.ഡി.പിയുടെ മുപ്പതു ശതമാനത്തോളമായിട്ടുണ്ട്. 2019-2022 കാലയളവില്‍ നിലവിലുള്ള കടത്തിന്റെ പലിശയിനത്തില്‍ മാത്രം നല്‍കേണ്ടത് 6,000 കോടി രൂപയാണ്. ഈ പശ്ചാത്തലത്തിലാണ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വന്‍ നിക്ഷേപസാധ്യത പറഞ്ഞ് കിഫ്ബി 50,000 കോടി രൂപ വീണ്ടും വായ്പയെടുക്കുന്നത്.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2,150 കോടി രൂപയാണ് മസാല ബോണ്ടുകള്‍ വഴി കിഫ്ബി വിദേശവിപണിയില്‍നിന്നു സമാഹരിച്ചത്. ഇതോടെ മൊത്തം സമാഹരിച്ച തുക 7,527 കോടിയായി. ഈ തുകയ്ക്ക് മാത്രം 9.723 ശതമാനം നിരക്കില്‍ വര്‍ഷവും 209 കോടി നല്‍കണം. അഞ്ചുവര്‍ഷത്തെ മെച്ച്യൂരിറ്റി കാലയളവാകുമ്പോഴേക്കും പലിശഭാരം 1,045 കോടിയിലധികം വരും. പലിശ നല്‍കാന്‍ കണ്‍ട്രോള്‍ഡ് ലിവറേജ് മാതൃകയില്‍ വാഹനനികുതിയിലെ വിഹിതവും ഇന്ധനസെസിലെ വിഹിതവും ഓരോ ദിവസവും തിരിച്ചടയ്ക്കുമെന്നാണ് ധനവകുപ്പിന്റെ വാദം. കണ്‍ട്രോള്‍ഡ് ലിവറേജ് നല്ല സാമ്പത്തികതത്വമാണെങ്കിലും  ഇങ്ങനെയാണെങ്കില്‍പ്പോലും പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞവര്‍ഷങ്ങളിലെ വരുമാനക്കണക്കുകള്‍ നോക്കാം. 2018-'19 കാലയളവില്‍ പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ജി.എസ്.ടിയില്‍പ്പെടാത്ത ഇന്ധനങ്ങളില്‍നിന്നുള്ള വരുമാനം 8395.64 കോടിയായിരുന്നു. 2019-'20 കാലയളവില്‍ അത് 7834.75 കോടിയായി കുറഞ്ഞു. എകദേശം 560 കോടിയോളം ഈ ഇനത്തില്‍ നഷ്ടമായി. രാജ്യത്ത് നിലവിലുള്ള സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇതെന്നു വേണം കരുതാന്‍. സമീപഭാവിയില്‍ വലിയൊരു തിരിച്ചുവരവും പ്രതീക്ഷിക്കുന്നില്ല. പലിശ നല്‍കാന്‍ ഈ പണം ഉപയോഗിക്കാമെന്ന കണക്കുകൂട്ടലില്‍ എത്രകാലം കേരളത്തിനു നിലനില്‍ക്കാനാകുമെന്നതാണ് ചോദ്യം. വരവിലധികം ചെലവ് പാടില്ലെന്നതുപോലെതന്നെ വരുമെന്നു കരുതിയുള്ള ചെലവു ചെയ്യലും നിയന്ത്രിച്ചേ മതിയാകൂവെന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

സര്‍ക്കാരിനു മാത്രമല്ല, ഈ പ്രതിസന്ധി. കടക്കെണിയുടെ ദുരിതം അനുഭവിക്കേണ്ടിവരിക സാധാരണക്കാരാണ്. ഇന്ധന സെസ് അടക്കമുള്ള നികുതികള്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നു മാത്രമല്ല, പല മേഖലകളിലും അത് പ്രത്യാഘാതങ്ങളുമുണ്ടാക്കും. കിഫ്ബി വഴി നിക്ഷേപിക്കുന്ന പദ്ധതികളില്‍നിന്നു വരുമാനം കണ്ടെത്താന്‍ ഉടനടി സാധിച്ചില്ലെങ്കില്‍ പലിശയടയ്ക്കാന്‍ സര്‍ക്കാരിനു പുതിയ നികുതികള്‍ കൊണ്ടുവരികയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. പുതിയ നികുതികള്‍ വന്നേക്കാം, അല്ലെങ്കില്‍ നികുതി നിരക്കില്‍ വര്‍ധനയുണ്ടായേക്കാം. രണ്ടായാലും അധികബാധ്യത സാധാരണ ജനങ്ങള്‍ ചുമക്കേണ്ടിവരും. അനുദിനം വര്‍ധിക്കുന്ന വായ്പയാണ് മറ്റൊരു കീറാമുട്ടി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2019 മേയ് വരെ 59,000 കോടി രൂപയാണ് കടമെടുത്തത്. 1,57,558 കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം. സംസ്ഥാനത്ത് ജീവിക്കുന്ന ഓരോരുത്തര്‍ക്കും 45,728 രൂപ കടമുണ്ട്. പലിശ അടയ്ക്കാന്‍ സര്‍ക്കാരിനു കൂടുതല്‍ കടമെടുക്കേണ്ടിവരുന്നു. നിലവിലെ സാമ്പത്തികസ്ഥിതി വച്ച് ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്നു വ്യക്തമല്ല. സ്ഥിരമായ റവന്യൂക്കമ്മിയും കടവും പലിശയടവ് പ്രതിസന്ധിയിലാക്കും. ഇന്ധനസെസും വാഹന നികുതിയും കുറയുന്ന അടിയന്തര സാഹചര്യങ്ങളില്‍ കിഫ്ബിയുടെ പലിശയടവ് മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് ധനമന്ത്രി ഉറപ്പുകൊടുത്തിട്ടുണ്ട്. അതായത് പലിശയടവ് മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെ ഗ്രാന്റോ വായ്പാസഹായമോ കിഫ്ബിക്കു നല്‍കും. ഒന്നുകില്‍ വായ്പ തിരിച്ചടയ്ക്കുന്നതു വരെ, അല്ലെങ്കില്‍ നിക്ഷേപത്തില്‍നിന്നു സ്ഥിരവരുമാനം ലഭിക്കുന്നതുവരെ കിഫ്ബിയുടെ ബാധ്യത സര്‍ക്കാരിനു തന്നെയാകുമെന്നു വ്യക്തം.

കിഫ്ബി തയ്യാറാക്കിയിട്ടുള്ള വന്‍പദ്ധതികളില്‍ മിക്കതിനും വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരും. കേരളത്തിലെ ജനസാന്ദ്രതയും വസ്തുവിലയും അതിനുള്ള ചെലവ് അതിഭീമമാണ്. ഉദാഹരണത്തിന്, കിഫ്ബിക്ക് കീഴിലെ വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനായി വേണ്ടിവരുമെന്നു കരുതിയിരിക്കുന്ന 13,000 കോടി രൂപയില്‍നിന്നു ദേശീയപാത വികസനത്തിനായി 5400 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. മസാലബോണ്ടുകളില്‍നിന്ന് സമാഹരിക്കുന്ന പണം ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ആര്‍.ബി.ഐയുടെ കര്‍ശനനിര്‍ദ്ദേശം ലംഘിച്ചാണ് സര്‍ക്കാരിന്റെ ഭൂമി ബോണ്ടുകള്‍ എന്ന ഈ നടപടി. ദേശീയപാത വികസനത്തിന് കിഫ്ബിയില്‍നിന്നു ചെലവിടുന്ന പണം തിരിച്ചുപിടിക്കാന്‍ ടോള്‍ പിരിക്കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. 598 കിലോമീറ്റര്‍ ദേശീയപാത നാലുവരിയാക്കാന്‍ 44000 കോടിയാണ് ചെലവ്. അതില്‍ 22000 കോടിയും ഭൂമി ഏറ്റെടുക്കാനാണ്. ഇത്രയും വലിയ തുക കിഫ്ബിക്ക് ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്നുറപ്പാണ്. സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന വായ്പയെ ആശ്രയിക്കാതെ മറ്റൊരു നിവൃത്തിയുമില്ല.

ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരുന്ന 60 ശതമാനം നികുതിവരുമാനവും പ്രതിസന്ധിയിലാണ്. മൂല്യവര്‍ധിത നികുതി ഉണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ്. സ്വര്‍ണ്ണം പോലുള്ള ഉല്പന്നങ്ങളില്‍ വാറ്റ് ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചത് 630 കോടിയാണ്. ജി.എസ്.ടിയായപ്പോള്‍ അത് 272 കോടിയായി.  മൊത്തം വരുമാനത്തിന്‍ന്റെ 10 ശതമാനം വരുന്ന ലോട്ടറിയടക്കമുള്ള നികുതിയിതര വരുമാനത്തിലും വര്‍ധനയുണ്ടായിട്ടില്ല. സെസ്, ഗ്രാന്റ് ഇന്‍ എയ്ഡ് അടക്കം വരുമാനത്തിന്റെ 30 ശതമാനം വരുന്ന നികുതിവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഈ വരുമാനത്തിലും സര്‍ക്കാരിനു നിയന്ത്രണമില്ലെന്നര്‍ത്ഥം. ജി.എസ്.ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത് 1600 കോടി രൂപയാണ്. അത് ഇതുവരെ കിട്ടിയിട്ടുമില്ല. എന്നാല്‍, വരുമാനം ചുരുങ്ങുമ്പോള്‍ താരതമ്യേന ചെലവുകള്‍ വര്‍ധിക്കുകയാണ്. വരുമാനത്തിന്റെ അറുപതു ശതമാനം വരെ ശമ്പളവും പെന്‍ഷനും അതിന്റെ പലിശയും നല്‍കാന്‍ മാറ്റിവയ്ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കിഫ്ബി എന്ന വികസനമോഡല്‍ നികുതിവര്‍ധനയ്ക്കും യൂസര്‍ ഫീസുകള്‍ക്കും വഴിതെളിക്കുമെന്ന് കരുതപ്പെടുന്നത്.
കിഫ്ബി വഴിയുള്ള ഭൂരിഭാഗം പദ്ധതികളും പൊതു-സ്വകാര്യ പങ്കാളിത്തം വഴി നടപ്പാക്കുന്നതാണ്. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന യൂസര്‍ ചാര്‍ജാണ് പദ്ധതികളില്‍ വരുമാനം. അതായത്, വരുമാനം മുഴുവന്‍ സ്വകാര്യപങ്കാളിക്കു പോകുകയും അധികബാധ്യത സാധാരണക്കാരനുമേല്‍ വീഴുകയും ചെയ്യും. മറ്റൊരാശങ്ക, വന്‍കിട പദ്ധതികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതവും കുടിയൊഴിപ്പിക്കലുമാണ്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഇത് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനു കാരണമാകും. വരുമാനവും തൊഴിലും ജീവിതസാഹചര്യങ്ങളും ഇല്ലാതാകുന്നതുകൊണ്ടുള്ള സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വേറെ. വന്‍കിട പദ്ധതികള്‍ വരുന്നതോടെ പാറയും മണ്ണും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യമേറും. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തം വേറെ സാമൂഹ്യശാസ്ത്രജ്ഞനായ കെ.ടി. റാം മോഹന്‍ പറയുന്നു. 

നിയമസഭയിൽ സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു
നിയമസഭയിൽ സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു

പലിശയില്‍ കിഫ്ബി മോഡല്‍

മസാല ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 9.8 ശതമാനം കൊള്ളപ്പലിശയാണെന്നും വിദേശത്തുള്ള എത്ര കമ്പനികള്‍ക്കാണ് ബോണ്ട് കൊടുത്തതെന്നും അവ ഏതൊക്കെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മസാല ബോണ്ട് പിന്നാമ്പുറത്തുകൂടി ഒളിച്ചു വില്‍ക്കുന്ന ഒരു ഏര്‍പ്പാടല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് ഈ ആരോപണങ്ങള്‍ക്കു നല്‍കിയ മറുപടി. അന്തര്‍ദ്ദേശീയ നാണയവിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളുടെ കെടുതിയില്‍നിന്നും മോചിതമാണ് ഇതെന്നും ധനകാര്യ ബാങ്കിംഗ് വിദഗ്ദ്ധര്‍ അടങ്ങുന്ന കിഫ്ബി ബോര്‍ഡ് തലനാരിഴകീറി പരിശോധിച്ചതിനുശേഷമാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും വ്യക്തമാക്കി. എന്നാല്‍, ആഗോളവായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു ബോണ്ടുകളേക്കാള്‍ പലിശ കൂടുതലാണെന്നതാണ് യാഥാര്‍ത്ഥ്യം. ലണ്ടന്‍ ഇന്റര്‍ ബാങ്ക് ഓഫര്‍ റേറ്റ് അനുസരിച്ച് മൂന്നു ശതമാനത്തില്‍ താഴെയാണ് പലിശ. ആഗോളവിപണിയിലെ ടേം നോട്ടുകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു മുതല്‍ ആറു വരെ ശതമാനമാണ് വായ്പാപലിശ. ഉയര്‍ന്ന പലിശ നിരക്കില്ലെങ്കില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാകുമോ എന്ന സംശയമാകാം പലിശ കൂട്ടി നല്‍കാന്‍ കിഫ്ബിയെ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍. സാധാരണയായി ബോണ്ടിറക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിങ് പരിഗണിച്ചാണ് നിക്ഷേപകര്‍ നിക്ഷേപമിറക്കുന്നത്. ദീര്‍ഘകാലങ്ങളായി കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ആആ ആണ്. ഈ റേറ്റിങ് നിക്ഷേപസൗഹൃദമാണെന്നതിന്റെ സൂചനയല്ല. വായ്പയടവ് മുടങ്ങിയാല്‍ ബോണ്ടുകളുടെ വിപണിമൂല്യമിടിയും. ജങ്ക് ബോണ്ടുകളുടെ ഗണത്തില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്യും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിലും താഴ്ന്ന റേറ്റിങ്ങിലാകുകയും ചെയ്യും. 

    
സി.എ.ജി പറഞ്ഞത്  
66 ശതമാനം ചെലവ് 
കഴിഞ്ഞ 5 വര്‍ഷത്തിനിടെ സര്‍ക്കാരിന്റെ ചെലവ് 66 ശതമാനം വര്‍ധിച്ചു. 2013-'14ല്‍ 66,244 കോടിയായിരുന്നത് 2017-'18ല്‍ 1,10,238 കോടിയായി
6 ശതമാനം വരുമാനക്കുറവ്
റവന്യൂ വരുമാനത്തില്‍ ആറു ശതമാനം കുറഞ്ഞു. ആളോഹരി കടം 59,588 രൂപയായി.

രണ്ട് വര്‍ഷം, രണ്ട് പദ്ധതികള്‍ 

സമ്പൂര്‍ണ ഓഡിറ്റ് വേണമെന്ന് സി.എ.ജിയും വേണ്ടെന്ന് സര്‍ക്കാരും തര്‍ക്കിക്കുന്നതിനിടെ കിഫ്ബിയുടെ ആദ്യ രണ്ട് വര്‍ഷക്കാലയളവിലെ പ്രവര്‍ത്തനം സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നു. 15,575 കോടി ചെലവില്‍ 26 പദ്ധതികളാണ് കിഫ്ബി വഴി രണ്ടുവര്‍ഷക്കാലയളവില്‍ വിഭാവനം ചെയ്തത്. എന്നാല്‍, രണ്ട് പദ്ധതികള്‍ക്ക് 47 കോടി രൂപ മാത്രമാണ് തുക അനുവദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 കാലയളവില്‍ എട്ട് പദ്ധതികള്‍ക്ക് 615 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, പണം നല്‍കിയത് ഒരു പദ്ധതിക്ക് മാത്രമാണ്. 2017-18 ലാകട്ടെ, 18 പദ്ധതികള്‍ പ്രഖ്യാപിച്ചു. 14,960 കോടിയായിരുന്നു അനുവദിക്കുമെന്ന് പറഞ്ഞ തുക. എന്നാല്‍, ഒരെണ്ണത്തിനു മാത്രമാണ് തുക നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com