ഊരുകളിലെ മക്കള്‍ ഇപ്പോഴും പെരുവഴിയില്‍

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലികിട്ടാത്ത നിരവധി പേര്‍ അട്ടപ്പാടി ആദിവാസി ഊരുകളിലുണ്ട്.
ഊരുകളിലെ മക്കള്‍ ഇപ്പോഴും പെരുവഴിയില്‍

ന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലികിട്ടാത്ത നിരവധി പേര്‍ അട്ടപ്പാടി ആദിവാസി ഊരുകളിലുണ്ട്. വിദ്യാഭ്യാസം കഴിയുന്നതോടെ പട്ടികവിഭാഗക്കാരെല്ലാം സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലി നേടുന്നു എന്ന മുഖ്യധാര പൊതുബോധത്തിനു മുന്നിലാണ് ഗോത്രവിഭാഗത്തില്‍പ്പെട്ട ഈ ചെറുപ്പക്കാര്‍ നില്‍ക്കുന്നത്. ആദിവാസി ഊരുകളില്‍നിന്നും ചിന്തിക്കാന്‍പോലും കഴിയാത്ത സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെ മറികടന്നാണ് ഇവരോരോരുത്തരും ഉന്നത വിദ്യാഭ്യാസം നേടിയത്. ജോലിയില്ലാത്ത ഡോക്ടറും എന്‍ജിനീയറും അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. യാതനകള്‍ മറികടന്നു പഠനം പൂര്‍ത്തിയാക്കിയാലും ഇവരുടെ പ്രതിസന്ധികളും കാത്തിരിപ്പും തീരുന്നേയില്ല. ജോലി തേടി ഓഫീസുകള്‍ കയറിയിറങ്ങിയും മന്ത്രിമാരെ കണ്ടും പരീക്ഷകളെഴുതിയും അലയുന്ന ഇവര്‍ക്കു മുന്നിലാണ് സാമ്പത്തിക സംവരണമടക്കം സമൂഹം ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കുന്നത്. ഇവരെപ്പോലും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന്റെ സംവരണസംവിധാനത്തിലൂടെ കഴിയുന്നില്ല എന്നത് തിരിച്ചറിയപ്പെടണം. ഷോളയൂര്‍, പുതൂര്‍, അഗളി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയില്‍ 190 ഊരുകളിലായി മുഡുഗ, കുറുമ്പ, ഇരുള ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളാണുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെപ്പേരെ ഊരുകളില്‍ കണ്ടു. തൊഴിലില്ലാതെയും കൂലിപ്പണിയെടുത്തും വീട്ടുജോലികള്‍ ചെയ്തും ജീവിക്കുന്ന നിരവധി ചെറുപ്പക്കാര്‍. അവരില്‍ ചിലരുടെ അനുഭവങ്ങളിലൂടെ.

കുറുമ്പ കോളനിയിലെ ആദ്യ ബിടെക്കുകാരന്‍

അട്ടപ്പാടിയില്‍ പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പ സമുദായത്തിന്റെ 19 ഊരുകളുണ്ട്. വനത്തിലുള്ളിലാണ് കുറുമ്പ ഊരുകളേറെയും. കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് വാഹനഗതാഗതമുള്ള റോഡിലേയ്‌ക്കെത്തേണ്ടത്. അട്ടപ്പാടിയിലെ കുറുമ്പ സമുദായത്തില്‍നിന്നുള്ള ആദ്യത്തെ എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പുതൂര്‍ പഞ്ചായത്തിലെ കടുകുമണ്ണ് ഊരിലെ മുരുകന്‍. 2008-ല്‍ കോതമംഗലം എന്‍ജിനീയറിംഗ് കോളേജില്‍നിന്ന് ബി.ടെക് പഠനം കഴിഞ്ഞിറങ്ങിയ മുരുകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു ജോലി എന്നത് 10 വര്‍ഷം കഴിഞ്ഞിട്ടും സാധ്യമായിട്ടില്ല. പി.എസ്.സി പരീക്ഷകള്‍ എഴുതി, പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടിമെന്റുകളില്‍ നേരിട്ട് അപേക്ഷയുമായി പോയി, ശ്രമങ്ങള്‍ ഒരുപാട് നടത്തി. ഫലമുണ്ടായില്ല. 

മുരുകന്‍
മുരുകന്‍

ഇപ്പോഴും വൈദ്യുതി എത്താത്ത ഊരാണ് മുരുകന്റേത്. മണ്ണാര്‍ക്കാട്‌നിന്ന് അഗളിയിലേക്ക് പോകുന്ന വഴി മുക്കാലിയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലാണ് കടുകുമണ്ണ് ഊര്. അഞ്ചുകിലോമീറ്റര്‍ ഇപ്പുറം ആനവയല്‍ വരെ ഇപ്പോള്‍ റോഡുണ്ട്. അതു കഴിഞ്ഞാല്‍ കോളനിയിലേക്ക് മണ്‍പാതയാണ്. മഴക്കാലമായാല്‍ ഇതും തകരും. ഊരില്‍ അസുഖം ബാധിച്ചവരെയൊക്കെ മുളവടിയില്‍ കെട്ടി ചുമന്ന് കിലോമീറ്ററുകളോളം നടന്നാണ് റോഡിലേക്കെത്തിക്കുക. പണ്ട് മുക്കാലി വരെ ഇതുപോലെ നടന്നാണ് പോയിരുന്നത് എന്ന് മുരുകന്‍ പറയും. പഠിക്കാന്‍ പറഞ്ഞുകൊടുക്കാന്‍ വീട്ടില്‍ ആരുമില്ല. ദാരിദ്ര്യം ഒരു ഭാഗത്ത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ആ സ്ഥലത്തുനിന്ന് വാശിയും കഴിവും കൊണ്ടുമാത്രം മുരുകന്‍ നേടിയതാണ് ഈ എന്‍ജിനീയറിംഗ് ബിരുദം. 

അട്ടപ്പാടിയിലെ സ്‌കൂളില്‍നിന്നു പത്താംക്ലാസ്സ് കഴിഞ്ഞ് വയനാട്ടിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു. എന്‍ജിനീയറിംഗ് എന്ന മോഹം ഉള്ളിലുണ്ടായിരുന്നതിനാല്‍ ഒന്നാം വര്‍ഷം കഴിഞ്ഞ് ഡിഗ്രി പഠനം നിര്‍ത്തി. എന്‍ട്രന്‍സ് എഴുതി പാസ്സായി ബിടെക്കിനു ചേര്‍ന്നു. പഠനശേഷം കാക്കനാടും ബാംഗ്ലൂരും സോഫ്റ്റ് വെയര്‍ കമ്പനികളില്‍ കുറച്ചുകാലം ജോലിചെയ്തു. ഒരവസരം കിട്ടിയപ്പോള്‍ ഖത്തറില്‍ പോയി ആറുമാസം ജോലിചെയ്തു. 
ഉള്ളിലപ്പോഴും നാട്ടിലെത്തി ഒരു സര്‍ക്കാരുദ്യോഗസ്ഥനാകണം എന്ന ആഗ്രഹമായിരുന്നു. സ്വകാര്യ കമ്പനികളിലെ ജോലിയുമായി പൊരുത്തപ്പെടാനും കഴിഞ്ഞില്ല. പ്രായം കഴിയുന്നതിനു മുന്‍പ് നാട്ടിലെത്തി പി.എസ്.സി എഴുതി ജോലിക്ക് കയറാം എന്ന ചിന്തയുമായി നാട്ടിലേയ്ക്ക് തിരിച്ചെത്തി. പരീക്ഷ എഴുതലും കാത്തിരിപ്പും അല്ലാതെ വേറൊന്നും സംഭവിച്ചില്ല.

''ചെറുപ്പത്തിലേ എനിക്ക് വാശിയുണ്ടായിരുന്നു, ഡോക്ടറോ എന്‍ജിനീയറോ ആകണം എന്ന്. ഞങ്ങളുടെയൊക്കെ പശ്ചാത്തലം അതിനൊന്നും ഉതകുന്നതല്ല എന്നതും അറിയാമായിരുന്നു. നമ്മുടെ ഒരു സാമര്‍ത്ഥ്യം കൊണ്ടുമാത്രമേ അങ്ങനെയാകാന്‍ പറ്റൂ. പിന്നില്‍നിന്ന് ആരും സഹായിക്കാനില്ല. വീട്ടിലൊന്നും ആരും പറഞ്ഞുതരാനില്ല. പഠിച്ചവരില്ല. ഫോറസ്റ്റ് ഏരിയ ആയതുകൊണ്ട് കറണ്ടില്ല. സോളാര്‍ പാനല്‍ ഇപ്പോള്‍ വെച്ചിട്ടുണ്ട്. മഴക്കാലത്ത് അതും ഉണ്ടാവില്ല. മണ്ണെണ്ണ വെച്ചാണ് കത്തിക്കുന്നത്. നാലുലിറ്റര്‍ മണ്ണെണ്ണ കിട്ടും.

എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നവരെല്ലാം സാമ്പത്തികമായി മെച്ചപ്പെട്ടവരായിരുന്നു. എന്റെ ഫാമിലിയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്തു ചോദിച്ചാല്‍ കിട്ടും എന്നു കൃത്യമായി മനസ്സിലാക്കിയാണ് ഞാന്‍ മുന്നോട്ട് പോയത്. കോളേജില്‍നിന്ന് അവധിക്കു നാട്ടിലെത്തി തിരിച്ചുപോകുമ്പോള്‍ ചിലപ്പോള്‍ വീട്ടില്‍നിന്ന് ഒരു മുന്നൂറു രൂപയൊക്കെ തരും. അവിടെ എത്തിപ്പെടാന്‍ തന്നെ വേണം 200 രൂപ. കൂടുതല്‍ ഞാന്‍ ചോദിക്കാറില്ല. ചോദിച്ചാല്‍ തരാനില്ല എന്ന് എനിക്കറിയാം. കോളേജില്‍ എത്തിയാല്‍ നൂറോ ഇരുന്നൂറോ ഒക്കെ കടമുണ്ടാകും. അതും കൊടുത്താല്‍ പിന്നെ കയ്യിലൊന്നുമില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരോടൊത്ത് പുറത്ത് പോകാനോ ചുറ്റിക്കറങ്ങാനോ ഒന്നും പോവില്ല. ഹോസ്റ്റലില്‍ തന്നെയിരിക്കും. മെസ്സില്‍ത്തന്നെ ഭക്ഷണം കഴിക്കും. ഒട്ടും സുഖകരമായിരുന്നില്ല കോളേജ് കാലം. എനിക്കറിയാം എന്റെ സാഹചര്യം. അതിനനുസരിച്ു ചുരുങ്ങി ജീവിച്ചു.'' ആത്മവിശ്വാസത്തോടെയാണ് മുരുകന്‍ സംസാരിച്ചുകൊണ്ടിരുന്നത്. ബഹുമാനത്തോടെ കേട്ടിരുന്നു. അഗളി ഐ.ടി.ഡി.പിയില്‍ താല്‍ക്കാലിക വേതനക്കാരനാണ് 38 കാരനായ മുരുകനിപ്പോള്‍. എങ്ങനെയാണ് മുരുകനെപ്പോലൊരാളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നത്.

ഊരിന്റെ ഡോക്ടര്‍ വേല്‍മണി 

പുതൂര്‍ പഞ്ചായത്തില്‍ ചാവടിയൂര്‍ വെന്തവട്ടി ഊരില്‍നിന്നാണ് ഇരുള വിഭാഗത്തില്‍പ്പെട്ട വേല്‍മണി ആയുര്‍വ്വേദ ഡോക്ടറായത്. തിരുവനന്തപുരത്തുനിന്ന് 2016-ല്‍ ബി.എ.എം.സ്. കഴിഞ്ഞ വേല്‍മണി ഇപ്പോഴും ഊരിലുണ്ട്. ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതിയാണ് വേല്‍മണി എന്ന പെണ്‍കുട്ടി തിരുവനന്തപുരം വരെ എത്തിയത്. പഠിക്കാന്‍ പണമില്ലാത്തതിനാല്‍ വിവിധ ട്രസ്റ്റുകളുടെ അനാഥമന്ദിരങ്ങളില്‍നിന്നാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഊരില്‍നിന്നു വിട്ട് മറ്റൊരു ജില്ലയിലെത്തി അവള്‍ പഠിക്കാന്‍ തയ്യാറായതുതന്നെ ഉന്നതങ്ങളില്‍ എത്തണമെന്ന വാശികൊണ്ടു മാത്രമാണ്. തൃശൂര്‍ ചേര്‍പ്പ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് എന്‍ട്രന്‍സ് എഴുതി ആയുര്‍വ്വേദ മെഡിസിനു ചേര്‍ന്നു. പഠനം കഴിയുമ്പോഴേയ്ക്കും സര്‍ക്കാര്‍ തലത്തില്‍ ഒരു ജോലി കിട്ടും എന്ന ഉറച്ച പ്രതീക്ഷ വേല്‍മണിക്കുണ്ടായിരുന്നു. പഠിച്ചിറങ്ങി പലതവണ പരിശ്രമിച്ചിട്ടും വേല്‍മണിക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. 

വേല്‍മണി 
വേല്‍മണി 

''ചെറുപ്പം മുതലേ പഠിക്കാന്‍ വലിയ താല്പര്യമായിരുന്നു. അതിനുള്ള സാമ്പത്തികസ്ഥിതിയും സാഹചര്യവും ഊരിലുണ്ടായിരുന്നില്ല. ഊരുമൂപ്പന്റെ മകളാണ് ഞാന്‍. ചെലവ് കണ്ടെത്താന്‍ പറ്റാതായതുകൊണ്ടാണ് തൃശൂരില്‍ ഹോസ്റ്റലിലേക്ക് മാറിയത്. ജീവിതം മുഴുവന്‍ കഷ്ടപ്പാടായിരുന്നു. പഠിച്ചോണ്ടിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. ഓഫീസുകള്‍ കയറിയിറങ്ങി നടന്നപ്പോഴാണ് ജോലി എന്നത് അത്ര എളുപ്പമല്ല എന്നു മനസ്സിലായത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നേരിട്ടു പോയി അപേക്ഷ കൊടുത്തിരുന്നു. പിന്നീട് പലതവണ ആരോഗ്യവകുപ്പിലും കളക്ടറേറ്റിലും ഐ.ടി.ഡി.പിയിലും ഒക്കെ അപേക്ഷകള്‍ കൊടുത്തു. റിസര്‍വ്വേഷന്‍ വേക്കന്‍സി നിലവിലില്ല എന്നായിരുന്നു സെക്രട്ടേറിയറ്റില്‍നിന്നു കിട്ടിയ മറുപടി. പാലക്കാട് കളക്ടര്‍ തന്ന മറുപടി എവിടെയെങ്കിലും ഒഴിവുവരുമ്പോള്‍ പരിഗണിക്കാം എന്നാണ്. അട്ടപ്പാടിയില്‍ ആയുര്‍വ്വേദ ആശുപത്രിയില്ല. അതു തുടങ്ങുമ്പോള്‍ ജോലിക്കാര്യം നോക്കാം എന്നാണ് ചിലയിടങ്ങളില്‍നിന്നു കിട്ടിയ മറുപടി. 

ഞങ്ങള്‍ എങ്ങനെ പഠിച്ച് ഇവിടെ വരെ എത്തി എന്നത് ആരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടിയായ എന്നെപ്പോലുള്ളവര്‍. ഞാന്‍ എങ്ങനെ പഠിച്ചു എന്നത് എനിക്ക് ഇപ്പോഴും അദ്ഭുതമാണ്. ഊരിലെ സാഹചര്യങ്ങളും കഷ്ടപ്പാടുകളും ഞാന്‍ പറയേണ്ടല്ലോ. പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. മിക്കവരും പകുതിവഴിയില്‍ കൊഴിഞ്ഞുപോകും. ഭാഷാ പ്രശ്‌നങ്ങളുമുണ്ട്. അട്ടപ്പാടിയിലെ മൂന്ന് ആദിവാസി വിഭാഗത്തിനും പ്രത്യേക ഭാഷയുണ്ട്. മലയാളം മീഡിയത്തിലേയ്ക്ക് മാറുമ്പോഴുള്ള പ്രശ്‌നങ്ങളും ഇവിടെയുള്ള കുട്ടികള്‍ക്കുണ്ട്. ഞാന്‍ ചെറുപ്പം തൊട്ടേ ഊരിന് പുറത്തു പോയതുകൊണ്ട് അത്ര ബുദ്ധിമുട്ടിയില്ല. നന്നായി പഠിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടിട്ടും ഒരു സ്ഥിരം ജോലി ഇല്ലാത്തത് സങ്കടമാണ്. കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും''  ഇരുപത്തിയാറുകാരിയായ വേല്‍മണി പറയുന്നു.

കോഴ്സ് കഴിഞ്ഞ് രണ്ടു വര്‍ഷം ശ്രമിച്ചിട്ടും വേല്‍മണിക്കു ജോലി കിട്ടിയില്ല. വിവേകാനന്ദ ട്രസ്റ്റ് അഗളിയില്‍ തുടങ്ങിയ ആയുര്‍വ്വേദ സെന്ററില്‍ തല്‍ക്കാലം ജോലി ചെയ്യാനാണ് വേല്‍മണിയുടെ തീരുമാനം. ശിശുമരണവുമായി ബന്ധപ്പെട്ട് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കണ്ടും ജോലിക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇനിയും വിശ്വാസം നഷ്ടപ്പെടാത്തതുകൊണ്ടാണ് ഏഴുമാസം ഗര്‍ഭിണി കൂടിയായ വേല്‍മണി മന്ത്രിയെ കാണാന്‍ ഊരില്‍നിന്ന് കോട്ടത്തറ ആശുപത്രിയിലെത്തിയത്. അട്ടപ്പാടിയില്‍ ഒരു ആയുര്‍വ്വേദ സെന്റര്‍ തുടങ്ങുമ്പോള്‍ പരിഗണിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഷോളയൂരിലെ വിജയന്‍ മാഷ് 

അട്ടപ്പാടി ഷോളയൂരിലെ ഇരുള സമുദായാംഗമായ വിജയന്‍ മല്ലന്‍ എം.കോമും ബി.എഡും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും പാസ്സായി ജോലിക്കുവേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം കഴിഞ്ഞു. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്ട്സ് കോളേജില്‍നിന്നാണ് ബി.കോം ബിരുദമെടുത്തത്. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് എം.കോം പൂര്‍ത്തിയാക്കി. 2014-ല്‍ തിരുവന്തപുരത്തുനിന്നുതന്നെ ബി.എഡും കഴിഞ്ഞു. തിരിച്ച് അട്ടപ്പാടിയിലെത്തിയെങ്കിലും സര്‍ക്കാര്‍ ജോലി എന്നത് സ്വപ്നമായി ഇപ്പോഴും നില്‍ക്കുന്നു. 

വിജയന്‍ മാഷ് 
വിജയന്‍ മാഷ് 


''സാധാരണ കുട്ടികളെ വെച്ച് ഗോത്രവിഭാഗത്തിലെ കുട്ടികളെ താരതമ്യം ചെയ്യരുത്. പഠിക്കാനുള്ള ഒരു സാഹചര്യമല്ല ഭൂരിഭാഗം ഊരുകളിലും. കൃത്യമായ ഗൈഡന്‍സ് കൊടുക്കാന്‍ ആളുകളില്ല. എന്റെ കാര്യം പറയുകയാണെങ്കില്‍ എന്റെ അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസമില്ല. അവര്‍ സ്‌കൂളില്‍ പോയിട്ടേയില്ല. സാധാരണ ആദിവാസി ഊരുകളില്‍ കാണുന്നതുപോലെ എന്റെ അച്ഛനും മദ്യപാനമുണ്ടായിരുന്നു. അതിനു പുറമെയാണ് ദാരിദ്ര്യം. സ്വതവേ പെട്ടെന്നു പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുന്നവരാണ് ഞങ്ങളുടെ കൂട്ടത്തില്‍. അതുപോലുള്ള സാഹചര്യത്തില്‍നിന്ന് ഒരാള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെങ്കില്‍ ആ കുട്ടിയുടെ ഉറച്ച തീരുമാനം മാത്രമാണ് അതിനു പിന്നില്‍. അതിനെ എങ്ങനെയാണ് സര്‍ക്കാരുകള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നത്. നാലാംക്ലാസ്സ് വരെയാണ് ഞാന്‍ അട്ടപ്പാടിയില്‍ പഠിച്ചത്. അതിനുശേഷം കൊല്ലത്ത് ഹോസ്റ്റലില്‍നിന്നായിരുന്നു പഠിച്ചത്. എന്റെ ജീവിതം മാറിയത് അതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഊരില്‍ത്തന്നെ നിന്നിരുന്നെങ്കില്‍ എന്റെ വിധി മറ്റൊന്നായിപ്പോയേനെ.

പഠനത്തിനുശേഷം ഒരുപാട് ടെസ്റ്റുകള്‍ ഞാന്‍ എഴുതി. ഒന്നും ശരിയായില്ല. ഒരുപാട് കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ടും സ്ഥിരം ജോലി എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. ബാക്കി ചെയ്യേണ്ടത് അധികാരമുള്ളവരല്ലേ.

എന്റെ ഊരിലെ കുട്ടികളോട് പഠിക്കാന്‍ പറയുമ്പോള്‍ അവര്‍ തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് പഠിക്കുന്നത്. കൂലിപ്പണിക്ക് പോയാലും ജീവിക്കാം. നിങ്ങളൊക്കെ ഇത്ര പഠിച്ചിട്ടും എന്തായി എന്ന്? അവര്‍ക്ക് മാതൃക കൊടുക്കാന്‍പോലും കഴിയുന്നില്ല. ഞങ്ങളുടെ പുതിയ ജനറേഷന്‍ ആരെയാണ് മാതൃക ആക്കേണ്ടത്'' വിജയന്‍ പറയുന്നു. 
ആരെയും കുറ്റപ്പെടുത്താനും ഇവരില്ല. കിട്ടും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. പുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സ് താല്‍ക്കാലിക അധ്യാപകനാണ് വിജയനിപ്പോള്‍.

സാമൂഹ്യപ്രവര്‍ത്തകനായി സുരേഷ് 

ഷോളയൂര്‍ പഞ്ചായത്തില്‍ വയലൂര്‍ കാവന്‍മേട് ഊരിലാണ് പി.വി. സുരേഷ്. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. ബി.എഡും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും പാസ്സായി. പരീക്ഷകള്‍ പലതെഴുതിയെങ്കിലും സ്ഥിരം ജോലി ഇനിയും കിട്ടിയില്ല. പാലക്കാട് ജില്ലയില്‍ത്തന്നെയായിരുന്നു സുരേഷിന്റെ പഠനം. അധ്യാപക യോഗ്യത നേടിയിട്ട് പത്ത് വര്‍ഷമാകുന്നു. ഇരുള സമുദായാംഗമായ സുരേഷിന്റെ കുടുംബത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 
''വളരെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ പഠിച്ചത്. പത്താംക്ലാസ്സ് കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ പഠിക്കാന്‍ പോയില്ല. വീട്ടില്‍ ഭയങ്കര ദാരിദ്ര്യം ഉണ്ടായിരുന്നു. പത്താംക്ലാസ്സ് കഴിഞ്ഞ് പണിക്കു പോകാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ഏറ്റവും കൂടുതല്‍ എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നത് ഞങ്ങളുടെ ഷോളയൂര്‍ മേഖലയിലാണ്. അങ്ങനെ ആ വര്‍ഷം എസ്റ്റേറ്റില്‍ കൂലിപ്പണിക്കു പോയി. പ്ലസ്ടുവിനു പോകാനുള്ള ഒരു സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവരണം ഉണ്ടെന്നു പറയാമെങ്കിലും ഊരില്‍നിന്നു ദൂരെ പോയിനിന്നു പഠിക്കുമ്പോള്‍ ഉടുപ്പും യാത്രാച്ചെലവും ഒക്കെ താങ്ങാന്‍ പറ്റില്ല. വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടിലാകും. അങ്ങനെ രണ്ടാമത്തെ വര്‍ഷമാണ് പ്ലസ്ടുവിനു ചേരുന്നത്. പ്ലസ്ടുവിനു ഞാന്‍ തന്നെ പോയി ചേര്‍ന്നതാണ്. ആരും ചേര്‍ത്തതല്ല. ഒറ്റയ്ക്ക് പോയി അഡ്മിഷന്‍ എടുത്തു. പ്ലസ്ടു കഴിഞ്ഞ് പിന്നെയും പഠനം മുടങ്ങി. സാമ്പത്തികം തന്നെ കാരണം. പിന്നീട് ഒരു വര്‍ഷം പണിക്കു പോയി പൈസ ഉണ്ടാക്കിയാണ് വിക്ടോറിയ കോളേജില്‍ ബി.എ. ഇക്കണോമിക്‌സിനു ചേര്‍ന്നത്. അവിടെത്തന്നെ എം.എയും കഴിഞ്ഞു. 

സുരേഷ് 
സുരേഷ് 


കഷ്ടപ്പെട്ട് ഇത്രയും മെച്ചപ്പെട്ട വിദ്യാഭ്യാസം ഞങ്ങള്‍ നേടിയിട്ടും സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുകയോ ഞങ്ങള്‍ക്ക് അഭിരുചിയുള്ള മേഖലകളില്‍ തൊഴിലവസരങ്ങള്‍ തരാനോ തയ്യാറാകുന്നില്ല.
എസ്.ടി. സംവരണത്തില്‍ കൂടുതലും മതംമാറ്റം ചെയ്യപ്പെട്ട ക്രൈസ്തവര്‍ക്കാണ് കിട്ടുന്നത്. വളരെ കുറഞ്ഞ സീറ്റേ പട്ടിക വിഭാഗത്തിനുള്ളൂ. ഞാന്‍ പഠിച്ച സബ്ജക്ടായ ഇക്കണോമിക്‌സ് തന്നെ എടുത്താല്‍ ട്രൈബ്സിനിടയില്‍ കേരളത്തില്‍ത്തന്നെ അന്‍പതില്‍ താഴെ പേരെ ഉണ്ടാവൂ. ഇത്രയും പേര്‍ക്കുപോലും ജോലി കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ റോള്‍ മോഡലുകള്‍ ഉണ്ടെങ്കിലല്ലേ പുതിയ കുട്ടികളും അത്തരം മേഖലകളിലേയ്ക്ക് എത്തിപ്പെടുകയുള്ളൂ. എന്റെ വീട്ടിലടക്കം പല ഊരുകളിലും പ്ലസ്ടുവിനുശേഷം എന്തു തെരഞ്ഞെടുക്കണം എന്നൊന്നുമുള്ള ഗൈഡന്‍സ് കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല'' സുരേഷ് പറയുന്നു. 
അധ്യാപകനാവുകയായിരുന്നു സുരേഷിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ജോലികള്‍ക്കൊന്നും ശ്രമിച്ചിട്ടില്ല. 2011-ല്‍ അഗളി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. പിറ്റേ വര്‍ഷം ഇന്റര്‍വ്യുവിനു ഹാജരായെങ്കിലും നിയമനം ലഭിച്ചില്ല. തന്നെക്കാള്‍ യോഗ്യത കുറഞ്ഞ ആളെയാണ് നിയമിച്ചത് എന്നു ചൂണ്ടിക്കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സുരേഷ് പരാതിയും നല്‍കിയിരുന്നു. 
രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഇടപെടലായിരുന്നു ആ നിയമനത്തിനു പിന്നിലെന്ന് സുരേഷ് പറയുന്നു. ആദിവാസി ആക്ടിവിസ്റ്റ് കൂടിയായ സുരേഷ് പല പ്രശ്‌നങ്ങളിലും ഇടപെട്ടതിലുള്ള അതൃപ്തിയായിരിക്കാമെന്നും അദ്ദേഹം സംശയിക്കുന്നു.

''ഒരു വര്‍ഷം നന്നായി ജോലി ചെയ്തിട്ടും എനിക്ക് പഠിപ്പിക്കാനറിയില്ല എന്ന ആരോപണമായിരുന്നു അവര്‍ ഉന്നയിച്ചത്. അതെന്നെ മാനസികമായി വേദനിപ്പിച്ചു. ഒന്നര വര്‍ഷത്തോളം അട്ടപ്പാടിയില്‍നിന്നു ഞാന്‍ വിട്ടുനിന്നു. ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് നാട്ടിലെത്തി പൂതൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു വര്‍ഷം ഗസ്റ്റ് അധ്യാപകനായി. ആ പോസ്റ്റിലേക്ക് പി.എസ്.സി. നിയമനം വന്നതോടെ അതും വിട്ടു. ഒരു വര്‍ഷമായി സജീവ സാമൂഹ്യപ്രവര്‍ത്തനത്തിലാണ്. ഇപ്പോള്‍ 34 വയസ്സായി. ഇനിയിപ്പോള്‍ സര്‍ക്കാര്‍ ജോലി കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്ന നിലയിലെത്തി'' സുരേഷ് പറഞ്ഞു.

ഫോറസ്റ്റ് റേഞ്ചറാകാന്‍ ബിനു 

വനത്തിനുള്ളിലാണ് ബിനുവിന്റെ ഊര്. പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ വിഭാഗക്കാര്‍ താമസിക്കുന്ന മേലെ തുടുക്കി. പ്രാക്തന ഗോത്ര വിഭാഗമാണ് കുറുമ്പ. വാഹന സൗകര്യംപോലും ഇല്ലാത്ത ഒറ്റപ്പെട്ട ഈ ഊരില്‍നിന്നാണ് ബി.എസ്സി. ഫോറസ്ട്രി ബിരുദം ബിനു സ്വന്തമാക്കിയത്. പ്ലസ്ടു വരെ പുതൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. അതിനുശേഷം എന്‍ട്രന്‍സ് എഴുതി. അലോട്ട്മെന്റ് കിട്ടി, തൃശൂര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നാലുവര്‍ഷത്തെ ബി.എസ്സി ഹോണേര്‍സ് ഫോറസ്ട്രി കോഴ്സിനു ചേര്‍ന്നു. 2013-ല്‍ കോഴ്സ് പൂര്‍ത്തിയാക്കി. പിന്നീട് ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. അതിനിടയില്‍ അതേ കോളേജില്‍നിന്ന് എം.എസ്സിയും കഴിഞ്ഞു. 

ഫോറസ്റ്റ് റെയ്ഞ്ചര്‍ ആകുക എന്നതാണ് ബിനുവിന്റെ സ്വപ്നം. അതിനുവേണ്ടിയായിരുന്നു എല്ലാ ശ്രമങ്ങളും. ബി.എസ്സി. ഫോറസ്ട്രി പഠിച്ചവര്‍ക്ക് ഫോറസ്റ്റ് റേഞ്ചര്‍ തസ്തികയില്‍ 25 ശതമാനം സംവരണമുണ്ട്. ഒരിക്കല്‍ പി.എസ്.സി നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ അപേക്ഷിച്ചു. ഇന്റര്‍വ്യുവിന് മുന്‍പ് ഫിസിക്കല്‍ വെരിഫിക്കേഷനില്‍ ഉയരക്കുറവ് ചൂണ്ടിക്കാട്ടി തള്ളിപ്പോയി. അതിനെതിരെ ബിനു കൊടുത്ത പരാതിയില്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

''സാധാരണ എസ്.ടി. വിഭാഗത്തിന് ഉയരത്തില്‍ അഞ്ച് സെന്റിമീറ്റര്‍ ഇളവുണ്ട്. നോട്ടിഫിക്കേഷനില്‍ അതുണ്ടായിരുന്നില്ല. അതാണ് കോടതിയില്‍ ചലഞ്ച് ചെയ്തത്. കേസിനു പുറമെ ആ റൂള്‍ ഭേദഗതി വരുത്തിക്കാന്‍ കഴിഞ്ഞു. അതിനുവേണ്ടി കുറേ നടന്നു. സെക്രട്ടേറിയേറ്റില്‍ പലതവണ കയറിയിറങ്ങി. എം.എല്‍.എമാരെ കണ്ട് സബ്മിഷന്‍ കൊടുപ്പിച്ചു. ഒടുവില്‍ റൂള്‍ ഭേദഗതി ചെയ്തു. 2016 ജൂലൈയില്‍ ശാരീരിക പരിശോധനയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഇളവ് കൊടുക്കാന്‍ തീരുമാനമായി. എന്നാലും എന്റെ ജോലിക്കാര്യത്തില്‍ ഇപ്പോഴും തീരുമാനമായില്ല. പുതിയ വേക്കന്‍സി ഉണ്ടെങ്കിലും ഇതുവരെ നോട്ടിഫിക്കേഷനും വന്നിട്ടില്ല'' ബിനു പറയുന്നു.

ബിനു 
ബിനു 


പരിശീലനത്തിനൊന്നും പോകാതെ കിട്ടിയ പുസ്തകങ്ങളൊക്കെ ഊരിലിരുന്നു പഠിച്ചാണ് ബിനു എന്‍ട്രന്‍സ് എഴുതിയെടുത്തത്. ''ആളുകളൊക്കെ വിചാരിക്കുന്നത് ദളിത്-ആദിവാസികളെയൊക്കെ പത്താംക്ലാസ്സ് കഴിയുമ്പോഴേക്കും പിടിച്ചുകൊണ്ടുപോയി ജോലി കൊടുക്കും എന്നൊക്കെയാണ്. എന്നാല്‍, അതൊന്നുമല്ല യാഥാര്‍ത്ഥ്യം. പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞ എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ കോഴ്സുകള്‍ പഠിക്കുന്ന ഞങ്ങളുടെ ഊരിലെ കുട്ടികളുടെ കാര്യം പറയാനുണ്ടോ. ശരിയായ ഗൈഡന്‍സ് പോലും കിട്ടാതെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളൊക്കെ പഠിച്ചു വരുന്നത്. കാടിനുള്ളിലായിരുന്നു ഞാന്‍ ജനിച്ചുവളര്‍ന്ന മേലെ തുടുക്കി ഊര്. അവിടേക്ക് ഒന്നും എത്തിപ്പെടില്ല. ഒരു കത്തുപോലും കിട്ടില്ല. പുറംലോകത്ത് എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ല. ചെറുപ്പത്തിലേ അസുഖം വന്ന് അച്ഛനും അമ്മയും മരിച്ചു. ചേച്ചിയാണ് എന്നെ സഹായിച്ചത്. പിന്നീട് കുറുക്കത്തിക്കള്ളൂരില്‍ ചേച്ചിയുടെ വീട്ടിലേക്ക് മാറിയതോടെയാണ് വാഹനസൗകര്യമെങ്കിലും ഉള്ള ഒരു സ്ഥലത്ത് എത്തുന്നത്. എന്നിട്ടും പഠിച്ചു, ഇവിടെ വരെ എത്തി'' ബിനു പറഞ്ഞു. 

ഫോറസ്റ്റ് റെയ്ഞ്ചര്‍ ആകുക എന്ന ഒറ്റ സ്വപ്നം മാത്രമേ ഇപ്പോഴും ബിനുവിനുള്ളൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പ്രതീക്ഷയോടെ തുടരുകയാണ്. ഇപ്പോള്‍ 27 വയസ്സുണ്ട്. തൃശൂര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനായി ജോലി ചെയ്യുകയാണിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com