മരണവേദനയില്‍ ഉരുകി ജീവിക്കുന്നവര്‍: രോഗങ്ങളാല്‍ ജീവിതം നരകമാകുന്ന ആദിവാസികള്‍

അതികഠിനമായ ശരീരവേദന സഹിക്കാനാവാതെ നിലവിളിക്കുന്ന നിരവധി പേര്‍ ഊരുകളിലുണ്ട്. സര്‍ക്കാറിന്റെ കണക്കുപ്രകാരം 128 അരിവാള്‍ രോഗികള്‍ അട്ടപ്പാടിയില്‍ ഉണ്ട്.
മരണവേദനയില്‍ ഉരുകി ജീവിക്കുന്നവര്‍: രോഗങ്ങളാല്‍ ജീവിതം നരകമാകുന്ന ആദിവാസികള്‍


ശിശുമരണത്തിനും പോഷകാഹാരക്കുറവിനും പുറമെയാണ് സിക്കിള്‍ സെല്‍ അനീമിയ എന്ന അരിവാള്‍ രോഗം കൂടി അട്ടപ്പാടിയിലെ ഊരുകളില്‍ വില്ലനാകുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ രോഗത്തിന്റെ പിടിയിലാണ്. അതികഠിനമായ ശരീരവേദന സഹിക്കാനാവാതെ നിലവിളിക്കുന്ന നിരവധി പേര്‍ ഊരുകളിലുണ്ട്. സര്‍ക്കാറിന്റെ കണക്കുപ്രകാരം 128 അരിവാള്‍ രോഗികള്‍ അട്ടപ്പാടിയില്‍ ഉണ്ട്. എന്നാല്‍, ഇതിനേക്കാള്‍ എത്രയോ കൂടുതലാണ് രോഗികളുടെ എണ്ണമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ചികിത്സയില്ലാത്ത ഈ രോഗത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പോംവഴി. ശരീരവേദനയും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയുമാണ് പ്രധാനമായുമുള്ള ലക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ അരിവാള്‍ രോഗമാണെന്നു തിരിച്ചറിയപ്പെടാത്ത നിരവധിയാളുകള്‍ ഇപ്പോഴുമുണ്ട്. മറ്റ് പല അസുഖങ്ങളുമാണെന്ന മട്ടില്‍ മരുന്ന് കഴിക്കുന്നവര്‍. പട്ടിണിയും ദാരിദ്ര്യവുമുള്ള ഊരുകളില്‍ അരിവാള്‍ രോഗം കൂടി പിടിമുറുക്കുമ്പോള്‍ ഇവരുടെ ജീവിതം ദുസ്സഹമാണ്. ഒരു ജോലിയും ചെയ്യാനാകാതെ വീട്ടിലിരിക്കേണ്ടിവരുന്നവര്‍. കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ജീവിതംപോലും വഴിമുട്ടിയ നിരവധി പേരെ കണ്ടു. രോഗികള്‍ക്കായി മാസത്തില്‍ കൊടുക്കുന്ന ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റാണ് പല കുടുംബങ്ങളും പങ്കിട്ടെടുക്കുന്നത്. കൃത്യമായ പോഷകാഹാരവും വിശ്രമവും ബോധവല്‍ക്കരണവുമാണ് ഈ രോഗത്തിനെ പ്രതിരോധിക്കാന്‍ ആവശ്യം. അരിവാള്‍ രോഗബാധിതരായ അഗളി പഞ്ചായത്ത് നരസിമുക്ക് ഊരിലെ മുരുകനും മണികണ്ഠനും അവരുടെ അനുഭവങ്ങള്‍ പറയുന്നു.

വേദന സഹിച്ച് സഹിച്ച് മുരുകനും മണികണ്ഠനും
അടിക്കടി അതികഠിനമായ മുട്ടുവേദനയായിരുന്നു മുരുകന്. വേദന വരുമ്പോഴൊക്കെ ഡോക്ടറെ കാണാന്‍ പോകും. മരുന്നുവാങ്ങി കഴിക്കും. സിക്കിള്‍ സെല്‍ അനീമിയ ആണ് മുരുകന്റെ അസുഖമെന്ന് വര്‍ഷങ്ങളോളം ഡോക്ടര്‍മാര്‍ കണ്ടെത്തിയില്ല. പല മരുന്നുകളും പരീക്ഷിച്ചു. പിന്നീട് ഒരിക്കല്‍ കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറാണ് സംശയം തോന്നി രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്.

മുരുകന്‍
മുരുകന്‍

2007-ലാണ് ഈ രോഗമാണെന്ന് മനസ്സിലായത്. അപ്പോഴേക്കും കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയിരുന്നു. രോഗം മനസ്സിലായതോടെ കുട്ടികളെയൊക്കെ കൊണ്ടുപോയി പരിശോധിച്ചു. അവര്‍ക്കൊന്നും രോഗമില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ പറ്റില്ല. ഒരു കൈ തളര്‍ന്നു. തീരെ പൊക്കാന്‍ പറ്റില്ല. ദിവസവും മരുന്നു കഴിക്കുന്നതു കൊണ്ട് ഇങ്ങനെ ജീവിച്ചുപോകുന്നു. എനിക്ക് ജോലിയൊന്നും ചെയ്യാന്‍ പറ്റാതായതോടെ ഭാര്യ കൂലിപ്പണിക്കു പോയിത്തുടങ്ങി. മൂന്നു മക്കളുണ്ട്. അവരുടെ വിദ്യാഭ്യാസം കൂടി നോക്കണ്ടെ. അരലിറ്റര്‍ വെളിച്ചെണ്ണ, പയര്‍, റാഗിപ്പൊടി, ഉപ്പ്, ഗോതമ്പുപൊടി, കടല അങ്ങനെ സാധനങ്ങളെല്ലാം ഉള്ള ഒരു കിറ്റ് എല്ലാ മാസവും ആശുപത്രിയില്‍നിന്നു കിട്ടും. അതൊക്കെക്കൊണ്ട് ജീവിച്ചുപോകുന്നു.

''ഈ രോഗം ഒരിക്കലും മാറില്ലല്ലോ. എങ്ങനെ ഇത് എനിക്ക് വന്നു എന്ന് എനിക്കിപ്പോഴും അറിയില്ല. പാരമ്പര്യമായി കിട്ടിയതാണ് എന്നാണ് പറയപ്പെടുന്നത്. എന്റെ അച്ഛനെയും അമ്മയേയും പരിശോധിച്ചു നോക്കിയിട്ട് അസുഖമൊന്നും കണ്ടതുമില്ല. അസുഖം കണ്ടെത്തുന്നതുവരെ എല്ലാ ദിവസവും ആശുപത്രിയില്‍ പോകും. ഗുളികയോ ഇന്‍ജക്ഷനോ കിട്ടിയാല്‍ കുറച്ച് നേരം സമാധാനം ഉണ്ടാകും. പിന്നെയും തുടങ്ങും. ഇപ്പോഴും ചില സമയത്ത് കാലിന്റെ മുട്ടില്‍നിന്ന് ഒരു വേദന വരും. സഹിക്കാന്‍ പറ്റൂല. ജീവിതകാലം മുഴുവനും ഇങ്ങനെ മരുന്നുകഴിച്ചു ജീവിക്കുക തന്നെ. കോട്ടത്തറയിലെ ആശുപത്രിയില്‍ പലപ്പോഴും ഡോക്ടര്‍മാരും ഉണ്ടാകില്ല. ഊരില്‍നിന്ന് ഇത്രയും ദൂരം പോയി മടങ്ങി വരേണ്ടിവരും. സര്‍ക്കാരില്‍നിന്ന് വേറെ ഒരു സഹായവും ഞങ്ങള്‍ക്കു കിട്ടാറില്ല'' മുരുകന്‍ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അരിവാള്‍ രോഗികള്‍ക്ക് മാസം ആയിരം രൂപ പെന്‍ഷന്‍ നല്‍കാന്‍ മന്ത്രി ജയലക്ഷ്മി ഉത്തരവിട്ടിരുന്നു. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ സാമ്പത്തിക സഹായം എന്ന നിലയില്‍ പോഷകാഹാര കിറ്റിനു പുറമെയാണിത്. എന്നാല്‍ ഊരുകളില്‍ ആര്‍ക്കും ഇപ്പോള്‍ ഈ തുക കിട്ടാറില്ല.

നരസിമുക്ക് ഊരിന്റെ താഴെ ഭാഗത്താണ് ഇരുപത്തിയഞ്ചുകാരനായ മണികണ്ഠന്റെ വീട്. തുവരപ്പയര്‍ വിളഞ്ഞുനില്‍ക്കുന്ന പറമ്പിലൂടെ നടന്ന് മണല്‍ത്തതട്ടുകളിറങ്ങി വേണം കുടിലിലെത്താന്‍. ചെറുപ്പം തൊട്ടേ രോഗലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അടുത്തിടെയാണ് അരിവാള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചത്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നല്ല മഴയുള്ള ഒരു ദിവസം നനഞ്ഞു കുതിര്‍ന്ന് വീട്ടിലേക്കെത്തിയത് മണികണ്ഠന് ഓര്‍മ്മയുണ്ട്. കടുത്ത വേദനയായിരുന്നു കൈക്കും കാലിനും നടുവിനും. അസഹ്യമായ നെഞ്ചുവേദനയും. ആശുപത്രിയില്‍ കൊണ്ടുപോയി മരുന്നു വാങ്ങി വന്നെങ്കിലും വേദന വിട്ടുപോയില്ല. പിന്നീട് ഇടക്കിടയ്ക്ക് വേദന വരാന്‍ തുടങ്ങി. കിലോമീറ്ററോളം നടന്നു വേണം സ്‌കൂളില്‍ പോകാന്‍. അങ്ങനെ സ്‌കൂള്‍ പോക്കും നിന്നു. കുടുംബത്തിന്റെ ദാരിദ്ര്യം കാരണം ഊരുകളിലെ എല്ലാ വീടുകളിലേയുംപോലെ മണികണ്ഠനും കൂലിപ്പണിക്കിറങ്ങി. കെട്ടുപണിയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ വരെ പോകാന്‍ തുടങ്ങി. വൈകുന്നേരമാകുമ്പോഴേക്കും അസഹ്യമായ വേദന വരും.

മണികണ്ഠന്‍ തന്റെ കുടിലിന് മുന്നില്‍
മണികണ്ഠന്‍ തന്റെ കുടിലിന് മുന്നില്‍

''വേദന വരുമ്പോഴെല്ലാം ആശുപത്രിയില്‍ പോയി ഇന്‍ജക്ഷന്‍ വെക്കും. ആശുപത്രികള്‍ മാറി മാറി കാണിച്ചിട്ടും വേദന കുറഞ്ഞില്ല. അപ്പോഴൊന്നും ഇതാണ് രോഗമെന്ന് മനസ്സിലായില്ല. ഒരിക്കല്‍ മഞ്ചേരിയില്‍ കെട്ടുപണിക്കു പോയപ്പോള്‍ വേദന വന്ന് അവിടത്തെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് സിക്കിള്‍ സെല്‍ അനീമിയ ആണെന്ന് കണ്ടെത്തിയത്. പിന്നീട് സ്ഥിരമായി മരുന്നു കഴിക്കാന്‍ തുടങ്ങി. വേദന  കൂടുമ്പോള്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പോയി അഡ്മിറ്റാകും. കോട്ടത്തറ ആശുപത്രിയില്‍ പോയാല്‍ അവിടെ പറ്റില്ല, പെരിന്തല്‍മണ്ണയിലേക്ക് പൊയ്ക്കോളാന്‍ പറയും. ഈയടുത്ത് നെഞ്ചില്‍ നീരുവന്നു. പെരിന്തല്‍മണ്ണയില്‍ ഒരാഴ്ച കിടന്ന് ഡിസ്ച്ചാര്‍ജായി വന്നിട്ട് മൂന്ന് ദിവസമേ ആയുള്ളൂ. ഒരാഴ്ച കഴിഞ്ഞ് ഇനി പോകണം. എന്റെ ചേച്ചി രാധയ്ക്കും ഇതേ അസുഖമാണ്. ചേച്ചിയുടെ വലതുകൈ പൊക്കാന്‍ പറ്റുന്നില്ല. ഓപ്പറേഷന്‍ ചെയ്യേണ്ടിവരും എന്ന് പേടിച്ചിട്ട് ഇപ്പോള്‍ ആശുപത്രിയിലും പോകാറില്ല. എനിക്ക് തീരെ വയ്യാണ്ടായതുകൊണ്ടാണ് ഞാന്‍ കാണിക്കാന്‍ പോയത്. അച്ഛനേയും അമ്മയേയും പരിശോധിച്ചിട്ടൊന്നുമില്ല. പക്ഷേ, അവര്‍ക്ക് വേദനയോ ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ല. അതുകൊണ്ട് അവര്‍ക്ക് അസുഖമില്ല എന്ന് വിചാരിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഞാന്‍ വിവാഹം കഴിച്ചു. ഒരുമാസം പ്രായമുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ പരിശോധിച്ച് കുഴപ്പമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാ ദിവസവും മരുന്ന് കഴിക്കണം'' ഒരു പാക്കറ്റ് നിറയെ ഗുളികകളെടുത്ത് മണികണ്ഠന്‍ കാണിച്ചുതന്നു. 

വേദനയും പനിയും കാരണം ആശുപത്രിയില്‍ കാണിച്ച ആദ്യം ഡോക്ടര്‍മാര്‍ മണികണ്ഠനോട് പറഞ്ഞത് മഞ്ഞപ്പിത്തമാണെന്നാണ്. അങ്ങനെ തമിഴ്നാട്ടില്‍ പോയി പച്ചമരുന്നൊക്കെ വാങ്ങി കുറേക്കാലം അങ്ങനെ ചികിത്സിച്ചു. ആശുപത്രിയില്‍നിന്നു കിട്ടുന്ന കിറ്റുകൊണ്ടുമാത്രമാണ് ജീവിതം മുന്നോട്ടു പോകുന്നത്. തീരെ ബുദ്ധിമുട്ടാവുമ്പോള്‍ പണിക്കിറങ്ങും. വൈകുന്നേരം ആകുമ്പോഴേക്കും കഠിനമായ വേദന കൊണ്ട് വീണുപോകും. പ്ലാസ്റ്റിക് ഷീറ്റ് മറച്ച ചെറിയ കുടിലിന്റെ മുറ്റത്ത് ആടിനേയും കോഴിയേയും വളര്‍ത്തുന്നുണ്ട് മണികണ്ഠന്‍. ഭാര്യയുടെ പ്രസവം, കൈക്കുഞ്ഞ്, വീട്ടിലെ ദാരിദ്ര്യം, രോഗം- ഒരു ഇരുപത്തിയഞ്ചുകാരനു സഹിക്കാന്‍ പറ്റാത്തത്ര ദയനീയമാണ് മണികണ്ഠന്റെ ജീവിതം.

രോഗം കണ്ടെത്താന്‍ കഴിയാതെ
മുരുകനേയും മണികണ്ഠനേയും പോലെ രോഗം കണ്ടെത്താനാവാത്തതുതന്നെയാണ് അട്ടപ്പാടിയിലെ പ്രധാന പ്രശ്‌നം. ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഒരു അസുഖമാണ് അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയ. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ അരിവാള്‍ ആകൃതിയില്‍ രൂപമാറ്റം സംഭവിക്കുന്ന അസുഖമാണിത്. വയനാട്ടിലും അട്ടപ്പാടിയിലുമുള്ള ഗോത്രവിഭാഗങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ രോഗം കണ്ടുവരുന്നത്. കഠിനമായ വേദനയ്ക്ക് പുറമെ അസുഖം ബാധിച്ച ആളുടെ ശരീരഘടനയുടെ പ്രവര്‍ത്തനം മൊത്തത്തില്‍ മന്ദഗതിയിലാകും. കരളിന്റേയും ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. ഹീമോഗ്ലോബിന്‍ വളരെ കുറഞ്ഞ അളവിലാണ്. കൃത്യമായ രീതിയില്‍ ദഹനവും നടക്കില്ല.  ആദിവാസികള്‍ക്കിടയില്‍ പണ്ടും ഇത്തരം രോഗങ്ങള്‍ കണ്ടിരുന്നെങ്കിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ക്കൂടി ആരോഗ്യം ഒരു പരിധിവരെ നിലനിര്‍ത്താനും ആയുര്‍ദൈര്‍ഘ്യം കൂട്ടാനും കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഓരോ രോഗിക്കും ആശുപത്രിയില്‍നിന്ന് കൊടുക്കുന്ന അരിയും പയറും കടലയും മറ്റും അടങ്ങുന്ന കിറ്റാണ് പല കുടുംബത്തിന്റേയും ആശ്രയം. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലില്ല. രോഗിക്കു മാത്രമായി നല്‍കുന്ന ഈ കിറ്റാണ് പലപ്പോഴും കുടുംബം മുഴുവന്‍ പങ്കിടുന്നത്. കൃത്യമായ അളവില്‍ പോഷകാഹാരം ലഭിക്കാതാകുന്നതോടെ ആയുര്‍ദൈര്‍ഘ്യത്തെ സാരമായി ബാധിച്ചുതുടങ്ങി. ചെറുപ്രായത്തില്‍ തന്നെ മരണത്തിനു കീഴടങ്ങിയവരും കോളനികളിലുണ്ട്. അട്ടപ്പാടി മേഖലയിലെ തണുപ്പും അരിവാള്‍ രോഗബാധിതര്‍ക്കു പ്രതികൂലമാണ്. തണുപ്പും മഴയും ഇവരുടെ വേദന അസഹ്യമാക്കും. കോശങ്ങള്‍ കൂടുതല്‍ ചുരുങ്ങാനും കാരണമാകും.

നല്ല ഭക്ഷണവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ബോധവല്‍ക്കരണവും മാത്രമാണ് രോഗത്തിന്റെ പ്രതിവിധി. അരിവാള്‍ രോഗികളായ രണ്ടുപേര്‍ വിവാഹം കഴിക്കുന്നതിലൂടെ അടുത്ത തലമുറയ്ക്കും രോഗസാധ്യത വളരെ കൂടുതലാണ്. ഇത്തരം വിവാഹങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യമുണ്ടാകണം. എന്നാല്‍ പലപ്പോഴും അട്ടപ്പാടിയില്‍ സംഭവിക്കുന്നത് വിവാഹത്തിനൊക്കെ ശേഷം രോഗം നിര്‍ണ്ണയിക്കപ്പെടുന്നതാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ രോഗം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അട്ടപ്പാടിയില്‍ സജ്ജീകരിക്കണം. അട്ടപ്പാടിയിലെ ഊരുകളില്‍ അരിവാള്‍ രോഗികളുമായി സംസാരിച്ചതില്‍ നിന്നു മനസ്സിലായത്  വേദനയും ശ്വാസംമുട്ടലും പനിയും ഒക്കെ മറ്റ് പല രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട് വര്‍ഷങ്ങളോളം ചികിത്സ തേടിയവരാണ് കുറേപേര്‍. രോഗം അതി കഠിനമാവുമ്പോള്‍ മാത്രമാണ് പലപ്പോഴും തിരിച്ചറിയപ്പെടുന്നത്. 

രോഗികള്‍ക്ക് പലര്‍ക്കുമറിയില്ല തങ്ങള്‍ അരിവാള്‍ രോഗികളാണെന്ന് എന്നതാണ് സത്യം. ഇപ്പോഴും ഊരുകളില്‍ വേദനയ്ക്കുള്ള പച്ചമരുന്നുകള്‍ കഴിക്കുന്നവരും ധാരാളമുണ്ട്.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഒഴിവാക്കണം. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിലൂടെ കുട്ടികള്‍ക്ക് രോഗസാധ്യത പറയപ്പെടുന്നുണ്ട്. കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയെ ഇത് സാധിക്കൂള്ളൂ. രോഗിയാണെന്നറിഞ്ഞാല്‍ വിവാഹജീവിതത്തിനു തടസ്സമാകും എന്ന കാരണത്താല്‍ പുറത്തു പറയാത്തവരും ഉണ്ട്. ചികിത്സ ഭയന്ന് ആശുപത്രികളില്‍ പോകാത്തവരും ഊരുകളിലുണ്ട്. രക്തപരിശോധനയിലൂടെ രോഗികളെ കണ്ടെത്തുകയും ആവശ്യമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിലൂടെ വരും തലമുറയെ എങ്കിലും ഈ അസുഖത്തില്‍നിന്നു മോചിപ്പിക്കാന്‍ സാധിക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഊരുകളിലെ രോഗികള്‍ക്ക് സാമ്പത്തിക സഹായം അടിയന്തരമാണ്.

ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ധാരണയുണ്ടാവണം
ഡോ. നാരായണന്‍ (വിവേകാനന്ദ ഹോസ്പിറ്റല്‍, അഗളി)

സര്‍ക്കാര്‍ കണക്കുകളെക്കാള്‍ കൂടുതല്‍ രോഗികള്‍ ഊരുകളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചികിത്സിച്ചു രോഗം മാറ്റാന്‍ കഴിയില്ല. മജ്ജ മാറ്റിവെയ്ക്കലാണ് ഒരു ചികിത്സാരീതി. ഇത് എല്ലാവര്‍ക്കും സാധ്യമായ ചികിത്സാരീതിയല്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമാണ് രോഗം കണ്ടുവരുന്നത്. മലേറിയ പടര്‍ന്നുപിടിച്ച സ്ഥലങ്ങളില്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി അവിടെയുള്ള ആളുകളില്‍ രക്തകോശങ്ങള്‍ ഇങ്ങനെയായി എന്നാണ് പറയപ്പെടുന്നത്. സിക്കിള്‍സെല്‍ ഉള്ളവരില്‍ മലേറിയ രോഗാണുവിനു പ്രവേശിക്കാന്‍ സാധിക്കില്ല.  പിന്നീട് അത് ജനിതകമായി പകര്‍ന്നുകിട്ടി എന്നാണ് പറയപ്പെടുന്നത്. 

ചികിത്സ ഇല്ലാത്തതുകൊണ്ടുതന്നെ ബോധവല്‍ക്കരണമാണ് പ്രധാനം. അസുഖം വന്നയാള്‍ക്ക് എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നതിനെ കുറിച്ചൊക്കെ കൃത്യമായ ധാരണ ഉണ്ടാക്കി ക്കൊടുക്കാന്‍ പറ്റണം. ഉദാഹരണത്തിന് നിര്‍ജ്ജലീകരണം വന്നാല്‍ സിക്ലിങ് കൂടും. ഓക്സിജന്‍ കുറയുകയോ വെള്ളത്തിന്റെ അളവ് കുറയുകയോ ചെയ്യുമ്പോള്‍ കോശങ്ങളെല്ലാം അരിവാള്‍ ആകൃതിയിലേക്ക് മാറും. 

അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. പെട്ടെന്ന് വിളര്‍ച്ച കൂടുമ്പോള്‍ രക്തം കയറ്റേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം രോഗിക്ക് നന്നായി അറിയണം. അതുപോലെ പ്രധാനമാണ് ചികിത്സിക്കുന്ന ഡോക്ടര്‍ക്കും നല്ല ധാരണ വേണം എന്നത്. ഇതിനെ കുറിച്ച് അറിയാതെ ചികിത്സിച്ചാല്‍ കാര്യങ്ങള്‍ വെട്ടിലാവും. നല്ല ചികിത്സയുണ്ടെങ്കില്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ പറ്റും. വയനാട്ടിലെ രോഗികളെക്കാള്‍  മാരകമല്ല അട്ടപ്പാടിയിലെ അരിവാള്‍ രോഗികള്‍. സിക്കിള്‍സെല്‍ രോഗികള്‍ വിവാഹം കഴിക്കുന്നതിനുള്ള കൗണ്‍സലിങ് പലയിടത്തും നടക്കുന്നുണ്ട്. രോഗികളെ കണ്ടെത്താനുള്ള കൃത്യമായ പരിശോധന നടത്തിയാലെ ഇത് ഫലവത്താവുകയുള്ളൂ. അങ്ങനെ ചെയ്താല്‍ അടുത്ത തലമുറയിലേക്ക് ഇത് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. കല്യാണത്തിനു ശേഷം വന്ന് പരിശോധന നടത്തിയിട്ട് കാര്യമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com