അത്താണിയിലെ കാംകോ ഓഫിസ്
അത്താണിയിലെ കാംകോ ഓഫിസ്

കോടികളുടെ ക്രമക്കേട്: എങ്ങുമെത്താതെ അന്വേഷണം, കാംകോയിലെ അഴിമതി

കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ ആയിരം കോടിയുടെ വാങ്ങല്‍ ഇടപാടുകളില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ (സി.എ.ജി) വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി രണ്ടു വര്‍ഷത്തിലധികമായിട്ടും ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല. കൃഷി വകുപ്പിനു കീഴിലുള്ള സ്ഥാപനമായ കാംകോയില്‍ (കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടുകളിലെ നഷ്ടത്തേയും വിതരണക്കാര്‍ക്കു ലഭിച്ച വഴിവിട്ട നേട്ടത്തേയും കുറിച്ചുള്ള അന്വേഷണമാണ് പാതിവഴിയില്‍ നിലച്ചത്. ആഭ്യന്തര മന്ത്രിയുടെ അന്വേഷണ ഉത്തരവ് വിജിലന്‍സ് പൂഴ്ത്തിവച്ചുവെന്നും പുറത്തുവന്നു. ഉഴവുയന്ത്രങ്ങളും കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറുകളും മറ്റും നിര്‍മ്മിച്ചു വില്‍ക്കുന്ന സ്ഥാപനമാണ് കാംകോ. 
പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വിവിധ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന്റെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ (സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍) തുടര്‍ച്ചയായി ലംഘിച്ചു എന്നാണ് സി.എ.ജി അക്കമിട്ടു ചൂണ്ടിക്കാട്ടിയത്. ഇതുവഴി സര്‍ക്കാരിന് 79.63 കോടി രൂപയുടെ നഷ്ടം വരുത്തുകയും വിതരണക്കാര്‍ക്ക് കോടികളുടെ വഴിവിട്ട നേട്ടത്തിനു വഴിയൊരുക്കുകയും ചെയ്തു. കോടതി ഇടപെട്ടപ്പോള്‍ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥനെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയാക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനേയും വ്യവസായമന്ത്രി ഇ.പി. ജയരാജനേയും തെറ്റിദ്ധരിപ്പിച്ച് ഇദ്ദേഹത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയതുകൊണ്ടാണ് ഈ നിയമനം ലഭിച്ചത്. 

ടെന്‍ഡര്‍ വിളിക്കാതെ 813 കോടി രൂപയുടെ സ്പെയര്‍ പാര്‍ട്ട്സ് വാങ്ങിയതില്‍ ഉള്‍പ്പെടെ വന്‍ക്രമക്കേട് നടന്നതായാണ് പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് 2015 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നടത്തിയ ഔദ്യോഗിക കണക്കുപരിശോധനയില്‍ സി.എ.ജി കണ്ടെത്തിയത്. 2010 മുതല്‍ 2015 വരെ നടന്ന ക്രമക്കേടുകളെക്കുറിച്ച് വ്യക്തവും വിശദവുമായ പരാമര്‍ശങ്ങളോടെ 2016-ലെ മൂന്നാം റിപ്പോര്‍ട്ടായി അത് ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. ക്രമക്കേടിന്റെ ഉത്തരവാദികള്‍ക്കതിരെ വിജിലന്‍സിനെക്കൊണ്ട് വിശദമായ അന്വേഷണം നടത്തി നഷ്ടം ഈടാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 

പര്‍ച്ചേസ് ഉത്തരവില്‍ മാറ്റം വരുത്തി 18.34 കോടി രൂപയുടെ വഴിവിട്ട ലാഭം വിതരണക്കാര്‍ക്ക് നല്‍കി, കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയുടെ അനുവാദമില്ലാതെ കേരളത്തിനു പുറത്തുനിന്ന് 36.41 കോടി രൂപയ്ക്ക് വാങ്ങി, പര്‍ച്ചേസ് മാന്വവലിനു വിരുദ്ധമായി 179.35 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിയ വകയില്‍ 25.4 കോടിയുടെ നഷ്ടം വരുത്തി, വിപണിവില പരിശോധിക്കാതെ ചില പ്രത്യേക വിതരണക്കാരില്‍നിന്ന് 15.31 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി, വിതരണക്കാര്‍ക്ക് 43.89 കോടിയുടെ വഴിവിട്ട ലാഭമുണ്ടാക്കിക്കൊടുക്കുന്ന വിധത്തില്‍ ഉയര്‍ന്ന നിരക്കില്‍ ഉപകരണങ്ങള്‍ വാങ്ങി, സാധനങ്ങളുടെ ആവശ്യമില്ലാത്ത ശേഖരണത്തിലൂടെ 25.42 കോടി രൂപയുടെ അവിഹിത നേട്ടം വിതരണക്കാര്‍ക്ക് ലഭ്യമാക്കി എന്നിങ്ങനെയാണ് സി.എ.ജിയുടെ കണ്ടെത്തല്‍. കമ്പനി സാധനങ്ങള്‍ വാങ്ങിയിരുന്ന 245 വിതരണക്കാരില്‍ 163 പേര്‍ക്ക് പ്രത്യേക ഉപകാരം ചെയ്യുന്നതിനുവേണ്ടി അവരുടെ ആവശ്യപ്രകാരം മാനേജിംഗ് ഡയറക്ടര്‍ പതിവായി പര്‍ച്ചേസ് ഉത്തരവ് ഉയര്‍ന്ന വില ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തു, സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട കാംകോ ഡയറക്ടര്‍ ബോര്‍ഡ് പരാജയപ്പെട്ടു എന്നീ വ്യക്തമായ കണ്ടെത്തലുകളുമുണ്ട്. 

എറണാകുളം ജില്ലയിലെ അത്താണി ആസ്ഥാനമായ കാംകോയില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയ കാലയളവില്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജ് ആയിരുന്നു. ആരോപണ വിധേയനായ എന്‍.കെ. മനോജിനെ യു.ഡി.എഫ് സര്‍ക്കാര്‍ കാംകോയില്‍നിന്ന് കൃഷിവകുപ്പിനു കീഴിലുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലേക്കു മാറ്റി. അവിടെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഇടപെട്ട് അവിടെനിന്നും മാറ്റിയെങ്കിലും വ്യവസായവകുപ്പ് അദ്ദേഹത്തെ കരകൗശല വികസന കോര്‍പ്പറേഷന്‍ മേധാവിയാക്കി. ഇപ്പോള്‍ അവിടെ തുടരുകയുമാണ്. വാങ്ങലും വില്‍ക്കലുമായി ബന്ധപ്പെട്ടാണ് പൊതുമേഖലയില്‍ അഴിമതി ഉണ്ടാകുന്നത് എന്ന് 2016-ലെ ഇടതുമുന്നണി പ്രകടനപത്രിക വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടുകളുടേയും ദ്രുതാന്വേഷണത്തിന്റേയും അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്ന ഒരു പൊതുനയത്തിന് രൂപം നല്‍കുമെന്നും വ്യക്തമാക്കി. അതിനു വിരുദ്ധമാണ് സി.എ.ജി കണ്ടെത്തിയ കോടികളുടെ അഴിമതിക്കാര്യത്തില്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാട്.

അന്വേഷണം പോയ വഴി

സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ജനുവരി 23-ന് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നാണ് ഫെബ്രുവരി അഞ്ചിന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. (വി.ഇ നമ്പര്‍ 1/2018/വിഎസിബി എറണാകുളം). ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഹര്‍ജി തീര്‍പ്പാക്കുകയും കേസിനു സഹായകമായ വിധം ജോയി കൈതാരത്ത് വിജിലന്‍സ് കോടതിയില്‍ വിശദമായ മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ അതിനുശേഷമാണ് 2016-ലെ മറച്ചുവച്ച വിജിലന്‍സ് കേസിന്റെ വിവരം പുറത്തുവന്നത്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുന്നതിനു തൊട്ടുമുന്‍പാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആദ്യ കേസെടുത്തത്. 2016 ഏപ്രില്‍ 25-ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ കത്ത് നമ്പര്‍ 3228/ബി2/16/വിജിലന്‍സ് പ്രകാരമായിരുന്നു ഇത്. പേരിനു കേസെടുത്തതിനപ്പുറം അന്വേഷണത്തില്‍ വിജിലന്‍സ് താല്പര്യം കാണിച്ചില്ല. സര്‍ക്കാര്‍ മാറുകയും വിജിലന്‍സ് തലപ്പത്തും അന്വേഷണ ഉദ്യോഗസ്ഥരിലും ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാവുകയും ചെയ്‌തെങ്കിലും വിജിലന്‍സ് അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ല.
അന്വേഷണ ഉത്തരവ് മറച്ചുവച്ചുവെന്ന് വ്യക്തമായതോടെ ജോയി കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയ്യാറാക്കണമെങ്കില്‍ സര്‍ക്കാരില്‍നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. ഈ കേസിലും സ്വാഭാവികമായും പുതിയ ഭേദഗതി ബാധകമായി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രോസിക്യൂഷന്‍ അനുമതിക്കുവേണ്ടി ഹര്‍ജിക്കാരന്‍ സര്‍ക്കാരിനെ സമീപിച്ചിട്ട് ആഴ്ചകളായെങ്കിലും പ്രതികരണമില്ല. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍, വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കുന്നതിനാണ് സര്‍ക്കാരിന്റെ അനുമതി വേണ്ടത്. വിജിലന്‍സിനു സ്വന്തം നിലയില്‍ കേസെടുക്കുന്നതിനും എടുത്ത കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇപ്പോഴും തടസ്സമില്ല. അതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിലെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രതി ആരാണെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടില്ല എന്നാണ്. എന്നാല്‍, മാനേജിംഗ് ഡയറക്ടറുടെ ഇടപെടല്‍ എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ സംശയരഹിതമായി പറയുന്നു. തസ്തികയല്ലാതെ ഉദ്യോഗസ്ഥരുടെ പേര് പറയുന്ന രീതി പൊതുവേ സി.എ.ജി സ്വീകരിക്കാറുമില്ല. എന്‍.കെ. മനോജ് എം.ഡി ആയിരുന്നത് 2012 ജൂലൈ ഒന്നു മുതല്‍ 2015 ജൂണ്‍ 15 വരെയാണ്. ഈ കാലയളവിലാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന ക്രമക്കേടുകള്‍ മുഴുവന്‍ നടന്നതെന്നു പരാതിക്കാരന്‍ ആരോപിക്കുന്നതായി അതേ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നുമുണ്ട്. കേസെടുത്ത ശേഷമുള്ള മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ് താന്‍ എന്നാണ് മൂവാറ്റുപുഴയിലെ വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്റ് സ്പെഷല്‍ ജഡ്ജ് കോടതിയില്‍ വിജിലന്‍സ് തിരുവനന്തപുരം പ്രത്യേകാന്വേഷണ വിഭാഗം രണ്ടിലെ ഇന്‍സ്പെക്ടര്‍ ഐ. ഫറോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ മാറ്റത്തിന്റെ പേരില്‍ അന്വേഷണം വൈകിപ്പിക്കുന്നത് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

സി.എ.ജി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍​

പണം പോയ വഴി

സി.എ.ജി റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2.1 മുതലാണ് കാംകോയിലെ ക്രമക്കേടുകളെക്കുറിച്ചു പരാമര്‍ശിക്കുന്നത്. ''സ്പെയര്‍പാര്‍ട്ട്സ് വാങ്ങുന്നതില്‍ കമ്പനി ഒരിക്കലും സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല. ഈ കാലയളവില്‍ 813.06 കോടി രൂപ വിലയുള്ള 1914 ഇനം സ്പെയേഴ്സ് വാങ്ങുന്നതിനായി 4113 പര്‍ച്ചേസ് ഉത്തരവുകള്‍ കമ്പനി പുറപ്പെടുവിച്ചു. ഈ ഉത്തരവുകളെല്ലാം ടെന്‍ഡര്‍ ക്ഷണിക്കാതെയായിരുന്നു'' എന്ന് ടെന്‍ഡര്‍ കൂടാതെ സാധനങ്ങളുടെ സംഭരണം എന്ന തലക്കെട്ടിനു താഴെ സി.എ.ജി പറയുന്നു. ഓഡിറ്റ് കാലയളവില്‍ പത്തൊന്‍പത് വിതരണക്കാരില്‍നിന്നായി 266 കോടി രൂപയുടെ വാങ്ങി. അതില്‍ ക്രമക്കേടുണ്ടായെന്നും വന്‍കിട സ്വകാര്യ വിതരണക്കാര്‍ക്കു മെച്ചം ലഭിച്ചുവെന്നുമാണ് കണ്ടെത്തല്‍. ശ്രീഗണേഷ് ഗിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സി.വി.എം പ്രെസിഷന്‍സ് പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടോളിന്‍സ് ടയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഫെയര്‍ഫീല്‍ഡ് അറ്റ്ലസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ കൂടുതല്‍ നേട്ടം ലഭിച്ച സ്വകാര്യ കമ്പനികളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഒരേയൊരു പൊതുമേഖലാ സ്ഥാപനം മാത്രമാണുള്ളത് - ഓട്ടോകാസ്റ്റ് ലിമിറ്റഡ്. സി.എ.ജിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കരട് റിപ്പോര്‍ട്ടിന് കമ്പനി 2015 സെപ്റ്റംബറില്‍ നല്‍കിയ മറുപടിയില്‍ വഴിവിട്ട വാങ്ങല്‍ ന്യായീകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, സി.എ.ജി അതു തള്ളി. ''പ്രധാനപ്പെട്ട സ്പെയേഴ്സ് എല്ലാം പ്രത്യേകമായി രൂപകല്പന ചെയ്ത ഘടകങ്ങള്‍ ചേര്‍ത്തതാണെന്നും അതിന്റെ രൂപകല്‍പ്പന എല്ലാവരോടും വെളിപ്പെടുത്താനാകില്ലെന്നുമാണ് കമ്പനി നല്‍കിയ മറുപടി. വ്യാജ സ്പെയര്‍ നിര്‍മ്മാതാക്കള്‍ ആ ഡിസൈന്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും പറഞ്ഞു. വ്യാജനിര്‍മ്മിതി തടയുന്നതിന് കമ്പനി ഹോളോഗ്രാം പതിപ്പിക്കല്‍പോലുള്ള രീതികള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വാദം സ്വീകരിക്കാന്‍ കഴിയില്ല'' എന്നു സി.എ.ജി വ്യക്തമാക്കി. 

കുറഞ്ഞവിലയ്ക്കു കിട്ടുന്നത് വാങ്ങാതിരുന്നതിലൂടെ കമ്പനിക്ക് അധികച്ചെലവ് ഉണ്ടാക്കിയതിനെക്കുറിച്ചാണ് തുടര്‍ന്നു വിശദീകരിക്കുന്നത്. ''കമ്പനി വാര്‍ഷിക പര്‍ച്ചേസ് ഉത്തരവ് നല്‍കുമ്പോള്‍ വിതരണക്കാരില്‍നിന്നു കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കാനുള്ള സാധ്യത പരിഗണിച്ചില്ല.'' കുറഞ്ഞവിലയ്ക്ക് നല്‍കാവുന്ന ശേഷിയുടെ പരമാവധി വിതരണക്കാര്‍ നല്‍കിയെന്നും അതിന്റെ ബാക്കി മാത്രമാണ് മറ്റുള്ളവരില്‍നിന്നു വാങ്ങിയതെന്നുമാണ് 2015 നവംബറില്‍ സി.എ.ജിക്ക് കാംകോ നല്‍കിയ മറുപടി. വിതരണക്കാരുടെ ശേഷി കണക്കിലെടുത്തല്ല പര്‍ച്ചേസ് ഉത്തരവ് പുറപ്പെടുവിച്ചത് എന്നിരിക്കെ കമ്പനിയുടെ മറുപടി വസ്തുതാപരമായി തെറ്റാണെന്ന് സി.എ.ജി വ്യക്തമാക്കുന്നു. സംഭരണത്തിന്റെ ഒരു ഘട്ടത്തിലും വിതരണക്കാരുടെ ശേഷി കമ്പനി പരിശോധിച്ചിട്ടുമില്ല. 

ഏതെങ്കിലും സാധനം ഒരു പ്രത്യേക കമ്പനിയില്‍നിന്നു മാത്രമായി വാങ്ങുന്നതിനെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ 10,000 രൂപയ്ക്കു താഴെ വിലവരുന്ന ചെറിയ ഓര്‍ഡറുകള്‍ മാത്രമേ അങ്ങനെ നല്‍കാന്‍ പാടുള്ളു. എന്നാല്‍, 179.35 കോടി വിലവരുന്ന 1914 ഇനങ്ങള്‍ വാങ്ങിയത് ഒറ്റയൊറ്റ കമ്പനികളില്‍നിന്നാണെന്ന് ഓഡിറ്റില്‍ കണ്ടെത്തി. അതുവഴി നേട്ടമുണ്ടാക്കിയ വിതരണക്കാര്‍, വാങ്ങിയ ഇനം, വിതരണം ചെയ്ത കാലയളവ്, വില എന്ന ക്രമത്തില്‍ പട്ടികയും റിപ്പോര്‍ട്ടിലുണ്ട്. രൂക്ഷമാണ് വിമര്‍ശനങ്ങള്‍: ''സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിനു നിരക്കുന്നതെന്ന് ഉറപ്പുള്ള ഒരു നയം രൂപപ്പെടുത്തുന്നതില്‍ കമ്പനി ഉന്നതാധികൃതര്‍ പരാജയപ്പെട്ടു. കുഴപ്പങ്ങള്‍ മെറ്റീരിയല്‍ വിഭാഗത്തിന്റെ മേധാവി കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുമില്ല''' കേരളത്തില്‍ ഒന്നോ അതിലധികമോ സ്ഥാപനങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഏതെങ്കിലും ഇനം പ്രതിവര്‍ഷം 2.50 കോടി രൂപയില്‍ കൂടുതല്‍ വിലയ്ക്ക് കേരളത്തിനു പുറത്തുനിന്ന് വാങ്ങുന്നത് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ അനുമതിയോടെ മാത്രമായിരിക്കണം എന്നുണ്ട്. ധനകാര്യ സെക്രട്ടറി, വ്യവസായ സെക്രട്ടറി തുടങ്ങിയവരും ഉള്‍പ്പെട്ടതാണ് സമിതി. ഇതു പാലിക്കാതെ കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന ഇനങ്ങള്‍ വന്‍തോതില്‍ പുറത്തുനിന്നു വാങ്ങി. കേരളത്തില്‍ നിര്‍മ്മിച്ചതിനു മുന്‍ഗണന നല്‍കിയെന്നും ഇവിടെ ലഭിക്കുന്നതൊന്നും പുറത്തുനിന്ന് വാങ്ങിയിട്ടില്ലെന്നുമാണ് കമ്പനി സി.എ.ജിക്കു നല്‍കിയ മറുപടി. എന്നാല്‍, ഇത് വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സി.എ.ജി ഏതൊക്കെ സാധനങ്ങളാണ് ഇങ്ങനെ വഴിവിട്ട് വാങ്ങിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അതിനു തുടര്‍ച്ചയായാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ പരാജയം ചൂണ്ടിക്കാട്ടിയതും വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതും.

'തീര്‍പ്പാക്കല്‍' വഴി

സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അവഗണിച്ച് മനോജിനെ സംരക്ഷിക്കുന്നതിനെതിരെ വ്യവസായവകുപ്പിന് ഒന്നിലധികം പരാതികള്‍ ലഭിച്ചിരുന്നു. ജോയി കൈതാരത്തിനെ കൂടാതെ മറ്റു രണ്ടുപേരും പരാതി നല്‍കി. ഇവയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വ്യവസായ- വാണിജ്യ ഡയറക്ടര്‍ക്ക് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശവും നല്‍കി. പരാതികള്‍ വാസ്തവവിരുദ്ധമാണെന്നും എം.ഡിയേയും കരകൗശല വികസന കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഉന്നയിച്ചതാണ് എന്നുമുള്ള വിശദീകരണമാണ് ഡയറക്ടര്‍ വിശദീകരണം ചോദിച്ചപ്പോള്‍ മനോജ് മറുപടി നല്‍കിയത്. അത് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല, കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിക്കുന്നതിനു മുന്‍പ് കാംകോ എംഡിയായിരിക്കെ നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളേയും അന്വേഷണത്തേയും കുറിച്ച് എന്‍.കെ. മനോജിനോട് മലയാളം വാരിക പ്രതികരണം തേടിയിരുന്നു. ആരോപണം അടിസ്ഥാനമില്ലാത്തതാണ് എന്നും കാംകോ മുന്‍പേ തുടര്‍ന്നുവരുന്ന രീതി മാത്രമാണ് താനും സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 
വിഇ3/2016/എസ്.ഐ.യു രണ്ട് എന്ന നമ്പരിലാണ് ആദ്യം വിജിലന്‍സ് കേസെടുത്തത്. (വി.ഇ എന്നത് വിജിലന്‍സ് എന്‍ക്വയറി എന്നതിന്റേയും എസ്.ഐ.യു എന്നത് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്നതിന്റേയും ചുരുക്കം). ഈ വി.ഇ/3/2016-ന്റെ കാര്യം വ്യവസായ മന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കില്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയായി നിയമനം നല്‍കാന്‍ ഇടയില്ലായിരുന്നു. പിന്നീട് ഇക്കാര്യം 2017 ആഗസ്റ്റ് മുതല്‍ പലപ്പോഴായി ജോയി കൈതാരത്തും അദ്ദേഹം ഉള്‍പ്പെടുന്ന ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. 

മനോജിനെതിരെ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുണ്ടായത് കാംകോയില്‍ ജോലി ചെയ്ത കാലത്തായതിനാല്‍ പരാതിയിലെ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ടത് കൃഷിവകുപ്പാണ് എന്ന വിചിത്ര നിലപാടാണ് വ്യവസായ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യവസായവകുപ്പ് സ്വീകരിച്ചത്. ''കാംകോയില്‍ മെഷീനറികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടു നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ എന്‍.കെ. മനോജ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നതിന് ഒറിജിനല്‍ ഫയല്‍ കൃഷിവകുപ്പിലേക്ക് അയയ്ക്കുകയാണ് വ്യവസായ വകുപ്പ് ചെയ്തത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി കൃഷിവകുപ്പ് സ്വീകരിച്ച് അറിയിച്ചാല്‍ മാത്രം ഈ വകുപ്പില്‍നിന്നും നടപടി സ്വീകരിച്ചാല്‍ മതിയെന്നും തല്‍ക്കാലം നടപടി ആവശ്യമില്ലെന്നും തീരുമാനിക്കുകയും ചെയ്തു. എ.സി. മൊയ്തീന്‍ വ്യവസായ മന്ത്രി ആയിരിക്കെ പരാതി അങ്ങനെ 'തീര്‍പ്പാക്കി.' വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (കെല്‍) എന്ന പൊതുമേഖലാ സ്ഥാപനമാണ് എന്‍.കെ. മനോജിന്റെ മാതൃസ്ഥാപനം. കാംകോയിലും പിന്നീട് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലും ഇപ്പോള്‍ കരകൗശല വികസന കോര്‍പ്പറേഷനിലും ഡെപ്യൂട്ടേനേഷനിലാണ് എത്തിയത്. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ കൃഷിവകുപ്പില്‍നിന്നാണ് നടപടി സ്വീകരിക്കേണ്ടത് എന്നു വാദിക്കുന്നത് ഫയല്‍ പൂട്ടിക്കെട്ടാനുള്ള വഴി മാത്രം. എന്‍.കെ. മനോജിന്റെ മാതൃവകുപ്പ് വ്യവസായ വകുപ്പായതുകൊണ്ടാണ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട്

പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചിരിക്കുന്നതും. 
അന്വേഷണത്തിന്റെ ഭാഗമായി കാംകോയില്‍ ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതായി ഹൈക്കോടതിയില്‍ വിജിലന്‍സ് നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്തുടരേണ്ട പര്‍ച്ചേസ് മാന്വലിനു പകരം മറ്റൊരു രീതി കാംകോ സ്വന്തം നിലയില്‍ സ്വീകരിച്ചുവെന്ന് സി.എ.ജിയുടെ ഓഫീസിലെ സീനിയര്‍ ഓഫീസര്‍ മൊഴി നല്‍കി. ഈ രീതി കാംകോയ്ക്ക് ദോഷകരമായി മാറുകയും ചെയ്തു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ തന്നെ കാംകോയും സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പിന്തുടരാന്‍ ബാധ്യസ്ഥമാണെന്ന് സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു. കാംകോ സ്വന്തം നിലയില്‍ സംഭരണ രീതി സ്വീകരിക്കുകയോ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിലെ ഉപാധികള്‍ മാറ്റുകയോ ചെയ്താല്‍ സര്‍ക്കാരില്‍നിന്നു മുന്‍കൂട്ടി പ്രത്യേക ഉത്തരവ് വാങ്ങിയിരിക്കണം. എന്നാല്‍, സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകളില്‍ ഇളവു തേടി സര്‍ക്കാരിനെ സമീപിക്കാന്‍ കാംകോ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത് 2016 ഡിസംബര്‍ 13-നാണ്. സി.എ.ജി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മാനിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ ഇപ്പോള്‍ കാംകോ തീരുമാനിച്ചിരിക്കുന്നതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ. ഫറോസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. മാനേജിംഗ് ഡയറക്ടര്‍, പര്‍ച്ചേസ് കമ്മിറ്റി അംഗങ്ങള്‍, മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ്, മെറ്റീരിയല്‍ വിഭാഗങ്ങളിലെ ഓഫീസര്‍മാര്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍മാര്‍, കാംകോയുടെ വിവിധ ഉല്പാദന യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍, സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, കാംകോയ്ക്ക് സ്പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്ന വിവിധ വിതരണക്കാര്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. മൊഴിയെടുക്കുക എന്ന് അര്‍ത്ഥം വരുന്ന വാക്കല്ല ചോദ്യം ചെയ്യുക എന്ന് അര്‍ത്ഥം വരുന്ന വാക്കുതന്നെയാണ് റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചത്. പക്ഷേ, അത്തരമൊരു ചോദ്യം ചെയ്യല്‍ ഉണ്ടായതായി സൂചനയില്ല. 
അന്വേഷണം നിലച്ചിരിക്കുന്നു. സ്വകാര്യ വിതരണക്കാര്‍ക്കു ലഭിച്ച കോടികളുടെ വഴിവിട്ട നേട്ടവും സര്‍ക്കാരിനുണ്ടായ കോടികളുടെ നഷ്ടവും ഉത്തരമില്ലാത്ത ചോദ്യചിഹ്നം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com