രാഷ്ട്രീയ ചതുരംഗത്തിലെ സംവരണ കരുനീക്കങ്ങള്‍: സാമ്പത്തിക സംവരണത്തെക്കുറിച്ച്

താഴ്ന്ന ജാതിക്കാരനേയും ദരിദ്രനേയും മുഖാമുഖം നിര്‍ത്തി സമ്പദ്വ്യവസ്ഥയിലെ പിന്നോട്ടടികളെ മറച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കേന്ദ്രഭരണകക്ഷി നടത്തുന്നത്.
രാഷ്ട്രീയ ചതുരംഗത്തിലെ സംവരണ കരുനീക്കങ്ങള്‍: സാമ്പത്തിക സംവരണത്തെക്കുറിച്ച്

ഇന്ത്യന്‍ യൂണിയന്‍ പിറക്കുന്നതിനു മുന്‍പ് തിരുവിതാംകൂര്‍ രാജ്യത്ത് നിലനിന്ന മനുഷ്യവിരുദ്ധമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമേല്‍പ്പിക്കുന്നതില്‍ വലിയ പങ്കുള്ളയാളാണ് നാരായണഗുരുവിന്റെ ശിഷ്യനായ ഡോ. പല്പു. താഴ്ന്ന സമുദായത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ആദ്യം അദ്ദേഹത്തിന്റെ ഭിഷഗ്വരനാകാനുള്ള അഭിലാഷം പൂര്‍ത്തീകരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതും ഒടുവില്‍ പഠിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോലി നിഷേധിക്കപ്പെട്ടതും നമ്മുടെ ചരിത്രത്തിലുണ്ട്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥകളെ മറികടന്ന് വിദ്യാഭ്യാസം നേടിയാല്‍പ്പോലും ജോലി കിട്ടുന്നതിനു സാമൂഹിക പശ്ചാത്തലം തടസ്സമാണെന്നതിന് നമ്മുടെ ഗതകാല ജീവിതം സാക്ഷിയാണ്. 

ഡോ. പല്പു മരിക്കുന്ന ദിവസത്തിനും കൗതുകകരമായ ഒരു യാദൃച്ഛികതയുണ്ട്. 1935 ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ സ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത് ആ വിയോഗത്തിന്റെ തൊട്ടു പിറ്റേന്ന് മുതലാണ്. പല്പുവിനെപ്പോലെയുള്ള നവോത്ഥാന നായകര്‍ ചെയ്തുവന്ന ജോലി പൂര്‍ത്തീകരിക്കുന്ന, ജാതിമതഭേദമെന്യേ ഇന്ത്യന്‍ പൗരന് നീതി വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ നിര്‍വ്വചനങ്ങള്‍ക്കൊപ്പമാണ് സംവരണത്തിന്റെ നിയമസാധുത വ്യക്തമാക്കപ്പെടുന്നത്. തുല്യനീതി, ജാതി, മതം, വംശം, ദേശം, ലിംഗപദവി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചൂഷണങ്ങളില്‍നിന്നുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14, 15, 16 വകുപ്പുകളാണ്, സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നതായിരിക്കണം എന്നു വിഭാവനം ചെയ്ത് നവഭാരതശില്പികള്‍ രൂപംകൊടുത്ത ഭരണഘടനയില്‍ സംവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദമാക്കുന്നത്. ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ 46 ഈ കാഴ്ചപ്പാടിനു കൂടുതല്‍ വ്യക്തത കൈവരുത്തുന്നുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തുകയെന്നതാണ് സംവരണത്തിന്റെ ഉദ്ദേശ്യം. അതൊരു ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയല്ല.

മോദിയുടെ സംവരണനീക്കം

ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ആണ് മുന്നാക്കസമുദായങ്ങളിലെ ദരിദ്രര്‍ക്ക് പത്തു ശതമാനം സംവരണം അനുവദിക്കാന്‍ ജനുവരി ഏഴിനു ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കുന്നത്. സര്‍ക്കാര്‍ ജോലിയിലും ഉന്നത വിദ്യാഭ്യാസരംഗത്തുമാണ് സംവരണം നല്‍കുക. എട്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, മുന്നാക്കവിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കാണ് സംവരണം. അഞ്ചേക്കറില്‍ താഴെ ഭൂമിയേ കൈവശമുണ്ടായിരിക്കാന്‍ പാടുള്ളൂ. വീടിന്റെ തറവിസ്തീര്‍ണം ആയിരം ചതുരശ്ര അടിയില്‍ താഴെയായിരിക്കണം. മുനിസിപ്പാലിറ്റികളില്‍ സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതി 1800 ചതുരശ്ര അടിയിലും നഗരങ്ങളിലെ പ്രത്യേക മേഖലകളില്‍ 900 ചതുരശ്ര അടിയിലും കുറവായിരിക്കണം. 

നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള 50 ശതമാനം സാമുദായിക സംവരണത്തിനു പുറമേയാണ് മുന്നാക്കക്കാര്‍ക്കുള്ള ഈ സംവരണം. രാജ്യത്തുടനീളം സംവരണം ആവശ്യപ്പെട്ട് പാട്ടീദാര്‍ പോലുള്ള മുന്നാക്കസമുദായങ്ങള്‍ കുറേക്കാലമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. കേരളത്തില്‍ നായര്‍ സമുദായത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്ന എന്‍.എസ്.എസ് പോലുള്ള സംഘടനകളും ഈ ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിനായി ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്യണം. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍, രാജ്യസഭയില്‍ മോദി നയിക്കുന്ന എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല. നടപ്പു സമ്മേളനത്തില്‍ത്തന്നെ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസ്സാക്കിക്കിട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി സഭാസമ്മേളനം നീട്ടാനുള്ള നിര്‍ദ്ദേശവും മന്ത്രിസഭ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, സഭാസമ്മേളനം നടത്തുന്നതിനോട് പ്രതിപക്ഷത്തിനു വിയോജിപ്പാണ്. ബജറ്റ് സമ്മേളനത്തിനു മുന്‍പ് സഭ വീണ്ടും ചേരുന്ന സ്ഥിതി ഉണ്ടായാല്‍പ്പോലും ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുന്നതില്‍ ആസന്നമായ തെരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനമെടുക്കാനുള്ള സാധ്യത തുലോം വിരളമാണ്. പ്രത്യേകിച്ചും പ്രതിപക്ഷത്തുള്ളവര്‍. ആ സാഹചര്യത്തില്‍ ബില്ലുകള്‍ പരാജയപ്പെട്ടാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ഭരണകക്ഷിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയത് പ്രതിപക്ഷ കക്ഷികളാണ് എന്നു പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് എളുപ്പമാകും.

രാജ്യത്തെമ്പാടും തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരികയാണ്. തൊഴിലില്ലായ്മയില്‍ യുവജനങ്ങള്‍ക്കുള്ള അസംതൃപ്തി സംസ്ഥാന നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അത് ബി.ജെ.പിയുടെ വിജയസാധ്യതകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ആ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും തൊഴിലില്ലായ്മയെത്തുടര്‍ന്നുള്ള യുവജനങ്ങളുടെ അസംതൃപ്തിയും ഇനിയും തങ്ങളുടെ ഭാവിയെ ബാധിച്ചുകൂടാ എന്ന നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ട്. 

ഇന്ത്യന്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) റിപ്പോര്‍ട്ടനുസരിച്ച് 2019-ല്‍ ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കാനാണ് ഇട. 18.6 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ തൊഴിലില്ലാത്തവരായുണ്ട്. ഇത് 2019-ല്‍ 18.9 മില്യണ്‍ ആകുമെന്നാണ് ഐ.എല്‍.ഒ റിപ്പോര്‍ട്ട് പറയുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്. രണ്ടു കോടി തൊഴിലവസരങ്ങള്‍ വര്‍ഷം തോറും സൃഷ്ടിക്കുമെന്നായിരുന്നു മോദി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍പോലും കൊടുക്കാനായില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

പത്തു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. ഈ വാഗ്ദാനത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പക്കോഡ വില്‍ക്കുന്ന ഒരാള്‍ക്ക് വൈകിട്ട് അതില്‍നിന്ന് 200 രൂപ വരുമാനമായി ലഭിക്കണമെന്നുള്ളതുകൊണ്ട് പക്കോഡ വില്‍ക്കുന്നതുപോലും തൊഴിലായി കണക്കാക്കാമെന്നു തൊഴിലിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ മാറേണ്ടതുണ്ട് എന്നാണ് പ്രധാനമന്ത്രി പ്രതിവചിച്ചത്. ഓരോ ദിവസവും തൊഴില്‍ കമ്പോളത്തില്‍ 35,000 പേരെത്തുമ്പോള്‍ 450 പേര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ തൊഴില്‍ കൊടുക്കാനാകുന്നതെങ്കില്‍ ചൈനയിലിത് 50,000 ആണ്. 2018 അവസാനമാകുമ്പോഴും ഏഴു ശതമാനത്തിന്റെ വര്‍ധനയാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്‍ഡ്യന്‍ ഇക്കോണമി നിരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം തൊഴില്‍ നഷ്ടപ്പെട്ടത് ഒരു കോടി പത്തു ലക്ഷം പേര്‍ക്കെന്നാണ് കണക്ക്. ഓരോ വര്‍ഷവും ഒരു കോടി അറുപതുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതേസമയം നിരവധി സര്‍ക്കാര്‍ വകുപ്പുകളിലായി ലക്ഷക്കണക്കിന് തസ്തികകള്‍ നികത്താതിരിക്കുകയും ചെയ്യുന്നു. റെയില്‍വേയില്‍ നികത്തപ്പെടാനുള്ള 90,000 തസ്തികയിലേക്ക് രണ്ടരക്കോടി അപേക്ഷ ലഭിക്കുന്നത് സൂചിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയുടെ ഗുരുതരാവസ്ഥ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കേ രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സര്‍ക്കാര്‍ തൊഴിലുകള്‍ ഇപ്പോഴും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിലെ യുവജനസമൂഹത്തിന് വലിയ ഒരാകര്‍ഷണമായി തുടരുകയാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പകരം വേണ്ടതെന്ന തോന്നല്‍ കുറേക്കാലമായി സര്‍ക്കാരുകള്‍ക്കുണ്ടെങ്കിലും വ്യാവസായിക-വ്യാപാരരംഗങ്ങളിലെ തിരിച്ചടികളും ജി.എസ്.ടിയും നോട്ടുനിരോധനവും പോലുള്ള നടപടികളും കച്ചവടമോ ചെറുകിടവ്യവസായമോ ചെയ്തു ജീവിക്കാമെന്ന ധാരണ ഉപേക്ഷിക്കുന്നതിനു പലരേയും പ്രേരിപ്പിക്കുന്നുണ്ട്. പരമ്പരാഗതമായി കച്ചവടത്തിലും വ്യവസായത്തിലും ഊന്നി ജീവിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പോലും യുവാക്കളുടെ സ്വപ്നം ഇപ്പോള്‍ സര്‍ക്കാര്‍ തൊഴിലായി മാറിയിരിക്കുന്നു. പട്ടീദാര്‍ സമുദായം സംവരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരവും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെയും തൊഴിലില്ലായ്മ എന്ന യാഥാര്‍ത്ഥ്യം കേന്ദ്രം ഭരിക്കുന്ന കക്ഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 
ജനുവരി 8, 9 തിയതികളില്‍ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളിയൂണിയനുകളുടെ പണിമുടക്ക് രാജ്യവ്യാപകമായി നടന്നു. മിനിമം വേതനവും തൊഴില്‍രംഗത്തെ സുരക്ഷിതത്വവുമുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ഈ സമരം നടന്നത്. അതിനു തൊട്ടുതലേന്നാളിലാണ് സംവരണപ്രഖ്യാപനം ഉണ്ടാകുന്നത്. പ്രതിമാസം 18,000 രൂപ ചുരുങ്ങിയ വേതനമായി നിശ്ചയിക്കണമെന്നാണ് സമരത്തിന്റെ ഒരു ആവശ്യം. അതായത് 2.16 ലക്ഷം രൂപ പ്രതിവര്‍ഷം. അതുപോലും ഉറപ്പുനല്‍കാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. ആദിവാസികള്‍, പിന്നാക്കസമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരിയില്‍ അക്കാദമിക സമൂഹവും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഹുങ്കാര്‍ റാലി നടത്താനിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് ഒരു ദരിദ്രാനുകൂല പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ പാടുപെടുകയാണ്. 

ദാരിദ്ര്യവും ജാതിയും

1992-ല്‍ സുപ്രീംകോടതി ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം ശരിവച്ച ഇന്ദിരാ സോഹ്നി വേഴ്സസ് യൂണിയന്‍ ഒഫ് ഇന്‍ഡ്യ കേസിലാണ് ക്രീമിലെയര്‍ എന്ന സങ്കല്പം ആദ്യമായി കൊണ്ടുവരുന്നത്. സുപ്രീംകോടതി കൊണ്ടുവന്ന ക്രീമിലെയര്‍ എന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നുവരെ അന്ന് ആവശ്യമുയര്‍ന്നിരുന്നു. ആ സങ്കല്പം അംഗീകരിക്കപ്പെട്ടതോടെ സാമൂഹ്യനീതിയുടെ സ്ഥാനത്ത് സാമ്പത്തികനീതിക്ക് പ്രാമുഖ്യം കൈവരുമോ എന്ന ഭയം വ്യാപകമായിട്ടുണ്ടായിരുന്നു. സംവരണം എല്ലാക്കാലത്തും നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ജനപിന്തുണ ഉണ്ടാക്കിയെടുക്കുന്നതിന് വലിയ ആയുധമായിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം നമ്മുടെ ഭരണഘടനയും അത് അടിസ്ഥാനപ്പെടുത്തിയ മൂല്യങ്ങളും പ്രാധാന്യത്തോടെ എടുത്തുപറയപ്പെടുകയോ വെല്ലുവിളിക്കപ്പെടുകയോ ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.

1990-ല്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് പ്രഖ്യാപിച്ചത് സംവരണരാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു അധ്യായം. പക്ഷേ, സംവരണവും ഭൂപരിഷ്‌കരണ നടപടികളുമുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ ചര്‍ച്ചകളില്‍ വെറും സംവരണ റിപ്പോര്‍ട്ടായി ചുരുങ്ങി. ശരിക്കും പറഞ്ഞാല്‍ സാമുദായിക രാഷ്ട്രീയത്തിന്റെ കടന്നല്‍ക്കൂടിളക്കി വിടുകയാണ് വി.പി. സിംഗ് ചെയ്തത്. അത് ഹിന്ദു ഏകീകരണമെന്ന ഫലം ആസ്വദിക്കുന്നതില്‍നിന്നു കുറേയൊക്കെ ബി.ജെ.പിയെ തടയുകയും ചെയ്തു. വര്‍ഗ്ഗസമരത്തിന്റെ തീവ്രവിളനിലമെന്ന് അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബീഹാറിലാണ് കീഴാളജാതിക്കാരുടെ രാഷ്ട്രീയമായ ചെറുത്തുനില്‍പ്പ് മണ്ഡല്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നത് എന്നത് ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള സൂക്ഷ്മമായ ബന്ധത്തെ സൂചിപ്പിച്ചു. അന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു നേട്ടം ഉണ്ടാക്കുകയും ചെയ്തു. 

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ഉയര്‍ന്ന ദേശീയ വരുമാനവളര്‍ച്ചയുടെ ഇക്കാലത്തും ദരിദ്രന്‍ തന്നെയാണ്. തന്റെ രാഷ്ട്രീയാഖ്യാനങ്ങളില്‍ ദരിദ്രനാരായണനായിരുന്നു മഹാത്മാ ഗാന്ധിക്ക് മുഖ്യം. അതില്‍ ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. എന്നാല്‍, ഗരീബി ഹഠാവോ മുദ്രാവാക്യമുയര്‍ത്തി മുഖ്യ രാഷ്ട്രീയകക്ഷി തെരഞ്ഞെടുപ്പു നേരിട്ട നാളുതൊട്ട് മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് സംവരണം വാഗ്ദാനം ചെയ്യപ്പെടുന്ന ഇന്നുകളില്‍ വരെ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ദരിദ്രജീവിതങ്ങള്‍ ഒരു തെരഞ്ഞെടുപ്പു മുദ്രാവാക്യം മാത്രമാണെന്നാണ് ഇതുവരെയും തെളിഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുബാങ്ക് സംരക്ഷിക്കുകയെന്ന തന്ത്രം മാത്രമാണ് ബി.ജെ.പിയെ സംവരണനീക്കത്തിനു പ്രേരിപ്പിച്ചതെന്ന അഭിപ്രായവും വ്യാപകമാണ്.  ദളിതര്‍ക്കെതിരെയുള്ള ആക്രമണം തടയുന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബ്ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമഭേദഗതികളും എന്‍.ഡി.എ മുന്നണിയുടെ സാമ്പത്തികരംഗത്തുള്ള മോശപ്പെട്ട പ്രകടനവുമൊക്കെ അതിനെ പിന്തുണയ്ക്കുന്ന ഉയര്‍ന്ന സമുദായക്കാര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. 

എന്തായാലും സംവരണത്തിന്റെ ലക്ഷ്യം സാമൂഹികനീതി ഉറപ്പുവരുത്തലായിരിക്കണമെന്ന കാഴ്ചപ്പാടിനെ തകിടം മറിക്കുന്നതില്‍ ഇതുവഴി ഭരണക്കാര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞുവെങ്കിലും അവര്‍ മറ്റൊരു സുപ്രധാന വസ്തുത അംഗീകരിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും തന്നെയാണ് ഇന്ത്യന്‍ ജനതയുടെ മുഖ്യപ്രശ്നം. ആ മുഖ്യപ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന തോന്നലുണ്ടാക്കാനും അവര്‍ ഒരുമ്പെടുന്നു. അതേസമയം ജാതീയമായ അധീശത്വത്തിന് ഊനം തട്ടാതെയാണ് തങ്ങളിത് പരിഹരിക്കുന്നതെന്ന് അവര്‍ ഭാവിക്കുകയും ചെയ്യുന്നു. 

തെരഞ്ഞെടുപ്പു നേട്ടം  ലാക്കാക്കിയ നീക്കം

ബി.ആര്‍.പി ഭാസ്‌കര്‍

നഷ്ടമായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് മുന്നാക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കം. ദരിദ്രരെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഇതെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇത് അത്തരത്തിലൊരു ശ്രമമല്ല. അങ്ങനെയെങ്കില്‍ ദാരിദ്ര്യരേഖയാണ് മാനദണ്ഡമാക്കേണ്ടിയിരുന്നത്. പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണ്. കുത്തഴിഞ്ഞ അവസ്ഥയിലാണ് സാമ്പത്തികരംഗം. അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ എന്തെങ്കിലുമൊന്നു ചെയ്തുവെന്നു വരുത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടിയാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍, ഈ നീക്കങ്ങളൊക്കെ എത്രകണ്ട് ഫലപ്രദമാകുമെന്നു സംശയമുണ്ട്. കാരണം തെരഞ്ഞെടുപ്പില്‍ നമ്മള്‍ ഒരു വിഷയം മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. 

ബി.ആര്‍.പി ഭാസ്‌കര്‍
ബി.ആര്‍.പി ഭാസ്‌കര്‍

രണ്ടാമതായി ഈ നീക്കത്തിനു നിയമപരമായ സാധുത എത്രത്തോളമുണ്ടാകുമെന്നും സംശയമുണ്ട്. ഭരണഘടനാ ഭേദഗതി ഉണ്ടായാല്‍പ്പോലും സംവരണനീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇന്നത്തെ കാലാവസ്ഥയില്‍ കോടതി എന്തു തീരുമാനമെടുക്കുമെന്നു പറഞ്ഞുകൂടാ എങ്കിലും. 

സാമൂഹികനീതി എന്ന തത്ത്വത്തെ അട്ടിമറിക്കുകയെന്നത് എന്നും ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ഉദ്ദേശ്യമാണ്. കേരളത്തിലിത് നേരത്തെ നടന്നിട്ടുണ്ട്. ആര്‍.എസ്.എസ് അല്ലെന്നു മാത്രം. മുന്നാക്ക വികസന കോര്‍പ്പറേഷനും ദേവസ്വം ബോര്‍ഡിലെ നിയമനവുമെല്ലാം ഈ ദിശയിലുള്ള നീക്കങ്ങളായിരുന്നു. എന്തുതന്നെ വിമര്‍ശനമുണ്ടായാലും പിന്നാക്കക്കാരും ദളിതരും കാലാകാലങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ്. ക്രിസ്ത്യാനികളും മുസ്ലിംകളും ഭൂരിഭാഗവും യു.ഡി.എഫിനൊപ്പമെങ്കില്‍ നായര്‍ സമുദായം ഇക്കാര്യത്തില്‍ ഏറെക്കുറെ വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. അവരില്‍ കൂടുതല്‍ പേരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരികയെന്നതാണ് ഈ മുന്നണികളുടെ ഇപ്പോഴത്തെ അജന്‍ഡ. ബി.ജെ.പിയും ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം മത്സരത്തിനുണ്ട്. 

സംവരണം എന്നത് നമ്മുടെ ഭരണവ്യവസ്ഥ ജാതി എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ്. ജാതി ഒരു തെക്കേ ഏഷ്യന്‍ സാമൂഹികാവസ്ഥയാണ്. മതവുമായും ജാതിയുമായും ആണ് സംവരണത്തിന് ബന്ധം. സാമൂഹികമായ അനീതിയാണ് ജാതിവ്യവസ്ഥ പ്രതിഫലിപ്പിക്കുന്നത്. അതേസമയം സാമ്പത്തിക അനീതി ലോകമെമ്പാടുമുള്ളതാണ്. അത് കുറച്ചുകൊണ്ടുവരാന്‍ സാമൂഹ്യക്ഷേമ പദ്ധതികളും  സ്‌കോളര്‍ഷിപ്പുകളുമൊക്കെയാണ്  വേണ്ടത്.

സാമ്പത്തിക സംവരണം ഒരു മനുവാദ പദ്ധതി

ടി.ടി. ശ്രീകുമാര്‍

മോദി സര്‍ക്കാരും സി.പി.ഐ.എമ്മുമൊക്കെ മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക സംവരണം എന്നത് സാമൂഹിക സംവരണത്തെ തുരങ്കം വയ്ക്കാന്‍ കൊണ്ടുവരുന്ന ഒരു ഗൂഢപദ്ധതി മാത്രമാണ്. പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ (ഗുണപരമായ വിവേചനം) ലോകത്ത് പല രാജ്യങ്ങളിലുമുണ്ട്. സാമൂഹികമായി പിന്നാക്കം പോകേണ്ടിവന്ന, ചരിത്രപരമായി അധികാരശക്തികള്‍ അകറ്റി നിര്‍ത്തിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവസര സമത്വത്തിനുള്ള സന്ദര്‍ഭം മാത്രമാണത്. പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ സൗജന്യങ്ങളാകാം. വിദ്യാഭ്യാസം സൗജന്യമായിരിക്കണം എന്നതിന് ആദം സ്മിത്ത് മുന്നോട്ടുവെയ്ക്കുന്ന ന്യായം തൊഴിലാളികളുടെ മക്കള്‍ അല്ലെങ്കില്‍ എങ്ങനെ പഠിക്കും എന്നതാണ്. സംവരണം എന്നത് അത്തരം സൗജന്യങ്ങള്‍ കൊണ്ട് മാത്രം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിയാത്ത വിധത്തില്‍ ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമ്പത്തിക മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പരിപാടിയാണ്.

ടി.ടി. ശ്രീകുമാര്‍
ടി.ടി. ശ്രീകുമാര്‍

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രീയമായി സ്വീകരിച്ചിട്ടുള്ള രണ്ടു ലക്ഷ്യങ്ങള്‍ അധീശ ഭൂരിപക്ഷ മതത്തിന്റെ ഉള്ളില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക എന്നതും ആ സമീപനം മൂലം അടിച്ചമര്‍ത്തപ്പെടുകയും പൊതുമണ്ഡലത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ദലിത്-ആദിവാസി കീഴാള വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുകയുമാണ്. ഭരണഘടനയെ ഒരു സാമൂഹിക പരിഷ്‌കരണ ഉപകരണം കൂടി ആയി നിലനിര്‍ത്തുന്ന അതിപ്രധാനമായ ഇടപെടലുകളാണ് ഇവ. ഇത് മതം എന്ന സങ്കല്‍പ്പത്തോട് തന്നെ ഭരണഘടനയ്ക്ക് ചില വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷ മതത്തിന്റെ ഉള്ളിലെ അസമത്വങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയമായ വെല്ലുവിളികള്‍ ആണ് ഭരണഘടന ഉയര്‍ത്തുന്നത്. ഈ രാഷ്ട്രീയം അവസര സമത്വത്തെ നിര്‍വ്വചിക്കുന്നത് സാമ്പത്തിക മാനദണ്ഡം അനുസരിച്ചല്ല.

സാമൂഹികമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ്. ആ പിന്നാക്കാവസ്ഥ സൃഷ്ടിച്ചത് മതമാണ്. അതുകൊണ്ടുതന്നെ ഭരണഘടന മതത്തോട് വൈരുദ്ധ്യപൂര്‍ണ്ണമായ ഒരു ബന്ധമാണ് പുലര്‍ത്തുന്നത്. ഈ അടുത്തകാലത്ത് ശബരിമല വിധിയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ ഈ വൈരുദ്ധ്യമാണ് തെളിഞ്ഞുവരുന്നത്. മണ്ഡല്‍ റിപ്പോര്‍ട്ട് മുതല്‍ കുബേരസിദ്ധാന്തം വരെ എന്ന ഒരു ലേഖനത്തില്‍ എന്‍.ഇ. ബാലറാം സാമ്പത്തിക സംവരണവാദം ശാസ്ത്രീയ സമീപനല്ലെന്നും അതൊരു ഇടതുപക്ഷ ആശയമല്ലെന്നും ആ വാദത്തിന്റെ അടിത്തറ യുക്തിരാഹിത്യമാണെന്നും വാദിച്ചിരുന്നു. ക്രീമിലെയറിനെ ഇടതുപക്ഷം എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ ചെയര്‍മാനായി രൂപവല്‍ക്കരിച്ച ഭരണപരിഷ്‌കാര കമ്മിറ്റി കേരളത്തില്‍ ആദ്യമായി, 1958-ല്‍ സാമ്പത്തിക സംവരണപ്രശ്‌നം ഉന്നയിച്ചതിനെ നിര്‍ഭാഗ്യകരം എന്നാണ് ബാലറാം വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു. മനുവാദം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാര ആയി മാറിയിരിക്കുന്നു. ഒന്നിനു മുകളില്‍ ഒന്നായി ഭരണഘടനാവിരുദ്ധമായ നയപരിപാടികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. ആ കണ്ണിയിലെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബി.ജെ.പി കൊണ്ടുവരുന്ന മുന്നോക്ക സംവരണ നിയമവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com