അതീതനല്ല, താന്‍ പാര്‍ട്ടിക്ക് വിധേയന്‍: പി ജയരാജന്‍ സംസാരിക്കുന്നു

പി.കെ. ശ്യാമള വീഴ്ചപറ്റിയെന്ന് ഉള്‍ക്കൊള്ളണംപാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്ന പ്രശ്‌നമില്ല
പി ജയരാജന്‍/ഫോട്ടോ: പ്രസൂണ്‍ കിരണ്‍
പി ജയരാജന്‍/ഫോട്ടോ: പ്രസൂണ്‍ കിരണ്‍

നപ്രതിനിധിയായാലും അല്ലെങ്കിലും പാര്‍ട്ടിയുടെ ചുമതലയുണ്ടായാലും ഇല്ലെങ്കിലും മലബാറിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പി. ജയരാജന്‍ എന്ന സി.പി.എം നേതാവ് എന്നും നിറഞ്ഞുനില്‍ക്കാറുണ്ട്. ഒരു വശത്ത് അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും കണ്ണൂരില്‍ പാര്‍ട്ടിയുടെ അടിത്തട്ടില്‍ സ്വാധീനമുള്ള നേതാക്കളില്‍ മുന്നിലാണ് അദ്ദേഹം. പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രായോഗിക പരിപാടികള്‍ രൂപവല്‍ക്കരിക്കുന്നതിലും ഉള്ള പ്രാവീണ്യമാണ് അദ്ദേഹത്തെ നേതൃത്വത്തിലും സ്വീകാര്യനാക്കുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ ഉറച്ച തട്ടകത്തില്‍ സി.പി.എം ഒന്നൊന്നായി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെതിരെയുള്ള അക്രമം, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി നിരവധി വിഷയങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. ഇക്കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം വിയര്‍ക്കുന്നു. ഇതിനിടയില്‍ പി. ജയരാജനെ ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ത്തന്നെ ശക്തമാകുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പദവി വേണ്ടെന്നും പാര്‍ട്ടിക്ക് അതീതനല്ല വിധേയനായാണ് തന്റെ പ്രവര്‍ത്തനമെന്നുമാണ് ജയരാജന്‍ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഉണ്ടായ പരാജയത്തിന്റേയും പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സി.പി.എം സംസ്ഥാനക്കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കുന്നു.
------

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ പരാജയം. പ്രത്യേകിച്ചും വടക്കേ മലബാറിലെ തോല്‍വി കീഴ്ഘടകങ്ങളില്‍നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? 
ഇതിനകം പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയും സംസ്ഥാനക്കമ്മിറ്റിയും തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രാഥമികമായ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഓരോ ബൂത്തടിസ്ഥാനത്തിലുമുള്ള പാര്‍ട്ടിയുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമായ ഒരു കാരണം ബി.ജെ.പി ഭരണത്തെ ഒഴിവാക്കണമെങ്കില്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യണം എന്നൊരു തെറ്റിദ്ധാരണ ഒരു വിഭാഗം വോട്ടര്‍മാര്‍ക്ക് ഉണ്ടായി. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വോട്ടു ചെയ്തിരുന്ന ഒരു വിഭാഗമാണ്. അങ്ങനെ നോക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്തിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് നേരെ കോണ്‍ഗ്രസ്സിലേക്കു പോയി. മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാന്‍ ഇപ്പുറത്ത് രാഹുലിനെ കൊണ്ടുവരണം. രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ദേശീയതലത്തില്‍ അത്രമാത്രം ശക്തമാണെന്ന ധാരണ ജനങ്ങളിലുണ്ടായി. അത് സി.പി.എമ്മിന് എതിരായി വന്നു. പ്രത്യേകിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലാണ് ഇങ്ങനെ മോദിപ്പേടി ഉണ്ടായത്. അതുകൊണ്ട് സാധാരണഗതിയില്‍ കിട്ടുന്ന ന്യൂനപക്ഷത്തിന്റെ ചില വോട്ടുകള്‍ നഷ്ടമായി. 

അതോടൊപ്പം ശബരിമല വിഷയവും വന്നു. ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചത്. എങ്കിലും വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിച്ചു. ആര്‍.എസ്.എസ്സും ബി.ജെ.പിയും ആയിരുന്നു അതിന്റെ മുന്‍പന്തിയില്‍. പക്ഷേ, അതിന്റെ നേട്ടം കിട്ടിയത് കോണ്‍ഗ്രസ്സിനാണ്. മുഖ്യമായ വലതുപക്ഷ കക്ഷി എന്ന നിലയില്‍ ഇടതുപക്ഷത്തിനെതിരായ വികാരം ചൂഷണം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. ആ വോട്ടുകൂടി അവര്‍ക്കു കിട്ടിയപ്പോള്‍ എല്‍.ഡി.എഫിനു തിരിച്ചടി നേരിട്ടു. 

തലശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിഒടി നസീറിനെ പി ജയരാജന്‍ ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍
തലശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിഒടി നസീറിനെ പി ജയരാജന്‍ ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍

കേരളത്തില്‍ എല്‍.ഡി.എഫിനു കിട്ടിയ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനം വടകരയിലാണ്. വടകര മണ്ഡലത്തില്‍ എനിക്ക് 41.49 ശതമാനം വോട്ടുകിട്ടിയിട്ടുണ്ട്. കണ്ണൂരില്‍ 41.29 ആണ്. കാസര്‍ഗോഡ് കുറേക്കൂടി താഴോട്ടു പോയി. ഞാന്‍ നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ എല്‍.ഡി.എഫിനു കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ നേരെ യു.ഡി.എഫിലേക്കാണ് പോയത്. അതുപോലെ മലബാര്‍ മേഖലയിലെ ബി.ജെ.പിയുടെ വോട്ടുകള്‍ കുറേയധികം കോണ്‍ഗ്രസ്സിനു പോയിട്ടുണ്ട്. വടകര മണ്ഡലത്തില്‍ ഏഴ് ശതമാനം വോട്ടാണ് ബി.ജെ.പിക്കു കിട്ടിയത്. വടകരയിലും കണ്ണൂരും ബി.ജെ.പിയുടെ വോട്ട് നല്ലനിലയില്‍ കുറഞ്ഞിട്ടുണ്ട്. അതും കോണ്‍ഗ്രസ്സിനു നേട്ടമായി.

സി.പി.എമ്മിനു മൊത്തത്തില്‍ ഉണ്ടായ തിരിച്ചടിയുടെ ഭാഗമായാണോ വടകരയിലെ തോല്‍വിയെ വിലയിരുത്തുന്നത്. അതോ വ്യക്തിപരമായ പരാജയമായി കാണുന്നുണ്ടോ? 
വ്യക്തിപരമായ പരാജയമായി ഞാന്‍ കണക്കാക്കുന്നില്ല. ഞാന്‍ വിജയിച്ചാലും അതു വ്യക്തിപരമായ വിജയമാവില്ല. ബി.ജെ.പി ഭരണം വരാതിരിക്കാന്‍ എല്‍.ഡി.എഫ് ജനങ്ങളോട് പറഞ്ഞ കുറേ കാര്യങ്ങളുണ്ട്. ബി.ജെ.പി വരാതിരിക്കാന്‍ ഇടതുപക്ഷത്തിനു വോട്ടുചെയ്തതുകൊണ്ട് എന്താണ് കാര്യം എന്നാണ് അവര്‍ ചിന്തിച്ചത്. കാരണം ഇടതുപക്ഷം ദേശീയ അടിസ്ഥാനത്തില്‍ത്തന്നെ ദുര്‍ബ്ബലമായ അവസ്ഥയിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. 2004 ല്‍ ഇടതുപക്ഷം കുറേക്കൂടി ദേശീയതലത്തില്‍ ശക്തമായിരുന്നു. ഇത്തവണ ബംഗാളിലും ത്രിപുരയിലും മറ്റുമുണ്ടായിട്ടുള്ള ക്ഷീണം എല്‍.ഡി.എഫിനു വോട്ട് ചെയ്യുന്നതില്‍ ഒരു വിഭാഗത്തിനെ ചിന്തിപ്പിച്ചിട്ടുണ്ട്.

വടകരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം അതു ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും അക്രമരാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. കൊലയാളി പരാമര്‍ശമടക്കം താങ്കള്‍ക്കെതിരെ വന്നു. അതിനെ എങ്ങനെയായിരുന്നു കണ്ടത്? 
വടകരയിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ എനിക്കെതിരെയുള്ള ചില കള്ളക്കേസുകള്‍ പ്രയോജനപ്പെടുത്തി വികാരം സൃഷ്ടിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിച്ചു. അതിന്റേയും അനുകൂല ഫലം കിട്ടിയത് കോണ്‍ഗ്രസ്സിനാണ്. ആര്‍.എസ്.എസ്-ബി.ജെ.പിയാണല്ലോ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ആ ശക്തി എനിക്കെതിരെ വലിയ പ്രചാരണം നടത്തി. അക്രമരാഷ്ട്രീയത്തിനെതിരായുള്ള ഒരു വിധിയാണ് എന്നൊന്നും ഈ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു പറയാന്‍ കഴിയില്ല. അക്രമരാഷ്ട്രീയത്തിനെതിരെ എന്നെ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണം വിജയിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഇത്രയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം എനിക്കു കിട്ടുമായിരുന്നില്ല. അതുകൊണ്ട് അക്രമരാഷ്ട്രീയമല്ല കാരണം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ രാഹുലിനുവേണ്ടി കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണം ഇല്ലെങ്കില്‍ മോദി വരും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി. ഈ മോദിപ്പേടി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ്സിന് അതിനടുത്തെങ്ങും എത്താന്‍ ശക്തിയില്ല എന്നു ജനങ്ങള്‍ക്കു മനസ്സിലാവുന്നത്. അപ്പോള്‍ താല്‍ക്കാലികമായ തിരിച്ചടിയാണ് എല്‍.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്.

അക്രമരാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകര, കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെങ്കിലും സ്വാധീനിച്ചില്ല എന്നു പറയുന്നത് ശരിയാണോ? 
അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് നടത്തിയ പ്രചാരവേലകള്‍ ചിലയാളുകളെ യു.ഡി.എഫിന് അനുകൂലമായി ചിന്തിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് രാജ്യത്തും കേരളത്തിലും നടത്തിയ അക്രമങ്ങള്‍ക്കു കയ്യുംകണക്കുമില്ല. കോണ്‍ഗ്രസ്സ് നടത്തിയ അക്രമങ്ങള്‍ ഫലപ്രദമായ രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ പൊതുവെ വലതുപക്ഷത്തിനു മേല്‍ക്കൈ ഉള്ള മേഖലയാണ്. അവര്‍ നടത്തിയ പ്രചാരണങ്ങളും ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 

പിണറായി വിജയനോടൊപ്പം
പിണറായി വിജയനോടൊപ്പം

ലോക്സഭയിലേക്ക് മത്സരിക്കണം എന്നു വ്യക്തിപരമായി ആഗ്രഹിച്ചിരുന്നോ. അതോ പാര്‍ട്ടിയുടെ തീരുമാനത്തിനു വഴങ്ങിയാണോ വടകരയില്‍ സ്ഥാനാര്‍ത്ഥിയായത്? 
പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്താണോ ചുമതല ഏല്പിക്കുന്നത് അതു നിര്‍വ്വഹിക്കുക. പാര്‍ട്ടി തീരുമാനം അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ജനസേവന പ്രവര്‍ത്തനമായാണ് ഞാന്‍ കാണുന്നത്. ജനപ്രതിനിധിയായാല്‍ മാത്രമേ ജനസേവനം നടത്താന്‍ പറ്റൂ എന്ന തെറ്റിദ്ധാരണ എനിക്കില്ല. ഇപ്പോള്‍ ഞാന്‍ ജനപ്രതിനിധിയല്ല. കഴിഞ്ഞ കുറച്ചു വര്‍ഷമായിട്ട് ജനപ്രതിനിധിയല്ല. ആ അവസരത്തിലും ജനസേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ സാന്ത്വന പരിചരണ ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍പ്പരം ജനസേവനം വേറൊന്നില്ലല്ലോ. സി.പി.എമ്മിന്റെ പ്രവര്‍ത്തകനായി തുടരുക എന്നതു മാത്രമാണ് താല്പര്യം. രാഷ്ട്രീയ ജീവിതത്തില്‍ തൊഴിലാളി യൂണിയന്റെ ഭാരവാഹിയായി ഞാന്‍ നിന്നിട്ടുണ്ട്. ദേശാഭിമാനിയുടെ ജനറല്‍ മാനേജരായി. ചിന്തയുടെ എഡിറ്റോറിയല്‍ ചുമതലയിലും ഉണ്ടായിരുന്നു. അപ്പോള്‍ പാര്‍ട്ടി ഏല്പിക്കുന്ന ചുമതല ജനങ്ങള്‍ക്കുവേണ്ടിയുള്ള ചുമതലയായാണ് ഞാന്‍ കാണുന്നത്. പാര്‍ട്ടി വടകരയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നു തീരുമാനിച്ചു, ഞാന്‍ ആയി.

തെരഞ്ഞെടുപ്പില്‍ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയായിട്ടും അതിനു തൊട്ടുപിറകെ തലശ്ശേരിയില്‍ സി.ഒ.ടി. നസീര്‍ ആക്രമിക്കപ്പെട്ടു. തലശ്ശേരി എം.എല്‍.എ ഷംസീറിനെതിരെ നേരിട്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമോ? 
നസീറിന്റെ സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ല എന്ന് നസീര്‍ തന്നെയാണ് പറഞ്ഞത്. മെയ് 18-നാണ് നസീറിനു നേരെ അക്രമം ഉണ്ടാകുന്നത്. 20-ാം തീയതി തന്നെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പോയിരുന്നു. ആ ഘട്ടത്തില്‍ നസീര്‍ പറഞ്ഞത് സി.പി.എമ്മിനു ബന്ധമുണ്ടെന്നു ഞാന്‍ പറയുന്നില്ല. അതേസമയം പാര്‍ട്ടിയുമായി ബന്ധമുള്ള ചിലര്‍ ഇതിന്റെ ഭാഗമായിട്ടുണ്ട് എന്നതാണ് എന്റെ ബോധ്യം എന്നാണ്. അതില്‍ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. സി.പി.എമ്മിനു യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ആ അക്രമത്തെ അപലപിക്കുന്നു. അതില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ വേണ്ടി പൊലീസ് അന്വേഷണം ജാഗ്രതയില്‍ നടത്തണം. ഇതാണ് പാര്‍ട്ടി എടുത്ത നിലപാട്. ആ നിലപാടിനൊപ്പമാണ് നസീറും ഇപ്പോള്‍ നിലകൊള്ളുന്നത്. ഗൂഢാലോചന സംബന്ധിച്ച് അദ്ദേഹം ചില കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അത് പൊലീസ് അന്വേഷിക്കട്ടെ. ആ അന്വേഷണത്തില്‍ പാര്‍ട്ടി ഇടപെടില്ല. നസീര്‍ പറയുന്ന ചില സംശയങ്ങളുണ്ട്. ആ സംശയങ്ങളെ അടിസ്ഥാനപ്പെടുത്തി വസ്തുനിഷ്ഠമായി അന്വേഷണം നടത്തട്ടെ. ഒരാള്‍ പ്രതിയാണ് എന്നു പറഞ്ഞതുകൊണ്ടുമാത്രം പ്രതിയാകണമെന്നില്ല.

സി.ഒ.ടി. നസീറിനു നേരെയുണ്ടായ അക്രമത്തിനുശേഷം ആദ്യം പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടത് താങ്കളുടെ പേരാണ്. എന്തുകൊണ്ടാണ് അത്? 
അതു വലതുപക്ഷത്തിന്റെ കാര്യപരിപാടിയുടെ ഭാഗമാണ്. വലതുപക്ഷത്തിനെതിരായ കൃത്യമായ ശക്തിദുര്‍ഗ്ഗമാണ് കണ്ണൂര്‍ ജില്ല. ആ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയ്ക്കാണ് എന്നെ ലക്ഷ്യം വെച്ചു പ്രചാരണങ്ങള്‍ നടത്തിയത്. കള്ളക്കേസുകള്‍ വന്നതും ആ അടിസ്ഥാനത്തിലാണ്. നസീര്‍ സംഭവം വന്നപ്പോള്‍ അതും എന്റെ ചുമലിലിടാന്‍ ആസൂത്രിതമായ ശ്രമം നടന്നു. പക്ഷേ, നസീര്‍ തന്നെ മാധ്യമങ്ങളോട് പി. ജയരാജനു ബന്ധമുണ്ടെന്നു കരുതുന്നില്ല എന്നു പരസ്യമായി പറഞ്ഞു. മറ്റു ചില സംശയങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതു സംബന്ധിച്ച് അന്വേഷിക്കട്ടെ.

അതൊരു ആസൂത്രിത ആരോപണം ആയിരുന്നോ? 
അതു വലതുപക്ഷത്തിന്റെ പ്ലാന്‍ഡ് ആയിട്ടുള്ള പരിപാടിയുടെ ഭാഗം തന്നെയാണ്. ആശുപത്രിയില്‍നിന്നു വന്ന ശേഷവും ഞാന്‍ നസീറിനെ പോയി കണ്ടിരുന്നു. ആ സമയത്ത് നസീര്‍ പറഞ്ഞത് ''പി. ജയരാജന്റെ പങ്ക് സംശയിക്കപ്പെടണം എന്നുമാത്രം പറഞ്ഞാല്‍ മാധ്യമങ്ങളുടെ വലിയ ശ്രദ്ധ കിട്ടും. മാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്റെ വലിയ പിന്തുണയും നിങ്ങള്‍ക്കു കിട്ടും എന്ന രീതിയില്‍ സമ്മര്‍ദ്ദം ഉണ്ടായി'' എന്നാണ്. അതുകൊണ്ട് എന്റെ പേര് പറയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ്-ബി.ജെ.പി നേതാക്കളടക്കം നസീറില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതു വലതുപക്ഷത്തിനെതിരെ കൃത്യമായ നിലപാടുള്ള എന്നെ പൊതുജന മധ്യത്തില്‍ അക്രമിയായും ഗൂഢാലോചനക്കാരനായും ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

നസീര്‍ പാര്‍ട്ടി വിട്ടുപോയ ഒരാളായിരുന്നു. പൊതുവെ ഇല്ലാത്ത രീതിയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതു നിരപരാധിത്വം ബോധ്യപ്പെടുത്തുക എന്ന ഒരു ഉദ്ദേശ്യത്തിലായിരുന്നോ? 
നസീറും ഞാനും തമ്മില്‍ വ്യക്തിപരമായി നല്ല പരിചയം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പാര്‍ട്ടിയുടെ ഭാഗമായിരുന്നപ്പോള്‍ നല്ല അടുപ്പത്തിലായിരുന്നു. ഇപ്പോള്‍ അത്രത്തോളം അടുപ്പമില്ല. എങ്കിലും ശത്രുതയില്ല. അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ എന്നോട് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു അദ്ദേഹത്തെ പോയി കണ്ട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍. ഞാന്‍ അദ്ദേഹത്തെ കാണാനോ ഫോണ്‍ ചെയ്യാനോ പോയിരുന്നില്ല. ഇപ്പോഴത്തേതുപോലെ എനിക്ക് അദ്ദേഹത്തെ അന്നും കാണാമായിരുന്നു. പക്ഷേ, അദ്ദേഹം മത്സരിക്കട്ടെ എന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. അദ്ദേഹം മത്സരിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഒരു തരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല. അദ്ദേഹത്തിനു കിട്ടിയത് അറുന്നൂറോളം വോട്ടുകളാണ്. 500 വോട്ടിനാണ് ഞാന്‍ പരാജയപ്പെട്ടതെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ശത്രുതയുണ്ടാകാം. ഇപ്പോള്‍ അങ്ങനത്തെ യാതൊരു സാഹചര്യവുമില്ല. സി.പി.എമ്മിനു വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, മത്സരിച്ചതുകൊണ്ട് അദ്ദേഹത്തോട് ശത്രുതയുണ്ടാകേണ്ട യാതൊരു കാര്യവുമില്ല.

ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ ഒരാളാണ് നസീര്‍. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി പറയാന്‍ അദ്ദേഹത്തിനു കഴിയുന്നു. അല്ലായിരുന്നെങ്കില്‍ ആ കുറ്റം താങ്കളുടെ ഉത്തരവാദിത്വത്തിലേക്കു വരുമായിരുന്നില്ലേ? 
അതെ, ശരിയാണ്. അക്കാര്യത്തില്‍ മറ്റൊന്നാണ് സംഭവിച്ചതെങ്കില്‍ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കൃത്യമായി എന്നെ ടാര്‍ജറ്റ് ചെയ്തു പ്രചാരണം ശക്തമായി നടത്തുമായിരുന്നു. ഇപ്പോഴും അവര്‍ പ്രചാരണം നടത്തി നോക്കി. എന്റെ പേരു പറയിക്കാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. കാരണം അദ്ദേഹത്തിന് ഒരു നിലപാടുണ്ട്. നസീറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് തലശ്ശേരിയില്‍ ഉപവാസം നടത്തിയിരുന്നു. ആ ഉപവാസ സമരത്തിലേക്ക് അദ്ദേഹത്തെ വലിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് വലിയ ശ്രമങ്ങള്‍ നടത്തി. അതിന് അദ്ദേഹം വഴിപ്പെട്ടില്ല. ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും പ്രചാരണത്തില്‍ അദ്ദേഹം വീണില്ല. ആ നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ അദ്ദേഹത്തെ മാനിക്കുകയാണ്.

സി.പി.എമ്മിന് കണ്ണൂരില്‍ ഒട്ടേറെ നേതാക്കളുണ്ട്. എന്നിട്ടും കണ്ണൂരിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ പി. ജയരാജന്‍ എന്ന ഒറ്റ വ്യക്തിയുടെ പേരു മാത്രം ഉയരുന്നത് എന്തുകൊണ്ടാണ്? 
ബി.ജെ.പി സര്‍ക്കാരും ആര്‍.എസ്.എസ് നേതൃത്വവും കേരളത്തേയും കണ്ണൂരിനേയും ലക്ഷ്യമിടുന്നുണ്ട്. സി.പി.എമ്മിനെപ്പോലെ മതനിരപേക്ഷ ജനാധിപത്യപ്പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യം. അതിന് അതിന്റെ മുന്‍പന്തിയിലുള്ളവരെ ആക്രമിക്കണം. അതിന്റെ ഭാഗമായിട്ടാണ് കള്ളക്കേസുകളിലൊക്കെ പ്രതിയാക്കാനുളള നീക്കവും ഒറ്റതിരിഞ്ഞുള്ള പ്രചാരണവും. അതാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആര്‍.എസ്.എസ്-ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും പല നിലയ്ക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവുണ്ട്. പക്ഷേ, കണ്ണൂരില്‍ അതിനെതിരായുള്ള ശക്തമായ നിലപാട് എന്നെപ്പോലുള്ള സി.പി.എം പ്രവര്‍ത്തകര്‍ എടുക്കുന്നുണ്ട്.

അപ്പോള്‍ എന്നോട് കൂടുതല്‍ ശത്രുത അവര്‍ക്കുണ്ട്. കാരണം അവര്‍ക്ക് ഇടം കിട്ടുന്നില്ല. സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍, എന്നെപ്പോലുള്ള സി.പി.എം പ്രവര്‍ത്തകന്മാര്‍ നടത്തുന്ന ശ്രമം തടസ്സമാണ് എന്ന തിരിച്ചറിവാണ് ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രചരണത്തിന്റെ അടിസ്ഥാനം.

ആരോപണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയ നേതാവ് എന്നൊരു അംഗീകാരം താങ്കള്‍ക്കുണ്ട്. ആ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒരു അസംതൃപ്തിയുണ്ടോ? 
പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി ഉണ്ടാകേണ്ട കാര്യമില്ല. കാരണം പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിക്ക് അതീതമായല്ല, പാര്‍ട്ടിക്കു വിധേയമായ പ്രവര്‍ത്തനങ്ങളാണ് ഞാന്‍ നടത്തുന്നത്. ശത്രുക്കള്‍ക്കെതിരായി ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ നല്ല പിന്തുണ എനിക്കു ലഭ്യമാക്കാന്‍ ഇടയാകുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള അംഗീകാരമാണത്. പാര്‍ട്ടിയുമായുള്ള ബന്ധം വിട്ടുകഴിഞ്ഞാല്‍ എനിക്ക് ഈ അംഗീകാരം കിട്ടുമോ. സംസ്ഥാനത്തും രാജ്യത്തും തന്നെ പാര്‍ട്ടിയുടെ ഏറ്റവും സുശക്തമായ സ്വാധീനമുള്ള കേന്ദ്രത്തില്‍ പാര്‍ട്ടിയുടെ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ചു. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ പല മേഖലയിലും ഇടപെട്ടിട്ടുണ്ട്. ആര്‍.എസ്.എസ്-സംഘപരിവാര ശക്തികള്‍ കായിക ആക്രമണം നടത്തുക മാത്രമല്ല ചെയ്യുന്നത്. വിശ്വാസികളെ വഴിതെറ്റിച്ചു മതഭ്രാന്തിലേയ്ക്കു നയിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഉദാഹരണത്തിന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര. ചെറിയ കുഞ്ഞുങ്ങളെയടക്കം ശ്രീകൃഷ്ണ ഭക്തിയുടെ പേരില്‍ ഘോഷയാത്രയില്‍ പങ്കെടുപ്പിച്ചു പടിപടിയായി ആര്‍.എസ്.എസ്സിന്റെ ശാഖയിലേക്കു കൊണ്ടുപോകുക. ഇതാണ് അവരുടെ പരിപാടി. അതിനെ ഫലപ്രദമായി ചെറുക്കുന്നതിനുവേണ്ടി കണ്ണൂരില്‍ നടത്തിയ പ്രവര്‍ത്തനമുണ്ട്-സാംസ്‌കാരിക ഘോഷയാത്ര. ഇതു രണ്ടും മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിച്ചു. വിശ്വാസികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പേര്‍ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്തു. അവര്‍ നടത്തിയ ശ്രീകൃഷ്ണ ഘോഷയാത്ര ആര്‍.എസ്.എസ് പരിപാടിയായി ചുരുക്കപ്പെട്ടു. അപ്പോള്‍ അവര്‍ക്കു മൂര്‍ദ്ധാവില്‍ അടികൊണ്ടതു പോലെയായി. കാരണം രാജ്യത്തുടനീളം വിശ്വാസികളെ വഴിതെറ്റിച്ചു സംഘപരിവാരത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇവിടെ അതിനു സാധിക്കുന്നില്ല. അതിനു മുഖ്യമായ കാരണക്കാരന്‍ ജില്ലാ സെക്രട്ടറിയാണ്. അപ്പോള്‍ ജില്ലാ സെക്രട്ടറിയെ ലക്ഷ്യം വെച്ചുള്ള പ്രചാരണം അവര്‍ നടത്തുന്നു. ഇതുപോലെ തന്നെയാണ് കോണ്‍ഗ്രസ്സും. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കു വേണ്ടിയുമൊക്കെ അവര്‍ പ്രസംഗം നടത്തും. പക്ഷേ, ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സി.പി.എമ്മാണ് ശ്രമിക്കുന്നത്.

മറ്റൊന്ന് സാന്ത്വന പരിചരണ ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ ഏറ്റവും വലിയ ജനകീയ പ്രവര്‍ത്തനം നടത്തുന്നത് സി.പി.എം നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന്റെ മുന്‍പന്തിയില്‍ ഞാനുണ്ട്. സ്വാഭാവികമായും ഇതിന്റെയെല്ലാം ഫലമായുള്ള അംഗീകാരമാണ് എനിക്കു കിട്ടുന്നത്. കമ്യൂണിസ്റ്റുകാര്‍ വെള്ളത്തിലെ പരല്‍മീനിനെപ്പോലെയായിരിക്കണം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ അംഗീകാരം കിട്ടുന്നത്. അതു പാര്‍ട്ടിയുടെ ഭാഗമായിട്ടാണ്. പാര്‍ട്ടിയില്‍നിന്നു വേറിട്ട് ഒരു വ്യക്തി എന്ന നിലയ്ക്കല്ല ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും. പാര്‍ട്ടിയുടെ ഭാഗമായിട്ടുള്ള പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്കു ജനങ്ങള്‍ക്കിടയില്‍ നല്ല സ്‌നേഹവും അംഗീകാരവും ഉണ്ട്.

പാര്‍ട്ടിയില്‍ താങ്കളെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നൊരു ആരോപണം ഉണ്ടായിരുന്നില്ലേ? 
പാര്‍ട്ടി ഏല്പിക്കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നതാണ് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കു ചെയ്യാനുള്ളത്. ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ഒതുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ തത്ത്വമനുസരിച്ചു കഴിയില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു ഞാന്‍ മാറി. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി അംഗമാണ്. ഞാനിപ്പോഴും ജില്ലയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് വിഭാഗീയതയുണ്ടെന്നും തലശ്ശേരിയിലെ പാര്‍ട്ടിയെ കയ്യടക്കാന്‍ ഷംസീര്‍ ശ്രമിക്കുന്നു, ഒരു ഭാഗത്ത് ഞാന്‍ ശ്രമിക്കുന്നു എന്നൊക്കെയുള്ള പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതില്‍ ഇടപെടുന്നതിന്റെ ഭാഗമായി പാര്‍ട്ടിയെ പ്രതിരോധിക്കുന്നതില്‍ ഞാനുണ്ട്. ആന്തൂര്‍ നഗരസഭയിലെ പ്രശ്‌നത്തിലും കോണ്‍ഗ്രസ്സും ബി.ജെ.പിയും മുസ്ലിം ലീഗും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രചാരവേലകള്‍ ചെറുക്കുന്നതിലും ഞാന്‍ മുന്‍പന്തിയിലുണ്ട്. എന്നെ ഒതുക്കുക എന്നതു വലതുപക്ഷത്തിന്റെ ഒരു ഉദ്ദേശ്യമാണ്. സി.പി.എമ്മിനകത്ത് പണ്ടെന്തായിരുന്നോ ഞാന്‍, അതു തന്നെയാണ് ഇപ്പോഴും ഞാന്‍.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതടക്കമുള്ള കാരണങ്ങള്‍ അങ്ങനെ പറയപ്പെടുന്നതിന്റെ പിന്നിലില്ലേ? 
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പുതിയ സെക്രട്ടറിയായി എം.വി. ജയരാജനെ ഞാന്‍ തന്നെയാണ് പ്രൊപ്പോസ് ചെയ്തത്. അദ്ദേഹം പൂര്‍ണ്ണസമയ സെക്രട്ടറിയായിട്ടാണ് ഇപ്പോഴുള്ളത്. പാര്‍ട്ടിക്കകത്ത് ഏതെങ്കിലും പദവിയില്‍ ഇരുന്നാല്‍ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു പറയുന്നത് ശരിയല്ല. ഒരു പദവിയില്‍നിന്നു മാറിക്കഴിഞ്ഞാലും സ്വാഭാവികമായിട്ടും എന്റെ മറ്റ് ഉത്തരവാദിത്വങ്ങള്‍ തുടരുമല്ലോ. ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കു മൂന്നു സമ്മേളന കാലയളവാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. അപ്പോള്‍ അടുത്ത സമ്മേളനത്തോടുകൂടി പൂര്‍ണ്ണമായും ഞാന്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറുമായിരുന്നു. ഇപ്പോള്‍ സംസ്ഥാനക്കമ്മിറ്റി അംഗമെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ല കേന്ദ്രമാക്കിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കുന്നുമുണ്ട്. പാര്‍ട്ടിയുടെ ഭാഗമായി എന്നെ ഏല്പിച്ച എല്ലാ ചുമതലകളും നിര്‍വ്വഹിക്കുന്നുണ്ട്. അപ്പോള്‍ ഒതുക്കപ്പെടുന്നതിന്റെ യാതൊരു പ്രശ്‌നവുമില്ല.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം എന്ന പാര്‍ട്ടിയോ അതിന്റെ നേതാക്കളോ വിചാരിച്ചാല്‍ സാധിക്കില്ല എന്നു പറയുന്നതു ശരിയാണോ? 
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഏകപക്ഷീയമല്ല. കോണ്‍ഗ്രസ്സ് അക്രമം നടത്തുന്നുണ്ട്. മുസ്ലിം ലീഗ് അക്രമം നടത്തുന്നുണ്ട്. എത്ര കൊലപാതകങ്ങള്‍ മുസ്ലിംലീഗ് നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ എത്രയെത്ര കൊലപാതകങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന് ആയുധമെടുത്തുള്ള ആക്രമണങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല എന്നു തോന്നിയപ്പോള്‍ ആര്‍.എസ്.എസ് ആണ് ആ പണി ഏറ്റെടുത്തത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വം ബോധപൂര്‍വ്വം തന്നെ പരിശ്രമിക്കുകയുണ്ടായി. പ്രത്യേകിച്ച് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആ നിലയ്ക്കുള്ള പരിശ്രമങ്ങള്‍ നടത്തി. അതിനു ഫലവുമുണ്ട്. ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

താങ്കള്‍ കൂടി ഇടപെട്ട ഒരു വിഷയമായിരുന്നു ആന്തൂര്‍ നഗരസഭയിലേത്. ഉദ്യോഗസ്ഥരില്‍ മാത്രം കുറ്റം കണ്ടെത്താന്‍ കഴിയുന്ന ഒന്നാണോ അത്. പാര്‍ട്ടിയുടെ ഉത്തരവാദിത്വം തള്ളിക്കളയാവുന്നതാണോ? 
പാര്‍ട്ടി വേറെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നിയമാനുസൃതമായ ചുമതലകളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പാര്‍ട്ടിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ടു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിനു കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്നു കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. പിന്നീട് അതു പൊളിച്ചുനീക്കാനുള്ള നോട്ടീസും കൊടുത്തു. ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്കു പരാതി കൊടുത്തു. തദ്ദേശഭരണവകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിങ്ങ് എന്‍ജിനീയറോട് അതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അതു ഫലം ചെയ്തില്ല എന്നു വന്നപ്പോഴാണ് സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നത്. ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ, സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലയ്ക്ക് എന്തുകൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി. സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നഗരസഭയ്ക്കു മുന്‍പാകെ വെച്ചത്. അതുപ്രകാരം ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ജോയിന്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രില്‍ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്. ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാക്കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം.

പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കണമെന്ന് അടുത്തിടെ നിര്‍ദ്ദേശമുണ്ടായിരുന്നു. സി.പി.എമ്മില്‍ എന്തുകൊണ്ടാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ടാകുന്നത്? 
സി.പി.എം ഒരിക്കലും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയല്ല. തൊഴിലാളികളേയും കൃഷിക്കാരേയും സ്ത്രീകളേയും യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമൊക്കെ സംഘടിപ്പിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍, ഇതിനിടയിലും നമ്മുടെ സമൂഹത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന യുവാക്കളുണ്ട്. അവര്‍ പലപ്പോഴും ലഹരി മാഫിയയുടെ കൂടെ ചേരുന്നു. അത്തരം ആളുകള്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എല്ലാ പാര്‍ട്ടിയുടേയും ഭാഗമായിട്ടുള്ള യുവാക്കളില്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകളുണ്ട്. അതിനെ ഒറ്റപ്പെടുത്തണം എന്നതാണ് സി.പി.എമ്മിന്റെ നിലപാട്. പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സി.പി.എം ശക്തമായ നിലപാട് സ്വീകരിക്കും. പ്രത്യേക ചില സംഘടനാതത്ത്വങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെയടക്കം വ്യക്തിപരമായ ജീവിതവും പ്രവര്‍ത്തനവും പരിശോധിക്കപ്പെടും.


എന്നാല്‍, കോണ്‍ഗ്രസ്സിന്റെ എത്ര നേതാക്കന്മാര്‍ ലൈംഗിക ആരോപണം, സാമ്പത്തിക അഴിമതി, അക്രമണക്കേസ് എന്നതിലൊക്കെ പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടോ കോണ്‍ഗ്രസ്സിന്. സി.പി.എമ്മിന്റെ ആരെങ്കിലും ഇത്തരം ആരോപണം നേരിട്ടാല്‍ വലിയ വാര്‍ത്തയാക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇതു വാര്‍ത്തയാക്കാത്തത്. ഉദാഹരണത്തിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ജയിച്ചിട്ടുള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കന്മാര്‍ സ്ത്രീ പീഡനകേസില്‍ പ്രതികളല്ലേ. ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിച്ചുകൊണ്ട് എന്തെല്ലാം ആക്ഷേപങ്ങള്‍ വന്നു. ഇപ്പോള്‍ അയാള്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവാണ്. കെ.സി. വേണുഗോപാലിനെതിരായി സ്ത്രീ പീഡനക്കേസ് ഉണ്ടല്ലോ. അയാളിപ്പോള്‍ രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മധ്യത്തില്‍ ഇരിക്കുകയാണ്. സി.പി.എമ്മിനെ സംബന്ധിച്ചു പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കന്മാര്‍ വരെ വരുത്തുന്ന തെറ്റുകള്‍ കൃത്യമായി പരിശോധന നടത്തി നടപടി കൈക്കൊള്ളാറുണ്ട്.

പി.കെ. ശശിയുടെ വിഷയത്തില്‍ ആരോപണമുന്നയിച്ച യുവതിക്കു പാര്‍ട്ടി വിട്ടുപോകേണ്ട സാഹചര്യമാണ് ഉണ്ടായത്? 
പി.കെ. ശശിക്കെതിരെയുള്ള നടപടി പാര്‍ട്ടി പരസ്യപ്പെടുത്തിയതാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നു എന്നു പാര്‍ട്ടി പരസ്യമായിത്തന്നെ പറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച നേതാവ് ഇപ്പോള്‍ പാര്‍ട്ടി മെമ്പര്‍ മാത്രമാണ്. ഉന്നയിക്കപ്പെട്ട ആക്ഷേപത്തില്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ആ അവസരത്തില്‍ പാര്‍ട്ടി എന്നോട് നീതികാണിച്ചു എന്നു പറഞ്ഞ യുവതി ഇപ്പോള്‍ എന്താണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്ന് എനിക്കറിയില്ല. ഒരു സ്ത്രീയുടെ പരാതിയില്‍ കൃത്യമായ നടപടി എടുത്ത പാര്‍ട്ടിയാണ് സി.പി.എം.

അതേസമയം കോണ്‍ഗ്രസ്സിലോ? ഒരു നേതാവിനെ മഞ്ചേരിയില്‍ ഉടുതുണിയില്ലാതെ ജനങ്ങള്‍ ഓടിച്ചിട്ടു പിടിച്ചു. അദ്ദേഹം ഇപ്പോള്‍ ഡല്‍ഹിയിലെത്തി. മറ്റൊരു നേതാവ് കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി ഗള്‍ഫില്‍ പോയി കോടികള്‍ പിരിച്ചു. ആ പൈസയുടെ കണക്കില്ല. കോണ്‍ഗ്രസ്സിന്റെ നേതാവായി അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ട്. മറ്റൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കെ സ്ത്രീകളൊന്നും കെ.പി.സി.സി ഓഫീസില്‍ പോകരുത് എന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് പരസ്യമായി പറഞ്ഞത്. കണ്ണൂരിന്റെ സാഹചര്യമെടുത്താല്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ നേതാവിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടു. ഉന്നയിച്ചത് ഒരു സ്ത്രീയുടെ ഭര്‍ത്താവ്. അവര്‍ അന്വേഷിച്ചു തീരുമാനം കൈക്കൊള്ളാന്‍ നോക്കുമ്പോള്‍ ആര്‍.എസ്.എസ് ഇടപെട്ടു. ഇപ്പോള്‍ അദ്ദേഹം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നുകൊണ്ടിരിക്കെ സംസ്ഥാന സെല്ലിന്റെ അധിപനായിരിക്കുകയാണ്. അവര്‍ക്കു പ്രമോഷനാണ്.

ഷുക്കൂര്‍ക്കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. വിചാരണ തലശ്ശേരിയില്‍നിന്നു മാറ്റരുത് എന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. ഭയമുണ്ടോ ഈ കേസില്‍? 
കോടതിയിലിരിക്കുന്ന കേസാണ്. ഞാന്‍ ആ കേസില്‍ പ്രതിയാണ്. ആ നിലയ്ക്കു മാധ്യമങ്ങളോട് അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ട്. ഞങ്ങളൊരിക്കലും ഇവിടെത്തന്നെ വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ടിട്ടില്ല. സി.ബി.ഐ കൊടുത്ത കുറ്റപത്രം സ്വീകരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് തലശ്ശേരി സെഷന്‍സ് കോടതി മടക്കുകയായിരുന്നു. വിചാരണ മാറ്റണം എന്നത് സി.ബി.ഐ എടുത്ത നിലപാടാണ്. ഏതു കോടതിയിലായാലും എവിടെയായാലും ന്യായമായ വിചാരണ നടത്തണം എന്ന അഭിപ്രായം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.

20 വര്‍ഷം മുന്‍പ് ആര്‍.എസ്.എസ്സുകാര്‍ എന്നെ വെട്ടിക്കൊല്ലാന്‍ നോക്കിയല്ലോ. അവരുടെ വധഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ എനിക്കുണ്ട്. എന്റെ നിലപാടുകള്‍കൊണ്ടാണല്ലോ എതിരാളികള്‍ ഞാന്‍ ജീവിച്ചിരിക്കാന്‍ പാടില്ല എന്ന നിലയ്ക്കു വധഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. അതൊന്നും എന്നെ വ്യതിചലിപ്പിക്കാന്‍ ഉപകരിക്കുന്നതല്ല. എന്റെ നിലപാടുകള്‍ വ്യക്തമാണ്. ആ നിലപാടുകള്‍ എന്തെല്ലാം ഭീഷണിയുണ്ടായാലും ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com