കൊലയറകളാകുന്ന പൊലീസ് സ്റ്റേഷനുകള്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട പൊലീസ് കേരളത്തില്‍ സ്ഥിരമായി കൊലയാളി വേഷം അണിയുകയാണ്
കൊലയറകളാകുന്ന പൊലീസ് സ്റ്റേഷനുകള്‍

പൊലീസിനെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ല എന്ന സത്യമാണ് നെടുങ്കണ്ടം കസ്റ്റഡിക്കൊലയ്ക്കുശേഷം വ്യക്തമാകുന്നത്. രമണ്‍ ശ്രീവാസ്തവയുടെ ഉപദേശത്തിനോ ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിനോ പൊലീസിന്റെ വഴിവിട്ട പോക്ക് തടയുന്നതില്‍ മുഖ്യമന്ത്രിയെ സഹായിക്കാനാകുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട പൊലീസ് വീണ്ടും കൊലയാളി വേഷമിടുന്നതു അതിനു തെളിവ്. കാക്കിയില്‍ തെറിക്കുന്ന ചോര സര്‍ക്കാരിന്റെ മുഖമാണ് വികൃതമാക്കുന്നത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥാ വാര്‍ഷികദിനത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ചു നിയമസഭയില്‍ വിശദീകരിക്കേണ്ടിവന്നുവെന്നു മുഖ്യമന്ത്രിക്കു പരിതപിക്കേണ്ടിവരുന്നതും.

കസ്റ്റഡി കൊലപാതകങ്ങള്‍ക്കിടയില്‍ സ്വന്തം ചരിത്രം എഴുതാന്‍ സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് കേരള പൊലീസ്. മുന്‍ ഡി.ജി.പിമാരായ ജേക്കബ് പുന്നൂസ്, അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരും എ.ഡി.ജി.പി ബി. സന്ധ്യ, ഐ.ജിമാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, എസ്.പി. മെര്‍ലിന്‍ ജോസഫ് എന്നിവരുള്‍പ്പെട്ടതാണ് സമിതി. പൊലീസ് പറയുന്ന പൊലീസ് ചരിത്രത്തില്‍ പൊലീസ് ഭാഷ്യം മാത്രമേ ഉണ്ടാവുകയുള്ളു. പ്രവര്‍ത്തന മികവിന്റെ ഗാഥ മാത്രം; സ്വയംവിമര്‍ശനപരമായിപ്പോലും സേനയുടെ കൊള്ളരുതായ്മകള്‍ പറഞ്ഞുപോകില്ല. പക്ഷേ, കേരള പൊലീസ് ഇല്ലാതാക്കിയ ജീവിതങ്ങളെക്കുറിച്ചു നാടിനു നന്നായറിയാം. അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മൃതദേഹംപോലും കണ്ടുകിട്ടിയിട്ടില്ലാത്ത കക്കയം ക്യാമ്പിലെ രാജന്‍ മുതല്‍ ആര്‍ക്കുവേണ്ടിയോ നെടുങ്കണ്ടം പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാര്‍ വരെ. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ അതിക്രൂര മര്‍ദ്ദനമേറ്റ രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ വരെ സ്വാധീനിച്ച് റിപ്പോര്‍ട്ടില്‍ കള്ളം ചേര്‍ത്തു. പിന്നീട് അതു പ്രശ്‌നമാകും എന്നു വന്നപ്പോള്‍ രണ്ടാമതൊരു റിപ്പോര്‍ട്ട് അവര്‍ രഹസ്യമായി നല്‍കി. സാമ്പത്തിക തട്ടിപ്പു കേസില്‍ രാജ്കുമാറിനെ അറസ്റ്റു ചെയ്തു നാല് ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ച ദിവസങ്ങളില്‍ അതേ സ്റ്റേഷനിലെ പൊലീസുകാര്‍ തന്റെ സ്വകാര്യ ഭാഗത്ത് പച്ചമുളക് തേച്ചു എന്നു കൂട്ടുപ്രതി ശാലിനി പറയുന്നു. പുറത്തുവരുന്ന ഓരോ വിവരവും പൊലീസിന്റെ മനുഷ്യത്വവിരുദ്ധ മുഖമാണ് പ്രകടമാക്കുന്നത്.
 

എന്നാല്‍, നെടുങ്കണ്ടം വിഷയത്തില്‍ നടപടികളെടുത്തത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷം നിയമസഭയില്‍ ബഹളംവയ്ക്കുകയും ഇറങ്ങിപ്പോവുകയുമൊക്കെ ചെയ്തപ്പോള്‍ സഭ പിരിഞ്ഞതിന്റെ പിറ്റേന്നു ചേര്‍ന്ന മന്ത്രിസഭായോഗം നെടുങ്കണ്ടം കസ്റ്റഡിക്കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ജീവന്‍ നഷ്ടപ്പെട്ട രാജ്കുമാറിനും കണ്ണീരടങ്ങാത്ത അമ്മയ്ക്കും ജുഡീഷ്യല്‍ അന്വേഷണംകൊണ്ടു നീതികിട്ടുമോ എന്ന ആശങ്കയാണ് ബാക്കി. ജുഡീഷ്യല്‍ അന്വേഷണം ഏതെങ്കിലും കസ്റ്റഡിമരണത്തില്‍ ഇരകള്‍ക്കു നീതി കിട്ടാന്‍ ഇടയാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. 2015 ജൂണില്‍ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ പൊലീസ് കസ്റ്റഡിയില്‍ സിബി എന്ന യുവാവ് മരിച്ച സംഭവത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഗതി എന്തായി എന്നു നോക്കുന്നത് നല്ലതാണ്. ജില്ലാ ജഡ്ജിയുടെ അന്വേഷണം നാലു വര്‍ഷം കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലപോലും അക്കാര്യം ഓര്‍ക്കുന്നില്ല; പകരം ജുഡീഷ്യല്‍ അന്വേഷണം എന്ന അന്വേഷണ പ്രഹസനത്തിനുവേണ്ടി വാദിച്ചു നേടുകയും ചെയ്യുന്നു.

രാജ്കുമാര്‍
രാജ്കുമാര്‍

എട്ടു പേരെ സസ്പെന്റ് ചെയ്യുകയും നാലു പേരെ സ്ഥലം മാറ്റുകയും ചെയ്ത് ക്രൈംബ്രാഞ്ചിനു വിട്ട നെടുങ്കണ്ടം സംഭവത്തിലെ അന്വേഷണം ഒരു എസ്.ഐയുടേയും സി.പി.ഒയുടേയും അറസ്റ്റില്‍ എത്തിനില്‍ക്കുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. രാജ്കുമാറിന്റേയും കൂട്ടാളികളുടേയും സാമ്പത്തിക തട്ടിപ്പിന് ഇരകളായ നാട്ടുകാരാണ് പിടിച്ചു പൊലീസിനെ ഏലപ്പിച്ചത്. അവര്‍ അയാളെ മര്‍ദ്ദിച്ചിരുന്നു എന്നൊരു വാദം പൊലീസില്‍ നിന്നുണ്ടായി. എന്നാല്‍, അതു നുണയാണ് എന്നു പിന്നീടു പുറത്തുവന്നു. രാജ്കുമാര്‍ ക്രിമിനലായിരുന്നു എന്നാണ് ഇടുക്കി ജില്ലയില്‍നിന്നുള്ള മന്ത്രി എം.എം. മണി പറയുന്നത്. ക്രിമിനലാണെങ്കില്‍ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമുണ്ട് എന്നു പറഞ്ഞില്ലെന്നു മാത്രം. പക്ഷേ, മന്ത്രിയുടെ വാദമല്ല സി.പി.എമ്മും മുഖ്യമന്ത്രിയും ഏറ്റുപിടിച്ചത്. അപ്പോഴും ആര്‍ക്കുവേണ്ടി, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഭീകരമര്‍ദ്ദനമുണ്ടായത് എന്ന ദുരൂഹത ബാക്കിയാണ്. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ത്തന്നെ ഹക്കീം എന്ന യുവാവിന് ഇതേ ദിവസങ്ങളില്‍ ക്രൂര മര്‍ദ്ദനമേറ്റു എന്ന പരാതി തെളിവുകളടക്കം പുറത്തുവന്നു. കുടുംബവഴക്കിനെത്തുടര്‍ന്നു ഭാര്യ നല്‍കിയ പരാതിയിലായിരുന്നു ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. അടികൊണ്ടപ്പോള്‍ അതിന്റെ ആഘാതം താങ്ങാനാകാതെ ഹക്കീം പിടിച്ചുനിന്ന ജനല്‍ക്കമ്പി വളഞ്ഞുപോയി. അത് ഹക്കീമിന്റെ അമ്മയോടു പറഞ്ഞ് ആളെ വരുത്തി ശരിയാക്കിച്ചു. തനിക്കു മര്‍ദ്ദനമേറ്റു എന്നു മാത്രമല്ല, മര്‍ദ്ദനമേറ്റ് രാജ്കുമാര്‍ നിലവിളിക്കുന്നത് കേട്ടുവെന്നും ഹക്കീം വെളിപ്പെടുത്തി. ഹക്കീമിന്റെ ദുരനുഭവമായിരുന്നു ജൂലൈ നാലിനു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്റെ വിഷയം. ക്രിമിനല്‍ കേസുകളില്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് വിശദമായ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ''എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ 12 പൊലീസുകാരെ സര്‍വ്വീസില്‍നിന്നു മാറ്റിനിര്‍ത്തി. മൂന്നു പേരെ പിരിച്ചുവിട്ടു. കുറ്റവാളികളായ പൊലീസുകാര്‍ സര്‍വ്വീസില്‍ തുടരുന്ന അന്തരീക്ഷം ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകില്ല'' എന്നിങ്ങനെ നീണ്ടു അദ്ദേഹത്തിന്റെ വിശദീകരണം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കസ്റ്റഡിമരണങ്ങള്‍ ഉണ്ടായതു മറക്കരുത് എന്ന താക്കീതുമുണ്ടായി. ഹക്കീമിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഏതായാലും രണ്ടു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആരാണ് സംരക്ഷകര്‍?
''പണ്ടെങ്ങോ ഒരു നല്ല പൊലീസ് സംവിധാനം ഇവിടെ ഉണ്ടായിരുന്നു എന്നും അതു രാഷ്ട്രീയ അതിപ്രസരവും അഴിമതിയും ബാധിച്ചു നാമാവശേഷമായി എന്നും വിലപിക്കുന്ന പലരേയും നമുക്കു പലപ്പോഴും കാണാം. എന്നാല്‍, അഹങ്കാരവും തന്‍പ്രമാണിത്തവും ക്രൂരതയും നിയമവിരുദ്ധതയും ഭരണാധികാരികളോടുള്ള അടിമത്ത മനോഭാവവും അഞ്ചു പതിറ്റാണ്ട് മുന്‍പുപോലും വളരെ രൂഢമൂലമായിരുന്നു. മാത്രമല്ല, ദുഷിച്ചതെന്നു നാം ഇന്ന് അപലപിക്കുന്ന പല കാര്യങ്ങളും പഴയകാല സമ്പ്രദായങ്ങളുടെ തുടര്‍ച്ചയായി പൊലീസില്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം'' -മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് വ്യക്തമാക്കുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കെ. രാജന്‍ എഡിറ്റ് ചെയ്ത 'പൊലീസ് അനുഭവങ്ങളില്‍ അടിപതറാതെ' എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് ഈ തുറന്നുപറച്ചില്‍. വി.എസ്സും കെ. അജിതയും ഉള്‍പ്പെടെയുള്ളവര്‍ അനുഭവിച്ച നടുക്കുന്ന പൊലീസ് പീഡനങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകം. 

''കേരളത്തിലെ പൊലീസ് സംവിധാനത്തെ മികവുറ്റ രീതിയില്‍ പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഏറെ വേദനയും നിരാശയുമാണ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കുന്നത്'' എന്ന് നെടുങ്കണ്ടം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പറയുന്നു. ''പൊലീസ് ഉദ്യോഗസ്ഥനാണ് എന്നതിലൂടെ ആരെങ്കിലും അമിതാധികാര പ്രവണതയിലേക്കു പോയി, പൊലീസിനെയാകെ അപകീര്‍ത്തിപ്പെടുത്താന്‍ സാഹചര്യമൊരുക്കുകയാണെങ്കില്‍ അവര്‍ക്കെതിരായ പരസ്യനിലപാടിലേയ്ക്കു സംഘടനയ്ക്കു പോകേണ്ടിവരും. നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്നു മാത്രമല്ല, ആരുടേയും അറിവില്‍ അങ്ങനെ നടക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യതകൂടി ഓരോ ഉത്തമ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ട്. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തടയുകതന്നെ വേണം. അതിനു സ്വയം കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അതു മേലുദ്യോ ഗസ്ഥന്മാരെ അറിയിക്കണം. അതിനു കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ സംഘടനാപ്രവര്‍ത്തകരെ അറിയിക്കാനെങ്കിലുമുള്ള ധാര്‍മ്മിക നിലപാടിലേക്ക് എത്തിച്ചേരാന്‍ ഒരോ പൊലീസ് ഉദ്യോഗസ്ഥനോടും അഭ്യര്‍ത്ഥിക്കുകയാണ്.'' അസോസിയേഷന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനം അംഗീകരിച്ച പൊതുപ്രമേയത്തിന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി  സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയാണ്  ബിജു. 

കെവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയപ്പോള്‍
കെവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയപ്പോള്‍

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേത് എന്നാണ് നെടുങ്കണ്ടം സംഭവത്തോട് ആദ്യം മുഖ്യമന്ത്രി പ്രതികരിച്ചത്. അത് ജൂണ്‍ 25 ആയിരുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനം. ഇതേ ദിനത്തില്‍ത്തന്നെ കസ്റ്റഡിമരണത്തെക്കുറിച്ചു താന്‍ വിശദീകരിക്കേണ്ടിവന്നത് വിധി വൈപരീത്യമാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഭീകരത രാജ്യത്തെയാകെ മൂടിനിന്ന അടിയന്തരാവസ്ഥക്കാലത്ത് എം.എല്‍.എ ആയിരുന്നിട്ടുപോലും അതിഭീകര കസ്റ്റഡിമര്‍ദ്ദനം അനുഭവിച്ചതിന്റെ ഓര്‍മ്മകള്‍ അതു പറയുമ്പോള്‍ പിണറായിക്കുണ്ടായിക്കാണണം. തെറ്റു ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ഒറ്റപ്പെട്ട വീഴ്ചയെന്നു പറഞ്ഞു മാറിനില്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 ''അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിചെയ്യുന്ന സേനയാണ് പൊലീസ്. സേനാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ല. കാരണം, പൊലീസ് സേനാംഗങ്ങള്‍ ഒറ്റയാള്‍ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും സേനയില്‍ പ്രവര്‍ത്തിക്കാനാകൂ'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

പ്രശ്‌നം രൂക്ഷമായതോടെ ജൂലൈ രണ്ടിനു നിയമസഭയില്‍ ലോക്കപ്പിനകത്ത് തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരാളേയും സംരക്ഷിക്കില്ലെന്നും ഉത്തരവാദികള്‍ ആരായാലും അവര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ''തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല. അതിന്റെ ആവശ്യം സര്‍ക്കാരിനില്ല. തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥരെ ന്യായീകരിച്ച കാലം ഉണ്ടായിരുന്നു. ആ കാലം അവസാനിച്ചു. തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും.'' 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരിട്ടും അല്ലാതേയും പൊലീസുകാര്‍ പ്രതികളാകുന്ന കൊലപാതകങ്ങള്‍ 24 ആണെന്ന കണക്ക് പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ 24-നു നിലമ്പൂര്‍ കാട്ടില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച അജിത, കുപ്പു ദേവരാജ് എന്നീ മാവോയിസ്റ്റുകളുടെ പേരും ഇതിലുണ്ട്. ആ സംഭവം സര്‍ക്കാരിനും ഇടതുമുന്നണിക്കുള്ളിലും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ നിര്‍വ്വാഹക സമിതി അംഗം ബിനോയ് വിശ്വവും പരസ്യമായി പൊലീസിനെതിരെ പ്രതികരിച്ചു. പിന്നീടും പൊലീസ് സര്‍ക്കാരിനേയും മുന്നണിയേയും പലവട്ടം പലവിധത്തില്‍ കുഴപ്പത്തിലാക്കി. അതിന്റെ മൂര്‍ധന്യത്തിലാണ് കെവിന്റെ കൊലയും ഗാന്ധിനഗര്‍ പൊലീസിനെതിരായ നടപടിയുമുണ്ടായത്. കുറ്റാന്വേഷണം കൊലയായി മാറുന്ന ഗുണ്ടാ പ്രവര്‍ത്തനത്തിലേക്കു പൊലീസ് തരംതാണു. ''കുറ്റാന്വേഷണം പൊലീസിനു മാത്രം ചെയ്യാന്‍ അധികാരമുള്ള ഒരു 'കുത്തക സേവന' മേഖലയാണ്. ആ മേഖലയെ പുഷ്ടിപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിനായി വിദഗ്ദ്ധ പരിശീലനം കൊടുക്കേണ്ടതാണ്. കുറ്റാന്വേഷണം കുറ്റമറ്റതാക്കാന്‍ വിദഗദ്ധരെ ആവശ്യമാണ്. തെളിവുശേഖരണം, സാക്ഷിമൊഴികള്‍ തയ്യാറാക്കല്‍, ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ തുടങ്ങി കുറ്റമറ്റ രീതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കുറ്റവാളികള്‍ക്കു ശിക്ഷ ലഭ്യമാക്കാന്‍ കഴിവും മികവും കാര്യക്ഷമതയുമുള്ള പൊലീസ് ഉദ്യോഗ സ്ഥര്‍ ഇന്നിന്റെ ആവശ്യമാണ്. പൊലീസിനു മനുഷ്യമുഖമുണ്ടാകണം. അതിനായി ചെലവാക്കുന്ന പണവും സമയവും പ്രവര്‍ത്തനങ്ങളും ജനസേവനത്തിനായി ചെയ്യുന്ന 'മുതല്‍മുടക്കാണ്.' പ്രശസ്ത ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി പറയുന്നു. 

രാജ്കുമാറിന്റെ ഭാര്യയും അമ്മയും
രാജ്കുമാറിന്റെ ഭാര്യയും അമ്മയും

''പൊലീസിന്റെ താഴേത്തട്ടിലേക്കു നിയന്ത്രണമില്ലാതായിട്ട് കുറേക്കാലമായി. അതാണ് കസ്റ്റഡിമരണങ്ങള്‍ക്കും കെവിന്‍ സംഭവം പോലുള്ളവയ്ക്കും കാരണം. ഒരു നിയന്ത്രണവും ആര്‍ക്കും ഇല്ലാത്ത അവസ്ഥ. പൊലീസ് സംഘടനകളുടെ ഇടപെടലാണ് ഇതിനൊരു കാരണം. എന്തു ചെയ്താലും സംരക്ഷിക്കാന്‍ സംഘടനയുണ്ടെന്ന ധൈര്യം ഓഫീസര്‍മാര്‍ക്കും പൊലീസുകാര്‍ക്കുമുണ്ട്.'' മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്. അനില്‍ പറയുന്നു. ''തിരുവനന്തപുരത്ത് പൊലീസ് സഹകരണസംഘം തെരഞ്ഞടുപ്പില്‍ പൊലീസുകാര്‍ ചേരിതിരിഞ്ഞു തമ്മിലടിച്ചു. ചിലര്‍ക്കെതിരെ നടപടി വേണ്ടിവന്നു. സഹകരണസംഘം തെരഞ്ഞെടുപ്പിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ഹൈക്കോടതിക്ക് സത്യവാങ്മൂലം നല്‍കുന്ന സ്ഥിതി. പൊലീസിനുതന്നെ പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ ജനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ട പൊലീസില്‍നിന്നു രക്ഷ തേടി പൊലീസ് നെട്ടോട്ടമോടേണ്ട സ്ഥിതി. കസ്റ്റഡിക്കൊലകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇതിനു തെളിവാണ്'' - അനില്‍ അഭിപ്രായപ്പെടുന്നു.

എവിടെ ആ 
ക്രിമിനല്‍ പട്ടിക?

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡിമരണത്തെത്തുടര്‍ന്നു സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. സി.ഐയും എസ്.ഐയും ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍, എസ്.ഐയും മൂന്നു പൊലീസുകാരും കൊലക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍, എറണാകുളം റൂറല്‍ പൊലീസ് മേധാവി എ.വി. ജോര്‍ജ്ജിനെ ക്രമസമാധാന ചുമതലയില്‍നിന്നു പൊലീസ് അക്കാദമിയിലേക്കു മാറ്റി. അതിന് ഒരു വര്‍ഷം പിന്നിടുന്നു. എന്നാല്‍, ഈ ജൂലൈ നാലിന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തലസ്ഥാനത്തെ ഒരു പൊതുപരിപാടിയില്‍ പറയേണ്ടിവന്നത് ഇങ്ങനെ: ''മൂന്നാംമുറക്കാരായ പൊലീസുകാരെ നിലയ്ക്കുനിര്‍ത്തണം, അവരെ വച്ചുപൊറുപ്പിക്കരുത്.'' എന്നുവച്ചാല്‍ കാര്യങ്ങള്‍ ഭദ്രമല്ല എന്നുതന്നെ. അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ത്തന്നെ താന്‍ കസ്റ്റഡിക്കൊലയെക്കുറിച്ചു വിശദീകരണം നല്‍കേണ്ടിവന്നത് വിധിവൈപരീത്യമാകാം എന്ന മുഖ്യമന്ത്രി നിരാശയോടെ നിയമസഭയില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു വി.എസ്സിന്റെ വിമര്‍ശനവും. 

2017 ജൂലൈ 11-നു തൃശൂര്‍ ജില്ലയിലെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകന്റെ കസ്റ്റഡിക്കൊലയ്ക്കു രണ്ടു വര്‍ഷം. മകനെ ഇല്ലാതാക്കിയവര്‍ ആറുമാസംപോലും പുറത്തു നില്‍ക്കേണ്ടിവരാതെ തിരിച്ചു ജോലിക്കു കയറിയതിനെക്കുറിച്ച് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ വേദനയോടെ സംസാരിച്ചത് കഴിഞ്ഞ ജൂണിലാണ്. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത സാജന്‍, ശ്രീജിത്ത് എന്നീ സി.പി.ഒമാര്‍ക്ക് കേസൊരു ബാധ്യതയായില്ല, ജോലിയേയും ബാധിച്ചില്ല. അതൊരു യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴാണ് കസ്റ്റഡിക്കൊലകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കുറ്റവാളികളായ പൊലീസുകാരോടു വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു എന്ന് സര്‍ക്കാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിന്റെ ജീവനെടുത്ത എസ്.ഐ ദീപക് കുറച്ചു ദിവസം റിമാന്‍ഡില്‍ കഴിഞ്ഞെങ്കിലും വേഗം പുറത്തിറങ്ങി. നിയമവിരുദ്ധ പൊലീസ് ഗുണ്ടാ സംഘം രൂപീകരിച്ചു എന്നു വിമര്‍ശനം നേരിട്ട അന്നത്തെ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്ജ് കുറച്ചു ദിവസം സസ്പെന്‍ഷനില്‍ പുറത്തുനിന്നു പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തി. കേസില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കൃത്യം അഞ്ച് മാസം തികയുന്ന ദിവസം കൊല്ലം ജില്ലയിലെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കുഞ്ഞുമോന്‍ എന്ന യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് ആരും മിണ്ടുന്ന പോലുമില്ല. ഒരു പെറ്റിക്കേസിലെ വാറണ്ട് നടപ്പാക്കാന്‍ 2016 ഒക്ടോബര്‍ 21-നാണ് കുഞ്ഞുമോനെ പൊലീസ് പിടിച്ചത്. 26-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞുമോന്‍ മരിച്ചു.

കാക്കിയിട്ട ക്രിമിനലുകള്‍
വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പില്‍നിന്നു പുറത്തുവന്ന കണക്കിലെ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം പിന്നെയും കൂടിവരുന്നു എന്നതിനു നെടുങ്കണ്ടവും ഉദാഹരണമായി മാറുകയാണ്. പൊലീസിന്റെ വിവിധ തലങ്ങളിലുള്ള 1129 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ് എന്നായിരുന്നു പുറത്തുവന്നത്. ഇവര്‍ക്കെതിരെ പൊലീസ് ആക്റ്റിലെ 86-ാം വകുപ്പുപ്രകാരം നടപടികളെടുക്കണം എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. നടപടികളെടുത്തിട്ട് ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും 2018 ഏപ്രില്‍ 12-ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. പേരിനൊരു റിപ്പോര്‍ട്ട് നല്‍കിയതല്ലാതെ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ സമയബന്ധിത നടപടികള്‍ക്ക് ഇനിയും തുടക്കമായിട്ടില്ല. 2011-ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസിലെ ക്രിമിനലുകളെ ഔദ്യോ ഗികമായിത്തന്നെ കണ്ടെത്തി പട്ടിക തയ്യാറാക്കിയത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പത്ത് ഡി.വൈ.എസ്.പിമാരുടേയും 46 സി.ഐമാരുടേയും പേരുണ്ടായിരുന്നു. എസ്.ഐമാരും എ.എസ്.ഐമാരും സി.പി.ഒമാരും എസ്.സി.പി.ഒമാരും വേണ്ടത്ര. ''പൊലീസ് ഉദ്യോഗസ്ഥരിലെ കുറ്റവാസനകള്‍ ഔദ്യോഗികമായാലും വ്യക്തിപരമായാലും കര്‍ക്കശമായി കൈകാര്യം ചെയ്യേണ്ടതും സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണ്'' എന്ന് 2011 സെപ്റ്റംബറില്‍ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. 'സാധിക്കുമെങ്കില്‍' എന്നാണ് ഡി.ജി.പി പറഞ്ഞത്; പക്ഷേ, സാധിച്ചില്ല എന്നാണ് അതിനുശേഷമുള്ള എട്ടു വര്‍ഷത്തെ അനുഭവം. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുദ്യോഗസ്ഥരുടെ പട്ടിക എല്ലാ വര്‍ഷവും ജൂലൈ ഒന്നിനും ജനുവരി ഒന്നിനും തയ്യാറാക്കാനും തീരുമാനിച്ചിരുന്നു. അത്രതന്നെ. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍
നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍


''പൊലീസിന്റെ ഇത്തരത്തിലുള്ള അതിക്രമങ്ങളും പൗരാവകാശ ലംഘനവും കേരളത്തില്‍ ആദ്യമല്ല. പക്ഷേ, എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് എന്നുപറഞ്ഞ് അതിനെ നിസ്സാരമാക്കാനും പാടില്ല. ഒരുകാലത്തും ഇതൊന്നും ഉണ്ടാകാന്‍ പാടില്ല എന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുപോലും നെടുങ്കണ്ടം പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ, ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ മാതൃകയായി മാറുകയാണ് ഈ സര്‍ക്കാര്‍.'' ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറയുന്നു. ''പൊലീസിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയാണ് ശാശ്വതമായി ഇതു പരിഹരിക്കാനുള്ള ഒരു വഴി. പൊലീസുകാരായതുകൊണ്ടുതന്നെ നിയമക്കുരുക്കില്‍നിന്നു രക്ഷപ്പെട്ടു പോകാന്‍ സാധിക്കുന്നു എന്നതാണ് അവരെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഭയമില്ലാത്തവരാക്കി മാറ്റുന്നത്. അതുകൊണ്ട് കേസെടുത്ത് വിട്ടുവീഴ്ചയില്ലാതെ തുടര്‍നടപടി സ്വീകരിക്കുകയും കര്‍ക്കശമായ വകുപ്പുതല നടപടികള്‍ എടുക്കുകയും വേണം. പൊലീസിന്റെ ആധുനികവല്‍ക്കരണമാണ് രണ്ടാമത്തെ കാര്യം. ഇതു പരിശീലനത്തിലും ചോദ്യം ചെയ്യലിലും അന്വേഷണത്തിലെ ശാസ്ത്രീയ രീതികളിലുമൊക്കെ പ്രതിഫലിക്കണം. ഇതു രണ്ടും മാതൃകാപരമായി ഇടതുമുന്നണി സര്‍ക്കാരിനു നടപ്പാക്കാന്‍ കഴിയുന്നുണ്ട്'' എന്നും റഹീം. 

''ക്രിമിനല്‍ പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യം കേരള പൊലീസില്‍ വര്‍ദ്ധിച്ചുവരികയാണ്'' എന്ന് പ്രമുഖ മനുഷ്യാവകാശ-വിവരാവകാശ പ്രവര്‍ത്തകന്‍ ജോയി കൈതാരത്ത് ചൂണ്ടിക്കാട്ടുന്നു. ''പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലാത്ത ഒരിടത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തു എന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വലിച്ചിഴയ്ക്കുകയും ലജ്ജിപ്പിക്കുന്ന തരത്തില്‍ ചീത്തവിളിക്കുകയും ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പൊലീസിന്റെ തനിനിറത്തിനു വേറെ തെളിവുതേടി പോകേണ്ടതില്ല. ജനം പൊലീസിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കാലത്താണ് ഇത് എന്നോര്‍ക്കണം. ഞങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നു വെല്ലുവിളിക്കുകയാണ് ഒരു വിഭാഗം പൊലീസുദ്യോഗസ്ഥര്‍. യഥാര്‍ത്ഥത്തില്‍ ഈ പൊലീസ് എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? ജനാധിപത്യത്തേയും നിയമവാഴ്ചയേയുമാണോ അതോ ജനവിരുദ്ധമായ ഫാസിസ്റ്റു രീതികളെയാണോ?'' അദ്ദേഹം ചോദിക്കുന്നു. ലോക്കപ്പ് കൊലപാതകങ്ങള്‍ ഇത്രയും ഉണ്ടായിട്ടും അതില്‍നിന്നു നമ്മുടെ ഭരണാധികാരികള്‍ ഒന്നും പഠിച്ചില്ല എന്നു ഹൈക്കോടതിയിലെ അഭിഭാഷകന്‍ കാളീശ്വരം രാജ് ഓര്‍മ്മിപ്പിക്കുന്നു. ''സാധാരണഗതിയില്‍ വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ നടക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കുന്ന തലത്തില്‍ അടിസ്ഥാനപരമായ പരിഷ്‌കരണം നടക്കുന്നില്ല.'' 

''രാജ്കുമാര്‍ ഒരു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയാണ് എന്നും ആളുകളെ പറ്റിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അയാളെ കൊന്നതില്‍ തെറ്റില്ല'' എന്നുമുള്ള ധ്വനിയാണ് മന്ത്രി എം.എം. മണിയുടെ വാക്കുകളില്‍ കേരളം കേട്ടത് എന്ന് ഹൈക്കോടതിയിലെ അഭിഭാഷക ടി.ബി. മിനി. ''അതൊരിക്കലും ജനാധിപത്യ സമൂഹത്തില്‍ പാടില്ലാത്തതാണ്. പൊലീസിനെ വീണ്ടും ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നവിധത്തില്‍ ഭരണാധികാരികള്‍തന്നെ പെരുമാറരുത്'' അഡ്വ. മിനി പറയുന്നു.

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തെ സംഭവങ്ങളുമായി സ്വാഭാവികമായും താരതമ്യം ചെയ്യേണ്ടിവരുമെന്നാണ് സി.പി.എം നേതാക്കള്‍ വാദിക്കുന്നത് സ്വാഭാവികം. പാറശാലയില്‍ ശ്രീജിവ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പൊലീസുകാരനെതിരെപ്പോലും നടപടി സ്വീകരിച്ചില്ല എന്നത് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം വാര്‍ത്തയായപ്പോഴാണ് കേരളം ചര്‍ച്ച ചെയ്തത്. ''ആദ്യഘട്ടത്തില്‍ അന്വേഷണം മുഴുവനും ഇരയ്ക്ക് എതിരായിരുന്നു. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിമരണമാണ് എന്നു കണ്ടെത്തിയത്. പക്ഷേ, ഈ സര്‍ക്കാര്‍ നെടുങ്കണ്ടം സംഭവത്തിലുള്‍പ്പെടെ അത്തരം സമീപനമല്ല സ്വീകരിച്ചത്. മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനു മുന്‍പേ നെടുങ്കണ്ടത്ത് നടപടി തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മരങ്ങാട്ടുപള്ളിയില്‍ സിബി കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ ഇതുപോലെയായിരുന്നില്ല സര്‍ക്കാര്‍ പ്രതികരിച്ചത്. അന്നു വലിയ പ്രതിഷേധം ഉയര്‍ന്ന ശേഷമാണ് നടപടിക്കു തയ്യാറായത്. നേരെ വിപരീത സമീപനത്തിലൂടെ ഈ സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിക്കുന്ന സന്ദേശം പ്രധാനമാണ്. കസ്റ്റഡി മരണങ്ങള്‍ അനുവദിക്കില്ല എന്നാണ് അത്'' ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി തുടരുന്നു. അതേസമയം, പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയുടെ ശുപാര്‍ശയില്‍ പൊലീസിനെതിരെ ഈ സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടില്ല എന്നതും മരങ്ങാട്ടുപള്ളിയിലെ സിബി കസ്റ്റഡിക്കൊലക്കേസിനെക്കുറിച്ചുള്ള  ജില്ലാ ജഡ്ജിയുടെ അന്വേഷണം നാലു വര്‍ഷമായി എവിടെയുമെത്തിയില്ല എന്നതും വരാപ്പുഴയില്‍ നടപടി നേരിട്ട പൊലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ട്, കേസ് എങ്ങുമെത്തിയുമില്ല എന്നതും പകല്‍പോലെയുള്ള സത്യങ്ങള്‍. 

നെടുങ്കണ്ടം സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും രാജ്കുമാറിന്റെ ചിത്രം വാട്സാപ്പ് ചെയ്തതുള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചതായാണ് എസ്.ഐ സാബു ക്രൈംബ്രാഞ്ചിനോടു പറഞ്ഞത്. പക്ഷേ, എസ്.പിക്കു സുരക്ഷിതമായി ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കു മാറ്റം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ തൃപ്തരായി പ്രതിപക്ഷം അടുത്ത വിഷയത്തിലേക്കു കടക്കാന്‍ പഴുതു തേടുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com