അവിശുദ്ധതയെ സംരക്ഷിക്കുമ്പോള്‍

അവിശുദ്ധതയെ സംരക്ഷിക്കുമ്പോള്‍

സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണ കേന്ദ്രം ഡയറക്ടര്‍ക്ക് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) കഴിഞ്ഞ മാസം 27-ന് ഒരു കത്ത് നല്‍കി. ''തേക്കടി തൊഴുകയില്‍ വീട്ടില്‍ ജോസുകുട്ടിയുടെ മകള്‍ 18 വയസ്സുള്ള സുനിതമോള്‍ ജോസുകുട്ടിയെ സഹോദരന്‍ അനിമോന്‍ ജോസുകുട്ടിക്കൊപ്പം വിട്ടയക്കാന്‍ 2015-ലെ ബാലനീതി നിയമം 40 (3)(എ) പ്രകാരം നിര്‍ദ്ദേശിച്ചുകൊള്ളുന്നു.'' (പെണ്‍കുട്ടി, അച്ഛന്‍, സഹോദരന്‍ എന്നിവരുടെ പേര്, സ്ഥലം, വീട്ടുപേര് എന്നിവ യഥാര്‍ത്ഥമല്ല). 

സി.ഡബ്ല്യു.സി അധ്യക്ഷ അഡ്വ. എന്‍. സുനന്ദയും അംഗങ്ങളായ അഡ്വ. ധന്യ ആര്‍., സീതമ്മാള്‍, ഡോ. മോഹന്‍ രാജ് ജെ., എന്‍.എസ്. അജയകുമാര്‍ എന്നിവരും ഉള്‍പ്പെട്ട സമ്പൂര്‍ണ്ണ സമിതിയുടേതാണ് തീരുമാനം. പക്ഷേ, അത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിനും ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരിക്കുന്നു. സ്വന്തം അമ്മ രണ്ടാം പ്രതിയായ ബലാത്സംഗക്കേസിലെ ഇരയാണ് സുനിതമോള്‍. ജോസുകുട്ടിയാകട്ട, മകളെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമിച്ച് ഉപദ്രവിച്ച കേസിലെ പ്രതിയും. ഒന്നാം പ്രതിയായ തോട്ടമുടമ ഷാര്‍വിക്ക് മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് അമ്മ പ്രതിയാകാന്‍ കാരണം. ഈ പെണ്‍കുട്ടിയുടെ ചേച്ചി അനിതമോളും (യഥാര്‍ത്ഥ പേരല്ല) ഇതേ പ്രതിയുടെ പീഡനത്തിന് ഇരയായതാണ്. ആ കേസിലും അമ്മ പ്രതിസ്ഥാനത്തു വരികയും ചെയ്തു. ആ അമ്മ ഉള്‍പ്പെടുന്ന കുടുംബത്തിലേക്ക് അയയ്ക്കുന്നതു സുരക്ഷിതമല്ല എന്നും അതു നിയമവിരുദ്ധമാണ് എന്നുമാണ് പ്രധാന വിമര്‍ശനം. സുനിതമോളുടെ ജീവന്‍പോലും അപകടത്തിലായേക്കാം എന്നാണ് ആശങ്ക; ഇരയുടെ ഒപ്പം നില്‍ക്കേണ്ട സി.ഡബ്ല്യു.സി എന്തുകൊണ്ട് അങ്ങനെയല്ല എന്ന തോന്നലുണ്ടാക്കുന്നു എന്നാണ് ആശയക്കുഴപ്പം. നിസ്സാരമല്ല കാര്യം.

കാരണം, ഇതേ പെണ്‍കുട്ടിയെ മുന്‍പ് ഇങ്ങനെ അയയ്ക്കുകയും അവള്‍ക്കു നേരെ വീണ്ടും പീഡനശ്രമമുണ്ടായപ്പോള്‍ സംരക്ഷണകേന്ദ്രത്തില്‍നിന്ന് (മുന്‍പ് നിര്‍ഭയകേന്ദ്രം എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങളുടെ പേര് സമീപകാലത്താണ് മാറ്റിയത്) ആളുകളെത്തി രക്ഷപ്പെടുത്തുകയും ചെയ്ത അനുഭവമുണ്ട്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സംരക്ഷണകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലയുള്ള മഹിളാ സമഖ്യ സൊസൈറ്റിയും സാമൂഹിക പ്രവര്‍ത്തകരും ഇപ്പോഴത്തെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. എന്നാല്‍, നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് പെണ്‍കുട്ടിയെ അയച്ചതെന്നും സുനിതമോള്‍ സുരക്ഷിതയായിരിക്കുമെന്നും ഉറപ്പു പറയുകയാണ് ശിശുക്ഷേമ സമിതി. ''നിയമവിരുദ്ധമായല്ല പെണ്‍കുട്ടിയെ വിട്ടത്. പ്രതികളുടെ കൂടെ വിട്ടു എന്ന വിമര്‍ശനവും ശരിയല്ല. സഹോദരന്‍ പ്രതിയല്ല'' സി.ഡബ്ല്യു.സി അധ്യക്ഷ അഡ്വ. എന്‍. സുനന്ദ പറയുന്നു. എന്നാല്‍, കാര്യങ്ങളുടെ പോക്ക് അങ്ങനെയല്ല എന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. നടപടികള്‍ വേണ്ടവിധം പൂര്‍ത്തിയാക്കാതെയാണ് പെണ്‍കുട്ടിയെ സഹോദരനൊപ്പം അയച്ചത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മുന്നിലെത്തിച്ച് ഈ പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന റിപ്പോര്‍ട്ട് വാങ്ങേണ്ടിയിരുന്നു. അതു വാങ്ങിയിട്ടില്ല. മുന്‍പ് സഹോദരനൊപ്പം കൊണ്ടുപോയ ശേഷം പരാതി ഉണ്ടായപ്പോള്‍ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ഇടുക്കി കളക്ടറാണ് പെണ്‍കുട്ടിയെ ഏറ്റെടുത്തത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ഭയ ഹോമിന്റെ സംരക്ഷണത്തില്‍ താമസിപ്പിക്കാനായിരുന്നു ആ ഉത്തരവ്. അതു നിലനില്‍ക്കുകയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ''ചേച്ചിയുടെ കല്യാണം കൂടാനെന്നു പറഞ്ഞു കൊണ്ടുപോയിട്ട് വീണ്ടും പീഡനത്തിനു വിധേയയായ പെണ്‍കുട്ടിയാണ്. 13 തുന്നിക്കെട്ടുകള്‍ അവളുടെ കൈയിലുണ്ട്. രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതാണ്'' മഹിളാ സമഖ്യ മുന്‍ ഡയറക്ടര്‍ പി.ഇ. ഉഷ വിശദീകരിക്കുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിതന്നെയായ ചേച്ചിയെ വിവാഹം ചെയ്തത് പ്രതിക്കു വേണ്ടപ്പെട്ടയാളാണ് എന്നും മൂന്നു മാസം കഴിഞ്ഞ് അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണ് മറ്റൊരു വിവരം. ഷാര്‍വിയുടെ ഇടപെടല്‍ ഇതിലെല്ലാമുണ്ട് എന്ന ആരോപണം അന്നുമിന്നുമുണ്ട്. ഇടുക്കി ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ സ്റ്റാഫിലെ പ്രമുഖനും കൂടി അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം എന്ന വിമര്‍ശനം സര്‍ക്കാരിനെതിരായ വിമര്‍ശനമായിത്തന്നെ മാറുകയും ചെയ്യുന്നു. സംരക്ഷണകേന്ദ്രം അന്തേവാസിയായ ഒരു പെണ്‍കുട്ടിയോട് ആ കുട്ടിയുടെ കേസിലെ പ്രതിയെ വിവാഹം ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചതിന് മഹിളാ സമഖ്യ അധികൃതര്‍ സുനിതമോളുടെ ചേച്ചിക്കെതിരെ പൊലീസില്‍ കൊടുത്ത പരാതി നിലവിലുണ്ട് എന്നതാണ് അതിപ്രധാനമായ മറ്റൊരു വിവരം. ആരൊക്കെയോ അവരുടെ രക്ഷയ്ക്ക് ഈ പാവപ്പെട്ട പെണ്‍കുട്ടികളെ കരുക്കളാക്കുന്നു.

പീഡാനുഭവ പരമ്പര 
2015-ല്‍ ആണ് പീഡനവും കേസുമുണ്ടായത്. കേസിന്റെ തുടക്കത്തില്‍ പെണ്‍കുട്ടി ഇടുക്കിയിലെ നിര്‍ഭയ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് ഓണാവധിക്ക് അച്ഛന്റെ കൂടെ വീട്ടില്‍ പോകാന്‍ സി.ഡബ്ല്യു.സി ഒരിക്കല്‍ അനുമതി നല്‍കി. അന്നു പ്രതികള്‍ക്കു തന്നെ കാണുന്നതിനും സ്വാധീനിക്കുന്നതിനും അച്ഛന്‍ സൗകര്യമൊരുക്കി എന്നു പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു രക്ഷിതാവ് സ്ഥാനത്തുനിന്നും ഇടുക്കി സി.ഡബ്ല്യു.സി അച്ഛനെ അയോഗ്യനാക്കുകയും ചെയ്തു. പിന്നീട് സഹോദരന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് 2017 ആഗസ്റ്റ് 17-നു അയാള്‍ക്കൊപ്പം അയയ്ക്കാന്‍ സി.ഡബ്ല്യു.സി നിര്‍ദ്ദേശിച്ചു.

പഠനം വീടിനടുത്തുനിന്നു മാറ്റിയെന്നും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പ്രവേശനം ലഭിച്ചു എന്നുമാണ് അന്ന് സഹോദരന്‍ സി.ഡബ്ല്യു.സിയെ അറിയിച്ചത്. എന്നാല്‍, അതു നുണയാണ് എന്നു സംരക്ഷണ കേന്ദ്രം അധികൃതരുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഈ വിവരം ഇടുക്കി സി.ഡബ്ല്യു.സിയെ അറിയിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെത്തന്നെ മറ്റൊരു സ്‌കൂളിലായിരുന്നു ചേര്‍ത്തത്. സുനിതമോള്‍ രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ചെന്നും ക്ലാസ്സില്‍ മിക്കവാറും എത്താറില്ലെന്നും അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മാത്രമല്ല, സ്‌കൂളില്‍ ചേര്‍ത്തത് സഹോദരനല്ല, അമ്മയാണ് എന്നും വ്യക്തമായി. പ്രതികളുടെ നിയന്ത്രണത്തിലും അപകടത്തിലുമാണ് പെണ്‍കുട്ടി എന്ന് ഇടുക്കി സി.ഡബ്ല്യു.സിയേയും കോടതിയേയും സംരക്ഷണകേന്ദ്രം അറിയിച്ചു. കുട്ടിക്കു സുരക്ഷിതത്വം സംരക്ഷണ കേന്ദ്രത്തിലായതുകൊണ്ട് അവിടേക്കുതന്നെ മാറ്റാനും പഠനം തുടരാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍, വീണ്ടും 2018 ജനുവരി 30-ന് ഇടുക്കി സി.ഡബ്ല്യു.സി അച്ഛനോടൊപ്പം വിട്ടയച്ചു.

ഇതോടെ അഭിമാനത്തിനു മാത്രമല്ല, ജീവനുപോലും ഭീഷണി നേരിടുന്ന വീട്ടിലേക്കു വീണ്ടും വീണ്ടും കൊണ്ടുപോകാന്‍ സി.ഡബ്ല്യു.സി അനുമതി നല്‍കുന്നതിനെതിരെ സംരക്ഷണകേന്ദ്രം ഇടുക്കി കളക്ടര്‍ക്കു പരാതി നല്‍കി. വീട്ടില്‍ സുരക്ഷിതയല്ല എന്നും പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ സി.ഡബ്ല്യു.സി വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബാലനീതി നിയമപ്രകാരം പെണ്‍കുട്ടിയെ ഏറ്റെടുത്തു സര്‍ക്കാര്‍ സംരക്ഷണത്തില്‍ താമസിപ്പിക്കാന്‍ 2018 ഫെബ്രുവരി രണ്ടിന് കളക്ടര്‍ ഉത്തരവിട്ടത്. അന്നു മുതല്‍ പെണ്‍കുട്ടി തിരുവനന്തപുരത്തെ സംരക്ഷണകേന്ദ്രത്തിലായി. അതീവ സുരക്ഷ വേണം എന്നതു കണക്കിലെടുത്താണ് തിരുവനന്തപുരം കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് എന്ന് മഹിളാ സമഖ്യ പറയുന്നു.

ചേച്ചിയുടെ വിവാഹത്തില്‍ അനിയത്തിയെ പങ്കെടുപ്പിക്കുന്നതിനു കൂടെ അയയ്ക്കണം എന്ന അച്ഛന്റെ അപേക്ഷയാണ് പിന്നീടുണ്ടായത്. സംസ്ഥാന ബാലാവകാശ കമ്മിഷനും സി.ഡബ്ല്യു.സിയും അതിന് അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍, വിവാഹച്ചടങ്ങിനു പോയ പെണ്‍കുട്ടിയെ വീട്ടില്‍വച്ചു പ്രതി കടന്നുപിടിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. തിരുവനന്തപുരത്തെ സംരക്ഷണകേന്ദ്രം അധികൃതരെ ഫോണില്‍ ഇക്കാര്യം അറിയിച്ചത് സുനിതമോള്‍ തന്നെയാണ്. അവര്‍ ഉടനെ ഇടപെട്ട് കോട്ടയം ജില്ല പൊലീസ് മേധാവിക്കു പരാതി നല്‍കി. മുണ്ടക്കയം പൊലീസ് കേസെടുത്ത് മുഖ്യപ്രതി ഷാര്‍വിയേയും കൂട്ടുപ്രതിയായ അമ്മയേയും (പെണ്‍കുട്ടിയുടെ അമ്മ) റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ തിരിച്ച് തിരുവനന്തപുരത്തേക്കു കൊണ്ടുപോവുകയും ചെയ്തു.

ഈ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ 2018 ജൂണ്‍ 26-ന് അച്ഛന്‍ അവിടെ എത്തി സംസാരിക്കാന്‍ ശ്രമിച്ചു. കോടതിയില്‍ മൊഴി മാറ്റണമെന്നും നിര്‍ഭയ ഹോം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കണമെന്നുമായിരുന്നു ആവശ്യം. അതിനു തയ്യാറല്ല എന്നു പറഞ്ഞപ്പോള്‍ കോടതി പരിസരത്തുവച്ച് അച്ഛന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതു കണ്ടുകൊണ്ട് വന്ന മജിസ്ട്രേറ്റുതന്നെ നേരിട്ട് പൊലീസിനെ വിളിച്ച് അയാളെ അറസ്റ്റ് ചെയ്യിച്ചു. മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ വെച്ചാണ് പൊലീസ് അന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഇതോടെ ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലുമായി മൂന്നു കേസില്‍ പെണ്‍കുട്ടി സാക്ഷിയായി. അതിനനുസരിച്ചു സുരക്ഷാ ഭീഷണി രൂക്ഷമാവുകയും ചെയ്തു.


സാധാരണയായി സംരക്ഷണകേന്ദ്രങ്ങളിലെ അന്തേവാസികളെ വിട്ടയയ്ക്കുമ്പോള്‍ ഭവന സന്ദര്‍ശന റിപ്പോര്‍ട്ട്, വ്യക്തിഗത പരിരക്ഷാ പ്ലാന്‍ (Individual Care plan), കൗണ്‍സലിംഗ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് സി.ഡബ്ല്യു.സി തിരുമാനം എടുക്കുന്നത്. ഈ നടപടിക്രമം പാലിച്ച് പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് ശിശുക്ഷേമസമിതികളുടെ നിര്‍ണ്ണായക ഉത്തരവാദിത്വവുമാണ്. എല്ലാ കുട്ടികളേയും ഭവന സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിട്ടയയ്ക്കുന്നത്. എന്നാല്‍, ഈ കുട്ടിയുടെ കേസില്‍ ആദ്യം അമ്മയും പിന്നീട് അച്ഛനും കൂട്ടുപ്രതികളാണ് എന്നത് തിരുവനന്തപുരം സി.ഡബ്ല്യു.സി കണക്കിലെടുത്തില്ല. ''അമ്മ ആ കുടുംബത്തില്‍ ഇല്ല. അവര്‍ അച്ഛനുമായി തെറ്റി വേറെ ജീവിക്കുകയാണ്. മാത്രമല്ല, സഹോദരന്റെ ബന്ധുവിന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. എന്നിട്ട് ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കും.'' ഇക്കാര്യം ചോദിച്ചപ്പോള്‍ സി.ഡബ്ല്യു.സി അധ്യക്ഷ പറയുന്നത് ഇങ്ങനെ. എന്നാല്‍, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലേക്കാണ് കുട്ടിയെ അയച്ചിരിക്കുന്നത് എന്ന ഉല്‍ക്കണ്ഠയാണ് സംരക്ഷണകേന്ദ്രം പ്രകടിപ്പിക്കുന്നത്. കുട്ടിയുമായി സി.ഡബ്ല്യു.സിക്കു സംസാരിക്കണമെന്നും അതിനു കുട്ടിയെ കൊണ്ടുവരണമെന്നും ഹോം മാനേജരോട് ആവശ്യപ്പെടുകയും അന്നുതന്നെ സഹോദരനൊപ്പം വിട്ടയയ്ക്കുകയുമാണ് ചെയ്തത് എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. 

മുന്‍പ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ച അച്ഛനേയും സഹോദരനേയും 'അയോഗ്യരായ രക്ഷിതാക്കള്‍' ആക്കി ഇടുക്കി സി.ഡബ്ല്യു.സി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കാതെയുമാണ് ഇപ്പോഴത്തെ തീരുമാനം. ഇടുക്കി ജില്ല ശിശു സംരക്ഷണ ഓഫീസറുടെ ഫീല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ടും പരിഗണിച്ചില്ല. ശിശുസംരക്ഷണ ഓഫീസറുടെ അനുകൂല റിപ്പോര്‍ട്ട്, പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് എന്നിവ വളരെ പ്രധാനമാണ്. പെണ്‍കുട്ടിയെ വിട്ടയയ്ക്കുന്നത് വിലക്കി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുകയുമാണ്. 

ഭാവിയെക്കുറിച്ച് നിസാരമല്ലാത്ത ചോദ്യങ്ങള്‍
പെണ്‍കുട്ടിയെ മുന്‍പ് ഇടുക്കി സി.ഡബ്ല്യു.സിയില്‍ ഹാജരാക്കിയപ്പോള്‍ സഹോദരനും വന്നിരുന്നു. ആ സഹോദരന്റെ കൂടെയാണ് വിട്ടത് എന്നാണ് തിരുവനന്തപുരം സി.ഡബ്ല്യു.സിയുടെ വാദം. ''അയാള്‍ക്കു സ്വന്തം നിലയില്‍ വരുമാനവുമുണ്ട്. സഹോദരിയെ സംരക്ഷിക്കാന്‍ പ്രാപ്തനാണ് എന്നു കാണിക്കുന്ന രേഖകള്‍ കൊണ്ടുവരികയും ചെയ്തു. സഹോദരിയുടെ ഇനിയുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെ നോക്കിക്കൊള്ളാം എന്ന് ഉറപ്പു തന്നതുകൊണ്ട് ഒപ്പം വിടാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്'' അഡ്വ. എന്‍. സുനന്ദ പറയുന്നു. ''അവരൊരു കുട്ടിയല്ല ഇപ്പോള്‍. 18 വയസ്സ് കഴിഞ്ഞു. സി.ഡബ്ല്യു.സിയുടെ കീഴില്‍ പിടിച്ചുവയ്ക്കാന്‍ പറ്റില്ല ഇനി. കോടിതിയില്‍ പോയാല്‍പ്പോലും അവര്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ട്. എന്താണോ ഇഷ്ടമുള്ളത്, അതു ചെയ്യാം. അവരുടെ താല്പര്യവും ക്ഷേമവും സംബന്ധിച്ച കാര്യങ്ങള്‍ സ്വന്തമായിത്തന്നെ തീരുമാനിക്കാം.'' എന്നാല്‍, സംരക്ഷണകേന്ദ്രങ്ങളില്‍ പതിനെട്ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ വേറെയുമുണ്ടെന്നും 18 വയസ്സ് കഴിഞ്ഞവരെയൊക്കെ പ്രതികളുടേയോ പ്രതികളുമായി അടുപ്പമുള്ളവരുടേയോ കൂടെ അയച്ചിട്ട് അതിനെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പി.ഇ. ഉഷ ചൂണ്ടിക്കാണിക്കുന്നു.

ഇടുക്കി ഹോമില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയക്കാന്‍ ഇടയായ സാഹചര്യം ശിശുക്ഷേമസമിതി നിഷേധിക്കുന്നില്ല. എന്നാല്‍, നാല് വര്‍ഷമായി നിര്‍ഭയ ഹോമില്‍ നില്‍ക്കുകയാണ് എന്നും അവരൊരു ഇരയാണ്, പ്രതിയൊന്നുമല്ല എന്നുമുള്ള വാദമാണ് ഉയര്‍ത്തുന്നത്. ഇരയുടെ സുരക്ഷ സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചിട്ടാണ് ഈ വാദം ഉയര്‍ത്തുന്നത് എന്ന് മഹിളാ സമഖ്യ പറയുകയും ചെയ്യുന്നു. പ്ലസ് ടു പൂര്‍ത്തിയായ സുനിത മോള്‍ക്ക് ഇനി ഫോട്ടോഗ്രാഫി പഠിക്കാനാണ് ആഗ്രഹമെന്ന് സി.ഡബ്ല്യു.സി പറയുന്നു. എന്നാല്‍, പ്ലസ് ടുവിന്റെ ചില വിഷയങ്ങള്‍ കൂടി കിട്ടാനുണ്ട് എന്നാണ് സംരക്ഷണകേന്ദ്രം പറയുന്നത്. അത് എഴുതിയെടുക്കാനും ഫോട്ടോഗ്രഫി പഠിക്കാനുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമാകാനും ഇടുക്കിയേക്കാള്‍ തിരുവനന്തപുരമാണ്  അനുയോജ്യം എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

പെണ്‍കുട്ടി മുഖ്യസാക്ഷിയും ഇരയുമായ കേസ് നിലനില്‍ക്കുന്നു എന്നും പ്രതികള്‍ രക്ഷപ്പെടാന്‍ എന്തുതരം ശ്രമവും നടത്തും എന്നതുമാണ് ഏറ്റവും പ്രധാനം. അഭിമാനം മുറിവേറ്റ പെണ്‍കുട്ടിയുടെ സുരക്ഷയേയും ഭാവിയേയും കുറിച്ച് നിസ്സാരമല്ലാത്ത ചോദ്യങ്ങള്‍ ഉയരുന്നതിനിടെ ഈ മാസം 24-ന് ഈ വിഷയം വീണ്ടും സിഡബ്ല്യുസിയുടെ പരിഗണനയ്ക്കു വരാനിരിക്കുകയാണ്. ''പോയതിന്റെ മൂന്നാം ദിവസം സഹോദരന്റെയൊപ്പം വന്നിരുന്നു. യാതൊരു പ്രശ്‌നവുമില്ല. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറും പഞ്ചായത്ത് പ്രസിഡന്റും അടങ്ങുന്ന സമിതിക്ക് ഞങ്ങള്‍ കത്ത് അയച്ചിട്ടുണ്ട്. അവരും നിരീക്ഷിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അറിയിക്കും. എന്തെങ്കിലും അനിഷ്ടകരമായത് സംഭവിച്ചാല്‍ തിരിച്ചുകൊണ്ടുവരാന്‍ സി.ഡബ്ല്യു.സിക്ക് അധികാരമുണ്ട്. നിബന്ധനകളോടുകൂടിത്തന്നെയാണ് വിട്ടിരിക്കുന്നത്'' എന്ന് അഡ്വ. എന്‍. സുനന്ദ. ഒന്നും തങ്ങള്‍ക്കു മറച്ചുവയ്ക്കാനില്ല എന്നു കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം മഹിള സമഖ്യക്കെതിരെ ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിക്കുന്നു: ''മഹിളാ സമഖ്യയുടെ സോഷ്യല്‍ വര്‍ക്കര്‍ ഈ നടപടിക്രമങ്ങളില്‍ മുഴുവനായും കൂടെത്തന്നെ ഉണ്ടായിരുന്നു. അവര്‍ ഒരു പ്രശ്‌നവും ഉന്നയിച്ചില്ല. കുട്ടിക്കു ഭീഷണിയുണ്ടെന്നോ വിടാന്‍ പാടില്ല എന്നോ പറഞ്ഞില്ല.'' ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ സംരക്ഷണകേന്ദ്രത്തില്‍ത്തന്നെ നിര്‍ത്തണം എന്നു തങ്ങള്‍ക്കു നിര്‍ബ്ബന്ധമൊന്നുമില്ല എന്ന് മഹിള സമഖ്യ വിശദീകരിക്കുന്നു. ''പക്ഷേ, വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം. സുരക്ഷിതയായി ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം വേണം. ഇരകളെ പ്രതികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്ന ഇടനിലക്കാരായി സി.ഡബ്ല്യുസി.കള്‍ മാറരുത്.'' 

കേരളത്തിലെ പോക്സോ കേസുകളില്‍ നാല്‍പ്പത്തിരണ്ടു ശതമാനത്തിലും കുട്ടികള്‍ നേരിട്ടാണ് പരാതിക്കാര്‍; അച്ഛനോ അമ്മയോ ശിശുക്ഷേമ സമിതികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ അല്ല. 2017 വരെയുള്ള പോക്സോ കേസുകളെക്കുറിച്ചു നടത്തിയ പഠനത്തിലെ കണ്ടെത്തലിനെക്കുറിച്ചു മഹിളാ സമഖ്യ വ്യക്തമാക്കുന്നു. അതിനര്‍ത്ഥം സ്വന്തം അഭിമാനം രക്ഷിക്കാനുള്ള നിയമപോരാട്ടത്തിനു പെണ്‍കുട്ടികള്‍ക്കു മിക്കവാറും അവരേയുള്ളൂ എന്നാണ്. പക്ഷേ, ഒരിക്കല്‍പ്പോലും പിന്നോട്ടു പോകാതെ അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനുള്ള ബാധ്യത മുഴുവന്‍ സുരക്ഷാ, സംരക്ഷണ സംവിധാനങ്ങള്‍ക്കുമുണ്ട്. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ തീരുമാനം ആ ബാധ്യതയില്‍നിന്നുള്ള പിന്നോട്ടു പോക്കായോ എന്ന ആശങ്കയാണ് ബാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com