എംഎല്‍എ ഐബി സതീഷും നാട്ടുകാരും കൂടി നടത്തിയ പഠനയാത്ര
എംഎല്‍എ ഐബി സതീഷും നാട്ടുകാരും കൂടി നടത്തിയ പഠനയാത്ര

ജലസമൃദ്ധിയുടെ കരുതലില്‍ ഒരു നാട്

വികസനത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ വരേണ്ട മാറ്റത്തിന്റെ സൂചകം കൂടിയാണ് കാട്ടക്കടയില്‍ നടപ്പാക്കിയ ജലസമൃദ്ധി പദ്ധതി. ഈ മഴക്കാലം പെയ്തിറങ്ങുന്നത് നാളേയ്ക്കുവേണ്ടിയുള്ള ഇവരുടെ കരുതലിലേക്കാണ്

കുടിവെള്ളമില്ലാത്ത കുളത്തുമ്മല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു മാറ്റം കിട്ടിയപ്പോള്‍ രാധാലക്ഷ്മി ടീച്ചറിന്റെ മനസ്സു മടുത്തിരുന്നു. ഒരു നാട് മുഴുവന്‍ കൈകോര്‍ത്ത ജലസംരക്ഷണ മുന്നേറ്റത്തിനൊടുവില്‍ ടീച്ചറിന്റെ മനസുമാറി. കൈകൊണ്ട് കോരിയെടുക്കാവുന്ന വിധത്തില്‍ സ്‌കൂളിലെ കിണറ്റില്‍ ശുദ്ധജലം നിറഞ്ഞു തുളുമ്പിയതിന്റെ ആഹ്ലാദം നിറഞ്ഞ ആ വേദിയിലാണ് പ്രധാനാധ്യാപിക രാധാലക്ഷ്മി മനസ്സ് തുറന്നത്:

''ഈ സ്‌കൂളിനെക്കുറിച്ചുള്ള ഒരു പേരുദോഷം കുടിവെള്ളമില്ലാത്ത പള്ളിക്കൂടം എന്നായിരുന്നു. അതുകൊണ്ട് ഇങ്ങോട്ടു മാറ്റം കിട്ടിയപ്പോള്‍ എനിക്ക് മടിയായിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ കിണര്‍പോലെ മനസ്സും നിറഞ്ഞാണ് ഞാനിവിടെ നില്‍ക്കുന്നത്.''
ആ മാറ്റത്തിന്റെ കഥയാണ് കാട്ടക്കട എന്ന ഗ്രാമത്തിനു പറയാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കടയില്‍ 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി യാണ് ഇതികം ജനശ്രദ്ധ നേടിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും തൊഴിലാളികളും അധ്യാപകരും ജനപ്രതിനിധികളുമുള്‍പ്പെടെ കൈകോര്‍ത്തു നില്‍ക്കുന്ന മനോഹര ചിത്രത്തിന്റെ അടിക്കുറിപ്പായി ഈ ജലസമൃദ്ധി. ഈ മഴക്കാലവും പെയ്തിറങ്ങുന്നത് നാളേയ്ക്കുവേണ്ടിക്കൂടിയുള്ള ഇവരുടെ കരുതലിലേക്കാണ്.

ലോകബാങ്കും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നു ജനീവയില്‍ സംഘടിപ്പിച്ച നാലാമത് ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍, ജലസംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷനില്‍ ഡച്ച് ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധന്‍ പോള്‍ വാന്‍ മീല്‍ ആണ് കാട്ടാക്കടയിലെ പദ്ധതിയെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചത്. സംയോജിത നീര്‍ത്തട പരിപാലനത്തിന്റെ ഗംഭീര മാതൃക എന്നായിരുന്നു ആ പരിചയപ്പെടുത്തല്‍. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്.പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള യു.എന്‍.ഡി.പി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സംയോജിത ജലവിഭവ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കിയ സംഘത്തില്‍ അംഗമായിരുന്ന പോള്‍ വാന്‍ മീല്‍ നയിച്ച സംഘം കഴിഞ്ഞ മാര്‍ച്ച് 18-നു ഇവിടെയെത്തി ജലസമൃദ്ധിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിരുന്നു.
 

അതിര്‍ത്തിയിലൂടെ നെയ്യാറും കരമനയാറും കടന്നുപോകുന്ന മണ്ഡലമായിട്ടും അരുവിക്കര, പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍ സമീപമുണ്ടായിട്ടും കിലോമീറ്ററുകളോളം തോടുകളുണ്ടായിട്ടും ജലക്ഷാമം രൂക്ഷമായിരുന്നു. വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാതെ തോടുകളിലൂടെയും കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളിലൂടെയും അതിവേഗം ഒഴുകി നഷ്ടപ്പെടുന്ന സ്ഥിതി. ചെറുതും വലുതുമായ 314 കുളങ്ങള്‍, നാല്‍പ്പത്തിമൂവായിരത്തിലേറെ കിണറുകള്‍. നെയ്യാര്‍ ജലസേചന പദ്ധതിയുടെ 31 കിലോമീറ്ററോളം കനാല്‍ മണ്ഡലത്തിലൂടെ കടന്നുപോകുന്നു. പക്ഷേ, ഫലമില്ല. ചരിവു കൂടുതലുള്ള പ്രദേശങ്ങളിലൂടെ നീരൊഴുക്ക് ക്രമീകരിച്ചു കഴിയുന്നത്ര വെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങാന്‍ സാഹചര്യമൊരുക്കുകയായിരുന്നു ആദ്യ നീക്കം. അതിലൂടെ വെള്ളം ജലസ്രോതസ്സുകളില്‍ എത്തിച്ചു ഭൂഗര്‍ഭജലത്തിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിഹാരം. അതാണ് ജലസമൃദ്ധി പദ്ധതിയിലൂടെ ചെയ്യുന്നത്. 2017 മാര്‍ച്ച് 22-ന് അന്താരാഷ്ട്ര ജലദിനത്തിലാണ് ഔപചാരികമായി തുടങ്ങിയത്. 2016 ഡിസംബര്‍ ഒന്നിനു സംഘാടകസമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍.
 

നിറഞ്ഞൊഴുകി തോടുകള്‍
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ജലസമ്പന്നതയാണ് ഇപ്പോള്‍. ഭൂഗര്‍ഭജല വകുപ്പിന്റെ പഠനവും ജല ഓഡിറ്റും അതു ശരിവയ്ക്കുന്നു. ''ഒരു ജലവിഭവ പരിപാലന രേഖ തയ്യാറാക്കിയാണ് ഞങ്ങള്‍ തുടങ്ങിയത്. ആ പഠനമാണ് ആദ്യ ചുവടുവയ്പ്. എവിടെയൊക്കെ ജലസാന്നിധ്യമുണ്ട്, എത്ര കുളങ്ങളും കിണറുകളും എത്ര കിലോമീറ്റര്‍ നീളത്തില്‍ തോടുകളുമുണ്ട് എന്ന വിശദമായ അന്വേഷണം.'' 

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും മറ്റും ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നിലവിലുള്ള ജലസ്രോതസ്സുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം, നിലവിലുള്ള കുളങ്ങളും കിണറുകളും പൊതുകിണറുകളും മറ്റും സംരക്ഷിച്ച് എങ്ങനെ കൂടുതല്‍ ഉപയോഗപ്രദമാക്കാം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കര്‍മ്മപരിപാടി തയ്യാറാക്കാന്‍ പരിപാലനരേഖ സഹായകമായി.

പുതുതായി കുളങ്ങളും തടയണകളും നിര്‍മ്മിച്ചു ജലം സംഭരിക്കുന്നതിന്റെ സാധ്യതകള്‍, കിണര്‍ നിറയ്ക്കല്‍ ഉള്‍പ്പെടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലം സംരക്ഷിക്കുന്നതിന് ഓരോ പ്രദേശത്തിനും സ്വീകരിക്കാവുന്ന രീതികള്‍ എന്നിവയും കര്‍മ്മപരിപാടിയുടെ ഭാഗമായി. ആ ഒന്നര വര്‍ഷം രേഖ തയ്യാറാക്കല്‍ മാത്രമായിരുന്നില്ല പരിപാടി. സമാന്തരമായിത്തന്നെ സ്‌കൂളുകളില്‍ ജലസാക്ഷരതാ പ്രചാരണം തുടങ്ങി. ജലക്ലബ്ബുകള്‍ രൂപീകരിച്ച് അധ്യാപകരേയും കുട്ടികളേയും കൊണ്ട് വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തി. കമ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു) എന്ന സ്ഥാപനം അതിനാവശ്യമായ കിറ്റ് സൗജന്യമായി നല്‍കി. അതുപയോഗിച്ചു പരിശോധന നടത്താന്‍ കുട്ടികളേയും അധ്യാപകരേയും അവര്‍ പരിശീലിപ്പിക്കുകയും ചെയ്തു. ഓരോ വാര്‍ഡില്‍നിന്നും 150 മുതല്‍ 200 വരെ കിണറുകളിലെ ക്ലോറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, ഫ്‌ലൂറൈഡ് എന്നിവയാണ് പരിശോധിച്ചത്. ഇപ്പോള്‍ മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ജലപരിശോധനയ്ക്കു സ്ഥിരം ലാബുണ്ട്. കുട്ടികള്‍ വീടുകളില്‍നിന്നു വെള്ളത്തിന്റെ സാമ്പിള്‍ കൊണ്ടുവന്നു പരിശോധിക്കുന്നു. കൂടാതെ പൊതുജനത്തിനും അവിടെക്കൊടുത്ത് പരിശോധിപ്പിക്കാം. 

പഠന റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പുള്ള കാലയളവില്‍ മഴക്കുഴികളും വ്യാപകമായി നിര്‍മ്മിച്ചു. മഴക്കുഴികള്‍ പിന്നീട് വേണ്ടതുപോലെ പരിപാലിക്കുന്നില്ല എന്നൊരു പോരായ്മ പൊതുവേ എല്ലായിടത്തുമുള്ള സ്ഥിതിയാണ്. ആദ്യത്തെ ആവേശം അടങ്ങുമ്പോള്‍ കുഴി ക്രമേണ നികന്നുപോവുകയോ മാലിന്യങ്ങള്‍ കൊണ്ടിടുന്ന ഇടമായി മാറുകയോ ചെയ്യും. അതുണ്ടാവരുതെന്ന് കാട്ടാക്കടക്കാര്‍ക്കു നിര്‍ബ്ബന്ധമായിരുന്നു, വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം.എല്‍.എ വരെയുള്ള അവരുടെ ജനപ്രതിനിധികള്‍ക്കും. അങ്ങനെയാണ് കിണര്‍ റീച്ചാര്‍ജിംഗിലേക്കു മാറിയത്. ജലസംഭരണത്തിന്റെ ഏറ്റവും ശാസ്ത്രീയമായ രീതിയാണ് കിണര്‍ റീച്ചാര്‍ജിംഗ്. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇത് ആദ്യം നടപ്പാക്കിയത്.  അവര്‍ പറഞ്ഞു. ലളിതമായിരുന്നു റീച്ചാര്‍ജിംഗ് രീതി. സമീപത്ത് നാല് കെട്ടിടങ്ങളുണ്ട്. ഈ നാലു കെട്ടിടങ്ങളുടേയും മേല്‍ക്കൂരയില്‍ പെയ്യുന്ന മഴവെള്ളം ഭൂഗര്‍ഭജല വകുപ്പിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷം ഏഴ് ലക്ഷം ലിറ്ററാണ്. ഇതു പറമ്പില്‍ക്കൂടി തൊട്ടില്‍ക്കൂടി ആറ്റില്‍ക്കൂടി ഒഴുകി കടലിലെത്തുകയാണ് ചെയ്യുന്നത്. അതിനുപകരം അടുത്തുതന്നെ രണ്ട് കിണര്‍ കുഴിച്ച് ഈ വെള്ളം ശേഖരിച്ചു. അതോടെ സ്‌കൂളിലെ കിണറ്റില്‍ വെള്ളം ഉയരുന്ന അദ്ഭുതമാണ് സംഭവിച്ചത്. മാത്രമല്ല, അടുത്ത വീടുകളിലെയൊക്കെ കിണറ്റില്‍ വെള്ളം ഉയര്‍ന്നു. ഉപേക്ഷിക്കപ്പെട്ട അഞ്ചാറ് കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള അനുബന്ധ ഫലങ്ങളായി ഇതൊക്കെ മാറി. 

ജലലഭ്യതക്കുറവിന്റെ സ്ഥിതിയെ ഭൂഗര്‍ഭജല വകുപ്പ് മൂന്നായി തരംതിരിച്ചിട്ടുണ്ട്. ആദ്യത്തേത് സാധാരണനിലയാണെങ്കില്‍ രണ്ടാമത്തേത് ഭാഗിക അപകടാവസ്ഥയും അടുത്തത് അപകടാവസ്ഥയുമാണ്. മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട മേഖലകളില്‍ എത്ര കുഴിച്ചാലും വെള്ളം കിട്ടില്ല. കാട്ടാക്കട മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും രണ്ടാമത്തെ വിഭാഗത്തിലായിരുന്നു. അപകടാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സ്ഥിതി. ജലനിരപ്പ് വളരെ കുറവ്. കേരളത്തില്‍ മഴ എത്ര കുറഞ്ഞാലും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് എന്നാണ് അനുഭവം. ആ മഴവെള്ളം സംരക്ഷിക്കുകയല്ലാതെ ഈ അപകടം മറികടക്കാന്‍ വെറൊരു വഴിയുമില്ല. ഇറങ്ങിത്തിരിച്ചത് അതിനുവേണ്ടിത്തന്നെയാണുതാനും. 

ഇപ്പോള്‍ മണ്ഡലത്തിലെ മുഴുവന്‍ എയ്ഡഡ്, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കിണര്‍ റീച്ചാര്‍ജിംഗ് നടക്കുന്നു. എല്ലാ സ്‌കൂളുകളിലേയും അനുഭവം ഇതാണ്: സ്‌കൂളിലെ കിണറ്റില്‍ വെള്ളം നിറയുന്നു, അടുത്ത വീടുകളിലെ കിണറുകളും നിറയുന്നു. സ്‌കൂളുകള്‍ക്കു പിന്നാലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കിണര്‍ റീച്ചാര്‍ജിംഗ് തുടങ്ങി. അടുത്തത് അങ്കണവാടികളാണ്.

ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറികളെ ഉപയോഗപ്പെടുത്തിയാണ് അടുത്ത അദ്ഭുതം കാട്ടിയത്. ജലസംരക്ഷണവും പരിപാലനവും നേരിട്ടു കാണാന്‍ നെതര്‍ലന്‍ഡില്‍നിന്നു വന്ന സംഘത്തെ ഏറ്റവും ആകര്‍ഷിച്ചതും അതുതന്നെ. വലിയ ആഴമുള്ളവയാണ് ഈ ക്വാറികള്‍. ശരിക്കും അഗാധ ഗര്‍ത്തങ്ങള്‍. അവയില്‍ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം ഉപയോഗിക്കാതെ കെട്ടിക്കിടന്നു. വളരെക്കുറഞ്ഞ ചെലവിലാണ് ആ വെള്ളം ഉപയോഗയോഗ്യമാക്കിയത്. ജലക്ഷാമം രൂക്ഷമായ പള്ളിച്ചല്‍ പഞ്ചായത്തിലെ കണ്ണന്‍കോട് വാര്‍ഡിലെ പാറ ക്വാറിയാണ് ഇതിനു തെരഞ്ഞെടുത്തത്. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശം. സമീപത്തെ ക്വാറിയില്‍നിന്ന് അഞ്ഞൂറടിയോളം വിസ്താരത്തില്‍ ഇരുന്നൂറടി താഴ്ചയില്‍ 2.10 മീറ്റര്‍ * 1.80 മീറ്റര്‍ * 1.50 മീറ്റര്‍ അളവില്‍ റീച്ചാര്‍ജ് ടാങ്ക് നിര്‍മ്മിച്ചു. ഒരിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിന്റെ സഹായത്തോടെ ക്വാറിയില്‍നിന്നു ജലം ടാങ്കില്‍ എത്തിച്ചു. സമീപത്തെ 12 കിണറുകളിലെ ജലനിരപ്പ് ഉയരാനാണ് ഇത് ഇടയാക്കിയത്. അടുത്ത ക്വാറി റീച്ചാര്‍ജ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ക്വാറികളുണ്ടെങ്കിലും അതിലെ വെള്ളം ഇങ്ങനെ ഉപയോഗിച്ച അനുഭവങ്ങള്‍ വേറെ കേട്ടിട്ടില്ല. 

മാറേണ്ട വികസനസങ്കല്‍പ്പം
പ്രത്യേക ബജറ്റ് വിഹിതമോ സാമ്പത്തിക പിന്തുണയോ ഉറപ്പാക്കിയല്ല ജലസമൃദ്ധി തുടങ്ങിയത്. ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ എ. നിസാമുദ്ദീന്റെ വാക്കുകളില്‍ അതറിയാം. ''ഇതു നമുക്കു ജലസമൃദ്ധ മണ്ഡലമാക്കണം എന്ന് 2016-ലെ പരിസ്ഥിതിദിന പൊതുയോഗത്തില്‍ എം.എല്‍.എ പ്രകടിപ്പിച്ച ആഗ്രഹത്തിലാണ് തുടക്കം. എങ്ങനെ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ലായിരുന്നു. ' അദ്ദേഹം പറയുന്നു. രണ്ടു മൂന്നു മാസം കഴിഞ്ഞാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വകുപ്പില്‍നിന്നുള്ള ആള്‍ എന്ന നിലയില്‍ നിസാമുദ്ദീന്‍ വന്നത്. പദ്ധതിക്ക് ഒരു ശാസ്ത്രീയ അടിത്തറ വേണമെന്ന് ജില്ലാ കളക്ടര്‍ എ. വാസുകി ഒരു ആലോചനായോഗത്തില്‍ നിര്‍ദ്ദേശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു അത്. സംസ്ഥാന സര്‍ക്കാരിന്റെ പതിനാറോളം വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കളക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു. അവരുടെ ചില പദ്ധതിവിഹിതങ്ങള്‍ ഇതിന് ഉപയോഗിക്കാന്‍ സാധ്യത ഉറപ്പാക്കി. നാട്ടില്‍ വ്യാപകമായുള്ള ഓടകളെ മാലിന്യമുക്തവും ശുദ്ധജലം ഒഴുകുന്നതുമാക്കി മാറ്റി. ഒഴുകുന്ന വെള്ളം ഒഴുകി നഷ്ടപ്പെടാതെ മണ്ണിലേക്കു ആഴ്ത്തുന്നതിലെ ശ്രദ്ധ ഓരോ നീരൊഴുക്കിനേയും അര്‍ത്ഥപൂര്‍ണ്ണമാക്കി.

ജലസമൃദ്ധി പദ്ധതിയുടെ തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടി. ഒന്നാമത്തെ കാര്യം ആളുകളുടെ വികസന സങ്കല്പത്തില്‍ ഇതൊന്നുമില്ല എന്നതായിരുന്നു. റോഡും പാലവും കെട്ടിടങ്ങളുമൊക്കെ മാത്രമാണ് വികസനമായി കാണുന്നത്. പക്ഷേ, ഇപ്പോള്‍ ചെയ്യുന്നതിന്റെ ഗുണഫലം നമ്മേക്കാള്‍ കൂടുതല്‍ കിട്ടുക അടുത്ത തലമുറകള്‍ക്കായേക്കും എന്നത് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലാകുന്നു എന്നതുകൂടിയാണ് ജലസമൃദ്ധിയുടെ വിജയം. ജില്ലാ കളക്ടര്‍ എ. വാസുകിയെക്കൂട്ടി എം.എല്‍.എയും സംഘവും രണ്ടുവട്ടം നദിയാത്ര നടത്തിയത് ഈ പദ്ധതിയുടെ ആത്മാവിനെ ഉണര്‍ത്തി എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കുടുംബശ്രീ, റവന്യൂ, ഫിഷറീസ്, ഭൂഗര്‍ഭജലം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, യുവജനക്ഷേമ ബോര്‍ഡ്, ശുചിത്വമിഷന്‍, നെഹ്രു യുവകേന്ദ്ര, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സഹകരിച്ച വകുപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ചെറിയ പങ്കല്ല വഹിച്ചത്. നദിയാത്രയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വെറുതേ യാത്ര ചെയ്ത് അവലോകനം നടത്തി മടങ്ങുകയായിരുന്നില്ല. ഇന്ന സ്ഥലത്ത് ഇന്ന കാര്യം ഇന്ന വകുപ്പ് ഇത്ര ദിവസത്തിനുള്ളില്‍ തുടങ്ങി ഇത്ര ദിവസംകൊണ്ടു പൂര്‍ത്തിയാക്കണം എന്ന മട്ടില്‍ പദ്ധതിയുടെ വിശദാംശങ്ങളിലൂടെയുള്ള യാത്ര. അതിന്റെ തുടര്‍ച്ചയായി പലയിടത്തും നദീ ഭിത്തി നിര്‍മ്മിക്കുകയും തീരങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഉത്സവപ്രതീതിയായിരുന്നു ആളുകള്‍ക്ക് അതൊക്കെ. പക്ഷേ, ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാനാകാത്ത ഒരു കാര്യം തോടുകളും കുഴികളും കുളങ്ങളും മാത്രമല്ല, നദികള്‍ പോലും മാലിന്യങ്ങള്‍ കൊണ്ടുചെന്ന് ഇടാനുള്ള സ്ഥലമായി കുറേ ആളുകളെങ്കിലും കാണുന്നു എന്നതാണ്. ആ അപകടം മുന്‍കൂട്ടി കണ്ടുകൂടിയാണ് മണ്ഡലത്തില്‍ മത്സ്യക്കൃഷി തുടങ്ങിയപ്പോള്‍ കൃത്യമായ ഒരു നിബന്ധന വച്ചത്: മീനുകള്‍ക്കുള്ള ഭക്ഷണമായി മാലിന്യങ്ങള്‍ കൊണ്ടിടാന്‍ പാടില്ല; ഭക്ഷണസാധനങ്ങള്‍ മാത്രമേ നല്‍കാവൂ. വിളവെടുക്കുന്നത് വെള്ളം വറ്റിച്ചാകരുത് എന്നതായിരുന്നു രണ്ടാമത്തെ നിബന്ധന. അതു കൃത്യമായി പാലിക്കുകയും ചെയ്യുന്നു. 

കാട്ടാക്കട പഞ്ചായത്തിനെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്ന കുളത്തുമ്മല്‍ തോടിനെ 'തെളിനീരൊഴുകും കുളത്തുമ്മല്‍' ആക്കി മാറ്റുന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. 13 കിലോമീറ്റര്‍ ഒഴുകി നെയ്യാറിലാണ് തോട് എത്തുന്നത്. ഈ ദൂരമത്രയുമുള്ള വീടുകളിലേയും സ്ഥാപനങ്ങളിലേയും മുഴുവന്‍ മാലിന്യങ്ങളും കൊണ്ടിട്ടിരുന്നത് തോട്ടിലാണ്. അത് അവസാനിപ്പിച്ച് തെളിനീര് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടേയും യോഗം വിളിച്ചു. മൂന്നു തവണ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യങ്ങള്‍ ഇടുന്നത് അവസാനിപ്പിക്കാന്‍ ഒന്നിച്ചുനിന്നു തീരുമാനിച്ചു. അടുത്തപടിയായി മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്ത് നിയമപരമായിത്തന്നെ നടപടിയെടുക്കും. ഇത്തവണത്തെ ബജറ്റില്‍ ജലസമൃദ്ധി പദ്ധതിക്കു വേണ്ടി ഒരു കോടി രൂപ മാറ്റിവയ്ക്കുക എന്ന അപൂര്‍വ്വ തീരുമാനത്തിനും ഈ മുന്നേറ്റം സര്‍ക്കാരിനെ പ്രേരിപ്പിച്ചു. അത് ഉപയോഗിച്ചു സംരക്ഷണ ഭിത്തികള്‍, ചെക്ക്ഡാമുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ നിര്‍മ്മിക്കും. മാലിന്യങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. 

ആമച്ചല്‍ എന്ന സ്ഥലത്ത് ജൈവസമൃദ്ധി എന്ന പേരില്‍ 50 ഏക്കറില്‍ പച്ചക്കറിക്കൃഷി തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 16 ഏക്കറില്‍ പുതുതായി നെല്‍ക്കൃഷി ചെയ്തു. നെയ്യാറില്‍നിന്നു വെള്ളം ലിഫ്റ്റ് ഇറിഗേഷന്‍ വഴി ആമച്ചലിലെ വലിയ കുളത്തിലെത്തിച്ച് 50 ഏക്കര്‍ നെല്‍വയല്‍ വീണ്ടെടുക്കാനുള്ള പദ്ധതിയും വരുന്നു. അതിന്റെ തുടക്കം വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. വെള്ളം തന്നാല്‍ ഞങ്ങള്‍ കൃഷി ചെയ്യാം എന്നാണ് കര്‍ഷകരൊക്കെ ആവേശത്തോടെ പറയുന്നത്. വെള്ളം എന്ന അടിസ്ഥാന ഘടകം ഉണ്ടെങ്കില്‍ അതിനോട് ഒന്നു ചേര്‍ന്നു മറ്റൊന്നു ചേര്‍ന്ന് എന്തൊക്കെ വരാം എന്നതിന് ഉദാഹരണമാവുകയാണ് ഇവയെല്ലാം. കൃഷിവകുപ്പും ജലവിഭവ വകുപ്പും വലിയ പിന്തുണ നല്‍കി കൂടെയുണ്ട്. നൂറിനടുപ്പിച്ച് കുളങ്ങളില്‍ മത്സ്യക്കൃഷി നടക്കുന്നു. അതു വ്യാപകമാക്കുകയാണ്. കുളങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. 

മാതൃകകളൊന്നും മുന്നിലുണ്ടായിരുന്നില്ല. രാജസ്ഥാനിലെ മഴക്കുഴികളുടെ കാര്യം പറഞ്ഞു കേട്ടിരുന്നു. മഴക്കുഴികളില്‍നിന്നു തുടങ്ങാം, തടയണ നിര്‍മ്മിക്കാം എന്നീ കാര്യങ്ങളൊക്കെ മാത്രമേ ആദ്യം ആലോചിച്ചിരുന്നുള്ളു. പക്ഷേ, ഓരോ ചുവടു കഴിയുമ്പോഴും പുതിയ ആശയങ്ങള്‍ വന്നു. ഞങ്ങള്‍ ചെയ്തുനോക്കിയതാണ്, നിങ്ങള്‍ക്കും പരീക്ഷിച്ചുകൂടേ എന്നു ചോദിച്ചു പലരും വിവരങ്ങള്‍ വാട്സാപ്പിലും മറ്റും അയച്ചുകൊടുക്കാന്‍ തുടങ്ങി. വെള്ളം സംഭരിച്ചേ പറ്റൂ എന്ന സന്ദേശവും മഴക്കുഴി നിര്‍മ്മാണ ആവേശവും ഓരോ വീട്ടില്‍നിന്നും തുടങ്ങുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ആളുകളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഇതു നമുക്കു നടത്തണം എന്ന് അവരോടു പറഞ്ഞ്, അവരെ ഇതിന്റെ ഭാഗമാക്കി. മഴക്കുഴി കുഴിക്കാന്‍ സാധിക്കാത്തവര്‍ തെങ്ങിന്റെ തടം അതിനു പറ്റിയതാക്കി മാറ്റിയാലും മതി. ജലത്തിന്റെ സന്ദേശം കാട്ടുതീ പോലെയാണ് പടര്‍ന്നത്.

മഴക്കുഴി നികന്നുപോകും എന്ന പ്രതിസന്ധിയുണ്ടായപ്പോള്‍ ചെറിയ മഴക്കുഴികള്‍ക്കു പകരം വലിയ സംരംഭത്തെക്കുറിച്ച് ആലോചിച്ചു. അതിനു കൂടുതല്‍ സ്ഥലം വേണം, ആളുകള്‍ അതു വിട്ടുതരികയും വേണം. അമ്പതെണ്ണംകൊണ്ട് തുടങ്ങാം എന്ന നിര്‍ദ്ദേശം വച്ചതും എം.എല്‍.എ തന്നെ. മണ്ഡലത്തില്‍ 50 പുതിയ കാര്‍ഷിക മഴക്കുഴികള്‍ നിര്‍മ്മിക്കും എന്ന പ്രഖ്യാപനവും നടത്തി. പക്ഷേ, എണ്‍പതിലധികം പേര്‍ തയ്യാറായി വന്നു. ഇതു ചെയ്ത പിന്നാലെയാണ് മഴക്കാലമെത്തിയത്. കാര്‍ഷിക കുളം നിര്‍മ്മിച്ചതിനു സമീപത്തെ കിണറുകളിലെല്ലാം സര്‍വ്വത്ര വെള്ളം. അതോടെ എണ്ണം നൂറാക്കി. അത് 128 ആയി ഉയര്‍ന്നു. ആദ്യത്തെ വര്‍ഷം 144 എണ്ണം ചെയ്തു. പിറ്റേ വര്‍ഷം വലിയ ഇടപെടലില്ലാതെ തന്നെ കാര്‍ഷിക കുളങ്ങളുടെ എണ്ണം ഇരുന്നൂറായി. ആളുകള്‍ പറഞ്ഞും കേട്ടും അനുഭവിച്ചറിഞ്ഞും ഒഴുകിയെത്തുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ പെണ്ണുങ്ങള്‍ കൂടുന്നിടത്തൊക്കെ വേറൊരു സംസാരിക്കാന്‍ വേറൊരു വിഷയവുമില്ലാതായി. 

അങ്ങനെയിരിക്കെയാണ് ഭൂഗര്‍ഭജല വകുപ്പുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ നിസാമുദ്ദീന്‍ പങ്കെടുക്കാന്‍ ഇടയായത്. കാട്ടാക്കട അനുഭവങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരു ഉദ്യോഗസ്ഥനു സംശയം, ''സാറേ, ഇതൊക്കെ നടക്കുന്ന കാര്യം തന്നെയാണോ.'' നടത്തിക്കാണിക്കുകയാണല്ലോ എന്നായി കമ്മിഷണര്‍. എങ്കില്‍ ഞാനൊരു കാര്യം പറഞ്ഞുതരാം എന്ന മുഖവുരയോടെയാണ് 'ആര്‍ട്ടിഫിഷ്യല്‍ കിണര്‍ റീച്ചാര്‍ജിംഗ്' എന്ന ആശയം ആ ഉദ്യോഗസ്ഥന്‍ ഇട്ടുകൊടുത്തത്. ''ചില വര്‍ഷങ്ങളായി ഭൂഗര്‍ഭജല വകുപ്പിന്റെ പക്കലുള്ള പദ്ധതിയാണ്. താല്പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ സഹകരിക്കാം.'' അപ്പോള്‍ത്തന്നെ പുറത്തിറങ്ങി എം.എല്‍.എയെ വിളിക്കുകയാണ് കമ്മിഷണര്‍ ചെയ്തത്. കാര്യം കേട്ടപ്പോള്‍ സതീഷിനും താല്പര്യം. പിന്നെ തീരുമാനം വൈകിയില്ല. തുടക്കം എന്ന നിലയില്‍ ആറ് പഞ്ചായത്തുകളിലെ ഓരോ സ്‌കൂളുകളെടുത്തു. എം.എല്‍.എ നിര്‍ദ്ദേശിച്ച ആറ് പ്രപ്പോസലും ഭൂഗര്‍ഭജല ഡയറക്ടര്‍ അംഗീകരിച്ചു. ഒരു മാസത്തിനകം ചെയ്തു. പിന്നെ എട്ടെണ്ണം കൂടി തുടങ്ങി. സ്‌കൂളുകള്‍ ഇങ്ങോട്ടു വരികയായിരുന്നു. എം.എല്‍.എയ്ക്കു കത്തുകൊടുത്തു മൂന്നാം ദിവസം ഭൂവിനിയോഗ കമ്മിഷണറും മറ്റും ചെന്നതു കണ്ട് അമ്പരന്ന സ്‌കൂളധികൃതരുണ്ട്: ഇത്ര പെട്ടെന്നു കാര്യം നടക്കുമോ എന്നായിരുന്നു ചോദ്യം. 

ചെറിയ തുടക്കത്തിന്റെ വലിയ കുതിപ്പ്

2017 നവംബറില്‍ അവിടെയൊന്നും കിണറുകളില്‍ വെള്ളം വറ്റിയില്ല. 2018 ജനുവരിയിലാണ് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഔപചാരിക ഉദ്ഘാടനം നടത്തിയത്. സംഗതി സൂപ്പര്‍ ഹിറ്റായി. പിന്നീട് എം.എല്‍.എ ഓടിനടന്നു ശ്രമിച്ചപ്പോള്‍ ആസൂത്രണ ബോര്‍ഡ് ഈ പദ്ധതിക്കു വേണ്ടി ഭൂഗര്‍ഭജല വകുപ്പിന് 50 ലക്ഷം രൂപ കൊടുത്തു. അതോടെ 42 സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി. പക്ഷേ, അതില്‍ ആറിടത്ത് വെള്ളം കെട്ടിനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രായോഗിക തടസ്സങ്ങളുണ്ടായി. ബാക്കി 36-ല്‍ ചെയ്തു. 72 ലക്ഷം രൂപ ചെലവു വന്നു. ബാക്കി പണം കണ്ടെത്തി. സംസ്ഥാനത്തു പലയിടത്തും കിണര്‍ റീച്ചാര്‍ജിംഗ് അനുഭവങ്ങള്‍ ഉണ്ടെങ്കിലും ഒരൈാറ്റ മണ്ഡലത്തില്‍ ഒന്നിച്ച് ഇത്രയും സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് ഇതാദ്യം. ഒരു യോഗത്തില്‍ അടുത്തിരുന്നു സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരുടെ സംസാരത്തില്‍നിന്നാണ് ഇവിടെയെത്തിയത്. പക്ഷേ, അപ്പോള്‍ത്തന്നെ അതിനോട് അനുകൂലമായി പ്രതികരിച്ച് ഏറ്റെടുക്കാന്‍ തയ്യാറായ സതീഷിന്റെ ആത്മവിശ്വാസത്തിനാണ് മാര്‍ക്ക്. പകരം ഒരു നൂറ് ചോദ്യങ്ങളും ആശങ്കകളുമാണ് പങ്കുവച്ചിരുന്നതെങ്കില്‍ നിസാമുദ്ദീന്‍ അദ്ദേഹത്തിന്റെ വഴിക്കും കിണര്‍ റീച്ചാര്‍ജിംഗ് അതിന്റെ വഴിക്കും പോകുമായിരുന്നു. എം.എല്‍.എയ്ക്കും നാട്ടുകാര്‍ക്കും ഈ ചിരി ചിരിക്കാന്‍ കഴിയുകയുമില്ലായിരുന്നു. പള്ളിച്ചലിലെ ഒരു അനുഭവത്തിലേക്കാണ് പിന്നെ പോയത്. അവിടെയൊരു സാധാരണ കര്‍ഷകന്‍ തെങ്ങുംതടം വികസിപ്പിച്ചു വെള്ളം ശേഖരിച്ചു കിണര്‍ റീച്ചാര്‍ജ് ചെയ്തപ്പോള്‍ വെള്ളം ഉയര്‍ന്നതിന്റെ അനുഭവം. അതു തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുറച്ചുകൂടി മികച്ച രീതിയില്‍ ചെയ്യാന്‍ എം.എല്‍.എ മുന്‍കൈയെടുത്തു. ഇപ്പോള്‍ തൊട്ടടുത്തുള്ള 12 വീട്ടുകാര്‍ക്കു സന്തോഷം. ഇങ്ങനെ അനുഭവങ്ങളുടെ കുത്തൊഴുക്കിലാണ് കാട്ടാക്കടക്കാരുടെ നില്‍പ്പ്. 
''കുടിവെള്ളക്ഷാമം തീരാന്‍ പൈപ്പ് ലൈന്‍ നീട്ടിയാല്‍ മതി എന്നു പറയുന്നവരുണ്ട്. അരുവിക്കര ഡാമില്‍ വെള്ളം ഇല്ലാതെ വന്നപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളമില്ലാത്ത അവസ്ഥ വന്നതു മറക്കാറായിട്ടില്ല. അന്ന് നെയ്യാര്‍ ഡാമില്‍നിന്നു വെള്ളമെത്തിച്ചാണ് തലസ്ഥാന നഗരം രക്ഷപ്പെട്ടത്. നെയ്യാര്‍ ഡാമില്‍ കൂടി വെള്ളമില്ലാതെ വന്നാലത്തെ അവസ്ഥയോ?''

ജലലഭ്യത മാത്രം ഉറപ്പാക്കിയാല്‍ പോര, കിട്ടുന്ന വെള്ളം ശുദ്ധമാണ് എന്നും ഉറപ്പു വരുത്തേണ്ട സ്ഥിതിയുണ്ട്. ജലസ്രോതസ്സുകള്‍ മലിനമാകുന്നു. മാലിന്യങ്ങള്‍ തോന്നുന്നതുപോലെ കൊണ്ടു ചെന്നിടുന്നതുകൊണ്ടാണ് ഇത്. തെളിനീരൊഴുകും കുളത്തുമ്മല്‍ എന്ന ആശയം ആളുകളോടു പറയുമ്പോള്‍ തുടക്കത്തില്‍ ഇതായിരുന്നു വലിയ പ്രശ്‌നം. തോട് വൃത്തിയാക്കലിന്റെ ആദ്യ ദിവസത്തെ അനുഭവം ഭയങ്കരമായിരുന്നു. ഇത് വൃത്തിയാകില്ല എന്നു തോന്നിപ്പോയി. മനുഷ്യന്റെ കയ്യും കാലും വരെ അതില്‍നിന്നു കിട്ടി. പക്ഷേ, പിന്നീടത് വൃത്തിയായി തെളിനീരൊഴുകിത്തുടങ്ങിയപ്പോള്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ കുടുംബസമേതം കാണാന്‍ വന്നു തുടങ്ങി. കൈയെത്തും ദൂരെ കാട്ടാക്കട പട്ടണത്തിന്റെ മധ്യത്തില്‍ ഇങ്ങനെയൊരു നീര്‍ച്ചാല്‍ മറഞ്ഞുകിടന്നത് അറിഞ്ഞിരുന്നില്ല അവര്‍. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് രണ്ടുതവണ ഈ ജനകീയ മുന്നേറ്റത്തെ പരാമര്‍ശിച്ചു. ചെറിയ തുടക്കത്തിന്റെ വലിയ കുതിപ്പാണ് ഇതൊക്കെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com