പള്ളിസ്വത്തു നിയമത്തെ ആര്‍ക്കാണ് പേടി?

''ബിഷപ്പുമാര്‍ക്ക് ഇതിനോട് എതിര്‍പ്പുള്ളത് മനസ്സിലാക്കാം. കാരണം, എല്ലാ ബിഷപ്പുമാരുടേയും അധീനതയിലുള്ള സ്വത്തുക്കള്‍ ഓഡിറ്റിനു വിധേയമാക്കണമെന്നും സഭയ്ക്കുള്ളില്‍ പരസ്യപ്പെടുത്തണമെന്നും ഈ ബില്ലിലുണ്ട്.
പള്ളിസ്വത്തു നിയമത്തെ ആര്‍ക്കാണ് പേടി?

ള്ളിസ്വത്തു നിയമം അഥവാ ചര്‍ച്ച് ആക്റ്റ് എന്നു പേരു കേട്ടതും എന്നാല്‍, നിയമമായി മാറാന്‍ കടമ്പകള്‍ നിരവധി കടക്കേണ്ടതുമായ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്‍ വിവാദം തല്‍ക്കാലം അടങ്ങിയെങ്കിലും അത് അങ്ങനെയങ്ങ് ഇല്ലാതാകുന്നില്ല. രണ്ടാണ് കാരണങ്ങള്‍. ഒന്നാമതായി, നിയമപരിഷ്‌കരണ കമ്മിഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവസഭാ നേതാക്കളെ ബോധ്യപ്പെടുത്തിയെങ്കിലും കമ്മിഷന്‍ ആ ബില്‍ മാറ്റിവച്ചിട്ടില്ല. വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ 2009-ല്‍ സമര്‍പ്പിച്ച ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമാക്കി ഇപ്പോഴത്തെ ബില്‍ നിയമമാക്കണം എന്ന് ക്രൈസ്തവസഭയിലെ പരിഷ്‌കരണവാദികള്‍ ശക്തമായി ആവശ്യപ്പെടുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. ബില്‍ സമര്‍പ്പിച്ചാലും അത് തള്ളണോ കൊള്ളണോ എന്ന് സര്‍ക്കാരിനു തീരുമാനിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പു വന്നു കഴുത്തില്‍ മുട്ടി നില്‍ക്കുമ്പോള്‍ കൂട്ടിക്കിഴിക്കലിനു നില്‍ക്കാതെ കൈകഴുകുന്നതാണ് ബുദ്ധി എന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയും ചെയ്തു. പക്ഷേ, സഭാ സ്വത്തു നിയമത്തിനുവേണ്ടി സഭയ്ക്കുള്ളില്‍ നിന്നുതന്നെ ചെറുതല്ലാത്ത ശബ്ദം ഉയരുന്നത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാന പരീക്ഷണങ്ങളിലൊന്ന് ഇതുതന്നെ. 

എല്‍.ഡി.എഫ് പ്രചാരണജാഥകളുടെ സമാപന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും ഉറപ്പ് പോരാതെയാണ് സഭാ നേതൃത്വം അദ്ദേഹത്തെ മാര്‍ച്ച് ആറിനു നേരിട്ടു കണ്ട് ഉറപ്പു വാങ്ങിയത്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ചര്‍ച്ച് ആക്റ്റ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, അത്തരമൊരു അജന്‍ഡയും ഇല്ല. 2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിനു മുന്‍പില്‍ ഇത്തരമൊരു നിര്‍ദ്ദേശം അന്നത്തെ നിയമപരിഷ്‌കരണ കമ്മിഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായത്'.'' എന്നാല്‍, അതേ ദിവസം, അതേ നേരത്ത് തലസ്ഥാനത്തുവച്ചുതന്നെയാണ് ചര്‍ച്ച് ആക്റ്റ് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്: ''സഭാസ്വത്ത് നിയമം ഉടന്‍ നടപ്പാക്കണം. 2009-ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ സമര്‍പ്പിച്ച ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇപ്പോഴത്തെ ബില്‍ നിയമമാക്കണം.'' മക്കാബി (മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്റ്റ് ബില്‍) ഡയറക്ടര്‍ റവ. യൂഹാനോന്‍ റമ്പാന്‍, ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് അഡ്വ. എ. ജെയിംസ് ഫെര്‍ണാണ്ടസ്, ഓള്‍ കേരള ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവരാണ് സംശയരഹിതമായി ബില്ലിനുവേണ്ടി വാദിക്കുന്നവരെ പ്രതിനിധീകരിച്ച് നിലപാട് വ്യക്തമാക്കിയത്. 

ചര്‍ച്ച് ആക്റ്റിനു മുന്നോടിയായി നിയമ പരിഷ്‌കരണ കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടു ബില്ലുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളും സംവാദവും എത്തിനില്‍ക്കുന്നത് ഇവിടെയാണ്. തൊട്ടുപോകരുത് എന്ന് സഭ, അങ്ങനൊരു കാര്യം ആലോചനയിലേ ഇല്ലെന്ന് സര്‍ക്കാര്‍, കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തും പണവും സുതാര്യമായി കൈകാര്യം ചെയ്യാനും ക്രമക്കേടുകള്‍ക്ക് പരിഹാരം തേടാനും സംവിധാനം വേണമെന്ന് സഭയിലെ പരിഷ്‌കരണവാദികള്‍. 

മാര്‍ച്ച് 7-നും 8-നും കോട്ടയത്തു നടക്കാനിരുന്ന നിയമപരിഷ്‌കരണ കമ്മിഷന്‍ സിറ്റിംഗ് വിവാദത്തിന്റെ ഭാഗമായിത്തന്നെ മാറ്റിവച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടു സ്വീകരിക്കാനാണ് യോഗം എന്നു പ്രചരിച്ചതുകൊണ്ടാണ് മാറ്റിവച്ചതെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നു. ആളുകളില്‍നിന്ന് അഭിപ്രായം കേള്‍ക്കാനായിരുന്നില്ല യോഗമെന്നും അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ മാത്രമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തെറ്റിദ്ധാരണമൂലം ആളുകള്‍ നേരിട്ട് അഭിപ്രായം അറിയിക്കാന്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് യോഗം മാറ്റിയത്. എന്നാല്‍, എതിര്‍ക്കുന്നവരില്‍നിന്നു കമ്മിഷനു നേരെ പ്രതിഷേധം ഉയര്‍ന്നേക്കാനുള്ള സാധ്യതയും യോഗം മാറ്റിയതിനു കാരണമാണെന്നു പ്രചരിച്ചു. സ്വാഭാവികം. മുഖ്യമന്ത്രിയുടെ ഉറപ്പിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്നു എന്ന് അറിയിച്ച സഭാ നേതൃത്വം ബില്ലിനെതിരെ കോട്ടയത്തു നടന്ന സംഗമത്തില്‍ അത് അറിയിക്കുകയും ചെയ്തു. പക്ഷേ, ബില്ലിനെ എതിര്‍ക്കുന്നവര്‍ മാത്രമാണ് ഇതോടെ അടങ്ങിയത്. ബില്‍ നിയമമാക്കി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സഭയിലെത്തന്നെ വലിയൊരു വിഭാഗം സമരവും പ്രചരണവുമായി മുന്നോട്ടു പോവുകയാണ്. ഏഴിന് കോട്ടയത്ത് അവര്‍ നടത്തിയ റാലി, എട്ടിന് എറണാകുളത്ത് നടത്തിയ സെമിനാര്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ''പള്ളി സ്വത്തുനിയമം നടപ്പാക്കുന്നതും തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതും സഭയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിമോചന സമര ഭീഷണി മുഴക്കി സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള ഗൂഢനീക്കമാണ് നടന്നത്.'' ചര്‍ച്ച് ആക്റ്റ് ജോയിന്റ് കൗണ്‍സില്‍ പറയുന്നു. ''വിശ്വാസികളുടെ ഭൗതിക സ്വത്തുക്കളില്‍ അവര്‍ക്ക് അവകാശം നിഷേധിച്ച് ദുര്‍വിനിയോഗം ചെയ്യുകയും കച്ചവടം നടത്തി പണമുണ്ടാക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി തുടരാനാണ് ചിലര്‍ സഭയുടെ പേരില്‍ ബില്ലിനെതിരെ ഭീഷണി മുഴക്കുന്നത്.'' എന്നാല്‍, ക്രൈസ്തവസഭാ സ്ഥാപനങ്ങളിലും പള്ളികളിലും സ്വത്തു തര്‍ക്കമുണ്ടായാല്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം എന്ന വ്യവസ്ഥയാണ് എതിര്‍പ്പിനു പ്രധാന കാരണം എന്നാണ് സഭാ പക്ഷത്തുനിന്നുള്ള വാദം. കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സും (കെ.സി.ബി.സി) കത്തോലിക്കാ കോണ്‍ഗ്രസ്സും മറ്റും ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. സഭയുടെ സ്വത്തുക്കള്‍ സുതാര്യമായും കാര്യക്ഷമമായുമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തു സിവില്‍ നിയമങ്ങളും കോടതികളുമുണ്ട് എന്നീ വാദങ്ങളുടെ ഭാഗം തന്നെയാണ് ഇതും. ''കേരളത്തിലെ ക്രൈസ്തവ സഭകളുടെ സമ്പത്തും സ്ഥാപനങ്ങളും ഗവണ്‍മെന്റ് നിയന്ത്രണത്തിലാക്കാന്‍ കൊണ്ടുവരുന്ന ബില്ലാണ് ഇത്. സഭാ സ്വത്തുക്കളുടെ സുതാര്യവും നീതിപൂര്‍വ്വകവുമായ നടത്തിപ്പിനു വേണ്ടിയാണ് ബില്‍ കൊണ്ടുവരുന്നത് എന്നു ന്യായീകരിക്കുന്നവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സഭാ സ്വത്തുക്കളുടെ വിനിയോഗം നീതിപൂര്‍വ്വകവും സുതാര്യവുമല്ല എന്നല്ലേ. ഈ നിലപാട് അംഗീകരിക്കാനാകില്ല.'' താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്‍ എഴുതി. ചര്‍ച്ച് ആക്റ്റ് ബില്‍, യാഥാര്‍ത്ഥ്യമെന്ത് എന്ന ചോദ്യമുയര്‍ത്തി നടത്തിയ ക്യാംപെയിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിനു പ്രാര്‍ത്ഥനാ ദിനവും പ്രതിഷേധ ദിനവും ആചരിച്ചു. ''ഇപ്രകാരമൊരു നിയമമുണ്ടാക്കുന്നതിനു ന്യായീകരണമായി നിര്‍ദ്ദിഷ്ട ബില്ലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.'' പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കത്തോലിക്കാസഭയിലെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ കമ്മിഷനേയും അറിയിച്ചു. ''സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനു നിലവില്‍ ഒരു നിയമവുമില്ല എന്നു പറഞ്ഞിരിക്കുന്നത് തെറ്റാണ്. കത്തോലിക്കാസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഈ രാജ്യത്തു നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ട സഭാധികാരികളേയോ സിവില്‍ കോടതികളേയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂര്‍വ്വകമായും കൈകാര്യം ചെയ്യുന്നതിനും ദുരുപയോഗമോ ദുര്‍ഭരണമോ ഉണ്ടായാല്‍ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയ നിയമം വേണം എന്ന തെറ്റായ അടിസ്ഥാനത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.'' സര്‍ക്കുലറിലെ വിശദീകരണം ഇങ്ങനെ: ''ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതും ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതനിരപേക്ഷതയുടെ ചൈതന്യത്തിനു നിരക്കാത്തതും സഭാ സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും സമാധാനപൂര്‍ണ്ണമായ നടത്തിപ്പിനു വിഘാതമുണ്ടാക്കുന്നതുമായ നിയമനിര്‍മ്മാണ ശ്രമത്തില്‍നിന്ന് നിയമ പരിഷ്‌കരണ കമ്മിഷന്‍ പിന്മാറണം'' എന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതിന്റെ മുനയൊടിക്കുന്ന വെളിപ്പെടുത്തലാണ് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് നടത്തുന്നത്. ''സ്വത്തുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായാല്‍ പരാതിക്കാര്‍ക്ക് സമീപിക്കാന്‍ ട്രിബ്യൂണല്‍ ഉണ്ടാക്കണമെന്ന് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു സംവിധാനം നിലവിലില്ല. നിരവധി പള്ളികളില്‍ സ്വത്തു തര്‍ക്കങ്ങള്‍ നിരവധിയുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ബില്ല് കൊണ്ടുവരുന്നത്'' എന്നു പറയുന്ന അദ്ദേഹം, ഒളിക്കാനൊന്നുമില്ലെങ്കില്‍ പേടിക്കാനും ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 

മറച്ചുവയ്ക്കാനില്ലെങ്കില്‍ പേടിക്കുന്നതെന്തിന് ?

''ബിഷപ്പുമാര്‍ക്ക് ഇതിനോട് എതിര്‍പ്പുള്ളത് മനസ്സിലാക്കാം. കാരണം, എല്ലാ ബിഷപ്പുമാരുടേയും അധീനതയിലുള്ള സ്വത്തുക്കള്‍ ഓഡിറ്റിനു വിധേയമാക്കണമെന്നും സഭയ്ക്കുള്ളില്‍ പരസ്യപ്പെടുത്തണമെന്നും ഈ ബില്ലിലുണ്ട്. സാമാന്യഗതിയില്‍ അത് ബിഷപ്പുമാര്‍ക്ക് ഇഷ്ടപ്പെടില്ലല്ലോ. അതുകൊണ്ടാണ് അവര്‍ എതിര്‍ക്കുന്നത്. ബിഷപ്പുമാരുടെ ഒഴിച്ചുള്ള കണക്കുകളേ നോക്കാന്‍ പാടുള്ളുവെന്ന് ഞങ്ങളെങ്ങനെയാണ് പറയുന്നത്. സഭകളുടെ പണം ഏത് സ്രോതസ്സില്‍ നിന്നാണെങ്കിലും ആരില്‍ നിന്നാണെങ്കിലും അത് ഓഡിറ്റിനു വിധേയമായിരിക്കണം. ഓഡിറ്റ് റിപ്പോര്‍ട്ട് സഭ തന്നെ നിശ്ചയിക്കുന്ന ഒരു സമിതിക്കു മുന്നില്‍ സമര്‍പ്പിക്കണം.'' ജസ്റ്റിസ് കെ.ടി. തോമസ് വ്യക്തമാക്കുന്നു. ബില്ലിന്റെ കാതല്‍ എന്താണെന്നും എന്തുകൊണ്ട് ഒരേസമയം എതിര്‍പ്പും പിന്തുണയും ഉണ്ടാകുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു വ്യക്തം. ''ബില്‍ ഗവണ്‍മെന്റിലേക്ക് പോയിട്ടുപോലുമില്ല. നിയമ പരിഷ്‌കരണ കമ്മിഷന്‍ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊണ്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് ആറു വരെ അഭിപ്രായങ്ങള്‍ ഇ-മെയില്‍ മുഖേന അറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. കമ്മിഷന്‍ നിരവധി നിയമപരിഷ്‌കരണ ബില്ലുകള്‍ പരിഗണിക്കുന്നുണ്ട്. അതിലൊന്നു മാത്രമാണിത്. കമ്മിഷന്‍ കൊടുക്കുന്ന ശുപാര്‍ശകളില്‍ ഏതൊക്കെ സ്വീകരിക്കണം, സ്വീകരിക്കാതിരിക്കണം എന്നു തീരുമാനിക്കുന്നത് ഗവണ്‍മെന്റാണ്.''

ഇതുമായി ബന്ധപ്പെട്ടു രണ്ടു പക്ഷക്കാരെ കാണുന്നുണ്ടെന്നും കെ.ടി. തോമസ് ചൂണ്ടിക്കാട്ടുന്നു: ''ഒന്ന്, ഇപ്പോഴത്തെ ബില്ലിനെ അനുകൂലിക്കുന്നവരും ശക്തമായി എതിര്‍ക്കുന്നവരും. രണ്ടാമത്തേത്, വി.ആര്‍. കൃഷ്ണയ്യരുടെ ബില്ലായിരുന്നു ഇതിനേക്കാള്‍ കുറേക്കൂടി കരുത്തുള്ളത് എന്നു പറയുന്നവര്‍. കോട്ടയത്ത് റാലി നടത്തിയവര്‍ ഈ ബില്ല് പഴയ ബില്ലുപോലെയാക്കണം എന്ന് പറയുന്നവരാണ്.'' ബിഷപ്പുമാരെ രക്ഷിക്കാന്‍ ഗവണ്‍മെന്റിനു താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ ചെയ്‌തോട്ടെ. കമ്മിഷന്‍ കമ്മിഷന്റെ ജോലി ചെയ്യുകയാണ് എന്നു പറയുന്നതിനൊപ്പം മറ്റൊന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ''ഒരു മേശയ്ക്കു ചുറ്റും ഒരിക്കല്‍പ്പോലും ഒന്നിച്ചിരിക്കാത്ത ബിഷപ്പുമാരെല്ലാംകൂടി ഒന്നിച്ചു ചേരാന്‍ കമ്മിഷന്‍ കാരണമായതില്‍ സന്തോഷമുണ്ട്. യാക്കോബായ, ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരെ ഒന്നിച്ചു കൂട്ടാന്‍ പാത്രിയര്‍ക്കീസ് ബാവ നോക്കിയിട്ട് പറ്റിയില്ല. കമ്മിഷന്റെ ബില്ല് കണ്ടപ്പോള്‍ ഇവര്‍ ഒരിക്കലെങ്കിലും ഒന്നിച്ചുകൂടിയല്ലോ എന്ന സന്തോഷമുണ്ട്.''
2009-ല്‍ അന്നത്തെ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ആക്റ്റ് കുറേക്കൂടി സമഗ്രമായിരുന്നു എന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് അഭിപ്രായപ്പെടുന്നു. ''പക്ഷേ, അന്നത്തെ ഗവണ്‍മെന്റ് അത് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ ബില്ലും ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ട് ചെയ്തതായിരിക്കില്ല. കമ്മിഷന്‍ അതിന്റെ അധികാരമുപയോഗിച്ച് ബില്ല് തയ്യാറാക്കി സമര്‍പ്പിക്കുമ്പോള്‍ ഗവണ്‍മെന്റിന് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പക്ഷേ, ഇപ്പോഴത്തെ ബില്ല് പഴയ ബില്ലിനെക്കാള്‍ വെള്ളം ചേര്‍ത്തതാണ്. ഇതിനോടുപോലും ക്രൈസ്തവ സഭകള്‍ ഇങ്ങനെ അതിരൂക്ഷമായി പ്രതികരിക്കുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഞാന്‍ വായിച്ചിട്ട് അതില്‍ സഭകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നുമില്ല. എല്ലാ പള്ളികളും വ്യക്തമായും സുതാര്യമായും കണക്കുകള്‍ സൂക്ഷിക്കണം, ഓഡിറ്റ് ചെയ്യണം എന്നാണ് ബില്ലില്‍ പറയുന്നത്. ഗവണ്‍മെന്റ് നിയോഗിക്കുന്ന ഒരു കമ്മിഷനു മുന്നില്‍ കൊടുക്കേണ്ടിവരും. അത് സഭകളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് പറയുന്നത്. എല്ലാം സുതാര്യമാണെങ്കില്‍ പിന്നെ അതില്‍ പേടിക്കേണ്ട കാര്യമില്ലല്ലോ'' വി.ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന ആക്റ്റിലെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് ഇപ്പോഴത്തെ ബില്ല് കുറച്ചുകൂടി സമഗ്രമായി നടപ്പാക്കണം എന്ന് അദ്ദേഹവും ആവശ്യപ്പെടുന്നു. 
ഇപ്പോഴത്തെ ബില്ല് അപൂര്‍ണ്ണമാണെന്നും സഭാസ്വത്ത് നിയമപരമായി കൈകാര്യം ചെയ്യുക എന്ന ആവശ്യനിര്‍വ്വഹണത്തിന്  അപര്യാപ്തമാണെന്നുമാണ്  കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റേയും നിലപാട്. ''സന്ന്യാസ സഭകള്‍ ഏതുമാകട്ടെ, അവയുടെ സ്ഥാപനങ്ങള്‍ ഏത് ഇടവക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നോ ആ അടിസ്ഥാന ഘടകത്തിന്റ സാമ്പത്തിക നിയന്ത്രണത്തിനു കീഴില്‍ പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നും അതിനുള്ള നിയമങ്ങള്‍ ചര്‍ച്ച് ആക്റ്റില്‍ ഉള്‍പ്പെടുത്തുക, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2009-ലെ ബില്ല് നിയമപരിഷ്‌കരണ കമ്മിഷന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കുക, ഇടവക കണക്കുകള്‍ ഇടവക ജനറല്‍ ബോഡിയിലും രൂപതക്കണക്ക് രൂപതാ ജനറല്‍ ബോഡിയിലും വച്ച് പാസ്സാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന 2009-ലെ ബില്ലിലെ പതിമൂന്നാം വകുപ്പ് കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നു. 
ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുന്‍പ് 1930-ല്‍ ചര്‍ച്ച് ആക്റ്റ് നടപ്പാക്കിയിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്ന ചര്‍ച്ചകള്‍ ഇതിനിടെ സമൂഹമാധ്യമങ്ങളിലും നടന്നു. 1960-ല്‍ ആ നിയമം റദ്ദാക്കുകയായിരുന്നു. 2009-ലെ ചര്‍ച്ച് ബില്ലിലെ മികച്ച നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2019-ലെ ബില്‍ പുന:ക്രമീകരിക്കാന്‍ ആവശ്യപ്പെട്ട് നിയമ പരിഷ്‌കരണ കമ്മിഷന് അയക്കേണ്ട കത്തിന്റെ മാതൃക മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്റ്റ് ബില്‍ (മക്കാബി) സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ബില്‍ പൊളിക്കാന്‍ നടന്ന നീക്കങ്ങള്‍ക്കു സമാന്തരമായി ബില്ലിനു വേണ്ടിയും ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. ''നിങ്ങളോരോരുത്തരും നേരിട്ടും ഇടവകയിലെ വിശ്വാസികളെക്കൊണ്ടും ഈ കത്ത് നിങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇ-മെയില്‍ ആയും നേരിട്ടും കമ്മിഷന് അയച്ചുകൊടുക്കുക. പള്ളിയുടെ ലെറ്റര്‍ പാഡില്‍, ഓരോ പള്ളിയുടേയും വികാരി, ട്രസ്റ്റി എന്നിവരെക്കൊണ്ട് ഒപ്പിടുവിച്ച്, സീല്‍ ചെയ്ത്, സ്‌കാന്‍ ചെയ്ത് മെയില്‍ ചെയ്യണം. അതിന്റെ ഒറിജിനല്‍ നേരിട്ടും അയയ്ക്കണം'' എന്ന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. കമ്മിഷന്റെ ഇ-മെയില്‍ വിലാസവും തപാല്‍ വിലാസവും ബില്‍ അനുകൂലികള്‍ക്ക് ഇപ്പോള്‍ കാണാപ്പാഠം. ഒരുപടികൂടി കടന്ന് 2009-ലെ ബില്ലിന്റെ പൂര്‍ണ്ണരൂപം മലയാളത്തിലാക്കി  ലഘുലേഖാ രൂപത്തില്‍ മക്കാബി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആരാണ് പരമാധികാരി

സമൂഹ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ പൊതുസ്വഭാവം ബില്ലിന് അനുകൂലമായിരുന്നു. മാത്രമല്ല, എന്താണ് ബില്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ലളിതമായി പറഞ്ഞുകൊടുക്കാനും ഇത്തരം പോസ്റ്റുകള്‍ക്ക് കഴിഞ്ഞു. ''ചര്‍ച്ച ബില്‍ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കേരളത്തിലെ ക്രൈസ്തവ സഭാ തലവന്മാര്‍ പരക്കം പായുന്നതിനിടെ ഈ നിയമത്തെ ഒരു സാധാരണ വിശ്വാസിയുടെ കണ്ണിലൂടെ നമുക്കൊന്നു നോക്കിക്കാണാം. ഈ നിയമം അനുശാസിക്കുന്നതെന്തൊക്കെയാണ്? സഭാ സ്ഥാപനങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുക, അവയില്‍ എന്തെങ്കിലും തിരിമറി നടന്നു എന്നു തോന്നിയാല്‍ സഭാംഗങ്ങളായവര്‍ക്കു പരാതിപ്പെടാന്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിക്കുക. ഇതു രണ്ടുമാണ് പ്രധാനമായും ഈ ബില്ല് കൊണ്ടുദ്ദേശിക്കുന്നത്.

ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്‌
ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്‌

ഇതില്‍ എന്താണ് ക്രൈസ്തവര്‍ക്കെതിരായിട്ടുള്ളത് എന്ന് ഇതിനെ എതിര്‍ക്കുന്ന ബഹുമാനപ്പെട്ട പിതാക്കന്മാരും വൈദികരും ഒന്നു പറഞ്ഞു മനസ്സിലാക്കിയാല്‍ കൊള്ളാം'' എന്നാണ് ഒരു പോസ്റ്റ്. ''ഞങ്ങള്‍ നേര്‍ച്ചയായി നല്‍കുന്ന പണം അതിന്റെ കൃത്യമായ കണക്കുപോലും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ. ആ പണം ഉപയോഗിച്ച് നിങ്ങള്‍ കച്ചവടം നടത്തുകയോ, ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുകയോ എന്തു വേണേലും ചെയ്‌തോ, അതിന്റെ കൃത്യമായ ഒരു കണക്ക് ഞങ്ങളെ അറിയിച്ചുകൂടെ. അങ്ങനെ പറ്റില്ലാന്നു നിങ്ങളുടെ കാനോന്‍ നിയമത്തില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത്?'' ഇങ്ങനെ നീളുന്നു വിശ്വാസികളുടെ സമൂഹമാധ്യമ ചോദ്യങ്ങള്‍. ഈ ബില്ല് നിയമമാക്കിയതിന്റെ പേരില്‍ ഈ പിതാക്കന്മാരുടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാരുടെ വോട്ടുപോലും ആര്‍ക്കും നഷ്ടപ്പെടാന്‍ പോകുന്നില്ല എന്നു രാഷ്ട്രീയ നേതൃത്വത്തിനു താക്കീതുമുണ്ടായി. പക്ഷേ, മുഖ്യമന്ത്രി സഭാ നേതൃത്വത്തിനു മുന്നില്‍ നയം വ്യക്തമാക്കിയ പിന്നാലെ അതും പോര എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ജസ്റ്റിസ് കെടി തോമസ്
ജസ്റ്റിസ് കെടി തോമസ്

ബി.ജെ.പി കേരള നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ക്രിസ്ത്യന്‍ സഭകളുടേയും സ്ഥാപനങ്ങളുടേയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വച്ചുള്ള ബില്‍ എന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. ''ബില്‍ മാറ്റിവയ്ക്കുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടത്. ജനരോഷം ഭയന്നാണ് ബില്‍ മാറ്റിവയ്ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത്. 2009-ല്‍ കൊണ്ടുവന്ന ബില്ലും ജനരോഷം ഭയന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് 2017-ല്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ പഴയ ബില്‍ പൊടിതട്ടിയെടുത്ത് അഭിപ്രായം തേടി ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്ക് അയച്ചുകൊടുത്തു. അപ്പോഴും പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. ഭരണഘടനാപരമായി നിലനില്‍ക്കാത്തതുകൊണ്ട് രണ്ടുതവണ മാറ്റിവച്ച ബില്ലാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിലേക്കുള്ള കയ്യേറ്റമാണിത്.'' ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുകയല്ല, സഭയ്ക്കുള്ളില്‍ത്തന്നെ അഭിപ്രായവ്യത്യാസമുള്ള കാര്യത്തില്‍ സംശയരഹിതമായ മറ്റൊരു അഭിപ്രായവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''ക്രൈസ്തവ സ്ഥാപനങ്ങളുടേയും പള്ളികളുടേയും കണക്കുകള്‍ വളരെ ചിട്ടയോടും സുതാര്യമായും ഓഡിറ്റിംഗിനു വിധേയമാക്കിയാണ് മുന്നോട്ടു പോകുന്നത്.'' 

ക്രൈസ്തവസഭയുടെ സ്വത്തുക്കളുടെ ആത്യന്തിക ഉടമ പോപ്പ് ആണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളാണ് ബാധകമെന്നും വ്യവസ്ഥ ചെയ്യുന്ന കാനോന്‍ നിയമത്തിന്റെ കാമ്പ് ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൂടിയാണ് ഇപ്പോഴത്തെ വിവാദത്തിലും സംഭവിക്കുന്നത്. കാലങ്ങളായി പല ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന പല ചര്‍ച്ചകളിലും കാനോന്‍ നിയമം ചോദ്യം ചെയ്യപ്പെട്ടെങ്കിലും അതിന്റെ അപ്രമാദിത്വത്തിനു പോറലേറ്റിട്ടില്ല. ''കാനോന്‍ നിയമം രാജ്യത്തെ നിയമത്തിനു വിധേയമായിരിക്കണം. വിശ്വാസികള്‍ പള്ളിക്കും ഇടവകയ്ക്കും വേണ്ടി ആര്‍ജ്ജിക്കുന്ന ഭൗതിക സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാനോന്‍ നിയമത്തില്‍ വിശ്വാസികള്‍ക്ക് യാതൊരു പങ്കുമില്ല. അതിനാലാണ് പുതിയ നിയമം ആവശ്യമാകുന്നത്. മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും രാജ്യനിയമപ്രകാരം പ്രത്യേകം സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ ക്രിസ്ത്യാനികള്‍ക്കു മാത്രം അതു നിഷേധിക്കാന്‍ പ്രാദേശിക സഭകള്‍ക്ക് യാതൊരു അവകാശവുമില്ല. വിശ്വാസികളില്ലാതെ സഭ ഇല്ലെന്ന വസ്തുത സഭ മനസ്സിലാക്കണം'' ചര്‍ച്ച് ആക്റ്റ് ജോയിന്റ് കൗണ്‍സില്‍ കണ്‍വീനറും ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റുമായ അഡ്വ. എ. ജെയിംസ് ഫെര്‍ണാണ്ടസ് പറയുന്നു. എന്നാല്‍, സഭാ നിയമങ്ങളും സിവില്‍ നിയമങ്ങളുമുള്ളതുകൊണ്ട് മറ്റു മതവിഭാഗങ്ങളുടേതുപോലുള്ള സംവിധാനങ്ങള്‍ അപ്രസക്തമാണ് എന്ന വാദം അതിശക്തമായാണ് കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ്) ഉന്നയിക്കുന്നത്. ''വഖഫ് ബോര്‍ഡിനേയും ദേവസ്വം ബോര്‍ഡിനേയും ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ കാര്യത്തില്‍ സമാന സംവിധാനങ്ങള്‍ എന്തുകൊണ്ട് പാടില്ല എന്നു ചോദിക്കുന്നത് യുക്തിസഹമല്ല.

വഖഫ് ബോര്‍ഡുകളും ദേവസ്വം ബോര്‍ഡുകളും സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവ സഭകളുടെ സ്വത്തിന്റേയും സ്ഥാപനങ്ങളുടേയും കാര്യത്തില്‍ നിലവിലുള്ളത്. ഭരണഘടന നല്‍കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും സുതാര്യവും നീതിപൂര്‍വ്വകവുമായ ഭരണം ഉറപ്പാക്കുന്നതിന് ആവശ്യമായ സഭാ നിയമങ്ങളും സിവില്‍ നിയമങ്ങളും ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും കാര്യത്തില്‍ അത്തരം സംവിധാനങ്ങളെ അനാവശ്യവും അപ്രസക്തവുമാക്കുന്നു'' കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ റവ. ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു.

കമ്മിഷന്‍ അതിന്റെ ജോലി നിര്‍വ്വഹിക്കുമെന്നും ബാക്കി ഗവണ്‍മെന്റ് തീരുമാനിക്കട്ടെ എന്നും ജസ്റ്റിസ് കെ.ടി. തോമസ് അടിവരയിടുന്നതില്‍ ഗവണ്‍മെന്റിനു നാളത്തേയ്ക്കു മാറ്റിവച്ച സ്വാഭാവിക കുരുക്കുണ്ട്. ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസിന്റെ വാചകം പ്രസക്തമാവുകയും ചെയ്യുന്നു: ''ന്യൂനപക്ഷാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണ് ചര്‍ച്ച് ആക്റ്റിനുള്ള നീക്കം എന്നു പറയുന്നതിനോടു യോജിപ്പില്ല. കാരണം, ന്യൂനപക്ഷാവകാശം എന്നത് കണക്കു കൊടുക്കാതിരിക്കാനും കണക്ക് ബോധ്യപ്പെടുത്താതിരിക്കാനുമുള്ള അവകാശമല്ല. അഴിമതി നടത്താനുള്ള അവകാശമായി അതിനെ കാണാനുമാകില്ല.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com