പെണ്ണുങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങള്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് ഇടതുമുന്നണിയാണ്. സി.പി.എമ്മിന് 16, സി.പി.ഐക്ക് നാല്. സി.പി.ഐയുടെ പട്ടികയില്‍ നാലും ആണുങ്ങള്‍. സി.പി.എമ്മില്‍ രണ്ടു സ്ത്രീകള്‍.
പെണ്ണുങ്ങള്‍ തിരസ്‌കരിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് ഇടതുമുന്നണിയാണ്. സി.പി.എമ്മിന് 16, സി.പി.ഐക്ക് നാല്. സി.പി.ഐയുടെ പട്ടികയില്‍ നാലും ആണുങ്ങള്‍. സി.പി.എമ്മില്‍ രണ്ടു സ്ത്രീകള്‍. 15 സീറ്റില്‍ മത്സരിച്ച 2014-ലെ തെരഞ്ഞെടുപ്പിലും സി.പി.എം രണ്ടു സ്ത്രീകളെ മത്സരിപ്പിച്ചു. പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ പി.കെ. ശ്രീമതിയും മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്ത് പി.കെ. സൈനബയും. ജയിച്ചത് പി.കെ. ശ്രീമതി മാത്രം. തുല്യതാചര്‍ച്ചകള്‍ക്കും വനിതാമതിലിനും ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ട് ഇടതുപക്ഷത്തു സ്ത്രീ പ്രാതിനിധ്യം കൂടുതലാകുമെന്ന് പൊതുവേ പ്രതീക്ഷയുണ്ടായി. എന്നാല്‍, പി.കെ. ശ്രീമതിക്ക് നിലവിലെ സീറ്റ് കൊടുത്തതിനു പുറമേ പത്തനംതിട്ട യു.ഡി.എഫില്‍നിന്നു പിടിച്ചെടുക്കുക എന്ന ഭാരിച്ച ചുമതലയിലേക്ക് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിനെ നിയോഗിക്കുക മാത്രമാണ് ചെയ്തത്. 

നിലവില്‍ നിയമസഭാംഗങ്ങളായ രണ്ടു പേരെ സി.പി.ഐയും നാലു പേരെ സി.പി.എമ്മും മത്സരത്തിന് ഇറക്കിയിട്ടുണ്ട്. അരൂര്‍ എം.എല്‍.എ എ.എം. ആരിഫിനെ മത്സരിപ്പിക്കുന്ന ആലപ്പുഴയില്‍ മുന്‍ മാവേലിക്കര എം.പി സി.എസ്. സുജാതയ്ക്ക് സീറ്റു കൊടുക്കുമെന്ന ചര്‍ച്ചകളുണ്ടായിരുന്നു. സി.പി.ഐയുടെ മുതിര്‍ന്ന നേതാവായ സി. ദിവാകരനെ നെടുമങ്ങാട് എം.എല്‍.എ ആയിരിക്കെത്തന്നെ തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കിയതിലുമുണ്ട് ഇതേ സ്വഭാവമുള്ള മറ്റൊരു ചോദ്യം. സി.പി.ഐയുടെ ദേശീയ നേതാവ് ആനിരാജയ്ക്ക് എന്താണ് അയോഗ്യത? പക്ഷേ, പത്രത്താളുകളില്‍നിന്ന്  സി.പി.ഐയുടെ ചര്‍ച്ചകളിലേക്ക് അവരുടെ പേര് കാര്യമായി ചെന്നുകയറിയില്ല. മത്സരിച്ചാലല്ലേ ജയിക്കുകയുള്ളു, ജയിക്കണമെങ്കില്‍ പാര്‍ട്ടികള്‍ സീറ്റു കൊടുക്കണം. 

കേരളം പിറക്കുന്നതിനു മുന്‍പ്, 1951-ല്‍ സ്വതന്ത്ര ഇന്ത്യയിലെ ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ തിരുവനന്തപുരം മണ്ഡലമായ പഴയ തിരു-കൊച്ചിയില്‍നിന്ന് ലോക്സഭയിലേക്ക് ജയിച്ചുപോയത് ആനി മസ്‌ക്രീനാണ്. പക്ഷേ, പിന്നീടൊരിക്കലും തിരുവനന്തപുരത്തു നിന്നൊരു സ്ത്രീയെ ലോക്സഭയിലേക്ക് കോണ്‍ഗ്രസ്സ് അയച്ചിട്ടില്ല. അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്ത് മാസങ്ങള്‍ക്കു മുന്‍പു വരെ സോണിയ ഗാന്ധി എന്ന സ്ത്രീ ആയിരുന്നു; ഇപ്പോഴും അവര്‍ അവസാന വാക്കാണ്. പുതിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീകളുടെ പങ്കാളിത്ത കാര്യത്തില്‍ പ്രഖ്യാപിത നിലപാടുള്ളയാളും അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണസഭകളില്‍ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കും എന്നത് തെരഞ്ഞെടുപ്പു വാഗ്ദാനമായി നല്‍കുന്നയാളുമാണ്. ഇതിനൊക്കെ പുറമേ, പ്രിയങ്ക ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി പ്രചാരണത്തിന് ഇറക്കി രാജ്യത്തെ സ്ത്രീമനസ്സുകളെ ഇളക്കാന്‍ തീരുമാനമെടുത്ത പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്സ്. പക്ഷേ, കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ 16-ല്‍ രണ്ടു മാത്രം. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആലത്തൂരില്‍ രമ്യ ഹരിദാസും മത്രം. 

ആര്‍.എസ്.പി യു.ഡി.എഫിലേക്ക് പോകുന്നതിനു മുന്‍പ് 17 സീറ്റുകളില്‍ മത്സരിച്ചിരുന്നപ്പോഴും കോണ്‍ഗ്രസ്സ് അടുത്തകാലത്തെങ്ങും ഒരു സ്ത്രീയെ ലോക്സഭയിലേക്കു വിട്ടിട്ടില്ല. 2014-ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ബിന്ദു കൃഷ്ണയും (ആറ്റിങ്ങല്‍), കെ.എ. ഷീബയും (ആലത്തൂര്‍) മത്സരിച്ചിരുന്നു. 

''രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്റെ മേലാള ഭാവം തെളിഞ്ഞു കാണുന്ന സമയമാണ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മിറ്റികളില്‍, അതുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതികളില്‍ സ്ത്രീയുണ്ടോ എന്നു നമ്മള്‍ ചോദിക്കാറില്ല. ഈ സമിതികളിലൊക്കെ പുരുഷന്മാര്‍തന്നെയാകും ഉണ്ടാവുക'' എഴുത്തുകാരിയായ എസ്. ശാരദക്കുട്ടിയുടെ വിമര്‍ശനം ഇങ്ങനെ. ''ഞങ്ങളൊക്കെ ഉണ്ടു കഴിഞ്ഞിട്ട് ബാക്കിയുണ്ടെങ്കില്‍ നിങ്ങളുണ്ടാല്‍ മതി എന്ന പഴയ ഫ്യൂഡല്‍ കാലത്തെ സമീപനംപോലെ തന്നെയാണ് രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്റെ മേലാള ഭാവം. ഇവര്‍ക്ക് തികയില്ല. അതു നോക്കി നിന്നാല്‍ കിട്ടുകയുമില്ല. വളരെ മുതിര്‍ന്ന നേതാക്കള്‍പോലും അധികാരത്തോട് എത്ര വലിയ ആര്‍ത്തിയാണ് കാണിക്കുന്നത്'' അവര്‍ ചൂണ്ടിക്കാട്ടുന്നു.

സംവരണം
പാര്‍ട്ടിയിലില്ല

കോണ്‍ഗ്രസ്സ് ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും സ്ത്രീകളില്ല. മുസ്ലിം ലീഗിന്റെ രണ്ടു പേരും കേരള കോണ്‍ഗ്രസ്സ് മാണിയുടേയും ആര്‍.എസ്.പിയുടേയും ഓരോരുത്തരും പുരുഷ സ്ഥാനാര്‍ത്ഥികള്‍ തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫില്‍നിന്ന് സ്ത്രീകളെ മത്സരിപ്പിച്ചത് പതിവുപോലെ കോണ്‍ഗ്രസ്സ് മാത്രം. പക്ഷേ, ജയിക്കില്ലെന്ന് ഉറപ്പുള്ളതു നോക്കിയാണെന്നു മാത്രം; എല്ലാവരും കൃത്യമായി തോല്‍ക്കുകയും ചെയ്തു. കാഞ്ഞങ്ങാട്ട് ധന്യ സുരേഷ്, മാനന്തവാടിയില്‍ പി.കെ. ജയലക്ഷ്മി, ഷൊര്‍ണൂരില്‍ സി. സംഗീത, ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, ആലപ്പുഴയില്‍ ലാലി വിന്‍സെന്റ്, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍. സീറ്റ് കിട്ടിയില്ലേന്നു ചോദിച്ചാല്‍ കിട്ടി. അത്രതന്നെ. നിയമസഭയിലെ എട്ട് വനിതാ സാമാജികരില്‍ ഒരാള്‍പോലും യു.ഡി.എഫില്‍നിന്നല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍നിന്നുകൊണ്ടു വേണം ലോക്സഭയിലേക്ക് പരിഗണിക്കുന്ന സ്ത്രീകളുടെ എണ്ണവും അവര്‍ക്ക് കോണ്‍ഗ്രസ്സ് നല്‍കുന്ന നിയോജക മണ്ഡലവും കാണാന്‍.

രമ്യാ ഹരിദാസ്
രമ്യാ ഹരിദാസ്

മന്ത്രിമാരായ കെ.കെ. ഷൈലജ, ജെ. മേഴ്സിക്കുട്ടി എന്നിവരും വീണാ ജോര്‍ജ്ജ്, യു. പ്രതിഭ, പി. അയിഷാ പോറ്റി എന്നിവരുമായി സി.പി.എമ്മിന് നിയമസഭയില്‍ അഞ്ച് സ്ത്രീ സാമാജികരുണ്ട്. സി.പി.ഐക്ക് ഇ.എസ്. ബിജിമോള്‍, സി.കെ. ആശ, ഗീതാ ഗോപി എന്നിവരും. സുല്‍ത്താന്‍ ബത്തേരിയില്‍ രുഗ്മിണി ബാലകൃഷ്ണനും കുറ്റിയാടിയില്‍ കെ.കെ. ലതികയും മലപ്പുറത്ത് കെ.പി. സുമതിയും തൃത്താലയില്‍ സുബൈദ ഇസ്ഹാക്കും വടക്കാഞ്ചേരിയില്‍ മേരി തോമസും കുന്നത്തുനാട്ടില്‍ ഷിജി ശിവജിയും വട്ടിയൂര്‍ക്കാവില്‍ ടി.എന്‍. സീമയും സി.പി.എം സ്ഥാനാര്‍ത്ഥികളായിരുന്നു. അവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ 12 സ്ത്രീ സ്ഥാനാര്‍ത്ഥികള്‍. പറവൂരില്‍ ശാരദാ മോഹന്‍ സി.പി.ഐയുടേയും കോവളത്ത് ജമീല പ്രകാശം ജെ.ഡി.എസ്സിന്റേയും സ്ഥാനാര്‍ത്ഥിയായി. എതിരെ നില്‍ക്കുന്നത് കോണ്‍ഗ്രസ്സും മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്സ് മാണിയും മറ്റുമായതുകൊണ്ട് ഇടതുപക്ഷം നല്‍കുന്ന സ്ത്രീപ്രാതിനിധ്യത്തിനു തിളക്കം കൂടുതലാണ്. പക്ഷേ, തോറ്റവരില്‍ ഓരോ സ്ഥാനാര്‍ത്ഥികളേയും പ്രത്യേകമെടുത്തു നോക്കിയാല്‍ അവരില്‍ ഭൂരിപക്ഷവും ജയം ഉറപ്പുള്ള സീറ്റിന് അര്‍ഹതയുള്ളവരാണ് എന്നു മനസ്സിലാകും. 

മൂന്നു വര്‍ഷം പിന്നിട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്തുന്നതിനിടെ സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന വിധി വന്നു കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലങ്ങിമറിയുകയും ചെയ്തു. അതിന്റെ ആഴവും പരപ്പും അതില്‍ സി.പി.എമ്മും സി.പി.ഐയും എല്‍.ഡി.എഫും ഇടത് സര്‍ക്കാരും സ്വീകരിച്ച അതിശക്തമായ നിലപാടുമായിക്കൂടി ചേര്‍ത്തുവേണം ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടികയെ കാണാന്‍. അതുകൊണ്ടാണ് ഇത്ര പോരായിരുന്നു എന്ന വിമര്‍ശനം ഇടതുപക്ഷ സഹയാത്രികരില്‍നിന്നുതന്നെ ഉയരുന്നത്. നിയമപരമായ സംവരണം നടപ്പായാല്‍ മാത്രമേ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍ ലഭിക്കുകയുള്ളൂവെന്ന് മുന്‍ എസ്.എഫ്.ഐ നേതാവും സുപ്രീംകോടതി അഭിഭാഷകയുമായ രശ്മിതാചന്ദ്രന്‍ പറയുന്നു. ''ജനസംഖ്യയില്‍ പകുതിയോളം വരുന്നവരായിട്ടുകൂടി സ്ത്രീകള്‍ക്കെന്തിനു നിയമനിര്‍മ്മാണ സഭകളില്‍ പ്രാതിനിധ്യം കൊടുക്കണം എന്നാണ് പുരുഷമേധാവിത്വപരമായ രാഷ്ട്രീയ നേതൃത്വത്തിന്റെ ചിന്ത. 33 ശതമാനം സംവരണം വരണമെങ്കില്‍പ്പോലും 50 ശതമാനം സ്ത്രീകള്‍ പാര്‍ലമെന്റിലെത്തണം എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ തവണ വനിതാ സംവരണ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ഉണ്ടായ ബഹളം രാജ്യം കണ്ടതാണ്. എല്ലാ തവണയും വാഗ്ദാനം നല്‍കുകയും അവസാനം നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ അതില്‍നിന്നു പിന്മാറുകയുമാണ് ചെയ്യുന്നത്'' രശ്മിത ചൂണ്ടിക്കാണിക്കുന്നു. 

പികെ ശ്രീമതി
പികെ ശ്രീമതി

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി മത്സരിച്ചത് 269 പേര്‍. അതില്‍ പുരുഷന്മാര്‍ 242, സ്ത്രീകള്‍ 27. ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ (പാലക്കാട്), ഗിരിജാ കുമാരി (ആറ്റിങ്ങല്‍), ആലത്തൂരില്‍ ബി.എസ്.പിയുടെ പ്രേമകുമാരി, പത്തനംതിട്ടയില്‍ സെലീന പ്രക്കാനം, എറണാകുളത്ത് ആം ആദ്മി പാര്‍ട്ടിയുടെ അനിതാ പ്രതാപ്, മാവേലിക്കരയില്‍ എസ്.യു.സി.ഐയുടെ ശശികല കെ.എസ്., ആറ്റിങ്ങലില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രിയാ സുനില്‍ തുടങ്ങി കേരളത്തിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു തുടങ്ങിയിട്ടില്ലാത്ത പാര്‍ട്ടികളുടെ സ്ത്രീ സ്ഥാനാര്‍ത്ഥികളുമുണ്ടായി. മത്സരിച്ച 242 പുരുഷന്മാരില്‍നിന്ന് 19 പേര്‍ ലോക്സഭയില്‍ എത്തിയപ്പോള്‍ 27 സ്ത്രീകളില്‍നിന്ന് ജയം കണ്ടത് ഒരാള്‍ മാത്രം, പി.കെ. ശ്രീമതി. 242-ല്‍ 36 പേര്‍ രണ്ടു പ്രധാന മുന്നണികളെ പ്രതിനിധീകരിച്ചവര്‍; 27 സ്ത്രീകളില്‍ രണ്ട് പ്രധാന മുന്നണികളെ പ്രതിനിധീകരിച്ചത് നാലു പേര്‍. അതാണ് വ്യത്യാസം. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ വി.റ്റി. രമയും പാലക്കാട് ശോഭാ സുരേന്ദ്രനും ഗുരുവായൂരില്‍ അഡ്വ. നിവേദിതയും ആലുവയില്‍ ലതാ ഗംഗാധരനും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായിരുന്നു. ആരും ജയിച്ചില്ല. പക്ഷേ, അതിനുശേഷം മൂന്നു വര്‍ഷത്തിനിടെ ബി.ജെ.പി കേരളത്തില്‍നിന്ന് മൂന്നു പേരെ രാജ്യസഭയിലേക്കു പരിഗണിച്ചു, ഒരാളെ ഗവര്‍ണറാക്കി. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എന്നിവര്‍ രാജ്യസഭാംഗങ്ങളും കുമ്മനം രാജശേഖരന്‍ ഗവര്‍ണറുമായി. സ്ത്രീപ്രാതിനിധ്യം പൂജ്യം. ''ഏതു പാര്‍ട്ടിയുടെ കാര്യത്തിലായാലും നിയമനിര്‍മ്മാണ സഭകളിലേക്ക് സ്ത്രീകളെ പരിഗണിക്കാതിരിക്കുന്നത് ഇപ്പോഴുള്ള ഒരു കാര്യമല്ല. കാലങ്ങളായി അങ്ങനെ തന്നെയാണ്. പക്ഷേ, മുന്‍പത്തെക്കാള്‍ അങ്ങനെ പരിഗണിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുപോയോ എന്ന ആശങ്കയാണുള്ളത്. ഭരണഘടന നല്‍കുന്ന തുല്യാവകാശത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന കാലത്തുപോലും ഇങ്ങനെയാണ് എന്നത് അങ്ങേയറ്റം സങ്കടം തെന്നയാണ്'' സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് പറയുന്നു.

വിവേചനത്തിന്റെ
പെണ്‍രാഷ്ട്രീയം

''ജനസംഖ്യയിലും വോട്ടര്‍മാരുടെ എണ്ണത്തിലും സ്ത്രീകളും പുരുഷന്മാരും ഏകദേശം തുല്യമാണിപ്പോള്‍. പക്ഷേ, അതിനൊത്ത പ്രാതിനിധ്യം സ്ത്രീകള്‍ക്കു ലോക്സഭയിലോ രാജ്യസഭയിലോ നിയമസഭകളിലോ ഇതുവരെ ഉണ്ടായിട്ടില്ല. ഏതു പാര്‍ട്ടിയിലേയും സ്ത്രീകള്‍ അധികാരത്തിലിരിക്കുമ്പോള്‍ അവരുടെ കഴിവ് നാടിനു കാണിച്ചുകൊടുത്തിട്ടുള്ളവരാണ്. നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നത് 1994 മുതല്‍ പറയുന്നതാണ്. വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നതിനോ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനോ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നു മതിയായ ശ്രമമുണ്ടാകാത്തതാണ് കാരണം. ഇടതുപക്ഷ പാര്‍ട്ടികളടക്കം ഒരു പാര്‍ട്ടിയും ഇക്കാര്യം ശരിയായ വിധത്തില്‍ കണക്കിലെടുത്തു കാണുന്നില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ കഴിഞ്ഞ ദിവസം വന്നപ്പോഴും പറഞ്ഞത് അധികാരത്തിലെത്തിയാല്‍ 33 ശതമാനം സംവരണം ഉറപ്പാക്കും എന്നാണ്. അവരുടെ കയ്യില്‍ അധികാരം ഇരുന്നപ്പോഴാണ് സംവരണ ബില്‍ പലവട്ടം വന്നത്. അന്നൊന്നും അത് പാസ്സാക്കാന്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാണിച്ചില്ല'' ഹൈക്കോടതി അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ടി.ബി. മിനി നിരീക്ഷിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ സാമൂഹിക ഇടപെടലുകള്‍ക്കും പോരാട്ടങ്ങള്‍ക്കും കുറച്ചുകൂടി മുന്‍തൂക്കം കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും രാഷ്ട്രീയ നേതൃത്വത്തില്‍നിന്നു കൂടുതല്‍ പരിഗണന ലഭിക്കും എന്നാണ് സമീപകാലത്ത് സി.പി.ഐയില്‍ ചേര്‍ന്ന ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. 

''സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വലിയുന്ന സ്വഭാവം പൊതുവേയുണ്ട്. ഞാനിതിന് യോഗ്യയാണോ എന്നു സ്ത്രീകള്‍ക്കു തന്നെ സംശയം, മടി; അവര്‍ക്ക് അവരെത്തന്നെ വിശ്വാസമില്ലായ്മ. അതൊരു കാരണമാണ്. പ്രവൃത്തികള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഒരുപാടു പേരുണ്ട്. അവര്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തനങ്ങളിലൂടെ ഉയരണം. കുറേക്കൂടി ശക്തമായി മുന്നോട്ടു വരണം. അങ്ങനെയൊരു വരാന്‍ പറ്റായ്കതന്നെയുണ്ട്. തെരഞ്ഞെടുപ്പു വരുമ്പോഴാണ് അത് ഏറ്റവുമധികം പ്രതിഫലിക്കുന്നത്. അപ്പോഴെന്തു പറ്റുമെന്നു ചോദിച്ചാല്‍, ഒരു വിശ്വാസമില്ലായ്മ പാര്‍ട്ടികള്‍ക്കുണ്ടാകും. സ്ഥാനാര്‍ത്ഥി ആക്കിയാലും എത്രമാത്രം ജനങ്ങളുടെ മനസ്സില്‍ ഇവര്‍ വേരുറച്ചിട്ടുണ്ട് എന്നുള്ള ഒരു സംശയം. സ്ത്രീകള്‍ കുറച്ചുകൂടി ആത്മവിശ്വാസത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം. വോട്ടര്‍മാര്‍ക്ക് സ്ത്രീകളോടു വിശ്വാസം വര്‍ദ്ധിക്കുന്ന സ്ഥിതി വരണം. ഒരു ചാനല്‍ ചര്‍ച്ചയില്‍പ്പോലും സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ എണ്ണം കുറവാണ്. ഒരു വിശ്വാസമില്ലായ്മ പൊതുസമൂഹത്തിനുമുള്ളതുകൊണ്ടാണ് അങ്ങനെ. അതോടെ നേതൃത്വത്തിനും വിശ്വാസമില്ലായ്മ വരും'' അവര്‍ പറയുന്നു. സ്ത്രീകള്‍ പോരാ, വിചാരിച്ചത്ര ഇറങ്ങി വരില്ല എന്നൊരു ചിന്തയുള്ളത് പൊതുസമൂഹത്തിനാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് വിധു വിന്‍സെന്റ്. ''രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും സാമൂഹിക പ്രവര്‍ത്തനത്തിന്റെ കാര്യത്തിലായാലും സിനിമാ പ്രവര്‍ത്തനത്തിലായാലും ആണുങ്ങളില്‍ അല്ലെങ്കില്‍ പൊതുസമൂഹത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സമീപനമാണിത്. ഈ ആശങ്കയും ഇത്തരത്തിലുള്ള തെരഞ്ഞെടുക്കലുകളില്‍ നിര്‍ണ്ണായകമായി വരാറുണ്ട്. തെരഞ്ഞെടുപ്പു പ്രക്രിയയിലായാലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലായാലും സ്ത്രീകള്‍ അവസാനം വരെ കൂടെ നില്‍ക്കുമോ എന്ന സംശയവും ആരോപണവും ബഹുഭൂരിപക്ഷം സ്ത്രീകളും കേള്‍ക്കേണ്ടിവരാറുണ്ട്. രാഷ്ട്രീയത്തില്‍ കഴിവു തെളിയിച്ച എത്രയോ സ്ത്രീകളുണ്ട്. അപ്പോള്‍പോലും ഈ ആശങ്കയ്ക്കപ്പുറത്തേക്ക് ചാടിക്കടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്ത്രീകള്‍ക്ക് കാര്യക്ഷമതയില്ല എന്ന ചിന്ത സമൂഹത്തില്‍ ഇപ്പോഴും രൂഢമൂലമാണ്. ഇത് സമൂഹത്തിന്റെ പൊതുമനസ്സിന്റെ പ്രശ്‌നമാണ്; ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള ജാഗ്രതയില്ലായ്മകൊണ്ടോ സൂക്ഷ്മതയില്ലായ്മകൊണ്ടോ സ്ത്രീരാഷ്ട്രീയത്തിന്റെ അഭാവം കൊണ്ടോ ഉണ്ടാകുന്നതാണ്. ആ സംഗതിയെ തോല്പിക്കാനും മറികടന്നു പോകാനും സ്ത്രീകള്‍ക്ക് ആയിട്ടില്ല എന്നതും ഒരു പ്രശ്‌നം തെന്നയാണ്'' അവര്‍ പറയുന്നു. 

ആനി മസ്‌ക്രീന്‍
ആനി മസ്‌ക്രീന്‍

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കകത്തുള്ള സ്ത്രീകള്‍ എന്തുകൊണ്ട് ഈ വിവേചനം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നില്ലെന്ന്  കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ മുഖ്യ സംഘാടക വിജി ചോദിക്കുന്നു. ''ഇത് ഏറ്റവുമധികം ആവശ്യപ്പെടേണ്ടത് പാര്‍ട്ടികള്‍ക്കുള്ളിലെ സ്ത്രീകളാണ്. പാര്‍ട്ടികള്‍ക്കു പുറത്തു നില്‍ക്കുന്ന ഞങ്ങളെക്കാള്‍ ശക്തമായ അവകാശബോധമുള്ളവരാണ് ശോഭാ സുരേന്ദ്രനായാലും ഷാനിമോള്‍ ഉസ്മാനായാലുമൊക്കെ. സി.പി.എമ്മിലാണെങ്കില്‍ വൃന്ദാ കാരാട്ട് മുതലുള്ളവര്‍ രാഷ്ട്രീയമായും അവകാശബോധത്തിന്റെ കാര്യത്തിലും എത്രയോ ശക്തരാണ്. എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ക്കകത്തുള്ള സ്ത്രീകള്‍ക്ക് ഇതിനെതിരെ ശബ്ദിക്കാനോ സംവരണം വേണമെന്നുപോലുമോ പറയാന്‍ കഴിയാത്തത്. പുറത്തുനില്‍ക്കുന്ന സ്ത്രീപക്ഷക്കാരെ മാത്രം വേണോ ഇതൊക്കെ പറയാന്‍? ഏതു പാര്‍ട്ടിയിലും വന്‍തോതില്‍ സ്ത്രീപ്രവര്‍ത്തകരുണ്ട്. അവര്‍ അവകാശവാദം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യണം. മനുഷ്യരായി അംഗീകരിക്കുക, തൊഴിലാളികളായി അംഗീകരിക്കുക എന്നൊക്കെയാണ് ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍. പാര്‍ട്ടികള്‍ക്ക് അകത്തുള്ള സ്ത്രീകളെ മനുഷ്യരായി പരിഗണിക്കുക എന്ന് ഇപ്പോള്‍ പറയേണ്ട സ്ഥിതിയാണ്'' വിജി പറയുന്നു. ''ഘടകകക്ഷികള്‍ പറയുന്നുണ്ടല്ലോ ഇത്ര സീറ്റ് വേണമെന്ന്. അതുപോലെ സ്ത്രീകളും പറയണം. അല്ലാതെ സാധ്യതയില്ല. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നു പറയുന്നതുപോലെ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊരുതാന്‍ തയ്യാറാണെങ്കില്‍ നേടിയെടുക്കാന്‍ പറ്റും. പാര്‍ട്ടികള്‍ക്കുള്ളില്‍ ആ തരത്തില്‍ അംഗീകാരം കിട്ടിയില്ലെങ്കില്‍ പുറത്തേക്ക് വരട്ടെ. എന്നിട്ട് സ്ത്രീകളുടെ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാകട്ടെ. നമുക്ക് ഘടകകക്ഷികളെപ്പോലെ സീറ്റുകള്‍ ആവശ്യപ്പെടാം'' എന്നും വിജി. 

സ്ത്രീസംവരണ നിയമത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സ്ത്രീകളെ കഴിയുന്നത്ര പരിഗണിക്കുകയാണ് വേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര ചൂണ്ടിക്കാണിക്കുന്നു. '33 ശതമാനം സംവരണം പറഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇതാണ് തങ്ങളുടെ നിലപാടെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നു. പക്ഷേ, കാര്യത്തോട് അടുക്കുമ്പോള്‍ നേരെ വിപരീതമാണ് നിലപാട്. പാര്‍ട്ടികള്‍ക്കു സ്വയം തീരുമാനിക്കാന്‍ സംവരണ ബില്ല് നിയമമാകാന്‍ കാത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ഇടതുമുന്നണിയുടെ 20 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേരാണുള്ളത്. ഏറ്റവും വലിയ നവോത്ഥാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത പുരോഗമന രാഷ്ട്രീയപ്പാര്‍ട്ടിയായ സി.പി.എമ്മും സി.പി.ഐയും എടുത്ത നിലപാടാണിത്. സി.പി.ഐയുടെ നാലു പേരില്‍ ഒരാളുമില്ല സ്ത്രീ. ലജ്ജാകരമാണിത്. സ്ത്രീകള്‍ ശബരിമലയില്‍ കയറണം എന്ന ശക്തമായ നിലപാടാണ് സി.പി.ഐ എടുത്തതെന്നോര്‍ക്കണം'' ശ്രീജയുടെ വിമര്‍ശനം. നവോത്ഥാനവും തുല്യതയുമൊക്കെ സംബന്ധിച്ച് അധരവ്യായാമം നടത്തുക മാത്രമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത് എന്നാണ് മലപ്പുറം നഗരസഭ മുന്‍ ഉപാധ്യക്ഷയും കോണ്‍ഗ്രസ്സ് നേതാവുമായ കെ.എം. ഗിരിജയുടെ അഭിപ്രായം. ഏത് പാര്‍ട്ടിയായാലും ഇന്നും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത 33 ശതമാനം സംവരണം തരാതെ പേരിനു മാത്രം സീറ്റുകള്‍ നല്‍കുന്നു. അതും വിജയം ഉറപ്പില്ലാത്ത സീറ്റുകള്‍. ഇത് ശരിയല്ല എന്ന് എത്ര പറഞ്ഞാലും സ്ത്രീകള്‍ സമരം തന്നെ ചെയ്താലും യാതൊരു മാറ്റവുമില്ല. തീര്‍ച്ചയായും ഇത് മാറണം. സംവരണ നിയമത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തക്കുറവു പരിഹരിക്കാന്‍ സംവരണം നടപ്പാക്കുക തന്നെ വേണം. ഇപ്പോഴത്തെ സ്ഥിതി, പേരിനു മാത്രം കൊടുക്കുന്ന സീറ്റുകളില്‍ ഭാഗ്യവശാല്‍ ചിലര്‍ ജയിക്കുന്നു എന്നതാണ്. ത്രിതല പഞ്ചായത്തുകള്‍ക്കു മുകളില്‍ സ്ത്രീകള്‍ക്ക് കഴിയുന്നത്ര പ്രവേശനം നല്‍കാതിരിക്കാനാണ് ശ്രമം. ഇപ്പോഴല്ല മുന്‍പും ഇതാണ് സ്ഥിതി'' ഗിരിജ പറയുന്നു. ''പരസ്യമായി പറയുകയും അവരുടെ വേദികളില്‍ ഉന്നയിക്കുകയും വിഷയമാക്കുകയും ചെയ്യാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളിലെ സ്ത്രീകള്‍ക്കായില്ലെങ്കില്‍ അത് സ്ത്രീകളുടെ കൂടി പ്രശ്‌നമാണ്. സിനിമയില്‍ ഒരു സംഘം സ്ത്രീകള്‍ ഞങ്ങളിങ്ങനെയൊന്നും പോകാന്‍ തയ്യാറല്ലെന്നും ഒച്ചയെടുക്കുമെന്നും തീരുമാനിക്കുകയാണ്. നിങ്ങള്‍ ഞങ്ങളെ തള്ളുമായിരിക്കും, വഴിയില്‍ ഉപേക്ഷിക്കുമായിരിക്കും. എന്നാലും ഞങ്ങള്‍ ഒച്ചവയ്ക്കാന്‍ തയ്യാറാകും എന്ന് അവര്‍ പറയുന്നു. പക്ഷേ, ഈ ഒച്ച മറ്റു പലയിടത്തും കേള്‍ക്കുന്നില്ല. ഞങ്ങളില്‍ പലര്‍ക്കും പണിയില്ല, ഭയങ്കരമായ ഒഴിവാക്കലുണ്ട്. ഈ അവഗണന നേരിട്ടുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇത് രാഷ്ട്രീയപ്പാര്‍ട്ടികളിലെ സ്ത്രീകള്‍ പറയാത്തതും അവരുടെ നിശ്ശബ്ദതയും ആണുങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്'' എന്ന് വിധു വിന്‍സെന്റ്. ''ഒരുപാടു സ്ത്രീപക്ഷ സമീപനങ്ങള്‍ എടുത്ത ഒരു ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേത്. മത്സ്യത്തൊഴിലാളികളുടേയും ഇരിപ്പു സമരത്തിന്റേയും സിനിമാമേഖലയിലെ സ്ത്രീകളുടേയുമൊക്കെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണ് നിന്നത്. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവരും നല്‍കുന്ന സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. അവര്‍ക്കും തികയുന്നില്ല'' എന്ന് എസ്. ശാരദക്കുട്ടിയും പറയുന്നു. ''രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ കുറയുന്നതല്ല കാരണം. രാഷ്ട്രീയ പ്രവര്‍ത്തകരായ സ്ത്രീകളെ അധികാരത്തിലേക്കും അധികാരവുമായി ബന്ധപ്പെട്ട വേദികളിലേക്കും എത്തിക്കുന്നതില്‍ അവര്‍ നില്‍ക്കുന്ന പാര്‍ട്ടി ഘടനയ്ക്ക് സംഭവിക്കുന്ന പിഴവാണ് കാര്യം. ഏതു പാര്‍ട്ടിയെടുത്തു നോക്കിയാലും ഇതു വ്യക്തമാണ്. പല പീഡന വാര്‍ത്തകളും പാര്‍ട്ടികള്‍ക്കുള്ളില്‍നിന്നു നമ്മള്‍ കേള്‍ക്കാറുണ്ട്. ഇതൊന്നും പാര്‍ട്ടിയിലെ മേല്‍ത്തട്ടിലുള്ള സ്ത്രീയെ താഴേത്തട്ടിലുള്ള പുരുഷന്‍ പീഡിപ്പിച്ചതല്ല. മറിച്ച്, താഴേത്തട്ടില്‍ നില്‍ക്കുന്ന സ്ത്രീ പാര്‍ട്ടിയുടെ മേലേത്തട്ടില്‍ നില്‍ക്കുന്ന പുരുഷനു കീഴ്പെടേണ്ടിവരുന്നതാണ്. അവര്‍ക്ക് അതിനെതിരെ ശബ്ദിക്കാനുള്ള ഇടം പാര്‍ട്ടിയില്‍പ്പോലും ഇല്ലാതെയാകുന്നു. അതുകൊണ്ട് പാര്‍ട്ടികള്‍ ആദ്യം സ്ത്രീകള്‍ക്ക് ഉയര്‍ന്ന ഘടകങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കണം. ജയിക്കുന്ന മണ്ഡലങ്ങള്‍പോലും കൊടുക്കാന്‍ മടിയാണ്. നവോത്ഥാനം പറയുന്ന കേരളത്തില്‍ 20-ല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് സി.പി.എമ്മും സ്ത്രീകള്‍ക്ക് കൊടുക്കുന്നത്. കഴിവുള്ളവര്‍ ഇല്ലാത്തതുകൊണ്ടല്ല ഇത്. എ.ആര്‍. സിന്ധുവിനേയും ടി. ഗീനാകുമാരിയേയും സി.എസ്. സുജാതയേയും പോലുള്ളവര്‍ ഈ പാര്‍ട്ടിയില്‍ത്തന്നെയുണ്ട്. ഇന്ത്യയൊട്ടാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന, മികച്ച സംഘാടകയായ എ.ആര്‍. സിന്ധു എന്ന സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായ മലയാളിയെക്കുറിച്ച് എത്ര പേര്‍ക്കറിയാം. ഏതെങ്കിലും ഒരു മണ്ഡലത്തിലേക്ക് അവരെ എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ? ഇല്ല. പുരുഷമേധാവിത്വ സമീപനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ നേരിയ വ്യത്യാസമേയുള്ളു. മൊത്തമായി പുരുഷമേധാവിത്വമില്ലാത്ത ഒരു പാര്‍ട്ടിയുമില്ല. 

ജനാധിപത്യം തീരെയില്ലെന്നു പറയുന്ന മമതാ ബാനര്‍ജിയുടെ പാര്‍ട്ടി 41 ശതമാനം സ്ത്രീ സംവരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൊടുത്തത് ഈ സാഹചര്യത്തിലാണ് നമുക്ക് അംഗീകരിക്കേണ്ടിവരുന്നത്. ആനി രാജയെ പോലെയുള്ള  നേതാക്കളെ സി.പി.ഐ പരിഗണിച്ചില്ല. കോണ്‍ഗ്രസ്സിനു ഷാനിമോള്‍ ഉസ്മാനേയും ലതികാ സുഭാഷിനേയും പോലും വിജയസാധ്യതയുള്ള സീറ്റിലേക്ക് പരിഗണിക്കാന്‍ പറ്റുന്നില്ല. മിസോറാമില്‍നിന്ന് കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ച് കൊണ്ടുവന്നു നിര്‍ത്തുന്നതിനു പകരം ബി.ജെ.പി എന്തുകൊണ്ട് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരത്തു പരിഗണിക്കുന്നില്ല?'' അഡ്വ. രശ്മിത ചോദിക്കുന്നു.

ആനിമസ്‌ക്രീന്‍ മുതല്‍ 
ശ്രീമതി വരെ

22-ല്‍ തുടങ്ങി 61-ല്‍ എത്തി നില്‍ക്കുകയാണ് ലോക്സഭയിലെ സ്ത്രീപ്രാതിനിധ്യം. ശതമാനക്കണക്കില്‍ നോക്കിയാല്‍ 4.4-ല്‍ തുടങ്ങി 10.50-ല്‍ എത്തി നില്‍ക്കുന്നു. ഒന്നാം ലോക്സഭയിലെ 22 എന്ന സംഖ്യ രണ്ടാം ലോക്സഭയില്‍ 27-ഉം മൂന്നാം സഭയില്‍ 34 ആയി. ശതമാനക്കണക്കില്‍ 4.4-ല്‍ നിന്ന് 5.4 ആയും 6.7 ആയും ഉയര്‍ന്നു. നാലാം ലോക്സഭ 31-ഉം 5.9 ശതമാനവുമായെങ്കിലും അഞ്ചാം ലോക്സഭയില്‍ ഇത് 22-ഉം 4.2-ഉം ആയി കുറഞ്ഞു. ആറാം ലോകസഭയില്‍ വീണ്ടും കുറഞ്ഞ് 19 (3.4%) ആയി. ഈ ഏറ്റക്കുറച്ചില്‍ പിന്നീടും പ്രകടമായി. 28 (5.1%), 44 (8.1%), 28 (5.29%), 39 (7.2%), 40 (7.36%), 44 (8.07%), 49 (9.02%), 51 (9.51%), 59 (10.01%), 61 (10.50%) എന്നിങ്ങനെയാണ് ഏഴാം ലോക്സഭ മുതലുള്ള സ്ത്രീപ്രാതിനിധ്യം. ക്രമേണ പ്രാതിനിധ്യം വര്‍ധിച്ചു വന്നെങ്കിലും അത് സ്ഥിരമായി നിന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രാതിനിധ്യക്കുറവും സ്ത്രീകളെ പരിഗണിക്കുന്നതില്‍ ഉറച്ച പൊതുസമീപനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലനിര്‍ത്താതിരുന്നതുമാണ്  കാരണങ്ങള്‍. 

ആനി മസ്‌ക്രീനുശേഷം ലോക്സഭയിലേക്ക് കേരളത്തില്‍നിന്നു ജയിച്ചത് സി.പി.എം നേതാവ് സ്ത്രീ സുശീലാ ഗോപാലനാണ്. 1967-ലെ നാലാം ലോക്സഭയിലേക്കായിരുന്നു അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് അവരുടെ ജയം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മഞ്ചേരിയില്‍നിന്ന് എ. നഫീസത്ത് ബീവിയും കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മൂവാറ്റുപുഴയില്‍നിന്ന് ആനി തയ്യിലും ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. 1971-ല്‍ അഞ്ചാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍നിന്നു രണ്ട് മണ്ഡലങ്ങള്‍ പട്ടികജാതി സംവരണമാക്കിയത്. കേരളത്തിലെ ആകെ വോട്ടര്‍മാര്‍ ആ തെരഞ്ഞെടുപ്പില്‍ 102,17,893. അതില്‍ 51,39,311 പേരും സ്ത്രീകള്‍. പക്ഷേ, 67 സ്ഥാനാര്‍ത്ഥികളില്‍ നാലു പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍: ലീലാ ദാമോദരമേനോന്‍, സുശീലാ ഗോപാലന്‍, ദാക്ഷായണി വേലായുധന്‍, ഭാര്‍ഗവി തങ്കപ്പന്‍. ജയിച്ചത് അടൂര്‍ മണ്ഡലത്തില്‍ മത്സരിച്ച സി.പി.ഐ നേതാവ് ഭാര്‍ഗവി തങ്കപ്പന്‍ മാത്രം. പോളിംഗിലെ സ്ത്രീ പങ്കാളിത്തം 63.30 ശതമാനമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം 79.62 ആയിരുന്നുവെന്നു കണക്കുകള്‍ പറയുന്നു. പക്ഷേ, മത്സരിച്ച മൂന്നു സ്ത്രീകളില്‍ ഒരാള്‍ മാത്രമേ ജയിച്ചുള്ളു; കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട്ട് മത്സരിച്ച എം. കമലം. അടുത്ത തെരഞ്ഞെടുപ്പില്‍ സുശീല ഗോപാലന്‍ ആലപ്പുഴയില്‍നിന്നു ജയിച്ചു. രണ്ടു സ്ത്രീകള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏഴ് സ്ത്രീകള്‍ മത്സരിച്ചു. ആരും ജയിച്ചില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെക്കാള്‍ ആ തവണയും ഇവിടെ സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് കൂടുതലായിരുന്നു. 77.92 ശതമാനം. അടുത്ത തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സാവിത്രി ലക്ഷ്മണന്‍ മാത്രം ജയിച്ചു. എട്ടു പേരാണ് മത്സരിച്ചത്. രാജ്യമാകെ 326 സ്ത്രീകള്‍ മത്സരിക്കുകയും 37 പേര്‍ ജയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു പിന്നീട് 1991-ല്‍ പത്താം ലോക്സഭയിലേക്ക് നടന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ദേശീയ തലത്തില്‍ ആ തവണ ഉണ്ടായത്, 53 ശതമാനം മാത്രം. എന്നാല്‍, അപ്പോഴും കേരളം പിന്നോട്ടു പോയില്ല. സ്ത്രീ വോട്ടര്‍മാരില്‍ 73.17 ശതമാനവും വോട്ടു ചെയ്തു. ചിറയന്‍കീഴില്‍നിന്ന് സുശീലാ ഗോപാലനും മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണനും ജയിച്ചു. കേരളത്തില്‍നിന്ന് ഒന്നിലധികം സ്ത്രീ സാമാജികര്‍ ലോക്സഭയില്‍ എത്തിയ തെരഞ്ഞെടുപ്പ്. പക്ഷേ, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒരു സ്ത്രീയും പാര്‍ലമെന്റ് കണ്ടില്ല. 11-ാം ലോക്സഭയില്‍ കേരളത്തില്‍നിന്നു സ്ത്രീശബ്ദം ഉണ്ടായില്ലെങ്കിലും പന്ത്രണ്ടാം ലോക്സഭ അത് ആവര്‍ത്തിച്ചില്ല. വടകരയില്‍നിന്ന് സി.പി.എമ്മിന്റെ എ.കെ. പ്രേമജം വിജയിച്ചു. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന് ആയുസ്സ് 19 മാസം മാത്രമായതുകൊണ്ട് പ്രേമജത്തിന് അത്രയും കാലം മാത്രമേ അത്തവണ എം.പിയായിരിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷേ, ലോക്സഭ പിരിച്ചുവിട്ട് 13-ാം ലോക്സഭയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് അവര്‍ തന്നെ വീണ്ടും വിജയിച്ചു. 13 സ്ത്രീകളാണ് കേരളത്തില്‍ അന്നു മത്സരിച്ചത്. 

സാതന്ത്ര്യത്തിന്റെ 57-ാം വര്‍ഷത്തില്‍ 14-ാം ലോക്സഭയിലേക്കു 2004-ല്‍ നടന്ന തെരഞ്ഞെടുപ്പ് ചരിത്രമാണ് സൃഷ്ടിച്ചത്. ആദ്യമായി 545 അംഗ ലോക്സഭയില്‍ സ്ത്രീകളുടെ എണ്ണം 45 ആയി. സി.പി.എമ്മിന്റെ പി. സതീദേവി വടകരയില്‍നിന്നും സി.എസ്. സുജാത മാവേലിക്കരയില്‍നിന്നും വിജയിച്ചു. ചെറുതും വലുതുമായ പാര്‍ട്ടികളുടെ 15 സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 2009-ല്‍ പി. സതീദേവി മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. കേരളത്തില്‍നിന്ന് സ്ത്രീപ്രാതിനിധ്യം ഉണ്ടായുമില്ല. ആ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സ് നേതാവ് ഷാനിമോള്‍ ഉസ്മാന് കാസര്‍ഗോട്ട് സീറ്റു കൊടുത്തതും സി.പി.എമ്മിന്റെ ഉറച്ച സീറ്റില്‍ ചെന്ന് കുന്നും മലയും കയറാന്‍ വിസമ്മതിച്ച് അവര്‍ സീറ്റ് വേണ്ടെന്നു വച്ചതും. പകരം ആ സീറ്റില്‍ കോണ്‍ഗ്രസ്സ് മത്സരിപ്പിച്ച ഷാഹിദ കമാല്‍ ജയിച്ചില്ല. ഇപ്പോള്‍ അവര്‍ സി.പി.എം നേതാവും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗവുമാണ്.

2014-ലെ കാര്യം മുന്‍പേ പറഞ്ഞു കഴിഞ്ഞു. 2019-ലെ പ്രാതിനിധ്യം കേരളത്തിന്റെ കണ്‍മുന്നിലുണ്ടുതാനും. സുശീലാ ഗോപാലന്‍, ഭാര്‍ഗവി തങ്കപ്പന്‍, സാവിത്രി ലക്ഷ്മണന്‍, എ.കെ. പ്രേമജം, പി. സതീദേവി, സി.എസ്. സുജാത, പി.കെ. ശ്രീമതി എന്നിവര്‍ ലോക്സഭയില്‍ കേരളത്തിന്റെ പ്രതീകങ്ങള്‍ തന്നെയായി മാറിയ സന്ദര്‍ഭങ്ങളുണ്ട്. സുശീല പിന്നീട് സംസ്ഥാനത്തെ ശ്രദ്ധേയയായ എം.എല്‍.എയും മന്ത്രിയുമായി. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടത് ചരിത്രം. ഭാര്‍ഗവി തങ്കപ്പന്‍ അഞ്ചുവട്ടം കേരള നിയമസഭയിലക്ക് തെരഞ്ഞെടുക്കപ്പെട്ടു, ഡെപ്യൂട്ടി സ്പീക്കറുമായി. പി.കെ. ശ്രീമതി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി മികവ് തെളിയിച്ച ശേഷമാണ് പാര്‍ലമെന്റിലേക്കു തട്ടകം മാറിയത്. 


തലയില്‍ തട്ടമില്ല, സമസ്തയുടെ എതിര്‍പ്പ്
ഇത്തവണ വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനെയാണ് കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. എന്നാല്‍, മുസ്ലീം ലീഗിന്റെയും സമസ്തയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് അവസാന നിമിഷത്തേക്ക് പ്രഖ്യാപനം മാറ്റി. ടി. സിദ്ദിഖിനു മണ്ഡലം നല്‍കുകയും ചെയ്തു. ഷാനിമോളെ ആലപ്പുഴയില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചു. സുന്നി വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയാല്‍ തിരിച്ചടിയാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃയോഗത്തിലുയര്‍ന്നത്.

ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍
ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍

ഇതേ ആശങ്ക ലീഗും ഉയര്‍ത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പി.കെ. സൈനബ മത്സരിച്ചപ്പോള്‍ തലയിലെ തട്ടം അടക്കമുള്ള കാര്യങ്ങളുയര്‍ത്തി സമസ്ത എതിര്‍ത്തിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് ഇത്തവണ വയനാട്ടിലുമുണ്ടായത്. അടുത്തിടെ മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളന വേദിയില്‍ സ്ത്രീകള്‍ പാട്ടുപാടിയതിനെതിരേ സമസ്ത ഇ.കെ. വിഭാഗം രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ പാട്ടുപാടുന്നത് അനിസ്ലാമികമാണെന്നായിരുന്നു സമസ്തയുടെ നിലപാട്. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിലണിനിരത്തുന്ന വനിതാമതിലിനെതിലിനെതിരേയും സമസ്ത രംഗത്ത് വന്നിരുന്നു.  

എസ് ശാരദക്കുട്ടി
എസ് ശാരദക്കുട്ടി

എസ്. ശാരദക്കുട്ടി: ഇത് സ്ത്രീകളുടെ മാത്രം വിഷയമാണ് എന്ന തരത്തിലാണ് പലപ്പോഴും ചോദ്യങ്ങള്‍ വരുന്നത്. സമൂഹം ഒന്നടങ്കം ഇതു മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യണം. സ്ത്രീകളുടെ മാത്രം വിഷയമല്ല. 

വിജി
വിജി

വിജി: കര്‍ഷകത്തൊഴിലാളികളായ സ്ത്രീകളോടും അസംഘടിത മേഖലയിലെ സ്ത്രീകളോടും നേരത്തെ മുതല്‍ വിവേചനവുമുണ്ട്. അന്നു മുതല്‍ ഇന്നു വരെ സ്ത്രീകളെ അവഗണിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരിക്കുന്നത്.

അഡ്വ. രശ്മിത ചന്ദ്രന്‍
അഡ്വ. രശ്മിത ചന്ദ്രന്‍

അഡ്വ. രശ്മിത ചന്ദ്രന്‍: സ്ത്രീയെ ഒരു പൂര്‍ണ്ണ സിറ്റിസണ്‍ ആയി പരിഗണിക്കുന്നില്ല. അതിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ട്, തെരഞ്ഞെടുപ്പു രംഗത്തുമുണ്ട്.

അഡ്വ. ടി.ബി. മിനി​
അഡ്വ. ടി.ബി. മിനി​

അഡ്വ. ടി.ബി. മിനി: വനിതാ സംവരണ ബില്ലിനുവേണ്ടി ഏറ്റവുമധികം പ്രവര്‍ത്തിച്ചവരിലൊരാളാണ് സി.പി.ഐ ദേശീയ നേതാവ് ആനി രാജ. അവര്‍ക്കൊരു സീറ്റ് കൊടുത്തില്ല. സ്ത്രീകളെ അംഗീകരിക്കുന്ന സമീപനം വര്‍ത്തമാനത്തിലല്ലാതെ ഇവരൊന്നും കാണിക്കുന്നില്ല.

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി: നേതൃത്വത്തിനു വിശ്വാസം വരണമെങ്കില്‍ പൊതുസമൂഹത്തിന്റെ പിന്തുണയും ചര്‍ച്ചകളും നമ്മുടെ ഇടപെടലും എല്ലാം വേണം

ശ്രീജ നെയ്യാറ്റിന്‍കര
ശ്രീജ നെയ്യാറ്റിന്‍കര

ശ്രീജ നെയ്യാറ്റിന്‍കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെപ്പോലെ നിയമനിര്‍മ്മാണ സഭകളിലേക്കും കൂടുതല്‍ സ്ത്രീകളെ നിര്‍ത്തി നോക്കണം. അവര്‍ ജയിക്കും, ഭരിക്കും, കഴിവു തെളിയിക്കും.

വിധു വിന്‍സെന്റ്
വിധു വിന്‍സെന്റ്

വിധു വിന്‍സെന്റ്: ഇതു പോരാ, ഞങ്ങള്‍ക്ക് ഇത്ര പ്രാതിനിധ്യം വേണമെന്ന് ഉറച്ചു പറയാന്‍ കേരളത്തിലെ പാര്‍ട്ടികളില്‍ എത്ര സ്ത്രീകളുണ്ട്? ഒരു പ്രതിശബ്ദം കേള്‍പ്പിക്കാന്‍ എത്ര പേരുണ്ട്?

കെ.എം. ഗിരിജ
കെ.എം. ഗിരിജ

കെ.എം. ഗിരിജ: മാറ്റമുണ്ടാക്കാന്‍ സ്ത്രീകള്‍ ഒന്നിച്ചു നിന്നു പൊരുതേണ്ടിവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com