എണ്ണുമ്പോള്‍ തെറ്റുന്ന ദളിത് വോട്ടുകള്‍

കേരളത്തില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു വോട്ടുബാങ്കുണ്ടോ, എത്രയുണ്ട്, ഇതുവരെ അതിന്റെ ഗുണം ആര്‍ക്കാണ് കിട്ടിയത്?
എണ്ണുമ്പോള്‍ തെറ്റുന്ന ദളിത് വോട്ടുകള്‍

താഴെ പറയുന്ന ചോദ്യങ്ങളില്‍ ഒന്നുപോലും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിന്റെ ദിനങ്ങളില്‍ കേരളം കേട്ടവയല്ല. രാഷ്ട്രീയ നേതൃത്വവും സാമൂഹിക നിരീക്ഷകരും മാധ്യമങ്ങളും ഈ ചോദ്യങ്ങള്‍ ചോദിച്ചില്ല എന്നതുതന്നെയാണ് കാരണം. 

കേരളത്തില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു വോട്ടുബാങ്കുണ്ടോ, എത്രയുണ്ട്, ഇതുവരെ അതിന്റെ ഗുണം ആര്‍ക്കാണ് കിട്ടിയത്? ഈ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ആര്‍ക്കൊക്കെ? ദളിത് വോട്ടുകള്‍ ജയവും തോല്‍വിയും നിര്‍ണ്ണയിക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ? 

നായര്‍, ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളെക്കുറിച്ച് തലപുകയ്ക്കുന്ന തിരക്കില്‍പ്പെട്ടുപോയതല്ല കേരള രാഷ്ട്രീയം. മനപ്പൂര്‍വ്വം പറയാത്തതും എണ്ണാത്തതുമാണ്. ദളിത് വോട്ട് എന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഉതകുന്ന സംഘടിത ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് കാരണം. ഇതുവരെ ഇല്ലാത്തത് ഇത്തവണ പുതിയതായി സംഭവിക്കും എന്ന് ആരുമങ്ങനെ ചിന്തിച്ചുമില്ല. അതുകൊണ്ടുകൂടിയാണ് ദളിത് വോട്ടുകള്‍ ചര്‍ച്ചകളിലും കണക്കുകൂട്ടലുകളിലും വരാതെ പോയത്. എന്നാല്‍, ദളിത് വോട്ടുകള്‍ കൃത്യമായി ആലോചിച്ചുറപ്പിച്ച് വിനിയോഗിച്ച തെരഞ്ഞെടുപ്പാണ് ഏപ്രില്‍ 23-ന് കേരളത്തില്‍ നടന്നത്. അതിനു തെളിവുകളും സാക്ഷികളുമുണ്ട്. എന്നിട്ടും എണ്ണത്തില്‍ കയറാതെ കണക്കുപട്ടികകളുടെ പുറത്താണ് ഇപ്പോഴും അതിന്റെ നില. മെയ് 23-നു ഫലം വന്നു കഴിയുമ്പോഴെങ്കിലും കൂട്ടിക്കിഴിക്കലുകളുടെ ഇറയത്തേക്ക് പുലയര്‍ക്കും പറയര്‍ക്കുമൊക്കെ കയറ്റം കിട്ടുമോ എന്നു കണ്ടുതന്നെ അറിയണം. 

ദളിത് വോട്ടുകളുടെ ഏകീകരണമാണ് ഈ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ മാറ്റത്തിന്റെ നാഴികക്കല്ല് എന്ന വിലയിരുത്തലുകള്‍ സജീവം. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയ നേതൃത്വമല്ല അതു ചെയ്യുന്നത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ന്യൂനപക്ഷ വോട്ടുകള്‍ എവിടെയൊക്കെ എങ്ങനെയൊക്കെ മാറിമറിഞ്ഞു എന്ന ആധിക്കിടെ അപ്രഖ്യാപിത അയിത്തത്തില്‍ത്തന്നെയാണ്; കണക്കുകൂട്ടലുകളിലെ അയിത്തം. എന്നാല്‍, ദളിതുകളില്‍നിന്നു കിട്ടേണ്ടത് കിട്ടുമെന്നു കണ്ണടച്ചുറപ്പിച്ചവര്‍ക്ക് മൊത്തത്തില്‍ വോട്ട് ചൊരിഞ്ഞു കൊടുക്കുകയല്ല അവര്‍ ഇത്തവണ ചെയ്തത്. മാറ്റത്തിനൊപ്പം നടന്ന ദളിത് നേതൃത്വത്തിന്റെ തന്നെ തിരിച്ചറിവാണ് അതില്‍ മുഖ്യമായി മാറിയത്. കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ വാക്കുകളിലുണ്ട് ആ മാറ്റത്തിന്റെ കൃത്യമായ ഉള്ളടക്കം. ''സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തകരോടു പറഞ്ഞത്. പക്ഷേ, ആ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് നവോത്ഥാന, ജനാധിപത്യ, മതേതര മൂല്യങ്ങളാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.'' കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു നിലപാടു തന്നെയായിരുന്നു അത്. ''പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി സമ്മതിദാന അവകാശം വിനിയോഗിക്കാം. ജനാധിപത്യ, മതേതര, നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം ഈ സ്വാതന്ത്ര്യവും അവസരവും വിനിയോഗിക്കേണ്ടത്. ഭരണഘടനാ തത്ത്വങ്ങളും ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് കെ.പി.എം.എസിന്റെ നിലപാട്'' എന്നാണ് കെ.പി.എം.എസ് തെരഞ്ഞെടുപ്പിനു മുന്‍പ് അണികളോടു രേഖാമൂലം പറഞ്ഞത്. അതു വിശദീകരിച്ചുകൊണ്ട് വ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തി. കെ.പി.എം.എസ്സും പുന്നല ശ്രീകുമാറും ദളിത് വോട്ടുകള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. അതേസമയം കെ.പി.എം.എസ്സിന്റെ മാത്രം നിലപാടായിരുന്നുമില്ല. കെ.പി.എം.എസ് പിളര്‍ന്ന് ബി.ജെ.പിക്കൊപ്പം പോയ വിഭാഗം ഒഴികെ കേരളത്തിലെ ബഹുഭൂരിപക്ഷം ദളിത് സംഘടനകളുടേയും തീരുമാനമായി അതു മാറി. ബി.ജെ.പിക്കൊപ്പം പോയവര്‍ ഒറ്റപ്പെട്ടെന്ന് ദളിത് സാമൂഹിക നിരീക്ഷകര്‍തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. '2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വിവിധ സമുദായങ്ങളില്‍ മോദിക്കും ബി.ജെ.പിക്കും അനുകൂലമായ ചില ചലനങ്ങള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും ദളിതര്‍ക്കിടയിലും അതുണ്ടായി. എന്നാല്‍, അതിനു നേതൃത്വം കൊടുത്ത ടി.വി. ബാബു, നീലകണ്ഠന്‍ മാസ്റ്റര്‍ എന്നിവര്‍ സമുദായത്തില്‍ ഏറ്റവും ഉപേക്ഷിക്കപ്പെട്ട മനുഷ്യരായി മാറിക്കഴിഞ്ഞു. ബി.ജെ.പി വിരുദ്ധ മനോഭാവം കേരളത്തിലെ ദളിതര്‍ക്കിടയില്‍ വളരെ ശക്തമാണ് എന്നാണ് അതിന്റെ അര്‍ത്ഥം'' പ്രമുഖ ദളിത് സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി കപിക്കാടിന്റെ വാക്കുകള്‍. 

ദളിത് തരംഗം 

മുന്‍പൊരിക്കലും ഇല്ലാത്തവിധം കേരളത്തിലുണ്ടായ ദളിത് ഐക്യവും പോളിംഗിലെ തരംഗവും സംസ്ഥാനവ്യാപകമായിത്തന്നെ ബി.ജെ.പി വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. കേരള ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് പി. രാമഭദ്രന്‍, കേരള മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവന്‍ എന്നിവരും ഇതിന് അടിവരയിടുന്നു. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു സീറ്റിലും ജയിക്കില്ല എന്ന് സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നതിനു പിന്നില്‍ ദളിത് വോട്ടുകളുടെ ഈ ബി.ജെ.പി വിരുദ്ധ നിലപാട് പ്രധാന ഘടകവുമാണ്. പക്ഷേ, അത് ആ അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന വസ്തുത ബാക്കി. 

തിരുവനന്തപുരം മണ്ഡലത്തില്‍ ദളിത് ഏകീകരണത്തിന്റെ ഗുണഫലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനു ലഭിച്ചിരിക്കാം എന്നാണ് സൂചനകള്‍. അതിനര്‍ത്ഥം എല്ലായിടത്തും യു.ഡി.എഫിനാണ് എന്നല്ല. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം 186 ദളിത് കോളനികളുണ്ട്. തരൂരിനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി. ദിവാകരനും ഇടയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോയാല്‍ ജയം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനായേക്കും എന്ന വിലയിരുത്തലാണ് തിരുവനന്തപുരത്തുണ്ടായത്. ആര്‍ക്കൊക്കെയാണ് തങ്ങളുടെ വോട്ടു ലഭിച്ചതെന്നു ദളിത് നേതാക്കള്‍ തുറന്നു പറയുകയും പറയാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ വോട്ടെണ്ണുമ്പോള്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ പ്രത്യേകമായ ഒരു മുന്നേറ്റമുണ്ടായാല്‍ അതിനു കാരണം ദളിത് വോട്ടാണ് എന്നു സമ്മതിക്കേണ്ടിവരുമെന്നും സണ്ണി കപിക്കാട് പറയുന്നു. എന്നാല്‍, പി. രാമഭദ്രന്‍ അങ്ങനെയല്ല വിലയിരുത്തുന്നത്. ''ഈ ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി ദളിത്, പിന്നാക്ക വോട്ടുകളുടെ വന്‍ കുത്തൊഴുക്കാണ് എല്‍.ഡി.എഫിന് അനുകൂലമായി ഉണ്ടായത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇതുണ്ട്. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍. പഴയ തിരുവിതാംകൂറിലേയും കൊച്ചിയിലേയും ചിന്തിക്കുന്ന ദളിത്, പിന്നാക്ക സമുദായ സംഘടനകള്‍ ആ ദൗത്യം ശരിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. അത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും എന്നതില്‍ യാതൊരു സംശയവുമില്ല'' അദ്ദേഹം പറയുന്നു.

ആലത്തൂരില്‍ ദളിത് വോട്ടുകള്‍ പി.കെ. ബിജുവിനാണ് പോയതെന്നും കൊല്ലത്ത് ദളിത് ഏകീകരണത്തിന്റെ ഗുണഫലം ലഭിച്ചത് ഇടതുമുന്നണി കെ.എന്‍. ബാലഗോപാലിനാണെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ ദളിത് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ പുറമേക്കല്ലാതെ പ്രകടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും എന്‍.കെ. പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ കഴിയും എന്ന് സി.പി.എമ്മിന് ആത്മവിശ്വാസം പ്രകടിപ്പിക്കാനാകുന്നതിനു പിന്നിലെ കാരണവും അതാണത്രേ. പത്തനംതിട്ടയില്‍ വന്‍സാന്നിധ്യമുള്ള ദളിത് വിഭാഗങ്ങള്‍ എന്തു നിലപാടെടുത്തു എന്നതിലെ അവ്യക്തതയാണ് അവിടുത്തെ വിജയി വീണാ ജോര്‍ജ്ജ് ആയിരിക്കുമോ അതോ ആന്റോ ആന്റണി ആയിരിക്കുമോ എന്ന് ഉറപ്പിച്ചു പറയുന്നതിനു തടസ്സമാകുന്നത് എന്നുമുണ്ട് നിരീക്ഷണം. എല്ലാ മണ്ഡലങ്ങളെക്കുറിച്ചുമുണ്ട് ഈ ഊഹക്കണക്ക്. തിരുവനന്തപുരം പോലെതന്നെ ത്രികോണ മത്സരത്തില്‍ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പാക്കുന്ന തീരുമാനമെടുത്തു നടപ്പാക്കി എന്നു മാത്രമേ ദളിത് നേതാക്കള്‍ പറയുന്നുള്ളൂ.

വിചിത്രവും അമ്പരപ്പിക്കുന്നതുമായ കാര്യം ദളിത് വോട്ടുകള്‍ ഇത്തവണ ജയപരാജയങ്ങളുടെ മുഖ്യ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഫലം വരുമ്പോള്‍ അതു വ്യക്തമാകും എന്നും ഇനിയും കേരളത്തിലെ സി.പി.എം, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അങ്ങനെയങ്ങോട്ട് സമ്മതിക്കാനും എണ്ണാനും കഴിയുന്നില്ല എന്നതാണ്. അവര്‍ പതിവുപോലെ വെള്ളാപ്പള്ളിയുടെ തേച്ചരച്ച വര്‍ത്തമാനത്തിലും ജി. സുകുമാരന്‍ നായരുടെ കപടസമദൂരത്തിലുമാണ് ചുറ്റിത്തിരിയുന്നത്. എന്‍.എസ്.എസ് സമദൂരത്തില്‍ ഉറച്ചുനിന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകനയോഗശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിലുണ്ട് അത്. സി.പി.എമ്മിന്റെ വിദൂര പരിഗണനയില്‍പ്പോലും ദളിത് വോട്ടുകളുടെ തരംഗ സ്വഭാവം ചെന്നിട്ടില്ല. പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) രൂപീകരിച്ച ശേഷവും ദളിത് രാഷ്ട്രീയത്തെ ശരിയായി മനസ്സിലാക്കി കൂടെ നിര്‍ത്തുക എന്നത് സി.പി.എം അജന്‍ഡയായി മാറിയിരുന്നില്ലതാനും. തുടക്കത്തില്‍ സി.പി.എം ഉപയോഗിച്ചിരുന്ന ദളിത് സ്വത്വ രാഷ്ട്രീയം എന്ന പ്രയോഗംപോലും അവര്‍ ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നു. ശ്രദ്ധേയമാണ് അത്; അധികം ശ്രദ്ധിക്കപ്പെടാത്തതും.

ഇതില്‍ ദളിത് നേതൃത്വത്തിന് നിരാശയുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സ്ഥിതി മാറും എന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവയ്ക്കുന്നത്. ''കുറേ കാലങ്ങളായി നമ്മുടെ സമൂഹം ചിലര്‍ക്ക് കല്പിച്ചൊരു പദവി നല്‍കിയിരിക്കുകയാണ്. തങ്ങളുടെ നിലപാട് ഇന്ന മണ്ഡലത്തില്‍ പ്രതിഫലിക്കും എന്നു തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു മുന്‍പ് എപ്പോഴെങ്കിലും എന്‍.എസ്.എസ് പറയാറുണ്ടോ. വിജയിച്ചു കഴിയുമ്പോഴാണ് പറയാറ് ഞങ്ങളുടെ മിടുക്കുകൊണ്ടാണെന്ന്. ഞങ്ങള്‍ അങ്ങനെയല്ല ചെയ്തത്. ഞങ്ങളുടെ നിലപാട് കൃത്യമാണ്. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കണം എന്ന സന്ദേശം ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ താഴെ തട്ടില്‍ ക്യാംപെയ്ന്‍ നടത്തി. സാങ്കേതികമായി തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഞങ്ങള്‍ മുന്നോട്ടു വച്ച ആശയത്തിന്റെ പ്രസക്തി നിലനില്‍ക്കും. അത് കേരളത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള ആശയമാണ്'' പുന്നല ശ്രീകുമാര്‍ പറയുന്നു.
മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യമെമ്പാടുമുണ്ടായ വിവിധ സംഭവവികാസങ്ങളിലൂടെയാണ് ദളിതുകളില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ നിലപാട് അതിശക്തമായി മാറിയത്. രോഹിത് വെമുലയുടെ ആത്മഹത്യ മുതല്‍ ആള്‍ക്കൂട്ട കൊലകളും മുന്നോക്ക സമുദായ സംവരണവും ഉള്‍പ്പെടെ അതിലേക്ക് നയിച്ചു.

രാജ്യവ്യാപകമായിത്തന്നെ ദളിതുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായപ്പോള്‍ കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. ഇവിടെ അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞത് മുഖ്യമായും സി.പി.എമ്മിനും എല്‍.ഡി.എഫിനുമാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സെപ്റ്റംബര്‍ 28-ന് ഉണ്ടായ സുപ്രീംകോടതി വിധിയോടെയാണ് ഇതിനു കളമൊരുങ്ങിയത്. സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായത് ദളിതുകളെ സര്‍ക്കാരിനും എല്‍.ഡി.എഫിനും അനുകൂലമാക്കി മാറ്റി. അവര്‍ സംഘപരിവാറിനെതിരെ ഭരണഘടനയുടെ പക്ഷത്തു നിന്നപ്പോള്‍ സ്വാഭാവികമായും അത് സര്‍ക്കാര്‍പക്ഷവും ഇടതുപക്ഷവുമായി മാറുകയായിരുന്നു. യുവതീപ്രവേശനമല്ല, ശബരിമലയുടെ ജനാധിപത്യവല്‍ക്കരണമായിരുന്നു തങ്ങളുടെ ഇടപെടലിനു കാരണമെന്ന് ദളിത് സംഘടനകള്‍ പറയുന്നതില്‍ അതിന്റെ കൃത്യമായ രാഷ്ട്രീയമുണ്ട്. 
ദളിത് വോട്ടുകള്‍ എന്നും എണ്ണപ്പെട്ടിട്ടുണ്ട് എന്നാണ് പി. രാമഭദ്രന്റെ അഭിപ്രായം. ''എങ്കിലും മറ്റു വിഭാഗങ്ങള്‍ക്ക്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നായര്‍, ഈഴവ, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന പരിഗണന ദളിത്, ധീവര, വിശ്വകര്‍മ്മ തുടങ്ങിയ സമുദായങ്ങളുടെ വോട്ടുകള്‍ക്ക് കിട്ടിയിരുന്നില്ല. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും കാര്യം ഇതുതന്നെ. വോട്ടുകള്‍ കൗശലപൂര്‍വ്വം അവര്‍ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫാണ്, കോണ്‍ഗ്രസ്സാണ് അതില്‍ മുന്നില്‍ നിന്നത്. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി'' അദ്ദേഹം പറയുന്നു. 

വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരില്‍ വിശ്വാസഭീകരത സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വ ഭീകരത കേരളത്തിലേക്കും കടന്നുവന്നപ്പോള്‍ ആദിവാസി, ദളിത് വിഭാഗങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനു കൊടുത്തത് ഉപാധികളില്ലാത്ത പിന്തുണയാണെന്ന് പി. കെ. സജീവന്‍ പറയുന്നു. ''പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമാണത്. അതേസമയം, മറ്റു സമുദായങ്ങള്‍, ആചാരത്തില്‍ കേന്ദ്രീകരിക്കുന്ന സമുദായങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഈ നിരുപാധിക പിന്തുണ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനു നല്‍കിയിട്ടുണ്ട്. ബൂത്ത് തിരിച്ചുള്ള ഫലം പരിശോധിച്ചാല്‍ അത് വ്യക്തമാകും. പക്ഷേ, സര്‍ക്കാര്‍ അവര്‍ക്ക് എന്തെങ്കിലും ഉറപ്പു കൊടുത്തിട്ടല്ല, എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞിട്ടുമല്ല. ഈ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയാണ് എന്ന് ദളിതരും ആദിവാസികളും മനസ്സിലാക്കിയിട്ടുണ്ട്. സര്‍ക്കാരിനു ബോധ്യമുള്ള കാര്യമാണത്. പക്ഷേ, പറയില്ല. അതിനു മറ്റു പല കാരണങ്ങളുമുണ്ട്'' സജീവന്റെ വാക്കുകള്‍. 
ദളിത് വോട്ടുകള്‍ കണക്കിലെടുക്കേണ്ടതില്ല എന്ന വാദത്തെ പൊളിക്കുന്ന സാന്നിധ്യം ഇത്തവണ ദളിത് വോട്ടുകള്‍ അറിയിക്കുക തന്നെ ചെയ്യും എന്ന അവകാശവാദത്തിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടിയാണ് കേരളം മെയ് 23-നു കാത്തിരിക്കുന്നത്. 


സെന്‍സസ് കണക്ക് എട്ട് വര്‍ഷം മുന്‍പത്തേത് 

2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 31,23,941 ആണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.8 ശതമാനം. ദളിത് ജനസംഖ്യാ വളര്‍ച്ച 8.2 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കായ 9.4 ശതമാനത്തേക്കാള്‍ ദളിത് 1.2 കുറവ്. സംസ്ഥാനത്ത് 68 പട്ടികജാതി വിഭാഗങ്ങളാണ് 2001-ലെ കണക്കു പ്രകാരമുള്ളത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതിക്കാരുള്ളത്  (16.5%). തൊട്ടുതാഴെ ഇടുക്കി ( 14.1%), പത്തനംതിട്ട ( 13.1%), കൊല്ലം ( 12.5%). കുറവ് കണ്ണൂരിലാണ്  (4.1%). 

സംസ്ഥാനത്തെ ആകെ പട്ടികജാതി ജനസംഖ്യയുടെ 33.3 ശതമാനമുള്ള പുലയരാണ് ഏറ്റവും വലിയ ദളിത് വിഭാഗമെന്ന് സെന്‍സസ് കണക്കുകള്‍ പറയുന്നു. ചേരമര്‍, കുറവന്‍, പറയന്‍, കണക്കന്‍, തണ്ടാന്‍, വേട്ടുവന്‍ എന്നീ വിഭാഗങ്ങളാകെ തൊട്ടു പിന്നില്‍. ഇതില്‍ത്തന്നെ പുലയര്‍ കഴിഞ്ഞാല്‍ ചേരമര്‍ രണ്ടാമത്തെ വലിയ ദളിത് വിഭാഗമാണ്. പുലയരും ചേരമരും ചേര്‍ന്നാല്‍ പട്ടികജാതി ജനസംഖ്യയുടെ 77.7 ശതമാനമായി. പട്ടികജാതി വിഭാഗങ്ങള്‍ക്കൊപ്പം പട്ടിക വര്‍ഗ്ഗങ്ങളേക്കൂടി അണിനിരത്താനുദ്ദേശിച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പതിനഞ്ചോളം ദളിത് സംഘടനകള്‍ ചേര്‍ന്ന് കേരള  പട്ടികജാതി-വര്‍ഗ്ഗ മഹാസഖ്യം രൂപീകരിച്ചത്. കേരളത്തിലെ പ്രമുഖ ദളിത് സംഘടനകളില്‍ മിക്കതും സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് മഹാസഖ്യത്തിന്റെ രക്ഷാധികാരി പി. രാമഭദ്രന്‍ പറയുന്നു. പി.കെ. സജീവനാണ് പ്രസിഡന്റ്. വയനാട്ടിലാണ് കേരളത്തില്‍ ഏറ്റവുമധികം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുള്ളത് (31.24%). ഇടുക്കിയില്‍ 11.51 ശതമാനവും പാലക്കാട്ട് 10.10 ശതമാനവും കാസര്‍ഗോഡ് 10.08 ശതമാനവുമുണ്ട്. ഈ നാലു ജില്ലകളിലായാണ് കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യയുടെ 62.93 ശതമാനവുമുള്ളത്. 


പുതിയ മുന്നേറ്റമുണ്ടാകും

പി. രാമഭദ്രന്‍ 
(കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്)

സംഘപരിവാറിന്റെ ഹിന്ദുത്വ കേന്ദ്രീകരണമാണ് എല്‍.ഡി.എഫിന് അനുകൂലമായി നിലപാടെടുക്കാന്‍ കാരണം. അതിനെതിരായി നില്‍ക്കാന്‍ സി.പി.എമ്മിനുള്ള കരുത്ത് കോണ്‍ഗ്രസ്സിനില്ല. അതാണ് കാര്യം. ഈ പിന്തുണ സ്ഥായിയല്ല. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രം പോരാ, തുടര്‍പ്രവര്‍ത്തനം വേണം. ഈ കാര്യം സി.പി.എം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയുമായും മറ്റു സംസ്ഥാനങ്ങളിലെ ദളിത് മുന്നേറ്റങ്ങളുമായും കേരളത്തിലെ ദളിത് ഐക്യത്തിനു ബന്ധമൊന്നുമില്ല. അവിടെയൊക്കെ അവര്‍ അടിമകളായിരിക്കുമ്പോഴും ഇവിടെ ദളിതുകള്‍ സംഘടിതരായിരുന്നു. മുന്‍പെന്നത്തെക്കാള്‍ ഇപ്പോള്‍ ഐക്യത്തിലുമാണ്. അതിന് നവോത്ഥാന മൂല്യ സംരക്ഷണസമിതിയും നവോത്ഥാന മതിലും കാരണമായിട്ടുണ്ട്. 

പി. രാമഭദ്രന്‍ 
പി. രാമഭദ്രന്‍ 


ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തില്ല എന്നാണ് അഭിപ്രായം. നവോത്ഥാനസമിതിയുടെ പ്രധാനികളില്‍പ്പെട്ട ആളാണു ഞാന്‍. എങ്കിലും സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തിട്ടില്ല എന്നുതന്നെയാണ് പറയുന്നത്. നിരവധി യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, സര്‍ക്കാര്‍ അവര്‍ പ്രവേശിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്നെനിക്കു തോന്നുന്നില്ല. ശബരിമല ക്ഷേത്രത്തില്‍ പോകാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കെല്ലാം ഈ അഭിപ്രായമുണ്ട്. വിധിയുടെ പക്ഷത്തുനിന്നു സംസാരിച്ചതല്ലാതെ പ്രായോഗിക തലത്തില്‍ വേണ്ടവിധത്തില്‍ ചെയ്തിട്ടില്ല. ഒരു ആദിവാസി സംഘടനാ നേതാവിനെ മുന്നില്‍ നിര്‍ത്തി ദളിത്, ആദിവാസി മൂവ്മെന്റിനുള്ള തുടക്കമായാണ് പട്ടികജാതി-വര്‍ഗ്ഗ മഹാസഖ്യം. കേരളത്തിലെ ദളിത് വിഭാഗങ്ങളില്‍ ഏറ്റവും പ്രബല സമുദായമായ പുലയരാണ് സാധാരണയായി ഇത്തരം കൂട്ടായ്മകളുടെയൊക്കെ നേതൃസ്ഥാനത്തു വരാറുള്ളത്. എന്നാല്‍, പുതിയൊരു മാറ്റത്തിനുള്ള ശ്രമമാണ് ഇപ്പോള്‍ പി.കെ. സജീവനെ മുന്നില്‍ നിര്‍ത്തുന്നത്. 
ആയിരം ആളുകളെങ്കിലും ഇല്ലാത്ത ഒരു സംഘടനയെപ്പോലും മഹാസഖ്യത്തിന്റെ ഭാഗമാക്കിയിട്ടില്ല. കടലാസ് സംഘടനകളുടെ ഐക്യമാകരുത് എന്ന് നിര്‍ബന്ധമുണ്ട്. 

ഞങ്ങള്‍ നല്‍കിയക് നിരുപാധിക പിന്തുണ

പി.കെ. സജീവന്‍ 
(കേരള മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി)

ക്രിസ്ത്യന്‍, മുസ്ലിം, നായര്‍, ഈഴവ സമുദായങ്ങളുമായി ദളിത്, ആദിവാസി സമുദായങ്ങളെ താരതമ്യം ചെയ്യാന്‍ പറ്റില്ല. പൊതുജനവും അങ്ങനെ താരതമ്യം ചെയ്യില്ല. കാരണം, അധികാരം എന്നത് ഭരണനിര്‍വ്വഹണം മാത്രമല്ല. മറ്റു സമുദായങ്ങള്‍ക്കുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയൊക്കെ അധികാര കേന്ദ്രീകൃതമാണ്. എന്‍.എസ്.എസ്സിന്റെ ആസ്ഥാനമന്ദിരം തന്നെ വലിയ വിലവരുന്ന ആസ്തിയാണല്ലോ.

385-ല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്. ഓരോ സ്ഥാപനത്തിലേയും അധ്യാപക, അനധ്യാപക ജീവനക്കാരേയും അവരുടെ കുടുംബങ്ങളേയും അനായാസം സ്വാധീനിക്കാന്‍ എന്‍.എസ്.സ്സിനു സാധിക്കും. ഈ ആളുകളെ സര്‍ക്കാരിന് അനുകൂലവും എതിരുമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഈ സ്ഥാപനങ്ങളൊക്കെ എയ്ഡഡ് ആണ്. ശമ്പളം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍. റൂസ പോലുള്ള കേന്ദ്ര ഫണ്ടുകളും വന്‍തോതില്‍ ലഭിക്കുന്നു. ഇത്തരത്തിലുള്ള യാതൊരു അധികാര അടയാളങ്ങളും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും കേരളത്തില്‍ ഇല്ല. 

പി.കെ. സജീവന്‍ 
പി.കെ. സജീവന്‍ 


സമ്പത്തും അധികാരവും ഉപയോഗിച്ച് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്നവരുടെ വോട്ടുകള്‍ സര്‍ക്കാരും പാര്‍ട്ടികളും പരിഗണിക്കുന്നു. മുസ്ലിം സമുദായത്തിന് മൊത്തത്തില്‍ മുന്‍പെന്നത്തേക്കാള്‍ ആദിവാസികളും ദളിതുകളും സംഘടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലം കാണുകയും ചെയ്യും. അധികാരത്തിനും വിദ്യാഭ്യാസത്തിനും സ്ഥാപനങ്ങള്‍ക്കും തൊഴിലിനുമായി ഒന്നിക്കാതെ രക്ഷയില്ല. പൊതുവായി ഈ വിഭാഗങ്ങളെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാര്‍ ഈ വിഭാഗത്തിന്റെ രാഷ്ട്രീയ പ്രസക്തിക്കൊത്ത പരിഗണന നല്‍കിയുമില്ല. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറുന്നു. പരിഗണനയിലേക്ക് വരുന്നു. സര്‍ക്കാരില്‍നിന്നു ബോണസ് വരെ വാങ്ങുന്നവര്‍ എതിരെ നിന്നപ്പോഴാണ് ഭൂമിപോലും ലഭിക്കാത്തവര്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവഗണന നേരിടുന്നവര്‍ ഒന്നും നോക്കാതെ സര്‍ക്കാരിനൊപ്പം നിന്നത്. ആ രീതിയിലുള്ള തിരിച്ചറിവ് അവര്‍ക്ക് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. എങ്കിലും ശബരിമല യുവതീപ്രവേശന കാര്യത്തില്‍ സുപ്രീംകോടതി വിധി വന്ന ശേഷം വലിയൊരു തിരിച്ചറിവ് ദളിതുകളും ആദിവാസികളും സമ്പാദിച്ചിട്ടുണ്ട്. നവോത്ഥാനത്തെയൊക്കെ മറികടന്നു ജാതിയും മതവുമൊക്കെ തങ്ങളുടെമേല്‍ പിടിമുറുക്കുകയാണ്, കരുതലോടെ ഇതിനെ സമീപിക്കണം, ജാഗ്രത പാലിക്കണം എന്ന വലിയ ചിന്ത. അതിശക്തമാണ് ഈ തിരിച്ചറിവ്. യോജിപ്പിന്റെ വലിയ ഒരു തലം ഉയര്‍ന്നുവന്നതും അതിന്റെ ഭാഗമാണ്. 

മുന്നണി നോക്കാതെ ബി.ജെ.പിക്കെതിരെ ദളിത് ഐക്യമുണ്ടായി

സണ്ണി കപിക്കാട് 

കേരള രാഷ്ട്രീയത്തെ പ്രധാനമായും നിയന്ത്രിക്കുന്നത് സവര്‍ണ്ണവും സംഘടിതവുമായ സമുദായങ്ങളായതുകൊണ്ടാണ് ദളിത് വോട്ടുകള്‍ പ്രത്യേകമായി എണ്ണപ്പെടാതെ പോകുന്നത്. ഭിന്നിച്ചു നില്‍ക്കുന്നതുകൊണ്ടാണ് എണ്ണത്തില്‍ കൂട്ടാത്തത് എന്നത് ഒരു ആരോപണമാണ്. നിങ്ങള്‍ സംഘടിക്കാത്തതുകൊണ്ടാണ് നിങ്ങളെ കണക്കിലെടുക്കാത്തത് എന്ന് ഒരു ജനാധിപത്യ സമൂഹത്തില്‍ പറയാന്‍ പാടില്ല. കാരണം അവരും മറ്റുള്ളവരെപ്പോലെ തന്നെ ഈ രാജ്യത്തെ പൗരന്മാരാണ്.

സണ്ണി കപിക്കാട് 
സണ്ണി കപിക്കാട് 

യഥാര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ട് എന്നത് നിര്‍ണ്ണായക ഘടകമാണ്. അങ്ങനെ നിര്‍ണ്ണായകമാകാന്‍ കാരണം, കേരളത്തിലെ നായര്‍, ഈഴവ സമുദായങ്ങള്‍ക്കകത്താണ് പ്രധാനമായ ചലനങ്ങള്‍ ബി.ജെ.പി ഉണ്ടാക്കിയത്. ആ ചലനം ദളിതരെ ബാധിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റും. പിന്നെ, യു.ഡി.എഫിനും എല്‍.ഡി.എഫിനും വന്‍തോതില്‍ കിട്ടിയിട്ടുള്ളത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ്. നായന്മാരിലും എസ്.എന്‍.ഡി.പിയിലും വലിയൊരു വിഭാഗം ഇത്തവണ വോട്ടു ചെയ്തിരിക്കുന്നത് എന്‍.ഡി.എയ്ക്കാണ്. രാഷ്ട്രീയമായി എന്‍.ഡി.എ വലിയൊരു അപകടമാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണം എന്നുമുള്ള രാഷ്ട്രീയബോധം ദളിതര്‍ക്കിടയില്‍ ശക്തമായുണ്ടായി. 2014-ല്‍ മോദി അധികാരത്തില്‍ വന്നതുമുതല്‍ മോദിക്കും ബി.ജെ.പിക്കും എതിരെ ഉയര്‍ന്നുവന്ന പ്രധാന ശക്തി ദളിത്, അംബേദ്കറിസ്റ്റ് ധാരയാണ് എന്നതിനെ ഞാനൊരു സൂചകമായി കാണുന്നു. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്‍പതിലെ ഹര്‍ത്താല്‍ ദളിതര്‍ക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞത്. സ്ത്രീകളും കുട്ടികളും ഇറങ്ങി വിജയിപ്പിച്ച കേരളത്തിലെ ആദ്യ ഹര്‍ത്താലാണ് അത്. ബി.ജെ.പി വിരുദ്ധ നിലപാട് കേരളത്തിലെ ദളിതര്‍ക്കിടയില്‍ വളരെ ശക്തമാണ്. അതാണ് അതിന്റെ യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ ഉണ്ടാകുന്ന വിജയത്തിലെ പ്രധാനപ്പെട്ട ഒരു ഘടകം ദളിത് വോട്ടുകളാണ്. ബി.ജെ.പി വിരുദ്ധമായാണ് ആ വോട്ടുകള്‍ പോയിരിക്കുന്നത് എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. ഞങ്ങളൊക്കെ പരസ്യമായി എടുത്ത നിലപാട് മുന്നണി നോക്കാതെ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണം എന്നാണ്. ബി.ജെ.പിയുടെ ഒരു വോട്ടു കുറയ്ക്കുന്നതുപോലും രാഷ്ട്രീയമായി വലിയ വിജയമാണ്. 

ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പു ഫലത്തില്‍ ദളിത് വോട്ടുകളെ ഒരു ഘടകമായി പരിഗണിക്കേണ്ടതുണ്ട്. ബി.ജെ.പി വിരുദ്ധ വികാരം ഏറ്റവും ശക്തമായുള്ള വിഭാഗമാണ് ദളിതര്‍ എന്നത് സമൂഹം അറിയണം. ബി.എസ്സ്.പിയെപ്പോലുള്ള കേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ദളിത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഇത്തവണ വോട്ട് കുറവായിരിക്കുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ദളിത് ഐക്യം മുന്‍നിര്‍ത്തി പുതിയ ഒരു രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷ. അങ്ങനെ ചിന്തിക്കുന്ന അനേകായിരം ആളുകളുണ്ട്. അങ്ങനെയൊരു ഐക്യമുണ്ടാകുമ്പോള്‍ അതിനെ ജാതിരാഷ്ട്രീയം എന്നു പറഞ്ഞു മാറ്റിനിര്‍ത്താതിരുന്നാല്‍ അവര്‍ക്കു കൊള്ളാം. പണ്ടത്തെപ്പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിലയ്ക്കെടുക്കാന്‍ കഴിയുന്നതിനപ്പുറം ദളിത് നേതൃത്വങ്ങളും ദളിത് സംഘടനകളും കേരളത്തിലെ വലിയ പ്രതിനിധാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ഇടതുപക്ഷത്തിന്റെ ഒരു രീതിയനുസരിച്ച്, തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവര്‍ വിചാരിക്കുക നായന്മാര്‍ വോട്ടു ചെയ്തു വിജയിപ്പിച്ചു എന്നായിരിക്കും. അതാകില്ല സത്യം. 

ദളിത് വോട്ടുകള്‍ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും

പുന്നല ശ്രീകുമാര്‍ 

(കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി)

12 ലോക്സഭാ മണ്ഡലങ്ങളില്‍ നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ ഞങ്ങള്‍ക്കു മാത്രം വോട്ടുണ്ട്. മാവേലിക്കരയിലും മറ്റും അതിന്റെ പല ഇരട്ടിയുണ്ട്. മൊത്തം പട്ടിക വിഭാഗങ്ങളുടെ വോട്ടു വേറെയും. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി വ്യക്തമായ ഏകീകരണമുണ്ട്. അത് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. 

സാധാരണഗതിയില്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇടതുപക്ഷത്തിന് തോല്‍വി സംഭവിക്കുകയോ ക്ഷീണമുണ്ടാവുകയോ ചെയ്താല്‍ അത് എന്‍.എസ്.എസ്സിന്റെ നിലപാടുകൊണ്ടാണ് എന്ന വിലയിരുത്തലാണ് ഉണ്ടാവുക. അല്ലെങ്കില്‍ ഇത്തവണ ശബരില വിഷയം പ്രതിഫലിച്ചു എന്നു പറയും. പോളിംഗ് ശതമാനം വര്‍ധിച്ചപ്പോഴും സ്ത്രീവോട്ടര്‍മാരുടെ പോളിംഗ് ശതമാനം വര്‍ധിച്ചപ്പോഴും ശബരിമലയുടെ പ്രതിഫലനമായാണ് കാണുന്നത്. എന്തുകൊണ്ട്, അറുന്നൂറിലധികം കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത വനിതാ മതിലിന്റെ പ്രതിഫലനമായി കാണുന്നില്ല? ലിംഗ സമത്വത്തിനുവേണ്ടി ഉയര്‍ന്ന വലിയ മുദ്രാവാക്യങ്ങളുടേയും കേരളത്തെ ഇളക്കിമറിച്ച ആശയസമരത്തിന്റേയും പ്രതിഫലനമായി കാണാത്തതെന്തു കൊണ്ടാണ്? 

പുന്നല ശ്രീകുമാര്‍ 
പുന്നല ശ്രീകുമാര്‍ 

രണ്ട് ഓപ്ഷനാണ് ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് അല്ലെങ്കില്‍ യു.ഡി.എഫ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ വരുന്നതിനു കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യണം എന്നു പറയുന്നവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ കൃത്യമായി പറഞ്ഞത് കേരളത്തില്‍ ഇടതുപക്ഷത്തിനു വോട്ടു കൊടുത്താലും കേന്ദ്രത്തില്‍ അത് മതേതര സര്‍ക്കാരിനുള്ള പിന്തുണയായി മാറും എന്നാണ്. ആ കാര്യത്തില്‍ സംശയമൊന്നുമില്ല. അതുകൊണ്ട് മനസ്സാക്ഷിക്കുത്തിന്റെ കാര്യമില്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ തീരെ ചെറുതാകാതിരിക്കേണ്ടത് ഏത് സര്‍ക്കാര്‍ ഭരിച്ചാലും ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ നിലകൊള്ളുന്നവര്‍ ഉണ്ടാകാന്‍ ആവശ്യവുമാണ്. 

പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ സംഘടനാ ബാഹുല്യം കൂടുതലുണ്ട് എന്നതൊരു വസ്തുതയാണ്. ഒരിക്കല്‍പ്പോലും ഒരു ആശയത്തിനു കീഴിലേക്ക് ഇവര്‍ ഒന്നിച്ചു വന്നിട്ടില്ല. പക്ഷേ, ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി വരികയും നവോത്ഥാന സമിതി രൂപീകരിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഭിന്നസ്വരം വന്നില്ല എന്നത് പ്രധാനമാണ്. കേവലം യുവതീപ്രവേശനത്തിന് അപ്പുറത്തേക്ക് ആ വിഷയത്തെ ആശയപരമായി ഉയര്‍ത്താന്‍ കഴിഞ്ഞു. 
സുപ്രീംകോടതി വിധിയെ യുവതീപ്രവേശനത്തിനപ്പുറം ശബരിമലയുടെ ജനാധിപത്യവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യമായി ഞങ്ങള്‍ കണ്ടു. പൊതുഇടം എന്നാണല്ലോ സുപ്രീംകോടതി വിധിയിലെ വിശേഷണം. പൊതു ഇടത്ത് ലിംഗസമത്വം ഉറപ്പാക്കുക എന്നത് കോടതിയുടെ ഉത്തരവാദിത്വമാണ്. നാളെകളില്‍ അതിനു തുടര്‍ച്ചയായി സംഭവിക്കാന്‍ പോകുന്നത് ശാന്തി നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന, യാഥാസ്ഥിതികമായ പല കാര്യങ്ങളിലും പൊളിച്ചെഴുത്ത് വേണ്ടിവരും. ഈ വാദം പട്ടിക വിഭാഗ, പിന്നാക്കക്കാര്‍ക്ക് ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെട്ടു. 

നവോത്ഥാന സമിതി ദളിത് സമൂഹത്തെ വോട്ടുബാങ്കാക്കി മാറ്റി എന്നു പറയാന്‍ പറ്റില്ല. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. മാനവികതയ്ക്കു വേണ്ടിയുള്ള പോരാട്ടം. ജനാധിപത്യപരമായി വളരെയേറെ വളര്‍ന്ന നവോത്ഥാനത്തിന്റേയും പരിഷ്‌കരണത്തിന്റേയും ചിന്ത പേറുന്ന കേരളത്തില്‍ ഇത്തരമൊരു ആശയസമരത്തിനും അതിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും അവസരം ലഭിച്ചപ്പോള്‍ പട്ടിക വിഭാഗങ്ങള്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നു എന്ന സ്ഥിതിയാണ് ഉണ്ടായത്. വേറിട്ട ശബ്ദങ്ങള്‍ ഉണ്ടായില്ല. അതൊരു മാറ്റമാണ്. ചിതറിനിന്ന ഒരു വിഭാഗം ഐക്യത്തിന്റെ തിരിച്ചറിവിലേക്ക് വന്നു. മുന്‍പുണ്ടാകാത്തതാണ്  ഇത്. 

കേരളത്തില്‍ സംഘപരിവാറിനെതിരെ ന്യൂനപക്ഷങ്ങളുടെ ഭാഗത്തുണ്ടായ ഏകീകരണം ചിലയിടത്തെങ്കിലും യു.ഡി.എഫിന് അനുകൂലമായി മാറിയെങ്കില്‍ അതിനോടു വിയോജിപ്പാണ്. ന്യൂനപക്ഷങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലെല്ലാം രമേശ് ചെന്നിത്തലയുടെ വാക്കുകളും ശരീരഭാഷയും പി.എസ്. ശ്രീധരന്‍ പിള്ളയുടേതു തന്നെയായിരുന്നു. സ്ത്രീപ്രവേശനം സാധ്യമായ ഘട്ടത്തില്‍ തന്ത്രി നടയടച്ചിടുകയും ദേവസ്വം ബോര്‍ഡ് ഷോക്കോസ് നോട്ടീസ് കൊടുക്കുകയും ചെയ്തപ്പോള്‍ രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞത് തന്ത്രി തനിച്ചല്ല എന്നാണ്. ശരിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബി ടീം പോലെയാണ് അവര്‍ നിന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ഒരിക്കലും ഇവര്‍ ഉണ്ടാകുമെന്ന് കരുതാന്‍ പറ്റില്ല. യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് നിലപാടുകളെ പ്രതിരോധിക്കാനും നവോത്ഥാന പാരമ്പര്യം നിലനിര്‍ത്താനും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു  ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. 

ഇടതുപക്ഷത്തിനുള്ള പിന്തുണ ബ്ലാങ്ക് ചെക്കല്ല. കെ.എ.എസ് രൂപീകരണത്തിലെ സംവരണ നിഷേധം കൃത്യമായി ചൂണ്ടിക്കാണിക്കുകയും തിരുത്തിക്കുകയും ചെയ്തതും ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സംവരണത്തെ ശക്തമായി എതിര്‍ത്തതും ഉദാഹരണം. കേന്ദ്രസര്‍ക്കാര്‍ മുന്നോക്ക സംവരണം കൊണ്ടുവന്നപ്പോള്‍ സ്വാഗതം ചെയ്യുകയും പാര്‍ലമെന്റില്‍ അനുകൂലിച്ച് വോട്ടു ചെയ്യുകയും ചെയ്തവരാണ് ഇടതുപക്ഷം. പക്ഷേ, നാട് അഭിമുഖീകരിക്കുന്ന ഒരു ജീര്‍ണ്ണതയുമായി ബന്ധപ്പെട്ട്, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കുമ്പോഴും ഈ സര്‍ക്കാര്‍ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ വളരെ ശക്തമായ എതിരഭിപ്രായം പറഞ്ഞുകൊണ്ടാണിരിക്കുന്നത്. അത് തുടരുകയും ചെയ്യും. 
തെരഞ്ഞെടുപ്പാണെങ്കിലും മറ്റേതു ഹിതപരിശോധനയാണെങ്കിലും തങ്ങളുടെ നിലപാടാണ് പ്രധാനമെന്നു പരമ്പരാഗതമായി പറയുകയും മറ്റുള്ളവരുടെ ഏകീകരണവും പൗരാവകാശങ്ങളും വില കല്പിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് മാറ്റം വരണം. ഇതൊരു തുടക്കമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com