മീനങ്ങാടി: ലോകത്തിന് മുന്‍പില്‍ മാതൃകയാകാന്‍ ഒരു ഗ്രാമം

2020-ഓടെ വയനാട് ജില്ലയിലെ മീനങ്ങാടിയെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ തുലിത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് പദ്ധതി.
മീനങ്ങാടി: ലോകത്തിന് മുന്‍പില്‍ മാതൃകയാകാന്‍ ഒരു ഗ്രാമം

ലോകത്തിനു മുന്‍പില്‍ മാതൃകയാകാന്‍ ഒരു ഗ്രാമം തയ്യാറെടുക്കുകയാണ്. ആഗോള താപനത്തിനെതിരായുള്ള മാര്‍ഗ്ഗങ്ങള്‍ പ്രസംഗങ്ങളിലും പഠനങ്ങളിലും മാത്രം കുരുങ്ങി നില്‍ക്കുമ്പോള്‍ വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തില്‍ അതു നടപ്പിലാക്കിക്കഴിഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ ഇതിന്റെ പിന്നാലെയാണ്. ആഗോളതാപനവും കാര്‍ബണ്‍ ന്യൂട്രലും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും കാലാവസ്ഥാ വ്യതിയാനവും മീനങ്ങാടിയിലെ സ്‌കൂളുകളിലും ക്ലബ്ബുകളിലും കുടുംബശ്രീ യൂണിറ്റുകളിലും തൊഴിലുറപ്പ് കൂട്ടങ്ങളിലും പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും ഓട്ടോ സ്റ്റാന്‍ഡിലും ഒക്കെ ഇപ്പോള്‍ സാധാരണ സംസാരവിഷയങ്ങളാണ്. അവരെല്ലാം അഭിമാനകരമായ ആ നേട്ടത്തിലേക്കുള്ള യാത്രയില്‍ പങ്കാളികളാണ്. കേരളത്തിലെ പിന്നാക്കം നില്‍ക്കുന്ന വയനാട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് കാര്‍ബണ്‍ തുലനത്തിലൂടെ സുസ്ഥിര വികസനത്തിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരവും ചിന്തനീയവുമാണ്. വലിയ ബുദ്ധിമുട്ടുകളില്ലാതെ ആര്‍ക്കും പകര്‍ത്താവുന്ന മാതൃക.

2020-ഓടെ വയനാട് ജില്ലയിലെ മീനങ്ങാടിയെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ തുലിത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് പദ്ധതി. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഇത്തരം ഒരു ആശയം രൂപപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന ജില്ലയാണ് വയനാട്. ജില്ലയിലെ പകുതിയോളം ഭൂമിയും കൃഷിയിടങ്ങളും തോട്ടങ്ങളുമാണ്. 90 ശതമാനത്തിലധികം പേരും കൃഷിയെ നേരിട്ട് ആശ്രയിക്കുന്നവരും. അതുകൊണ്ടുതന്നെ കാലാവസഥാ വ്യതിയാനം ഭൂരിഭാഗം ജനങ്ങളേയും നേരിട്ട് ബാധിക്കുന്ന ജില്ല കൂടിയാണ് വയനാട്. കാര്‍ബണ്‍ തുലിത വയനാട് എന്ന പദ്ധതിയുടെ ആദ്യപടിയാണ് മീനങ്ങാടിയില്‍ നടപ്പിലാക്കുന്നത്. പാരിസ്ഥിതികാവബോധമുള്ള പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളും ഒന്നായി കൂടെ നിന്നതോടെ മീനങ്ങാടി ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തില്‍ അടയാളപ്പെടുകയാണ്.

അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് കാര്‍ബണ്‍ ന്യൂട്രല്‍. ഇത് നടപ്പാക്കുന്നതോടെ വനം-ജൈവ വൈവിധ്യ സംരക്ഷണം, ഭക്ഷ്യ-ഊര്‍ജ്ജ സ്വയംപര്യാപ്തത, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധമായ മണ്ണ്-വെള്ളം-വായു എന്നിവയിലേക്ക് ആ പ്രദേശം സ്വാഭാവികമായി മാറിക്കഴിഞ്ഞിരിക്കും. 2016 ലാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുന്‍ മാതൃകകളൊന്നുമില്ലാതെയാണ് പഠനവും പ്രവര്‍ത്തനവും. തിരുവനന്തപുരം ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന തണലും എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനുമാണ് പഞ്ചായത്തിന് വേണ്ട പഠന-സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്നത്. 2016-2017 കാലയളവില്‍ മീനങ്ങാടി പഞ്ചായത്തിലെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനവും കാര്‍ബണ്‍ ശേഖരവും തമ്മില്‍ 11,412.57 ടണ്‍ വ്യത്യാസമുണ്ട്. അടുത്ത വര്‍ഷത്തോടെ ഇത് തുല്യതയിലാക്കാനാണ് ലക്ഷ്യം. ജനങ്ങളുടെ ദൈനംദിന ജീവിതപ്രവര്‍ത്തനങ്ങളിലൂടെയും കാര്‍ഷിക വ്യാവസായിക പ്രവര്‍ത്തനങ്ങളിലൂടെയും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടും. അതുപോലെ തന്നെ പഞ്ചായത്തിലെ സസ്യജാല സമൂഹവും മണ്ണും ഹരിതഗൃഹ വാതകങ്ങളില്‍പ്പെട്ട കാര്‍ബണ്‍ഡൈ ഓക്സൈഡിനെ കൂടുതലായി സ്വാംശീകരിക്കുകയും ചെയ്യും. പുറന്തള്ളപ്പെടുന്നതിന്റേയും സ്വാംശീകരിക്കുന്നതിന്റേയും അളവ് തുല്യമല്ലെങ്കില്‍ കാലാവസ്ഥയിലും അന്തരീക്ഷ താപനിലയിലും വ്യതിയാനം സംഭവിക്കും. ഹരിതഗൃഹ വാതകങ്ങളുടെ നിലവിലുള്ള ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരികയും കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സ്വാംശീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യുക വഴി കാര്‍ബണ്‍ ന്യൂട്രല്‍ അവസ്ഥയില്‍ എത്തിക്കുകയാണ് പോം വഴി.

പഞ്ചായത്തിന്റെ പദ്ധതികള്‍ 

''കാര്‍ബണ്‍ സന്തുലിതാവസ്ഥയിലേക്ക് പഞ്ചായത്തിനെ മാറ്റുന്നതിനായി വളരെയധികം പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയാണ് ഓരോന്നും നടപ്പിലാക്കുന്നതും. കുടുംബശ്രീ യൂണിറ്റുകളേയും തൊഴിലുറപ്പ് പദ്ധതിയേയും കാര്യക്ഷമമായി ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ എല്ലാ തലത്തിലുള്ളവരേയും ഇടപെടുവിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയെടുക്കുന്നത്'' മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറയുന്നു.

വിറക് കത്തിക്കുന്നതിലൂടെ പഞ്ചായത്തില്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം തടയുക ആയിരുന്നു ഒരു ലക്ഷ്യം. വിറകു കത്തിച്ചുള്ള ശ്മശാനത്തില്‍നിന്നുള്ള ബഹിര്‍ഗമനം തടയാന്‍ നിലവിലുണ്ടായിരുന്ന ശ്മശാനം എല്‍.പി.ജിയിലേക്കു മാറ്റി. വീടുകളില്‍ വിറക് കത്തിക്കുന്നത് ഒഴിവാക്കാന്‍ കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പ്രത്യേകതരം അടുപ്പുകള്‍ രൂപകല്പന ചെയ്തുകഴിഞ്ഞു. 

തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ഭൂമിയിലും പൊതുഭൂമിയിലും മരങ്ങള്‍ നട്ടു. ഇതിന്റെ മേല്‍നോട്ടത്തിനും പരിപാലനത്തിനുമായി പഞ്ചായത്തിന്റെ കീഴില്‍ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി ഉണ്ടാക്കി. ചൂതുപ്പാറയിലെ മാനികാവ് ക്ഷേത്രത്തിന്റെ 37 ഏക്കര്‍ ഭൂമിയില്‍ വിവിധയിനം മരങ്ങള്‍ നട്ട് പുണ്യവനം എന്ന പേരില്‍ പദ്ധതി കൊണ്ടുവന്നു. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപതിനായിരത്തിലധികം തൈകള്‍ ഇതിനോടകം വെച്ചുപിടിപ്പിച്ചു. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു. വീടുകളിലും പൊതുയിടങ്ങളിലും പരമാവധി മരങ്ങള്‍ നടുക എന്ന ലക്ഷ്യത്തോടെ മരങ്ങള്‍ക്ക് വായ്പ നല്‍കുന്ന ട്രീ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഓരോ മരത്തിനും ഗ്രാമപഞ്ചായത്തിന്റെ പങ്കാളിത്ത ഉടമസ്ഥാവകാശം ഉണ്ടായിരിക്കും. സഹകരണ ബാങ്ക് വഴി മരം ഒന്നിന് 50 രൂപ നിരക്കില്‍ വര്‍ഷം തോറും വായ്പ ലഭിക്കും. മരം വെട്ടുമ്പോള്‍ തുക തിരിച്ചടച്ചാല്‍ മതിയാകും. 

മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍


700-ലധികം കുളങ്ങള്‍ ഉണ്ട് ഇപ്പോള്‍ പഞ്ചായത്തില്‍. കൃഷി ആവശ്യത്തിനും വെള്ളം സംരക്ഷിച്ചു നിര്‍ത്താനും മത്സ്യക്കൃഷിക്കും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ കുഴിച്ചതാണ് എല്ലാം. സ്വകാര്യ ഭൂമിയിലും ആവശ്യാനുസരണം കുളങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
പഞ്ചായത്തിന്റെ തൊട്ടു പിന്നിലായി വലിയ ജൈവവൈവിധ്യ പാര്‍ക്ക് കാണാം. പാര്‍ക്കിന്റെ വശത്തായി പലതരം സസ്യങ്ങളാല്‍ നിറഞ്ഞ ഒരു കുളവുമുണ്ട്. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച സസ്യങ്ങള്‍ ഇവിടങ്ങളില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു.

കാര്‍ഷിക മേഖലയിലാണ് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കൂടുതല്‍. രാസവളങ്ങളുടെ ഉപയോഗം പ്രധാന കാരണമാണ്. ജൈവക്കൃഷി രീതിയിലൂടെ ഇത് കുറച്ചുകൊണ്ടുവരാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 68 ഏക്കറില്‍ ജൈവരീതിയില്‍ പച്ചക്കറി കൃഷിയുണ്ടിപ്പോള്‍. ജൈവരീതിയിലേക്ക് ആളുകളെ മാറ്റാനായി വിത്തുകളും അനുബന്ധ സഹായങ്ങളും പഞ്ചായത്തില്‍നിന്നുതന്നെ നല്‍കും. ചെറിയ അടുക്കളത്തോട്ടം മുതല്‍ ഏക്കര്‍ കണക്കിനുള്ള കൃഷിയില്‍ വരെ ഈ സഹായങ്ങള്‍ നല്‍കും.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചു. നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെയും നടപടികളിലൂടെയും ഇതു സാധ്യമാക്കിയെടുത്തു. ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ പൊടിച്ച് ടാറില്‍ ചേര്‍ക്കുന്ന അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ പ്രത്യേക മെഷീന്‍ യൂണിറ്റ് തുടങ്ങി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലേയും രണ്ടുപേരെ ഇതിനായി ചുമതലപ്പെടുത്തി. തൊഴിലവസരവും ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. ഓരോ വാര്‍ഡിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതും പൊടിക്കുന്നതുമെല്ലാം ഇവരുടെ ജോലിയാണ്. എല്ലാ വീടുകളിലും മാലിന്യനിര്‍മ്മാര്‍ജനത്തിന് കമ്പോസ്റ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുമുണ്ട്. ഇതിനു പുറമെ കേന്ദ്രീകൃതമായ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

വി സുരേഷ്
വി സുരേഷ്


''കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ രീതിയിലാണ് പല പദ്ധതികളും നടപ്പിലാക്കിയത്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പല പദ്ധതികളും ആലോചനയിലും അവസാന ഘട്ടത്തിലുമാണ്. മീനങ്ങാടിയിലെ ജനങ്ങളും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ട് തന്നെ ലക്ഷ്യം വളരെ അടുത്താണ്'' മീനങ്ങാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുരേഷ് പറയുന്നു.
സോളാര്‍ വൈദ്യുതിയിലേക്ക് ഘട്ടം ഘട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രചരിപ്പിച്ചു. എല്‍.ഇ.ഡി ബള്‍ബ് സ്വന്തമായി ഉണ്ടാക്കുന്ന ഒരു യൂണിറ്റിനെക്കുറിച്ചും ആലോചിച്ചു. ഇതിനായി 32 പേര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. മെഷീന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലുമെത്തി. വാഹനങ്ങളില്‍നിന്നുള്ള ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് റിക്ഷകള്‍ നിരത്തിലിറക്കാനുള്ള ആലോചന സജീവമാണ്.
കാര്‍ബണ്‍ സന്തുലിതം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ പല മേഖലകളിലും ഈ ഗ്രാമം അദ്ഭുതകരമായി മാറുകയാണ്. ഇവിടെനിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഇതിലൂടെ അന്താരാഷ്ട്ര തലത്തില്‍ മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കാനും സാധിക്കും. നൂതനമായ പല പദ്ധതികളും ആവിഷ്‌കരിക്കുന്ന മീനങ്ങാടി പഞ്ചായത്ത് 'കാര്‍ബണ്‍ ന്യൂട്രല്‍ വയനാടി'ന്റെ ആദ്യ ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുകയാണ്. ഈ യാത്രയില്‍ പല മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒട്ടേറെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും മീനങ്ങാടിക്കു കിട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com