കരയുടെയും  കണ്ടലിന്റെയും കാവല്‍ക്കാര്‍

പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തില്‍ പെരുമ്പപ്പുഴ ഒഴുകിപ്പോകുന്ന ഭാഗത്താണ് ഏറ്റവും വിസ്തൃതിയേറിയതും വൈവിധ്യവുമുള്ള കണ്ടല്‍ക്കാടുകളുള്ളത്.
ഫോട്ടോ: പ്രസൂണ്‍ കിരണ്‍
ഫോട്ടോ: പ്രസൂണ്‍ കിരണ്‍

യ്യേറ്റങ്ങളുടേയും നികത്തലിന്റേയും നിരപ്പാക്കലിന്റേയും വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കാറുള്ളൂ. പരിസ്ഥിതിക്കുവേണ്ടിയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ഇല്ലാത്ത നാളുകളില്ല. വികസനത്തിന്റെ പേരിലും പണാധിപത്യം കൊണ്ടും രാഷ്ട്രീയാധികാരം ഉപയോഗിച്ചും എന്നും തോല്‍പ്പിക്കപ്പെടുന്ന സമരങ്ങള്‍. പരിസ്ഥിതിക്കുവേണ്ടിയുള്ള സമരങ്ങളെല്ലാം നടക്കുന്നത് ജനകീയ കൂട്ടായ്മകളിലൂടെയാണ്. പ്രകൃതിക്കുവേണ്ടി പ്രകൃതി ഒരുമിപ്പിക്കുന്ന സാധാരണ മനുഷ്യര്‍. പലവിധ അധികാരങ്ങള്‍കൊണ്ട് ഇത്തരം പ്രതിരോധങ്ങളെ തകര്‍ക്കുമ്പോഴും പരിസ്ഥിതിയെ കുറിച്ചും അതു സംരക്ഷിക്കപ്പെടണമെന്നും അതിനുവേണ്ടി ശബ്ദിക്കണമെന്നും കരുതുന്ന കുറേയധികം മനുഷ്യര്‍ എപ്പോഴുമുണ്ടാകും. ആ ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ല, പ്രത്യേകിച്ചും പ്രളയാനന്തര കേരളത്തില്‍. നികത്തപ്പെടുന്നതിനും നിരത്തപ്പെടുന്നതിനു മുന്‍പും എങ്ങനെ ഒരു പ്രദേശത്തെ രക്ഷിച്ചുനിര്‍ത്താം എന്നതിന് കേരളത്തില്‍ത്തന്നെ ഉദാഹരണങ്ങളുണ്ട്. വടക്കെ മലബാറില്‍ പയ്യന്നൂരിനടുത്ത് 50 ഏക്കര്‍ ഭൂമി ഇങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇടിച്ചുനിരത്തലുകള്‍ വ്യാപകമാകുന്ന തൊണ്ണൂറുകളുടെ അവസാനം ജനകീയ കൂട്ടായ്മയിലൂടെ പണം കണ്ടെത്തി കണ്ടല്‍ക്കാടുകള്‍ നില്‍ക്കുന്ന ഭൂമി വിലകൊടുത്തു വാങ്ങി സംരക്ഷിച്ചുനിര്‍ത്തിയ കഥയാണത്. ഇന്നും ഒരു പോറലുമേല്‍ക്കാതെ അദ്ഭുപ്പെടുത്തുന്ന ശാന്തതയില്‍ ഏക്കര്‍ കണക്കിനു തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും. സമരങ്ങള്‍ ഇങ്ങനെയുമാവാം.

കേരളത്തിന്റെ പരിസ്ഥിതി പഠനങ്ങളിലും സമരങ്ങളിലും ആദ്യം അടയാളപ്പെട്ട പ്രദേശമാണ് പയ്യന്നൂര്‍. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിപഠന സംഘടന പിറന്നതും ആദ്യത്തെ പരിസ്ഥിതി മാസിക അച്ചടിക്കപ്പെട്ടതും ഇവിടെയാണ്. സൈലന്റ് വാലി പദ്ധതിക്കെതിരെ പാലക്കാടിനെക്കാള്‍ മുന്‍പ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതും പയ്യന്നൂരിലായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പരിസ്ഥിതിപഠനങ്ങള്‍ വ്യാപകമാവാത്ത കാലത്തുതന്നെ ഇവിടുത്തെ മനുഷ്യര്‍ പറഞ്ഞുതുടങ്ങിയിരുന്നു. 1990-കള്‍ക്കു ശേഷമാണ് റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ തീരദേശത്തും ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളിലും കൈവെച്ചു തുടങ്ങുന്നത്. കുന്നുകളും കണ്ടല്‍ക്കാടുകളും നശിപ്പിക്കപ്പെടുന്നതും ഇക്കാലത്തായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടുത്തെ എല്ലാ പുഴയുടെ കരയിലും കണ്ടല്‍ക്കാടുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തില്‍ പെരുമ്പപ്പുഴ ഒഴുകിപ്പോകുന്ന ഭാഗത്താണ് ഏറ്റവും വിസ്തൃതിയേറിയതും വൈവിധ്യവുമുള്ള കണ്ടല്‍ക്കാടുകളുള്ളത്. ചെറിയ ചെറിയ ദ്വീപുകള്‍പോലെ വെള്ളം ചുറ്റപ്പെട്ടു നില്‍ക്കുന്ന കാടുകളാണിവിടെ. ഇങ്ങനെയുള്ള പ്രദേശങ്ങള്‍ നികത്തപ്പെടുകയോ ചെമ്മീന്‍കൃഷിക്കായുള്ള ചെമ്മീന്‍ കെട്ടുകളായോ മാറ്റപ്പെടുന്ന കാലമായിരുന്നു. അങ്ങനെയാണ് ഈ ഭൂമി നശിപ്പിക്കപ്പെടരുതെന്ന് ആഗ്രഹിച്ച കുറേ പേര്‍ വിലകൊടുത്ത് വാങ്ങാന്‍ തീരുമാനിക്കുന്നത്. 

വേരുറപ്പിക്കാനുള്ള കണ്ടല്‍വിത്തുകള്‍
വേരുറപ്പിക്കാനുള്ള കണ്ടല്‍വിത്തുകള്‍

പയ്യന്നൂരില പരിസ്ഥിതി സംഘടനയായ സീക്ക് (സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ ഓഫ് കേരള) ഭൂമി വാങ്ങാനുള്ള ആലോചന മുന്നോട്ടുവെച്ചു. സീക്കിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും സാധാരണക്കാരും ചെറിയ വരുമാനമുള്ളവരുമായിരുന്നു. കൂടുതല്‍ തുക മുടക്കുക അസാധ്യം. പണം സമാഹരിക്കാന്‍ സീക്കിന്റെ മുഖമാസികയായ സൂചീമുഖിയിലൂടെ ഈ ആശയം പങ്കുവെച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂചീമുഖിക്കു വരിക്കാരുണ്ട്. വരിസംഖ്യ അടക്കുന്നവര്‍ക്ക് തപാല്‍വഴിയാണ് മാസിക എത്തിക്കുക. ഭൂമി വാങ്ങുക എന്ന ആശയം വരിക്കാരും ഏറ്റെടുത്തു. 1998 കാലത്ത് കണ്ടല്‍ക്കാട് നില്‍ക്കുന്ന ഈ പ്രദേശത്തിന്റെ ഭൂമി വില ഒരു സെന്റിന് 250 രൂപയായിരുന്നു. അങ്ങനെ 250 രൂപ മുതല്‍ ആളുകള്‍ സംഭാവന നല്‍കി. കിട്ടിയ ഏറ്റവും കൂടിയ തുക 2000 രൂപയായിരുന്നു. ഇങ്ങനെ സമാഹരിച്ച പണം കൊണ്ട് നാല് ഏക്കര്‍ കണ്ടല്‍ ഭൂമി സീക്ക് വാങ്ങി. ചര്‍ച്ചകള്‍ക്കും പണസമാഹരണത്തിനും ഒക്കെയായി രണ്ടു വര്‍ഷത്തോളമെടുത്തു. 2000 ആഗസ്റ്റിലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.

സീക്കിന്റെ ആലോചന നടക്കുന്ന അതേ സമയത്തു തന്നെയാണ് 'ഒരേ ഭൂമി ഒരേ ജീവന്‍' എന്ന പരിസ്ഥിതി സംഘടനയിലെ അംഗങ്ങളും കണ്ടല്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നത്. സംഘടനയിലെ അംഗങ്ങളായ 30 പേര്‍ ചേര്‍ന്നു മൂന്നര ഏക്കര്‍ ഭൂമി വാങ്ങി. 1998-ല്‍ത്തന്നെ ഭൂമിയുടെ രജിസ്ട്രേഷന്‍ നടന്നു. രണ്ട് സെന്റും അഞ്ചു സെന്റും ഒക്കെയായി ഓരോരുത്തരും വാങ്ങുകയായിരുന്നു. എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം ആധാരവുമുണ്ട്. എങ്കിലും ഭൂമി വാങ്ങിയവര്‍ക്കൊന്നും അവരുടെ ഭൂമി എവിടെയാണെന്നുപോലുമറിയില്ല. ഈ പ്രദേശം തന്നെ കാണാത്തവരും ഇക്കൂട്ടത്തിലുണ്ട്. സംരക്ഷണത്തിനായി നാടിനു സമര്‍പ്പിച്ച ഭൂമിയായതിനാല്‍ അതെവിടെയാണെന്ന് അറിയേണ്ട കാര്യവുമില്ല. അങ്ങനെ സീക്കിന്റേയും 'ഒരേ ഭൂമി ഒരേ ജീവ'ന്റേയും നേതൃത്വത്തില്‍ മൊത്തം ഏഴര ഏക്കര്‍ ഭൂമി പരിസ്ഥിതിസ്‌നേഹികളായ ഒരു കൂട്ടം ആളുകള്‍ വിലകൊടുത്തു വാങ്ങി. ഇതൊരു വലിയ മാതൃകയായിരുന്നു. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരിലും സംഘടനകളിലും ഇതു വലിയ ചര്‍ച്ചയായി. പരിസ്ഥിതി സംരക്ഷണത്തില്‍ത്തന്നെ വലിയൊരു മാറ്റം കൊണ്ടുവന്ന ഈ നീക്കം ഉയര്‍ത്തിവിട്ട ചിന്തകള്‍ കൂടുതല്‍ പേരെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. പിന്നീട് അതിനോട് ചേര്‍ന്നുള്ള 20 ഏക്കര്‍ കണ്ടല്‍ക്കാട് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന പരിസ്ഥിതി സംഘടന വാങ്ങി. തൊട്ടടുത്തുള്ള 22 ഏക്കര്‍ ഭൂമി കേരള വനം വകുപ്പും ഏറ്റെടുത്ത് സംരക്ഷിത ഭൂമിയാക്കി പ്രഖ്യാപിച്ചു. കണ്ടല്‍ക്കാടുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമായി 50 ഏക്കര്‍ ഭൂമി ഇവിടെ സ്വന്തം.

കണ്ടല്‍ക്കാടുകള്‍ നികത്തിയപ്പോള്‍
കണ്ടല്‍ക്കാടുകള്‍ നികത്തിയപ്പോള്‍

നാടിനായി വാങ്ങിയ ഭൂമി  

ഒരു കൂട്ടം ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ആവാസവ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്താം എന്നതിന്റെ തെളിവാണ് പയ്യന്നൂരിലേത്. ജനങ്ങളില്‍നിന്നും ചെറിയ ചെറിയ തുകകള്‍ പിരിവെടുത്ത് ഈ ഭൂമി വാങ്ങാനുണ്ടായ കാരണം സീക്കിന്റെ ഡയറക്ടറും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി. പത്മനാഭന്‍ പറയുന്നു: '1978-ല്‍ കാസര്‍ഗോഡ് കോട്ടഞ്ചേരിയില്‍ നടത്തിയ പരിസ്ഥിതി ക്യാമ്പില്‍ ആവാസവ്യവസ്ഥകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതു സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ചിന്തകള്‍ ഉയര്‍ന്നിരുന്നു. 1990-കള്‍ ആകുമ്പോഴേക്കും ചെങ്കല്‍ക്കുന്നുകള്‍ ഇടിച്ചുനിരത്തി ആ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കണ്ടല്‍ക്കാടുകളും നികത്തിത്തുടങ്ങിയിരുന്നു. കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള ഒരന്വേഷണവും സീക്ക് ഇക്കാലത്തു നടത്തിയിരുന്നു. സര്‍ക്കാരോ വനംവകുപ്പോ കണ്ടല്‍ക്കാട് സംരക്ഷണത്തിനായി ഒന്നും ചെയ്യാതിരുന്ന ഒരു കാലം കൂടിയാണത്. വനംവകുപ്പ് വനത്തിനകത്തുള്ള വന്യജീവികളേയും വനസമ്പത്തും സംരക്ഷിക്കുന്നതല്ലാതെ അതിനു പുറത്തുള്ള വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളേയും വന്യജീവികളേയും സംരക്ഷിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു അന്ന്. ആ ഒരു പശ്ചാത്തലത്തില്‍ നമ്മുടെ കുട്ടികള്‍ക്കു കാണാനും പഠിക്കാനും കണ്ടല്‍ക്കാടുകളുള്ള ചില ഭൂമിയെങ്കിലും സംരക്ഷിച്ചെടുക്കണമെന്നും ആ ഭൂമിയില്‍ ഉപജീവനം തേടിയിരുന്ന ആളുകള്‍ക്കു യാതൊരു തടസ്സവും ഉണ്ടാവാത്തവിധം അതു നിലനിര്‍ത്തണമെന്നുമുള്ള ആശയത്തിലാണ് ഇക്കാര്യം സംഭവിച്ചത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ തുരുത്തിഭാഗത്ത് പെരുമ്പപ്പുഴയോട് ചേര്‍ന്നുള്ള, കണ്ടല്‍ക്കാടുകളുടെ ഹൃദയഭാഗം എന്നു പറയാവുന്ന നാലേക്കര്‍ ഭൂമിയാണ് സീക്ക് വാങ്ങിയത്. ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് ഇത് ഒരു ചിന്ത നല്‍കുന്നുണ്ട്. നമ്മുടെ പ്രദേശത്ത് നഷ്ടപ്പെട്ടുപോകുന്ന സസ്യ-ജന്തു വൈവിധ്യ സമൂഹങ്ങളെ നിലനിര്‍ത്തുന്ന രീതിയില്‍ അവ നില്‍ക്കുന്ന ആവാസവ്യവസ്ഥകളെ സംരക്ഷിച്ചെടുക്കാന്‍ പറ്റും എന്നുള്ളത് ഇതിലൂടെ കാണാന്‍ കഴിയും.''

കൃത്യമായി സംരക്ഷിക്കപ്പെടണമെങ്കില്‍ വിലകൊടുത്തു വാങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല എന്ന തോന്നലാണ് ഭൂമി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് 'ഒരേ ഭൂമി ഒരേ ജീവന്‍' എന്ന സംഘടനയിലെ അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ.വി. ദയാല്‍ പറയുന്നു. ''കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു അന്ന് ആലോചിച്ചത്. കേരളത്തില്‍ ഏറ്റവും നല്ല കണ്ടല്‍ക്കാടുകള്‍ ഉള്ള സ്ഥലം തന്നെ അതിനായി തെരഞ്ഞെടുത്തു. വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ സെക്രട്ടറിയായിരുന്ന ലൂക്കോസ് കദളിക്കാട്ടിലായിരുന്നു അന്നത് കോ-ഓര്‍ഡിനേറ്റ് ചെയ്തത്. ഇങ്ങനെ ഒരു ആലോചന വന്നപ്പോള്‍ ഞങ്ങളുടെ മാസികയിലൂടെയാണ് ഈ ആശയം മറ്റുള്ളവരുമായി പങ്കുവെച്ചത്. ഒരു സെന്റിന് 250 രൂപയാണ്. ആധാരച്ചെലവടക്കം 300 രൂപയും. രണ്ട്, അഞ്ച്, പത്ത് സെന്റിന്റെ യൂണിറ്റുകളുണ്ടാക്കി ആര്‍ക്കും വാങ്ങാം എന്നതായിരുന്നു തീരുമാനം. അങ്ങനെ രണ്ടു സെന്റ് മുതല്‍ 50 സെന്റ് വരെ വാങ്ങിയവരുണ്ട്. വാങ്ങിയതില്‍ പലരും ആ ഭൂമി കണ്ടിട്ടുപോലുമില്ല. വ്യക്തികള്‍ വാങ്ങിയതിനു പുറമെ ഒരേ ഭൂമി ഒരേ ജീവന്റെ പേരില്‍ രണ്ട് സെന്റും ജൈവകര്‍ഷക സമിതിയുടെ പേരില്‍ രണ്ട് സെന്റ് ഭൂമിയും വാങ്ങിയിരുന്നു. വാങ്ങിയവരാരും അങ്ങോട്ട് പോകാറുമില്ല. നല്ല രീതിയില്‍ അത് സംരക്ഷിക്കപ്പെടുന്നുണ്ട് ഇന്നും'' -കെ.വി. ദയാല്‍ പറയുന്നു.

പ്രകൃതിക്കായി കൂട്ടായ്മകള്‍

ഈ ഭൂമി സംരക്ഷിച്ചതിന്റെ പ്രാധാന്യം ശരിക്കും മനസ്സിലാകണമെങ്കില്‍ അതിനു ചുറ്റിലുമുള്ള പ്രദേശത്തിന് എന്തു സംഭവിക്കുന്നു എന്നുകൂടി അറിയണം. സംരക്ഷിക്കപ്പെട്ട ഈ പ്രദേശത്തിന്റെ അരികിലുള്ള കരഭൂമികള്‍ നികത്തിക്കൊണ്ടിരിക്കുകയാണ്. ചെമ്മണ്ണിട്ട് നികത്തിയ ഈ പ്രദേശം കടന്നുവേണം സംരക്ഷിത ഭൂമിയിലേക്കെത്താന്‍. അതിനോടു ചേര്‍ന്നുള്ള കണ്ടലുകളും വെട്ടിനശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ആശുപത്രി സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്കു വാങ്ങി നികത്തിയെടുത്തു മറിച്ചുവില്‍ക്കുന്ന സംഘങ്ങളുമുണ്ട്. വില കിട്ടാത്ത ഭൂമികളാണ് തണ്ണീര്‍ത്തടങ്ങളും കുന്നുകളും. കുന്നുകള്‍ ഇടിച്ച് ആ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങളും കണ്ടലുകളും നികത്തുന്നതോടെ രണ്ടു പ്രദേശത്തിന്റേയും വില കുത്തനേ കൂടും. മറിച്ചുവില്‍പ്പനയ്ക്കുള്ള പ്രേരണ ഇതാണ്.

സംരക്ഷണത്തിനായി ഏറ്റെടുത്ത അമ്പതേക്കര്‍ ഭൂമി, വെള്ളക്കെട്ടും കണ്ടല്‍ക്കാടും നിറഞ്ഞതായതിനാല്‍ ജനവാസ മേഖലയല്ല. അതിനോടു ചേര്‍ന്ന സ്ഥലങ്ങളും കുടിവെള്ള പ്രശ്‌നം ഉള്ളതിനാല്‍ ആളുകള്‍ താമസിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രദേശങ്ങളാണ്. ഉപ്പുവെള്ളമാണ്. അതുകൊണ്ടുതന്നെ ഭൂവില വളരെക്കുറവും. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കു ഗുണകരവുമാണ്. വലിയ ബിസിനസ്സ് പ്രൊജക്ടുകള്‍ക്കോ ടൂറിസം പദ്ധതികള്‍ക്കോ ഈ ഭൂമി മറിച്ചുനല്‍കപ്പെട്ടാല്‍ സംരക്ഷിത ഭൂമിയിലെ ആവാസ വ്യവസ്ഥയെപ്പോലും അതു സാരമായി ബാധിച്ചേക്കും. 

മറ്റിടങ്ങളിലൊക്കെ കണ്ടല്‍ക്കാടുകള്‍ ഇക്കോ ടൂറിസം പദ്ധതികളൊക്കെയായി മാറ്റപ്പെടുമ്പോള്‍ കുഞ്ഞിമംഗലം തുരുത്തിയിലെ ഈ ഭൂമി അതിന്റെ സ്വാഭാവികതയില്‍ത്തന്നെ നിലനില്‍ക്കുകയാണ്. കണ്ടല്‍ക്കാടുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും വേലിയേറ്റ വേലിയിറക്കങ്ങളുടേയും സേവനമൂല്യം എന്താണെന്നു മനസ്സിലാക്കാനും പഠിക്കാനുമുള്ള ഒരു ഭൂമിയാണ് ഇന്നിത്. കോളേജുകളിലേയും സ്‌കൂളിലേയും വിദ്യാര്‍ത്ഥികളും ഗവേഷകരും ഈ ആവാസവ്യവസ്ഥയെ തൊട്ടറിയാന്‍ ഇവിടെയെത്തും. തോണിയില്‍ കൂടി പോയി വേണം ഈ പ്രദേശം ചുറ്റിക്കാണാന്‍.

വെള്ളക്കെട്ടില്‍ നിറയെ മീനുകളാണ്. ഞണ്ടും ചെമ്മീനും കക്കയും കരിമീനും ചൂട്ടാച്ചിയും മാനത്തെക്കണ്ണിയും മാലാനും പൂമീനും തിലോപ്പിയും അങ്ങനെ ഒരുപാട് മീനുകള്‍. പരമ്പരാഗത രീതിയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്നവര്‍ മാത്രമാണ് ഈ ഭൂമിയിലേക്ക് അധികം വരുന്നത്. മുട്ടോളം ചെളിയിലിറങ്ങി കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ നടക്കാം. പലതരം പക്ഷികളുടേയും ചെറുജീവികളുടേയും സ്വതന്ത്രമായ ഒരു ലോകം. ചുള്ളിക്കണ്ടല്‍, പൂക്കണ്ടല്‍, പ്രാന്തന്‍കണ്ടല്‍, കടക്കണ്ടല്‍, ചക്കരക്കണ്ടല്‍ തുടങ്ങി 42 തരം കണ്ടലുകളുണ്ടിവിടെ. വെള്ളപ്പൊക്കത്തിനേയും കൊടുങ്കാറ്റിനേയും വരെ അതിജീവിച്ചു കരഭൂമിയെ സംരക്ഷിക്കുന്ന പ്രകൃതിയുടെ രക്ഷകര്‍.

എങ്ങനെയാണ് ഞണ്ടും ചെമ്മീനും കക്കകളും വളരുന്നതെന്നും പ്രാദേശിക ജനസമൂഹം അതിനെ എങ്ങനെയാണ് ഉപജീവനമാക്കുന്നതെന്നും ഏതൊക്കെ മാസങ്ങളിലാണ് കണ്ടലുകള്‍ പൂക്കുകയും വളരുകയും ചെയ്യുന്നതെന്നും ഏതു രീതിയിലാണ് അതിന്റെ പ്രജനനമെന്നുമൊക്കെ കൗതുകത്തോടെ തൊട്ടറിഞ്ഞു പഠിക്കാന്‍ ഇവിടെയത്തുന്നവര്‍ക്കു കഴിയുന്നു. അതിനപ്പുറം കണ്ടലുകളും തണ്ണീര്‍ത്തടങ്ങളും എങ്ങനെയാണ് നമ്മുടെ പ്രകൃതിയുടെ രക്ഷകരാകുന്നതെന്നും. കുട്ടികള്‍ക്കു ക്യാമ്പുകള്‍ നടത്താനും ക്ലാസ്സുകളെടുക്കാനും ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകരും എപ്പോഴുമുണ്ടാകും. ചെളിയില്‍ പുതഞ്ഞ കാലുമായി തോണിയില്‍ തിരിച്ചു വന്നിറങ്ങുമ്പോള്‍ സുന്ദരമായ ഒരു ആവാസവ്യവസ്ഥയില്‍നിന്നും പുറത്താക്കപ്പെട്ടതുപോലുള്ള ഒരു തോന്നലായിരുന്നു. ചെമ്മണ്ണിട്ടു നികത്തിയ നിലങ്ങളിലൂടെ തിരിച്ചു നടക്കുമ്പോള്‍ മറ്റെന്താണ് തോന്നുക. തോണിതുഴഞ്ഞ ശരണ്‍ പറഞ്ഞ മീനറിവുകളും ഒപ്പമുണ്ടായ പരിസ്ഥിതിപ്രവര്‍ത്തകന്‍ ഷൈജു മാഷിന്റെ കണ്ടല്‍ക്കഥകളും കണ്ടു മതിവരാത്ത പൂക്കണ്ടലും ഉപ്പറ്റിക്കണ്ടലും പ്രാന്തന്‍കണ്ടലും ബ്ലാത്തിയും മാത്രം മനസ്സില്‍. പ്രകൃതിക്കുവേണ്ടിയുള്ള ജനകീയ കൂട്ടായ്മകള്‍ ഇനിയുമുണ്ടാവട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com