ഭദ്രമല്ല കേരളത്തിന്റെ ധനസ്ഥിതി

ഭദ്രമല്ല കേരളത്തിന്റെ ധനസ്ഥിതി

കേരളത്തിന്റെ ധനസ്ഥിതിയുടെ ഗുരുതരാവസ്ഥ മറികടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് മികച്ച വേഗത എന്നാണ് അവകാശവാദം.

കേരളത്തിന്റെ ധനസ്ഥിതിയുടെ ഗുരുതരാവസ്ഥ മറികടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് മികച്ച വേഗത എന്നാണ് അവകാശവാദം. എന്നാല്‍, അതിന്റെ ഫലത്തെക്കുറിച്ച് ഒറ്റവാക്കില്‍ ഉത്തരമില്ല; ധനകാര്യത്തിലെങ്കിലും ഇത്രകാലം കൊണ്ട് എല്ലാം ശരിയാക്കാമെന്നു സമയപരിധി നിശ്ചയിക്കാനുമാകില്ല. പക്ഷേ, പ്രശ്‌നമുണ്ടെന്നു തുറന്നു സമ്മതിക്കുന്നു എന്നതും പരിഹാരത്തിനു ജനത്തെ ബുദ്ധിമുട്ടിക്കുന്ന കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറല്ല എന്നതും പ്രധാനമാണ്. കയ്യും കെട്ടി നോക്കിയിരിക്കുന്നില്ല എന്നത് അതിനേക്കാള്‍ പ്രധാനം. അപ്പോള്‍പ്പിന്നെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി.എം. തോമസ് ഐസക്കും എന്തൊക്കെയാണ് ചെയ്യുന്നത് എന്നും അവയുടെ ഫലപ്രാപ്തി എത്രയെന്നും അന്വേഷിക്കുക തന്നെ വേണം. എന്തുകൊണ്ടെന്നാല്‍ പ്രതിസന്ധി നിസ്സാരമല്ല. തെരഞ്ഞെടുപ്പു ചൂടില്‍ ജനങ്ങളും മാധ്യമങ്ങളും കാര്യമായി ശ്രദ്ധിക്കാതെ വിട്ടതാണ് അത്. ഭരണനേതൃത്വത്തിനു അങ്ങനെ മുഖം തിരിക്കാനാകാത്തതുകൊണ്ട് ചടുല നീക്കങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ അതിലേക്കു മുഴുവനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. ധനസ്ഥിതി ഭദ്രമാക്കാനുള്ള ഒറ്റമൂലികളൊന്നും ഇതിലുള്‍പ്പെടുന്നില്ല. ''കേരളത്തിലെ ധനസ്ഥിതി നമ്മള്‍ ഗൗരവത്തില്‍ എടുക്കേണ്ട ഒരു സ്ഥിതിവിശേഷമാണ്'' ധനമന്ത്രി ടി.എം. തോമസ് ഐസക് പറയുന്നു. ''പക്ഷേ, പേടിക്കാനൊന്നുമില്ല'' എന്ന് അതിനോടു ചേര്‍ത്ത് അദ്ദേഹം പറയുന്നത് മുഴുവനായും വിശ്വസിക്കാന്‍ ധനകാര്യ വിദഗ്ദ്ധരും സര്‍ക്കാരിന്റെ ചലനങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിക്കുന്നവരും മടിക്കുന്നു. നിലവിലെ ധനസ്ഥിതിയില്‍ കേരളത്തിന്റെ ഭാവി ശോഭനമല്ല എന്നതാണ് വസ്തുത. പക്ഷേ, അങ്ങനെ തുറന്നു പറയാന്‍ ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും ഇഷ്ടപ്പെടുന്നില്ല.

ധനമാനേജ്മെന്റ് പോലെ തന്നെ സങ്കീര്‍ണ്ണമാണ് ധനസ്ഥിതിയുടെ ഉള്ളറകളിലേക്കു കടന്നു സത്യം കണ്ടെത്തലും. നിത്യോപയോഗ സാധനങ്ങള്‍ക്കു വില കൂടുമ്പോഴും ബസ് കൂലിയും ഓട്ടോക്കൂലിയും വര്‍ധിക്കുമ്പോഴുമൊക്കെ മാത്രമാണ് ജനം ഖജനാവിലേക്കു പാളിനോക്കുക. എന്നുവച്ചാല്‍ നേരിട്ടു പോക്കറ്റില്‍ കൈയിടുമ്പോള്‍ മാത്രം. അതു പോരാ. അല്ലാത്തപ്പോഴും കാര്യങ്ങള്‍ അറിയുകതന്നെ വേണം. ചരക്കുസേവന നികുതി (ജി.എസ്.ടി), ഫിനാന്‍ഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് (എഫ്.ആര്‍.ബി.എം) ആക്റ്റ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി), മസാല ബോണ്ട് ഇവയൊക്കെ വലിയ ചര്‍ച്ചയായി അന്തരീക്ഷത്തില്‍ നിറയുന്നു. എന്താണ് ഇവ, എങ്ങനെയാണ് ഈ കാര്യങ്ങള്‍ സമകാലിക കേരളീയ ജീവിതത്തെ കയറിപ്പിടിച്ചിരിക്കുന്നത്?

ഇപ്പോള്‍ തുടങ്ങിയതല്ല  

എന്തുകൊണ്ടാണ് ഇന്ന് ഈ പ്രതിസന്ധി ഉണ്ടായിട്ടുള്ളത് എന്നതിന് തോമസ് ഐസക് നല്‍കുന്ന മറുപടി: ''കഴിഞ്ഞ ഒരു ഏഴു വര്‍ഷമായി നമ്മുടെ സംസ്ഥാനത്തിന്റെ ചെലവുകള്‍ ശരാശരി 16 ശതമാനം കണ്ട് ഉയരുകയാണ്. എന്നാല്‍, വരുമാനമാകട്ടെ, പത്തു ശതമാനം കണ്ടേ ഉയരുന്നുള്ളൂ. ഈ വിടവ് നമ്മള്‍ പബ്ലിക് അക്കൗണ്ട് വഴിയുള്ള വായ്പയും മറ്റുംകൊണ്ടാണ് നികത്തിയിരുന്നത്. ഇതിങ്ങനെ അനന്തമായി പോകാനാകില്ല. ഇങ്ങനെ പബ്ലിക് അക്കൗണ്ടിനെ ഉപയോഗിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി തടഞ്ഞിരിക്കുകയുമാണ്. അതുകൊണ്ട് നമ്മുടെ വരുമാനം പതിനാറു ശതമാനമായി ഉയര്‍ത്തണം. ആ വര്‍ധന നേടാന്‍ കഴിയുമോ എന്നതാണ് കാതലായ ചോദ്യം. നേടാന്‍ കഴിയുമെന്ന് ഈ വര്‍ഷം തെളിയിക്കാന്‍ പോവുകയാണ്.''

കേരളത്തെ സ്ഥിരമായി രക്ഷിക്കാന്‍ വഴിയില്ലേ? ഉണ്ടെന്നു ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധിയാണ്. പക്ഷേ, രാഷ്ട്രീയ ഇച്ഛാശക്തി വേണം. ''കേരളത്തിലെ 58 ശതമാനം ഭൂമിയും കൈയടക്കിയിരിക്കുന്നത് ടാറ്റയും ഹാരിസണും ഉള്‍പ്പെടെ 200 കുത്തകകളാണ്. അതില്‍ത്തന്നെ ഏറ്റവുമധികം കൈവശം വച്ചിരിക്കുന്നത് ടാറ്റ ഉള്‍പ്പെടുന്ന വന്‍കിട കുത്തകകള്‍. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കേരളത്തിനു കിട്ടുന്നത് കോടിക്കണക്കിനു രൂപയുടെ ആസ്തി. അതു ചെയ്യാന്‍ തയ്യാറാകുന്നില്ല. പകരം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (വ്യവസായ നടത്തിപ്പ് എളുപ്പമാക്കല്‍) സൂചികയില്‍ മുകളിലാകാനാണ് തിടുക്കം. ഭൂസമരങ്ങളെ കര്‍ക്കശമായി നേരിടുകയും ചെയ്യുന്നു'' ധനകാര്യ വിദഗദ്ധനും സി.പി.ഐ എം.എല്‍. നേതാവുമായ പ്രൊഫ. പി.ജെ. ജെയിംസ് പറയുന്നു. '40,000 കോടി രൂപയുടെ സ്വര്‍ണ്ണക്കച്ചവടം മാത്രമേ കേരളത്തില്‍ ഒരു വര്‍ഷം രേഖാപരമായി നടക്കുന്നുള്ളു. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം രണ്ടു ലക്ഷം കോടി രൂപയുടെ സ്വര്‍ണ്ണക്കച്ചവടം നടക്കുന്നുണ്ടെന്നു പറഞ്ഞത് സ്വര്‍ണ്ണക്കച്ചവടക്കാരുടെ സംഘടന തന്നെയാണ്. സ്വര്‍ണ്ണത്തിനു മേലുള്ള നികുതി വളരെ തുച്ഛം. അതു രേഖാപരമായി നടക്കുന്ന 40,000 കോടിയുടെ കച്ചവടത്തില്‍നിന്നു മാത്രമേ ഈടാക്കുന്നുള്ളു. പകരം യഥാര്‍ത്ഥത്തില്‍ നടക്കുന്ന മുഴുവന്‍ സ്വര്‍ണ്ണക്കച്ചവടത്തിനുമേലും നികുതി ചുമത്തിയാല്‍ ഖജനാവിന് അതു വലിയ താങ്ങാകും'' പ്രൊഫ. ജെയിംസ് ചൂണ്ടിക്കാണിക്കുന്നു.

വന്‍തോതിലുള്ള ചെലവ് നിയന്ത്രണം കൊണ്ടുവന്നാല്‍ മാത്രമേ അടിസ്ഥാനപരമായ മാറ്റം സാധിക്കൂ എന്ന് ഡോ. ബി.എ. പ്രകാശ്. ''ഇവിടെ ഇപ്പോഴത്തെയത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് സ്വകാര്യ സ്‌കൂളുകളിലേയും കോളേജുകളിലേയും മുഴുവന്‍ ശമ്പളവും സര്‍ക്കാര്‍ കൊടുക്കുന്ന രീതി തുടങ്ങിയത്. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. എയ്ഡഡ് മേഖലയിലെ സര്‍ക്കാര്‍ ചെലവിന്റെ കാര്യത്തില്‍ നിയന്ത്രണത്തിനോ മാറ്റമുണ്ടാക്കാനോ ആരും തയ്യാറായിട്ടില്ല. ശമ്പളത്തിനും പെന്‍ഷനും പുറമേ ഇതാണ് മറ്റൊരു വലിയ ചെലവ്. അതിന് അവസാനമുണ്ടാക്കാന്‍ കഴിയണം'' അദ്ദേഹം പറയുന്നു.

2016-ല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ചെയ്തതുപോലെ കേരളത്തിന്റെ ധനസ്ഥിതിയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ധവളപത്രം ഇറക്കണമെന്ന് ഡോ. എം.എ. ഉമ്മന്‍ നിര്‍ദ്ദേശിക്കുന്നു. ''എവിടെനിന്നെല്ലാമാണ്, ഏതെല്ലാം സ്രോതസ്സുകളില്‍നിന്നാണ് പണം സമാഹരിക്കുന്നത്, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഈ പണം ചെലവാക്കപ്പെടുന്നത് എന്നതിന്റെ ഒരു രൂപരേഖയെങ്കിലും അതിലുണ്ടാകണം. ധവളപത്രത്തിനു നിയമസഭയുടെ അംഗീകാരം വാങ്ങണം. വിമര്‍ശിക്കുന്നവര്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യാന്‍ കഴിയും. അതിനുള്ള ഒരു സന്ദര്‍ഭം ഉണ്ടാക്കണം'' -ഡോ. ഉമ്മന്റെ വാക്കുകള്‍.

സംസ്ഥാന സര്‍ക്കാര്‍ രൂക്ഷമായ ധന പ്രതിസന്ധിയിലാണെന്നും ഈ നിലയ്ക്കാണെങ്കില്‍ 2021 ആകുമ്പോള്‍ നിത്യനിദാന ചെലവുകള്‍ക്കുപോലും പണമില്ലാതാകും എന്നും 2016 ജൂണില്‍ പ്രസിദ്ധീകരിച്ച ധവളപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം, പെന്‍ഷന്‍, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ എന്നിവപോലും മുടങ്ങുന്ന പരിതാപകരമായ സ്ഥിതി ഉണ്ടാകും എന്നുകൂടി അതില്‍ മുന്നറിയിപ്പു നല്‍കി. അതിനു മുന്‍പ് ഈ സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലും കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ''സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്നും സംസ്ഥാനത്തെ കര കയറ്റാന്‍ മറ്റാരും ഏറ്റെടുക്കാത്ത ദൗത്യം എന്റെ സര്‍ക്കാര്‍ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു'' എന്ന് അറിയിച്ച ഗവര്‍ണര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി (2013-2016) കേരള ജനത നിയമസഭയിലൂടെ അംഗീകരിച്ച വാര്‍ഷിക പദ്ധതികളുടെ നടത്തിപ്പ് സ്തംഭിച്ചിരിക്കുകയാണ് എന്നും വെളിപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗം വിശദമായി ആമുഖത്തില്‍ എടുത്തുചേര്‍ത്തുകൊണ്ടാണ് ധവളപത്രം അവതരിപ്പിച്ചത്. ഈ സര്‍ക്കാരിനു മൂന്നാം വര്‍ഷം പിന്നിടുമ്പോഴും സ്ഥിതി മറികടക്കാന്‍ കഴിയുന്നില്ല. അതിന്റെ ഫലമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്ത കരാറുകാരുടെ ഉള്‍പ്പെടെ ബില്ലുകള്‍ വന്‍തോതില്‍ പിടിച്ചു വയ്ക്കേണ്ടിവരുന്നതും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ട്രഷറി പൂട്ടലും സര്‍ക്കാരിനു സ്റ്റാമ്പ് വാങ്ങാന്‍ പോലും പണമില്ലാത്തതും. ഇടതുമുന്നണി സര്‍ക്കാരിന്റേയും തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിന്റേയും വിമര്‍ശകര്‍ക്ക് ഇതില്‍പ്പരം നല്ലൊരു വടി കിട്ടാനില്ല എന്ന സ്ഥിതി വന്നു. '2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ധവളപത്രമനുസരിച്ച് 2017-2018 ആകുമ്പോള്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ രൂക്ഷമാവുകയും 2020-2021 ആകുമ്പോള്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്യും. ധവളപത്രം പ്രസിദ്ധീകരിച്ച ശേഷം ധനസ്ഥിതി ഓരോ ദിവസവും മോശമാകുന്നതാണ് കണ്ടത്. 2016-2017ലെ സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത് മുന്‍ വര്‍ഷത്തേക്കാള്‍ ധനസ്ഥിതി വളരെ മോശമായി എന്നാണ്. 2017-2018ന്റെ നല്ലൊരു ഭാഗവും ട്രഷറി നിയന്ത്രണവും മറ്റുമായി വീണ്ടും മോശമായി. ഇപ്പോഴത്തെ സ്ഥിതി, കഴിഞ്ഞ ഏതാനും മാസങ്ങളായി പൂര്‍ണ്ണമായിത്തന്നെ ട്രഷറി നിയന്ത്രണത്തിലാണ്. ശമ്പളവും പെന്‍ഷനുമൊഴികെ ബാക്കിയുള്ള ബില്ലുകളൊന്നും പാസ്സാകുന്നില്ല'' ഡോ. ബി.എ. പ്രകാശ് പറയുന്നു.

2001-ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതുപോലെ ചെലവുകള്‍ വെട്ടിക്കുറച്ചും സര്‍ക്കാര്‍ ജീവനക്കാരെ പിണക്കിയും വേണമെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാം എന്ന ഉപദേശം സര്‍ക്കാരിനു പലവട്ടം ലഭിച്ചിട്ടുണ്ട്. അത് അനുസരിക്കാം; അല്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍പോലും പണമില്ലാതേയും ബില്ലുകള്‍ മാറാന്‍ കഴിയാതേയും കരാറുകാരുടെ ആത്മഹത്യയ്ക്കു സാക്ഷ്യം വഹിച്ചും കാലാവധി തികയ്ക്കാം. രണ്ടായാലും രാഷ്ട്രീയ തീരുമാനമെടുക്കേണ്ട സമയമാണിത്. ആദ്യത്തേത് കരളുറപ്പുള്ള രാഷ്ട്രീയ തീരുമാനമാകുമ്പോള്‍ രണ്ടാമത്തേത് ആത്മഹത്യയ്ക്കു തുല്യമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ആത്മഹത്യയാകില്ല തെരഞ്ഞെടുക്കുന്നത് എന്നുറപ്പ്. പക്ഷേ, ചെലവു ചുരുക്കലിനു കടുത്ത തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പുള്ള കൈകാലിട്ടടിക്കലാണ് ഇപ്പോള്‍.
സംസ്ഥാന ബജറ്റ് അര്‍ത്ഥരഹിതമായി മാറുന്ന വിധത്തിലാണ് രാജ്യത്ത് നവ ലിബറല്‍ പരിഷ്‌കാരങ്ങളുടെ കടന്നുകയറ്റമുണ്ടായത്. ജി.എസ്.ടി നടപ്പാക്കിയ ശേഷമാകട്ടെ, സംസ്ഥാനത്തിന്റെ മുഴുവന്‍ വിഭവസമാഹരണത്തിന്റേയും അധികാരം കേന്ദ്രത്തിലായി. അതോടെ ബജറ്റ് എന്നത് ഔപചാരികം മാത്രമായി. ഫിസ്‌കല്‍ റെസ്പോണ്‍സബിലിറ്റി ആന്റ് ബജറ്റ് മാനേജ്മെന്റ് (എഫ്.ആര്‍.ബി.എം) ആക്റ്റ് പ്രകാരം ഒരു പരിധിക്കപ്പുറം ചെലവ് കൂടാന്‍ പാടില്ല. ധനക്കമ്മിയും റവന്യൂ കമ്മിയുമൊക്കെ നിയന്ത്രിച്ചേ പറ്റു എന്നതായി സ്ഥിതി. 

ബജറ്റില്‍ കാര്യമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ സാഹിത്യം കൂടുതലാക്കിയത് എന്നു തമാശ പറയുന്നവരുണ്ട്. പക്ഷേ, ബജറ്റിനു പുറത്ത് കിഫ്ബി രൂപീകരിച്ചതോടെ കാര്യം കളിയല്ല എന്നു വിമര്‍ശകര്‍ക്കും മനസ്സിലായി. ധനസമാഹരണം കിഫ്ബിക്കു വിട്ടുകൊടുത്തിരിക്കുന്നു എന്നായി അപ്പോള്‍ വിമര്‍ശനം. കിഫ്ബി തീരുമാനിക്കുന്ന പദ്ധതികള്‍ വരും അല്ലാത്തവ വരില്ല എന്നു പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. എന്നാല്‍, സംസ്ഥാനത്തിനു ലഭിക്കുന്ന മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും എല്ലാ വര്‍ഷവും ഗ്രാന്റായി കിഫ്ബിക്കു കൊടുക്കുക എന്ന തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് നിയമസഭ ഏകകണ്ഠമായാണ്. അതേസമയംതന്നെ കിഫ്ബി ബജറ്റിതര വരുമാന സമാഹരണമാണ് എന്നത് ചൂണ്ടിക്കാട്ടി അതിന് ആരോടാണ് ഉത്തരവാദിത്വം എന്ന ചോദ്യം എല്ലാ തലങ്ങളില്‍നിന്നും ഉയരുന്നുണ്ട്. കിഫ്ബിയെ എതിര്‍ക്കാത്ത ഡോ. എം.എ. ഉമ്മനും കിഫ്ബിയെ എതിര്‍ക്കുന്ന പ്രൊഫ. പി.ജെ. ജെയിംസും ഡോ. ബി.എ. പ്രകാശും സര്‍ക്കാരിനു പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇതേ വികാരം പങ്കുവയ്ക്കുന്നു.

ഫണ്ട് സമാഹരിക്കാന്‍ മസാല ബോണ്ടിലും ലണ്ടന്‍ ഓഹരി വിപണിയിലും കൊണ്ടു തലവച്ചു കൊടുക്കുകയാണ് എന്ന വിമര്‍ശനം കൂടി രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. അതിനെക്കുറിച്ച് വിശദമായിത്തന്നെ ലണ്ടന്‍ സന്ദര്‍ശനത്തിനു മുന്‍പ് മുഖ്യമന്ത്രിയും ധനമന്ത്രിയും മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. മെയ് 27-നു നിയമസഭ ചേരാനിരിക്കുകയുമാണ്. അതിന്റെ കൂടി പശ്ചാത്തലത്തില്‍ ലണ്ടന്‍ യാത്രയ്ക്കുശേഷം ഇതാദ്യമായി ധനമന്ത്രി വിശദമായി മനസ്സു തുറക്കുകയാണ്. ''ഓരോ വര്‍ഷവും ബോണ്ട് വഴിയും അല്ലാതെയും എടുക്കാന്‍ പോകുന്ന വായ്പയും അതിന്റെ പലിശയും തിരിച്ചടവും എങ്ങനെ വേണം. അതെല്ലാം കൂടി ചേരുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ തിരിച്ചടവ് അവസാനിക്കുമ്പോള്‍ വേണ്ടിവരും. ആ കാലയളവിനുള്ളില്‍ നമ്മുടെ മോട്ടോര്‍ വാഹന നികുതിയും കൂടുന്നുണ്ട്. ആ മോട്ടോര്‍ വാഹന നികുതിയില്‍നിന്നു വര്‍ധിച്ചുവരുന്ന സെസ്സ് കിട്ടുമ്പോള്‍ കിഫ്ബിക്ക് കേരള സര്‍ക്കാരില്‍നിന്ന് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ കിട്ടിയിരിക്കും'' (ഡോ. തോമസ് ഐസക്കുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം പ്രത്യേകം ചേര്‍ത്തിരിക്കുന്നു). 

അഞ്ചു ചോദ്യങ്ങള്‍ മാത്രമാണ് മലയാളം വാരിക ധനമന്ത്രിയോടു ചോദിച്ചത്. കേരളത്തിന്റെ ധനസ്ഥിതി പേടിക്കേണ്ടവിധം അപകടാവസ്ഥയിലാണോ, ഇതു മറികടക്കാന്‍ ചെലവു ചുരുക്കല്‍ പോലുള്ള താല്‍ക്കാലിക നടപടികള്‍ മതിയാകുമോ, എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, ബജറ്റിതര വിഭവസമാഹരണത്തിന് കിഫ്ബി രൂപീകരിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിനെ എങ്ങനെ കാണുന്നു, നവലിബറല്‍ സാമ്പത്തിക സമീപനങ്ങള്‍ ഇടതു സര്‍ക്കാരും അതേവിധം തുടരുകയാണ് എന്ന വിമര്‍ശനങ്ങളില്‍ സത്യമെത്രത്തോളമുണ്ട് എന്നിവ. പക്ഷേ, പറയാനുള്ളത് അതിലുമധികമാണ് എന്നു വ്യക്തമായ സൂചന നല്‍കുന്നതായി വിശദമായ മറുപടി. 

മുഖ്യമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടുന്ന കേരളസംഘം വിഖ്യാത ഫ്രെഞ്ച് ധനതത്വ ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയുമായും കൂടിക്കാഴ്ച നടത്തിയാണല്ലോ മടങ്ങിയത്. സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി പഠിക്കാനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും തനിക്കു താല്പര്യമുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായാണ് പുറത്തുവന്നത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആളാണ് പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറായ പിക്കറ്റി. ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ വിദഗ്ദ്ധനുമായ ലൂകാസ് ചാന്‍സലും ഈ ചര്‍ച്ചയിലുണ്ടായിരുന്നു. ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് പിക്കറ്റി പ്രകീര്‍ത്തിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനപാതയാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നു പിണറായിയും വിശദീകരിച്ചു. ''ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ ഉയര്‍ന്ന നിലവാരത്തിലേക്കു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നു. അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ രാജ്യത്തിനു തന്നെ മാതൃകയാണ്. സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്‍കുന്ന ബദല്‍ വികസന പാതയിലാണ് കേരളം മുന്നോട്ടു പോകുന്നത്.'' മുഖ്യമന്ത്രി പിക്കറ്റിയോടു പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ.

എന്നാല്‍, തകര്‍ന്നു കിടക്കുന്ന സമ്പദ്ഘടന പഠിക്കാന്‍ പിക്കറ്റി വന്നിട്ടെന്തു കാര്യം എന്ന ചോദ്യം സമാന്തരമായി ഉയര്‍ന്നു തുടങ്ങിയിട്ടുമുണ്ട്. നിയമസഭാ സമ്മേളനത്തോടെ ഈ ചോദ്യം സജീവമാകും. ഡോ. ബി.എ. പ്രകാശ് അതിനു തുടക്കമാണിട്ടിരിക്കുന്നത്. ''തോമസ് പിക്കറ്റിക്ക് എന്തെങ്കിലും അമാനുഷിക ശേഷി ഉണ്ടെങ്കില്‍ അദ്ദേഹം കേരളത്തെ രക്ഷിക്കട്ടെ. വരുമാനം കൂട്ടണം, ചെലവു കുറയ്ക്കണം. അതിനു കടുത്ത തീരുമാനങ്ങള്‍ വേണം. എന്നാലേ ധനസ്ഥിതി മെച്ചമാവുകയുള്ളു. അല്ലാതെ അദ്ഭുതവിളക്കുകൊണ്ട് ധനസ്ഥിതി മെച്ചമാകില്ല.''
കിഫ്ബി ഫണ്ടിലേക്കുള്ള മോട്ടോര്‍ വാഹന നികുതിയുടേയും പെട്രോളിയം ഉല്പന്നങ്ങളുടെ സെസിന്റേയും നിശ്ചിത ശതമാനം എല്ലാ ദിവസവും കൃത്യമായി ചെന്നുചേരുന്നതിനു പ്രത്യേക സോഫ്റ്റുവെയര്‍ തന്നെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. തുടക്കത്തിലെപ്പോലെ പല മാസങ്ങളിലെ വിഹിതം ഒന്നിച്ച് ഈടാക്കാനുള്ള സാവകാശമില്ല. ധനപ്രതിസന്ധിയുടെ രൂക്ഷ സ്ഥിതിക്കു മറ്റൊരു ഉദാഹരണവും വേണ്ട എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ശരിയാണ്, മറ്റെല്ലാ കാര്യങ്ങളിലും എന്നതുപോലെ ധനകാര്യത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുന്‍പന്തിയില്‍ പതിവു വിമര്‍ശകരും പ്രതിപക്ഷവും തന്നെയാണ്. പക്ഷേ, സ്ഥിരം വിമര്‍ശകര്‍ അല്ലാത്തവരും വിമര്‍ശകരാകാന്‍ വെമ്പുന്നുണ്ട്. 
നാലാം വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുന്ന ഈ ഘട്ടത്തില്‍ പിണറായി വിജയനും തോമസ് ഐസക്കും കാണാതെ പോകരുതാത്ത കാര്യമാണ് അത്. 

പ്രതിസന്ധിക്കു കാരണം ധനധൂര്‍ത്ത് രാഷ്ട്രീയം 

ഡോ. ബി.എ. പ്രകാശ് 

2016-ലെ ധവളപത്രം പ്രവചിച്ചതുപോലെ ധനസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. 2000-2001 കാലഘട്ടത്തിലേതു പോലുള്ള രൂക്ഷമായ ധനകാര്യത്തകര്‍ച്ചയുടെ വക്കിലാണ് കേരളം. ഫെബ്രുവരി തുടക്കത്തില്‍ ഒരു ലക്ഷം രൂപയിലധികമുള്ള ബില്ലുകള്‍പോലും പാസ്സാക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നുവച്ചാല്‍ ധനസ്ഥിതി അത്രത്തോളം രൂക്ഷം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും ധൂര്‍ത്തും മോശം ഭരണവും എല്ലാംകൊണ്ട് ധനസ്ഥിതി മോശമായി എന്നാണ് ധനമന്ത്രി പറഞ്ഞത്. അതുകൊണ്ട് ഞാനിതാ എല്ലാം മെച്ചമാക്കാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയതാണ്. 

സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ഒരു ധനധൂര്‍ത്ത് രാഷ്ട്രീയമുണ്ട്. അതാണ് കേരളത്തിന്റെ ധനസ്ഥിതി അടിസ്ഥാനപരമായി തകര്‍ക്കുന്നത്. ഈ ധനധൂര്‍ത്ത് രാഷ്ട്രീയം വിട്ട് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ ധനധൂര്‍ത്ത് രാഷ്ട്രീയം എല്ലാ സര്‍ക്കാരുകള്‍ക്കും ബാധകമണ്. ഇക്കാര്യത്തില്‍ രണ്ടു കൂട്ടര്‍ക്കും വലിയ വ്യത്യാസമൊന്നുമില്ല. 

ഈ തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി മാറ്റാന്‍ കഴിയില്ല. നിത്യനിദാന ചെലവുകളില്‍ ഏറ്റവും പ്രധാനമാണ് ശമ്പളവും പെന്‍ഷനും അതിലെ വര്‍ധനവും ഡി.എയും. ഗവണ്‍മെന്റ് ചെലവിന്റെ 45 ശതമാനത്തോളം ശമ്പളവും പെന്‍ഷനും ഡി.എയും കൊടുക്കാന്‍ മാത്രമായാണ് ചെലവഴിക്കുന്നത്. അതു മാത്രമല്ല, അനാവശ്യ സ്ഥാപനങ്ങള്‍, തസ്തികകള്‍, വകുപ്പുകള്‍ ചെറുതാക്കി മുറിച്ച് ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുക്കാനായുള്ള പ്രസ്ഥാനമാക്കി മാറ്റുന്നു. മാത്രമല്ല, ജീവനക്കാരുടെ സംഘടനകളാണല്ലോ സെക്രട്ടറിയേറ്റില്‍ തീരുമാനങ്ങളെടുക്കുന്നത്. അവരാണ് ഭരിക്കുന്നത്. അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് ശമ്പളപരിഷ്‌കരണവും ഡി.എ പരിഷ്‌കരണവുമൊക്കെ നടപ്പാക്കുന്നത്. ഡി.എ കുടിശിക കൊടുക്കാന്‍ ഇപ്പോള്‍ത്തന്നെ 1700 കോടി രൂപ വേണ്ടിവരുന്നു. ഒരു വര്‍ഷം ബജറ്റില്‍ എന്തൊക്കെ ചെയ്താലും ഇത്രയും തുക അധീകം കണ്ടെത്താന്‍ കഴിയില്ല. 

ഡോ. ബി.എ. പ്രകാശ് 
ഡോ. ബി.എ. പ്രകാശ് 

കഴിഞ്ഞ പേ കമ്മിഷന്‍ പറഞ്ഞത്, അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്ന രീതി മാറി പത്തുവര്‍ഷത്തിലൊരിക്കലാക്കിയാല്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയും എന്നാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് അനുസരിച്ചല്ലേ ചെയ്യാന്‍ പറ്റൂ. കഴിഞ്ഞ കമ്മിഷന്‍ പത്തുവര്‍ഷത്തേക്കുള്ള ശമ്പളപരിഷ്‌കരണമാണ് നടത്തിയത്. വലിയ സ്‌കെയില്‍ കൊടുത്തു. പക്ഷേ, നടപ്പാക്കിയത് അഞ്ചു വര്‍ഷത്തേക്കാണ്. 

സര്‍ക്കാര്‍ പറയുന്നത്, ചെലവുകള്‍ നിയന്ത്രിച്ചും വരുമാനം വര്‍ധിപ്പിച്ചും സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി മുന്നോട്ടു പോകാന്‍ കഴിയില്ല എന്നാണ്. സര്‍ക്കാരിന് ഈ കടക്കെണിയില്‍നിന്നോ ധനകാര്യ പ്രതിസന്ധിയില്‍നിന്നോ കയറാന്‍ പറ്റില്ല. അതുകൊണ്ട് ബജറ്റിനു പുറത്ത് അഞ്ചു വര്‍ഷംകൊണ്ട് അമ്പതിനായിരം കോടി രൂപ കടമെടുത്ത് വികസനം നടത്തും എന്നാണ് പറയുന്നത്. അതാണ് കിഫ്ബി. കിഫ്ബിയുടെ അടിസ്ഥാനപരമായ പ്രശ്‌നം കിഫ്ബിയില്‍ നിന്നെടുക്കുന്ന പണം ബജറ്റിലെ പദ്ധതി ഇനങ്ങള്‍ക്കു ചെലവാക്കുന്നു എന്നതാണ്. അല്ലാതെ വന്‍കിട വികസന പദ്ധതികള്‍ക്കല്ല. സാധാരണഗതിയില്‍ ബജറ്റിനു പുറത്ത് ഒരു സംവിധാനത്തില്‍നിന്നു കടമെടുത്തു വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതി പണിതിട്ട് അതില്‍ നിന്നുള്ള വരുമാനംകൊണ്ട് കടം തിരിച്ചടച്ചാല്‍ നല്ല കാര്യമാണ്. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. തിരിച്ചു വരുമാനം കിട്ടാത്ത ചെറുകിട പദ്ധതികള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. കടം തിരിച്ചടയ്ക്കുന്നത് മോട്ടോര്‍ വാഹന വകുപ്പില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗവും പെട്രോള്‍ സെസിന്റെ ഒരു വിഹിതവും ഉപയോഗിച്ചാണ്. ഈ 50,000 കോടി വായ്പയെടുത്താല്‍ അടുത്ത പത്തു വര്‍ഷംകൊണ്ട് അതിന്റെ ഇരട്ടിയോളം തിരിച്ചടയ്ക്കണം. മൂന്നു വര്‍ഷമായിട്ടും ഏതാണ്ട് 7,000 കോടി രൂപ മാത്രമാണ് കിഫ്ബിക്കു കടം കിട്ടിയിരിക്കുന്നത്. 

മസാല ബോണ്ട് വഴിയോ മറ്റേതു സ്രോതസ്സ് വഴിയോ പണം സമാഹരിക്കുന്നത് തെറ്റല്ല. പക്ഷേ, ആ പണം എവിടെ ചെലവാക്കണം എന്നതാണ് കാര്യം. വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും വന്‍തോതില്‍ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ക്കും ചെലവഴിക്കണം. അതല്ല ചെയ്യുന്നത്. സാമാന്യ ബുദ്ധിയുള്ളവരാരും കിഫ്ബിയില്‍ പണം മുടക്കില്ല. തിരിച്ചുകിട്ടില്ല എന്നുറപ്പാണ്. ലോകത്തിനു മാതൃകയാകുന്ന കിഫ്ബി കൊണ്ടുവന്നു എന്നു പറഞ്ഞാണ് അദ്ദേഹം നടക്കുന്നത്. 2,000 കോടി രൂപയോളം നിര്‍മ്മാണ ജോലികള്‍ നടത്തിയതിന്റെ പണം കൊടുക്കാനുണ്ട്. 

റവന്യൂ കമ്മിയോ ധനക്കമ്മിയോ കുറയ്ക്കാന്‍ പോകുന്നില്ല എന്ന് ബജറ്റില്‍ പറയുന്നു. അപ്പോള്‍പ്പിന്നെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കും. ജി.എസ്.ടിയില്‍ ഇപ്പോള്‍ പത്തു ശതമാനം വര്‍ദ്ധനവേയുള്ളു, അത് 30 ശതമാനമാക്കി വികസനം നടപ്പാക്കാന്‍ പോകുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. കിഫ്ബിയില്‍നിന്ന് 20,000 കോടി എടുക്കും എന്നും പറയുന്നു. 2000-2001ല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫോണ്‍ ബില്ലടയ്ക്കാനോ വൈദ്യുതി ബില്ലടയ്ക്കാനോ വെള്ളക്കരം നല്‍കാനോ ഒന്നും കഴിയാത്ത സ്ഥിതിയുണ്ടായല്ലോ. അതിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അന്ന് എ.കെ. ആന്റണി സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ വരുത്തി. അങ്ങനെയാണ് അദ്ദേഹം കേരളത്തെ രക്ഷിച്ചത്. പക്ഷേ, അതുകൊണ്ട് രാഷ്ട്രീയമായി ദോഷം വന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ല. 

തോമസ് ഐസക്കിന്റെ ധനനയങ്ങള്‍ നവ ലിബറല്‍ തന്നെയാണ്. വിദേശ മൂലധന നിക്ഷേപം വേറെന്താണ്. നവ ലിബറല്‍ നയങ്ങള്‍ കൊണ്ടാണ് കേരളം നശിച്ചത് എന്നു പറയുന്നത് വെറുതെയാണ്. എ.ഡി.ബി വായ്പയെടുക്കാന്‍ വന്നപ്പോള്‍ അവരെ തലസ്ഥാനത്തുകൂടി സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്നവരാണ് ഇവര്‍. വിദേശ മൂലധനത്തിനെതിരായ യുദ്ധം. ഇന്നിപ്പോള്‍ അവരെന്താ ചെയ്യുന്നത്. 
കോര്‍പ്പറേറ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് വ്യവസായ നയം എന്നാണ് ബജറ്റില്‍ എഴുതിവച്ചിരിക്കുന്നത്. അവര്‍ക്ക് അനുകൂല അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുകയാണ് ഇവരുടേയും വ്യവസായനയത്തിന്റെ ലക്ഷ്യം. കേരളത്തെക്കാള്‍ വലിയ സംസ്ഥാനമായ മധ്യപ്രദേശിലെ പബ്ലിക് സര്‍വ്വീസ് കമ്മിഷനില്‍ മൂന്ന് അംഗങ്ങളേയുള്ളു. ഇവിടെ ഇരുപത്തിരണ്ടു പേരാണുള്ളത്. എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിധിയില്ലാത്ത മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്. ഒരു എം.എല്‍.എ രണ്ടു കോടി രൂപ മെഡിക്കല്‍ റീം ഇംബേഴ്സ്മെന്റ് വാങ്ങിയത്. സഞ്ചരിക്കുന്ന കാറുകള്‍ നോക്കൂ, ടൊയോട്ട ഇന്നോവ. ജില്ലാതല പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്മാര്‍ വരെ. ഈ ധൂര്‍ത്തിനെ ധൂര്‍ത്തായി ഇവരാരും അംഗീകരിക്കുന്നില്ല.
അതാണ് യഥാര്‍ത്ഥ പ്രതിസന്ധി.

വീണ്ടുമൊരു ധവളപത്രം വേണം 

ഡോ. എം.എ. ഉമ്മന്‍ 

കിഫ്ബിയോട് എനിക്ക് എതിര്‍പ്പില്ല. പക്ഷേ, അതൊരു ബജറ്റിതര മാധ്യമമാണ്. അങ്ങനെയൊരു ബജറ്റിതര സംവിധാനത്തിന്റെ അക്കൗണ്ടബിലിറ്റി നിയമസഭയേയും ജനത്തേയും അറിയിക്കുന്നതാണ് കേരളത്തെപ്പോലെ ബഹുമുഖ വികസനം മുന്നില്‍ കാണുന്ന ഒരു സംസ്ഥാനത്തിന് ഉചിതവും അനിവാര്യവും. എഫ്.ആര്‍.ബി.എം ആക്റ്റിന്റെ നിര്‍ബ്ബന്ധിത വ്യവസ്ഥകള്‍ക്കു വഴങ്ങി ചെലവു ചുരുക്കുന്ന സമ്പ്രദായം ഉണ്ടാകുമ്പോള്‍ ന്യായമായും മറ്റു സ്രോതസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതി സംസ്ഥാനങ്ങള്‍ക്കുണ്ടാകും. ചെലവ് വെട്ടിക്കുറച്ച് യുക്തിസഹമാക്കണമെന്നും അനാവശ്യച്ചെലവ് ഒഴിവാക്കണമെന്നും അങ്ങേയറ്റത്തെ നിര്‍ബ്ബന്ധ ബുദ്ധിയോടുകൂടിത്തന്നെയാണ്  മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത്.

ഡോ. എം.എ. ഉമ്മന്‍ 
ഡോ. എം.എ. ഉമ്മന്‍ 

ബജറ്റിനു പുറത്ത് കൂടുതല്‍ പണം സമാഹരിക്കുന്നതിനുള്ള സ്ഥാപനപരമായ ഉപകരണമായി കിഫ്ബിയെ ഇവര്‍ വളര്‍ത്തി. അങ്ങനെ ചെയ്യുമ്പോള്‍ ജനങ്ങളോടും നിയമസഭയോടും കൂടുതല്‍ ഉത്തരവാദിത്വമുണ്ട് എന്ന ബോധ്യം മറക്കാന്‍ പാടില്ല. അതുകൊണ്ട് ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ഒരു ധവളപത്രം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. എവിടെനിന്നെല്ലാമാണ്, ഏതെല്ലാം സ്രോതസ്സുകളില്‍നിന്നാണ്, എന്തൊക്കെ വ്യവസ്ഥകളിലാണ് പണം സമാഹരിക്കുന്നത്, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഈ പണം ചെലവാക്കപ്പെടുന്നത് എന്നതിന്റെ ഒരു രൂപരേഖയെങ്കിലും അതിലുണ്ടാകണം (മസാല ബോണ്ടിന് 9.23 ശതമാനമാണ് പലിശ എന്നത് കുറഞ്ഞ നിരക്കല്ലല്ലോ). ധവളപത്രത്തിനു നിയമസഭയുടെ അംഗീകാരം വാങ്ങുന്നതാണ് ഉചിതം. വിമര്‍ശിക്കുന്നവര്‍ക്കും വിലയിരുത്തുന്നവര്‍ക്കും അതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യാന്‍ കഴിയും. അതിനുള്ള ഒരു സാഹചര്യം ഉണ്ടാക്കണം. 

പണം സമാഹരിക്കുന്നതും ചെലവാക്കുന്നതും സംബന്ധിച്ച് യുക്തിസഹമായ നിലപാട് സ്വീകരിക്കണം. ഗവണ്‍മെന്റ് പുറത്തുപോയി കടമെടുത്തു എന്നതൊരു അപരാധമല്ല. കാരണം, എഫ്.ആര്‍.ബി.എം ആക്റ്റിന്റെ ശിക്ഷണത്തില്‍നിന്നുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍ കേരളത്തെപ്പോലെ ചെലവുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയവയുള്ള ഒരു സംസ്ഥാനത്തിന് ബജറ്റിന്റെ ഉള്ളിലുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കി മുന്നോട്ടു പോവുക വലിയ പ്രയാസമാണ്. അതിനുള്ള പോംവഴി തേടിയാണ് ഈ കടമെടുക്കല്‍. പക്ഷേ, ഈ പണം ചെലവഴിക്കുന്നത്  അധികവും ഭീമമായ മുതല്‍മുടക്കുള്ള നിരവധി പദ്ധതികളിലാകുമ്പോള്‍ അതെങ്ങനെ സെല്‍ഫ് ലിക്വിഡേറ്റിംഗ് ആകും എന്നും ധവളപത്രത്തില്‍ പറയുകതന്നെ വേണം. 100 രൂപ മുടക്കിയാല്‍ 150 രൂപ അതില്‍നിന്നു കിട്ടണം എന്ന അര്‍ത്ഥത്തിലല്ല. ധനവളര്‍ച്ച 10 ശതമാനം വളരുകയും അഞ്ച് ശതമാനം കടമെടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു വീട്ടാനുള്ള ശേഷിയുണ്ട് എന്നാണ് അര്‍ത്ഥം. മൊത്തത്തില്‍ ഭാവിക്കുള്ള ഒരു വലിയ ക്ലേശമാക്കിത്തീര്‍ക്കില്ല, ശരിയായാണ് നീങ്ങുന്നത് എന്നു ജനങ്ങളോടു പറഞ്ഞാല്‍ മതി. അതില്‍പ്പിന്നെ അങ്കലാപ്പിന്റെ കാര്യമില്ല. 

വരുത്തിവച്ച പ്രതിസന്ധി 

പ്രൊഫ. പി.ജെ. ജെയിംസ് 

പിണറായി സര്‍ക്കാര്‍ അടിസ്ഥാനപരമായി നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് അജന്‍ഡ. അവര്‍ക്ക് വേറൊരു അജന്‍ഡയില്ല. ഇതു തുറന്നു പറയാന്‍ അകത്ത് ആരുമില്ല; പ്രതിപക്ഷത്തിന് ആ നയത്തോടു വിരോധവുമില്ല. ബി.ജെ.പി ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തോടു യോജിക്കുന്നു. എതിര്‍പ്പ് മറ്റു പലതിലുമാണ്. പിണറായി വിജയനും തോമസ് ഐസക്കും ഡല്‍ഹിയില്‍ പോയി ജി.എസ്.ടി നടപ്പാക്കുന്നതിനു പിന്തുണ അറിയിച്ചവരാണ്. ജി.എസ്.ടിയെ സ്വാഗതം ചെയ്യുക മാത്രമല്ല, അതിനുവേണ്ടി കേന്ദ്രത്തില്‍ വാദിച്ചയാളാണ് തോമസ് ഐസക്. ജി.എസ്.ടി നിരക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറച്ചപ്പോള്‍ 22 ശതമാനവവും 18 ശതമാനവുമാക്കണം എന്ന് തോമസ് ഐസക് വാദിച്ചു. നവ ലിബറല്‍ നികുതി പരിഷ്‌കാരത്തിനുവേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ടത് ഇടതുമുന്നണി സര്‍ക്കാരാണ്.
ഇപ്പോഴിതാ, പ്രളയവും ചുഴലിക്കാറ്റും ഭൂമികുലുക്കവും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അതാതു സംസ്ഥാനത്തുനിന്നു വിഭവസമാഹരണം നടത്താനുള്ള പ്രത്യേകാധികാരം നഷ്ടപ്പെട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കാലുപിടിച്ചിട്ടാണ് ഒരു ശതമാനം പ്രളയ സെസിന് അനുമതി തന്നത്. 

ജി.എസ്.ടി വന്നാല്‍ കേരളത്തിനു വലിയ നേട്ടമാണെന്ന് ഐസക് വാദിച്ചു. കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി അവതരിപ്പിച്ചു. കേരളത്തിന്റെ വരുമാന വളര്‍ച്ചാനിരക്ക് 30 ശതമാനം വര്‍ധിക്കുമെന്നു പറഞ്ഞു. പക്ഷേ, ജി.എസ്.ടി വന്നപ്പോള്‍ കേരളത്തിന്റെ വരുമാനമെല്ലാം ഇടിഞ്ഞ് വളര്‍ച്ചാനിരക്ക് 10 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ന്നു. കേരളം ഉപഭോഗ സംസ്ഥാനമായതുകൊണ്ട് നമുക്കു വലിയ നേട്ടമാകും എന്നാണ് വിശ്വസിച്ചതും പ്രചരിപ്പിച്ചതും. പക്ഷേ, വില നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. അവര്‍ നിശ്ചയിക്കുന്ന വിലയുടെ മേലാണ് നികുതി വരുന്നത്. അവര്‍ എല്ലാ ഉല്പന്നങ്ങളുടേയും വില വര്‍ധിപ്പിച്ചു. കേരളത്തിലടക്കം സാധനവില കൂടി. സാധനങ്ങളുടെ വില ഇടിയും എന്നാണ് തോമസ് ഐസക് പറഞ്ഞിരുന്നത്. പണപ്പെരുപ്പം കൂടുകയും നികുതി വരുമാനം കുറയുകയും ചെയ്തു. കേന്ദ്രത്തിനു നികുതി വരുമാനം കുറഞ്ഞാല്‍ വേറെ വഴിക്ക് അത് പരിഹരിക്കാനുള്ള സ്രോതസ്സുണ്ട്. 

പ്രൊഫ. പി.ജെ. ജെയിംസ് 
പ്രൊഫ. പി.ജെ. ജെയിംസ് 

യു.പി.എ വീണ്ടും വന്നാല്‍ ജി.എസ്.ടി പുനഃപരിശോധിക്കും എന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പറയേണ്ടിവന്നു. കോണ്‍ഗ്രസ്സ് പോലും ജി.എസ്.ടിക്ക് എതിരെ പറയുകയും ഒരു മിനിമം വരുമാനം പൗരനു നിര്‍ബ്ബന്ധമായും ഉണ്ടാകണമെന്നു വാദിക്കുകയും പഴയ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പൊടിതട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കു കുറഞ്ഞ നിലയിലെങ്കിലും ആശ്വാസം കൊടുക്കുന്ന നയം വേണം എന്നതാണ് കാരണം. പക്ഷേ, പിണറായിയുടെ നയം അതിനു വിരുദ്ധമാണ്. 
 

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രഭാത് പട്നായിക് ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയനായ ഇടതുപക്ഷ ധനകാര്യ വിദഗദ്ധരുടെ മുന്‍നിരയിലുള്ളയാളാണ്. പക്ഷേ, തോമസ് ഐസക്കിന്റെ രണ്ടാം വരവില്‍ പ്രഭാത് പട്നായിക്കിനു കേരളത്തില്‍ ഇടമില്ല. 

വികസനം എന്നാല്‍, കോര്‍പ്പറേറ്റുകളുടെ സമ്പത്ത് സമാഹരണമായി മാറി. അതിനു തടസ്സം നില്‍ക്കുന്നവരെ അടിച്ചൊതുക്കും. ഉമ്മന്‍ ചാണ്ടിക്കു സാധിക്കാത്ത രാഷ്ട്രീയ ഇച്ഛാശക്തിയും സംഘടനാശേഷിയും പിണറായി വിജയനുണ്ടുതാനും. പിണറായി വിജയന്‍ സര്‍ക്കാരിനെ മാതൃകയാക്കണം എന്ന് നിഥിന്‍ ഗഡ്കരി പോലും പറഞ്ഞത് അതുകൊണ്ടാണ്; പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളോടു വിയോജിപ്പില്ലെന്ന് വി. മുരളീധരന്‍ പറഞ്ഞതും ഓര്‍ക്കണം. പിണറായി വിജയന്‍ അങ്ങനെയങ്ങ് വിലസണ്ട എന്നു തീരുമാനിച്ചാണ് ദേശീയപാത വികസനം ഇപ്പോള്‍ കേന്ദ്രം അട്ടിമറിച്ചത്. കോര്‍പ്പറേറ്റുകളുടെ ആളായി ഷൈന്‍ ചെയ്യാന്‍ ഞങ്ങളുണ്ട് എന്ന സമീപനം. 

ഇന്നു നിലനില്‍ക്കുന്ന വികസനപാതയ്ക്കകത്ത് ജനപക്ഷത്തു നില്‍ക്കുന്ന വികസന സമീപനമില്ല. ഈ വികസന പരിപ്രേക്ഷ്യം മാറ്റാതെ കേരളം മാറില്ല. ഇവിടുത്തെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുകൂലമായ വികസനം വേണം. ബഹുഭൂരിപക്ഷത്തിന്റെ ക്രയശേഷിക്ക് അനുകൂലമാകണം സ്ഥിതി. ഇവിടുത്തെ തൊഴിലാളിക്കു നക്കാപ്പിച്ച മാത്രം കൂലി കൊടുത്തിട്ട് കോടികള്‍ പുറത്തേക്കു കൊണ്ടുപോകുന്ന കുത്തകകളില്‍നിന്ന് ഭൂമി തിരിച്ചെടുക്കണം.

കീഴടങ്ങാനല്ല തീരുമാനം 

ഡോ. ടി.എം. തോമസ് ഐസക് 

 ജി.എസ്.ടി വരുമ്പോള്‍ നമ്മുടെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകും എന്ന പ്രതീക്ഷ ഫലവത്തായിട്ടില്ല. ഇതിനു കാരണം വലിയ തോതിലുള്ള നികുതിച്ചോര്‍ച്ചയാണ്. ഒന്ന്, മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഉല്പന്നങ്ങള്‍ പൂര്‍ണ്ണമായും അക്കൗണ്ടില്‍ വരുന്നില്ല. അതിന്റെയൊരു നാലിലൊന്നെങ്കിലും കണക്കില്‍പ്പെടാതെയുള്ള കള്ളക്കടത്തായിട്ടാണ് നടക്കുന്നത്. രണ്ടാമത്, നമ്മുടെ വാര്‍ഷിക റിട്ടേണ്‍ ഇപ്പോള്‍ സമര്‍പ്പിക്കാന്‍ പോകുന്നേയുള്ളു. അതുകൊണ്ട് എല്ലാ കച്ചവടക്കാരും വളരെ ഉയര്‍ന്ന ഇന്‍പുട്ട് ക്രെഡിറ്റ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ട് കാരണങ്ങള്‍ മൂലമാണ് കേരളത്തിന്റെ നികുതി വരുമാനം പത്തു ശതമാനത്തില്‍ താഴ്ന്നു നില്‍ക്കുന്നത്. എന്നാല്‍ വൈകാതെ രണ്ടു വര്‍ഷത്തെ ജി.എസ്.ടിയുടെ വാര്‍ഷിക റിട്ടേണുകള്‍ ലഭ്യമാകും. അതുവച്ച് ഇങ്ങനെ അനര്‍ഹമായി എടുത്തിരിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് തിരിച്ചുപിടിക്കാന്‍ വലിയൊരു യജ്ഞത്തിനുതന്നെ നികുതി വകുപ്പ് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ചോര്‍ന്നുപോയ പണം പോയി എന്നു കരുതേണ്ട. നല്ല പങ്ക് തിരിച്ചുപിടിക്കും. 

നമ്മുടെ പഴയ ചെക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ചരക്ക് ഗതാഗതം മോണിട്ടര്‍ ചെയ്യുന്നതിനു വളരെ വിപുലമായ ഒരു സംവിധാനവും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നികുതിച്ചോര്‍ച്ച കുറയ്ക്കാനും നമ്മുടെ നികുതി വരുമാനം കൂട്ടാനും കഴിയും. അതുപോലെ വാറ്റ് കുടിശ്ശിക ഈ വര്‍ഷം വിപുലമായ രീതിയില്‍ പിരിക്കാനാണ് പോകുന്നത്. അതുകൊണ്ട് ഈ വര്‍ഷം മുതല്‍ കേരളത്തിന്റെ ധനകാര്യ സ്ഥിതി സുസ്ഥിരമായിത്തീരാന്‍ തുടങ്ങും.

കിഫ്ബി രൂപീകരിച്ചപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ വളരെ കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെയൊരു ധനകാര്യ സ്ഥാപനത്തിന് ഏതാണ്ട് ഒന്നര വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ രൂപം നല്‍കിയതുതന്നെ ഏറ്റവും വലിയ നേട്ടമാണ്. കിഫ്ബിയുടെ പണം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളില്‍ 28,000 കോടിയുടേത് ഇപ്പോള്‍ ടെണ്ടര്‍ വിളിക്കാന്‍ തയ്യാറായിരിക്കുകയോ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞിരിക്കുകയോ ചെയ്തിരിക്കുന്നു. ബാക്കിയുള്ളവ എല്ലാം ഈ വര്‍ഷം പ്രവര്‍ത്തനപഥത്തിലേക്കു വരും. കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്ന സമയം എടുത്തു പരിശോധിക്കുമ്പോള്‍ ഇതു വിസ്മയകരമായ വേഗതയാണ് എന്നു പറയേണ്ടിവരും. ഇങ്ങനെ നിര്‍മ്മാണം നടന്നുകഴിഞ്ഞ് കരാറുകാര്‍ ബില്ല് തരുമ്പോള്‍ മാത്രമേ പണം സമാഹരിക്കേണ്ടതുള്ളു. നമ്മുടെ 50,000 കോടി രൂപയും നേരത്തേ തന്നെ സമാഹരിച്ച് ബാങ്കിലിട്ടു കഴിഞ്ഞാല്‍ വലിയ നഷ്ടമാണ് വരിക. ബാങ്കില്‍നിന്ന് നമുക്ക് ഏഴ്-എട്ട് ശതമാനം പലിശയേ കിട്ടുകയുള്ളൂ, നമ്മള്‍ ഒന്‍പത്-ഒന്‍പതര ശതമാനം പലിശ നല്‍കി കടമെടുക്കേണ്ടിവരികയും ചെയ്യും. അതുകൊണ്ട് നിര്‍മ്മാണപ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ ടൈം ടേബിളുണ്ട്. അതനുസരിച്ച് ഓരോ വര്‍ഷപാദത്തിലും ഇനിയെത്രത്തോളം ബില്ലിനു പണം നല്‍കേണ്ടിവരും എന്നു കൃത്യമായി അറിയാം. അതനുസരിച്ചാണ് വായ്പ എടുക്കാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ബില്ലുകള്‍ക്കു നല്‍കാനുള്ള പണം ഇതിനകം തന്നെ വിവിധ ബാങ്കുകളില്‍നിന്നും നബാര്‍ഡില്‍നിന്നുമെല്ലാം ഏര്‍പ്പാടു ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ നമ്മള്‍ അന്തര്‍ദ്ദേശീയ വിപണിയില്‍നിന്നു ബോണ്ടുകള്‍ വഴി വായ്പ സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പലതരത്തിലുള്ള ബോണ്ടുകള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ആദ്യമായിട്ടുള്ള നമ്മുടെ പരിശ്രമം മസാല ബോണ്ട് വഴിയാണ്. കാരണം ഇതാണ് ഏറ്റവും റിസ്‌ക് കുറഞ്ഞ ബോണ്ടുകളിലൊന്ന്. നമ്മള്‍ വിദേശത്തുനിന്ന് എടുക്കുന്ന നിക്ഷേപത്തുക ഭാവിയില്‍ ഇന്ത്യന്‍ രൂപയില്‍ നല്‍കിയാല്‍ മതിയാകും. അതുകൊണ്ട് എക്‌സ്ചേഞ്ച് റേറ്റിന്റെ റിസ്‌കില്ല. പക്ഷേ, ഇങ്ങനെ വിദേശവിപണിയില്‍നിന്ന് ബോണ്ടുകള്‍ വഴി പണമെടുക്കുക എന്നതു വളരെ സങ്കീര്‍ണ്ണമായ പദ്ധതിയാണ്. കിഫ്ബിയെ റേറ്റിംഗിനു വിധേയമാക്കണം. വിദേശ നിക്ഷേപകരുമായി സംസാരിക്കുകയും അവര്‍ക്കിതില്‍ പ്രചാരം നടത്തുകയും വേണം. അതിന്റെ അടിസ്ഥാനത്തിലാണ് അവസാനം ബോണ്ടുകള്‍ ലിസ്റ്റ് ചെയ്ത് അതു വില്പനയ്ക്ക് വയ്ക്കുന്നത്. നമുക്കു പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് വളരെ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 

ഡോ. ടി.എം. തോമസ് ഐസക് 
ഡോ. ടി.എം. തോമസ് ഐസക് 

ഇനി ഇപ്പോള്‍ നമ്മള്‍ മസാല ബോണ്ടല്ല ഡോളര്‍ ബോണ്ടാണ് പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. അതുകഴിഞ്ഞാല്‍ ചെറുകിട നിക്ഷേപകരായ സാധാരണക്കാര്‍ക്കു കൂടി വാങ്ങാന്‍ കഴിയുന്ന ഡയാസ്പെറ ബോണ്ട് കൂടി ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം എടുത്തിരിക്കുന്നത് 2,000 കോടിയുടേതെങ്കില്‍ ഈ വര്‍ഷത്തെ ബില്ലുകള്‍ അടയ്ക്കാനുള്ള പണം പൂര്‍ണ്ണമായും കിഫ്ബിയുടെ കൈയിലുണ്ട്. അടുത്ത വര്‍ഷത്തേയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടക്കുന്ന മറ്റു പരിശ്രമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ കാര്യങ്ങളൊക്കെ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്. 

ചെയ്യുന്ന കാര്യങ്ങള്‍ ആവശ്യമുള്ളതാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരാള്‍പോലും കിഫ്ബി വഴി ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ അനാവശ്യമാണെന്നും ധൂര്‍ത്താണെന്നും പറഞ്ഞിട്ടില്ല.അതൊക്കെ അനിവാര്യമാണ് എന്നാണ് എല്ലാവരുടേയും നിലപാട്. ഇനിയും കൂടുതല്‍ പദ്ധതികള്‍ വേണം എന്നല്ലാതെ ആവശ്യത്തിലധികമായി എന്ന ആക്ഷേപമില്ല. അവയെല്ലാം ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം കഴിഞ്ഞ് ചെയ്യുന്നതിനേക്കാള്‍ എത്രയോ ചെലവ് കുറഞ്ഞ രീതിയാണ് ഇന്നുതന്നെ വായ്പയെടുത്ത് ചെയ്യുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞു ചെയ്യുമ്പോള്‍ ഇതിലൊക്കെ പത്തും ഇരുപതും മടങ്ങ് ചെലവ് വരും. ഇന്ന് ഇതൊക്കെ ചെയ്താല്‍ അതിന്റെയൊക്കെ ഗുണം ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കു കിട്ടും എന്നതും മറ്റൊരു കാര്യമാണ്. അതുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യം, കിഫ്ബിക്കുവേണ്ടി വായ്പയെടുക്കുന്ന പണം സര്‍ക്കാരിന്റെ ശമ്പളത്തിനോ പലിശയ്ക്കോ ഒന്നുമല്ല ചെലവഴിക്കുന്നത്, മറിച്ച് മൂലധന നിക്ഷേപത്തിനാണ്. ആ മൂലധന നിക്ഷേപം ഉണ്ടാകുന്നതിന്റെ ഫലമായിട്ട് നമ്മുടെ സംസ്ഥാനത്ത് പുതിയ സാമ്പത്തിക ഉണര്‍വ്വുണ്ടാകും, സാമൂഹിക ഉണര്‍വ്വുണ്ടാകും. ഇന്നു വിമര്‍ശിക്കുന്നവര്‍ക്കു യഥാര്‍ത്ഥത്തില്‍ കേരള സമ്പദ്ഘടന നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ചു ധാരണയില്ല. നമ്മുടെ സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുകയാണ്. ഗള്‍ഫില്‍നിന്നുള്ള തിരിച്ചുവരവാണ് ഇതിനു പ്രധാനപ്പെട്ട കാരണം. കച്ചവടത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം ഒരു ഭയം ഗ്രസിച്ചിരിക്കുകയാണ്. നമ്മുടെ നാണ്യവിളത്തകര്‍ച്ച തുടരുകയും ചെയ്യുന്നു. ഇതു രണ്ടുംകൂടി ചേര്‍ന്നാണ് സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനത്തിനു മാത്രമായി ഇങ്ങനത്തെ ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനു കഴിയില്ല; അതിനുള്ള അവകാശങ്ങളില്ല. 2008-ല്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ നമ്മള്‍ ഇവിടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. കാരണം ഇന്ത്യാ ഗവണ്‍മെന്റ് അതു ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേരളത്തെ മാത്രം മുഖ്യമായും ബാധിക്കുന്ന ഈയൊരു സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നേയില്ല. പക്ഷേ, നമുക്കു ഗൗനിക്കാതിരിക്കാന്‍ കഴിയില്ല. 

ഇന്ന് കിഫ്ബി വഴി മുടക്കുന്ന 50,000 കോടി രൂപ നവ ലിബറല്‍ സമീപനമൊന്നുമല്ല. കേരളത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനെതിരായ പ്രതിവിധിയാണ്. നവ ലിബറലാണ് എന്നു പറയുന്നവരോട് എനിക്കു ചോദിക്കാനുള്ളത് ഇതില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക എന്നാണ്. ഇതില്ലെങ്കില്‍ നവ ലിബറല്‍ ധന ഉത്തരവാദിത്വ നിയമത്തിന്റെ (എഫ്.ആര്‍.ബി.എം ആക്റ്റ്) ചൊല്‍പ്പടിക്ക് കേരള സര്‍ക്കാര്‍ കീഴ്വഴങ്ങിനിന്നു കാര്യങ്ങള്‍ നടക്കുന്നതുപോലെ നടക്കട്ടെ എന്നു തീരുമാനിക്കേണ്ടിവരും. അങ്ങനെ കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനത്തിനപ്പുറം വായ്പയെടുക്കാന്‍ നമുക്ക് അനുവാദമില്ല. പക്ഷേ, സംസ്ഥാന ബജറ്റിനു പുറത്ത് വായ്പയെടുക്കുന്നതിനു വിരോധമില്ലല്ലോ. അതുകൊണ്ട് എഫ്.ആര്‍.ബി.എം ആക്റ്റ് ആണ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നവ ലിബറലിസത്തിന്റെ ഏറ്റവും വലിയ പ്രമാണം. അതിനെ മറികടക്കുകയാണ് കിഫ്ബി വഴി ചെയ്യുന്നത്. അതുകൊണ്ട് നവ ലിബറല്‍ നിലപാടാണ് എന്നെല്ലാം പറഞ്ഞ് ആരും ഭയപ്പെടുത്തേണ്ട. യഥാര്‍ത്ഥത്തില്‍ നമ്മുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള പരിമിതികളെ നമ്മള്‍ ഇതുവഴി മറികടക്കുകയാണ്. ഇത് കേരളത്തിന്റെ വികസനത്തിന് ഉത്തേജകമാകും. 

ഇങ്ങനെ വായ്പയെടുക്കുന്നത് നമ്മളെ കടക്കെണിയിലാക്കില്ലേ എന്ന ചോദ്യം അപ്പോഴാണ് വരുന്നത്. ഒരു കടക്കെണിയിലുമാക്കില്ല. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും ഏകകണ്ഠമായി ഒരു നിയമം പാസ്സാക്കിയെടുത്തിട്ടുണ്ടല്ലോ. ആ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതു പ്രകാരം മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും എല്ലാ വര്‍ഷവും ഗ്രാന്റായി കിഫ്ബിക്കു കൊടുക്കണം. അതു നല്‍കിയാല്‍ മാത്രം മതി. ഒരു പൈസപോലും ഈ വായ്പയെടുക്കുന്നതു തിരിച്ചടയ്ക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കേണ്ടതില്ല. നിയമസഭയില്‍ ഞാന്‍ വളരെ കൃത്യമായ കണക്കുകള്‍ പറഞ്ഞതാണ്. ഓരോ വര്‍ഷവും ബോണ്ട് വഴിയും അല്ലാതെയും എടുക്കാന്‍ പോകുന്ന വായ്പയും അതിന്റെ പലിശയും തിരിച്ചടവും എങ്ങനെ വേണം. അതെല്ലാം കൂടി ചേരുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ തിരിച്ചടവ് അവസാനിക്കുമ്പോള്‍ വേണ്ടിവരും. ആ കാലയളവിനുള്ളില്‍ നമ്മുടെ മോട്ടോര്‍ വാഹന നികുതിയും കൂടുന്നുണ്ട്. ആ മോട്ടോര്‍ വാഹന നികുതിയില്‍നിന്നു വര്‍ധിച്ചുവരുന്ന സെസ്സ് കിട്ടുമ്പോള്‍ കിഫ്ബിക്ക് കേരള സര്‍ക്കാരില്‍നിന്ന് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ കിട്ടിയിരിക്കും. 

നമ്മള്‍ വായ്പയെടുത്ത് ഇ.എം.എസ് ഭവന പദ്ധതി നടപ്പാക്കി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഗ്രാന്റില്‍നിന്നു തിരിച്ചടയ്ക്കാമെന്നു പറഞ്ഞ് എടുത്താണ് അത് വിജയകരമായി നടപ്പാക്കിയത്. അതിന്റെ ഫലമായി രണ്ടു ലക്ഷം പേര്‍ക്ക് വീട് കൊടുക്കാന്‍ കഴിഞ്ഞു. ഇന്നിപ്പോള്‍ അതിന്റെ തിരിച്ചടവ് ഏതാണ്ട് പൂര്‍ണ്ണമായും തീരുകയാണ്. ഇതേ തത്ത്വം തന്നെ നമ്മള്‍ അന്തര്‍ദ്ദേശീയമായി ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ കടമെടുക്കല്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com