തെയ്യങ്ങള്‍ കാവ് വിട്ടിറങ്ങുമ്പോള്‍: പുറത്ത് തെയ്യം കെട്ടിയാല്‍ ശിക്ഷ ഊരുവിലക്ക്

എത്ര ജനകീയത കല്പിച്ചുകൊടുക്കുമ്പോഴും ജന്മിത്വത്തിന്റേയും ജാതിയുടേയും അന്ധവിശ്വാസത്തിന്റേയും കെട്ടുപാടുകളില്‍നിന്ന് തെയ്യവും കാവുകളും അധികമൊന്നും മാറിയിട്ടില്ല
ഇക്കഴിഞ്ഞ ഓണക്കാലത്ത് എറണാകുളത്തെ മാളില്‍ അരങ്ങേറിയ തെയ്യം
ഇക്കഴിഞ്ഞ ഓണക്കാലത്ത് എറണാകുളത്തെ മാളില്‍ അരങ്ങേറിയ തെയ്യം

ത്തര മലബാറില്‍ തെയ്യക്കാലം തുടങ്ങി. ഇനി ഇടവപ്പാതി വരെ ആളും ആരവങ്ങളും കാവുകളിലേയ്ക്ക്. തെയ്യക്കാരന്‍ ദൈവമാകുന്ന ദിനങ്ങള്‍.
തെയ്യക്കാര്‍ക്ക് അനുഷ്ഠാനത്തിന്റേയും അധ്വാനത്തിന്റേയും രാപ്പകലുകളാണിനി. നിശ്ചിത സമയങ്ങളില്‍ ആചാരനിഷ്ഠകളോടെ കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യങ്ങള്‍ പുറം വേദികളിലേയ്ക്കും സാംസ്‌കാരിക പരിപാടികളിലും ജാഥകളിലും ഘോഷയാത്രയിലും കെട്ടിയാടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും തുടരുകയാണ്. ലോകത്ത് തെയ്യം അറിയപ്പെട്ടതു തന്നെ പുറംവേദികളില്‍ കെട്ടിയാടിയതുകൊണ്ടാണെന്നും ആചാരനിഷ്ഠകളോടെ പുറത്ത് തെയ്യം കെട്ടാം എന്നതുമാണ് ഒരു വാദം. ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിലാണ് മറുഭാഗം ഇതിനെ എതിര്‍ക്കുന്നത്. പുറംവേദികളില്‍ തെയ്യം കെട്ടുന്ന കലാകാരന്മാര്‍ക്ക് ഊരുവിലക്കാണ് 'ശിക്ഷ.' ഊരുവിലക്കപ്പെടുന്ന കലാകാരന് പിന്നീട് നാട്ടിലെ കാവുകളില്‍ തെയ്യം കെട്ടാന്‍ അവസരം നിഷേധിക്കും.

വടക്കന്‍ മലബാറില്‍ വണ്ണാന്‍-മലയ സമുദായത്തില്‍പ്പെട്ടവരാണ് കൂടുതലായി തെയ്യം കെട്ടിയാടുന്നത്. പുലയന്‍, വേലന്‍, മാവിലന്‍ സമുദായത്തില്‍പ്പെട്ടവരും തെയ്യം കെട്ടുന്നുണ്ട്. അറുപതുകള്‍ തൊട്ട് തന്നെ തെയ്യം കാവുകള്‍ക്കു പുറത്ത് അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അന്നുതൊട്ടേ ചെറിയ തോതിലുള്ള വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അടുത്തകാലത്തായി ഊരുവിലക്കും വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും കൂടിവരികയാണ്.

പുറത്തിറങ്ങുന്ന തെയ്യം 

തെയ്യം കാവുകളില്‍നിന്ന് പുറത്തിറങ്ങുന്നതിനെ എതിര്‍ക്കുന്നതില്‍ പ്രധാനം തെയ്യം നടത്തിപ്പിന് അധികാരപ്പെട്ട സമുദായങ്ങളും കുടുംബങ്ങളും കാവ് കമ്മിറ്റികളും ഒരു വിഭാഗം തെയ്യം കലാകാരന്മാരുമാണ്. ദൈവീകമായ അനുഷ്ഠാനങ്ങളോടെ കൊണ്ടാടപ്പെടേണ്ട ഒന്നാണ് തെയ്യമെന്നും കാവും അതിനോട് ചേരുന്ന പ്രകൃതിയും ആളുകളും എല്ലാം ചേരുന്നതാണ് ഒരു തെയ്യമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍, കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രശസ്തരായ പല തെയ്യക്കാരും തെയ്യത്തിനെ പുറംവേദിയില്‍ എത്തിച്ചവരാണ്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിനും ഏഷ്യാഡിനും കേരളത്തില്‍നിന്ന് തെയ്യങ്ങള്‍ പോയിട്ടുണ്ട്. ഇപ്പോഴും ഇന്ത്യയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മലബാറിലെ വണ്ണാന്‍-മലയ സമുദായത്തില്‍പ്പെട്ട കലാകാരന്മാര്‍ തെയ്യം കെട്ടുന്നുണ്ട്. നാട്ടില്‍ തെയ്യ സീസണില്‍ ഊരുവിലക്കും ഇവരില്‍ പലര്‍ക്കും നേരിടേണ്ടിവരുന്നുണ്ട്. തെയ്യംകെട്ടുന്നയാളെ ഊരുവിലക്കാനും അവരുടെ കൂലി നിശ്ചയിക്കാനുമടക്കമുള്ള നിയന്ത്രണാധികാരം കാവധികാരികള്‍ക്കാണ്. മേല്‍ജാതിയായ വാണിയ, നമ്പ്യാര്‍, തീയ്യ, ശാലിയ തുടങ്ങിയ സമുദായങ്ങളുടേയും കുടുംബങ്ങളുടേയും പാരമ്പര്യ അധികാരത്തിലാണ് ഉത്തര മലബാറിലെ കാവുകള്‍. തെയ്യം കെട്ടുന്ന കര്‍മ്മമൊഴിച്ച് മറ്റു കാര്യങ്ങളിലൊന്നും ഇടപെടാനുള്ള അധികാരം ദളിത് സമുദായത്തില്‍പ്പെട്ട തെയ്യക്കാരനില്ല. ഓരോ കാവിന്റേയും പ്രധാന ആകര്‍ഷണം അവിടത്തെ തെയ്യമാണെങ്കിലും കൂലി ചോദിച്ചുവാങ്ങാനുള്ള അധികാരംപോലും ഇപ്പോഴും ഈ കലാകാരന്മാര്‍ക്കില്ല. കൂലി നിശ്ചയിക്കുന്നതും കൊടുക്കുന്നതും കാവധികാരികളാണ്. കൂലി ചോദിച്ചതിന്റെ പേരില്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവങ്ങളും ഉണ്ടാകാറുണ്ട്. തെയ്യം കൂലി ചോദിച്ചുവാങ്ങുന്നത് തെറ്റാണെന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടുമ്പോള്‍ തെയ്യം കലാകാരന്റെ വരുമാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടി പശ്ചാത്തലത്തില്‍ വേണം പുറംവേദിയില്‍ തെയ്യം കെട്ടുന്നതിനെ കാണേണ്ടതെന്ന വാദവും ശക്തമാണ്.

ജാതിയുടെ കെട്ടുപാടുകള്‍ 

എത്ര ജനകീയത കല്പിച്ചുകൊടുക്കുമ്പോഴും ജന്മിത്വത്തിന്റേയും ജാതിയുടേയും അന്ധവിശ്വാസത്തിന്റേയും കെട്ടുപാടുകളില്‍നിന്ന് തെയ്യവും കാവുകളും അധികമൊന്നും മാറിയിട്ടില്ല എന്നത് കാണാതിരിക്കാന്‍ കഴിയില്ല. തെയ്യത്തിന്റെ എഴുന്നള്ളിപ്പുകള്‍ താഴ്ന്ന ജാതിക്കാരുടെ വീടുകളില്‍ കയറാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴുമുണ്ട്. വാണിയ സമുദായത്തിന്റെ മുച്ചിലോട്ടുകാവില്‍നിന്നുള്ള എഴുന്നള്ളിപ്പ് തീയ്യരുടേയോ പുലയരുടേയോ വീടുകളില്‍ കയറില്ല. അതുപോലെ തീയ്യരുടെ കാവുകളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ അതിനു താഴേയ്ക്കുള്ള ജാതിയില്‍പ്പെട്ടവരുടെ വീടുകളിലും കയറില്ല. ഈ അയിത്തം താഴെത്തട്ടില്‍ വരെ തുടരുന്നുണ്ട്. സി.പി.എമ്മിന്റെ പ്രാദേശിക അധികാരമുള്ള കാവുകള്‍ നിരവധിയുണ്ട് കണ്ണൂര്‍ ജില്ലയില്‍. എന്നാല്‍, ഇതില്‍പ്പെട്ട ചില കാവുകളില്‍ത്തന്നെ മുറ്റത്തേയ്ക്ക് പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ചില കാവുകളില്‍ വണ്ണാന്‍-മലയ സമുദായത്തിന്റെ തെയ്യങ്ങള്‍ക്കു പുറമെ വേലന്‍ സമുദായത്തിന്റെ കുറത്തി, കുണ്ടോര്‍ ചാമുണ്ഡിപോലുള്ള തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. എന്നാല്‍, മുറ്റത്തിനു പുറത്ത് പ്രത്യേക സ്ഥലത്താണ് വേലര്‍ കെട്ടുന്ന തെയ്യങ്ങള്‍ അവതരിപ്പിക്കപ്പെടുക. പുലയരുടെ കാവുകളില്‍ മറ്റു സമുദായക്കാര്‍ തെയ്യം കെട്ടാറില്ല. അവരുടെ കാവുകളില്‍ തെയ്യം കെട്ടുന്നതും ചെണ്ടകൊട്ടുന്നതുമടക്കം എല്ലാ കാര്യങ്ങളും ആ സമുദായത്തിലുള്ളവരാണ് ചെയ്യുക. പുലയരുടെ വീടുകളില്‍ മുത്തപ്പന്‍ കെട്ടിയതിന്റെ പേരില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരെ ഊരുവിലക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീയ്യ സമുദായക്കാരുടെ കുറുമ്പക്കാവ് അധികാരികളാണ് മുത്തപ്പന്‍ കെട്ടിയ തെയ്യക്കാരന് ഊരുവിലക്ക് കല്പിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലടക്കം ചര്‍ച്ച നടത്തിയാണ് അന്നതിനു പരിഹാരം കണ്ടത്. പല ആചാരകേന്ദ്രങ്ങളിലും നവോത്ഥാനം നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും ഉത്തര മലബാറിലെ കാവുകളില്‍ ഇപ്പോഴും കാര്യമായ സാമൂഹ്യപരിവര്‍ത്തനത്തിനു ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളുടെ പേരിലാണ് ഇതെല്ലാം നിലനിന്നുപോരുന്നതും. ഇതിനൊപ്പമാണ് പുറംവേദികളിലെ തെയ്യാവതരണം ചര്‍ച്ചയാവുന്നത്. കണ്ണൂര്‍ ജില്ലയില്‍ കടന്നപ്പള്ളിയില്‍ ആരംഭിക്കുന്ന തെയ്യം മ്യൂസിയത്തിനെതിരേയും വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മ്യൂസിയത്തിലൂടെ അനുഷ്ഠാനപരമായ തെയ്യം വികൃതമാക്കപ്പെടും എന്നാണ് ആരോപണം.

തെയ്യം പെട്ടിയില്‍ വെച്ച് 
പൂട്ടേണ്ട സാധനമല്ല 

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന തെയ്യം കലാകാരനാണ് അതിയടം കുഞ്ഞിരാമപ്പെരുവണ്ണാന്‍. ഉത്തരകേരളത്തില്‍ ഇപ്പോള്‍ തെയ്യം കെട്ടുന്ന പ്രഗല്‍ഭരില്‍ പലരും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. തെയ്യത്തെ നിരവധി വിദേശരാജ്യങ്ങളില്‍ അവതരിപ്പിച്ച് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലെ തെയ്യങ്ങളെ ലോകകാഴ്ചയുടെ ഭാഗമാക്കിത്തീര്‍ത്ത അതിയടം കണ്ണപ്പെരുവണ്ണാന്റെ ശിഷ്യന്‍ കൂടിയാണ് അതിയടം കുഞ്ഞിരാമപ്പെരുവണ്ണാന്‍. നാട്ടിലെ മുതിര്‍ന്ന തെയ്യം കലാകാരനാണെങ്കിലും കാവുകള്‍ക്ക് പുറത്ത് തെയ്യം അവതരിപ്പിച്ചതിന്റെ പേരില്‍ ഊരുവിലക്ക് ഇദ്ദേഹത്തിനും നേരിടേണ്ടിവന്നു. ഡല്‍ഹിയില്‍ തെയ്യം അവതരിപ്പിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായ ആരോപണങ്ങള്‍ ഒരു വിഭാഗം ആളുകളില്‍നിന്നും ഇദ്ദേഹത്തിനുണ്ടായി. ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതി നല്‍കേണ്ടിയും വന്നു. നിലനില്‍ക്കുന്ന വാദപ്രതിവാദങ്ങളെക്കുറിച്ച്  അദ്ദേഹം പറയുന്നു:

കുഞ്ഞിരാമപ്പെരുവണ്ണാന്‍
കുഞ്ഞിരാമപ്പെരുവണ്ണാന്‍


''പണ്ട് ഏഷ്യാഡില്‍ തെയ്യം അവതരിപ്പിച്ചപ്പോള്‍ നാട്ടില്‍ ഇതുപോലെ ഒച്ചപ്പാടുണ്ടായിരുന്നു. ഏഷ്യാഡിനു പോയവര്‍ക്ക് നാട്ടില്‍ തെയ്യം കെട്ടാന്‍ പറ്റൂല എന്ന തരത്തിലൊക്കെ. അങ്ങനെയൊക്കെ പറഞ്ഞാല്‍ നാട്ടില്‍ തെയ്യം കെട്ടാന്‍ ആള് വേണ്ടേ. പിന്നെ ആരാണ് കെട്ടേണ്ടത്. ഞാന്‍ ഡല്‍ഹിയില്‍ തെയ്യം കെട്ടിയിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ചെണ്ട ഉണ്ടായിരുന്നു. തെയ്യത്തിന് മുന്‍പ് സ്റ്റേജില്‍ കളരി അവതരിപ്പിച്ചിരുന്നു. അവര്‍ ആയുധങ്ങളൊക്കെ വെച്ച് പൂജിച്ച വിളക്ക് ഞങ്ങള്‍ തെയ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തി. മനസ്സിലുള്ള അനുഷ്ഠാനങ്ങള്‍ വെച്ച് അവിടെ ചെയ്യുകയാണ്. അതിനുശേഷം എനിക്കെതിരെ കുറേ ആരോപണങ്ങള്‍ വന്നിരുന്നു. ഊരുവിലക്കുപോലെ ചില തീരുമാനങ്ങളൊക്കെ ഉണ്ടായി.

ഞാന്‍ ഇതിനു മുന്‍പ് പോളണ്ടില്‍ തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഓലവരെ ഇവിടുന്ന് കൊണ്ടുപോയി. തീയും മേലേരിയുടമടക്കം അതിന്റെ അനുഷ്ഠാനങ്ങളെല്ലാം അനുസരിച്ചാണ് ചെയ്തത്. തെയ്യം ആദ്യമായിട്ടൊന്നുമല്ല കാവിനു പുറത്തേയ്ക്ക് പോകുന്നത്. എന്റെയൊക്കെ ചെറുപ്പംതൊട്ട് അതുണ്ട്. അക്കാലത്തൊന്നും ഇത്ര വലിയ എതിര്‍പ്പുകളൊന്നുമുണ്ടായിട്ടില്ല. അടുത്തകാലത്തായി വിമര്‍ശനങ്ങള്‍ കൂടുതലാണ്.
തെയ്യം പുറത്തുപോയതുകൊണ്ടൊന്നും കാവുകളില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കൊന്നും ഒരു ദോഷവും വന്നിട്ടില്ല. പുറത്തുപോയി കെട്ടുമ്പോള്‍ തെയ്യത്തിന്റെ രൂപത്തില്‍ പ്രാകൃതം വരുത്തരുത്. അത് കലാമൂല്യത്തെ നഷ്ടമാക്കും. പുതിയ ഭഗവതിയുടെ രൂപമാണെങ്കില്‍ പൂര്‍ണ്ണമായും അതുണ്ടാകണം. വേറെന്തെങ്കിലും രൂപമാകരുത്. അപൂര്‍ണ്ണമായി കെട്ടുന്നത് ചിലപ്പോള്‍ കാണാറുണ്ട്. അതു ശരിയല്ല. അനുഷ്ഠാനപരമായി എവിടെയാണെങ്കിലും തെയ്യം കെട്ടുന്നതിനെ ആര്‍ക്കും ശിക്ഷിക്കാന്‍ കഴിയില്ല. നമ്മളിത് പെട്ടിയില്‍ വെച്ച് പൂട്ടേണ്ട സാധനമല്ല.

പുറത്തെവിടെയും പോകാന്‍ പാടില്ല എന്നു പറയുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ വന്നു കാണാന്‍ മെനക്കെടില്ല എന്നുകൂടി നമ്മള്‍ കാണണം. തെയ്യം കാണാന്‍ മറ്റു നാടുകളില്‍നിന്ന് ആളുകള്‍ ഇവിടേയ്ക്ക് വരുന്നതുതന്നെ പുറത്ത് അവതരിപ്പിച്ചത് കണ്ടും അറിഞ്ഞും കൊണ്ടാണ്. അതുകൊണ്ട് ഇവിടത്തെ കാവുകള്‍ക്ക് ഗുണമല്ലാതെ ദോഷമുണ്ടായിട്ടില്ല. നമ്മളുടെ തെയ്യത്തിനെ നമ്മള്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്ന ചിന്താഗതി ശരിയല്ല. ചില കാവുകളില്‍ ഫോട്ടോ എടുക്കാന്‍ പോലും സമ്മതിക്കില്ല. കണ്ണുചിമ്മി അടച്ചുള്ള ഒരു തരം വിശ്വാസമാണത്. ഉത്സവ സമയത്ത് വെയ്ക്കുന്ന തെയ്യങ്ങളുടെ ഫ്‌ലെക്‌സ് ബോര്‍ഡുകളൊക്കെ തെയ്യം കഴിഞ്ഞാല്‍ ചില ടോയ്ലറ്റിന്റെ പിറകിലൊക്കെ കൊണ്ടിട്ടിട്ട് കാണാം. ഇത്തരം വിവാദമുണ്ടാക്കുന്ന ആളുകള്‍ ഇതൊന്നും കാണാറില്ല. വലിയ വിശ്വാസികള്‍ മാത്രമൊന്നുമല്ല കാവുകളില്‍ ഉള്ളത്. ഇതൊരു വരുമാനമാര്‍ഗ്ഗം കൂടിയായി കാണുന്നവരുണ്ട്. തെയ്യം പുറത്തുപോയാല്‍ വരുമാനത്തില്‍ കുറവുവരുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കാവുകളുമായി ബന്ധപ്പെട്ട് അങ്ങനെ പലതരത്തിലുള്ള ചിന്താഗതിക്കാരുണ്ട്. അവര്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. തെയ്യത്തിന്റെ എല്ലാ വിവരങ്ങളും ചരിത്രവുമെല്ലാം സൂക്ഷിച്ചുവെയ്ക്കാനാണ് ഇവിടെ മ്യൂസിയം വരുന്നത്. അതിനെ വരെ എതിര്‍ക്കുകയാണ്. ഇത് നമ്മളൊന്നും വിചാരിച്ചാല്‍ നേരെയാവില്ല. 

ഒരു തെയ്യം തന്നെ പല കാവുകളിലും ആചാരങ്ങളിലും രൂപത്തിലും ഒക്കെ മാറ്റമുണ്ടാകും. സ്ഥിരമായിട്ട് ഒരു തെയ്യത്തിന് ഒരു സ്വഭാവമല്ല എന്നര്‍ത്ഥം. ഒരു സമ്പ്രദായവും അല്ല. ഞാന്‍ പുറത്തു ചെയ്തപ്പോഴൊക്കെ അതിന്റെ അനുഷ്ഠാനം അനുസരിച്ചാണ് ചെയ്തത്. അല്ലാതെ വെറും പ്രഹസനമായി തെയ്യത്തെ അവതരിപ്പിക്കുന്നതില്‍ യോജിപ്പില്ല.''

തെയ്യത്തിന്റെ ജീവന്‍ 
കാവുകളില്‍ 

പുതിയ തലമുറയിലെ ശ്രദ്ധേയനായ തെയ്യംകലാകാരനാണ് കുഞ്ഞിമംഗലം സ്വദേശിയായ സജീവ് കുറുവാട്ട്. ബാലി തെയ്യമാണ് കൂടുതലായി കെട്ടിയാടുന്നത്. തെയ്യം കാവുകള്‍ക്കുള്ളില്‍ മാത്രം ദൈവികമായി നിലനില്‍ക്കേണ്ട ഒന്നാണ് എന്ന് അദ്ദേഹം പറയുന്നു.

''അടുത്തിടെ ഒരു സിനിമയ്ക്കു വേണ്ടി വിളിച്ചിരുന്നു. പതി കെട്ടി അനുഷ്ഠാനത്തോടെ ചെയ്‌തോ എന്ന് അവര്‍ പറഞ്ഞു. പതി കെട്ടിയാല്‍ മാത്രം അനുഷ്ഠാനമാവില്ല. അടയാളം തരാന്‍ കോയ്മ വേണം. കലശക്കാരന്‍ വേണം. അതൊക്കെ ഉണ്ടെങ്കിലേ കതിവനൂര്‍ വീരന്‍ കെട്ടാനാവൂ. അനുഷ്ഠാനത്തോടെ പുറത്ത് അവതരിപ്പിക്കാം എന്നു പറയുമ്പോള്‍ അതാത് സ്ഥാനത്ത് നില്‍ക്കേണ്ട ആളുകള്‍ കൂടി അവിടെയുണ്ടാവണം. അതിനു സാധിക്കില്ലല്ലോ.

കാവിനു പുറത്തേയ്ക്ക് പോകുമ്പോള്‍ തെയ്യത്തിന്റെ ജീവന്‍ നഷ്ടപ്പെടും. സ്വതസിദ്ധമായ അന്തരീക്ഷത്തില്‍നിന്നും അതിനെ പറിച്ചുനടന്നതുപോലെയായിരിക്കും അത്. കാവില്‍നിന്നു കാണുമ്പോള്‍ മാത്രമേ അതിനു പൂര്‍ണ്ണതയുണ്ടാകൂ. അല്ലാത്ത സമയത്ത് അത് ഒട്ടിച്ചുചേര്‍ത്തതുപോലെയാകും. കൂടുതല്‍ ആളുകള്‍ക്കു കാണാന്‍ അവസരമൊരുക്കുക എന്നതില്‍ കാര്യമില്ല. ആളുകളുടെ മനോഭാവം അതിനോട് വേറെയാണെങ്കില്‍ ഒരുപാട് ആളുകള്‍ കണ്ടതുകൊണ്ട് എന്താണ് കാര്യം. ജീവന്‍ നഷ്ടപ്പെട്ട് അതിന്റെ ശവശരീരം കുറെയധികം ആളുകള്‍ കണ്ടതുകൊണ്ട് എന്താണ് കാര്യം. തെയ്യക്കാവില്‍ വന്നിട്ട് യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് അനുഭവിക്കാന്‍ പറ്റണം. പലയിടങ്ങളിലും ആഭാസകരമായി കാണുന്ന ഒന്നിനെ പിന്നീട് കാവുകളില്‍ പോയി ദൈവീകമായി കാണാന്‍ കഴിഞ്ഞെന്നുവരില്ല.

ഡോ. വൈ വി കണ്ണന്‍
ഡോ. വൈ വി കണ്ണന്‍

വരുമാനത്തിന്റെ കാര്യം ഇക്കാര്യത്തില്‍ ആളുകള്‍ ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോള്‍ ഒരുപാട് വരുമാന സാധ്യതകള്‍ വേറെയുണ്ട്. തെയ്യത്തില്‍നിന്നുള്ള വരുമാനം പോര എന്നാണെങ്കില്‍ മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ആളുകള്‍ക്ക് അവസരമുണ്ട്. അതുകൊണ്ടു വരുമാനത്തിന്റെ പ്രശ്‌നമായി ഞാന്‍ അതിനെ കാണുന്നില്ല. തെയ്യത്തിനെ താറടിച്ചു കാണിക്കാനും അതിന്റെ ജനകീയത നശിപ്പിക്കാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ തെയ്യം കലാസമിതികളുണ്ട്. അവര്‍ പാരമ്പര്യ തെയ്യക്കാരല്ല. റോഡിലാണെങ്കിലും സ്റ്റേജിലാണെങ്കിലും എവിടെയും കെട്ടാന്‍ അവര്‍ തയ്യാറാണ്. വടക്കന്‍ കേരളത്തില്‍ പക്ഷേ, വൈകാരികമായാണ് ആളുകള്‍ തെയ്യത്തിനെ കാണുന്നത്. മുത്തപ്പന്‍ പോലെയുള്ള പല തെയ്യങ്ങളും മാനസികമായ ഒരാശ്വാസം ആളുകള്‍ക്ക് കൊടുക്കുന്നുണ്ട്. ഇനി ജീവിതമില്ല എന്നു വിചാരിച്ച് പോകുന്ന ആളുകളെയൊക്കെ താങ്ങി നിര്‍ത്തുന്ന ഒരു ധര്‍മ്മം കൂടിയുണ്ട് തെയ്യങ്ങള്‍ക്ക്. ഈ അനുഷ്ഠാനത്തിന്റെയെല്ലാം ജീവന്‍ കിടക്കുന്നത് അതിലാണ്. പുറത്ത് കെട്ടിയാടുമ്പോള്‍ അതെല്ലാം നഷ്ടപ്പെടും. 

സജീവ് കറുവാട്ട്
സജീവ് കറുവാട്ട്

തെയ്യത്തിന്റെ കാമ്പ് ഉള്‍ക്കൊള്ളുന്നവര്‍ മാത്രം അതു കണ്ടാല്‍ മതി എന്നാണ് എന്റെ അഭിപ്രായം. വിദേശികളാണെങ്കിലും നമ്മുടെ കാവുകളില്‍ വന്ന് അതിന്റെ അന്തരീക്ഷത്തില്‍ തന്നെ കാണട്ടെ. അപ്പോഴെ അതിന്റെ മൂല്യം അവര്‍ക്കു മനസ്സിലാകൂ. അതു സ്റ്റേജില്‍ കാണുമ്പോള്‍ കിട്ടില്ല. സ്റ്റേജില്‍ മറ്റു കലകള്‍പോലെയെ തെയ്യത്തിനേയും ആളുകള്‍ കാണൂള്ളൂ. കാവുകളില്‍ വരുന്ന സമയത്ത് ആളുകള്‍ തെയ്യത്തോട് സംസാരിക്കുന്നതും തെയ്യം പ്രതിവചനം പറയുന്നതു കേള്‍ക്കുമ്പോഴാണ് അതു ജനങ്ങളുമായി എങ്ങനെ സംവദിക്കുന്നു എന്നൊക്കെയുള്ളത് ബോധ്യമാകൂ. സ്റ്റേജില്‍ ഇതൊന്നും നടക്കില്ല. ആ രൂപം മാത്രമേ കാണൂ. മുച്ചിലോട്ട് ഭഗവതിയൊക്കെയാണെങ്കില്‍ രണ്ട് ദിവസം തോറ്റം മൂന്നാമത്തെ ദിവസം തെയ്യം അങ്ങനെയൊക്കെ ആചാരങ്ങളുണ്ട്. സ്റ്റേജില്‍ ഒരു മണിക്കൂര്‍കൊണ്ട് അതിന്റെ ബാഹ്യരൂപം മാത്രം കാണിച്ച് ആളെ പറ്റിക്കുന്ന സമ്പ്രദായമാണ്. ചിലതിനെ നമ്മള്‍ നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ അടച്ചുവെക്കേണ്ടിവരും. ദൈവികതയാണ് അതിനെ നിലനിര്‍ത്തുന്നത്. അതില്ലെങ്കില്‍ കാവുകളില്‍ ആളുകള്‍ കൂടില്ല.''

അനുഷ്ഠാനങ്ങളോടെ എവിടെയും 
തെയ്യം കെട്ടാം 

തെയ്യം കലാകാരനും അധ്യാപകനുമാണ് ഡോ. വൈ. വി. കണ്ണന്‍. തെയ്യാനുഷ്ഠാനങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഫോക്ലോര്‍ അക്കാദമി അംഗം കൂടിയാണ്. തെയ്യങ്ങളുടെ അനുഷ്ഠാനത്തേയും ചരിത്രത്തേയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വയനാട്ട് കുലവന്‍, നാഗകന്നി, പുതിയ ഭഗവതി, പുലിയൂര്‍ കണ്ണന്‍, ഗുരുക്കള്‍ തെയ്യം തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. തെയ്യം പുറത്തുകെട്ടുന്നതിനെ എതിര്‍ക്കുന്നതില്‍ വരുമാനത്തിന്റേയും ജാതിയുടേയും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

''കൃത്യമായ അനുഷ്ഠാനങ്ങളോടെയാണെങ്കില്‍ ലോകത്തെവിടെയും തെയ്യം കെട്ടാം. ഒരു കളിയാട്ടം നമുക്കു പുനരവതരിപ്പിക്കാന്‍ പറ്റില്ല. ചില തെയ്യങ്ങള്‍ പുറത്ത് അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, കതിവനൂര്‍ വീരന്‍പോലെയുള്ള തെയ്യങ്ങള്‍ കെട്ടാം. പുറത്തേയ്ക്ക് പോകുമ്പോള്‍ എല്ലാ ആചാരങ്ങളോടേയും പരമാവധി അതിനോട് നീതിപുലര്‍ത്തണം. സിനിമാപ്പാട്ടിനു പശ്ചാത്തലമായോ ഘോഷയാത്രയില്‍ നടക്കുന്നതിനോടോ യോജിപ്പില്ല. തെയ്യം പലയിടങ്ങളിലും പോയി അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണ്  അത് അറിയപ്പെട്ടതുതന്നെ.

ഇപ്പോഴും തെയ്യം കലാകാരന്‍ എന്നു പറയുന്നതുപോലും രസിക്കാത്തവരുണ്ട്. തെയ്യക്കാരന്‍ എന്നാണ് പറയുക. അതിന്റെ പിന്നില്‍ അസൂയ ഉണ്ട്. പഴയ ജാതിബോധത്തിന്റെ ബാക്കികൂടിയുണ്ട്. തെയ്യക്കാര്‍ക്ക് പണം കിട്ടുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. പുറത്തു പോയി കെട്ടുമ്പോള്‍ കിട്ടുന്ന വരുമാനം കൂടി കണക്കിലെടുക്കണം. തെയ്യക്കാരനു കിട്ടുന്ന കോള് എത്രയാണെന്ന് ആരെങ്കിലും നോക്കാറുണ്ടോ. തെയ്യം കെട്ടുന്നയാള്‍ക്ക് കൊടുക്കുന്ന പണത്തിന് കോള് എന്നാണ് പറയുന്നത്. തെയ്യം കണ്ട് കേമമായി എന്ന് അഭിപ്രായം പറഞ്ഞ് എല്ലാവരും പിരിഞ്ഞുപോകും. ഈ ചൂഷണം ആരും അറിയുന്നില്ല. നാലു ദിവസത്തെ കളിയാട്ടമാണെങ്കില്‍ നാലു ദിവസവും രാവും പകലും ഇവര്‍ കാവിലുണ്ടാകും. അതിന് അര്‍ഹിക്കുന്നതിന്റെ പത്ത് ശതമാനം പോലും ഇവര്‍ക്ക് കൂലി കൊടുക്കില്ല. ഏതെങ്കിലും തെയ്യക്കാരന്‍ കൂലി കൂടുതല്‍ ചോദിച്ചാല്‍ പിന്നീട് തെയ്യങ്ങള്‍ കൊടുക്കാതെ സമ്മര്‍ദ്ദത്തിലാക്കും. അതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. 

ന്യായമായ പൈസ കൊടുക്കാതിരിക്കുന്നതാണ് ചില തറവാട്ടുകാരുടെ മിടുക്കായി കാണുന്നത്. എന്റെ തറവാട്ടില്‍ കെട്ടിയാല്‍ ആരും കൂലി ചോദിച്ചു വാങ്ങില്ല എന്നു പറയുന്നത് ആ തറവാടിന്റെ അഭിമാനമായി കൊണ്ടുനടക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് തെയ്യക്കാര്‍ വിദേശങ്ങളിലൊക്കെ പോയി പൈസ ഉണ്ടാക്കുന്നത് ഇഷ്ടപ്പെടില്ല. 

ഇപ്പോള്‍ തെയ്യം കെട്ടുന്നയാളോട് കാവുകാര്‍ പറയുന്ന ഒരു കാര്യമാണ്, ഇപ്രാവശ്യം തന്ത്രി വന്നതുകൊണ്ട് ലക്ഷങ്ങള്‍ ചെലവായി, അതുകൊണ്ട് കൂടുതല്‍ പൈസ തരില്ല എന്ന്.
തന്ത്രിമാരെ കൊണ്ടുവന്നാണ് ഇപ്പോള്‍ പലയിടങ്ങളിലും പ്രതിഷ്ഠ നടത്തുന്നത്. മുത്തപ്പനെ പോലും ഇങ്ങനെ പ്രതിഷ്ഠിക്കും. അടിയാനോ തീയ്യനോ വണ്ണാനോ പാലുള്ള മരത്തിന്റെ ചുവട്ടില്‍ കല്ലെടുത്ത് വെച്ച് പയംകുറ്റി വെച്ചാല്‍ തൃപ്തിയാകുന്നയാളാണ് മുത്തപ്പന്‍. അത്രയും ജനകീയനും മനുഷ്യപ്പറ്റുമുള്ള ഒരു തെയ്യമാണ് മുത്തപ്പന്‍.

തീയ്യനോ വണ്ണാനോ അടിയാനോ ആണെങ്കില്‍ മുത്തപ്പന് തൃപ്തി വരുമെങ്കിലും ഇവിടെയുള്ള ബാക്കിയുള്ളവര്‍ക്ക് തൃപ്തി വരുന്നില്ല. അവര്‍ക്ക് ബ്രാഹ്മണന്‍ തന്നെ കര്‍മ്മം ചെയ്യണം. ബ്രാഹ്മണന്‍ വന്നു ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ക്ക് ലക്ഷങ്ങളാണ് വില എന്നും തെയ്യക്കാര്‍ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ക്കു വലിയ വിലയൊന്നും ഇല്ല എന്നും ധരിച്ച് വച്ചിരിക്കുകയാണ്.

അത് ഇപ്പോഴത്തെ കമ്മിറ്റിക്കാരുടെ പ്രശ്‌നമല്ല. അവരുടെ രക്തത്തിലുള്ള വിഷയമാണ്. തെയ്യക്കാര്‍ എപ്പോഴും നമ്മുടെ വരുതിയില്‍ നില്‍ക്കണം എന്നു തറവാട്ടുകാരും കാവുകാരും വിചാരിക്കും. ഇതു പല തെയ്യക്കാര്‍ക്കും മനസ്സിലാവില്ല. പുറത്ത് തെയ്യം കെട്ടുന്നത് അനുഷ്ഠാന ലംഘനമാണ് എന്നാണല്ലോ പറയുന്നത്.

അനുഷ്ഠാന ലംഘനങ്ങള്‍ പലതും നടക്കുന്നത് കാവിനകത്താണ്. പണ്ടൊക്കെ ഉപയോഗിച്ചിരുന്ന ചൂട്ട് ഒഴിവാക്കി. തോറ്റംപാട്ട് കാവുകാരുടെ ആവശ്യത്തിനനുസരിച്ച് ചുരുക്കി. കാവുകള്‍ വെട്ടി ഓഡിറ്റോറിയങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കി. ഇതുപോലെ പല കാര്യങ്ങളും കാവില്‍ നടക്കുന്നുണ്ട്.

തെക്കന്‍ ജില്ലകളിലൊക്കെ ഘോഷയാത്രപോലെയുള്ള പരിപാടികള്‍ക്ക് തെയ്യം സപ്ലൈ ചെയ്യുന്നത് ഒരു ബിസിനസാണ്. ഒരു പരിപാടിക്ക് ഇത്ര തെയ്യങ്ങള്‍ വേണം എന്നു പറഞ്ഞാല്‍ അത് എത്തിക്കാന്‍ ആളുകളുണ്ട്. ജാഥയിലും ഘോഷയാത്രയിലുമൊക്കെ തെയ്യം പോകുന്നതാണ് പ്രധാന പ്രശ്‌നം. യഥാര്‍ത്ഥ അണിയലം പോലുമല്ല പലരും ഉപയോഗിക്കുന്നത്. ഈ കാണുന്ന വേഷമാണ് തെയ്യം എന്ന് ആളുകള്‍ തെറ്റിദ്ധരിക്കും എന്നതാണ് അതിന്റെ അപകടം.

തെയ്യത്തിനെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇതുവരെ പഠിക്കപ്പെട്ടില്ല. ഉത്തര കേരളത്തിന്റെ സാമൂഹ്യചരിത്രം കൂടിയാണത്. തെയ്യം മ്യൂസിയം അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. തെയ്യം മ്യൂസിയത്തിനെതിരേയും ആചാരത്തിന്റെ പേര് പറഞ്ഞ് ഒരു വിഭാഗം തെയ്യക്കാര്‍ തന്നെ എതിര്‍ക്കുന്നുണ്ട്. ഇതു ശരിയല്ല.''

ആചാരങ്ങള്‍ പാലിക്കുന്നവര്‍ 
ക്ഷേത്രങ്ങളില്‍ തെയ്യംകെട്ടിയാല്‍ മതി 

ഒരു വരുമാനമാര്‍ഗ്ഗമോ ജോലിയായോ തെയ്യം കെട്ടലിനെ കാണരുതെന്നാണ് കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ പ്രമോദ് കോമരം അഭിപ്രായപ്പെടുന്നത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ 108 മുച്ചിലോട് കാവുകളുടെ ആചാരസ്ഥാനികനാണ്  അദ്ദേഹം.

''ക്ഷേത്രത്തിനകത്ത് ചെയ്തുവരുന്ന ഒരു സംവിധാനമാണത്. അതങ്ങനെയല്ലാതെ നാടകമോ നൃത്തരൂപമോപോലെ സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനോട് താല്പര്യമില്ല. പുറത്തുകെട്ടുന്ന സ്ഥലത്ത് പോയി ഞങ്ങള്‍ക്കു പ്രതികരിക്കാനൊന്നും സാധിക്കില്ല. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ചെയ്യുന്നവര്‍ ഞങ്ങളുടെ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാല്‍ മതി എന്നൊരു തീരുമാനം ഞങ്ങളെടുത്തിട്ടുണ്ട്. പുറത്തുപോകുന്നവരെ ക്ഷേത്രങ്ങളിലെ കാര്യങ്ങളില്‍ പങ്കെടുപ്പിക്കണ്ട എന്നാണ് തീരുമാനം. ഇതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. വ്രതങ്ങളനുഷ്ഠിച്ച് കൃത്യമായ ചടങ്ങുകള്‍ക്കനുസരിച്ച് നിന്നുകൊണ്ട് ചെയ്യുന്നതാണ്. സ്റ്റേജിലും മറ്റുമൊന്നും ചെയ്യുമ്പോള്‍ ഇങ്ങനെയല്ലല്ലോ. ദൈവികപരമായിട്ടാണ് ജനങ്ങള്‍ അതിനെ കാണുന്നത്.

തെരുവിലെ തെയ്യരൂപങ്ങള്‍
തെരുവിലെ തെയ്യരൂപങ്ങള്‍

സ്റ്റേജില്‍ കെട്ടുന്നതും ക്ഷേത്രത്തില്‍ കെട്ടുന്നതും ഒരേ ആളാകുന്നത് ശരിയല്ല. തെയ്യത്തിനെ ഒരു വരുമാനത്തിന്റേയോ ജോലിയുടേയോ ഭാഗമായി കാണാന്‍ പാടില്ല. അതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. തെയ്യം കെട്ടുന്നവര്‍ക്ക് കൊടുക്കേണ്ടത് കൊടുക്കുന്നുണ്ട്. ഇപ്പോള്‍ കൃത്യമായി പറഞ്ഞുവാങ്ങുന്നുണ്ട് പൈസ. ക്ഷേത്രത്തിന്റെ വരുമാനം അവര്‍ക്കും അറിയാവുന്നതല്ലേ. സംഭാവനയും പിരിവും ഒക്കെയാണല്ലോ അതിന്റെ വരുമാനം. എല്ലാ ക്ഷേത്രങ്ങളിലും ഓഡിറ്റിങ്ങുണ്ട്. അതുകൊണ്ട് വാരിക്കോരി കൊടുക്കുന്ന സമ്പ്രദായമല്ല. എന്നാലും ക്ഷേത്രങ്ങള്‍ ഒരു വിധം നല്ല സംഖ്യ കൊടുക്കുന്നുണ്ട്.

ഒരു പെരുങ്കളിയാട്ടത്തിന് മുച്ചിലോട്ട് ഭഗവതി കെട്ടിയാല്‍ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും കിട്ടും. 15 ദിവസത്തെ ചടങ്ങായിരിക്കും അവിടെ. 15 ദിവസം കൊണ്ട് ഒരു ലക്ഷം രൂപ കിട്ടുന്ന വേറെ ഏതു ജോലിയാണുള്ളത്. പൈസ കിട്ടുന്നില്ല എന്നു പറയുന്നതു ശരിയല്ല. പിന്നെ ചില വരുമാനം കുറഞ്ഞ കാവുകളില്‍ അതിനനുസരിച്ചല്ലേ കൊടുക്കാന്‍ പറ്റൂ.

പുറത്ത് പാര്‍ട്ടി പരിപാടികളിലും മറ്റും തെയ്യം കെട്ടുന്ന ആള്‍ ഞങ്ങളുടെ ക്ഷേത്രങ്ങളില്‍ വേണ്ട. അയാള്‍ക്ക് കൂടുതല്‍ വരുമാനം അതാണെങ്കില്‍ ആ രീതിയില്‍ പോയ്ക്കോട്ടേ. വിശ്വാസപരമായി ചെയ്യാന്‍ താല്പര്യമുള്ളവര്‍ വേറെയുണ്ടാകും. അയാള്‍ക്ക് അവസരം കൊടുക്കാലോ. ഈ രീതിയിലാണ് ഇവര്‍ പോകുന്നതെങ്കില്‍ മറ്റു സമുദായത്തില്‍പ്പെട്ടവര്‍ തെയ്യംകെട്ടുന്നതിനെക്കുറിച്ചും അവര്‍ ആലോചിക്കട്ടെ. അങ്ങനെ വരുമ്പോള്‍ ഞങ്ങളുടെ സമുദായത്തില്‍ ഉള്ളവര്‍ പഠിച്ച് ഞങ്ങളുടെ ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാല്‍ മതിയല്ലോ.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com