നിരപരാധികളുടെ 25 നരക വര്‍ഷങ്ങള്‍: യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകും വരെ ജയിലില്‍ കഴിഞ്ഞവര്‍

യഥാര്‍ത്ഥ പ്രതികളായ ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട നിരപരാധികളുടെ മാനസികവും ശാരീരികവുമായ പീഡനപര്‍വ്വങ്ങള്‍ക്കാണ്  പരിസമാപ്തിയാകുന്നത് 
ജയില്‍ശിക്ഷ അനുഭവിക്കവേ, തൊഴിയൂര്‍ കേസില്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട ബാബുരാജ്, റഫീഖ്, ബിജി എന്നിവര്‍
ജയില്‍ശിക്ഷ അനുഭവിക്കവേ, തൊഴിയൂര്‍ കേസില്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട ബാബുരാജ്, റഫീഖ്, ബിജി എന്നിവര്‍

ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രസിദ്ധമായ ഒരു പ്രഹസനത്തെ ആസ്പദമാക്കി ആനന്ദ് രചിച്ച 'ഗോവര്‍ദ്ധന്റെ യാത്രകള്‍' എന്ന നോവല്‍ പല സന്ദര്‍ഭങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത തെറ്റിനു തൂക്കുകയര്‍ വിധിക്കപ്പെടുന്ന ഗോവര്‍ദ്ധന്‍ നാടകത്തില്‍നിന്നും ഇറങ്ങി യാത്ര പുറപ്പെടുന്നിടത്താണ് ആ നോവലിന്റെ തുടക്കം. മതില്‍ ഇടിഞ്ഞുവീണ് ഒരാട് ചത്തുപോകുകയും അതിന് നിരവധിയാളുകളുടെമേല്‍ കുറ്റം ചുമത്തുകയും അവസാനം കണ്ടെത്തിയ ആള്‍ക്ക് തൂക്കുകയര്‍ ചേരാത്തതിനാല്‍ തൂക്കുകയറിന്റെ അളവിനൊത്ത കഴുത്തുള്ള ഗോവര്‍ദ്ധനെ തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്യുകയാണ്. ശിക്ഷയില്‍നിന്നും നീതി തേടി ഗോവര്‍ദ്ധന്‍ നാടകത്തില്‍നിന്നും ഭൂതകാലത്തിലേയ്ക്കു സഞ്ചരിക്കുമ്പോള്‍ ആ യാത്രയിലുടനീളം തന്നെപ്പോലെതന്നെ നീതി തേടിയലയുന്ന മനുഷ്യരെ അയാള്‍ കാണുന്നുണ്ട്. ഗോവര്‍ദ്ധന്റെ ആ യാത്ര സമകാല ഇന്ത്യയിലേയ്ക്ക് നീളുന്നപക്ഷം തീര്‍ച്ചയായും സമാന അനുഭവങ്ങള്‍ അയാളെ ഇവിടെയും കാത്തിരിക്കുന്നുണ്ട്. 

തൊഴിയൂരില്‍ സുനില്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവ് മൃഗീയമായി കൊല ചെയ്യപ്പെട്ട കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ശിക്ഷ അനുഭവിക്കുന്നതിനിടെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടതോടെ തുറുങ്കില്‍നിന്നു മോചിപ്പിക്കപ്പെടുകയും ചെയ്ത യുവാക്കള്‍ക്കും ഗോവര്‍ദ്ധന്റെ കഥയ്ക്കും തമ്മില്‍ എന്താണ് ബന്ധം? ഒന്നാമതായി ഗോവര്‍ദ്ധനെപ്പോലെ തങ്ങളുടെ നിരപരാധിത്വം ശിക്ഷയില്‍നിന്ന് അവരെ ഒഴിവാക്കിക്കൊടുത്തില്ല എന്നതുതന്നെ. രണ്ടാമതായി യഥാര്‍ത്ഥ പ്രതികള്‍ പൂര്‍ണ്ണമായും പിടികൂടപ്പെടുന്നതുവരെ നീതിക്കുവേണ്ടിയുള്ള അവരുടെ യാത്ര തുടരുകതന്നെ ചെയ്യും എന്നതും. ഇക്കഴിഞ്ഞയാഴ്ച സുനിലിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ത്ഥ പ്രതികളായ ജംഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്‍ത്തകരായ, ഗുരുവായൂര്‍ പാലയൂര്‍ കറുപ്പം വീട്ടില്‍ മൊയ്നുദ്ദീനടക്കമുള്ളവര്‍ അറസ്റ്റു ചെയ്യപ്പെട്ടതോടെയാണ് 25 വര്‍ഷം മുന്‍പ് നടന്ന ഒരു വധക്കേസിലേയ്ക്ക് വീണ്ടും ജനശ്രദ്ധ തിരിയുന്നത്. സുനിലിനെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെടുകയും പിന്നീട് യഥാര്‍ത്ഥ പ്രതികള്‍ മറ്റു ചിലരാണ് എന്നു വന്നതോടെ വിട്ടയയ്ക്കപ്പെടുകയും ചെയ്ത ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ തുടങ്ങിയവര്‍ നിയമവേദികളിലും അവര്‍ക്കുവേണ്ടി സി.പി.ഐ.എം ജനപ്രതിനിധി സഭകളിലും നടത്തിയ പോരാട്ടങ്ങളുടെ പരിണതിയിലാണ് യഥാര്‍ത്ഥ പ്രതികള്‍ പിന്നീട് ഓരോരുത്തരായി പിടിയിലാകുന്നത്. 

25 വര്‍ഷം 
മുന്‍പ് നടന്നത് 

കെ. കരുണാകരന്റെ പൊലീസ് ഭരണം ഏറെ വിമര്‍ശനവും പ്രതിഷേധവും വിളിച്ചുവരുത്തിയിരുന്ന കാലമായിരുന്നു തൊഴിയൂരിലെ സുനിലിനെ കൊലപ്പെടുത്തിയ കാലം. പൊലീസിനെ ഏതാണ്ട് കയറൂരിവിട്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെങ്ങും രാഷ്ട്രീയ പ്രക്ഷോഭങ്ങളും രാഷ്ട്രീയമായ ചേരിപ്പോരുകളും ശക്തിയാര്‍ജ്ജിച്ചിരുന്ന അക്കാലത്ത് മിക്കപ്പോഴും പൊലീസ് ഇടപെടലുകളുടെ സ്വഭാവം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തീവ്രസമരങ്ങള്‍ കെട്ടഴിച്ചുവിട്ട സി.പി.ഐ.എമ്മിന് അന്ന് കരുണാകരന്റെ പൊലീസിനു പുറമേ ആര്‍.എസ്.എസിനേയും നേരിടേണ്ടിവന്നിരുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയിലും മറ്റും നടന്നിരുന്ന പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സി.പി.ഐ.എമ്മിന് അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു അപ്രതീക്ഷിത ശത്രുവായി തീര്‍ന്നിരുന്നു ആര്‍.എസ്.എസ്. 1990-കളുടെ തുടക്കത്തില്‍ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതൃത്വത്തില്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയശക്തി സമാഹരിക്കാന്‍ മുതിര്‍ന്ന വേളയില്‍ കടുത്ത മതനിരപേക്ഷ നിലപാടുമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ ഇടതുപക്ഷം അഖിലേന്ത്യാതലത്തിലും സംസ്ഥാനത്തും നടത്തിയ ശ്രമങ്ങളായിരുന്നു രാഷ്ട്രീയമായ മുഖാമുഖം നില്‍ക്കലിനു വഴിവച്ചത്. കൂത്തുപറമ്പ് സമരം കത്തിനില്‍ക്കുന്നതിനിടെ കോഴിക്കോട്ടടക്കം പലയിടങ്ങളിലും സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ആക്രമണത്തിനിരയായി. പലയിടങ്ങളിലും സി.പി.ഐ.എമ്മിന്റേയും ആര്‍.എസ്.എസിന്റേയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രാഷ്ട്രീയ അതിക്രമങ്ങള്‍ നിത്യസംഭവങ്ങളായി. ഈ പശ്ചാത്തലത്തിലാണ് സുനില്‍വധം നടക്കുന്നത്. 

സുനില്‍
സുനില്‍

ഏറെ നടുക്കത്തോടെയാണ് സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്‍ 1994 ഡിസംബര്‍ നാലിനു നടന്ന ആ സംഭവം ഓര്‍ക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടടുത്ത് സുബ്രഹ്മണ്യന്റേയും സുനിലിന്റേയും ഓലക്കുടിലിന്റെ അടച്ചുറപ്പില്ലാത്ത വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികള്‍ കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടക്കത്തില്‍ എന്താണ് സംഭവിച്ചത് എന്നതു സംബന്ധിച്ച അന്ധാളിപ്പായിരുന്നു സുബ്രഹ്മണ്യനുണ്ടായത്. ആക്രമണത്തില്‍ തലയില്‍ എന്തോ ആയുധം പതിച്ചുവെന്ന തോന്നലുണ്ടായപ്പോള്‍ അവിടം തലോടാന്‍ കയ്യുയര്‍ത്തിയപ്പോഴാണ് ഇടതുകൈ നഷ്ടമായിരിക്കുന്നു എന്നു തിരിച്ചറിയുന്നത്. ഇതിനിടയില്‍ അക്രമികള്‍ സുബ്രഹ്മണ്യന്റെ പുറത്ത് കത്തികൊണ്ടു കുത്തുകയും സുബ്രഹ്മണ്യന്‍ ബോധരഹിതനാകുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അദ്ദേഹത്തിനു ബോധം വീണ്ടുകിട്ടിയത്. 

സംഭവം നടക്കുന്ന കാലത്ത് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു സുബ്രഹ്മണ്യനും സുനിലും. പ്ലംബറായിരുന്നു സുബ്രഹ്മണ്യന്‍. മരക്കടയിലായിരുന്നു സുനിലിനു ജോലി. ഇടതുകയ്യുടെ മുട്ടിനു താഴെ ആക്രമണത്തില്‍ നഷ്ടമായ സുബ്രഹ്മണ്യന് ഇന്നു കോഴിയും ആടും വളര്‍ത്തലാണ് ഉപജീവനമാര്‍ഗ്ഗം. ദേഹമാസകലമുള്ള മുറിവുകള്‍ അവശേഷിപ്പിച്ച പാടുകളും നഷ്ടമായ കൈവിരലുകളുമായി അച്ഛന്‍ കുഞ്ഞുമോനും വെട്ടേറ്റ് കാലിനു സ്വാധീനക്കുറവ് സംഭവിച്ച അമ്മ കുഞ്ഞിമ്മുവും കൂടെയുണ്ട്. പഴയ കുടിലിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച മണ്‍ഭിത്തികളുള്ള ചോരുന്ന വീട്ടിലാണ് താമസം. കഷ്ടപ്പാടുകള്‍ക്കിടയില്‍ സഹോദരിമാരുടെ കല്യാണവും കഴിഞ്ഞു. 

സംഭവത്തിനുശേഷം ആശുപത്രിയില്‍നിന്നു ചികിത്സ കഴിഞ്ഞു മടങ്ങിയ സുനിലിന്റെ കുടുംബാംഗങ്ങളോട് അവരെ ആക്രമിച്ചത് സി.പി.ഐ.എമ്മുകാരാണെന്നും കോടതിയില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അവരാണ് കൃത്യം നടത്തിയതെന്ന് കോടതിയില്‍ അവരെ കാണുമ്പോള്‍ പറയണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. സാധാരണഗതിയില്‍ നടക്കാറുള്ള തിരിച്ചറിയല്‍ പരേഡും മറ്റും ഉണ്ടായില്ലെന്നും സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ക്കുന്നു. 
തുടക്കത്തില്‍ സുനിലിന്റെ കുടുംബത്തിന് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും സഹായമുണ്ടായിരുന്നു. എന്നാല്‍, പിടിക്കപ്പെട്ട സി.പി.ഐ.എമ്മുകാരല്ല പ്രതികളെന്നു വന്നതോടെ അതു നിലച്ചു. 

''യഥാര്‍ത്ഥത്തില്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ പ്രദേശത്ത് നടന്ന ഒരു സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് എനിക്ക് എന്റെ അനുജനെ നഷ്ടമാകുന്നത്. പ്രദേശത്ത് തന്നെയുള്ള മുസ്ലിം പ്രമാണിമാരായ പാച്ചോത്ത് എന്ന കുടുംബത്തിലെ ഒരു യുവാവുമായി ആര്‍.എസ്.എസുകാര്‍ ഉണ്ടാക്കിയ ചെറിയ കശപിശയാണ് സുനിലിന്റെ ജീവന്‍ നഷ്ടമാകുന്നതില്‍ അവസാനിച്ചത്. ആ കുടുംബത്തിലെ ഒരാള്‍ ഐ.എസ്.എസ് എന്നു പറയുന്ന സംഘടനയുടെ പ്രാദേശിക നേതാവായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ എനിക്കോ സുനിലിനോ യാതൊരു ബന്ധവുമില്ലായിരുന്നു. പാച്ചോത്ത് കുടുംബത്തിലെ യുവാവുമായി കശപിശ ഉണ്ടാക്കിയ ആള്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞയാള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു'' സുബ്രഹ്മണ്യന്‍ പറയുന്നു. അത് സുനിലാണെന്നു തെറ്റിദ്ധരിച്ചായിരിക്കാം അവര്‍ തന്റെ സഹോദരനെ ലക്ഷ്യമിട്ടതെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. 
സുനിലിനെ കൊലപ്പെടുത്തി അധികം വൈകാതെ ഈ പ്രശ്‌നത്തില്‍ പ്രദേശത്തെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ ഈ ഒത്തുതീര്‍പ്പും വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. 

സുനിലിന്റെ മാതാപിതാക്കള്‍
സുനിലിന്റെ മാതാപിതാക്കള്‍

''സംഭവം നടന്നതിനുശേഷം ഇങ്ങനെയൊരു ഒത്തുതീര്‍പ്പുണ്ടാക്കിയെന്നു മാത്രമല്ല, സംഘത്തിനുവേണ്ടി ജീവന്‍ കൊടുത്ത ഒരാള്‍ എന്ന പരിഗണനപോലും ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം എന്റെ മോന് കൊടുത്തിട്ടില്ല. സാധാരണഗതിയില്‍ ഇങ്ങനെ ജീവന്‍ നഷ്ടമായവരെ ഓര്‍മ്മിക്കാന്‍ ബലിദാനദിനമൊക്കെ അവര്‍ നടത്താറുണ്ട്. സുനിലിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ജ്യേഷ്ഠന്‍ സുബ്രഹ്മണ്യന്റെ കല്യാണം നമുക്കു നന്നായി നടത്തണട്ടാ അമ്മേ എന്ന് എന്റെ മോന്‍ പറയുമ്പോള്‍ ഞാന്‍ ചോദിക്കും: അപ്പോ നിനക്ക് കല്യാണമൊന്നും വേണ്ടേ എന്ന്. തനിക്ക് കല്യാണം വേണ്ടെന്നും പ്രചാരക് ആയി പോവാനാണ് തീരുമാനമെന്നും അവന്‍ പറയും. അവന്‍ പോയി... പ്രചാരക് ആയിട്ടല്ലാ എന്നുമാത്രം...'' വിതുമ്പലോടെ അമ്മ കുഞ്ഞിമ്മു പറഞ്ഞുനിര്‍ത്തി. 

അന്വേഷണം നീളുന്നത് മുസ്ലിം തീവ്രവാദികളിലേയ്ക്കായിട്ടുകൂടി യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെടാനും അതിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനും ആര്‍.എസ്.എസ് ഇതുവരെയും തയ്യാറായിട്ടില്ലെന്നത് സംശയകരമാണെന്നും സുനിലിന്റെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

എന്തായാലും തങ്ങളുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ ഒരുകാലത്തും കുഞ്ഞിമ്മുവും കുഞ്ഞുമോനും തയ്യാറില്ല. അവര്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടിരുന്നു. അവരുടെ കൂടി ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ കാര്യത്തില്‍ പൊലീസ് നടപടികള്‍ ഉണ്ടായിട്ടുള്ളത്.

''അന്നു ഞങ്ങള്‍ ഈ കുട്ടികള്‍ പ്രതികളാണെന്നു കോടതിയില്‍ പറഞ്ഞത് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയതു കൊണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇരുട്ടായതുകൊണ്ട് ഞങ്ങളെ ആക്രമിച്ചവര്‍ ആരെന്നു വ്യക്തമായിരുന്നില്ല. ഇവരാണ് അതു ചെയ്തതെന്നു പറയാന്‍ പൊലീസുകാര്‍ നിര്‍ബ്ബന്ധിച്ചു. ഞങ്ങള്‍ അങ്ങനെ കോടതിയില്‍ പറയുകയും ചെയ്തു'' -സുനിലിന്റെ അമ്മ കുഞ്ഞിമ്മു കൂട്ടിച്ചേര്‍ക്കുന്നു.

കള്ളക്കേസില്‍ തകര്‍ന്ന 
ജീവിതങ്ങള്‍ 

മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ബാബുരാജ്, മുതുവട്ടൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ ഹരിദാസന്‍ എന്നിവരെയാണ് സുനില്‍ വധക്കേസില്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സംഭവം നടക്കുമ്പോള്‍ 20-നും 25-നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍. നാലുപേരും സി.പി.ഐ.എമ്മിന്റെ അനുഭാവികളോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു അക്കാലത്ത്. അന്നത്തെ കേരളത്തില്‍ ആ രാഷ്ട്രീയകക്ഷിയുടെ കൂടെ നില്‍ക്കുകയും നിര്‍ഭയമായി നിലപാടുകള്‍ പ്രകടിപ്പിക്കുകയും പാര്‍ട്ടിയേയും പലതലങ്ങളിലുള്ള നേതൃത്വങ്ങളേയും തിരുത്തുകയും ചെയ്തുപോന്ന വലിയൊരു വിഭാഗം യുവാക്കളുടെ പ്രതിനിധികളായി കണക്കാക്കപ്പെടേണ്ടവര്‍. അന്നു പ്രതികളാക്കപ്പെട്ട രണ്ടുപേര്‍-ബാബുരാജും ബിജിയും ഇന്ന് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിലുണ്ട്. 

അന്ന് സി.പി.ഐ.എം പ്രവര്‍ത്തകരായ ഇവര്‍ക്കു പുറമേ കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദികളായ ജയ്സണ്‍, ജയിംസ് എന്നിവരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരും സുനില്‍ വധക്കേസില്‍ പ്രതികളായിരുന്നു. എന്നാല്‍, തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെയാണ് ഈ കേസില്‍ വിവിധ വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷിച്ചത്. 

ഹരിദാസന്‍
ഹരിദാസന്‍

സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന് സുനില്‍ വധവുമായി ബന്ധമുള്ളതെന്നു ചൂണ്ടിക്കാണിക്കാനുള്ളത് പാച്ചോത്ത് കുടുംബത്തിലെ യുവാവുമായി ആര്‍.എസ്.എസുകാര്‍ ഉണ്ടാക്കിയ കശപിശക്കേസാണെങ്കില്‍, ഈ നാലു യുവാക്കളുടെ ജീവിതം ദുരിതമയമാക്കാന്‍ അന്നത്തെ പൊലീസ് അധികാരികള്‍ക്കു വീണുകിട്ടിയ കാരണം ഗുരുവായൂരില്‍ വെച്ച് സുനില്‍ വധിക്കപ്പെടുന്നതിനു തൊട്ടുതലേന്ന് സി.പി.ഐ.എം പ്രവര്‍ത്തകനായ കണിമംഗലം ജോയിയെ ചിലര്‍ വെട്ടിപ്പരിക്കേല്പിച്ചതാണ്. നന്നേ ചെറുപ്പത്തില്‍ ഉപജീവനാര്‍ത്ഥം ഗുരുവായൂരിലെത്തിയ തൃശൂര്‍ സ്വദേശിയായ ജോയി ഗുരുവായൂരിലെ ബി.ജെ.പിക്കാരുമായി നിതാന്ത ശത്രുതയിലായിരുന്നതുകൊണ്ട് ജോയിയെ ആക്രമിച്ചത് ബി.ജെ.പിക്കാരാണെന്നായിരുന്നു പൊതുവേ കരുതപ്പെട്ടത്. ഈ സംഭവത്തിന്റെ ബാക്കിപത്രമായിട്ടാണ് പൊലീസ് സുനില്‍ വധത്തെ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും. 

ഹരിദാസന്റെ സഹോദരന്‍
ഹരിദാസന്റെ സഹോദരന്‍

''സുനിലിന്റെ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഞങ്ങള്‍ അവിടെയുണ്ട്. കണിമംഗലം ജോയിയുടെ അടുത്ത സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമെന്ന നിലയില്‍ പരിക്കേറ്റ ജോയിക്കൊപ്പം. സുനില്‍ വധക്കേസില്‍ ഞങ്ങള്‍ ഇങ്ങനെ അകപ്പെടുമെന്ന് അന്നേരം ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല'' -ബാബുരാജ് പറയുന്നു.

തൊഴിയൂരില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരെ മുടവത്തൂര്‍ സ്വദേശികളാണ് അന്ന് അറസ്റ്റു ചെയ്യപ്പെട്ടവര്‍. അവര്‍ക്കാര്‍ക്കും സുനിലിനെ മുന്‍പരിചയമില്ല. പൂര്‍വ്വവൈരാഗ്യവുമില്ല. പക്ഷേ, വര്‍ഷങ്ങളോളം നീണ്ട നോവിനും മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ക്കും അവര്‍ക്ക് സുനിലിനെ കൊന്നെന്ന പേരില്‍ ഇരയാകേണ്ടിവന്നു. ഒരു ദളിത് കുടുംബത്തിന്റെ പുരയിടത്തില്‍ ചിതറിക്കിടന്ന ശരീരഭാഗങ്ങളില്‍ ചൂണ്ടി നാട്ടുകാരും സ്വന്തക്കാരും വരെ നല്‍കിയ കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യമൃഗങ്ങളെന്ന വിശേഷണം അവര്‍ക്കു വേദനയോടെ പേറേണ്ടി വരികയും ചെയ്തു. 

അന്ന് കുന്ദംകുളം ഡി.വൈ.എസ്.പിയായിരുന്ന ടി. ചന്ദ്രന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. ഗുരുവായൂര്‍ സി.ഐ ആയിരുന്ന ശിവദാസന്‍ പിള്ള, ഗുരുവായൂര്‍ എസ്.ഐ ആയിരുന്ന സതീശന്‍ എന്നിവരായിരുന്നു ചന്ദ്രനെ 'കേസന്വേഷണ'ത്തില്‍ സഹായിച്ചത്. കൊലപാതകം നടന്നു രണ്ടു മാസം തികയുന്നതിനു മുന്‍പേ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

സമാനതകളില്ലാത്ത പീഡനങ്ങള്‍ക്കാണ് കേസന്വേഷണത്തിന്റെ ഘട്ടത്തിലും തുടര്‍ന്നും ഈ യുവാക്കള്‍ ഇരയായത്. പ്രതികളാക്കപ്പെട്ടവരുടെ വീട്ടില്‍ പൊലീസ് നിരന്തരം കയറിയിറങ്ങുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് ബിജിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അതു മുടങ്ങി. റഫീഖിന്റെ വിദേശത്തുള്ള പിതാവിനു ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്കു മടങ്ങേണ്ടതായും വന്നു. സാമ്പത്തികമായി റഫീഖിന്റെ കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്കും അതു വഴിവച്ചു. മൂന്നാംപ്രതി ബാബുരാജാകട്ടെ, അന്ന് ഒരു സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കേസിനെ തുടര്‍ന്ന് ബാബുരാജും കുടുംബവും പട്ടിണിയിലായി. ഹൃദ്രോഗിയായ അമ്മയ്ക്കു മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ ബാബുരാജ് വിഷമിച്ചു. ഏഴു മക്കള്‍ക്കു ശേഷം ഒരമ്മയ്ക്ക് ജീവനോടെ അവശേഷിച്ച എട്ടാമത്തെയാളാണ് ബാബുരാജ്. ഹൃദയസംബന്ധമായ രോഗങ്ങളുടെ നിരന്തര പീഡനത്തില്‍ കഴിഞ്ഞിരുന്ന അവര്‍ പിന്നീട് ആരോഗ്യം നശിച്ച് മരിക്കാനിടയായത് അന്നത്തെ സംഭവങ്ങളെ തുടര്‍ന്നായിരുന്നെന്ന് ബാബുരാജ് പറയുന്നു. അന്നേറ്റ മര്‍ദ്ദനങ്ങളുടേയും പീഡനങ്ങളുടേയും ഫലമായി കേസിലെ പ്രതിയും ദളിത് സമുദായത്തില്‍പ്പെട്ടയാളുമായ ഹരിദാസന്‍ ക്ഷയരോഗം ബാധിച്ച് പിന്നീട് മരിച്ചു. ഹരിദാസന്റെ ദരിദ്രമായ കുടുംബം തീര്‍ത്തും നിരാലംബാവസ്ഥയിലായി. അന്നു തീര്‍ത്തും സാമ്പത്തികശേഷി കുറഞ്ഞ ഈ നാലുപേരുടേയും കുടുംബങ്ങള്‍ കിടപ്പാടം പണയം വെച്ചും ലക്ഷങ്ങള്‍ കടംവാങ്ങിയുമാണ് കേസുകള്‍ നടത്തിയത്. 

സുനിലിന്റെ ജ്യേഷ്ഠന്‍ സുബ്രഹ്മണ്യനെ അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ ആരാണെന്നുപോലും അറിയാതെ സഹായങ്ങള്‍ ചെയ്തുകൊടുത്ത ബിജിയേയും ബാബുരാജിനേയുമാണ് പൊലീസ് കേസില്‍ പ്രതികളാക്കിയത്. കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് ഇവരെ നിരന്തരം പീഡിപ്പിച്ചു. ഇവരടക്കം പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകളില്‍ കയറി സ്ത്രീകളേയും പ്രായമുള്ളവരേയും പൊലീസുകാര്‍ ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. 

''വളരെ ക്രൂരമായാണ് പൊലീസ് ഞങ്ങളോട് സ്റ്റേഷനില്‍ വച്ചു പെരുമാറിയതെങ്കില്‍ വീട്ടിനു പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയായിരുന്നു. വീടിനു മുന്‍വശത്തെ റോഡിലൂടെ വാഹനം കൊണ്ടുവരാന്‍ കഴിയാത്തതുകൊണ്ടുമാത്രം പലതവണ ഞങ്ങളുടെ കുടുംബം സുനിലിന്റെ വധത്തിനു പ്രതികാരം ചെയ്യാനെത്തിയ ആര്‍.എസ്.എസുകാരില്‍നിന്നു രക്ഷപ്പെട്ടു. കയ്യില്‍ കത്തി കരുതിയാണ് മിക്കപ്പോഴും വീട്ടിനു പുറത്തേയ്ക്കിറങ്ങിയിരുന്നത്'' -ഹരിദാസന്റെ ജ്യേഷ്ഠന്‍ കല്ലിങ്ങല്‍ പറമ്പില്‍ ചന്ദ്രന്‍ പറയുന്നു. 

നിരന്തരമായ പൊലീസ് പീഡനത്തെ തുടര്‍ന്ന് ബിജിയും ബാബുരാജുമടക്കമുള്ളവര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. ബിജിയുടെ സുഹൃത്തുക്കളെപ്പോലും പൊലീസ് വെറുതേ വിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനെത്തിയവര്‍ ബിജിയുടെ സുഹൃത്തായ സന്തോഷ് എന്ന ഓട്ടോഡ്രൈവറേയും മര്‍ദ്ദിച്ചു. ബിജിയുടെ അയല്‍വാസിയായ സതീശന്‍ എന്നയാളെ തെളിവുണ്ടാക്കാന്‍ വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. അയാളുടെ വണ്ടിയിലാണ് കൃത്യം നിര്‍വ്വഹിക്കാന്‍ തൊഴിയൂരിലേയ്ക്കു പോയതെന്നു പറയാന്‍ നിര്‍ബ്ബന്ധിച്ചെങ്കിലും ബിജിയോ ബാബുരാജോ അതിനു കൂട്ടാക്കിയില്ല. തുടര്‍ന്നും പൊലീസ് അവരെ ക്രൂരമായി മര്‍ദ്ദിച്ചു.

കേസില്‍ ആദ്യം ജയ്‌സണാണ് പിടിയിലായത്. ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നും തല്‍ക്കാലം കീഴടങ്ങണമെന്നും പറഞ്ഞ് കുഞ്ഞുട്ടിയെന്നയാള്‍ രംഗത്തെത്തി. പൊലീസിന്റെ ആളാണ് താനെന്നായിരുന്നു അയാളുടെ അവകാശവാദം. നാലുലക്ഷം രൂപ തന്നാല്‍ രക്ഷപ്പെടുത്താമെന്നായിരുന്നു അയാളുടെ വാഗ്ദാനമെന്ന് ബാബുരാജ് പറയുന്നു. അങ്ങനെ രണ്ടരലക്ഷം രൂപ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ കുഞ്ഞുട്ടിക്കു നല്‍കി. പ്രതികളെ കേസില്‍നിന്നൂരി പുറത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ ഒന്നരലക്ഷം രൂപ കൂടി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ കുഞ്ഞുട്ടിയുടെ ആവശ്യപ്രകാരം പൊലീസിനു പിടികൊടുത്തതിനു ശേഷമാണ് തട്ടിപ്പു മനസ്സിലായതെന്ന് ബാബുരാജ് പറയുന്നു.

''അന്നത്തെ മാനസികാവസ്ഥയില്‍ എങ്ങനെയെങ്കിലും കേസില്‍നിന്ന് ഊരിപ്പോരണമെന്നായിരുന്നു. ഇന്നത്തെപ്പോലെ മാധ്യമ ജാഗ്രതയൊന്നും അക്കാലത്തില്ലല്ലോ. ഏതൊക്കെയോ വിധേന കാശു സംഘടിപ്പിച്ച് അയാള്‍ക്കു കൊടുക്കുമ്പോള്‍ സമാധാനപരമായി ജീവിക്കാന്‍ എങ്ങനെയെങ്കിലും അവസരമുണ്ടാകണം എന്ന ഒരൊറ്റ ചിന്തയായിരുന്നു മനസ്സില്‍'' -ബാബുരാജ് പറയുന്നു. 

പൊലീസ് കസ്റ്റഡിയിലായ ആ യുവാക്കള്‍ക്കു പിന്നീട് ലോക്കപ്പില്‍നിന്നു പുറത്തുവരാന്‍ കഴിഞ്ഞില്ല. അവിടെവെച്ച് അവര്‍ കുറ്റം ഏറ്റുപറയാന്‍ നിര്‍ബ്ബന്ധിപ്പിക്കപ്പെട്ടു. ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. നിരപരാധികളെന്നു തങ്ങള്‍ക്കറിയാമെന്നും പൂര്‍വ്വജന്മപാപങ്ങളുടെ ഫലം അനുഭവിക്കുകയാണെന്നു കരുതിയാല്‍ മതിയെന്നും ചില പൊലീസുകാര്‍ പറയുകയും ചെയ്തുവത്രെ. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ബിജിയടക്കമുള്ളവരെ അപായപ്പെടുത്താനും സുനില്‍ വധത്തിനു പ്രതികാരം ചെയ്യാനാഗ്രഹിച്ച ചിലരില്‍നിന്നു ശ്രമങ്ങളുണ്ടായി. 

''തൊഴിയൂരിലെ പ്രമാണിമാരായ പാച്ചോത്ത് എന്ന മുസ്ലിം കുടുംബത്തിനുവേണ്ടിയാണ് സുനിലിനെ ഞങ്ങള്‍ കൊലപ്പെടുത്തിയത് എന്നും പൊലീസ് നാട്ടില്‍ പ്രചരിപ്പിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതൃത്വമടക്കം ഇതാണ് യാഥാര്‍ത്ഥ്യം എന്നു വിശ്വസിച്ചിട്ടുണ്ടാകണം. അതിനുമപ്പുറം, ഓരോ വിഷയങ്ങളിലും എടുത്തുചാടി പ്രതികരിക്കുന്ന ഞങ്ങളുടെ പ്രകൃതം ആര്‍ക്കെങ്കിലുമൊക്കെ നീരസമുണ്ടാക്കിയിട്ടുമുണ്ടാകണം. എന്തായാലും കോടതിയില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടാല്‍പോലും സ്വന്തക്കാര്‍ വരെ സംശയത്തോടെ കാണുന്ന സാഹചര്യത്തില്‍ ആരേയും കുറ്റം പറയാനൊക്കില്ല'' -ബാബുരാജ് പറയുന്നു.

വഴിത്തിരിവായത് സ്‌പെഷ്യല്‍ 
സ്‌ക്വാഡിന്റെ അന്വേഷണം
 

സുനില്‍ കൊലചെയ്യപ്പെട്ട് ഒരാഴ്ചയ്ക്കുശേഷം ജയ്‌സണേയും ഗുരുവായൂര്‍ തൈക്കാട് സ്വദേശി ജയിംസിനേയും ഒരു മാസത്തിനുശേഷം ബാബുരാജ്, ബിജി, റഫീഖ്, ഹരിദാസന്‍, സുബ്രഹ്മണ്യന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതികളായ ബാബുരാജ്, ബിജി, റഫീഖ്, ഹരിദാസന്‍ എന്നിവര്‍ക്കു ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ പ്രതികള്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ഈ സമയത്ത് തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. അന്നത്തെ സി.ബി. സി.ഐ.ഡി പ്രത്യേക സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡി.ഐ.ജി സെന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മതിലകം സന്തോഷ്, തളിക്കുളം രാജീവ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സുനില്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇവരല്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വിദേശത്തേയ്ക്കു കടന്നുവെന്നും ഉള്ള കണ്ടെത്തലുണ്ടായത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന റിപ്പോര്‍ട്ട് 1997-ല്‍ തന്നെ സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ടു. ഇതോടെയാണ് സുനില്‍ വധക്കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നു ശിക്ഷിക്കപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

ജം ഇയ്യത്തുല്‍ ഇസ്ഹാനിയയും 
തീരദേശത്തെ തീവ്രവാദവും 

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ട് ശിക്ഷ ഏറ്റുവാങ്ങുകയും പിന്നീട് കുറ്റക്കാരല്ലെന്നു കണ്ട് ജയില്‍ വിമോചിതരാക്കപ്പെടുകയും ചെയ്ത ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവര്‍ രണ്ടു ദശകത്തിലധികമായി നടത്തിവന്ന നീതിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ തെളിഞ്ഞുവന്നത് കേരളത്തിന്റെ തീരമേഖലയിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുതലെടുത്ത് വളരാന്‍ ശ്രമിച്ച വര്‍ഗ്ഗീയ മതമൗലികവാദി സംഘടനകളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നഖചിത്രം. ഇത്തരം സംഘടനകളുമായി രാഷ്ട്രീയമായ ഒത്തുതീര്‍പ്പിനു മുതിരാന്‍ രാജ്യസ്‌നേഹവും തീവ്രവാദവിരോധവും ഉറക്കെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കയ്യറപ്പില്ല എന്ന സന്ദേഹവും. 

മതിലകം സന്തോഷ്, തളിക്കുളം രാജീവ് എന്നിവരുടെ വധം സംബന്ധിച്ച അന്വേഷണം തീവ്രവാദസംഘടനയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു. അതിന്റെ പ്രവര്‍ത്തകരെ അതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ നടത്തിയ കുറ്റസമ്മതത്തിലാണ് സുനില്‍കുമാറിനെ കൊന്നത് ഇവരാണെന്നു വ്യക്തമായത്. പ്രതികളെ മറ്റു കേസുകള്‍ക്കെന്നു പറഞ്ഞു ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുകയും ചെറിയ കേസില്‍ ശിക്ഷിച്ച ശേഷം വിദേശത്തേയ്ക്കു കടത്തുകയുമായിരുന്നത്രെ. 
ചേകന്നൂര്‍ മൗലവി വധക്കേസിലടക്കം കൊലപാതകക്കേസുകളില്‍ പ്രതികളായ സെയ്തലവി അന്‍വരിയും സുനില്‍ വധത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. 
തീരദേശത്തെ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി. സുബൈറിനെ അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശിയായ ഉസ്മാന്‍ മുസലിയാര്‍ ആയിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. 

മലപ്പുറം സ്വദേശിയായ ഒരാളായിരുന്നു ഈ സംഘടന നടത്തിയ കൊലപാതക പരമ്പരകളുടെ ആസൂത്രകന്‍. അപകടമരണങ്ങളാണെന്നു തോന്നുന്ന രീതിയിലായിരുന്നത്രെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അക്കാലത്ത് വടക്കന്‍ കേരളത്തില്‍ വ്യാപകമായ തിയേറ്റര്‍ കത്തിക്കലുകള്‍, നോമ്പുകാലത്ത് തുറക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കല്‍ എന്നിവ ഇവരുടെ നേതൃത്വത്തിലായിരുന്നു. 
ഇപ്പോള്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഇവരുടെ പങ്ക് തെളിഞ്ഞതോടെ മറ്റു പല കൊലപാതക്കേസുകളിലേയ്ക്കും ഇവരുടെ പങ്ക് സംബന്ധിച്ച അന്വേഷണം നീളുകയാണ്. 

''സുനിലിനെ കൊലപ്പെടുത്തിയത് തങ്ങളെ എതിര്‍ക്കുന്ന മതതീവ്രവാദികളാണെന്ന് അന്ന് ബി.ജെ.പി നേതാവ് കെ.ജി. മാരാര്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍, അതു സംബന്ധിച്ച് ആര്‍.എസ്.എസോ ബി.ജെ.പിയോ പിന്നീട് ഒന്നും പറയാന്‍ കൂട്ടാക്കിയില്ല''
സുനില്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകനും സി.എം.പി നേതാവുമായിരുന്ന ഡൊമിനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com