പെരുന്നയില്‍ പൊലിഞ്ഞ രാഷ്ട്രീയവ്യാമോഹം: എന്‍എസ്എസിന് തിരിച്ചടിയായ ജനവിധി

സംഘടനയ്ക്ക്  രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറയുന്ന സുകുമാരന്‍ നായര്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ശരിദൂര സിദ്ധാന്തത്തിലേക്ക് മാറിയത്.
ജി സുകുമാരന്‍ നായര്‍
ജി സുകുമാരന്‍ നായര്‍

ദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ റിഹേഴ്സലെന്ന് വിശേഷിപ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ആശ്വാസം നല്‍കുമ്പോള്‍ തിരിച്ചടി ബി.ജെ.പിക്ക്. രാഷ്ട്രീയ വോട്ടുകള്‍ പോലും ഉറപ്പിക്കാനാവാതെ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാഷ്ട്രീയത്തേക്കാള്‍ സമുദായസമവാക്യങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്തേക്ക് നേരിട്ടിറങ്ങിയ എന്‍.എസ്.എസിന് ജാതിരാഷ്ട്രീയം സംബന്ധിച്ച് വ്യക്തമായ സന്ദേശം കൂടി നല്‍കുന്നു ഈ വിധി. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍.എസ്.എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ പാടേ തള്ളിക്കളഞ്ഞെന്ന് വേണം വിലയിരുത്താന്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും എന്‍.എസ്.എസിന്റെ ശരിദൂര സിദ്ധാന്തം പാടേ പരാജയപ്പെടുകയാണുണ്ടായത്. സാമുദായിക സമവാക്യമോ വി.കെ. പ്രശാന്തിന്റെ പ്രതിച്ഛായയോ എന്താകും വട്ടിയൂര്‍ക്കാവില്‍ ജനവിധിയെ സ്വാധീനിച്ചതെന്നത് വരുംദിവസങ്ങളില്‍ ചര്‍ച്ചയാകും. 

എസ്.എന്‍.ഡി.പി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തതോടെ വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ ഇനി ആത്മവിശ്വാസത്തോടെ ഇടതുമുന്നണിക്ക് നേരിടാം. ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തി പോരുന്ന മണ്ഡലത്തില്‍ ഇത്തവണ അവര്‍ മൂന്നാം സ്ഥാനത്തായി. ഭരണനേട്ടമായിട്ടാണ് എല്‍ഡിഎഫ് ഈ വിജയത്തെ അവതരിപ്പിക്കുക. എന്നാല്‍ മഞ്ചേശ്വരത്ത് മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച എല്‍ഡിഎഫിന് ജനവിധി തിരിച്ചടിയാണ്. മൃദുഹിന്ദുത്വം പരിഹാരമല്ലെന്നാണ് വോട്ടര്‍മാര്‍ സിപിഎമ്മിനോടു പറഞ്ഞത്. യുഡിഎഫിന്റെ പകുതി വോട്ടുമാത്രം നേടി എല്‍ഡിഎഫ് തകര്‍ച്ചയാണ് അവിടെ നേരിട്ടത്. അതേസമയം ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരത്തിനിറക്കിയത് ആത്മഹത്യാപരമായിരുന്നോ എന്ന ചര്‍ച്ചയും  കോണ്‍ഗ്രസിനുള്ളില്‍ സജീവമാകാനാണ് സാധ്യത.

കഴിഞ്ഞ 23 വര്‍ഷമായി അടൂര്‍പ്രകാശ് ജയിച്ച മണ്ഡലമാണ് കോന്നി. എന്നാല്‍, ഇത്തവണ  എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഉണ്ടായ സാമുദായിക ധ്രുവീകരണം യുഡിഎഫിന് പ്രതികൂലമാകുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭാവിശ്വാസിയും അടൂര്‍ പ്രകാശിന്റെ നോമിനിയുമായ റോബിന്‍ പീറ്റര്‍ക്ക് ലഭിക്കേണ്ട സീറ്റ് എന്‍എസ്എസിന്റെ സമ്മര്‍ദത്താലാണ് മോഹന്‍രാജിനു നല്‍കിയത്. ഇതു തിരിച്ചടിയായി. എന്നാല്‍, എന്‍എസ്എസിന്റെ ശരിദൂര സിദ്ധാന്തം അത്ര ആവേശത്തോടെ ഏറ്റെടുക്കേണ്ടതില്ലായിരുന്നുവെന്ന  തിരിച്ചറിവാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. എന്‍.എസ്.എസിന്റെ പ്രഖ്യാപനം ഈഴവ വോട്ടുകളില്‍ ധ്രുവീകരണം സൃഷ്ടിച്ചു. സ്ഥാനാര്‍ത്ഥിയുടെ ജാതി കണ്ടുകൊണ്ടാണ് എന്‍.എസ്.എസ് ശരിദൂര സിദ്ധാന്തം പ്രഖ്യാപിച്ചതെന്ന പ്രചരണം കോന്നിയില്‍ സജീവമായിരുന്നു. നായര്‍ വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ വീഴുകയാണെങ്കില്‍ ബാക്കി സമുദായവോട്ടുകളില്‍ ധ്രുവീകരണം ഉണ്ടാകുമെന്ന ഭീതിയും കോണ്‍ഗ്രസിനുണ്ടായിരുന്നു. അതാണ് സംഭവിച്ചത്. 

പെരുന്നയിലെ
ശരിദൂരം    

പെരുന്നയില്‍ നടന്ന നൂറ്റിയാറാമത് വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ വച്ചാണ് സമദൂരം ഉപേക്ഷിച്ച സുകുമാരന്‍ നായര്‍ അഞ്ചിടങ്ങളില്‍ ശരിദൂരം സ്വീകരിച്ചത്. രാഷ്ട്രീയ സിദ്ധാന്തം വ്യക്തമായിരുന്നു. ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം. പക്ഷേ, അതു പരസ്യമായി പറഞ്ഞില്ല. ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ശരിദൂരം എന്നതുകൊണ്ട് താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയിലുള്ളവര്‍ക്ക് നന്നായി അറിയാമെന്നായിരുന്നു  സുകുമാരന്‍ നായരുടെ മറുപടി. പ്രതീക്ഷ തെറ്റിയില്ല. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിനു പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ നിര്‍ദേശം നല്‍കി. 

പ്രചരണത്തിനിറങ്ങിയ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ വീടുകയറി വരെ പ്രചരണം നടത്തി. 38 കരയോഗങ്ങളുള്ള വട്ടിയൂര്‍ക്കാവില്‍ 72,000 വോട്ടര്‍മാര്‍ ജനവിധി നിര്‍ണയിക്കുമെന്നാണ് എന്‍.എസ്.എസ് കരുതിയത്. എന്‍.എസ്.എസിനോട് അനുഭാവപൂര്‍വം പ്രതികരിച്ച സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു ഘട്ടത്തില്‍, ജാതിപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന്  പരിഭവം പറയേണ്ടി വന്നു. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിയും നല്‍കി. രാഷ്ട്രീയ വിലപേശലായിരുന്നു  സുകുമാരന്‍ നായരുടെ ലക്ഷ്യം. അതിനായി വിശ്വാസികളെയും സമുദായത്തെയും കൂട്ടുപിടിച്ച് കൂടി ജാതിരാഷ്ട്രീയം പയറ്റുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അനുകൂല നിലപാടാണ് യൂണിയന്‍ സ്വീകരിച്ചിരുന്നത്. 

അന്ന് യുഡിഎഫ് വന്‍ വിജയം നേടിയതോടെ വരുന്ന തെരഞ്ഞെടുപ്പുകളിലും വിലപേശല്‍ രാഷ്ട്രീയത്തിന് സാധ്യതകളുണ്ടെന്ന് ചിന്തയാണ് സുകുമാരന്‍നായര്‍ക്കുണ്ടായിരുന്നത്. എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറഞ്ഞ സുകുമാരന്‍ നായര്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ ശരിദൂരം എന്ന് വിശദീകരിക്കുന്നു. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, ഈശ്വര വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തേണ്ടതുണ്ടത്രെ. ശബരിമല വിഷയത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെയും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ച അദ്ദേഹം ഇതാദ്യമായല്ല ശരിദൂരത്തെക്കുറിച്ചു പറഞ്ഞത്. ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു അധികം വൈകാതെ തന്നെ അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തമാണ് ശരിദൂര സിദ്ധാന്തം. ചെങ്ങന്നൂരില്‍ ശരിദൂരത്തിന്റെ ഗുണഭോക്താവ് എല്‍.ഡി.എഫ് ആയിരുന്നെങ്കില്‍ ലോക്സഭ തെരെഞ്ഞെടുപ്പില്‍ അത് യു ഡി എഫ് ആയെന്നു മാത്രം. 

ശബരിമല വിഷയം മാത്രമല്ല സമദൂരം വെടിഞ്ഞു ശരിദൂരം സ്വീകരിക്കാന്‍ എന്‍.എസ്.എസിനെ പ്രേരിപ്പിച്ചത്. എസ്.എന്‍.ഡി.പി ബിഡിജെഎസുമായി മുന്നോട്ടു പോകുമ്പോള്‍ തങ്ങളുടെ സമുദായശക്തി തെളിയിക്കാന്‍ ഇത്തരം രാഷ്ട്രീയ സിദ്ധാന്തങ്ങളാണ് ഉചിതമെന്ന് സുകുമാരന്‍ നായരും കൂട്ടരും കരുതുന്നു. എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് നല്‍കുന്ന പരിഗണന തനിക്കോ തന്റെ സംഘടനയ്ക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപം പണ്ടേ സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നതാണ്. എന്നാല്‍ മുന്നാക്ക വിഭാഗത്തില്‍ പെട്ട പിന്നാക്കക്കാര്‍ക്കു അര്‍ഹതപ്പെട്ട 50 കോടി രൂപയുടെ ധനസഹായം രണ്ടു വര്‍ഷമായി തടഞ്ഞു വെച്ചിരിക്കുന്നു, മന്നം ജയന്തി ദിനത്തില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി നല്‍കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നിങ്ങനെ പോകുന്നു ഇടതു സര്‍ക്കാരിനോടുള്ള വിരോധത്തിനുള്ള പ്രത്യക്ഷ കാരണങ്ങള്‍.

പക്ഷേ, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ഇത്തവണ എന്‍.എസ്.എസിന് അഭിമാനപോരാട്ടമായിരുന്നു. 1991ല്‍ എന്‍.എസ്.എസിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എന്‍.ഡി.പിയെ തോല്‍പ്പിച്ചാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. അന്നത് തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമായിരുന്നു. 340 വോട്ടിനാണ് അന്നത്തെ എന്‍ഡിപി സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തമ്പിയെ സിപിഎമ്മിലെ എം.വിജയകുമാര്‍ തോല്‍പ്പിച്ചത്. ഈ തെരഞ്ഞെടുപ്പോടെ എന്‍ഡിപി അപ്രത്യക്ഷമായെങ്കിലും മണ്ഡലത്തിലെ സ്വാധീനശക്തിയായി  സമുദായവും അതുവഴി സംഘടനയും നിലനിന്നു. 2011 മുതല്‍ പ്രതിനിധീകരിക്കുന്ന കെ.മുരളീധരന്റെ വിജയത്തിന്റെ പങ്കും എന്‍.എസ്.എസ് അവകാശപ്പെടുന്നു. ഇതാണ് ഇത്തവണ മാറിമറിഞ്ഞത്. 

 എന്നാണ് ഇനി സുവര്‍ണാവസരം?
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടത്തില്‍ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വച്ചിരുന്നത്. വട്ടിയൂര്‍ക്കാവും കോന്നിയും മഞ്ചേശ്വരവുമാണ് പാര്‍ട്ടി പ്രതീക്ഷ വച്ചിരുന്ന മണ്ഡലങ്ങള്‍.  ഇതില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് കഴിഞ്ഞതവണ വിജയം നഷ്ടമായത് 89 വോട്ടുകള്‍ക്ക് മാത്രം. വട്ടിയൂര്‍ക്കാവില്‍ രണ്ടാംസ്ഥാനത്ത്. 3000 വോട്ടുകളായിരുന്നു കോന്നിയിലെ വോട്ടുവ്യത്യാസം. തുടക്കം മുതല്‍ ശ്രദ്ധിച്ചാല്‍ മൂന്നു മണ്ഡലങ്ങളിലും ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു പാര്‍ട്ടി. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകാനിരുന്ന കുമ്മനത്തെ ഒഴിവാക്കിയതാണ് ആദ്യ തിരിച്ചടികളിലൊന്ന്. കേന്ദ്രഭരണവും ശബരിമലയും കുമ്മനവും ചേര്‍ന്നാല്‍ ജയിക്കാമെന്ന കണക്കുകൂട്ടലാണ് ആദ്യഘട്ടത്തില്‍ പാളിപ്പോയത്. കഴിഞ്ഞതവണ ശബരിമല വിഷയം സിപിഎമ്മിന് വെല്ലുവിളിയായപ്പോള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണ്. ഇത്തവണയും ശബരിമല തന്നെ പ്രചാരണ ആയുധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യക്തിപ്രഭാവത്തിന്റെ തിളക്കത്തില്‍ നിന്ന വി.കെ. പ്രശാന്തിനെ നേരിടാന്‍ അത് പര്യാപ്തമായിരുന്നില്ല. വോട്ടെടുപ്പിനു പിന്നാലെ പാര്‍ട്ടിയിലെ ഭിന്നതയും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയും ചെയ്തു.  കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്നില്‍ നിന്ന മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കാലുവാരിയെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞതും ആത്മവിശ്വാസം നഷ്ടമായിട്ടാണ്.  കോന്നിയിലും ഇതു തന്നെയാണ് സംഭവിച്ചത്. തര്‍ക്കം കാരണം സ്ഥാനാര്‍ത്ഥിപ്രഖ്യാപനവും മുന്നൊരുക്കവും നടത്താനായിട്ടില്ലെന്നാണ് ഒരു വിഭാഗം അണികളുടെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞാണ് സുരേന്ദ്രന്‍ മണ്ഡലത്തിലെത്തിയത്. മഞ്ചേശ്വരത്ത് തീവ്രഹിന്ദുത്വവാദത്തെ നേരിടാന്‍ സിപിഎം മൃദു ഹിന്ദുത്വവാദം പരീക്ഷിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായില്ലെന്നു വേണം കരുതാന്‍. 

മൃദുഹിന്ദുത്വവാദം
പയറ്റിയ പാര്‍ട്ടി

2018 സെപ്തംബര്‍ 28നാണ് സുപ്രീംകോടതിയുടെ ചരിത്രപ്രാധാന്യമുള്ള ആ വിധി വരുന്നത്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് നിര്‍ണായകമായ ഈ വിധിക്കു ശേഷം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമാണ് കേരള രാഷ്ട്രീയം കലുഷിതമായത്. വിധിയെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആദ്യം സ്വാഗതം ചെയ്തു. എന്നാല്‍, പൊടുന്നനെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും വിധിക്കെതിരേ രംഗത്തുവന്നു. വിധി നടപ്പിലാക്കാന്‍ വിധിക്കപ്പെട്ട ഇടതുപക്ഷം പ്രതിരോധത്തിലായി. കേരളം പിന്നിട്ട നവോത്ഥാനത്തിന്റെ വഴികള്‍ പോലും യാഥാര്‍ത്ഥ്യമല്ലെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പിന്നീട് നടന്ന സമരാഭാസങ്ങള്‍. കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം സ്ത്രീകള്‍ തെരുവിലിറങ്ങി. ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി രൂപപ്പെട്ട പ്രതിഷേധം എത്തിയത് വഴിതടയലുകളിലും അക്രമങ്ങളിലുമാണ്. രാഷ്ട്രീയവും യുക്തിയും മാറ്റി വച്ച് വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ചേരികളിലായി ഏറ്റുമുട്ടല്‍. ഇതിനെതിരെ ചെറുത്തുനില്‍പ്പിന് ശ്രമിച്ച് വിജയിക്കാന്‍ പാര്‍ട്ടിയെ സഹായിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളായിരുന്നു. യുവതീപ്രവേശനത്തെ നവോത്ഥാനത്തിന്റെ തുടര്‍ച്ചയുടെ ഭാഗമായി അടയാളപ്പെടുത്തിയ നിര്‍ണായകമായ ദിശാനിര്‍ണയമാണ് അദ്ദേഹം നടത്തിയത്.  കക്ഷിരാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ലെന്നും ഇത് സാമൂഹ്യനീതിയുടെ പ്രശ്‌നമാണെന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. നാലു വോട്ടു കുറയുമെന്ന് കരുതി നിലപാട് മാറ്റുന്നവരല്ല ഇടതുപക്ഷമെന്ന പ്രഖ്യാപനം എതിരാളികള്‍ക്ക് പോലും അത്ഭുതവുമായി. അങ്ങനെ നവോത്ഥാനത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ഒരു ഐക്യനിരയുണ്ടായി. അതേ സമയം, പിണറായി വിജയന്‍ സ്വീകരിച്ച നിലപാടല്ല പാര്‍ട്ടിയിലെ പലരും സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല പ്രചരണവിഷയമാക്കേണ്ട എന്നാണ് സിപിഎം തീരുമാനിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇടതുപക്ഷേ നേരിട്ടത്. അതോടെ തിരിച്ചടിക്ക് കാരണമായത് ശബരിമല വിഷയത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിയാത്തതുകൊണ്ടാണെന്ന നിലപാടിലേക്ക് സിപിഎം മാറി. തോല്‍വിയുടെ കാരണം തിരക്കി ഭവനങ്ങള്‍ കയറിയിറങ്ങി. ശബരിമല ദര്‍ശനം നടത്തുന്നവരില്‍ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകളാണെന്നായിരുന്നു അടുത്തതായി കോടിയേരി പറഞ്ഞത്. തങ്ങളെക്കാള്‍ വലിയ ഹിന്ദുക്കളും വിശ്വാസികളും ഇല്ലെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന, വോട്ട് നേടാന്‍ ഏക മാര്‍ഗം ഇതാണെന്ന് ബോധ്യപ്പെട്ടത് പോലെയായായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഇതിനു പുറമേ മഞ്ചേശ്വരത്ത് വിശ്വാസിയായ ശങ്കര്‍ റെയെ സ്ഥാനാര്‍ത്ഥിയാക്കി. ആചാരം സംരക്ഷിക്കപ്പെടണമെന്ന് വാദിക്കുന്നയാളാണ് അദ്ദേഹം. ഇതേ ആവശ്യമാണ് ഹിന്ദുത്വവാദികളും ഉയര്‍ത്തിയത്. എന്നാല്‍, ശങ്കര്‍ റെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com