യുവത്വത്തിന്റെ അംഗീകാരം: സമുദായമല്ല ജനപിന്തുണയുടെ മാനദണ്ഡം

തന്റേടത്തോടെ പിന്തുടരാവുന്ന വലിയ സന്ദേശം കൂടിയാണ് പ്രശാന്തിന്റെ വിജയം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സമുദായമല്ല ജനപിന്തുണയുടെ ഒന്നാമത്തെ മാനദണ്ഡം എന്നതാകുന്നു അത്
യുവത്വത്തിന്റെ അംഗീകാരം: സമുദായമല്ല ജനപിന്തുണയുടെ മാനദണ്ഡം

വി.കെ. പ്രശാന്ത് തലസ്ഥാന നഗരത്തിന്റെ മേയറായത് യാദൃച്ഛികമായിരുന്നു; എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായത് തീരെ പ്രതീക്ഷിക്കാതെയല്ല. അവിടെ 2016-ലെ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കെങ്കിലും തിരിച്ചെത്താന്‍ മറ്റൊരു പേര് ഉറപ്പിച്ചു പറയാന്‍ സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. അപ്പോഴും പക്ഷേ, വിജയപ്രതീക്ഷ അടുത്തായിരുന്നില്ല. അതുകൊണ്ടാണ് ഈ വിജയത്തിനു പത്തരമാറ്റു തിളക്കം; ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ രാഷ്ട്രീയ വിജയം പിന്നാലെ വന്നു. 2016-ല്‍ വിജയിച്ച പാര്‍ട്ടിയും മുന്നണിയും രണ്ടാമതും അന്നത്തെ രണ്ടാം സ്ഥാനക്കാര്‍ മൂന്നാമതുമായി. വി.കെ. പ്രശാന്തിനെ വട്ടിയൂര്‍ക്കാവ് ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിനു തന്റേടത്തോടെ പിന്തുടരാവുന്ന വലിയ സന്ദേശം കൂടിയാണ് പ്രശാന്തിന്റെ വിജയം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സമുദായമല്ല ജനപിന്തുണയുടെ ഒന്നാമത്തെ മാനദണ്ഡം എന്നതാകുന്നു അത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുശേഷം പേരുമാറിയ പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിലും ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവിലും വിജയിക്കുന്ന സ്ഥാനാര്‍ത്ഥി നായര്‍ സമുദായത്തില്‍ നിന്നായിരിക്കണം എന്നത് ഇനി പഴങ്കഥ.

പ്രശാന്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ അഭ്യൂഹങ്ങളും പഴികളും ആക്രമണങ്ങളും പലതുണ്ടായി. കഴക്കൂട്ടംകാരനായ പ്രശാന്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഇല്ലാതാക്കാനാണ് വട്ടിയൂര്‍ക്കാവിലേയ്ക്ക് അയച്ചത് എന്നായിരുന്നു തുടക്കം. കഴക്കൂട്ടം എം.എല്‍.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് ഇതിനു പിന്നിലെന്ന് രാഷ്ട്രീയ എതിരാളികള്‍ പരസ്യമായിത്തന്നെ പറഞ്ഞു. മേയര്‍ക്കെതിരെ അഴിമതിയോ മറ്റെന്തെങ്കിലും കുഴപ്പങ്ങളോ ആരോപിക്കാനുണ്ടായിരുന്നില്ല. പക്ഷേ, നഗരത്തിലെ ഇടറോഡുകളില്‍ ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് മേയറുടെ കുഴപ്പമാണെന്നു പ്രചരിപ്പിച്ചു. ''നഗരം ഭരിക്കാന്‍ അറിയാത്തയാളെ എങ്ങനെയാണ് ഒരു മണ്ഡലത്തിന്റെ സാമാജികനാക്കുക?'' എന്ന ചോദ്യം യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും പ്രചാരണവാഹനങ്ങളില്‍ നിന്നുയര്‍ന്നു. സമദൂരത്തില്‍നിന്നു തങ്ങള്‍ ശരിദൂരത്തിലേയ്ക്ക് മാറിയെന്ന് എന്‍.എസ്.എസ് പരസ്യമായി പറഞ്ഞപ്പോള്‍ അതിന്റെ ഉന്നം കൃത്യമായിരുന്നു. പക്ഷേ, ആ ഏറ് കൊണ്ടില്ല. 

നേട്ടമുണ്ടാക്കിയ
പ്രവര്‍ത്തനങ്ങള്‍ 

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ മേയര്‍ സി. ജയന്‍ ബാബുവായിരുന്നു. പക്ഷേ, പാങ്ങോട് വാര്‍ഡില്‍ മത്സരിച്ച അദ്ദേഹം ജയിച്ചില്ല. പകരം ആര് എന്ന ചോദ്യത്തിനു മൂന്നു പേരുകളാണ് സി.പി.എമ്മിനു മുന്നിലുണ്ടായിരുന്നത്. വഞ്ചിയൂര്‍ ബാബു, പി. ശ്രീകുമാര്‍, വി.കെ. പ്രശാന്ത്. കഴക്കൂട്ടത്തെ ഒരു വാര്‍ഡില്‍നിന്നു മാത്രം മൂവായിരത്തിധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് അന്ന് ജയിച്ചത്. മൂന്നു പേരില്‍ ചെറുപ്പക്കാരനുമാണ്. മൂന്നു പേരും ഏരിയാ കമ്മിറ്റി അംഗങ്ങള്‍. എങ്കിലും മുതിര്‍ന്ന നേതാക്കളായ മറ്റുള്ളവര്‍ക്കു തന്നെയായിരുന്നു മുന്‍ഗണന. പക്ഷേ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി.കെ. മധുവിനെ തീരുമാനിച്ചതോടെ പാര്‍ട്ടിയിലെ ചര്‍ച്ച മാറി. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ നായര്‍ സമുദായാംഗമായതുകൊണ്ട് നഗരപിതാവ് മറ്റൊരു സമുദായത്തില്‍ നിന്നാകണം. സി.പി.ഐ.എം തുറന്നു സമ്മതിക്കില്ലെങ്കിലും അങ്ങനെയാണ് പ്രശാന്തിനു നറുക്ക് വീണത്.

ആദ്യമായി കൗണ്‍സിലറായ പ്രശാന്തിന് പൊതുപ്രവര്‍ത്തനത്തിലെ അനുഭവപരിചയം മാത്രമായിരുന്നു കൈമുതല്‍. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് യൂണിയന്‍ ചെയര്‍മാനും മാഗസിന്‍ എഡിറ്ററുമായിരുന്നു. പിന്നീട് നിയമത്തിലും ബിരുദം നേടി. നഗരം ഭരിക്കാന്‍ ആ പരിചയമൊന്നും പോരെന്നു പ്രശാന്തിനും നന്നായി അറിയാമായിരുന്നു. പക്ഷേ, മേയര്‍ക്കു നല്ല ഒരു ടീമിനെ കൂടെ കിട്ടി; ഒരേസമയം നായകനും അവരിലൊരാളുമായി പ്രശാന്ത് അതിവേഗം മാറുകയും ചെയ്തു. പാര്‍ട്ടിയുടെ ഇടപെടല്‍ അതില്‍ വലിയ പങ്കാണ് വഹിച്ചത്. 

തലസ്ഥാന നഗരത്തിലെ അതിരൂക്ഷമായ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ മേയറും അദ്ദേഹത്തിന്റെ ടീമും വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. ആദ്യം തന്നെ അഭിമുഖീകരിച്ച ആ പ്രശ്‌നത്തിനു പരിഹാരം കണ്ടു. വീടുകളില്‍നിന്നും മറ്റെല്ലാം ഉറവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നു. നഗരത്തില്‍നിന്നു ദുര്‍ഗന്ധം അകന്നു, രോഗങ്ങള്‍ മാറി, മാലിന്യക്കൂമ്പാരങ്ങള്‍ കാണാനില്ലാതായി. ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍നിന്നു നല്ലതു മാത്രം സ്വീകരിക്കുന്ന വിവേചനബോധമാണ് പ്രശാന്തിന്റെ പ്രധാന കൈമുതല്‍. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ പല ആശയങ്ങളും നടപ്പായത് ഇങ്ങനെയാണ്. ഗ്രീന്‍ ആര്‍മി രൂപീകരണം, കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ടു ഗ്രീന്‍ കോണ്‍ഗ്രസ്സുകള്‍ എന്നിവയൊക്കെ കോര്‍പ്പറേഷന്റേയും മേയറുടേയും യശസ്സുയര്‍ത്തി. പ്രളയബാധിത മേഖലകളില്‍നിന്നുള്ള 60 കുട്ടികള്‍ പങ്കെടുത്ത രണ്ടാം ഗ്രീന്‍ കോണ്‍ഗ്രസ്സിനു നേരെ മാധ്യമങ്ങള്‍ നോക്കുകപോലും ചെയ്തില്ല എന്നതാണ് സത്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയദുരിതം അനുഭവിച്ച കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായിരുന്നു ആ കൂടിച്ചേരല്‍ പൂര്‍ണ്ണമായും മാറ്റിവച്ചത്. അവരുടെ പ്രളയകാല അനുഭവങ്ങളുടെ വിവരണം മാത്രമല്ല, ഇനി അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ മുഖ്യ പരിഗണന നല്‍കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി രേഖയാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു. 

നാനൂറംഗ സംഘവുമായി ഒന്നാം പ്രളയത്തിനുശേഷം ചെങ്ങന്നൂരിലും റാന്നിയിലും മറ്റും പോയി നിരവധി വീടുകള്‍ വൃത്തിയാക്കിയത് വലിയ അഭിനന്ദനമാണ് നേടിയത്. രണ്ടാം ദിവസമായപ്പോള്‍ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് മേയറേയും സംഘത്തേയും വരവേല്‍ക്കുന്ന സ്ഥിതിയുണ്ടായി. പ്രളയബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അന്നും കോര്‍പ്പറേഷനില്‍ ശേഖരിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, രണ്ടാം പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അറുപതിലധികം ലോഡ് സാധനങ്ങളാണ് അന്ന് നിലമ്പൂരിലെ കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് അയച്ചത്. സമൂഹമാധ്യമങ്ങളില്‍ അതു വലിയ ചര്‍ച്ചയാവുകയും മേയര്‍ ബ്രോ എന്ന പേര് വീഴുകയും ചെയ്തു. പക്ഷേ, താഞാനല്ല, സന്നദ്ധപ്രവര്‍ത്തകരായ നൂറുകണക്കിനു ചെറുപ്പക്കാരാണ് യഥാര്‍ത്ഥ ബ്രോസ് എന്നായിരുന്നു മേയറുടെ പ്രതികരണം. പ്രളയം കഴിഞ്ഞ് മേയറുടെ നിര്‍ദ്ദേശപ്രകാരം അമ്പതംഗ സംഘം നിലമ്പൂരില്‍ പോയി വീടുകള്‍ വൃത്തിയാക്കിക്കൊടുക്കുകയും ചെയ്തു. അവര്‍ ഇങ്ങോട്ട് സഹായം ആവശ്യപ്പെടുകയായിരുന്നു.


ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയത്, നടപടി നേരിട്ട ഹോട്ടലുകളുടെ പേര് സഹിതം പ്രസിദ്ധീകരിച്ചത്, ആറ്റുകാല്‍ പൊങ്കാലയില്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഇഷ്ടികകള്‍ ശേഖരിച്ച് 22 കുടുംബങ്ങള്‍ക്കു വീടുവച്ച് കൊടുത്തത്, ഓണം, റമദാന്‍ സീസണുകളിലും പൊങ്കാല, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാള്‍ എന്നിവയ്ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയത് തുടങ്ങിയതൊക്കെ ജനശ്രദ്ധ നേടിയത് ഫലപ്രദമായ ഇടപെടലുകള്‍. സ്‌കൂളുകളില്‍ സൈക്കിള്‍ ബ്രിഗേഡ് തുടങ്ങി. സൈക്കിളുകാരുടെ ഏതു പരിപാടിക്കും സൈക്കിളുമായി മേയറും മുന്നില്‍ ഇറങ്ങി. ഏതു സമയത്തും ആര്‍ക്കും വിളിക്കാം, കാണാം. ഇത് തലസ്ഥാനം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യമാണ്. 

സ്വന്തം പ്രശസ്തിക്കുവേണ്ടി മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ചില്ല എന്നതാണ് പ്രശാന്തിന്റെ കരുത്ത്. ആളുകളുമായി മേയര്‍ നേരിട്ട് ആത്മാര്‍ത്ഥമായി ഇടപെട്ടപ്പോള്‍ പ്രശസ്തിയും അഭിനന്ദനങ്ങളും ഇങ്ങോട്ടു വന്നു. പറയുന്ന വാക്കിനു സ്വയം വില നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെ വിലവച്ചു. കല്ലടിമുഖത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ കടല്‍ കാണാന്‍ കൊണ്ടുപോയത് അത്തരമൊരു വാഗ്ദാനം നിറവേറ്റലായിരുന്നു. വിശേഷദിവസങ്ങളില്‍ നല്‍കുന്ന സദ്യയില്‍ കൂടെച്ചേരാന്‍ കഴിഞ്ഞ തവണ പോയ മേയറോട് അവരൊരു ആഗ്രഹം പറഞ്ഞു, കടല്‍ കാണണം. തൊട്ടടുത്ത ദിവസം തന്നെ അവരെ കടല്‍ത്തീരത്തു കൊണ്ടുപോകാന്‍ വാഹനവുമായി മേയറെത്തി.

കോര്‍പ്പറേഷനിലെ ഓരോ ശുചീകരണത്തൊഴിലാളികളേയും വരെ പേരെടുത്തു വിളിക്കാന്‍ കഴിയുന്ന പരിചയം; പക്ഷേ, ഉദ്യോഗസ്ഥര്‍ക്ക് ശാസനയും താക്കീതും വേണ്ട സമയത്ത് ശാസനയും താക്കീതും. അഴിമതി ആരോപണത്തിന്റെ കണികപോലും പ്രശാന്തിനെതിരെ ഉണ്ടായില്ല. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരേയൊരു അഴിമതി ആരോപണം ചില വന്‍കിട കെട്ടിടങ്ങളുടെ നികുതി കുറച്ചുകൊടുത്തതുമായി ബന്ധപ്പെട്ടതായിരുന്നു. അതിന്റെ പേരില്‍ പ്രതിക്കൂട്ടിലായത് ബി.ജെ.പിയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയായിരുന്നുതാനും. അതു പിടികൂടുകയാണ് മേയര്‍ ചെയ്തത്. 

ജനങ്ങളുടേയും നാടിന്റേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടെ നിന്നു സഹായിക്കാന്‍ മനസ്സും ടീമിനെ നയിക്കാന്‍ പ്രാപ്തിയുമുള്ള നേതാവ് എന്നാണ് വി.കെ. പ്രശാന്തിന്റെ വിശേഷണം. അതാണ് ഇടതുമുന്നണി വീടുവീടാന്തരം നടത്തിയ പ്രചരണങ്ങളുടെയെല്ലാം കാതല്‍. സമീപകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത ജനകീയ പ്രതിച്ഛായ നേടിയ പ്രശാന്തിന്റെ പ്രവര്‍ത്തന മേഖല വലുതാവുകയാണ്. കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതയ്ക്കും ലഭിച്ച അര്‍ഹമായ അംഗീകാരം. 18 മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനു മുന്നില്‍ വേറൊരു പേര് ഉണ്ടാകാന്‍ ഇടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com