കിര്‍ത്താഡ്‌സിലെ അഴിമതികളും അനീതികളും: നിയമനങ്ങള്‍ മുതല്‍ ഫണ്ട് ചെലവഴിക്കന്നതു വരെ നിയമവിരുദ്ധമായി

കേരളത്തിലെ ദളിത് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി തുടങ്ങിയ കിര്‍ത്താഡ്സ് എന്ന സ്ഥാപനം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണ പരജയമാണെന്ന വസ്തുതയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.
ചേവായൂരിലുള്ള കിര്‍ത്താഡ്‌സ് ക്യാംപസ്
ചേവായൂരിലുള്ള കിര്‍ത്താഡ്‌സ് ക്യാംപസ്

ട്ടികജാതി-വര്‍ഗ്ഗ ക്ഷേമവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്സില്‍ (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് എസ്. സി-എസ്.ടി) നിയമനങ്ങളിലും ആദിവാസി മ്യൂസിയം സ്ഥാപിക്കുന്നതിലും ക്രമക്കേട്. വകുപ്പിന്റെ വഴിവിട്ട പിന്തുണയും ഇക്കാര്യങ്ങളില്‍ ലഭിക്കുന്നു. നിയമനങ്ങള്‍ പി.എസ്.സി വഴി മാത്രം നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന പ്രത്യേക ചട്ടങ്ങള്‍ നിലവില്‍ വന്ന ശേഷവും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി. മുന്‍പ് കരാറടിസ്ഥാനത്തില്‍ നിയമിച്ചവരെ മാനദണ്ഡങ്ങള്‍ മറികടന്നു സ്ഥിരപ്പെടുത്തി. ആദിവാസികളായ സ്വാതന്ത്ര്യസമര പോരാളികളുടെ ഓര്‍മ്മ നിലനിര്‍ത്താനുള്‍പ്പെടെ മ്യൂസിയം നിര്‍മ്മാണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക  വകമാറ്റിച്ചെലവഴിച്ചു.  വഴിവിട്ട നിയമനങ്ങള്‍ക്കു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കല്‍, നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ നിരവധി സംഭവങ്ങളാണ് കിര്‍ത്താഡ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങളുണ്ട്. 2002 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജൂണ്‍ മൂന്നു വരെയുള്ള കാലത്തെ പ്രവര്‍ത്തനങ്ങളാണ്  എ.ജി പരിശോധിച്ചത്.

പി.എസ്.സിയെ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഇടപെടലുകള്‍ ഉണ്ടായി. മാനുഷിക പരിഗണനവച്ചുള്ള നിയമനങ്ങള്‍ക്കു മാത്രം പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചട്ടം 39 ഉപയോഗിച്ചാണ് കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയത്. അതിന് മുഖ്യമന്ത്രിക്കു മുന്നിലെത്തിയ ഫയലില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി. ഓഡിറ്റ് റിപ്പോര്‍ട്ടിനു പുറമേ വിവരാവകാശ നിയമപ്രകാരവും അല്ലാതേയും വെളിപ്പെടുന്നത് അഴിമതിയുടേയും പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചനയുടേയും വിശദാംശങ്ങള്‍. നിര്‍ദ്ദിഷ്ട യോഗ്യതകള്‍ ഇല്ലാത്തവരെ കിര്‍ത്താഡ്സിലെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രി എ.കെ. ബാലന്റെ ഓഫീസ് വരെ ഒത്താശ ചെയ്തു. 

പട്ടിക വിഭാഗങ്ങളുടെ വികസനത്തിനു സഹായകമായ ഗവേഷണമാണ് കിര്‍ത്താഡ്സിന്റെ പ്രഖ്യാപിത ലക്ഷ്യം. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും ഈഗവണ്‍മെന്റിനു ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ 2011-2012 മുതല്‍ 2016-2017 വരെയുള്ള കാലയളവിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു രേഖകളും കിര്‍ത്താഡ്സില്‍ ലഭ്യമല്ല. 2017-2018, 2018-2019 കാലയളവിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 1.29 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ആദിവാസി യുവജനങ്ങളിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഗവേഷണം 2018 മാര്‍ച്ച് 31-ന് പൂര്‍ത്തിയാക്കി ഡയറക്ടറുടെ അംഗീകാരത്തിനു കാത്തിരിക്കുകയാണ്. ബാക്കി പത്തെണ്ണം ഒരിടത്തും എത്തിയിട്ടില്ല. പട്ടികവര്‍ഗ്ഗ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഗവേഷണം പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അംഗീകാരം ലഭിച്ചശേഷം അത് പ്രസിദ്ധീകരിക്കുകയും വേണം. മാത്രമല്ല, ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ പട്ടികവര്‍ഗ്ഗ സമൂഹത്തിനുവേണ്ടി സര്‍ക്കാര്‍ ഭാവിയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കണം. പക്ഷേ, കിര്‍ത്താര്‍ഡ്സിലെ ഗവേഷണങ്ങള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞും സമയം നീട്ടിക്കൊടുക്കുന്നു. 

''ഗവേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒരു കര്‍മ്മപദ്ധതിയുമില്ല. പൂര്‍ത്തീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാത്ത ഗവേഷണങ്ങളുടെ പേരില്‍ 71.16 ലക്ഷം രൂപ പാഴാക്കുകയാണു ചെയ്തത്. മാത്രമല്ല, യഥാര്‍ത്ഥ ചെലവിനേക്കാള്‍ കൂടുതല്‍ തുകയാണ് അനുവദിച്ചത്'' 

നിര്‍ദ്ദിഷ്ട ഗവേഷണങ്ങള്‍ക്കുവേണ്ടി യഥാര്‍ത്ഥത്തില്‍ ചെലവു വരുന്നതിന്റെ മൂന്നിരട്ടി പോലും ചെലവഴിച്ചുവെന്ന് എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിര്‍ത്താഡ്സിന്റെ രൂപീകരണ ലക്ഷ്യംപോലും പരാജയപ്പെടുത്തുന്ന തരത്തിലാണ് ഗവേഷണങ്ങളുടെ ഈ പോക്കെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 1972-ല്‍ പട്ടികവര്‍ഗ്ഗ ഗവേഷണ, പരിശീലന കേന്ദ്രം (ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍-ടി.ആര്‍ ആന്റ് ടി.സി) എന്ന പേരില്‍ ദേശീയതലത്തില്‍ ആരംഭിച്ചതിനൊപ്പം കേരളത്തിലും തുടങ്ങിയ സംവിധാനം 1979-ലാണ് കിര്‍ത്താഡ്സായി മാറ്റിയത്. ഈ മാറ്റത്തിന്റെ സാധുത ഉള്‍പ്പെടെയാണ് എ.ജി ചോദ്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 18 മുതല്‍ ആഗസ്റ്റ് മൂന്നു വരെ നടന്ന ഓഡിറ്റുമായി ബന്ധപ്പെട്ട് ഓഡിറ്റര്‍മാര്‍ ആവശ്യപ്പെട്ട സുപ്രധാന രേഖകള്‍ നല്‍കിയത് ഒക്ടോബര്‍ ഒന്നിനു മാത്രം. ഇതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 

കിര്‍ത്താഡ്‌സിലെ ക്യാംപസിലെ മ്യൂസിയത്തില്‍ മന്ത്രി എകെ ബാലന്‍
കിര്‍ത്താഡ്‌സിലെ ക്യാംപസിലെ മ്യൂസിയത്തില്‍ മന്ത്രി എകെ ബാലന്‍

അഴിമതിയുടെ അനന്തര സാധ്യതകള്‍

കിര്‍ത്താഡ്സില്‍ നിലവിലുള്ള മ്യൂസിയം നവീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2017 ഒക്ടോബറില്‍ 20,40,000 രൂപ അനുവദിച്ചിരുന്നു. അത് നടപ്പാക്കാന്‍ നാല് മ്യൂസിയം റിസര്‍ച്ച് അസിസ്റ്റന്റുമാരേയും രണ്ട് മ്യൂസിയം ഫീല്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റുമാരേയും നിയമിച്ചു. ഇതേ കാര്യത്തിന് 2018 ആഗസ്റ്റില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ മന്ത്രാലയം 21,90,000 രൂപ അനുവദിച്ചു. ഇവയുടെ വിനിയോഗത്തില്‍ വകമാറ്റല്‍ ഉള്‍പ്പെടെ ക്രമക്കേടുകള്‍ ഉണ്ടായി എന്നാണ് കണ്ടെത്തല്‍. അതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസി സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. അതിനു സാധ്യതയുള്ള സംസ്ഥാനങ്ങള്‍ പ്രപ്പോസല്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ്, മണിപ്പൂര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും സമര്‍പ്പിച്ച പ്രപ്പോസലിന് അംഗീകാരം കിട്ടി. 16.50 കോടി രൂപയാണ് കേന്ദ്രം ഇതിനു നല്‍കുന്നത്. ആദ്യ ഗഡുവായി ഏഴരക്കോടി അനുവദിച്ചു. ആദിവാസി സംസ്‌കാരവും ചരിത്രവുമായി അടുത്തുനില്‍ക്കുന്ന അട്ടപ്പാടി, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമോ വിനോദസഞ്ചാര കേന്ദ്രമായ അഷ്ടമുടിക്കായലിനു സമീപമോ മ്യൂസിയം സ്ഥാപിക്കാന്‍ അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ അഭ്യര്‍ത്ഥന. സംസ്ഥാന സര്‍ക്കാരിനു ശരിയായ തീരുമാനമെടുക്കാം എന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ആദ്യ വിഹിതത്തില്‍നിന്നുതന്നെ 23,00,000-ത്തോളം രൂപ വഴിവിട്ടു ചെലവഴിക്കുന്നതാണ് പിന്നെ കണ്ടത്. മ്യൂസിയവുമായി ബന്ധപ്പെട്ടതല്ലാത്ത ചെലവുകള്‍ക്ക് ഈ തുക വിനിയോഗിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്നാണിത്. എ.ജിയുടെ ഓഡിറ്റില്‍ ചോദ്യം ചെയ്തതോടെ ഇപ്പോള്‍ ആ ചെലവിനു സംസ്ഥാന പട്ടികജാതി വകുപ്പ് സാധൂകരണം നല്‍കി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ആദിവാസികളാണ് ഗുണഭോക്താക്കള്‍ എന്നതുകൊണ്ട് ഈ ചെലവ് സാധൂകരിക്കാം എന്ന ഒറ്റവരിയിലാണ് വകുപ്പിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഈ തുകയുടെ വിനിയോഗം വെള്ളപൂശിയത്. കിര്‍ത്താഡ്സിനു വേണ്ടി മ്യൂസിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ സിവില്‍ പ്രവൃത്തികളും നടത്തുന്നത് സ്വകാര്യ ഏജന്‍സിയായ കേരള മ്യൂസിയം ആണ്. ഇവരാണ് മ്യൂസിയത്തിന്റെ ട്രാന്‍സാക്ഷണല്‍ അഡൈ്വസര്‍. ആകെ 16.50 കോടിയില്‍ 13.50 കോടിയുടെ പ്രവൃത്തികളും ഇവരുടെ ചുമതലയിലാണ്. രണ്ടു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സി-ഡിറ്റ് ചെയ്യും. കണ്ടിജന്‍സി തുകയായ ഒരുകോടി രൂപ കിര്‍ത്താഡ്സ് തന്നെ കൈകാര്യം ചെയ്യും. സി ഡിറ്റ് സര്‍ക്കാര്‍ സ്ഥാപനമാണെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയമില്ല.

ഗവേഷണം, വസ്തുതകളുടെ ശേഖരണം, രേഖപ്പെടുത്തല്‍ എന്നിവയുടെ കേന്ദ്രമായാണ് ഈ മ്യൂസിയം അറിയപ്പെടുക. ''കേരളത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ച് ലഭ്യമാകുന്ന മുഴുവന്‍ ഓഡിയോ വീഡിയോ സാമഗ്രികളുടെ ശേഖരമായിരിക്കും ഇത്. ആര്‍ക്കൈവില്‍ റെക്കോര്‍ഡുകള്‍, ഫോട്ടോകള്‍, ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ ശേഖരം. ഗോത്രവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെട്ട ഒരു കൂട്ടം ഗവേഷകരായിരിക്കും ഇതിലുണ്ടായിരിക്കുക. കിര്‍ത്താഡ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിനു നേതൃത്വം നല്‍കും'' ഇതു സംബന്ധിച്ച ഫയല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ചട്ടങ്ങള്‍ പാലിക്കാതെ
നിയമനങ്ങള്‍

നിലവില്‍ ഡയറക്ടറുടേതുള്‍പ്പെടെ 19 ഗസറ്റഡ് തസ്തികകളും 40 ഗസറ്റഡ് ഇതര തസ്തികകളുമാണുള്ളത്. 1996-നും 2004-നും ഇടയില്‍ ഗവണ്‍മെന്റ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പത്ത് തസ്തികകളാണ് കിര്‍ത്താഡ്സില്‍ സൃഷ്ടിച്ചത്. എന്നാല്‍, ഈ തസ്തികകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്തില്ല. 2007 വരെ നിയമന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പ്രത്യേക ചട്ടങ്ങളും (കിര്‍ത്താഡ്സ് സ്പെഷല്‍ റൂള്‍സ്) കൊണ്ടുവന്നില്ല. കരാര്‍ നിയമനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. രണ്ട് റിസര്‍ച്ച് അസിസ്റ്റന്റുമാര്‍, ഒരു ലക്ചറര്‍, ഒരു ക്യുറേറ്റര്‍ എന്നിവരെ 1996-ല്‍ നിയമിച്ചു. രണ്ട് റിസര്‍ച്ച് ഓഫീസര്‍, രണ്ട് റിസര്‍ച്ച് അസിസ്റ്റന്റ്, ഒരു ലക്ചറര്‍, ഒരു ഇന്‍വെസ്റ്റിഗേറ്റര്‍ എന്നിങ്ങനെ ആറു പേരെ 2004-ലും നിയമിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ താല്പര്യമെടുത്താണ് 2007 ഒക്ടോബറില്‍ പ്രത്യേക ചട്ടങ്ങള്‍ കൊണ്ടുവന്നത്. 

ജീവനക്കാരുടെ നിരവധി നിവേദനങ്ങളെത്തുടര്‍ന്ന് 2009 ഒക്ടോബറില്‍ ഒന്‍പതു പേരെയും 2010 ആഗസ്റ്റില്‍ ഒരു ലക്ചററേയും സ്ഥിരപ്പെടുത്തി. പ്രത്യേക ചട്ടങ്ങള്‍ നിലവില്‍ വരികയും കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും ചെയ്തതോടെ പിന്നീടുണ്ടായ ഒഴിവുകള്‍ പി.എസ്.സിയെ അറിയിച്ചു. എന്നാല്‍, കരാറടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന മൂന്നു പേരെ ഈ സര്‍ക്കാര്‍ വന്നശേഷം സ്ഥിരപ്പെടുത്തി. ഇവര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെയര്‍ ചെയ്തു നല്‍കുകയും ഒറ്റയടിക്ക് ഒന്നിലധികം സ്ഥാനക്കയറ്റങ്ങള്‍ നല്‍കുകയും ചെയ്തു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നല്‍കുന്നതിന് മുഖ്യമന്ത്രിക്കു വിവേചനാധികാരം നല്‍കുന്ന കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങളിലെ വകുപ്പ് 39 പ്രകാരമായിരുന്നു സ്ഥിരപ്പെടുത്തല്‍. 

ഇങ്ങനെ ഇവരെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത് സുതാര്യമായല്ലെന്നും ശരിയായ സീനിയോറിറ്റി പട്ടിക ഇല്ലാത്തതുള്‍പ്പെടെ ഇതിനു കാരണമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന സംശയവും ശക്തമായിരിക്കുകയാണ്. കാരണം, പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ ചട്ടം 39 ഉപയോഗിച്ചത് അസാധാരണ നടപടിയായിരുന്നു. മറ്റൊന്ന്, വകുപ്പുതല പരീക്ഷ വിജയിച്ച നാലു പേരുടെ കൂട്ടത്തില്‍ പരീക്ഷ എഴുതാത്തവരെക്കൂടി ഉള്‍പ്പെടുത്തി. ചട്ടം 39 പ്രകാരം ഇറക്കിയ ഉത്തരവിനെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിച്ചു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയശേഷം തെറ്റായി ഉപയോഗിച്ചു. 2004-ലും 2005-ലും ഇവര്‍ കരാര്‍ ജീവനക്കാരായി കയറിയ തീയതിയുടെ അടിസ്ഥാനത്തിലാണ് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത്. അതോടെ സര്‍ക്കാര്‍ ഇവര്‍ക്കെല്ലാം കൂടി 28 ലക്ഷത്തോളം രൂപ ശമ്പള കുടിശ്ശികയായി കൊടുക്കേണ്ടി വന്നു. 

ഈ കാലയളവിനിടയിലാണ് സ്പെഷല്‍ റൂള്‍സ് നിലവില്‍ വന്നത് എന്നതിനു പുല്ലുവില കല്പിച്ചില്ല. മാത്രമല്ല, ഈ ഫയല്‍ വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ധന വകുപ്പിനും നിയമവകുപ്പിനും മറ്റും പോയപ്പോള്‍ ഇവരെ എന്‍ട്രി കേഡറില്‍ മാത്രമേ സ്ഥിരപ്പെടുത്താന്‍ പാടുള്ളു എന്ന് ആ വകുപ്പുകള്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍, വകുപ്പുതല പരീക്ഷപോലും എഴുതാത്തവരെ മൂന്നു ഘട്ടം മറികടന്ന് ഗസറ്റഡ് തസ്തികയിലാണ് സ്ഥിരപ്പെടുത്തിയത്. ഇതും അസാധാരണമായിരുന്നു; മുന്‍പ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടായിട്ടില്ലാത്ത നടപടി. ഇതിനെയാണ് സുതാര്യമല്ലാത്ത സ്ഥാനക്കയറ്റം എന്ന് എ.ജി റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. ഇവര്‍ വന്‍തുക ക്രമരഹിതമായി ശമ്പളക്കുടിശ്ശിക വാങ്ങിയതിനെക്കുറിച്ച് നിയമസഭയില്‍ ചോദ്യം വന്നു. അതിനു പട്ടികജാതി-വര്‍ഗ്ഗ ക്ഷേമ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനില്‍നിന്നു നല്‍കിയ മറുപടി മാറ്റിവച്ച് ഇവരാരും കുടിശ്ശിക വാങ്ങിയിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കലായിരുന്നു ഇത്. ശമ്പളക്കുടിശ്ശിക അനുവദിച്ചതിനും കൈപ്പറ്റിയതിനും സെക്രട്ടേറിയറ്റില്‍ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കെയാണിത്. ഇതേക്കുറിച്ചു ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത് എന്നായിരുന്നു മറുപടി. എന്നാല്‍, നിയമനങ്ങളും സ്ഥാനക്കയറ്റവും വിശദമായി പരിശോധിച്ചപ്പോള്‍ ഏജിക്ക് വ്യക്തമായത് സുതാര്യത ഉറപ്പാക്കാനുള്ള കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല എന്നാണ്.

ഇന്ദു വി മേനോന്‍
ഇന്ദു വി മേനോന്‍

മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വര്‍ക്കിംഗ് ഗ്രൂപ്പ് വഴി ഫയലുകള്‍ പാസ്സാകുന്നു; ലക്ഷങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുകയും ചെയ്യുന്നു എന്നതാണു സ്ഥിതി. പട്ടികജാതി-വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ കാലതാമസം വരാതിരിക്കാനാണ് ധനകാര്യ സെക്രട്ടറി, പട്ടികജാതി-വര്‍ഗ്ഗ സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം എന്നിവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചത്. പക്ഷേ, വേഗത്തില്‍ പ്രപ്പോസലുകള്‍ പാസ്സാക്കുക എന്ന അതിനു പിന്നിലെ സദുദ്ദേശ്യം ദുരുപയോഗം ചെയ്യുന്നു. ആസൂത്രണ ബോര്‍ഡ് പ്രതിനിധിയെ അറിയിക്കാതെ യോഗം ചേര്‍ന്നു പാസ്സാക്കിയശേഷം ബോര്‍ഡിലെ ഇവരുടെ വരുതിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് ഒപ്പുവെപ്പിച്ച സംഭവവുമുണ്ട്. 

പൂര്‍ണ്ണ ഡയറക്ടറില്ല,
നാഥനില്ലാകളരി

 ലക്ചറര്‍ മാത്രമായ ഇന്ദു വി. മേനോനാണ് കിര്‍ത്താഡ്സ് ഭരിക്കുന്നത് എന്ന ആക്ഷേപം കുറേക്കാലമായി നിലനില്‍ക്കുകയാണ്. കിര്‍ത്താഡ്സ് ഡയറക്ടറായിരുന്ന ഡോ. എസ്. ബിന്ദുവിനെ 2018 മേയില്‍ പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ എം.ഡിയായി മാറ്റിനിയമിച്ച ശേഷം അവിടെ മുഴുവന്‍സമയ ഡയറക്ടറില്ല. 2018 മേയ് നാലു മുതല്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തിക്ക് അധികച്ചുമതലയാണ് നല്‍കിയിരിക്കുന്നത്. സ്പെഷല്‍ റൂള്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന യോഗ്യതകളെല്ലാം ഉണ്ടായിരിക്കെയാണ് ഡോ. ബിന്ദുവിനെ മാറ്റിയത്. വിവാദത്തില്‍പ്പെട്ട പലരുടേയും ഇഷ്ടങ്ങള്‍ക്കൊത്ത് ക്രമക്കേടിനു കൂട്ടുനില്‍ക്കാത്തതാണ് അവരുടെ അയോഗ്യതയായി മാറിയത്. ആദിവാസി മ്യൂസിയവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഇന്ദു വി. മേനോന്‍ പങ്കെടുത്തത് ചോദ്യം ചെയ്ത എസ്.സി വകുപ്പിലെ ദളിത് ജീവനക്കാരനെ ചേറില്‍ക്കിടക്കുന്ന പന്നി എന്നു വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ അവര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ കമ്മിഷനില്‍ പരാതിയും നിലനില്‍ക്കുന്നു. 

അതിനു പിന്നാലെയാണ് ഇന്ദു വി. മേനോന്റെ വിവാദ മതില്‍ച്ചാട്ടവും, അത് കണ്ടുപിടിച്ച് പ്രശ്‌നമാക്കിയ വാച്ചറുടെ സസ്പെന്‍ഷനും ഉണ്ടായത്. ഒക്ടോബര്‍ 13 ഞായറാഴ്ചയായിരുന്നു സംഭവം. കിര്‍ത്താഡ്സിന്റെ കോഴിക്കോട് ആസ്ഥാനത്തുനിന്നു ഫയലെടുക്കാന്‍ രാത്രി എത്തിയ ഇന്ദു വി. മേനോനെ വാച്ചര്‍ മിസ്ബാഹ് തടയുകയാണുണ്ടായത്. കൃത്യനിര്‍വ്വഹണം തടഞ്ഞുവെന്നാണ് ഇന്ദു വി. മേനോന്റെ പരാതി. അവര്‍ പൊലീസിനേയും വിളിച്ചുവരുത്തി. നാട്ടുകാരും കൂടി. മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആറരയ്ക്കാണ് താന്‍ എത്തിയത് എന്ന് ഇന്ദു വി. മേനോനും രാത്രി എട്ടരയ്ക്കാണ് അവര്‍ എത്തിയതെന്ന് മിസ്ബാഹും പറഞ്ഞു. ഇന്ദു വി. മേനോന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് വാച്ചറെ സസ്പെന്റ് ചെയ്തു. സി.പി.എം സര്‍വ്വീസ് സംഘടന അതിശക്തമായി ഇടപെട്ടപ്പോഴാണ് ഒരാഴ്ച കഴിഞ്ഞു വാച്ചറെ തിരിച്ചെടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനം നടത്തി കിര്‍ത്താഡ്സിനെതിരെ തെളിവുകള്‍ നിരത്തിയപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ മറുപടി പറഞ്ഞത് ഇന്ദു വി. മേനോനാണ്. ചട്ടം ലംഘിച്ചായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥ അത്തരമൊരു മാധ്യമ വിശദീകരണം നല്‍കിയത്. ആ ചട്ടലംഘനവും ചോദ്യം ചെയ്യപ്പെട്ടില്ല.


ഭരണപരമായ നിയന്ത്രണമില്ലാത്ത സ്ഥാപനം എന്നാണ് എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം. ''ഡയറക്ടര്‍ തസ്തിക ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നു. അധികച്ചുമതല വഹിക്കുന്ന പട്ടികവര്‍ഗ്ഗ ഡയറക്ടര്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് എത്തുന്നത്. ഇത് ഫയല്‍ നീക്കങ്ങളെ ദോഷകരമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ റെക്കോര്‍ഡുകളുടെ ഉത്തരവാദിത്വം ആര്‍ക്കും നല്‍കിയിട്ടില്ല. ചെലവുകള്‍ സംബന്ധിച്ച പല ഫയലുകളും ഡയറക്ടറുടെ അഭാവത്തില്‍ ദിവസവേതനക്കാര്‍ തോന്നുംപോലെ കൈകാര്യം ചെയ്യുന്നു. ഇതിന്റെ ഫലമായി വഴിവിട്ട ചെലവുകള്‍ മാത്രമല്ല, അനധികൃത നിയമനങ്ങള്‍പോലും നടക്കുന്നു'' എന്നാണ് അതീവ ഗുരുതരമായ കണ്ടെത്തല്‍: ''ഒരു ഫയലോ ഒരു കടലാസോ ഔദ്യോഗികമായി മറ്റൊരു ഓഫീസിലേക്ക് പോകണമെങ്കില്‍ ഓഫീസിലെ ഡെസ്പാച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി നമ്പര്‍ ഇട്ടു വേണം അയയ്ക്കാന്‍. ഫയലുകളും അനുമതി ഉത്തരവുകളും ഡെസ്പാച്ച് നമ്പര്‍ ഇല്ലാതെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒപ്പില്ലാതെയോ അയയ്ക്കാന്‍ പാടില്ല. എന്നാല്‍ കിര്‍ത്താഡ്സില്‍ അങ്ങനയൊന്നുമല്ല നടക്കുന്നത്.''
ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ലക്ചറര്‍, ഇന്‍വെസ്റ്റിഗേറ്റര്‍, കാര്‍ട്ടോഗ്രാഫര്‍, ക്യുറേറ്റര്‍ എന്നിവരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും നിര്‍ദ്ദേശിക്കുന്ന ഓഫീസ് മാനുവല്‍പോലും കിര്‍ത്താഡ്സില്‍ ഇല്ല. 

തലയ്ക്കല്‍ ചന്തുവിന്റെ സ്മരണാര്‍ത്ഥം കിര്‍ത്താഡ്‌സില്‍ സംഘടിപ്പിച്ച അമ്പയ്ത്തില്‍ നിന്ന്
തലയ്ക്കല്‍ ചന്തുവിന്റെ സ്മരണാര്‍ത്ഥം കിര്‍ത്താഡ്‌സില്‍ സംഘടിപ്പിച്ച അമ്പയ്ത്തില്‍ നിന്ന്

 പണം പാഴാകുന്ന വഴികള്‍ 

ഏതെങ്കിലും വകുപ്പില്‍നിന്നു പി.എസ്.സിക്ക് തസ്തിക ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ഒരാള്‍ അവധിയില്‍ പോയാല്‍ ആ ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. എന്നാല്‍, ഒരാളെ അനധികൃതമായി തിരുകിക്കയറ്റാന്‍ മറ്റൊരാളെക്കൊണ്ട് മൂന്നു മാസത്തോളം അവധിയെടുപ്പിച്ചശേഷം ആറ് വര്‍ഷത്തെ അവധിയെന്ന് പി.എസ്.സിയെ തെറ്റിദ്ധരിപ്പിച്ചു. ഒഴിവ് എങ്ങനെ ഉണ്ടായി എന്ന് പി.എസ്.സിയെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് സാധാരണഗതിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. പകരം ഈ ഗുരുതരമായ നുണ വസ്തുത എന്ന മട്ടില്‍ രേഖാമൂലം അവതരിപ്പിച്ചു. സര്‍ക്കാര്‍ വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ വകുപ്പധ്യക്ഷന്റെ അനുമതി കൂടാതൈ ഗവേഷണത്തിനു പോകാന്‍ പറ്റില്ല എന്നതും കിര്‍ത്താഡ്സില്‍ ലംഘിക്കപ്പെട്ടു. ഗവേഷണം ആ തസ്തികയ്ക്ക് അനിവാര്യമാണെങ്കിലാണ് ഗവേഷണകാലത്ത് ശമ്പളം ലഭിക്കുക. ഇവിടെ പലരുടേയും പി.എച്ച്ഡി ഇതിനെല്ലാം കടകവിരുദ്ധമായാണ് ചെയ്തിരിക്കുന്നത്. ജോലിയില്‍ തുടരുകയും ശമ്പളം വാങ്ങുകയും അതേ കാലയളവില്‍ ഗവേഷണം നടത്തുകയും ചെയ്യുന്നു. വഴിവിട്ടല്ല ഇതു ചെയ്യുന്നതെങ്കില്‍ ആ പി.എച്ച്ഡി സര്‍ട്ടിഫിക്കേറ്റ് വ്യാജമായിരിക്കും എന്നാണ് സംശയം. പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിന് സഹായകമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കാനാകുന്ന കിര്‍ത്താഡ്സ് അത് നിര്‍വ്വഹിക്കാത്ത ഒരു ദുരൂഹത നിറഞ്ഞ സ്ഥാപനമായി മാറിയിരിക്കുന്നു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാതി അടിസ്ഥാനത്തില്‍ വാങ്ങുന്ന ആനുകൂല്യങ്ങളില്‍ അവരുടെ അര്‍ഹതയും ജാതിസംബന്ധമായ സത്യാവസ്ഥയും അന്വേഷിക്കുന്ന കിര്‍ത്താഡ്സിലെ വിജിലന്‍സ് ഓഫീസര്‍ക്ക് മതിയായ യോഗ്യതയില്ല എന്നതാണ് ഏറ്റവും വിചിത്രം. സ്പെഷല്‍ റൂള്‍സില്‍ വിജിലന്‍സ് ഓഫീസര്‍ നിയമനത്തിനു പറയുന്ന യോഗ്യത ഒന്ന്, യഥാര്‍ത്ഥത്തിലുള്ള യോഗ്യത വേറൊന്ന്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഒരാള്‍ പട്ടികജാതിക്കാരനല്ലെന്നോ ആണെന്നോ വ്യക്തമാക്കിയാല്‍ അത് കോടതികള്‍ക്കു മുന്നിലും അന്തിമമാണ്. നിലവിലെ വിജിലന്‍സ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട യോഗ്യത ഇല്ല എന്നും പുറത്താക്കണം എന്നും കോടതി ഉത്തരവ് ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉത്തരവ് മുന്‍പ് ഇറങ്ങിയിരുന്നു. 
ഒരു വകുപ്പില്‍നിന്നു മറ്റൊരു വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിക്കണമെങ്കില്‍ രണ്ടു വകുപ്പിലേയും മന്ത്രിമാര്‍ ആ അപേക്ഷ കാണണം എന്നാണ് വ്യവസ്ഥ. എന്നാല്‍, അവധിയുടെ കാലാവധി അധികമായി കാണിച്ച് ഒരാളെ തിരുകിക്കയറ്റിയപ്പോള്‍ അയാള്‍ക്ക് ശമ്പളം ഉറപ്പാക്കാന്‍ മന്ത്രിമാര്‍ അറിയാതെ മറ്റൊരാള്‍ക്ക് മറ്റൊരു വകുപ്പിലേക്ക് സ്ഥലംമാറ്റം കൊടുത്തു. സര്‍ക്കാര്‍ ശമ്പളം ഇപ്പോള്‍ സ്പാര്‍ക്ക് സോഫ്റ്റുവെയര്‍ വഴി ആയതുകൊണ്ട് അധികമായി ഒരാളുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കണ്ടുപിടിക്കപ്പെടും. ഇത് മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ മാറ്റം. 

കിര്‍ത്താഡ്സിലെ ഇത്തരം ക്രമക്കേടുകളെ സഹായിക്കുന്നവര്‍ക്ക് സെക്രട്ടേറിയറ്റിലെ പട്ടികജാതി-വര്‍ഗ്ഗക്ഷേമ വകുപ്പില്‍നിന്നു പലവിധത്തിലുള്ള പരിഗണനകള്‍ ലഭിക്കുന്നു എന്നതാണ് കാര്യം. ജോയിന്റ് സെക്രട്ടറിയായിരുന്നയാളെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷല്‍ എ വിഭാഗത്തില്‍ അഡീഷണല്‍ സെക്രട്ടറിയാക്കിയത് ഇതിന് ഉദാഹരണമാണ്. സെക്രട്ടേറിയറ്റിലെ ഗ്ലാമര്‍ തസ്തികകളുടെ മുന്‍നിരയിലാണ് ഇത്. സംസ്ഥാനത്തെ സബ് കളക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരുടെ എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങളാണ് ഇവിടെ ചെയ്യുന്നത്. അവരെല്ലാം നിരന്തരം ബന്ധപ്പെടുന്ന വിഭാഗം. 

കോഴിക്കോട്ടെ കിര്‍ത്താഡ്‌സ് ക്യാംപസ്
കോഴിക്കോട്ടെ കിര്‍ത്താഡ്‌സ് ക്യാംപസ്


പട്ടികജാതി-വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പട്ടികവര്‍ഗ്ഗ ഡയറക്ടറേറ്റും അതിനൊരു ഡയറക്ടറും ഉണ്ടായിരിക്കെ അതേ വകുപ്പിനു കീഴില്‍ത്തന്നെ കിര്‍ത്താഡ്സ് പ്രത്യേക ഡയറക്ടറേറ്റായി നിലനില്‍ക്കുന്നത് അസാധാരണമാണെന്ന് എ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ ഫയലുകള്‍ രണ്ട് ഡയറക്ടറേറ്റകളും കൈകാര്യം ചെയ്യുന്നതും പാസ്സാക്കുന്നതും കണ്ടെത്തി. ഓഡിറ്റ് കാലയളവിലെ ട്രഷറി ബില്‍ ബുക്ക് പരിശോധനയ്ക്കു ലഭ്യമാക്കിയുമില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം സമാന സ്വഭാവമുള്ള സ്ഥാപനം ഇപ്പോഴും ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയി തുടരുമ്പോള്‍ കേരളത്തില്‍ മാത്രം കിര്‍ത്താഡ്സ് ആക്കിയതിലും തസ്തികകള്‍ സൃഷ്ടിച്ചതിലും അവ്യക്തതയുണ്ട് എന്നാണ് എ.ജിയുടെ നിരീക്ഷണം. 

ഫലപ്രദമല്ലാത്ത ഗവേഷണങ്ങള്‍ക്ക് 2.77 കോടി രൂപ, വയനാട്ടില്‍ ഗോത്രസഭാ പഠനകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതുമൂലം പാഴാക്കിയ പത്ത് ലക്ഷം, യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആദിവാസി പുനരധിവാസ-വികസന മിഷന്‍ പദ്ധതിക്ക് 13.42 ലക്ഷം, ആദിവാസി വൈദ്യന്മാര്‍ക്ക് കിര്‍ത്താഡ്സ് വഴി നല്‍കാന്‍ എസ്.ടി ഡയറക്ടറേറ്റ് അനുവദിച്ച 41. 80 ലക്ഷം രൂപ സമയത്ത് വിതരണം ചെയ്യാത്തത്, വയനാട്ടിലെ എടത്തനയില്‍ എത്നോ മെഡിസിന്‍ റിസര്‍ച്ച് ആന്റ് ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാന്‍ മൂന്നു വര്‍ഷമായിട്ടും സാധിക്കാതെ പി.ഡബ്ല്യു.ഡിയുടെ കൈയില്‍ 20 ലക്ഷം രൂപ അനധികൃതമായി ഏല്പിച്ചിരിക്കുന്നത്, അനുവദിച്ചത് എന്തിനാണെന്നോ ചെലവ് എന്താണെന്നോ ബാക്കി എത്രയെന്നോ വ്യക്തതയില്ലാതെ 'others' എന്ന ഹെഡ്ഡില്‍ കോഴിക്കോട് ട്രഷറി അക്കൗണ്ടിലുള്ള ലക്ഷങ്ങള്‍ തുടങ്ങി എ.ജി ഒന്നൊന്നായി എടുത്തുപറയുന്ന ക്രമക്കേടുകളുടേയും പാഴാക്കലുകളുടേയും കണക്കുകള്‍ വലുതാണ്. കിര്‍ത്താഡ്സ് എന്ന സ്ഥാപനം ആര്‍ക്കുവേണ്ടി എന്തിന്, ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന ചോദ്യം ഉയര്‍ത്തുന്ന കണക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com