'മഹാരത്‌ന' തിളക്കം എണ്ണ ഭീമന്മാര്‍ കവരുമ്പോള്‍

മഹാരത്‌ന പദവി ലഭിച്ചിട്ടുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമം വ്യാപകമായ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്
'മഹാരത്‌ന' തിളക്കം എണ്ണ ഭീമന്മാര്‍ കവരുമ്പോള്‍

വഭാരതശില്പി ജവഹര്‍ലാല്‍ നെഹ്‌റു 'ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍' എന്നു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ വലിയൊരു പങ്ക്വഹിച്ചവയാണ്. ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനവേളയില്‍ 1954-ലായിരുന്നു ഈശ്വരവിശ്വാസിയല്ലാതിരുന്ന നെഹ്റു ഇത്തരത്തിലൊരു വിശേഷണം ആദ്യമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത്. ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ ഇന്ത്യ ഭരിച്ചതിനു ശേഷം തകര്‍ന്നുതരിപ്പണമായ സമ്പദ്വ്യവസ്ഥയാണ് അവര്‍ സ്വരാജ് സ്വപ്നം കണ്ട ഇന്ത്യയുടെ ഭാവി ഭരണാധികാരികള്‍ക്കായി വിട്ടിട്ടുപോയത്. സ്വകാര്യ മൂലധനം വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്ത പശ്ചാത്തലത്തില്‍ ഇന്ത്യയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറെക്കുറെ ഭംഗിയായി നിര്‍വ്വഹിച്ച ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്നു രണ്ടു കോടിയിലധികം വരുന്നവര്‍ക്ക് തൊഴില്‍ദാതാവാണ്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ 1983 ആകുമ്പോഴേക്കും അവയുടെ എണ്ണം 163 ആയി ഉയര്‍ന്നു. 1991-1992 ല്‍ അവയുടെ എണ്ണം 244-ഉം 2006 മാര്‍ച്ചില്‍ 404-ഉം ആയി. ബാങ്കിംഗ്, കല്‍ക്കരി-ധാതുഖനനം, എന്‍ജിനീയറിംഗ്, ഇരുമ്പുരുക്ക്, തുണി തുടങ്ങി വ്യത്യസ്ത വ്യവസായങ്ങളില്‍ പൊതുമേഖലയുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. 

എന്നാല്‍, 1990-കളുടെ തുടക്കത്തില്‍ നവലിബറല്‍ നയങ്ങള്‍ക്കു സമാരംഭമായതോടെ പൊതുമേഖല തിരിച്ചടികളെ നേരിടാന്‍ തുടങ്ങി. നരസിംഹറാവുവിന്റെ കാലത്തെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റാണ് സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവുമൊക്കെ തുടങ്ങിവച്ചതെങ്കിലും കോണ്‍ഗ്രസ്സ് മൂന്നാംമുന്നണി ഗവണ്‍മെന്റുകള്‍ സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലാഭത്തിലല്ലാ എന്നു വരുത്തിത്തീര്‍ത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതിന്നുന്ന കാര്യത്തില്‍ മെല്ലെപ്പോക്കാണ് എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോഴാകട്ടെ, സങ്കോചലേശമെന്യേ പൊതുമേഖലാ വ്യവസായങ്ങളെ രാജ്യത്തെ വമ്പന്‍ മുതലാളിമാര്‍ക്ക് വിറ്റുതുലയ്ക്കാന്‍ ആരംഭിച്ചു. 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് കശ്മീരിലെ ഒരു ഹിന്ദുരാജാവ് താന്‍ കീഴടക്കുന്ന മറ്റു രാജ്യങ്ങളിലെ ക്ഷേത്രങ്ങളില്‍ സമാഹരിക്കപ്പെട്ട സമ്പത്ത് കവര്‍ന്നെടുക്കാന്‍ (അന്ന് ക്ഷേത്രങ്ങളിലായിരുന്നല്ലോ സമ്പത്ത് സൂക്ഷിച്ചിരുന്നത്) 'ക്ഷേത്രോല്‍പ്പാടകന്‍' എന്നൊരു വകുപ്പുണ്ടാക്കി ആ വകുപ്പിനു മന്ത്രിയെ നിയോഗിച്ചതുപോലെ, ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളായ പൊതുമേഖലാ വ്യവസായങ്ങളെ കൊള്ളയടിക്കാന്‍ 1999-ല്‍ അധികാരത്തില്‍ വന്ന ഹിന്ദുത്വകക്ഷിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആദ്യമായി ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് എന്ന പേരില്‍ വകുപ്പ് മന്ത്രിയെ നിയോഗിക്കുകപോലുമുണ്ടായി. 1999-2004 കാലത്ത് തീര്‍ത്തും ലാഭക്ഷമമായ നാലു പ്രധാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക്, ഇന്‍ഡ്യന്‍ പെട്രോക്കെമിക്കല്‍സ് കോര്‍പ്പറേഷന്‍സ് ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയാണ് അന്നു സ്വകാര്യമേഖലയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. വി.എസ്.എന്‍.എല്‍ ടാറ്റയ്ക്ക് കൈമാറിയതും ഐ.പി.സി.എല്‍ റിലയന്‍സിനു വിറ്റതും അന്ന് എന്‍.ഡി.എ ഗവണ്‍മെന്റിനെതിരെ നിശിതമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്.

അധികാരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളിലൊക്കെയും എന്‍.ഡി.എ ഗവണ്‍മെന്റ് ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അതിതീവ്ര സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നുവെന്ന് വ്യാപകമായി വിമര്‍ശനമുണ്ട്. ഇത്തവണത്തെ എന്‍.ഡി.എ ഭരണത്തില്‍ രാജ്യത്തെ എട്ട് മഹാരത്‌ന കമ്പനികളിലൊന്നും ആറാമത്തെ വലിയ വ്യവസായ സ്ഥാപനവുമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ബി.പി.സി.എല്‍) മുകളിലാണ് സ്വകാര്യവല്‍ക്കരണ താല്പര്യങ്ങളുടെ കഴുകന്‍കണ്ണുകള്‍ പതിച്ചിട്ടുള്ളത്. ബി.പി.സി.എല്ലില്‍ കേന്ദ്രസര്‍ക്കാരിന് 53.29 ശതമാനം ഓഹരികളാണുള്ളത്. 16 വര്‍ഷമായി ഫോര്‍ച്ച്യൂണ്‍ 500 പട്ടികയില്‍ ഇടംനേടിയിട്ടുള്ള സ്ഥാപനമാണിത്. ഇത്തരത്തില്‍ മികവു പുലര്‍ത്തുന്ന ഇങ്ങനെയൊരു പൊതുമേഖലാ വ്യവസായസ്ഥാപനം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നു. 

രാജ്യത്തെമ്പാടും സോഷ്യലിസ്റ്റ് കാറ്റ് ആഞ്ഞടിച്ച എഴുപതുകളുടെ തുടക്കത്തിലാണ് എണ്ണമേഖല ദേശസാല്‍ക്കരിക്കുന്നത്. സാമ്പത്തികരംഗത്തെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ ദേശീയതയെ ശക്തിപ്പെടുത്താന്‍ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് നടപടികള്‍ സര്‍വ്വതലസ്പര്‍ശികളായ നടപടികള്‍ കൈക്കൊണ്ടുവന്ന കാലത്തായിരുന്നു എണ്ണമേഖലയുടെ ദേശസാല്‍ക്കരണ നീക്കങ്ങള്‍ ശക്തിപ്പെടുന്നത്. ബംഗ്ലാദേശ് വിമോചനത്തില്‍ കലാശിക്കുകയും മേഖലയിലെ വന്‍ശക്തിയെന്ന നിലയില്‍ ഇന്ത്യ കരുത്തു തെളിയിക്കുകയും ചെയ്ത 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഗവണ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിനു സ്വകാര്യ കമ്പനികള്‍ തയ്യാറാകാതിരുന്നതാണ് പെട്രോളിയം കമ്പനികളുടെ ദേശസാല്‍ക്കരണത്തിലേയ്ക്ക് നയിച്ച മുഖ്യമായ കാരണങ്ങളിലൊന്ന്. 1976-ല്‍ അന്നത്തെ ദേശസാല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി രൂപംകൊണ്ടതാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ സുരക്ഷാതാല്പര്യങ്ങളെ ബാധിക്കുമെന്ന് ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കമ്പനി ലിമിറ്റഡ് (ബി.പി.സി.എല്‍) ഉണ്ടാകുന്നത്. ബര്‍മാ ഷെല്‍ കമ്പനിയാണ് ദേശസാല്‍ക്കരണത്തിന്റെ ഫലമായി പാര്‍ലമെന്റ് 1976-ല്‍ പാസ്സാക്കിയ പ്രത്യേക നിയമത്തിലൂടെ ബി.പി.സി.എല്‍ ആകുന്നത്. ദേശസ്‌നേഹത്തിന്റെ മുഴുവന്‍ കുത്തകയും ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റാണ് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഈ സ്വകാര്യവല്‍ക്കരണ തീരുമാനമെടുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. നമ്മുടെ വ്യാവസായിക വികസനത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് ബി.പി.സി.എല്ലും ഒ.എന്‍.ജി.സിയും എച്ച്.പി.സി.എല്ലും ഐ.ഒ.സിയുമുള്‍പ്പെടെയുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍വ്വഹിച്ചു പോന്നിട്ടുള്ളത്. ഈ കമ്പനികള്‍ രാജ്യത്തുടനീളം പെട്രോളിയം ഉല്പന്നങ്ങളുടെ വിപുലമായ സംസ്‌കരണ-വിപണന-വിതരണ ശൃംഖല പടുത്തുയര്‍ത്തി. ഇത്തരത്തില്‍ സ്തുത്യര്‍ഹമായ സേവനം ഇന്ത്യന്‍ സമൂഹത്തിനു നല്‍കിപ്പോരുന്ന കമ്പനികളില്‍ പ്രമുഖസ്ഥാനത്തുള്ള ബി.പി.സി.എല്ലിനെയാണ് വിദേശ കോര്‍പ്പറേറ്റുകള്‍ക്കു വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയില്‍ പ്രധാന കേന്ദ്രങ്ങളിലായി 28.8 എം.എം.പി.ടി.എ ക്രൂഡോയില്‍ ശുദ്ധീകരണശേഷിയുള്ള നാല് റിഫൈനറികള്‍, 14802 പെട്രോള്‍-ഡീസല്‍ റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍, 5907 എല്‍.പി.ജി വിതരണകേന്ദ്രങ്ങള്‍, 52 എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റുകള്‍ എന്നിവ ബി.പി.സി.എല്ലിന്റേതായുണ്ട്. പുറമേ വിദേശത്തും സ്വദേശത്തുമായി 11 സബ്‌സിഡിയറികളും 22 സംയുക്ത സംരംഭങ്ങളും കമ്പനിയുടേതായി പ്രവര്‍ത്തിക്കുന്നു. വിവിധ റിഫൈനറികളുടേയും വിപണന ശൃംഖലകളുടേയും വികസനവുമായി ബന്ധപ്പെട്ട് 48182 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്.

മുംബൈയിലെ 800 ഏക്കറും കേരളത്തില്‍ കൊച്ചി റിഫൈനറിയുടെ രണ്ടായിരം ഏക്കറും അടക്കം വമ്പിച്ച ഭൂസ്വത്താണ് ബി.പി.സി.എല്ലിനുള്ളത്. മധ്യപ്രദേശ്, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂമിയും പ്ലാന്റുകളും മാര്‍ക്കറ്റിംഗ് ഓഫിസുകളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും കൂടിയാകുമ്പോള്‍ വമ്പിച്ച സമ്പത്താണ് ബി.പി.സി.എല്ലിനുള്ളത് എന്നു കാണാം. പുറമേ പിന്നിട്ട വര്‍ഷങ്ങളിലെ പ്രവര്‍ത്തനലാഭത്തില്‍നിന്നു മാറ്റിവയ്ക്കപ്പെട്ട കരുതല്‍ ധനം മാത്രം 34470 കോടി രൂപയുമുണ്ട്. 

കേരളത്തിന്റെ നഷ്ടം 

ബി.പി.സി.എല്ലിന്റെ നാലു റിഫൈനറികളില്‍ ഏറ്റവും പ്രധാനപ്പെട്ട യൂണിറ്റുകളിലൊന്ന് കൊച്ചി റിഫൈനറിയാണ്. 1.55 കോടി ടണ്‍ ക്രൂഡ് ഓയിലാണ് കൊച്ചി റിഫൈനറിയുടെ സംസ്‌കരണശേഷി. ഏകദേശം 40,000 കോടി രൂപയുടെ നിക്ഷേപം അടുത്തകാലത്തായി കൊച്ചി റിഫൈനറിയില്‍ മാത്രം വിവിധ പദ്ധതികളിലായി നടത്തിയിട്ടുണ്ട്. വൈകാതെ പ്രവര്‍ത്തനമാരംഭിക്കുന്ന 5426 കോടി രൂപയുടെ പെട്രോകെകെമിക്കല്‍ പദ്ധതി, 16,500 കോടി രൂപയുടെ ഐ.ആര്‍.ഇ.പി എന്നിവ ഇതിലുള്‍പ്പെടുന്നു. ഈ വര്‍ഷം ജനുവരി 27-നാണ് ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. അന്നു രാജ്യത്തിന്റെ അഭിമാനം എന്നായിരുന്നു അദ്ദേഹം പദ്ധതിക്കു നല്‍കിയ വിശേഷണം. ഇന്ന് ആ അഭിമാനമാണ് കേന്ദ്രഗവണ്‍മെന്റ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 

എഫ്.എ.സി.ടിയുടെ കൈവശമുണ്ടായിരുന്ന 176 ഏക്കര്‍ ഭൂമി പോളിയോള്‍ പദ്ധതിക്കുവേണ്ടി ബി.പി.സി.എല്ലിനു കൈമാറിയത് ചുരുങ്ങിയ വിലയ്ക്കാണ്. തുടങ്ങാനിരിക്കുന്ന പ്രൊപ്പലൈന്‍ ഡെറിവേറ്റീവ്‌സ് പെട്രോക്കെമിക്കല്‍ ഹബ് കേരളത്തില്‍ വലിയ തൊഴില്‍സാധ്യതയും വികസനവും ലക്ഷ്യമിടുന്നതാണ്. സംസ്ഥാന ഗവണ്‍മെന്റ് അതിവേഗം നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്കായി എഫ്.എ.സി.ടിയുടെ 460 ഏക്കര്‍ ഭൂമി മാറ്റിവച്ചിട്ടുണ്ട്. 
പദ്ധതി വിജയകരമാക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് കെ.ജി.എസ്.ടി/വാറ്റ്, സി.എസ്.ടി തുടങ്ങിയവ 15 വര്‍ഷത്തേയ്ക്ക് മാറ്റിവച്ചു. പുറമേ, ഈ

പദ്ധതിക്കായി വര്‍ക്ക് കോണ്‍ട്രാക്ട് നികുതി റീഫണ്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. ബി.പി.സി.എല്‍ വില്‍ക്കുന്നതോടെ ഈ ഭൂമിയടക്കം സ്വകാര്യ കോര്‍പ്പറേറ്റുകളുടേതായി മാറും. ഏതായാലും ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തോടെ ഈ പദ്ധതിയും അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 25 കോടിയിലധികം രൂപയാണ് ബി.പി.സി.എല്‍ നമ്മുടെ നാട്ടില്‍ ചെലവഴിച്ചത്. വിവിധ പഞ്ചായത്തുകളിലെ 36,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം, സമീപ പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും ഉച്ചഭക്ഷണവും പോഷകാഹാര വിതരണവും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ മക്കള്‍ക്കായുള്ള റോഷ്‌നി പദ്ധതി എന്നിവയടക്കം കോടിക്കണക്കിനു രൂപയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളാണ് സി.എസ്.ആറിന്റെ ഭാഗമായി ബി.പി.സി.എല്‍ കേരളത്തില്‍ നടപ്പാക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതിയുടെ ഭാഗമായി പുത്തന്‍കുരിശ് പഞ്ചായത്തിനു 44 ലക്ഷം രൂപയും തിരുവാണിയൂര്‍ പഞ്ചായത്തിന് 23 ലക്ഷം രൂപയും ബി.പി.സി.എല്ലില്‍നിന്ന് ലഭിക്കുന്നുണ്ട്. ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിന് 29 ലക്ഷം, മെഡിക്കല്‍ ക്യാംപുകള്‍ക്ക് 15 ലക്ഷം, തിരുവാണിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരിക്കാന്‍ 9,90,000, വടവുകോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് 88 ലക്ഷം, താലൂക്ക് ആശുപത്രി നവീകരണത്തിന് ഒരു കോടി, പുത്തന്‍കുരിശ് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് 42 ലക്ഷം, പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് 99 ലക്ഷം, ഷൊര്‍ണ്ണൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡയാലിസിസ് കേന്ദ്രത്തിന് 90 ലക്ഷം, എറണാകുളം ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ 25 ലക്ഷം, എറണാകുളം വൃദ്ധസദനത്തിന് 20 ലക്ഷം എന്നിങ്ങനെയാണ് 25 കോടി രൂപയുടെ സഹായം ബി.പി.സി.എല്ലില്‍ നിന്നുണ്ടായത്. സ്വകാര്യവല്‍ക്കരണത്തോടെ ഇത്തരത്തിലുള്ള സഹായങ്ങള്‍ നാടിന് ബി.പി.സി.എല്ലില്‍നിന്ന് ലഭ്യമാകുമോ എന്ന ആശങ്ക വ്യാപകമാണ്. തൊഴില്‍ പരിശീലനം, എണ്ണ, പ്രകൃതിവാതക വ്യവസായരംഗത്തും മറ്റു വ്യവസായങ്ങളിലും യുവാക്കളുടെ തൊഴില്‍ക്ഷമതയും സംരംഭകത്വവും വര്‍ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ട് മറ്റു എണ്ണക്കമ്പനികളെ പങ്കാളികളാക്കി ബി.പി.സി.എല്‍ അങ്കമാലിയിലെ ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ നടത്തുന്ന നൈപുണ്യ വികസന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാവി കൂടിയാണ് സ്വകാര്യവല്‍ക്കരണത്തോടെ അവതാളത്തിലാകുന്നത്. ഏറ്റുമാനൂരിലും നൈപുണ്യ വികസനകേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഓരോ വര്‍ഷവും 1000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശ്യം. സ്വകാര്യവല്‍ക്കരണത്തോടെ ഇതും ഇല്ലാതാകും. 

തൊഴിലാളികള്‍ സമരമുഖത്ത് 

പന്ത്രണ്ടായിരത്തോളം തൊഴിലാളികളാണ് ബി.പി.സി.എല്ലില്‍ ഉള്ളത്. 27,000 കരാര്‍ തൊഴിലാളികളും. കൊച്ചി റിഫൈനറിയില്‍ മാത്രം 1467 തൊഴിലാളികളും 734 ഓഫീസര്‍മാരുമാണ് സ്ഥിരം ജീവനക്കാരായുള്ളത്. ഒന്‍പതിനായിരത്തിലധികം പേര്‍ കരാര്‍ തൊഴിലാളികളായും ജോലി ചെയ്യുന്നു. 
സ്വകാര്യവല്‍ക്കരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായോ ഒറ്റയടിക്കോ തൊഴിലാളികളുടേയും ജീവനക്കാരുടേയും എണ്ണം കുറയ്ക്കുന്നതായാണ് അനുഭവം. ഈ അനുഭവം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലുകള്‍ ഇല്ലാതാകും. നിലനിന്നിരുന്ന 44 തൊഴില്‍ നിയമങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ രീതിയില്‍ നാല് ലേബര്‍ കോഡുകളാക്കി കേന്ദ്രഗവണ്‍മെന്റ് ഭേദഗതി ചെയ്തതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നിയമഭേദഗതികളെ പ്രയോജനപ്പെടുത്തി കടുത്ത തൊഴില്‍ ചൂഷണമായിരിക്കും എല്ലാ വിഭാഗം ജീവനക്കാരും

സ്വകാര്യവല്‍ക്കരണത്തോടെ നേരിടേണ്ടിവരുകയെന്നു തൊഴിലാളികള്‍ ഭയക്കുന്നു. എട്ടു മണിക്കൂര്‍ ജോലി, ജോലിസ്ഥിരത, ന്യായമായ വേതനം എന്നിവയെല്ലാം ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
ഏതായാലും സ്വകാര്യവല്‍ക്കരണത്തെ ചെറുക്കാന്‍ വിവിധ തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ബി.പി.സി.എല്ലിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ കേന്ദ്ര പൊതുമേഖലാ പെട്രോളിയം തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 26-ന് മുംബൈയില്‍ കോഹിനൂര്‍ ഹാളില്‍ നടന്നു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി സ്വദേശ് ദേവ് റോയ്, ശിവസേന തൊഴിലാളി വിഭാഗം ദേശീയ അദ്ധ്യക്ഷന്‍ സൂര്യകാന്ത് മാഡിക്ക്, എ.ഐ.ടി.യു.സി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി സുകുമാര്‍ ദാംലെ, ഐ.എന്‍.ടി.യു.സി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാര്‍ ചകാഡ്, എല്‍.ഐ.സി, ബി.എസ്.എന്‍.എല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളി സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളിലെ 375 കരാര്‍-സ്ഥിരം തൊഴിലാളി സംഘടനാ പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.പി.സി.എല്‍, എച്ച്.സി.എല്‍ സ്ഥാപനങ്ങളില്‍ നവംബര്‍ 28-ന് സൂചനാ പണിമുടക്ക് നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നവംബര്‍ 11 മുതല്‍ 17 വരെ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധ ദിനാചരണങ്ങള്‍ നടത്താനും സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രചരണം, ലഘുലേഖ വിതരണം, പ്രതിഷേധ റാലികള്‍ അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുന്ന പെട്രോളിയം മേഖലയിലെ തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ഡല്‍ഹിയില്‍ നവംബര്‍ 20-ന് ചേരും. നവംബര്‍ 26-ന് വിവിധ യൂണിറ്റുകള്‍ക്കു മുന്‍പാകെ 24 മണിക്കൂര്‍ തൊഴിലാളി-ബഹുജന ധര്‍ണ്ണയും സംഘടിപ്പിക്കും. കൊച്ചി റിഫൈനറിക്കു മുന്‍പിലും സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു വരികയാണ്. 

ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ തൊഴിലാളികള്‍ സമരരംഗത്ത്
 

മഹാരത്‌ന എന്ന പദവി ലഭിച്ചിട്ടുള്ള കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നത് രാഷ്ട്രത്തിന്റേയും തൊഴിലാളികളുടേയും ഉത്തമ താല്പര്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ആരോപിച്ചുകൊണ്ടും കേന്ദ്രഗവണ്‍മെന്റ് തീരുമാനത്തില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരളത്തിലും തൊഴിലാളികള്‍ സമരപാതയിലാണ്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകളുള്‍പ്പെടുന്ന ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘും സമരരംഗത്തുണ്ട്. 

ടെന്‍ഡര്‍ അനുസരിച്ച് സ്വകാര്യ കമ്പനികള്‍ സമര്‍പ്പിച്ച ഓഫറുകള്‍ തുറന്നു പരിശോധിക്കുന്നത് നവംബര്‍ നാലിനാണ്. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങളില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാവശ്യപ്പെടുകയും  ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയുമുണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട പെട്രോക്കെമിക്കല്‍ പ്രൊജക്ടിനെ സ്വകാര്യവല്‍ക്കരണം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്വകാര്യവല്‍ക്കരണം 
വികസനത്തെ ബാധിക്കും 

കൊച്ചി അമ്പലമുകളില്‍ 1963-ലാണ് റിഫൈനറി സ്ഥാപിക്കപ്പെടുന്നത്. 1966 സെപ്തംബര്‍ 23-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ഥാപനം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കൊച്ചി തുറമുഖത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നായ റിഫൈനറിയെ 2005-ല്‍ ബി.പി.സി.എല്ലില്‍ ലയിപ്പിച്ചു. തുടക്കത്തില്‍ വര്‍ഷംതോറും 2.5 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉല്പാദനശേഷിയെങ്കില്‍ ഇപ്പോള്‍ അത് 15.5 ദശലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. 16,500 കോടി രൂപ മുതല്‍മുടക്കി അടുത്തകാലത്ത് നടപ്പാക്കിയ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി)യിലൂടെയാണ് ഇത് സാധ്യമായത്. ദക്ഷിണേന്ത്യയുടെ വര്‍ധിതമായ ഊര്‍ജ്ജ ഉപഭോഗത്തെ മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ ഉല്പാദനവര്‍ധന സാധ്യമാക്കിയത്. സംസ്ഥാനത്തെ ഒരൊറ്റ വ്യവസായത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഐ.ആര്‍.ഇ.പിയില്‍ നടന്നത്. പെട്രോളും ഡീസലും കൂടാതെ എല്‍.പി.ജി, നാഫ്ത, വിമാന ഇന്ധനം, ഗാര്‍ഹിക ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ള മണ്ണെണ്ണ, ഉപോല്പന്നങ്ങളായ വളം നിര്‍മ്മാണത്തിനുള്ള സള്‍ഫര്‍, ടൊളുയ്ന്‍, പ്രൊപ്പലേന്‍ എന്നീ ജൈവ ഉല്പന്നങ്ങളും റോഡ് നിര്‍മ്മാണത്തിനുള്ള ബിറ്റുമിനും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. പുറമെ പത്തുലക്ഷം ടണ്‍ ലിക്വിഡ് പെട്രോളിയം ഗ്യാസ് വിവിധ ബോട്ടിലിംഗ് പ്ലാന്റുകളിലേയ്ക്ക് നല്‍കുന്നു. കൊച്ചി റിഫൈനറിയില്‍ ഉല്പാദിപ്പിക്കുന്ന 25000 ടണ്‍ ബിറ്റുമിന്‍ സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തിന് വിനിയോഗിക്കുന്നു. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണം പ്രായോഗികമാകുന്നതോടെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ കമ്പനിയുടെ ദയവിനു കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുമെന്ന ഭയം വ്യാപകമാണ്.

പാചകവാതക സബ്‌സിഡി 
അവതാളത്തിലാകും
 

കൊച്ചി റിഫൈനറി അടക്കം രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നാല് റിഫൈനറികളാണ് ഉള്ളത്. കണക്കുപ്രകാരം 1,36,930 കോടി ആസ്തിയുണ്ട് ബി.പി.സി.എല്ലിന്. മുംബൈ റിഫൈനറി സ്ഥിതിചെയ്യുന്ന 450 ഏക്കര്‍ സ്ഥലത്തിന്റെ കമ്പോളവില 50,000 കോടി രൂപയിലധികമാണ്. കൊച്ചി റിഫൈനറി 1500 ഏക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. മുംബൈ റിഫൈനറിയുടെ ഉല്പാദനശേഷി വര്‍ഷംതോറും 12.5 ദശലക്ഷം മെട്രിക് ടണ്‍ ആണെങ്കില്‍ കൊച്ചി റിഫൈനറിയുടേത് 15.5 ദശലക്ഷം ആണ്. കൊച്ചി ഇരുമ്പനത്ത് 170 ഏക്കറിലാണ് സംഭരണ വിതരണകേന്ദ്രം. രാജ്യത്തെ പാചകവാതക വിതരണത്തിന്റെ 26.55 ശതമാനം ബി.പി.സി.എല്‍ നിര്‍വ്വഹിക്കുന്നു. 7.83 കോടി ഉപഭോക്താക്കളാണ് പാചകവാതകത്തിനുള്ളത്. 5907 എല്‍.പി.ജി ഏജന്‍സികളും. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ കനത്ത നഷ്ടമുണ്ടാകാന്‍ പോകുന്നവരില്‍ എല്‍.പി.ജി ഉപഭോക്താക്കള്‍ക്കു കൂടി ഉള്‍പ്പെടുന്നു. ഇതിനകം തന്നെ പരിമിതപ്പെട്ടുവെങ്കിലും ലഭ്യമാകുന്ന ഗ്യാസ് സബ്‌സിഡി സ്വകാര്യവല്‍ക്കരണത്തോടെ ഇല്ലാതാകും. സബ്‌സിഡി പൊതുമേഖലാ എണ്ണ കമ്പനികള്‍ക്കു മാത്രം ബാധകമാകുന്നു എന്നതാണ് കാരണം. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തിനുവേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുന്നത് 2003-ല്‍ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്താണ്. സ്വകാര്യവല്‍ക്കരണത്തിനെതിരെ അന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാല്പര്യ ഹര്‍ജിയിലുണ്ടായ വിധി അനുസരിച്ച് പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തി.

സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് 
വഴിയൊരുങ്ങിയത് ഇങ്ങനെ 

ദേശസാല്‍ക്കരിച്ച സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി അനിവാര്യമാണ്. ഇതിനെ മറികടക്കാനായി 2016-ല്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ട നിയമം നിലവില്‍ വന്നതോടെ അതുവരെ രാജ്യത്ത് നിലനിന്നിരുന്ന 187 നിയമങ്ങള്‍ റദ്ദാക്കപ്പെട്ടു. ബി.പി.സി.എല്ലിനെ ദേശസാല്‍ക്കരിക്കാനായി പാസ്സാക്കിയ 1976-ലെ ബര്‍മാഷെല്‍ അക്വിസിഷന്‍ ആക്ടും റദ്ദാക്കപ്പെട്ട നിയമങ്ങളില്‍ ഉള്‍പ്പെട്ടു. ഇതോടെ ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതിവിധിയെ മറികടക്കാന്‍ ഗവണ്‍മെന്റിനു സാധ്യമായി. 
കണക്കുപ്രകാരം 1,36,930 കോടി ആസ്തിയുണ്ട് ബി.പി.സി.എല്ലിന്. മുംബൈ റിഫൈനറി സ്ഥിതിചെയ്യുന്ന 450 ഏക്കര്‍ സ്ഥലത്തിന്റെ കമ്പോളവില 50,000 കോടി രൂപയിലധികമാണ്. കൊച്ചി റിഫൈനറി 1500 ഏക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. 11 സബ്‌സിഡിയറി കമ്പനികള്‍, 23 അസോസിയേറ്റഡ് കമ്പനികള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കു കൈമാറുക. കേന്ദ്രഗവണ്‍മെന്റിന്റെ കൈവശമുള്ള 53.9 ശതമാനം ഓഹരിയുടെ മാര്‍ക്കറ്റ് വിലയ്ക്ക്. ഇത് ഏതാണ്ട് 65000 കോടി രൂപ വരും. രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ പകല്‍ക്കൊള്ളയാണ് ബി.പി.സി.എല്‍ വില്പനയിലൂടെ നടക്കാന്‍ പോകുന്നതെന്ന് തൊഴിലാളികളും വില്പനയെ എതിര്‍ക്കുന്നവരും ആരോപിക്കുന്നു. 

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എക്‌സോണ്‍ മൊബീല്‍ കോര്‍പ്പറേഷനാണ് ബി.പി.സി.എല്ലില്‍ നോട്ടമിട്ടിട്ടുള്ളവയില്‍ പ്രമുഖം. ലോകത്തിലെ തന്നെ വന്‍കിട എണ്ണക്കമ്പനികളിലൊന്നായ ഇതിന്റെ ആസ്ഥാനം ടെക്‌സാസാണ്. സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോയാണ് മറ്റൊരു കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി പങ്കാളിത്തത്തിനുള്ള നീക്കങ്ങള്‍ ഈ കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എക്‌സോണ്‍ മൊബീലും അരാംകോയും സൗദി അറേബ്യയുടെ എണ്ണ ഉല്പന്ന വിപണനമേഖലയില്‍ സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണ്. സൗദിയില്‍ പെട്രോളിയം പൈപ്പ്ലൈനുകള്‍ അടക്കമുള്ള പദ്ധതികള്‍ അരാംകോയ്ക്കുവേണ്ടി എക്‌സോണ്‍ മൊബീല്‍ നടത്തുന്നതുപോലെ ബി.പി.സി.എല്‍ എക്‌സോണ്‍ മൊബീലിന് കൊടുക്കുന്നപക്ഷം ഒടുവില്‍ ആ സ്ഥാപനം ചെന്നുചേരുക അമേരിക്കന്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും. 
മോദിയുടെ ഹൂസ്റ്റണ്‍ ഷോയുടെ പ്രധാന സാമ്പത്തിക സ്‌പോണ്‍സര്‍മാരായ അമേരിക്കന്‍ പ്രകൃതിവാതക ഖനനക്കമ്പനി ടെലൂറിയനും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ്. സംഘ്പരിവാറിനുവേണ്ടി വിദേശത്ത് ഫണ്ട് സമാഹരിക്കുന്ന ടെക്‌സാസ് ഇന്‍ഡ്യാ ഫോറം ആയിരുന്നു മോദിയുടെ ഹൂസ്റ്റണ്‍ ഷോയുടെ പ്രധാന സംഘാടകര്‍. ബി.പി.സി.എല്‍ വില്‍ക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തിപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു ഹൂസ്റ്റണിലെ പരിപാടി. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ ബി.പി.സി.എല്‍ വില്‍ക്കാന്‍ നിയമം പാസ്സാക്കിയെടുത്ത 2016-ലാണ് ടെലൂറിയന്‍ സ്ഥാപിതമാകുന്നത്. മോദിയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജിയുമായി ടെലൂറിയന്‍ സംയുക്ത സംരംഭത്തിന് ഒപ്പുവെച്ചു. അമേരിക്കയിലെ ലൂസിയാനയില്‍ ടെലൂറിയന്‍ ആരംഭിക്കുന്ന പ്രകൃതിവാതക ഖനനപദ്ധതിയില്‍ പെട്രോനെറ്റ് 1.77 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ധാരണ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി, ഗെയ്ല്‍, ബി.പി.സി.എല്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ്. ബി.പി.സി.എല്ലിന് പെട്രോനെറ്റില്‍ 12.5 ശതമാനം ഓഹരിയുണ്ട്. പെട്രോനെറ്റ് എല്‍.എന്‍.ജി കൊച്ചി ടെര്‍മിനല്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ബി.പി.സി.എല്‍ തന്നെ. സ്വകാര്യവല്‍ക്കരണ നീക്കം ഹൂസ്റ്റണ്‍ ഷോക്ക് പിന്‍ബലമേകിയ ടെലൂറിയനുവേണ്ടിയാണോ എന്ന സംശയവും ഉയരുന്നത് അതുകൊണ്ടുതന്നെ.

എണ്ണ ഭീമന്മാരുടെ കണ്ണ്
ഉപഭോഗത്തിലെ വര്‍ധനയില്‍
 

ഇന്ത്യയുടെ എണ്ണ ഉപഭോഗം 2040 ആകുമ്പോഴേക്കും പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ആകുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്ക്. 4.7 ദശലക്ഷം ബാരല്‍ ആണ് നിലവിലുള്ള പ്രതിദിന ഉപഭോഗം. 5.2 ശതമാനം വളര്‍ച്ചയാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസിലും ഉപഭോഗം കുറയുമെന്നാണ് പഠനറിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ യു.എസിലെ എണ്ണ ഉപഭോഗം 18 ദശലക്ഷം ബാരലില്‍നിന്ന് 13.8 ദശലക്ഷം ബാരല്‍ ആയി കുറയുമ്പോള്‍ യൂറോപ്പിലിത് 11 ദശലക്ഷം ബാരലില്‍നിന്ന് 6.5 ദശലക്ഷമായി കുറയും. 

ഇതു കാണിക്കുന്നത് പൊതുമേഖലാ കമ്പനികളില്‍ ബഹുരാഷ്ട്ര കമ്പനികള്‍ നോട്ടമിട്ടതിനു പിറകില്‍ ഇന്ത്യയിലെ വര്‍ധിച്ച ഉപഭോഗ സാധ്യതയാണ്. എണ്ണമേഖല ബഹുരാഷ്ട്രകുത്തകകള്‍ക്കു പൂര്‍ണ്ണമായും അടിയറവെയ്ക്കുന്നതോടെ വമ്പന്‍ സാമ്പത്തിക ചൂഷണത്തിനാണ് അരങ്ങൊരുങ്ങുകയെന്ന് ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. നിസ്സാര വിലയ്ക്കാണ് ഈ സ്ഥാപനങ്ങള്‍ കൈമാറുന്നത് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഗുജറാത്തില്‍ ഒരു റിഫൈനറി മാത്രമുള്ള എസ്.ആര്‍.ഓയില്‍ രണ്ടുവര്‍ഷം മുന്‍പ് റോഫ് നെറ്റ് എന്ന റഷ്യന്‍ കമ്പനിക്കു കൈമാറുന്നത് 12.9 ബില്യണ്‍ ഡോളറിന് (80,000 കോടിരൂപ) ആണെങ്കില്‍ അതിലെത്രയോ ഇരട്ടി ആസ്തിയുള്ള ബി.പി.സി.എല്‍ വില്‍ക്കാന്‍ വച്ചിട്ടുള്ളത് 60,000 കോടി രൂപയ്ക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com