പിണറായിയുടെ വൈരുദ്ധ്യാത്മക അധികാരവാദം

പൊലീസ് ഭാഷ്യം നിയമസഭയിലകടക്കം മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍  അദ്ദേഹത്തിന്റെ രാഷ്ട്രീയനയ സമീപനവും മറ്റൊന്നാകാന്‍ വഴിയില്ല.
പിണറായിയുടെ വൈരുദ്ധ്യാത്മക അധികാരവാദം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് അറസ്റ്റ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുടെ മേല്‍ യു.എ.പി.എ ചുമത്തിയതിന്റെ പേരില്‍ അതിരൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന് നേരിടേണ്ടി വന്നത്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ അംഗമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അര്‍ബന്‍ നക്സലുകള്‍ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം. വിമര്‍ശനത്തിനൊടുവില്‍ നടപടി പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നിയമസഭയില്‍ പൊലീസ് ഭാഷ്യം വീണ്ടും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണുണ്ടായത്. പൊലീസ് നല്‍കിയ വീഡിയോദൃശ്യങ്ങളില്‍ മുദ്രാവാക്യം വിളിച്ചതായി കണ്ടതാണ് കുറ്റകൃത്യമായി മുഖ്യമന്ത്രി കണക്കിലെടുത്തത്. 

മുന്‍പ് നടത്തിയ സ്വന്തം പ്രസ്താവനയും പാര്‍ട്ടി നിലപാടും തള്ളിയ മുഖ്യമന്ത്രി അര്‍ബന്‍ നക്സലൈറ്റ് എന്ന പൊലീസ് പദം സഭയില്‍ ആവര്‍ത്തിച്ചില്ലെന്നേയുള്ളൂ. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി ഈ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ താന്‍ നയിക്കുന്ന സര്‍ക്കാരിന് പാര്‍ട്ടി നിലപാട് ബാധകമാകില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്. ദേശീയതലത്തില്‍ യുഎപിഎ കരിനിയമമാണെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭപരിപാടികള്‍ സിപിഎം സംഘടിപ്പിക്കുമ്പോഴാണ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇത്തരം കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത്. ഇതാണ് വൈരുദ്ധ്യവും. 

രാജ്യത്ത് സംഘപരിവാര്‍ ഭരണകൂടം ആക്ടിവിസ്റ്റുകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നത് സി.പി.എം ആണ്. പോട്ട നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് യു.എ.പി.എ നിയമഭേദഗതി നടത്തിയതിനെതിരേ ആദ്യം രംഗംത്ത് വന്ന പാര്‍ട്ടികളിലൊന്നും സി.പി.എമ്മായിരുന്നു. ദേശീയതലത്തില്‍ പ്രക്ഷോഭപരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ കരിനിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുകയും ഭരണം കൈയാളുന്ന സംസ്ഥാനത്ത് അത് പ്രയോഗിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതേയുള്ളൂ. അഫ്സ്പയും യു.എ.പി.എയും ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്ന് പോരാടണമെന്നാണ് സി.പി.എമ്മിന്റെ ഇരുപത്തിയൊന്നാം കോണ്‍ഗ്രസിന്റെ പ്രമേയം തന്നെ പറയുന്നത്. എന്നാല്‍, ഇതൊക്കെ തള്ളിക്കളഞ്ഞ് സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രത്യേകിച്ചൊരു പരിഗണന നല്‍കേണ്ടതില്ലെന്നാണ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ തെളിയിക്കുന്നത്.

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് മാത്രമല്ല. കോടതിവിധികളെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെയും അദ്ദേഹം സ്വന്തം പ്രവൃത്തിയിലൂടെ റദ്ദ് ചെയ്യുന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതും ആശയങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടു മാത്രം ഒരാളെ ഭീകരവാദിയായി മുദ്രകുത്താന്‍ പാടില്ലെന്ന് നിരവിധി തവണ കോടതികള്‍ വ്യക്തമാക്കിയതാണ്. 2015ല്‍ ശ്യാംബാലകൃഷ്ണന്റെ കേസില്‍ മാവോയിസ്റ്റായതുകൊണ്ട് മാത്രം ഒരാളെ തടവില്‍ വയ്ക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചതുമാണ്. രാഷ്ട്രീയമായി ഇടതുസര്‍ക്കാരിന് യോജിക്കാന്‍ കഴിയുന്ന വിധിയായിരുന്നു ഇത്. എന്നിട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. മാവോവാദത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരേ പോലും യുഎപിഎ ചുമത്താന്‍ നിയമം അനുവദിക്കുന്നതായി വാദിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി വിധി ഇന്ദു മല്‍ഹോത്രയും സുഭാഷ് റെഡ്ഡിയും അടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

ജനാധിപത്യത്തിലെ സേഫ്റ്റി വാല്‍വുകളാണ് വിയോജിപ്പുകളെന്നും സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചതുകൊണ്ട് മാത്രം അവരെ മാവോയിസ്റ്റായി കണക്കാക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശം പറയുമ്പോള്‍ മാവോയിസ്റ്റ് അനുഭാവിയാക്കുന്നത് ശരിയല്ലെന്നും ബി. സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചരിത്രകാരനായ രാമചന്ദ്രഗുഹയെയും നന്ദിനി സുന്ദറും അഗ്‌നിവേശും അടക്കമുള്ളവര്‍ മാവോയിസ്റ്റ് അനുഭാവികളാണെന്ന് ഛത്തീസ്ഗഡ് പൊലീസ് കുറ്റവാളികളാക്കിയപ്പോഴാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക ഇടപെടലുണ്ടായത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി കണക്കാക്കണമെന്ന ഹൈക്കോടതി വിധികളുണ്ട്. മനുഷ്യാവകാശം അവര്‍ക്ക് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന കോടതിവിധികളുണ്ടായി. 

അറസ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, മറിച്ച് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ നിരന്തരം അപലപിക്കുകയും സാഹചര്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്ന സിപിഎം കേരളത്തിലെ ഏറ്റുമുട്ടല്‍ കൊലകളില്‍ എന്ത് പറയും. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലും ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തുന്നതും ആ എതിര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതും പാര്‍ട്ടിയുടെ രീതിയാണ്. എന്നാല്‍ സാമാന്യ ബുദ്ധിക്ക് പോലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന് തെളിഞ്ഞ മൂന്ന് സംഭവങ്ങള്‍ കേരളത്തില്‍ പിണറായി വിജയന്റെ ഭരണത്തില്‍ ഉണ്ടായി. ആദ്യം നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തി. പിന്നെ വൈത്തിരിയില്‍. ഇപ്പോള്‍ പാലക്കാട് മഞ്ചങ്കണ്ടിയില്‍. ആകെ ഏഴ് പേര്‍.
    
അവ്യക്തമായ
നടപടികള്‍

യുഎപിഎ കേസുകളുടെ പുന:പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. സര്‍ക്കാര്‍ പരിശോധിക്കുമെന്നല്ലാതെ മുഖ്യമന്ത്രി മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല. യുഎപിഎ ചുമത്തിയാല്‍ ഉടന്‍ പ്രാബല്യത്തിലാകില്ലെന്നും അതിന് സര്‍ക്കാരിന്റെയും യുഎപിഎ സമിതിയുടെയും അനുമതി വേണമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഇതെത്രത്തോളം സത്യസന്ധമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. തെളിവുകളുണ്ടെന്ന് ഐജി അടക്കമുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുമ്പോള്‍ എങ്ങനെയാണ്, ഏതുരീതിയിലാണ് സര്‍ക്കാര്‍ പുനപരിശോധന നടത്തുകയെന്നത് വ്യക്തമല്ല. മുന്‍കാലത്തെ ചില കണക്കുകള്‍ അത് ശരിവയ്ക്കുന്നു. 43 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയെന്നും ഈ കേസുകളില്‍ യുഎപിഎ നീക്കം ചെയ്യുമെന്നും ഡിജിപി പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ് ഈ 43 കേസുകള്‍ എന്ന് വ്യക്തമാക്കാന്‍ തയാറായില്ല. വിവരാവകാശം വഴി ലഭിച്ച മറുപടി പ്രകാരം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നുമായിരുന്നു. ഇനി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന  റിട്ട.ജസ്റ്റിസ് ഗോപിനാഥന്‍ അധ്യക്ഷനായ പുന:പരിശോധനാ കമ്മറ്റി നിയമത്തില്‍ തന്നെ പറയുന്ന സമിതിയാണ്. അതായത് പുനപരിശോധനയ്ക്കുള്ള സമിതി അല്ല ഇത്. പകരം പ്രതികള്‍ക്കെതിരെ വിചാരണാനുമതി നല്‍കാമൊ ഇല്ലയോ എന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന അതോറിറ്റിയാണ് ഇത്.

നിയമപ്രകാരം വിചാരണാനുമതി നല്‍കണോ വേണ്ടയോ എന്ന് ശുപാര്‍ശ ചെയ്യാനായി സര്‍ക്കാര്‍ നിര്‍ബന്ധമായും നിയമിക്കേണ്ട അതോറിറ്റിയാണത്. കമ്മറ്റിയുടെ ഉത്തരവാദിത്തം പുന:പരിശോധനയല്ല, മറിച്ച് പ്രതികള്‍ക്കെതിരെ വിചാരണ നടത്താന്‍ അനുമതി നല്‍കണോ വേണ്ടയോ എന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യല്‍ മാത്രമാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് കേസ്സിന്റെ അന്വേഷണം അവസാനിച്ചതിനു ശേഷം മാത്രമാണ്. കേസന്വേഷണം കഴിഞ്ഞാല്‍ കുറ്റപത്രവും തെളിവുകളുമുള്‍പ്പടെ ഈ അതോറിറ്റിക്ക് സമര്‍പ്പിക്കും. അതോറിറ്റി അത് പരിശോധിച്ച് വിചാരണാനുമതി നല്‍കാമോ അല്ലയോ എന്ന് സര്‍ക്കാറിന് ശുപാര്‍ശ ചെയ്യും. ശുപാര്‍ശക്ക് അനുസൃതമായി സര്‍ക്കാര്‍ വിചാരണാനുമതി കാര്യത്തില്‍ തീരുമാനമെടുത്ത് ഉത്തരവിറക്കും. ആ ഉത്തരവ് സഹിതം കേസ്സ് ഫയല്‍ അന്വേഷണ ഉദ്യോഗസ്ഥന് തിരിച്ചു നല്‍കും. അത് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. വിചാരണാനുമതി നല്‍കിയ കേസ്സാണെങ്കില്‍ കോടതി വിചാരണാ നടപടികള്‍ ആരംഭിക്കും. വിചാരണാനുമതി ഇല്ലെങ്കില്‍ കോടതിക്ക് വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കഴിയില്ല. അവിടെ വച്ച് കേസ് അവസാനിക്കും. അതായത് ഇനി പുനപരിശോധന എന്ന നടപടിക്രമത്തിനു പോലും കുറേ കാലതാമസമുണ്ടാകുമെന്നര്‍ത്ഥം. അത്രയും യാതനകളും പീഡനവും പ്രതികള്‍ സഹിക്കേണ്ടി വരും.  

കരിനിയമങ്ങളുടെ
ചരിത്രം

സ്വാതന്ത്ര്യാനന്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ കാലാകാലങ്ങളില്‍ ഭരണകൂടങ്ങള്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മിക്കതും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ കരിനിയമങ്ങളായിരുന്നു. 1963ല്‍ മൂന്നാം ലോക്സഭയിലാണ് ഇന്നത്തെ യു.എ.പി.എ മാതൃകയിലുള്ള ഒരു നിയമനിര്‍മാണത്തിന് തുടക്കം കുറിച്ചത്. ചൈനയുമായുള്ള യുദ്ധവും തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭവും കണക്കിലെടുത്ത് ഭരണഘടനയുടെ പത്തൊമ്പതാം ചട്ടം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും സമ്മേളിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നതായിരുന്നു ഈ ചട്ടം. ദുര്‍ബലമായ എതിര്‍പ്പുകളെ അവഗണിച്ച് സര്‍ക്കാര്‍ നിയമഭേദഗതി പാസാക്കി. ദേശസുരക്ഷയുടെ പേരില്‍ യുക്തിസഹമായ ചില വിലക്കുകളേര്‍പ്പെടുത്തി എന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഇതിനെ ന്യായീകരിച്ചത്. ഭേദഗതിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത് തമിഴ്നാട്ടിലെ പ്രക്ഷോഭങ്ങളായിരുന്നു. ഡി.എം.കെ വിഘടനാവാദം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.

തുടര്‍ന്ന് മൂന്നാം ലോക്സഭയില്‍ യു.എ.പി ബില്‍ വരുന്നു. നെഹ്റുവിന്റെ മരണത്തെത്തുടര്‍ന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് പ്രധാനമന്ത്രി. കടുത്ത പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബില്‍ പാസാക്കാന്‍ സര്‍ക്കാരിനായില്ല. ശാസ്ത്രിയുടെ മരണത്തോടെ 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തു. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. പാര്‍ട്ടി ദുര്‍ബലമായെങ്കിലും ശക്തനായ പ്രധാനമന്ത്രിയായി ഇന്ദിര വാഴ്ത്തപ്പെട്ടു. ഈ നാലാം ലോക്സഭയില്‍ ബില്‍ പാസായി. രാജ്യഭീഷണിയായ സംഘടനകളെ നിരോധിക്കാനും ഭീകരപ്രവര്‍ത്തനത്തിന് സഹായിക്കുന്ന വ്യക്തികളെ തടയാനും പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അതിദേശീയതയുടെ ഘോഷണം എന്ന രീതിയില്‍ ആഘോഷിക്കപ്പെട്ട ബില്ലിനെതിരേ വിമര്‍ശനങ്ങളുമുണ്ടായി. വിഘടനവാദം എവിടെയെന്ന് ചോദിച്ച കോണ്‍ഗ്രസിന്റെ തന്നെ എംപിയായിരുന്ന സി.സി. ദേശായി രംഗത്തു വന്നു. കശ്മീരിലും നാഗാലാന്‍ഡിലും മിസോ കുന്നുകളിലും സര്‍ക്കാര്‍ നയങ്ങളാണ് പ്രശ്നം വഷളാക്കിയത് എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെല്ലാം മറികടന്ന് യു.എ.പി ബില്‍ 1977ല്‍ നിയമമായി. മൊറാര്‍ജി ദേശായിയായിരുന്നു പ്രധാനമന്ത്രി.

സാമൂഹികമായ ചെറുഇളക്കങ്ങളെപ്പോലും ഭയക്കുന്ന ഭരണകൂടം വീണ്ടും നിയമങ്ങള്‍ കൊണ്ടുവന്നു. ടാഡായുടെയും പോട്ടയുടെയും വരവ് അങ്ങനെയാണ്. ടാഡ നിയമം വരുന്നത് 1985ലാണ്. കേവലം രണ്ട് വര്‍ഷത്തേക്കായിരുന്നു ഓര്‍ഡിനന്‍സ് പാസാക്കിയത്. 1987ല്‍ ഈ നിയമം പാസാക്കപ്പെട്ടു. രാജീവ്ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. കര്‍ത്താസിങ് കേസിലൂടെ സുപ്രീംകോടതി ഈ നിയമത്തിന് ഭരണഘടനാസാധുത നല്‍കി. 1989ലും 1991ലും 1993ലും നിയമത്തില്‍ ഭേദഗതികളുണ്ടായി. എന്നാല്‍ പിന്നീട് രാഷ്ട്രീയപാര്‍ട്ടികളുടെയും ജനാധിപത്യവാദികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ടാഡാ പാസാക്കാനായില്ല. മനുഷ്യാവകാശത്തിന് വേണ്ടിയായിരുന്നില്ല ജനാധിപത്യവാദികളുടെ ഈ എതിര്‍പ്പ്. മറിച്ച്, ടാഡാ നിയമം പ്രയോഗിച്ചത് ഭീകരവാദികള്‍ക്കെതിരായിരുന്നില്ലെന്നും അത് രാഷ്ട്രീയകാരണങ്ങളാല്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരായിരുന്നതു എന്നതുകൊണ്ടായിരുന്നു. 1995ല്‍ പിന്‍വലിക്കുന്നതിനു മുന്‍പായി 76,000 പേര്‍ ഈ നിയമപ്രകാരം കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് കണക്ക്. അന്ന് അറസ്റ്റിലായവരില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ളവരെ മാത്രമാണ് കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷിച്ചതും. ശേഷിക്കുന്നവര്‍ ജാമ്യം കിട്ടാതെ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞു. 


അഞ്ചുവര്‍ഷത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത നിയമം കൊണ്ടുവരുന്നത്. 1999ല്‍ പോട്ടോ(ഭീകര പ്രവര്‍ത്തന നിരോധന) ബില്‍ വന്നു. മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കാതെ 2001ല്‍ അത് നിയമമാക്കി. രണ്ടുമാസത്തിനകം ഈ നിയമത്തില്‍ ഭേദഗതി വരുത്തി. 2002 മാര്‍ച്ച് 28ന് അത് നിയമമായി. ടാഡ നിയമം പോലെ തന്നെ ഇതിലും കുറ്റം ചുമത്തപ്പെടുന്നവരുടേയും ശിക്ഷിക്കപ്പെടുന്നവരുടേയും ശതമാനം വളരെ കുറവായിരിക്കുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതായിരുന്നു ഈ നിയമം. പ്രതിഷേധത്തിന്റെ എല്ലാ രൂപങ്ങളേയും അവ അഹിംസാത്മകമായിരുന്നെങ്കില്‍പ്പോലും ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍കൊള്ളിച്ചു. പോട്ടോ പിന്നീട് 2004ല്‍ പിന്‍വലിച്ചു.
2004ല്‍ കേന്ദ്രസര്‍ക്കാര്‍ 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ' വ്യഖ്യാനിച്ചുകൊണ്ട് യു.എ.പി.എ യില്‍ ഭേദഗതി വരുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 'തീവ്രവാദ പ്രവര്‍ത്തനം' എന്ന വ്യാഖ്യാനവും 'തീവ്രവാദ സംഘം'എന്ന ആശയവും ബില്ലിനോട് ചേര്‍ത്തത് അന്നാണ്. 2008 നവംബറിലുണ്ടായ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഭേദഗതി കൂടി കൊണ്ടുവന്നു. ആക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്നതിനു മുന്‍പായിരുന്നു ഈ ഭേദഗതി. 1967ല്‍ ബില്ല് നിയമമാക്കുന്നതിന് കൊണ്ടുവരുമ്പോഴുണ്ടായ എതിര്‍പ്പുപോലും, 2004ലും 2008ലും പാര്‍ലമെന്റിലുണ്ടായില്ല എന്നതാണ് ഏറ്റവും ഖേദകരം. നിയമവിരുദ്ധ സംഘചേരലുകളെയെല്ലാം തീവ്രവാദമാക്കി വ്യാഖ്യാനിക്കുന്നതടക്കമുള്ള ഭേദഗതികളാണ് 2008ല്‍ പുതിയതായി കൊണ്ടുവന്നത്. 2012 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനത്തിലൂടെ ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം (നാഷണല്‍ കൗണ്ടര്‍ റ്റെററിസം സെന്റര്‍എന്‍.റ്റി.പി.സി) സ്ഥാപിച്ചു. യു.എ.പി.എ ഉപയോഗിച്ചുള്ള അധികാരനിര്‍വ്വഹണമാണ് എന്‍.റ്റി.പി.സിയുടെ പ്രവര്‍ത്തനത്തിന്റെ കാതല്‍. പ്രാഥമിക അന്വേഷണ ഏജന്‍സി അല്ലെങ്കില്‍ പോലും എല്ലാ ഏജന്‍സികളിലും നിന്നും വകുപ്പുകളില്‍ നിന്നും രഹസ്യവിവര ശേഖരണവും അന്വേഷണങ്ങളും എന്‍.റ്റി.പി.സിക്ക് സാധ്യമാണ്. വിജ്ഞാപന പ്രകാരം എന്‍.റ്റി.പി.സി ഡയറക്ടര്‍ക്ക് എല്ലാ തീവ്രവാദ വിരുദ്ധ നടപടികളും നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും കഴിയും. അഥവാ യു.എ.പി.എയുടെ 43 എ വകുപ്പ് പ്രകാരമുള്ള അറസ്റ്റ്, പരിശോധന തുടങ്ങിയ അധികാരങ്ങള്‍ എന്‍.റ്റി.പി.സി ക്ക് വന്നുചേരും. കൂടുതല്‍ വ്യക്തമാക്കി പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളിലും യു.എ.പി.എയും എന്‍.റ്റി.പി.സിയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാനങ്ങളോട് ആലോചിക്കുക പോലും വേണ്ടാതെ ഇടപെടാന്‍ കഴിയുമെന്ന് ചുരുക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com