മാര്‍ക്കുദാനത്തിന്റെ കാണാപ്പുറങ്ങള്‍: എംജി സര്‍വകലാശാലയിലെ അഴിമതിയെക്കുറിച്ച്

എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ വിവാദ ബിടെക് സ്‌പെഷ്യല്‍ മോഡറേഷനെ 'അധാര്‍മ്മികം' എന്നു വിശേഷിപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലും
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലും

ഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ വിവാദ ബിടെക് സ്‌പെഷ്യല്‍ മോഡറേഷനെ 'അധാര്‍മ്മികം' എന്നു വിശേഷിപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ, അതു പ്രതിപക്ഷത്തിന് ആയുധമായില്ല; വാര്‍ത്തയുമായില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ സര്‍വ്വകലാശാലാ അദാലത്തില്‍ പങ്കെടുത്തതിലെ അധാര്‍മ്മികതയ്ക്കു പിന്നാലെ ആയിരുന്നു അവര്‍. കഴിഞ്ഞ ഫെബ്രുവരി 22-ന് എം. ജിയില്‍ നടന്ന അദാലത്തും ബിടെക് വിദ്യാര്‍ത്ഥിനിക്കു പരീക്ഷാഫലത്തിനു പുറത്ത് ഒരു മാര്‍ക്ക് അധികം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റേയും ആരോപണങ്ങളുടേയും സത്യാവസ്ഥ അന്വേഷിക്കുമ്പോള്‍ നീങ്ങുന്നത് കൃത്രിമമായി സൃഷ്ടിച്ച പുകമറ. സര്‍ക്കാരിനേയും മന്ത്രിമാരേയും രാഷ്ട്രീയമായും അല്ലാതേയും പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നം വയ്ക്കുന്നത് അസാധാരണമല്ല. എന്നാല്‍, അതിനിടയിലേയ്ക്ക് സര്‍വ്വകലാശാലയിലെ മുന്‍ ഉദ്യോഗസ്ഥനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ. ഷറഫുദ്ദീനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. 

അദാലത്തിന്റെ തലേന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗമാണ് ഒരു മാര്‍ക്ക് സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. പിറ്റേന്നത്തെ അദാലത്തില്‍ മന്ത്രിയുടെ സെക്രട്ടറി കൂടി നിന്നു മോഡറേഷനു തീരുമാനിക്കുകയായിരുന്നു എന്ന വാദം അതോടെ അപ്രസക്തമാകുന്നു. ''നിലവില്‍ പാസ്സ് ബോര്‍ഡ് നല്‍കിയിരിക്കുന്ന മോഡറേഷനു പുറമേ ഒരു മാര്‍ക്ക് സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കണമെന്നു തീരുമാനിക്കുന്നു. ഇതു ബിടെക് കോഴ്സിനു മാത്രം ബാധകമാകുന്നതും വിദ്യാര്‍ത്ഥി അപേക്ഷിക്കുന്ന മുറയ്ക്കു മാത്രം നല്‍കുന്നതുമാണ്.'' ഇതാണ് ഫെബ്രുവരി 21-ലെ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ മിനിറ്റ്സില്‍ പറയുന്നത്.  എന്നാല്‍, സിന്‍ഡിക്കേറ്റിനോ മന്ത്രിമാര്‍ക്കോ മാര്‍ക്ക് കൂട്ടിനല്‍കാന്‍ ചട്ടപ്രകാരം അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പാസ് ബോര്‍ഡിനാണ് ഈ അധികാരം. എന്നാല്‍ റിസല്‍ട്ട് വന്ന പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. 

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉഷാ ടൈറ്റസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്: ''ഞാനോ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ അദാലത്തിന്റെ ബിസിനസ് സെഷനില്‍ പങ്കെടുത്തിട്ടില്ല. അദാലത്ത് ഉദ്ഘാടനവേദിയിലാണ് ഞങ്ങള്‍ ഉണ്ടായിരുന്നത്.'' മന്ത്രിയേയോ സെക്രട്ടറിയേയോ രക്ഷിക്കാന്‍ അവര്‍ നുണ പറയുകയായിരുന്നില്ല എന്നതിന് ഏറ്റവും ബലമുള്ള തെളിവ് അദാലത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്.  അതിലൊരിടത്തും ഉദ്ഘാടനവേദിയിലല്ലാതെ അദാലത്തിന്റെ ഭാഗമായി ഷറഫുദ്ദീനെ കാണുന്നില്ല. സുതാര്യത ഉറപ്പാക്കാന്‍ അദാലത്ത് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തണം എന്നു സര്‍വ്വകലാശാലയ്ക്കു നിര്‍ദ്ദേശം നല്‍കിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു.  മറച്ചുവയ്‌ക്കേണ്ട ഇടപെടലുകള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അത്തരമൊരു നിര്‍ദ്ദേശം ഉണ്ടാകാന്‍ ഇടയില്ലായിരുന്നു. മൂന്നു മണിക്കൂറും 59 മിനിറ്റും ദൈര്‍ഘ്യമുള്ള ആ വീഡിയോ സര്‍വ്വകലാശാലയുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴുമുണ്ട്. പക്ഷേ, മാര്‍ക്ക്ദാന വാര്‍ത്തകള്‍ക്കൊപ്പം വന്നത് എഡിറ്റു ചെയ്തു ചേര്‍ത്ത ഭാഗങ്ങള്‍ മാത്രം; തുടക്കത്തിലും ഇടയ്ക്കും നിന്നുള്ള ദൃശ്യങ്ങള്‍. ആ രണ്ട് സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഷറഫുദ്ദീന്‍ അവിടെയുണ്ടായിരുന്നത്. ഉഷാ ടൈറ്റസിന്റെ റിപ്പോര്‍ട്ടും ദൃശ്യങ്ങളും സ്വയം സംസാരിക്കുന്നവയാണ്. പക്ഷേ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പങ്കെടുത്തു എന്നായിരുന്നു ആരോപണം . 

അദാലത്തില്‍ 
സംഭവിച്ചത് 

ഉദ്ഘാടന സമ്മേളനത്തിന്റെ ഫേസ്ബുക്ക് ലൈവ് തുടങ്ങിയത് 22-നു രാവിലെ 9.09-ന്. ഉദ്ഘാടനത്തിനും അദാലത്തിനും വെവ്വേറെ വേദികള്‍ അതില്‍ കാണുകയും ചെയ്യാം. തത്സമയ സംപ്രേഷണം തുടങ്ങി 15-ാം മിനിറ്റു മുതലാണ് വിശിഷ്ടാതിഥികള്‍ വേദിയില്‍ എത്തുന്നത്. വി.സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുടെ പി.എസ്സും അതില്‍പ്പെടും. 43-ാം മിനിറ്റില്‍ ഷറഫുദ്ദീന്‍ പ്രസംഗിക്കുന്നു. ബിടെക്കില്‍ ഒരു വിഷയം മാത്രം തോറ്റാല്‍ സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കാന്‍ തലേന്ന്, അതായത് 21-ന് സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചതായി പിന്നീട് സംസാരിച്ച സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. പ്രഗാഷ് പറയുന്നു. ഒരു മണിക്കൂറും രണ്ട് മിനിറ്റുമായപ്പോള്‍ ഉദ്ഘാടനച്ചടങ്ങ് അവസാനിച്ചു. തുടര്‍ന്ന് അപേക്ഷകള്‍ കേള്‍ക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡീന്മാരും മറ്റ് ഉദ്യോഗസ്ഥരും മറ്റും അദാലത്ത് ഹാളിനു നടുക്കുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നതു കാണാം. ആ ഭാഗത്തെങ്ങും ഷറഫുദ്ദീന്‍ ഇല്ല. ഉദ്ഘാടന വേദിക്കു സമീപം സുഹൃത്തുക്കളും സംഘടനാ നേതാക്കളും മറ്റുമായി സംസാരിച്ചു നില്‍ക്കുന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞ് എട്ടാം മിനിറ്റില്‍ കാണുന്നുമുണ്ട്. ദീര്‍ഘകാലം എം.ജിയില്‍ ഉദ്യോഗസ്ഥനും സിന്‍ഡിക്കേറ്റ് അംഗവും സംഘടനാ നേതാവുമായിരുന്ന ഷറഫുദ്ദീന്‍ അപ്പോഴും ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരുന്നുതാനും. ഡെപ്യൂട്ടേഷനിലാണ് മന്ത്രിയുടെ പി.എസ് ആയത്. പിന്നീട് മേയ് 31-ന് വിരമിക്കുകയും ചെയ്തു. 

വീഡിയോയില്‍ ഒരു മണിക്കൂറും 26 മിനിറ്റുമാകുമ്പോള്‍ ഷറഫുദ്ദീന്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചു പുറത്തേയ്ക്കു പോകുന്നതു കാണാം. പിന്നീട് കാണുന്നത് അദാലത്തില്‍ തീര്‍പ്പാക്കിയ അപേക്ഷകളെക്കുറിച്ചു പ്രഖ്യാപനം നടത്തുന്ന വേദിയിലാണ്. ഇതു രണ്ട് മണിക്കൂര്‍ കഴിഞ്ഞു 44-ാം മിനിറ്റിലാണ്. ജോയിന്റ് രജിസ്ട്രാര്‍ സാബു തോമസ് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ വേദിയില്‍ ഷറഫുദ്ദീനും രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയുമുണ്ട്. അദാലത്ത് അപേക്ഷകള്‍ പരിഗണിച്ച വേദിയിലായിരുന്നില്ല, ഉദ്ഘാടനം നടന്ന വേദിയിലായിരുന്നു ഇത്. ഹ്രസ്വമായ ഈ ചടങ്ങില്‍ മന്ത്രിയുടെ പ്രതിനിധിയുടെ സാന്നിധ്യമുണ്ടാകാന്‍ സര്‍വ്വകലാശാല അധികൃതര്‍ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. 1.26-ാം മണിക്കൂര്‍ മുതല്‍ 2.44-ാം മണിക്കൂര്‍ വരെയുള്ള വീഡിയോ ദൃശ്യങ്ങളില്‍ ഒരിടത്തും അദാലത്തുമായി ബന്ധപ്പെട്ട ഒരിടത്തും ഷറഫുദ്ദീനെ കാണുന്നില്ല. അതിനുശേഷം മൂന്നു മണിക്കൂര്‍ 59-ാം മിനിറ്റില്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നതിനിടയിലും ഷറഫുദ്ദീന്‍ ഒരിടത്തുമില്ല. ഉദ്ഘാടനവേദിയിലും പിന്നീട് പ്രഖ്യാപനവേദിയിലും മാത്രം ഉണ്ടായിരുന്ന ആള്‍ മുഴുവന്‍ സമയവും അവിടെത്തന്നെ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ ഈ രണ്ട് സന്ദര്‍ഭങ്ങളുടേയും ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിച്ചു. 

സര്‍വ്വകലാശാലയിലെ അദാലത്ത് ഉദ്ഘാടനത്തില്‍ മന്ത്രിയുടെ പി.എസ്. പങ്കെടുത്ത് പ്രസംഗിച്ചത് ഒഴിവാക്കാമായിരുന്നു എന്ന വസ്തുത അപ്പോഴും അവശേഷിക്കുന്നു. വര്‍ഷങ്ങളായി ജോലിചെയ്യുന്ന സര്‍വ്വകലാശാലയില്‍നിന്നു വിരമിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ലഭിച്ച അവസരം ഉപയോഗിക്കുകയാകാം അദ്ദേഹം ചെയ്തത്. അതു പക്ഷേ, അതിലെ അനൗചിത്യത്തിനും അപ്പുറമാണ് വിമര്‍ശനവിധേയമാകുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളില്‍ ഏതു സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ പങ്കെടുക്കുന്നത് അസ്വാഭാവികമായി ആരും കാണാറില്ല. മന്ത്രിയെപ്പോലെതന്നെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പരിഗണിക്കുന്ന പ്രൈവറ്റ് സെക്രട്ടറിമാരുമുണ്ട്; മുന്‍പും ഉണ്ടായിരുന്നു. പരിചയക്കുറവുള്ള മന്ത്രിക്കു ഭരണത്തില്‍ നിര്‍ണ്ണായക സഹായങ്ങളും പിന്തുണയും നല്‍കുന്നവരാണ് അവരില്‍ ഭൂരിപക്ഷവും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍  സുപരിചിതനായ ഷറഫുദ്ദീന്‍ കെ.ടി. ജലീലിനു നല്‍കുന്നതും അത്തരം പിന്തുണതന്നെയാകണം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭയിലും പാര്‍ലമെന്റിലും പിന്നീട് അംഗമായ പല പ്രമുഖരും അതിനു മുന്‍പ് മന്ത്രിമാരുടെ സെക്രട്ടറിയായിരുന്നിട്ടുണ്ട്; എം.എല്‍.എ ആയ ശേഷം മന്ത്രിയുടെ സെക്രട്ടറിയായവരുമുണ്ട്. നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം.വി. ജയരാജന്‍ ഒന്നിലധികം തവണ നിയമസഭാംഗമായ ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കാര്യക്ഷമമായി ചലിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. 

കാലിക്കറ്റും 
കുസാറ്റും 

കഴിഞ്ഞ ഫെബ്രുവരി 18-നാണ് എം.ജി സര്‍വ്വകലാശാല ആക്ട് പ്രകാരം സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍മാരുടെ 11 അംഗ നിര്‍വ്വാഹക സമിതി രൂപീകരിച്ചത്. 22-ന്റെ അദാലത്തിലും തലേദിവസത്തെ പരാതി പരിഗണനാ യോഗത്തിലും സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങളാണ് ആ സമിതിക്ക് നല്‍കിയത്. അഡ്വ. പി.കെ. ഹരികുമാര്‍, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. പി.കെ. പത്മകുമാര്‍, ഡോ. ആര്‍. പ്രഗാഷ്, ഡോ. വി.എസ്. പ്രവീണ്‍ കുമാര്‍, ഡോ. കെ. ജയചന്ദ്രന്‍, ഡോ. എസ്. സുജാത, ഡോ. എ. ജോസ്, ഡോ. എം.എസ്. മുരളി, ഡോ. കെ. കൃഷ്ണദാസ്, ഡോ. അജി എസ്. പണിക്കര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനില്‍ ലഭിച്ച അപേക്ഷകളിലാണ് അവര്‍ 21-നു യോഗം ചേര്‍ന്നു തീരുമാനമെടുത്തത്. വൈസ് ചാന്‍സലര്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ബി ടെക് ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ പിന്നീട് ഏപ്രില്‍ 30-നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് മെയ് 17-ന് സര്‍വ്വകലാശാലാ ഉത്തരവായും ഇറക്കി. 

എം.ജി. സര്‍വ്വകലാശാല ആക്റ്റിലെ 23 (XV) വകുപ്പു പ്രകാരം മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമുണ്ട് എന്നാണ് വാദം. എന്നാല്‍, സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുകയും ഫലം അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നാണ് സിന്‍ഡിക്കേറ്റിന്റെ അധികാരമായി ആ വകുപ്പില്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് അതിനപ്പുറമുള്ള തീരുമാനം വേണ്ടാത്തതായി മാറുന്നത്. ഏതായാലും വിവാദമായതോടെ മോഡറേഷന്‍ നല്‍കല്‍ തീരുമാനം റദ്ദാക്കാന്‍ ഒക്ടോബര്‍ 24-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അതേസമയം, പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പും ശേഷവും മോഡറേഷന്‍ നല്‍കാന്‍ സര്‍വ്വകലാശാലകള്‍ തീരുമാനമെടുക്കുന്ന ആദ്യ സംഭവം എം.ജിയിലെ ഈ തീരുമാനമല്ല എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് ഷറഫുദ്ദീന്‍ കാരണമില്ലാതെ വേട്ടയാടപ്പെടുകയായിരുന്നു എന്നു വ്യക്തമാകുന്നത്. 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2012 ജൂണ്‍ ആറിന് കാലിക്കറ്റ് സര്‍വ്വകലാശാല ഇറക്കിയ ഉത്തരവുപ്രകാരം ബിടെക്കിന് 2008 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 20 മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. കൊച്ചി സര്‍വ്വകലാശാലയിലെ കോഴ്സ് മോഡറേഷന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള തീരുമാനമെടുത്ത് 2012 ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവാണ് മറ്റൊന്ന്. 

അതിനുമപ്പുറം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവേശനത്തിനു നിശ്ചിത യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിക്ക് അനധികൃതമായി പ്രവേശനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങളും പുറത്തുവരികയാണ്. 2012-ല്‍ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലാണ് ഒരു സംഭവം. എം.എസ്സി ഫിസിക്‌സ് കോഴ്സ് പ്രവേശനത്തിനു നിശ്ചിത മാര്‍ക്ക് ഇല്ലാത്ത വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പ്രവേശന നടപടികള്‍ അവസാനിച്ചശേഷം സര്‍വ്വകലാശാലാ ചട്ടത്തിനു വിരുദ്ധമായി പ്രവേശനം നല്‍കരുതെന്ന സര്‍വ്വകലാശാലാ നിര്‍ദ്ദേശം മറികടന്നായിരുന്നു ഈ ഉത്തരവ്. ഈ വിദ്യാര്‍ത്ഥിക്ക് അര്‍ഹത ഇല്ലാത്തതുകൊണ്ട് പരീക്ഷയ്ക്ക് ഇരുത്താന്‍ പാടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പിന്നീട് ഉത്തരവിട്ടു. എന്നാല്‍, ഇതും മറികടന്ന് വിദ്യാര്‍ത്ഥിയുടെ പ്രവേശനം റെഗുലറൈസ് ചെയ്ത് പരീക്ഷയ്ക്കിരുത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്. 
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്)യില്‍ ഹാജര്‍ കുറവുള്ള വിദ്യാര്‍ത്ഥിക്ക് ചട്ടങ്ങളില്‍ ഇളവ് വരുത്തി പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ സംഭവവുമുണ്ടായി. ബിടെക് സിവില്‍ എന്‍ജിനീയറിംഗ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിക്കാണ് നിശ്ചിത ഹാജര്‍ ഇല്ലാതിരുന്നത്. മുന്‍പുണ്ടാകാത്ത നടപടിയിലൂടെയാണ് ചട്ടത്തില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയും ആ വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചതും. ഈ രണ്ട് സംഭവങ്ങളും സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തിനുമേല്‍ സര്‍ക്കാര്‍ നടത്തിയ പ്രകടമായ കടന്നുകയറ്റമായിരുന്നു. 

പ്രകോപനമായത്
പരിഷ്‌കാരങ്ങള്‍ 

കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും ഒരു വിഭാഗത്തിന് ഉണ്ടാക്കിയ അസ്വാസ്ഥ്യം പ്രധാനമാണ്. അതു പക്ഷേ, ഇപ്പോഴത്തെ വിവാദത്തില്‍ എത്രത്തോളം പങ്കുവഹിച്ചു എന്നു വ്യക്തമല്ല. വിവിധ സര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ക്ലാസ്സുകള്‍ തുടങ്ങുന്നത് ഏകീകരിച്ചു. പലയിടത്തും പലപ്പോഴായിരുന്നത് ഇതാദ്യമായി ഒറ്റ ദിവസമായി. ഒന്നാംവര്‍ഷ ഡിഗ്രി ക്ലാസ്സുകള്‍ ജൂണ്‍ ഒന്നിനും പി.ജി ക്ലാസ്സുകള്‍ ജൂണ്‍ 17-നും തുടങ്ങി. 2015-2016ല്‍ എം.ജിയില്‍ പി.ജി ക്ലാസ്സ് തുടങ്ങിയത് സെപ്റ്റംബര്‍ 18-ന്; അടുത്ത രണ്ടു വര്‍ഷം അത് സെപ്റ്റംബര്‍ 27-ഉം പിറ്റേ വര്‍ഷം ആഗസ്റ്റ് ആറുമായി. അവിടെനിന്നാണ് അത് ജൂണ്‍ 17-ല്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം കേരള സര്‍വ്വകലാശാലയില്‍ പി.ജി ക്ലാസ്സുകള്‍ തുടങ്ങിയത് സെപ്റ്റംബര്‍ 24-നാണ്. പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം എന്നിവ ഇതിന്റെ തുടര്‍ച്ചയായി സമയബന്ധിതമാക്കി. സര്‍വ്വകലാശാലകള്‍ സ്വയം തയ്യാറാകാത്ത കാര്യത്തിലേയ്ക്ക് വകുപ്പ് അവരെ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ കര്‍ക്കശമായ നിലപാട് കൊണ്ടുകൂടിയാണ് അതു സാധ്യമായത്. മൂല്യനിര്‍ണ്ണയത്തിന് എത്താത്ത അധ്യാപകരുടെ പിറ്റേ മാസത്തെ ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശിച്ചത് ചെറുതായൊന്നുമല്ല അവരെ ചൊടിപ്പിച്ചത്.

ഒന്നാംവര്‍ഷ പി.ജി ക്ലാസ്സുകളില്‍ മുന്‍പ് സെപ്റ്റംബറിലും ഒക്ടോബറിലും പഠിപ്പിച്ചു തുടങ്ങിയിരുന്ന അധ്യാപകര്‍ക്ക് ഇപ്പോള്‍ ജൂണില്‍ തന്നെ പഠിപ്പിച്ചു തുടങ്ങണം. എല്‍.എല്‍.ബി ക്ലാസ്സുകള്‍ ഇത്തവണ ജൂലൈ 29-ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം ഇത് ഒക്ടോബര്‍ അവസാനമായിരുന്നു. ബിരുദഫലം റെക്കോര്‍ഡ് വേഗത്തിലാക്കി. എം.ജിയിലും കണ്ണൂരും ഏപ്രിലില്‍ ഫലം വന്നു, തൊട്ടുപുറകേ കേരളയിലും കാലിക്കറ്റിലും. കേരളത്തിനു പുറത്ത് ബിരുദാനന്തര പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വളരെ ഗുണകരമായി. അടുത്ത വര്‍ഷം പി.ജി ക്ലാസ്സുകളും ജൂണ്‍ ഒന്നിനു തുടങ്ങുമെന്ന് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. ഒന്ന് മുതലുള്ള ക്ലാസ്സുകള്‍ തുടങ്ങുന്ന അതേ ദിവസം പി.ജി ക്ലാസ്സും. മൂന്നു മാസത്തോളം മുന്‍പേ ക്ലാസ്സുകള്‍ തുടങ്ങിയതിലൂടെ ഒരു സെമസ്റ്ററിനെത്തന്നെ അത് ഗുണകരമായി സ്വാധീനിച്ചു. പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിച്ചു തീര്‍ത്ത് സമയത്ത് പരീക്ഷ നടത്താവുന്ന സാഹചര്യമുണ്ടായി. സര്‍വ്വകലാശാലകളിലെ രജിസ്ട്രാര്‍ മുതല്‍ എഫ്.ഒമാര്‍ വരെയുള്ളവരുടെ കാലാവധി നാല് വര്‍ഷമാക്കിയ നടപടിയാണ് പ്രകോപനമുണ്ടാക്കിയ മറ്റൊന്ന്. നേരത്തെ അത് 55 വയസ്സ് വരെയും തുടര്‍ന്ന് 56 വയസ്സ് വരെയുമായത് കഴിഞ്ഞ സര്‍ക്കാര്‍ 60 വയസ്സാക്കി. ഇത് വലിയ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഇവരുടെ കാലാവധി നീട്ടിയത് പല സര്‍വ്വകലാശാലകളിലും ഭരണപരമായ പ്രശ്‌നങ്ങള്‍ക്കുള്‍പ്പെടെ ഇടയാക്കി. 

നിര്‍ണ്ണായക തസ്തികകളില്‍ ഒരേ ആളുകള്‍ക്ക് ഇത്രയധികം കാലയളവ് നല്‍കുന്നത് ശരിയായ രീതിയല്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഓര്‍ഡിനന്‍സ് മുഖേനയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ആ കാലാവധി നാല് വര്‍ഷമാക്കിയത്. നാല് വര്‍ഷം അല്ലെങ്കില്‍ 56 വയസ്സ്. ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാര്‍ തീരുമാനത്തെയാണ് അനുകൂലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com