എച്ച്എന്‍എല്‍; ലാഭ നഷ്ടങ്ങളുടെ ബാക്കിപത്രം

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിയ സന്ദര്‍ഭം നോക്കി കമ്പനിയിലും അതിന്റെ ഭൂമിയിലും കണ്ണുവെച്ച സ്വകാര്യതാല്പര്യക്കാര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്
എച്ച്എന്‍എല്‍; ലാഭ നഷ്ടങ്ങളുടെ ബാക്കിപത്രം

ഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു പൊതുമേഖലാ ജീവനക്കാര്‍ കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കി. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ജീവനക്കാരനായ കാരിക്കോട് സ്വദേശി ഒ.ജി. ശിവദാസന്‍ നായരും നിലമ്പൂരില്‍ ബി.എസ്.എന്‍.എല്‍ വണ്ടൂര്‍ സ്വദേശി രാമകൃഷ്ണനുമാണ് കേന്ദ്രഗവണ്‍മെന്റിന്റെ വ്യവസായരംഗത്തെ നയങ്ങളുടെ ഇരകളായി തീര്‍ന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഒരു വര്‍ഷമായി എച്ച്.എന്‍.എല്ലിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയിട്ട്. ഇതേ തുടര്‍ന്ന് കടക്കെണിയിലായ എച്ച്.എന്‍.എല്‍ പ്ലാന്റിലെ ഗ്രേഡ് വണ്‍ ഓപ്പറേറ്ററായിരുന്ന ശിവദാസന്‍ നായര്‍ ജീവനൊടുക്കിയത്. കമ്പനിയിലെ ശമ്പളത്തെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നയാളായിരുന്നു ശിവദാസന്‍ നായര്‍. അത് നിലച്ചതോടെ ഭാര്യയുടെ ചികിത്സയ്ക്കായി പണമില്ലാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ശമ്പളം മുടങ്ങി കടക്കെണിയിലായ മറ്റു തൊഴിലാളികളും ജീവിതച്ചെലവുകളെ നേരിടാനാകാതെ നട്ടംതിരിയുകയാണ്. കേന്ദ്രഗവണ്‍മെന്റ് പ്രവര്‍ത്തന മൂലധനം അനുവദിക്കുകയോ ബാങ്കുകള്‍ക്ക് ഗ്യാരണ്ടി നല്‍കി വായ്പ ലഭ്യമാക്കുകയോ ചെയ്താല്‍ എച്ച്.എന്‍.എല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനാകുമെന്നാണ് തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അതിനു തയ്യാറാകാതെ മോദി സര്‍ക്കാര്‍ കമ്പനി വില്‍ക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കമ്പനി ഏറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരേയും ഒരു തീരുമാനമായിട്ടില്ല. 

സ്വകാര്യവല്‍ക്കരണ പാതയിലേയ്ക്ക് 

ഒരു കാലത്ത് തൊഴില്‍ തേടുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതും കോട്ടയം ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനവുമായ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് കേന്ദ്രഗവണ്‍മെന്റ് ശക്തമാക്കിയത്. കേന്ദ്രഗവണ്‍മെന്റിന്റെ സ്ട്രാറ്റിജിക് പട്ടികയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. 1999-2004 കാലഘട്ടത്തില്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും ഈ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ടായി. തൊഴിലാളികളുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് അന്ന് ആ നീക്കത്തില്‍നിന്നു കേന്ദ്രഗവണ്‍മെന്റ് പിന്മാറുകയായിരുന്നു.

ഇപ്പോള്‍ അഞ്ഞൂറിലധികം സ്ഥിരം തൊഴിലാളികളുടേയും അറുന്നൂറിലധികം കരാര്‍ തൊഴിലാളികളുടേയും മുന്നൂറ്റിയമ്പത് ട്രെയിനികളുടേയും ഇതിനൊക്കെ പുറമേ അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കുന്ന ആയിരക്കണക്കിനാളുകളുടേയും ജീവിതാശ്രയമായ ഈ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുമായി കേന്ദ്രഗവണ്‍മെന്റ് മുന്നോട്ടു പോകുമ്പോള്‍ തൊഴിലാളികളുടേയും നാട്ടുകാരുടേയും പ്രതിഷേധം ഇതിനെതിരെ കനക്കുകയാണ്. 80 കോടി രൂപ മുതല്‍മുടക്കില്‍ 1982-ല്‍ ആരംഭിച്ചതാണ് ഈ സ്ഥാപനം. പിന്നീട് 20 കോടി രൂപ കൂടി മുടക്കി ഡീ ഇങ്കിംഗ് യൂണിറ്റ് കൂടി ആരംഭിച്ചതോടെ ആകെ മുതല്‍മുടക്ക് 100 കോടി ആയി. വെള്ളൂരിലെ എഴുന്നൂറോളം ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ്പ്രിന്റ് ഫാക്ടറിക്കും ടൗണ്‍ഷിപ്പിനും പുറമേ പാട്ടത്തിനെടുത്ത 5500 ഹെക്ടര്‍ വനഭൂമിയില്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കു കമ്പനി പരോക്ഷമായി ആശ്രയമാകുന്നുണ്ട്. 

ഉല്പാദനം ഉല്പാദനലക്ഷ്യത്തിനു മുകളിലേയ്ക്ക് ഉയര്‍ത്തിയാണ് മിനിരത്‌ന പദവി നേടിയത്. 2012-2013 കാലംവരെ തുടര്‍ച്ചയായി ലാഭം ഉണ്ടാക്കിയതാണ് ഈ കമ്പനി. ലാഭവിഹിതമായി 117 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. എന്നാല്‍, ഈ മികവ് നിലനിര്‍ത്തുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ നയങ്ങള്‍ തടസ്സമായി. കാലോചിതമായി വൈവിധ്യവല്‍ക്കരണത്തിനു ചില നടപടികള്‍ കൈക്കൊണ്ടെങ്കിലും ന്യൂസ്പ്രിന്റിനുള്ള ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് എച്ച്.എന്‍.എല്ലിന് തിരിച്ചടിയായി. പിന്നീട് രണ്ടു വര്‍ഷം നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍, 2014-2015 വര്‍ഷത്തില്‍ 1.42 കോടി രൂപയുടെ ലാഭം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് നേടി. 1,15,000 ടണ്‍ ന്യൂസ് പ്രിന്റാണ് പ്രതിവര്‍ഷം വെള്ളൂരില്‍ ഉല്പാദിപ്പിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടുകൂടിയാണ് എച്ച്.എന്‍.എല്ലിന്റെ പ്രവര്‍ത്തനം. 2016-ല്‍ രാജസ്ഥാനിലെ നിലകോട്ടെയിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ ഫിനാന്‍സ് ഡയറക്ടറായിരുന്ന ആര്‍. ഗോപാലറാവു ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിലെ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ഗുരുതരമായതെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തെ ബോധപൂര്‍വ്വം നഷ്ടത്തിലേയ്ക്കു നയിക്കുന്ന നിലപാടാണ് ഗോപാലറാവു കൈക്കൊണ്ടത്. 

ഒരു ടണ്ണിന് 1000 രൂപയ്ക്ക് ലഭ്യമാകുന്ന മുളയടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ ടണ്ണിന് 7000 രൂപയ്ക്ക് അദ്ദേഹം ആന്ധ്രയില്‍ നിന്നു വാങ്ങാനാരംഭിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമാകുന്നതെന്നു തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ന്യൂസ് പ്രിന്റ് നിര്‍മ്മാണ ഫാക്ടറിക്കായി സംസ്ഥാന ഗവണ്‍മെന്റാണ് 1975-ല്‍ 700 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയത്. ഇന്നത്തെപ്പോലെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ രൂക്ഷമായ എതിര്‍പ്പുകളൊന്നും ഉയര്‍ത്താത്ത ആ കാലത്ത് പൊന്നുംവില നല്‍കി നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചായിരുന്നു ഭൂമി ഏറ്റെടുക്കല്‍. ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാറില്‍ വ്യവസ്ഥയും വെച്ചു. ഈ വ്യവസ്ഥയുടെ ലംഘനമാണ് കേന്ദ്രഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ നീക്കമെന്നു സംസ്ഥാന ഗവണ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. 

മാലിന്യപ്രശ്‌നത്തില്‍ ഒടുക്കത്തിന്റെ തുടക്കം 

കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തൊഴിലാളികളെ മറ്റു തൊഴിലുകള്‍ തേടിപ്പോകാന്‍ നിര്‍ബ്ബന്ധിതരാക്കിയാല്‍ ഏറെ പ്രതിഷേധമില്ലാതെ കമ്പനിയും 700 ഏക്കറോളം ഭൂമിയും സ്വകാര്യമേഖലയ്ക്ക് കൈമാറാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം ഭരിക്കുന്നവര്‍ എന്ന തൊഴിലാളികളുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് സംഭവവികാസങ്ങള്‍. എച്ച്.എന്‍.എല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം ആദ്യമായി കഴിഞ്ഞവര്‍ഷം നിര്‍ത്തിവെച്ചു. മലിനീകരണ നിയന്ത്രണത്തിനു മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കമ്പനി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര മലിനീകരണ ബോര്‍ഡ് എച്ച്.എന്‍.എല്ലിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, തൊഴിലാളികളുടെ കൂട്ടായ യത്‌നത്തിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കാനായി. പ്ലാന്റില്‍നിന്നു മലിനജലം ശേഖരിക്കുന്ന ലഗൂണുകള്‍ വൃത്തിയാക്കിയും പുതിയവ കുഴിച്ചും തൊഴിലാളികള്‍ കമ്പനിയെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാന്‍ അഹോരാത്രം പാടുപെട്ടു. ഇക്കാര്യത്തിനായി പുറത്തുനിന്ന് ആളെ എത്തിക്കുകയും ചെയ്തു. ഒടുവില്‍ കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡില്‍നിന്നു  പ്രവര്‍ത്തനാനുമതിയും കിട്ടി. എന്നാല്‍, ഈ പ്രയത്‌നങ്ങളൊന്നും ഫലവത്തായില്ല. പ്രവര്‍ത്തന മൂലധനം ഇല്ലെന്നു ചൂണ്ടിക്കാട്ടി എച്ച്.എന്‍.എല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. 

അതേസമയം കമ്പനിയുടെ സ്വകാര്യവല്‍ക്കരണം എന്ന ആശയത്തിന് അധികാര കേന്ദ്രങ്ങളില്‍ മുന്‍തൂക്കം ലഭിച്ചതോടെ തുടക്കമായ തൊഴിലാളി സമരങ്ങള്‍ക്കു കമ്പനി ഉല്പാദനം നിര്‍ത്തുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെ തീവ്രത വര്‍ധിച്ചു. ട്രേഡ് യൂണിയനുകള്‍ സംയുക്ത സമരസമിതിയും രാഷ്ട്രീയപ്പാര്‍ട്ടികളും നാട്ടുകാരുമുള്‍പ്പെട്ട സമര സഹായസമിതിയും രൂപീകരിച്ച് നിരവധി സമരപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരികയാണ്. എന്നാല്‍, കഴിഞ്ഞ 13 മാസങ്ങളായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ മറ്റു ജീവിതോപാധികള്‍ തേടിപ്പോകാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് തൊഴിലാളികളില്‍ മിക്കവരുമെന്ന് സി.ഐ.ടി.യു നേതാവായ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. 

കേന്ദ്രഗവണ്‍മെന്റിനു മനംമാറ്റം? 

എന്നാല്‍, കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ലിക്വിഡേറ്റര്‍മാരുടെ യോഗത്തില്‍ എച്ച്.എന്‍.എല്ലിന്റെ സ്വകാര്യവല്‍ക്കരണം എന്ന ആവശ്യത്തില്‍നിന്നു കേന്ദ്രഗവണ്‍മെന്റ് പിന്മാറിയേക്കുമെന്ന സൂചനകളുണ്ട്. 
കമ്പനി ഏറ്റെടുത്തു നടത്താനുള്ള സന്നദ്ധത അറിയിച്ച് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും ലിക്വിഡേറ്റര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലിക്വിഡേറ്റര്‍ കുല്‍ദീപ് വര്‍മയും എച്ച്.എന്‍.എല്‍ എം.ഡി ആര്‍. ഗോപാലറാവുവും ഉന്നതോദ്യോഗസ്ഥരും ചര്‍ച്ച നടത്തിയിരുന്നു. എച്ച്.എന്‍.എല്ലിനു സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തു നല്‍കിയ 700 ഏക്കര്‍ സ്ഥലം 30 ദിവസത്തിനകം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ കത്തും ലഭിച്ചിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് വൈകാതെ യോഗം നടക്കുമെന്നാണ് അറിയുന്നത്. കുടിശ്ശിക ഉള്‍പ്പെടെ 430 കോടി രൂപയുടെ ബാധ്യതയും കേന്ദ്രസര്‍ക്കാരിന് 25 കോടി രൂപയും നല്‍കി കമ്പനി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എച്ച്.എന്‍.എല്ലിലെ സി.ഐ.ടി.യു വര്‍ക്കിംഗ് പ്രസിഡന്റ് ടി.ബി. മോഹനന്‍ പറയുന്നു. റിയാബ് (Public Sector Restructuring and Internal Audit Board) ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സിയാണ് നഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടത്തിയത്.

എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങിയ നാളുകള്‍തൊട്ടേ അത് ഏറ്റെടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് സന്നദ്ധത പ്രകടിപ്പിച്ചുവരികയാണ്. എച്ച്.എന്‍.എല്‍ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നതാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട്. ഇക്കാര്യത്തില്‍ കേരളത്തിലെ മുഖ്യപ്രതിപക്ഷമായ ഐക്യ ജനാധിപത്യമുന്നണിയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. കമ്പനി സ്വകാര്യവല്‍ക്കരിക്കരുതെന്നു നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുകയും ചെയ്തു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കേന്ദ്രത്തിനു പലതവണ കത്തയച്ചിരുന്നു. 

ഇതേ കാര്യം ഉന്നയിച്ച് കേന്ദ്ര വ്യവസായമന്ത്രിയേയും സമീപിച്ചിരുന്നു. എന്നാല്‍, പരസ്യലേലം മുഖാന്തിരം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ വിറ്റഴിക്കാനുള്ള നീക്കം ആരംഭിച്ചെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെടുകയാണ് ഉണ്ടായത്. ഒടുവില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുക മാത്രം ചെയ്തു. 

എന്നാല്‍, സ്വകാര്യവല്‍ക്കരണം കേന്ദ്രനയമാണെന്നായിരുന്നു കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് സന്നദ്ധത പ്രകടിപ്പിക്കുകയും ഭൂമിയുടെമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ നീതിപീഠ നിലപാട്.

ടിബി മോഹനൻ, അജിത് കുമാർ വി, എംപി രാജു
ടിബി മോഹനൻ, അജിത് കുമാർ വി, എംപി രാജു

സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കില്ല

ടി.ബി. മോഹനന്‍
വര്‍ക്കിംഗ് പ്രസിഡന്റ്
കെ.എന്‍.ഇ.യു.സി.ഐ.ടി.യു
എച്ച്.എന്‍.എല്‍


മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിരോധനം നീങ്ങിയതിനു ശേഷം വളരെക്കുറച്ചു ദിവസങ്ങളെ കമ്പനി പ്രവര്‍ത്തിച്ചുള്ളൂ. കരാറുകാര്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നവര്‍ക്കുമൊക്കെ വലിയ കുടിശ്ശിക വരുത്തിയിരുന്നു. പ്രവര്‍ത്തനമൂലധനം ഇല്ലായെന്നും കാരണമായി പറഞ്ഞു. കമ്പനി വില്‍ക്കാന്‍ വെച്ചതുകൊണ്ടും ഉല്പാദനം ഇല്ലാത്തതുകൊണ്ടും ബാങ്കുകള്‍ സഹായിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞയാഴ്ച നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ സംസ്ഥാന ഗവണ്മെന്റ് കമ്പനിയുടെ മുകളിലുള്ള അവകാശം സംബന്ധിച്ച വാദം ഉന്നയിച്ചിരുന്നു. ഒഫിഷ്യല്‍ ലിക്വിഡേറ്റര്‍ക്ക് അവയെ എതിര്‍ത്തു നില്‍ക്കാനായില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏതായാലും വൈകാതെ തന്നെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ഒഫിഷ്യല്‍ ലിക്വിഡേറ്റര്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 

കേന്ദ്രഗവണ്‍മെന്റ് ഇത് റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടിയാണ് വില്പനയ്കു വെച്ചിരിക്കുന്നത്. പ്ലാന്റിലും മെഷിനറിയിലുമല്ല, മറിച്ച് ഭൂമിയിലാണ് എല്ലാവരുടേയും കണ്ണ്. എന്നാല്‍, ഭൂമി സംസ്ഥാന ഗവണ്‍മെന്റിന്റേതാണ്. അതിന്മേലുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റ് ഉപേക്ഷിക്കാന്‍ തയ്യാറാകില്ലെങ്കില്‍ വില്പന അസാധ്യമാകും. സംസ്ഥാന ഗവണ്‍മെന്റടക്കം പൊതുമേഖലയെ സംരക്ഷിച്ചുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏവരുടേയും പിടിവള്ളി ഏതാണ്. ഏതായാലും കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളിലും ട്രേഡ് യൂണിയനുകളിലും ഇതു സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ട്. സംസ്ഥാന ഗവണ്‍മെന്റാകട്ടെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ അത്യന്തം ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുന്നുമുണ്ട്. 

കേന്ദ്ര നയത്തിന്റെ പ്രതിഫലനം

അജിത്കുമാര്‍ വി.
ജനറല്‍ സെക്രട്ടറി, 
ഐ.എന്‍.ടി.യു.സി (ചന്ദ്രശേഖരന്‍ വിഭാഗം)

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കുന്നതു കേന്ദ്രഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. തൊഴിലാളികളുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധം ഇക്കാര്യത്തിലുണ്ട്. അത്തരമൊരു നീക്കം അനുവദിക്കില്ലെന്നതാണ് കേരളത്തില്‍ പൊതുവെ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും ട്രേഡ് യൂണിയനുകളുടേയുമൊക്കെ നിലപാട്. എന്നാല്‍, അതൊന്നും കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്രഗവണ്‍മെന്റ് ശ്രമിക്കുന്നത്. 

അതേസമയം ഇങ്ങനെ 100 ശതമാനം ഓഹരിയും സ്വകാര്യ താല്പര്യക്കാര്‍ക്ക് കൈമാറി കമ്പനി വിറ്റുതുലയ്ക്കാന്‍ അത്ര എളുപ്പം സാധ്യമല്ല. ഇത്രയും കാലം പ്രധാനമായും സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തെ ആശ്രയിച്ചാണ് എച്ച്.എന്‍.എല്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നത്. എച്ച്.എന്‍.എല്‍ സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സംസ്ഥാനഗവണ്‍മെന്റ് ഏറ്റെടുത്ത് നല്‍കിയതാണ്. അന്നുണ്ടാക്കിയ വ്യവസ്ഥ ഇതു മറ്റൊരു ആവശ്യത്തിനും പാരന്റ് കമ്പനിയായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിനിയോഗിക്കില്ല എന്നതാണ്. ആ വ്യവസ്ഥയുടെ ലംഘനമാകും ഈ സ്വകാര്യവല്‍ക്കരണം.

മറ്റൊന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍.സി.എല്‍.ടി) നിലനില്‍ക്കുന്ന നിയമപ്രശ്‌നമാണ്. എച്ച്.എന്‍.എല്ലിന്റെ പാരന്റ് കമ്പനിയായ എച്ച്.പി.സി.എല്‍ 10 കോടി രൂപ രത്‌നാകര്‍ ബാങ്ക് ലിമിറ്റഡിന് നല്‍കാനുണ്ട്. എച്ച്.പി.സി.എല്ലിന്റെ സബ്‌സിഡിയറി ആണല്ലോ എച്ച്.എന്‍.എല്‍. രത്‌നാകര്‍ ബാങ്ക് എന്‍.സി.എല്‍.ടിയെ സമീപിച്ചു. എന്‍.സി.എല്‍.ടിയില്‍ ഈയിടെ സംസ്ഥാന ഗവണ്‍മെന്റ് ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്താമെന്നും കടങ്ങള്‍ ഏറ്റെടുക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഏതായാലും കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനു സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.

വിറ്റുതുലയ്ക്കാന്‍ സമ്മതിക്കില്ല

എം.പി. രാജു 
ഐ.എന്‍.ടി.യു.സി (ഉമ്മന്‍ ചാണ്ടി വിഭാഗം)

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് തുച്ഛമായ തുകയ്ക്ക് കൈമാറുകയെന്ന കേന്ദ്രനയം കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്ലില്‍ അനുവദിക്കില്ലെന്ന നിലപാടുമായി ശക്തമായി മുന്നോട്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇത്രയും കാലം കേരളത്തിലെ ഗവണ്‍മെന്റുകളുടെ സഹായ സഹകരണങ്ങളോടെ പ്രവര്‍ത്തിച്ചുപോന്ന സ്ഥാപനമാണ് ഇത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുറംകമ്പോളങ്ങളില്‍ 7000 രൂപയോളം വില വരുന്ന മുളയടക്കമുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കമ്പനിക്ക് 1000 രൂപയ്ക്കാണ് കൊടുത്തത്. കമ്പനിയും ടൗണ്‍ഷിപ്പും നിലനില്‍ക്കുന്ന സ്ഥലമത്രയും സംസ്ഥാന ഗവണ്‍മെന്റ് പൊന്നുംവിലയ്‌ക്കെടുത്ത് നല്‍കിയതാണ്.

ഏതായാലും ഇപ്പോഴത്തെ സംസ്ഥാനസര്‍ക്കാരിന്റെ സമീപനവും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായത്തെ മാനിച്ചുകൊണ്ടുള്ളതാണ് എന്നത് ആശ്വാസകരമാണ്. 

കെ.എസ്.ഇ.ബി കുടിശ്ശിക കൊണ്ട് ഇരുട്ട് വാങ്ങിയ കഥ

കമ്പനി പലര്‍ക്കും കുടിശ്ശിക വരുത്തിയ കൂട്ടത്തില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനും കടം ബാക്കിവെച്ചത് ഒരു വലിയ പ്രദേശത്തെയാകെ ഇരുട്ടിലാഴ്ത്തി. എച്ച്.എന്‍.എല്‍ സബ്‌സ്റ്റേഷനിലേയ്ക്കുള്ള ബന്ധം വൈദ്യുതി ബോര്‍ഡ് വിച്ഛേദിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ സെപ്തംബര്‍ 26-ന് ഒരു പ്രദേശമാകെ ഇരുട്ടിലാവുകയായിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായെങ്കിലും സ്ഥിതിഗതികള്‍ എത്ര ഗുരുതരമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. എച്ച്.എന്‍.എല്‍ ആശുപത്രി, വെള്ളൂര്‍ ഇ.എസ്.ഐ ആശുപത്രി, ഭവന്‍സ് വിദ്യാമന്ദിര്‍, പോസ്റ്റ് ഓഫീസ്, എ.ടി.എം കൗണ്ടര്‍, സഹകരണ ബാങ്ക്, സൂപ്പര്‍മാര്‍ക്കറ്റ്, ടൗണ്‍ഷിപ്പിലെ മറ്റു വ്യാപാരസ്ഥാപനങ്ങള്‍, എച്ച്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ്, റയില്‍വേ ക്വാര്‍ട്ടേഴ്‌സ്, മുടക്കാരി ക്ഷേത്രം എന്നിവയെല്ലാം അന്ന് ഇരുട്ടിലായി. ഇവിടങ്ങളിലേയ്‌ക്കെല്ലാം വൈദ്യുതിയെത്തുന്നത് എച്ച്.എന്‍.എല്‍ സബ്‌സ്റ്റേഷനില്‍നിന്നാണ്. 50 കോടി രൂപയായിരുന്നു കുടിശ്ശിക. ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും ഫലമില്ലാതെ വന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി അറ്റകൈക്ക് മുതിര്‍ന്നതത്രേ. വെള്ളൂര്‍, മുളക്കുളം എന്നീ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണ പദ്ധതി എച്ച്.എന്‍.എല്‍ പരിസരത്താണ്. ഇവിടേയ്ക്ക് വൈദ്യുതി എത്തുന്നതും എച്ച്.എന്‍.എല്‍ സബ്‌സ്റ്റേഷനില്‍ നിന്നുതന്നെ. ഇവിടെ വൈദ്യുതി ഇല്ലാതായാല്‍ രണ്ടു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു കുടിവെള്ളം മുട്ടുകയായിരിക്കും ഫലം. 

സംസ്ഥാന ഗവണ്‍മെന്റിന്റെ വാദങ്ങളും പ്രതീക്ഷകളും

* എച്ച്.എന്‍.എല്ലിന് ആവശ്യമായ 700 ഏക്കര്‍ സ്ഥലം നല്‍കിയതും പശ്ചാത്തലസൗകര്യം ഒരുക്കിയതും കേരളമാണ്.

* ഭൂമി ഈ ആവശ്യത്തിനാണെന്നു കരാറില്‍ വ്യവസ്ഥയുണ്ട്.

* ഈ ഭൂമിയില്‍ ഉപയോഗയോഗ്യമെങ്കിലും വിനിയോഗിക്കപ്പെടാതെ കിടക്കുന്ന 300 ഏക്കര്‍ ഭൂമിയില്‍ വ്യവസായ ഹബ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.


* പ്രതിവര്‍ഷം 50 കോടി നഷ്ടത്തില്‍ മുള, ചൂരല്‍, മരം തുടങ്ങിയ അസംസ്‌കൃതവസ്തുക്കള്‍ ഏഴിലൊന്ന് വിലയ്ക്ക് വനംവകുപ്പ് എച്ച്.എന്‍.എല്ലിനു നല്‍കിപ്പോരുന്നു.


* 1200 കോടിയാണ് കമ്പനിയുടെ ആസ്തി. ഇതാണ് കേന്ദ്രം 100 മുതല്‍ 200 കോടി വിലയ്ക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

* ആഗോളവിപണിയില്‍ ന്യൂസ് പ്രിന്റിന് വിലകുറഞ്ഞതും ഇറക്കുമതി തീരുവ ഇല്ലാതായാതുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. കെ.പി.ബി.എസിനും ഗവണ്മെന്റിനും ആവശ്യമായ ന്യൂസ് പ്രിന്റ്, റൈറ്റിംഗ് പ്രിന്റ് തുടങ്ങിയവ ഇവിടെ നിന്നു നല്‍കിയാല്‍ കമ്പനിയെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനാകും.

* കരൂരില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ വിറ്റുവരവ് 2240 കോടിയാണ് എന്നുള്ളത് വ്യവസായത്തിന്റെ ലാഭസാധ്യതയെ കുറിക്കുന്നു 

തൊഴിലാളിയുടെ അവസ്ഥ ഒറ്റനോട്ടത്തില്‍

* എച്ച്.എന്‍. എല്ലിലെ തൊഴിലാളികള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കടുത്ത ജീവിത പ്രതിസന്ധിയില്‍.

* ശമ്പളമില്ലാതെ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ദുരിത ജീവിതം നയിക്കുമ്പോഴും നാളിതുവരെ ഇവരെ സഹായിക്കുന്നതിന് മാനേജ്‌മെന്റ് ഒരു നടപടിയും എടുത്തില്ല. 

* പി.എഫിലേയ്ക്ക് അടയ്‌ക്കേണ്ട തുക 2016 ഡിസംബര്‍ മുതല്‍ അടയ്ക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് പി.എഫില്‍നിന്നു ലോണ്‍ എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. 

* പി.എഫ് ഇനത്തില്‍. അടയ്ക്കാനുള്ളത് മൂന്നു വര്‍ഷത്തെ 28 കോടി രൂപ.

* ഇന്‍കം ടാക്‌സ് ശമ്പളത്തില്‍ നിന്നു പിടിക്കുന്നെങ്കിലും 2019 ഏപ്രില്‍ മുതല്‍ അടയ്ക്കാനുള്ളത് 3.5 കോടി രൂപയുടെ കുടിശ്ശിക. ഇതുമൂലം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അയച്ച ലെറ്ററിന് ഓരോ തൊഴിലാളിയും മറുപടി നല്‍കേണ്ടിവരുന്നു.

* കാഷ്വല്‍ തൊഴിലാളികളുടെ ഇ.എസ്.ഐ ഇനത്തില്‍ അടയ്ക്കാനുള്ളത് 23 ലക്ഷം. 

* റിട്ടയേഡ് ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഇനത്തില്‍ 20 കോടി കുടിശ്ശിക. 

* എല്‍.ഐ.സി പ്രീമിയം തുക അടച്ചത് 2019 ഫെബ്രുവരി വരെ. ഒന്‍പതു മാസത്തെ മാസത്തെ 36 ലക്ഷം രൂപ അടച്ചിട്ടില്ലാത്തതിനാല്‍ മുഴുവന്‍ തൊഴിലാളികളും കവറേജില്‍നിന്നും പുറത്ത്. 

ടൗണ്‍ഷിപ്പും തൊഴിലാളികളും പരുങ്ങലില്‍

കമ്പനി പ്രതിസന്ധിയിലായതോടെ തൊഴിലാളികളുടെ നിലനില്പും അവതാളത്തിലായി. മിക്കവരും മറ്റു തൊഴിലുകള്‍ തേടി പോയ്ക്കഴിഞ്ഞു. നാട്ടുപണികള്‍ തൊട്ട് സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മറ്റുതൊഴിലുകളില്‍ വരെ അവര്‍ ജീവിതപ്രതിസന്ധിക്ക് ഉത്തരം തേടുന്നു. കൊച്ചിയിലെ യൂബര്‍ ഈറ്റ്‌സില്‍ പലരും ഡെലിവറി ബോയ്‌സ് ആയി ജോലി ചെയ്യുന്നു. 

കമ്പനിയുടെ പ്രതിസന്ധി ടൗണ്‍ഷിപ്പിനേയും അവിടെയുള്ള വ്യാപാരസ്ഥാപനങ്ങളേയും കാര്യമായി ബാധിച്ചിരിക്കുന്നു. ടൗണ്‍ഷിപ്പില്‍ സഹകരണ ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് കുറച്ചുകാലം അടച്ചിടേണ്ടി വരികയും ചെയ്തു. ദിനേന 20,000 രൂപ വരെ വരുമാനമുണ്ടായിരുന്ന ടൗണ്‍ഷിപ്പിലെ റെസ്റ്റോറന്റില്‍ ദിവസവരുമാനം നന്നേ കുറഞ്ഞെന്നു കട നടത്തുന്ന കന്യാകുമാരി സ്വദേശിയായ നമ്പി പറയുന്നു. ടൗണ്‍ഷിപ്പിലെ മറ്റു കടക്കാര്‍ക്കും ഇതേ അനുഭവമാണുള്ളത്. 

ഓരോ മാസവും മൂന്നുകോടിയിലധികം ശമ്പളമായി ലഭിച്ചിരുന്ന എച്ച്.എന്‍.എല്ലിലെ തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവിട്ടിരുന്നത് ഈ ടൗണ്‍ഷിപ്പിലായിരുന്നു. അവരുടെ വരുമാനത്തിനു തടസ്സം നേരിട്ടതോടെ ടൗണ്‍ഷിപ്പിലെ സ്ഥാപനങ്ങളുടെ നിലയും പരുങ്ങലിലായി. തൊഴിലാളികള്‍ വിട്ടുപോയതിനാല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. ശുചീകരണം, കാടുവെട്ടല്‍ തുടങ്ങിയവ ചെയ്തിരുന്ന കരാര്‍ തൊഴിലാളികള്‍ ശമ്പളം കിട്ടാതായതോടെ മറ്റുജോലികള്‍ തേടിപ്പോയതിനാല്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയും പരിസരവും കാടു പിടിച്ചുകിടക്കുന്നു. കൊതുകുശല്യവും പെരുകി. ഒരുകാലത്ത് നല്ല റോഡുകളായിരുന്നു ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകത. ഇന്നാകട്ടെ റോഡുകള്‍ മിക്കതും അറ്റകുറ്റപ്പണികളില്ലാതെ തകര്‍ന്നു കിടപ്പാണ്. ഓരങ്ങള്‍ കാടുപിടിച്ചും കിടക്കുന്നു. ഒരു കാലത്ത് 4000 പേരോളം ജോലിക്കാരുണ്ടായിരുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് അവശേഷിക്കുന്നത് പഴയ തൊഴില്‍ശക്തിയുടെ 20 ശതമാനം മാത്രമാണ്. 

ജീവനക്കാരുടെ ഭവനവായ്പ അടയ്ക്കുന്നതിന് ഒരു കൊല്ലത്തോളമായി കഴിയാത്ത സ്ഥിതിയാണ്. വായ്പകള്‍ ഉള്ള എല്ലാ ആളുകള്‍ക്കും ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു കഴിഞ്ഞു. 

കഴിഞ്ഞ രണ്ടുമാസമായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രശ്‌നം പറഞ്ഞു തൊഴിലാളികളുടെ സാലറി സ്ലിപ്പ് പോലും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല, ഇതുമൂലം തങ്ങളുടെ ലീവ് ബാലന്‍സ്, ശമ്പളത്തുക തുടങ്ങിവയൊന്നും അറിയാന്‍ തൊഴിലാളിക്ക് സാധിക്കുന്നില്ല . തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇത്രയും ബാക്കിനില്‍ക്കുമ്പോളും ഗുണനിലവാരം കുറഞ്ഞ കരി ഇറക്കുമതിയിലും സംസ്ഥാന ഗവണ്‍മെന്റ് സബ്സിഡി നിരക്കില്‍ നല്‍കുന്ന വനവിഭവങ്ങള്‍ ഒഴിവാക്കി ആന്ധ്രാ സര്‍ക്കാരിന്റെ തടി ഇറക്കുമതിയിലൂടെയും, ലഗൂണ്‍ ക്ലീനിങ് ഉള്‍പ്പെടെ ഉള്ള വര്‍ക്കുകളില്‍ ആന്ധ്രായില്‍നിന്നുള്ള കോണ്‍ട്രാക്ടര്‍മാരെ കൊണ്ടുവന്നതും വന്‍ അഴിമതിക്കാണ് വഴിവച്ചതെന്നു യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com