നവീകരണമില്ലാത്ത പൊലീസ് സേനകള്‍

അമിതജോലിഭാരം, വേതനത്തിലെ അസമത്വം, കടുത്ത അച്ചടക്കനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ബജറ്റ് വിഹിതത്തിലെ കുറവ് തുടങ്ങി ഒട്ടനവധി വെല്ലുവിളികളാണ് പൊലീസ് സേനയ്ക്ക് നേരിടേണ്ടി വരുന്നത്.
നവീകരണമില്ലാത്ത പൊലീസ് സേനകള്‍

ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാര്‍ നേരിടേണ്ടി വരുന്ന കടുത്ത ദുരിതമായ തൊഴില്‍സാഹചര്യങ്ങളെന്ന്  അഞ്ച് സന്നദ്ധസംഘടനകള്‍  നടത്തിയ സര്‍വ്വേ. ഇന്ത്യയിലെ പൊലീസിങ്ങിനെക്കുറിച്ച് നടന്ന പഠനത്തിന്റെ ഭാഗമായിരുന്നു സര്‍വ്വേയും. സി.സി.ഡി.എസ് (സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്), കോമണ്‍ കോസ്, ലിംഗനീതി, റ്റാറ്റാ ട്രസ്റ്റ്സ്, ലാല്‍ ഫാമിലി ഫൗണ്ടേഷന്‍ എന്നിവയാണ്  വിവരശേഖരണം നടത്തിയത്. പൊലീസുകാരുടെ പ്രവര്‍ത്തനസ്ഥിതി, കുറഞ്ഞ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, കുറ്റാന്വേഷണം, വൈവിധ്യം, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, പൊലീസ് അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 
 

പൊലീസ് അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും വിവേചനങ്ങളും അമിത ജോലിഭാരവും ഉള്‍പ്പെടെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ആധികാരിക രേഖ കൂടിയാണ് ഈ റിപ്പോര്‍ട്ട്. ഇതാദ്യമായാണ് രാജ്യവ്യാപകമായി പൊലീസുകാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും മനോഭാവം പരിശോധിക്കുന്നതും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ താരതമ്യം ചെയ്യുന്നതും അവരുടെ ദുരവസ്ഥ പരിശോധിക്കുന്നതും. 
സൈബര്‍ കുറ്റങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, ഭീകരപ്രവര്‍ത്തനവും തീവ്രവാദവും എന്നിവയാണ് പൊലീസിനു നേരിടേണ്ടി വരുന്ന പുതിയ ഭീഷണികള്‍. സ്വാധീനമുള്ളവര്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസിനു രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നു എന്നു തന്നെയാണ് കണ്ടെത്തല്‍. അത്തരം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ തോന്നുന്നതുപോലെ സ്ഥലം മാറ്റുന്നതാണ് അടിയന്തര പ്രതികരണം. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ അങ്ങനെ അടിക്കടി സ്ഥലം മാറ്റം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായിത്തന്നെ ലഭ്യവുമാണ്. ഉത്തര്‍പ്രദേശിലും ഹരിയാനയിലുമാണ് ഇത് കൂടുതല്‍. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, പൊലീസിനെ കൂടുതല്‍ പരിഷ്‌കൃതവും ജനാധിപത്യപരവും മാനവികവുമാക്കുക എന്ന സുപ്രധാന ഉത്തരവാദിത്വങ്ങള്‍ ഭരിക്കുന്നവര്‍ ശരിയായി നിര്‍വ്വഹിക്കുന്നില്ല എന്ന വിമര്‍ശനവുമുണ്ട്. പൊലീസ് ഇപ്പോഴുള്ളത്ര മതിയോ എന്ന വിശകലനവും പ്രധാനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി), ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (ബി.പി.ആര്‍.ഡി) എന്നിവയുടെ പക്കലുള്ള വിവരങ്ങളാണ് പൊലീസ് ഘടനയെക്കുറിച്ചുള്ള വിശകലനത്തിന് ആശ്രയിച്ചിരിക്കുന്നത്.

പൊലീസുകാര്‍ 10 വര്‍ഷം പിറകില്‍ 

16 സംസ്ഥാനങ്ങളിലെ പൊലീസ് ആധുനികവല്‍ക്കരണത്തിന്റെ സ്ഥിതി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിശകലനം ചെയ്തത് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫണ്ട് ശരിയായി വിനിയോഗിക്കാതിരിക്കല്‍, വാഹനങ്ങളുടേയും കെട്ടിടങ്ങളുടേയും കുറവ്, പ്രവര്‍ത്തിക്കാത്ത ടെലികോം ശൃംഖല, പൊലീസുകാരുടെ പരിശീലനക്കുറവ് തുടങ്ങിയതൊക്കെയാണ് കണ്ടെത്തിയത്. പത്തു വര്‍ഷം കൂടിയെങ്കിലും പൊലീസ് ആധുനികവല്‍ക്കരണ പദ്ധതി തുടര്‍ന്നാല്‍ മാത്രമേ 2020-ഓടെ വികസിത രാജ്യങ്ങളിലെ പൊലീസുമായി താരതമ്യം ചെയ്യാവുന്ന നിലയില്‍ ഇന്ത്യയിലെ പൊലീസ് എത്തുകയുള്ളു എന്നാണ് 2010-ല്‍ ബി.പി.ആര്‍.ഡി നടത്തിയ പഠനം വിലയിരുത്തിയത്. ആ പഠനത്തിലെ ലക്ഷ്യത്തില്‍ എത്താന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ നടത്തിയ ഇപ്പോഴത്തെ സര്‍വ്വേയിലും പൊലീസിന്റെ സ്ഥിതിയില്‍ കാതലായ മാറ്റങ്ങളൊന്നുമില്ല. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ആകെ പൊലീസ് ബജറ്റിന്റെ മൂന്നു ശതമാനം മാത്രമാണ് പൊലീസ് ആധുനികവല്‍ക്കരണ പദ്ധതിക്കുവേണ്ടി മാറ്റിവയ്ക്കുന്നത്. സംസ്ഥാനങ്ങളിലെ അതിന്റെ വിനിയോഗമാകട്ടെ, വേണ്ടവിധം ഫലപ്രദവുമല്ല. ഈ സ്ഥിതി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏറ്റവും നന്നായി ഫണ്ട് വിനിയോഗിക്കുന്ന 10 സംസ്ഥാനങ്ങള്‍ക്കു കഴിഞ്ഞ മേയില്‍ കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കി. ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, ഒഡീഷ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് ആ പട്ടികയിലുള്ളത്. 
സംസ്ഥാനങ്ങള്‍ സ്വന്തം പൊതു ബജറ്റിന്റെ ശരാശരി മൂന്നു ശതമാനമാണ് പൊലീസിനു വകയിരുത്തുന്നത്.

മോശം സ്‌റ്റേഷന്‍ ബീഹാറില്‍

ജോലി ചെയ്യുന്ന സ്റ്റേഷനില്‍ നല്ല കക്കൂസ് ഇല്ല എന്ന് ഏകദേശം 18 ശതമാനം പൊലീസുകാര്‍ വെളിപ്പെടുത്തിയതായി സര്‍വ്വേ പറയുന്നു. 10 ശതമാനം പൊലീസുകാരാണ് സ്റ്റേഷനിലോ തങ്ങള്‍ ജോലി ചെയ്യുന്ന മറ്റിടങ്ങളിലോ കുടിവെള്ളം കിട്ടുന്നില്ല എന്നു പറഞ്ഞത്. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്തതിനെക്കുറിച്ച് 14 ശതമാനം പൊലീസുകാര്‍ പറഞ്ഞു. 23 ശതമാനം പറഞ്ഞത് കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വകയില്ലാത്തതിനെക്കുറിച്ചാണ്.

ഈ നാല് കാര്യങ്ങളിലും ഏറ്റവും മോശം പൊലീസ് സ്റ്റേഷനുകളുള്ളത് ബീഹാറിലാണ്. കുടിവെള്ള ലഭ്യതയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നാഗാലാന്റ്. വൃത്തിയുള്ളതും പ്രവര്‍ത്തിക്കുന്നതുമായ കക്കൂസുകളുടെ കാര്യത്തില്‍ ആറ് സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനത്തില്‍ താഴെയാണ് മാര്‍ക്ക്: അസം, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്. ഇക്കാര്യത്തില്‍ പൊതു ശരാശരി 81 ശതമാനമാണ്. നാല് സൗകര്യങ്ങളുംകൂടി പരിഗണിക്കുമ്പോള്‍ ബംഗാള്‍, ഒഡീഷ, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങള്‍ കൂടുതല്‍ മെച്ചമാണ്. കേരളത്തിലെ സ്റ്റേഷനുകളില്‍ കുടിവെള്ളം ലഭ്യമാണ് എന്നു പറഞ്ഞ പൊലീസുകാരുടെ എണ്ണം 84 ശതമാനവും വൃത്തിയുള്ള കക്കൂസുകള്‍ ഉണ്ടെന്നു പറഞ്ഞവര്‍ 87 ശതമാനവും കസ്റ്റഡിയിലുള്ള പ്രതികള്‍ക്കും സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവര്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിയുന്നുണ്ട് എന്നു പറഞ്ഞവര്‍ 60 ശതമാനവുമാണ്. സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടെന്ന് കേരളത്തിലെ 95 ശതമാനം പൊലീസുകാരും വ്യക്തമാക്കി. നാല് സൗകര്യങ്ങളും ബംഗാളില്‍ മികച്ചതാണ്: കുടിവെള്ളമുണ്ട് എന്നു പറഞ്ഞവര്‍ 96 ശതമാനം, കക്കൂസുകള്‍ 97 ശതമാനം, പ്രതികള്‍ക്ക് ഭക്ഷണം 87 ശതമാനം, പൊതുജന സൗകര്യം 97 ശതമാനം. മധ്യപ്രദേശിലേയും 96 ശതമാനം പേര്‍ കുടിവെള്ളം കിട്ടുന്നുണ്ടെന്നു പറഞ്ഞു. ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുതാഴെ. മധ്യപ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളാണ് കക്കൂസുകളുടെ കാര്യത്തില്‍ ബംഗാളിനു താഴെ. പ്രതികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ ഒഡീഷയാണ് മുന്നില്‍: 91 ശതമാനം പേര്‍ ഇക്കാര്യം പറഞ്ഞു. തൊട്ടുതാഴെ രാജസ്ഥാന്‍ (90), ഡല്‍ഹി (89), കര്‍ണാടക (86). പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ബംഗാളിനു താഴെ ഡല്‍ഹി (96), ഗുജറാത്ത് (96). മൂന്നാമത് കേരളം. 

കേരളത്തില്‍ ഒരു ഓഫീസര്‍ക്ക് 10 പേര്‍ 

ആകെ അനുവദിക്കപ്പെട്ട തസ്തികകളുടെ 77 ശതമാനം മാത്രമാണ് പൊലീസിന്റെ ശേഷി. സാധാരണ പൊലീസുകാരുടേതിനേക്കാള്‍ സീനിയര്‍ റാങ്കുകളിലാണ് ഒഴിവുകള്‍ കൂടുതല്‍. ബംഗാളിലും ബീഹാറിലും മാത്രമാണ് പത്മനാഭയ്യ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം സീനിയര്‍ ഉദ്യോഗസ്ഥരും സാധാരണ പൊലീസുകാരും തമ്മിലുള്ള അനുപാതം പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം വലിയ വ്യത്യാസമാണുള്ളത്. നാല് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒരു ഓഫീസര്‍ എന്ന അനുപാതം നടപ്പാക്കണം എന്നായിരുന്നു പത്മനാഭയ്യ കമ്മിറ്റിയുടെ ശുപാര്‍ശ.

അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമനം നടത്തുന്നതില്‍ നാഗാലാന്റാണ് ഏറ്റവും മുന്നില്‍: 102 ശതമാനം. 95 ശതമാനം നിയമനങ്ങള്‍ നടത്തിയ കേരളമാണ് രണ്ടാമത്. 2012 മുതല്‍ 2016 വരെയുള്ള കണക്കുപ്രകാരം ഡല്‍ഹിയാണ് മൂന്നാമത് (94%). മഹാരാഷ്ട്ര നാലാമത് (93.2%). ഏറ്റവും കുറവ് ഉത്തര്‍പ്രദേശ് (46.9%), കുറവില്‍ തൊട്ടുമുകളില്‍ ഗുജറാത്ത് (67%). അനുവദിക്കപ്പെട്ട കോണ്‍സ്റ്റബിള്‍ തസ്തികകളിലെ നിയമനങ്ങളിലും ഏറ്റവും മുന്നില്‍ നാഗാലാന്റും (102.7) രണ്ടാം സ്ഥാനത്ത് കേരളവും (96) തന്നെ. പിന്നില്‍ യു.പി തന്നെ (46.7%), തൊട്ടുമുകളില്‍ ഹരിയാന (66.6), ഗുജറാത്ത് (67). ഓഫീസര്‍ തസ്തികകളില്‍ അനുവദിക്കപ്പെട്ടതിന്റെ 86.8 ശതമാനമാണ് കേരളത്തിലുള്ളത്. നാഗാലാന്റില്‍ ഇത് 94 ശതമാനമാണ്. കുറവ് യു.പി (52.5). തൊട്ടുമുകളില്‍ ബീഹാര്‍ (64.3), ഛത്തീസ്ഗഡ് (66.9), ഗുജറാത്ത് (69.3). കോണ്‍സ്റ്റബിള്‍ (സിവില്‍ പൊലീസ് ഓഫീസര്‍) ഓഫീസര്‍ അനുപാതത്തിലും കേരളം വളരെ മുന്നിലാണ്; ഒന്നാം സ്ഥാനത്ത് ഇതിലും നാഗാലാന്റ് തന്നെ. ഒരു ഓഫീസര്‍ക്ക് 10 പൊലീസുകാര്‍ കേരളത്തിലുണ്ട്. നാഗാലാന്റില്‍ ഇത് 13.5 ആണ്.

ഛത്തീസ്ഗഡും കേരളത്തിനൊപ്പമുണ്ട്: പത്ത് പേര്‍. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ഇത് 11.3 ആണ്. നാഗാലാന്റിനു തൊട്ടുതാഴെ ഉത്തരാഖണ്ഡ് (12.8). ബംഗാളിലാണ് ഏറ്റവും കുറവ് (3.1). തൊട്ടുമുകളില്‍ ഡല്‍ഹി (4.2), ബീഹാര്‍ (4.7), മധ്യപ്രദേശ് (4.8), മഹാരാഷ്ട്ര (4.8), ഗുജറാത്ത് (4.9), കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി പൊലീസിലെ ശരാശരി 6.4 ശതമാനം പേര്‍ക്കു മാത്രമാണ് തൊഴില്‍ പരിശീലനം നല്‍കിയത്. സാധാരണ പൊലീസുകാരേക്കാള്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിക്കുന്നുമുണ്ട്. 

22 സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചപ്പോള്‍ 70 പൊലീസ് സ്റ്റേഷനുകളില്‍ വയര്‍ലെസ് ഇല്ല; 214 സ്റ്റേഷനുകളില്‍ ടെലിഫോണ്‍ ഇല്ല; 24 പൊലീസ് സ്റ്റേഷനുകളില്‍ ഇതു രണ്ടുമില്ല. ഏകദേശം 240 പൊലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങളില്ല.

പരിശീലനത്തില്‍ തമിഴ്നാട്; 
ഗുജറാത്ത് പിന്നില്‍ 

പൊലീസിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ പ്രാതിനിധ്യവും സ്ത്രീ പങ്കാളിത്തവും ദുര്‍ബ്ബലമാണ്. യു.പിയില്‍ 60 ശതമാനവും ഹരിയാനയില്‍ 53 ശതമാനവും പട്ടികജാതി സംവരണ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇത് ഈ സംസ്ഥാനങ്ങളിലെ ആകെ തസ്തികകളേക്കാള്‍ കൂടുതലാണ്. ഓഫീസര്‍ തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക, സ്ത്രീ പ്രാതിനിധ്യം കുറവ്. 

ബി.പി.ആര്‍.ഡിയുടെ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം എ.എസ്.ഐ മുതല്‍ മുകളിലേയ്ക്കുള്ളവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഏല്പിക്കുന്നത്. തീരുമാനമെടുക്കല്‍ പ്രാധാന്യമുള്ള മറ്റു ജോലികള്‍ക്കൊപ്പം ഇവര്‍ അന്വേഷണങ്ങളിലും ഏര്‍പ്പെടേണ്ടിവരുന്നതിനാല്‍ ഓഫീസര്‍ തസ്തികകളിലുള്ളവരുടെ ഒഴിവുകള്‍ നികത്താത്തത് വന്‍തോതില്‍ ദോഷകരമായി ബാധിക്കുന്നു. മറ്റു പല സംസ്ഥാനങ്ങളെക്കാളും കേരളത്തിലും തമിഴ്നാട്ടിലും ഓഫീസര്‍ റാങ്കിലുള്ളവരുടെ എണ്ണം കൂടുതലാണ്. പ്രത്യേകം പരാമര്‍ശിക്കുന്ന മറ്റൊരു കാര്യം കേരളത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാരും (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍) കേസ് അന്വേഷണ ചുമതലകള്‍ക്ക് നിയോഗിക്കപ്പെടുന്നു എന്നതാണ്. 

പൊലീസിന് അതാതു സംസ്ഥാനവും കേന്ദ്രവും പരിശീലനം നല്‍കുന്നുണ്ട്. ബി.പി.ആര്‍.ഡി ആണ് പരിശീലന രീതിയും പ്രവര്‍ത്തനശേഷി കെട്ടിപ്പടുക്കല്‍ പരിപാടികളും രൂപകല്പന ചെയ്യുന്നത്. കേന്ദ്ര സര്‍വ്വീസ് ഉദ്യോഗസ്ഥരായ ഐ.പി.എസ്സുകാര്‍ക്ക് ശരിയായ തുടര്‍ പരിശീലനം നല്‍കുന്നതിനേക്കാള്‍ ഗവേഷണം, കോഴ്സുകളുടെ ഘടന നിശ്ചയിക്കല്‍, ഫണ്ട് അനുവദിക്കല്‍ എന്നിവയില്‍ കേന്ദ്രത്തിന്റെ പങ്ക് ഒതുങ്ങിപ്പോകുന്നതായാണ് സര്‍വ്വേയില്‍ വ്യക്തമായത്. കേന്ദ്രഫണ്ടും സംസ്ഥാന വിഹിതവും ഉപയോഗിച്ച് എല്ലാ തലങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തര പരിശീലനം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഇതു പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെടുന്നില്ല. പൊലീസ് പരിശീലനത്തിന്റെ കാര്യത്തില്‍ ഹരിയാനയും തമിഴ്നാടും മുന്നില്‍ നില്‍ക്കുമ്പോള്‍ ഗുജറാത്ത് ആണ് പിന്നില്‍. ഹരിയാനയിലും തമിഴ്നാട്ടിലും അഞ്ചിലൊരാള്‍ക്ക് സര്‍വ്വീസ് കാലത്തെ പരിശീലനം ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ ശരാശരി ഒരു ശതമാനം പൊലീസ് ഉദ്യോഗസ്ഥര്‍ക്കുപോലും ഇത്തരം പരിശീലനം ലഭിച്ചിട്ടില്ല. പൊലീസ് സേനയില്‍ ബഹുഭൂരിപക്ഷമുള്ളവരും ജനങ്ങളുമായി കൂടുതല്‍ ഇടപഴകേണ്ടിവരുന്നവരുമായ സാധാരണ പൊലീസുകാര്‍ക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ അളവ് ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്.

ഡല്‍ഹിയില്‍ ഉയര്‍ന്ന റാങ്കിലുള്ളവര്‍ക്ക് എല്ലാ വര്‍ഷവും പരിശീലനം നല്‍കുന്നു. എന്നാല്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ളവര്‍ക്ക് ശരാശരി തോതില്‍പ്പോലും പരിശീലനം ലഭിക്കുന്നില്ല. 2012-2016 കാലയളവിലെ വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവായി നല്‍കിയ സര്‍വ്വീസ് പരിശീലനം 3.4 ശതമാനം മാത്രം. ഗുജറാത്തില്‍ ഇത് 0.9 ശതമാനമാണ്. ഹരിയാനയാണ് മുന്നില്‍ (20.9%). രണ്ടാം സ്ഥാനത്ത് തമിഴ്നാട് (20.2%). കേരളത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും (സി.പി.ഒ) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും (എസ്.സി.പി.ഒ) ലഭിച്ചത് 3.7 ശതമാനം പരിശീലനം, എ.എസ്.ഐ, എസ്.ഐ തലത്തില്‍ 6.3 ശതമാനം, ഡി.വൈ.എസ്.പി തലത്തില്‍ 48.8 ശതമാനം, ഐ.പി.എസുകാര്‍ക്ക് 16.4 ശതമാനം. തമിഴ്നാട്ടില്‍ ഇത് 44. 2 ശതമാനം, 108.7 ശതമാനം, 8.2 ശതമാനം, 21.2 ശതമാനം എന്ന ക്രമത്തിലാണ്. ഗുജറാത്തില്‍ 0.4 ശതമാനം, 2.6 ശതമാനം, 43.2 ശതമാനം, 32. 5 ശതമാനം എന്ന ക്രമത്തിലും.

വയര്‍ലെസ്സ് കാണാത്ത പൊലീസ് 

2016 വരെയുള്ള കണക്കുകള്‍ പ്രകാരം ബീഹാറിലെ 41 സ്റ്റേഷനിലും ഛത്തീസ്ഗഡിലെ 23 സ്റ്റേഷനിലും ഝാര്‍ഖണ്ഡിലെ 64 സ്റ്റേഷനിലും കര്‍ണാടകയിലെ 12 സ്റ്റേഷനിലും ഒഡീഷയിലെ മൂന്നു സ്റ്റേഷനിലും പഞ്ചാബിലെ 30 സ്റ്റേഷനിലും ഉത്തര്‍പ്രദേശിലെ 51 സ്റ്റേഷനിലും ഫോണ്‍ ഇല്ല. ഫോണും വയര്‍ലെസ്സും ഇല്ലാത്ത സ്റ്റേഷനുകള്‍ ഝാര്‍ഖണ്ഡില്‍ 11, നാഗാലാന്റില്‍ 11, ഒഡീഷയില്‍ രണ്ട്. വയര്‍ലെസ്സ് ഇല്ലാത്ത സ്റ്റേഷനുകള്‍ അസമില്‍ രണ്ട്, ഝാര്‍ഖണ്ഡില്‍ 22, നാഗാലാന്റില്‍ 13, ഒഡീഷയില്‍ 3, പഞ്ചാബില്‍ 16, ഉത്തര്‍പ്രദേശില്‍ 14. മൂന്നു വര്‍ഷം മുന്‍പുള്ള കണക്കുകളാണെങ്കില്‍പ്പോലും ഇത് ഞെട്ടിക്കുന്ന വസ്തുതയാണ്. 

ആശയവിനിമയത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണ നേട്ടങ്ങള്‍ പൊലീസിന്റെ കുറ്റാന്വേഷണ സംവിധാനങ്ങളിലും അതിവേഗ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന് 2018 ഡിസംബറിലെ ചില കണക്കുകള്‍ സര്‍വ്വേയിലുണ്ട്. 2009-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റുവര്‍ക്ക് സിസ്റ്റംസ് (സി.സി.ടി.എന്‍.എസ്) ഉപയോഗിക്കുന്നതാണ് ഇതില്‍ പ്രധാനം. കര്‍ണാടകയാണ് മുന്നില്‍ (98.6%). തെലങ്കാന (96.4%), ഡല്‍ഹി (93.8%), ഹിമാചല്‍പ്രദേശ് (92.7%), ഗുജറാത്ത് (92.3%) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍. ബിഹാറാണ് ഏറ്റവും പിന്നില്‍ (7.9%). സി.സി.ടി.എന്‍.എസ് ഉപയോഗത്തില്‍ കേരളത്തിന്റെ തോത് 78.4 ശതമാനമാണ്. 
മതിയായ എണ്ണം പൊലീസ് സേനയുടെ കാര്യത്തില്‍ കൂടുതല്‍ ശക്തമായ ഘടനയുള്ളത് ഡല്‍ഹി, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മൂന്നു സൂചകങ്ങളാണ് ഇതിന് അടിസ്ഥാനമാക്കിയത്. ഒന്നാമത്തേത്, സിവില്‍, സായുധ പൊലീസ് സേനയുടെ പൊതുവായ ശേഷി അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. രണ്ടാമത്തേത്, വാഹനങ്ങളും ഫോണും വയര്‍ലെസ്സും കംപ്യൂട്ടറുമുള്ള പൊലീസ് സ്റ്റേഷനുകളുടെ എണ്ണം, പൊലീസിനുവേണ്ടി ബജറ്റില്‍ നീക്കിവയ്ക്കുന്ന തുകയുടെ തോത്. ഇവയിലെ പൊതുസൂചികയില്‍ ഒന്നാമത് ഡല്‍ഹിയും (0.60%) കേരളം രണ്ടാമതും (0.55%) മഹാരാഷ്ട്ര (0.53%) മൂന്നാമതുമാണ്. ഉത്തര്‍പ്രദേശ് ആണ് ഏറ്റവും പിന്നില്‍ ( 0.31%). 

പൊലീസിന്റെ അമിത ജോലിഭാരത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യവ്യാപകമായി എല്ലാ റാങ്കിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴും സ്ഥിതി ഭേദമല്ല. വനിതാ, പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക വിഭാഗ ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ തേടിയെന്ന് സര്‍വ്വേ ഉറപ്പുവരുത്തി. ഓരോ ആളും ജോലി ചെയ്യുന്ന ശരാശരി മണിക്കൂര്‍, പ്രതിവാര വിശ്രമം, അധിക ജോലി തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ഊന്നിയത്. മേലുദ്യോഗസ്ഥരില്‍നിന്നുള്ള പരിധിവിട്ട സമ്മര്‍ദ്ദം, മോശം പെരുമാറ്റം എന്നിവയും പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കുടുംബത്തിലെ പ്രശ്‌നങ്ങളുമായുള്ള ബന്ധം, കുടുംബവുമായി ചെലവഴിക്കാന്‍ ലഭിക്കുന്ന സമയലഭ്യത, സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതിലെ സംതൃപ്തി എത്രത്തോളം എന്നതും പരിശോധിച്ചു. 

ശരാശരി 14 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നുവെന്നും 80 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നുവെന്നുമാണ് യാഥാര്‍ത്ഥ്യം. നാഗാലാന്റ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പ്രവൃത്തി സമയം 11 മണിക്കൂറിനും 13 മണിക്കൂറിനും ഇടയിലാണ്. രണ്ടിലൊരാള്‍ സ്ഥിരമായി അധികജോലി ചെയ്യേണ്ടിവരുന്നു; പത്തില്‍ എട്ടുപേര്‍ക്കും അധികജോലിക്ക് വേതനം ലഭിക്കുന്നില്ല. അഞ്ചില്‍ മൂന്നു പേരും കുടുംബമായി ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതില്‍ തൃപ്തരല്ല. രണ്ടിലൊരാള്‍ക്ക് പ്രതിവാര അവധി കിട്ടുന്നേയില്ല. തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ജോലിഭാരം ബാധിക്കുന്നുവെന്നാണ് നാലില്‍ മൂന്നു പേരും വിശ്വസിക്കുന്നത്. മേലുദ്യോഗസ്ഥരുടെ വ്യക്തിപരവും വീട്ടിലേയും ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതായി നാലിലൊന്ന് പേരും വെളിപ്പെടുത്തി. പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളാണ് മറ്റുള്ളവരേക്കാള്‍ ഇത്തരം അനുഭവങ്ങള്‍ കൂടുതല്‍ പറഞ്ഞത്. മേലുദ്യോഗസ്ഥരില്‍നിന്നു ചീത്തവിളി കേള്‍ക്കേണ്ടി വരുന്നുവെന്നു പറഞ്ഞത് അഞ്ചില്‍ രണ്ടു പേരാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം 37 ശതമാനം പൊലീസുകാരും മറ്റൊരു ജോലി കിട്ടിയാല്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് എന്നതാണ്. പക്ഷേ, ശമ്പളവും മറ്റു വരുമാനങ്ങളും ഇപ്പോഴത്തേതിനു തുല്യമായിരിക്കണം എന്നു മാത്രം. സംസ്ഥാനങ്ങളുടെ പൊലീസ് നവീകരണം ഏതെങ്കിലും തരത്തില്‍ എപ്പോഴും 1861-ലെ പഴഞ്ചന്‍ പൊലീസ് നിയമവുമായോ അല്ലെങ്കില്‍ 2006-ലെ മാതൃകാ പൊലീസ് നിയമവുമായോ ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രതിവാര അവധിയും തോന്നുംപോലെയാണ് കിട്ടുന്നത്. ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടായിരുന്നു പൊലീസ് സ്റ്റേഷനുകളില്‍ എട്ട് മണിക്കൂര്‍ ജോലി നടപ്പാക്കാനുള്ള 2014-ലെ ബി.പി.ആര്‍.ഡി ശുപാര്‍ശ.

കഴിഞ്ഞ നവംബറില്‍ പാറ്റ്നയില്‍ നാനൂറോളം പൊലീസുകാര്‍ സമരം ചെയ്തത് റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു. രോഗബാധിതനായ സഹപ്രവര്‍ത്തകന്‍ അവധി നിഷേധിച്ചതിനേത്തുടര്‍ന്ന് മരിച്ച സംഭവമാണ് സമരത്തിന് ഇടയാക്കിയത്. 167 കോണ്‍സ്റ്റബിള്‍മാരും എട്ട് ഓഫീസര്‍മാരും പിരിച്ചുവിടല്‍ നടപടിക്ക് വിധേയരായി. ഹവില്‍ദാര്‍മാരും കോണ്‍സ്റ്റബിള്‍മാരുമായി മറ്റൊരു 27 പേരെ സസ്പെന്റ് ചെയ്തു. ജോലിസമയക്കൂടുതല്‍, വേതനത്തിലെ അസമത്വം, സ്ഥിരമായി അനുഭവിക്കേണ്ടിവരുന്ന കടുത്ത അച്ചടക്കനടപടികള്‍ എന്നിവയോടുള്ള പ്രതിഷേധ സൂചകമായി 2016 ജൂണ്‍ ആറിന് കര്‍ണാടകയില്‍ 50,000 കോണ്‍സ്റ്റബിള്‍മാര്‍ കൂട്ട അവധിക്ക് അപേക്ഷ നല്‍കി. 

ഒഡീഷയിലാണ് പൊലീസിന്റെ ദൈനംദിന ജോലി സമയം ഏറ്റവും കൂടുതല്‍ (18 മണിക്കൂര്‍) പഞ്ചാബില്‍ 17 മണിക്കൂറും ആന്ധ്ര, ബീഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 16 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. കേരളത്തിലെ ശരാശരി ജോലി സമയം 12 മണിക്കൂറാണ്. നാഗാലാന്റില്‍ മാത്രമാണ് എട്ട് മണിക്കൂര്‍ ജോലി സമയം കൃത്യമായി നടപ്പാകുന്നത്. അവിടെ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരുണ്ട് എന്നതാണ് കാരണം. ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ല എന്നു കരുതുന്നവര്‍ മൊത്തത്തില്‍ 51 ശതമാനമുണ്ട്. ഹരിയാനയിലും രാജസ്ഥാനിലും 70 ശതമാനമാണ് ഈ അസംതൃപ്തിയുള്ളവരുടെ ശതമാനം. കേരളത്തില്‍ 64 ശതമാനവും ഗുജറാത്തില്‍ 38 ശതമാനവും ഈ വിധം പ്രതികരിച്ചു. ഛത്തീസ്ഗഡിലാണ് കുറവ് (25 %). 

പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളില്‍ ഏകദേശം 40 ശതമാനം പറയുന്നത് അവര്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയം വളരെ കുറവാണ് എന്നാണ്. 10 ശതമാനത്തോളം പേര്‍ മാത്രമാണ് കുടുംബത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വേണ്ടത്ര സമയം തങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നുവെന്നു പറഞ്ഞത്. മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെടുന്നുവെന്നും പ്രകോപിതരാകുന്നുവെന്നും അവരുടെ 60 ശതമാനം കുടുംബാംഗങ്ങള്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നു. മറ്റുള്ളവരേക്കാള്‍ സ്വന്തം കുടുംബാംഗങ്ങളോട് പൊലീസുദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതായി മൂന്നിലൊന്നോളം കുടുംബാംഗങ്ങള്‍ സമ്മതിച്ചു. അവര്‍ മദ്യപരുമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വനിതാപൊലീസുകാര്‍ക്ക്
വിവേചനം

പൊലീസ് സ്റ്റേഷനില്‍, ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്ലെറ്റ് ഇല്ലാത്തതിനെക്കുറിച്ച് അഞ്ചിലൊന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. കേരളത്തിലെ സ്റ്റേഷനുകളില്‍ വനിതാ പൊലീസിനു പ്രത്യേകം ടോയ്ലെറ്റ് ഉണ്ടെന്നു പറഞ്ഞത് 86 ശതമാനം പേരാണ്; 13 ശതമാനം ഇല്ലെന്നും പറഞ്ഞു. ഡല്‍ഹി (99-1), ബംഗാള്‍ (96-1), ഗുജറാത്ത് (94-1). ബീഹാറില്‍ പ്രത്യേകം സൗകര്യമുണ്ടെന്നു പറഞ്ഞവര്‍ 38 ശതമാനവും ഇല്ലെന്നു പറഞ്ഞവര്‍ 61 ശതമാനവുമാണ്. 

സ്റ്റേഷനിലോ പ്രവര്‍ത്തനപരിധിയിലോ ലൈംഗിക അതിക്രമത്തിനെതിരായ പരാതി നല്‍കാനുള്ള സമിതി ഇല്ലെന്നു നാലിലൊന്നു വനിതാ പൊലീസുകാരും പറയുന്നു. ആണ്‍-പെണ്‍ പൊലീസുകാര്‍ക്ക് തുല്യ പരിഗണന ലഭിക്കുന്നില്ല എന്നു രണ്ടു കൂട്ടരിലേയും പകുതിയോളം പേര്‍ പറയുന്നു. വിവേചനം അനുഭവിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞത് ഉയര്‍ന്ന റാങ്കുകളിലുള്ള വനിതാ ഉദ്യോഗസ്ഥരാണ്. പൊലീസ് സേനയില്‍ സ്ത്രീകള്‍ കൂടുതല്‍ വിവേചനം അനുഭവിക്കുന്നത് ബീഹാര്‍, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. പൊലീസിലെ സ്ത്രീകള്‍ കഠിനാധ്വാനം ചെയ്യാത്തവരും കാര്യക്ഷമത കുറഞ്ഞവരും ഓഫീസിലെ ജോലികള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നുമാണ് ഈ സംസ്ഥാനങ്ങളിലെ ചിന്ത. ലിംഗാധിഷ്ഠിത അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ മിക്കവാറും കെട്ടിച്ചമയ്ക്കുന്നതാണ് എന്നു കരുതുന്നവരാണ് അഞ്ചിലൊന്നു പേരും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ കുറ്റകൃത്യങ്ങളില്‍ വേഗം തന്നെ ഏര്‍പ്പെടുന്നവരാണ് എന്നു പൊലീസുകാരില്‍ എട്ട് ശതമാനം അഭിപ്രായപ്പെടുന്നു.

സേനയിലെ ലിംഗസമത്വം
 

ആണ്‍-പെണ്‍ പൊലീസുകാര്‍ തുല്യനിലയില്‍ പരിഗണിക്കപ്പെടുന്നതില്‍ രണ്ടാം സ്ഥാനത്തു കേരളമാണ്. 60 ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒന്നാം സ്ഥാനത്ത് ഹിമാചല്‍പ്രദേശ് (76%). മൂന്നാം സ്ഥാനത്ത് അസം (58%). ബീഹാറാണ് ഏറ്റവും പിന്നില്‍ (17%). 

മതിയായതും പ്രവര്‍ത്തനക്ഷമവുമായ അടിസ്ഥാന സൗകര്യമാണ് കാര്യക്ഷമമായ പൊലീസ് പ്രവര്‍ത്തനത്തിന്റെ നട്ടെല്ല് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുകയും ആവശ്യത്തിനു ജീവനക്കാര്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ മാത്രമാണ് ചുമതലകള്‍ ശരിയായി നിര്‍വ്വഹിക്കാന്‍ സാധിക്കുക. കുടിവെള്ളം, വൃത്തിയുള്ള കക്കൂസ് എന്നിവ നിര്‍ബ്ബന്ധം. ഏത് പൊതുസ്ഥാപനത്തിലും അത്യന്താപേക്ഷിതമായ ഇവയ്ക്കു പുറമേ പൊലീസ് കൂടുതല്‍ ആധുനികവും ഡിജിറ്റല്‍വല്‍കൃതവുമായിരിക്കുകയും വേണം. സൈബര്‍ ക്രൈം വലിയൊരു യാഥാര്‍ത്ഥ്യവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണിയുമായതുകൊണ്ട് ആ രംഗത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ പ്രാപ്തി നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികൊണ്ട് പൊലീസിനു പ്രത്യേകിച്ചു ഗുണമൊന്നുമില്ല. ആവശ്യത്തിനു കംപ്യൂട്ടറുകളോ അടിയന്തരാവശ്യമുള്ള സോഫ്റ്റുവെയറുകളോ മതിയായ എണ്ണം മികവും പരിശീലനവുമുള്ള ജീവനക്കാരോ ഇല്ല. 

പൊലീസിന്റെ ആധുനികവല്‍ക്കരണം സംസ്ഥാന വിഷയമാണ്. തങ്ങളുടെ പൊലീസിനെ നന്നാക്കേണ്ടതും അവര്‍ക്ക് മതിയായ സൗകര്യങ്ങളെല്ലാം ഉറപ്പാക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളാണ്. പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ആധുനിക ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും വാങ്ങുക, ഫോറന്‍സിക് സംവിധാനങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയ പൊലീസ് ആധുനികവല്‍ക്കരണത്തിനുള്ള സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പദ്ധതി 1960-1970 കാലയളവില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയെങ്കിലും അതിന് പ്രതീക്ഷിച്ച ഫലമുണ്ടായില്ല എന്നാണ് അനുഭവം- സര്‍വ്വേ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com