'കൊന്നുതള്ളിയതാണവര്‍ ഏട്ടനെ': എആര്‍ ക്യാംപിലെ കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ ഭാര്യ പറയുന്നു

സിവില്‍ പൊലീസ് ഓഫിസറായിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിന്റെ അവസാനമായെഴുതിയ കുറിപ്പിലെ വരികള്‍. ജാതിയുടെ പേരില്‍ നിയമപാലകര്‍ നടത്തുന്ന വിവേചനങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്‍ചൂണ്ടുന്നവയാണ്.
'കൊന്നുതള്ളിയതാണവര്‍ ഏട്ടനെ': എആര്‍ ക്യാംപിലെ കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ ഭാര്യ പറയുന്നു

കേരളത്തിലാണ്, കേരളാ പൊലീസിലാണ് ഒരു മനുഷ്യനെ ജാതിയുടെ പേരില്‍ അതിക്രൂരവും നിന്ദ്യവുമായ രീതിയില്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു മരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കാലമെത്ര മാറിയാലും സഹജീവികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു കൂട്ടം മനുഷ്യര്‍ നമുക്കിടയില്‍ എപ്പോഴുമുണ്ട്. അതിന്റെ ഭയാനകമായ രൂപമാണ് കേരള പൊലീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ എ.ആര്‍. ക്യാമ്പില്‍ ജാതി അധിക്ഷേപം കാരണം ഒരു പൊലീസുകാരന്‍ സര്‍വ്വീസില്‍നിന്നുതന്നെ അപ്രത്യക്ഷനായതിന്റെ തൊട്ടുപിന്നാലെയാണ് പാലക്കാട് എ. ആര്‍. ക്യാമ്പില്‍ കുമാര്‍ എന്ന പൊലീസുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ആത്മഹത്യയെന്ന് പൊലീസും കൊലപാതകമെന്ന് കുടുംബവും പറയുന്ന ആ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സഹപ്രവര്‍ത്തകരാണ്. അട്ടപ്പാടി അഗളി പഞ്ചായത്തിലെ കുന്നന്‍ചാള ആദിവാസി ഊരില്‍നിന്നും കേരള പൊലീസ് സേന വരെ എത്താന്‍ കുമാര്‍ സഹിച്ച യാതനകളും കഷ്ടപ്പാടുകളും ചെറുതല്ല. സഹോദരങ്ങള്‍ കൂലിപ്പണി ചെയ്തു കിട്ടിയ പണം കൊണ്ടാണ് ഇളയവനായ കുമാറിന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ആ കുടുംബത്തിനു കഴിഞ്ഞത്. പാലക്കാട് വിക്ടോറിയ കോളേജില്‍ ബി.എസ്സി. കെമിസ്ട്രി പഠിക്കുന്ന സമയത്താണ് പി.എസ്.സി വഴി കേരള പൊലീസില്‍ എത്തിയത്. ഒരു കുടുംബത്തിന്റേയും ഊരിന്റേയും അഭിമാനവും പ്രതീക്ഷയുമായിരുന്നു കുമാര്‍. പക്ഷേ, ജാതിബോധവും ക്രിമിനല്‍ മനസ്സുമുള്ള സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നിരന്തരമായ പീഡനങ്ങളിലൂടെ അപമാനവും പേടിയും കാരണം പലപ്പോഴും ജോലിക്കെത്താതെ അയാള്‍ക്ക് ഒളിച്ചിരിക്കേണ്ടിവന്നു. 31-ാമത്തെ വയസ്സില്‍ ഈ ലോകത്തുനിന്ന് അയാളെ പറഞ്ഞയച്ചപ്പോള്‍ എന്താശ്വാസമായിരിക്കാം അയാളെ ഉപദ്രവിച്ച സഹപ്രവര്‍ത്തകര്‍ക്കു കിട്ടിയിട്ടുണ്ടാകുക.

ജൂലൈ 25-നാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചതായി കണ്ടെത്തിയത്. എ.ആര്‍. ക്യാമ്പില്‍ കടുത്ത ജാതിവിവേചനം അദ്ദേഹം അനുഭവിച്ചിരുന്നു എന്നു ഭാര്യ സജിനിയും കുടുംബാംഗങ്ങളും തുടക്കം മുതല്‍ ആരോപിച്ചിരുന്നു. മരണം നടന്ന് അഞ്ചാംനാള്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യങ്ങള്‍ തന്നെ പറയുന്നുണ്ട്. ''ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങള്‍ക്കും ജീവിക്കണ്ടേ'' എന്നാണ് അദ്ദേഹമെഴുതിയ ഒരു വരി. മനുഷ്യരായി പരിഗണിക്കാത്തവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കു കഴിയുമോ? അന്വേഷണം അട്ടിമറിക്കും എന്നുറപ്പുള്ളതുക്കൊണ്ടാണ് കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതും. സത്യം തെളിയിക്കാന്‍ ഏതറ്റംവരേയും പോകാനാണ് ഭാര്യ സജിനിയുടേയും സഹോദരന്‍ രങ്കസാമിയുടേയും മറ്റു കുടുംബാംഗങ്ങളുടേയും തീരുമാനം. അഞ്ചുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് കുമാറിന്. 
-----
കുമാറിന്റെ മരണത്തെക്കുറിച്ചും ക്യാമ്പിലെ അനുഭവങ്ങളെക്കുറിച്ചും ഭാര്യ സജിനി സംസാരിക്കുന്നു.

''കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയതാണ്'' 

''ആത്മഹത്യ ചെയ്യാന്‍ ധൈര്യമുള്ള ഒരാളല്ല കുമാറേട്ടന്‍. അവസാനമായി എന്നെ വിളിച്ചപ്പോഴും സന്തോഷത്തിലായിരുന്നു. ഔദ്യോഗികമായ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന പ്രതീക്ഷയും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, പിറ്റേന്നു രാത്രി എനിക്കു കിട്ടിയ ഫോണ്‍കോള്‍ അദ്ദേഹത്തിന് അപകടം പറ്റിയത് അറിയിക്കാനായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് എന്റെ വീട്ടിലായിരുന്നു. പിറ്റേന്ന് പാലക്കാട് എത്തിയപ്പോഴേക്കും മൃതദേഹം അട്ടപ്പാടിയിലെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. ആത്മഹത്യയാണ് എന്നു പറയുന്നതു പൊലീസാണ്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആത്മഹത്യയ്ക്കു കാരണമായി പൊലീസ് പ്രചരിപ്പിച്ചത് ഞാനും ഭര്‍ത്താവും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. അതൊരു കൊലപാതകമാണെന്നു സംശയിക്കാന്‍ പല കാരണങ്ങളുണ്ട്. ബാഗും ഷൂസും പാളത്തിന്റെ അരികില്‍നിന്നു കിട്ടി എന്നാണ് പറയുന്നത്. സോക്‌സ് ഇട്ടിട്ടില്ലായിരുന്നു. ഏഴുവര്‍ഷം സര്‍വ്വീസില്‍ ഇരുന്ന ഒരാള്‍ സോക്‌സ് ഇടാതെ ഷൂ മാത്രം ഇട്ട് പോകില്ല. ശരീരത്തില്‍ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കുശേഷമാണ് ഷര്‍ട്ട് കിട്ടിയെന്നും പറഞ്ഞു തിരിച്ചറിയാന്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ശരീരഭാഗങ്ങള്‍ക്കായി അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയ അതേ സ്ഥലത്തുനിന്നാണ് അഞ്ചുദിവസത്തിനുശേഷം ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഷര്‍ട്ടില്ല, മൊബൈല്‍ ഫോണ്‍ മിസ്സിങ്ങാണ് എന്നിങ്ങനെ ഞാന്‍ പറയുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളിലായി അതൊക്കെ കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അതൊക്കെ സംശയാസ്പദമാണ്. ഒരു മാസം മുന്‍പെഴുതിയതാണ് ആത്മഹത്യാക്കുറിപ്പ്. ജൂണ്‍ 20-നാണ് ഇതെഴുതുന്നത് എന്നു കത്തില്‍ ഒരിടത്തു പറയുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വലിയ വിഷമം ഉണ്ടായ സമയത്ത് എഴുതിയതായിരിക്കാം അത്.

കുമാര്‍
കുമാര്‍

ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ അടക്കം പിടിച്ചുവെച്ച പൊലീസുകാര്‍ക്ക് എപ്പോഴെങ്കിലും അതു കിട്ടിക്കാണും. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആ കത്ത് പിന്നീട് അവിടെ കൊണ്ടിട്ടതാകാം. മൃതദേഹം കണ്ടെത്തി എന്നു പറയുന്നതിന്റെ തലേദിവസം ക്യാമ്പില്‍ എത്തിയപ്പോള്‍, എസ്.പിയെ കണ്ട് പരാതി പറഞ്ഞതിനെച്ചൊല്ലി വഴക്കുണ്ടാകുകയും അവിടെ വെച്ച് അദ്ദേഹത്തിന് അപകടം പറ്റി എന്നുമാണ് എനിക്കു തോന്നുന്നത്. ബോഡി പിന്നീട് റെയില്‍വേ ട്രാക്കില്‍ കൊണ്ടുവന്നിട്ടതാണ്. ഒരു സാധാരണ ആത്മഹത്യയായി പൊയ്ക്കോളും എന്നവര്‍ കരുതിയിട്ടുണ്ടാകാം. ഞങ്ങള്‍ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍ ആയിരിക്കും ആത്മഹത്യ തന്നെയാണെന്നു വരുത്താന്‍ ഇത്രയൊക്കെ ചെയ്തത്. കൊലപാതകത്തിനു ശിക്ഷ വേറെയാണല്ലോ. ഇതാകുമ്പോള്‍ ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമല്ലേ ഉണ്ടാകൂ. അതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്.''

വേറെ ഏതെങ്കിലും ജാതിക്കാരോട് ഇങ്ങനെ കാണിക്കുമോ?

''ഞങ്ങളും മനുഷ്യരല്ലേ ഞങ്ങള്‍ക്കും ജീവിക്കണ്ടേ എന്നു കുമാറേട്ടന്‍ എഴുതിയിട്ടുണ്ടെങ്കില്‍ എത്രമാത്രം അനുഭവിച്ചിട്ടുണ്ടാകും. എത്രയായാലും നീ അട്ടപ്പാടിയിലെ ആദിവാസിയല്ലേ. അത്രയൊക്കെയേ ബുദ്ധിയും ബോധവും ഉണ്ടാകൂ എന്നു ക്യാമ്പില്‍നിന്നു പലപ്പോഴും അദ്ദേഹത്തിനു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതൊക്കെ വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കുമാറേട്ടന്‍ അത്ര സ്മാര്‍ട്ടായി സംസാരിക്കുന്ന ഒരാളായിരുന്നില്ല. അപേക്ഷകളൊക്കെ സ്വന്തമായി തയ്യാറാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും മറ്റുള്ളവര്‍ എഴുതിയത് കോപ്പി ചെയ്‌തെടുക്കാറുണ്ട്. ഇതിന്റെ പേരിലൊക്കെ വലിയ കളിയാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഓവര്‍ടൈം ഡ്യൂട്ടി കൊടുക്കും. ഒരു ദിവസം എക്‌സ്ട്രാ ഡ്യൂട്ടിക്കു പോകാത്തതിന്റെ പേരില്‍ ക്വാര്‍ട്ടേഴ്സ് വേറെ പൂട്ടിട്ട് പൂട്ടി, മൊബൈല്‍ ഫോണും പിടിച്ചുവെച്ചു. ഞാന്‍ ഇല്ലാത്ത സമയമായിരുന്നു. തിരിച്ചുവന്നശേഷം ഞാന്‍ പോയി ചോദിച്ചിട്ടാണ് താക്കോല്‍ തന്നത്. ഞങ്ങള്‍ക്കു താമസിക്കാനുള്ള സ്ഥലമല്ലേ അത്. അങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ. താക്കോല്‍ വാങ്ങാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞത് കുമാര്‍ മദ്യപിച്ചതുകൊണ്ട് ഡ്യൂട്ടിക്കു കയറിയില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ്. അങ്ങനെയാണെങ്കില്‍ത്തന്നെ അതിന് അതിന്റേതായ ശിക്ഷ കൊടുക്കുകയല്ലേ വേണ്ടത്. അല്ലാതെ കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂട്ടിയിടുകയാണോ ചെയ്യുക. അപ്പോഴൊന്നും പക്ഷേ, പരാതി കൊടുക്കാനും പറ്റിയില്ല.

ഫെബ്രുവരിയിലാണ് മോളെ പ്രസവിക്കുന്നത്. മാസം തികയാതെയാണ് പ്രസവം. അതുകൊണ്ട് കുട്ടിക്ക് അണുബാധയുടെ പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങളുടെ ക്വാര്‍ട്ടേഴ്സ് വളരെ മോശമായിരുന്നു. പുതിയ ക്വാര്‍ട്ടേഴ്സ് കിട്ടാന്‍ സാധ്യതയുണ്ടെന്നും അനുവദിച്ചശേഷം മോളെയും കൊണ്ട് വരാം എന്നുമാണ് കുമാറേട്ടന്‍ പറഞ്ഞത്. ഏപ്രില്‍ അവസാനം പുതിയ ക്വാര്‍ട്ടേഴ്സ് കിട്ടി. സാധനങ്ങളൊക്കെ വണ്ടി വിളിച്ച് അങ്ങോട്ടേക്കു മാറ്റി. എല്ലാം അടുക്കിവെച്ചശേഷം പൂട്ടി ഡ്യൂട്ടിക്കു പോയി. ഡ്യൂട്ടി കഴിഞ്ഞു വന്നുനോക്കിയപ്പോള്‍ പൂട്ട് പൊട്ടിച്ചിട്ടുണ്ട്. ക്വാര്‍ട്ടേഴ്സില്‍ സാധനങ്ങളൊന്നുമില്ല. സാധനങ്ങളൊക്കെ പഴയ ക്വാര്‍ട്ടേഴ്സില്‍ത്തന്നെ കൊണ്ടുപോയി ഇട്ടിരിക്കുകയായിരുന്നു. വലിച്ചുവാരി ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു. ടി.വിയടക്കം പല സാധനങ്ങളും കാണാനുമില്ല. അന്നദ്ദേഹം കുറെ കരഞ്ഞു. വേറെ ഏതെങ്കിലും ജാതിയില്‍പ്പെട്ട ഒരാളോട് ഇവര്‍ ഇങ്ങനെ കാണിക്കുമോ? ഇയാള്‍ പ്രതികരിക്കില്ല, ചോദിക്കാനും പറയാനും ആളില്ല എന്നൊക്കെയുള്ള ധൈര്യത്തിലല്ലേ ഇങ്ങനെയൊക്കെ ചെയ്തത്. അട്ടപ്പാടിയിലെ ആദിവാസി എന്ന അവരുടെ കാഴ്ചപ്പാടിലല്ലേ അവിടെ കാര്യങ്ങള്‍ നടന്നത്.


അതേ ദിവസം തന്നെ എക്‌സ്ട്രാ ഡ്യൂട്ടിയെടുക്കാന്‍ വേണ്ടി എ.എസ്.ഐ വന്നു വിളിച്ചു. എസ്.ഐയും വന്നു. പോകാന്‍ വിസമ്മതിച്ചപ്പോള്‍ കോളറില്‍ പിടിച്ച് എണീപ്പിച്ച് യൂണിഫോം ഇടാന്‍ പറഞ്ഞു. സമ്മതിക്കാത്തതുകൊണ്ട് ഇട്ടിരുന്ന ഡ്രസ്സ് വലിച്ചുകീറി നഗ്‌നനാക്കി മര്‍ദ്ദിച്ചു. തളര്‍ന്നുപോയ കുമാറേട്ടനെ ഇവരൊക്കെക്കൂടി ബാരക്കിലേക്ക് മാറ്റി. ക്വാര്‍ട്ടേഴ്സ് പൂട്ടി, മൊബൈല്‍ ഫോണ്‍ വാങ്ങി ഓഫ് ചെയ്ത് വെച്ചു. ഡെപ്യൂട്ടി കമാന്‍ണ്ടന്റിനെ കണ്ടിട്ട് ഇനി ഡ്യൂട്ടിക്ക് കയറിയാല്‍ മതി എന്നു പറഞ്ഞു. യൂണിഫോം ചോദിച്ചപ്പോള്‍ പിന്നെയും മര്‍ദ്ദിച്ചു. ഇനിയും അവിടെ നിന്നാല്‍ വീണ്ടും അടികൊള്ളും എന്നു പേടിച്ചിട്ട് ക്യാമ്പില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നെ ഒരു 12 ദിവസം ആളെ കാണാനില്ലായിരുന്നു. എല്ലാവരും അന്വേഷിച്ചു. ക്യാമ്പില്‍ മിസ്സിങ്ങാണെന്നു പറഞ്ഞു നോട്ടീസ് ഒട്ടിച്ചിരുന്നു. എന്നാല്‍, കുടുംബക്കാരെയൊന്നും ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.

12 ദിവസം കഴിഞ്ഞ് അട്ടപ്പാടിയില്‍ അമ്മയുടെ അടുത്തു ചെന്നു. ശരീരത്തില്‍ മുറിവും ചതവും ഒക്കെ ഉണ്ടായിരുന്നു. സഹോദരങ്ങള്‍ കൊണ്ടുപോയി വൈദ്യരെ കാണിച്ചു. പിന്നീട് ഒറ്റപ്പാലത്ത് ആശുപത്രിയിലും ചികിത്സ തേടി. പിന്നെ രണ്ടര മാസത്തോളം പേടിച്ചിട്ട് ഡ്യൂട്ടിക്കു പോയില്ല. എല്ലാവരും നിര്‍ബ്ബന്ധിച്ചപ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റൊക്കെ വാങ്ങി രണ്ടാമതും പോകാന്‍ തീരുമാനിച്ചു. ഏട്ടന്‍ രങ്കസാമിയേയും കൂട്ടിയാണ് പോയത്. അന്ന് കമാന്‍ണ്ടന്റ് അവധിയായിരുന്നു. തനിച്ചു പോകാന്‍ പേടിയായതുകൊണ്ട് കുറേ ദിവസം പിന്നെയും പോയില്ല . ചില ദിവസം ക്യാമ്പ് വരെ പോയി തിരിച്ചുവരും. ലീവായതിന്റെ പേരില്‍ മെമ്മോ കിട്ടി. 

സുഹൃത്തുക്കളൊക്കെ പറഞ്ഞതുകൊണ്ട് ഒരു ദിവസം സഹോദരനോടൊപ്പം ക്യാമ്പില്‍ പോയി മൊബൈല്‍ ഫോണും യൂണിഫോമും ഒക്കെ വാങ്ങി എസ്.പിയെ കാണാന്‍ പോയി. എസ്.പിയെ കണ്ടാല്‍ ഇവിടെ നടന്ന കാര്യങ്ങളൊന്നും പറയരുതെന്നു ക്യാമ്പില്‍നിന്നു പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, പാലക്കാട് എസ്.പിയുടെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് ജുലൈ 19-നു പോയി ജോയിന്‍ ചെയ്തു. എനിക്ക് പാലക്കാട് 23-ന് പി.എസ്.സി പരീക്ഷ ഉണ്ടായതിനാല്‍ ജോയിന്‍ ചെയ്തശേഷം അദ്ദേഹം അഞ്ചുദിവസം ലീവെടുത്തു. എസ്.പിയുടെ അനുവാദത്തോടെയായിരുന്നു അത്. ഞാനും കുമാറേട്ടനും ഒരുമിച്ചായിരുന്നു പരീക്ഷയ്ക്കു പോയത്. 23-നു ഞങ്ങളെ തിരുവനന്തപുരത്തേയ്ക്കു ട്രെയിന്‍ കയറ്റിവിട്ടു. 24-നു രാവിലെ ഡ്യൂട്ടിക്കു കയറുകയാണെന്നും പറഞ്ഞ് എന്നെ വിളിച്ചിരുന്നു. അതായിരുന്നു അവസാനത്തെ വിളി. ക്യാമ്പില്‍നിന്നാണ് വിളിച്ചത് എന്നാണ് എനിക്കു തോന്നുന്നത്. പിന്നെ രാത്രി വരെ വിളിച്ചിട്ടും ആളെ കിട്ടിയില്ല. പിറ്റേന്നു രാത്രിയാണ് അപകടം പറ്റിയതു പറയാന്‍ ക്യാമ്പില്‍നിന്നു ഫോണ്‍ വന്നത്. ബുധനാഴ്ച ക്യാമ്പില്‍ എത്തിയില്ല എന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. സത്യം തെളിയുന്നതു വരെ കേസിന്റെ എല്ലാ കാര്യങ്ങളുമായി മുന്നോട്ട് പോകും'' സജിനി പറയുന്നു.

വീട്ടുജോലിക്കു പൊലീസുകാര്‍ 

കുമാറിന്റെ മരണത്തില്‍ ഏഴു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്വാര്‍ട്ടേഴ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന കമാന്‍ണ്ടന്റ് സുരേന്ദ്രന്‍ മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ച് വിവാദമായ ആളാണ്. വീടിന്റെ നിര്‍മ്മാണജോലിക്ക് എ.ആര്‍. ക്യാമ്പിലെ പൊലീസുകാരെ ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പണിക്കുപോയ കൂട്ടത്തിലും കുമാര്‍ ഉണ്ടായിരുന്നു. 

അന്നു സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ പരിശോധനയോ നടപടിയോ ഉണ്ടായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും ക്യാമ്പിലെ പീഡനങ്ങള്‍ തുടരില്ലായിരുന്നു. ഡി.സി. സുരേന്ദ്രന്‍, സി.പി.ഒ ആസാദ് അടക്കം നാലുപേര്‍ക്കെതിരെയായിരുന്നു കുമാറിന്റെ ആത്മഹത്യാകുറിപ്പ്. കയ്യക്ഷരം കുമാറിന്റേതു തന്നെയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.സി.-എസ്.ടി കമ്മിഷനും നേരില്‍ പോയി കണ്ട് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. കുമാറിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല എന്നു കുടുംബാംഗങ്ങള്‍ പറയുന്നുണ്ട്. മരണശേഷം ആശ്വസിപ്പിക്കാനെത്തിയ പലരും ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ചതായും പരസ്യമായി പറയാന്‍ പേടിയാണെന്നും ഇവര്‍ പറയുന്നു. ''പീഡനം സഹിക്കാനാവാതെ ആത്മഹത്യാശ്രമം നടത്തിയ പൊലീസുകാര്‍ ക്യാമ്പിലുണ്ട്. ആരും പുറത്തു പറയില്ല. ഞങ്ങള്‍ ഇനിയും അവിടെത്തന്നെ ജോലി ചെയ്യേണ്ടവരല്ലേ എന്നാണ് പറയുക. എസ്.സി.എസ്.ടിക്കാരേയും കൂടുതല്‍ പ്രതികരിക്കാത്തവരേയും പാര്‍ട്ടി സപ്പോര്‍ട്ട് ഇല്ലാത്തവരേയുമൊക്കെയാണ് കൂടുതല്‍ പീഡിപ്പിക്കുന്നത്'' സജിനി പറയുന്നു. കുമാറിന്റെ മരണത്തിനു കാരണക്കാരെ കണ്ടെത്തുന്നതിനൊപ്പം അടിയന്തരമായി ചികിത്സ വേണ്ട കാര്യങ്ങളാണ് എ.ആര്‍. ക്യാമ്പുകളില്‍ നടക്കുന്നത്. ജാതിമനോരോഗികളേയും ക്രിമിനലുകളേയും തിരിച്ചറിയപ്പെടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com