മാന്ദാമംഗലം വനംകൊള്ള; രക്ഷപ്പെടുന്നതാര്?

ഇതോടെ കേസുകളുടെ നിര്‍ണ്ണായക തെളിവും സാക്ഷിയും ഇല്ലാതായി. ദുരൂഹതയേറിയ ഈ കേസുകള്‍ അട്ടിമറിക്കപ്പെടുന്നതെങ്ങനെ?
മാന്ദാമംഗലം വനംകൊള്ള; രക്ഷപ്പെടുന്നതാര്?

തൃശൂര്‍ ജില്ലയില്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിലെ മാന്ദാമംഗലം മരംമുറിക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം. 30 കോടിയോളം രൂപ വിലവരുന്ന തേക്കും ഈട്ടിയും ഉള്‍പ്പെടെ മുറിച്ചുകടത്തി സ്വകാര്യ മില്ലുകള്‍ക്കു നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. വനം ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇതുമായുള്ള ബന്ധത്തിന്റെ കണ്ണിയായിരുന്ന ചേരുംകുഴി ഏഴോലിക്കല്‍ ബൈജു ദുരൂഹമരണത്തിനു രണ്ടു വര്‍ഷം പിന്നിട്ടു. മരംമുറിയും ആ മരണവുമായും ബന്ധം ആരോപിക്കപ്പെടുന്നവര്‍ക്കെതിരായ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഇതുവരെ നടപടിയില്ല.

പട്ടിക്കാട് റേഞ്ച് ഓഫീസര്‍ ആവശ്യപ്പെട്ടപ്പോള്‍ 2017 ജൂലൈ 21-നു മറ്റു ചിലര്‍ക്കൊപ്പം ഹാജരായ ബൈജുവിനെ രണ്ടു ദിവസം കഴിഞ്ഞു പുറത്തൊരിടത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പു കഴിഞ്ഞു മടങ്ങിയപ്പോള്‍ കസ്റ്റഡിയില്‍നിന്ന് ബൈജു രക്ഷപ്പെട്ടുവെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ബൈജുവിനെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് ആദ്യം ഉയര്‍ന്ന സംശയവും പരാതിയും. പക്ഷേ, ആത്മഹത്യയല്ല, കൊലയാണ് എന്ന നിലയിലേക്കു കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. ബൈജുവിന്റെ മൃതദേഹത്തില്‍ 18 പരിക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിയിലോ അതിനുശേഷമോ ബൈജുവിന് അതിക്രൂര മര്‍ദ്ദനമേറ്റു എന്നാണ് വ്യക്തമായിരിക്കുന്നത്. കൊലയല്ല, ആത്മഹത്യയാണെങ്കില്‍പ്പോലും വനം ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ തെളിവുകള്‍ ശക്തമാണ്. അതുണ്ടായില്ല. എന്നാല്‍, മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. മരംമുറിയില്‍ വനം ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പക്ഷേ, ബൈജുവിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് അവരും നല്‍കിയത്.

അടുത്തയിടെ ഇതേ കേസുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് രണ്ടുപേരെ അറസ്റ്റു ചെയ്തു. നടയംകണ്ടതില്‍ അജി ജോസഫ്, ചേരുംകുഴി ഷാജി എന്നിവര്‍. ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത്. തുടക്കം മുതല്‍ ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു. വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2017 ഒക്ടോബര്‍ 23-ന് തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം തികയാറായപ്പോള്‍ 2018 സെപ്റ്റംബര്‍ 13-നാണ് മറുപടി നല്‍കിയത്. അതും റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നു വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മാത്രം. അങ്ങനെ ആവശ്യപ്പെടാന്‍ 2018 ജൂലൈ 23 വരെ വൈകി. ഈ കേസിലുടനീളം മനപ്പൂര്‍വ്വമുള്ള ഈ വൈകിപ്പിക്കലും ഒഴിഞ്ഞുമാറലും കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളും വ്യക്തം. ബൈജു മരിച്ച് ഒരു മാസം കഴിഞ്ഞ് ജൂലൈ 24-ന് വനം മന്ത്രി കെ. രാജുവിന്റെ ഓഫീസ് ഇടപെട്ടു. അതൊരു പരാതിയായി പരിഗണിച്ച് തൃശൂര്‍ റേഞ്ച് ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി. ഓഗസ്റ്റ് 18-ന് അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണെങ്കിലും കൂടുതല്‍ പരാതികള്‍ വന്നതുകൊണ്ട് തുടരന്വേഷണം വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയോ മറ്റ് ഉന്നത ഏജന്‍സിയേയോ ഏല്പിക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്. അതേസമയം, പട്ടിക്കാട് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ആ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. വനം മന്ത്രിക്ക് തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചിട്ടും ഇവരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം എന്ന സംഘടന കഴിഞ്ഞ മാസം 15-നു മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പരിഗണിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കിയതില്‍ എത്തിനില്‍ക്കുന്നു. 

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ വനം ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു തുടരന്വേഷണം നടത്തുക, ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കുക, അവരുടെ നിയമവിരുദ്ധ സമ്പാദ്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചത്. റേഞ്ച് ഓഫീസര്‍ എം.കെ. രഞ്ജിത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശിവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.ഐ സാജു എന്നിവര്‍ക്കു പുറമേ സമയത്ത് കേസെടുക്കാതിരുന്ന അന്നത്തെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. ഫര്‍ഷാദിനെതിരേയും ക്രൈംബ്രാഞ്ച് നടപടി ശുപാര്‍ശ ചെയ്തിരുന്നു. 

വിളവുതിന്നുന്ന 
വേലികള്‍ 

2017 ഡിസംബര്‍ 19-നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. പരാതിയില്‍നിന്ന്: ''ബൈജുവിനെ കസ്റ്റഡിയിലെടുത്ത 2017 ജൂലൈ 21-ന് അയാള്‍ ഒരു ഫോറസ്റ്റ് കേസിലും പ്രതിയായിരുന്നില്ല. എന്നാല്‍, 30 കോടിയോളം രൂപ വിലവരുന്ന തേക്ക്, ഈട്ടി തുടങ്ങിയ വന്‍ മരങ്ങള്‍ വനഭൂമിയില്‍നിന്നു മുറിച്ച് വില്‍പ്പന നടത്തിയ നിരവധി സംഭവങ്ങളില്‍ ബൈജുവും പ്രതിയാകേണ്ടയാളും ഉദ്യോഗസ്ഥരുടെ പങ്ക് വെളിവാക്കുന്ന സാക്ഷിയുമായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടേയും പങ്കോടേയുമായിരുന്നു ഈ വനംകൊള്ള. ബൈജുവിനെ കസ്റ്റഡിയില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന് രഞ്ജിത്തിന്റെ ചോദ്യം ചെയ്യല്‍ ഓഡിയോ വ്യക്തമായ തെളിവാണ്. നിയമപരമായി അയാള്‍ക്കെതിരെ കേസെടുത്ത് പൊലീസിനു കൈമാറുന്നതിനു പകരം ബൈജുവിനെ കാണിച്ച്, അയാളില്‍നിന്നു നിയമവിരുദ്ധമായി മരം വാങ്ങിയ മില്ലുകളില്‍നിന്നു വന്‍തോതില്‍ പണം വാങ്ങി. ഞങ്ങളുടെ അന്വേഷണത്തിലും ഫോറന്‍സ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്നുമാണിത് മനസ്സിലായത്.'' ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടാതിരിക്കാന്‍ ബൈജുവിനെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ആത്മഹത്യയിലേക്കു തള്ളിവിടുകയായിരുന്നു. രഞ്ജിത്തും ബൈജുവും തമ്മിലുള്ള സംഭാഷണം റെക്കോഡ് ചെയ്ത ഓഡിയോ ഇതിനു തെളിവാണ്. ബൈജു മരിച്ച് 12 ദിവസം കഴിഞ്ഞാണ് അയാളെ പ്രതിയാക്കി ഒരു കേസെടുക്കുന്നത്. ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിയമനടപടികള്‍ സ്വീകരിച്ചില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ഇതു വ്യക്തമാക്കുന്നു. 

ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിനു പുറമേ ഫോറസ്റ്റ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്, ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ (ഇന്‍സ്പെക്ഷന്‍ ആന്റ് ഇവാല്വേഷന്‍) പൂര്‍ണ്ണ ചുമതലയുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് എന്നിവ പൂഴ്ത്തിവച്ചാണ് ആരോപണവിധേയരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കഴിഞ്ഞ മാര്‍ച്ച് 13-നു സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. വനം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു സംശയരഹിതമായി വ്യക്തമാക്കുകയാണ് അതില്‍. രഞ്ജിത്ത്, ശിവന്‍, സാജു എന്നിവര്‍ക്കു പുറമേ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷെയ്ഖ് ഹൈദര്‍ ഹുസൈന്‍, ഡി.സി.എഫ്.സി.റ്റി ജോജു എന്നിവരും മരംമുറിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പങ്കാളികളാണെന്നു മനുഷ്യാവകാശ സംരക്ഷണകേന്ദ്രം വനം മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഇതേ കേസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സമാന്തരമായ അന്വേഷണം ആവശ്യമുണ്ടോ എന്നു ചോദിക്കുന്നതിനൊപ്പം ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡി.എഫ്.ഒ) ഒന്നുകൂടി കൃത്യമായി പറയുന്നു. ''ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ വകുപ്പുതല നടപടി സ്വീകരിക്കാവുന്നതാണ്.'' ആ വകുപ്പുതല നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങി. മാന്ദാമംഗലം മരംമുറി കാലത്ത് പട്ടിക്കാട് ആര്‍.എഫ്.ഒ ആയിരുന്ന രാജു മൈക്കിള്‍ ബൈജു ഹാജരായ ദിവസം പട്ടിക്കാട് ഉണ്ടായിരുന്നു, അയാള്‍ ഇടനിലനിന്നു കുറ്റകൃത്യങ്ങളിലെ സ്വന്തം പങ്ക് ഒഴിവാക്കി എന്നീ കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശിവന്‍, ബി.എഫ്.ഒ സാജു എന്നിവരുടെ പങ്കും ബൈജുവിന്റെ മൊഴിയില്‍ പറയുന്ന മറ്റ് ഉദ്യോഗസ്ഥരുടെ പേരുകളും മൊബൈല്‍ ഫോണ്‍ സംഭാഷണ വിശദാംശങ്ങളും പരിശോധിക്കുക, എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിലെ ചില കേസുകളില്‍ കണ്ടെടുത്ത തടികള്‍ മാന്ദാമംഗലം മരംമുറിക്കേസിലെ തടികളാണോ എന്ന് അന്വേഷിക്കുക, ബൈജുവിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന് സൈബര്‍ സെല്ലിന്റെ സഹായം ഉള്‍പ്പെടെ ആവശ്യമുള്ളതിനാല്‍ അന്വേഷണം ഉയര്‍ന്ന ഏജന്‍സിയെ ഏല്പിക്കുക, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍.എഫ്.ഒ രഞ്ജിത്ത് ശിവന്‍, സാജു എന്നിവരെ അന്വേഷണ ചുമതലയില്‍നിന്നു മാറ്റുക എന്നീ ശുപാര്‍ശകള്‍ ആ റിപ്പോര്‍ട്ടിലുമുണ്ട്. ബൈജുവിനൊപ്പം ഹാജരായ ബിജുമോന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പീച്ചി പൊലീസ് ഇവര്‍ മൂന്നു പേരെയും പ്രതികളാക്കി കേസെടുത്തിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. രഞ്ജിത്ത്, ശിവന്‍, സാജു എന്നീ പേരുകള്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കേണ്ടിവരുന്നത് അത്രയധികം അന്വേഷണങ്ങളില്‍ അവരെ കുറ്റക്കാരെന്നു കണ്ടെത്തി പേരെടുത്തു പറഞ്ഞിട്ടുള്ളതുകൊണ്ടാണ്.
മാന്ദാമംഗലം മരംമുറിയുമായി ബന്ധപ്പെട്ടു വനം വകുപ്പിന്റെ വിവിധ തലങ്ങളില്‍ നേരിട്ടും അല്ലാതേയും പരാതികളുടെ പ്രവാഹം തന്നെ ഉണ്ടായി.

ബൈജു
ബൈജു

വിവരാവകാശ നിയമപ്രകാരം ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ഫയല്‍ക്കുറിപ്പുകള്‍ അതിന്റെ ഇഞ്ചോടിഞ്ച് തെളിവാണ്. പരാതികളില്‍ ചിലത് അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്തവരുടേയും പട്ടികയും നീണ്ടതാണ്. മുന്‍പ് പട്ടിക്കാട് ആര്‍.എഫ്.ഒ ആയിരുന്ന വി.ബി. അഖില്‍, മാന്ദാമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന സി.വി. വിനോദ് കുമാര്‍, എസ്.എഫ്.ഒ പി.കെ. ഗിരീഷ് കുമാര്‍, എം.എ. പ്രശാന്ത്, രാജേഷ്, സി.എസ്. സിജു, എ.എച്ച്. ഷാനിബ്, നിനോ ജോസഫ്, എരുമപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന എല്‍. സുധീഷ് കുമാര്‍ എന്നിവര്‍ക്കെതിരായ നടപടി ശുപാര്‍ശ ഉദാഹരണം. പക്ഷേ, ബൈജുവിന്റെ മരണത്തിലേക്ക് എത്തിയ മരംമുറി സംഭവങ്ങളിലെ കൂടുതല്‍ ഉന്നതരുടെ പങ്കും ബൈജുവിന് അതിനെക്കുറിച്ച് ഉണ്ടായിരുന്ന കൃത്യമായ അറിവുമാണ് അട്ടിമറിക്ക് ഇടയാക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. 

ബൈജുവിനെ രഞ്ജിത്ത് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ഇതിനു തെളിവാണ്. രഞ്ജിത്ത് തന്നെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഈ സംഭാഷണത്തിലെ ഭാഷ അനുനയത്തിന്റേതാണ്. പക്ഷേ, അതിലെ ഭീഷണിച്ചുവയും ദുസ്സൂചനകളും ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമവും ബ്ലാക്മെയിലിംഗിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാനുള്ള ആവേശവും വ്യക്തം. ബൈജുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനും മില്ലുടമകളെ ഭീഷണിപ്പെടുത്താനുമാണ് ഈ ഓഡിയോ കൈവശം വച്ചത് എന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. ബൈജുവിന്റെ മരണത്തെക്കുറിച്ചു സംശയങ്ങള്‍ ഉയര്‍ന്നതോടെ രഞ്ജിത്ത് ഈ ഓഡിയോ ടേപ്പ് മേലുദ്യോഗസ്ഥരെ ഏല്പിച്ചു. അവരത് ഔദ്യോഗിക രേഖയാക്കി ഫ്‌ലൈയിംഗ് സ്‌ക്വാഡിനും ഡി.എഫ്.ഒയ്ക്കും കണ്‍സര്‍വേറ്റര്‍ക്കും കൊടുത്തു. താന്‍ ചോദ്യം ചെയ്‌തേയുള്ളു, മര്‍ദ്ദിച്ചിട്ടില്ല എന്നു സ്ഥാപിക്കാന്‍ കൂടിയായിരുന്നു രഞ്ജിത്തിന്റെ ശ്രമം. പക്ഷേ, സത്യസന്ധരായ ചില ഉദ്യോഗസ്ഥര്‍ ഓഡിയോ കേസ് രേഖകളുടെ ഭാഗമാക്കി. വിവരാവകാശ നിയമപ്രകാരം അതുള്‍പ്പെട്ട സിഡി പുറത്തുവരികയും ചെയ്തു. കേസൊന്നും ഇല്ലാതിരുന്നപ്പോള്‍ ബൈജു ഹാജരാകാന്‍ പറഞ്ഞതിനു പിന്നീട് അയാളുടെ മൊഴി ഉപയോഗിച്ചു നടത്തിയ ബ്ലാക്മെയിലിംഗും പണം തട്ടലും തന്നെയാണ് ഉത്തരം. മലയാറ്റൂര്‍ ആനവേട്ട കേസിലെ പ്രതി വാസു മൂവാറ്റുപുഴയില്‍ തൂങ്ങി മരിച്ചതു പോലെയാകും നിന്റെയും ഗതി എന്ന് രഞ്ജിത്ത് പറയുന്നത് ഓഡിയോയിലുണ്ട്. 

ബൈജുവിന്റെ ബന്ധുക്കളില്‍ ഒരാളും ഈ മരണവുമായി ബന്ധപ്പെട്ട പരാതി നല്‍കിയില്ല. മാത്രമല്ല, സാമൂഹിക പ്രവര്‍ത്തകര്‍ പിന്നീട് ഇടപെട്ടപ്പോഴും അവര്‍ അതിനു തയ്യാറായില്ല. ആരെയോ പേടിക്കുന്നു എന്ന തോന്നലാണ് തങ്ങള്‍ക്ക് ഉണ്ടായതെന്നു മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ചെയര്‍മാന്‍ സി. ശിവരാജന്‍ പറയുന്നു. ''കോടികളുടെ മരം മുറിച്ചതിന് ബൈജുവിന്റെ പേരില്‍ കേസുണ്ടെന്നും ആ തുക ഈടാക്കാന്‍ സര്‍ക്കാര്‍ നിങ്ങളുടെ വീടും പറമ്പുമൊക്കെ ജപ്തി ചെയ്യും എന്നുമാണ് വനം ഉദ്യോഗസ്ഥര്‍ അവരോടു പറഞ്ഞത്.''
ബൈജുവിന്റെ പേരില്‍ കേസെടുത്താല്‍ അയാള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്നും ആര്‍ക്കൊക്കെ കാലങ്ങളായി മരം മുറിച്ചതിന്റെ പങ്ക് കൊടുത്തിട്ടുണ്ടെന്നും പുറത്തുവരും എന്ന ഭയമാണ് വനം ഉദ്യോഗസ്ഥരെക്കൊണ്ട് എല്ലാം ചെയ്യിച്ചത്. ബൈജുവിനെ നിശ്ശബ്ദനാക്കുക എന്നത് അവരുടെ ആവശ്യമായി മാറി. എന്നാല്‍, ആ രീതിയില്‍ അന്വേഷണങ്ങളൊന്നും നീങ്ങിയില്ല. സത്യസന്ധമായ തുടരന്വേഷണത്തിലാണ് അതു പുറത്തുവരേണ്ടത്. ''ആത്മഹത്യാ പ്രേരണാ കേസെടുക്കാത്തതും ബൈജു മരിച്ചശേഷം അയാള്‍ക്കെതിരെ മരംമുറി കേസെടുത്തതും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ ചാടിപ്പോയതാണ് എന്നും വരുത്താനുള്ള ശ്രമങ്ങളും യഥാര്‍ത്ഥ കുറ്റവാളികളുടെ രക്ഷപ്പെടല്‍ ശ്രമത്തിന്റെ ഭാഗമാണ്'' മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് പറയുന്നു.

തടി രക്ഷിക്കാന്‍ 
പെടാപ്പാട് 

രഞ്ജിത്തിന്റേയും സംഘത്തിന്റേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേയ്ക്കു വെളിച്ചം വീശാന്‍ എറണാകുളം ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ 2017 നവംബര്‍ 30-നു സമര്‍പ്പിച്ച റിപ്പോര്‍ട്ടു തന്നെ ധാരാളം. ബൈജുവിനെ തെളിവെടുപ്പിന് എന്ന പേരില്‍ രഞ്ജിത്ത് തന്റെ സ്വകാര്യ വാഹനത്തില്‍ ശിവന്‍ സി.ഐ. സാജു എന്നിവരോടൊപ്പം ചില മില്ലുകളില്‍ പോയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍. ബൈജുവിനെ കൊണ്ടുപോയി തെളിവെടുപ്പു നടത്താന്‍ മാന്ദാമംഗലം സ്റ്റേഷനിലെ ജീവനക്കാരെ പങ്കെടുപ്പിക്കാതിരുന്നത്, ആരോപണവിധേയമായ തടിമില്ലുകളില്‍ തെളിവെടുക്കാതിരുന്നത്, മതിയായ മുന്‍കരുതലുകളില്ലാതെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് എന്നിങ്ങനെ എണ്ണിയെണ്ണി പറയുന്ന റിപ്പോര്‍ട്ട് ബൈജുവിന്റെ ആത്മഹത്യ മരംമുറി സംബന്ധമായ സുപ്രധാന കേസുകളിലെ തുടര്‍ അന്വേഷണത്തെ ബാധിച്ചു എന്നും ചൂണ്ടിക്കാണിക്കുന്നു. കേസുകള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യം ബൈജുവിന്റെ മരണത്തോടെ നടപ്പായി എന്നു വ്യക്തം.

ബൈജു പ്രതിയെന്ന് ആരോപിക്കപ്പെട്ട വനം കേസുകളില്‍ പിന്നീട് യാതൊരു തരത്തിലുള്ള അന്വേഷണവും നടന്നില്ല. മരിച്ച ബൈജുവിനെ പ്രതിയാക്കി കേസെടുത്തത് സ്വാഭാവികമായും നിലനില്‍ക്കുകയുമില്ല. അതോടെ ആ കേസുകള്‍ തന്നെ ഇല്ലാതാകും. കുറ്റവാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്യും. കസ്റ്റഡിയിലെടുക്കുമ്പോള്‍ ബൈജുവിന്റെ പേരില്‍ ഫോറസ്റ്റ് കേസുകളൊന്നും ഇല്ലായിരുന്നു എന്ന് 2017 ഡിസംബര്‍ 14-ന് പട്ടിക്കാട് റേഞ്ച് ഓഫീസില്‍നിന്നുതന്നെയാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്. 

രാത്രിയില്‍ ബൈജുവിനെ ശിവന്റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായും അതിനു വിരമിച്ച വനം ഉദ്യോഗസ്ഥന്‍ രാജു മൈക്കിളും പങ്കുചേര്‍ന്നതായും പരാതി ലഭിച്ചതായി ഫ്‌ലൈയിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവന്റെ വീട്ടില്‍നിന്നു രാത്രി കരച്ചില്‍ കേട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ബൈജു ചാടിപ്പോയി എന്നാക്കി രഞ്ജിത്തും മറ്റും ചേര്‍ന്നു സംഭവത്തെ മാറ്റി. ഫ്‌ലൈയിംഗ് സ്‌ക്വാഡിനു മൊഴി നല്‍കിയ ബൈജുവിന്റെ സുഹൃത്ത് ഡ്രൈവര്‍ ആന്റണിയുടെ വാക്കുകളില്‍ നടന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമുണ്ട്. ബൈജുവിനോട് ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ കൂടെപ്പോയവരില്‍ ആന്റണിയുമുണ്ടായിരുന്നു. റേഞ്ച് ഓഫീസര്‍ ബൈജുവിനെ മാത്രം അകത്തേയ്ക്കു കൊണ്ടുപോയി. ഉച്ചയോടെ എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ബൈജുവിനു ഭക്ഷണം വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞയച്ചു. ബൈജുവിനു പ്രഷര്‍ കൂടുതലാണെന്നും ഗുളിക വാങ്ങിക്കൊണ്ടു വരണമെന്നും കുറച്ചു കഴിഞ്ഞ് സുമേഷ് എന്ന ഉദ്യോഗസ്ഥന്‍ വന്നു പറഞ്ഞു. ആന്റണി അതു വാങ്ങിക്കൊടുത്തു. മൂന്നരയോടെ ബൈജുവിനെ തെളിവെടുപ്പിന് രഞ്ജിത്തും ശിവനും സാജുവും രഞ്ജിത്തിന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയി. രാത്രി പത്ത് കഴിഞ്ഞപ്പോള്‍ സുഹൃത്ത് ചെമ്പന്‍കണ്ടം ഷിബു തന്നെ വിളിച്ച് ബൈജു ചാടിപ്പോയെന്നു പറഞ്ഞു. എല്ലാവരും കൂടി മാന്ദാമംഗലം സ്റ്റേഷനില്‍ പോയി പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ സമയത്ത് ആരും ആവശ്യപ്പെടാതെ ബൈജുവിനെ അന്വേഷിക്കാന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കറുക്കന്‍ തങ്കച്ചന്റെ മകന്‍ ഷെനിന്‍ അവിടെ വന്നതില്‍ തനിക്കു സംശയം തോന്നി. പിറ്റേന്നു വനം ഉദ്യോഗസ്ഥരാരും ബൈജുവിനെ അന്വേഷിച്ച് വരാതിരുന്നതിലും സംശയമുണ്ടായി. ഉച്ചയ്ക്കുശേഷം ബൈജുവിനെ കിട്ടിയെന്ന് ഷൈജു വിളിച്ചു പറഞ്ഞു. എന്നാല്‍, താന്‍ ചെന്നു കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിറ്റേന്നു രാവിലെ ബൈജു തൂങ്ങിമരിച്ചതായി ഷിബു വിളിച്ചുപറഞ്ഞു. സമാനമായ വേറെയും മൊഴികള്‍ ഉണ്ട്. അതെല്ലാം അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രഞ്ജിത്ത് റെക്കോഡ് ചെയ്ത സംഭാഷണത്തിലെ ഭീഷണിസ്വരവും റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. 

ബൈജു കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടതാണെങ്കില്‍ ജൂലൈ 21-ന് രാത്രി തന്നെ പിടികൂടി നിയമനടപടി സ്വീകരിക്കേണ്ട രഞ്ജിത്ത് അന്നോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സ്റ്റേഷനില്‍ എത്തിയില്ല. മാത്രമല്ല, 13 ദിവസം കഴിഞ്ഞ് ആഗസ്റ്റ് മൂന്നിനാണ് എത്തിയത്. ബൈജുവിനെ റേഞ്ച് ഓഫീസില്‍ വച്ചോ പട്ടിക്കാട് സ്റ്റേഷനില്‍ വച്ചോ കാറില്‍ പുറത്തുകൊണ്ടുപോയപ്പോള്‍ പുറത്തുവച്ചോ ക്രൂരമായി മര്‍ദ്ദിച്ചിരിക്കാനുള്ള സാധ്യത തള്ളാതെയാണ് റിപ്പോര്‍ട്ട്. ഇത് വിശദമായി അന്വേഷിക്കണം എന്നാണ് ശുപാര്‍ശ. 
തെളിവെടുപ്പിന് എന്ന പേരില്‍ ബൈജുവിനേയും കൊണ്ട് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സോമില്ലുകളിലാണ് പോയത്. മനപ്പൂര്‍വ്വം സോമില്ലുകളുടെ പേരുകള്‍ മറച്ചുവച്ചത് പണപ്പിരിവിനാണ് എന്ന പരാതിയിലെ സംശയം ശരിവയ്ക്കുന്നതാണ് ഈ നടപടി. തെളിവെടുപ്പ് കഴിഞ്ഞുവന്ന് മാന്ദാമംഗലം സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ ബൈജു ഇറങ്ങി രക്ഷപ്പെട്ടു എന്ന ഉദ്യോഗസ്ഥരുടെ മൊഴി സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്നാണ് കണ്ടെത്തല്‍. 


'നിനക്കും രക്ഷ ആത്മഹത്യ' 

(പട്ടിക്കാട് റേഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത ഏഴോലിക്കല്‍ ബൈജുവിന്റെ 'മൊഴി' റേഞ്ച് ഓഫീസര്‍ മൊബൈലില്‍ റെക്കോഡ് ചെയ്തതിന്റെ പകര്‍പ്പ് തൃശൂര്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്)

റേഞ്ച് ഓഫീസര്‍: അതേ, നിനക്ക് മറ്റുള്ളവരുടെ മുന്നില്‍വച്ച് പറയാന്‍ മടിയുണ്ടായിരിക്കാം. (നിസ്സഹായനും അവശനുമായ നിലയില്‍ ബൈജുവിന്റെ മൂളല്‍). പൊലീസ് അന്വേഷിക്കുന്ന കേസാണിത്. പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ചുമൊക്കെ അന്വേഷിക്കുന്നതാണ്. നീ നുണ പറഞ്ഞിട്ടൊന്നും ഇതില്‍നിന്നു വിട്ടുപോകാന്‍ പറ്റില്ല. ഞങ്ങള്‍ കരുതുന്നതുപോലെയല്ല പൊലീസ്. ( ഇല്ല സാറേ... എന്നു വിതുമ്പിക്കൊണ്ട് എന്തോ പറയാന്‍ ബൈജു ശ്രമിക്കുന്നു).
അത് അനുവദിക്കാതെ, വീണ്ടും റേഞ്ച് ഓഫീസര്‍: നീ പെട്ടു, പെട്ടിട്ട് വേറൊരാളെ രക്ഷിക്കാന്‍ നോക്കീട്ട് ഒരു കാര്യവുമില്ല. (ബൈജുവിന്റെ വിവശത നിറഞ്ഞ മൂളല്‍)

''അവരും കൂടി കുടുങ്ങീട്ട് പൈസ ഇറക്കീട്ട് ഊരാന്‍... അതായത്, വല്യ വല്യ ടീമുകളെ നീ രക്ഷിച്ചിട്ട് അവര് നിന്നെ പൈസ ഇറക്കി രക്ഷിക്കുംന്ന് നീ വിചാരിച്ചാല്‍ അവരു നിന്നെ കളിപ്പിച്ചു വിടുകയേ ഉള്ളു.''
ബൈജു: ഞാനെന്താ സാറിനു ചെയ്യേണ്ടെ, ഞാനെന്താ ചെയ്യേണ്ടെ?
ഓഫീസര്‍: നീ ഈ ലാസ്റ്റ് രണ്ടുകൊല്ലം നടന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി. അതു പറഞ്ഞാല്‍ മതീന്നു പറഞ്ഞില്ലേ. അതിനു മുന്‍പത്തെയൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കതു വേണ്ട. പിന്നെ, ഈ ഉള്ളതില്‍ത്തന്നെ പലതും ഞങ്ങള്‍ ഒഴിവാക്കും. സാഹചര്യങ്ങള്‍ നോക്കീട്ട്.

ഞങ്ങളെ കൊണ്ടുപോയി കാണിച്ചുതന്ന കുറ്റികളെല്ലാം ഞങ്ങള്‍ എഴുതീട്ടില്ല. ഇഷ്ടം പോലെ കുറ്റികള്‍ കാണിച്ചുതന്നു. മനസ്സിലായില്ലേ. എന്നിട്ട് ഇത്രയും മര്യാദയ്ക്കു സംസാരിക്കുന്നത് എന്താന്നുവച്ചാല്‍ ഇനി നിന്നെ ഇന്നു വിട്ടിട്ട് ഞങ്ങളെടുത്തു കഴിഞ്ഞാല്‍ നിന്റെ ജീവിതം പിന്നെ...
ബൈജു: ഞാന്‍ സാറിനോട് ഒരു സത്യം പറയാം. ഞാന്‍ ശിവന്‍ ചേട്ടനെ വിളിച്ചു പറയാന്‍ കാരണം എന്താണെന്നുവച്ചാല്‍ മിനിഞ്ഞാന്ന്, കഴിഞ്ഞയാഴ്ച, ഒന്നര മാസമായി ഞാന്‍ വീട്ടീന്ന് ഇറങ്ങീട്ട്. 

ഓഫീസര്‍: മൂവാറ്റുപുഴയില്‍ വാസു കേസില്‍പ്പെട്ടിട്ട് വിഷം കുടിച്ചു ചത്തു. അവനു മനസ്സിലായി ഇനിയിപ്പോള്‍ വിഷം കുടിച്ചു ചാകുകയേ രക്ഷയുള്ളൂ എന്ന്. നിനക്കും അതേ മാര്‍ഗ്ഗമുണ്ടാകുമായിരുന്നുള്ളു. പക്ഷേ, എന്റടുത്ത് അവര് വന്നു പറഞ്ഞു, ഇതിനു പാര്‍ട്ടിപരമായി ബന്ധമൊന്നുമില്ല. ഞാന്‍ എടുത്തു ചോദിച്ചു. പാര്‍ട്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോന്ന്. ഒരു ബന്ധവുമില്ലാന്നാ പറഞ്ഞത്. പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അപ്പോള്‍ അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും. ഇതിലൊരു പാര്‍ട്ടിയും ഇടപെടില്ല. ഞാന്‍ പറഞ്ഞില്ലേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഇടപെടാത്ത കേസിലാണ് നീ വന്നുപെട്ടിരിക്കുന്നത്. അതുകൊണ്ടാണ് എന്തു വേണെങ്കിലും ചെയ്യാന്ന് പറയുന്നത്. അതുകൊണ്ടാണ് ഇത്രയ്ക്ക് മര്യാദയ്ക്ക് ചോദിക്കുന്നത്. നിന്നെ ഞങ്ങള്‍ ടോര്‍ച്ചര്‍ ചെയ്തിട്ട്, നിന്റെ ശരീരം കളഞ്ഞ്, നിന്റെ ഭാവി, നിന്റെ മക്കളുടെ കഞ്ഞിവെള്ളത്തില്‍ പാറ്റവീഴിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. നീ തെറ്റു ചെയ്‌തെന്നു ഞങ്ങള്‍ക്കു മനസ്സിലായി. തെറ്റു ചെയ്താല്‍ തെറ്റു പറയുക, ആര്‍ക്കും പറ്റും, എനിക്കും പറ്റീറ്റുണ്ട് തെറ്റുകള്‍. 

ബൈജു (ഇടയ്ക്ക്) അവസാനത്തെ കേസുകളാണോ സാറ് പറയുന്നെ? 
ഓഫീസര്‍: താമരവെള്ളച്ചാല്‍, പാലക്കുന്ന്, കാളക്കുന്ന് ആ ഭാഗങ്ങളില്ലേ. അവിടെ നടത്തിയ കേസുകള്‍ മാത്രം പറഞ്ഞാല്‍ മതി. അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള കാര്യങ്ങള്‍ മാത്രം പറയുക. അതില്‍ നമ്മുടെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയുക. ഇത്രയേ ഞങ്ങള്‍ക്കു വേണ്ടു. ഫോറസ്റ്റ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസാണിത്. നീ പറയുന്നത് ഈ പൊലീസ് വിജിലന്‍സും സ്പെഷല്‍ ബ്രാഞ്ചുമൊക്കെ ക്രോസ് ചെക്ക് ചെയ്യും. എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ വീണ്ടും അവര് നിന്നെ വിളിപ്പിച്ച്... ഇവിടെ കയറിയിറങ്ങണോ നിനക്ക്. മനസ്സിലായോ. അവര് കൊണ്ടുപോയാ, ഞങ്ങളേലും.... ഞങ്ങളാണിപ്പോ ഏറ്റവും കൂടുതല്‍ ഇടിക്കുന്നതെന്നാ പറയുന്നത്. പക്ഷേ, അവര് കൊണ്ടുപോയിക്കഴിഞ്ഞാല്‍ സ്ഥിതിയെന്താന്ന് ഞങ്ങള്‍ക്കുപോലും പറയാന്‍ പറ്റില്ല. ഒരാളും ഇടപെടില്ല പൊലീസ് വിജിലന്‍സ് കേസില്‍. മനസ്സിലായോ. പിന്നെന്തിനാണ് നീ ഈ പാടൊക്കെ കഴിക്കുന്നത്. നീ ടെന്‍ഷനടിച്ചിട്ടു കാര്യമില്ല, ടെന്‍ഷനടിക്കേണ്ട ആവശ്യമൊന്നുമില്ല. നീ മാറ്റിപ്പറഞ്ഞാല്‍ നിന്നെ രക്ഷപ്പെടുത്താം എന്ന് ആരെങ്കിലും പറയുന്നുണ്ടാകും. ഞാന്‍ പറയുന്നത്, നീ എന്തിനാണത് ഏല്‍ക്കുന്നത്. നിനക്കെന്താണ് അവരുമായി ഇത്ര കമിറ്റ്മെന്റ്. അവര് കാശ് തന്നിട്ടുണ്ടോ. അതോ നിന്നെ കേസില്‍ സഹായിക്കാം എന്നു പറഞ്ഞിട്ടുണ്ടോ. കേസ് ഊരിത്തരാന്നു പറഞ്ഞിട്ടുണ്ടോ. ലോകത്തിലാരെങ്കിലും വിചാരിച്ചാല്‍ ഈ കേസ് ഊരാമെന്നു നീ വിചാരിക്കുന്നുണ്ടോ. കേരളത്തില്‍ ഇങ്ങനെയുള്ള കേസുകള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഇല്ല. കാരണമെന്താന്നു വച്ചാല്‍ ഇതില്‍ ഒരാളും ഇടപെടാത്തതുകൊണ്ട് ജയിലില്‍ പോയി കിടക്കേണ്ടിവരും. പിന്നെ നീ ആരെ രക്ഷിക്കാനാണ്..

ബൈജു: സാറേ, ഞാന്‍ ചെയ്ത കേസുകളെല്ലാം സാറിനോടു ഞാന്‍ പറയാം. എന്തെങ്കിലുമൊക്കെ ഒഴിവാക്കിത്തരാന്‍ പറ്റുവെങ്കീ...
ഓഫീസര്‍ : അത് ഞാന്‍ ഒഴിവാക്കിത്തരും. അതായത് നീ ഈ പറയുന്ന കേസുകള്‍ മുഴുവന്‍ എഴുതിക്കഴിഞ്ഞാല്‍ നിനിക്കുവേണ്ടി ഒരു റേഞ്ചുണ്ടാക്കണമെന്ന് എനിക്കറിയാം. (പൊട്ടിച്ചിരിച്ചുകൊണ്ട്) അത് നടക്കില്ലെന്ന് എനിക്കറിയാം. അല്ലെങ്കില്‍ സി.ബി.ഐക്കു വിടണം കേസ്. അതിനൊന്നും ഞാന്‍ നില്‍ക്കുന്നില്ല. അത്യാവശ്യം ഒരു അഞ്ചോ പത്തോ കേസെഴുതി ഞാന്‍ അവസാനിപ്പിക്കും. പക്ഷേ, കഥകളെനിക്കു മൊത്തം കേള്‍ക്കണം. അതില്‍ നീ നുണ പറഞ്ഞിട്ടു കാര്യമില്ല ഇവിടിരുന്നിട്ട്. 

ബൈജു: ഞാന്‍ പറഞ്ഞുതരാം. ഞാന്‍ സാറിനോടു പറഞ്ഞാല്‍ മതിയോ. 
ഓഫീസര്‍: എന്നോടു പറഞ്ഞാല്‍ മതി.
ബൈജു: സാറ് റെക്കോഡ് ചെയ്യുന്നെങ്കില്‍ റെക്കോഡു ചെയ്‌തോ.
ഓഫീസര്‍: ഞാനെഴുതിക്കൊളാം.
ബൈജു: ഇനി ഇതിന്റെ പേരില്‍, ഞാനീ പറഞ്ഞതിന്റെ പേരില്‍ അവരെ പിടിച്ചാരെയും തല്ലരുത്. 

ഓഫീസര്‍: ഇല്ല. തല്ലില്ലാന്നുള്ളത് നിനക്ക് ഇത്രനേരം ഇവിടിരുന്നിട്ട് മനസ്സിലായില്ലേ. തല്ലാനാണെങ്കില്‍ നിന്നെ ഹാജരാക്കാന്‍ പറയേണ്ട ആവശ്യമുണ്ടോ. നിങ്ങളെന്തോരം ഓടും. നിന്റേയും നിന്നെ വിളിക്കുന്നവരുടേയും ഫുള്‍ നമ്പര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലുണ്ട്. മനസ്സിലായില്ലേ. ഇതു പൊലീസും ഫോറസ്റ്റുംകൂടി ഒരുമിച്ച് എടുത്തിരിക്കുന്ന കേസാണ്. ഒരാളും ഇടപെട്ടിട്ടു കാര്യമില്ല. 
ബൈജു: ഞാന്‍ കാളക്കുന്നത്തെ എല്ലാ കേസുകളും പറയാം.

ഓഫീസര്‍: പറഞ്ഞോ. ഈ രണ്ടു വര്‍ഷത്തെ കേസുകള്‍. ആരൊക്കെ ഇടപെടല്‍ നടത്തീട്ടുണ്ട്. ആരൊക്കെ നിന്റെ കൈയീന്നു പൈസ വാങ്ങിച്ചിട്ടുണ്ട്. എത്ര വച്ച് വാങ്ങിച്ചിട്ടുണ്ട്. ഒക്കെ പറഞ്ഞോ. ഏകദേശം ഞങ്ങള്‍ക്കറിയാം. പക്ഷേ, പൈസ എത്ര വീതമാ വാങ്ങീട്ടുള്ളതെന്ന് അറിയില്ല. നീ ഈ രണ്ടു വര്‍ഷത്തെ കാര്യങ്ങള്‍ കറക്റ്റായിട്ട് പറഞ്ഞാല്‍ മതി. അതു ഞാന്‍ മൊത്തം എഴുതില്ല. മൊത്തം എഴുതാന്‍ എന്നെക്കൊണ്ട് നടക്കില്ല. ഇവിടെ വരുന്നവരെല്ലാം ഞങ്ങളോടു സഹകരിക്കാറുണ്ട്. എന്തോരം ഓടും നീ. അല്ലെങ്കില്‍ നീ ഇന്ത്യ വിട്ടു പോകണം. ഇന്ത്യ വിട്ടു പോയാലും ഇന്ത്യയ്ക്ക് നയന്ത്രബന്ധമുള്ള രാജ്യങ്ങളാണെങ്കില്‍ നിന്നെ അവിടുത്തെ പൊലീസ് പൊക്കി ഇവിടെ എത്തിക്കും. മനസ്സിലായില്ലേ. അല്ലെങ്കില്‍ വല്ല പാകിസ്താനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോകണം. നിന്നെക്കൊണ്ട് നടക്കുവോ. പിന്നെന്തിനാണ് ഈ പാടൊക്കെ പെടുന്നത്. ഞാനിവിടുത്തെ റേഞ്ച് ഓഫീസര്‍ ആയിരിക്കുന്ന കാലത്തോളം മര്യാദ പാലിക്കും. ഞാന്‍ തൃശൂര്‍ക്കാരന്‍ തന്നെയാ. നാളെയും എനിക്ക് നിങ്ങളെയൊക്കെ കാണേണ്ടതുതന്നെയാ. കള്ളത്തരങ്ങള്‍ ചെയ്തിട്ട് എനിക്ക് മുന്നോട്ടു പോകാന്‍ പറ്റില്ല. നിനക്കായാലും ഒരു പരിധിവിട്ട് കള്ളത്തരങ്ങളുമായി മുന്നോട്ടു പോകാന്‍ പറ്റില്ല. ഞാനിവിടെ എന്നുമുണ്ടാകും. അതുകൊണ്ട് എല്ലാ കാര്യങ്ങളും എന്റടുത്ത് പറയുക. അനി എന്റടുത്ത് എത്ര കാര്യങ്ങള്‍ വന്ന് പറഞ്ഞു. പക്ഷേ, എല്ലാം ഞാന്‍ എഴുതിയില്ല. അനിക്കിപ്പോള്‍ അഞ്ച് കേസേ ഉള്ളു. അനിക്ക് ഏഴ് കേസ് അവരെഴുതി വച്ചിട്ടുണ്ടായിരുന്നു. അത് ഞാന്‍ വെട്ടിക്കുറച്ചു. 

ബൈജു: ഓടാമ്പറ്റില്ല സാറേ. ഞാന്‍ പറയുന്നതെന്താന്നുവച്ചാല്‍. ആ കൊടുത്തിരിക്കുന്ന മരങ്ങളില്ലേ, അതെങ്ങോട്ടാ കൊണ്ടുപോയതെന്ന് എനിക്കറിയില്ല. മുറിച്ചതിന്റെ കറക്റ്റ് കണക്ക് ഞാന്‍ പറയാം. ഒരു മരം പോലും വിട്ടുപോയിട്ടുണ്ടാകില്ല. ഇല്ലാത്ത കുറേ കാര്യങ്ങള്‍ എന്റെ തലയില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. 

ഓഫീസര്‍: ഇല്ലാത്ത ഒരു കാര്യവും നിന്റെ പേരിലില്ല. നീ ചെയ്തതുപോലും നിന്റെതീന്ന് ഞാനൊഴിവാക്കി. 
ബൈജു: സാറെഴുതിയെടുത്തോ. ഞാന്‍ ചെയ്തതു സത്യസന്ധമായിട്ട് പറഞ്ഞാല്‍ ഈ ഗോപിച്ചേട്ടന്റെ ഒരെണ്ണം... ഏറ്റവും അവസാനം ചെയ്ത കാര്യങ്ങളാണ്.
ഓഫീസര്‍: ആ, മതി മതി. കുഴപ്പമില്ല. 
ബൈജു: പിന്നെ, മാണിക്കുട്ടീടെ ഒരെണ്ണം. പിന്നെ ബീനേടവിടുന്ന്, ഒരെണ്ണം. മൂപ്പന്റെയവിടുന്ന് ഒരെണ്ണം. അതു പുറത്തേക്കറിഞ്ഞപ്പോള്‍ അത് നിര്‍ത്തി. പിന്നെ, തൊട്ടിത്താഴത്തെ അവിടുന്ന് രണ്ടാണോ മൂന്നാണോ എന്നു കൃത്യമായിട്ട് എനിക്കറിയില്ല. അത് ഇരവീടെ അമ്മേടെ പറമ്പാ.
ഓഫീസര്‍: ഏത്, കാര്‍ത്യായനിയോ. അല്ല കുറുമ്പക്കുട്ടി. 
ബൈജു: അത് എത്ര മരമാണെന്ന് എനിക്കറിയില്ല. അതെ, കുറുമ്പക്കുട്ടി. പിന്നെ, സീനാടെ അവിടുന്നും ഷാജീടെയും കൂടി കൂടീട്ട് നാലും രണ്ടും ആറ് മരമാണെന്നാ തോന്നുന്നത്. പിന്നെ സദാനന്ദന്റെ അവിടുന്ന്. അവിടുന്ന് രണ്ട് തേക്കു തന്നെയേ ഉള്ളു. 

തേക്കും ഈട്ടിയും ലോഡ് കണക്കിനു കടത്തിയതിന്റേയും പണം കൈമാറിയതിന്റേയും വിവരങ്ങളാണ് ഒരു മണിക്കൂര്‍ 11 മിനിറ്റു ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ ഉടനീളം. അതില്‍ പറയുന്ന മില്ലുടമകളില്‍നിന്നു പണം വാങ്ങാനാണ് ശ്രമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com