'വില പേശിയാല്‍ ഉപമുഖ്യമന്ത്രിയാകാം എന്നാണ് കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നത്'; മുസ്ലിം വോട്ടു ബാങ്കില്‍ കണ്ണുവയ്ക്കുന്ന വഴികള്‍

ജമാഅത്തെ  ഇസ്ലാമി, എന്‍.ഡി.എഫ് തുടങ്ങി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി അനൗപചാരിക ധാരണയുണ്ടാക്കി സി.പി.ഐ.എം ശ്രമത്തെ മറികടക്കാന്‍ മുതിരുകയാണ് യു.ഡി.എഫ്
'വില പേശിയാല്‍ ഉപമുഖ്യമന്ത്രിയാകാം എന്നാണ് കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നത്'; മുസ്ലിം വോട്ടു ബാങ്കില്‍ കണ്ണുവയ്ക്കുന്ന വഴികള്‍

മുസ്ലിം സമുദായ സംഘടനകളേയും മുസ്ലിങ്ങള്‍ക്കിടയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും ലക്ഷ്യമിട്ട് കേരളത്തില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമം. സി.പി.എമ്മും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമാണ് ഇതിന്റെ ഗുണഭോക്താക്കളാകാന്‍ മത്സരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാനത്ത് ഏറ്റവും സജീവമായിരിക്കുന്ന രാഷ്ട്രീയ അടിയൊഴുക്ക് ഇതുമായി ബന്ധപ്പെട്ടതാണ്. എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മും യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സും മുസ്ലിം വോട്ടുബാങ്ക് ഉറപ്പിച്ചു കൂടെ നിര്‍ത്താനുള്ള തീവ്രശ്രമത്തില്‍. സ്വന്തം അടിത്തറയില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്; വഴികളും രീതികളും വ്യത്യസ്തമാണെന്നു മാത്രം. ഒരു വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. 2021 ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ആണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2020 സെപ്റ്റംബറിലോ നവംബറിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. അതു കഴിഞ്ഞാലുടന്‍ കേരളം നയമസഭാ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേയ്ക്കു മാറും. ഭരണത്തുടര്‍ച്ച നേടാന്‍ എല്‍.ഡി.എഫും ഭരണം പിടിക്കാന്‍ യു.ഡി.എഫും നടത്തുന്ന മുന്നൊരുക്കങ്ങളിലെ മുഖ്യ ഇനമായി 'മുസ്ലിം രാഷ്ട്രീയം' എങ്ങനെ ചിന്തിക്കുന്നു എന്നത് മാറുകയാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നു ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സുപ്രധാന രാഷ്ട്രീയ പ്രതികരണങ്ങളാണ് സി.പി.എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും ഉന്നത നേതൃത്വത്തില്‍നിന്ന് ഉണ്ടായത്. പ്രമുഖ സമുദായ സംഘടനകളായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയിലെ കാന്തപുരം വിഭാഗത്തിലും ഇ.കെ. വിഭാഗത്തിലും സി.പി.എം പ്രതീക്ഷ വയ്ക്കുന്നു. ജമാഅത്തെ ഇസ്ലാമി, അവരുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് ശക്തമാക്കുകയും ചെയ്യുന്നു. ''ഒന്നുകില്‍ വര്‍ഗ്ഗീയമായോ അല്ലെങ്കില്‍ വര്‍ഗ്ഗീയവിരുദ്ധമായോ മാത്രമേ കാന്തപുരം വിഭാഗത്തിനായാലും ഇ.കെ. വിഭാഗത്തിനായാലും നിലപാടെടുക്കാന്‍ പറ്റുകയുള്ളൂ. അവര്‍ തീരുമാനമെടുക്കേണ്ടിവരും. അങ്ങനെ മതനിരപേക്ഷ നിലപാട് എടുക്കേണ്ടി വരുമ്പോള്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും എവിടെ നില്‍ക്കുന്നു, ആര്‍ക്കു വേണ്ടി നില്‍ക്കുന്നു എന്നതും അവരുടെ മുന്നിലെ പ്രശ്‌നമാണ്. അതൊക്കെ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്താന്‍ സഹായിക്കും.'' സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരുകയാണെങ്കിലും ചുമതലകളില്‍ സഹായിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുകയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ എന്നത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

മുന്‍പൊരിക്കലുമില്ലാത്തവിധം ജമാഅത്തെ ഇസ്ലാമിയോടു പരസ്യമായിത്തന്നെ മൃദുനയം പ്രഖ്യാപിക്കുകയാണ് മുസ്ലിംലീഗ്. എസ്.ഡി.പി.ഐയെ കടന്നാക്രമിക്കുന്നുമില്ല. എന്നാല്‍, കോണ്‍ഗ്രസ്സ് ഇങ്ങനെ പോയാല്‍ പോരെന്നു തുറന്നടിച്ച്, ഹൈക്കമാന്‍ഡിനോടുതന്നെ തിരുത്തല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ''ഭൂരിപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്താനും വര്‍ഗ്ഗീയതയ്ക്ക് എതിരാണെന്നു കാണിക്കാനും ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് എളുപ്പവഴിയായി സി.പി.എം കാണുന്നത്. അവര്‍ ഭീകരവാദികളാണ്, തീവ്രവാദികളാണ്, അവരുമായി കൂട്ടുകൂടരുത്, സമരത്തില്‍ പങ്കെടുപ്പിക്കരുത് എന്നൊരു വാദഗതി പുതിയതായി വന്നിട്ടുണ്ട്. എസ്.ഡി.പി.ഐയെ എല്ലാക്കാലത്തും എല്ലാവരും കുറ്റപ്പെടുത്താറുള്ളതാണ്. പക്ഷേ, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥിതി അതല്ല. അവരുമായി ഇപ്പോഴും ചിലയിടങ്ങളില്‍ സി.പി.എം യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ പഞ്ചായത്തുകളില്‍ ഭരിക്കുന്നുണ്ട്. പല തെരഞ്ഞെടുപ്പുകളിലും അവര്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് യു.ഡി.എഫിന് അനുകൂലമായത്. ന്യൂനപക്ഷ പ്രശ്‌നം ഉന്നയിക്കുമ്പോഴും ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്ന ഒരു വൈപരീത്യമാണ് കാണിക്കുന്നത്'' -ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വിശദീകരിക്കുന്നു. നിസ്സാരമല്ല കാര്യം. ജമാഅത്തെ ഇസ്ലാമി നേതൃത്വം ഇപ്പോള്‍ സി.പി.എമ്മിനെയല്ലാതെ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നേയില്ല എന്നതും ഇതിനോടു ചേര്‍ത്തു കാണേണ്ടതുതന്നെ. ''തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മുസ്ലിങ്ങളെ ഒരു പ്രത്യേക വോട്ടുബാങ്കായി കണ്ട് പ്രീണിപ്പിക്കുക മാത്രമാണ് സി.പി.എം ചെയ്യുന്നത്. ആത്മാര്‍ത്ഥമായി ന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കുന്ന സമീപനം അവരില്‍നിന്നുണ്ടായിട്ടില്ല. ഉപയോഗിച്ചു വലിച്ചെറിയുന്ന രീതി മാത്രമാണ് സ്വീകരിക്കുന്നത്'' -കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. 

പൗരത്വ നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
പൗരത്വ നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന റാലിയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

''മുസ്ലിംലീഗ് യു.ഡി.എഫില്‍ ഉള്ളതുകൊണ്ട് പൗരത്വ നിയമഭേദഗതിയുടെ ഇരകളുടെ ഒരു തരത്തിലുള്ള പ്രാതിനിധ്യം അവര്‍ക്കു നേരത്തെ തന്നെയുണ്ട്. അവര്‍ മുസ്ലിം സമുദായത്തിനു വേണ്ടി സംസാരിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. ഇപ്പുറത്ത് സി.പി.എം ഈ വിഷയത്തില്‍ ഇടപെടുന്നത് വോട്ടിനുവേണ്ടിയാണ്; ഒരു വോട്ടുബാലന്‍സിംഗിന് അവര്‍ ശ്രമിക്കുകയുമാണ്. പൊതുപ്രശ്‌നമാണ്, ഭരണഘടനാ പ്രശ്‌നമാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും മുസ്ലിം വികാരം മനസ്സിലാക്കി കൂടെ നില്‍ക്കുകയല്ല ചെയ്യുന്നത്.'' വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറയുന്നു. മുസ്ലിം സമുദായത്തിലെ ധ്രുവീകരണ സാധ്യത സാമ്പ്രദായിക രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ചും സി.പി.എം ഭയക്കുന്നു എന്നാണ് എസ്.ഡി.പി.ഐയുടെ വാദം. ഒപ്പംതന്നെ, തങ്ങള്‍ കോണ്‍ഗ്രസ്സിനും ലീഗിനും കൂടി എതിരാണ് എന്നു വരുത്താനും ശ്രമിക്കുന്നു. എങ്കിലും പറഞ്ഞുവരുമ്പോള്‍ ഉന്നം കൃത്യമായും സി.പി.എമ്മില്‍ എത്തിച്ചേരുകയാണ്. ''സി.പി.എമ്മിലേയും കോണ്‍ഗ്രസ്സിലേയും ലീഗിലേയും അണികളിലൊരു വിഭാഗം അസംതൃപ്തരാണ്. ഞങ്ങളെപ്പോലുള്ളവരില്‍ വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു എന്നത് ഞങ്ങളുടെ അനുഭവമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടാനിടയുള്ള ധ്രുവീകരണത്തെ ഭയപ്പെടുന്ന സി.പി.എം അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആശയപരമായല്ല അവര്‍ നേരിടുന്നത്, അധികാരം ഉപയോഗിച്ചാണ്. സി.പി.എം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അവരുടെ അസംതൃപ്തരായ അണികളെയാണ്. ആ അസംതൃപ്തരായ യുവപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പാണ് അലന്‍-താഹ കേസ്'' -എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ വിശദീകരിക്കുന്നത് ഇങ്ങനെ. 

ലീഗിന്റെ പ്രധാന അടിത്തറയായ ഇ.കെ. വിഭാഗം സമസ്ത സി.പി.എമ്മുമായി കൂടുതല്‍ അടുക്കുന്നതു പ്രകടമാണ്; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ ഇ.കെ. - സി.പി.എം അടുപ്പത്തിന്റെ വേരു പടരുന്നതില്‍ ലീഗിന് അങ്കലാപ്പുണ്ട്. എന്നാല്‍, ഇത് രാഷ്ട്രീയ അടുപ്പമല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറയുന്നു. ''മുന്‍പത്തേക്കാള്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ പോസിറ്റീവായി എടുക്കുന്നു എന്ന വ്യത്യാസമാണ് ഇപ്പോഴുള്ളത്. അതു രാഷ്ട്രീയമായ ബന്ധമായിട്ടോ രാഷ്ട്രീയ സഖ്യമായോ മനസ്സിലാക്കേണ്ടതില്ല. അവര്‍ക്ക് ഒരുപക്ഷേ, അതിന്റെ നേട്ടമുണ്ടാകാം. എന്നാല്‍, ഞങ്ങള്‍ അവരെ ബോധപൂര്‍വ്വം സഹായിക്കണമെന്നോ തെരഞ്ഞെടുപ്പില്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കണമെന്നോ ഇല്ല'' -ഇ.കെ. വിഭാഗത്തിലെ യുവനേതാക്കളില്‍ പ്രമുഖനായ സത്താര്‍ പന്തല്ലൂര്‍ വിശദീകരിക്കുന്നു. കാന്തപുരം വിഭാഗത്തിനു മുന്‍പേതന്നെ സി.പി.എമ്മുമായി അടുപ്പമുണ്ട്. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും കൂടെ നിര്‍ത്തി ഈ ഭീഷണി മറികടക്കാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിനോടുള്ള താല്പര്യത്തേക്കാള്‍ സി.പി.എമ്മിനോടുള്ള താല്പര്യക്കുറവാണ് ഈ രണ്ടു സംഘടനകളുടേയും കോണ്‍ഗ്രസ്സ് സൗഹൃദത്തിനു പിന്നില്‍. ''സമസ്തയേയും കാന്തപുരം വിഭാഗത്തേയും കൂട്ടിപ്പിടിച്ചാല്‍ മുസ്ലിം പിന്തുണ കിട്ടും എന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. ലീഗിന് അധികാരമുള്ളപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ സി.പി.എമ്മിന് അധികാരമുള്ളപ്പോള്‍ അങ്ങോട്ടു ചായുന്നു; അവര്‍ ചില മധുരങ്ങള്‍ കാണിച്ചുകൊടുക്കുമ്പോള്‍ കൂടെ നില്‍ക്കുന്നു. സമസ്തയും കാന്തപുരവും മാത്രമല്ല, ലീഗ് തന്നെ സി.പി.എമ്മുമായി അടുക്കാന്‍ ശ്രമിച്ചാലും സമുദായം കൂടെ നില്‍ക്കില്ല'' -പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഇതിനെ കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിക്കുന്നു: ''കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായ ഫാസിസത്തിനെതിരായ ഉണര്‍വ്വ് സത്യത്തില്‍ സി.പി.എമ്മിന് എതിരൊന്നുമായിരുന്നില്ല, എങ്കിലും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം കാരണം അത് യു.ഡി.എഫിന് അനുകൂലമായി മാറുകയാണുണ്ടായത്. അതുകൂടി മനസ്സില്‍ വച്ചുകൊണ്ടാണ് സി.പി.എം മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് പൗരത്വ നിയമ വിഷയത്തില്‍ ഇടപെടുന്നത്. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട സമരങ്ങളില്‍ മുസ്ലിം സംഘടനകളില്‍ ചിലതിനെമാത്രം പങ്കാളികളാക്കുന്നത്. മുസ്ലിം വോട്ടുകളെ തന്ത്രപരമായി തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമമാണിത്'' എന്ന് ഹമീദ് വാണിയമ്പലം.

പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും മത മേലധ്യക്ഷൻമാരും പങ്കെടുക്കുന്നു
പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും മത മേലധ്യക്ഷൻമാരും പങ്കെടുക്കുന്നു

മാറ്റിനിര്‍ത്തേണ്ടവര്‍ ആരൊക്കെ 

മുസ്ലിം വോട്ട് നേടുന്നത് ഭൂരിപക്ഷ വിഭാഗത്തിലെ വിവിധ സമുദായങ്ങളെ അകറ്റിയും അലോസരപ്പെടുത്തിയുമാകരുത് എന്നുറപ്പിച്ചാണ് സി.പി.എം നീക്കം. ഇത് മൃദുഹിന്ദുത്വമാണ് എന്ന വിമര്‍ശനം അവഗണിക്കുകയും ചെയ്യുന്നു. മുസ്ലിം വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി വലിയ പങ്ക് നേടാനാണ് ശ്രമം. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും ഉന്നമിട്ടുള്ള ആക്രമണം കൃത്യമായി തീരുമാനിച്ചുറച്ചാണുതാനും. പക്ഷേ, അതു മാത്രമല്ല ലക്ഷ്യം. തീവ്രവാദത്തിനെതിരെ തങ്ങള്‍ക്കു മാത്രമാണ് നിലപാടുള്ളത് എന്ന സംഘപരിവാര്‍ പ്രചരണത്തിനുള്ള മറുപടിയും അടങ്ങിയിട്ടുണ്ട് ഇതില്‍. ''ആര്‍.എസ്.എസ്സിനെപ്പോലെ തന്നെ കള്ളപ്രചരണമാണ് എല്ലാ വര്‍ഗ്ഗീയ ശക്തികളുടേയും മുഖമുദ്ര. സി.പി.എം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്നു പറയുന്നതും ഇതുപോലെ ഒരു നുണയാണ്. ഞങ്ങള്‍ അതിലൊന്നും പറയാന്‍ പോകുന്നില്ല, ഉല്‍ക്കണ്ഠയുമില്ല'' -എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുകയും അടുത്തകാലത്തുമാത്രം ഘടക കക്ഷിയാവുകയും ചെയ്ത ഐ.എന്‍.എല്ലിന്റെ പരിമിതികള്‍ സി.പി.എമ്മിന് അറിയാം. പി.ഡി.പിയും ബ്ലാങ്ക് ചെക്ക് പിന്തുണയാണ് നല്‍കുന്നത്. പക്ഷേ, അവര്‍ക്കു പഴയ കരുത്തില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ പിണറായി നേരിട്ട് സമസ്ത നേതാക്കളില്‍ ഒരു വിഭാഗവുമായി നല്ല ബന്ധത്തിലാണ്. അത് ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായിത്തന്നെ വ്യക്തിപരമായ അടുത്ത ബന്ധമായി മാറി. കോഴിക്കോട്, മലപ്പുറം ജില്ലാ നേതൃത്വങ്ങളെ സമസ്തയുമായുള്ള ആശയവിനിമയത്തിന്റെ നേരിട്ടുള്ള ചുമതല ഏല്പിക്കുക കൂടി ചെയ്തിരിക്കുകയാണ് സി.പി.എം. കുറച്ചുകൂടി കടന്ന് പ്രാദേശികതലത്തില്‍ത്തന്നെ പരസ്പര ബന്ധം വികസിച്ചു. എളമരം കരീം എം.പി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് എന്നിവരൊക്കെ ഇതില്‍ സജീവ പങ്കാളികളായി.
 
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍നിന്ന് ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മാറ്റിനിര്‍ത്തുന്നതിനോട് സമസ്തയ്ക്കു യോജിപ്പില്ല എന്നൊരു പ്രചാരണം ഇടയ്ക്കുണ്ടായി. ജമാഅത്തെ ഇസ്ലാമിയും സമസ്തയും ആശയപരമായിത്തന്നെ പല കാര്യങ്ങളിലും രണ്ടു തട്ടിലാണ്; എസ്.ഡി.പി.ഐയോടുമില്ല യോജിപ്പ്. അവര്‍ തീവ്രവാദപരമായ നിലപാട് ഉപേക്ഷിക്കണം എന്നാണ് സമസ്ത ആവശ്യപ്പെട്ടു പോരുന്നത്. എങ്കിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയില്‍ നടന്ന വലിയ സമ്മേളനത്തില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് കരമന അഷ്റഫ് മൗലവിയുമായി ജിഫ്രി തങ്ങള്‍ വേദി പങ്കിട്ടതാണ് എതിര്‍ പ്രചാരണത്തിന് ഇടയാക്കിയത്. എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയെ സി.പി.എം തുടര്‍ച്ചയായി കടന്നാക്രമിക്കുന്നത് ബി.ജെ.പി അനുകൂല ഭൂരിപക്ഷ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനാണ് എന്ന തോന്നല്‍ സമസ്തയെ അലോസരപ്പെടുത്തുന്നു എന്നാണ് പ്രചരിച്ചത്. എല്ലാ രാഷ്ട്രീയക്കാര്‍ക്കും അവരവരുടെ രാഷ്ട്രീയ താല്പര്യമാണുള്ളത് എന്ന് അതേ സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍, സമസ്ത ഇതു തള്ളുന്നു. എല്ലാവരുമായും ചേര്‍ന്നു പൗരത്വവിഷയത്തില്‍ സമരം ചെയ്യാനാണ് തീരുമാനം. പക്ഷേ, തീവ്രശൈലി സ്വീകരിക്കുന്ന സംഘടനകളെ സഹകരിപ്പിച്ചാല്‍ ഈ കൂട്ടായ്മ നഷ്ടപ്പെടും എന്നു കൂടി അതോടൊപ്പം ഞങ്ങള്‍ നിലപാടെടുത്തിരുന്നു. അല്ലെങ്കില്‍ കൂടെ നില്‍ക്കുന്നവര്‍ക്കിടയില്‍ത്തന്നെ പരസ്പരം അകല്‍ച്ചയും സംശയവുമൊക്കെ വരാന്‍ ഇടയാകും. എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട വിഷയത്തില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പോലുള്ളവയുടെ സാന്നിധ്യം മതധ്രുവീകരണത്തിന് ഇടയാക്കും. അതുകൊണ്ട് അവരുമായി വേദി പങ്കിടുന്ന സമരങ്ങള്‍ ഞങ്ങള്‍ നടത്താറില്ല'' -സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ സമ്മേളനത്തില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് പങ്കെടുക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു എന്നും പങ്കെടുത്ത ശേഷമാണ് അറിയുന്നത് എന്നുമാണ് വിശദീകരണം. ''ഇതിനു മുന്‍പൊരിക്കലും അവരുമായി ഞങ്ങള്‍ വേദി പങ്കിട്ടിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.'' 

അധികാരത്തിലുള്ളപ്പോള്‍ സി.പി.എമ്മുമായി രാഷ്ട്രീയമായി സഹകരിക്കുകയും അതേസമയം തന്നെ സൈദ്ധാന്തികമായി അവരോട് വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക എന്ന ചര്‍ച്ച കാന്തപുരം വിഭാഗത്തിലെ പുതിയ തലമുറ നേതാക്കള്‍ക്കിടയിലുണ്ട്. അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) നേതൃത്വത്തിലും പ്രവര്‍ത്തകരിലും ഈ വികാരം ശക്തവുമാണ്; സി.പി.എം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്ന വികാരം. രാഷ്ട്രീയ സാഹചര്യമനുസരിച്ച് ആര്‍ക്കു വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചാലും പ്രവര്‍ത്തകരെക്കൊണ്ട് അങ്ങനെ ചെയ്യിക്കാന്‍ കഴിയുന്ന കേഡര്‍ സ്വഭാവത്തിലേക്കാണ് എസ്.എസ്.എഫ് മാറാന്‍ ശ്രമിക്കുന്നത്. ഇതെല്ലാംകൂടി ചേരുമ്പോള്‍, സി.പി.എം ഏറ്റവും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കാന്തപുരം വിഭാഗമായേക്കും ഒരുപക്ഷേ, സി.പി.എമ്മിനെ ആദ്യം കൈവിടുക എന്നു നിരീക്ഷിക്കുന്നവരുണ്ട്. ഇതു മനസ്സിലാക്കിക്കൂടിയാണ് സി.പി.എം സമസ്തയിലേക്കുള്ള പാലം ശക്തമാക്കുന്നത്. പക്ഷേ, ലീഗിനോടുള്ള എതിര്‍പ്പുകൊണ്ട് സി.പി.എമ്മിനോട് അടുക്കുന്ന ഇ.കെ. വിഭാഗത്തിന്റെ യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പു പിന്തുണ കിട്ടണമെങ്കില്‍ അവരുടെ വിശ്വാസം നേടാനുള്ള തീവ്രശ്രമം സി.പി.എം നടത്തേണ്ടിവരികയും ചെയ്യും. ''പൗരത്വ നിയമഭേദഗഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നത് എല്‍.ഡി.എഫാണെങ്കിലും പിന്തുണയ്ക്കാനാണ് സമസ്ത തീരുമാനിച്ചത്. രണ്ടു മുന്നണികളും ചേര്‍ന്നു തുടക്കത്തില്‍ തിരുവനന്തപുരത്തു നടത്തിയ കൂട്ടായ പ്രതിഷേധപരിപാടിയാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരണയായത്. പക്ഷേ, രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിലര്‍ ചിന്തിച്ചപ്പോഴാണ് പിന്നീട് അവര്‍ അതു തുടരാതിരുന്നത്. ആ യോജിപ്പ് തുടര്‍ന്നിരുന്നെങ്കില്‍ രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ക്കപ്പുറം കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ് എന്ന തോന്നലുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. ഞങ്ങള്‍ അന്നത്തെ തീരുമാനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതേസമയം തന്നെ, ഇതിന്റെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സമസ്തയുടെ പിന്തുണ നേടുക എന്നതൊന്നും നടക്കില്ല. ഈ വിഷയത്തിലെ സഹകരണം എന്നല്ലാതെ അതിനപ്പുറം പോകില്ല. എതിര്‍ക്കേണ്ട ഘട്ടം വന്നാല്‍ എതിര്‍ക്കും. ഇതിനൊപ്പം തന്നെയാണ് സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കു വിയോജിപ്പുണ്ടായത്. സര്‍ക്കാര്‍ ആ തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഞങ്ങള്‍ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവരും. അതുകൊണ്ട് ഇതു തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാന്‍ പറ്റുന്ന ഒരു സംഗതിയാണ് എന്നൊന്നും ആരും ചിന്തിക്കേണ്ടതില്ല. സി.പി.എമ്മിന്റെ കാര്യത്തില്‍ പുതിയതായി മൃദുസമീപനം എന്നല്ല, സര്‍ക്കാരുമായി പല കാര്യങ്ങളിലും ബന്ധപ്പെടേണ്ടിവരുന്നതാണ്. അവര്‍ പല കാര്യങ്ങളിലും ഇപ്പോള്‍, ഇത്തവണ അധികാരത്തിലെത്തിയപ്പോള്‍ വളരെ പോസിറ്റീവായി ഇടപെടാറുണ്ട്. പ്രാദേശികമായ പല വിഷയങ്ങളിലും മുന്‍പ് അവര്‍ ഞങ്ങള്‍ക്ക് എതിരായ സമീപനം സ്വീകരിക്കാറുണ്ടായിരുന്നു. ഇത്തവണ അങ്ങനെയുള്ള രീതിയിലേക്കു വന്നിട്ടില്ല'' -എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയുടെ വിശദികരണം. 

ലീഗിനേയും എസ്.ഡി.പി.ഐയേയും സമസ്തയിലെ രണ്ടു വിഭാഗങ്ങളേയുംകാള്‍ ജമാഅത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ കുറവാണ്. പക്ഷേ, അവര്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കു പൊതുസ്വാധീനം ചെലുത്താന്‍ സാധിക്കുന്നു എന്നാണ് സി.പി.എം വിലയിരുത്തുന്നത്. മറ്റു മുസ്ലിം സംഘടനകളിലുള്ളതിനേക്കാള്‍ രാഷ്ട്രീയ വിവരമുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയിലും വെല്‍ഫെയര്‍ പാര്‍ട്ടിയിലുമുണ്ട് എന്ന് അനൗപചാരിക വര്‍ത്തമാനങ്ങളില്‍ സി.പി.എം നേതാക്കള്‍ പറയുന്നത് ഇതുകൊണ്ടാണ്. രാഷ്ട്രീയ കാമ്പുള്ള പ്രചരണം സി.പി.എമ്മിനു മറ്റാരെക്കാള്‍ വേഗം തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യുന്നു. 

മഹാത്മാ ​ഗാന്ധിയുടെ ചരമ ദിനത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച മനുഷ്യ മാപ്. പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇത് സംഘടിപ്പിച്ചത് (ആകാശ ദൃശ്യം)
മഹാത്മാ ​ഗാന്ധിയുടെ ചരമ ദിനത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ കൊച്ചിയിൽ സംഘടിപ്പിച്ച മനുഷ്യ മാപ്. പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇത് സംഘടിപ്പിച്ചത് (ആകാശ ദൃശ്യം)

ലീഗിലെ ഉള്‍പ്പോര് 

കോണ്‍ഗ്രസ്സ് ഇങ്ങനെ പോയാല്‍ പോര എന്ന അഭിപ്രായം മുസ്ലിം ലീഗിനുണ്ട്. അത് അവര്‍ ഹൈക്കമാന്‍ഡിനോട് പറയുകയും ചെയ്തു. യു.ഡി.എഫിനെ നന്നാക്കി അവിടെത്തന്നെ പിടിച്ചുനില്‍ക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വേണ്ടിവന്നാല്‍ ലീഗ് കോണ്‍ഗ്രസ്സിനെ വിട്ട് സി.പി.എമ്മുമായി സഹകരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കു സംശയരഹിതമായാണ് ലീഗ് നേതൃത്വം മറുപടി നല്‍കുന്നത്. ''രാഷ്ട്രീയ മാറ്റം, അഥവാ മുന്നണി മാറ്റം ആലോചിച്ചിട്ടില്ല. ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യത്തില്‍ മാറ്റത്തിനു നേതൃത്വം നല്‍കാനോ എല്ലാ സംസ്ഥാനങ്ങളിലും ഒരു ദേശീയ രൂപത്തില്‍ നില്‍ക്കാനോ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. പക്ഷേ, അവരുടെ വൈകല്യങ്ങള്‍, നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍, അവര്‍ സജീവമല്ലാത്തത്, പ്രവര്‍ത്തനരംഗത്തെ മന്ദീഭാവം തുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങള്‍ക്കു സ്വാഭാവികമായും അപ്രിയമുണ്ട്'' -കെ.പി.എ. മജീദ് പറയുന്നു. സി.പി.എമ്മിനു വളരെക്കുറച്ച് സ്വാധീനം മാത്രമേയുള്ളു എന്നും ഇന്ത്യയെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നതാണ് ശരി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ലീഗിനെ സി.പി.എമ്മുമായി അടുപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ്. എന്നാല്‍, ലീഗ് അണികളുടെ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് പഴയ സ്വാധീനമില്ല എന്നതാണ് വസ്തുത. എം.കെ. മുനീര്‍ സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ സി.പി.എമ്മുമായി ചേര്‍ന്നു സമരം ചെയ്യുന്നതിനെ കുഞ്ഞാലിക്കുട്ടി അനുകൂലിക്കുകയും എം.കെ. മുനീര്‍ എതിര്‍ക്കുകയും ചെയ്യുന്നത് ഈ വടംവലിയെ ശക്തിപ്പെടുത്തുകയും ചെയ്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, കെ.എം. ഷാജി എം.എല്‍.എ തുടങ്ങിയ യുവജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കള്‍ സി.പി.എം വിരുദ്ധ നിലപാടിന് ആക്കം കൂട്ടാന്‍ കഴിയുന്നത്ര ശ്രമിക്കുന്നുമുണ്ട്. സി.പി.എമ്മുമായി ചേര്‍ന്നു പ്രതിഷേധമോ പ്രചാരണമോ സംഘടിപ്പിക്കുന്നത് ലീഗിനു നഷ്ടമുണ്ടാക്കും എന്ന കര്‍ക്കശ നിലപാടിലേക്ക് ലീഗ് നേതൃത്വം മൊത്തത്തില്‍ എത്തിച്ചേരുകയും ചെയ്തു. ഇതിനൊപ്പം തന്നെയാണ് കോണ്‍ഗ്രസ്സിനെ വിശ്വസിച്ചും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ ആശ്രയിച്ചും തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടി ലഭിക്കും എന്ന വാദത്തിനുകൂടി ബലം കിട്ടിയത്. ഹൈക്കമാന്റിനും സംഗതി അറിയാം എന്ന് കെ.പി.എ. മജീദ് വ്യക്തമാക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ തുടക്കത്തില്‍ സി.പി.എമ്മുമായും സഹകരിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യണം എന്ന മനസ്സാണ് ലീഗ് അണികള്‍ക്ക് ഉണ്ടായിരുന്നത്. പക്ഷേ, അതു കടുത്ത സി.പി.എം വിരുദ്ധ നിലപാടിലേയ്ക്ക് മാറ്റുന്നതിലാണ് മുനീറും ഫിറോസും മറ്റും വിജയിച്ചത്. പിണറായിയുടെ പൊലീസ് സ്വീകരിച്ച ചില നടപടികള്‍ അതിന് ആക്കം കൂട്ടുകയും ചെയ്തു. പ്രതിഷേധ പരിപാടികള്‍ക്കെതിരെ ഉണ്ടായ കേസുകള്‍ ലീഗ് യോഗങ്ങളില്‍ സി.പി.എമ്മിനെതിരെ മുഖ്യ ആയുധമായി മാറി. അതു മുതിര്‍ന്ന നേതാക്കളുടെ വാക്കുകളിലും പ്രകടമാണ്. ''പൗരത്വ നിയമത്തോട് അവര്‍ വിയോജിക്കുന്നുണ്ടെങ്കിലും മുസ്ലിം സംഘടനകളുടെ പ്രതിഷേധ പരിപാടികള്‍ക്കെതിരെ അവരുടെ പൊലീസ് നിരവധി കേസുകളെടുത്തു. അനുവാദമില്ലാതെ പ്രകടനം നടത്തിയതിനും ദേശീയ പതാക ഉപയോഗിച്ചതിനും പ്രകോപനപരമായി പ്രസംഗിച്ചുവെന്നു പറഞ്ഞും ബി.ജെ.പിയുടെ പൗരത്വ നിയമഭേദഗതി അനുകൂല യോഗം നടക്കുമ്പോള്‍ കടകളടച്ചതിനും കേസുണ്ട്'' എന്ന് കെ.പി.എ. മജീദ് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ വന്നതോടെ കേന്ദ്രമന്ത്രിയാകാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ശ്രമിക്കുന്നത്. ലീഗ് നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറിന് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയിലെ രണ്ടാമനാകാനുള്ള അവസരം ഇതോടെ നഷ്ടപ്പെടും. ഇത് ലീഗില്‍ പുതിയ പോരിനു കാരണമായിട്ടുമുണ്ട്. പക്ഷേ, മുനീറും കൂട്ടരും സി.പി.എമ്മുമായി അടുക്കില്ല എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ധൈര്യം. കോണ്‍ഗ്രസ്സുമായി ശരിക്കൊന്നു വിലപേശിയാല്‍ ഉപമുഖ്യമന്ത്രിയാകാം എന്നാണ് കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നത്. വേണ്ടിവന്നാല്‍ എല്‍.ഡി.എഫിലേയ്ക്കു പോകും എന്നതാണ് ആ വിലപേശലില്‍ കോണ്‍ഗ്രസ്സിനെ വരച്ചവരയില്‍ കൊണ്ടുവരാനുള്ള ആയുധം. അങ്ങനെയൊരു പോക്കിനു സമസ്തയുടെ പിന്തുണ കിട്ടാനുള്ള സാധ്യതയാണ് മുനീറിനേയും മറ്റും ഭയപ്പെടുത്തുന്നത്. സമസ്തയുടെ വിരല്‍ത്തുമ്പിലാണ് ലീഗ് അണികളില്‍ നാലില്‍ മൂന്നും. സമസ്ത നേതാവുകൂടിയായ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഇക്കാര്യത്തില്‍ രണ്ടുതട്ടിലാണ് എന്നതാണ് മുനീര്‍ പക്ഷത്തിന് ആശ്വാസം. വേണ്ടിവന്നാല്‍ സി.പി.എമ്മുമായി സഹകരിക്കണം എന്ന നിലപാടാണ് ജിഫ്രി തങ്ങളുടേത് എന്നു സൂചനയുണ്ട്. സമസ്ത ഒന്നിന്റേയും ഭാഗമല്ലെന്നും സ്വതന്ത്ര പണ്ഡിതസംഘടനയാണ് എന്നും സമസ്ത ഉപാധ്യക്ഷനും സമസ്തയുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചെമ്മാട് ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ബഹാവുദ്ദീന്‍ നദ്വി കൂരിയാട് പറഞ്ഞത് പ്രധാനമാണ്. ജിഫ്രി തങ്ങളുടെ മനസ്സുതന്നെയാണ് ഇതിലൂടെ പ്രകടമായത്. 

അലന്‍-താഹ മാവോയിസ്റ്റു കേസും മലബാറിലെ രാഷ്ട്രീയത്തെ പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രീയത്തെ സ്വാധീനിച്ചു. അലനും താഹയും സി.പി.എം കുടുംബങ്ങളിലുള്ളവരാണ്, അലന്റെ കുടുംബം മുസ്ലിം ഐഡന്റിറ്റിയില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നുമില്ല. വിഷയം മുനീര്‍ പ്രത്യേക താല്പര്യത്തോടെ അതില്‍ ഇടപെടുകയും ലീഗ് ഏറ്റെടുക്കുകയും മുന്നണിയെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്തു. യു.എ.പി.എയോടുള്ള സി.പി.എം നിലപാടില്‍ ആത്മാര്‍ത്ഥതയില്ല എന്നു വരുത്താനാണ് ശ്രമമെന്നു പറയുന്നുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ കോഴിക്കോട് ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ പുകയുന്ന വിയോജിപ്പ് അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ തനിക്ക് അനുകൂലമാക്കുകയാണ് മുനീറിന്റെ ഉന്നം. അലന്‍-താഹ കേസില്‍ കുഞ്ഞാലിക്കുട്ടി താല്പര്യം കാണിക്കാതിരുന്നത് അതുകൊണ്ടുകൂടിയാണ്. മാത്രമല്ല, മാവോയിസ്റ്റുകളാണ് എന്നു കണ്ടെത്തി സ്വന്തം പാര്‍ട്ടി പുറത്താക്കിയവര്‍ക്കുവേണ്ടി എന്തിനു നിലകൊള്ളണം എന്ന ചോദ്യവും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചതായാണ് വിവരം. അതോടെയാണ് ഈ വിഷയത്തില്‍നിന്നു യു.ഡി.എഫ് ഒറ്റയടിക്കു തിരിഞ്ഞത്. ഇപ്പോള്‍ അവര്‍ പഴയ താല്പര്യം കാണിക്കുന്നില്ല. 

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് നടന്ന റാലി/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് നടന്ന റാലി/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

സുന്നി ഐക്യത്തെ പേടിക്കുന്നതാര് 

പൗരത്വ നിയമഭേദഗതി പാസ്സാക്കിയ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സമസ്ത മുന്‍കയ്യെടുത്ത് കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ ഒരു കൂടിയാലോചനാ യോഗം വിളിച്ചിരുന്നു. ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍ മാധ്യമങ്ങളോടു പറയുകയും ചെയ്തു. അതോടെ ആ യോഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിച്ചു. എന്നാല്‍, കാന്തപുരവും ജിഫ്രി തങ്ങളും ഒന്നിച്ചിരിക്കുന്നതിന്റെ 'അപകടം' മനസ്സിലാക്കി ലീഗ് ഇടപെട്ട് യോഗം മാറ്റിവയ്പിച്ചു. പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കു പങ്കെടുക്കാന്‍ പറ്റില്ല എന്നാണ് കാരണം പറഞ്ഞത്. എന്നാല്‍, സുഹൃത്തിന്റെ കുടുംബത്തിലെ വിവാഹത്തിന്റെ പേരില്‍പ്പോലും പാര്‍ലമെന്റിന്റെ സുപ്രധാന സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ലീഗ് നേതാക്കള്‍ കോഴിക്കോട് യോഗം പൊളിക്കാന്‍ പറഞ്ഞ കാരണം മാത്രമാണ് അതെന്ന വിമര്‍ശനം ഉയര്‍ന്നു. 

പിന്നീട് ലീഗ് ഇതേ യോഗം വിളിച്ചെങ്കിലും സമുദായ നേതാക്കളുടെ പ്രാതിനിധ്യം കുറവായിരുന്നു. കാന്തപുരം പങ്കെടുത്തില്ലെന്നു മാത്രമല്ല, ആ വിഭാഗത്തില്‍നിന്നു പ്രധാന നേതാക്കളെ ആരെയും അയച്ചുമില്ല. ലീഗ് പലവഴിക്കു തടയാന്‍ ശ്രമിച്ചിട്ടും കാന്തപുരം, ഇ.കെ. വിഭാഗം നേതാക്കള്‍ തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബന്ധം 1989-ലെ പിളര്‍പ്പിനുശേഷം മുന്‍പൊരിക്കലും ഉണ്ടാകാത്തവിധം ഊഷ്മളമാണ്. കാന്തപുരവും ജിഫ്രി തങ്ങളും നേരിട്ട് ആശയവിനിമയം നടത്തുന്നു. ''സമസ്തയിലുണ്ടായ പിളര്‍പ്പ് ദൗര്‍ഭാഗ്യകരം എന്നുതന്നെയാണ് വിലയിരുത്തുന്നത്. ലയനം സാധ്യമായില്ലെങ്കിലും യോജിച്ചു മുന്നോട്ടു പോകാന്‍ തയ്യാറാണ്. ഇതു ഞങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സംഘടനകളുടേയും ഏകോപിത അഭിപ്രായമാണ്. നിലപാടുകള്‍ വിഷയാധിഷ്ഠിതമാണ്. നാടിനും സമുദായത്തിനും ഗുണകരമായത് എന്താണോ അതിന്റെയൊപ്പം നില്‍ക്കും. കക്ഷിരാഷ്ട്രീയമില്ല എന്നേയുള്ളു, കൃത്യമായ രാഷ്ട്രീയമുണ്ട്, നിലപാടുകളുണ്ട്'' -കാന്തപുരം വിഭാഗത്തിലെ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീന്‍ വ്യക്തമാക്കുന്നു. മുസ്ലിം നേതാക്കളെ സി.പി.എമ്മുമായി അടുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മന്ത്രി കെ.ടി. ജലീല്‍ ഈ ബന്ധം നന്നാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. 

ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന മര്‍ക്കസ് സമ്മേളനത്തില്‍ ഇ.കെ. വിഭാഗം നേതാക്കള്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യമുണ്ട്. ലീഗ് അത് ഉറ്റുനോക്കുകയുമാണ്. കാന്തപുരം വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ വാര്‍ഷിക സമ്മേളനത്തില്‍ സാധാരണ ഇ.കെ. വിഭാഗം മുന്‍പൊരിക്കലും പങ്കെടുത്തിട്ടില്ല. 

കോണ്‍ഗ്രസ്സും സി.പി.എമ്മും പ്രത്യക്ഷത്തില്‍ പറയുന്നത് മുസ്ലിം സമുദായത്തെ ഒരു വോട്ടു ബാങ്കായി കാണുന്നു എന്ന വിമര്‍ശനം രണ്ടു പാര്‍ട്ടികളേയും എതിര്‍ക്കുന്ന മുസ്ലിം സംഘടനകള്‍ പരസ്പരം ഉന്നയിക്കുന്നുണ്ട്. ഒരു വോട്ടുബാങ്കായി കണ്ടുകൊണ്ട് പൗരത്വ വിഷയത്തെ സമീപിക്കുന്നു എന്നതാണ് ഇപ്പോള്‍ ഈ വിമര്‍ശനത്തിന്റെ മുഖ്യ ഉള്ളടക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരായ കൂടിയാലോചനകള്‍ക്കു മുസ്ലിം സംഘടനകളെ ക്ഷണിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകളെ ക്ഷണിക്കാത്തത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഭരണഘടനയ്‌ക്കെതിരായ പ്രശ്‌നമായി യഥാര്‍ത്ഥത്തില്‍ കണ്ടിരുന്നെങ്കില്‍ എല്ലാവരേയും ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വാദം.

ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കണമെങ്കില്‍ ആര്‍.എസ്.എസ് അക്രമത്തിന് ഇരകളാകുന്ന വിഭാഗത്തെക്കൂടി വിമര്‍ശിച്ചുകൊണ്ട് വോട്ട് ബാലന്‍സ് ചെയ്യുക എന്നൊരു പണിയും പൗരത്വ പ്രക്ഷോഭത്തില്‍ സി.പി.എം ചെയ്യുന്നുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമി അവരുടെ യോഗങ്ങളില്‍ തുറന്നു പറയുന്നു. ''മുസ്ലിം സംഘടനകള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുക എന്നത് സി.പി.എം അജന്‍ഡയാണ്. ലീഗിന്റെ കൂടെ നില്‍ക്കുന്ന ചില വിഭാഗങ്ങളേയോ ലീഗിനെത്തന്നെയോ കൂടെ കൂട്ടാം എന്നാണ് അവര്‍ വിചാരിക്കുന്നത്. അതോടെ കേരളത്തില്‍ കോണ്‍ഗ്രസ്സ് അതീവ ദുര്‍ബ്ബലമാവുകയും എല്‍.ഡി.എഫും ബി.ജെ.പിയും എന്ന നിലയിലേയ്ക്കു മാറുകയും ചെയ്യും. ഇതു വളരെ അപകടകരമായ രാഷ്ട്രീയമാണ്. കേരളത്തിലെ രാഷ്ട്രീയ സന്തുലിതത്വത്തെ തകര്‍ക്കുന്ന രാഷ്ട്രീയമാണ്. സി.പി.എമ്മിന് അങ്ങനെയൊരു ടാര്‍ഗറ്റുണ്ട്'' എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിരീക്ഷണം. 

അതേസമയം എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട വിഷയത്തില്‍ ആരുടെ പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റേയും കൂടെ നില്‍ക്കാന്‍ തയ്യാറാകുക മാത്രമാണ് സുന്നി സംഘടനകള്‍ ചെയ്യുന്നത് എന്നും ആ അര്‍ത്ഥത്തിലേ അതിനെ കാണേണ്ടതുള്ളു എന്നും ഒരു വാദമുണ്ട്. സി.പി.എമ്മിനുള്ള രാഷ്ട്രീയ പിന്തുണയായി അതിനെ കാണേണ്ടതില്ല എന്നാണ് ഈ വാദത്തിന്റെ തുടര്‍ച്ച.

ഒരു രാഷ്ട്രീയ മുന്നണി എന്ന അര്‍ത്ഥത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടിട്ടില്ല എന്നതു ശരിയാണ്. പൗരത്വ നിഷേധം എന്ന പുതിയ വിഷയത്തില്‍ സംഘപരിവാര്‍ അല്ലാത്ത എല്ലാ വിഭാഗങ്ങളും യോജിച്ചു നില്‍ക്കണം എന്ന പൊതുവികാരമാണ് രൂപപ്പെട്ടിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്ക് ഏതെങ്കിലും മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള മുന്നണിയെ പിന്തുണയ്ക്കുക എന്ന രീതിയാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും സ്വീകരിക്കാറുള്ളത്. അവിടെ മത്സരിക്കില്ല. എന്നാല്‍, തങ്ങള്‍ ഉന്നയിക്കുന്ന 'ബദല്‍ രാഷ്ട്രീയ ആശയം, സ്ഥാപിച്ചെടുക്കാന്‍ പറ്റുന്നവിധത്തില്‍ ഏതെങ്കിലും മുന്നണി നീക്കുപോക്കിനു തയ്യാറായാല്‍ അവരുടെ ഭാഗമാകാതെ തന്നെ അത് ഉപയോഗപ്പെടുത്തും എന്നു വളച്ചുകെട്ടില്ലാതെ പറയാന്‍ നേതാക്കള്‍ ഇത്തവണ തയ്യാറാകുന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും മുന്നണി നേരിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള സീറ്റ് നല്‍കി മറ്റിടങ്ങളില്‍ തങ്ങളുടെ പിന്തുണ ഉറപ്പാക്കും എന്നാണ് പറഞ്ഞുവരുന്നത്. 'ഏതെങ്കിലും മുന്നണി' എന്നു പറയുന്നുണ്ടെങ്കിലും ഉന്നം യു.ഡി.എഫ് തന്നെയാണ്, മറുവശത്ത് കാന്തപുരം, ഇ.കെ. വിഭാഗങ്ങള്‍ക്കു താല്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വരുമോ എന്ന് ആ വിഭാഗങ്ങളും പ്രതീക്ഷിക്കുന്നു; തുറന്നുപറയുന്നില്ല എന്നുമാത്രം. 

കോണ്‍ഗ്രസ്സ് കൂടുതല്‍ സജീവമാകണമെന്നു ഹൈക്കമാന്റിനോടു പറഞ്ഞു 

കെ.പി.എ. മജീദ് 
(മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി )

കോണ്‍ഗ്രസ്സ് സാഹചര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ സജീവമാകണം. ഹൈക്കമാന്റ് ഹൈക്കമാന്റായി നില്‍ക്കണം, എ.ഐ.സി.സി നേതൃത്വത്തില്‍നിന്നു കൂടുതല്‍ ചടുലമായ ഇടപെടലുണ്ടാകണം. ഈ അഭിപ്രായങ്ങളൊക്കെ ഞങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നോട്ടക്കുറവാണ് സംസ്ഥാനങ്ങളില്‍ പ്രശ്‌നമാകുന്നത്. അത് കേരളത്തില്‍ മാത്രമല്ല; മധ്യപ്രദേശില്‍ ഹൈക്കമാന്റ് സമയത്ത് ഇടപെട്ട് പരിഹരിക്കാതിരുന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്. ഹൈക്കമാന്റ് കുറച്ചുകൂടി ശക്തിപ്പെടുകയും കൂടുതല്‍ ആക്റ്റീവായി ഇടപെടുന്ന നേതൃത്വം വരികയും വേണം. എന്നാല്‍, മാത്രമേ സംസ്ഥാന ഘടകങ്ങള്‍ ശരിയാവുകയുള്ളൂ. 

സി.പി.എം എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ ന്യൂനപക്ഷ പ്രേമം കാണിച്ചു പുതിയ പല വിഷയങ്ങളും എടുക്കാറുണ്ട്. മുസ്ലിങ്ങളെ ബാധിക്കുന്ന വൈകാരിക വിഷയങ്ങളുടെ കൂടെ നിന്ന് അനുഭാവം നേടാനുള്ള ശ്രമങ്ങളാണ് അവ. പൗരത്വ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് അവര്‍ ചെയ്യുന്നത്. പ്രതിഷേധ പരിപാടികളില്‍ അവരുണ്ടെങ്കിലും മുസ്ലിങ്ങളുടെ കൂട്ടായ്മയോടും മുസ്ലിങ്ങള്‍ നടത്തുന്ന പ്രതിഷേധത്തോടും അവര്‍ക്കു യോജിപ്പില്ല. അവര്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളിലേക്ക് എല്ലാവരും ചെല്ലണം എന്നാണ് നിലപാട്. മാത്രമല്ല, സി.പി.എം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ ചില സംഘടനകള്‍ പങ്കെടുക്കുന്നതുകൊണ്ട് അവര്‍ സി.പി.എമ്മിനൊപ്പം പോകുമെന്നോ അവര്‍ക്കു വോട്ട് ചെയ്യുമെന്നോ പറയാന്‍ ഇപ്പോള്‍ പറ്റില്ല. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം കോര്‍ഡിനേഷന്‍ യോഗം കമ്മിറ്റി തീരുമാനിച്ചത് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആര് പ്രതിഷേധിച്ചാലും സഹകരിക്കാം എന്നാണ്. അല്ലാതെ സി.പി.എം ഉദ്ദേശിക്കുന്ന രീതിയില്‍ ഫലപ്രദമാവുകയോ വിജയിക്കുകയോ ചെയ്യുമെന്ന് മുസ്ലിം ലീഗ് കരുതുന്നില്ല. അവര്‍ ശ്രമിക്കുന്നുണ്ട്.

സമസ്ത സി.പി.എമ്മുമായി സഹകരിക്കുകയും അടുക്കുകയും ചെയ്യുന്നു എന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. സമസ്ത രാഷ്ട്രീയ നിലപാട് പരസ്യമായി പറയാറില്ല; എല്ലാക്കാലത്തും അങ്ങനെയാണ്. എങ്കിലും യു.ഡി.എഫിന് അനുകൂലമായാണ് നിന്നിരുന്നത്. ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുമ്പോള്‍ അത് കോമ്പന്‍സേറ്റ് ചെയ്യാന്‍ സി.പി.എമ്മിന് ഒരു വിഭാഗം വേണമല്ലോ. അതിനു സമസ്തയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ, അത് വിജയത്തിലെത്തുകയോ അനുഭാവം നേടാന്‍ സാധിക്കുകയോ ചെയ്തിട്ടില്ല.

ഹിന്ദുവര്‍ഗ്ഗീയതപോലെ മുസ്ലിം വര്‍ഗ്ഗീയതയും സജീവം

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ 
(സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം)

വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്കും ഹിന്ദുരാഷ്ട്ര സങ്കല്പത്തിലേക്കും രാജ്യത്തെ എത്തിക്കാന്‍ ആര്‍.എസ്.എ.സ്സും ബി.ജെ.പിയും ആസൂത്രിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ക്ക് ഒരു കാര്യം വ്യക്തമാകും, പൗരത്വ ഭേദഗതി നിയമം മതപരമായി ജനങ്ങളെ വേര്‍തിരിക്കലാണ്. ഇതാണ് പ്രധാനപ്പെട്ട ഇന്നത്തെ രാഷ്ട്രീയം. ഇതു തിരിച്ചറിയുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. മതരാഷ്ട്രത്തിലേക്കോ സ്വേച്ഛാധിപത്യപരമായ രാഷ്ട്രത്തിലേക്കോ പോകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ജനതയുടെ വിയോജിപ്പാണ് അത്; അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമില്ല.

കേരളത്തില്‍ ഇതിനെ രണ്ട് ആംഗിളില്‍ കാണണം. ഒന്ന്, ആര്‍.എസ്.എസ്സിന്റെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഫാസിസ്റ്റ് സമീപനം. ഹിന്ദു വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒരു ജനകീയ മനസ്സുണ്ട്. അതാണ് മഹാശൃംഖലയിലൊക്കെ കണ്ടത്. ഞങ്ങള്‍ക്കു വോട്ടു ചെയ്യാത്തവരും ഒപ്പം നില്‍ക്കാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങളുടെ കൂടി പങ്കാളിത്തമുണ്ടായി. അതേസമയം, ഹിന്ദു വര്‍ഗ്ഗീയതപോലെ തന്നെ സജീവമായി നിലകൊള്ളുന്ന മുസ്ലിം വര്‍ഗ്ഗീയതയും ഇവിടെയുണ്ട്. പ്രധാനമായി ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവയാണ് പ്രകടമായി വര്‍ഗ്ഗീയതയുടെ ഇടം ഉപയോഗിച്ചു നില്‍ക്കുന്നത്. എസ്.ഡി.പി.ഐ വെറും വര്‍ഗ്ഗീയത മാത്രമല്ല, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായിക്കൂടി ബന്ധപ്പെട്ട ടീമാണ്. മറ്റേത് കുറേക്കൂടി ബൗദ്ധിക തലത്തില്‍ നില്‍ക്കുന്ന, ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. മുസ്ലിങ്ങളിലെ ആര്‍.എസ്.എസ് ആണ് ഈ രണ്ടു വിഭാഗങ്ങളും. അവരുടെ കൗണ്ടര്‍ പാര്‍ട്ടാണ് ഇവര്‍.

യു.ഡി.എഫ് ഈ രണ്ടു വിഭാഗങ്ങളുടേയും ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ഇവിടുത്തെ അപകടം. ഞങ്ങള്‍ ആദ്യം മുതലേ ഒരു നിലപാട് സ്വീകരിച്ചു. യോജിച്ച പ്രക്ഷോഭം വേണം എന്നു പറയുമ്പോഴും ഹിന്ദു വര്‍ഗ്ഗീയതയെ പ്രതിനിധീകരിക്കുന്ന ആര്‍.എസ്.എസ്സിനെ എതിര്‍ക്കുന്നതു പോലെതന്നെ മുസ്ലിം വര്‍ഗ്ഗീയതയെ പ്രതിനിധീകരിക്കുന്ന ഈ രണ്ടു സംഘടനകളേയും എതിര്‍ത്തു. അവരെ ഞങ്ങള്‍ ഇതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കുന്ന പ്രശ്‌നമില്ല എന്ന നിലപാടെടുത്തു. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല. യു.ഡി.എഫിനോട് യോജിച്ചു സമരം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ സി.പി.എം വിരുദ്ധ രാഷ്ട്രീയത്തിലേക്കു മാറി. രാജ്യത്തിന്റെ ഭാവിയല്ല, തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമാണ് അവരുടെ മുന്നിലെ വിഷയം.

എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും കൂടെ നിര്‍ത്തുകയാണ് യു.ഡി.എഫ്. അതിന്റെ കുഴപ്പം ഇപ്പോള്‍ മനസ്സിലായില്ലെങ്കിലും കുറേക്കൂടി കഴിയുമ്പോള്‍ അവര്‍ക്കു ബോധ്യമാകും. 

അതേസമയം ലീഗ് ആയാലും കോണ്‍ഗ്രസ്സായാലും മറ്റേതു പാര്‍ട്ടിക്കാരായാലും എല്ലാവരും വര്‍ഗ്ഗീയ മനോഭാവമുള്ളവരാണ് എന്ന ചിന്തയൊന്നും ഞങ്ങള്‍ക്കില്ല. അതിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവര്‍ക്കിടയില്‍, നന്നായി രാഷ്ട്രീയം മനസ്സിലാക്കാന്‍ പറ്റുന്നവര്‍ക്കിടയില്‍ സ്വാധീനം നേടാന്‍ സാധിക്കും എന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. അതുകൊണ്ട്, ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐയുടേയും നിലപാടുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടുവരാന്‍ പോകുന്നത് എന്നുള്ളത് അബദ്ധജഡിലമായ ചിന്തയാണ്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം തന്നെ കേരളത്തില്‍ രൂപപ്പെട്ടു വരും. അവര്‍ മുന്‍പും എല്‍.ഡി.എഫിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. വര്‍ഗ്ഗീയമായ നിലപാടായിരുന്നു. ഞങ്ങള്‍ക്ക് അതിനെക്കുറിച്ചു കൃത്യമായ ബോധ്യമുണ്ട്. വോട്ടു ചെയ്യുന്നവരോടെല്ലാം പോയി നിങ്ങള്‍ ജമാഅത്തെ ഇസ്ലാമിയാണോ എസ്.ഡി.പി.ഐ ആണോ എന്നു ചോദിക്കാന്‍ പറ്റുമോ? ഈ വര്‍ഗ്ഗീയശക്തികളില്‍ ഒന്നുമായും രാഷ്ട്രീയ കൂട്ടുകെട്ട് ഞങ്ങളുണ്ടാക്കിയിട്ടില്ല. 

കോണ്‍ഗ്രസ്സാണ് ഏറ്റവും സജീവം; വിമര്‍ശനത്തില്‍ കഴമ്പില്ല

മുല്ലപ്പള്ളി രാമചന്ദ്രന്‍ 
(കെ.പി.സി.സി പ്രസിഡന്റ്)

തുടക്കം മുതല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം സംശയരഹിതമായി നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ആ സമീപനത്തില്‍നിന്നു കോണ്‍ഗ്രസ്സ് അടിസ്ഥാനപരമായി ഒരിക്കലും മാറിയിട്ടില്ല. മുസ്ലിങ്ങള്‍ക്കു മാത്രമല്ല, ഏതു ന്യൂനപക്ഷ വിഭാഗത്തിനും വിശ്വാസമര്‍പ്പിക്കാവുന്ന പാര്‍ട്ടിയും കോണ്‍ഗ്രസ്സാണ്. മാറിമാറി ഭരിക്കുമ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഒരു വിഭാഗത്തോടുള്ള പ്രതിബദ്ധത അളക്കേണ്ടത്. അങ്ങനെയാണെങ്കിലും കോണ്‍ഗ്രസ്സാണ് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പാര്‍ട്ടി. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരുകള്‍ മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടേയും ഭരണമാണ് എന്ന പേരുദോഷംപോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായി സമരരംഗത്തുണ്ടായിരുന്നതും ഞങ്ങളാണ്. കൊവിഡ് 19 വന്നതുകൊണ്ട് നിര്‍ത്തിവെച്ചതാണ്. ഒരു ചങ്ങല കെട്ടിയിട്ടു പോയതാണ് സി.പി.എം. പിന്നെ അവരെ കണ്ടിട്ടില്ല. ഞങ്ങളുടെ ഡി.സി.സികളും ജനപ്രതിനിധികളുമൊക്കെ തുടര്‍ച്ചയായി പ്രതിഷേധ പരിപാടികള്‍ നടത്തി. ഹിന്ദുത്വ ഫാസിസത്തിനെതിരെ മുറിവേറ്റ നരിയെപ്പോലെ ഓടുകയായിരുന്നു ഞങ്ങള്‍. 

ദേശീയതലത്തില്‍ പരിമിതികളുണ്ടെങ്കിലും പൗരത്വ നിയമഭേദഗതിയുടെ മൂന്നാം ദിവസം ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ ആളുകള്‍ പങ്കെടുത്തുവെന്നാണ് കണക്ക്. രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. എന്തൊക്കെ വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്കു പറയാനുണ്ടാകാമെങ്കിലും അദ്ദേഹം കറയറ്റ മതേതരവാദിയാണ് എന്നതില്‍ സംശയമില്ല. 

കോണ്‍ഗ്രസ്സ് സജീവമല്ല എന്നു ലീഗ് പറയുന്നതില്‍ കഴമ്പില്ല. അവര്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയിട്ടുണ്ട്. കപില്‍ സിബലിനെ പങ്കെടുപ്പിച്ചു ലീഗ് നടത്തിയ പരിപാടിയില്‍പ്പോലും കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. കോണ്‍ഗ്രസ്സ് സജീവമല്ല എന്നു പറയുന്നത് പാവപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടു കാണിക്കുന്ന വലിയൊരു അപരാധമായിരിക്കും. ഇത്രയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും അതു മനസ്സിലാക്കാതെ പോകുന്നതു സങ്കടമാണ്. 

സി.പി.എമ്മിന്റെ കൂടെ പോയാലോ എന്നൊരു ആശയക്കുഴപ്പം സമസ്തയുടെ നേതൃത്വത്തിനു തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടിരിക്കുന്നു. സി.പി.എമ്മിന്റെ സമീപനത്തില്‍ യാതൊരു സത്യസന്ധതയും ആത്മാര്‍ത്ഥതയുമില്ല; വെറും വോട്ടുബാങ്ക് മാത്രമാണ് ലക്ഷ്യം എന്നു മനസ്സിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com