ശ്രീചിത്രയുടെ കൊവിഡ് അതിജീവന പാഠം

By പി.എസ്. റംഷാദ്   |   Published: 07th April 2020 05:28 PM  |  

Last Updated: 07th April 2020 05:28 PM  |   A+A-   |  

 

കേരളത്തിലും പുറത്തു നിന്നുമുള്ള നിരവധി രോഗികള്‍ ആശ്രയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയെ കൊവിഡ് ബാധിത സ്പെയിനില്‍ പോയി വന്ന യുവ ഡോക്ടര്‍ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അത് ഒരു ഘട്ടത്തില്‍ കേരളത്തിന്റെയാകെ ആശങ്കയായി മാറുകയും ചെയ്തു. അദ്ദേഹം മനപ്പൂര്‍വ്വമല്ല അതു ചെയ്തത്. പക്ഷേ, സാഹചര്യങ്ങള്‍ അതിവേഗം മാറിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നു പുറത്തുവിടാതിരുന്നതുകൊണ്ട് കാര്‍ഡിയോളി, ന്യൂറോളജി വിഭാഗങ്ങളില്‍ വന്നുപോയവരുള്‍പ്പെടെ പരിഭ്രാന്തിയിലായി; ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ മറ്റു നിരവധി ജീവനക്കാര്‍ സംശയത്തിന്റേയും ഭയത്തിന്റേയും നിഴലിലായി. അവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും ആശങ്കയും വലുതായിരുന്നു. 

അതെല്ലാം ഇപ്പോള്‍ നീങ്ങിപ്പോയിരിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ആയിരുന്ന ഡോ. അനൂപിനെ രോഗം ഭേദപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിരീക്ഷണത്തിലായിരുന്ന ജീവനക്കാരില്‍ ഒരാള്‍ക്കു പോലും 14 ദിവസത്തിനു ശേഷവും രോഗമില്ല എന്നു സ്ഥിരീകരിച്ചു. 28 ദിവസത്തെ ഭവന നിരീക്ഷണമാണ് ആരോഗ്യ വകുപ്പിന്റെ നിബന്ധന. അതുകൊണ്ട് ജീവനക്കാര്‍ എല്ലാവരും പഴയതുപോലെ ജോലിക്ക് എത്താനും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകാനും ദിവസങ്ങളെടുത്തേക്കും. കൊറോറ വൈറസ് പടര്‍ന്ന്, കൂടുതല്‍ ജീവനെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ദേശീയ ശ്രദ്ധ നേടിയ ഈ ചികിത്സാ, ഗവേഷണ സ്ഥാപനം അതിജീവിച്ചത്. രണ്ടായിരത്തോളം ജീവനക്കാര്‍ക്കും അതിലുമധികം രോഗികള്‍ക്കും ശ്രീചിത്രയെ തുടര്‍ന്നും ധൈര്യമായി ആശ്രയിക്കാം. അതുപക്ഷേ, എളുപ്പത്തില്‍ വന്നു ചേര്‍ന്നതല്ല. ജീവനക്കാരും രോഗികളും അവരുമായി സമ്പര്‍ക്കമുള്ളവരുമടക്കം നിരവധിയാളുകള്‍ കടന്നുപോയത് ആശങ്കയുടെ തുല്യതയില്ലാത്ത ദിനങ്ങളിലൂടെയാണ്. ശ്രിചിത്ര സന്ദര്‍ശിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വയം ഭവനനിരീക്ഷണത്തിലേക്കു പോയതും അദ്ദേഹവുമായി ഇടപഴകിയ ചില മാധ്യമപ്രവര്‍ത്തകരും അതേ മാതൃക സ്വീകരിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. കൊവിഡ് സ്ഥിരീകരിച്ച ഡോ. അനൂപുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 179 പേരെയാണ് ഭവന നിരീക്ഷണത്തിലാക്കിയത്. ഇവരില്‍ ഡോക്ടര്‍മാരുടെ എണ്ണം 24. ഡോക്ടറുടെ രോഗ വിവരം പുറത്തു വന്ന പിന്നാലെ, ശ്രിചിത്രയില്‍ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വന്നുപോയവരുടേയും ബന്ധുക്കളുടേയും ഫോണ്‍ വിളി പ്രവാഹമായിരുന്നു. വളരെ വേഗം പേടി വളര്‍ന്നു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോറും ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ഒറ്റക്കെട്ടായി ആ പേടിയെ അതിജീവിച്ചത് കൊവിഡ് കാലത്ത് കേരളത്തിന്റെ വലിയ ആശ്വാസ ചിത്രമാവുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമല്ലാതിരുന്നിട്ടും സാഹചര്യം ആവശ്യപ്പെട്ട ഇടപെടലിനു മുന്നില്‍നിന്ന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ തുടങ്ങിയവരെ ശ്രീചിത്ര നന്ദിയോടെ ഓര്‍ക്കുന്നു. 

സ്ഥിതിഗതികളില്‍ മാറ്റം വന്നേശേഷം ശ്രീചിത്രയിലെ കൊവിഡ് സെല്‍ മാര്‍ച്ച് 26-നു മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദമായ കുറിപ്പില്‍ കടന്നുപോയ ദിനങ്ങളുടെ സങ്കടം പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രത കാണാം. പക്ഷേ, നേരിട്ട് അറിയാന്‍ ശ്രമിച്ചപ്പോഴാണ് ആ ദിനങ്ങളുടെ വേവലാതിയുടെ യഥാര്‍ത്ഥ ചിത്രം തെളിഞ്ഞത്. 

പരിഭ്രാന്തിയും ആശ്വാസവും 

മാര്‍ച്ച് രണ്ടിനാണ് ഡോ. അനൂപ് സ്‌പെയിനില്‍നിന്നു മടങ്ങിയെത്തിയത്. സ്പെയിന്‍ ആ സമയത്ത് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് -19 ഹൈ റിസ്‌ക് പട്ടികയില്‍ പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ സ്‌പെയിനില്‍ നിന്നെത്തുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം മറ്റുള്ളവരുമായി ബന്ധപ്പെടാതെ വീട്ടില്‍ കഴിയേണ്ടിയിരുന്നുമില്ല. സ്പെയിന്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിലായ മാര്‍ച്ച് 11 മുതല്‍ ഭവന നിരീക്ഷണത്തില്‍ കഴിയാന്‍ ശ്രീചിത്രയിലെ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 13-നു രാത്രിയാണ് ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. അന്നു തന്നെ അഡ്മിറ്റു ചെയ്തു. 15-നു രോഗം സ്ഥിരീകരിക്കുന്ന സ്രവ പരിശോധന വന്നു. ഇതാണ് ചുരുക്കി പറയാവുന്നത്. എന്നാല്‍, കുറച്ചുകൂടി വിശദാംശങ്ങളുണ്ട്: സ്പെയിനില്‍നിന്ന് ഡോ. അനൂപ് വന്ന വിവരം ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം 'ദിശ'യിലാണ് ആദ്യം അറിയിച്ചത്. സ്‌പെയിന്‍ ഹൈ റിസ്‌ക് രാജ്യമല്ലാത്തതുകൊണ്ട് അഞ്ചു ദിവസത്തെ നിരീക്ഷണമാണ് അവര്‍ നിര്‍ദ്ദേശിച്ചത്. പനിയും മറ്റു ലക്ഷണങ്ങളും ഇല്ലെങ്കില്‍ ജോലിയില്‍ തുടരാനും ദിശയില്‍നിന്ന് അനുമതി ലഭിച്ചു. അതനുസരിച്ചു. ആ ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് മാര്‍ച്ച് എട്ടിനാണ് അദ്ദേഹം ജോലിക്കെത്തിയത്. പിറ്റേന്ന് ആറ്റുകാല്‍ പൊങ്കാല അവധി കഴിഞ്ഞു വീണ്ടും എത്തിയത് 10-ന്. അന്നും 11-നുമാണ് രോഗികളെ പരിശോധിച്ചത്. അതുതന്നെ നേരിട്ടുള്ള പരിശോധനയല്ല, ചില്ലിട്ട മുറിക്കിപ്പുറം ഇരുന്നു മോണിട്ടറിലൂടെയായിരുന്നു പരിശോധന. 11-ന് സ്പെയിന്‍ ഹൈ റിസ്‌ക് പട്ടികയില്‍ വന്നതോടെ ഭവന നിരീക്ഷണത്തില്‍ പോകാന്‍ ഡോക്ടറോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷേ, ആ വിവരം ആശുപത്രിയെ മൊത്തത്തില്‍ പിടിച്ചു കുലുക്കി. കാര്യങ്ങള്‍ മാറിമറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം എന്തൊക്കെ ചെയ്തുവെന്നും ആരൊക്കെയായി ഇടപഴകി എന്നുമൊക്കെ പെട്ടെന്നു പേടിയോടെ കണ്ടെത്താന്‍ ശ്രമിക്കുന്ന സ്ഥിതി. 

സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശ്രീചിത്രയിലെ പൊതുജനാരോഗ്യ വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ എല്ലാ ജീവനക്കാരേയും നിരീക്ഷിച്ചു. അവരില്‍ ഡോ. അനൂപുമായി അടുത്തിടപഴകിയ 179 പേരെയാണ് പ്രാഥമിക സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 55 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 124 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും പെടുന്നുവെന്നും കണ്ടെത്തി. ഡോക്ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ദിവസം മുതല്‍ ഇവരെയെല്ലാം ഭവന നിരീക്ഷണത്തിലാക്കി. ഡോക്ടര്‍ സന്ദര്‍ശിച്ച മെഡിക്കല്‍ സൂപ്രണ്ട് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരോടും ഡോക്ടറെ സന്ദര്‍ശിച്ച രണ്ട് കുടുംബാംഗങ്ങളോടും (സെക്കന്ററി കോണ്ടാക്ടുകള്‍) മാര്‍ച്ച് 16 മുതല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. ഭവന നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എല്ലാ പ്രൈമറി കോണ്ടാക്ടുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. രോഗബാധ സ്ഥിരീകരിച്ച ഡോക്ടറുമായി മറ്റുള്ളവര്‍ സമ്പര്‍ക്കത്തില്‍ വന്ന അവസാന തീയതി കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അത് മാര്‍ച്ച് 11-നു ശേഷമാകാനുള്ള സാധ്യത കുറവാണ് എന്ന നിഗമനത്തിലാണ് എത്തിയത്. കാരണം രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും മാര്‍ച്ച് 11 മുതല്‍ ഡോക്ടര്‍ നിരീക്ഷണത്തില്‍ത്തന്നെ ആയിരുന്നു.

ഡോക്ടറുമായി ബന്ധപ്പെട്ടവരില്‍ ഒന്‍പതു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവരില്‍ അഞ്ചു പേര്‍ ഡോക്ടറുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ ഹൈ റിസ്‌ക് ലിസ്റ്റിലും നാലു പേര്‍ നേരിട്ട് ഇടപഴകിയവരുമായി ബന്ധപ്പെട്ട ലോ റിസ്‌ക് ലിസ്റ്റിലുമായി. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു; രോഗമില്ല. കൊവിഡ് പരിശോധനാ ലബോറട്ടറി ശ്രീചിത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മാര്‍ച്ച് 24-നാണ്. അതിനുശേഷം പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 47 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ ഏറെയും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു. അവസാന 12 പേരുടെയല്ലാതെ എല്ലാവരുടേയും ഫലങ്ങള്‍ നെഗറ്റീവ് ആണ്. പ്രൈമറി-സെക്കന്ററി കോണ്ടാക്ട് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ആര്‍ക്കും ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ല. മാത്രമല്ല ഇവര്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി ബന്ധപ്പെട്ട അവസാന തീയതി വെച്ചു നോക്കിയാല്‍ ഇവരുടെ 15 ദിവസ നീരീക്ഷണ (ഇന്‍ക്യുബേഷന്‍) കാലാവധി പൂര്‍ത്തിയാവുകയും ചെയ്തു.

ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനുശേഷം പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയോ ഡോക്ടറുമായി സമ്പര്‍ക്കത്തില്‍പ്പെടുകയോ ചെയ്തിട്ടില്ലാത്ത ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 44 പേര്‍ക്ക് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായി. ഇവരെ പരിശോധനകള്‍ക്കായി സംസ്ഥാന കൊവിഡ് സെല്ലില്‍ അയച്ചു. ഇതില്‍നിന്നു 13 പേരുടെ സാമ്പിളുകള്‍ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി. ഇവയുടെ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലായ 179 പേര്‍ ഡോക്ടറുമായി സമ്പര്‍ക്കത്തിലായ അവസാന തീയതി പ്രകാരം 15 ദിവസ കാലാവധി പൂര്‍ത്തിയാക്കിയപ്പോഴും രോഗലക്ഷണങ്ങള്‍ ഉണ്ടായില്ല. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രോഗലക്ഷണങ്ങള്‍ കണ്ടവരേയും പരിശോധനയ്ക്ക് വിധേയരാക്കി. ആര്‍ക്കും രോഗമില്ല എന്നു സ്ഥിരീകരിച്ചു. 

ശ്രീചിത്രയുടെ പൂജപ്പുരയിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലും കൊവിഡ് 19 പരിശോധനാ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഇവിടെക്കൂടി സാമ്പിളുകള്‍ സ്വീകരിച്ചു തുടങ്ങിയത് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ താങ്ങായി. പ്രാദേശികമായി ലഭ്യമായ ഉത്പാദന സൗകര്യങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് കൊവിഡ് വേഗം പരിശോധിച്ച് അറിയുന്നതിനുള്ള സംവിധാനം, റെസ്പിറേറ്ററി സപ്പോര്‍ട്ട്, ബയോമെറ്റീരിയലുകള്‍, കൊവിഡിനുള്ള മോളിക്യുളാര്‍ ബയോളജിക്കല്‍ സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം. മുഖം ആവരണം ചെയ്യുന്നതിനുള്ള രണ്ട് ലളിത സാങ്കേതികവിദ്യകളും രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും മറ്റും വെന്റിലേറ്റിന്റെ സഹായമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് റെസ്പിറേറ്ററി സപ്പോര്‍ട്ട് എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.

ശ്രീചിത്രയിലെ കൊവിഡ് സെല്‍, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവ മുഖാന്തിരം കൊവിഡ് ബാധ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സജീവ പങ്കാളിത്തമുണ്ട്. കൊവിഡ് 19 നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു പുതിയ ഉദ്യമങ്ങളും നിര്‍ദ്ദേശങ്ങളും അച്യുതമേനോന്‍ സെന്റര്‍ സമര്‍പ്പിക്കും. അടിയന്തിര ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികളെ ശ്രീചിത്രയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇവിടെ ചികിത്സയിലുള്ള രോഗികള്‍ക്കായി മാര്‍ച്ച് 27 മുതല്‍ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളില്‍ ടെലിമെഡിസിന്‍ പരിശോധനയും ആരംഭിച്ചു. 

പതറാതെ, കരുത്തോടെ 

ജൂണിയറായ ഡോ. അനൂപുമായി യഥാര്‍ത്ഥത്തില്‍ ഡയറക്ടറോ മറ്റ് സീനിയര്‍ ഡോക്ടര്‍മാരോ ഇടപഴകിയിരുന്നില്ല. എന്നാല്‍, മെഡിക്കല്‍ സൂപ്രണ്ട് ഓഫീസിലേക്കു വിളിപ്പിച്ചാണ് ഭവന നിരീക്ഷണത്തിലേക്കു പോകാന്‍ ഡോ. അനൂപിനു നിര്‍ദ്ദേശം നല്‍കിയത്. അങ്ങനെ ചെയ്തതുവഴി മെഡിക്കല്‍ സൂപ്രണ്ടും ആ സമയത്ത് അവിടെ നടന്ന മറ്റൊരു യോഗത്തില്‍ പങ്കെടുത്തിരുന്ന 14 വകുപ്പു മേധാവികളും നിരീക്ഷണ പരിധിയിലായി. ഫോണിലോ മെയിലിലോ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ ആ വലിയ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. പ്രതിസന്ധി ഉണ്ടായപ്പോള്‍ ഏറ്റവും താഴേത്തട്ടു മുതല്‍ മുകള്‍നിര വരെ എല്ലാ തലങ്ങളിലുമുള്ളവര്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ മറികടക്കുകയും ചെയ്തു. ഇതിനിടെ മാര്‍ച്ച് 14-ന് ആണ് വി. മുരളീധരന്‍ എത്തിയത്. അദ്ദേഹവുമായി ഇടപഴകിയ ഡെപ്യൂട്ടി ഡയറക്ടര്‍ ഭവന നിരീക്ഷണത്തിലായി. 

വസ്തുതാവിരുദ്ധമായ പലതും ഈ ദിവസങ്ങളില്‍ പ്രചരിച്ചു. രോഗഭീതിയെ മാത്രമല്ല, കുപ്രചരണങ്ങളേയും ഒരേപോലെ പൊരുതി തോല്‍പ്പിക്കുക എന്ന ദൗത്യം ശ്രീചിത്രയിലെ ഓരോ ആളുടേയും ദൗത്യമായി മാറി. മാധ്യമങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, വിവരങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണമുണ്ടായിരുന്നു. ശരിയായ വിവരങ്ങള്‍ സമയത്ത് കിട്ടാതെ വന്നപ്പോള്‍ മാധ്യമങ്ങള്‍ അനൗദ്യോഗിക സ്രോതസ്സുകളെ ആശ്രയിച്ചത് സ്വാഭാവികം. അങ്ങനെ പുറത്തുവന്ന ചില വിവരങ്ങള്‍ രോഗികളേയും ബന്ധുക്കളേയും കൂടുതല്‍ പരിഭ്രാന്തിയിലാക്കി. അവര്‍ നേരേ ശ്രീചിത്രയിലേക്കു വിളിച്ചു തുടങ്ങി. അവര്‍ വന്ന ഒപിയിലുള്ള ഡോക്ടറുടെ കാര്യത്തിലല്ല സംശയം എന്ന് ഒപിയില്‍ വന്ന രോഗികളേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. വിളിച്ചവരോട് ഡോക്ടറുടെ പേരും വിഭാഗവും മറച്ചുവച്ചില്ല. അതോടെ, റേഡിയോളജി വിഭാഗം എന്ന് എഴുതി വച്ചിരിക്കുന്നതിന്റെ മുന്നില്‍ക്കൂടി ഞാന്‍ കടന്നുപോയിരുന്നു, അതുകൊണ്ട് പ്രശ്‌നമുണ്ടോ എന്നുവരെ ചോദിച്ചവരുണ്ട്. അതേസമയം, കാര്യം മനസ്സിലാക്കുമ്പോള്‍ ആളുകള്‍ക്കുള്ള ആശ്വാസവും പ്രധാനമാണ്. തീരെ പരിഭ്രമിക്കാതെ സ്ഥിതിഗതികള്‍ ശ്രീചിത്ര കൈകാര്യം ചെയ്യുകയാണ് എന്നു വിളിക്കുന്നവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരുന്നു. 

കൂടുതല്‍ ഡോക്ടര്‍മാര്‍ ഭവന നീരീക്ഷണത്തിലായി എന്ന് അറിഞ്ഞ പല രോഗികളുടേയും സ്ഥിതി അതിനേക്കാള്‍ മോശമായിരുന്നു. തങ്ങള്‍ വന്നു കണ്ടപ്പോള്‍ ഡോക്ടര്‍ക്ക് രോഗമുണ്ടായിരുന്നിരിക്കുമോ എന്നാണ് സംശയം. ഡോ. അനൂപിനു പുറമേ ഒരൊറ്റയാള്‍ക്കു പോലും രോഗമില്ല എന്നു സ്ഥിരീകരിക്കപ്പെടുമ്പോള്‍ ഈ സംശയവും പേടിയും കൂടിയാണ് നീങ്ങിപ്പോകുന്നത്. ഏതാനും ദിവസത്തേക്ക് അടിയന്തര സാഹചര്യങ്ങളിലുള്ള രോഗികളെ മാത്രമേ ശ്രീചിത്രയില്‍ എടുത്തുള്ളു. മുന്‍പ് വന്നവര്‍ ചികിത്സയുടെ ഭാഗമായ റിവ്യൂവിനു വരേണ്ട തീയതി നീട്ടിയതായി അറിയിപ്പു നല്‍കി. ഡോക്ടര്‍മാരിലൊരു വിഭാഗം ഭവന നിരീക്ഷണത്തിലേക്കു പോയപ്പോള്‍ സ്വാഭാവികമായും പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ അല്ലാതായി. പേടിച്ച്, സ്വയം ഭവന നിരീക്ഷണത്തില്‍ പോകാന്‍ അനുമതി ചോദിച്ച ജീവനക്കാര്‍ക്കും അനുമതി നല്‍കി. 

ഓരോ തീരുമാനവും പ്രധാനമായിരുന്നു. സഹപ്രവര്‍ത്തകരില്‍ പലരും പതറിപ്പോയപ്പോള്‍ ഒട്ടും പതറാതെ എല്ലാവരെയും ചേര്‍ത്തുപിടിച്ചു നിന്ന ഡോ. ആശാ കിശോറിനും അവരെ നിരന്തരം ബന്ധപ്പെട്ട് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരുന്ന മന്ത്രി ഷൈലജ ടീച്ചറിനും നന്ദി പറയാന്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ നൂറുനാവ്. സംസ്ഥാന സര്‍ക്കാരുമായി ഇത്രയ്ക്ക് ഏകോപിച്ചുള്ള പ്രവര്‍ത്തനം ശ്രീചിത്രയുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ കളക്ടറുടെ ഇടപെടലും പിന്തുണയും തീരുമാനങ്ങളെടുക്കുന്നതില്‍ ശ്രീചിത്രയ്ക്ക് വലിയ സഹായമായി. 

ശ്രീചിത്രയിലെ ഡോക്ടര്‍ കൊവിഡ് ബാധിത രാജ്യത്തു പോയിവന്നു എന്നത് തുടക്കത്തില്‍ ഉന്നത കേന്ദ്രങ്ങള്‍ മറച്ചുവച്ചു എന്നു പറയുന്നവര്‍ ആശുപത്രിയില്‍ത്തന്നെയുണ്ട്. അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ലത്രേ. ഏതായാലും രാജ്യത്തിന്റെ അഭിമാനമായ ചികിത്സാ, ഗവേഷണ സ്ഥാപനം വലിയൊരു പ്രതിസന്ധി മറികടന്നു എന്നതാണ് ഇപ്പോള്‍ പ്രധാനം. 

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗിലും സാങ്കേതിക വിദ്യയിലും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രഖ്യാപിത ദൗത്യങ്ങളിലേക്ക് കൂടുതല്‍ കരുത്തോടെ നീങ്ങുകയാണ് ശ്രീചിത്ര. തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യാലിറ്റി, ഉപ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഉന്നത നിലവാരമുള്ള രോഗീപരിരക്ഷ നല്‍കുക, പൊതുജനാരോഗ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഗവേഷണ, പരിശീലനം, ഇടപെടലുകള്‍ എന്നിവയിലൂടെ പങ്കാളിത്തം വഹിക്കുക തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ത്തന്നെ മികച്ച കേന്ദ്രമാകാനുള്ള പ്രവര്‍ത്തനങ്ങള്‍. ഈ കൊവിഡ് കാലവും അതിന്റെ അനുഭവങ്ങളും ശ്രീചിത്രയ്ക്കു പകര്‍ന്നത് കൂടുതല്‍ ഊര്‍ജ്ജം.