തെളിനീരൊഴുക്കു തിരിച്ചുവരുന്ന കാലം കാത്ത്  

കൊവിഡും ലോക്ഡൗണും മാറ്റിമറിച്ചത് സാമൂഹികവും രാഷ്ട്രീയവും വൈയക്തികവുമായ മുന്‍ഗണനകളെയാണ്. എന്തായാലും ഇപ്പോള്‍ മനുഷ്യന്റെ അതിജീവനം തന്നെയാണ് പരമപ്രധാനം
തെളിനീരൊഴുക്കു തിരിച്ചുവരുന്ന കാലം കാത്ത്  

തൊട്ടുതലേന്നുവരെ ആലോചിച്ച് ഉറപ്പിച്ചു വച്ചതൊന്നുമല്ല പിറ്റേന്നു സംഭവിച്ചത്; ഒരാളുടെ മാത്രമല്ല, എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന, മുഴുവനാളുകളുടേയും കൊവിഡ്-ലോക്ഡൗണ്‍ കാല അനുഭവം തന്നെയാണ് ഇത്. പ്രവര്‍ത്തനമേഖലയും മുടക്കം വന്ന കാര്യങ്ങളും വെവ്വേറെ ആയിരിക്കാം എന്നു മാത്രം. കൊവിഡ് വന്നു വിലങ്ങനെ നിന്നു മുടക്കിയ കാര്യങ്ങളൊക്കെ അതേ തുടര്‍ച്ചയിലാകില്ല ഇനി സംഭവിക്കുക. കാര്യങ്ങള്‍ മാറിമറിയും. എങ്കിലും രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടിയ ലോക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കുകയും സ്ഥിതിഗതികളൊന്നു മാറിവരികയും ചെയ്യുമ്പോള്‍ പഴയ ഊര്‍ജ്ജപ്രവാഹത്തിലേക്കു തിരിച്ചുപോകാം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ; അതിലാണ് ജീവിക്കുന്നത്. പഠനം, അധ്യാപനം, പ്രക്ഷോഭം, ഇടപെടല്‍, കൂട്ടായ്മ, സാമൂഹിക ദൗത്യം, രോഗികള്‍ ഉള്‍പ്പെടെ തങ്ങളെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോടുള്ള ഉത്തരവാദിത്തങ്ങള്‍ എന്നിവയിലൊക്കെ പുതിയ മുദ്രകള്‍ പതിപ്പിക്കാന്‍ കാത്തു നില്‍ക്കുകയാണ് എല്ലാവരും. 

കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാളായ ജോയി കൈതാരത്ത് രണ്ട് വന്‍കിട അഴിമതികള്‍ക്കെതിരെ വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിനാണ് കൊവിഡും ലോക്ഡൗണും തടസ്സം തീര്‍ത്തത്. താല്‍ക്കാലികമെങ്കിലും അത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു; അതെ, ഭയമാണ്. അഴിമതിക്കാര്‍ അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ അട്ടിമറിക്കുമോ എന്ന ഭയം. തിരുവനന്തപുരം പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റ കേസിലും മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലും നിര്‍ണ്ണായക വഴിത്തിരിവുകളാണ് മാര്‍ച്ച് ആദ്യവാരം ഉണ്ടായത്. അവയുടെ തുടര്‍ച്ച ഏപ്രിലില്‍ ഉണ്ടാകാന്‍ പോവുകയുമായിരുന്നു. 

കൊവിഡ് കാലത്ത് പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദിവാസികളോട് കൂടുതല്‍ കരുതല്‍ കാണിക്കുന്നതിലാണ് അവര്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ധന്യാ രാമന്‍ ആശ്വസിക്കുന്നത്. പക്ഷേ, ആദിവാസി ഊരുകളില്‍നിന്നു വേറെ വലിയ വേവലാതികള്‍ ലോക്ഡൗണിന് ഇടയില്‍ പുറത്തു വരുന്നതിലെ ആശങ്കയുമുണ്ട് പങ്കുവയ്ക്കാന്‍.

രാജ്യത്തെ ഇളക്കിമറിച്ച പൗരത്വനിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച 'ഷഹീന്‍ബാഗ് സമരം' 40-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് കൂട്ടം ചേരല്‍ വിലക്കുന്ന നോട്ടീസുമായി കളക്ടര്‍ എത്തിയത്. ആ സമരം അന്ന് അവസാനിപ്പിച്ചു പിരിഞ്ഞതില്‍ വിഷമമില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറയുന്നു. പക്ഷേ, നാട് പകര്‍ച്ചവ്യാധിയുടെ വലിയ ദുരിതത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചു എന്ന വിമര്‍ശനമുണ്ട് ഫിറോസിന്.

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ആദിവാസി ബ്ലോക്ക് ആയി അട്ടപ്പാടിയെ ഏപ്രില്‍ 18-നു പ്രഖ്യാപിക്കേണ്ടതായിരുന്നു. മാര്‍ച്ച് 22-നാണ് പരീക്ഷ ഉദ്ദേശിച്ചിരുന്നത്. രണ്ടും നടന്നില്ല. കോളജ് അധ്യാപിക ആയിരിക്കെ അവധിയെടുത്ത് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ ചുമതലയേറ്റ ഡോ. പി.എസ്. ശ്രീകലയ്ക്ക് അതുള്‍പ്പെടെ ഒന്നിലധികം കൊവിഡ് കാല തടസ്സങ്ങളുടെ അനുഭവം പറയാനുണ്ട്. ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ രണ്ടാംഘട്ടം ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14-ന് ആരംഭിക്കാനിരിക്കുകയായിരുന്നു.

അന്തര്‍ദ്ദേശീയ വനിതാ ദിനമായ മാര്‍ച്ച് എട്ടിനു മാത്രമല്ല, അതിന്റെ തലേന്നും പിറ്റേന്നും അടുത്ത ദിവസങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീ കൂട്ടായ്മകളില്‍ പങ്കെടുത്ത് തുടര്‍ച്ചയായ യാത്രയിലായിരുന്നു മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. അതിനുശേഷം ആലോചിച്ചിരുന്ന പരിപാടികളെല്ലാം മുടങ്ങി. ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ആശയവിനിമയ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന പുതിയ സംഘടനാ പ്രവര്‍ത്തന രീതിയില്‍; ഒപ്പം അല്പസ്വല്‍പ്പം കൃഷിപ്പണിയും.

തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജ് എം.എസ്.സി പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും മാര്‍ച്ച് 14 മുതല്‍ മൂന്നു ദിവസം മൂന്നാര്‍, തേക്കടി, മാട്ടുപ്പെട്ടി പഠനയാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞിരുന്നു. മുന്‍പ് കുടുംബസമേതം ഈ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിട്ടുള്ളവരാണ് മിക്കവരും. പക്ഷേ, കോളേജില്‍നിന്നു കൂട്ടുകാരികള്‍ക്കും 'മിസ്സു'മാര്‍ക്കും ഒപ്പമുള്ള യാത്ര വേറിട്ട അനുഭവമാകുന്നതിന്റെ ആഹ്ലാദം മുടങ്ങിപ്പോയി; പഠനം തന്നെ ഇടയ്ക്കു മുടങ്ങിപ്പോയ ലക്ഷോപലക്ഷങ്ങളുടെ പ്രതിനിധികളാണ് അവര്‍. പക്ഷേ, ബാക്കിയുള്ള രണ്ട് സെമസ്റ്ററിനിടയില്‍ എപ്പോഴെങ്കിലും ആ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അവരുടെ പ്രതീക്ഷ; വേഗം കോളേജൊന്നു തുറന്നിരുന്നെങ്കില്‍ എന്നത് അതിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയും. 

ലോക്ക്ഡൗൺ കാലത്ത് ജാ​ഗ്രതയോടെ/ ഫോട്ടോ: എ സനേഷ്/എക്സ്പ്രസ്
ലോക്ക്ഡൗൺ കാലത്ത് ജാ​ഗ്രതയോടെ/ ഫോട്ടോ: എ സനേഷ്/എക്സ്പ്രസ്

ഇവരേക്കാളൊക്കെ വലിയ സങ്കടവും ആശങ്കയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനോരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ്. കൃഷ്ണന്‍ വെളിപ്പെടുത്തുന്നത്. ''ഇതൊന്നും പ്രതീക്ഷിക്കാതെ രോഗികള്‍ക്ക് ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കുമൊക്കെ മരുന്ന് എഴുതിക്കൊടുത്തു. അതു തീരുമ്പോള്‍ ആളുകള്‍ പലയിടത്തുനിന്നും വിളിക്കുന്നു. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അവര്‍ എന്നെ വിശ്വസിച്ചാണ് വന്നുകണ്ടതും ചികിത്സ തേടിയതും. വേദനിപ്പിക്കുന്ന നിസ്സഹായതാണ് ഇത്'' - അദ്ദേഹം പറയുന്നു. ''പക്ഷേ, അങ്ങനെ അന്തംവിട്ടു നില്‍ക്കാതെ അവരെ സഹായിക്കാന്‍ മറ്റു വഴികള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ വിളിക്കുമ്പോള്‍ കൊവിഡ് ഡ്യൂട്ടിയിലായതുകൊണ്ട് അവരെ കാണാന്‍ നിവൃത്തിയില്ല; അവര്‍ക്കു വരാനും തടസ്സമുണ്ട്. പരിഹാരം എന്ന നിലയില്‍ രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത്. ഫോണില്‍ കേട്ടിട്ട് വാട്സാപ്പില്‍ മരുന്നു കുറിച്ചുകൊടുക്കും. അതു കഴിയാത്തവരോട് മെഡിക്കല്‍ ഷോപ്പില്‍ ചെന്നിട്ട് അവിടുത്തെ ഫാര്‍മസിസ്റ്റിനു ഫോണ്‍ കൊടുക്കാന്‍ പറയും, എന്നിട്ട് അവരോട് മരുന്നു പറഞ്ഞു കൊടുക്കും.''

തൃപ്പൂണിത്തുറ എം.എല്‍.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ എം. സ്വരാജിനു മണ്ഡലത്തില്‍ നടക്കേണ്ടിയിരുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതു മാത്രമാണ് ലോക്ഡൗണ്‍ കാലത്തു നിലച്ചുപോയ കാര്യം. ''മറ്റു പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ചെയ്തിരുന്ന രീതിയിലല്ലെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. പാലം, റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം ലോക്ഡൗണ്‍ കഴിഞ്ഞും തുടരാവുന്നതാണ്. പക്ഷേ, സമയത്തിന്റെ ചില പ്രശ്‌നങ്ങള്‍ വരും; ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രശ്‌നം വരും. സംഘടനായോഗങ്ങള്‍ പോലുള്ള കാര്യങ്ങള്‍ നടക്കുന്നില്ല എന്നേയുള്ളൂ'' - സ്വരാജ് പറയുന്നു. 

വിദേശ രാജ്യങ്ങളുമായും മറ്റു സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളം കൊവിഡ് 19-ന്റെ ആഴക്കയത്തില്‍ വീണുപോയിട്ടില്ല. മരണങ്ങള്‍ കുറവ്, രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലും. പക്ഷേ, മുന്‍കരുതല്‍ നടപടികളുടെ സ്വാഭാവിക വിട്ടുവീഴ്ചയില്ലായ്മയ്ക്ക് ഒപ്പം നില്‍ക്കാതെ വയ്യതാനും. മറ്റേതു കൊവിഡ് ബാധിത പ്രദേശത്തേയും പോലെതന്നെ ലോക്ഡൗണിന്റേയും സാമൂഹിക അകലം പാലിക്കലിന്റേയും അനുഭവങ്ങള്‍ക്കപ്പുറം തിരിച്ചെത്തുന്ന നല്ല നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ആകാശത്തോളമാണ് ഉയരം.

പോരാട്ടത്തിനു ക്വാറന്റൈന്‍ 

ജോയി കൈതാരത്ത് സ്വകാര്യ ഫ്‌ലാറ്റു നിര്‍മ്മാണ സ്ഥാപനത്തിനെതിരെ ആറു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുകയാണ് കോളിളക്കം സൃഷ്ടിച്ച പാറ്റൂര്‍ കേസ്. സര്‍ക്കാര്‍ഭൂമി ഫ്‌ലാറ്റു നിര്‍മ്മാണ സ്ഥാപനം കയ്യേറി കെട്ടിടം നിര്‍മ്മിച്ചു എന്നാണ് കേസ്. അതില്‍ സുപ്രധാന വഴിത്തിരിവാണ് മാര്‍ച്ച് ആദ്യ ആഴ്ച ഉണ്ടായത്. വിവാദ ഫ്‌ലാറ്റിന്റെ ഒരു വിഭാഗം പൊളിക്കേണ്ടി വരുന്ന വിധി ഹൈക്കോടതിയില്‍നിന്നുണ്ടായി. മരടു മാതൃകയില്‍ ഒരു ഫ്‌ലാറ്റ് പൊളിക്കല്‍ തലസ്ഥാനത്തും ഉണ്ടാകുമായിരുന്നു. പക്ഷേ, തുടര്‍നടപടികള്‍ സ്തംഭനത്തില്‍. രണ്ട് സര്‍വ്വേ നമ്പറിലായി 24 സെന്റ് ഭൂമി പാറ്റൂര്‍ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ കയ്യേറിയതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആ 24 സെന്റ് ഒഴിപ്പിച്ചെടുക്കാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഒരു മാസം മുന്‍പ് നല്‍കിയ ഈ നിവേദനത്തിന്റെ സ്ഥിതി അറിയണമെങ്കില്‍ ലോക്ഡൗണ്‍ മാറണം; സെക്രട്ടേറിയറ്റില്‍ കുടുങ്ങിക്കിടക്കുകയാണ് ബന്ധപ്പെട്ട ഫയലുകള്‍; ഇപ്പോഴത്തെ സാഹചര്യം ഉപയോഗിച്ച് ചില ഉദ്യോഗസ്ഥരും ഫ്‌ലാറ്റ് നിര്‍മ്മാതാക്കളും എന്തൊക്കെ ചെയ്തുകൂട്ടും എന്നറിയില്ല. മുന്‍ അനുഭവങ്ങളുടെ ബലമുണ്ട് കൈതാരത്തിന്റെ ഈ ആശങ്കയ്ക്ക്.

മറ്റൊരു നാലര സെന്റ് ഭൂമി സര്‍ക്കാരിന്റേതാണ് എന്നു വ്യക്തമാവുകയും ലോകായുക്ത ഇടപെട്ട് അളന്നു തിരിച്ചു മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ പോയി ലോകായുക്ത വിധിക്കു സ്റ്റേ വാങ്ങി. കേസില്‍ കക്ഷിയായ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് ആറിന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച വിധിയില്‍ സ്റ്റേ നീക്കുകയും സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ നിര്‍മ്മാണം പൊളിച്ചു നീക്കണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷേ, കേരളം കൊവിഡ് ദിനങ്ങളിലേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു; വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ മുന്‍ഗണനകളെല്ലാം മാറിമറിയുകയും ചെയ്തു.

''ഹൈക്കോടതി വിധി നടപ്പാക്കുന്നതിനു മുന്‍പേ തന്നെ കോവിഡ് ഭീതിയിലേക്കും ലോക്ഡൗണിലേക്കും കാര്യങ്ങള്‍ മാറി. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരുന്നതിനു മുന്‍പാണ് വീടിനു പുറത്തേക്കു പോകാന്‍ കഴിയാത്ത വിധം പെട്ടുപോയത്'' - ജോയി കൈതാരത്ത് പറയുന്നു. 

ഒന്‍പതു വര്‍ഷമായി നടത്തുന്ന മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലും സംഭവിച്ചത് ഇതിന്റെ മറ്റൊരു രൂപം. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ ഉന്നതരായ പ്രതികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് നേരത്തെ പുറത്തു വന്നതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഇനി അതില്‍ തീരുമാനമെടുക്കേണ്ടത്. കേസില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ അതിലും ജോയി കൈതാരത്ത് കക്ഷി ചേര്‍ന്നു. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും രണ്ട് മക്കളുടേയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയ്ക്കു കൂടിയായിരുന്നു ആ ഇടപെടല്‍. മലബാര്‍ സിമന്റ്സിലെ മറ്റ് ആറ് അഴിമതിക്കേസുകള്‍ ഇതേ കോടതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ഘട്ടത്തിലുമാണ്. ആ കേസുകളിലും ഈ കേസിലെ ചില പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെക്കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് തടസ്സ ഹര്‍ജിയാണ് കൊടുത്തത്. രണ്ടു തവണ സ്വയം വാദിച്ച ശേഷം മൂന്നാം തവണ വക്കീലിനെ വെച്ചു വാദിച്ചു. അതില്‍ ഉത്തരവ് വരുന്നതിനു തൊട്ടുമുന്‍പാണ് ലോക് ഡൗണ്‍ വന്നത്.

ഈ പ്രതിസന്ധി ഘട്ടം കഴിയുമ്പോള്‍ പൂര്‍വ്വാധികം സജീവമായി സാക്ഷരതാ പ്രവര്‍ത്തനം മുന്നോട്ടുപോകും എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു, ഡോ. പി.എസ്. ശ്രീകല. പക്ഷേ, അധ്യാപകരും പഠിതാക്കളും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ഇടയ്ക്കു തടസ്സപ്പെട്ടതില്‍ വിഷമമുണ്ട്. ''കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, പട്ടികവിഭാഗങ്ങള്‍ തുടങ്ങിയവരുടെ അനൗപചാരിക വിദ്യാഭ്യാസത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അവ നടന്നുവന്നത്. ഈ ഏപ്രില്‍ മുതല്‍ സംസ്ഥാനത്താകെ വിപുലീകരിക്കാനായിരുന്നു ഉദ്ദേശ്യം. അതിന്റെ മുന്നൊരുക്കങ്ങള്‍ നടന്നുവരികയായിരുന്നു''  - ഡോ. ശ്രീകല പറയുന്നു. പാര്‍ശ്വവല്‍കൃതരെ കേന്ദ്രീകരിച്ചുള്ള സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് സാക്ഷരതാമിഷന്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ അവരുടെ കൂടി സങ്കടമായി മാറുന്നു ഈ ദിനങ്ങള്‍. 

ഏഴാംതരം തുല്യത, പത്താംതരം തുല്യതാ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പത്താംതരം തുല്യതാ പുസ്തകം പരിഷ്‌കരിച്ചത്. അതിന്റെ അച്ചടി പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ്സുകള്‍ തുടങ്ങേണ്ടതായിരുന്നു. കൂടാതെ ഡിജിറ്റല്‍ സാക്ഷരതാ പരിപാടി ഏപ്രിലില്‍ ആരംഭിച്ച് ആഗസ്റ്റില്‍ സമാപിക്കുന്ന വിധം രൂപപ്പെടുത്തിയിരുന്നു. ലോക സാക്ഷരതാദിനമായ സെപ്റ്റംബര്‍ എട്ടിനു ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടണം എന്നായിരുന്നു ലക്ഷ്യം. ''ഉദ്ദേശിച്ച സമയക്രമം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തീവ്രശ്രമത്തിലൂടെ ഈ പരിപാടികളെല്ലാം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ''. 

ചങ്ങനാശ്ശേരി പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി ഇറങ്ങിയ സംഭവമുണ്ടായപ്പോള്‍ ഫെയ്സ്ബുക്കില്‍ ഡോ. ശ്രീകല പോസ്റ്റു ചെയ്ത കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു: ''അതിഥി തൊഴിലാളികള്‍ക്കായി സാക്ഷരതാപരിപാടി നടപ്പിലാക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണ്, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എളുപ്പമാണ്; അതായത്, തെറ്റായ കാര്യങ്ങള്‍ ധരിപ്പിക്കാനും പ്രയാസമുണ്ടാവില്ല. പ്രാദേശികമായി അവരെ സംഘടിപ്പിക്കാതെ അവര്‍ കൂട്ടമായി പുറത്തേക്ക് വരില്ല. അന്വേഷിച്ച് അതു കണ്ടെത്തണം.'' പിന്നീട് അന്വേഷണത്തില്‍ വ്യക്തമായത് ഇതേ കാര്യങ്ങളാണ്. 
സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്സ് വിജയിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഹസ്നൈന്‍ മണ്‍സൗരി തിരുവനന്തപുരം പുളിയന്‍കോട് ഞാണ്ടൂര്‍കോണത്ത് മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ ഹസ്നൈനും ഡോ. ശ്രീകലയ്ക്കും അഭിനന്ദന പ്രവാഹമായിരുന്നു. ലോക്ഡൗണ്‍കാലത്തെ സന്തോഷങ്ങളില്‍പ്പെടുന്നു അത്. 

നിരാലംബർക്ക് സൗജന്യ ഭക്ഷണ വിതരണം/ ഫോട്ടോ: എ സനേഷ്/എക്സ്പ്രസ്
നിരാലംബർക്ക് സൗജന്യ ഭക്ഷണ വിതരണം/ ഫോട്ടോ: എ സനേഷ്/എക്സ്പ്രസ്

ലോക്ഡൗണിലെ ആദിവാസി സുരക്ഷ 

''ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്കു സുരക്ഷിതത്വക്കുറവുള്ള, ഞങ്ങള്‍ പേടിക്കുന്ന ചില സ്ഥലങ്ങളുണ്ട്. അവിടെ ഇപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസം.'' ധന്യാരാമന്റെ വാക്കുകള്‍. പൊലീസിനേയും കോളനി നിവാസികളേയും തമ്മില്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പൊലീസിനെ വിളിക്കാം. ഈ സമയം പ്രശ്‌നമാണെന്നു പറയുന്ന ധന്യ കേരളസമൂഹം ഞെട്ടലോടെ കേള്‍ക്കേണ്ട ഒരു വെളിപ്പെടുത്തല്‍ കൂടിയാണ് നടത്തുന്നത്: ''ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവുമധികം ഞങ്ങളുടെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് അയ്യായിരത്തോളം കുട്ടികള്‍ ഹോസ്റ്റലുകളില്‍നിന്നു വീടുകളിലേക്കു മടങ്ങുകയാണ്. നല്ല ഭക്ഷണമൊക്കെ കഴിച്ച് ആരോഗ്യത്തോടെ തിരിച്ചെത്തുന്ന പെണ്‍കുട്ടികളെ ചുറ്റുവട്ടത്തുള്ള ചിലരൊക്കെ നോക്കിവച്ചിട്ടുണ്ടാകുമല്ലോ. അങ്ങനെ അവരെ ഉപദ്രവിക്കാറുണ്ടായിരുന്നു.'' അത്തരം സാഹചര്യങ്ങളെ തുടര്‍ച്ചയായ ഇടപെടലുകള്‍കൊണ്ട് കുറച്ചു വര്‍ഷത്തോളമായി മറികടന്നു എന്ന് ആശ്വസിക്കുമ്പോഴും തുടര്‍ ഇടപെടലുകള്‍ക്ക് ലോക്ഡൗണ്‍ തടസ്സമാണ്. എങ്കിലും പൊലീസിന്റെ കണ്ണും കാതും മുന്‍പത്തേക്കാള്‍ ജാഗ്രത കാണിക്കുന്നു എന്ന് ധന്യ പറയുന്നു. 

ഏതെങ്കിലും കോളനിയില്‍ ഭക്ഷണം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉണ്ടായാല്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടാറുണ്ടായിരുന്നു. പക്ഷേ, ലോക്ഡൗണിന്റെ തുടക്കത്തില്‍ അത്തരം സഹായങ്ങള്‍ക്കുവേണ്ടി അവര്‍ കാത്തിരിക്കേണ്ടി വന്നു. ക്രമേണ സ്ഥിതി മെച്ചപ്പെട്ടു. അതില്‍ ട്രൈബല്‍ കൗണ്‍സിലര്‍മാരുടേയും പ്രമോട്ടര്‍മാരുടേയും വലിയ പങ്കുണ്ട്.  

ആദിവാസിക്ഷേമ ചുമതലയുള്ള മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ രണ്ട് നമ്പറുകള്‍ പ്രത്യേകമായി ഉണ്ട്. ഒരു വാട്സാപ്പ് നമ്പറും. എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ നമ്പറുകളില്‍ അറിയിച്ചാല്‍ ജില്ലാ കളക്ടര്‍ വഴിയോ ത്രിതല പഞ്ചായത്തുകള്‍ വഴിയോ വൈകാതെ നടപടികളുണ്ടാകും. ''എന്തുണ്ടായാലും ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആളുകള്‍ അറിയുന്നത് വലിയ ഉപകാരമാണ്. മുന്‍പായിരുന്നെങ്കില്‍ ഞങ്ങള്‍ ഇതിനേക്കാള്‍ ബുദ്ധിമുട്ടുമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നു. എന്തെങ്കിലും അസൗകര്യങ്ങള്‍ കണ്ടാല്‍ പടമെടുത്ത് ഇടാന്‍ സ്മാര്‍ട്ട് ഫോണുള്ള ഒരാളെങ്കിലും ഏതു കോളനിയിലും ഉണ്ട്. ഇതുവരെ ഒരാള്‍പോലും പത്താം ക്ലാസ്സ് വരെ എത്താത്ത കോളനികള്‍ ഉണ്ടെങ്കിലും അവിടെയും സമൂഹമാധ്യമത്തിന്റെ സാന്നിധ്യമുണ്ട്. അതേസമയം, ഇപ്പോഴത്തേതുപോലുള്ള സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പു സംഘങ്ങളും പ്രവര്‍ത്തിക്കുന്നു എന്നതാണ് സ്ഥിതി. കുറച്ചുദിവസം മുന്‍പ് പാലക്കാട്ടുനിന്ന് ഒരു വീഡിയോ വന്നു; കോളനിയില്‍ ഭക്ഷണമില്ല, വെള്ളമില്ല, റേഷന്‍ കാര്‍ഡില്ല എന്നൊക്കെയാണ് അതില്‍ പറയുന്നത്. ഉടനേതന്ന മന്ത്രിയെ വിളിച്ചു, അദ്ദേഹം വകുപ്പു ഡയറക്ടറോട് പറഞ്ഞു. അതനുസരിച്ച് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അവിടെച്ചെന്നു നോക്കിയപ്പോള്‍ അതു പട്ടികജാതി കോളനിയോ പട്ടികവര്‍ഗ്ഗ കോളനിയോ അല്ല.'' 

എപ്പോള്‍ വിളിച്ചാലും മന്ത്രിയെ കിട്ടും എന്നതാണ് ധന്യാ രാമന്‍ കാണുന്ന വലിയ മാറ്റം. മുന്‍പൊക്കെ സി.പി.എം ഭരിക്കുമ്പോഴും ലോക്കല്‍ സെക്രട്ടറി മുഖേനയൊക്കെ മാത്രമാണ് ഇടപെടാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ അതല്ല സ്ഥിതി. ''ഞങ്ങളുടെ മന്ത്രിയെ ഞങ്ങള്‍ക്കു നേരിട്ടു കാണാം, വിളിക്കാം. അതുപോലെ ട്രൈബല്‍ ഡയറക്ടറായാലും പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായാലും നേരിട്ടു കാര്യങ്ങള്‍ കേള്‍ക്കും. മുന്‍പൊക്കെ കാസര്‍കോട്ടുള്ള ആളായാലും ഡയറക്ടറെ നേരില്‍ക്കണ്ട് കാര്യം പറയാന്‍ തിരുവനന്തപുരത്തു വരേണ്ടിയിരുന്നു.'' 

പൊലീസിന്റെ ജാഗ്രത പ്രധാനമായി എടുത്തു പറയേണ്ട സമയമാണ് ഇത്. ഭക്ഷണം ഉള്‍പ്പെടെ എന്തിന്റെ കുറവു കണ്ടാലും അവര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹരിക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ മുഖേന കൂട്ടായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് ആളുകളെ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് ഇപ്പോഴത്തെ ഇടപെടലുകളെ കുറച്ചുകാണുകയുള്ളു'' - ധന്യാ രാമന്‍ പറയുന്നു. കോവിഡ്, ലോക്ഡൗണ്‍ ദിനങ്ങള്‍ ആദിവാസികള്‍ക്കു വേദനയുടെ കാലമാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം. അതില്‍ വലിയൊരളവു വിജയിച്ചാണ് നില്‍പ്പും. 

ചെറുത്തുനില്‍പ്പിനു വിരാമമില്ല 

പൗരത്വനിയമ ഭേദഗതിക്ക് എതിരായ അനിശ്ചിതകാല സമരമാണ് മറ്റു നിരവധി സംഘടനകളെപ്പോലെ മുസ്ലിം യൂത്ത് ലീഗും ചെയ്തുകൊണ്ടിരുന്നത്. കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്‌ക്വയര്‍ അതിന്റെ ഭാഗമായിരുന്നു. ''വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പകര്‍ച്ചവ്യാധിക്ക് എതിരായ പ്രതിരോധത്തിന്റേയും മുന്‍കരുതലിന്റേയും ഭാഗമായി എല്ലാ പ്രക്ഷോഭങ്ങളും നിശ്ചലമായി. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കു മാറ്റം വന്നശേഷം ആ സമരങ്ങള്‍ വീണ്ടും കൊണ്ടുവരിക എന്നതാണ് ഒരു ഉത്തരവാദിത്തം'' - യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറയുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി വിരുദ്ധ സമരങ്ങളും നടത്തിവന്നിരുന്നു. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ യൂത്ത് ലീഗ് കൊടുത്ത കേസുണ്ട്. അതു പരിഗണിക്കേണ്ടത് മാര്‍ച്ച് 19-ന് ആയിരുന്നു. പക്ഷേ, മാറ്റിവയ്‌ക്കേണ്ടി വന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലും കിര്‍ത്താഡ്സിലും നടന്ന അനധികൃത നിയമനങ്ങള്‍ യൂത്ത് ലീഗ് പുറത്തു കൊണ്ടുവന്നിരുന്നു. തുടര്‍ സമരങ്ങളിലേക്കു പോകാന്‍ കഴിഞ്ഞില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ക്രമരഹിത നിയമനം കൊവിഡ് കാലത്ത് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തി. ഇടപെടല്‍ ഉണ്ടായതുകൊണ്ട് അതു നടന്നില്ല. പ്രതിപക്ഷ യുവജന സംഘടന എന്ന നിലയില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഇടവേളയാണ് കൊവിഡ് സൃഷ്ടിച്ചത്.  

യൂത്ത് ലീഗിന്റെ 'വൈറ്റ് ഗാര്‍ഡ്' കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവശ്യ വസ്തുക്കളും മരുന്നുകളും എത്തിച്ചു കൊടുക്കുകയായിരുന്നു പ്രധാനം. മരുന്നുകള്‍ എത്തിക്കാന്‍ മാത്രമായി മെഡിചെയിന്‍ എന്നൊരു പദ്ധതിയുമുണ്ടായിരുന്നു. ഉദാഹരണത്തിന്, കാസര്‍ഗോഡ് ഉള്ളയാള്‍ക്ക് തിരുവനന്തപുരത്തുനിന്നു മരുന്ന് എത്തിച്ചുകൊടുക്കും; അങ്ങനെ ഏതിടത്തും. ഓരോ ജില്ലയിലും കൈമാറി കൈമാറിയാണ് എത്തിച്ചിരുന്നത്. ബെംഗളൂരുവില്‍നിന്നു കേരളത്തില്‍ മരുന്ന് എത്തിച്ചുകൊടുക്കുന്നതുള്‍പ്പെടെ ഗംഭീരമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ സര്‍ക്കാര്‍ അതു തടഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തേണ്ട എന്നാണ് പറഞ്ഞത്. വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ മരുന്നുമായി പോകുമ്പോള്‍ പൊലീസ് അടിച്ചു; സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വി. മുഹമ്മദലിക്കെതിരെ കേസെടുത്തു. അതോടെ നിര്‍ത്തിവച്ചു. പാസ് ചോദിച്ചിട്ട് പൊലീസ് തന്നില്ല. പ്രതിഷേധം യു.ഡി.എഫ് നേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

യൂത്ത് ലീഗിനു പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന ഘട്ടത്തിലായിരുന്നു. നിയോജക മണ്ഡലം കമ്മിറ്റികള്‍ കഴിഞ്ഞ് ജില്ലാ കമ്മിറ്റികളിലേക്കു കടന്നപ്പോഴാണ് കൊവിഡ് വന്നത്. പാലക്കാട് മാത്രമേ പുതിയ ജില്ലാ കമ്മിറ്റി രൂപീകരിക്കാന്‍ സാധിച്ചുള്ളു. ഏപ്രില്‍ 17-നു പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരേണ്ടതായിരുന്നു. ലോക്ഡൗണും റമദാന്‍ നോമ്പും കഴിഞ്ഞ് ബാക്കി ജില്ലാ കമ്മിറ്റികളും പിന്നീട് സംസ്ഥാന കമ്മിറ്റിയും രൂപീകരിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കാത്തിരിക്കുന്നത് കൂടുതല്‍ തെളിഞ്ഞ, പുതിയ പ്രഭാതമാണെന്ന് ഫിറോസ്. 

ലോക്ക്ഡൗണിനിടയിൽ മൊബൈൽ കടകൾ തുറക്കാൻ അനുവാദം നൽകിയപ്പോൾ കടകളിൽ എത്തിയവർ
ലോക്ക്ഡൗണിനിടയിൽ മൊബൈൽ കടകൾ തുറക്കാൻ അനുവാദം നൽകിയപ്പോൾ കടകളിൽ എത്തിയവർ

ഓടിത്തളരാന്‍ ഒരിടവേള 

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊവിഡ് കാലത്ത് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരിക്കുന്നു എന്നാണ് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ അനുഭവവും അഭിപ്രായവും. സാഹചര്യങ്ങള്‍ മാറിയപ്പോള്‍ സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും 14 ജില്ലാ വക്താക്കളും 15 സമൂഹമാധ്യമ കോര്‍ഡിനേറ്റര്‍മാരും ഉള്‍പ്പെടുന്ന വാട്സാപ് ഗ്രൂപ്പ് ഒരു ഓപ്പണ്‍ ഫോറം പോലെയാക്കി മാറ്റി. മാര്‍ച്ച് 15 മുതല്‍ എല്ലാ ദിവസവും രാത്രി ഒന്‍പതു മുതല്‍ 10 വരെ ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുന്നു. ഓരോ ജില്ലയിലേയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. രണ്ട് അലോപ്പതി ഡോക്ടര്‍മാരും ഓരോ ഹോമിയോ ആയുര്‍വ്വേദ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ പ്രധാനമായും കൊവിഡ് 19-നെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു വ്യക്തത വരുത്തലാണ് ഉണ്ടായത്. 

കൊച്ചി മേയര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍ മഹിളാ കോണ്‍ഗ്രസ്സ് ഭാരവാഹികളായുണ്ട്. അവര്‍ അവരുടെ മേഖലകളില്‍ സാമൂഹിക അടുക്കള ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. പക്ഷേ, ഇതൊന്നും ഇല്ലാത്ത പൊതുപ്രവര്‍ത്തകര്‍ക്ക് നേരിട്ട് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സാഹചര്യം ഇപ്പോഴുണ്ട്. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികളുമായി ചേര്‍ന്നു പ്രാദേശികമായി പൊതിച്ചോറ് ആവശ്യക്കാര്‍ക്കു കൊടുത്തിരുന്നു. പക്ഷേ, അങ്ങനെ പൊതിച്ചോറുമായി പോയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കോട്ടയം കുമാരനല്ലൂരില്‍ വെച്ചു പൊലീസ് തടഞ്ഞു കേസെടുത്തു. സാങ്കേതികമായി അവര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഇല്ല, ജനപ്രതിനിധിയല്ല. 

''തുടര്‍ച്ചയായ ഓട്ടം അപ്രതീക്ഷിതമായി നിര്‍ത്തേണ്ടി വന്നു എന്നതാണ് വസ്തുത. മാര്‍ച്ച് ഏഴിനു രാവിലെ തിരുവന്തപുരത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സമ്മേളനം, അന്നു വൈകിട്ട് കോട്ടയത്ത് സംസ്ഥാന സര്‍ക്കാരിന്റെ വനിതാദിന പരിപാടി. രാത്രി വൈകി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയി കേരളത്തിന്റെ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി ഷമീനാ ഷെഫീഖിനെ സ്വീകരിച്ചു. എട്ടിനു രാവിലെ എറണാകുളത്ത് അവര്‍ പങ്കെടുത്ത വനിതാ ദിന സമ്മേളനം. തുടര്‍ന്ന് വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ പോയി. അവിടെനിന്നു തൃശൂരിലേക്ക്; ഒന്‍പതിനു രാവിലെ അവിടെ വനിതാദിന കൂട്ടായ്മ. ഉച്ചകഴിഞ്ഞ് കോഴിക്കോട്ട് അഗതി മന്ദിരത്തില്‍ വനിതാദിനത്തിന്റെ ഭാഗമായ ഭക്ഷണവിതരണവും കൂടിച്ചേരലും; പിറ്റേന്ന് വയനാട്ടില്‍ വനിതാദിനാഘോഷം. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ രാത്രി കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പുറപ്പെട്ടെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ വന്നതുകൊണ്ട് ട്രെയിന്‍ യാത്ര കോട്ടയത്ത് അവസാനിപ്പിച്ച് കാറില്‍ തിരുവന്തപുരത്തേക്ക്. ദേശീയ ജനറല്‍ സെക്രട്ടറി തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് യാത്രയാക്കിയിട്ട് രാത്രി വൈകി കോട്ടയത്ത് തിരിച്ചെത്തിയതാണ്. ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും ഇങ്ങനെ വിശ്രമമില്ലാതെ യാത്രയിലും പ്രവര്‍ത്തനങ്ങളിലും മുഴുകുന്നവരാണ്. അപ്രതീക്ഷിതമായി സാഹചര്യങ്ങള്‍ മാറിമറിഞ്ഞത് എല്ലാവരുടേയും പ്രവര്‍ത്തനരീതികളേയും മാറ്റിമറിച്ചിരിക്കുന്നു.'' ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കുറച്ചു പച്ചക്കറി വിത്തുകള്‍ സംഘടിപ്പിച്ച് പാകി. വീടിന്റെ തൊട്ടടുത്ത് തരിശായി കിടന്നിരുന്ന സ്ഥലംകൂടി വെടിപ്പാക്കിയെടുത്തു. ഇത്തരം അനുഭവങ്ങള്‍ മിക്കവര്‍ക്കുമുണ്ട്, അത് അവര്‍ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നു. 

പൊതുപ്രവര്‍ത്തകരെ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കേണ്ടതായിരുന്നു എന്നാണ് ലതികയുടേയും അഭിപ്രായം. പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തന പരിചയം പ്രയോജനപ്പെടുത്തേണ്ടിയിരുന്നു. ഏതെങ്കിലും സംഘടനയുടെ വഴിവിട്ട പ്രവര്‍ത്തനം കാരണം എല്ലാവരെയും വിലക്കിയത് ശരിയല്ല.

മുന്‍പെന്നത്തേക്കാള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ മനസ്സുകൊണ്ട് അടുക്കാന്‍ തുടര്‍ച്ചയായ ഓണ്‍ലൈന്‍ ആശയവിനിമയവും സഹായകമായി എന്നാണ് അനുഭവം. പക്ഷേ, പുറത്തിറങ്ങി പഴയതുപോലെ സഞ്ചരിക്കാനും കൂടിച്ചേരാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്ന ദിനങ്ങള്‍ കാത്തിരിക്കുകയാണ് ലതികാ സുഭാഷും. 

പുറത്തുകടക്കുകതന്നെ ചെയ്യും നമ്മള്‍  

ഡോ. എസ്. കൃഷ്ണന്റെ കൊവിഡ്കാല അനുഭവങ്ങള്‍ക്കു മനശ്ശാസ്ത്രജ്ഞന്റെ സൂക്ഷ്മനിരീക്ഷണക്കരുത്ത് കൂടിയുണ്ട്. ''വൈകാരികമായും ധാരണാപരമായും ലോകത്ത് ഇത് ഉണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് എന്റെ ഉല്‍ക്കണ്ഠ. സാമ്പത്തികം, കുട്ടികളുടെ വിദ്യാഭ്യാസം, സാധനങ്ങള്‍ വാങ്ങുന്നത്, ജോലി നഷ്ടം, ബാങ്കിംഗ് മേഖലയുടെ പ്രതിസന്ധി തുടങ്ങി വ്യക്തിപരമായും കുടുംബത്തേയും സമൂഹത്തെ ആകെയും ബാധിക്കുന്ന കാര്യങ്ങളിലൂടെയാണ് എല്ലാവരും പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതു പെട്ടെന്നു വെറുതേ പറഞ്ഞു മാറ്റാന്‍ പറ്റുന്ന ഒരു കാര്യമല്ല. അതേസമയം, ഇതിനേക്കാള്‍ വലിയ തകര്‍ച്ചകളില്‍നിന്ന് ഒരു സ്വപ്നവുംകൊണ്ട് മനുഷ്യര്‍ തിരിച്ചുവന്ന ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ, ഇതില്‍നിന്നും മനുഷ്യരാശിക്ക് പുറത്തുവരാന്‍ പറ്റും'' - അദ്ദേഹം പറയുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി രണ്ട് ഷിഫ്റ്റാക്കി. ഒരു ടീമിനെ കരുതല്‍ ആയി നിര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരു ഗ്രൂപ്പിലെ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ബാക്കി എല്ലാവരും ക്വാറന്റൈനില്‍ പോകേണ്ടി വരും. അതുകൊണ്ടാണ് ഈ തീരുമാനം. പ്രസംഗിച്ചും ക്ലാസ്സെടുത്തും നടക്കുന്നതിനിടയില്‍ കൂടുതല്‍ മൈന്‍ഡ്ഫുള്‍നസ്സ് ധ്യാനചികിത്സ കൂടുതല്‍ പ്രാക്റ്റീസ് ചെയ്യാനുള്ള അവസരം വന്നിരിക്കുന്നു. മൈന്‍ഡ്ഫുള്‍നസ്സിന്റെ അടിസ്ഥാന പാഠങ്ങള്‍ ആളുകള്‍ക്കു പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ആഴ്ചയിലൊരിക്കല്‍ നടത്തുന്നു. ''കൊവിഡിനോടുള്ള ആളുകളുടെ മനോഭാവം മാറ്റുകയാണു പ്രധാനം. മറ്റു മനഃക്ലേശങ്ങളുമായി ചേര്‍ത്തു കാണുമ്പോള്‍ ഇതു പുതിയ ഒരു മനഃക്ലേശമോ സമ്മര്‍ദ്ദമോ ഒക്കെയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും ഈ സമ്മര്‍ദ്ദത്തെ ബലപ്പെടുത്തും. പക്ഷേ, വെറുതേയിരുന്ന് ഒന്നു ചിന്തിച്ചു കഴിഞ്ഞാല്‍ പുറത്തേയ്‌ക്കൊരു വഴി നമുക്കുണ്ടാകും. അങ്ങനെയൊരു സന്ദേശം കൊടുക്കുകയാണ് ചെയ്യുന്നത്.'' ഏകാന്തത രണ്ടു തരത്തിലാണ് രണ്ടു വ്യക്തികള്‍ക്കു ഫീല്‍ ചെയ്യുന്നത്. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ അത് ആസ്വദിക്കുകയാണെങ്കില്‍ ആ ഏകാന്തത നമ്മെ ബാധിക്കില്ല. 

ഇത്രയും കാലം നേരിടാത്ത രീതിയിലുള്ള ഒരു യഥാര്‍ത്ഥ പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടായിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''നമ്മുടെ തലമുറയുടെ ജീവിതത്തില്‍ ഇതാദ്യമാണ് രാജ്യം മുഴുവനും ലോകത്തിന്റെ വലിയൊരു ഭാഗവും ഇത്തരമൊരു ലോക്ഡൗണിലേക്കു പോകുന്നത്. 20 വര്‍ഷത്തെ മെഡിക്കല്‍ ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവവും ഇതാദ്യം. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന കുറേ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും പരിമിതികള്‍ ഒരുപാട് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാര്‍പ്പിടം, വസ്ത്രം, ജലം, ഭക്ഷണം, വായു എന്നിങ്ങനെ എല്ലാത്തിനും പരിമിതളകള്‍. അതിനൊപ്പംതന്നെ, മനുഷ്യര്‍ അടിസ്ഥാനപരമായി ആഗ്രഹിക്കുന്ന സ്പര്‍ശം പോലുള്ള കാര്യങ്ങളിലും വിലക്ക്. അത് ഇല്ലാതെയാകുന്നു; അല്ലെങ്കില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. ഒരു കുശലം പറച്ചില്‍പോലും ഇല്ലാതെയാകുന്നു. പരിമിതമായ ചതുരശ്ര മീറ്ററിനുള്ളില്‍നിന്നുകൊണ്ട്, എന്താണ് ഏതാണ് എന്ന് അറിയാത്ത കാര്യങ്ങളെക്കുറിച്ച് നെഗറ്റീവായ ഒരുപാട് ചിന്തകളും മനോവികാരങ്ങളും. ദൃശ്യമാധ്യമങ്ങള്‍ ഇടയ്ക്കിടെ നെഗറ്റീവായ ഒരേ കാര്യം നമ്മുടെ തലയ്ക്കകത്തേക്ക് വിടുന്നു. ആദ്യത്തെ രോഗി, ആദ്യത്തെ മരണം, നമ്മുടെ വീടിന്റെ ഇത്ര കിലോമീറ്ററിനുള്ളിലും കൊവിഡ് എത്തി എന്നൊക്കെ മനസ്സിലാക്കുമ്പോള്‍ അതൊക്കെ നെഗറ്റീവായ പ്രത്യാഘാതമാണ് നമ്മുടെ ഉള്ളില്‍ ഉണ്ടാക്കുന്നത്. ഇതിങ്ങനെ പെറ്റു പെരുകിക്കൊണ്ടിരിക്കും. ഈ നെഗറ്റീവ് ഇംപാക്റ്റ് വീടിന് അകത്തുള്ള നമ്മുടെ പെരുമാറ്റത്തേയും ബാധിക്കും.''

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകം ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ വിളിച്ചാല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഡോക്ടറുമായി സംസാരിക്കാം. അതൊരു വലിയ സഹായമാണ്. ഇപ്പോഴത്തെ ചുറ്റുപാടില്‍ കൂടുതല്‍ ഉല്‍ക്കണ്ഠയിലേക്കും വിഷാദത്തിലേക്കും പോകാന്‍ സാധ്യതയുളളവര്‍ക്ക് ഇതൊരു കൈത്താങ്ങാണ്. 

കൊറോണ ഒ.പിയില്‍ പുതിയ രോഗികള്‍ക്കു സംശയങ്ങള്‍ തീര്‍ക്കുകയാണ് ഡോ. കൃഷ്ണന്‍ ഉള്‍പ്പെടെ സൈക്യാട്രി വിഭാഗത്തില്‍നിന്നുള്ളവരുടെ പ്രധാന ചുമതല. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും മാനസിക പിന്തുണ നല്‍കുന്നു. രോഗം വരുമോ എന്ന പേടി മിക്കവര്‍ക്കുമുണ്ട്. വലിയ കൂട്ടായ്മകള്‍ സാധിക്കാത്തതുകൊണ്ട് അറ്റന്‍ഡര്‍മാരോടും നഴ്സുമാരോടുമൊക്കെ ഒറ്റയ്‌ക്കൊറ്റക്കോ മൂന്നോ നാലോ പേര്‍ വീതമുള്ള ക്ലാസുകളായോ സംസാരിക്കുന്നു. 

''എത്രയൊക്കെ നെഗറ്റീവായാലും മനുഷ്യരുടെ ലക്ഷ്യമെന്നത് സുഖമുള്ള, സന്തോഷമുള്ള, സംതൃപ്തിയുള്ള ഒരു നാളെയുടെ സ്വപ്നമാണ്. തീര്‍ച്ചയായും സഹനത്തിന്റെ കാലംതന്നെയാണ് ഇത്. പക്ഷേ, നമ്മള്‍ പുറത്തുകടക്കും. ഇതൊരു താല്‍ക്കാലിക സാഹചര്യമാണ്'' - ഡോ. എസ്. കൃഷ്ണന്റെ വാക്കുകള്‍ക്കു പ്രതീക്ഷ പുതുക്കാനുള്ള ഊര്‍ജ്ജമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com