അട്ടിമറിക്കപ്പെടുന്നുവോ കയ്യേറ്റക്കാര്‍ക്കു വേണ്ടി ഭൂപരിഷ്‌കരണ ശ്രമങ്ങളും?

ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള നിയമനിര്‍മ്മാണനീക്കങ്ങള്‍ ഭൂപരിഷ്‌കരണശ്രമങ്ങളുടെ അന്തസ്സത്തയെ നിരാകരിക്കുന്നതും ഭൂരഹിതരുടെ അവകാശങ്ങളെ തള്ളിക്കളയുന്നതുമാണ്
അട്ടിമറിക്കപ്പെടുന്നുവോ കയ്യേറ്റക്കാര്‍ക്കു വേണ്ടി ഭൂപരിഷ്‌കരണ ശ്രമങ്ങളും?

ബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റില്‍നിന്നും ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന നിയമനിര്‍മ്മാണ നീക്കങ്ങള്‍ വിവാദത്തിലേക്ക്. സര്‍ക്കാരിന്റേതെന്ന് നേരത്തെ കണ്ടെത്തിയ ഈ ഭൂമിയില്‍ സ്വകാര്യ ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം. ഇതിനായി നിയമം കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള ആവശ്യത്തിന് ഏറ്റെടുക്കുന്നതാണ് നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യമെങ്കിലും ആത്യന്തികമായി ഇത് ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യത്തെത്തന്നെ അട്ടിമറിച്ചേക്കാമെന്നാണ് വിമര്‍ശനം. ഇതുപ്രകാരം മുന്‍കാലങ്ങളില്‍ പല സന്ദര്‍ഭങ്ങളിലായി ഗവണ്‍മെന്റ് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും.

ഒരു വ്യക്തിക്ക് 15 ഏക്കറിലധികം കൈവശം വെയ്ക്കാന്‍ കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍, തോട്ടഭൂമിയെന്ന നിലയില്‍ അത് സാധ്യമാണ്. തോട്ടവിളകള്‍ക്കല്ലാതെ ഉപയോഗിച്ചാല്‍ ഈ പരിധിക്കപ്പുറമുള്ളത് മിച്ചഭൂമിയായി പരിഗണിക്കപ്പെടും. മിച്ചഭൂമിക്ക് നഷ്ടപരിഹാരവും കുഴിക്കൂറ് ചമയങ്ങളുടെ വിലയും നല്‍കണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ നിയമവകുപ്പിന്റെ പരിഗണനയിലിരിക്കുന്ന കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഏറ്റെടുക്കുന്ന സ്ഥലം ഒരു ചെറിയ ഭാഗമാണെങ്കില്‍പ്പോലും അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തീര്‍പ്പ് മുഴുവന്‍ സ്ഥലത്തിനും ബാധകമാകുമെന്നും വ്യവസ്ഥ ചെയ്യും. ഏറ്റെടുക്കുന്ന സ്ഥലം കൈവശക്കാരന്റേതാണെന്നാണ് തീര്‍പ്പെങ്കില്‍ ഇപ്പോഴത്തെ കൈവശക്കാരനു ശേഷിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഇതോടെ കൈവരുമെന്നും അറിയുന്നു.

ശബരിമല വിമാനത്താവളം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാന്‍ സാധ്യമാക്കുന്ന മട്ടിലുള്ള നിയമനിര്‍മ്മാണത്തിനു ഗവണ്‍മെന്റ് തുനിയുന്നത്. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി നഷ്ടപരിഹാരമൊന്നും കൂടാതെ തന്നെ ഏറ്റെടുക്കാമെന്നിരിക്കെ നഷ്ടപരിഹാരം നല്‍കുന്നതിനു വ്യവസ്ഥയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതമാണ് അതു സൃഷ്ടിക്കാന്‍ പോകുന്നത്. മറ്റിടങ്ങളില്‍ ഇത്തരത്തില്‍ ഇപ്പോഴുള്ള നിയമങ്ങള്‍ക്കു വിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ക്കും ഇത് ബാധകമെന്ന വാദം ഉന്നയിക്കാന്‍ വന്‍കിട തോട്ടം കമ്പനികള്‍ക്ക് ഇത് അവസരം നല്‍കുമെന്നതാണ് ഒന്നാമത്തേത്. ഏറെക്കുറെ പുരോഗമനപരമെന്നു ലോകം വിലയിരുത്തിയ നമ്മുടെ ഭൂപരിഷ്‌കരണ ശ്രമങ്ങളില്‍നിന്നുള്ള സ്പഷ്ടമായ തിരിച്ചുപോക്കായിരിക്കും ഇതെന്നതാണ് പരമപ്രധാനമായ കാര്യം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്നും കെ.പി. യോഹന്നാന്‍ നയിക്കുന്ന ബിലീവേഴ്സ് ചര്‍ച്ച് വാങ്ങിച്ചതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ എസ്റ്റേറ്റ് ഉള്‍പ്പെടെ ഹാരിസണും മറ്റു കമ്പനികളും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കിവെച്ചിട്ടുള്ള അഞ്ചരലക്ഷം ഏക്കറോളം ഭൂമി ഗവണ്‍മെന്റിന്റേതാണെന്നു വ്യക്തമായി പലവട്ടം തെളിയിക്കപ്പെട്ട വസ്തുതയാണ്. നിവേദിത പി. ഹരന്‍ കമ്മിഷന്‍, ജസ്റ്റിസ് മനോഹരന്‍ കമ്മിഷന്‍, സജിത്ബാബു, രാജമാണിക്യം റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം തന്നെ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനു പുറമേ, വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും ഈ കമ്പനികളുടെ നിയമവിരുദ്ധ നടപടികളെക്കുറിച്ചും അവരുണ്ടാക്കിയ വ്യാജരേഖകളെക്കുറിച്ചും കണ്ടെത്തലുകളുമുണ്ട്.

തിരിച്ചുനടക്കുന്ന നിയമങ്ങള്‍

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. റവന്യൂമന്ത്രിയും ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. വിവിധ കമ്മിഷനുകളും ഗവണ്‍മെന്റിനെ നയിക്കുന്നവര്‍ തന്നെയും സര്‍ക്കാരിന്റേതാണെന്നു തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചിട്ടുള്ള ഈ ഭൂമി ഏറ്റെടുക്കുന്നതിനു പുരോഗമനസ്വഭാവമുള്ള ഒരു ഗവണ്‍മെന്റ് തന്നെ നഷ്ടപരിഹാരം നല്‍കുന്നതും അതിനായി ഇതുസംബന്ധിച്ചുണ്ടായ പുരോഗമനപരമായ നിയമങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതും വിചിത്രം തന്നെ. ചെറുവള്ളി എസ്റ്റേറ്റ് അനധികൃതമായി കയ്യിലാക്കിയ ബിലീവേഴ്സ് ചര്‍ച്ചിനും അവര്‍ക്ക് എസ്റ്റേറ്റ് വിറ്റ ഹാരിസണും അവരെപ്പോലെ നിയമവിരുദ്ധമായി ഭൂമി കയ്യടക്കിവെച്ചിട്ടുള്ള നിരവധി കമ്പനികള്‍ക്കും അവര്‍ക്ക് യഥാര്‍ത്ഥത്തിലില്ലാത്ത ഉടമസ്ഥത അംഗീകരിച്ചു കൊടുക്കലാകും ആത്യന്തികമായി സംഭവിക്കാന്‍ പോകുന്ന കാര്യം. സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ നേരത്തെ വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകളുണ്ട്. ആ കേസുകള്‍ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം അവരെയെല്ലാം കുറ്റവിമുക്തരാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇല്ലാത്ത ഉടമസ്ഥാവകാശം അവര്‍ക്കു ലഭിക്കാന്‍ ഇതോടെ ഇടവരികയും ചെയ്യും. ജനതാല്പര്യ സംരക്ഷണത്തിനു മുതിരുന്നതിനു പകരം സര്‍ക്കാര്‍ ഭൂമി കയ്യേറി അടക്കിവാഴുന്ന കുറ്റവാളികളായ കുത്തക കമ്പനികളെ കയ്യയച്ച് സഹായിക്കുന്ന വ്യവസ്ഥകളാണ് ഈ നിയമനിര്‍മ്മാണ നീക്കത്തിലുള്ളതെന്നു വിമര്‍ശകര്‍ ആരോപിക്കുന്നു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും ജനവഞ്ചനയുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.  വന്‍കിട തോട്ടംകുത്തകകള്‍ക്കായി സംസ്ഥാനത്തിന്റെ അമൂല്യസമ്പത്ത് അന്യാധീനപ്പെടുത്തുന്ന നടപടി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വില നിശ്ചയിക്കേണ്ടത് 2013-ലെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച നിയമം അനുസരിച്ചായിരിക്കണം എന്നാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, കേന്ദ്രത്തിലെ യു.പി.എ ഗവണ്‍മെന്റ് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ വ്യക്തികള്‍ക്ക് നിയമപരമായി കൈവശാവകാശമുള്ള ഭൂമിക്കു മാത്രം ബാധകമായിട്ടുള്ളതാണ് കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം. എന്നാല്‍, റവന്യൂ ഭൂമിയെ ഗവണ്‍മെന്റ് തന്നെ തര്‍ക്കത്തിലുള്ളതാണെന്നു വരുത്തിത്തീര്‍ത്ത് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരം നല്‍കാനുള്ള നീക്കമായിട്ടാണ് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണ്, സ്വകാര്യഭൂമിയല്ല. ഇത്തരത്തില്‍ ഒരു നിയമനിര്‍മ്മാണം പൊതുജനതാല്പര്യത്തിന് എതിരും സാമൂഹ്യനീതി എന്ന തത്ത്വത്തിനു വിരുദ്ധവുമാണ്.

ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഇടതുരാഷ്ട്രീയം

നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ പൊതുവേ പുരോഗമനപരം എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആക്ഷേപങ്ങളില്‍ ഏറിയ കൂറുമാകട്ടെ, ഭൂപരിഷ്‌കരണം ചരിത്രത്തില്‍ നടന്നുകഴിഞ്ഞ ഒരു സംഭവമെന്ന നിലയ്ക്ക് വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ടുണ്ടായ ധാരണകളെ ആസ്പദമാക്കിയുള്ളതുമാണ്. ഭൂപരിഷ്‌കരണ നിയമങ്ങളുടെ 50-ാം വാര്‍ഷികാഘോഷവേളയില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതുസംബന്ധിച്ച് മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ വാക്‌പോര് ഉയര്‍ത്തിയ ചൂടും പുകയും അന്തരീക്ഷത്തില്‍നിന്നു മായും മുന്‍പേയാണ് ഭൂപരിഷ്‌കരണ നിയമങ്ങളുടെ അന്തസ്സത്തയെ തകര്‍ക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജ്യത്തിനു മാതൃകയായ നിയമത്തിന്റെ പ്രയോക്താക്കളെന്ന നിലയില്‍ ഇ.എം.എസിനേയും കെ.ആര്‍. ഗൗരിയമ്മയേയും മുഖ്യമന്ത്രി പിണറായി മുക്തകണ്ഠം പ്രശംസിച്ചപ്പോള്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്ത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ ഗവണ്‍മെന്റാണ് നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത്. റവന്യൂമന്ത്രിയെ വേദിയിലിരുത്തി സി. അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയുടെ പങ്കിനെ പാടെ തമസ്‌കരിച്ച് പിണറായി വിജയന്‍ പ്രസംഗിച്ചതും റവന്യൂമന്ത്രി മറ്റൊരു വേദിയില്‍ അതിനെതിരെ പ്രതികരിച്ചതും തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും അന്തരീക്ഷത്തില്‍നിന്നു മാഞ്ഞിട്ടില്ല. ഭൂമിയുടെ പുനര്‍വിതരണം എന്ന കമ്യൂണിസ്റ്റ് തത്ത്വത്തെ വിസ്മരിച്ച് ഭൂപരിധി നിര്‍ണ്ണയം എന്ന വ്യവസ്ഥയിലേക്കു മാറിയെങ്കിലും ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമൂഹത്തിന്റെ നീചശ്രേണികളില്‍നിന്നു നേടിക്കൊടുത്ത പിന്തുണ ഇല്ലാതെയാക്കുന്നതാകും നിയമത്തിന്റെ തലത്തിലുള്ള പുതിയ നീക്കം.

ഭൂമിസംബന്ധമായ നിയമനിര്‍മ്മാണം ലാക്കാക്കി റവന്യൂവകുപ്പാണ് കരടു തയ്യാറേക്കണ്ടത്. എന്നാല്‍, ആ വകുപ്പിനെ ഇരുട്ടത്തുനിര്‍ത്തിയാണ് ഇപ്പോള്‍ നടപടികള്‍ മുന്നോട്ടു പോകുന്നത് എന്നാണ് അറിയുന്നത്. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമുണ്ടോ എന്നു പരിശോധിക്കാനാണ് ഇത് നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടതെന്നും. അടുത്ത നിയമസഭാ സമ്മേളനത്തിനുശേഷം ഓര്‍ഡിനന്‍സാക്കാനാണ് ഉദ്ദേശ്യം. ഏതായാലും നിയമസഭാ സമ്മേളനം ഇപ്പോള്‍ നടക്കുന്നില്ല എന്നു തീരുമാനമായിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് കോടതി നിലപാടിനു അനുസൃതമായിട്ടായിരിക്കുമെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥത ഗവണ്‍മെന്റിനായതിനാല്‍ അതിനു വില നല്‍കാനാകില്ലെന്നതാണ് നിലപാട്. വൃക്ഷങ്ങള്‍, കാര്‍ഷികവിളകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും.

ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റില്‍നിന്ന് 2263.18 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യൂ വകുപ്പ് ഉത്തരവ് നല്‍കിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി എന്നും വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചായിരിക്കും ഏറ്റെടുക്കുക എന്നും. ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലെ ഗോസ്പല്‍ ഒഫ് ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ് സര്‍ക്കാര്‍ ഭൂമിയെന്നു വ്യക്തമാക്കപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്. സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഇതു വില്‍ക്കാനോ വാങ്ങാനോ ഹാരിസണും ഗോസ്പല്‍ ഒഫ് ഏഷ്യക്കും അധികാരമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ചെറുവള്ളി ഉള്‍പ്പെടെയുള്ള ഹാരിസണ്‍ ഭൂമി ഏറ്റെടുക്കണമെന്ന് രാജമാണിക്യം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഹൈക്കോടതി പൂര്‍ണ്ണമായും ഈ വാദം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് സിവില്‍ കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.

ഭൂരഹിതരുടെ സങ്കടങ്ങള്‍ അവഗണിക്കപ്പെടുന്നു

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള, ഈ വര്‍ഷം ജൂണ്‍ 18-ലെ സര്‍ക്കാര്‍ ഉത്തരവ് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളെ സംബന്ധിച്ച് ഉയര്‍ത്തുന്നത് മറ്റു തോട്ടഭൂമികളുടെ ഉടമസ്ഥാവകാശത്തിലെ സര്‍ക്കാര്‍ നിലപാടിനെ ഇതു ബാധിക്കുമോ എന്ന ചോദ്യം മാത്രമല്ല. ഇങ്ങനെ അനധികൃതമായി പ്ലാന്റേഷനുകള്‍ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുള്ള നിരന്തര ആവശ്യത്തെ എന്തുകൊണ്ട് സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ചോദ്യം കൂടിയാണ്. ഇത്തരത്തില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന മുദ്രാവാക്യത്തോട് തെരഞ്ഞെടുപ്പുവേളകളിലും മറ്റും എല്‍ഡിഎഫ് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. എന്നാല്‍ ചെങ്ങറയിലും അരിപ്പയിലും മറ്റും ഭൂമിക്കുവേണ്ടി നടന്ന സമരങ്ങളില്‍ ഉയര്‍ന്ന 'ഭൂരഹിതര്‍ക്ക് ഭൂമി'യെന്ന മുദ്രാവാക്യത്തോടു പുറംതിരിഞ്ഞുനില്‍ക്കുക കൂടി ഗവണ്‍മെന്റ് ചെയ്തു. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള അഞ്ചരലക്ഷത്തോളം തോട്ടം ഭൂമി ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും ഇതര ഭൂരഹിതരും അടങ്ങുന്ന വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുമൊക്കെയാണ് ഭൂരഹിതര്‍ ഉന്നയിച്ചുപോരുന്ന ആവശ്യം. ചെറുവള്ളി എസ്റ്റേറ്റ് നിലവില്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയെ ഭൂരഹിതരും പുരോഗമന രാഷ്ട്രീയക്കാരും പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍, നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം ഈ ഭൂമിയിലാണ് ഉദ്ദേശിക്കുന്നത് എന്ന പ്രഖ്യാപനം ഭൂരഹിതരില്‍ നൈരാശ്യമാണ് സൃഷ്ടിച്ചത്.

ഹാരിസണ്‍ മലയാളം നിയമവിരുദ്ധമായി ഗോസ്പല്‍ ഫൗണ്ടേഷനു കൈമാറിയ കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട 2,263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതോടെയാണ് വിമാനത്താവളത്തിനുള്ള പുതിയ ഇടമായി തിരഞ്ഞെടുക്കപ്പെടുന്നത്. ളാഹ, കുമ്പഴ എന്നിവിടങ്ങളില്‍ നേരത്തെ പരിഗണിക്കപ്പെട്ട എസ്റ്റേറ്റുകള്‍ വേണ്ടെന്നുവെച്ച് ചെറുവള്ളി തിരഞ്ഞെടുക്കുന്നത് രണ്ടു ദേശീയപാതകളുടെ സാമീപ്യം കൂടി കണക്കിലെടുത്താണത്രെ. കാതങ്ങളായിരം പിന്നിട്ട്, കല്ലും മുള്ളും താണ്ടി കടുവ, കുറുനരികളെ ഭയക്കാതെ ശബരീശന്റെ സന്നിധിയിലെത്തേണ്ട ഭക്തരുടെ സൗകര്യം കണക്കിലെടുത്താണ് ഈ ഇടം വിമാനത്താവളത്തിനായി കണ്ടെത്തുന്നത്. ഇനി വിമാനത്തിലാണ് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരേണ്ടത് എങ്കില്‍ 110 കിലോമീറ്റര്‍ അകലെ കൊച്ചിയില്‍ അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. അതേസമയം 48 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം.

നിയമവിരുദ്ധമായി കൈവശം വെച്ചനുഭവിക്കുന്ന തോട്ടഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന കാലങ്ങളായുള്ള ആവശ്യം വീണ്ടും തള്ളിക്കളയപ്പെടുന്നു എന്നതും  അവര്‍ക്കു വില നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് നിയമവ്യവസ്ഥ ഉണ്ടാക്കുന്നതിനെതിരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്. അരിപ്പയിലും ചെങ്ങറയിലും ഉള്‍പ്പെടെ  ഭൂസമരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യങ്ങള്‍ തോട്ടഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണം എന്നായിരുന്നു. വിമാനത്താവളം മുഖ്യപരിഗണനയാകുമ്പോള്‍ ഭൂരഹിതരുടെ ഈ ആവശ്യങ്ങളാണ് നിരാകരിക്കപ്പെടുന്നത്. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന അഞ്ചു ലക്ഷം ഏക്കറിലധികം തോട്ടഭൂമി ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കിടയിലും തോട്ടം തൊഴിലാളികള്‍ക്കിടയിലും മറ്റു ഭൂരഹിതര്‍ക്കിടയിലും വിതരണം ചെയ്യണമെന്നും ഭൂരഹിത ദളിത് വിഭാഗങ്ങളും അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്.  ചെറുവള്ളി എസ്റ്റേറ്റ് ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് പണം കൊടുത്ത് ആ ഭൂമി ഏറ്റെടുക്കാന്‍ നിയമവ്യവസ്ഥ വരുമ്പോള്‍ വന്‍കിടക്കാരുടെ കൈവശമുള്ള അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്കു നല്‍കുമെന്ന എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് കാണാതെപോകുന്നത്.

ഭൂപരിഷ്‌കരണം: തുടര്‍ച്ചയുണ്ടാകേണ്ട പ്രക്രിയ; അട്ടിമറിക്കപ്പെടരുത്
ജോസഫ് സി. മാത്യു

ഒരു നിലയ്ക്കും അനുഭാവപൂര്‍ണ്ണമായ സമീപനം അര്‍ഹിക്കുന്ന കൂട്ടരല്ല ഇപ്പോള്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരെന്ന് അവകാശപ്പെടുന്നവര്‍. ഇങ്ങനെയൊക്കെ നിയമനിര്‍മ്മാണം നടത്താന്‍ ഉത്സാഹിക്കുന്നത് ഭൂമിയില്ലാതെയാക്കപ്പെടുന്നവര്‍ക്കോ ഭൂമി ഇല്ലാത്തവര്‍ക്കോ ഉപജീവനമെന്ന നിലയില്‍ കൃഷിയെ ആശ്രയിക്കുന്നവര്‍ക്കുവേണ്ടിയോ ആണെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഒരു വ്യക്തിക്ക് 15 ഏക്കറിലധികം കൈവശം വെയ്ക്കാന്‍ കേരളത്തില്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, തോട്ടഭൂമിയെന്ന നിലയില്‍ അത് സാധ്യമാണ്. ചെറുവള്ളി എസ്റ്റേറ്റില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുക എന്നുവന്നാല്‍ അതിന്റെ മേലുള്ള ഉടമസ്ഥതാപരമായ അവകാശവാദം അംഗീകരിച്ചുകൊടുക്കുക എന്നാണര്‍ത്ഥം. പാട്ടഭൂമിയുടെ കാലാവധി കഴിഞ്ഞിട്ട് കൈമാറ്റം ചെയ്യപ്പെട്ട ഇത്തരം ഭൂമികളുടെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയാണ് വേണ്ടത്. എന്നാല്‍ ഒരു ലാന്‍ഡ് ബാങ്ക് ആയി സൂക്ഷിക്കുന്ന അവരുടെ നടപടിക്ക് അനുകൂലസമീപനം കൈക്കൊള്ളുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂപരിധി എന്ന വ്യവസ്ഥയെ ഇപ്പോള്‍ തന്നെ പല നിലയ്ക്കും പലരും ബൈപാസ് ചെയ്യുന്നുണ്ട് എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമനിര്‍മ്മാണം കാര്യങ്ങള്‍ വഷളാക്കുകയേ ഉള്ളൂ.

യഥാര്‍ത്ഥത്തില്‍ ഭൂപരിഷ്‌കരണം സംബന്ധിച്ച് സി.പി.എമ്മിനുള്ളില്‍ ആശയപരമായ അവ്യക്തത ഉണ്ട്. ചരിത്രത്തില്‍ നടന്നുകഴിഞ്ഞ ഒരു സംഭവമായിട്ടാണ് തോമസ് ഐസക്കൊക്കെ ഭൂപരിഷ്‌കരണത്തെ വിലയിരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ വര്‍ത്തമാനകാലത്തും നടക്കേണ്ട ഒരു പ്രക്രിയ ആയിട്ടാണ് അതിനെ കാണേണ്ടത്. 2008-ല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഈ അഭിപ്രായം ഉയര്‍ത്തുകയും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഭൂപരിഷ്‌കരണം ചരിത്രത്തില്‍ നടന്നുകഴിഞ്ഞതാണെന്നും രണ്ടാം ഭൂപരിഷ്‌കരണം വേണം എന്നൊക്കെ പറയുന്നത് സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തും എന്നൊക്കെയാണ് തോമസ് ഐസക് രണ്ടു ദിവസങ്ങളിലായി 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ തോമസ് ഐസക്കിന്റെ നിലപാട് ഭൂമി ലാന്‍ഡ് ബാങ്ക് ആയി സൂക്ഷിക്കുന്നവര്‍ക്കും ക്വാറിപോലുള്ള വിഭവചൂഷണം ലാക്കാക്കിയുള്ള സംരംഭങ്ങള്‍ക്കും സഹായകമായ ഒന്നാണ്. യഥാര്‍ത്ഥത്തില്‍ നിശ്ചിത ഭൂപരിധിക്കു മുകളില്‍ ഭൂമി സമാഹരിക്കുന്ന ഏതൊരു വ്യക്തിയില്‍നിന്നും ഭൂമി പിടിച്ചെടുക്കുകയും അത് ലാന്‍ഡ് ബോര്‍ഡില്‍ വെസ്റ്റ് ചെയ്യുകയും പിന്നീട് ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യുകയുമാണ് വേണ്ടത്. ശരിക്കും പറഞ്ഞാല്‍ ഈയൊരു പ്രക്രിയയ്ക്ക് തുടക്കമിടുക മാത്രമാണ് 1957-ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ചെയ്തത്.

ദളിത് ഭൂപ്രശ്‌നത്തിനാണ് നിര്‍ണ്ണായകത്വം
രവി രാമന്‍
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ ഭൂപരിഷ്‌കരണമെന്നത് ഒരു നിര്‍ണ്ണായക വിഷയമാണ്. ഭൂപരിധി നിശ്ചയിച്ച് അധികമുള്ള ഭൂമി സര്‍ക്കാരുകള്‍ ഏറ്റെടുത്തു എന്നതു നേരാണ്. തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ അതു പലരീതിയിലും മുന്നോട്ടു കൊണ്ടുപോയി എന്നതും ശരിയാണ്. കുടിയായ്മസ്ഥിരത ലഭ്യമാക്കുക, കുടികിടപ്പാവകാശം നല്‍കുക, ജന്മിക്കരം നിര്‍ത്തലാക്കുന്നതിലൂടെ ഫ്യൂഡല്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയില്‍ അനിവാര്യമായി ഉണ്ടാകേണ്ട കാര്‍ഷിക പരിഷ്‌കരണം ഉണ്ടായില്ല. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട ദളിത്-ആദിവാസി വിഭാഗങ്ങളുടെ ശാക്തീകരണവും ഉണ്ടായില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കാര്‍ഷിക ഫ്യൂഡല്‍ ബന്ധങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടായെങ്കിലും ഭൂമിയും ജാതിയും തമ്മിലുള്ള ബന്ധം പരിഷ്‌കരണത്തിന്റെ ഫലങ്ങളില്‍ പ്രതിഫലിച്ചില്ല.

അതേസമയം, ഭൂമി ലഭിച്ചവരും മറ്റു ആസ്തികള്‍ ഉള്ളവരുമായ സാമൂഹിക വിഭാഗങ്ങള്‍ രണ്ടു ദശാബ്ദത്തിനകം തന്നെ മധ്യവര്‍ഗ്ഗമായി വളര്‍ന്നു. '70-കള്‍ക്കുശേഷം സാമ്പത്തികരംഗത്തുണ്ടായ പ്രധാന സംഭവവികാസങ്ങളില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ പൂര്‍ണ്ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. തോട്ടം മേഖല ഭൂപരിധിനിയമത്തില്‍നിന്നു ഒഴിവാക്കപ്പെട്ടതോടെ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അനിവാര്യമായി ഉണ്ടാകേണ്ട ഭൂവിതരണം പരിമിതപ്പെട്ടത് ഇതിനു പ്രധാന കാരണങ്ങളിലൊന്നാണ്. പുനര്‍വിതരണം ചെയ്യപ്പെട്ട ഭൂമിയേക്കാളും ഭൂമി, തോട്ടങ്ങള്‍ സ്വന്തം സ്വത്തായി തോട്ടമുടമസ്ഥര്‍ നിലനിര്‍ത്തി. യഥാര്‍ത്ഥത്തില്‍ തോട്ടങ്ങളുടെ ചരിത്രം തന്നെ Over acquisition-ന്റേതാണ്. 100 ഏക്കറാണ് കൃഷിക്കായി സര്‍ക്കാര്‍ പാട്ടത്തിനും മറ്റും നല്‍കുന്നതെങ്കില്‍ 150 ഏക്കര്‍ ഭൂമി ലഭിച്ചവര്‍ കൈവശം വയ്ക്കും.

അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ജെയിംസ് ഫിന്‍ലേ-കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തിന്റെ ഭൂമി പകുതിയോളം ഏറ്റെടുക്കുകയുണ്ടായി. എന്നാല്‍, പുനര്‍വിതരണം നടക്കുകയുണ്ടായില്ല. റബ്ബര്‍ മേഖലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയുടെ കാര്യം എന്തുകൊണ്ടോ അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ വരികയുമുണ്ടായില്ല. ആ ഭൂമിയെ സംബന്ധിച്ച് പഠനം നടത്തിയ കമ്മിറ്റികളെല്ലാം തന്നെ അത് സര്‍ക്കാരിന്റേതുതന്നെ എന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ആ ഭൂമി ഏറ്റെടുക്കുന്നതിനു കോടതിയുടെ നിലപാടും വിധികളും തടസ്സമായി. ഈയൊരു ഘട്ടത്തിലാണ് ചെങ്ങറയിലും മറ്റും ദളിത് സമരങ്ങള്‍ നടക്കുന്നത്. കോടതിവിധികളെ അതുപോലെ അംഗീകരിക്കാനാകില്ല. മറിച്ച് കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്കു ചര്‍ച്ച പോകേണ്ടതും സര്‍ക്കാര്‍ അധീനതയില്‍ ഭൂമി നിലനില്‍ക്കേണ്ടതുമാണ്. ഈ പ്രശ്‌നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്.

നേരത്തെ തന്നെ, '70-കളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റം എന്ന സാമൂഹിക പ്രതിഭാസത്തിലും ദളിത്-ആദിവാസി വിഭാഗങ്ങള്‍ പൊതുവേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. വിദേശത്തു പോയി സമ്പത്തു നേടിയവര്‍ ഇവരില്‍ വളരെ കുറവാണ്. ഭൂമിയുടെ ഉടമസ്ഥത തന്നെയാണ് പ്രശ്‌നം.
'90-കളില്‍ ആരംഭിച്ച ആഗോളവല്‍ക്കരണ പ്രക്രിയയുടെ സന്ദര്‍ഭത്തില്‍ ദളിത് ആദിവാസി വിഭാഗങ്ങളുടെ പിറകോട്ടു പോക്ക് പൂര്‍ണ്ണമായി. പരിമിതികളോടൊപ്പം ചില നേട്ടങ്ങളും നമുക്ക് ആഗോളവല്‍ക്കരണം തന്നിട്ടുണ്ടെങ്കിലും അതിന്റെയൊന്നും ഗുണഭോക്താക്കളില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ ഇല്ല തന്നെ. മറിച്ച് അതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങളുടെ ഇരകള്‍ എന്നും ഈ വിഭാഗങ്ങള്‍ തന്നെയാണ് എന്നും കാണാം.

ഏതു സന്ദര്‍ഭത്തിലായാലും ഭൂമിയുടെ ഉടമസ്ഥതയ്ക്കു തന്നെയാണ് നിര്‍ണ്ണായകത്വം. ദളിതന്റേയും ആദിവാസിയുടേയും ഭൂപ്രശ്‌നമാണ് മറ്റേതു വികസന നടപടിയേക്കാളും സര്‍ക്കാരുകളുടെ മുന്‍ഗണനയില്‍ വരേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com