കാട്ടാമ്പള്ളി പദ്ധതി പുനര്‍ നിര്‍മ്മിക്കുന്നത് ആര്‍ക്കുവേണ്ടി?

ഒരു റെഗുലേറ്റര്‍ പദ്ധതി ആ പ്രദേശത്തിന്റെ  ഭൂപ്രകൃതിയേയും ജീവിതത്തേയും തകിടംമറിച്ച കഥയാണ് കാട്ടാമ്പള്ളിയുടേത്
കാട്ടാമ്പള്ളി റെഗുലേറ്റര്‍/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍
കാട്ടാമ്പള്ളി റെഗുലേറ്റര്‍/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍

രു റെഗുലേറ്റര്‍ പദ്ധതി ആ പ്രദേശത്തിന്റെ  ഭൂപ്രകൃതിയേയും ജീവിതത്തേയും തകിടംമറിച്ച കഥയാണ് കാട്ടാമ്പള്ളിയുടേത്. അരനൂറ്റാണ്ട് മുന്‍പ് ആരും ആവശ്യപ്പെടാതെ എത്തിയ ആ പദ്ധതിക്ക് പറയാനുള്ളത് പരിസ്ഥിതിയുടേയും കൈപ്പാട് കൃഷിയുടേയും മത്സ്യസമ്പത്തിന്റേയും അനവധി ജീവജാലങ്ങളുടേയും നാശത്തിന്റെ ചരിത്രമാണ്. ഒപ്പം അന്‍പത് വര്‍ഷത്തോളമെത്തിയ കര്‍ഷകരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും സമരത്തിന്റെ ചരിത്രവും. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയില്‍ 1960-കളുടെ അവസാനം കമ്മീഷന്‍ ചെയ്ത പദ്ധതി തുടങ്ങി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പരാജയമായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും ഇപ്പോഴും ആ പദ്ധതിക്കായി കോടികള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള റി ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നാല് കോടിയിലധികം ചെലവിട്ട് കാട്ടാമ്പള്ളി റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമിടുകയാണിപ്പോള്‍. ഡാമുകളുടേയും റഗുലേറ്ററുകളുടേയും കനാലുകളുടേയും മറ്റും പുനരുദ്ധാരണത്തിന് 107 കോടിയുടെ പദ്ധതിയാണ് കേരളത്തില്‍ നടപ്പാകുന്നത്. 63 പദ്ധതികളാണ് ഇതിലുള്ളത്. 4.3 കോടിയാണ് കാട്ടാമ്പള്ളി റെഗുലേറ്ററിന്റെ പണിക്കു നല്‍കുന്നത്. ഇതിനൊപ്പം പഴശ്ശിപദ്ധതിക്കായി അഞ്ചുകോടിയുടെ പുനരുദ്ധാരണവും നടക്കും. എന്തുകൊണ്ടാണ് ഒരു ആവാസവ്യവസ്ഥയെത്തന്നെ തകിടംമറിച്ച പരാജയപ്പെട്ട ഒരു പദ്ധതിക്കു വേണ്ടി വീണ്ടും കോടികള്‍ മുതല്‍മുടക്കുന്നത്. അന്‍പത് വര്‍ഷങ്ങളായി തെളിവുകള്‍ സഹിതം കര്‍ഷകര്‍ പറയുന്ന വാദങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും മുഖവിലയ്‌ക്കെടുക്കാത്തത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഏക്കര്‍ കണക്കിനു കൈപ്പാട് ഭൂമിയില്‍ അതിസമ്പുഷ്ടമായി നെല്‍ക്കൃഷി നടത്തിയ ഒരു കാലമുണ്ടായിരുന്നു കാട്ടാമ്പള്ളിയ്ക്കും പരിസര പ്രദേശങ്ങള്‍ക്കും. മീനുകളും അപൂര്‍വ്വ പക്ഷികളും മറ്റ് ജീവജാലങ്ങളും അതിനോടൊത്തു ജീവിക്കുന്ന മനുഷ്യരുമടങ്ങിയ ഒരു ജൈവിക ആവാസവ്യവസ്ഥയായിരുന്നു കാട്ടാമ്പള്ളിയിലേത്. ആയിടത്തേക്കാണ് 50 വര്‍ഷം മുന്‍പ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വരുന്നത്. ആ പ്രദേശത്തെ പ്രകൃതിയേയും ജീവിതത്തേയും അപ്പാടെ മാറ്റിമറിച്ച ഒരു പദ്ധതിയായിരുന്നു അത്. ഒരുതരത്തിലുള്ള പാരിസ്ഥിതിക പഠനങ്ങളും നടത്താതെ എന്തിനാണെന്നതിനുപോലും ആര്‍ക്കും വലിയ നിശ്ചയമില്ലാതെയായിരുന്നു പദ്ധതിയെത്തിയത്. കൃഷി പോലും അസാധ്യമായ രീതിയിലേക്ക് ആ ഭൂപ്രകൃതി പിന്നീട് മാറിപ്പോയി. ഇപ്പോഴും സര്‍ക്കാര്‍ തലത്തില്‍ വിദഗ്ദ്ധപഠനങ്ങളൊന്നും ഇക്കാര്യത്തില്‍ നടന്നിട്ടില്ല. നിരന്തര സമരങ്ങളുടെ ഫലമായി 2009-ല്‍ ഷട്ടര്‍ തുറന്നുവിട്ട് കൃഷിക്ക് അനുയോജ്യമാക്കാന്‍ നടപടിയെടുത്തെങ്കിലും പൂര്‍ണ്ണമായും തിരിച്ചുപിടിക്കാന്‍ കഴിയാത്തത്ര മാറിപ്പോയിരുന്നു ഇവിടുത്തെ ജൈവികത.

ആവശ്യം പാലത്തിനുവേണ്ടി

കാട്ടാമ്പള്ളിയില്‍ റഗുലേറ്റര്‍ വരുന്നത് വളരെ യാദൃച്ഛികമാണ്. സാധാരണ വികസന പദ്ധതികള്‍പോലെ ആവശ്യങ്ങള്‍ ഉയരുകയോ വര്‍ഷങ്ങളോളം ചര്‍ച്ച നടത്തുകയോ പഠനം നടത്തുകയോ ഒന്നുമില്ലാതെ വന്ന ഒരു പ്രൊജക്ട്. കാട്ടാമ്പള്ളി പുഴയ്ക്ക് കുറുകെ ഒരു പാലം വേണം എന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. 1940-കളുടെ അവസാനം മുതല്‍ ഈയൊരു ആവശ്യം ഉണ്ടായിരുന്നു. നാറാത്ത് കമ്പില്‍, മയ്യില്‍. ചാലോട് ഭാഗങ്ങളിലുള്ളവര്‍ക്ക് കണ്ണൂര്‍ നഗരവും അനുബന്ധ പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ അക്കാലത്ത് തോണിയില്‍ പുഴകടന്നു മാത്രമേ സാധിക്കുകയുള്ളൂ. മഴക്കാലത്ത് വെള്ളം നിറഞ്ഞാല്‍ ഈ യാത്രയും നിലയ്ക്കും. അതുകൊണ്ടുതന്നെ ഈ രണ്ടുഭാഗങ്ങളേയും കൂട്ടിച്ചേര്‍ക്കാനും ഗതാഗതം സുഖമമാക്കാനും പാലം അത്യാവശ്യമാണ് എന്നത് അക്കാലത്ത് നാട്ടുകാരും രാഷ്ട്രീയപ്രവര്‍ത്തകരും ഉന്നയിച്ചു. മദ്രാസ് പ്രൊവിന്‍സിന്റെ ഭാഗമായിരുന്ന കാലത്തുതന്നെ പാലം എന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും കേരള സംസ്ഥാനം രൂപം കൊണ്ടശേഷമാണ് ചര്‍ച്ചകള്‍ ഫലവത്തായത്.

367 മീറ്റര്‍ നീളമുള്ള പാലവും അനുബന്ധ റോഡുമാണ് പദ്ധതി. എന്നാല്‍ പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ അപര്യാപ്തത പാലം നിര്‍മ്മാണം വൈകി. പദ്ധതി നടക്കില്ല എന്ന ഘട്ടം വരെ എത്തി. ആ സമയത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ക്ക് ആവശ്യത്തിന് ഫണ്ടുണ്ടായിരുന്നു. അങ്ങനെ പാലം നിര്‍മ്മാണം ആരംഭിക്കാന്‍ വേണ്ടി മാത്രം കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പദ്ധതിയായി ഇത് മാറ്റപ്പെട്ടു. കാര്‍ഷിക പദ്ധതി കൂടി ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പാലം നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായതിനാല്‍ ഇതിനെ ആരും എതിര്‍ത്തില്ല. റെഗുലേറ്റര്‍ വരുന്നതോടെ കൃഷിയിടത്തില്‍ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനാകുമെന്നും കൃഷി വര്‍ഷത്തില്‍ മൂന്ന് തവണയാക്കി മാറ്റാന്‍ കഴിയുമെന്നുമുള്ള വാദങ്ങള്‍ കൂടി വന്നതോടെ ജനങ്ങളും അംഗീകരിച്ചു. അങ്ങനെയാണ് പദ്ധതിയുടെ പിറവി.

കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.സി. നാരായണന്‍ നമ്പ്യാരായിരുന്നു പാലം കൊണ്ടുവരാന്‍ ഏറ്റവും ഉത്സാഹിച്ചത്. മദ്രാസ് നിയമസഭയില്‍ അംഗമായിരുന്ന അദ്ദേഹം പദ്ധതി രൂപരേഖ പലതവണ സഭയില്‍ സമര്‍പ്പിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന ആദ്യ നാളുകളില്‍ തന്നെ ഇക്കാര്യം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ കൂടിയായിരുന്നു അദ്ദേഹം.

നെല്‍ക്കൃഷിക്കു പുറമെ കൈപ്പാട്ടില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്നവരും ഏറെയുണ്ടായിരുന്നു. 3000-ലധികം ഏക്കര്‍ തണ്ണീര്‍ത്തടങ്ങളെ ഉപ്പുവെള്ളം കയറുന്നതില്‍നിന്നും റെഗുലേറ്ററിനു നിയന്ത്രിക്കാന്‍ കഴിയുമെന്നതായിരുന്നു വാദം. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കൃഷി ഉല്പാദനം കൂട്ടുന്നതിനും ഉപകാരപ്പെടുന്ന പദ്ധതി. കൃഷിക്കാവശ്യമായ അധികജലം പഴശ്ശി പദ്ധതിയില്‍നിന്നും കനാല്‍ വഴി എത്തിക്കാനും തീരുമാനമായി.

നാട്ടിലേക്കെത്തിയ വികസനത്തെ വലിയ സന്തോഷത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. പാലത്തിന്റേയും അനുബന്ധ റോഡുകളുടേയും നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ നാട്ടുകാരുടെ പങ്ക് വലുതായിരുന്നു. എ.കെ.ജി വരെ എത്തി നിര്‍മ്മാണ ജോലികളില്‍ പങ്കാളിയായിരുന്നു. 1958 ജനുവരിയില്‍ കേരള ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവുവാണ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. 1966-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി. കാട്ടാമ്പള്ളി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഒപ്പം റഗുലേറ്റര്‍ പദ്ധതിയും കമ്മിഷന്‍ ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. പാലം ജനങ്ങള്‍ക്കു വലിയ ഉപകാരമായെങ്കിലും റഗുലേറ്റര്‍ ഉണ്ടാക്കിയ ദുരിന്തത്തിന്റെ ആഴം വലുതായിരുന്നു. ഏക്കര്‍ കണക്കിനുള്ള നെല്‍ക്കൃഷിയേയും മത്സ്യസമ്പത്തിനേയും സാരമായി ബാധിച്ചു. നാലോ അഞ്ചോ വര്‍ഷത്തിനിടയില്‍ തന്നെ കൃഷി സാരമായി കുറഞ്ഞു. വിരിപ്പ്, മുണ്ടകന്‍, പുഞ്ച കൃഷിയായിരുന്നു പരമ്പരാഗതമായി ഇവിടെ നടന്നിരുന്നത്. ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഷട്ടര്‍ അടച്ചതോടെ മണ്ണിന്റെ ഘടനയില്‍ മാറ്റം വന്നു.

വര്‍ഷങ്ങള്‍ കഴിയുന്തോറും മണ്ണ് ഉറച്ചു തുടങ്ങി. കര്‍ഷകര്‍ക്ക് മെരുക്കിയെടുക്കാന്‍ കഴിയാത്ത രീതിയിലേക്ക് മണ്ണിന്റെ ഘടന മാറിക്കഴിഞ്ഞിരുന്നു. പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടും പാറപോലെ ഉറച്ച മണ്ണിനെ പരുവപ്പെടുത്താന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞില്ല. വിത്തിടാന്‍ കഴിയാതായതോടെ പലരും കൃഷി ചെയ്യുന്നത് നിര്‍ത്തി. 1970-കളുടെ തുടക്കത്തില്‍ത്തന്നെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരില്‍ പലരും നിര്‍ബ്ബന്ധിതരായി. കാര്‍ഷിക തൊഴിലാളികള്‍ നിര്‍മ്മാണമേഖലകളിലേക്കും മറ്റും മാറി.

സമരങ്ങളിലേക്ക്

കൃഷി നശിച്ചതുപോലെ റഗുലേറ്റര്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനേയും തടസ്സപ്പെടുത്തി. മഴക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം റഗുലേറ്റര്‍ തടഞ്ഞുനിര്‍ത്തി. അതോടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറാനും തുടങ്ങി. മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിച്ചു. ധാരാളം ദേശാടനപക്ഷികള്‍ വിരുന്നെത്തിയ സ്ഥലമായിരുന്നു ഇത്. ആവാസവ്യവസ്ഥ മാറിയതോടെ ദേശാടനപക്ഷികളുടെ വരവ് കുറഞ്ഞു. ക്രമേണ കൈപ്പാട് ഭൂമി പലയിടത്തും മണ്ണിട്ട് നികത്താന്‍ തുടങ്ങി. നെല്‍ക്കൃഷിക്കു പകരം വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉയര്‍ന്നു. ചിലയിടങ്ങളില്‍ നെല്‍പ്പാടങ്ങള്‍ തെങ്ങുകൃഷിയിലേക്ക് മാറി. ഭൂമി വ്യാപകമായി മണ്ണിട്ട് നികത്താനും തുടങ്ങി.

എഴുപതുകളില്‍ത്തന്നെ പദ്ധതിക്കെതിരായ സമരങ്ങളും തുടങ്ങി. പദ്ധതി ഉപേക്ഷിക്കുകയും സ്വാഭാവികമായ കൈപ്പാട് കൃഷിയിലേക്ക് പ്രദേശത്തെ തിരിച്ചെത്തിക്കുകയും വേണമെന്ന ആവശ്യത്തിലൂന്നിയായിരുന്നു പ്രാദേശിക തലത്തില്‍ കര്‍ഷകര്‍ തന്നെ സമരം നയിച്ചത്. എന്നാല്‍, പദ്ധതി കൊണ്ടുവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ഇതിന് എതിരായിരുന്നു. പിന്നീട് സമരക്കാരും പാര്‍ട്ടിക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിരവധി നടന്നു. സമരരംഗത്തേക്ക് കര്‍ഷകര്‍ക്കു പുറമെ പരിസ്ഥിതി പ്രവര്‍ത്തകരും അണിചേര്‍ന്നു. പ്രദേശത്തെ മറ്റൊരു ശക്തമായ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലും സമരങ്ങള്‍ നടന്നു. ഷട്ടര്‍ തുറപ്പിക്കാനും സ്വാഭാവിക കൃഷി തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്താനും അവര്‍ ഇടപെട്ടു. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കൈപ്പാട് ഭൂമിയുടെ തിരിച്ചുവരവിനായി രംഗത്തു വന്നു. നിരന്തര സമരങ്ങളുടെ ഭാഗമായി 2008-ല്‍ മുല്ലക്കര രത്നാകരന്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത് ഡോ. പി. വി. ബാലചന്ദ്രന്‍ കമ്മിറ്റിയെ പഠനത്തിനായി നിയോഗിച്ചു. 2008 ജൂലായില്‍ കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമാകുന്ന ഒരു റിപ്പോര്‍ട്ടായിരുന്നില്ല ഇത്. 2008 ജൂലായില്‍ എളയാവൂര്‍ പഞ്ചായത്തില്‍ കര്‍ഷകരും കമ്മിഷനും റിപ്പോര്‍ട്ടിന്‍മേല്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റഗുലേറ്ററിന്റെ ഷട്ടര്‍ തുറക്കുക എന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കപ്പെട്ടു. അങ്ങനെ ബാലചന്ദ്രന്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് മാസത്തേക്ക് ഷട്ടര്‍ തുറക്കാന്‍ തീരുമാനമായി. ഷട്ടര്‍ തുറന്നതോടെ മണ്ണില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയ്യാറായി. അങ്ങനെ 205 ഹെക്ടര്‍ ഭൂമിയില്‍ നെല്‍ക്കൃഷിയിറക്കി. ആദ്യഘട്ടത്തില്‍ കൃഷി വിജയമായെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്തതോടെ പലരും ബുദ്ധിമുട്ടിലായി. കൈപ്പാട് ഭൂമിയില്‍ മെഷീന്‍ കൊണ്ടുള്ള കൃഷിരീതികള്‍ക്ക് പരിമിതിയുണ്ട്. ഒപ്പം പഴയ നെല്‍വിത്തുകളും നഷ്ടമായിരുന്നു. വര്‍ഷങ്ങളോളം കൃഷി ചെയ്യാതിരുന്നതിനാല്‍ പ്രാദേശികമായി ഉണ്ടായിരുന്ന വിത്തുകളെല്ലാം നഷ്ടപ്പെട്ടിരുന്നു. പുതിയ നെല്‍വിത്തിനങ്ങളായ ഏഴോം ഒന്ന്, ഏഴോം രണ്ട് എന്നിവ പരീക്ഷിച്ചെങ്കിലും അത്രയ്ക്ക് വിജയകരമായില്ല. ഇവയില്‍ കീടങ്ങളുടെ ശല്യം കൂടിയതോടെ കീടനാശിനി ഉപയോഗിക്കേണ്ടിവന്നു. കാട്ടാമ്പള്ളി കൈപ്പാടില്‍ ആദ്യമായി കീടനാശിനി പ്രയോഗിക്കേണ്ടിവന്നതും ഇക്കാലത്താണ്. വലിയതോതില്‍ ലാഭകരമല്ലെങ്കിലും കാട്ടാമ്പള്ളിയില്‍ പലരും കൃഷി തുടരുന്നുണ്ട്. പരമ്പരാഗതമായ നെല്‍വിത്തിനങ്ങളിലേക്കും മണ്ണിന്റെ സ്വാഭാവികതയിലേക്കും തിരിച്ചെത്തിയാല്‍ നെല്‍ക്കൃഷി വീണ്ടും വിജയത്തിലേക്കെത്തിക്കാം. ഒപ്പം പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടാതിരുന്നാല്‍ മത്സ്യസമ്പത്തിനേയും തിരിച്ചുപിടിക്കാം.

സാധാരണ നാട്ടുകാര്‍ മുതല്‍ കൃഷിക്കാരും ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരുമടക്കം എതിര്‍പ്പു പറയുകയും പദ്ധതിയുണ്ടാക്കിയ നാശങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടും കാട്ടാമ്പള്ളി പദ്ധതി വീണ്ടും പുനര്‍നിര്‍മ്മിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? പദ്ധതി വന്നതുകൊണ്ടുമാത്രം 40 വര്‍ഷത്തോളം കൃഷി ചെയ്യാനാവാത്ത ഭൂമിയായി ഇത് നിന്നു. കാഴ്ചപ്പാടില്ലാത്ത വികസനങ്ങള്‍ ഉണ്ടാക്കുന്ന വിപരീതഫലത്തിന്റെ ഉദാഹരണമാണ് കാട്ടാമ്പള്ളി. പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടത് നിര്‍മ്മാണങ്ങളിലൂടെ മാത്രമാണെന്ന് ഇനിയും ചിന്തിക്കുന്നതില്‍ അപാകതയുണ്ട്. പാരിസ്ഥിതിക പഠനങ്ങളും പ്രാദേശിക അറിവുകളുമായിരിക്കണം ഉദ്യോഗസ്ഥ തീരുമാനങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ മുന്നിട്ടു നില്‍ക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com