അതിരപ്പിള്ളിയല്ല, ഇത്തവണ ആനക്കയം

ഷോളയാര്‍ വനമേഖലയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ആനക്കയം ജലവൈദ്യുത പദ്ധതി സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട് 
അതിരപ്പിള്ളിയല്ല, ഇത്തവണ ആനക്കയം

സൈലന്റ്വാലിയുടെ തുടര്‍ച്ചയെന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് അതിരപ്പിള്ളി സമരം. ഒരു പദ്ധതിക്കെതിരായ സമരമോ വനസംരക്ഷണമോ പുഴസംരക്ഷണമോ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല ആ സമരം. വ്യവസ്ഥകള്‍ പിന്തുടരുന്ന പാളിച്ചകളാണ് ആ സമരം തുറന്നുകാട്ടിയത്. വൈദ്യുത പദ്ധതി എങ്ങനെയാണ് ആസൂത്രണം ചെയ്യപ്പെടുന്നത്, അതിനു പിന്നിലെ ചതി എത്രത്തോളമാണ് എന്നൊക്കെ ഈ സമരം തുടങ്ങിയപ്പോഴാണ് പലര്‍ക്കും മനസ്സിലായത്. പദ്ധതിക്ക് അനുകൂലമായ കെ.എസ്.ഇ.ബിയുടെ വാദങ്ങളെ അവരുടെ തന്നെ കണക്കുകളും രേഖകളുംകൊണ്ട് ഖണ്ഡിക്കാനും പദ്ധതി അപ്രായോഗികമാണെന്നും വന്‍നഷ്ടമാണെന്നും സമര്‍ത്ഥിക്കാന്‍ സമരപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വികലമായ വികസന സ്വപ്നം പേറുന്ന മുഖ്യധാരാ രാഷ്ട്രീയക്കാരെപ്പോലും പദ്ധതിക്കെതിരായി അണിനിരത്താന്‍ സാധ്യമായി. ഈ സമരത്തിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന മറ്റൊരു സമരം ഇപ്പോള്‍ സജീവമാണ്. ആനക്കയം പദ്ധതിക്കെതിരെയാണ് അത്. പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും കൂട്ടായ്മകള്‍ രംഗത്തുവന്നത്.

ഷോളയാർ പവർ ഹൗസ്/ ഫോട്ടോ: ഷഫീഖ് താമരശേരി
ഷോളയാർ പവർ ഹൗസ്/ ഫോട്ടോ: ഷഫീഖ് താമരശേരി

പദ്ധതിയും വിമര്‍ശനങ്ങളും

ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍നിന്നും പുറത്തുവരുന്ന വെള്ളം വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വഴി കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. 75 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍നിന്നും പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. 2018-ലെ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരും. ഇതിന്റെ ഭാഗമായി അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയിലെ 20 ഏക്കര്‍ നിബിഡവനത്തില്‍നിന്നും മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 45.94 ലക്ഷം രൂപയ്ക്കാണ് 625 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വൈദ്യുതി ബോര്‍ഡ് കരാര്‍ നല്‍കിയത്. അതിരപ്പിള്ളി പദ്ധതിക്കായി തുടങ്ങിയ ഓഫീസ് തന്നെയാണ് ആനക്കയം പദ്ധതി നടത്തിപ്പിനായും ഉപയോഗിക്കുന്നത്.  മരം മുറിച്ച് സ്ഥലം ഏറ്റെടുക്കുക എന്ന നടപടിയാണ് ഇനി കെ.എസ്.ഇ.ബിയുടെ മുന്നിലുള്ളത്. പിന്നീട് വനത്തിനുള്ളില്‍ അഞ്ചരക്കിലോമീറ്റര്‍ നീളത്തില്‍ മലതുരന്ന് ഭൂഗര്‍ഭ ടണല്‍ സ്ഥാപിക്കും. മല തുരക്കുന്നതിനായി നിയന്ത്രിത സ്ഫോടനം നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സമരവും നിയമനടപടികളും തുടങ്ങിയത്. പ്രധാനമായും ചില വിഷയങ്ങളാണ് ഈ സമരത്തിലേക്ക് നയിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതിലൊന്ന് പരിസ്ഥിതി പ്രത്യാഘാതങ്ങളാണ്. മറ്റൊന്ന്, ആദിവാസികളുടെ നിയമപരമായ അവകാശം സംബന്ധിച്ചാണ്. മൂന്നാമത്തേത് ഇത് സൃഷ്ടിച്ചേക്കാവുന്ന ദുരന്തസാധ്യതകളെക്കുറിച്ചാണ്.  

സൈലന്റ്വാലിയേക്കാള്‍ ജൈവസമ്പന്നമാണ് ആനക്കയം മേഖലയെന്ന് ശരത്ചന്ദ്രനെപ്പോലെയുള്ളവര്‍ നേരത്തേ തന്നെ എഴുതിയിട്ടുണ്ടെന്നു പറയുന്നു ചാലക്കുടി പുഴ സംരക്ഷണ പ്രവര്‍ത്തകനായ എസ്.പി. രവി. അതീവ സമ്പന്നമായ നിബിഡവനങ്ങളാണ് പദ്ധതിക്കായി മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. അതില്‍ 15 ഏക്കര്‍ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ ബഫര്‍സോണിലാണ്. രാജ്യത്തെ 50 കടുവാസങ്കേതങ്ങളില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നതാണ് പറമ്പിക്കുളം. 643.66 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കടുവാസങ്കേതത്തിന്റെ 232.77 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍സോണാണ്. അതായത് ആനകളും കടുവകളും മറ്റു വിഭാഗം ജന്തുക്കളും ധാരാളമായി കാണപ്പെടുന്ന മേഖല. ഏറ്റവും സംരക്ഷിതമായ ഈ പ്രദേശത്താണ് പദ്ധതി വരുന്നത്. ആനകളുടേയും മത്സ്യങ്ങളുടേയും സംരക്ഷണത്തിനുവേണ്ടി ഈ മേഖലകള്‍ വന്യജീവി സങ്കേതമോ ദേശീയോദ്യാനമോ ആക്കി മാറ്റണമെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് ഇന്ത്യ, ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ പ്രദേശവുമാണ്. എന്നിട്ടും എതിര്‍പ്പുകള്‍ അവഗണിച്ച്, പ്രത്യാഘാതങ്ങള്‍ തമസ്‌കരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനിച്ചത്. 

പദ്ധതിരൂപരേഖ
പദ്ധതിരൂപരേഖ

പണ്ട് ഞങ്ങളൊക്കെ ആ വഴിക്കു യാത്ര ചെയ്യുമ്പോള്‍ വളരെ ഇഷ്ടമുള്ള കുറച്ച് സ്ഥലമുണ്ട്. ചാലക്കുടിയില്‍നിന്ന് തുടങ്ങിയാല്‍ തുമ്പൂര്‍മൂഴി കഴിഞ്ഞാലൊരു സുന്ദരമായ പ്രദേശമുണ്ട്. പിന്നെ, അതിരപ്പിള്ളി കഴിഞ്ഞ് വാഴച്ചാലിനുമിടയിലുള്ള സ്ഥലം. വാഴച്ചാല്‍ കഴിഞ്ഞാല്‍ പെരിങ്ങല്‍ക്കുത്തിനു മുകളില്‍ ഒരു കീറ് പോലെ. ശേഷിക്കുന്നത് ആനക്കയം. അതിനു മുകളിലും രണ്ടുമൂന്ന് സ്പോട്ടുകളുണ്ട്. പഴയകാലത്ത് പോകുമ്പോള്‍ അവിടെയൊക്കെ ഇറങ്ങിനിന്നാലും അന്ന് ഫോറസ്റ്റുകാര്‍ ഒന്നും പറയാറില്ല. ഇന്ന് ഇറങ്ങി നില്‍ക്കാനൊന്നും ഫോറസ്റ്റുകാര്‍ സമ്മതിക്കില്ല. സഞ്ചാരികളുടെ എണ്ണം കൂടിയതുകൊണ്ടാണ്. പണ്ട് യാത്രചെയ്യുമ്പോള്‍ ഈ സ്ഥലങ്ങളില്‍ ഒന്നുനില്‍ക്കാതെ യാത്ര തുടരാറില്ല. അത്രയും സുന്ദരവും ഭംഗിയുമുള്ള പ്രദേശമാണ്. പുഴയുടെ വശത്ത് സുന്ദരവും മനോഹരവുമായ കാടാണ്. ആ കാടുകളിലാണ് ഈ പദ്ധതികള്‍ക്കൊക്കെ കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. എട്ട് ഹെക്ടര്‍ കാട് എന്നത് സാധാരണ വലിയ പ്രദേശമല്ല. പലപ്പോഴും വരുന്ന പ്രശ്‌നം എത്ര എക്സ്റ്റന്‍ഡ് കാട് എന്ന രീതിയിലാണ് ആള്‍ക്കാര്‍ നഷ്ടത്തെ കാണുന്നത്. അങ്ങനെയല്ല, ആ പ്രത്യേക വനപ്രദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്- എസ്.പി. രവി പറയുന്നു. 

പദ്ധതി പ്രദേശത്തിന് സമീപത്ത് 2018-ല്‍ വെള്ളപ്പൊക്ക സമയത്ത് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അന്ന് കിടപ്പാടം നഷ്ടപ്പെട്ട ആനക്കയം ഊരിലെ ആദിവാസികള്‍ക്ക് ഇതുവരെ പുനരധിവാസം സാധ്യമായിട്ടുമില്ല. ആനക്കയം ഊരിലെ 25 കുടുംബങ്ങള്‍ കൂട്ടത്തോടെ മയിലാടുംപാറയിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് ഇവരെ വനംവകുപ്പ് ഓഫീസില്‍ താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. ഷോളയാര്‍ കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സിലേക്ക് പിന്നീട് ഇവരെ മാറ്റി. എന്നാല്‍, താമസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് ഇവര്‍ മയിലാടുംപാറയിലെ പാറപ്പുറത്ത് കുടില്‍കെട്ടി താമസം തുടങ്ങിയിരുന്നു. പിന്നീട് വേനലായപ്പോള്‍ ചാലക്കുടി പുഴയുടെ തീരങ്ങളിലേക്ക് താമസം മാറി. മഴ തുടങ്ങിയ ഘട്ടത്തില്‍ വീണ്ടും പാറപ്പുറത്തേക്ക് ഇവരെ വനംവകുപ്പ് മാറ്റുകയായിരുന്നു. ഷോളയാര്‍ വനമേഖലയില്‍ത്തന്നെ ആനമുക്ക് ഭാഗത്ത് താമസയോഗ്യമായ സ്ഥലം നല്‍കുമെന്നാണ് ഊരുകൂട്ടത്തിന് ഉദ്യോഗസ്ഥര്‍ നല്‍കിയ വാഗ്ദാനം. വനഭൂമിയുടെ അവകാശം ലഭിച്ചവര്‍ ഒരു കൂരയുണ്ടാക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ സമ്മതപ്രകാരമല്ലാതെ അവരുടെ ഭൂമിയില്‍ പദ്ധതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. 

വനാവകാശ നിയമം ലംഘിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ഉള്‍പ്പെടെ വാഴച്ചാല്‍ വനം ഡിവിഷനിലെ 400 ച.കി.മീ വനത്തില്‍ ഇവിടത്തെ ഒന്‍പത് ആദിവാസി ഊരുകള്‍ക്ക് കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് റൈറ്റ് ലഭിച്ചിട്ടുണ്ട്. അപ്രകാരം ഈ കാടുകളുടെ സംരക്ഷണം അവരുടെ ഉത്തരവാദിത്വമാണ്. ആദിവാസി ഊരുകൂട്ടങ്ങളുടെ അനുമതിയോടെ മാത്രമെ സി.എഫ്.ആര്‍ മേഖലയില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ പാടുള്ളു. എന്നാല്‍, ഒരു അനുമതിയും ഇല്ലാതെയാണ് ആനക്കയം പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന മേഖലയില്‍ വീടുകള്‍പോലും നിര്‍മ്മിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷേ, പദ്ധതിയുടെ പേരില്‍ സ്ഫോടനത്തിലൂടെ പാറ പൊട്ടിക്കാനും മല തുരക്കാനുമാകും. നിയന്ത്രിതമാണെങ്കില്‍പ്പോലും ഈ മേഖലയില്‍ നടത്തുന്ന സ്ഫോടനം കൂടുതല്‍ ദുര്‍ബ്ബലമാക്കുകയും പുതിയ മലയിടിച്ചിലുകള്‍ക്ക് സാധ്യത ഒരുക്കുകയും ചെയ്യും. ദുരന്തസാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ നിയമം പറയുമ്പോള്‍, ഇവിടെ ദുരന്തസാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തിക്കായി തയ്യാറെടുക്കുകയാണ് വൈദ്യുതി ബോര്‍ഡ്.

വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം തദ്ദേശീയരായ ആദിവാസി സമൂഹത്തിനു നല്‍കുന്ന വനാവകാശ നിയമം വഴി കേരളത്തില്‍ ഏറ്റവുമാദ്യം വനത്തിന്‍മേല്‍ അധികാരം നേടിയെടുത്തത് അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയിലെ ഈ കാടര്‍ ആദിവാസികളായിരുന്നു. നിയമപ്രകാരം ഈ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ഊരുകൂട്ടങ്ങളുടെ അനുമതി നിര്‍ബന്ധമാണ്. നേരത്തെ തന്നെ അതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രമേയം പാസ്സാക്കിയ കാടര്‍ ഊരുകൂട്ടങ്ങള്‍ ഇപ്പോള്‍ ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരേയും പ്രമേയം പാസ്സാക്കിയിട്ടുണ്ട്. 

നിലവില്‍ അഞ്ച് ഡാമുകളുടേയും രണ്ട് കനാല്‍ പദ്ധതികളുടേയും നിര്‍മ്മാണം ചാലക്കുടിപ്പുഴയുടെ തീരത്തെ വനമേഖലയില്‍ നടന്നുകഴിഞ്ഞു. ഇവയെല്ലാം ബാധിച്ചത് തദ്ദേശീയരായ കാടര്‍ ആദിവാസികളെയായിരുന്നു. ചാലക്കുടിപ്പുഴയില്‍ പല കാലങ്ങളിലായി നിര്‍മ്മിക്കപ്പെട്ട പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, തമിഴ്നാട് ഷോളയാര്‍, കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളുടേയും ചാലക്കുടി റിവര്‍ ഡൈവേഴ്ഷന്‍ സ്‌കീം, ഇടമലയാര്‍ ഓഗ്മെന്റേഷന്‍ സ്‌കീം, പറമ്പിക്കുളം-ആളിയാര്‍ ഇന്റര്‍ബേസിന്‍ റിവര്‍ലിങ്ക് പ്രൊജക്ട് (പി.എ.പി) എന്നീ പദ്ധതികളാണ് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. യഥാര്‍ത്ഥത്തില്‍, ചോലയാറില്‍ ഈ പദ്ധതി വന്നാല്‍ ഒരു കുഴലിനുള്ളിലൂടെ ഒഴുകുന്നതുപോലെയാകും പുഴ. നേരത്തെ തന്നെ അങ്ങനെയായിട്ടുണ്ട്. അത്രത്തോളം നിര്‍മ്മിതികളാണ് ഈ പുഴയില്‍ പറയുന്നത് പുഴ സംരക്ഷണസമിതി പ്രവര്‍ത്തകനായ എം. മോഹന്‍ദാസാണ്. 

ലാഭമില്ല, സാമ്പത്തിക നഷ്ടം മാത്രം

ഡാമില്ലാതെ 7.5 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നതാണ് നേട്ടമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്. സാധാരണനിലയില്‍ ജലവൈദ്യുത പദ്ധതികള്‍ക്കു ശരാശരി ഒരു മെഗാവാട്ടിന് ഒന്‍പത് മുതല്‍ 10 കോടി രൂപ വരെ ചെലവ് വരും. ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടി രൂപയാണ് പദ്ധതി പ്രഖ്യാപനത്തിലുള്ളത്. അതായത് ഒരു മെഗാവാട്ടിന് 20 കോടി രൂപ. ഉയര്‍ന്ന പദ്ധതിച്ചെലവ് മൂലം ഇവിടെനിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് ഏറ്റവും ചുരുങ്ങിയത് 10 രൂപയെങ്കിലും ആകാനാണ് സാധ്യത. വര്‍ഷത്തില്‍ 200 കോടി യൂണിറ്റോളം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കായംകുളം താപനിലയം വൈദ്യുതിക്കു യൂണിറ്റിന് ഏഴേകാല്‍ രൂപയാകുന്നു എന്ന കാരണത്താല്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും പുതിയ പദ്ധതിക്കായി ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളിലേക്ക് ഏവരും മാറിയിട്ടും നിര്‍മ്മാണച്ചെലവ് ഉയര്‍ന്നുള്ള ജലവൈദ്യുതി പദ്ധതികള്‍ക്കായി കെ.എസ്.ഇ.ബി വീണ്ടും ശ്രമിക്കുന്നത് ഭാവി മുന്നില്‍ക്കണ്ടല്ലെന്നും ഇവര്‍ ഉന്നയിക്കുന്നു. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ വേണ്ടിയല്ല ഈ പദ്ധതി. വര്‍ഷത്തില്‍ ഏകദേശം 2600 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിനു വേണ്ടത്. ഇതിന്റെ ആയിരത്തില്‍ ഒരംശം പോലും നല്‍കാന്‍ ഈ പദ്ധതിക്കു സാധിക്കില്ല. സംസ്ഥാനത്തിനു വേണ്ടതിലധികം വൈദ്യുതി ലഭ്യമായതിനാല്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന കേന്ദ്രവിഹിതം പോലും പലപ്പോഴും പൂര്‍ണ്ണമായി നാം എടുക്കാറില്ല. അധിക വൈദ്യുതി നാം അന്യസംസ്ഥാനങ്ങള്‍ക്കു വില്‍ക്കുകയാണ്. കേരളത്തിലെ മുഴുവന്‍ താപനിലയങ്ങളും അടച്ചിട്ടിട്ടും ഈ സ്ഥിതിയുള്ള കേരളത്തിലാണ് തുച്ഛമായ വൈദ്യുതോല്പാദനത്തിനുവേണ്ടി വന്‍തോതില്‍ പാരിസ്ഥിതിക നാശം വരുത്തി സര്‍ക്കാര്‍ കോടികള്‍ മുതല്‍മുടക്കുന്നതെന്ന് ഇവര്‍ പറയുന്നു.

തൊണ്ണൂറുകളില്‍ തുടങ്ങിയ പദ്ധതി

ആദ്യമായി പദ്ധതിക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1990-ലാണ്. എട്ട് ഹെക്ടര്‍ ഭൂമി കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നായിരുന്നു അന്നത്തെ ധാരണ. പദ്ധതി നടത്തിപ്പിനായി 'ഐഡിയല്‍ പ്രൊജക്ട്സ്' എന്ന കമ്പനിയെ 1992 സെപ്റ്റംബറില്‍ നിയോഗിച്ചു. എന്നാല്‍, യാതൊരു പ്രവര്‍ത്തനങ്ങളും നടക്കാത്തതിന്റെ പേരില്‍ 1997 സെപ്റ്റംബറില്‍ ഈ അനുമതി റദ്ദാക്കി. പല കാരണങ്ങളാല്‍ നിര്‍ദ്ദിഷ്ട വനഭൂമി കൈമാറാനായില്ല എന്നതായിരുന്നു പദ്ധതി തുടങ്ങാത്തതിനു കാരണം. പിന്നീട് 2009-ലാണ് കെ.എസ്.ഇ.ബി പദ്ധതി പുനരുജ്ജീവിപ്പിച്ചത്. 91.66 കോടി രൂപ പദ്ധതി പൂര്‍ത്തീകരണത്തിനു ചെലവാകുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടിയത്. തുടര്‍ന്ന്, 2011-ല്‍ വലേഷാ എന്‍ജിനീയറിങ് ലിമിറ്റഡിന് മരാമത്ത് പണികളുടെ ടെണ്ടര്‍ നല്‍കി. അപ്പോഴും വനഭൂമി ഏറ്റെടുക്കാന്‍ ബോര്‍ഡിനു കഴിഞ്ഞിരുന്നില്ല. ഇതോടെ, 2014-ല്‍ ഈ കരാര്‍ റദ്ദാക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയുണ്ടായിട്ടും മുപ്പതുവര്‍ഷക്കാലമായി ഭൂമി ഏറ്റെടുക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. 2013-ല്‍ അനുമതി ലഭിച്ചെങ്കിലും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. 83.44 ലക്ഷം രൂപ അനുമതിക്കായി കെ.എസ്.ഇ.ബി കെട്ടിവച്ചു. 60.07 ലക്ഷം രൂപ പരിഹാര്യ വനവല്‍ക്കരണത്തിനായിരുന്നു. 10 ലക്ഷം രൂപ കോഷന്‍ ഡിപ്പോസിറ്റും. തുടര്‍ന്ന് 2014-ല്‍ എന്‍.ടി.സി.എയുടെ (നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി) അനുമതി ലഭിച്ചു. വന്യമൃഗങ്ങള്‍ക്കു ശല്യമുണ്ടാക്കാത്ത രീതിയില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടത്താനായിരുന്നു അനുമതി. ടണല്‍ തുരക്കാനും സ്ഫോടനം നടത്താനും അനുമതി നിഷേധിക്കുകയും ചെയ്തു.

പിന്നീട് ഈ നിബന്ധനകള്‍ പുന:പരിശോധിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേയും കെ.എസ്.ഇ.ബിയുടേയും ആവശ്യം. നിബന്ധനകള്‍ പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. സ്ഫോടനം നടത്തുന്നത് സംബന്ധിച്ച നിയന്ത്രണം ഭീമമായ ചെലവുണ്ടാക്കുന്നുവെന്നാണ് ബോര്‍ഡ് വാദിച്ചത്. ഡ്രില്ലിങ്ങിനും ബ്ലാസ്റ്റിങ്ങിനും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സിന്റെ സാങ്കേതിക ഉപദേശം സ്വീകരിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ന്ന് ഈ വിഷയങ്ങള്‍ 2018 മാര്‍ച്ച് 26-ന് നടന്ന എന്‍.ടി.സി.എ യോഗത്തില്‍ പരിഗണനയ്ക്കു വന്നു. തുടര്‍ന്ന് അനുമതി ലഭിച്ചു. പ്രതീക്ഷിത ചെലവ് 162 കോടിയായി ഉയര്‍ന്നു. എന്നാല്‍, ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രപ്പോസല്‍ പുതുക്കി നല്‍കി. ഡി ആകൃതിയിലുള്ള ടണലിന്റെ കോണ്‍ക്രീറ്റ് കനം 200 എം.എമ്മില്‍നിന്ന് 100 എം.എം ആക്കി കുറച്ചായിരുന്നു ചെലവ് ചുരുക്കിയത്. പുതുക്കിയ പദ്ധതിരേഖ പ്രകാരം 139.62 കോടിയാണ് പ്രതീക്ഷിത ചെലവ്. ഇതില്‍ തന്നെ 96.17 കോടി സിവില്‍ വര്‍ക്കിനും 32.45 കോടി ഇലക്ട്രിക്കല്‍-മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കും വേണ്ടിയായിരുന്നു.

വൈദ്യുത പദ്ധതികളുടെ ചരിത്രം

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി മുതലാണ് സംസ്ഥാനത്തെ ചരിത്രം പരിശോധിക്കേണ്ടത്. ആദ്യകാലങ്ങളില്‍ കൊച്ചിയിലും ചില കേന്ദ്രങ്ങളിലും പരിമിതമായ വൈദ്യുതി വിതരണത്തിന് സംവിധാനമുണ്ടായിരുന്നു. 1940-ലാണ് പള്ളിവാസലിലെ ആറു ജനറേറ്ററുകളില്‍ ആദ്യത്തേത് സ്ഥാപിക്കുന്നത്. അവസാനത്തേത് 1951-ലും. 1954-1955 വര്‍ഷങ്ങളില്‍ ചെങ്കുളം പദ്ധതിയും 1957-1960-നുമിടയില്‍ പെരിങ്ങല്‍ക്കുത്ത് ഇടതുകര പദ്ധതിയും കമ്മിഷന്‍ ചെയ്തു. 1957 ഏപ്രില്‍ ഒന്നിനാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിലവില്‍ വരുന്നത്, 1960-കളില്‍ നാലു ജലവൈദ്യുത പദ്ധതികള്‍ കൂടി സ്ഥാപിക്കപ്പെട്ടു. 1967-ലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ ആദ്യ ഘട്ടം കമ്മിഷന്‍ ചെയ്യുന്നത്. 130 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററാണ് അവിടെ സ്ഥാപിച്ചത്. ഇതോടെ മൊത്തം സ്ഥാപിതശേഷി 1000 മെഗാവാട്ട് കവിഞ്ഞു. 1970-കളുടെ അവസാനമാണ് സൈലന്റ്വാലി സമരം തുടങ്ങുന്നത്. ഇതോടെ പുതിയ ജലവൈദ്യുത പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തപ്പെട്ടു. പലതും ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍, ഇടുക്കിക്കു ശേഷം കമ്മിഷന്‍ ചെയ്ത വലിയ ജലവൈദ്യുത പദ്ധതികള്‍ ഇടമലയാറും (1987) ലോവര്‍ പെരിയാറും (1977) മാത്രമാണ്. 771 മെഗാവാട്ട് ശേഷിയുള്ള അഞ്ച് താപനിലയങ്ങള്‍ 1997-നും 2002-നും ഇടയില്‍ കമ്മിഷന്‍ ചെയ്തു. പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവനിലയം സ്ഥാപിക്കാന്‍ ശ്രമം നടന്നെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നിട്ടും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാനം വളരെ പിന്നിലാണ്. 1995-ല്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന രണ്ട് മെഗാവാട്ടിന്റെ നിലയം സ്ഥാപിച്ചു. അതേസമയം 1996-നും 2006-നുമിടയിലുള്ള പത്തു വര്‍ഷം 34 മെഗാവാട്ട് ശേഷിയുള്ള ഏഴു ചെറുകിട പദ്ധതികളാണ് സംസ്ഥാനത്ത് തുടക്കമായത്. നിലവില്‍ എന്‍.ടി.പി.സിയുടെ വൈദ്യുതി നിലയത്തില്‍നിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നില്ല. ഇന്ധനമായ നാഫ്തയുടെ ഭീമമായ വിലയാണ് കാരണം. നാഫ്തയുടെ വില അനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദനത്തിന് ഏകദേശം പത്തു രൂപയില്‍ കൂടുതല്‍ ചെലവ് വരും. വൈദ്യുതി വാങ്ങുന്നില്ലെങ്കില്‍പ്പോലും താപനിലയം നിലനിര്‍ത്തുന്നതിന് ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ എന്‍.ടി.പി.സിക്കു വര്‍ഷം തോറും 200 കോടി രൂപ നല്‍കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയുമൊക്കെ ആഗോളതലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ പ്രളയത്തിനുശേഷവും കേരളത്തില്‍ അതൊക്കെ തമസ്‌കരിക്കപ്പെടുകയാണ്. സൗരോര്‍ജ്ജമടക്കം പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതിനു പകരം ഇപ്പോഴും വന്‍കിട-ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്കാണ് കെ.എസ്.ഇ.ബി മുന്‍തൂക്കം നല്‍കുന്നത്. ഭൂതത്താന്‍കെട്ട് (24 മെഗാവാട്ട്), പെരിങ്ങല്‍ക്കുത്ത് (24 മെഗാവാട്ട്), അപ്പര്‍ കല്ലാര്‍ (2 മെഗാവാട്ട്), ചാത്തങ്കോട്ടുനട (ആറ് മെഗാവാട്ട്), പഴശി സാഗര്‍ (7.5 മെഗാവാട്ട്), ചിന്നാര്‍ (24 മെഗാവാട്ട്), പെരുവണ്ണാമൂഴി (ആറ് മെഗാവാട്ട്) എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. സ്വകാര്യമേഖലയില്‍ സംസ്ഥാനത്ത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2012-ല്‍ കേരളത്തില്‍ ഒരു നയം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സ്വകാര്യ സംരംഭകര്‍ക്ക് ബൂട്ട് അടിസ്ഥാനത്തില്‍ പദ്ധതികള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി എം.എം. മണി 19.11.2019-ല്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുവരെ സംസ്ഥാനത്ത് 200 മെഗാവാട്ടിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ (25 മെഗാവാട്ട് വരെ ശേഷിയുള്ള) കെ.എസ്.ഇ.ബിയുടേയും സ്വകാര്യമേഖലയുടേയും വകയായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2016-'17 കാലയളവില്‍ മാത്രം 20 പദ്ധതികളിലായി 47.4 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതികളാണ് സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച് നല്‍കിയത്. സൗരോര്‍ജ്ജവും കാറ്റ് എന്നിവയില്‍ നിന്നുള്ള ഉല്പാദനം മാറുന്ന കാലാവസ്ഥയില്‍ ആശ്രയിക്കാനാവില്ലെന്നും ഈ ഉല്പാദനക്കുറവ് ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ പരിഹരിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടേയും സര്‍ക്കാരിന്റേയും വാദം. എന്നാല്‍, വൈദ്യുതി ഉല്പാദനം പൂര്‍ണ്ണമായും സ്വകാര്യമേഖലയെ ഏല്പിക്കാനുള്ള നയത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു ഈ പദ്ധതികളെല്ലാം. 
 
 

വാഴച്ചാലിലെ കാടർ വിഭാ​ഗത്തിൽപ്പെട്ട ആദിവാസികൾ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്
വാഴച്ചാലിലെ കാടർ വിഭാ​ഗത്തിൽപ്പെട്ട ആദിവാസികൾ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്

വെള്ളം വിറ്റാല്‍ ലാഭം ബോര്‍ഡിന്  

ഇത്തവണ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ഉല്പാദനം കെ.എസ്.ഇ.ബി കൂട്ടിയിരുന്നു. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി വിറ്റു. അണക്കെട്ടില്‍ 92 ശതമാനം വെള്ളമുള്ളപ്പോള്‍ വൈദ്യുതി ആവശ്യം കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാന്‍ വൈദ്യുതി വില്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. യൂണിറ്റിന് 2.91 രൂപയ്ക്കായിരുന്നു വില്‍പ്പന. ആവശ്യക്കാര്‍ അന്ന് കുറവായതാണ് വില കുറയാന്‍ കാരണം. അതേസമയം, ദീര്‍ഘകാല കരാര്‍ പ്രകാരം കേരളം വാങ്ങുന്ന വൈദ്യുതി വേണ്ടെന്നു വയ്ക്കാനാകില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബോര്‍ഡ് 12.6 മെഗാവാട്ട് അധിക ജലവൈദ്യുതി ഉല്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഈ സര്‍ക്കാരിന്റെ വാദം. എന്നാല്‍, മൂന്നു സോളാര്‍ വൈദ്യുതി നിലയങ്ങളാണ് സ്ഥാപിച്ചത്. വെള്ളത്തൂവലില്‍ 3.6 മെഗാവാട്ടും പെരുന്തേനരുവിയില്‍ ആറു മെഗാവാട്ടും കക്കയം മൂന്നു മെഗാവാട്ടുമാണ് ഉല്പാദനശേഷി. 

പദ്ധതിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ 

1. അതീവ ജൈവസമ്പന്നമായ, ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായ കാടുകളാണ് മുറിച്ചുമാറ്റുക.
2. 20 ഏക്കറില്‍ 15 ഏക്കര്‍ പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ബഫര്‍സോണ്‍ പ്രദേശമാണ്.
3. പദ്ധതിമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ പഠനം നടന്നിട്ടില്ല.
4. വാഴച്ചാല്‍-ഷോളയാര്‍ കാടുകളുടെ ഉയര്‍ന്ന പാരിസ്ഥിതിക പ്രാധാന്യം കാണിക്കുന്ന നിരവധി ആധികാരിക പഠനങ്ങള്‍ ലഭ്യമാണ്.
5. ഈ മേഖലകള്‍ വന്യജീവിസങ്കേതമോ ദേശീയോദ്യാനമോ ആക്കണം എന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ് ഇന്ത്യ, ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
6. ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
7. 2018 ഓഗസ്റ്റില്‍ ആനക്കയം മേഖലയില്‍ നാലിടത്ത് മലയിടിച്ചിലുണ്ടായി. ഇതില്‍ ഏറ്റവും വലുത് ആനക്കയം ആദിവാസി കോളനിക്കടുത്തുണ്ടായ ഉരുള്‍പ്പൊട്ടലാണ്. നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്തിനു സമീപത്താണിത്.
8. പദ്ധതിക്കായി 3.65 മീറ്റര്‍ വ്യാസവും 5167 മീറ്റര്‍ നീളവുമുള്ള തുരങ്കം നിര്‍മ്മിക്കേണ്ടതുണ്ട്. ഇതിനായി വലിയ വിസ്ഫോടനങ്ങളിലൂടെ പാറ പൊട്ടിക്കേണ്ടിവരും. ഇത് പ്രദേശത്തെ ഭൂഘടനയെ കൂടുതല്‍ ദുര്‍ബ്ബലമാക്കും. മലയിടിച്ചിലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും.
9. ദുരന്തനിവാരണനിയമം 2005 പ്രകാരം ദുരന്തസാധ്യതകള്‍ പരമാവധി ലഘൂകരിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ചുമതലയാണ്. ഇവിടെ പക്ഷേ, ദുരന്തസാധ്യതാ മേഖലയില്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തി ചെയ്യാനൊരുങ്ങുകയാണ്. 
10. വനാവകാശനിയമം 2006 പ്രകാരം വാഴച്ചാല്‍ വനം ഡിവിഷനിലെ ആദിവാസി ഊരുകള്‍ക്ക് പദ്ധതിപ്രദേശം ഉള്‍പ്പെടെയുള്ള 400 ച.കി.മീ. പ്രദേശത്ത് കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് റൈറ്റ് ലഭിച്ചിട്ടുള്ളതാണ്. അവരുടെ ഊരുകൂട്ടങ്ങളുടെ അനുമതിയില്ലാതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് വനാവകാശനിയമത്തിന്റെ ലംഘനമാണ്.
11. സി.എഫ്.ആര്‍ പ്രകാരം ഈ വനഭൂമികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ആദിവാസികളുടെ ചുമതലയാണ്. തങ്ങളില്‍ നിക്ഷിപ്തമായ ചുമതല നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി ഉപേക്ഷിക്കണം എന്ന് ആദിവാസി ഊരുകൂട്ടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
12. കേരളത്തിന് ആവശ്യമായതില്‍ അധികം വൈദ്യുതി നിലവില്‍ ലഭ്യമാണ്. ഡിമാന്റ് കുറവായതിന്റെ പേരില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കേന്ദ്രവിഹിതം പോലും (ശരാശരി യൂണിറ്റിന് 3.6 രൂപ) പലപ്പോഴും പൂര്‍ണ്ണമായി എടുക്കാന്‍ കഴിയാറില്ല. യൂണിറ്റിന് 6-7 രൂപ വൈദ്യുതിക്കു വില വരുന്ന സംസ്ഥാനത്തെ താപനിലയങ്ങള്‍, അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യഥേഷ്ടം വൈദ്യുതി ലഭിക്കുന്നതിനാല്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
13. കേരളത്തില്‍ ഇന്ന് ഒരു വര്‍ഷം ഏകദേശം 2600-2700 കോടി യൂണിറ്റ് വൈദ്യുതിയാണ് ആവശ്യം. ഇതിന്റെ ആയിരത്തില്‍ ഒരംശം പോലും വൈദ്യുതി തരാന്‍ കഴിയാത്ത (2.25 കോടി യൂണിറ്റ്) ഈ പദ്ധതി തികച്ചും അപ്രസക്തമാണ്.
14. ജലവൈദ്യുത പദ്ധതികള്‍ക്ക് നിലവില്‍ ഒരു മെഗാവാട്ടിന് ശരാശരി 9-10 കോടി രൂപയാണ് ചെലവ്. 7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ആനക്കയം പദ്ധതിക്ക് പക്ഷേ, വൈദ്യുതി ബോര്‍ഡ് തന്നെ കണക്കാക്കുന്നത് 140 കോടി രൂപയാണ്; ഒരു മെഗാവാട്ടിന് 19 കോടി രൂപ. ഉയര്‍ന്ന പദ്ധതിച്ചെലവ് മൂലം ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയെങ്കിലും ചെലവുവരും. വൈദ്യുതിബോര്‍ഡിനും അതുവഴി ഉപഭോക്താക്കള്‍ക്കും നഷ്ടം വരുത്തും.

സൗരോര്‍ജ്ജ പദ്ധതികള്‍ 

പ്രഖ്യാപനം ഇങ്ങനെ

2022-ഓടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 40 ശതമാനം പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നാകണം എന്നതാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ 1000 മെഗാവാട്ട് സൗരോര്‍ജ്ജ സ്രോതസ്സുകളില്‍നിന്ന് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിയാണ് സൗര.

നടപ്പിലായത് ഇങ്ങനെ

15.72 മെഗാവാട്ടിന്റെ 26 സൗരോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 68,105 യൂണിറ്റ് വൈദ്യുതി. സിയാല്‍, അനെര്‍ട്ട്, ഐ.ആര്‍.ഇ.ഡി.എ, കെ.എം.ആര്‍.എല്‍ എന്നീ സ്ഥാപനങ്ങള്‍ വഴി 83 മെഗാവാട്ടാണ് കെ.എസ്.ഇ.ബിക്ക് കിട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com