ഇരകളുടെ കൂടുമാറ്റം വിവാദമാകുമ്പോള്‍

തീരുമാനം മാതൃകാപരമല്ലെന്നും നീക്കം വിവാദമായതോടെ അങ്ങനെയൊരു തീരുമാനമില്ല എന്നുമാണ് മന്ത്രി കെ.കെ. ഷൈലജ വിശദീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലൈംഗികാതിക്രമ കേസുകളിലെ ഇരയും മുഖ്യസാക്ഷിയുമായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പിന്റെ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകള്‍ അടച്ചുപൂട്ടുന്നതില്‍ സര്‍ക്കാര്‍ സത്യം മറച്ചുവയ്ക്കുന്നു. തിരുവനന്തപുരത്തെ രണ്ടു ഹോമുകളും ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ഹോമുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാനും അന്തേവാസികളെ തൃശൂര്‍ രാമവര്‍മ്മപുരത്തെ പുതിയ ഹോമിലേക്കു മാറ്റാനുമാണ് തീരുമാനം. ഈ ഏഴു ഹോമുകളിലെ ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനമുണ്ട്. കുറച്ചുപേര്‍ക്കു വേണമെങ്കില്‍ തൃശൂരിലേക്കു പോകാം. മോഡല്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാണ് പുതിയ ഹോമിന്റെ പേര്. പക്ഷേ, തീരുമാനം മാതൃകാപരമല്ലെന്നും നീക്കം വിവാദമായതോടെ അങ്ങനെയൊരു തീരുമാനമില്ല എന്നുമാണ് മന്ത്രി കെ.കെ. ഷൈലജ വിശദീകരിച്ചത്. അതേസമയം, തുടര്‍ നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. പെണ്‍കുട്ടികളെ തൃശൂരിലെ ഹോമിലേക്കു മാറ്റും; ഉടനെ മാറ്റുന്നില്ല എന്നേയുള്ളു. മാറ്റാതിരിക്കില്ല. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരിക്കുകയാണ്. എന്നാല്‍, അത് ഔപചാരിക ഉദ്ഘാടനമല്ലെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് അറിയിക്കുക മാത്രമാണ് ചെയ്യുന്നത് എന്നുമാണ് വാദം. 200 പെണ്‍കുട്ടികള്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങളും കളിസ്ഥലങ്ങളും ഓഡിറ്റോറിയവും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളുള്ള ഹോം തൃശൂരിലെ ശിശുക്ഷേമസമിതി (സി.ഡബ്ല്യു.സി) ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഉള്‍പ്പെടെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് താല്‍ക്കാലികമായി പിന്മാറി എന്ന പ്രതീതി വരുത്തിയത്. നിര്‍ഭയ ഹോമുകളുടെ പേര് ഒന്നര വര്‍ഷം മുന്‍പാണ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാക്കി മാറ്റിയത്. വര്‍ഷത്തില്‍ നാലു തവണ അന്തേവാസികളെ സന്ദര്‍ശിക്കുന്നതിനു സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള രക്ഷിതാക്കള്‍ക്കു യാത്രാച്ചെലവു നല്‍കും. വാടക കെട്ടിടങ്ങളിലാണ് ഏതാനും ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത്. അവയുടെ വാടകയും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ വര്‍ഷത്തില്‍ മുക്കാല്‍ കോടിയോളം രൂപ ലാഭിക്കാനാകും എന്നാണ് ഇതു സംബന്ധിച്ച് വനിതാ ശിശുക്ഷേമ സെക്രട്ടറിക്കു വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍, അത് നടപടിക്രമത്തിന്റെ ഭാഗം മാത്രമായ കണക്കെടുപ്പാണ് എന്ന് വകുപ്പു വിശദീകരിക്കുന്നു. എന്നാല്‍, പുതുതായി പീഡനക്കേസ് ഇരകളാകുന്ന പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്ന എന്‍ട്രി ഹോമുകളായി മാത്രം ജില്ലാ ഹോമുകള്‍ നിലനിര്‍ത്താനാണ് തീരുമാനം എന്ന് ഇതുമായി ബന്ധപ്പെട്ട പദ്ധതിരേഖയില്‍ വ്യക്തമാണ്. ക്രമേണ ബാലനീതി നിയമപ്രകാരമുള്ള ഹോമുകള്‍ (ജെ.ജെ. ഹോമുകള്‍) ആക്കി മാറ്റും. ഫലത്തില്‍ ഇരകള്‍ക്കുള്ള പ്രത്യേക പരിരക്ഷയ്ക്കു പകരം ഏതൊരു ചില്‍ഡ്രന്‍ ഹോമും പോലെ അനാഥാലയങ്ങളായി മാറും. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു അനാഥാലയം ആ പ്രദേശത്ത് ഉണ്ടെങ്കില്‍ അതിക്രമം നേരിട്ട പെണ്‍കുട്ടിയേയും അവിടേയ്ക്കു മാറ്റുകയാണ് ചെയ്യുക. ലൈംഗികാതിക്രമത്തിന്റെ ഇരകളുടെ മാനസികാവസ്ഥ മനസ്സിലാക്കാത്തവിധമുള്ള തീരുമാനമാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, പലതരത്തിലുള്ള ശാരീരികവും മാനസികവുമായ പരിമിതികളുള്ളവരുണ്ട്. അവരെ താമസിപ്പിക്കാന്‍ പ്രത്യേക ഹോം സജ്ജീകരിക്കാനാണ് ശുപാര്‍ശ. അത് ഇത്തരം കുട്ടികളോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച പൊതു മാനദണ്ഡത്തിനു വിരുദ്ധമാണ്. പരിമിതികളുള്ള (ഭിന്നശേഷികളുള്ള) കുട്ടികളെ മാറ്റിത്താമസിപ്പിക്കുന്നതിനു പകരം അവരെക്കൂടി ഉള്‍ക്കൊള്ളുന്ന സൗകര്യങ്ങളാണ് വേണ്ടത്. അങ്ങനെയാകുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകി ഇവരുടെ സ്ഥിതി മെച്ചപ്പെടാറുണ്ട് എന്ന് ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവമുള്ളവര്‍ പറയുന്നു. ഇടുക്കി, വയനാട്, കാസര്‍കോട് എന്നിവപോലെ യാത്രാസൗകര്യങ്ങള്‍ കുറവുള്ള ജില്ലകളില്‍നിന്നുള്ള രക്ഷിതാക്കളും ആദിവാസി പെണ്‍കുട്ടികളുടെ രക്ഷിതാക്കളും മറ്റും ഇപ്പോള്‍ത്തന്നെ അപൂര്‍വ്വമായും വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചുമാണ് മകളെ കാണാന്‍ എത്താറ്. ദാരിദ്ര്യം, പട്ടണത്തില്‍ വന്നുപോകാനുള്ള പരിചയക്കുറവ് തുടങ്ങിയതെല്ലാം കാരണങ്ങളാണ്. ഒരിക്കല്‍പ്പോലും രക്ഷിതാക്കള്‍ കാണാന്‍ എത്താത്ത കുട്ടികള്‍ പോലുമുണ്ട്. കടം വാങ്ങി വളരെ ദൂരെനിന്ന് ഓട്ടോറിക്ഷയില്‍ ഹോമിലേക്കു അനുഭവമുണ്ട്. ബസില്‍ വന്നുപോകാന്‍ അറിയില്ല; ഓട്ടോക്കാരനോടു പറഞ്ഞാല്‍ അയാള്‍ കണ്ടുപിടിച്ച് എത്തിക്കുമല്ലോ എന്നാണ് അതേക്കുറിച്ച് ഹോം ജീവനക്കാരും മറ്റും ചോദിച്ചപ്പോഴത്തെ മറുപടി. അവര്‍ എങ്ങനെ ദൂരെ സ്ഥലമായ തൃശൂരിലേക്കു പോകും എന്ന ചോദ്യം ഉയരുന്നു. രക്ഷിതാക്കള്‍ക്കു താമസസൗകര്യം ഉള്‍പ്പെടെ തൃശൂര്‍ ഹോമിലുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ, എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടുകള്‍ രക്ഷിതാക്കളെ പിന്തിരിപ്പിക്കുമെന്നും അത് ഈ പെണ്‍കുട്ടികള്‍ക്കു മാനസികമായി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നുമാണ് മറ്റൊരു നിരീക്ഷണം. കേസ് കഴിഞ്ഞിട്ടും പല കാരണങ്ങളാല്‍ വീട്ടില്‍ പോകാന്‍ കഴിയാത്തവരുള്‍പ്പെടെയാണ് ഹോമുകളിലുള്ളത്. 

ആദ്യ ഘട്ടത്തില്‍ 150 കുട്ടികളെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഹോമുകളിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം സ്ഥലക്കുറവു മൂലമുള്ള ഞെരുക്കമാണെന്നും അതു കുറയ്ക്കാനാണ് പുതിയ ഹോമില്‍ ശ്രമിക്കുക എന്നുമാണ് വിശദീകരണം. കുട്ടികളുടെ സന്നദ്ധത, രക്ഷിതാക്കളുടെ താല്‍പ്പര്യം ഇതെല്ലാം കണക്കിലെടുത്താകും അന്തിമ തീരുമാനമെന്ന് വനിതാ-ശിശുക്ഷേമ ഡയറക്ടര്‍ ടി.വി. അനുപമ പറയുന്നു.

വാക്കും പ്രവൃത്തിയും 

2012 മാര്‍ച്ച് 13-നു കേരളത്തില്‍ നിര്‍ഭയ നയം നിലവില്‍ വന്നതിന്റ തുടര്‍ച്ചയായാണ് 14 ജില്ലകളിലും വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളും ഒരു എസ്.ഒ.എസ് ഹോമും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇവ സാമൂഹികനീതി വകുപ്പിനു കീഴിലായിരുന്നു. ഹോമുകളില്‍ ഭൂരിഭാഗത്തിന്റേയും നടത്തിപ്പു ചുമതല വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇരകളുടെ പക്ഷത്തുനിന്നുള്ള നടത്തിപ്പില്‍ ഈ ഹോമുകള്‍ മാതൃകാ സംരംഭങ്ങളായി മാറുകയും ചെയ്തു. അതിന്റെ ഭാഗമായാണ് 2017-ല്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം പിണറായി വിജയന്‍ സമ്മാനിച്ചത്. ഈ സര്‍ക്കാര്‍ വനിതാ-ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോള്‍ അതിനു കീഴിലേക്കു മാറ്റിയതും കൂടുതല്‍ ശ്രദ്ധയും പരിഗണനയും കിട്ടുന്നതിനുവേണ്ടിയാണ്. എന്നാല്‍, ക്രമേണ സമീപനം മാറി. നിര്‍ഭയ ഹോം എന്ന പേര് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാക്കി മാറ്റിയതും അതിനുശേഷമാണ്. സംരക്ഷണം, പ്രതിരോധം, കേസ് നടത്തിപ്പ്, പുനരധിവാസം, പുനരേകീകരണം എന്നിവയാണ് നിര്‍ഭയ നയത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. മുഴുവന്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളിലുമായി 400 പേര്‍ താമസിക്കുന്നു എന്നാണ് തൃശൂര്‍ മോഡല്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം സംബന്ധിച്ച പ്രോജക്റ്റ് പ്രപ്പോസലില്‍ പറയുന്നത്. ''ഒരു ഹോമില്‍ 25 പേരെ താമസിപ്പിക്കാവുന്നതാണ്. പല ഹോമുകളിലും കൂടുതല്‍ താമസക്കാര്‍ ഉള്ളതിനാല്‍ ഇവര്‍ക്കാവശ്യമായ സേവനങ്ങള്‍ കൃത്യമായി നല്‍കുന്നതില്‍ ബുദ്ധിമുട്ടാകുന്നു'' -പദ്ധതിരേഖയില്‍ പറയുന്നു. തൃശൂര്‍ മോഡല്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം ആരംഭിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെ: ''ലൈംഗികാതിക്രമ കേസുകളിലെ സാക്ഷിയും പീഡിതയും ഒരാളായതിനാല്‍ ഇവരുടെ മാനസികാഘാതം ലഘൂകരിച്ച് സാധാരണനിലയിലേക്കു കൊണ്ടുവരുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേസ് വിസ്താരത്തിന് ആവശ്യമായ നടപടികള്‍ സജ്ജമാക്കുന്നതിനും തൊഴില്‍പരമായ പരിശീലനം നല്‍കുന്നതിനും പ്രത്യേക പരിചരണവും കൗണ്‍സലിംഗും നല്‍കി പുനരധിവസിപ്പിച്ച് സമൂഹത്തിലേക്കു പുനരേകീകരിക്കുന്നതിനും ഇങ്ങനെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുമാണ് മോഡല്‍ ഹോം.'' 

ഓരോ ജില്ലയിലുമുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളെ എന്‍ട്രി ഹോമുകളായി നിലനിര്‍ത്താവുന്നതാണ് എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. എന്നാല്‍, തൃശൂര്‍ ജില്ലാ എന്‍ട്രി ഹോം പുതിയ ഹോമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നിലവിലെ ഹോമുകളെ എന്‍ട്രി ഹോമുകളാക്കുന്നതിലൂടെ വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍, സെക്യൂരിറ്റി, അസിസ്റ്റന്റ് കുക്ക്, അസിസ്റ്റന്റ് കെയര്‍ ടേക്കര്‍ എന്നീ തസ്തികകള്‍ ഇല്ലാതാകും. അതുവഴി ഒരു വര്‍ഷം 74,70,000 (എഴുപത്തിനാല് ലക്ഷത്തി എഴുപതിനായിരം) രൂപയുടെ 'സേവിംഗ്സ്' ലഭിക്കുന്നു എന്നും വ്യക്തമാക്കുന്നു. 

രക്ഷിതാക്കള്‍ക്കു മാസത്തില്‍ ഒരു തവണ സന്ദര്‍ശിക്കാം. എന്നാല്‍, സാമ്പത്തികശേഷി തീരെ കുറഞ്ഞവരും മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉള്ളവരുമായ രക്ഷിതാക്കള്‍ക്ക് വര്‍ഷത്തില്‍ നാലു പ്രാവശ്യം യാത്രാബത്ത നല്‍കും. പദ്ധതിരേഖയില്‍ ഇങ്ങനെയാണെങ്കിലും കുട്ടികളുടെ രക്ഷിതാക്കളെ കാര്യം അറിയിച്ച് അനുമതി വാങ്ങുക എന്ന നിയമപരമായ ഉത്തരവാദിത്വം വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതുതന്നെ തീരുമാനമെടുത്തു കഴിഞ്ഞാണ്. അതോടെ അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. രക്ഷിതാക്കളെ പങ്കെടുപ്പിച്ച് 'ഓറിയന്റേഷന്‍ ക്ലാസ്സുകള്‍' നടത്തുകയാണ്. 

കുട്ടികളെ നിര്‍ഭയ ഹോമുകളില്‍നിന്നു മാറ്റുക എന്നത് ഇപ്പോള്‍ തുടങ്ങിയ കാര്യമല്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊന്ന്. പല പെണ്‍കുട്ടികളേയും സ്വന്തം വീട്ടിലേക്കു പലപ്പോഴായി അയച്ചു. 18 വയസ്സായി എന്ന പേരിലാണ് വിവിധ ഹോമുകളില്‍നിന്നായി കുട്ടികളെ ഇങ്ങനെ തിരിച്ചയച്ചത്. പക്ഷേ, വീട്ടിലെ സാഹചര്യം ഇവര്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നതാണോ എന്ന് അന്വേഷിക്കാതെയാണ് അയച്ചത്. അവരില്‍ ചിലര്‍ വേറെ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായും ചിലര്‍ ഗര്‍ഭിണിയായും തിരിച്ചുവന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്നിട്ടും ജെ.ജെ. ഹോം ഉണ്ടെങ്കില്‍പ്പിന്നെ വേറൊന്നും വേണ്ട എന്ന തെറ്റായ ധാരണയുടെ പേരില്‍ നിര്‍ഭയ ഹോമുകള്‍ പൂട്ടിക്കുമെന്നു പരസ്യമായി പറഞ്ഞ ബാലാവകാശ കമ്മിഷന്‍ അംഗം പോലുമുണ്ട്. ഇടുക്കി സി.ഡബ്ല്യു.സി സന്ദര്‍ശനവേളയിലായിരുന്നു ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ ആക്രോശം. അതിക്രമത്തിന് ഇരയായ കുട്ടിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്വം സര്‍ക്കാരിന്റേതായിരിക്കെയാണ് അവരെ നിര്‍ബ്ബന്ധിച്ചു മാറ്റിത്താമസിപ്പിക്കുന്നത്. അവരവരുടെ പ്രദേശത്തു ജീവിക്കാനുള്ള അവകാശം, അതിക്രമത്തിന് ഇരയായി എന്ന പേരില്‍ നഷ്ടപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്. ഇരട്ട അനീതി. 2017-ല്‍ മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് അര്‍ഹത നേടുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ അതു സമ്മാനിക്കുകയും ചെയ്ത പദ്ധതിയാണ് നിര്‍ഭയ. അതേ പദ്ധതിയാണ് ഈ സര്‍ക്കാര്‍ തന്നെ നിസ്സാരമാക്കി മാറ്റുന്നത്. 

87 ശതമാനമാണ് നിര്‍ഭയ ഹോമുകളിലെ അന്തേവാസികളുടെ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക്. ഇതു വളരെ പ്രധാനമാണ്. അല്ലാത്ത കേസുകളില്‍ ഇത് 20 ശതമാനത്തില്‍ താഴെയാണ്. അതായത്, പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന് അനുകൂലമായി കുട്ടികള്‍ ഉറച്ച നിലപാടെടുക്കാന്‍ നിര്‍ഭയ ഹോമുകളിലെ അന്തരീക്ഷം അവരെ സഹായിക്കുന്നു. നിര്‍ഭയ ഹോം അധികൃതര്‍ക്കുപോലും പ്രതികളില്‍നിന്നു വിവിധ കേസുകളില്‍ അതിശക്തമായ സമ്മര്‍ദ്ദം പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന് അവര്‍ വഴങ്ങാറില്ല. പക്ഷേ, വളരെ ദരിദ്രവും സുരക്ഷിതത്വം കുറഞ്ഞതുമായ ചുറ്റുപാടിലാകുമ്പോള്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ എളുപ്പമല്ലാതാകുന്നു. 

തൃശൂരില്‍ സുസജ്ജമായ കെട്ടിടമുണ്ടായിരിക്കുന്നു എന്നതുകൊണ്ടു മാത്രം അവര്‍ സുരക്ഷിതരാകുന്നില്ല. ഓരോ പെണ്‍കുട്ടിക്കും കിട്ടിക്കൊണ്ടിരിക്കുന്ന പ്രത്യേക ശ്രദ്ധയും പരിരക്ഷയും 'കൂട്ടത്താമസിപ്പിക്കലില്‍' നഷ്ടമാകുന്നു. പെണ്‍കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ കൂടിയാണ് ഈ പറിച്ചുനടല്‍. സ്വന്തം പിതാവ് ഉള്‍പ്പെടെയുള്ളവരില്‍നിന്നു ദുരനുഭവങ്ങളുണ്ടായ സംഭവത്തിലെ പെണ്‍കുട്ടി രഹനാസിന് സര്‍ക്കാര്‍ പിന്നീട് വനിതാരത്‌നം പുരസ്‌കാരം കൊടുത്തു. പക്ഷേ, ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ രഹനാസിനു ജോലിയോ സ്വന്തം വീടോ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വയനാട്ടിലെ സ്വകാര്യ അനാഥാലയത്തിലാണ് രഹനാസ് ജോലി ചെയ്യുന്നത്. ജോലി കൊടുക്കാം എന്ന വാക്കു മാത്രമേ സര്‍ക്കാരില്‍നിന്ന് ഉണ്ടായുള്ളു. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി നിലപാടെടുക്കുകയും തീരുമാനമാക്കി മാറ്റി നടപ്പാക്കുകയും ചെയ്തത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പു മാത്രമാണ്. ഇരകളായ നാലു പെണ്‍കുട്ടികള്‍ക്കു പട്ടികവര്‍ഗ്ഗ ക്ഷേമ ഡയറക്ടര്‍ പി. പുകഴേന്തിയുടെ ഇടപെടലില്‍ വീടുവച്ചു നല്‍കി. 

തിരുവനന്തപുരത്തെ മൂന്നു നിര്‍ഭയ ഹോമുകളില്‍ മാത്രം നൂറോളം കുട്ടികളുണ്ട്. 2013-ല്‍ നിര്‍ഭയ ഹോമുകള്‍ തുടങ്ങിയതു മുതല്‍ ഇതുവരെ വന്നുപോയതും നിലവിലുള്ളവരുമായി ആയിരത്തി അഞ്ഞൂറിലധികം പെണ്‍കുട്ടികളാണുള്ളത്. അതിനര്‍ത്ഥം ഏഴു വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ ആയിരത്തി അഞ്ഞുറിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ്. ഈ പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ കാര്യമായ നടപടികളില്ല. ശരിയായവിധം പുനരധിവസിപ്പിക്കപ്പെട്ട ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല എന്നതാണ് വസ്തുത. 

തിരുവനന്തപുരത്തെ നിർഭയ ഭവൻ
തിരുവനന്തപുരത്തെ നിർഭയ ഭവൻ

ഇരകള്‍ എന്നും ഇരകള്‍ 

ശരിയായ പഠനവും അന്വേഷണവുമില്ലാതെ വീട്ടിലേക്കു തിരിച്ചയയ്ക്കുന്ന പെണ്‍കുട്ടികളുടെ വീട്ടിലെ ജീവിതസാഹചര്യം സുരക്ഷിതമല്ലാത്തതുകൊണ്ട് നല്ലൊരു ജീവിതത്തെക്കുറിച്ചു പ്രതീക്ഷ നല്‍കുന്ന പ്രണയത്തില്‍പ്പെട്ട് വീടുവിട്ടുപോയ നിരവധിപ്പേരുണ്ട്. പക്ഷേ, പിന്നീടും അവര്‍ സുരക്ഷിതരായിരുന്നില്ല എന്നതിനുമുണ്ട് ഉദാഹരണങ്ങളേറെ. വേണ്ടത്ര വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ഇല്ലാത്തതുകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാനും കഴിയുന്നില്ല. തിരിച്ചയയ്ക്കുന്ന പെണ്‍കുട്ടികളില്‍ പലരേയും അമ്മ ബന്ധുവീട്ടിലാക്കിയ സംഭവങ്ങളുണ്ട്. അവളെ പീഡിപ്പിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛന്റെ സാന്നിധ്യമാണ് സ്വന്തം വീട് അന്യമാക്കുന്നത്. ആ ബന്ധുവീട് സുരക്ഷിതമാകാറുമില്ല. പല കുട്ടികളേയും പ്രതികള്‍ തന്നെ സംരക്ഷിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു കബളിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, വീണ്ടും ചൂഷണം ചെയ്യപ്പെടുകയോ ജീവിതം തന്നെ നഷ്ടപ്പെടുകയോ ചെയ്യുന്നു കാസര്‍കോട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിട്ട് അധികകാലമായിട്ടില്ല. സഹോദരന്റെ സുഹൃത്താണ് പീഡിപ്പിച്ചത്. നിര്‍ഭയ ഹോമില്‍നിന്നു തിരിച്ചുപോയി മൂന്നാം മാസം മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തി. ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

ലൈംഗിക പീഡന ഇരകളുടെ പുനരധിവാസത്തെക്കുറിച്ചു സര്‍ക്കാരിനു വ്യക്തമായ നയമില്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്കു കാരണം. ഇരയോടു സമൂഹത്തിലെ വലിയൊരു വിഭാഗത്തിനുള്ള മനോഭാവം വളരെ മോശമാണ്. അതുകൊണ്ട് പീഡനത്തിന് ഇരയാകുന്നതിനു മുന്‍പു ജീവിച്ച അതേവിധം സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ വരുന്നു. ആയുഷ്‌കാലം സര്‍ക്കാര്‍ ഹോമില്‍ കഴിയാനും പറ്റില്ല. പിന്നെ അവരെന്തു ചെയ്യും എന്ന ചോദ്യത്തിനാണ് സര്‍ക്കാരിനു കൃത്യമായ മറുപടി ഇല്ലാത്തത്. തിരിച്ചുപോയിട്ട് ജീവിക്കാന്‍ ഇടമില്ലാതെ കൂട്ടുകാരികളുടെ വീടുകളില്‍ കഴിയുന്ന മൂന്നോ നാലോ പേരുണ്ട്. ഹോമുകളില്‍നിന്നു പോയിക്കഴിഞ്ഞാല്‍, തിരിച്ചയച്ചുകഴിഞ്ഞാല്‍ ആ പെണ്‍കുട്ടികളുടെ ജീവിതം പിന്നീട് എങ്ങനെയാണ് എന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെപ്പോലെതന്നെ എല്‍.ഡി.എഫ് സര്‍ക്കാരിനുമില്ല ഉല്‍ക്കണ്ഠ. ഡിസ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍(ഡി.സി.പി.ഒ)ക്ക് അവരെ നോക്കാന്‍ ഉത്തരവാദിത്വമുണ്ട്. പക്ഷേ, നടപ്പാകുന്നില്ല എന്നുമാത്രം. 21 വയസ്സു വരെ ഇരകളുടെ മേല്‍നോട്ടം സി.ഡബ്ല്യു.സിക്കു വഹിക്കാം എന്ന് ബാലനീതി നിയമത്തില്‍ പറയുന്നുണ്ടായിരിക്കെ 18 വയസ്സു തികഞ്ഞയുടന്‍ ഹോമില്‍നിന്നു തിരിച്ചയയ്ക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിനു നിയമപരമായ പിന്‍ബലമില്ല. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ 18 വയസ്സു തികഞ്ഞതിന്റെ പേരില്‍ തിരിച്ചയയ്ക്കുന്ന കുട്ടികള്‍ക്കു മിക്കവാറും സാക്ഷി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് പോലും സമയത്തു കിട്ടാതെ വരാറുണ്ട്. സ്വന്തമായി വീട് ഇല്ലാത്തതും വാടകവീടുകളില്‍ മാറിമാറി താമസിക്കുന്നതും ഇതിനു കാരണമാണ്. 

കേരളത്തില്‍ ലൈംഗികപീഡനത്തിനു വിധേയരാകുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ദളിത് പെണ്‍കുട്ടികളാണ്. ജാതിയും സാമ്പത്തികസ്ഥിതിയും ജീവിതസാഹചര്യങ്ങളും തമ്മില്‍ ബന്ധമുള്ളതുകൊണ്ടുതന്നെയാണിത്. മുസ്ലിം പെണ്‍കുട്ടികളാണ് തൊട്ടടുത്ത്. സ്വന്തമായി വീടില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നവരില്‍ ഏറെയും. 

നിര്‍ഭയ ഹോം എന്ന പേരില്‍നിന്നുതന്നെ അവിടുത്തെ അന്തേവാസികളെ ആളുകള്‍ തിരിച്ചറിയും എന്നതുകൊണ്ട് ആ പേരു മാറ്റി വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോം എന്നാക്കിയത്. എന്നിട്ടിപ്പോള്‍ അവരെത്തന്നെ കൂട്ടത്തോടെ ഒരു ഹോമില്‍ താമസിപ്പിക്കുമ്പോള്‍, അവിടെ താമസിക്കുന്നവരെല്ലാം ബലാത്സംഗം ചെയ്യപ്പെട്ടവരാണ് എന്ന് ആളുകള്‍ തിരിച്ചറിയാന്‍ ഇടയാക്കിയേക്കും. പല ഹോമുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന പരാതികള്‍ പതിവായതോടെ അതു പരിഹരിക്കാനാണ് ഈ മാറ്റം എന്നത് ഒരുതരം വാശിയായും മാറുകയാണ്. 

നിര്‍ഭയ ഹോം അന്തേവാസികളുടെ ആരോഗ്യപരിരക്ഷാ ചുമതല പൂര്‍ണ്ണമായും ഹിന്ദുസ്ഥാന്‍ ലൈഫ്കെയര്‍ ലിമിറ്റഡിനേയും (എച്ച്.എല്‍.എല്‍) ജീവനക്കാരുടെ പരിശീലന പരിപാടികള്‍ ഒരു സ്വകാര്യ ഏജന്‍സിയേയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എച്ച്.എല്‍.എല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. പക്ഷേ, അവര്‍ക്ക് ചികിത്സാരംഗത്ത് വേണ്ടത്ര മുന്‍പരിചയം ഇല്ല. ഇതു പെണ്‍കുട്ടികളുടെ മാനസിക, ശാരീരിക സ്ഥിതിയും ആവശ്യങ്ങളും ശരിയായി തിരിച്ചറിഞ്ഞു ചികിത്സനല്‍കുന്നതിനു തടസ്സമാകുന്നു. 

രക്ഷിതാക്കളെ അറിയിക്കാതെ തിരുവനന്തപുരം ഹോമിലെ കുട്ടികളെ എടക്കാട്ടുവയലില്‍ പരിശീലനത്തിനു കൊണ്ടുപോയിരുന്നു. പൗള്‍ട്രിഫാം നടത്താനാണ് പരിശീലിപ്പിച്ചത്. ചിത്രരചന ഉള്‍പ്പെടെ പലവിധ കഴിവുകളുള്ളവരുണ്ട്. പക്ഷേ, അവരെ ആ വിധം മനസ്സിലാക്കി പരിശീലനം നല്‍കുന്നില്ല. ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത യാന്ത്രികവും പഴഞ്ചന്‍രീതിയിലുള്ളതുമായ പരിശീലനം അവര്‍ക്കു മറ്റൊരു പീഡനമായി മാറുകയും ചെയ്യുന്നു.

എല്ലാത്തിനും ഒറ്റമൂലി പരിഹാരമായി അവതരിപ്പിച്ചാണ് തൃശൂര്‍ മാതൃകാ ഹോമിലേക്കു കൂട്ടത്തോടെ ഇരകളെ ആട്ടിത്തെളിക്കുന്നത്.

തീരുമാനം അടച്ചുപൂട്ടാനല്ല; പെണ്‍കുട്ടികളുടെ 
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍
ടി.വി. അനുപമ, വനിതാ-ശിശുക്ഷേമ ഡയറക്ടര്‍

അടച്ചുപൂട്ടാനുള്ള തീരുമാനം ഇതുവരെ ഇല്ല. ചെറിയ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. 14 ജില്ലകളിലും ചെറിയ ഹോമുകളാണ്. 25 കുട്ടികള്‍ക്കു താമസിക്കാനുള്ള സ്ഥലം മിക്ക ഹോമുകളിലും ഇല്ല. ആറിടത്തു മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്. ഒരു ഹോമിലും കളിസ്ഥലമില്ല. അവരെ താമസിപ്പിക്കുമ്പോള്‍ അവിടെ കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള സ്ഥലസൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. പക്ഷേ, ഇപ്പോഴതില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ അല്ല ഹോമുകളെ കാണുന്നത്. അങ്ങനെ കാണേണ്ട കാര്യവുമല്ല. മറിച്ച്, ഒരു പ്രപ്പോസല്‍ കൊടുക്കുമ്പോള്‍ അതിന്മേല്‍ സര്‍ക്കാരിന് അധികബാധ്യത ഇല്ല എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. ആ ഒരു പോയിന്റ് ഓഫ് വ്യൂ കൂടി ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ മാത്രമേ പുതിയ ഹോം തുടങ്ങുന്നതിന് അനുമതി കിട്ടുകയുള്ളു. ഗവണ്‍മെന്റിലേക്ക് ഒരു പ്രപ്പോസല്‍ എന്നു പറഞ്ഞാല്‍ കുട്ടികളെ മാറ്റുന്ന കാര്യം മാത്രമല്ല, ഇന്ന കാര്യത്തിന് ഇത്ര രൂപ ചെലവാകും എന്നു വിശദീകരിച്ച് ആ പദ്ധതിക്കുള്ള അംഗീകാരം വാങ്ങല്‍ കൂടിയാണ്. ഇപ്പോള്‍ നിലവിലുള്ള ചെലവിനേക്കാള്‍ കൂടുതലാണ് എന്നാണ് വരുന്നതെങ്കില്‍ കൂടുതല്‍ കോംപ്ലിക്കേഷനാണ് ഉണ്ടാവുക. അതുകൊണ്ട് ആ കാര്യം കൂടി പറയണം. അതല്ലാതെ, ആ തുക ലാഭിക്കാനാണ് എന്ന പരാമര്‍ശം ആ പ്രപ്പോസലില്‍ എവിടെയുമില്ല. ഇങ്ങനെയൊരു ചെലവുകുറവ് ഉണ്ടാകുന്നുണ്ട് എന്നു ധനകാര്യ വകുപ്പിനു മുന്നില്‍ ചൂണ്ടിക്കാണിക്കുന്നു എന്നേയുള്ളൂ.

ബാലാവകാശ കമ്മിഷന്‍ മുന്‍പു ചൂണ്ടിക്കാണിച്ചതുപോലെ, ഹ്രസ്വകാല പുനരധിവാസത്തിലും ദീര്‍ഘകാല പുനരധിവാസത്തിലുമുള്ള കുട്ടികളെ ഇപ്പോള്‍ ഒന്നിച്ചാണ് താമസിപ്പിക്കുന്നത്. ചില കുട്ടികളെ പത്തോ പതിനഞ്ചോ ദിവസം താമസിപ്പിച്ചിട്ടു വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകും. പക്ഷേ, രണ്ടു വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുമുള്ള താമസസ്ഥലങ്ങള്‍ വെവ്വേറെയാക്കാനുള്ള നിര്‍ദ്ദേശമുണ്ട്. അതിനു സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ നിര്‍മ്മിക്കുന്ന വലിയ ഹോമിലേക്കു മാറ്റുകയാണ്. അവിടെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുള്‍പ്പെടെ വിനോദത്തിനുള്ള സ്ഥലങ്ങളുണ്ട്. ദീര്‍ഘകാല പുനരധിവാസത്തിലുള്ള കുട്ടികളെ ഇവിടേക്കു മാറ്റുകയും ഹ്രസ്വകാല പുനരധിവാസത്തിലുള്ളവരെ അതാതു ജില്ലകളില്‍ത്തന്നെ താമസിപ്പിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 

കുട്ടികളെ രക്ഷിതാക്കള്‍ക്കു വര്‍ഷത്തില്‍ നാലുതവണ കാണുന്നതിനുള്ള യാത്രാച്ചെലവും താമസ സൗകര്യവും ഉള്‍പ്പെടെ സര്‍ക്കാര്‍ ഒരുക്കും എന്നാണ് പുതിയ ഹോമിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുള്ളത്. രക്ഷിതാക്കള്‍ക്കു വന്നു താമസിക്കുന്നതിനുള്ള സൗകര്യവും തൃശൂര്‍ ഹോമില്‍ ഉണ്ടാകും. അത്തരം സൗകര്യങ്ങളെല്ലാം കൂടി ഒരു കോടി രൂപ ചെലവാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകള്‍ ജീവനക്കാരുടെ സൗകര്യത്തിനുവേണ്ടിയുള്ളതല്ല എന്നതാണ്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള ഹോമുകളാണ്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്കു ജോലി പോകുന്നു എന്ന തരത്തില്‍ ചര്‍ച്ച ചെയ്യുന്നത് സദുദ്ദേശ്യപരമല്ല. 

ഇതിപ്പോള്‍ കൂടിയാലോചനാ ഘട്ടത്തിലാണ്. ബാലാവകാശ കമ്മിഷന്റെ വിവിധ ഉത്തരവുകളും പുനരധിവാസം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട്, നിലവിലുള്ളതിലും മികച്ച സംവിധാനത്തിലേക്കാണ് പോകുന്നത്. ഏഴ് ഹോമുകള്‍ അടച്ചിടുന്ന കാര്യത്തില്‍പ്പോലും പറയുന്നത്, ഇത്തരം ഹോമുകളില്‍ കുട്ടികള്‍ ഇല്ലാത്ത ഒരു സാഹചര്യം വന്നാല്‍ അടച്ചിടും എന്നാണ് പറയുന്നത്. തൃശൂരിലേക്കു മാറ്റുന്നതുതന്നെ, ആരൊക്കെ മാറാന്‍ തയ്യാറാണ് എന്ന് അഭിപ്രായം ചോദിച്ചു മാത്രമാണ് തീരുമാനിക്കുക. അങ്ങനെയൊരു മാറ്റമുണ്ടെങ്കില്‍ മാത്രമാണ് നിലവിലെ ഹോമുകള്‍ അടച്ചിടേണ്ടിവരിക. അതെല്ലാം ഒരുപാടുകാലം കഴിഞ്ഞു നടക്കേണ്ട കാര്യമാണ്. ഇപ്പോള്‍ തൃശൂര്‍ ഹോം തുടങ്ങാനുള്ള തീരുമാനം മാത്രമേ ആയിട്ടുള്ളു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോമുകള്‍ അടച്ചുപൂട്ടാനുള്ള ഒരു നിര്‍ദ്ദേശവും ഇതുവരെ വന്നിട്ടില്ല. 

മാറ്റുന്ന കാര്യത്തില്‍ കുട്ടികളുടെ സന്നദ്ധത അറിയുന്നതിനും രക്ഷിതാക്കളുടെ അഭിപ്രായം അറിയുന്നതിനുമുള്ള കൗണ്‍സലിംഗ് നടന്നുവരികയാണ്. വര്‍ഷത്തില്‍ നാലു തവണ രക്ഷിതാക്കള്‍ കുട്ടികളെ കാണാന്‍ വരുന്ന അതേ സ്ഥിതി തുടര്‍ന്നും നല്‍കുന്ന കാര്യമുള്‍പ്പെടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. അതിനെല്ലാം ശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രമേ മാറ്റാനുള്ള നടപടികളെടുക്കുകയുള്ളൂ. നിലവിലെ ഹോമുകളേക്കാള്‍ കുട്ടികളുടെ താമസത്തിനു വിപുലമായ സൗകര്യങ്ങളും മികച്ച അന്തരീക്ഷവുമുള്ള സ്ഥലമാണ് തയ്യാറാകുന്നത് എന്നത് വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഭദ്രമായിരിക്കും തൃശൂരിലെ ഹോം. 

ഈ കുട്ടികളെ വീട്ടില്‍ നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് അവരെ സര്‍ക്കാര്‍ ഹോമില്‍ നിര്‍ത്തണം എന്ന രക്ഷിതാക്കളുടെ കൂടി ആവശ്യം പരിഗണിച്ച് ജില്ലാ ശിശുക്ഷേമസമിതികള്‍ (സി.ഡബ്ല്യു.സി) ഉത്തരവിട്ടിട്ടാണ് ഓരോ കുട്ടിയും ഹോമില്‍ എത്തുന്നത്. ഏതു കുട്ടിയെ ഏതു ജില്ലയിലേക്കു മാറ്റാനും സി.ഡബ്ല്യു.സിയുടെ ഉത്തരവ് ആവശ്യമാണ്. സി.ഡബ്ല്യു.സിയാണ് ഇക്കാര്യത്തിലെ അന്തിമ അതോറിറ്റി. അതിന് ഓരോ കുട്ടിയേയും സി.ഡബ്ല്യു.സിക്കു മുന്നില്‍ ഹാജരാക്കുകയും കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങള്‍ പഠിക്കുകയും ചെയ്ത ശേഷം മാത്രമേ മാറ്റാന്‍ പറ്റുകയുള്ളു. അതാണു നടപടിക്രമം; അല്ലാതെ സര്‍ക്കാരിനു പെട്ടെന്ന് അവരെ ഇഷ്ടംപോലെ മാറ്റാന്‍ അനുവാദമില്ല. 

ഉദ്ഘാടനത്തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞാലും സര്‍ക്കാരിലെ ഉന്നതതല കൂടിയാലോചനകള്‍ പല തലങ്ങളില്‍ നടക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമാണ് അന്തിമ തീരുമാനമുണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com