ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
ഫോട്ടോ: മനു ആർ‌ മാവേലിൽ/ എക്സ്പ്രസ്
ഫോട്ടോ: മനു ആർ‌ മാവേലിൽ/ എക്സ്പ്രസ്

എല്‍.ഡി.എഫ് മികച്ച വിജയം നേടുകയും യു.ഡി.എഫ് ദയനീയമായി തകരുകയും ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞുപോവുകയും ചെയ്ത കൊവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചത് രാഷ്ട്രീയ അടിയൊഴുക്കുകളും സര്‍ക്കാര്‍ അനുകൂല വികാരവും. നാലു മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കൂടി ഇവ സ്വാധീനിക്കുമോ എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചകള്‍. പ്രാദേശിക വികസന പ്രശ്നങ്ങള്‍ക്കും വ്യക്തികളുടെ ഗുണദോഷങ്ങള്‍ക്കും അപ്പുറം ജനവിധിയെ സ്വാധീനിച്ചത് രാഷ്ട്രീയ വിഷയങ്ങളായിരുന്നു ഇത്തവണ. യു.ഡി.എഫും ബി.ജെ.പിയും മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരു വിഭാഗവും നാല് കേന്ദ്ര ഏജന്‍സികളും പിണറായി സര്‍ക്കാരിനേയും സി.പി.എമ്മിനേയും വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന എല്‍.ഡി.എഫ് പ്രചാരണത്തിനു ലഭിച്ച അംഗീകാരം കൂടിയായി ഈ തെരഞ്ഞെടുപ്പുഫലം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വ്യക്തമായ ആധിപത്യമാണ് എല്‍.ഡി.എഫിന്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിലനിര്‍ത്താനും പിടിക്കാനുമുള്ള ഇടപെടലുകള്‍, ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റം, ജമാഅത്തെ ഇസ്ലാമിയുടെ കക്ഷിരാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള സമീപനം എന്നീ കാര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി മാറിയത്. ബി.ജെ.പിക്കേറ്റ തിരിച്ചടിയുടെ പരിച്ഛേദമായി തിരുവനന്തപുരം മാറി; ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശത്തിന്റെ ഗുണം മധ്യകേരളത്തില്‍ എല്‍.ഡി.എഫിനു ലഭിച്ചു; യു.ഡി.എഫിന് അത് ദോഷം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം മലബാറില്‍ കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനും ഗുണം ചെയ്തില്ല. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പരീക്ഷണം കൂടുതല്‍ പഞ്ചായത്തുകളില്‍ വിജയിച്ചതില്‍ രാഷ്ട്രീയ മുന്നണികള്‍ക്കു പാഠമുണ്ട്. എന്നാല്‍, അതേവിധം തിരുവനന്തപുരത്തു രൂപീകരിച്ച ട്രിവാന്‍ഡ്രം വികസന മുന്നേറ്റം (ടി.വി.എം) വിജയിച്ചുമില്ല. 

ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

2015-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 37.36 ശതമാനം, യു.ഡി.എഫ് 37.23 ശതമാനം, എന്‍.ഡി.എ 13.28 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടുകള്‍ ലഭിച്ചത്. 549 ഗ്രാമ പഞ്ചായത്തുകളിലും 90 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴു ജില്ലാ പഞ്ചായത്തുകളിലും 44 മുനിസിപ്പാലിറ്റികളിലും നാല് കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫ് ജയിച്ചു. 365 ഗ്രാമപഞ്ചായത്തുകളിലും 61 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴു ജില്ലാ പഞ്ചായത്തുകളിലും 41 മുനിസിപ്പാലിറ്റികളിലും രണ്ട് കോര്‍പ്പറേഷനുകളിലുമാണ് യു.ഡി.എഫ് ജയിച്ചത്. അതായത് ജില്ലാ പഞ്ചായത്തുകളില്‍ തുല്യമായി ജയിച്ചു; ബാക്കി എല്ലായിടത്തും ഇടതുമുന്നണി ജയിച്ചെങ്കിലും ഇത്തവണത്തേക്കാള്‍ ഭേദപ്പെട്ടതായിരുന്നു യു.ഡി.എഫിന്റെ സ്ഥിതി. 14 ഗ്രാമപഞ്ചായത്തുകളിലാണ് 2015-ല്‍ എന്‍.ഡി.എ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളുടേയോ ജില്ലാ പഞ്ചായത്തുകളുടേയോ കോര്‍പ്പറേഷനുകളുടേയോ ഭരണം പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍, ആദ്യമായി അവര്‍ യു.ഡി.എഫിനെ പിന്നിലാക്കി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തി. 100-ല്‍ 35 വാര്‍ഡുകളിലാണ് അന്നവര്‍ ജയിച്ചത്. പാലക്കാട് നഗരസഭാ ഭരണം കിട്ടി. എന്നാല്‍, ഇത്തവണ പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്തിയതിനു പുറമേ പന്തളം നഗരസഭകൂടി നേടാന്‍ കഴിഞ്ഞതില്‍ അവരുടെ പ്രകടനമികവു നിലച്ചു. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഭരണംപിടിക്കും എന്ന അവകാശവാദത്തിനു തിരിച്ചടിയാണു കിട്ടിയത്. യു.ഡി.എഫാകട്ടെ, കഴിഞ്ഞ തവണത്തേതിലും പകുതിയില്‍ താഴെയായി. തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനും കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാലും തോറ്റു.
 
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ 43 വാര്‍ഡുകളില്‍ ജയിച്ചു ഭരണം നേടിയ എല്‍.ഡി.എഫ് ഇത്തവണ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 51 വാര്‍ഡുകളില്‍ വിജയം നേടി. 2015-ല്‍ 21 വാര്‍ഡുകളില്‍ ജയിച്ച യു.ഡി.എഫ് തകര്‍ന്നടിഞ്ഞതിന്റെ അലയൊലി കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിയിലും കോണ്‍ഗ്രസ്സിലും ഈ തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പോരു മൂര്‍ച്ഛിപ്പിക്കും. പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി, മുന്നണി സംവിധാനം വേണ്ടവിധം ഫലപ്രദമായില്ലെന്ന് കെ. സുധാകരന്റെ വിമര്‍ശനമാണ് തുടക്കമിട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ മുസ്ലിംലീഗില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങള്‍ക്കു കരുത്തുകൂടും. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ കാര്യങ്ങളിലും ഇടപെട്ട വി.എസ്. ശിവകുമാറും തമ്പാനൂര്‍ രവിയും അവരെ വിശ്വസിച്ചേല്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമാണ് കൂടുതല്‍ പ്രതിരോധത്തില്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിനു മുന്‍കയ്യെടുക്കുകയും അതിനെ ശക്തമായി ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്ത യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സനാണ് ഉത്തരംമുട്ടുന്ന മറ്റൊരാള്‍. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ പരസ്യമായി തള്ളിപ്പറയുകയും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ ഇടപെടാന്‍ മടിച്ച് അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ അറിയിക്കുകയും ചെയ്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ കരുത്തനാകാന്‍ ഇടയുമില്ല. ഉമ്മന്‍ ചാണ്ടി, രമേശ് ഗ്രൂപ്പുകളുടെ പിടിയിലാണ് കോണ്‍ഗ്രസ്. ദുര്‍ബ്ബലമായ ഹൈക്കമാന്റിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും കെ.പി.എ മജീദും മുസ്ലിംലീഗിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി. മുരളീധരനും ബി.ജെ.പിയിലും പറഞ്ഞുനില്‍ക്കാന്‍ ബുദ്ധിമുട്ടും. മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രധാനികള്‍ പ്രചാരണരംഗത്തുനിന്നു വിട്ടുനിന്നതിന്റെ പ്രത്യാഘാതമാണ് ബി.ജെ.പി അനുഭവിക്കുന്നത് എന്നാണ് സംഘപരിവാര്‍ ക്യാമ്പിലെ മുഖ്യ ആരോപണം. 

തോറ്റിട്ടും സമ്മതിക്കാതെ ബി.ജെ.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം കയ്യെത്തും ദൂരെ എത്തിയെന്ന ബി.ജെ.പിയുടെ പ്രതീക്ഷ ഇത്തവണ തെറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്നിലാക്കി എന്‍.ഡി.എ രണ്ടാം സ്ഥാനത്ത് എത്തുകയും മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തിരുന്നു. അന്ന് ഇടതുമുന്നണി അധികാരത്തി ലെത്തിയെങ്കിലും കേവലഭൂരിക്ഷത്തിന് എട്ടു സീറ്റുകള്‍ കുറവായിരുന്നു. ബി.ജെ.പി ഇത്തവണ കൂടുതല്‍ പ്രതീക്ഷവയ്ക്കാന്‍ പ്രധാന കാരണവും അതുതന്നെ. തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ കഴിഞ്ഞാല്‍ കേരളം പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ദൂരം കുറയും എന്ന് സംഘ്പരിവാര്‍ കരുതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലം വളരെ പ്രധാന രാഷ്ട്രീയ സന്ദേശമായി മാറുമെന്നും കണക്കുകൂട്ടി. പൂജപ്പുര വാര്‍ഡില്‍ വിജയിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു രാജ്യസഭാംഗം സുരേഷ് ഗോപി അവകാശപ്പെട്ടത് എന്‍.ഡി.എ 65 മുതല്‍ 70 സീറ്റുകളില്‍ വരെ വിജയിക്കും എന്നാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.എസ്.എസ്സിന്റെ വിലയിരുത്തലായി പ്രചരിച്ചത് 20 സീറ്റുകളെങ്കിലും കൂടുതല്‍ നേടാനാകും എന്നായിരുന്നു. അതായത് 55 സീറ്റുകള്‍. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ പത്തു വാര്‍ഡുകളിലെങ്കിലും കൂടുതല്‍ ജയിച്ച് 45-ല്‍ എത്താനാകും എന്നാണ് അവരുടെ കേന്ദ്രങ്ങള്‍ ആധികാരികമായി പറഞ്ഞ കണക്ക്. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത് 61 സീറ്റു കിട്ടും എന്നാണ്. യു.ഡി.എഫിന്റെ സീറ്റുകള്‍ കുറയുമെന്നും അതിന്റെ മെച്ചം മറ്റു രണ്ടു മുന്നണികള്‍ക്കും ലഭിക്കുമെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍.ഡി.എയുടെ സീറ്റുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ പത്തെണ്ണം വരെ കുറയാം എന്നാണ് സി.പി.എം വിലയിരുത്തിയത്. ബി.ജെ.പിയുടെ ആഭ്യന്തരപ്രശ്നങ്ങള്‍ എല്‍.ഡി.എഫിനു ഗുണകരമാകുമെന്ന കണക്കുകൂട്ടലും ഫലം കണ്ടു.

2015-ല്‍ 1400 വാര്‍ഡുകളില്‍ വിജയിച്ച ബി.ജെ.പിക്ക് 18 പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്നു, ഇതില്‍ 5 പഞ്ചായത്തില്‍ ഭരണം പിന്നീട് നഷ്ടപ്പെട്ടു. എന്നാല്‍, ഇത്തവണ 8000 സീറ്റുകളും 194 പഞ്ചായത്തും 24 മുനിസിപ്പാലിറ്റികളും തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും ലഭിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് കെ. സുരേന്ദ്രന്‍ നല്‍കിയ കണക്ക്. പക്ഷേ, അതിന്റെ നാലയലത്തെത്താന്‍ സാധിച്ചില്ല. ശ്രദ്ധ പൂര്‍ണ്ണമായും സ്വര്‍ണ്ണക്കള്ളക്കടത്തു കേസിനു പിന്നാലെ ആയതോടെ മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും വാര്‍ത്താസമ്മേളനങ്ങളിലൂടെ തേജോവധം ചെയ്യുന്നതില്‍ ആയിരുന്നു സംസ്ഥാന അധ്യക്ഷന്റെ പൂര്‍ണ്ണ ശ്രദ്ധ.

കോര്‍ കമ്മിറ്റിയോ ഇലക്ഷന്‍ കമ്മിറ്റിയോ ചേരാതെ, പ്രകടനപത്രികപോലും ഇറക്കാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ പരാജയം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സംസ്ഥാന കമ്മിറ്റിയും ഭാരവാഹി യോഗവും വിളിക്കണം എന്ന ആവശ്യത്തിലേക്കു നീങ്ങുകയാണ് വിമതനേതാക്കള്‍. തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേന്ദ്രനെ മാറ്റണമെന്ന് കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രസിഡന്റ് വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുക. ഇരുവിഭാഗങ്ങളും അടുത്ത ദിവസങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി രൂപികരിച്ച് 40 വര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായ ഏറ്റവും അനുകൂല സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയ നേതാവായാണ് കെ. സുരേന്ദ്രനെ മറ്റു ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഖ്യം എല്‍.ഡി.എഫ് പ്രചാരണ വിഷയമാക്കിയപ്പോള്‍ അത് ബി.ജെ.പി പ്രചരണവിഷയമാക്കിയില്ല. ''കെ. സുരേന്ദ്രന്റെ കൂടിയാലോചന ഇല്ലായ്മയും രാഷ്ട്രീയ പക്വതക്കുറവും തന്‍പ്രമാണിത്തവുംവെച്ച് മുന്നോട്ടു പോകാന്‍ കഴിയില്ല; അതിനാല്‍ സുരേന്ദ്രനെ മാറ്റി സംഘടനാ നേതൃത്വം  പുനഃസംഘടിപ്പിക്കണം''- ഇതാണ് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ ആവശ്യം. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടണം എന്ന ഈ ആവശ്യത്തോട് കേന്ദ്രനേതൃത്വം എത്രത്തോളം അനുകൂലമായി പ്രതികരിക്കും എന്നത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ സഞ്ചാരത്തില്‍ ബി.ജെ.പിക്കു പ്രധാനമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായാണ് ആര്‍.എസ്.എസ് കേരളത്തിലെ പൂര്‍ണ്ണ സംഘടനാശേഷി ഉപയോഗപ്പെടുത്തിയത്. ബി.ജെ.പിയല്ല, ആര്‍.എസ്.എസ്സാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലത്തില്‍ ഇത് ആര്‍.എസ്.എസ്സിന്റെ കൂടി തോല്‍വിയായി മാറുന്നു. അതേസമയം, കൂടുതല്‍ സ്ഥലങ്ങളിലേക്ക് കടന്നുകയറാനും സ്വാധീനമേഖല വിപുലത്തപ്പെടുത്താനും കഴിഞ്ഞു എന്നാണ് ബി.ജെ.പി ആശ്വസിക്കുന്നത്.

ജോസും ജോസഫും

പാലാ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ വിജയമാണ് ആദ്യഘട്ടത്തില്‍ത്തന്നെ പുറത്തുവന്ന ഫലങ്ങളിലൊന്ന്. ജോസ് കെ. മാണി പക്ഷത്തിന്റെ മുന്നണി മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു അത്. പാലാ നഗരസഭയിലും കോട്ടയം ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചതോടെ അതിനു വ്യക്തത വന്നു. ചരിത്രവിജയം എന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും പറഞ്ഞു. ജോസ് കെ. മാണി പക്ഷത്തെ കൂടെക്കൂട്ടിയത് മധ്യകേരളത്തിലെ എല്‍.ഡി.എഫ് വിജയത്തില്‍ കാര്യമായ പങ്കുവഹിച്ചു എന്നത് പ്രധാനമാണ്. യു.ഡി.എഫിനൊപ്പം തുടര്‍ന്ന പി.ജെ. ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് വിജയത്തെ സഹായിക്കാന്‍ കഴിഞ്ഞുമില്ല. അതേസമയം, ജോസ് കെ. മാണി പക്ഷത്തിന്റെ സാന്നിധ്യം ഇടതുമുന്നണിയുടെ വിജയത്തെ സഹായിച്ച ഒരേയൊരു കാരണമായി അവതരിപ്പിക്കുന്നത് ശരിയായ വിലയിരുത്തലാകില്ല. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഇടതുമുന്നണിക്ക് കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം കാര്യമായ ഗുണം ചെയ്തു. ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ മികച്ച വിജയത്തിനും അത് കാരണമായി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പ്രാഥമിക പ്രതികരണത്തില്‍ ഇത് ചൂണ്ടിക്കാണിച്ചെങ്കിലും വിജയാഹ്ലാദത്തിനിടെ കല്ലുകടിയായി മാറുന്ന പരസ്യ നിരീക്ഷണങ്ങള്‍ വേണ്ട എന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി 2015-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും നീക്കുപോക്ക് ഉണ്ടാക്കിയിരുന്നു. 42 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജയിക്കുകയും ചെയ്തു. കൂടുതല്‍ വിജയം ഉണ്ടായത് എല്‍.ഡി.എഫുമായി സഹകരിച്ച വാര്‍ഡുകളിലാണ്. എന്നാല്‍ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയത് യു.ഡി.എഫിനാണ്. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ ശക്തി പകരുന്നതിന്റെ ഭാഗമായ തീരുമാനം എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കൂടി ബാധകമായ സഖ്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും തമ്മില്‍ ഉണ്ടാക്കിയത് എന്ന് എല്‍.ഡി.എഫ് വിലയിരുത്തി. ഐ.എന്‍.എല്ലിനെ കാല്‍ നൂറ്റാണ്ടോളം പുറത്തുനിര്‍ത്തിയ ശേഷം മാത്രം മുന്നണിയിലെടുത്ത സി.പി.എം തങ്ങളെ ഒരിക്കലും ഘടകകക്ഷിയാക്കില്ല എന്നുകൂടി മനസ്സിലാക്കി വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനമെടുക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മതമൗലികവാദ പ്രസ്ഥാനമാണ് എന്നു ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് ബന്ധത്തിനെതിരെ പ്രചാരണം നടത്തുന്നതില്‍ എല്‍.ഡി.എഫ് വിജയിച്ചു. എന്നാല്‍, ആ ധാരണ ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സും ലീഗും മുന്നോട്ടു പോയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും എം.എം. ഹസ്സനും രമേശ് ചെന്നിത്തലയും കെ. മുരളീധരനും വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായി നിലകൊണ്ടു. ലീഗിനെ പരമ്പരാഗതമായി പിന്തുണച്ചുവരുന്ന സുന്നി വോട്ടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോട് അനുകൂലമായല്ല പ്രതികരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഖ്യത്തിന്റെ പരീക്ഷണശാലയായി മാറിയ മുക്കം നഗരസഭയില്‍ മികച്ച ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ പോവുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഗുണമുണ്ടായെങ്കിലും യു.ഡി.എഫിനു നഷ്ടക്കച്ചവടമായി മാറി. അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ സഹകരിപ്പിക്കാന്‍ യു.ഡി.എഫ് തയ്യാറാകാന്‍ ഇടയില്ല. 

2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമെന്നതുപോലെതന്നെ ഇത്തവണയും തദ്ദേശ ജനപ്രതിനിധികളില്‍ അധികവും സ്ത്രീകളാണ് എന്ന പ്രത്യേകത ആവര്‍ത്തിച്ചിരിക്കുന്നു. അമ്പതു ശതമാനം സംവരണം എന്നതില്‍ സ്ത്രീപ്രാതിനിധ്യം ഒതുങ്ങിനില്‍ക്കുന്നില്ല. അറുപത് ശതമാനത്തിനും മുകളിലാണ് സ്ത്രീജനപ്രതിനിധികളുടെ എണ്ണം. ജനറല്‍ സീറ്റുകളിലും നിരവധി സ്ത്രീകളെ മത്സരിപ്പിച്ചതാണ് കാരണം. വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകളായിട്ടും സ്ത്രീകള്‍ക്കു നിയമപരമായി ഉയര്‍ന്ന പ്രാതിനിധ്യം ഉറപ്പാക്കാന്‍ വൈകുന്ന പൊതുതെരഞ്ഞെടുപ്പുകളേക്കാള്‍ സ്ത്രീകളുടെ കൂടി തെരഞ്ഞെടുപ്പായി മാറിയത് അങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com