'ജീവിതം ഒറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു; ഉറക്കത്തിനിടെ കിട്ടിയ അടിപോലെ'- ആ ഉമ്മ പറയുന്നു 

നടപടിയും വിചാരണയും ഒക്കെയായി എത്രനാള്‍? കേസ് ഇല്ലാതാവുമെങ്കിലും അത്രയും കാലത്തെ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? അവരുടെ ഭാവിയും വിദ്യാഭ്യാസവും എന്താകും?
താഹയുടെ ഉമ്മ ജമീല/ ഫോട്ടോ - ടി.പി. സൂരജ് (എക്‌സ്പ്രസ്സ്)
താഹയുടെ ഉമ്മ ജമീല/ ഫോട്ടോ - ടി.പി. സൂരജ് (എക്‌സ്പ്രസ്സ്)

കോഴിക്കോട് പന്തീരങ്കാവ് മൂര്‍ക്കനാട് ഭഗവതി ക്ഷേത്രത്തിനടുത്താണ് താഹ ഫസലിന്റെ വീട്. പണിപൂര്‍ത്തിയാകാത്ത ചെറിയൊരു വീട്. താഹയുടെ പ്രായമാണ് ഈ വീടിനെന്ന് ഉമ്മ ജമീല പറയുന്നു. 24 വര്‍ഷമായിട്ടും അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനംകൊണ്ട് താഹയുടെ ഉപ്പ ആവുംപോലെയൊക്കെ ചെയ്തുവെച്ചു. താഹയും സഹോദരനും പഠനത്തിനിടയില്‍ പണിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ബാക്കി പണികള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരുന്നത്. ഈയടുത്ത് വീട് സിമന്റ് തേച്ചു. അടുക്കളയുടെ ഭാഗത്തെ പണി തുടങ്ങിവെച്ച സമയത്താണ് താഹ പൊലീസ് കസ്റ്റഡിയില്‍ ആകുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ സ്‌കൂളില്‍നിന്ന് അവധി കിട്ടുമ്പോഴൊക്കെ താഹ കൂലിപ്പണിക്കു പോകും. അതിനിടയില്‍ പഠിച്ചിട്ടും ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കും നേടി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഉപ്പയ്ക്ക് ഇപ്പോള്‍ ജോലിക്കു പോകാന്‍ വയ്യ. ഉമ്മ തയ്യല്‍ ജോലിക്കു പോയി കിട്ടുന്ന വരുമാനം മതിയാകില്ലെന്നു തോന്നിയപ്പോഴാണ് മക്കള്‍ പണിക്കിറങ്ങിയത്. ഒപ്പം പഠനം മുടക്കാതെ കൊണ്ടുപോയി. പ്ലസ്ടുവിന് എന്‍ട്രന്‍സ് എഴുതി നവോദയയില്‍ അഡ്മിഷന്‍ നേടി. ജ്യോഗ്രഫിയില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കി. പി.ജി ജേര്‍ണലിസം അവസാനഘട്ടത്തിലായിരുന്നു താഹ ഫസല്‍. ഏറെ കഷ്ടപ്പാടുകള്‍ കഴിഞ്ഞു രക്ഷപ്പെടാന്‍ പോകുന്നു എന്ന അവസ്ഥയിലാണ് താഹയുടേയും കുടുംബത്തിന്റേയും ജീവിതം ഒറ്റദിവസം കൊണ്ട ് തകിടംമറിഞ്ഞത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ താഹ ഫസലും സുഹൃത്ത് അലന്‍ ഷുഹൈബും ഇപ്പോള്‍ എന്‍.ഐ.എ. കസ്റ്റഡിയിലാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് താഹ. മുഖ്യമന്ത്രി പലവട്ടം തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഇവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു. 

മൂന്നു മാസമായി താഹ ഈ വീട്ടില്‍നിന്നു പോയിട്ട്. കോലായില്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നുണ്ട ്  ആ ഉമ്മ.

തളര്‍ന്നുപോയ ആ രാത്രി 

''താഹയെ കൊണ്ടുപോയതിനുശേഷം ഞങ്ങള്‍ക്ക് ഉറങ്ങാന്‍പോലും കഴിയാറില്ല. കണ്ണടയ്ക്കുമ്പോള്‍ ഉമ്മാന്ന് വിളിക്കുന്ന പോലെ തോന്നും. ഞാന്‍ വാരിക്കൊടുത്ത ചോറ് കഴിച്ചാണ് അവസാനം അവന്‍ പൊലീസ് ജീപ്പില്‍ കയറിപ്പോയത്. വിയ്യൂരിലേയ്ക്കു പോകുന്നതിനു മുന്‍പ് കോഴിക്കോട് പോയി ഞങ്ങള്‍ അവനെ കണ്ട ിരുന്നു.'' ''ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എത്ര അന്വേഷിച്ചാലും വേറൊന്നും കിട്ടാനില്ല. അതുകൊണ്ട ് വിഷമിക്കരുത്. ഉപ്പയ്ക്ക് ഗുളികയും മരുന്നും കൃത്യമായി കൊടുക്കണം. ഞാന്‍ വേഗം തിരിച്ചുവരും. നിങ്ങളുടെ കൂടെത്തന്നെ ഉണ്ട് എന്നു വിചാരിച്ചാല്‍ മതി'' എന്നൊക്കെയാണ് അവന്‍ പറഞ്ഞത്.

അവധി കിട്ടുമ്പോഴൊക്കെ കോണ്‍ക്രീറ്റിന്റെ പണിക്കാണ് അവന്‍ പോകാറ്. നല്ല അധ്വാനമുള്ള പണിയാണ്. ക്ഷീണിച്ചിട്ടാണ് വൈകുന്നേരം വീട്ടിലെത്തുക. വന്നാലുടനെ കുറച്ചു നേരം കിടക്കും. അതുകഴിഞ്ഞിട്ടാണ് കുളിച്ചു പുറത്തേയ്‌ക്കൊക്കെ പോകുക. രാത്രി ഒന്‍പതൊക്കെ ആവുമ്പോഴേയ്ക്കും തിരിച്ചുവരും. അന്നും അതുപോലൊക്കെത്തന്നെയായിരുന്നു. പണികഴിഞ്ഞു വന്നു കിടന്നപ്പോഴാണ് അലന്‍ വന്നത്. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. താഹയുടെ ഉപ്പ ഉണ്ടായിരുന്നു. കുറച്ചു നേരം വര്‍ത്താനമൊക്കെ പറഞ്ഞു ചായയൊക്കെ കാച്ചി കുടിച്ചാണ് രണ്ടു പേരും പുറത്തേയ്ക്കു പോയത്. 

അഞ്ചേമുക്കാല്‍ ആയിട്ടുണ്ടാകും. ഇപ്പോ വരാന്നും പറഞ്ഞ് ഇറങ്ങിയതാണ്. രാത്രി എട്ടര കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ഉപ്പ അവന്റെ നമ്പറിലേയ്ക്കു വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൂത്തമോന്‍ ഇജാസ് പനിയായതുകൊണ്ട ് വന്ന ഉടനെ കിടന്നിരുന്നു. 12 മണിയായിട്ടും കാണാതായതോടെ ടെന്‍ഷനായി. ഞങ്ങള്‍ കോലായില്‍ വന്നിരുന്നു. അവന്‍ നേരം വൈകുന്ന ആളല്ലാത്തോണ്ട ് തന്നെ ഉപ്പയ്ക്കു നല്ലോണം ബേജാറായി. ഇടയ്ക്കിടയ്ക്കു വിളിച്ചുനോക്കുന്നുണ്ട ്. ഇജാസിനെ വിളിച്ച് എവിടെയെങ്കിലും തെരഞ്ഞു പറഞ്ഞയക്കാന്‍ ഉപ്പ പറയുന്നുണ്ട ്. പനിക്കുന്ന കുട്ടിയെ ഞാനീ പാതിരയ്ക്ക് എവിടെ പറഞ്ഞയക്കാനാണ്. എന്റെ മോന് എന്തോ പറ്റിയിട്ടുണ്ട ് എന്നൊക്കെ ഉപ്പ പറഞ്ഞോണ്ടിരുന്നു.

താഹയുടെ ഉമ്മ ജമീലയും പിതാവ് അബൂബക്കറും
താഹയുടെ ഉമ്മ ജമീലയും പിതാവ് അബൂബക്കറും

ഒന്നേകാലൊക്കെ ആയപ്പോഴേക്കും പൊലീസ് വണ്ടി വന്നു. വണ്ടിയില്‍ താഹയും ഉണ്ട ്. ഈ പാതിരവരെ നീ എവിടെയാണ് പോയി നിന്നത് എന്നു ഞാന്‍ ചോദിച്ചു. കാരണം പൊലീസുകാര്‍ക്കു കിട്ടണമെങ്കില്‍ പാതിരവരെ എവിടെയെങ്കിലും നിന്നതുകൊണ്ടായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. അപ്പോഴാണ് അവന്‍ പറഞ്ഞത് 6.15 നു പിടിച്ചിട്ടുണ്ട ് എന്ന്. അപ്പോഴേയ്ക്കും വിറച്ചിട്ട് തളര്‍ന്നുപോയിരുന്നു. നീ എങ്ങനെ ഇവരുടെ കയ്യില്‍പ്പെട്ടു എന്നു ചോദിച്ചു ഞാന്‍ അവന്റെ അടുത്തേയ്ക്കു പോയി. നടക്കാനും കഴിയുന്നില്ല എനിക്ക്.

അന്നേരം ഒരു പൊലീസുകാരന്‍ പറഞ്ഞു, അവനിവിടെ കുറച്ചു പൈസ കൊണ്ടുവെച്ചിട്ടുണ്ട ്. അതെടുക്കാന്‍ വന്നതാണ്. അതെടുത്തുതന്നാല്‍ ഇവനെ ഇറക്കിവിട്ട് ഞങ്ങള്‍ പോകും എന്ന്. 

പൈസ കൊണ്ടുവെച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എടുത്തോളീ, കാരണം എന്റെ മോന്‍ കക്കാനും പിടിച്ചുപറിക്കാനും പോകില്ലാന്ന് എനിക്കുറപ്പാണെന്നു ഞാനും പറഞ്ഞു. മോന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത്രയ്ക്ക് ഉറപ്പുണ്ടോ എന്ന് പൊലീസ് ചോദിച്ചു. പിന്നെയാണ് പറഞ്ഞത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവനെ പിടിച്ചതാണെന്നും കൂടെയുള്ള ഒരാള്‍ ഓടിപ്പോയെന്നും അയാളുടെ ബാഗില്‍നിന്നും ലഘുലേഖകളും പോസ്റ്ററുകളും കിട്ടിയിട്ടുണ്ടെ ന്നും. അപ്പോള്‍ത്തന്നെ ഉപ്പ ചോദിച്ചു ഇവന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ട ായിരുന്നോ എന്ന്. ഇവന്റെ കയ്യില്‍ ഒന്നും ഉണ്ട ായിരുന്നില്ല എന്ന് പൊലീസ് പറയുകയും ചെയ്തു. 

താഹ പറഞ്ഞത് അലനും ഇവനും കൂടി ബീഡി വലിച്ചോണ്ട ് നിക്കുമ്പോള്‍ ഒരാളെ പിടിക്കാന്‍ പൊലീസ് പോകുന്നതു കണ്ടു. അയാള്‍ ഓടിപ്പോയി. എന്താ സംഭവം എന്നു ചോദിക്കാന്‍ ഞങ്ങള്‍ പൊലീസുകാരുടെ അടുത്ത് പോയതാണ്. അപ്പോഴേക്കും പൊലീസ് പറഞ്ഞത് നിങ്ങളും അവന്റെകൂടെയുള്ളതല്ലേ, കഞ്ചാവ് കച്ചവടം അല്ലേ പണി, കഞ്ചാവ് ഉപയോഗിക്കാന്‍ വേണ്ടി മാറിനിന്നതല്ലേ എന്നൊക്കെ. ജീപ്പില്‍ കയറാന്‍ പറഞ്ഞിട്ട് കേള്‍ക്കാത്തപ്പോള്‍ കയറിയില്ലെങ്കില്‍ കഞ്ചാവ് കേസില്‍ കുടുക്കും എന്നും പറഞ്ഞു. സ്റ്റേഷനില്‍ എത്തിയശേഷം കഞ്ചാവ് കേസാണെന്നു പറഞ്ഞാല്‍ നിങ്ങളെ ആരും രക്ഷിക്കാന്‍ വരില്ല, കഞ്ചാവല്ലേ കുടുങ്ങട്ടെ എന്നേ പറയൂ. അതുകൊണ്ട ് മാവോയിസ്റ്റ് ആണെന്നു പറഞ്ഞാല്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരും എന്ന് പൊലീസുകാര്‍ പറഞ്ഞു. ഇതൊക്കെ ഇവിടെ പൊലീസുകാരുടെ മുന്നില്‍ വെച്ചുതന്നെയാണ് താഹ ഞങ്ങളോട് പറയുന്നത്. 

അവന്‍ കുടിക്കാന്‍ കുറച്ചു വെള്ളം ചോദിച്ചു, ഞാന്‍ കൊണ്ടുകൊടുത്തു. നീ എന്തെങ്കിലും കഴിച്ചോന്ന് ഉപ്പ ചോദിച്ചപ്പോള്‍ പൊലീസുകാര്‍ പറഞ്ഞു, ഒന്നും കഴിച്ചിട്ടില്ല, ചോറ് ഉണ്ടെങ്കില്‍ കൊടുക്കാന്‍. ഞാന്‍ ചോറും കൊണ്ട ് കോലായില്‍ വന്നു. അടുക്കളുയുടെ പുറകു വശത്താണ് ടോയ്ലറ്റ്. താഹ അവിടെയൊക്കെ പോയി കൈകഴുകി കേറിവന്നു. അതൊക്കെ അവന്‍ ഒറ്റയ്ക്കാണ് പോയത്. പൊലീസുകാരൊന്നും കൂടെ പോയിട്ടില്ല. ഞാന്‍ ചോറ് അവനു വാരിക്കൊടുത്തു. മക്കള്‍ക്കു രണ്ടാള്‍ക്കും ഇടയ്ക്ക് ഞാന്‍ അങ്ങനെ വാരിക്കൊടുക്കാറുണ്ട ്. 

അതുകഴിഞ്ഞു പൊലീസ് അവനോട് വണ്ട ിയില്‍ കേറിയിരിക്കാന്‍ പറഞ്ഞു. ഒരു പൊലീസുകാരന്‍ ഡ്രൈവിങ് സീറ്റില്‍ കേറി. ഒരു വനിതാ പൊലീസ് മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് ഇവന്റെ അടുത്തേയ്ക്കു പോകുന്നതു ഞാന്‍ കാണുന്നുണ്ട ്. ബാക്കിയുള്ള പൊലീസുകാര്‍ ഇവന്റെ മുറിയിലാണ്. പെട്ടെന്നാണ് താഹ മുദ്രാവാക്യം വിളിച്ചത്. ഇതു കേട്ട് ഞങ്ങള്‍ ഓടിപ്പോയി നോക്കി. നീ എന്നെ പറ്റിച്ചല്ലോ മോനെ എന്നും പറഞ്ഞാണ് ഞാന്‍ ഓടിച്ചെന്നത്. ഞാന്‍ വിളിച്ചതല്ല ഉമ്മ, ഇവരെന്നെക്കൊണ്ട ് വിളിപ്പിച്ചതാണ് എന്ന് താഹ പറയുന്നുണ്ട ്. അവന്റെ വാ പൊത്താന്‍ പൊലീസുകാരും പറയുന്നത് കേട്ടു. വിറച്ചിട്ട് എനിക്കൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്താണ് നടക്കുന്നത് എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാണ് പൊലീസുകാര്‍ കുറച്ചു പുസ്തകം കാണിച്ചിട്ട് നോക്ക്, മോന്‍ വായിക്കുന്ന പുസ്തകം ഇതൊക്കെയാണ് എന്നു പറഞ്ഞു കാണിക്കുന്നത്. എന്തു പുസ്തകമാണ് എന്നുപോലും തിരിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അത്രയും ബേജാറായി ഇരിക്കുമ്പോള്‍ നമ്മള്‍ നോക്കുമോ ഏതു പുസ്തകം ആണെന്ന്. കുറച്ചു നേരം എന്തൊക്കെയോ എഴുതി തയ്യാറാക്കി അവര്‍ താഹയേയും കൊണ്ട ് പോയി.''

തുടക്കം മുതല്‍ നാടകീയത

''ആദ്യ ദിവസം പൊലീസുകാര്‍ അവനെയും കൊണ്ട ് ഇവിടെ വന്നപ്പോള്‍ത്തന്നെ കേസില്‍ ദുരൂഹത തോന്നിയിരുന്നു. ഇവന്റെ കയ്യില്‍നിന്ന് ഒന്നും പിടിച്ചിട്ടില്ല എന്നു പൊലീസുകാര്‍ തന്നെ ഞങ്ങളോട് പറഞ്ഞതാണ്. ആ സമയത്തുതന്നെ പക്ഷേ, മഹസ്സറില്‍ യു.എ.പി.എ അവര്‍ എഴുതിയിട്ടുണ്ടായിരുന്നു. ഒന്നും അന്വേഷിക്കുന്നതിനു മുന്‍പുതന്നെയാണ് അതു ചെയ്തത്. പിന്നെ ഇവിടുന്നു മുദ്രാവാക്യം വിളിച്ചതാണെങ്കിലും അങ്ങനെ തന്നെ. മുദ്രാവാക്യം വിളിക്കുന്നത് ഒരാശയം പ്രചരിപ്പിക്കാനാണല്ലോ. പിടിച്ച സമയത്തോ പൊലീസ് സ്റ്റേഷനിലോ ഒന്നും ഇവന്‍ മുദ്രാവാക്യം വിളിച്ചിട്ടില്ല. നട്ടപ്പാതിര ഒന്നരമണിക്ക് ഞങ്ങള്‍ മൂന്നുപേരും മാത്രം കേള്‍ക്കാന്‍ ഉള്ളപ്പോള്‍ ഈ വീട്ടില്‍വെച്ച് എന്തിനാണ് ഇവന്‍ മുദ്രാവാക്യം വിളിക്കുന്നത്. ഞങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി അവന്‍ മുദ്രാവാക്യം വിളിക്കേണ്ട  ആവശ്യം ഇല്ലല്ലോ. കരുതിക്കൂട്ടി ചെയ്യിച്ചതാണ്.

വൈകുന്നേരം പിടിച്ചിട്ട് നട്ടപ്പാതിരയ്ക്കാണ് ഇവിടെ കൊണ്ടുവരുന്നത്. ഞങ്ങള്‍ക്കു സഹായത്തിന് ആരെയും വിളിക്കാന്‍പോലും പറ്റാത്ത ഒരവസ്ഥയില്‍. ആരും ഉണ്ട ാവരുത് എന്ന് അവര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നു. രാത്രി തന്നെ ഇജാസ് പാര്‍ട്ടിക്കാരെ പലരേയും വിളിക്കാന്‍ നോക്കിയിരുന്നു. പക്ഷേ, ഒന്നര മണിക്ക് ആരെയാണ് ഫോണില്‍ കിട്ടുക.

ഞങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടി കുറച്ചു പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി ഇതു പ്രകാരമാണ് കേസ് എന്നൊക്കെ പറയുക. അതിനു മുന്‍പ് തന്നെ അവരെല്ലാം പ്ലാന്‍ ചെയ്തിട്ടുണ്ട ്. താഹ അറസ്റ്റിലായതിനുശേഷം അവന്റെ ചില സുഹൃത്തുക്കളെയൊക്കെ വിളിച്ച് മാവോയിസ്റ്റ് താഹയുടെ സുഹൃത്തല്ലേ എന്നൊക്കെ ചോദിച്ചാണ് പൊലീസ് ചോദ്യം ചോദിച്ചത്. കുട്ടികള്‍ അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ പേടിച്ചുപോകില്ലേ.''

പാര്‍ട്ടി ഒപ്പമുണ്ടെന്നു വിശ്വസിക്കുന്നു

മക്കള്‍ രണ്ടുപേരും സി.പി.എം മെമ്പര്‍മാരായതുകൊണ്ട ് തുടക്കത്തില്‍ കുറച്ചു ധൈര്യമുണ്ടായിരുന്നു. പാര്‍ട്ടിയാണല്ലോ ഭരിക്കുന്നതും. യു.എ.പി.എ പാര്‍ട്ടി നിലപാടിന് എതിരാണ് എന്ന് എല്ലാവരും പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ കേസിന്റെ തുടക്കത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. യു.എ.പി.എ ആയതിന്റെ ഒരു ബേജാറ് അപ്പോഴും ഉണ്ട ്. ആദ്യം കുറേ നേതാക്കന്മാരെല്ലാം ഇവിടെ വന്നതുമാണ്. ഒരു സമയം വരെ അവര്‍ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. പിന്നെയാണ് കാര്യങ്ങളൊക്കെ മാറിയത്. മുഖ്യമന്ത്രി മറിച്ച് ഒരഭിപ്രായം പറഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട ്. ഇവിടുത്തെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞങ്ങളുടെ അടുത്ത് വരാറുണ്ട ്. കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട ്. ഇവന്റെ സുഹൃത്തുക്കളില്‍ കൂടുതലും പാര്‍ട്ടി മെമ്പര്‍മാരാണ്. അവരെയൊക്കെ ഞങ്ങള്‍ക്കും പരിചയമുള്ളവരാണ്. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഒക്കെയുള്ള പരിപാടിയുണ്ടെങ്കില്‍ മുന്‍പില്‍ ഉണ്ടാകും താഹ. ഈയടുത്ത് മുഖ്യമന്ത്രി ഇവിടെ ഒരു പരിപാടിക്കു വന്നപ്പോള്‍ എനിക്കു നല്ലോണം സങ്കടം വന്നു. എന്റെ മോനുണ്ടായിരുന്നെങ്കില്‍ അവനും അവിടെ ഉണ്ടാവേണ്ട തായിരുന്നു. ഇവിടെയുള്ള പാര്‍ട്ടിക്കാരൊക്കെ വരികയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട ് പാര്‍ട്ടി കൂടെത്തന്നെ ഉണ്ട ് എന്നാണ് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നത്. മോഹനന്‍ മാഷിന്റെ ഇപ്പോഴത്തെ പ്രസ്താവനയും അതാണല്ലോ ഉറപ്പിക്കുന്നത്. നാട്ടുകാരും എല്ലാ കാര്യത്തിനും കൂടെയുണ്ട ്. കുറേ ദിവസം കരഞ്ഞുകുത്തിയിരുന്നപ്പോഴും നാട്ടുകാര്‍ തന്നെയാണ് വന്നു നോക്കിയതും വേണ്ടത് ചെയ്തതും.

താഹയെ അറസ്റ്റ് ചെയ്തപ്പോൾ
താഹയെ അറസ്റ്റ് ചെയ്തപ്പോൾ

ഉറക്കത്തിനിടെ കിട്ടിയ അടിപോലെ 

ഞങ്ങള്‍ക്കറിയാവുന്ന മോനാണ് അലനും. ഇവിടെ പലപ്പോഴും വരും. വന്നാല്‍ കുറേ നേരം കോലായില്‍ ഇരുന്നു ഞങ്ങളെല്ലാം കൂടി വര്‍ത്താനം പറയും. അവര്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്യും. വീട്ടുകാരെക്കുറിച്ച് അവന്‍ പറഞ്ഞിട്ടുണ്ട ്. അവരെ എനിക്കു പരിചയമില്ല. ഇതുവരെ നേരിട്ട് കണ്ട ിട്ടില്ല. അലന്റെ കേസ് നോക്കുന്നതു വേറെ വക്കീലാണ്. അലന് 19 വയസ്സേ ഉള്ളൂ. ആ മോനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ മൈനറായ ഒരാളെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുത്തുകയല്ലേ വേണ്ട ത്. നിരീക്ഷിച്ചു നിരീക്ഷിച്ചു മാവോയിസ്റ്റാക്കി കാട്ടിലേയ്ക്കു അയക്കുകയാണോ. 

ഒരു കേസിലും ഇതുവരെ പെടാത്തയാളാണ് താഹ. രാഷ്ട്രീയം നോക്കാതെ എല്ലാവരുടേയും കാര്യത്തില്‍ ഇടപെടുന്നയാളാണ്. അതുകൊണ്ടുതന്നെ മറ്റു പാര്‍ട്ടിക്കാര്‍ക്കും അവനോട് ദേഷ്യം ഇല്ല. വീട്ടിലാണെങ്കിലും എപ്പോഴും വായിച്ചോണ്ടിരിക്കും. ബുക്കുമായി കിടന്ന് അങ്ങനെ ഉറങ്ങിപ്പോകും. ആ മുറിയിലെ ഷെല്‍ഫ് നിറയെ അവന്റെ പുസ്തകങ്ങളാണ്. പൊതുവെ ചെറുപ്പക്കാരുടെ കേസിനെപ്പറ്റി നമ്മള്‍ ആലോചിക്കുന്നത് കള്ളത്തരമോ പെണ്ണ് കേസോ ഒക്കെ ആയിരിക്കുമല്ലോ. ഇതിപ്പോ സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത ഒരു കേസല്ലേ. 

കേസ് ചിലപ്പോള്‍ തള്ളിപ്പോകും. പക്ഷേ, നടപടിയും വിചാരണയും ഒക്കെയായി എത്രനാള്‍. കേസ് ഇല്ലാതാവുമെങ്കിലും അത്രയും കാലത്തെ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും. അവരുടെ ഭാവിയും വിദ്യാഭ്യാസവും എന്താകും. 90 ദിവസത്തോളമായി. അവരുടെ ഭാവിയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. എന്റെ മക്കള്‍ പണിയെടുത്തും പഠിച്ചും ഞങ്ങളുടെ ജീവിതം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഒരു സമയത്താണ് ഇങ്ങനെയായത്. നേരെ ഒഴുകിപ്പോകുന്ന ഒരു ജീവിതമായിരുന്നു. ഒരു ദിവസം ഒന്നാകെ തകിടംമറിഞ്ഞുപോയി. ഉറക്കത്തിനിടെ കിട്ടിയ അടിപോലെയാണ് ഞങ്ങള്‍ക്കിത്. 
.........
 പലവട്ടം കണ്ണീര്‍ തുടച്ചാണ് താഹ ഫസലിന്റെ ഉമ്മ ജമീല ഇത്രയും നേരം സംസാരിച്ചത്. ഒരാളോടും പരിഭവം ഇല്ല. പ്രതീക്ഷകളാണ് ആ ജീവിതം. ഒരായുസ്സില്‍ ഒരുപാട് കഷ്ടപ്പെട്ട ഒരുമ്മ. സ്‌നേഹം കൊണ്ട ് മാത്രം മക്കളെ വളര്‍ത്തിയ ഒരാള്‍. അതുകൊണ്ടുതന്നെ തെറ്റുചെയ്തില്ലെന്ന താഹയുടെ വാക്കുകള്‍ ഈ ഉമ്മയ്ക്ക് വിശ്വാസമാണ്. യു.എ.പി.എ ചുമത്താനുള്ള തെളിവുകള്‍ കാണാത്ത കാലത്തോളം മറ്റെന്താണ് വിശ്വസിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com