'അയാള്‍ അവസരം നോക്കി നടക്കുകയായിരുന്നു; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വന്ന് എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു'

പ്രായപൂര്‍ത്തിയാകും മുന്‍പേ ഉണ്ടായ ദുരനുഭവത്തെക്കുറിച്ചു നല്‍കിയ പരാതിയില്‍ നീതി ലഭിക്കാന്‍ ഇപ്പോഴും അലയുന്ന നിയമവിദ്യാര്‍ത്ഥിനി സ്വന്തം ജീവിതം തുറന്നു പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഞാനൊരു ഒന്നാംവര്‍ഷ നിയമവിദ്യാര്‍ത്ഥിനിയാണ്. വയസ്സ് 22; തെക്കന്‍ കേരളത്തിലെ ഒരു നാട്ടുമ്പുറമാണ് സ്വദേശം. പേര് തല്‍ക്കാലം പറയുന്നില്ല; പക്ഷേ, എക്കാലവും പറയാതെ മറഞ്ഞിരിക്കാന്‍ ഉദ്ദേശ്യവുമില്ല. അതിനു മുന്‍പ് എന്നേയും എന്റെ പാവപ്പെട്ട കുടുംബത്തേയും ഈ അവസ്ഥയില്‍ എത്തിച്ചവരെ തുറന്നുകാണിക്കുകയും നിയമപരമായ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യണം എനിക്ക്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് എന്നെ ലൈംഗിക ദുരുദ്ദേശ്യത്തോടെ സമീപിച്ചയാള്‍ക്ക് പൊലീസിന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും സംരക്ഷണം ലഭിക്കുന്നു; നീതികിട്ടാതെ ഞാനും എന്റെ കുടുംബവും സംഘര്‍ഷത്തിന്റേയും സമാധാനമില്ലായ്മയുടേയും തീ തിന്നുന്നു. ഇങ്ങനെ എത്രകാലം മുന്നോട്ടുപോകും എന്നെനിക്ക് അറിയില്ല. നീതിയുടെ സൂര്യന്‍ ഉദിക്കാതിരിക്കില്ല എന്ന പ്രതീക്ഷയുടെ ഭാഗംതന്നെയാണ് ഈ എഴുത്തും. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഈ മകളുടെ വേദന ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടേതുമായി മാറുമെന്ന് എനിക്കുറപ്പുണ്ട്; കേരളം എന്റെ കൂടെ നില്‍ക്കുമെന്നും. 

എനിക്ക് അമ്മയും അച്ഛനും ഒരു അനിയനുമുണ്ട്. അച്ഛന്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും നാട്ടിലെ എല്ലാ കാര്യങ്ങളിലും സദുദ്ദേശ്യത്തോടെ ഇടപെടുന്നയാളുമാണ്. പിന്നീട് കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഗള്‍ഫില്‍ പോയി. ഞങ്ങള്‍ പട്ടിണിയും പരിവട്ടവുമില്ലാതെ ജീവിക്കുന്നു എന്നല്ലാതെ പണക്കാരായി മാറിയൊന്നുമില്ല. അമ്മ വീട്ടുകാര്യങ്ങള്‍ നോക്കുകയും ഞങ്ങളുടെ പഠനത്തിലും മറ്റും ശ്രദ്ധിക്കുകയുമാണ് ചെയ്യുന്നത്. അമ്മൂമ്മയുമുണ്ടായിരുന്നു. ഇപ്പോഴില്ല.

ഞാന്‍ പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ഞങ്ങളുടെ ജീവിതമാകെ മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം. അച്ഛന്റെ സുഹൃത്തും സമുദായ സംഘടനയുടെ പ്രാദേശിക നേതാവുമായ ടി. സജീവ് അന്ന് എന്നെ തെറ്റായ ആഗ്രഹത്തോടെ കടന്നുപിടിച്ചു. എന്റെ വീട്ടില്‍ വച്ചായിരുന്നു അത്. ഞങ്ങള്‍ക്ക് അയാളെ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് അമ്മയും അമ്മൂമ്മയും അനിയനും ഇല്ലാത്തപ്പോള്‍ കയറിവരാന്‍ സ്വാതന്ത്ര്യമുണ്ടായത്. പക്ഷേ, ഉള്ളില്‍ നീചമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമായത് അന്നു മാത്രമാണ്. ഞാന്‍ കുതറി ഓടുകയും മുറിയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ മോശക്കാരിയാക്കും എന്നു ഭീഷണിപ്പെടുത്തിയിട്ടാണ് അയാള്‍ പോയത്. പക്ഷേ, അമ്മ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. അമ്മ എന്നെയും കൂട്ടി അയാളുടെ വീട്ടില്‍ പോയി വിളിച്ചിറക്കി ചോദിച്ചു. വീട്ടുകാരേയും നാട്ടുകാരേയും അറിയിക്കരുതെന്നും ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും കാലുപിടിക്കുന്നതുപോലെ പറഞ്ഞു. അമ്മ അയാളെ കണക്കിനു പറഞ്ഞു. ഞങ്ങള്‍ തിരിച്ചു പോവുകയും ചെയ്തു. പക്ഷേ, അയാള്‍ അവസരം നോക്കി നടക്കുകതന്നെയായിരുന്നു. മറ്റൊരു ദിവസം മുന്‍പത്തെപ്പോലെതന്നെ വീട്ടില്‍ ആരുമില്ലാത്ത സമയം മനസ്സിലാക്കി കയറിവന്ന് എന്നെ കീഴ്പെടുത്താന്‍ ശ്രമിച്ചു. ആദ്യത്തെപ്പോലെ പെട്ടെന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എങ്കിലും അയാളുടെ ഉദ്ദേശ്യം നടപ്പാകുന്നതിനു മുന്‍പ് തള്ളിമാറ്റി ഓടാനും മറ്റൊരു മുറിയില്‍ കയറി രക്ഷപ്പെടാനും സാധിച്ചു. അതും ഞാന്‍ അമ്മയോടു പറഞ്ഞു. അതിന്റെ തൊട്ടടുത്ത ദിവസം അച്ഛന്‍ വരികയും ചെയ്തു. അച്ഛനോട് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ എനിക്കും അമ്മയ്ക്കും പേടിയുണ്ടായിരുന്നു. ചിലപ്പോള്‍ തീര്‍ത്തുകളയാന്‍പോലും മടിക്കില്ല. മക്കളെ അത്രയ്ക്കു സ്‌നേഹിക്കുക മാത്രമല്ല, സുഹൃത്തുക്കളേയും മറ്റും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ആളാണ്. തല്‍ക്കാലം അച്ഛനോട് പറഞ്ഞില്ല. പക്ഷേ, സജീവ് മനസ്സില്‍ വിഷം നിറച്ചു തന്നെയാണ് വീണ്ടും നടന്നത്. ഞാന്‍ പഠിക്കാന്‍ പോവുകയും വരികയും ചെയ്യുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുക, ആഗ്രഹം സാധിച്ചുകൊടുത്തില്ലെങ്കില്‍ നാണംകെടുത്തുമെന്നു പറയുക, നിനക്കും നിന്റെ വീട്ടുകാര്‍ക്കും തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും എന്നു ഭീഷണിപ്പെടുത്തുക തുടങ്ങിയതൊക്കെ ചെയ്തു. 10-16 വയസ്സു മാത്രമുള്ള ഒരു പെണ്‍കുട്ടിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ഏതു സമയത്തും ശല്യമുണ്ടാകാം എന്ന പേടി. ഒരു കൊടുവാള്‍ എപ്പോഴും കരുതിവച്ചു. അതുകൊണ്ടാണ് രണ്ടാംതവണ രക്ഷപ്പെടാനായത്. ഞാന്‍ ഒന്നിനും കൊള്ളാത്ത ആളാണ് എന്നു സ്വയം തോന്നിത്തുടങ്ങി. ആളുകളുടെ മുഖത്തു നോക്കാന്‍ മടിയും പേടിയും. എല്ലാവരും എന്നെ വേട്ടയാടാന്‍ കാത്തിരിക്കുകയാണോ എന്ന ചിന്ത. ചുരിദാറിന്റെ ഷാള്‍ തലയിലൂടെയിട്ട് മുഖം കൂടി പകുതി മറച്ചായി നടപ്പ്. പരിചയക്കാരും കൂട്ടുകാരും അച്ഛന്റേയും അമ്മയുടേയും ബന്ധുക്കളുമൊക്കെപ്പോലും വഴിയില്‍വെച്ച് കാണുകയും സംസാരിക്കുകയും ചെയ്താല്‍ ഞാന്‍ ഒഴിഞ്ഞുമാറി. അതിനെക്കുറിച്ച് ചിലരെങ്കിലും അച്ഛനോട് പരാതി പറഞ്ഞു. നീയെന്താ ഇങ്ങനെ പെരുമാറുന്നത് എന്ന് അച്ഛന്‍ ചോദിക്കുകയും ചെയ്തു. സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ അയാളുടെ ചേട്ടനാണ്. അതുകൊണ്ട് സ്‌കൂള്‍ ബസ് ഇല്ലാത്ത ദിവസം അയാള്‍ക്ക് അറിയാം. ആ ദിവസങ്ങളില്‍ ലൈന്‍ ബസിലാണ് സ്‌കൂളില്‍ പോയിവരുന്നത്. അയാള്‍ ബസ് സ്റ്റോപ്പില്‍നിന്നു മാറി എവിടെയെങ്കിലും നില്‍ക്കും. എന്നിട്ട് ഞാന്‍ ബസിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ പിന്തുടരും. 

രണ്ടാമതും അയാളില്‍നിന്നു മോശം അനുഭവം ഉണ്ടായിട്ടും പരാതികൊടുക്കാന്‍ മടിച്ചു. അച്ഛനറിയും എന്ന പേടിയായിരുന്നു കാരണം. പക്ഷേ, വഴിയില്‍ വച്ച് എന്നെ പലവട്ടം തടഞ്ഞു നിര്‍ത്തി അയാള്‍ ഭീഷണിപ്പെടുത്തിയതോടെ ഇതിന് ഒരു അവസാനം വേണമെന്നു ഞാന്‍ തീരുമാനിച്ചു. കയ്യില്‍ കയറിപ്പിടിക്കുകയും അയാള്‍ പറയുന്നിടത്തു ചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അയാളുടെ വീട്ടില്‍ച്ചെന്നു കരണത്തൊന്നു പൊട്ടിക്കാനാണ് തോന്നിയത്. അങ്ങനെതന്നെ ചെയ്തു. എന്നിട്ടു ഞാന്‍ ആദ്യം ചെന്നത് അച്ഛന്റെ സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകനും അഭിഭാഷകനുമായ അങ്കിളിന്റെ വീട്ടിലാണ്. അവിടെ നിന്നുകൊണ്ട് അദ്ദേഹത്തെക്കൊണ്ട്  അച്ഛനെ വിളിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതിയും കൊടുത്തു.

ആരുടെ പൊലീസ് 

പരാതി കൊടുത്തിട്ട് രണ്ടാം ദിവസമാണ് പൊലീസ് വന്നത്. അതുതന്നെ എന്നേയും കുടുംബത്തേയും അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു എന്നു വ്യക്തം. പൊലീസ് ജീപ്പ് വീടിനു മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ നാട്ടുകാര്‍ ശ്രദ്ധിക്കുമല്ലോ. എന്നിട്ട് ഒരു പൊലീസുകാരന്‍ വീടിന്റെ മുറ്റത്തേയ്ക്കു കയറിവന്നു പേര് വിളിച്ച് എന്റെ വീടാണോ എന്ന് അന്വേഷിച്ചു. പൊലീസുകാരന്‍ സിറ്റൗട്ടിലേയ്ക്കു കയറിയിട്ട്, ഒരു പരാതിയുണ്ടല്ലോ എന്താ സംഭവം എന്നു പരസ്യമായും ഉച്ചത്തിലുമായിരുന്നു ചോദ്യം. അങ്ങനെ പറയാന്‍ പറ്റില്ലെന്നും അകത്ത് ഇരുന്നു സംസാരിക്കാമെന്നും ഞാന്‍ അറിയിച്ചു. അച്ഛനും വീട്ടിലുണ്ടായിരുന്നു. അവനാരാണ് എന്നു സജീവിനെക്കുറിച്ച് അച്ഛനോട് ചോദിക്കുകയാണ് പിന്നെ അവര്‍ ചെയ്തത്. അവര്‍ക്ക് അറിയാഞ്ഞിട്ടല്ല, ഒക്കെ ഒത്തുകളിയുടെ ഭാഗമായിരുന്നു. അച്ഛന്‍ പോയി അയാളെ കാണിച്ചു കൊടുക്കണം എന്നു പൊലീസ് പറഞ്ഞെങ്കിലും അച്ഛന്‍ തയ്യാറായില്ല. 

ഞാന്‍ അയാളുടെ കരണത്തടിച്ചു എന്നറിഞ്ഞപ്പോള്‍ ആളുകള്‍ക്കൊക്കെ അദ്ഭുതമായിരുന്നു എന്നു പിന്നീട് അറിഞ്ഞു. അത്രയ്ക്കു പാവമായിരുന്നു ഞാന്‍. പക്ഷേ, സഹികെട്ടാല്‍ എന്തുചെയ്യും. സാഹചര്യങ്ങളുടെ നിര്‍ബ്ബന്ധമാണ് എന്നെ മാറ്റിയത്. ഇപ്പോള്‍ ഇങ്ങനെ സംസാരിക്കാനും നീതി കിട്ടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനും കഴിയുന്നതും അനുഭവങ്ങള്‍ നല്‍കിയ കരുത്തിന്റെ ബലത്തില്‍ത്തന്നെ. 

വനിതാ പൊലീസ് മൊഴിയെടുക്കുമ്പോള്‍ ഞാന്‍ പറയുന്നതൊന്നും അതേപടിയല്ല എഴുതുന്നതെന്നു തോന്നി. അവിടം മുതലാണ് മാറ്റം കണ്ടത്. ആദ്യത്തെ സംഭവം നടക്കുമ്പോള്‍ പോക്‌സോ നിയമം നിലവില്‍ വന്നിരുന്നില്ല. പോക്‌സോ എന്താണെന്നും എങ്ങനെയാണെന്നുമൊക്കെ പിന്നീടാണ് മനസ്സിലായത്. രണ്ടാമത്തെ സംഭവമായപ്പോള്‍ പോക്‌സോ നിയമം വന്നിരുന്നു. എനിക്കു പ്രായപൂര്‍ത്തിയാകാത്തതുകൊണ്ടും അയാളുടെ പ്രവൃത്തിയുടെ ഗുരുതരസ്വഭാവവും മൂലം പോക്‌സോ നിയമം ബാധകമാകുന്ന മൊഴിയായിരുന്നു അന്നു ഞാന്‍ നല്‍കിയത്. അയാള്‍ പോക്‌സോ കേസിലെ പ്രതിയാകുന്നതും ജാമ്യം കിട്ടാതിരിക്കുന്നതും ഒഴിവാക്കാനാണ് പൊലീസുകാരി ശ്രമിച്ചത് എന്നും അന്ന് അറിയില്ലായിരുന്നു. എങ്കിലും ഇങ്ങനെ എഴുതിയാല്‍ മതിയെന്നു തനിക്കു സ്റ്റേഷനില്‍നിന്നു നിര്‍ദ്ദേശമുണ്ട് എന്ന് അവര്‍ക്ക് എന്നോട് സ്വകാര്യമായി വെളിപ്പെടുത്തേണ്ടിവന്നു. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ എന്റെ ദയനീയസ്ഥിതി കണ്ട് മനസ്സലിഞ്ഞിട്ടാകാം അത്. പക്ഷേ, പിന്നീട് ഈ കേസില്‍ ഇടപെട്ട ജിജി എന്ന പൊലീസുകാരിക്ക് ഈ വക അലിവൊന്നും ഇല്ലായിരുന്നു. വളരെ മോശമായാണ് അവര്‍ പെരുമാറിയത്. ഒരു നികൃഷ്ടജീവിയോടെന്ന പോലെ. ഇത്തരം പ്രതികളെ രക്ഷിക്കുന്നതില്‍ കുപ്രസിദ്ധയാണത്രേ അവര്‍. ഏതായാലും മുഖ്യമന്ത്രിക്കു ഞാന്‍ നല്‍കിയ പരാതിയില്‍ അവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ അടുത്തു മൊഴി കൊടുപ്പിക്കാന്‍ കൊണ്ടുപോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ വന്ന് അവര്‍ എന്നേയും അമ്മയേയും കൂട്ടിക്കൊണ്ടുപോയി. പക്ഷേ, പോയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്. അവിടെവച്ചു വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചും പരിഹസിച്ചും പ്രദര്‍ശനവസ്തുവാക്കിയും ചോദ്യം ചെയ്യല്‍. കള്ളി എന്നുവരെ വിളിച്ചു. എന്നിട്ട് രാത്രി എട്ടു മണിയോടെ എന്നേയും അമ്മയേയും ഇറക്കിവിട്ടു. തിരിച്ചു കൊണ്ടുചെന്നാക്കാനുള്ള മര്യാദപോലും കാണിച്ചില്ല. ഞങ്ങള്‍ പോകുമ്പോള്‍ അച്ഛനുണ്ടായിരുന്നു വീട്ടില്‍. മജിസ്ട്രേറ്റിന്റെ അടുത്തേയ്ക്ക് വനിതാ പൊലീസിന്റെ കൂടെയാണല്ലോ പോകുന്നത് എന്ന ധൈര്യത്തിലാണ് അച്ഛന്‍ ഇരുന്നത്. ജീവനെപ്പോലെ കരുതുന്ന മകള്‍ക്കുണ്ടായ ദുരനുഭവത്തില്‍ തകര്‍ന്നിരിക്കുന്ന എന്റെ അച്ഛന്റേയും അമ്മയുടേയും കണ്ണീര് മാത്രം മതി അയാളും അയാള്‍ക്കു കൂട്ടുനില്‍ക്കുന്നവരും ഒരായുസ് മുഴുവന്‍ നരകിച്ചു ജീവിക്കാന്‍. കാലം ഞങ്ങള്‍ക്ക് അതു കാണിച്ചുതരികതന്നെ ചെയ്യും.

മജിസ്ട്രേറ്റിന്റെ പേരില്‍പ്പോലും ഞങ്ങളെ കബളിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരത്തു പോയി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. അന്നുതന്നെ റൂറല്‍ എസ്.പിയേയും നേരിട്ടുകണ്ടു പരാതി നല്‍കി. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഈ കാര്യങ്ങളിലൊക്കെ താങ്ങുംതണലുമായി നിന്ന അങ്കിളിനും അച്ഛനും ഒപ്പമാണ് പോയത്. അയാള്‍ക്ക് അനുകൂലമായി പൊലീസുകാര്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു വച്ചിരിക്കുകയാണ് എന്ന് റൂറല്‍ എസ്.പി പറഞ്ഞു. എന്റെ കുടുംബവും അയാളുടെ കുടുംബവും തമ്മില്‍ മുന്‍പേ വഴക്കിലാണെന്നും അതിന്റെ വിരോധം തീര്‍ക്കാനാണ് എന്നെക്കൊണ്ട് പരാതി കൊടുപ്പിച്ചത് എന്നുമൊക്കെയാണ് എസ്.പിയെ ധരിപ്പിച്ചിരുന്നത്. ഒന്നാമതായി അങ്ങനെയൊരു വഴക്കും വിരോധവുമില്ല; ഉണ്ടെങ്കില്‍പ്പോലും സ്വന്തം മകളുടെ മാനം വച്ച് ഏതെങ്കിലും അച്ഛനും അമ്മയും കുടുംബവിരോധം തീര്‍ക്കുമോ? അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. ഏതായാലും എന്റെ പാവം അച്ഛനും അമ്മയും അങ്ങനെയുള്ളവരല്ല. അതിനേക്കാളൊക്കെ ഉപരിയായി എനിക്കറിയാമല്ലോ എന്താണ് ഉണ്ടായതെന്ന്. 

164 മൊഴി എടുപ്പിക്കാമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളെടുക്കാമെന്നും എസ്.പി പറഞ്ഞു. ഞാനും അച്ഛനും ഇറങ്ങിക്കഴിഞ്ഞ് അങ്കിളിനോട് അദ്ദേഹം ഒന്നുകൂടി പറഞ്ഞു, അത് പൊലീസുകാര്‍ക്ക് ഈ കേസില്‍ കിട്ടിക്കൊണ്ടിരിക്കുന്ന കൈക്കൂലിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയമായിരുന്നു. അയാള്‍ പണം വാരിയെറിഞ്ഞു കൊണ്ടിരിക്കുകതന്നെയായിരുന്നു. ഓരോന്നോരോന്നായി ഞങ്ങള്‍ അറിയുകയും ചെയ്തു. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ വക്കീലിനു രണ്ടു ലക്ഷം രൂപയാണ് കൊടുത്തത്. ഹാജരായത് മുന്‍ എം.എല്‍.എ കൂടിയായ പ്രമുഖ നേതാവ്. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നു ഞങ്ങളുടെ വക്കീല്‍ വാദിച്ചെങ്കിലും അയാള്‍ക്കു മുന്‍കൂര്‍ ജാമ്യം കിട്ടി. 

ഇരയ്ക്ക് അദാലത്തോ?

ഞാന്‍ ഈ കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും വെച്ച് സംസ്ഥാന വനിതാ കമ്മിഷനു പരാതി കൊടുത്തിരുന്നു. ഒരുപക്ഷേ, വനിതാ കമ്മിഷന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത ഒരു ഇടപെടലാണ് അതിനുശേഷം ഉണ്ടായത്. എന്താണെന്നോ? കമ്മിഷന്‍ സംഘടിപ്പിക്കുന്ന അദാലത്തിലേയ്ക്ക് എന്നെ വിളിപ്പിച്ചുകൊണ്ട് നോട്ടീസ് വന്നു. എന്നുവച്ചാല്‍ വാക്കുതര്‍ക്കമോ അതിര്‍ത്തിത്തര്‍ക്കമോ ഒക്കെ അദാലത്തില്‍വെച്ച് ഒത്തുതീര്‍പ്പാക്കാന്‍ വിളിക്കുന്നതുപോലെ ഇതും. സ്വാഭാവികമായും പ്രതിയേയും വിളിച്ചിട്ടുണ്ടാകുമല്ലോ. ഞാനേതായാലും പോയില്ല. ഈ ജില്ലയുടെ ചുമതലയുള്ള വനിതാ കമ്മിഷന്‍ അംഗം അഭിഭാഷകയും എന്റെ അച്ഛന്റെ പാര്‍ട്ടിക്കാരിയുമാണ്. പക്ഷേ, മറ്റേയാളെ രക്ഷിക്കാനുള്ള തത്രപ്പാടിലായിരിക്കാം നിയമവും നീതിയുമൊക്കെ മറന്ന് അത്തരമൊരു തീരുമാനമെടുത്തത്. പൊലീസ് സ്റ്റേഷന്‍, റൂറല്‍ എസ്.പിയുടെ ഓഫീസ്, തിരുവനന്തപുരത്തെ വനിതാ സെല്‍, വനിതാ കമ്മിഷന്‍ ഓഫീസ്, റേഞ്ച് ഐ.ജിയുടെ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഞാനും കുടുംബവും കയറിയിറങ്ങുന്നു. ആദ്യം 164 മൊഴി (ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പു പ്രകാരമുള്ള മൊഴിയായതുകൊണ്ട് വണ്‍ സിക്സ്റ്റിഫോര്‍ സ്റ്റേറ്റ്മെന്റ് എന്നാണ് പറയുന്നതെന്ന് ഇപ്പോള്‍ എനിക്കറിയാം) എടുത്ത മജിസ്ട്രേട്ട് കോടതിയില്‍നിന്നു മൊഴിയുടെ പകര്‍പ്പ് അപേക്ഷ നല്‍കിയിട്ടും തരാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞതെല്ലാം അതില്‍ വ്യക്തമായി ഉണ്ടാകില്ല എന്ന ബലമായ സംശയമുണ്ടായി. അതുകൊണ്ട് ഞങ്ങളുടെ ആവശ്യപ്രകാരം രണ്ടാമത് മറ്റൊരു മജിസ്ട്രേട്ട് കോടതി വ്യക്തമായ മൊഴിയെടുത്തു. ആദ്യത്തെ മജിസ്ട്രേട്ട് എന്റെ മൊഴി രേഖപ്പെടുത്തുന്നതിനേക്കാള്‍ താല്പര്യം കാണിച്ചത്. ''എന്തിനാ ഇങ്ങനെ കേസിനൊക്കെ പോകുന്നത്'' എന്നു ചോദിച്ച് എന്നെ തിരുത്തുന്നതില്‍ ആയിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് മജിസ്ട്രേട്ടിനു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കൂടി കേസില്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ, പോക്‌സോ കേസിലെ പ്രതിയായി മാറിയിട്ടും അയാളുടെ ജാമ്യം റദ്ദാക്കുന്നതിനു കോടതിയെ സമീപിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതായത് പോക്‌സോ കേസിലെ പ്രതി പൊലീസിന്റെ ഒത്താശയോടെ നാട്ടില്‍ നിര്‍ഭയം ജീവിക്കുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നാമെങ്കിലും പൊലീസ് ഇതുവരെ ഈ കേസില്‍ അയാള്‍ക്ക് അനുകൂലമായി നിന്നത് കണ്ടും അനുഭവിച്ചും മനസ്സു നൊന്തും ജീവിച്ച എനിക്കും എന്റെ കുടുംബത്തിനും ഒട്ടും അദ്ഭുതമില്ല. 

വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി എന്റെ അനിയന്റെ മൊഴിയെടുക്കണം എന്നു പറയുകയാണ് പൊലീസ്. അവന്‍ ഈ കേസില്‍ യാതൊരു വിധത്തിലും കക്ഷിയല്ല. സംഭവം നടക്കുമ്പോള്‍ പഠനയാത്രയുടെ ഭാഗമായി കേരളത്തിനു പുറത്തുമായിരുന്നു. പിന്നെ എന്തിനാണ് അനിയന്റെ മൊഴിയെടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ സി.ഐ പറഞ്ഞത് എങ്കില്‍ അമ്മൂമ്മയുടെ മൊഴിയെടുക്കാം എന്നാണ്. എനിക്കെതിരെ അതിക്രമം നടന്നതിനെക്കുറിച്ച് പരാതി കിട്ടിയ പിന്നാലെ പൊലീസ് ശ്രമിച്ചിരുന്നെങ്കില്‍ അമ്മൂമ്മയുടെ മൊഴിയെടുക്കാമായിരുന്നു. പക്ഷേ, അമ്മൂമ്മ അതിനുശേഷം ഈ ലോകത്തോടു വിടപറഞ്ഞു. കോടതിയില്‍ നിന്നൊരു ചോദ്യം വന്നാലും കേസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നു വരുത്തി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ മൊഴിയെടുക്കല്‍ നീക്കവും എന്നാണ് മനസ്സിലാകുന്നത്. ഞാനാണ് ഇര; എന്റെ മൊഴി കൃത്യമായി ഉണ്ടായിട്ടും പൊലീസ് ഈ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം  ഇരയ്ക്കു നീതി നിഷേധിക്കാനാണ്.
 
ജില്ലാ പൊലീസ് മേധാവിയെ അച്ഛനും അങ്കിളും കൂടി കണ്ടിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ ബന്ധുവുമായി പ്രതിക്കുള്ള ബന്ധം കാരണം അദ്ദേഹം ഇടപെടില്ല എന്നാണ് അയാളുടെ ആളുകള്‍ പറഞ്ഞു നടക്കുന്നത്. അങ്ങനെയൊക്കെ സംഭവിക്കുമോ? ചെറുപ്പക്കാരനായ ആ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അങ്ങനെയൊക്കെ ചെയ്യുമോ? എന്റെ മനസ്സിന്റെ ചോദ്യങ്ങളാണ്. ഉത്തരമെനിക്ക് അറിയില്ല. മനസ്സ് വല്ലാതെ വീര്‍പ്പുമുട്ടുമ്പോള്‍ ഈ ചോദ്യങ്ങളെല്ലാം കൂടി എന്നെ വേട്ടയാടും. ഏതായാലും ജില്ലാ പൊലീസ് മേധാവി മനസ്സുവച്ചിരുന്നെങ്കില്‍ പോക്‌സോ കേസിലെ പ്രതി ഇങ്ങനെ നിയമത്തെ വെല്ലുവിളിച്ചു നടക്കില്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ത്തന്നെ അയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും നീതിയുടെ പക്ഷത്തു നില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നാട്ടിലെ നിരവധി പെണ്‍കുട്ടികള്‍ അയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകുമായിരുന്നു. അതാണു സത്യം. പല പെണ്‍കുട്ടികള്‍ക്കും എന്റേതിനു സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ അച്ഛനമ്മമാര്‍ എന്റെ അമ്മയോടും അച്ഛനോടും കണ്ണീരോടെ അതു പറഞ്ഞിട്ടുമുണ്ട്. പക്ഷേ, എനിക്കു നീതി കിട്ടാത്തതുകൊണ്ട് അവര്‍ക്കും മുന്നോട്ടു വരാന്‍ മടിയാണ്. 

പൊലീസില്‍നിന്നു നീതികിട്ടാന്‍ വൈകിയേക്കുമെന്നും മനസ്സു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങളും ഉണ്ടാകുമെന്നും അങ്കിള്‍ പറഞ്ഞിരുന്നെങ്കിലും അത് ഇത്ര കടുത്തതായിരിക്കും എന്നു വിചാരിച്ചില്ല. ഇന്നു പരാതി കൊണ്ടുചെന്നു കൊടുത്താല്‍ നാളെത്തന്നെ അയാള്‍ക്കെതിരെ നടപടിയുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചിട്ടൊന്നുമില്ല. പക്ഷേ, അയാളെ രക്ഷിക്കാന്‍ ഇങ്ങനെ കൊണ്ടുപിടിച്ചു ശ്രമിക്കുമെന്ന് ആരറിയാന്‍. പണം, രാഷ്ട്രീയ സ്വാധീനം-ഇതു രണ്ടുമാണ് അയാളെ സഹായിക്കുന്നത്. ഇതു രണ്ടും എനിക്കും എന്റെ കുടുംബത്തിനും ഇല്ല. അച്ഛന്റെ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ കണ്ടു വിവരം പറഞ്ഞിരുന്നു. അവര്‍ ഇടപെടുകയും ചെയ്തു; ഇല്ലെന്നു പറയുന്നില്ല. പക്ഷേ, അയാള്‍ പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനയുടേയും അവരെ ആവശ്യമുള്ള രാഷ്ട്രീയക്കാരുടേയും സ്വാധീനം അതിനും മുകളിലാണ് എന്നെനിക്കു മനസ്സിലായി. ശ്രീനാരായണഗുരുദേവന്റെ പേരിലാണല്ലോ ഇവരൊക്കെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത് എന്നാണ് എന്റെ അദ്ഭുതം. 

സത്യം മുഴുവന്‍ പറയുക, സത്യം മാത്രമേ പറയാവൂ എന്നാണ് അങ്കിള്‍ പറഞ്ഞുതന്നത്. അത് അങ്ങനെ തന്നെ ഞാന്‍ പാലിച്ചു. പക്ഷേ, സത്യത്തിനു വിലയില്ലാത്തവിധമുള്ള പ്രതികരണങ്ങളാണ് പിന്നീട് ഇതുവരെ ഉണ്ടായത്; ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്രയുമൊക്കെ അനുഭവിച്ചിട്ടും എന്റെ പഠനം തകര്‍ന്നുപോയില്ലല്ലോ എന്നാണ് ആകെ ഒരാശ്വാസം. പഠനം നല്ല നിലയില്‍ പൂര്‍ത്തിയാക്കി നീതിക്കുവേണ്ടിമാത്രം നിലകൊള്ളുന്ന അഭിഭാഷകയാകണം. അതിനു മുന്‍പുതന്നെ എനിക്കെന്റെ അച്ഛന്റേയും അമ്മയുടേയും അനിയന്റേയും മുന്നില്‍ അവരുടെ കണ്ണീരണിഞ്ഞ മുഖങ്ങള്‍ കാണാതെ നില്‍ക്കണം. അയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമ്പോള്‍ മാത്രമാണ് അതു സാധിക്കുക. തളര്‍ന്നുപോകില്ല ഞാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com