'അത്രയും കാലം പണിയില്ലാതെ ഞങ്ങള്‍ എന്തെടുത്തു തിന്നും'?- മുതലക്കുളത്തെ അലക്കുകാര്‍ ചോദിക്കുന്നു

നൂറിലധികം വരുന്ന അലക്കു തൊഴിലാളികളുടെ തൊഴിലിടമായ മുതലക്കുളത്ത് കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് പ്ലാസ സൃഷ്ടിക്കുന്ന ആശങ്കകളും ആവലാതികളും
മുതലക്കുളം- ഫോട്ടോ: ടി.പി. സൂരജ് (എക്‌സ്പ്രസ്)
മുതലക്കുളം- ഫോട്ടോ: ടി.പി. സൂരജ് (എക്‌സ്പ്രസ്)

മുളങ്കാലുകളില്‍ കുത്തിനിര്‍ത്തിയ അയകളില്‍ ഒരു മൈതാനം നിറയെ വിരിച്ചിട്ട തുണികള്‍. വെയിലുമങ്ങിയാല്‍ രാഷ്ട്രീയക്കാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പ്രസംഗങ്ങളും ആള്‍ക്കൂട്ടവും. കോഴിക്കോട് നഗരത്തിലെ മുതലക്കുളത്തിന്റെ കാഴ്ച ഇതാണ്. ഈ വിരിച്ചിട്ട തുണികള്‍ നഗരത്തിന്റെ അടയാളമായിട്ട് വര്‍ഷങ്ങളായി. നഗരത്തിന്റെ ഒത്തനടുക്ക് മാനാഞ്ചിറയ്ക്കും മിഠായിത്തെരുവിനും അടുത്തായാണ് മുതലക്കുളം മൈതാനം. നൂറിലധികം വരുന്ന അലക്കുകാരുടെ തൊഴില്‍സ്ഥലം കൂടിയാണിത്. കോഴിക്കോട് കോര്‍പ്പറേഷന്റെ പുതിയ പദ്ധതി പ്രകാരം ഈ സ്ഥലം നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി മാറ്റുകയാണ്. നിലകളായുള്ള പാര്‍ക്കിംഗ് കെട്ടിടമാണ് പദ്ധതി. മുതലക്കുളം മൈതാനിയെ ഇതേ പൈതൃകത്തോടെ നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് വലിയ തോതിലുള്ള ഒരു നീക്കമൊന്നും സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ പ്രവര്‍ത്തകരില്‍നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍, നൂറ്റാണ്ടുകളായി തുടരുന്ന തങ്ങളുടെ തൊഴിലിടം നഷ്ടമാകുന്നതിനെതിരെ അലക്കു തൊഴിലാളികള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. പുനരധിവസിപ്പിക്കും എന്ന അധികാരികളുടെ വാക്കുകളില്‍ ഇവര്‍ക്കു വിശ്വാസമില്ല. മുതലക്കുളത്തിനോട് ചേര്‍ന്നാണ് ഭൂരിഭാഗം പേരുടേയും താമസം. കുടിയൊഴിഞ്ഞു പോകാനോ തൊഴിലിടം നഷ്ടപ്പെടുത്താനോ ഇവര്‍ ഒരുക്കമല്ല. 1930-കളില്‍ത്തന്നെ ഡോബി ഘാനയായി മാറ്റിയതാണ് മുതലക്കുളം മൈതാനം. നഗരത്തിലെ ലോഡ്ജുകളിലേയും ഹോട്ടലുകളിലേയും മറ്റും തുണികള്‍ ഇവിടെയാണ് അലക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമായി 100-ലധികം പേര്‍ ആ തൊഴില്‍ ചെയ്യുന്നവരുണ്ട്. നഗരം വികസിക്കുമ്പോള്‍ അരികുകളില്‍ ജീവിക്കുന്നവര്‍ കുടിയൊഴിയേണ്ടവരാണെന്ന 'പൊതുബോധം' തന്നെയാണ് മുതലക്കുളത്തും കണ്ടത്.

മുതലക്കുളത്തെ പാര്‍ക്കിംഗ് പ്ലാസ 

പതിനെട്ടരക്കോടിയുടെ പദ്ധതിയാണ് കോര്‍പ്പറേഷന്റെ പാര്‍ക്കിംഗ് പ്ലാസ. പാര്‍ക്കിംഗിനു പുറമെ പൊതുപരിപാടികള്‍ നടത്താനുള്ള സമ്മേളനവേദിയും പദ്ധതിയിലുണ്ട്. 95 സെന്റ് സ്ഥലത്താണ് പദ്ധതി. റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള പാര്‍ക്കിംഗില്‍ ഭൂമിക്കടിയിലും സൗകര്യമേര്‍പ്പെടുത്തും. ടോയ്ലറ്റ് സൗകര്യം, വിശ്രമമുറി എന്നിവയും പണിയും. സ്ഥലം ഏറ്റെടുക്കുമ്പോള്‍ തൊഴിലിനെ ബാധിക്കുന്ന അലക്കുകാര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. അലക്കുതൊഴിലാളികള്‍ക്കായി 15,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്കും പണിയുമെന്നു പറയുന്നുണ്ട്. സലീം ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. മിഠായിത്തെരുവില്‍ വാഹനഗതാഗതം നിരോധിച്ചെങ്കിലും ആവശ്യത്തിനു പാര്‍ക്കിംഗ് സ്ഥലം ഒരുക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞിട്ടില്ല. ഇതിനെതിരെ വ്യാപാരികള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. മിഠായിത്തെരുവിന്റെ കച്ചവടത്തെ ഇതു ബാധിച്ചതായി അവര്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യം കൂടി പരിഗണിച്ചാണ് കോര്‍പ്പറേഷന്റെ പദ്ധതി. അലക്കു തൊഴിലാളികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാണ് പദ്ധതിയെന്നും അവരുടെ തൊഴിലിനെ ബാധിക്കില്ലെന്നും കോര്‍പ്പറേഷന്‍ പറയുന്നുണ്ട്.

ഞങ്ങള്‍ക്കു വിശ്വാസമില്ല 

തങ്ങളുടെ തൊഴിലിനെ ബാധിക്കില്ല എന്ന് അധികൃതര്‍ പറയുന്നതു വിശ്വസിക്കാന്‍ ഇവിടുത്തെ അലക്കുതൊഴിലാളികള്‍ തയ്യാറല്ല. അതിനൊരു കാരണമുണ്ട്. 1990-കളില്‍ റോഡു വികസനത്തിനായി ചില കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. അഞ്ചു സെന്റ് സ്ഥലവും വീടും പകരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പിന്നീട് പലയിടങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട് ഇവര്‍ക്ക് വര്‍ഷങ്ങളോളം ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. ഒടുവില്‍ ഈയടുത്ത് കല്ലൂത്താന്‍ കടവില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഫ്‌ലാറ്റിലേയ്ക്ക് ഇവരെ മാറ്റി. അപ്പോഴേയ്ക്കും വര്‍ഷം ഇരുപത്തിയഞ്ചിലധികം കഴിഞ്ഞു. ആളുകളില്‍ പലരും മരിച്ചുപോയി. മറ്റു തൊഴില്‍ തേടിയവരും ഉണ്ട്.

''ഞങ്ങള്‍ ഈ പണിയാണ് പഠിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ അമ്മയെ സഹായിച്ച് ഈ തൊഴിലിലേയ്ക്കു വന്നതാണ്. ഇതല്ലാതെ വേറൊന്നും അറിയില്ല. ഇതു നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല'' മുതലക്കുളത്തെ അലക്കുതൊഴിലാളിയായ ആശ പറയുന്നു.

''പാര്‍ക്കിംഗിന്റെ മുകള്‍സ്ഥലം തരാം എന്നാണ് അവര്‍ പറയുന്നത്. അതൊക്കെ എത്ര കാലം കഴിഞ്ഞിട്ടുള്ള കാര്യമാണ്. എന്നാണ് പണികഴിയുക എന്ന് ആര്‍ക്കാണ് നിശ്ചയം. അത്രയും കാലം ഞങ്ങള്‍ എവിടെ പോകും? അവര്‍ സൗകര്യം തരുമ്പോഴേയ്ക്കും ഞങ്ങള്‍ തീര്‍ന്നു പോയിട്ടുണ്ടാകും. അത്രയും കാലം പണിയില്ലാതെ ഞങ്ങള്‍ എന്തെടുത്തു തിന്നും? അതിന് ഒരു പരിഹാരം കാണണ്ടേ. ഞങ്ങള്‍ക്കു ജീവിക്കാനുള്ള സൗകര്യം തരണം. വേറെ എവിടേയ്‌ക്കെങ്കിലും മാറ്റിയാല്‍ ഞങ്ങള്‍ക്ക് അവിടെ പണികിട്ടുമോ? നഗരത്തില്‍നിന്നുള്ള തുണി ശേഖരിച്ച് അവിടെ കൊണ്ടുപോയി അലക്കി തിരിച്ചുകൊണ്ടുവരിക എന്നതൊന്നും സാധ്യമല്ല. ഓട്ടോ കാശ് മുതലാകുമോ? അതുമാത്രമല്ല, ഇത്രയും ഭാരം അല്ലാതെ എങ്ങനെയാണ് കൊണ്ടുപോകുക. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് അതു ബുദ്ധിമുട്ടാവും. പണി നടക്കുന്ന സമയത്ത് അലക്കാന്‍ ചിലപ്പോള്‍ ഇവിടെതന്നെ സൗകര്യം തരുമെന്നു പറയുന്നുണ്ടെങ്കിലും എവിടെയാണ് ഉണക്കുക? ഇത്രയും ഭാരമുള്ള നനഞ്ഞ തുണികള്‍ എങ്ങോട്ടു കൊണ്ടുപോയി ഉണക്കും? ഉണങ്ങിക്കഴിഞ്ഞാല്‍ അതു വീണ്ടും ഇവിടെ കൊണ്ടുവന്നുവേണം ഇസ്തിരിയിടാന്‍. അതിനുശേഷം വേണം ഓരോ സ്ഥലത്തും എത്തിക്കാന്‍. ഇതൊന്നും എളുപ്പമല്ല.

നഗരത്തില്‍ കാര്‍ പാര്‍ക്കിംഗിനു വേറെ എത്ര സ്ഥലം കണ്ടെത്താം. എത്രയോ സ്ഥലങ്ങള്‍ നഗരത്തില്‍ കാടുപിടിച്ചു കഞ്ചാവ് കച്ചവടവും മറ്റുമായി ഉണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളൊക്കെ പുല്ല് പിടിപ്പിച്ച് ആളുകള്‍ക്കു വെറുതെയിരിക്കാന്‍ കൊടുക്കുകയാണ്. അതിന്റെ അടിയില്‍ പാര്‍ക്കിംഗിനു സൗകര്യമുണ്ടാക്കി മുകളില്‍ പാര്‍ക്കോ മറ്റോ ഉണ്ടാക്കിയാല്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ നടക്കില്ലേ? തൊഴിലെടുത്തു ജീവിക്കുന്ന മൈതാനത്തുതന്നെ എന്തിനാണ് പാര്‍ക്കിംഗിനു സ്ഥലം കണ്ടെത്തുന്നത്? ഞങ്ങള്‍ എത്രയോ തലമുറയായി ജോലി ചെയ്യുന്ന സ്ഥലമല്ലേ ഇത്'' - ആശ പറയുന്നു.

പരമ്പരാഗതരീതിയിലാണ് ഇപ്പോഴും ഇവിടത്തെ അലക്ക്. നഗരത്തിലെ ലോഡ്ജുകളിലേയും ഹോട്ടലുകളിലേയും ബ്യൂട്ടിപാര്‍ലറുകളിലേയും തുണികളാണ് പ്രധാനമായും ഇവിടെ എത്തുന്നത്. വീടുകളില്‍നിന്നുള്ള തുണികളും ഉണ്ട്. വര്‍ഷങ്ങളായി ഇവര്‍ ഉപയോഗിച്ചിരുന്ന കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്നു നിരവധി തവണ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നു കോര്‍പ്പറേഷന്‍ അടുത്തിടെ കിണര്‍ പുതുക്കിക്കൊടുത്തിരുന്നു. വെള്ളം കോരി അലക്കുകല്ലില്‍ അലക്കി, പരമ്പരാഗതരീതിയില്‍ ഇസ്തിരിയിട്ടാണ് ഇപ്പോഴും ഇവിടുത്തെ ജോലി. രാവിലെ അഞ്ചിനാരംഭിക്കുന്ന പണി വൈകുന്നേരംവരെ നീളും. മഴക്കാലമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവും.

''വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഇതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. എന്റെ രണ്ടു മക്കളെ പഠിപ്പിച്ചു. അവരുടെ കല്യാണം നടത്തി. അതൊക്കെ ഈ വരുമാനം കൊണ്ടുതന്നെയാണ്. എന്റെ മക്കളും ജോലിയില്‍ എന്നെ സഹായിക്കാറുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ കുറവാണെങ്കിലും ഈ തൊഴിലുമായി സഹകരിച്ചു ജീവിക്കുന്ന കുറേ പേരുണ്ട്. ഒരുപാട് പ്രായമായവരും ഈ തൊഴില്‍ ചെയ്യുന്നുണ്ട്. മറ്റെല്ലാ ജോലിക്കും പ്രായപരിധിയുണ്ടല്ലോ. ചെയ്യാന്‍ പറ്റുന്ന കാലത്തോളം സ്വന്തമായി വരുമാനമുണ്ടാക്കി മറ്റാരേയും ആശ്രയിക്കാതെ ജീവിക്കുന്നവരാണ് ഇവിടുത്തെ പ്രായമുള്ളവരും. 50 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്, ജനിച്ചതു മുതല്‍. എന്റെ അമ്മയും ഇവിടെത്തന്നെയായിരുന്നു. അന്നു തൊട്ട് തുടരുന്ന അതേ രീതിയിലാണ് ഇപ്പോഴും അലക്ക്. അതിനൊന്നുമുള്ള പുതിയ ഒരു സംവിധാനവും സര്‍ക്കാര്‍ ഇതുവരെ ചെയ്തു തന്നിട്ടില്ല. ഞങ്ങള്‍ കൂടുതല്‍ ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല. അതിന്റെ ഇടയിലാണ് തൊഴിലിനെത്തന്നെ ഇല്ലാതാക്കുന്ന നടപടി. മുന്‍പ് റോഡിന്റെ പേരില്‍ ഇവിടെനിന്നു കുടിയൊഴിപ്പിച്ചവര്‍ക്ക് 27 വര്‍ഷം കഴിഞ്ഞാണ് വീട് കിട്ടിയത്. കല്ലൂത്താന്‍കടവിലെ കഷായ ആശുപത്രിയിലും വെസ്റ്റ് ഹില്ലിലെ സ്‌കൂളിലുമൊക്കെയായി എത്ര വര്‍ഷം അവര്‍ ബുദ്ധിമുട്ടി. സത്യത്തില്‍ ചതിക്കുകയായിരുന്നു അവരെ. ആ സ്ഥലം കോര്‍പ്പറേഷന്റേതാണെന്നതിനു തെളിവുണ്ടോ എന്നറിയില്ല. ബ്രിട്ടീഷുകാര്‍ ഞങ്ങള്‍ക്ക് അനുവദിച്ചു തന്ന സ്ഥലമാണിത്'' തുണികളെല്ലാം പൊതിഞ്ഞുകെട്ടുന്നതിനിടയില്‍ ആശ പറഞ്ഞു.

വര്‍ഷങ്ങളോളം ഈ പണി ചെയ്തതിന്റെ അവശത പേറുന്ന രേണുകയേയും അവിടെ കണ്ടു. കാലിനു തീരെ വയ്യ. ഭര്‍ത്താവ് രാജനെ സഹായിക്കാന്‍ വന്നതാണവര്‍. ''ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. എന്റെ അച്ഛനും അമ്മയും ഒക്കെ ഇവിടെത്തന്നെയായിരുന്നു. ഇവിടെ തന്നെയാണ് കല്യാണം കഴിച്ചതും. ഈ മൈതാനത്താണ് ഞങ്ങള്‍ കളിച്ചതും വളര്‍ന്നതും തൊഴിലെടുത്തതും. പണ്ട് മൈതാനം കുറേക്കൂടി വലുതായിരുന്നു. ഇപ്പോ പലഭാഗത്തുനിന്നും ഭൂമി പോയി. നിര്‍മ്മാണങ്ങള്‍ നടന്നു. ബാക്കിയുള്ളതാണ് ഇത്. വേറെ ഒരു പണിയും അറിയില്ല. വേറെ പണിക്കൊന്നും ശ്രമിച്ചിട്ടുമില്ല. ഈ പണികൂടി ഇല്ലാതായാല്‍ എങ്ങോട്ട് പോകും?'' കോഴിക്കോട് നഗരം വളരുന്നതും വലുതാകുന്നതും നോക്കിനിന്നു കണ്ട രേണുക ചോദിക്കുന്നു.

മുതലക്കുളത്തിന്റെ ചരിത്രം 

മുതലക്കുളത്ത് ഇന്നു കുളമില്ല, ഒരു മൈതാനം മാത്രമാണ്. സാമൂതിരിക്കാലത്ത് രാജകൊട്ടാരത്തിന്റെ അടുക്കളക്കുളമായിരുന്നു മുതലക്കുളമെന്ന് കോഴിക്കോടിന്റെ ചരിത്രകാരന്‍ ടി.ബി. സെലുരാജ് പറയുന്നു. ''അക്കാലത്ത് പല കുളങ്ങളിലും മുതലകള്‍ ഉണ്ടായിരുന്നു. രാജഭരണകാലത്ത് അക്രമികളെ ശിക്ഷാനടപടികളുടെ ഭാഗമായി മുതലകള്‍ക്കിട്ടു കൊടുക്കുന്ന പതിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. മുതലക്കുളം അതിനായി ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. രാജകൊട്ടാരത്തിന്റെ അടുക്കളക്കുളം എന്നു പറയുമ്പോള്‍ അതു സവര്‍ണ്ണരുടെ ഒരു സ്ഥലമായിരിക്കുമല്ലോ. ടിപ്പുവിന്റെ വരവോടുകൂടിയാണ് അതു മാറുന്നത്. പിന്നീട് തമിഴ്നാട്ടില്‍നിന്നു വന്ന അലക്കുകാര്‍ ഇവിടെ താമസമായി. അക്കാലത്ത് ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ചെട്ടികള്‍ കോഴിക്കോട് എത്തിയിരുന്നു. ആന്ധ്രയില്‍നിന്നു വന്നവരെ യാദവകുലം എന്നുപറയും. എരുമ വളര്‍ത്തലും പാല്‍ക്കച്ചവടവുമാണ് ഇവര്‍ ചെയ്തുവന്നത്. തമിഴ്നാട്ടില്‍നിന്നു വന്നവരാണ് മുതലക്കുളത്തും മിഠായിത്തെരുവിലും പരിസരത്തുമായി എത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉടമസ്ഥതയിലായിരുന്നു മുതലക്കുളം. അലക്കുകാരും തലമുടിവെട്ടുകാരും അക്കാലത്ത് കുളം ഉപയോഗിച്ചിരുന്നു. 1904-ല്‍ മദിരാശിയിലെ ലാബില്‍ കുളത്തിലെ വെള്ളം രാസപരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കുളം തൂര്‍ത്തുകളയുകയോ വേലികെട്ടി തിരിക്കുകയോ ചെയ്യണമെന്നു നിര്‍ദ്ദേശം വന്നു. കുളത്തിനു ചുറ്റം വേലികെട്ടാന്‍ നഗരസഭ തീരുമാനമെടുത്തു. എന്നാല്‍, ഇതിനെതിരെ ധോബികളും അമ്പട്ടന്മാരും നഗരസഭയ്ക്ക് പരാതികൊടുത്തതായി രേഖകളുണ്ട്. പക്ഷേ, സര്‍ക്കാര്‍ കുളം നികത്തുകയും പകരം രണ്ട് കിണറുകള്‍ കുഴിക്കുകയും ചെയ്തു. 1937-ല്‍ മുതലക്കുളം മൈതാനം ധോബി ഘാനയാക്കിക്കൊണ്ട് ഉത്തരവുണ്ടായി. ഇപ്പോഴും അതു തുടരുന്നു'' -സെലുരാജ് പറയുന്നു. ഒരേക്കര്‍ 35 സെന്റ് സ്ഥലമായിരുന്നു ആദ്യകാലത്ത് കുളവും പരിസരവും. പലവിധ കയ്യേറ്റങ്ങളാല്‍ ഇന്നത് ഒരേക്കറില്‍ താഴെയായി ചുരുങ്ങി.

തലമുറകളായി തൊഴിൽ ചെയ്യുന്നവർ: മുതലക്കുളത്തെ കാഴ്ച
തലമുറകളായി തൊഴിൽ ചെയ്യുന്നവർ: മുതലക്കുളത്തെ കാഴ്ച

തൊഴിലാളികളെ ബോധ്യപ്പെടുത്തും 

പദ്ധതിയുടെ ആദ്യ രൂപരേഖ തയ്യാറായതേയുള്ളൂ. പൂര്‍ത്തിയാക്കാനുള്ള കാലപരിധിയോ മറ്റോ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പ് മുതലക്കുളത്തെ ആളുകളെ അതു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് പറയുന്നു. ''സെക്രട്ടറി അവിടെ പോയി സംസാരിച്ചിരുന്നു. പക്ഷേ, അതുമാത്രം പോര എന്നാണ് തീരുമാനം. അവരെ വിളിച്ച് എങ്ങനെയാണ് പദ്ധതിയെന്നും നടപ്പാക്കുന്ന രീതിയും അവര്‍ക്കു കാണിച്ചുകൊടുക്കും. അവരുടെ ജോലിക്ക് ഒരുതരത്തിലും തടസ്സമുണ്ടാക്കില്ല. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യങ്ങളാണ് പാര്‍ക്കിംഗ് പദ്ധതിക്കൊപ്പം നടപ്പിലാക്കുക. അത് അവരെക്കൂടി ബോധ്യപ്പെടുത്തും. പദ്ധതിയുടെ നിര്‍മ്മാണകാലത്തും അവര്‍ക്കു തൊഴില്‍ ചെയ്യാന്‍ മറ്റു സൗകര്യങ്ങള്‍ കോര്‍പ്പറേഷന്‍ ഒരുക്കും. സലീം ഗ്രൂപ്പാണ് പദ്ധതിരേഖ തയ്യാറാക്കി സമര്‍പ്പിച്ചത്. അവര്‍ക്കുതന്നെയായിരിക്കും നിര്‍മ്മാണച്ചുമതലയും. നഗരത്തില്‍ പാര്‍ക്കിംഗ് വലിയൊരു പ്രശ്‌നമാണ്. അതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ മുതലക്കുളത്തൊരുക്കുന്ന പാര്‍ക്കിംഗ് പ്ലാസയിലൂടെ പറ്റും എന്നാണ് വിചാരിക്കുന്നത്'' - ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com