ഫോട്ടോ : വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്സ്
ഫോട്ടോ : വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്സ്

ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടം പുതിയ ഉയരങ്ങളില്‍

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണനിലവാരം മാറ്റിമറിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തോടു ചേര്‍ത്തു പറയേണ്ടതാണ് ഈ സര്‍ക്കാര്‍ സ്‌കൂളിന്റേയും ഉയരത്തിളക്കം

കൊവിഡ് ഭീതിവിട്ട് സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടം - കോട്ടണ്‍ ഹില്ലിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ മൂന്നുനില കെട്ടിടത്തിലാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി പ്രവര്‍ത്തിക്കുക. വെറുമൊരു സ്‌കൂളല്ല, നാലായിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ ഹില്‍ സ്‌കൂള്‍ എന്നതുപോലെതന്നെ, വെറുമൊരു ബഹുനില കെട്ടിടമല്ല നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ഓരോ നിലയും എല്ലാ നിലയ്ക്കും പെണ്‍സൗഹൃദപരം. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി റാമ്പും പ്രത്യേകം സജ്ജീകരിച്ച ശുചിമുറിയും. പിന്നെ, ഓരോ നിലയിലും 20 വീതം ശുചിമുറികള്‍; ആകെ 60. പഴയ സ്‌കൂളില്‍ 83 ശുചിമുറികളുണ്ട്. പെണ്‍കുട്ടികളുടെ സൗകര്യത്തിന് 60 ശുചിമുറികള്‍ കൂടി കിട്ടി എന്നതു വളരെ പ്രധാനം. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നളന്ദ ആര്‍ട്ട് ഗ്യാലറി, മൂന്നു കോര്‍ട്ട് യാഡുകള്‍, വിശാലമായ ലോബി, മൂന്നു നിലയിലും സ്റ്റോര്‍ മുറികള്‍. ആര്‍ട്ട് ഗ്യാലറി, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഓഡിയോയും വീഡിയോയും തയ്യാറാക്കാന്‍ സ്റ്റുഡിയോ.

പഠനമേന്മയുടെ അന്തസ്സും പഠനേതര മികവിലെ പ്രതീക്ഷകളും ഒരിക്കലും തെറ്റിക്കാത്ത പാരമ്പര്യമാണ് 135 വര്‍ഷം പിന്നിട്ട ഈ സ്‌കൂളിന്റേത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണനിലവാരം മാറ്റിമറിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തോടു ചേര്‍ത്തു പറയേണ്ടതാണ് ഈ സര്‍ക്കാര്‍ സ്‌കൂളിന്റേയും ഉയരത്തിളക്കം. പുതിയ സ്‌കൂള്‍ക്കെട്ടിടം മാര്‍ച്ച് 30-ന് ഉദ്ഘാടനത്തിനു സജ്ജമായിരുന്നു. കോവിഡും ലോക്ഡൗണും കാരണം അന്നതു നടന്നില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. 19 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. സി.സി ടി.വി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കുവേണ്ടി എ.കെ. ആന്റണി എം.പി പ്രാദേശിക വികസന ഫണ്ടില്‍നിന്നു 15 ലക്ഷം രൂപ നല്‍കി. മുഴുവന്‍ ഫര്‍ണിച്ചറുകളും നല്‍കിയത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്; ചെലവ് 25 ലക്ഷം രൂപ. ലിഫ്റ്റു കൂടി സ്ഥാപിക്കാനുണ്ട്. അതിനുവേണ്ടിവരുന്ന 30 ലക്ഷം രൂപ വി.എസ്. ശിവകുമാര്‍ എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി (എസ്.എം.സി) ചെയര്‍മാന്‍ ആര്‍. പ്രദീപ് കുമാര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രീതി ജയന്‍, ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ എച്ച്.എം രാജശ്രീ ജെ., അഡീഷണല്‍ എച്ച്.എം എ. മിനി, ഡെപ്യൂട്ടി എച്ച്.എം വല്‍സലകുമാരി എന്നിവരും എസ്.എം.എസിയും ഒറ്റ മനസ്സോടെ നല്‍കുന്ന നേതൃത്വം കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ മികവില്‍ വലിയ പങ്കാണ് വഹിക്കുന്നത്; മുന്‍കാലങ്ങളില്‍ നയിച്ച പ്രധാനാധ്യാപകരും ഇതേ പങ്ക് വഹിച്ചിരുന്നു. പ്രിന്‍സിപ്പല്‍ എച്ച്.എമ്മിനു ഭരണപരമായ ചുമതലകളും അഡീഷണല്‍ എച്ച്.എമ്മിന് അക്കാദമിക ചുമതലകളുമാണുള്ളത്. അഡീഷണല്‍ എച്ച്.എമ്മിനെ സഹായിക്കാനാണ് ഡെപ്യൂട്ടി എച്ച് എം. പഴയ കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ മൂന്നു പേരും ഇടുങ്ങിയ ഒരു മുറിയിലും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ ഓഫീസ് വേറെ കെട്ടിടത്തിലുമായിരുന്നു. ഇപ്പോള്‍ നാലുപേരുടേയും ഓഫീസിനു വിശാല സൗകര്യവും നാല് സ്റ്റാഫ് റൂമുമുണ്ട്. പഠിതാക്കള്‍ മാത്രമല്ല, അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഭൂരിപക്ഷം സ്ത്രീകള്‍.

സ്കൂളിലെ പുതിയ ബിൽഡിങിന്റെ ഉൾവശം
സ്കൂളിലെ പുതിയ ബിൽഡിങിന്റെ ഉൾവശം

വേറിട്ട സര്‍ക്കാര്‍ സ്‌കൂള്‍

1835-ല്‍ തിരുവിതാംകൂറിലെ രാജഭരണം തിരുവനന്തപുരം നഗരത്തില്‍ പാളയത്താണ് സൗജന്യ പെണ്‍പള്ളിക്കൂടം തുടങ്ങിയത്; പേര്, ദി മഹാരാജാ സ്‌കൂള്‍. ഇന്നത്തെ സംസ്‌കൃത കോളേജിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ഇതു മൂന്നായി തിരിച്ച് പരുത്തിക്കുന്നിലും ബാര്‍ട്ടണ്‍ ഹില്ലിലും മണക്കാടുമായി മാറ്റി സ്ഥാപിച്ചു. പരുത്തിക്കുന്ന് പിന്നീട് കോട്ടണ്‍ ഹില്‍ എന്ന് അറിയപ്പെട്ടു. തുടക്കത്തില്‍ പ്രൈമറിയും അപ്പര്‍ പ്രൈമറിയുമാണ് ഉണ്ടായിരുന്നത്. 1935-ല്‍ ഹൈസ്‌കൂളായി. പ്രൈമറി സ്‌കൂള്‍ വേറെയാക്കുകയും ചെയ്തു. 1997-ല്‍ പ്രീഡിഗ്രി നിര്‍ത്തലാക്കി പകരം സ്‌കൂളുകളില്‍ പ്ലസ് വണ്‍, പ്ലസ് ടു തുടങ്ങിയപ്പോള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കോട്ടണ്‍ ഹില്ലിന്റെ ഭാഗം. അതിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിര്‍വ്വഹിച്ചത് ഇവിടെയാണ്.

സ്‌കൂള്‍ വളരുന്നതിനൊപ്പം സൗകര്യങ്ങളും വളര്‍ന്നിരുന്നു. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു നിലനിന്നു. യു.പിയും ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും സൗകര്യങ്ങള്‍ കുറഞ്ഞ വിവിധ കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് 2014-ല്‍ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടത്. പക്ഷേ, നിര്‍മ്മാണം തുടങ്ങാനായത് 2017-ല്‍. മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി സ്‌കൂളിനും നിരവധി അസൗകര്യങ്ങളുമുണ്ട്. പഴയകെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി ഭാഗികമായി എല്‍.പി സ്‌കൂളിനു നല്‍കും.

ക്ലാസ്സ് മുറികളുടെ സൗകര്യം വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് സന്തോഷം നല്‍കുന്ന ഒന്നാമത്തെ കാര്യമെന്ന് പ്രിന്‍സിപ്പല്‍ എച്ച്.എം രാജശ്രീ ജെ. പറഞ്ഞു. പ്രത്യേകിച്ചും ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളുടെ കാര്യത്തില്‍ വലിയ മാറ്റമാണുണ്ടാകുന്നതെന്ന് പഴയ ക്ലാസ്സ് മുറികളും പുതിയ ക്ലാസ്സ്മുറികളും കൂടി കാണുമ്പോള്‍ വ്യക്തമാകും. ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം 1200 വിദ്യാര്‍ത്ഥികളാണുള്ളത്. 890 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 12 പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സ്മുറികളും ഹൈസ്‌കൂളിനും യു.പിക്കുമായി 497 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 30 ക്ലാസ്സ് മുറികളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. 45 കുട്ടികള്‍ക്കു മാത്രം ഇരിക്കാന്‍ സൗകര്യമുള്ള ഹയര്‍ സെക്കന്‍ഡറി ക്ലാസ്സ്മുറികളില്‍ അറുപത്തിയഞ്ചോളം കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം വരെ ഇരുന്നത്. 65 കുട്ടികള്‍ക്കുള്ള സൗകര്യമാണ് പുതിയ ക്ലാസ്സ്മുറിയില്‍. ഒരു സര്‍ക്കാര്‍ സ്‌കൂളിലും ഫ്രണ്ട് ഓഫീസ് സംവിധാനം പോയിട്ട് അങ്ങനെയൊരു ആലോചനയ്ക്കുപോലും ഇടമില്ല. പക്ഷേ, ഇവിടെ അതിനു തുടക്കമിട്ടിരിക്കുന്നു. സുസജ്ജമായ കംപ്യൂട്ടര്‍വല്‍കൃത ഫ്രണ്ട് ഓഫീസ്. അധ്യാപകരുടേയും കുട്ടികളുടേയും മാത്രമല്ല, രക്ഷിതാക്കളുടേയും മുഴുവന്‍ വിവരങ്ങളും ഇവിടെ ഉണ്ടാകും. കുട്ടി ഇപ്പോള്‍ ഏതു ക്ലാസ്സിലാണെന്നും ഏതു വിഷയമാണ് പഠിക്കുന്നതെന്നും രക്ഷിതാവിനു മൊബൈല്‍ ഫോണില്‍ അറിയാന്‍ സൗകര്യമൊരുക്കും. കുട്ടി സ്‌കൂളില്‍ എത്തുമ്പോഴും തിരിച്ചു പോകുമ്പോഴും രക്ഷിതാവിന്റെ ഫോണില്‍ വിവരം ലഭ്യമാക്കുന്നതും ഭാവി പദ്ധതികളിലുണ്ട്. പെണ്‍കുട്ടികളുടെ സുരക്ഷയാണ് എല്ലാ സൗകര്യങ്ങളുടേയും മാനദണ്ഡം.

പുതിയ കെട്ടിടത്തിന്റെ രൂപരേഖ ആറു വര്‍ഷം മുന്‍പ് തയ്യാറാക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പ്രാധാന്യം മാറിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഉണ്ട്; അതുകൊണ്ടുതന്നെ സ്റ്റുഡിയോയ്ക്കും പ്രാധാന്യം വര്‍ദ്ധിച്ചു. ആറു കംപ്യൂട്ടര്‍ ലാബുകളും വിശാലമായ കോണ്‍ഫറന്‍സ് ഹാളും സന്ദര്‍ശകമുറിയുമുണ്ട്. വിദ്യാഭ്യാസ വകുപ്പും മന്ത്രി സി. രവീന്ദ്രനാഥും പ്രത്യേക താല്പര്യമാണെടുത്തത്. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ പൊതുമരാമത്ത് വകുപ്പും മന്ത്രി ജി. സുധാകരനും ഇതേവിധം താല്പര്യമെടുത്തു. അത് അറിഞ്ഞുതന്നെ പി.ഡബ്ല്യു.ഡി കരാറുകാരും തൊഴിലാളികളും സ്‌കൂളിന്റെ ഓരോ താല്പര്യവും ചോദിച്ചറിഞ്ഞു മനസ്സിലാക്കി പ്രവര്‍ത്തിച്ചു. മന്ത്രി ജി. സുധാകരന്‍ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയിരുന്നു. ധനമന്ത്രി ടി.എം. തോമസ് ഐസക്കും സ്‌കൂളിലെത്തി. ഈ വകുപ്പുകളെല്ലാം സ്വന്തം സ്വപ്നപദ്ധതി എന്ന പരിഗണന നല്‍കി. അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയുടേയും കൂട്ടായ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നല്‍കിയ പരിഗണനകൂടിയായിരുന്നു ഇത്. സാധാരണ പി.ടി.എകളിലെ മാനേജ്മെന്റ്, അധ്യാപക മേധാവിത്വത്തില്‍നിന്നു വ്യത്യസ്തമായി രക്ഷിതാക്കള്‍ക്കു മുന്‍തൂക്കമുള്ള 25 അംഗ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി)യാണ് പൊതുവായ മേല്‍നോട്ടം വഹിക്കുന്നത്. ഫാര്‍മേഴ്സ് ക്ലബ്ബ്, കൗമാര ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് തുടങ്ങി ഇരുപത്തിരണ്ടോളം ക്ലബ്ബുകളുണ്ട് സ്‌കൂളില്‍. എന്‍.സി.സിയും എന്‍.എസ്.എസ്സും ജൂനിയര്‍ റെഡ്ക്രോസ്സും സ്റ്റുഡന്റ് പൊലീസ് കേഡറ്റും സജീവം.

രണ്ടു വര്‍ഷമായി സ്‌കൂളിലെ ഇടവേളകളുടെ പ്രധാന ഊര്‍ജ്ജമായ പിങ്ക് എഫ്.എമ്മിനും പുതിയ കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി. പഴയ കെട്ടിടത്തില്‍ ഓഫീസിനോടു ചേര്‍ന്ന ചെറിയ ക്യാബിനായിരുന്നു എഫ്.എം കേന്ദ്രം. രാവിലെ 9.15 മുതല്‍ 9.30 വരെയും ഉച്ചയ്ക്ക് 12.45 മുതല്‍ 1.30 വരെയുമാണ് ക്യാമ്പസിലെ പ്രക്ഷേപണം. കുട്ടികളുടെ പാട്ടും കലാപരമായ മറ്റു കഴിവുകള്‍ പ്രകടിപ്പിക്കലുമൊക്കെയായി പിങ്ക് എഫ്.എം ഹിറ്റാണ്. കുട്ടികള്‍ക്കുള്ള അറിവുകളും അറിയിപ്പുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഈ റേഡിയോ ഭാവിയില്‍ തലസ്ഥാനത്തിന്റെ തന്നെ റേഡിയോ ആക്കി മാറ്റാന്‍ എസ്.എം.സിക്ക് ആഗ്രഹമുണ്ട്, ആലോചനയും. കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, കുട്ടികള്‍ക്ക് തത്സമയം പടങ്ങള്‍ വരയ്ക്കാനും ആവശ്യമെങ്കില്‍ ആര്‍ട്ട് ഗ്യാലറിയില്‍ സൗകര്യം നല്‍കും.

പ്രൊഫ. സുഗതകുമാരിയും പ്രൊഫ. ഹൃദയകുമാരിയും മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഡി.ജി.പി ആര്‍. ശ്രീലേഖയും ഉള്‍പ്പെടെ കേരളത്തെ രാജ്യത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ വിഖ്യാതരായ നിരവധി സ്ത്രീകള്‍ ഈ സര്‍ക്കാര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. അത് അഭിമാനത്തോടെ ചുമരില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com