കൊവിഡ് കാലത്ത് കൊള്ളയടിക്കു വാതില്‍ തുറക്കുമ്പോള്‍

പ്രകൃതിയേയും വിഭവങ്ങളേയും കൊള്ളയടിക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം
കൊവിഡ് കാലത്ത് കൊള്ളയടിക്കു വാതില്‍ തുറക്കുമ്പോള്‍

ശുദ്ധമായ വായുവും നിര്‍മ്മല പ്രകൃതിയും നഗരപ്രദേശങ്ങളിലേയ്ക്കുപോലും മടങ്ങിവന്നു തുടങ്ങി എന്നതാണ് ലോക്ഡൗണ്‍ സൃഷ്ടിച്ച നന്മകളിലൊന്ന്. കൊവിഡ് 19 എന്ന മഹാവ്യാധി പരോക്ഷമായി സൃഷ്ടിച്ച ഒരു ഫലം പ്രകൃതിയില്‍ മനുഷ്യന്‍ ഇടപെടുന്നതു നിമിത്തമുള്ള പ്രത്യാഘാതങ്ങള്‍ താല്‍ക്കാലികമായിട്ടാണെങ്കിലും ലഘൂകരിക്കപ്പെട്ടതാണ്.

സാധാരണയായി കാറുകള്‍, ട്രക്കുകള്‍, ബസുകള്‍, വൈദ്യുതനിലയങ്ങള്‍ എന്നിവയില്‍നിന്നും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ് സൃഷ്ടിക്കുന്ന വായു മലിനീകരണ സാന്ദ്രതയില്‍ ഗണ്യമായ കുറവുണ്ടെന്ന് സാറ്റലൈറ്റുകളില്‍നിന്നുള്ള ചിത്രങ്ങളും ഡാറ്റയും വ്യക്തമാക്കി. ചൈനയിലും യൂറോപ്പിലുമാണ് ഈ ഇടിവ് ഗണ്യമായി നിരീക്ഷിക്കപ്പെട്ടത്. ലോക്ഡൗണിനെത്തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചതോടെ ഫോസില്‍ ഫ്യുവല്‍ മുഖാന്തരമുള്ള മലിനീകരണം മാത്രമല്ല, നഗരപ്രദേശങ്ങളിലെ ശബ്ദമലിനീകരണവും വന്‍തോതില്‍ കുറഞ്ഞു. സമുദ്രാന്തരഗതാഗതം നിലച്ചതും കാര്യങ്ങള്‍ കുറേയേറെ മെച്ചപ്പെടുത്തി എന്നാണ് വിദഗ്ദ്ധമതം. കപ്പലുകളില്‍നിന്നുള്ള ശബ്ദമടക്കമുള്ള സമുദ്ര ഗതാഗതത്തിന്റെ വിപരീതഫലമായി സമുദ്രജീവികളില്‍ സ്‌ട്രെസ്-ഹോര്‍മോണ്‍ അളവ് വര്‍ദ്ധിക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇത് അവയുടെ പ്രത്യുല്പാദന ശേഷിയെവരെ ബാധിക്കുന്ന ഒന്നാണ്.

എന്നാല്‍, ലോക്ഡൗണുകള്‍ അവസാനിക്കുകയും കൊവിഡ് 19 എന്ന മഹാവ്യാധി പതിയെ പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ പ്രകൃതിക്ക് എന്തുമാറ്റമാണ് സംഭവിക്കാന്‍ സാധ്യത എന്നതാണ് ഇന്നു ലോകം ഉറ്റുനോക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. എക്കാലത്തേയും മോശമായ സാമ്പത്തിക മാന്ദ്യത്തെയാണ് ഇപ്പോഴത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ദ്രുതഗതിയിലൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഗവണ്‍മെന്റുകള്‍ ആദ്യം ചെയ്യുകയെന്ന് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ്. അതായത്, സാമ്പത്തിക വളര്‍ച്ചയിലേക്കു മടങ്ങിവരാന്‍ ഗവണ്‍മെന്റുകള്‍ നടത്തുന്ന വിറളിപൂണ്ട നീക്കങ്ങളുടെ ആദ്യ രക്തസാക്ഷി പരിസ്ഥിതി സംരക്ഷിക്കുന്നതിന് അവ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അഥവാ 'ഗ്രീന്‍ ടേപ്പ്' ആയിരിക്കുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനായി വിഭവചൂഷണത്തിനുവേണ്ടി മൂലധനത്തിനു വാതിലുകള്‍ മലര്‍ക്കേ തുറന്നിട്ടു കൊടുക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നുള്ളതും സ്പഷ്ടം.

കൊവിഡ് 19-ല്‍നിന്നുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടായ നാശനഷ്ടം 2007-2009 ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് 1930-കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യത്തിനാണ് ലോക്ഡൗണ്‍ കാരണമാകാന്‍ പോകുന്നത്. വൈറസിന്റെ ഭയാനകമാകാന്‍ പോകുന്ന 'രണ്ടാം തരംഗം' ഒഴിവാക്കിക്കൊണ്ടു ഘട്ടം ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റുകള്‍ക്ക് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട തങ്ങളുടെ സമ്പദ്വ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന കനത്ത വെല്ലുവിളിയെക്കൂടി നേരിടേണ്ടതുണ്ട്.

ലോക്ഡൗണ്‍ തുടങ്ങിയപ്പോഴുണ്ടായ നേരിയ തോതിലുള്ള പാരിസ്ഥിതിക നേട്ടങ്ങള്‍ മഹാവ്യാധിയുടെ പിന്‍വാങ്ങലിനൊപ്പം അപ്രത്യക്ഷമാകുമെന്നു മാത്രമല്ല, പരിസ്ഥിതി തകര്‍ച്ച കൊവിഡിനു മുന്‍പുള്ളതിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഏറെക്കാലത്തെ പോരാട്ടങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായാണ് പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന നിയന്ത്രണങ്ങള്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ ജനപ്രതിനിധിസഭകള്‍ നിര്‍മ്മിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനവും മറ്റു ഭീഷണികളും മൂലം ഇതിനകംതന്നെ തകര്‍ന്നുപോയ പാരിസ്ഥിതിക വ്യവസ്ഥകളെ കൂടുതല്‍ തകര്‍ക്കുകയാണ് തീര്‍ച്ചയായും ചെയ്യുക. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍, ഒരു താല്‍ക്കാലിക നടപടിയായിട്ടാണെങ്കില്‍പ്പോലും നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഉണ്ടാക്കിയെടുത്ത ഈ രംഗത്തെ നേട്ടങ്ങള്‍ക്ക് തുരങ്കം വയ്ക്കും. അവ തിരികെ നേടുന്നത് പ്രയാസകരമാകുകയും ചെയ്യും. ഇതേക്കുറിച്ചൊന്നും ബോധവാന്മാരല്ലാത്തവരല്ല നമ്മുടെ ഭരണാധികാരികള്‍. എന്നാല്‍, ഇപ്പോള്‍ അവരെ നയിക്കുന്നത് മുതലാളിത്ത സാമ്പത്തിക വളര്‍ച്ച എന്നതു സംബന്ധിച്ച താല്പര്യം മാത്രമാണ്. സാമ്പത്തികവളര്‍ച്ചയോടൊപ്പം സംഭവിക്കേണ്ട അതിന്റെ ഫലങ്ങള്‍ എല്ലാവരിലേക്കുമെത്തണമെന്ന നിര്‍ബ്ബന്ധം ഒരു കാലത്തും അവര്‍ക്ക് ഇല്ലായിരുന്നെങ്കിലും.

കൊവിഡിന്റേയും മുറുകിയ വാണിജ്യയുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ ചൈനയ്ക്കുണ്ടാകുന്ന നഷ്ടം ഇന്ത്യയ്ക്ക് മുതലെടുക്കാനാകുമെന്നാണ് ഭരണാധികാരികള്‍ കരുതുന്നത്. തകര്‍ച്ചയിലേക്കു അനുദിനം കൂപ്പുകുത്തുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ അനിവാര്യമെന്ന് കേന്ദ്രഗവണ്‍മെന്റ് കരുതുന്നു. വരുമാനം വര്‍ദ്ധിപ്പിക്കാനും സാമ്പത്തികമായ ഊര്‍ജ്ജസ്വലത നിലനിറുത്തുന്നതിനും കൂടുതല്‍ നടപടികള്‍ അനിവാര്യമാണെന്ന് സംസ്ഥാന ഗവണ്‍മെന്റും കരുതുന്നു. കൊവിഡ് 19-നെത്തുടര്‍ന്നും വാണിജ്യയുദ്ധങ്ങളുടെ പശ്ചാത്തലത്തിലും ചൈനയ്ക്ക് ഏല്‍ക്കുന്ന തിരിച്ചടി ഇന്ത്യയ്ക്ക് നേട്ടമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

''കൊവിഡാനന്തരകാലത്തെ സാധ്യതകള്‍ മനസ്സിലാക്കി നമ്മുടെ നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളെ നവീകരിക്കണം, പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കണം. ഉദാഹരണത്തിനു കാസ്റ്റിംഗുകളുടെ മുഖ്യസ്രോതസ്സ് ചൈനയായിരുന്നു. എന്നാല്‍, ചൈനയില്‍നിന്നു മാറി പുതിയ സപ്ലൈ സ്രോതസ്സുകള്‍ ബഹുരാഷ്ട്ര കമ്പനികള്‍ അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍പോലും ചൈനയില്‍നിന്നും വാങ്ങുന്നതിനു പകരം ഇന്ത്യയില്‍ത്തന്നെ ഫൗണ്ടറികളെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ചേര്‍ത്തലയിലെ ഓട്ടോക്കാസ്റ്റിനു പുതിയൊരു സാധ്യത തുറക്കുകയാണ്.'' ചേര്‍ത്തലയിലെ ഓട്ടോക്കാസ്റ്റിനെ പുനരുജ്ജീവിപ്പിച്ചതു സംബന്ധിച്ച് സംസ്ഥാന ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് സാമൂഹ്യമാധ്യമങ്ങളിലിട്ട കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്. നിലവിലുള്ള പൊതുമേഖലാ വ്യവസായങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ഊന്നലെങ്കിലും ചൈനയ്ക്ക് സംഭവിക്കുന്ന കോട്ടങ്ങള്‍ മുതലെടുക്കണമെന്ന കാഴ്ചപ്പാടുതന്നെയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ഏതായാലും സംസ്ഥാനത്തിന്റെ ഇന്നത്തെ ധനസ്ഥിതിവെച്ച് കേരളത്തില്‍ വലിയ തോതില്‍ പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആരും പറയില്ല. അതായത്, സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിനുതന്നെയായിരിക്കും മുന്‍ഗണന എന്നര്‍ത്ഥം. അതിനു കേന്ദ്രതലത്തില്‍ നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലും തൊഴില്‍ നിയമങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വെള്ളംചേര്‍ക്കലുകളെ സംസ്ഥാനവും പ്രയോജനപ്പെടുത്തുമെന്നും ഉറപ്പ്.

ലഭ്യമായ സൂചനകളനുസരിച്ച്, പ്രകൃതിയുടേയും ദുര്‍ബ്ബല ജനവിഭാഗങ്ങളുടേയും തൊഴിലാളികളുടേയും സംരക്ഷണത്തിനുതകുന്ന നിയമനിര്‍മ്മാണങ്ങളെ ദുര്‍ബ്ബലപ്പെടുത്താനും അവയില്‍ വെള്ളം ചേര്‍ക്കാനും നമ്മുടെ ഭരണാധികാരികള്‍ പ്രത്യക്ഷത്തില്‍ത്തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നുതന്നെയാണ് കൊവിഡിനെ മുന്‍നിര്‍ത്തി ഭരണതലത്തില്‍ അവര്‍ നടത്തുന്ന നീക്കങ്ങള്‍ തെളിയിക്കുന്നത്. ഘടനാപരമായ തകരാറുകള്‍ നിമിത്തം കുറേക്കാലമായി തകര്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ കൊവിഡ് കാലത്തെ പ്രത്യേക സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി വളര്‍ച്ച ഉറപ്പുവരുത്താനെന്ന വ്യാജേന തൊഴിലാളികളുടേയും പരിസ്ഥിതിയുടേയും ചെലവില്‍ തല്‍ക്കാലം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ ആക്കം കൂട്ടിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങളിലെ ഭേദഗതികളെപ്പോലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനവും ആ വഴിക്കുള്ള നീക്കമാണ്.

ജീവജാതികളെ ഇല്ലായ്മ ചെയ്യുന്ന വെള്ളംചേര്‍ക്കലുകള്‍

കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) ഇരുചെവിയറിയാതെ പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ കരട് വിജ്ഞാപനം (Environmental Impact Assessment Notification-Draft) പുറത്തിറക്കുന്നത്.

നടപ്പാക്കുന്നപക്ഷം ഈ വിജ്ഞാപനം ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണ സംവിധാനത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പാരിസ്ഥിതികമായ ദൗര്‍ബ്ബല്യങ്ങളെക്കുറിച്ച് ജനതയും ഭരണകൂടവും ബോധവാന്മാരാണെങ്കിലും ഭാവിയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ വിശേഷിച്ചൊരു കാഴ്ചപ്പാടൊന്നും നമുക്കില്ലെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്. ഏതു തരത്തിലുള്ള ദുരന്തവുമാകട്ടെ, അതിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഇനി ഏക പോംവഴിയെന്നു തോന്നുന്നു.

രാജ്യത്ത് ആദ്യത്തെ സമഗ്രമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) വിജ്ഞാപനം 1994-ലാണ് വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്. 1994-ലെ ഇ.ഐ.എ വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിജ്ഞാപനത്തിന്റെ ഷെഡ്യൂള്‍ 1-ല്‍ ലിസ്റ്റു ചെയ്തിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ചില വികസന പദ്ധതികള്‍ക്കായി, ഒരു പ്രോജക്ട് നിര്‍മ്മിക്കുന്നതിന് മുന്‍പോ നിലവിലുള്ളവ വിപുലീകരിക്കുമ്പോഴോ പരിഷ്‌കരണം വരുത്തുമ്പോഴോ പാരിസ്ഥിതികാനുമതി (Environmental Clearance-ഇ.സി) നേടേണ്ടത് നിര്‍ബ്ബന്ധമായിരുന്നു എന്നതാണ്. പരിസ്ഥിതി ആഘാതപഠനംകൊണ്ടു മുഖ്യമായും ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക പദ്ധതികൊണ്ടു പരിസ്ഥിതിക്കുണ്ടായേക്കാവുന്ന പ്രതികൂലഫലങ്ങള്‍ പരമാവധി കുറയ്ക്കുകയാണ്. എന്നാല്‍, ഒരു ഇ.ഐ.എയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍ രണ്ടാണ്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ പ്രതികൂല പാരിസ്ഥിതിക ആഘാതമെന്തെന്നു വിലയിരുത്തുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് സാമ്പത്തിക നേട്ടങ്ങളുടേയും പാരിസ്ഥിതിക ചെലവുകളുടേയും ഏറ്റവും അനുയോജ്യമായ ഒരു അനുപാതത്തെ പ്രതിനിധീകരിക്കുന്ന ബദല്‍ തിരിച്ചറിയുകയും. അതായത് ഇതിനേക്കാളുമോ ഇത്രത്തോളമോ സാമ്പത്തികനേട്ടവും ഇതിലും കുറവ് പാരിസ്ഥിതിക ചെലവും വരുന്ന ബദലുണ്ടോ എന്നു അന്വേഷിച്ചു കണ്ടുപിടിക്കുക. ചുരുക്കത്തില്‍, ഒരു പ്രത്യേക വ്യാവസായിക പദ്ധതി കാരണം പരിസ്ഥിതിക്കു സംഭവിക്കാനിടയുള്ള ദോഷം ലഘൂകരിക്കുന്നതില്‍ ഈ അനുമതിക്കു വലിയ പ്രാധാന്യമുണ്ട്. സാധാരണയായി ഇ.ഐ.എയ്ക്കു ശേഷമേ പാരിസ്ഥിതികാനുമതി ലഭ്യമാക്കാനാകൂ.

പാരിസ്ഥിതികാഘാത പഠനപ്രക്രിയയില്‍ ഏറ്റവും നിര്‍ണ്ണായക പ്രാധാന്യമുള്ള ഘടകം നിര്‍ദ്ദിഷ്ട പദ്ധതികൊണ്ടോ വ്യവസായം കൊണ്ടോ ബാധിക്കപ്പെടുമെന്ന് കരുതുന്ന പ്രദേശത്തെ പൊതുജനവുമായി കൂടിയാലോചന നടത്തുക എന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തോ ചുറ്റുവട്ടത്തോ ജീവിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആഘാതപഠനത്തിന്റെ റിപ്പോര്‍ട്ട് പരമപ്രധാനവുമാണ്. നമ്മുടെ വികസനപദ്ധതികള്‍ മിക്കപ്പോഴും ഏറ്റവും മോശമായി ബാധിക്കുന്നത് സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്ന ജനവിഭാഗങ്ങളെയാണ് എന്ന വസ്തുതകൂടി കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന പാരിസ്ഥിതിക പ്രത്യാഘാത പഠനങ്ങള്‍ എത്രമാത്രം ഫലപ്രദമാണെന്നുകൂടി വ്യക്തമാകും. നാം നടപ്പാക്കുന്ന വികസന പദ്ധതികളുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത് ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരുമാണെന്ന് ദില്ലിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 8.2 ശതമാനം മാത്രമാണ് പട്ടികവര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്ന ആദിവാസികളെങ്കിലും അണക്കെട്ടുകള്‍, ഖനികള്‍, വ്യാവസായിക വികസന പദ്ധതികള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനായി സ്വാതന്ത്ര്യലബ്ധിക്കുശേഷം കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 55 ശതമാനം ഈ വിഭാഗത്തില്‍പ്പെട്ടവരാണെന്നു പഠനം പറയുന്നു.

കോര്‍പ്പറേറ്റ് ലോബികളുടേയും വ്യവസായികളുടേയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 1994-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം ഇതിനകം തന്നെ നിരവധി ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ട്. പാരിസ്ഥിതികാനുമതികള്‍ ലഭിക്കുന്നതിനുള്ള പ്രക്രിയയില്‍ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതിനും അനുമതി നിര്‍ബ്ബന്ധമായും കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയായിരുന്നു ഈ ഭേദഗതികള്‍. അനഭിലഷണീയമായ ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമായി പുതുക്കിയ ഒരു വിജ്ഞാപനം 2006-ല്‍ വനം-പരിസ്ഥിതി വകുപ്പ് പാസ്സാക്കുകയുണ്ടായിട്ടുണ്ട്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സംബന്ധിച്ച വിജ്ഞാപനത്തിനു പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും മറ്റും വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നതുമില്ലതാനും. പല തലങ്ങളിലും അതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നു. വിശേഷിച്ചും പൊതുജനവുമായി കൂടിയാലോചന നടത്തണമെന്ന വ്യവസ്ഥയെ വിജ്ഞാപനം അവ്യക്തമാക്കി തീര്‍ത്തതിന്.
 
എന്നാല്‍, 2006-ലെ വിജ്ഞാപനം ഒരു പദ്ധതി ആരംഭിക്കുന്നതിനു മുന്‍പേത്തന്നെ പാരിസ്ഥിതികാനുമതി നേടണമെന്ന 1994-ലെ വ്യവസ്ഥ ആവര്‍ത്തിച്ചിരുന്നു. അതേസമയം, പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ആറ് പ്രധാന വിഭാഗം പദ്ധതികളെ പാരിസ്ഥിതികാനുമതി നേടുന്നതില്‍നിന്നും ഒഴിവാക്കിക്കൊടുത്തിരുന്നു. പുതിയ വിജ്ഞാപനത്തില്‍ 20 വിഭാഗങ്ങളെയാണ് ഇതില്‍നിന്നും ഒഴിവാക്കിക്കൊടുത്തിട്ടുള്ളത്.

2006-ലെ വിജ്ഞാപനം വിഭാവനം ചെയ്ത പൊതുജന കൂടിയാലോചന സംബന്ധിച്ച വ്യവസ്ഥ നിറയെ സന്ദിഗ്ദ്ധതകള്‍ നിറഞ്ഞതായിരുന്നു. അതൊട്ടും സുതാര്യവുമായിരുന്നില്ല. ഉദാഹരണത്തിന്, പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു പൊതുയോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് 30 ദിവസം മുന്‍പേ തന്നെ പുറപ്പെടുവിക്കേണ്ടതുള്ളപ്പോള്‍, പദ്ധതിയുടെ സ്വാധീനം വിശദീകരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള സമയപരിധി സംബന്ധിച്ച് പരാമര്‍ശമൊന്നുമില്ലായിരുന്നു.

വിജ്ഞാപനത്തില്‍ പ്രകടമായിരുന്ന അവ്യക്തതകളെ പല സന്ദര്‍ഭങ്ങളിലും ഗവണ്‍മെന്റ് സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് അര്‍ത്ഥവത്തായ ചര്‍ച്ച നടക്കാതിരിക്കാന്‍ വേണ്ടി, പദ്ധതി സംബന്ധിച്ച് പൊതുജനവുമായി കൂടിയാലോചന നടത്തുന്നതിനുള്ള യോഗങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മുന്‍പേ ഇ.ഐ.എ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതായി പതിവ്. ഇത്തരത്തില്‍ പൊതുജനങ്ങളുമായുള്ള കൂടിയാലോചന ഫലപ്രദമാകാതിരിക്കാന്‍ വേണ്ടി വിജ്ഞാപനത്തിലെ ഈ വീഴ്ച അധികാരികള്‍ മുതലെടുക്കുന്നത് ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും റിപ്പോര്‍ട്ട് 30 ദിവസം മുന്‍പേത്തന്നെ പരസ്യപ്പെടുത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനും പുറമേ, പ്രദേശത്തെ ജനങ്ങളുമായി ഫലപ്രദമായ കൂടിയാലോചനകള്‍ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകളെക്കുറിച്ച് 2006-ലെ വിജ്ഞാപനം നിശ്ശബ്ദവുമാണ്.

കൂടാതെ, പദ്ധതി പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുമായി ഫലപ്രദമായ കൂടിയാലോചന ഉറപ്പാക്കുന്നതിന് ഒരു മുന്‍കരുതലും ഈ വിജ്ഞാപനം നിര്‍ദ്ദേശിച്ചിട്ടില്ല. ഒരു പ്രദേശത്ത് പദ്ധതി നടപ്പാകുമ്പോള്‍ അതു നേരിട്ടോ അല്ലാതേയോ ബാധിക്കാന്‍ ഇടയുള്ള വിഭാഗങ്ങളില്‍ ഒരു പ്രതിനിധിപോലും പൊതുജനങ്ങളുമായുള്ള കൂടിയാലോചനയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളുടെ ക്രോഡീകരണം തയ്യാറാക്കുന്ന സമിതിയില്‍ വേണമെന്നുള്ള വ്യവസ്ഥയും 2006-ലെ വിജ്ഞാപനത്തിലില്ലായിരുന്നു. എന്നാല്‍, 1994-ലെ വിജ്ഞാപനത്തില്‍ ഇക്കാര്യത്തിനു പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. അതു പിന്നീട് നീക്കം ചെയ്യപ്പെടുകയാണ് ഉണ്ടായത്. ഇതിനുപകരം ഈ സമിതികളിലൊക്കെയും ഗവണ്‍മെന്റ് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. ഈ ന്യൂനതകളെല്ലാം പദ്ധതി സംബന്ധിച്ച് സമര്‍പ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ പക്ഷപാതത്തിനും അവ്യക്തതയ്ക്കും കൂടുതല്‍ വഴിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ടായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടു വിജ്ഞാപനം മുന്‍കാലങ്ങളിലെ വിജ്ഞാപനങ്ങളിലെ കുറവുകള്‍ പരിഹരിക്കുന്നതിനു പകരം കാര്യങ്ങള്‍ വഷളാക്കുകയും കൂടുതല്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തുകയുമാണ് ചെയ്യുന്നതെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൊതുജനങ്ങളുമായി കൂടിയാലോചന നടത്തുന്നത് സംബന്ധിച്ച് മുന്‍കാലങ്ങളിലുണ്ടായിരുന്ന നടപടിക്രമത്തിനുണ്ടായിരുന്ന വൈകല്യങ്ങളൊന്നും പുതിയ വിജ്ഞാപനത്തിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല. പുതിയ കരട് വിജ്ഞാപനം മുന്‍പ് ആറു തരം വ്യവസായങ്ങള്‍ക്കു ബാധകമായിരുന്ന ഇളവുകള്‍ 20 വ്യവസായങ്ങള്‍ക്കു കൂടി ബാധകമാക്കുകയാണ് ചെയ്തത്.

ഇതിനെല്ലാം ഉപരിയായി രാജ്യത്തെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ഏറ്റവും നിര്‍ണ്ണായകമായി ബാധിക്കാന്‍ പോകുന്നത് പോസ്റ്റ് ഫാക്ടോ അംഗീകാരങ്ങള്‍ നല്‍കാമെന്ന വ്യവസ്ഥയാണ്. കരട് വിജ്ഞാപനപ്രകാരം, ഇനിമേലാല്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഗവണ്‍മെന്റില്‍നിന്നു പാരിസ്ഥിതികാനുമതി തേടേണ്ടിവരില്ല. പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം പിഴയടച്ചാല്‍ മതിയാകും. പുതിയ വിജ്ഞാപനപ്രകാരം പാരിസ്ഥിതിക നാശനഷ്ടവും ലംഘനം മൂലമുണ്ടായ സാമ്പത്തിക നേട്ടവും വിലയിരുത്തി അതിന്റെ 1.5 മടങ്ങ് പിഴയായി നിശ്ചയിക്കാമെന്നാണ്. അതായത് നിയമാനുസൃതമല്ലാതെ തുടങ്ങിയ എല്ലാ വ്യവസായങ്ങള്‍ക്കും ഒരു ചെറിയ പിഴയല്ലാതെ മറ്റ് അനന്തരഫലങ്ങള്‍ ഇല്ലാതെ മുഴുവന്‍ ഇ.ഐ.എ പ്രക്രിയയും ഒഴിവാക്കാനും പ്രവര്‍ത്തനം തുടരാനും കഴിയും. നേരത്തെ ഹരിത ട്രിബ്യൂണലുകള്‍ പോസ്റ്റ് ഫാക്ടോ അംഗീകാരങ്ങള്‍ക്കെതിരെ വിധിച്ചതാണ്. ഇത്തരം അംഗീകാരങ്ങള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. (Alembic Pharmaceuticals judgment, April, 2010).
 
ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകളില്‍ കുറേശ്ശെ കുറേശ്ശെയായി വെള്ളം ചേര്‍ത്ത് അവയുടെ ലക്ഷ്യം തന്നെ ഇല്ലായ്മ ചെയ്യുന്നത് ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സ് എന്ന സങ്കല്പത്തെപ്രതിയാണ് എന്നതാണ് കൗതുകകരം. ആത്യന്തികമായി സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മാത്രമേ നമ്മുടെ ഭരണാധികാരികളുടെ മനസ്സിലുള്ളൂ. സാമ്പത്തിക വളര്‍ച്ചയോടൊപ്പം അതിന്റെ സദ്ഫലങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം എന്ന തത്ത്വത്തിനു പ്രാധാന്യമില്ലാതായിട്ടും കാലം കുറച്ചായി. അതേസമയം സാമ്പത്തിവളര്‍ച്ചയുടെ തിന്മകള്‍-പരിസ്ഥിതി നാശം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം, കിടപ്പാടവും ഭൂമിയും ഉപജീവനോപാധികളും നഷ്ടമാകല്‍-ദുര്‍ബ്ബല ജനവിഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന ദാരുണമായ കാഴ്ചയാണ് ഇന്നു നാം കാണുന്നത്. ഇന്ത്യയുടെ സമ്പത്തിന്റെ 48 ശതമാനവും അതിസമ്പന്നരുടെ അഥവാ അള്‍ട്രാ ഹൈ നെറ്റ് വേര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (സൂപ്പര്‍ റിച്ച്) എന്നു വിളിക്കുന്ന വിഭാഗത്തിന്റെ കൈകളിലാണ് എന്നാണ് കണക്ക് (2008). ഈ അതിസമ്പന്നരില്‍ 5,000 പേരാണ് 2018-ല്‍ മാത്രം അന്യദേശങ്ങളിലേക്ക് കുടിയേറിയത്. ഈ വിഭാഗത്തിന്റെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണത്തില്‍ മറ്റേതു രാജ്യത്തേക്കാളുമധികം വര്‍ദ്ധന പ്രതീക്ഷിക്കുന്നത് ഇന്ത്യയിലാണെന്ന് Knight Frank's Wealth Report സൂചിപ്പിക്കുന്നു. 73 ശതമാനം കണ്ട് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. അതിസമ്പന്നരെ വളര്‍ത്തുന്ന ഒരു സാമ്പത്തികക്രമത്തിന്റെ ഇരകള്‍ ഇനിയും പരിസ്ഥിതിയും ദുര്‍ബ്ബല ജനവിഭാഗങ്ങളും ആകും എന്നുതന്നെയാണ് പുതിയ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനവും കാണിക്കുന്നത്. നഷ്ടങ്ങളെല്ലാം ദേശസാല്‍ക്കരിക്കുകയും ചെയ്യുകയും ലാഭങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു ഭരണവ്യവസ്ഥയില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലല്ലോ.

കരടുവിജ്ഞാപനത്തെക്കുറിച്ച് പുനരാലോചിക്കണം

ശിബാനി ഘോഷ്
സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്

('ഇന്ത്യന്‍ എന്‍വയോണ്‍മെന്റല്‍ ലോ: കീ കോണ്‍സെപ്റ്റ്‌സ് ആന്റ് പ്രിന്‍സിപ്പിള്‍സ്', എഡിറ്റര്‍)

2020-ലെ കരടുവിജ്ഞാപനം ലംഘനങ്ങളെ റെഗുലറൈസ് ചെയ്യുന്ന ഒരു റെഗുലേറ്ററി ഫ്രെയിംവര്‍ക്കാണ് നിര്‍ദ്ദേശിക്കുന്നത്. ഏറെ ആശങ്കാജനകമാണ് ഇത്. വ്യവസ്ഥകള്‍ ലംഘിച്ചു നടപ്പാക്കിയ/നടപ്പാക്കുന്ന ഇത്തരം പദ്ധതികളെ നേരത്തെ തന്നെ പാരിസ്ഥിതിക താല്പര്യങ്ങളെ മുന്‍നിര്‍ത്തി നിയന്ത്രണങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നു മന്ത്രാലയം കരുതുന്നുവെന്നാണ് വിജ്ഞാപനത്തിന്റെ മുഖവുരയില്‍ത്തന്നെ പറയുന്നത്. പ്രകൃതിക്കു കൂടുതല്‍ ദോഷകരമാകുന്ന രീതിയില്‍ കൂടുതല്‍ ലംഘനങ്ങളിലേയ്ക്കു പോകാതെ നോക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടതെന്നും. തീര്‍ച്ചയായും അത്തരം ലംഘനങ്ങളിലേയ്ക്കു ബന്ധപ്പെട്ടവരുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ളത് പരമപ്രധാനമായ കാര്യമാണ് എന്ന് അംഗീകരിക്കുന്നു. അതേസമയം അതിന്റെ ലക്ഷ്യം ലംഘകരെ ശിക്ഷിക്കുകയും പാരിസ്ഥിതികമായ ലംഘനങ്ങള്‍ ഇനിയും ഉണ്ടാകാതെ നോക്കുകയുമാണ് ലക്ഷ്യമിടേണ്ടിയിരുന്നത്. വ്യവസ്ഥകള്‍ ലംഘിച്ച പദ്ധതികളെ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴില്‍ കൊണ്ടുവരികയെന്ന വ്യാജേന വനം പരിസ്ഥിതി വകുപ്പ് ഭാവിയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കാനാണ് ഈ വിജ്ഞാപനം മുഖാന്തരം ശ്രമിക്കുന്നത്.

2006-നും അതിനുമുന്‍പുമുള്ള പല രൂപത്തിലുള്ള വിജ്ഞാപനങ്ങള്‍ നടപ്പാക്കിയതിന്റെ ഒരുപാടു അനുഭവങ്ങള്‍ നമുക്കു മുന്‍പാകെയുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയും ലംഘകര്‍ പൊതുവേ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്തതായാണ് നമ്മുടെ അനുഭവങ്ങള്‍. അധികാരികള്‍ ഭാവിയില്‍ ഉണ്ടാകുന്ന ഇത്തരം ലംഘനങ്ങളെ ഫലപ്രദമായി തടയുന്നതിനു നിയമപരമോ അല്ലാതെയോ ഉള്ള നടപടികള്‍ ഇനിയും കൈക്കൊള്ളാന്‍ തുനിഞ്ഞിട്ടില്ല. പിഴയൊടുക്കുക എന്ന് ശിക്ഷ ഇതു തടയാന്‍ പര്യാപ്തമായ ഒന്നല്ല. പ്രത്യേകിച്ചും വലിയ വലിയ പദ്ധതികളൊക്കെ നടപ്പാക്കുന്നവര്‍ക്ക്. മലിനീകരിക്കുക പിന്നീട് അതിനു വില നല്‍കുക എന്നതിനു തുല്യമായ ഒന്നായിട്ടേ അത്തരമൊരു ശിക്ഷയെ കണക്കാക്കാനാകൂ. കമ്പനികള്‍ അതിനെ ഒരു 'ഇന്‍പുട്ട് കോസ്റ്റ്' ആയി കണക്കാക്കി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും.

ഇന്ത്യന്‍ കോടതികള്‍ മുന്‍കരുതല്‍ തത്ത്വം (Precautionary Principle) നിര്‍വ്വചിക്കുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും അതിന്റെ പരിധിയില്‍ തടയല്‍ തത്ത്വവും (Principle of Prevention) ഉള്‍ക്കൊള്ളുന്നുണ്ട്. 2020-ലെ വിജ്ഞാപനം ഈ സങ്കല്പങ്ങളെയൊക്കെ ഉല്ലംഘിക്കുന്നുണ്ട്. ഉദാഹരണത്തിന്, പരിസ്ഥിതി ആഘാതം ശരിയായ രീതില്‍ വേണ്ടത്ര വിലയിരുത്തിയശേഷം തുടങ്ങേണ്ടിയിരുന്ന, വിവിധ കാറ്റഗറികളില്‍പ്പെടുന്ന പദ്ധതികളെ പുതിയ വിജ്ഞാപനം പരിസ്ഥിതി ആഘാത പഠനപ്രക്രിയയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ആയതുകൊണ്ട് ഇത്തരം പദ്ധതികളേല്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ വിജ്ഞാപനം ഇനി മേലാല്‍ തടയുകയില്ല.

ഇത്തരത്തിലുള്ള വിജ്ഞാപനങ്ങള്‍ നടപ്പാക്കുന്നതിലുള്ള വിജയപരാജയങ്ങളുടേതായ മൂന്നു ദശകത്തെ അനുഭവം ഗവണ്മെന്റിനു മുന്‍പാകെയുണ്ട്. കാലാകാലങ്ങളില്‍ നടപ്പാക്കിയ വിവിധ വിജ്ഞാപനങ്ങളും സവിശേഷ വ്യവസ്ഥകളും നടപ്പാക്കിയതിന്‍മേലുള്ള വിവിധ കോടതികളുടെ തീര്‍പ്പുകള്‍, മാദ്ധ്യമങ്ങളും ഗവണ്മ!!െന്റേതര സംഘടനകളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്നിവയൊക്കെയുണ്ട്. പരിസ്ഥിതിയേയും ജനങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ പ്രക്രിയയെ നിയമലംഘകര്‍ക്ക് മറികടക്കാനാകുമെന്നതിനു ഖണ്ഡിക്കാന്‍ കഴിയാത്ത തെളിവുകളുണ്ട്. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതിനു പകരം പരിസ്ഥിതി സംരക്ഷിക്കലാണ് പരമപ്രധാനം എന്നതിനെ മുന്‍നിര്‍ത്തി ഗവണ്മെന്റ് പുതിയ കരടുവിജ്ഞാപനത്തെക്കുറിച്ച് പുനരാലോചനയ്ക്കു തയ്യാറാകണം. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ പുതുക്കിപ്പണിയണം. പൊതുജനങ്ങളുമായുള്ള കൂടിയാലോചന, പൊതുജനപങ്കാളിത്തം എന്നീ തത്ത്വങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തരത്തില്‍ പ്രകൃതിക്കു കൂടുതല്‍ സുരക്ഷനല്‍കുന്ന ഒരു സംവിധാനം വളര്‍ത്തിയെടുക്കുന്നതിനു ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. ശരിയായ രീതിയിലുള്ള ആഘാത പഠനങ്ങള്‍ നടക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തണം. പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ അതിനു കനത്ത വില നല്‍കേണ്ടിവരുന്നു എന്നു ഗവണ്മെന്റ് ഉറപ്പുവരുത്തുകയും ചെയ്യണം. വെറുതേ പണപരമായ പിഴയില്‍ അതൊതുങ്ങരുത്.

സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നിലപാടുകളുടെ മരണമണി

ഹരീഷ് വാസുദേവന്‍
(പരിസ്ഥിതി നിയമവിദഗ്ദ്ധന്‍)

വ്യവസായങ്ങള്‍ക്കുവേണ്ടി നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ ഇളവു ചെയ്താലോ അവ ലംഘിക്കപ്പെട്ടാലോ അതിനെതിരെ നിയമസംവിധാനങ്ങളെ സമീപിച്ചാല്‍ മിക്കപ്പോഴും നീതി വൈകുന്നതായാണ് അനുഭവം. കേന്ദ്രസര്‍ക്കാര്‍ വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി പരിസ്ഥിതി നിയമങ്ങളില്‍ ഇളവുചെയ്തു കൊടുത്തതിനെതിരെ 2016-ലാണ് കേസ് ഫയല്‍ ചെയ്തത്. ഇപ്പോഴും അതവിടെ കിടപ്പാണ്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു കൗണ്ടര്‍പോലും ഫയല്‍ ചെയ്തിട്ടില്ല. ദുരന്തലഘൂകരണ പ്ലാനുകള്‍ക്കും പഠനങ്ങള്‍ക്കും പുല്ലുവില കൊടുക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ  ഇ.ഐ.എ നടപടികള്‍ പ്രഹസനമാണെന്നതിന്റെ ഉത്തമോദാഹരണമാണ് ലോക്ഡൗണ്‍ കാലത്തെ വിശാഖപട്ടണത്തെ വാതകദുരന്തം. നിലവിലുള്ള വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ തന്നെ പര്യാപ്തമാകാതെ വരികയോ അതില്‍ത്തന്നെ ഇളവുകള്‍ നല്‍കുകയോ ശരിയായ രീതില്‍ നടപ്പാകാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇ.ഐ.എ വിജ്ഞാപനത്തില്‍ വെള്ളം ചേര്‍ത്ത് എല്ലാത്തരം വ്യവസായങ്ങള്‍ക്കും ഇളവ് നല്‍കാനുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക തളര്‍ച്ചയെത്തുടര്‍ന്ന് രണ്ടു കൂട്ടരെ ബാധിക്കുന്ന നിയമങ്ങളിലാണ് പൊളിച്ചെഴുത്തുണ്ടായത്. തൊഴില്‍ നിയമങ്ങളിലും പരിസ്ഥിതി നിയമങ്ങളിലും. തൊഴില്‍ സുരക്ഷാ നിയമങ്ങള്‍ പലയിടത്തും റദ്ദാക്കുകയും വെള്ളം ചേര്‍ക്കുകയും ചെയ്തു. 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍-ഇ.ഐ.എ-വിജ്ഞാപനം മുന്‍കാലങ്ങളിലുണ്ടായതിനേക്കാള്‍ വലിയ വെള്ളം ചേര്‍ക്കലുകളോടെ പുറത്തുവന്നുകഴിഞ്ഞു. നിക്ഷേപം കൊണ്ടുവരാനാണ് എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ അത് ഇക്കോ സിസ്റ്റങ്ങള്‍ക്കു കൂടുതല്‍ നാശവും ഭാവിയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്കും വഴിവെയ്ക്കുകയേ ഉള്ളൂ. ലൈസന്‍സിംഗ് സ്ട്രീംലൈന്‍ ചെയ്യേണ്ടത് ആവശ്യം തന്നെ.

എന്നാല്‍, അതല്ല ഇപ്പോള്‍ നടക്കുന്നത്. ഇ.ഐ.എ 2020 ഏറെ ഗുരുതരമായ അപകടമാണ് പരിസ്ഥിതിക്ക് ഉണ്ടാക്കുക. ഈ ലോക്ഡൗണ്‍ കാലത്തുപോലും പരിസ്ഥിതി നിയമലംഘകര്‍ക്ക് വലിയ ഇളവ് കൊടുക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഉത്തരവ്. ഉദ്യോഗസ്ഥര്‍ക്കു പണം വാങ്ങി അപ്പപ്പോള്‍ പിന്‍വലിക്കാവുന്ന വിജ്ഞാപനങ്ങള്‍ അല്ല, പാര്‍ലമെന്റ് പാസ്സാക്കുന്ന സമഗ്രമായ നിയമമാണ് നമുക്കു വേണ്ടത്. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ മുതല്‍ പിന്തുടരുന്ന നിയമങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നമ്മള്‍ അവസാനിപ്പിക്കണം. പരിസ്ഥിതി ആഘാതപഠനം എന്നത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ മുതല്‍ ഏതൊരു രാജ്യത്തും വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. 1994 മുതല്‍ ഇന്ത്യയിലെ നിയമവും അതനുസരിച്ചാണ്. നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന വികസനമേ സുസ്ഥിരമാവൂ എന്നതാണ് തത്ത്വം. 2020-ലെ ഭേദഗതിയോടെ ആ കാഴ്ചപ്പാട് ഇല്ലാതാകുകയാണ്.

ഏത് വലിയ പദ്ധതിക്കും മുന്‍കൂര്‍ പരിസ്ഥിതി ആഘാതപഠനവും ആഘാതലഘൂകരണ മാര്‍ഗ്ഗങ്ങളും പൊതുജന അഭിപ്രായ രൂപീകരണവും നടക്കേണ്ടതുണ്ട്. അത് അട്ടിമറിക്കുന്ന നീക്കമാണ് ഇപ്പോഴത്തെ വിജ്ഞാപനം. ഇപ്പോഴത്തെ വിജ്ഞാപനം പിന്‍വലിച്ച്, പരിസ്ഥിതി ആഘാതപഠനങ്ങള്‍ക്കായി പാര്‍ലമെന്റ് സമഗ്രമായ ഒരു നിയമം കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

അധികാരം ആര്‍ക്ക്?

വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു അനുമതി നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റിനാണ് അധികാരം.  ഡിസ്ട്രിക്ട് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റിയുടെ (ഡി.ഇ.എ.എ) ചെയര്‍മാന്‍ കൂടിയായ  ജില്ലാ മജിസ്‌ട്രേറ്റാണ് പരിസ്ഥിതി സംരക്ഷണത്തിന് തീരുമാനങ്ങള്‍ എടുക്കേണ്ടത്.
പുതിയ വിജ്ഞാപന പ്രകാരം അതത് ജില്ലകളില്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുവദിക്കപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളുടെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനം കേന്ദ്രഗവണ്‍മെന്റ് അവലോകനം ചെയ്യും. അതായത് ഡി.ഇ.എ.എ.എയുടെ ചെയര്‍മാന്റെ തീരുമാനത്തിന്റെ പ്രാധാന്യം കുറയും. പാരിസ്ഥിതിക സംബന്ധിയായതും ആവാസവ്യവസ്ഥയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ മുറവിളികള്‍ പലകാരണങ്ങളാല്‍ ശ്രദ്ധയില്‍പ്പെടാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ കൈകളിലേക്ക് അന്തിമാധികാരം സ്വാഭാവികമായും ഇതുപ്രകാരം വന്നുചേരും.

1. 60-കളില്‍  കൃഷിയില്‍ ലാഭം എന്ന തത്ത്വം കടന്നുവരുന്നു. ഹരിതവിപ്ലവത്തിനു തുടക്കമാകുന്നു. വന്‍കിട ജലവൈദ്യുത പദ്ധതികളും കൃഷിയില്‍ രാസവളങ്ങളുടേയും കീടനാശിനികളുടേയും സാങ്കേതികവിദ്യയുടേയും പ്രയോഗം പാരിസ്ഥിതിക ചിന്തകളെ ശക്തിപ്പെടുത്തുന്നു.
2. ഇതേസമയം ലോകമെമ്പാടും പാരിസ്ഥിതിക രാഷ്ട്രീയം ശക്തിപ്പെടുന്നു.  ഏതൊരു പശ്ചാത്തല വികസന പദ്ധതിക്കും പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ നിര്‍ബ്ബന്ധമായും നടക്കണമെന്ന് ലോകത്താദ്യമായി നിബന്ധന വരുന്നു. 1970-ല്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ആണ് ഇത് നടപ്പാക്കുന്നത്.
3. 1976-ല്‍  പ്ലാനിംഗ് കമ്മിഷന്‍ പരിസ്ഥിതിയുടെ പരിപ്രേക്ഷ്യത്തില്‍ റിവര്‍വാലി പ്രൊജക്ടുകളെ സംബന്ധിച്ച് പഠിക്കാന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനോടു ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലാദ്യമായി ഇ.ഐ.എ നോട്ടിഫിക്കേഷന്‍.  ജലനിയമം (1974), വന്യജീവി സംരക്ഷണനിയമം (1972)  എന്നിവയില്‍നിന്നു വ്യത്യസ്തമായി പുതിയ വിജ്ഞാപനത്തോടെ പൊതുജനാഭിപ്രായത്തിനും പങ്കാളിത്തത്തിനും  ഊന്നല്‍ നല്‍കാനാരംഭിച്ചു.  
4. വായു മലിനീകരണം തടയലും നിയന്ത്രിക്കലും സംബന്ധിച്ച നിയമം (1981) പരിസ്ഥിതി (സംരക്ഷണം) നിയമം (1986), ജൈവ വൈവിധ്യ നിയമം (2002) എന്നിവ ഇങ്ങനെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടവയാണ്.
5. ഇ.ഐ.എ വിജ്ഞാപനം അനുസരിച്ചുള്ള വിലയിരുത്തല്‍  നടത്തിവേണം പാരിസ്ഥിതികാനുമതി (Environmental Clearance) ലഭ്യമാക്കണമെന്ന നിര്‍ബ്ബന്ധിത വ്യവസ്ഥ 1994-ല്‍.
6. 2006-ല്‍ യു.പി.എ ഗവണ്‍മെന്റ് നേരത്തെയുള്ള വ്യവസ്ഥകള്‍ കുറച്ചുകൂടി ഉദാരവും സന്ദിഗ്ദ്ധവുമാക്കി.  എങ്കിലും പ്രദേശത്തെ പൊതുജനാഭിപ്രായത്തിനും വിദഗ്ദ്ധാഭിപ്രായത്തിനുമുള്ള മുന്‍തൂക്കം പേരിനെങ്കിലും നിലനിന്നു.
7. 2020-ല്‍ വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ട് മന്ത്രി പ്രകാശ് ജാവദേക്കര്‍ കരടുരേഖ പുറപ്പെടുവിച്ചു.

എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്‌മെന്റ് (പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ -ഇ.ഐ.എ) ഒരു വിജ്ഞാപനമാണ്.  പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കപ്പെട്ട നിയമമല്ല. 2020 കരടു വിജ്ഞാപനം മാര്‍ച്ച് 23-നാണ് പുറപ്പെടുവിക്കപ്പെട്ടത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കേണ്ട അവസാന തിയത് മെയ് 22-യിരുന്നു. ഇപ്പോഴത് ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.

2020-ലെ വിജ്ഞാപനം ഏറെ വെള്ളംചേര്‍ക്കപ്പെട്ട ഒന്നാണെന്നു വ്യാപകമായി ആരോപണമുണ്ട്.

2006-ലെ വിജ്ഞാപനത്തില്‍ പഴുതുകള്‍ ഉണ്ടായിരുന്നെങ്കിലും തത്ത്വത്തില്‍ അതു പൊതുജനാഭിപ്രായത്തിനും പാരിസ്ഥിതി ഉല്‍ക്കണ്ഠകള്‍ പ്രകടമാക്കുന്നതിനും അവസരം നല്‍കിയിരുന്നു.
പുല്‍പ്രദേശങ്ങള്‍, മരുപ്രദേശങ്ങള്‍, നീര്‍പ്രദേശങ്ങള്‍ എന്നിവ പുതിയ വിജ്ഞാപനപ്രകാരം ഇക്കോ സെന്‍സിറ്റീവ് മേഖലകളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല.

വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവയ്ക്കാവശ്യമയ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള റോഡുകള്‍, പൈപ്പ്ലൈനുകള്‍, റെയില്‍ ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനു പുതിയ കരടുവിജ്ഞാപന പ്രകാരം ക്ലിയറന്‍സ് ആവശ്യമില്ല.

വൈദ്യുതി നിലയങ്ങള്‍പോലുള്ള പദ്ധതികള്‍ക്കാവശ്യമായ ഇടത്തരം അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനും  പുതിയ വിജ്ഞാപനപ്രകാരം ക്ലിയറന്‍സ് ആവശ്യമില്ല.

നേരത്തെ 10000 ഹെക്ടറോ അതില്‍ കൂടുതലോ ഭൂമി ആവശ്യമുള്ളവയായിരുന്ന കാറ്റഗറി എയില്‍.  ഇപ്പോഴത് കാറ്റഗറി ബി ആണ്. അതായത് കൂടുതല്‍ ഇളവുകള്‍ക്ക് അത് അര്‍ഹമാകുന്നു എന്നര്‍ത്ഥം.
2020-ലെ കരട് അനുസരിച്ച് കാറ്റഗറി ബി പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക ആഘാതം അഞ്ച് കിലോമീറ്ററിനുള്ളിലും  കാറ്റഗറി എ  പത്ത് കിലോമീറ്റര്‍ വരെയും ബാധകമായിരിക്കുകയുള്ളൂവെന്നാണ്. അതേസമയം, വൈദ്യുതി നിലയങ്ങള്‍പോലുള്ള പദ്ധതികള്‍ വലിയൊരു പ്രദേശത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com