വിവാദങ്ങളും കയ്യാങ്കളിയും പ്രതിഷേധങ്ങളുമായി അഞ്ച് വര്‍ഷം; കണ്ണൂരിലെ 'കലാശക്കളി'

ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയാത്ത തരത്തിലുള്ള നാടകീയതകളാണ് കണ്ണൂരില്‍ അഞ്ചു വര്‍ഷം അരങ്ങേറിയത്.
വിവാദങ്ങളും കയ്യാങ്കളിയും പ്രതിഷേധങ്ങളുമായി അഞ്ച് വര്‍ഷം; കണ്ണൂരിലെ 'കലാശക്കളി'

നാടകീയതകളായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷന്റെ രൂപീകരണം മുതല്‍ ആദ്യ ഭരണം അവസാനിക്കാന്‍ പോകുന്ന ഈ ഘട്ടം വരെ. കൂറുമാറ്റവും കാലുവാരലും ഒളിവില്‍ താമസിക്കലും കാലുമാറ്റം ഭയന്ന് റിസോര്‍ട്ടില്‍ താമസിപ്പിക്കലും ഒക്കെയായി മറ്റുചില സംസ്ഥാനങ്ങളില്‍ നടക്കുന്ന തരത്തിലുള്ള രാഷ്ട്രീയനാടകങ്ങള്‍ അരങ്ങേറിയ സ്ഥലമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ പുതിയതരം രാഷ്ട്രീയക്കളികള്‍ക്ക് തുടക്കമിടുന്നതാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടത്. കോണ്‍ഗ്രസ്സിലെ തമ്മില്‍ത്തല്ല്, അപ്രതീക്ഷിതമായി സ്ഥാനം കിട്ടിയ എല്‍.ഡി.എഫ്, കാലുവാരിയ മുസ്ലിംലീഗ് അംഗം. മൂന്ന് മേയര്‍മാര്‍, മൂന്ന് തവണ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്, രണ്ട് ഭരണസമിതി - ഇതാണ് അഞ്ചുവര്‍ഷത്തിനിടയിലെ കാര്യങ്ങളുടെ ചുരുക്കം. കോണ്‍ഗ്രസ്സില്‍ കെ. സുധാകരനെ വെല്ലുവിളിച്ച് സ്വന്തമായി മത്സരിക്കുകയും ഭരണം രണ്ടുതവണ അട്ടിമറിക്കുകയും ചെയ്ത പി.കെ. രാഗേഷ് തന്നെയാണ് താരം. ഭരണകാലാവധി തീരാന്‍ മൂന്നുമാസം ബാക്കിനില്‍ക്കെ മൂന്നാമത്തെ മേയര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോര്‍പ്പറേഷന്‍. ഇനിയും അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫിലെ സി. സീനത്തായിരിക്കും കണ്ണൂര്‍ മേയര്‍. കേരളത്തില്‍ മേയറാകുന്ന ആദ്യത്തെ മുസ്ലിം വനിതയാകും സീനത്ത്.

അട്ടിമറികളുടെ കോര്‍പ്പറേഷന്‍

2015 നവംബറിലാണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. കണ്ണൂര്‍ നഗരസഭയ്ക്കൊപ്പം പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 55 ഡിവിഷനുകളുള്ള കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. കോര്‍പ്പറേഷന്‍ രൂപീകരണം രാഷ്ട്രീയ പ്രേരിതമായാണ് നടത്തിയതെന്ന് എല്‍.ഡി.എഫ് തുടക്കത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പരാതികളും ഉയര്‍ന്നിരുന്നു. യു.ഡി.എഫിന് അനുകൂലമായ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോര്‍പ്പറേഷന്‍ ഉണ്ടാക്കിയത് എന്നായിരുന്നു ആരോപണം. അഴീക്കോട്. ചിറക്കല്‍, വളപട്ടണം എന്നീ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യം അക്കാലത്ത് സജീവമായിരുന്നു. യു.ഡി.എഫിനു മേല്‍ക്കൈയുള്ള കോര്‍പ്പറേഷനില്‍ 2015 നവംബറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ അത്യന്തം നാടകീയമായിരുന്നു കാര്യങ്ങള്‍.
പാര്‍ട്ടിയുമായി ഇടഞ്ഞ പള്ളിക്കുന്ന് മുന്‍മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഗേഷ് വിമതനായി മത്സരിച്ചതോടെയാണ് തെരഞ്ഞെടുപ്പിന്റെ വിധി മാറിമറിഞ്ഞത്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന നഗരസഭ കോര്‍പ്പറേഷനിലേക്ക് മാറിയപ്പോഴും മേല്‍ക്കൈ യു.ഡി.എഫിനു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് എല്‍.ഡി.എഫ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ പി.കെ. രാഗേഷും കെ. സുധാകരന്‍ പക്ഷവും തമ്മിലുള്ള തര്‍ക്കം മൂത്തതോടെ കോണ്‍ഗ്രസ്സിന്റെ പിടിവിട്ടു. രാഗേഷ് കോണ്‍ഗ്രസ് വിട്ട് ഐക്യജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ പാര്‍ട്ടിയും ഉണ്ടാക്കി. പഞ്ഞിക്കയില്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് വിമതനായി യു.ഡി.എഫിനെതിരെ മത്സരിച്ച രാഗേഷ് ജയിച്ചു. മുസ്ലിം ലീഗായിരുന്നു രാഗേഷിനെതിരെ മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി എല്‍.ഡി.എഫ്. 27 സീറ്റുകള്‍ സ്വന്തമാക്കി. യു.ഡി.എഫിന് കിട്ടിയതും 27. ഭരണം ആര് എന്ന് നിര്‍ണ്ണയിക്കേണ്ടത് വിമതനായ പി.കെ. രാഗേഷും.

കണ്ണൂർ പ്രാദേശിക രാഷ്ട്രീയത്തിലെ കേന്ദ്ര കഥാപാത്രമായി മാറിയ പികെ രാ​ഗേഷ് അനുയായികൾക്കൊപ്പം
കണ്ണൂർ പ്രാദേശിക രാഷ്ട്രീയത്തിലെ കേന്ദ്ര കഥാപാത്രമായി മാറിയ പികെ രാ​ഗേഷ് അനുയായികൾക്കൊപ്പം

രാഗേഷിനെ അനുനയിപ്പിക്കാനുള്ള വലിയ തോതിലുള്ള നീക്കങ്ങളൊന്നും കോണ്‍ഗ്രസ് നടത്തിയില്ല. എല്‍.ഡി.എഫിനൊപ്പം അദ്ദേഹം പോകില്ല എന്നവര്‍ക്ക് തോന്നിയതാണ് പ്രധാന കാരണം. ഡെപ്യൂട്ടി മേയര്‍ സ്ഥാനമായിരുന്നു രാഗേഷിന്റെ ആവശ്യം. അതിലൊരു ധാരണയിലെത്താന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല. അധികാരം പിടിക്കാന്‍ ഇതൊരവസരമായി കണ്ട എല്‍.ഡി.എഫ് രാഗേഷുമായി സമവായത്തിലെത്തി. രാഗേഷിന്റെ ഒറ്റവോട്ടില്‍ എല്‍.ഡി.എഫിന് മേയര്‍സ്ഥാനം സ്വന്തം. അപ്രതീക്ഷിതമായി ഇ.പി. ലത മേയറായി. വനിത സംവരണമായിരുന്നു ഇത്തവണ.

ലീഗിലെ സി. സമീറാണ് ഡെപ്യൂട്ടി മേയറായത്. ഉച്ചയ്ക്കുശേഷം നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍നിന്ന് പി.കെ. രാഗേഷ് വിട്ടുനിന്നു. വോട്ടിംഗ് 27 അംഗങ്ങളുമായി ഇരുമുന്നണികളും സമാസമമായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് സമീര്‍ വിജയിച്ചത്. ലീഗ് അംഗം വോട്ട് ചെയ്തതിലെ പിഴവ് കാരണം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം കൂടി എല്‍.ഡി.എഫിനു ലഭിച്ചു. അങ്ങനെ മേയറും ഒരംഗവും എല്‍.ഡി.എഫും ബാക്കി യു.ഡി.എഫുമായി ഭരണസമിതി നിലവില്‍ വന്നു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കുള്ള വേദിയായി പിന്നീടങ്ങോട്ടുള്ള ചര്‍ച്ചകളും യോഗങ്ങളും. തര്‍ക്കങ്ങള്‍ക്കിടയില്‍ വികസനചര്‍ച്ചകള്‍ക്കു വേണ്ടത്ര സമയം കിട്ടിയതുമില്ല.

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ അപ്പോഴും പരിഹരിക്കപ്പെടാതെ കിടന്നു. ഒടുവില്‍ പി.കെ. രാഗേഷ് എല്‍.ഡി.എഫ് പാളയത്തിലെത്തി. ഡെപ്യൂട്ടി മേയര്‍ പദവി നല്‍കാം എന്ന തീരുമാനവും ഉണ്ടായി. അതിനെത്തുടര്‍ന്ന് സി. സമീറിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന്റെ തൊട്ട് മുന്‍പ് സമീര്‍ രാജിവെച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ പി.കെ. രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി.

അധികാരം യു.ഡി.എഫിലേക്ക്

2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ. സുധാകരന് പി.കെ. രാഗേഷ് ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിച്ചു. അതോടുകൂടി കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ രമ്യതയിലേക്ക് നീങ്ങി. രാഗേഷ് യു.ഡി.എഫ് പാളയത്തിലേക്ക് തിരിച്ചെത്തിയതോടെ മേയര്‍ക്കെതിരെ 2019 ഓഗസ്റ്റില്‍ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഇ.പി. ലത മേയര്‍ സ്ഥാനത്തുനിന്നും പുറത്തായി. അധികാരത്തിലെത്തിച്ചതും പുറത്താക്കിയതും ഒരേ വ്യക്തിയുടെ വോട്ടിലൂടെ.

ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. 27 സീറ്റ് വീതം ഇരുമുന്നണിക്കുമുണ്ടായിരുന്നെങ്കിലും എല്‍.ഡി.എഫിലെ ഒരംഗം മരിച്ചതോടെ 26 അംഗങ്ങളായി. ഇതിനിടയിലായിരുന്നു അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. എടക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ കുട്ടിക്കൃഷ്ണന്‍ അന്തരിച്ച സമയത്ത് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനെതിരെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഇ.പി. ലത പ്രതിഷേധമുയര്‍ത്തിയിരുന്നു. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ സുമ ബാലകൃഷ്ണന്‍ രണ്ടാമത്തെ മേയറായി ചുമതലയേറ്റു.

2020 മാര്‍ച്ചില്‍ പി.കെ. രാഗേഷിനെതിരെ എല്‍.ഡി.എഫ് വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഇത്തവണ കാലുവാരിയത് മുസ്ലിംലീഗിലെ കെ.പി.എ. സലീം ആയിരുന്നു. ലീഗ് നേതൃത്വവുമായി ഇടഞ്ഞ സലീം എല്‍.ഡി.എഫുമായി രഹസ്യധാരണയുണ്ടാക്കി. സലീം കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും മുസ്ലിംലീഗ് നേതൃത്വം അത് വേണ്ടത്ര കാര്യമാക്കിയില്ല. അമിത ആത്മവിശ്വാസം ലീഗിനും കോണ്‍ഗ്രസ്സിനും വിനയായി. രണ്ട് മാസത്തോളം യോഗങ്ങള്‍ക്കൊന്നും പങ്കെടുക്കാതെ ഒളിച്ചുകളിയിലായിരുന്നു സലീം. എല്‍.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്നു ഇക്കാലത്ത് സലീം എന്നായിരുന്നു ആരോപണം. യു.ഡി.എഫിന് വിപ്പ് നല്‍കാന്‍പോലും സലീമിനെ കണ്ടുകിട്ടിയില്ല. ഒടുവില്‍ വീടിനു മുന്നില്‍ ഒട്ടിച്ച് തിരിച്ചുപോരുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം വോട്ടെടുപ്പിന്റെ അന്നാണ് കോണ്‍ഗ്രസ്സിലേയും ലീഗിലേയും സഹപ്രവര്‍ത്തകര്‍ സലീമിനെ കാണുന്നത്. എല്‍.ഡിഎഫ് അംഗങ്ങള്‍ക്കൊപ്പമാണ് നാടകീയമായി സലീം എത്തിയത്.

അങ്ങനെ രാഗേഷിന് ഡെപ്യൂട്ടിമേയര്‍ സ്ഥാനം നഷ്ടമായി.  ചര്‍ച്ചയ്ക്കുശേഷം പുറത്തെത്തിയ സലീമിനെ എം.വി. ജയരാജന്‍ ചുവപ്പുമാലയിട്ട് സ്വീകരിച്ചു.

സലീമിന്റെ കാര്യത്തില്‍ മുസ്ലിംലീഗിനും കോണ്‍ഗ്രസ്സിനും പറ്റിയ വീഴ്ച രാഗേഷ് തുറന്നു വിമര്‍ശിച്ചു. സലീമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതായി കെ.പി.എ. മജീദും അറിയിച്ചു. പിന്നീട് കെ.എം. ഷാജി എം.എല്‍.എ അടക്കമുള്ള ലീഗ് നേതാക്കളുടെ അനുനയത്തില്‍ സലീം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. അധികാരം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിനു വീണ്ടും അവസരം വന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീണ്ടുപോയി. ഒടുവില്‍ ഈ മാസം നടന്ന തരഞ്ഞെടുപ്പില്‍ 55 അംഗ കൗണ്‍സിലില്‍ 28 വോട്ട് നേടി രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായി. സി.പി.ഐയിലെ വെള്ളോറ രാജനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
 
രഹസ്യകേന്ദ്രത്തിലെ താമസവും വോട്ടിംഗ് പരിശീലനവും

കാലുമാറ്റവും വോട്ടിംഗിലെ അപാകതകളും ഒഴിവാക്കാന്‍ വലിയ ജാഗ്രതയിലാണ് യു.ഡി.എഫ് കേന്ദ്രം അംഗങ്ങളെ വോട്ടെടുപ്പ് വരെ എത്തിച്ചത്. ഒറ്റ വോട്ടിന്റെ പിന്‍ബലത്തിലാണ് ജയപരാജയം എന്നതിനാല്‍ അംഗങ്ങളെയെല്ലാം പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചാണ് വോട്ടിംഗിന് എത്തിച്ചത്. പാര്‍പ്പിച്ച സ്ഥലത്തുനിന്ന് വോട്ടെടുപ്പ് ദിവസം രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യത്തെ തവണ വോട്ടിംഗില്‍ ലീഗ് അംഗം വരുത്തിയ പിഴവ് കാരണം ഒരു സീറ്റ് യു.ഡി.എഫിനു നഷ്ടപ്പെട്ടിരുന്നു. ഇതൊഴിവാക്കാനായി അംഗങ്ങള്‍ക്കെല്ലാം വോട്ടിംഗിലും പരിശീലനം നല്‍കിയിരുന്നു. അങ്ങനെ മൂന്നാമത്തെ ഡെപ്യൂട്ടി മേയറായി രാഗേഷ് വീണ്ടും അധികാരമേറ്റു.
മേയര്‍ സുമ ബാലകൃഷ്ണനെതിരെയും എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും അത് പരിഗണിക്കുന്നതിനു മുന്‍പേ അവര്‍ രാജിവെച്ച് ലീഗിനു സ്ഥാനം കൈമാറി.

കോണ്‍ഗ്രസ്-ലീഗ് ധാരണപ്രകാരം മേയര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിനും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ മേയര്‍ സ്ഥാനം പകുതി കാലയളവ് ലീഗിനു നല്‍കാനാണ് ധാരണ. ആറുമാസം കോണ്‍ഗ്രസ്സും ആറുമാസം ലീഗും. ഇതിന്റെ അടിസ്ഥാനത്തില്‍ സുമ ബാലകൃഷ്ണന്‍ രാജിവെച്ചു.

കസാനക്കോട്ട വാര്‍ഡിലെ മുസ്ലിംലീഗ് അംഗം സി. സീനത്ത് യു.ഡി.എഫിന്റെ പുതിയ മേയര്‍ സ്ഥാനാര്‍ത്ഥി. കൊറോണ വ്യാപനം കാരണം തെരഞ്ഞെടുപ്പ് നീണ്ടുപോയതോടെ ഇനി മൂന്നുമാസം മാത്രമാണ് ഭരണസമിതിയുടെ കാലാവധി. കസാനക്കോട്ട ഡിവിഷനില്‍നിന്നും 2000 മുതല്‍ തുടര്‍ച്ചയായി 20 വര്‍ഷം കൗണ്‍സിലറായ ആളാണ് സീനത്ത്. രണ്ടുതവണ ജനറല്‍ സീറ്റിലും രണ്ടുതവണ വനിത സംവരണ സീറ്റിലും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണ് സീനത്ത്. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ്.

ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയാത്ത തരത്തിലുള്ള നാടകീയതകളാണ് കണ്ണൂരില്‍ അഞ്ചുവര്‍ഷം അരങ്ങേറിയത്. രാഷ്ട്രീയക്കളികളും വിവാദങ്ങളും കയ്യാങ്കളിയും പ്രതിഷേധങ്ങളും മുന്നിട്ടു നിന്ന അഞ്ചുവര്‍ഷം. മൂന്നുമാസം മാത്രമാണ് ശേഷിക്കുന്നതെങ്കിലും അടുത്ത തെരഞ്ഞെടുപ്പിനുള്ള വിവാദം ഇപ്പോഴെ തുടങ്ങികഴിഞ്ഞു. ഐ.എന്‍.ടി.യു.സി. നേതാവ് കെ. സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. അടുത്ത തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥനാര്‍ത്ഥിയായി ഒരുങ്ങുകയാണ് അദ്ദേഹം എന്ന തരത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ പ്രചരണത്തില്‍ മനംനൊന്താണ് അദ്ദേഹത്തിന് പെട്ടെന്ന് മരണം സംഭവിച്ചത് എന്ന്  തരത്തിലുള്ള ആരോപണങ്ങള്‍ മറ്റൊരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

സി. സീനത്ത്

അവസാന മൂന്ന് മാസമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ ആയിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഇനിയൊരു അട്ടിമറി ഉണ്ടാകില്ല എന്നുതന്നെയാണ് വിശ്വാസം. അതെല്ലാവര്‍ക്കും അറിയാം. മുന്‍ മേയര്‍ തുടങ്ങിവെച്ച കാര്യങ്ങളെല്ലാം വേഗത്തില്‍ ചെയ്തു തീര്‍ക്കാനാണ് ശ്രമിക്കുക. ജനങ്ങളാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അടിയന്തരമായി ചെയ്തുകൊടുക്കുകയാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. അത്രയേ ചെയ്യാന്‍ സമയമുള്ളൂ. ആറ് മാസം തന്നതാണ്. പക്ഷേ, ആ സമയത്ത് ലോക് ഡൗണ്‍ വന്നതോടെ നീണ്ടുപോകുകയായിരുന്നു. ഡെപ്യൂട്ടി മേയറിന്റെ കാര്യത്തില്‍ ഒരു അട്ടിമറി ഉണ്ടായപ്പോള്‍ അതു കൂടി പരിഹരിച്ച് യു.ഡി.എഫിനു ഭരണം നഷ്ടമാകാത്ത രീതിയില്‍ മുന്നോട്ടു പോകാന്‍ മുസ്ലിംലീഗ് തീരുമാനിക്കുകയായിരുന്നു.

ഇ.പി. ലത

മൂന്നേമുക്കാല്‍ വര്‍ഷം മേയര്‍ സ്ഥാനം വഹിക്കാന്‍ കഴിഞ്ഞു. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ കുതികാല്‍വെട്ടും നീക്കങ്ങളുമൊക്കെ കണ്ട ഒരു ഭരണകാലമായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെല്ലാം എതിര്‍പാര്‍ട്ടിക്കാരായതിനാല്‍ ആ ഒരു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പുതുതായി രൂപീകരിച്ച കോര്‍പ്പറേഷന്‍ ആയതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതിന്റെയൊക്കെ ബാലാരിഷ്ടതകള്‍ മറികടക്കാനും വികസനകാര്യങ്ങള്‍ നടത്താനും പരമാവധി സാധിച്ചിട്ടുണ്ട്. അതിലെനിക്ക് സന്തോഷമുണ്ട്. രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ആഗ്രഹിച്ച ഒരു മാറ്റം തന്നെയായിരുന്നു ഇത്. പല വികസനകാര്യത്തിലും ഒരടി മുന്നോട്ടുവെക്കുമ്പോള്‍ ഒരടി പിന്നോട്ട് വെക്കുന്ന നയമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, അതിനെയൊക്കെ മറികടക്കാന്‍ സാധിച്ചു. ഭൂരിപക്ഷമില്ലാത്ത ഒരു കൗണ്‍സിലിനെ ഇക്കാലം കൊണ്ടുപോയത് ജനങ്ങളുടെ പിന്തുണയോടു കൂടിയാണ്. അധികാര പിടിവലിയില്‍ ജനങ്ങള്‍ക്കാണ് നഷ്ടം. അധികാരക്കൊതിയല്ല വേണ്ടത്, വികസന കാര്യത്തില്‍ രാഷ്ട്രീയം കാണരുത്. ആ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com