ആകാശപാത- നാണക്കേടിന്റെ പര്യായം

കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍പദ്ധതിയായി മുന്‍ സര്‍ക്കാരും എം.എല്‍.എയും മാത്രമല്ല, സ്ഥലംവിട്ടു കടുത്ത നഗരസഭയും അവതരിപ്പിച്ച പദ്ധതി നാണക്കേടിന്റെ പര്യായമായി
പൂർത്തിയാകാതെ ആകാശപാത/ ഫോട്ടോ: വിഷ്ണു പ്രതാപ്
പൂർത്തിയാകാതെ ആകാശപാത/ ഫോട്ടോ: വിഷ്ണു പ്രതാപ്

പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച കോട്ടയം നഗരമധ്യത്തിലെ ആകാശപാത എല്‍.ഡി.എഫ് സര്‍ക്കാരിനും യു.ഡി.എഫ് എം.എല്‍.എയ്ക്കും ഭാരം; ജനത്തിനു വേണ്ട. കൂറ്റന്‍ ഇരുമ്പുതൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആര്‍ക്കും വേണ്ടാത്ത പദ്ധതിക്കു ചെലവഴിച്ച സമയവും പണവും സ്ഥലവും നഷ്ടം. ആകാശപാതയായി തുടങ്ങി ഗാന്ധി സ്മൃതിമണ്ഡപമായി മാറി ഒന്നുമാകാത്ത പദ്ധതി 2016 ഫെബ്രുവരിയിലാണ് തുടങ്ങിയത്. നഗരത്തിലെ കാല്‍നടയാത്രക്കാരെ അപകടങ്ങളില്‍നിന്നു രക്ഷിക്കാന്‍ എന്ന അവകാശവാദത്തോടെ പ്രത്യേക താല്പര്യമെടുത്തത് അന്നുമിന്നും കോട്ടയം എം.എല്‍.എയായ അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായി. അശാസ്ത്രീയമെന്നും അപ്രായോഗികമെന്നും തുടക്കം മുതല്‍ വിമര്‍ശിച്ച എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി ഒറ്റയടിക്കു വേണ്ടെന്നുവെച്ചില്ല. അഞ്ചേമുക്കാല്‍ കോടിയുടെ പദ്ധതിയില്‍ ഒന്നേമുക്കാല്‍ കോടി ചെലവഴിച്ചു. പക്ഷേ, തുടര്‍ന്നുപോകാന്‍ കഴിയാത്തവിധം അപ്രായോഗികമാണെന്നു വ്യക്തമായി. അങ്ങനെയാണ് എം.എല്‍.എ തന്നെ മുന്‍കയ്യെടുത്ത് ഗാന്ധിസ്മൃതി മണ്ഡപം എന്ന ആശയം കൊണ്ടുവന്നത്. അതും യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിത് പകല്‍പോലും നഗരത്തിലൊരു ഭാഗത്തെ ഇരുളിലാക്കി, അഴിച്ചുമാറ്റാത്ത കൂറ്റന്‍ പന്തല്‍പോലെ ശേഷിക്കുന്നു. പൊളിച്ചുമാറ്റുകയാണ് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗതാഗത മന്ത്രി ചെയര്‍മാനായ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്.

കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍പദ്ധതിയായി മുന്‍ സര്‍ക്കാരും എം.എല്‍.എയും മാത്രമല്ല, സ്ഥലംവിട്ടു കൊടുത്ത നഗരസഭയും അവതരിപ്പിച്ച പദ്ധതി നാണക്കേടിന്റെ പര്യായമായി. കപടവികസനത്തിന് ഉദാഹരണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതിയായതുകൊണ്ട് തകര്‍ത്തുവെന്ന് അവരും ആരോപിക്കുന്നു. പ്രമുഖ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരില്‍ കാലങ്ങളായി അറിയപ്പെടുന്ന 'റൗണ്ടാന'യ്ക്കു മുകളിലാണ് നിര്‍ദ്ദിഷ്ട ആകാശപാത. ബേക്കര്‍ ജംഗ്ഷനും നഗരസഭാ ആസ്ഥാനത്തിനും ഇടയിലായി അഞ്ചു റോഡുകള്‍ ചേരുന്ന തിരക്കുള്ള ജംഗ്ഷനാണ് ഇത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍; റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ മാര്‍ഗ്ഗം അത്യാവശ്യം. പക്ഷേ, പദ്ധതിയില്‍ സാമാന്യബുദ്ധിപോലും ഉപയോഗിച്ചിട്ടില്ല എന്ന വിമര്‍ശനത്തോട് അന്നുമിന്നും യു.ഡി.എഫിനും തിരുവഞ്ചൂരിനും രോഷമാണ്. ഇതു കപടവികസനമാണെങ്കില്‍ അവര്‍ കേരളം മുഴുവന്‍ നടത്തുന്നത് കപടവികസനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു: ''പദ്ധതിക്ക് അനുവദിച്ച പണം ചെലവഴിക്കുന്നില്ല. ഇതു മാത്രമല്ല, കോട്ടയം നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ ഒരു പദ്ധതിയും നടത്തുന്നില്ല, യു.ഡി.എഫ് സര്‍ക്കാര്‍ 1100 കോടിയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്ന നിയോജകമണ്ഡലമാണ്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ ഞാന്‍ പല പരിപാടികളും നടത്തുന്നത്. അതിനപ്പുറത്ത് ഒരു ചുവടുപോലും ഈ ക്രൂരന്മാര്‍ വയ്ക്കുന്നില്ല'' അദ്ദേഹം പറയുന്നു. എന്നാല്‍, തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി.എന്‍. വാസവന്‍ വിശദീകരിക്കുന്നു: ''ഗുണത്തേക്കാളേറെ ദോഷവും നാടിനോടു ചെയ്യുന്ന ദ്രോഹവുമായിരിക്കും എന്നാണ് അന്നു ഞങ്ങള്‍ പറഞ്ഞത്. അതു തികച്ചും ശരിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ആളുകളുടെ ശ്രദ്ധ മാറ്റാനും ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടാനുമാണ് ഗാന്ധി സ്മൃതിമണ്ഡപമാക്കുന്നു എന്ന് എം.എല്‍.എ പ്രഖ്യാപിച്ചത്. ഗാന്ധിജിയുടെ പേരിലാകുമ്പോള്‍ ആളുകള്‍ വേറൊന്നും പറയില്ലല്ലോ. അതും പ്രായോഗികമല്ല എന്നു പിന്നീട് ബോധ്യപ്പെട്ടു.''

ആകാശപാതയുടെ രൂപ രേഖ
ആകാശപാതയുടെ രൂപ രേഖ

ലിഫ്റ്റിനും എസ്‌കലേറ്ററിനും സി.എസ്.ഐ സഭ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥലം കൊടുക്കാത്തതുകൊണ്ടാണ് സ്തംഭിച്ചത് എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് പറയുന്നു: ''തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സി.എസ്.ഐ സഭാ അധികൃതരുമായി മന്ത്രി രണ്ടുതവണ ചര്‍ച്ച നടത്തി. എം.എല്‍.എയും കൂടി പങ്കെടുത്ത രണ്ടാമത്തെ ചര്‍ച്ച കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രിയുടെ നിയമസഭാ മന്ദിരത്തിലെ ഓഫീസില്‍ വെച്ചായിരുന്നു. സ്ഥലം വിട്ടുകൊടുക്കാമെന്ന് അപ്പോള്‍ പറഞ്ഞെങ്കിലും അവര്‍ വ്യക്തമായ ഉറപ്പു നല്‍കുന്നില്ല. അനിശ്ചിതത്വം നില്‍ക്കുന്നു'' എന്നാണ് വിശദീകരണം.

കുരുക്കഴിക്കാന്‍

2015 മെയ് അഞ്ചിനാണ് ആകാശപാതയെക്കുറിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തില്‍ ഈ പദ്ധതി ഉണ്ടായിരുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാന്‍ കോട്ടയം ഉള്‍പ്പെടെ അഞ്ചിടത്തു റിംഗ് റോഡുകള്‍ നിര്‍മ്മിക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആകാശപാതയെക്കുറിച്ച് കോട്ടയത്തു മാധ്യമങ്ങളോടു പറഞ്ഞത്. ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പാതയുടെ നാല് സ്‌കെച്ചുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനും ആളുകള്‍ക്കു സുരക്ഷിതമായി നടക്കാനും വഴിയൊരുങ്ങുന്നു എന്നായിരുന്നു അവകാശവാദം. നഗരത്തിലെ അഞ്ച് റോഡുകളുടെ സംഗമ കേന്ദ്രം തന്നെയാണ് ആകാശപാതയ്ക്ക് ഏറ്റവും അനുയോജ്യം എന്നതിന് നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) പഠനത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. ദിവസവും ഏകദേശം 4000 വാഹനങ്ങളും 11000 കാല്‍നടക്കാരും ഇവിടെക്കൂടി കടന്നുപോകുന്നു എന്നായിരുന്നു വസ്തുതാപരമായ കണ്ടെത്തല്‍; വളരെ തിരക്കുള്ള സമയങ്ങളില്‍ കാല്‍നടക്കാരുടെ എണ്ണം 6000 മുതല്‍ 8000 വരെയാണ് എന്നും പഠനത്തിലുണ്ട്.

''ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആകാശപാതയില്‍ കയറാനും ഇറങ്ങാനും യന്ത്രപ്പടികളും ലിഫ്റ്റുകളും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മുഴുവന്‍സമയ ചുമതലയുള്ളവരും ഉണ്ടായിരിക്കും; പരിപാലനത്തിന് എല്‍.ഇ.ഡി പരസ്യബോര്‍ഡുകളില്‍നിന്നുള്ള വരുമാനം മാത്രം മതിയാകും. ആളുകള്‍ക്ക് ഉപകരിക്കുന്ന കിയോസ്‌കുകളും ഇരിപ്പിടങ്ങളുമുണ്ടാകും.'' ആദ്യം വന്ന വാര്‍ത്തകളിലൊന്ന് ഇങ്ങനെയാണ്. നഗരവാസികള്‍ക്ക് താല്പര്യം തോന്നിയതു സ്വാഭാവികം. അവര്‍ വലിയ പ്രതീക്ഷയിലാവുകയും ചെയ്തു. റോഡ് സുരക്ഷാ അതോറിറ്റിയുടെ കീഴിലായിരിക്കും ആകാശപാതയെന്നും റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനായിരിക്കും നിര്‍മ്മാണച്ചുമതല എന്നും തീരുമാനിച്ചു. ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് ഡയറക്ടറായ യു.വി. ജോസ് ആയിരുന്നു കോട്ടയം കളക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. കളക്ടര്‍, ഗതാഗത കമ്മിഷണര്‍, നഗരസഭാ ചെയര്‍മാനായിരുന്ന കെ.ആര്‍.ജി വാര്യര്‍, നാറ്റ്പാക് ഡയറക്ടറായിരുന്ന ബി. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഗതാഗത കമ്മിഷണര്‍ ചെയര്‍പേഴ്സണും കളക്ടര്‍ കണ്‍വീനറുമായി സമിതി രൂപീകരിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള കിറ്റ്കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) ആണ് നിര്‍മ്മാണ കരാറെടുത്തത്.

ആകാശപാതയുടെ രൂപ രേഖ
ആകാശപാതയുടെ രൂപ രേഖ

വളരെ വേഗത്തിലാണ് പിന്നീടു കാര്യങ്ങള്‍ നീങ്ങിയത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കും എന്നായിരുന്നു പ്രഖ്യാപനം. ഫെബ്രുവരിയില്‍ തറക്കല്ലിടുമ്പോഴും നിര്‍മ്മാണം തുടങ്ങുമ്പോഴും ഇത് തങ്ങള്‍ക്കുതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു എം.എല്‍.എയും സര്‍ക്കാരും. മൂന്നു മാസം കഴിഞ്ഞു ഭരണമാറ്റമല്ല ഭരണത്തുടര്‍ച്ചയാണ് ഉണ്ടാവുക എന്ന് അദ്ദേഹം മാത്രമല്ല, കോട്ടയം ജില്ലക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചിരുന്നുതാനും.

റൗണ്ടാനയുടെ തിരക്കിനു കാരണമാകുന്ന അഞ്ച് റോഡുകള്‍ ഇവയാണ്: കുമരകം റോഡ് (ഇതിപ്പോള്‍ ആലപ്പുഴ, എറണാകുളം റൂട്ട് കൂടിയാണ്), എറണാകുളം-അങ്കമാലി വഴി തൃശൂര്‍ റൂട്ട്, ഹൈറേഞ്ചിലേക്കു പോകുന്ന കോട്ടയം-കുമളി റോഡില്‍ എത്തുന്ന ശാസ്ത്രി റോഡ്, എം.സി റോഡില്‍ തിരുവനന്തപുരം റൂട്ട്. തിരുനക്കര ക്ഷേത്രത്തിനു മുന്നില്‍ക്കൂടിയുള്ള റോഡ് പോസ്റ്റോഫീസിന്റെ പിന്നിലെ ഗേറ്റിനും പ്രൈവറ്റ് ബസ് സ്റ്റാന്റ് കവാടത്തിനും മുന്നിലൂടെ എത്തിച്ചേരുന്നതും ഇവിടെത്തന്നെ. നഗരത്തിന്റെ മര്‍മ്മസ്ഥാനം. ഓരോ റോഡും മുറിച്ചു കടക്കാന്‍ വീതി കുറവ്. അഞ്ചു സ്ഥലത്തേക്കും വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട സ്ഥലമായതുകൊണ്ട് അവിടെ ഒന്നു നിര്‍ത്തിയിട്ടു മാത്രമേ പോകാനാകൂ. തിരക്കൊഴിയില്ല. കാല്‍നടക്കാര്‍ പെട്ടുപോകും. നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് നേരത്തെ റൗണ്ടാനയുടെ വിസ്താരം ശാസ്ത്രീയമായി തീരുമാനിച്ചത്. എസ്‌കലേറ്ററില്‍ മുകളില്‍ച്ചെന്ന് എസ്‌കലേറ്ററിലൂടെ ഇറങ്ങുന്ന വിധമാണ് രൂപരേഖ. നാലു സ്ഥലത്ത് ലിഫ്റ്റുണ്ടാകും. ട്രാഫിക് സിഗ്‌നല്‍ സംവിധാനം കാര്യക്ഷമമാക്കിയാല്‍ ആളുകള്‍ക്ക് രണ്ടു മിനിറ്റുകൊണ്ട് മുറിച്ചുകടക്കാവുന്ന സ്ഥലത്ത് എസ്‌കലേറ്ററിലോ ലിഫ്റ്റിലോ കയറി മുകളിലെത്തി ചുറ്റി ഇറങ്ങുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ നാട്ടുകാരുടെ അഭിപ്രായം തേടുന്ന പഠനം ആവശ്യമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. പകരം അടിപ്പാത ആയിരുന്നെങ്കില്‍ ആളുകള്‍ക്ക് ഉപകാരപ്പെടുമായിരുന്നു എന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.

കുമളി റോഡിലേക്ക് (ശാസ്ത്രി റോഡ്) വാഹനങ്ങള്‍ തിരിയുന്ന പ്രധാനപ്പെട്ട ഭാഗത്ത് റോഡ് ഭാഗികമായി തടസ്സപ്പെടുത്തിയാണ് ഇപ്പോള്‍ ആകാശപാതയുടെ ഒരു തൂണ് നില്‍ക്കുന്നത്. അവിടെ റോഡിലെ കുരുക്ക് വര്‍ദ്ധിച്ചു. സാങ്കേതികപ്പിശക് വ്യക്തം. ''സ്വയം റോഡ് മുറിച്ചു കടക്കാന്‍ ഇതിന്റെ മുകളില്‍ കയറുമോ, പ്രായമായ അച്ഛനേയും അമ്മയേയും റോഡ് മുറിച്ചു കടക്കാന്‍ മുകളില്‍ കയറ്റുമോ എന്നു ചിന്തിക്കുന്ന ആരെങ്കിലും ഈ പദ്ധതിക്കു പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ വേണ്ടെന്നുവയ്ക്കുമായിരുന്നു.'' നഗരവാസിയായ മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍. തൂണു നാട്ടിയപ്പോള്‍ അലൈന്‍മെന്റ് മാറിപ്പോയത് തുടക്കത്തില്‍ത്തന്നെ പദ്ധതി പാളിപ്പോകാനും ഇടയാക്കി. സി.എസ്.ഐ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സ്ഥലത്ത് ഒരു തൂണ് വരുന്ന വിധമായിരുന്നു ആദ്യ പദ്ധതി. പക്ഷേ, പിന്നീട് സി.എസ്.ഐ സഭ മാറിച്ചിന്തിക്കുകയും സ്ഥലം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തതോടെ അലൈന്‍മെന്റില്‍ മാറ്റം വന്നു. അധിക ഊന്നല്‍ കൊടുത്തു നിലനിര്‍ത്തുന്ന സ്ഥിതിയുമായി. പഴയ ചെറിയ റൗണ്ടാന നഗര സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി വലുതാക്കുകയും ലക്ഷങ്ങള്‍ ചെലവഴിച്ച് കൂടുതല്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനെയെല്ലാം കൂറ്റന്‍ തൂണുകള്‍ മറച്ചു.

നിലച്ചുപോയ പദ്ധതി വീണ്ടും തുടങ്ങിയത് 2019 ജൂണില്‍. ഗാന്ധി സ്മൃതിമണ്ഡപം കൂടി ഉള്‍പ്പെടുത്തിയ മാറ്റം സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആയിരുന്നു ഇത്. ആകാശപാതയുടെ നടപ്പാതയില്‍ സെമിനാറുകളും സമ്മേളനങ്ങളും നടത്താനാകും എന്ന അവകാശവാദത്തോടെ ആയിരുന്നു പുന:ക്രമീകരണം. അതിനാണ് ഗാന്ധി സ്മൃതിമണ്ഡപം എന്നു പേരിട്ടത്. രൂപരേഖയിലെ മാറ്റം സംബന്ധിച്ച എം.എല്‍.എയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. തൂണുകളുടെ നിര്‍മ്മാണമല്ലാതെ പണി കാര്യമായി മുന്നോട്ട് പോയിരുന്നുമില്ല. എന്നാല്‍, രൂപമാറ്റത്തിനു നഗരസഭയുടെ നിര്‍മ്മാണവിഭാഗം അന്തിമ അനുമതി നല്‍കിയപ്പോള്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടി. പുതുക്കിയ രൂപരേഖപ്രകാരം 14 തൂണുകള്‍ക്കു മുകളില്‍ 24 മീറ്ററുള്ള ഇരുമ്പ് പ്ലാറ്റ്ഫോമും വീതികൂടിയ ഭാഗത്ത് 200 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ചെറിയ കടകള്‍ക്കുള്ള സ്ഥലവുമുണ്ടാകും. നേരത്തെ തീരുമാനിച്ച അഞ്ച് ലിഫ്റ്റുകളില്‍ ഒരെണ്ണം ഒഴിവാക്കി നാലിടങ്ങളില്‍ സ്ഥാപിക്കാനാണ് രണ്ടാമതു തുടങ്ങിയപ്പോള്‍ തീരുമാനിച്ചത്. നഗരസഭയ്ക്കു മുന്നിലും ബേക്കര്‍ ജംഗ്ഷനിലേക്കും ശാസ്ത്രി റോഡിലേക്കും ടെമ്പിള്‍ റോഡിലേക്കും പോകുന്നയിടങ്ങളിലാണ് ലിഫ്റ്റുകള്‍. കച്ചവടസ്ഥാപനങ്ങള്‍ വഴി വരുമാനവുമുണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും അവിടത്തെ ജീവനക്കാര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് എന്തുചെയ്യും, മാലിന്യം എവിടെ നിക്ഷേപിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. അതും പ്രായോഗികമാകണമെങ്കില്‍ സി.എസ്.ഐ സഭ കനിയണം എന്ന സ്ഥിതി.

ആകാശപാത; പൂർത്തിയാകാത്ത സ്വപ്നം
ആകാശപാത; പൂർത്തിയാകാത്ത സ്വപ്നം

വികസന വാക്പോര്

ആകാശപാത അശാസ്ത്രീയമാണെന്ന് കുറ്റപ്പെടുത്തിയ എല്‍.ഡി.എഫ് കോട്ടയം മണ്ഡലം കമ്മിറ്റി ഇതിനെ കപടവികസനത്തിന്റെ നിത്യസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. പ്രതീകാത്മകമായി റീത്തും വച്ചു. ''കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യമെന്ന പേരില്‍ നടപ്പാക്കിയ ആകാശപാത അസ്ഥിപഞ്ജരമായി ആകാശത്ത് നില്‍ക്കുകയാണ്. എങ്ങനെ പൂര്‍ത്തിയാക്കുമെന്നറിയാതെ പലതവണ രൂപരേഖ മാറ്റിയ പദ്ധതിയില്‍ ഇപ്പോള്‍ ഗാന്ധി സ്മാരകം പണിയുമെന്നാണ് എം.എല്‍.എയുടെ പ്രഖ്യാപനം. എന്നാല്‍, പദ്ധതി ഗതാഗതത്തേയും കാല്‍നട യാത്രക്കാരേയും എങ്ങനെ സഹായിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല'' റീത്ത് വയ്ക്കാന്‍ ഇടയാക്കിയ സാഹചര്യം ഇങ്ങനെയാണ് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി വിശദീകരിച്ചത്. കപട വികസനത്തിന്റെ നിത്യസ്മാരകമായി പ്രഖ്യാപിക്കുന്ന സമ്മേളനവും ആകാശപാതയ്ക്കു സമീപം നടത്തി. ''ഇടുങ്ങിയ ചെറിയ നഗരമായ കോട്ടയത്തെ തിരക്കുള്ള സ്ഥലമാണ് റൗണ്ടാന. അവിടെയൊരു ആകാശപാത നിര്‍മ്മിച്ചാല്‍ ആളുകള്‍ക്കു കയറിയിറങ്ങാനും കച്ചവടങ്ങള്‍ നടത്താനും വൈകുന്നേരങ്ങളില്‍ വന്നിരിക്കാനുമൊക്കെയുള്ള ഇടമാകും എന്നാണ് അവകാശപ്പെട്ടത്. പക്ഷേ, സാമാന്യബുദ്ധിയുള്ളവര്‍ക്ക് അതിന്റെ അപ്രായോഗികത മനസ്സിലാകും. തൂണുകള്‍ കൊണ്ടുവന്ന് സ്ഥാപിച്ചപ്പോള്‍ ഒരു വശത്ത് തെന്നിമാറി. പിന്നെ വെല്‍ഡ് ചെയ്തു കൂട്ടിച്ചേര്‍ക്കേണ്ടിവന്നു. ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായോ മറ്റോ കൂടുതല്‍ ഉയരമുള്ള വാഹനം വന്നാല്‍ നഗരത്തിലൂടെ കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍.'' പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വി.എന്‍. വാസവന്‍ വിശദീകരിക്കുന്നു. ആകാശപാത കപടവികസനമാണ് എന്ന വിമര്‍ശനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി കോടിമത പാലത്തിന്റെ അപ്രോച്ച് റോഡ് മുതല്‍ കഞ്ഞിക്കുഴി മേല്‍പ്പാലം വരെയാണ്. ''നഗരത്തിന്റെ കവാടത്തില്‍ കോടിമതയില്‍ നിര്‍മ്മിച്ച പാലത്തിന് അപ്രോച്ച് റോഡുണ്ടാക്കാന്‍ നാലു വര്‍ഷം ഭരിച്ചിട്ടും ഇവര്‍ക്കു കഴിഞ്ഞില്ല. മീനച്ചിലാറ്റിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ആറ് പില്ലര്‍ ഇറക്കി; ഇനി ആറെണ്ണം കൂടി വേണം. പക്ഷേ, അത് പൂര്‍ത്തിയാക്കിയില്ല. സ്പോര്‍ട്സുമായി ബന്ധപ്പെട്ട ഒരു വലിയ സമുച്ചയം നിര്‍മ്മിക്കാന്‍ എം.സി റോഡരികില്‍ ചിങ്ങവനത്ത് പതിനൊന്നര ഏക്കര്‍ സ്ഥലം കായിക വകുപ്പിനു യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇവര്‍ ഒരിഞ്ച് മുന്നോട്ടു പോയില്ല. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് വികസനത്തിനു ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം നിര്‍മ്മിക്കാന്‍ 132 കോടിയുടെ പദ്ധതി ഞങ്ങള്‍ കൊണ്ടുവന്നു. മൂന്നു കോടി രൂപ എം.എല്‍.എ ഫണ്ടില്‍നിന്നു ചെലവഴിച്ച് ഗാരേജ് നിര്‍മ്മിക്കുകയും ചെയ്തു. ടെന്‍ഡര്‍ വിളിച്ച പദ്ധതിയുടെ തുടര്‍നടപടികള്‍ ചെയ്യാതെ അവിടെ ഇട്ടിരിക്കുന്നു. കഞ്ഞിക്കുഴി മേല്‍പ്പാലത്തിനു ഞങ്ങള്‍ 38 കോടിയുടെ ടെന്‍ഡര്‍ നല്‍കി. പക്ഷേ, സ്ഥലമെടുത്തു കൊടുക്കാതെ അതും ഇല്ലാതാക്കി'' -തിരുവഞ്ചൂരിന്റെ ആരോപണങ്ങള്‍.

ആകാശപാതയുടെ നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകേണ്ടതു താനല്ലെന്നും സര്‍ക്കാര്‍ മനപ്പൂര്‍വ്വം പണി പൂര്‍ത്തിയാക്കാത്തതാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഗാന്ധിസ്മൃതി മണ്ഡപം രണ്ടാമത്തെ ഘട്ടത്തിലാണ് എന്നാണ് വിശദീകരണം. ''ഒന്നാം ഘട്ടം ആളുകള്‍ക്ക് നടന്ന് അക്കരെയിക്കരെ പോകാനുള്ളത്. അതിന്റെ റൗണ്ടില്‍ കിട്ടുന്ന സ്ഥലമുണ്ട്. അവിടെ ആരെങ്കിലും കൊണ്ടു കൊടികെട്ടും. അതു വരാതിരിക്കാനാണ് അവിടെ ഗാന്ധി മണ്ഡപം വേണമെന്നു ഞാന്‍ പറഞ്ഞത്. കയ്യേറ്റം ഒഴിവാക്കാനായിരുന്നു അത്.'' കോട്ടയത്തെ പുതിയ കോട്ടയമാക്കിയത് യു.ഡി.എഫ് ആണെന്നും എല്‍.ഡി.എഫ് അതില്‍ ഒരു സന്തോഷംപോലും രേഖപ്പെടുത്തുന്നില്ല എന്നും തിരുവഞ്ചൂരിനു പരാതിയുണ്ട്.

അവസാനം തയ്യാറാക്കിയ മാതൃക- ​ഗാന്ധി സ്മൃതി
അവസാനം തയ്യാറാക്കിയ മാതൃക- ​ഗാന്ധി സ്മൃതി

റോഡ് സുരക്ഷാ അതോറിറ്റി ഈ വര്‍ഷവും ആകാശപാത പദ്ധതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വകാര്യ ഭൂമി കിട്ടുമെന്ന് രേഖാമൂലമുള്ള ഉറപ്പില്ലാതെയാണ് മന്ത്രി അന്നു സ്വന്തം മണ്ഡലത്തില്‍ പ്രധാനപ്പെട്ട ഒരു പദ്ധതി തുടങ്ങിയത് എന്നത് അസാധാരണമായി അവശേഷിക്കുന്നു. സി.എസ്.ഐ കേന്ദ്രങ്ങള്‍ ഇതിനോടു പ്രതികരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com