കാടിറങ്ങേണ്ടിവരുമോ കാടിന്റെ അവകാശികള്‍ക്ക്?

നമ്മുടെ അടിസ്ഥാന ജനതയും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും നിരവധി കാലം നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു 2006-ല്‍ വനാവകാശ നിയമം നിലവില്‍ വന്നത്
കാടിറങ്ങേണ്ടിവരുമോ കാടിന്റെ അവകാശികള്‍ക്ക്?

2019 ഫെബ്രുവരി 20-നു പുറത്തുവന്ന സുപ്രീംകോടതി വിധി പ്രകാരം ദശലക്ഷം വരുന്ന ആദിവാസി കുടുംബങ്ങള്‍ നമ്മുടെ രാജ്യത്തെ കാടുകള്‍ ഉപേക്ഷിച്ച് പോകേണ്ടതുണ്ടായിരുന്നു. പരിസ്ഥിതി സംഘടനകള്‍ കൊടുത്ത കേസുകള്‍ പ്രകാരം വനാവകാശ നിയമം അനുസരിച്ചു ക്ലെയിമുകള്‍ തള്ളിപ്പോയ എല്ലാ ആദിവാസികളേയും സംസ്ഥാന ഗവണ്‍മെന്റുകള്‍ കുടിയൊഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയുടെ ഈ ഉത്തരവിന്റെ പരിധിയിലുണ്ടായിരുന്നു.

നമ്മുടെ അടിസ്ഥാന ജനതയും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും നിരവധി കാലം നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു 2006-ല്‍ വനാവകാശ നിയമം നിലവില്‍ വന്നത്. ആധുനികവല്‍ക്കരണത്തിന്റേയും വികസനത്തിന്റേയും പേരില്‍ കാടുകളില്‍ ഭരണകൂടവും സമൂഹവും കണ്ണുവയ്ക്കും മുന്‍പേ ആദിവാസി ജനതയും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളും അനുഭവിച്ചു വന്നിരുന്ന അവകാശങ്ങളെ അംഗീകരിക്കുകയെന്നതാണ് വനാവകാശ നിയമംകൊണ്ടു ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം വനാവകാശ രേഖയില്ല (Record of Rights) എന്ന കാരണം കൊണ്ടു ആദിവാസികളെ വനത്തില്‍നിന്നു പുറത്താക്കാന്‍ സാധ്യമാകുകയില്ല. നിയമം നിലവില്‍ വന്നതു മുതല്‍ക്കേ ആദിവാസി ജനതയുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം.

വനാവകാശം മുന്നോട്ടുവെയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മാറ്റം ഗ്രാമസഭകള്‍ക്കു അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ആണ്. നിയമത്തിന്റെ നടത്തിപ്പില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നതും ഗ്രാമസഭകള്‍ തന്നെയാണ്. ഓരോ ഊരിലേയും ക്ലെയിമുകള്‍ സ്വീകരിക്കുന്നത് ഗ്രാമസഭകള്‍ ആണ്. അതിനുവേണ്ട തെളിവുകള്‍ ശേഖരിക്കുന്നതും മറ്റും ഗ്രാമസഭകള്‍ തന്നെയാണ് ചെയ്യുക. ആദ്യഘട്ടത്തില്‍ ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നത് മാത്രമാണ് വനം വകുപ്പിനു ചെയ്യാനുള്ളത്. ഇങ്ങനെ ഗ്രാമസഭ ശേഖരിക്കുന്ന തെളിവുകള്‍ പരിശോധിക്കുകയും ക്ലെയിമുകള്‍ അംഗീകരിക്കുകയും ചെയ്യുക എന്നുമാത്രമാണ് ഇതിനു മുകളിലുള്ള കമ്മിറ്റികളുടെ കടമ.

ഒരു വികേന്ദ്രീകൃത വനസംരക്ഷണ ആശയം കൂടിയാണ് വനാവകാശ നിയമം. ആദിവാസിയെ വനത്തിന്റേയും പരിസ്ഥിതിയുടേയും സംരക്ഷണം എന്ന ദൗത്യത്തില്‍ കേന്ദ്രസ്ഥാനത്തു നിര്‍ത്തുക കൂടി അതു ചെയ്യുന്നുണ്ട്. ചരിത്രപരമായി നമ്മുടെ ആദിവാസി ജനവിഭാഗങ്ങള്‍ ആശ്രയിച്ചിരുന്ന വനം, വനവിഭവങ്ങള്‍, മത്സ്യസമ്പത്ത് എന്നിവയില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിഭവങ്ങള്‍ക്കുമേലുള്ള അവരുടെ അവകാശ സംസ്ഥാപനം കൂടിയാണ് അത്.

2006-ല്‍ ഈ നിയമം വന്നതിനു 10 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ സാമൂഹിക വനാവകാശം  16 ശതമാനം മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. എത്ര ക്ലെയിമുകള്‍ അംഗീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അല്ല ഇത് കണക്കാക്കുന്നത്. ആദിവാസികള്‍ക്ക് ക്ലെയിം ചെയ്യാവുന്ന വനഭൂമിയുടെ കണക്കു പ്രകാരമാണ്. കേരളത്തില്‍ സാമൂഹിക വനാവകാശം പ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ടത് 21 ലക്ഷം ഏക്കര്‍ വനഭൂമിയാണ്.
 
 നമ്മുടെ സംസ്ഥാനത്തില്‍ വനാവകാശ നിയമത്തിന്റെ നടത്തിപ്പ് ഏറെ ഉദാസീനമാണ് എന്നാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്ന ആരോപണം. ആദിവാസി ഗ്രാമസഭകള്‍ അംഗീകരിച്ചതു തന്നെ ചുരുങ്ങിയ സ്ഥലങ്ങളിലും. കേരളത്തിലെ പൊതുവെയുള്ള ഒരു പ്രവണത ആദിവാസികള്‍ക്കു കൈവശരേഖ ഉള്ള സ്ഥലങ്ങളില്‍ മാത്രം വനാവകാശ രേഖ കൊടുക്കുക എന്നതാണ്. അതേസമയം സാമൂഹിക വനാവകാശം, വികസനാധികാരം എന്നിവ അംഗീകരിക്കുന്നത് വളരെ കുറവുമാണ്. സാമൂഹിക വനാവകാശ പ്രകാരം ചെയ്യേണ്ടുന്നത് ഒരു ഊരിന് അവര്‍ക്കു ചരിത്രപരമായി അവകാശമുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തി അവിടെ അധികാരം നല്‍കുക എന്നതാണ്. അവര്‍ വിഭവങ്ങള്‍ ശേഖരിക്കുന്ന മലകള്‍, പുഴയുടെ ചില ഭാഗങ്ങള്‍ ഇവയൊക്കെ കാടിന്റെ വലിയ ഒരു ഭാഗം ആയിരിക്കും. ഇത് പല ആദിവാസി വിഭാഗങ്ങള്‍ക്കും പല രീതിയില്‍ ആയിരിക്കും. കാടര്‍, കാട്ടുനായ്ക്കര്‍, കുറുമ്പര്‍, ചോലനായ്ക്കര്‍ മുതലായ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ വനവിഭവങ്ങളെ ആശ്രയിച്ചു ഉപജീവനം നടത്തി പോരുന്നവരാകയാല്‍ അവര്‍ക്കു കാടിന്റെ വലിയ ഒരു ഭാഗത്തിന്റെ സാമൂഹിക അവകാശം ആയിരിക്കും ഉണ്ടായിരിക്കുക.  

ആദിവാസിയെ കുടിയിറക്കുമ്പോള്‍

ചരിത്രപരമായിത്തന്നെ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന കേരളത്തിലെ ആദിമജനത വനത്തില്‍ കഴിയുന്നവരോ വനവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരോ ആണ്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യ 4,84,839 ആണ്. 36 ആദിവാസി വിഭാഗങ്ങളാണ് കേരളത്തിലുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിഭാഗങ്ങളുള്ളത്. 14 വിഭാഗം ആദിവാസികള്‍. ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യ ഉള്ള (1,51,443) വയനാട്ടില്‍ 11 വിഭാഗം ആദിവാസികള്‍ ആണ് ഉള്ളത്. പാലക്കാട് ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ എണ്ണം 48,972-ഉം.  അത്യന്തം വൈവിദ്ധ്യം നിറഞ്ഞ നമ്മുടെ ആദിവാസിജനതയുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനു ഒരു പൊതു സമീപനം സാധ്യമല്ല. ഓരോ വിഭാഗത്തിന്റേയും പ്രശ്‌നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാകയാല്‍ ആ രീതിയില്‍ ഒരൊറ്റ സമീപനംകൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുന്നത് തുല്യനീതി എന്ന തത്ത്വത്തിനു എതിരാകും. അതേസമയം ഓരോ വിഭാഗത്തിനും അവരുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് വിഭവങ്ങള്‍ക്കുമേല്‍ അവകാശം നല്‍കുന്നത് ആദിവാസിജനതയെ സ്വന്തം കാലില്‍ നില്‍ക്കാനും സാമൂഹ്യവും സാമ്പത്തികവും സ്വത്വപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ ബലികഴിക്കാതെ സ്വയംവികാസത്തിന്റെ ചക്രവാളങ്ങളിലേക്ക് കുതിച്ചുയരാനും സഹായിക്കുന്ന ഒന്നാണ് 2006-ലെ വനാവകാശനിയമം. ഈ വനാവകാശനിയമത്തെ കാറ്റില്‍പറത്തി ആദിവാസികള്‍ക്ക് പട്ടയം നല്‍കാനെന്ന മട്ടില്‍ വനഭൂമിയെ റവന്യൂ ഭൂമിയാക്കി പരിവര്‍ത്തിപ്പിക്കാന്‍ റവന്യൂ വകുപ്പ് ജൂണ്‍ രണ്ടിനു പുറത്തിറക്കിയ ഉത്തരവിലൂടെ യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ഭൂമിയിലുള്ള അവകാശത്തെ കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നതെന്ന് ദളിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരും ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തകരും ആരോപിക്കുന്നു. ആദിവാസികളുടെ ക്ഷേമത്തിനെന്ന മറവില്‍ ജൂണ്‍ രണ്ടിന് ഇറക്കിയ ഉത്തരവനുസരിച്ച് (G. O. Rt. No. 2020/2020/RD dated 2.6.2020) ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വനഭൂമിയിലെ ആദിവാസി ഊരുകളിലെ ഭൂമിക്ക് 2006-ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് നല്‍കിയിരിക്കുന്ന വനാവകാശ രേഖകളാണ് ആദ്യഘട്ടത്തില്‍ റദ്ദാക്കപ്പെടുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആദിവാസി സമൂഹത്തെയാണ് സര്‍ക്കാരിന്റെ ഈ നീക്കം സാരമായി ബാധിക്കുക.

നമ്മുടെ സംസ്ഥാനത്തെ 35000-ത്തോളം വ്യക്തിഗത വനാവകാശ ക്ലെയിമുകളില്‍ പതിനാറായിരത്തോളം എണ്ണം ഈ ജില്ലകളിലാണ്. എന്നാല്‍, റവന്യൂ വകുപ്പിന്റെ ജൂണ്‍ രണ്ടിലെ ഈ ഉത്തരവിലൂടെ ഈ നാലു ജില്ലകളില്‍ ആദിവാസികള്‍ക്കുള്ള വനാവകാശം റദ്ദാക്കപ്പെടും. കേരള ഭൂപതിവ് ചട്ടത്തിന്റെ 2(ഇ) വകുപ്പ് അനുസരിച്ച് ആ ഭൂമി 'സര്‍ക്കാര്‍ ഭൂമി'യായി കണക്കാക്കപ്പെടുകയും ചെയ്യും. അതോടെ ആദിവാസികള്‍ക്കു മാത്രമല്ല, ആദിവാസി ഇതരവിഭാഗങ്ങള്‍ക്കും അവിടെ പട്ടയം ലഭിക്കാനും സാധ്യതയായി. ആദിവാസികളുടെ വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികള്‍ക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടും എന്നുള്ളതാണ് മറ്റൊരു പ്രശ്‌നം. ആദിവാസി ഊരുകൂട്ടങ്ങള്‍ എന്ന നിലയില്‍ ഗ്രാമസഭകള്‍ക്ക് വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും അതോടെ റദ്ദാക്കപ്പെടുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

20,000-ത്തോളം ഏക്കര്‍ ഭൂമിയിലാണ് ഈ നാലു ജില്ലകളിലായി വനാവകാശ കമ്മിറ്റി വഴി ആദിവാസികള്‍ അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതില്‍ 10,000 ഏക്കറോളം മാത്രമേ വനാവകാശ നിയമമനുസരിച്ച് നിലവില്‍ കൈവശാവകാശ രേഖ നല്‍കിയിട്ടുള്ളൂ. പകുതി ഭൂമിയുടെ കാര്യത്തില്‍ വനം വകുപ്പ് തടസ്സം ഉന്നയിച്ചിരിക്കുകയാണ്. വനാവകാശ നിയമം റദ്ദാക്കപ്പെടുന്നതോടെ ഈ ഭൂമിയുടെ മുകളില്‍ ഇനി ആദിവാസിക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ഇപ്പോഴുള്ള ഭൂമി ആദിവാസികള്‍ക്കും കയ്യേറ്റക്കാരായ ആദിവാസി-ഇതരവിഭാഗങ്ങള്‍ക്കും പതിച്ചുകിട്ടലാണ് ഫലം. ആദിവാസിയുടെ ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. ജണ്ടയ്ക്കു പുറത്തുള്ള വനഭൂമി റവന്യൂ ഭൂമിയായി പരിവര്‍ത്തിപ്പിക്കപ്പെടുന്നതോടെ സംഭവിക്കാവുന്ന അപകടം ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടല്‍ ശാശ്വതമായിത്തീരലാണ്. ആദിവാസികളുടെ സാമൂഹികമായ വനാവകാശം നഷ്ടപ്പെടുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്കും കുടിയേറ്റ, ക്വാറി മാഫിയയ്ക്കും മറ്റും ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നതിനു തടസ്സങ്ങളൊന്നുമില്ലാതെയാകുകയുമായിരിക്കും ആത്യന്തിക ഫലം എന്നും ഈ ഉത്തരവിനെ എതിര്‍ക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

മുതുവാന്‍, മന്നാന്‍, ഉള്ളാടര്‍, ഊരാളി, മലമ്പണ്ടാരം, മലയരയര്‍, കാണിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുള്‍ക്കൊള്ളുന്ന ഗിരിവര്‍ഗ്ഗജനതയ്ക്ക് കാടുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത് ഈ ഉത്തരവ് നടപ്പാകുന്നതോടെ അസാദ്ധ്യമാകും. ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയര്‍ പണ്ടുകാലം തൊട്ടേ ശബരിമലയിലും മറ്റു 18 മലകളിലും ഉന്നയിച്ചിരുന്ന അവകാശവാദവും ഇതോടെ ദുര്‍ബ്ബലപ്പെടുകയായിരിക്കും ഫലം. 20,000 ഏക്കര്‍ ഭൂമിയിലാണ് നാല് ജില്ലകളിലായി വനാവകാശ കമ്മിറ്റി വഴി ആദിവാസികള്‍ അവകാശവാദം ഉന്നയിച്ചിരുന്നത്. ആദിവാസിക്ക് പട്ടയം നല്‍കുകയല്ല, വനാവകാശനിയമം നടപ്പാക്കുകയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ ഉത്തരവ് നടപ്പാക്കുന്നത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീക്കിക്കിട്ടുന്നതിനു കൂടിയാണ് എന്നും ആക്ഷേപിക്കുന്നുണ്ട്. ഇപ്പോള്‍ നാലു ജില്ലകളിലൊതുങ്ങുന്ന ഈ ഉത്തരവ് ക്രമേണ മറ്റു ജില്ലകള്‍ക്കു കൂടി ബാധകമാക്കുകയും കാടര്‍ തുടങ്ങിയ വിഭാഗങ്ങളുടെ വനത്തിന്മേലുള്ള അവകാശങ്ങള്‍ ഇല്ലായ്മ ചെയ്ത് അതിരപ്പിള്ളി പദ്ധതിയും മറ്റും മുന്നോട്ടു കൊണ്ടുപോകുകയാണ് അധികാരികളുടെ ഉദ്ദേശ്യമെന്നും അവര്‍ ആരോപിക്കുന്നു. തൃശൂര്‍ ജില്ലയിലുള്ള അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിപോലുള്ള പദ്ധതികള്‍ക്കു തടസ്സം നില്‍ക്കുന്നത് ആദിവാസി ഊരുകൂട്ടങ്ങളാണ് എന്നതിനാല്‍ ഊര് കൂട്ടത്തിന്റെ വനാവകാശം ഓരോ ജില്ലകളിലായി ഇല്ലായ്മ ചെയ്യുന്നത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണ് എന്നും ആരോപണമുണ്ട്.

വനാവകാശ നിയമം റദ്ദാക്കിയതോടെ വനഭൂമിയില്‍ ആദിവാസികള്‍ക്കുള്ള അവകാശം ഇല്ലാതാകുകയാണ്. പട്ടയം കിട്ടിയാല്‍ പട്ടയഭൂമിക്കു പുറത്തുപോയി വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശവും സ്വാഭാവികമായും റദ്ദാകും. ആദ്യം നാല് ജില്ലകളിലാണ് നടപ്പാക്കുന്നതെങ്കിലും വൈകാതെ തൃശൂര്‍ അടക്കമുള്ള അയല്‍ ജില്ലകളിലേക്കും ഈ നീക്കം വ്യാപിപ്പിച്ചേക്കാമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ അതിരപ്പിള്ളി പദ്ധതിക്കു തടസ്സം നില്‍ക്കുന്ന ഊരുകൂട്ടങ്ങളുടെ പ്രതിഷേധവും ഗവണ്‍മെന്റിനു നിയമപരമായി മറികടക്കാനും സാധിക്കും.

മൂലധനാര്‍ത്തിയുടെ കണ്ണിലെ കരട്

ഒന്നാം യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് 2006-ല്‍ വനാവകാശ നിയമം (Forest Right Act) ഇടതുപക്ഷത്തിന്റെ കൂടി സജീവ പിന്തുണയോടെയും പങ്കാളിത്തത്തോടെയും നിലവില്‍ വന്ന ഒന്നാണ്. വനാവകാശനിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഇടതുപാര്‍ട്ടി നേതാക്കള്‍, വിശേഷിച്ച് ബൃന്ദാ കാരാട്ട്, ഡി. രാജ തുടങ്ങിയവര്‍ എല്ലാക്കാലത്തും ശബ്ദമുയര്‍ത്തിപ്പോന്നിട്ടുണ്ട്. പൊതുവേ ഇടതുപാര്‍ട്ടികള്‍ എല്ലാക്കാലത്തും വനാവകാശനിയമത്തിനു അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. അത് ആ പാര്‍ട്ടികളുടെ പ്രഖ്യാപിതമായ അടിസ്ഥാനവര്‍ഗ്ഗ കൂറിനും പ്രാന്തവല്‍ക്കൃത ജനതകളോടുള്ള ആഭിമുഖ്യത്തിനും അനുപൂരകമായ ഒന്നായി പൊതുവേ ആ നിലപാടിനെ കണക്കാക്കിപ്പോരുകയും ചെയ്തുപോന്നിട്ടുള്ളതാണ്. എന്നാല്‍, വിവിധ വികസനപദ്ധതികളുടെ കാര്യം വരുമ്പോള്‍ ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് ആദിവാസിയുടേയും മത്സ്യത്തൊഴിലാളിയുടേയുമൊക്കെ ജീവിതത്തെ അവഗണിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്.  വനഭൂമിക്കും വിഭവങ്ങള്‍ക്കും മേല്‍ ആദിവാസികളുള്‍പ്പെടെയുള്ള തദ്ദേശീയര്‍ക്കും വനാശ്രിത സമൂഹങ്ങള്‍ക്കുമാണ് അധികാരവും അവകാശവുമെന്നാണ് വനാവകാശ നിയമം ഊന്നിപ്പറഞ്ഞിട്ടുള്ളത്. രാജഭരണകാലത്തും കോളനി ഭരണത്തിലും സ്വാതന്ത്ര്യാനന്തരം വിവിധ ഗവണ്‍മെന്റുകളുടെ കാലത്തും ഖനനത്തിനും വന്‍കിട അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനും തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും വനവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനുമായി ആദിവാസികളെ അവരുടെ ഇടങ്ങളില്‍നിന്നു നിരന്തരം ആട്ടിയോടിക്കുകയും ഇല്ലാതാക്കുകയും ചെയ്തപ്പോള്‍ ഉയര്‍ന്നുവന്ന പ്രതിരോധത്തിന്റെ സൃഷ്ടി കൂടിയായിരുന്നു ആ നിയമം.
 
നമ്മുടെ വികസനപദ്ധതികള്‍ മിക്കപ്പോഴും ഏറ്റവും മോശമായി ബാധിക്കുന്നത് സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്ന ജനവിഭാഗങ്ങളെയാണ് എന്ന വസ്തുതകൂടി കണക്കിലെടുക്കുമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍പോലെത്തന്നെ വനാവകാശനിയമവും ഏറെ പ്രസക്തമാണെന്നു വ്യക്തമാകും. നമ്മള്‍ നടപ്പാക്കുന്ന വികസനപദ്ധതികളുടെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത് ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരുമാണെന്ന് ദില്ലിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 8.2 ശതമാനം മാത്രമാണ് പട്ടികവര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്ന ആദിവാസികളെങ്കിലും അണക്കെട്ടുകള്‍, ഖനികള്‍, വ്യാവസായിക വികസന പദ്ധതികള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനായി സ്വാതന്ത്ര്യാനന്തരം കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 55 ശതമാനം ഈ വിഭാഗത്തില്‍പ്പെട്ടവരാണെന്നു പഠനം പറയുന്നുണ്ട്.

കേരളത്തില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഏറ്റവും ദുര്‍ബ്ബലമായ ജീവിതാവസ്ഥയില്‍ കഴിയുന്നത്. കടലോരത്തില്‍ 65 ശതമാനം പ്രദേശത്തും കയറിച്ചെല്ലാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി സമൂഹം, ഇടനാട്ടിലും തീരപ്രദേശത്തുമായി കോളനികളിലും മറ്റും തളച്ചിടപ്പെട്ട, വിശേഷിച്ച് വിഭവാധികാരങ്ങളൊന്നുമില്ലാത്ത ദരിദ്രരായ ദളിത് ജനത, ഭൂമിയും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ട് വംശനാശത്തെ വരെ അഭിമുഖീകരിക്കുന്ന പശ്ചിമഘട്ടത്തില്‍ കഴിയുന്ന നമ്മുടെ ആദിമ ഗോത്രവര്‍ഗ്ഗജനത എന്നിവയാണ് അവ. തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസംഖ്യയിലെ ഈ വലിയ വിഭാഗത്തിന്റെ ജീവിതാവസ്ഥകള്‍ വികസിത രാജ്യങ്ങള്‍ക്ക് കിടനില്‍ക്കുന്ന നമ്മുടെ വികസന സൂചികകള്‍ക്കു മുന്നില്‍ ഒരു വിരോധാഭാസമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. ഒരു സമൂഹം എത്രമാത്രം പുരോഗതിയെ പ്രാപിച്ചിരിക്കുന്നു എന്നറിയണമെങ്കില്‍ അവിടത്തെ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് എന്തുമാത്രം വിഭവാധികാരം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ എന്തു മുന്നേറ്റം അവര്‍ നടത്തിയിട്ടുണ്ടെന്നും പരിശോധിച്ചാല്‍ മതിയാകും. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ പൊതു സ്ഥിതിവിശേഷത്തിനു വിരുദ്ധമായി നിലകൊള്ളേണ്ട നമ്മുടെ സംസ്ഥാനത്തും വികസനപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഈ ദുര്‍ബ്ബല വിഭാഗങ്ങള്‍ ഗവണ്‍മെന്റിന്റെ വഴിയിലെ തടസ്സമായോ, കണ്ണിലെ കരടായോ ആണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ട മേഖലയിലുള്‍പ്പെടെയുള്ള വിഭവങ്ങളില്‍ കണ്ണുവെച്ചിട്ടുള്ള സ്വകാര്യ മൂലധനത്തിന്റെ വക്താക്കള്‍ മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ സ്വാധീനം ചെലുത്തുന്നതോടെ പ്രശ്‌നം സങ്കീര്‍ണമാകുകയും ചെയ്യുന്നു.  

ഉത്തരവ് സ്വാഗതാര്‍ഹം

പി.കെ. സജീവന്‍
ഐക്യ മലയരയ മഹാസഭ

പട്ടയം നല്‍കുന്നതു സംബന്ധിച്ച് ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങിയ ഉത്തരവ് സ്വാഗതാര്‍ഹമാണ്. പട്ടയം ലഭിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനും സാധ്യതയും അന്യാധീനപ്പെടുന്നതിനുമുള്ള വര്‍ദ്ധിക്കുമെന്നുള്ളത് അടിസ്ഥാനമില്ലാത്ത ആശങ്കയാണ്. കോട്ടയം ജില്ലയിലെ എരുമേലി ഇരുമ്പൂന്നിക്കര, കൂട്ടിക്കല്‍, ഇടുക്കിയിലെ കൊക്കയാര്‍, ഉറുമ്പിക്കര, മൂലമറ്റം എടാട്, അടൂര്‍മല തുടങ്ങി നിരവധി ഇടങ്ങളില്‍ പട്ടയം കിട്ടിയ ആദിവാസി വിഭാഗത്തില്‍ പെടുന്നവരുണ്ട്. അവരാരും ഭൂമി അന്യാധീനപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി ഗോത്രവര്‍ഗ്ഗ ജനതയ്ക്കിടയ്ക്ക് സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന, അവരുടെ ഇടയില്‍ തന്നെയുള്ളയാളാണ് ഞാന്‍. അവരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാം. മലയരയര്‍ ഏറെക്കുറേ കൃഷിയൊക്കെ ചെയ്തു ജീവിക്കുന്നവരാണ്. പട്ടയമില്ലാത്തതിനാല്‍ കല്യാണം, മരണം, രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പട്ടയമില്ലാത്തതിനാല്‍ ഭൂമി പണയപ്പെടുത്താന്‍പോലും അവര്‍ക്ക് സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ ഈ നീക്കം സ്വാഗതാര്‍ഹമാണ്.

പട്ടയം നല്‍കാമെന്ന വ്യവസ്ഥ വരുന്നതോടെ ഭൂമിയുടെ മേലുള്ള അവകാശമൊന്നും ആദിവാസിക്ക് നഷ്ടപ്പെടാന്‍ പോകുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൈവശാവകാശമോ വനാവകാശരേഖയോ റവന്യൂഭൂമിയാക്കുന്നതോടെ റദ്ദാക്കപ്പെടുന്നുമില്ല. സംസ്ഥാന ഗവണ്‍മ!!െന്റുകള്‍ക്ക് അങ്ങനെയങ്ങോട്ട് ഇല്ലാതാക്കാന്‍ പറ്റുന്ന കാര്യമല്ല വനാവകാശം. അതു ജനപ്രതിനിധിസഭ നിര്‍മ്മിച്ച് രാഷ്ട്രപതി ഒപ്പുവെച്ച ഒന്നാണ്. ആവശ്യമുള്ളവര്‍ക്ക് പട്ടയത്തിനു അപേക്ഷിക്കാം. അല്ലാത്തവര്‍ക്ക് വനാവകാശരേഖയോ കൈവശാവകാശമോ ഉണ്ടാകും. ഒരു ആശങ്കയുടേയും കാര്യമില്ല.

ഭൂമിക്കുവേണ്ടി ആ​ദിവാസി സമൂഹം നടത്തിയ സമരം ചോരയിൽ കുതിർന്നപ്പോൾ- മുത്തങ്ങ സമരം/ ഫയൽ ചിത്രം
ഭൂമിക്കുവേണ്ടി ആ​ദിവാസി സമൂഹം നടത്തിയ സമരം ചോരയിൽ കുതിർന്നപ്പോൾ- മുത്തങ്ങ സമരം/ ഫയൽ ചിത്രം

നീക്കം നിയമവിരുദ്ധം

എം. ഗീതാനന്ദന്‍
ആദിവാസി ഗോത്രമഹാസഭ

2006-ലെ നിയമവും 2008-ലെ ചട്ടവുമനുസരിച്ച് ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും അവകാശം അംഗീകരിക്കപ്പെടുന്ന ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലാത്തതും (Inaleinable) അനന്തരാവകാശികള്‍ക്കു മാത്രം (Inheritable) കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. ഗവണ്‍മെന്റിനോ മറ്റു ഏജന്‍സികള്‍ക്കോ വനാവകാശമുള്ള ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല; റവന്യൂ ഭൂമിയുമല്ല. ശക്തമായ ഈ വ്യവസ്ഥ മറച്ചുവെച്ചാണ് വനമേഖലയിലെ ആദിവാസി ഊര് ഭൂമികള്‍(Settlements) 1964ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് 'സര്‍ക്കാര്‍ ഭൂമി'യാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം ഗവണ്‍മെന്റ് നടത്തിയിട്ടുള്ളത്. 1961-ലെ കേരള വനനിയമത്തിന്റെ ഭാഗമായി നിലവില്‍ വന്ന ഹില്‍മെന്‍സ് റൂള്‍സ് (1964) കേരള ഹൈക്കോടതി റദ്ദാക്കിയതുകൊണ്ടും 1964-ലെ ഭൂപതിവ് നിയമത്തിന്റെ 2 (ഇ) വകുപ്പനുസരിച്ച് ആദിവാസി ഊര് ഭൂമി 'സര്‍ക്കാര്‍ ഭൂമി'യാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തിയുമാണ് വനാവകാശ നിയമം അട്ടിമറിക്കുന്നത്. ആദിവാസി ഭൂമി തട്ടിയെടുത്ത കയ്യേറ്റക്കാര്‍ക്ക് സ്ഥിരാവകാശം നല്‍കാന്‍ 1999-ല്‍ നിയമം കൊണ്ടുവന്ന വഞ്ചന ആവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ കയ്യേറ്റക്കാര്‍ക്കും ക്വാറി മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടിയാണ് ദേശീയതലത്തില്‍ പ്രാധാന്യമുള്ള ഒരു നിയമം അട്ടിമറിക്കുന്നത്.

റിസര്‍വ്വ് ഫോറസ്റ്റിലോ റിസര്‍വ്വ് വനമായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതോ ആയ വനഭൂമിയിലെ ആദിവാസികളുടെ കാര്‍ഷിക-വാസസ്ഥലങ്ങളെയാണ് ഫോറസ്റ്റ് സെറ്റില്‍മെന്റുകള്‍ എന്നു കണക്കാക്കി വന്നിരുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും ഇവയിലേറെയും വനംവകുപ്പിന്റെ 'ജണ്ട'കള്‍ക്കു പുറത്താണ്. 1961-ലെ കേരള വനനിയമത്തിന്റെ വകുപ്പ് ഉപയോഗപ്പെടുത്തി, വനത്തില്‍ അധിവസിക്കുന്നവരെന്ന നിലയില്‍ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനുള്ള അധികാരം 1964-ലെ ഹില്‍മെന്‍സ് റൂള്‍സ് വനംവകുപ്പിനു നല്‍കിയിരുന്നു. കൊളോണിയല്‍ ഭരണരീതിയുടെ തുടര്‍ച്ചയെന്ന നിലയില്‍ വന്യജീവികളെപ്പോലെ ആദിവാസികളേയും നിയന്ത്രിക്കാന്‍ വനംവകുപ്പിന് ഹില്‍മെന്‍സ് റൂള്‍സ് അധികാരം നല്‍കിയിരുന്നു. ഈച്ചരന്‍ ഇട്ടാതി കേസില്‍ ഹില്‍മെന്‍സ് റൂള്‍സ് 1966-ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 1980-ല്‍ വനസംരക്ഷണനിയമം പ്രാബല്യത്തില്‍ വന്നതോടെ ആദിവാസികള്‍ വനത്തില്‍നിന്നും കുടിയിറക്കപ്പെടുമെന്ന സാഹചര്യത്തില്‍ക്കൂടിയാണ് 2006-ല്‍ വനാവകാശ നിയമം ഉണ്ടാകുന്നത്. ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത സമ്പൂര്‍ണ്ണാവകാശമാണ് ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും നിയമം മുഖേന ലഭ്യമായത്. ഈച്ചരന്‍ ഇട്ട്യാതി കേസില്‍ ആദിവാസികളുടെ വനാവകാശമല്ല റദ്ദായത്, മറിച്ച് ആദിവാസികളുടെ മേലുള്ള ഗവണ്‍മെന്റ് നിയന്ത്രണമാണ്. 1964-ലെ ഭൂപതിവ് ചട്ടത്തിന്റെ 2 (ഇ) വകുപ്പ് ആദിവാസി സെറ്റില്‍മെന്റുകളെ 'സര്‍ക്കാര്‍ ഭൂമിയായി' കണക്കാക്കുന്നില്ല. ആയതിനാല്‍, വനാവകാശ നിയമമനുസരിച്ച് വനാവകാശ രേഖകള്‍ ലഭിച്ചിരിക്കുന്ന ആദിവാസികളുടെ അവകാശം റദ്ദാക്കാനും അത് പിടിച്ചെടുത്ത് തന്നിഷ്ടംപോലെ പതിച്ചു നല്‍കാനും ഗവണ്‍മെന്റിന് അധികാരമില്ല. ജൂണ്‍ രണ്ടിനു പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സി പട്ടികവര്‍ഗ്ഗ വകുപ്പാണ്. എന്നാല്‍, വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്താന്‍ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥനെയാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ തലപ്പത്ത് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ വനാവകാശ നിയമം അട്ടിമറിക്കപ്പെടുമ്പോള്‍ വനം വകുപ്പും പട്ടികവര്‍ഗ്ഗ വകുപ്പും ഒരേ സമയം നിശ്ശബ്ദരായിരിക്കുകയാണ്. 2006-ലെ കേന്ദ്ര വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്തുക എന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം എന്നു വ്യക്തമായിരിക്കയാണ്. ആദിവാസി ഗ്രാമസഭാനിയമം (പെസ നിയമം) നടപ്പാക്കുന്ന നടപടി ഇടതുപക്ഷ സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നിലും ഭൂമാഫിയകളെ സംരക്ഷിക്കാനുള്ള താല്പര്യമാണെന്ന് ആദിവാസി സംഘടനകള്‍ തിരിച്ചറിയേണ്ടതുണ്ട്.

വനാവകാശ നിയമം ഒറ്റനോട്ടത്തില്‍

2006-ലെ വനാവകാശ നിയമം കടുവാസങ്കേതങ്ങള്‍ ഉള്‍പ്പെടെ എല്ലാ തരം വനഭൂമിയിലും ആദിവാസികളുടെ നേരത്തെ നിലനിന്നിരുന്ന 14 അവകാശങ്ങള്‍  അംഗീകരിക്കുന്നു

* വനഭൂമിയും അവിടത്തെ വിഭവങ്ങളും ഉപയോഗിക്കുന്നതിന് വ്യക്തിഗത വനാവകാശ (Individual Forest Rights)വും സാമൂഹിക വനാവകാശ(Communtiy Rights)ഉം അനുവദിക്കുന്നു.
* പരമ്പരാഗതമായി ഗ്രാമാതിര്‍ത്തികളെന്നു കരുതപ്പെടുന്ന പ്രദേശത്തിനുള്ളില്‍നിന്ന്  വനവിനിയോഗം നടത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഭരിക്കുന്നതിനും  നിയമം സാമൂഹിക വനവിഭവ അവകാശം നല്‍കുന്നു.
* കാടിന്റേയും വന്യജീവികളുടേയും ജൈവവൈവിധ്യത്തിന്റേയും തങ്ങളുടെ പ്രാകൃതികവും സാംസ്‌കാരികവുമായ പൈതൃകത്തിന്റേയും സംരക്ഷണത്തിനും അവ കാത്തുസൂക്ഷിക്കുന്നതിനുമുള്ള അവകാശം

അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത് ഇങ്ങനെ:

* ആരാണ് കൃഷി ചെയ്യേണ്ടത്, എത്രകാലത്തേക്കാണ് അയാള്‍ക്ക് കൃഷിഭൂമി ഉപയോഗപ്പെടുത്താനാകും, ഏതൊക്കെ വനവിഭവങ്ങള്‍ എത്രയളവില്‍ ശേഖരിക്കാം എന്നൊക്കെ തീരുമാനിക്കുന്നത് ഗ്രാമസഭ ആണ്.
* ഗ്രാമസഭകളുടെ ശുപാര്‍ശകള്‍ ജില്ലാ താലൂക്ക് തലങ്ങളില്‍ സ്‌ക്രീനിംഗിനു വിധേയമാകുന്നു. അന്തിമതീരുമാനം കൈക്കൊള്ളുക ജില്ലാതല സമിതികളാണ്.
* മൂന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മൂന്നു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറു പേരടങ്ങുന്നതായിരിക്കും കമ്മിറ്റി.
* ഈ നിയമത്തിനു കീഴില്‍ വരുന്ന ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധ്യമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com