കാലം മായ്ക്കാത്ത ഓര്‍മ്മകള്‍

സി.പി.ഐ.എം പിന്തുണയോടെ വിജയിച്ച് എട്ടാം കേരള നിയമസഭയില്‍ അംഗമായ പ്രൊഫ. എ. നബീസ ഉമ്മാള്‍ കഴിഞ്ഞകാലം ഓര്‍ത്തെടുക്കുന്നു
പ്രൊഫ. എ. നബീസ ഉമ്മാള്‍/ ഫോട്ടോ - വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്സ്
പ്രൊഫ. എ. നബീസ ഉമ്മാള്‍/ ഫോട്ടോ - വിന്‍സെന്റ് പുളിക്കല്‍/എക്‌സ്പ്രസ്സ്

''ഞാന്‍ ആരുടെയും മുന്‍പില്‍ കരഞ്ഞിട്ടില്ല, കരയുന്ന പ്രകൃതക്കാരിയുമല്ല.'' 1987 ഏപ്രില്‍ ഒന്നിന് എട്ടാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ കഴക്കൂട്ടം എം.എല്‍.എ പ്രൊഫ. എ. നബീസാ ഉമ്മാള്‍ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലെ വാക്കുകളാണ്. മുന്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരേ സംസാരിക്കാന്‍ ചോദിച്ചു വാങ്ങിയ ആ അപൂര്‍വ്വ അവസരത്തിന് പ്രത്യേകിച്ചൊരു പശ്ചാത്തലവുമുണ്ടായിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം നബീസാ ഉമ്മാള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍; ടി.എം. ജേക്കബ് കെ. കരുണാകരന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി. പ്രീഡിഗ്രി ബോര്‍ഡ് രൂപീകരണ നീക്കത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നതില്‍ പ്രിന്‍സിപ്പല്‍ മന്ത്രിയെ പ്രതിഷേധം അറിയിച്ചു. പൊലീസിനെ കാമ്പസ്സിനകത്തു കയറാന്‍ അവര്‍ അനുവദിച്ചുമില്ല. അതുകഴിഞ്ഞ് കേരള സര്‍വ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നബീസാ ഉമ്മാളിനെ മന്ത്രി വിളിച്ചു വരുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പൊറിഞ്ചുക്കുട്ടിയെ ജയിപ്പിക്കണം എന്നായിരുന്നു ആവശ്യം. അതിനു തയ്യാറായില്ല. കാസര്‍കോട്ടേയ്ക്കു മാറ്റും എന്ന് മന്ത്രി ഭീഷണിപ്പെടുത്തി. പല ജില്ലകളിലും ജോലി ചെയ്തിട്ടുണ്ടെന്നും കാസര്‍കോട്ടേയ്ക്കു കൂടി ഒരു മാറ്റം കിട്ടുന്നതില്‍ വിരോധമില്ലെന്നുമായിരുന്നു മറുപടി. ജോലിയില്‍നിന്നു വിരമിച്ചു പിറ്റേ വര്‍ഷം നബീസാ ഉമ്മാള്‍ എം.എല്‍.എ ആയപ്പോള്‍ പ്രതിപക്ഷത്തായിരുന്നു ജേക്കബ്. വിദ്യാര്‍ത്ഥി പ്രക്ഷോഭം സഹിക്കാനാകാതെ നബീസാ ഉമ്മാള്‍ കരഞ്ഞു എന്നും തങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്കു പൊലീസ് സംരക്ഷണം നല്‍കിയാണ് രക്ഷിച്ചത് എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. അതിന് നവാഗത വനിതാ എം.എല്‍.എ നല്‍കിയ മറുപടി സഭാ രേഖകളിലെ തിളക്കമുള്ള ഏടുകളിലൊന്നാണ്. ''ഞാന്‍ കരഞ്ഞു എന്ന് ബഹുമാനപ്പെട്ട അംഗം പറയുന്നത് അസത്യമാണ്'' അവര്‍ മുന്‍മന്ത്രിക്കു നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ ഭരണപക്ഷം ഒന്നടങ്കം അതിനെ പിന്തുണച്ചു. ''ഒരു പൊലീസ് സംരക്ഷണവും എനിക്കു കിട്ടിയിട്ടില്ല. ഞാന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കുമ്പോള്‍ കാമ്പസിനകത്ത് പൊലീസിനെ കടത്തിയിട്ടുമില്ല'' എന്നുകൂടി പറഞ്ഞ് അവര്‍ അവസാനിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സീറ്റിലിരുന്ന് ഇ.കെ. നായനാര്‍ അഭിനന്ദിച്ചു ഡസ്‌കിലടിച്ചു. ടി.എം. ജേക്കബുമായി യുദ്ധം ചെയ്യാനാണ് താന്‍ എം.എല്‍.എ ആയത് എന്ന് തമാശ പറയുന്ന തൊണ്ണൂറുകാരിയാണ് ഇന്നു നബീസ ടീച്ചര്‍. 

വിപി സിങ്, എംവി രാഘവൻ, ടിഎം ജേക്കബ്
വിപി സിങ്, എംവി രാഘവൻ, ടിഎം ജേക്കബ്

ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങലില്ലാതെയാണ് ഈ തിരിഞ്ഞുനോട്ടം. കോളേജ് അദ്ധ്യാപികയും പ്രിന്‍സിപ്പലും നിയമസഭാംഗവും നഗരസഭാ അധ്യക്ഷയും തീപ്പൊരി പ്രസംഗകയുമായി നിറഞ്ഞു നിന്ന ജീവിതം. പഠിച്ച കോളേജില്‍ അദ്ധ്യാപികയും വകുപ്പു മേധാവിയും കോളേജ് മേധാവിയുമായി. എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ 14080 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം; അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ രണ്ടാം മല്‍സരത്തില്‍ വെറും 360 വോട്ടിന് ജയിച്ച എതിര്‍ സ്ഥാനാര്‍ത്ഥി സാക്ഷാല്‍ എം.വി. രാഘവന്‍. 1995 മുതല്‍ 2000 വരെ നെടുമങ്ങാട് നഗരസഭാ അധ്യക്ഷ. മൂന്നു സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ള മൂവായിരത്തോളം ആളുകള്‍ക്കാണ് അന്ന് നഗരസഭ തിരിച്ചടവില്ലാത്ത ഭവന നിര്‍മ്മാണ വായ്പ നല്‍കിയത്. ജനപ്രതിനിധി എന്ന നിലയില്‍ ലഭിച്ച ആദരവ് വലുതായിരുന്നു; അദ്ധ്യാപിക കൂടിയായതുകൊണ്ട് അത് ഇരട്ടിയായി. എം.എല്‍.എ ആയിരുന്ന കാലത്തേക്കാള്‍ സ്‌നേഹാദരങ്ങള്‍ മുന്‍ എം.എല്‍.എ ആയ ശേഷവും കിട്ടുന്നു എന്നാണ് അനുഭവം. പക്ഷേ, കഠിനാധ്വാനം ചെയ്തു വിജയിപ്പിച്ചെടുക്കുന്ന എം.എല്‍.എമാരെ കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയും സര്‍ക്കാരും അവഗണിക്കുന്നു എന്ന വിഷമമുണ്ട്. നിയമസഭയുടെ പ്രസിദ്ധീകരണമായ സാമാജികനില്‍ കുറച്ചു വര്‍ഷം മുന്‍പ് അത് തുറന്നെഴുതുകയും ചെയ്തു. 

പഠിക്കണം, ജോലി വേണം

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇ.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയായിരുന്നു നഫീസ. പത്താം ക്ലാസ്സില്‍ മൂന്ന് നഫീസമാര്‍ ഉണ്ടായിരുന്നതുകൊണ്ട് തിരിച്ചറിയാന്‍ അദ്ധ്യാപകരാണ് ഒരാളെ നബീസാ ബീവിയും ഒരാളെ നബീസാ ഉമ്മാളും ഒരാളെ വെറും നഫീസയുമാക്കിയത്. നബീസായുടെ ഉമ്മ അസനുമ്മാളിന്റെ പേരിനൊപ്പം ഉണ്ടായിരുന്ന ഉമ്മാള്‍ ഈ നഫീസയുടെ പേരിനൊപ്പം ചേര്‍ത്തു. വേഗം ജോലി കിട്ടാനാണ് മലയാളം എം.എ എടുത്തത്. പൊലീസുകാരനായിരുന്ന എം. ഖാദര്‍ മൊയ്തീന്റെ അഞ്ചു മക്കളില്‍ ബാക്കി നാലു പേരും പത്താം ക്ലാസ്സ് വരെയെ പഠിച്ചുള്ളു. കോളേജ് വിദ്യാഭ്യാസം വേണം, ജോലി വേണം, ശമ്പളം വേണം എന്നത് മക്കളില്‍ മൂന്നാമത്തെയാളുടെ ഉറച്ച ആഗ്രഹവും വാശിയുമായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ ഭര്‍ത്താവ് എം. ഹുസൈന്‍ കുഞ്ഞ് കൂടെ നിന്നതും വലിയ ആശ്വാസവും അനുഗ്രഹവുമായി. വിവാഹശേഷമാണ് എം.എയ്ക്കു പോയത്. പഠിപ്പുള്ള പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിച്ച ഹുസൈന്‍ കുഞ്ഞിനു ജീവിത പങ്കാളി ഉന്നത വിദ്യാഭ്യാസം നേടുന്നത് സന്തോഷമായിരുന്നു, അഭിമാനവും. പട്ടാളത്തില്‍ ജോലി ചെയ്തു മടങ്ങിവന്ന അദ്ദേഹം നല്‍കിയ പിന്തുണയുടെ ആഴം ടീച്ചറിന്റെ ജീവിതത്തെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനോട് മക്കള്‍ വിയോജിച്ചപ്പോഴും കൂടെ നിന്നത് ഭര്‍ത്താവാണ്. ടീച്ചര്‍ നഗരസഭാ അധ്യക്ഷയായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം, 1998-ല്‍. 

ഹോസ്റ്റലില്‍ പഠിക്കുന്ന നബീസാ ഉമ്മാളിനെ അവര്‍ അറിയാതെ ചെന്നു കണ്ടാണ് ആ വിവാഹാലോചന തുടങ്ങിയത്. ആള് കറുത്തതായതുകൊണ്ട് ഉമ്മായ്ക്ക് ഒരു ഇഷ്ടക്കുറവ്. പക്ഷേ, തന്നെ ഇഷ്ടപ്പെട്ടു വന്ന ആളെത്തന്നെ വിവാഹം ചെയ്യാനുള്ള ഇഷ്ടമാണ് നഫീസ വീട്ടില്‍ പറഞ്ഞത്. ഒന്നും വാങ്ങാതെ, ഇസ്ലാമിക ആചാരപ്രകാരമുള്ള പുരുഷധനം (മഹര്‍) ആയി ആഭരണങ്ങള്‍ ഇങ്ങോട്ടു നല്‍കിയാണ് വിവാഹം ചെയ്തത്. അതോടെ അദ്ദേഹത്തിന്റെ നാടായ നെടുമങ്ങാട്ടുകാരിയായി മാറുകയായിരുന്നു.

സുശീല ​ഗോപാലൻ, ഇഎംഎസ്, വിഎസ് അച്യുതാനന്ദൻ
സുശീല ​ഗോപാലൻ, ഇഎംഎസ്, വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം വിമന്‍സ് കോളജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം, യൂണിവേഴ്സിറ്റി കോളജില്‍ ബി.എ, എം.എ. പിറ്റേ വര്‍ഷം, 1955-ല്‍ ജോലി. അഞ്ച് ജില്ലകളിലായി ഏഴ് കോളേജുകളില്‍ അദ്ധ്യാപികയായി. വിമന്‍സ് കോളേജിലായിരുന്നു തുടക്കം. 12 വര്‍ഷം അവിടെ ജോലി ചെയ്തു. സി.എച്ച്. മുഹമ്മദുകോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത ടീച്ചര്‍ ആഗ്രഹം അറിയിച്ചു, ഒന്നിച്ചു പഠിച്ച പലരും യൂണിവേഴ്സിറ്റി കോളേജിലായതുകൊണ്ട് അവിടെ കിട്ടിയാല്‍ കൊള്ളാം. അതു സാധിച്ചു. അപ്പോള്‍ മൂന്നു വര്‍ഷവും പിന്നെ രണ്ടു വര്‍ഷവും ഒടുവില്‍ മൂന്നു വര്‍ഷവുമായി എട്ട് വര്‍ഷം അവിടെ. കോളേജ് മാഗസിനില്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തെ അനുകൂലിച്ച് ലേഖനം എഴുതിയതിന് ശ്രീനിവാസ അയ്യര്‍ എന്ന പ്രിന്‍സിപ്പലില്‍ നിന്നു താക്കീതു കിട്ടിയ വിദ്യാര്‍ത്ഥിനി അതേ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ച് അതേ രാഷ്ട്രീയ ആദര്‍ശങ്ങളുടെ പ്രചാരകയായി മാറിയ ചരിത്രം. യൂണിവേഴ്സിറ്റി കോളജില്‍ത്തന്നെ പഠിച്ച് അവിടെ അദ്ധ്യാപികയും പ്രിന്‍സിപ്പലുമായ പ്രത്യേകത അതിനു മുന്‍പ് എ.ആര്‍. രാജരാജ വര്‍മ്മയ്ക്കാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനു ശേഷം മലയാളം വിഭാഗത്തില്‍നിന്ന് ഒരാള്‍ പ്രിന്‍സിപ്പലായതും നബീസാ ഉമ്മാളാണ്. 

സംസ്‌കൃതമായിരുന്നു എം.എയ്ക്കു സെക്കന്റ് ലാംഗ്വേജ്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി എന്നായിരുന്നു അന്നു വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ തന്റെ മാതൃഭാഷ തമിഴാണെന്ന് ടീച്ചര്‍ പറയുന്നു. അത്തായുടെ (അച്ഛന്‍) രണ്ടു തലമുറ മുന്‍പ് തമിഴ്നാട്ടില്‍ നിന്നു വന്നവരാണ്. 

ഇ.എം.എസ്സിന്റെ കണ്ടെത്തല്‍

സി.പി.എം നേതാക്കളായ സുശീലാ ഗോപാലനും അരുവിപ്പുറം പ്രഭാകരനും കാട്ടായിക്കോണം ശ്രീധറുമാണ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വീട്ടില്‍ച്ചെന്ന് നബീസാ ഉമ്മാളിനെ കണ്ടതും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടതും. ശരീഅത്ത് വിവാദവുമായി ബന്ധപ്പെട്ട് നബീസാ ഉമ്മാള്‍ നടത്തിയ പ്രസംഗം കേള്‍ക്കാനിടയായ ഇ.എം.എസ്സാണ് അതിനു പ്രത്യേക താല്പര്യമെടുത്തത്. ഈ ടീച്ചറെ നിര്‍ത്തിയാല്‍ കഴക്കൂട്ടം ജയിക്കാം എന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രവചനം പാഴായില്ല. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളും വിവാഹമോചനവും ജീവനാംശവും രാജ്യവ്യാപകമായി വലിയ ചര്‍ച്ചയായ കാലമായിരുന്നു അത്. ''മുസ്ലിം പുരുഷന്‍ ഭാര്യയെ ഒറ്റയടിക്കു മൂന്നു തലാഖും ചൊല്ലി വിവാഹമോചനം നടത്തുന്നത് ഇസ്ലാമിക വിരുദ്ധമാണ്. അതു വിശദീകരിച്ചാണ് ഞാന്‍ പ്രസംഗിച്ചത്. പടച്ചവന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് വിവാഹമോചനം. പക്ഷേ, ഒന്നിച്ചു ജീവിക്കാന്‍ വയ്യാത്ത സാഹചര്യം വന്നാല്‍ അതിനു സ്ത്രീപക്ഷത്തുനിന്ന് പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അങ്ങനെ വിവാഹമോചനം ചെയ്താലും സ്ത്രീക്ക് ജീവനാശം കൊടുക്കണം, കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവു നോക്കണം. ഇതൊക്കെ വിശദീകരിക്കുന്ന പ്രസംഗങ്ങള്‍ പിന്നീട് എത്രയോ വേദികളില്‍ പാര്‍ട്ടി കൊണ്ടുനടന്ന് പ്രസംഗിപ്പിക്കുകയായിരുന്നു.'' നബീസാ ഉമ്മാള്‍ പറയുന്നു.

കാട്ടായിക്കോണം ശ്രീധറിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പിന്റെ ചുമതല. ഇ.എം.എസ്സിന്റെ അധ്യക്ഷതയില്‍ വി.പി. സിംഗാണ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. രണ്ടാമത് മത്സരിച്ചപ്പോള്‍ ചടയന്‍ ഗോവിന്ദനായിരുന്നു മണ്ഡലത്തിന്റെ ചുമതല. ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കും എന്ന ആത്മവിശ്വാസമാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. എം.വി. രാഘവനും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. എം.എല്‍.എ ഹോസ്റ്റലില്‍ അടുത്തടുത്ത മുറികളിലായിരുന്നു എം.വി.ആറും ടീച്ചറും. അന്ന് അദ്ദേഹം അഴീക്കോട് എം.എല്‍.എയാണ്. ഇടയ്ക്കൊരിക്കല്‍ തമ്മില്‍ കണ്ടപ്പോള്‍ രാഘവന്‍ പറഞ്ഞത്, ടീച്ചര്‍ ജയിക്കും എന്നാണ്. നബീസാ ഉമ്മാളിനു പുറമേ എട്ട് വനിതാ അംഗങ്ങളാണ് എട്ടാം നിയമസഭയില്‍ ഉണ്ടായിരുന്നത്. സി.പി.എമ്മില്‍നിന്ന് കെ.ആര്‍. ഗൗരിയമ്മ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും സി.പി.ഐയില്‍നിന്ന് ഭാര്‍ഗവി തങ്കപ്പനും റോസമ്മ പുന്നൂസും കോണ്‍ഗ്രസ്സില്‍നിന്ന് റോസക്കുട്ടി ചാക്കോയും എം.ടി. പത്മയും ലീലാ ദാമോദര മേനോനും. ഇടതുപക്ഷത്തു നിന്നുള്ള വനിതാ ജനപ്രതിനിധികളുടെ പ്രാതിനിധ്യം എപ്പോഴും ഉയര്‍ന്നതായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ''പക്ഷേ, അന്ന് മൂന്ന് വനിത എം.എല്‍.എമാര്‍ വരെ ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ സ്ഥിതി വളരെ പിന്നോട്ടുപോയി. പതിനാലാം നിയമസഭയില്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചു വരുന്നതുവരെ കോണ്‍ഗ്രസ്സിനും യു.ഡി.എഫിലെ മറ്റു പാര്‍ട്ടികള്‍ക്കും വനിതാ എം.എല്‍.എ ഉണ്ടായിരുന്നില്ല. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇടതുപക്ഷത്തുള്ളത്'' ടീച്ചര്‍ക്ക് അതു പറയാന്‍ നൂറുനാവ്. സ്ത്രീകളുടെ കാര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നൊക്കെ വനിതാ സാമാജികര്‍ വ്യക്തിപരമായ സൗഹൃദത്തില്‍ പാര്‍ട്ടി, മുന്നണി വ്യത്യാസമില്ലാതെ പറയുമെങ്കിലും സഭയ്ക്കുള്ളില്‍ ഭരണപക്ഷവും പ്രതിപക്ഷവും തന്നെയായി മാറിയതാണ് അനുഭവം. സഭയില്‍ പറയേണ്ട കാര്യങ്ങളേക്കുറിച്ചും അപ്പപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികളേക്കുറിച്ചും നിയമനിര്‍മ്മാണത്തെക്കുറിച്ചുമെല്ലാം ഇടതുപക്ഷ എം.എല്‍.എമാര്‍ക്ക് പാര്‍ട്ടിതലത്തില്‍ മികച്ച പരിശീലനം കിട്ടിയിരുന്നു. ചിട്ടയോടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എപ്പോഴും കിട്ടിക്കൊണ്ടിരുന്നു. പക്ഷേ, അപ്പുറത്ത് അതായിരുന്നില്ല സ്ഥിതി. ''ഇവിടെ റോസമ്മ പുന്നൂസിനു കിട്ടുന്നത് അവിടെ റോസമ്മ ചാക്കോയ്ക്കു കിട്ടിയിരുന്നില്ല. ഇവിടെ മേഴ്സിക്കുട്ടിക്ക് കിട്ടുന്നത് അവിടെ പത്മയ്ക്കു കിട്ടിയില്ല.''

ടി.എം. ജേക്കബുമായുള്ള പോരിലാണ് തുടക്കമെങ്കിലും ജേക്കബ് നല്ലവനാണ് എന്നും കൂട്ടിച്ചേര്‍ക്കാന്‍ ടീച്ചറിനു മടിയില്ല. നിയമസഭാ ലൈബ്രറി ഉപയോഗിച്ചിരുന്ന അപൂര്‍വ്വം എം.എല്‍.എമാരില്‍ ഒരാളായിരുന്നു ജേക്കബ് എന്നതാണ് അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലോനപ്പന്‍ നമ്പാടന്‍, പി. രവീന്ദ്രന്‍, എം.കെ. സാനു എന്നിവരൊക്കെ ലൈബ്രറിയില്‍ പോയിരുന്നു. ഞങ്ങളൊരു സെറ്റായിരുന്നു എന്നാണ് ടീച്ചര്‍ ഓര്‍ക്കുന്നത്. അതൊരു കാലമായിരുന്നു എന്നുകൂടി പറയുമ്പോള്‍ ഓര്‍മ്മകള്‍ ഇരമ്പുന്നത് കണ്ണുകളില്‍ അറിയാം; ''അതെ, അതൊരു കാലമായിരുന്നു. ഞങ്ങളുടെ കൂടെ നിന്നാല്‍ ഞങ്ങള്‍ മന്ത്രിയാക്കുമായിരുന്നു എന്നാണ് മുസ്ലിം ലീഗ് നേതാവ് സീതി ഹാജി ഒരിക്കല്‍ പറഞ്ഞത്. പക്ഷേ, അവരുടെ കൂടെയുള്ള ഒരു വനിതാ നേതാവും ഇതുവരെ സഭയില്‍ എത്തിയിട്ടു പോലുമില്ല. ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയാക്കുമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പലരും പറഞ്ഞു; നിങ്ങളൊന്നുമല്ലല്ലോ എന്നെ മനസ്സിലാക്കി വിളിക്കാന്‍ വന്നത് എന്ന് മറുപടിയും കൊടുത്തു. ''വരേണ്ടവര്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു'' കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ മുക്കുമൂലകള്‍ അറിഞ്ഞ എം.എല്‍.എ ആയിരുന്നു; അത് അങ്ങനെ തന്നെയാകണം എന്നു തീരുമാനിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. പാര്‍ട്ടിയുടെയും രീതി അതായിരുന്നു, എം.എല്‍.എ മണ്ഡലത്തിലും സഭയിലും നിറഞ്ഞു നിന്നു പ്രവര്‍ത്തിക്കണം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചും എല്‍.ഡി.എഫ് ഭരണത്തിലായിരുന്നു; മറ്റുള്ളവരുമായും നല്ല സൗഹാര്‍ദ്ദത്തിലായിരുന്നു. നിയമസഭയുടെ ലൈബ്രറി കമ്മിറ്റിയിലും ഉറപ്പുകള്‍ സംബന്ധിച്ച സമിതിയിലും അംഗമായിരുന്നു. അതിന്റെ ഭാഗമായി കേരളത്തിനു പുറത്ത് നിരവധി യാത്രകള്‍ ചെയ്തു. ജപ്പാന്‍, അമേരിക്ക, ജര്‍മന്‍ യാത്രകള്‍ക്ക് അവസരം വന്നെങ്കിലും പോയില്ല. മക്കളെ വിട്ട് വിദേശ യാത്ര പോകുന്നതിനോടു താല്‍പ്പര്യം തോന്നിയില്ല.'' 

കാട്ടായിക്കോണം ശ്രീധരൻ, എആർ രാജരാജവർമ, സിഎച്ച് മുഹമ്മദ് കോയ
കാട്ടായിക്കോണം ശ്രീധരൻ, എആർ രാജരാജവർമ, സിഎച്ച് മുഹമ്മദ് കോയ

''എം.എല്‍.എ എന്ന നിലയില്‍ സഭയില്‍ ഷൈന്‍ ചെയ്യണമെങ്കില്‍ പ്രതിപക്ഷത്തായിരിക്കണം. ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല'' എന്നാണ് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നബീസാ ഉമ്മാള്‍ പറയുന്നത്. പല കുഴപ്പങ്ങളും ഉണ്ടാക്കിയ ഒരു അച്ചനെക്കുറിച്ച് പ്രസംഗത്തിനിടയില്‍ പരാമര്‍ശിക്കേണ്ടി വന്ന സന്ദര്‍ഭം ഉദാഹരണമായി അവര്‍ ഓര്‍ക്കുന്നു: ''എന്തു കുഴപ്പം ചെയ്തിട്ടും അള്‍ത്താരയില്‍ അഭയം പ്രാപിക്കുന്ന അച്ചന്‍. പെണ്‍കുട്ടികളെ വരെ കൈവയ്ക്കുന്ന ആ അച്ചനെക്കുറിച്ച് സഭയില്‍ പ്രസംഗിച്ച് കത്തിക്കയറി വന്നപ്പോള്‍ ഗൗരിയമ്മ സാരിയില്‍ പിടിച്ച് പതുക്കെ വലിച്ചു; ഇരിക്കാന്‍ പറഞ്ഞു. ബേബി ജോണ്‍ ഗൗരിയമ്മയെ കണ്ണു കാണിച്ചു ചെയ്യിച്ചതാണ്. പഴയ നിയമസഭയില്‍ മന്ത്രിമാരും എം.എല്‍.എമാരുമൊക്കെ അടുത്തടുത്തു തന്നെയാണ് ഇരുന്നത്. അതുകൊണ്ട് ഗൗരിയമ്മയ്ക്ക് സാരിയില്‍ പിടിച്ചു വലിക്കാന്‍ എളുപ്പമായി.''

ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെ കേരളം ഭരിച്ച ഇരുപത് മുഖ്യമന്ത്രിമാര്‍ക്കൊപ്പവും വേദി പങ്കിട്ടിട്ടുണ്ട് എന്നു പറയാന്‍ ഇഷ്ടമാണ് ടീച്ചര്‍ക്ക്. അതില്‍ രാഷ്ട്രീയമൊന്നുമില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് താന്‍ എം.എല്‍.എ ആയിരുന്നത് എന്നതുകൊണ്ട് അദ്ദേഹത്തിനൊപ്പമാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്തത്. ആറു ജില്ലകളില്‍ പ്രസംഗിച്ചിട്ടുണ്ട്. വേദികളില്‍ രാഷ്ട്രീയത്തേക്കാള്‍ സമുദായ സൗഹാര്‍ദ്ദമാണ് പറഞ്ഞിട്ടുള്ളത്. മൂന്നുമാസം മുന്‍പ് വരെ പൊതുയോഗത്തില്‍ പങ്കെടുത്തു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രത്യേക ചാതുരിതന്നെ ഉണ്ടായിരുന്നു. എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഒന്നുതന്നെ എന്നതാണ് പ്രസംഗങ്ങളുടെ കാതല്‍. മുനി നാരായണ പ്രസാദ്, സ്വാമി ശാശ്വതീകാനന്ദ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ വേദി പങ്കിട്ട് ഗുരു ദര്‍ശനങ്ങള്‍ പ്രസംഗിച്ചു. ഗുരു എവിടെയൊക്കെ പ്രതിഷ്ഠ നടത്തിയോ അവിടെയൊക്കെ പ്രസംഗിച്ചു, ശിവഗിരിയില്‍ പലവട്ടം പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്ത് പാര്‍ട്ടിക്കാര്‍ മറ്റിടങ്ങളില്‍ കേള്‍പ്പിക്കുമായിരുന്നു. പതിനഞ്ച് വയസ്സില്‍ ആറ്റിങ്ങലില്‍ തുടങ്ങിയതാണ് പ്രസംഗം. അന്ന് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയേക്കുറിച്ച് എഴുതി വായിക്കുകയാണ് ചെയ്തത്. മുട്ടുവിറച്ചിട്ട് പലതും മറന്നു പോയി. പക്ഷേ, സമ്മാനം കിട്ടി. ''പിന്നെപ്പിന്നെ വായിച്ചു പഠിച്ചതൊക്കെ പ്രസംഗിക്കുമ്പോള്‍ സാഹചര്യത്തിനും കാലത്തിനുമൊപ്പിച്ച് നാവില്‍ വരിക തന്നെ ചെയ്യും.'' അതാണ് അനുഭവം. 

പ്രൊഫ. നബീസാ ഉമ്മാൾ
പ്രൊഫ. നബീസാ ഉമ്മാൾ

മുസ്ലിം സമുദായ വേദികളിലൊക്കെ പ്രസംഗിക്കാന്‍ പോകുമായിരുന്നു. സി.എച്ച്. മുഹമ്മദുകോയയ്ക്കും ചാക്കീരി അഹമ്മദ് കുട്ടിക്കുമൊക്കെ വലിയ സ്‌നേഹവും ബഹുമാനം. തലയില്‍ തട്ടമിട്ട് ബ്ലൗസിന്റെ കൈകള്‍ നീട്ടുക കൂടി ചെയ്തിരുന്നെങ്കില്‍ എന്ന് ചാക്കീരി അഹമ്മദു കുട്ടി തമാശയായി പറഞ്ഞതോര്‍ക്കുന്നു. ഓള് ബമ്പത്തിയാണ് എന്നായിരുന്നു ലീഗുകാര് പറയുക; ഓള്ടെ ചേല്ക്ക് വേറെ പെണ്ണുങ്ങളില്ല, പെണ്ണാണെങ്കിലും ആണിന്റെ ചേലുക്കല്ലേ പറയുന്നത് എന്നാണ് മലപ്പുറത്തെ ലീഗുകാര്‍ പറയുക. മലപ്പുറം ജില്ലയില്‍ ഒരുപാട് സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ആദ്യം പ്രിന്‍സിപ്പല്‍ ആയതും മലപ്പുറത്താണ്. പ്രസംഗത്തിലും ക്ലാസ്സിലും നല്ല തമാശയൊക്കെ പറയുമായിരുന്നു. ''ഒരു മണിക്കൂര്‍ എന്റെ ക്ലാസ്സില്‍ ഇരുന്നാല്‍ കുട്ടികള്‍ എന്നെ ഓര്‍ക്കും. ടീച്ചറുടെ നളചരിതവും ശാകുന്തളവും ക്ലാസ്സുകളൊന്നും മറക്കാന്‍ പറ്റില്ലെന്ന് പറയുന്നവരുണ്ട്, ഇപ്പോഴും.'' ഓര്‍മ്മകള്‍ക്കു സുഗന്ധം. 

മുസ്ലിം സമുദായത്തില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല. സമുദായത്തെ പ്രകോപിപ്പിക്കുന്ന രീതിയല്ല സമന്വയ ശൈലിയാണ് പ്രസംഗത്തിലും പ്രവൃത്തിയിലും സ്വീകരിച്ചത്. എല്ലാ മതങ്ങളുടെയും മൗലിക തത്ത്വങ്ങള്‍ ഒന്നുതന്നെയാണ് എന്ന സന്ദേശത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ആളുകളെ ഏതുതരത്തിലുള്ള മതവൈരത്തില്‍നിന്നും പിന്തിരിപ്പിക്കും.''

ദേവീക്ഷേത്രത്തിന്റെ സ്വീകരണവും പുരസ്‌കാരവും സ്വീകരിക്കുന്ന ചടങ്ങാണ് ഒടുവില്‍ പങ്കെടുത്തത്, കഴിഞ്ഞ ഫെബ്രുവരിയില്‍. 

ആവേശകരമായ ഓര്‍മ്മകള്‍

കേരള സമൂഹത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങള്‍ കുറച്ചെങ്കിലും വിജയം കാണുന്നു എന്നതില്‍ ഉത്കണ്ഠയുണ്ട്, ജീവിതത്തിന്റെ കൂടുതല്‍ കാലവും സാമുദായിക സൗഹാര്‍ദത്തിനും മനുഷ്യനന്മയുടെ വിളംബരത്തിനും വേണ്ടി പ്രവര്‍ത്തിച്ച പ്രൊഫ. നബീസാ ഉമ്മാളിന്. ''കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളത്തില്‍ ഈ മാറ്റം തുടങ്ങിയിട്ട്. മതസൗഹാര്‍ദത്തിനു ക്ഷീണം തുടങ്ങിയത് ബി.ജെ.പിയും ആര്‍.എസ്.എസ്സും വിശ്വഹിന്ദു പരിഷത്തുമൊക്കെ ശക്തിപ്രാപിച്ചു തുടങ്ങിയപ്പോഴാണ്. വര്‍ഗ്ഗീയതയെയും സമുദായങ്ങളെ തമ്മില്‍ അകറ്റാനുമുള്ള ശ്രമങ്ങളും ചെറുക്കുന്നതില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പങ്കുവഹിക്കാനുണ്ട്.'' അവര്‍ പറയുന്നു. ഓരോ പാര്‍ട്ടിയും അവരുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രീതിയാണ് മാറണം എന്നാഗ്രഹിക്കുന്ന മറ്റൊരു കാര്യം. ''ഇപ്പോള്‍ത്തന്നെ, പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള അടി കണ്ടില്ലേ. എല്ലാം അധികാരത്തിനു വേണ്ടിയാണല്ലോ. നല്ലതു ചെയ്യുന്നവരെ അംഗീകരിക്കുക, നല്ലതല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കുക എന്നതല്ല പാര്‍ട്ടികളുടെ രീതി. ഭരണപക്ഷം എന്തു ചെയ്താലും എതിര്‍ക്കുന്നു. രമേശ് ചെന്നിത്തലയും മറ്റും ഇപ്പോള്‍ പിണറായി ഗവണ്‍മെന്റ് എന്തു ചെയ്താലും വിമര്‍ശിക്കുന്നതു ശരിയല്ല.'' കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നല്‍കുന്ന നേതൃത്വം മികച്ചതാണ് എന്ന അഭിപ്രായമാണ് രാഷ്ട്രീയത്തിലെ ഈ മുന്‍ഗാമിക്ക്. ''ശൈലജ ടീച്ചറിനെ എനിക്കു നേരിട്ടറിയാം,'' ഇവിടെ വന്നിട്ടുണ്ട്. അവര് നല്ല കുട്ടിയാണ്, നല്ല പ്രവര്‍ത്തനങ്ങളാണ്.'' 

വി.എസിനെ എനിക്കു ഭയങ്കര പേടിയാണ് എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്നത് സ്നേഹാദരങ്ങളോടെയുള്ള അകലം ഓര്‍ത്താണ്. ''ഒരു ഉമ്മറിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു വി.എസ്സിന്. ഇ.എം.എസും സുശീലാ ഗോപാലനും മറ്റുമാണ് എന്റെ കാര്യത്തില്‍ താല്‍പ്പര്യമെടുത്തത്. തുടക്കത്തില്‍ ഞാന്‍ തീരുമാനമെടുക്കാന്‍ കുറച്ചൊന്നു മടിച്ചു. അപ്പോള്‍ വി.എസ് മറ്റു നേതാക്കളോടു പറഞ്ഞു, ആ കുട്ടി നില്‍ക്കുന്നെങ്കില്‍ വേഗം പറയാന്‍ പറയണം, അല്ലെങ്കില്‍ വേറെ ആളുടെ കാര്യത്തില്‍ നമുക്കു തീരുമാനമെടുക്കേണ്ടതാണ്. സുശീലാ ഗോപാലന്‍ വീണ്ടും വന്നു. നബീസാ നില്‍ക്കണം എന്ന് തറപ്പിച്ചും നിന്നു നോക്ക് ഒരു രസമല്ലേ എന്നു തമാശ ഭാവത്തിലും പറഞ്ഞു. മത്സരിക്കുന്നതിനെ മക്കള്‍ എതിര്‍ത്തതു പെന്‍ഷനായപ്പോഴെങ്കിലും ഞങ്ങള്‍ക്ക് ഉമ്മായെ കൂടെത്തന്നെ വേണം എന്നു പറഞ്ഞിട്ടാണ്. ഏതായാലും തീരുമാനമെടുത്ത ശേഷം മാറിച്ചിന്തിച്ചിട്ടേയില്ല. ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ചു. വലിയ ആവേശമായിരുന്നു മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക്. ആദ്യ മത്സരമായതുകൊണ്ട് ഞാനും നല്ല ആവേശത്തിലായിരുന്നു. തെരഞ്ഞെടുപ്പുകള്‍ക്ക് ഒരഞ്ചു പൈസ പോലും കൈയില്‍നിന്നു ചെലവഴിക്കേണ്ടി വന്നിട്ടില്ല.''

പിന്നീട് വി.എസ്സിനു സ്‌നേഹമായിരുന്നെങ്കിലും ഒരു അകല്‍ച്ച ഉണ്ടായിരുന്നുവെന്നും നബീസാ ഉമ്മാള്‍ പറയുന്നു. ''മേഴ്സിക്കുട്ടിയമ്മയോടുള്ള അടുപ്പം എന്നോടും സാനു മാഷിനോടും കാണിച്ചിട്ടില്ല. അതില്‍ പരിഭവമൊന്നുമില്ല. ഭയങ്കര പാര്‍ട്ടി സ്‌നേഹമാണ് വി.എസ്സിന്. അതു കഴിഞ്ഞിട്ടേയുള്ളു മറ്റാരും, എന്തും.''

സുവർണസ്മരണകളിൽ
സുവർണസ്മരണകളിൽ

വായന ''കണ്ടമാന'മുണ്ടായിരുന്നു എന്നാണ് നഫീസ ടീച്ചര്‍ പറഞ്ഞത്. കൂടുതലും ഇംഗ്ലീഷാണ് വായിച്ചത്. ഇപ്പോഴും വായന ഉപേക്ഷിച്ചിട്ടൊന്നുമില്ല. കുറേ വായിക്കുമ്പോള്‍ കണ്ണു കഴയ്ക്കുമെങ്കിലും വായന നിര്‍ത്തില്ല. രാവിലെ ഒന്നിലധികം പത്രങ്ങള്‍ വായിക്കും. സിനിമാ വാരികകള്‍ ഉള്‍പ്പെടെ ആനുകാലികങ്ങളും വായിക്കും. പണ്ട് വായിച്ചതൊന്നും, മലയാളമായാലും ഇംഗ്ലീഷായാലും സംസ്‌കൃതമായാലും ഒറ്റ വരിയും മറന്നിട്ടില്ല. ചില പേരുകള്‍ മാത്രമാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരാത്തത്. 

പുതിയ മലയാളം നോവലുകളില്‍ ആരാച്ചാരും 'ആടുജീവിത'വും വായിച്ചു എന്ന് പറഞ്ഞിട്ട് ഒന്നുകൂടി എടുത്തു പറഞ്ഞു, മീരയുടെ ആരാച്ചാരും ബെന്യാമിന്റെ ആടു ജീവിതവും. അടുത്തയിടെ കിട്ടിയ ചില പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ തീരെ ചെറുതായതുകൊണ്ട് വായന തുടരാന്‍ കഴിയാതെ പോയ അനുഭവവമുണ്ട്. മാധവിക്കുട്ടിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു. ഈ വീട്ടില്‍ വന്നിട്ടുമുണ്ട്. തകഴി, പത്മരാജന്‍, ഒ.വി. വിജയന്‍, ആനന്ദ് തുടങ്ങിയവരുണ്ട് ഇഷ്ടപ്പെട്ട എഴുത്തുകാരില്‍. സിനിമ വളരെ ഇഷ്ടമാണ്. 'ദേവാസുരം' എത്രാമത്തെയോ വട്ടം ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു നിങ്ങള്‍ വന്നപ്പോള്‍.''

വേദനിപ്പിച്ച ഒരു 'സമരം'

ഭര്‍ത്താവ് പട്ടാളത്തില്‍നിന്നു വന്നപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് നെടുമങ്ങാട് ടൗണിനടുത്ത് റോഡരികില്‍ ഈ വീടു പണിതത്. മരങ്ങളും തണുപ്പുമുള്ള 25 സെന്റ് സ്ഥലം. അവിടെ ആഗ്രഹിച്ചു നിര്‍മ്മിച്ച, വളരെയധികം ജനാലകളും വാതിലുകളുമുള്ള വീട്. റോഡ് വികസനത്തിന്റെ ഭാഗമായി വീടുകള്‍ ഇടിച്ചു കളയാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ സമരത്തിനു നബീസാ ഉമ്മാള്‍ നേതൃത്വം നല്‍കിയത് വാര്‍ത്തയായിരുന്നു. ആകാശ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള രൂപരേഖ അനുസരിച്ച് ടീച്ചറിന്റെ അടുക്കളയുടെ അടുത്തു വരെയാണ് ഭൂമി എടുക്കാന്‍ അടയാളക്കല്ല് ഇട്ടത്. എഴുന്നൂറോളം വീടുകള്‍ പോകും. ആളുകള്‍ നബീസാ ഉമ്മാളിനെ കണ്ടു സങ്കടം പറഞ്ഞു, നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ അധ്യക്ഷയുമാക്കി. റോഡ് വികസനം പാടില്ലെന്നോ സ്ഥലം തീരെ കൊടുക്കില്ല എന്നോ അല്ല നിലപാട്. മുന്‍പും കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു വശത്തു നിന്നു മാത്രമായി സ്ഥലമെടുത്ത് റോഡിനു വീതി കൂട്ടുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. മുറ്റത്ത് കല്ലിട്ടു, അടുക്കളയുടെ ഭാഗത്തും കല്ലിട്ടു. ഇതുപോലെ ഒരു വീടുണ്ടാക്കിത്തരാന്‍ അവര്‍ക്കു കഴിയുമോ? എന്നാണ് ചോദ്യം. വെള്ളയമ്പലം മുതല്‍ കരകുളം വരെ റോഡിന്റെ രണ്ടു വശങ്ങളില്‍ നിന്നുമാണ് സ്ഥലമെടുത്തത്. അതേ രീതി ഇവിടെയും സ്വീകരിക്കണം എന്നാണ് ആവശ്യം. നെടുമങ്ങാട് എം.എല്‍.എ സി.പി.ഐയുടെ സി. ദിവാകരനാണ്. പക്ഷേ, പരസ്യമായി പ്രതിഷേധത്തിനു നേതൃത്വം നല്‍കിയപ്പോള്‍ സ്വന്തം പാര്‍ട്ടിയുമായി കുറച്ചൊന്ന് അകലേണ്ടി വന്നു. ഏരിയാ കമ്മിറ്റി അംഗം വരെ ആയതാണ്. ''ഈ വിഷയത്തിന്റെ പേരില്‍ ഒരു വര്‍ഷമായി പാര്‍ട്ടിയുമായി 'സമര'ത്തിലാണ്'' എന്നാണ് വിഷമത്തോടെ പറയുന്നത്. പക്ഷേ, നേതാക്കള്‍ ഈ വഴി പോകുമ്പോള്‍ ടീച്ചറുണ്ടോ എന്ന് തിരക്കിയിട്ട് വീട്ടില്‍ കയറിച്ചെല്ലും. മുഖ്യന്ത്രിയെ കാണാന്‍ പോയിരുന്നു. അദ്ദേഹം പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും പാര്‍ട്ടി ഏരിയാ സെക്രട്ടറി വീട്ടില്‍ വന്നു. ടീച്ചറിന്റെ വീട് നിലനിര്‍ത്തിക്കൊണ്ട് രണ്ടു വശത്തു നിന്നും സ്ഥലമെടുത്തു മാത്രമേ റോഡ് വികസിപ്പിക്കുകയുള്ളു എന്നു പറഞ്ഞു. എങ്കിലും പാര്‍ട്ടിയുമായി സമരത്തിലാകേണ്ടിവന്നത് വലിയ വിഷമമായി മാറി. അതിനു ശേഷമാണ് ഭയങ്കരമായി രക്തസമ്മര്‍ദം കൂടിയത്. മുന്‍പ് ഒരസുഖവും ഉണ്ടായിരുന്നതല്ല. കര്‍ക്കശമാണ് ഭക്ഷണ നിയന്ത്രണം. ദിവസം ഒന്നില്‍ക്കൂടുതല്‍ പാല്‍ച്ചായ പോലും കുടിക്കില്ല. പക്ഷേ, പ്രഷര്‍ കൂടി വളരെ മോശമായ നിലയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

പ്രൊഫ. നബീസാ ഉമ്മാൾ ഷാലിമാർ ബം​ഗ്ലാവിന് മുന്നിൽ
പ്രൊഫ. നബീസാ ഉമ്മാൾ ഷാലിമാർ ബം​ഗ്ലാവിന് മുന്നിൽ

ഭര്‍ത്താവിന്റെ സ്മാരകം കൂടിയായാണ് ഈ വീടിനെ നബീസാ ഉമ്മാള്‍ കാണുന്നത്. ഒരു സാംസ്‌കാരിക കേന്ദ്രമാക്കേണ്ടതാണ്. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ മുന്‍കൈയെടുത്ത് അത് ചെയ്യുന്നതിനു പകരമാണ് ഇടിക്കാന്‍ പോകുന്നത് എന്നാണ് വിഷമം. 

ആറു മക്കളില്‍ രണ്ടുപേര്‍ ഇപ്പോള്‍ ഇല്ല. രാഷ്ട്രീയത്തിലും അദ്ധ്യാപനത്തിലും ഒരാളും ഇല്ലെങ്കിലും എല്ലാവരും നല്ല നിലയില്‍. കുടുംബമായി വേറെയാണ് താമസിക്കുന്നതെങ്കിലും സമയം കിട്ടിയാല്‍ മക്കളും മരുമക്കളും ചെറുമക്കളും ഷാലിമാര്‍ ബംഗ്ലാവില്‍ ഓടിയെത്തും. കൂടെത്തന്നെ താമസിച്ച് നബീസാ ടീച്ചറിനെ പരിചരിക്കുന്ന സോജ മക്കളുടെയും ചെറുമക്കളുടെയും സ്‌നേഹവും കരുതലും വര്‍ഷങ്ങളായി അറിയുന്നു. ടീച്ചറാണ് സോജയുടെ എല്ലാം.

ഇടതുപക്ഷത്താണ് നില്‍ക്കുന്നതെങ്കിലും തികഞ്ഞ വിശ്വാസിയാണ് പ്രൊഫ. നബീസാ ഉമ്മാള്‍. എം.എല്‍.എ പെന്‍ഷന്‍ മുഴുവനായും അനാഥാലയങ്ങള്‍ക്കും അനാഥക്കുട്ടികള്‍ക്കും നല്‍കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് 2000-ല്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചു. നെടുമങ്ങാടിന്റെ അക്ഷര മുത്തശ്ശിയാണ് ഞാന്‍ എന്നു പറയാന്‍ അഭിമാനം. ആ ആദരം നാട് നല്‍കിക്കൊണ്ടേയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com