കൊവിഡ് കാലത്തെ കൗമാര ആത്മഹത്യകള്‍; ആഴത്തിലുള്ള കാരണങ്ങളെ വിസ്മരിക്കുന്നോ?  

ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക-സാമൂഹിക അന്തരീക്ഷത്തിലെ പിരിമുറുക്കത്തിനിടയില്‍ ബാല്യം വിട്ടിട്ടില്ലാത്തവരും കൗമാരക്കാരുമായ നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്
കൊവിഡ് കാലത്തെ കൗമാര ആത്മഹത്യകള്‍; ആഴത്തിലുള്ള കാരണങ്ങളെ വിസ്മരിക്കുന്നോ?  

ലോക്ഡൗണ്‍ അവസാനിപ്പിച്ചു തുടങ്ങിയ സമയത്ത് ഒരു താല്‍ക്കാലിക മാര്‍ഗ്ഗം എന്ന വഴി മൊബൈല്‍ ഫോണുകളും ടി.വി ചാനലും മുഖാന്തരം അധ്യയനപ്രക്രിയയ്ക്കു പ്രാരംഭമായ സന്ദര്‍ഭത്തില്‍ ആത്മഹത്യയ്ക്കു തുനിഞ്ഞ ബാല്യം പിന്നിട്ടിട്ടില്ലാത്ത ഒരു കുട്ടി തന്റെ ആത്മഹത്യാക്കുറിപ്പില്‍ ആശ്വാസം കൊണ്ട് കുറിച്ചിട്ടത് ഇങ്ങനെ: ''ഞാന്‍ പോകുന്നു. ഞാന്‍ പോയാല്‍ പലരും സഹായിക്കാനെത്തും. അമ്മയുടേയും അച്ഛന്റേയും കഷ്ടപ്പാട് കുറയും.'' തന്റെ സഹോദരങ്ങള്‍ക്കെങ്കിലും പഠിക്കാനും നന്നായി ജീവിക്കാനും അവസരം കിട്ടും എന്ന പ്രതീക്ഷയും ആ കുട്ടി പങ്കുവച്ചു. 

ഓരോ കുടുംബത്തിന്റേയും കുടുംബാംഗത്തിന്റേയോ ഭൗതികമോ മാനസികമോ ആയ ദയനീയാവസ്ഥകള്‍ സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും ശ്രദ്ധയില്‍പ്പെടണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ ജീവത്യാഗമെന്ന അങ്ങേയറ്റത്തെ നടപടി വേണമെന്നു വരുന്നതു ഏറെ സങ്കടകരമാണ്. ഓരോ വ്യക്തിയും ഏകാന്താദ്വീപുകളായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തിലാകട്ടെ, ആ അവസ്ഥയുടെ ഏറ്റവും ആദ്യത്തെ ഇരകളായി തീരുന്നത് കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന സമൂഹത്തിലെ ദുര്‍ബ്ബലരാണ് എന്നതാണ് മറ്റൊരു വസ്തുത. 

ലോക്ഡൗണിനുശേഷം നമ്മുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ദിനസരി പത്രസമ്മേളനത്തില്‍ അറിയിച്ചത്. ആശങ്ക ഉണര്‍ത്തുന്നതാണ് ഈ സാഹചര്യമെന്നും അതു പരിഹരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആവശ്യമായ സഹായം ചെയ്യുന്നതിനു സ്റ്റുഡന്റ് പൊലീസ് സംവിധാനം വഴി 'ചിരി' കൗണ്‍സലിങ് സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഇതിന് പുറമെ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് ഡി.ജി.പി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കും ഗവണ്‍മെന്റ് രൂപം കൊടുത്തതായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 

നമ്മുടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിക്കുന്നത് മാര്‍ച്ച് 24-നാണ്. കേരളത്തില്‍ ലോക്ഡൗണ്‍ കാലത്തും അതില്‍ ഇളവുകള്‍ വരുത്തിത്തുടങ്ങിയതുമായ കാലയളവില്‍ കൊവിഡ് 19 വന്നു ഇതെഴുതുന്ന സമയം വരെ മരണമടഞ്ഞത് 33 പേര്‍. ഇതേ കാലയളവ് തുടങ്ങും മുന്‍പേ ജീവിതം അവസാനിപ്പിച്ചത് 66 കുട്ടികള്‍. അതായത് കൊവിഡ് വന്നു മരിച്ചവരേക്കാള്‍ ഇരട്ടി കുട്ടികള്‍ അങ്ങേയറ്റത്തെ നടപടിക്ക് മുതിര്‍ന്നു എന്നര്‍ത്ഥം. ശരാശരി രണ്ടു ദിവസത്തില്‍ ഒരു കുട്ടി വീതം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഈ ആത്മഹത്യാപ്രവണത നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ എത്രമാത്രം സ്‌ഫോടനാത്മകമാണെന്നു കാണിച്ചുതരുന്നുണ്ട്. കുട്ടികള്‍ക്കിടയ്ക്കും കൗമാരക്കാര്‍ക്കിടയ്ക്കും വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണത ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിന്റെ സൂചനയാണെന്നു ഈ വിവരം മാധ്യമ സമ്മേളനത്തില്‍ വെളിവാക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

കൊടുങ്കാറ്റിലടരുന്ന കുഞ്ഞുപൂക്കള്‍

നേരത്തെതന്നെ ഗവണ്‍മെന്റുകളുടെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക തകര്‍ച്ച ലോക്ഡൗണ്‍ കാലത്ത് രൂക്ഷമായതും കുടുംബം നടത്തുന്നവരുടെ തൊഴിലില്ലായ്മ, അച്ഛനമ്മമാര്‍ പരസ്പരവും മറ്റുള്ളവരും തമ്മിലുള്ള വഴക്ക്, കുടുംബജീവിതത്തിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ശീലം, മാനസികമായ പിരിമുറുക്കങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ വിദഗ്ദ്ധര്‍ കുട്ടികളുടേയും കൗമാരക്കാരുടേയും ആത്മഹത്യകള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചെറുപ്രായത്തിലുള്ളവര്‍, മറ്റുള്ളവര്‍ ഏറെ നിസ്സാരമെന്ന് എഴുതിത്തള്ളുന്ന കാര്യങ്ങളെച്ചൊല്ലി നിരാശരായി ആത്മഹത്യ ചെയ്യുന്നത് ഒട്ടും അസാധാരണമോ കൊവിഡ് 19-നെത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷത്തിന്റെ മാത്രം പ്രത്യേകതയോ അല്ല. മുതിര്‍ന്നവര്‍ അവരെ വേദനിപ്പിച്ചുവെന്ന് അവര്‍ക്കു തോന്നുകയും എന്നാല്‍, തങ്ങളുടെ വികാരങ്ങള്‍ അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ കഴിയാതെവരികയും ചെയ്യുന്ന അവസരത്തില്‍ സ്വന്തം ജീവനെടുത്തെങ്കിലും തങ്ങളെ വേദനിപ്പിച്ചവരോട് പകരംവീട്ടാന്‍ കഴിയുമെന്ന തോന്നലിലാണ് മിക്കപ്പോഴും കുട്ടികളും കൗമാരക്കാരും ആത്മഹത്യ എന്ന പ്രതികാരമാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നത്. 

കുട്ടികളുടേയും കൗമാരക്കാരുടേയും ആത്മഹത്യ കൊവിഡ് കാലത്തിന്റേയോ കേരളത്തിന്റേയോ മാത്രം സവിശേഷതയല്ല. കര്‍ണാടകയില്‍ ലോക്ഡൗണ്‍ മൂലം നീട്ടിവെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്തുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത് ഒരു ഉദാഹരണം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ത്ഥി ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. 2018-ല്‍ 10,159 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നും 2017-ല്‍ 9,905-ല്‍ പേരും 2016-ല്‍ 9,478 പേരും ആത്മഹത്യ ചെയ്തതായി എന്‍.സി.ആര്‍.ബി കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്രയിലാണ്-1,448 . എല്ലാ ദിവസവും ഏകദേശം നാലുവീതം ആത്മഹത്യകള്‍. തൊട്ടുപിന്നില്‍ 953 പേരും തമിഴ്നാട് 862-ഉം മധ്യപ്രദേശ് 862-ഉം. 1999-നും 2003-നും ഇടയില്‍ 27,990 കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചു; 2004-നും 2008-നും ഇടയില്‍ 28,913, 2009-നും 2013-നും ഇടയില്‍ 36,913-ഉം. 2014-'18 കാലയളവില്‍ 26 വര്‍ഷത്തെ വര്‍ദ്ധന കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍നിന്ന് 46,554 ആയി. ഇതെല്ലാം കാണിക്കുന്നത് കൊവിഡ് കാലത്തിന്റേയോ കേരളത്തിന്റേയോ മാത്രം സവിശേഷതയല്ല കുട്ടികളുടേയും കൗമാരക്കാരുടേയും ആത്മഹത്യകള്‍ എന്നതാണ്. 

സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, വിഷാദം, വ്യക്തിത്വത്തിലെ തകരാറ് - ഇവയെല്ലാം ഒരു വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധത്തിലുള്ള മാനസികരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ചുറ്റുപാടുകളില്‍ തൃപ്തി ഇല്ലാതെ വരികയോ അതില്‍ അപരിചിതത്വം തീവ്രമായി അനുഭവപ്പെടുകയോ ചെയ്താലും അവര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചേക്കാം. കൊവിഡ് കാലത്ത് വീടുകളില്‍ തളച്ചിടപ്പെടേണ്ടിവന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇവയെല്ലാം തീവ്രമായി അനുഭവിക്കേണ്ടിവന്നതായി കാണാം. കേരളത്തില്‍ ഇന്ന് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപരിചിതമായിരിക്കുന്നത് അവന്റെ വീടും പരിസരവുമാണെന്നു പറയുമ്പോള്‍ അതു വിചിത്രമായി തോന്നാം. എന്നാല്‍, ദിവസത്തില്‍ ഏറിയ സമയവും വിദ്യാലയങ്ങളില്‍ സഹപാഠികള്‍ക്കിടയ്ക്കും കളിസ്ഥലങ്ങളില്‍ കൂട്ടുകാര്‍ക്കിടയ്ക്കും ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ കുട്ടികള്‍. നവസാങ്കേതികവിദ്യയുടെ വരവോടെ അതു പൂര്‍ണ്ണമായും ഇല്ലാതായി എന്നൊന്നും പറയാനാകില്ല. മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോഴും അവര്‍ അതുവഴി കൂട്ടുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനാണ് പ്രയോജനപ്പെടുത്തുന്നത്. 

ആത്മവിശ്വാസം നഷ്ടപ്പെടുകയും നിസ്സഹായത അങ്ങേയറ്റം പിടിമുറുക്കുകയും ഭയം വര്‍ദ്ധിക്കുകയും മനുഷ്യനായിരിക്കുന്നത് നിസ്സാരമെന്നു തോന്നുകയും ചെയ്യുന്നതിന്റെ ആത്യന്തിക പരിണതി കൂടിയാണ് ആത്മഹത്യ. ചിന്തകള്‍ കാടുകയറുന്നതും ആത്മഹത്യയ്ക്ക് ഒരു കാരണമായിട്ടാണ് മനശ്ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രനേട്ടങ്ങള്‍ക്ക് ഇല്ലായ്മ ചെയ്യാനൊക്കാത്ത രോഗമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന കൊവിഡ് 19-ന്റെ കാലത്ത് ഈ അവസ്ഥകളൊക്കെ മനുഷ്യമനസ്സിലുണ്ടാകുക സ്വാഭാവികമാണ്. പ്രത്യേകിച്ചും അഭ്യസ്തവിദ്യരും ചിന്താശീലരുമായ യുവജനതയ്ക്കിടയില്‍. എപ്പോള്‍ അവസാനിക്കുമെന്ന് പ്രവചിക്കാനൊക്കാത്ത, ഫലപ്രദമായ ഒരു മരുന്നു ഇതുവരെയും കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നിസ്സഹായതയും അനിശ്ചിതത്വവും ഭയവും കൂടുതലായി അനുഭവപ്പെടാനേ തരമുള്ളൂ എന്നുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഓരോ ആത്മഹത്യയും അത് മുതിര്‍ന്ന ഒരാളുടേതാകട്ടെ, കുട്ടികളുടേയും കൗമാരക്കാരുടേതുമാകട്ടെ, ഒട്ടനവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. പ്രശ്‌നങ്ങളാകട്ടെ, നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറവുമാണ്. എന്നിരുന്നാലും വ്യക്തിമനസ്സിലും സമൂഹമനസ്സിലും രൂപപ്പെട്ടുവരുന്ന പ്രതിസന്ധികളെ നമുക്കു തിരിച്ചറിയാന്‍ പറ്റും. അങ്ങനെ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എങ്ങനെ ഒഴിവാക്കാമെന്നും മറികടക്കാമെന്നും മനസ്സിലാക്കാനും ആകും. 

ഒരുപക്ഷേ, കൊവിഡ് വൈറസ് എന്ന മരണകാരണം നമുക്ക് ഒഴിവാക്കാനായേക്കില്ല. എന്നാല്‍, ആത്മഹത്യ എന്ന മരണകാരണത്തെ ഒഴിവാക്കുക സാധ്യമാണ് എന്നുതന്നെയാണ് വൈദ്യശാസ്ത്രം പറയുന്നത്. സാമൂഹികമോ ആഗോളമോ ആയ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും നമ്മെ ക്ഷീണിപ്പിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത് എളുപ്പം ബാധിക്കുന്നത് ചെറുപ്പക്കാരെയാണ് എന്നതാണ് വസ്തുത. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പ്രോജക്ടിന്റെ സമീപകാല ഡാറ്റ കാണിക്കുന്നത് ഇന്ത്യന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ആത്മഹത്യാനിരക്ക് ആഗോള ആത്മഹത്യാ നിരക്കിന്റെ യഥാക്രമം ഒന്നരയോ രണ്ടോ ഇരട്ടിയാണ് എന്നതാണ്. കൂടാതെ, ഇന്ത്യയില്‍ 15-നും 39-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ആത്മഹത്യയാണ് മരണകാരണങ്ങളില്‍ ഒന്നാമത് എന്നും. ഒരുപക്ഷേ, ഈ പ്രായത്തില്‍ കരിയറുമായോ കുടുംബവുമായോ ബന്ധപ്പെട്ട് അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

കുട്ടികളുടെ ജീവത്യാഗം കുട്ടിക്കളിയല്ല 

മാര്‍ച്ച് 25 മുതല്‍ 18 താഴെയുള്ള 66 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. നന്മ ആഗ്രഹിച്ചുകൊണ്ടാണെങ്കിലും കുട്ടികളോടു പെരുമാറുമ്പോള്‍ അവരുടെ മാനസികാവസ്ഥ അറിഞ്ഞ് ഇടപെടണം. മനസ്സിനു മുറിവേല്പിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ശ്രമിക്കണം. പ്രശ്‌നപരിഹാരത്തിനു കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തേടാന്‍ ഉപേക്ഷ വിചാരിക്കരുത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കു കൂടുതല്‍ സൗകര്യങ്ങളും ചികിത്സകരും കേരളത്തില്‍ വേണം - പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ. കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത സംബന്ധിച്ചു പഠിക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഫോണിലൂടെ കൗണ്‍സലിങ് നല്‍കുന്ന 'ചിരി' എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇത് ആശ്വാസമേകും. 

കുട്ടികളുടേത് ലോലമനസ്സാണ്. അതിനാല്‍ ചെറിയ പാരുഷ്യങ്ങളെപ്പോലും അതിജീവിക്കാന്‍ പോലും അവര്‍ക്കു ബുദ്ധിമുട്ടായി തോന്നും. അച്ഛനമ്മമാരുടെ അമിതമായ പിന്തുണ അവരെ സ്വന്തം കാലില്‍ നില്‍ക്കാനും പ്രതികൂലാവസ്ഥകളെ നേരിടാന്‍ പ്രാപ്തരാക്കുന്നതിനും തടസ്സമായിരിക്കുകയാണ്. നമ്മുടെ പരുക്കന്‍ ലോകത്തെ നേരിടാന്‍ അവര്‍ മനസ്സിനെ പാകപ്പെടുത്തിയേ പറ്റൂ. അല്ലെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഇത്ര വലിയ കടുംകൈകള്‍ക്ക് അവര്‍ മുതിരുമോ? ഇങ്ങനെയൊക്കെ പോകുന്നു അവരുടെ ആത്മഹത്യയെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം. പലപ്പോഴും അവര്‍ ഒരു കുട്ടിക്കളിയായി ആത്മഹത്യയെ കണ്ടതുകൊണ്ടല്ല, കാര്യഗൗരവമില്ലായ്മ മൂലമല്ല ആത്മഹത്യയിലേക്ക് പോകുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍നിന്നുതന്നെയുള്ള ലൈംഗികാതിക്രമം, കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കിടയിലെ സംഘര്‍ഷം, സാമൂഹ്യബന്ധങ്ങള്‍ നഷ്ടമാകുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന പിരിമുറുക്കം, ദാരിദ്ര്യം സൃഷ്ടിക്കുന്ന അപകര്‍ഷബോധവും മാനസികസംഘര്‍ഷവും ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകും. ഇതിലേക്കൊന്നും അന്വേഷണം പോകാതെ അവന്/അവള്‍ക്ക് അമ്മയേയും അച്ഛനേയും സ്‌നേഹമുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരെ വേദനിപ്പിക്കുന്ന ഒരു കടുംകൈയ്ക്ക് ഇങ്ങനെ മുതിരുമായിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ചുപിടിക്കുകയാണ് നമ്മുടെ പതിവ്. 

രണ്ട് ദിവസത്തില്‍ ഒന്ന് എന്ന ശരാശരി കണക്കില്‍ കേരളത്തില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം പൊതുസമൂഹവും അധ്യാപകരും മാധ്യമങ്ങളും എന്തുകൊണ്ടാണ് തിരിച്ചറിയാതെ പോയത്? ഇവരുടെ പട്ടിക ഒരു മാനസികാരോഗ്യ വിദഗ്ദ്ധസമിതിക്കു നല്‍കി Psychological Autopsy എന്ന ഗവേഷണ സങ്കേതം ഉപയോഗിച്ച് പഠനം നടത്തുകയാണ് വേണ്ടതെന്നു മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ പറയുന്നു. എങ്കിലേ തടയാനുള്ള ഉള്‍ക്കാഴ്ച കിട്ടുകയുള്ളൂ. 

ഈ കണക്ക് അവിശ്വസനീയമായ വിധത്തില്‍ അമ്പരപ്പ് ഉളവാക്കുന്നതാണ്. അത് തുറന്നു പറയാതെ വയ്യ. ഗവണ്‍മെന്റിന്റെ തന്നെ സമൂഹിക പിന്തുണ സംവിധാനം 10,000 കുട്ടികള്‍ക്ക് ഇതേ കാലത്ത് കൗണ്‍സലിംഗ് നല്‍കിയപ്പോള്‍ ഏഴു പേരെ മാത്രമാണ് ആത്മഹത്യാ പ്രവണത ഉള്ളവര്‍ ആയി കണ്ടെത്തിയത്. എന്നാലിപ്പോള്‍ 66 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ഈ പ്രവണത എന്തുകൊണ്ടാണ് തിരിച്ചറിയാന്‍ പറ്റാതെ പോയത്? സി.ജെ. ജോണ്‍ ചോദിക്കുന്നു.

ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍ 15- 29 വയസ്സിനിടയില്‍ 

2012-ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 15 വയസ്സിനും 29 വയസ്സിനുമിടയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക് ഉള്ളത്. പുരുഷന്മാരില്‍ 40 ശതമാനം ആത്മഹത്യ 15-29 വയസ് പ്രായമുള്ളവര്‍ക്കിടയ്ക്കാണെന്നും സ്ത്രീകളില്‍ ഇത് 60 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 
2017-ല്‍ ലോക് നീതി-സി.എസ്.ഡി.എസ് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത് 10 വിദ്യാര്‍ത്ഥികളില്‍ നാലുപേര്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ്. 15-നും 34 വയസ്സിനുമിടയില്‍ വരുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ നാലുപേരില്‍ ഒരാള്‍ക്കെങ്കിലും നേരിയ തോതില്‍ അകാരണ വിഷാദവും ഏകാന്തതയും ആത്മനിന്ദയും അപകര്‍ഷബോധവും ആത്മഹത്യാചിന്തകളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരില്‍ ആറ് ശതമാനം പേര്‍ ഒരു തവണയെങ്കിലും ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും. 

ശാസ്ത്രീയ സമീപനം വേണം 
ഡോ. സി.ജെ. ജോണ്‍ 
മാനസികാരോഗ്യ വിദഗ്ദ്ധന്‍

പൊതുസമൂഹത്തിന്റെ പ്രവണതകള്‍ എല്ലാം തന്നെയാണ് കുട്ടികളുടേയും കൗമാരക്കാരുടേയും ഇടയില്‍ കാണപ്പെടുന്നത്. കുട്ടികള്‍ ഇന്ന് പഴയകാലത്തെപ്പോലെ വെറും കുട്ടികളല്ല, കൊച്ചു തലച്ചോറുള്ള മുതിര്‍ന്ന മനുഷ്യരാണ്. മുതിര്‍ന്നവരെപ്പോലെ അവര്‍ ചിന്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ഇക്കാലത്ത് അവരുടെ അനുഭവലോകം മുതിര്‍ന്നവര്‍ക്ക് സമാനമാണ്. ചെറുപ്രായത്തില്‍ത്തന്നെ ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടുമൊക്കെയുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായംകൊണ്ടും അവരെ വളര്‍ത്തുന്ന രീതികൊണ്ടും അവരുടെ കുട്ടിത്തമൊക്കെ എവിടെയൊക്കെയോ നഷ്ടമാകുകയാണ്. മുതിര്‍ന്നവരില്‍നിന്നുള്ള ഒരു വ്യത്യാസം അവര്‍ക്ക് മുതിര്‍ന്നവരെപ്പോലെ പ്രതികൂലാവസ്ഥകളെ നേരിടാനുള്ള മനക്കട്ടി ഇല്ലാതെ വരുന്നു എന്നതാണ്. അതുകൊണ്ട് ഒട്ടും പ്രയാസമില്ലാതെ ജീവനൊടുക്കുക എന്നതുപോലെയുള്ള ഉത്തരങ്ങളിലെത്തിച്ചേരുന്നു. 
വലിയ പ്രതിസന്ധിയാണ് കൊവിഡും അടച്ചിടലും മൂലം ഇപ്പോഴത്തെ കുട്ടികള്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ അനുഭവിക്കാന്‍ പോകുന്നത്. ഊര്‍ജ്ജസ്വലരായിരിക്കുക എന്നതാണ് അവരുടെ സഹജവാസന. ഇഷ്ടംപോലെ ഓടിച്ചാടി നടക്കുക എന്നതാണ് അവരുടെ സ്വഭാവം. വീട്ടില്‍ ചങ്ങലയ്ക്കിട്ടപോലെ കഴിയുന്ന കുട്ടികള്‍ ഏറെ സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ ആയിരിക്കും. സ്‌കൂളില്‍, കളിയിടങ്ങളില്‍ ഒക്കെ അവരെ കാത്തിരിക്കുന്ന വ്യത്യസ്ത അനുഭവങ്ങളാണ് അവര്‍ക്കു ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഒരുതരത്തില്‍ വീട്ടുതടങ്കലുകളില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് നമ്മുടെ കുട്ടികള്‍. 

നമ്മുടെ വീടുകളുടെ ഘടനകള്‍പോലും പഴയപോലെ അല്ല. അവ മിക്കപ്പോഴും ഒട്ടും ചൈല്‍ഡ് ഫ്രണ്ട്‌ലിയും അല്ല. അതിനുപുറമേ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമൊക്കെ കുടുംബാന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ചെറിയ ഉരസലുകളും മുട്ടന്‍ വഴക്കുകളും കുട്ടികള്‍ക്കു വലിയ പിരിമുറുക്കം നല്‍കുന്നുണ്ട്. ദരിദ്രജന വിഭാഗങ്ങള്‍ക്കിടയില്‍ ഈ അവസ്ഥ രൂക്ഷവുമായിരിക്കും. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപഭോഗം ഇവയൊക്കെ പ്രശ്‌നം രൂക്ഷമാക്കുന്നു. മിക്കപ്പോഴും മുതിര്‍ന്നവര്‍ അവരുടെ ഇച്ഛാഭംഗങ്ങള്‍ തീര്‍ക്കുക കുട്ടികളിലാണ് എന്നതാണ് വസ്തുത. ഏറെക്കുറെ മുതിര്‍ന്നവരെപ്പോലെ ചിന്തിക്കുന്ന ഇന്നത്തെ നമ്മുടെ കുട്ടികള്‍ അതുകൊണ്ടുതന്നെ ആത്മഹത്യാപ്രവണതയൊക്കെ കാണിച്ചെന്നുമിരിക്കും. 

കുട്ടികളുടെ ആത്മഹത്യയൊക്കെ നമ്മുടെ സാമൂഹികാന്തരീക്ഷത്തിന്റെ പൊട്ടിത്തെറിയെ സൂചിപ്പിക്കുന്നു. എല്ലാ തുറയിലും സമഗ്രവും ശാസ്ത്രീയവുമായ സമീപനവും അനിവാര്യമാണെന്നാണ് അതു പറയുന്നത്. ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസംപോലും കുട്ടികളുടെ മനശ്ശാസ്ത്രത്തെ കണക്കിലെടുത്തല്ല നടപ്പാക്കിയിട്ടുള്ളത്. ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരുടെ മനോവികാസം ഉറപ്പുവരുത്തുന്ന രീതിയിലാകേണ്ടിയിരുന്നു അവ ചിട്ടപ്പെടുത്തേണ്ടിയിരുന്നത്. അതുപോലെ സ്റ്റുഡന്റ് കേഡറ്റ് പൊലിസ് സംവിധാനത്തെ കുട്ടികളുടെ കൗണ്‍സലിംഗിനു പ്രയോജനപ്പെടുത്തുന്ന രീതിയും ഫലപ്രദമല്ല, അശാസ്ത്രീയവുമാണ്. കുട്ടികളല്ല കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതും ഉപദേശിക്കേണ്ടതും. മറിച്ച് ചൈല്‍ഡ് സൈക്കോളജി ഒക്കെ അറിയാവുന്ന, വൈദഗ്ദ്ധ്യം സിദ്ധിച്ച മുതിര്‍ന്നവരാണ്. നിര്‍ഭാഗ്യവശാല്‍ ആരും ഇതേക്കുറിച്ചൊന്നും ചിന്തിക്കുന്നുപോലുമില്ല.

ആത്മഹത്യകള്‍ ഗുരുതര സ്ഥിതിവിശേഷം
അഡ്വ. ജെ. സന്ധ്യ 

ഈ കൊവിഡ് കാലത്ത് നമ്മുടെ സാമൂഹിക സമ്പര്‍ക്കം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കുടുംബങ്ങളില്‍ നടക്കുന്നത് എന്തൊക്കെയാണെന്ന് അറിയാന്‍ നിര്‍വ്വാഹമില്ല. സാധാരണ സാഹചര്യങ്ങളില്‍ത്തന്നെ കുടുംബങ്ങളിലെ വയലന്‍സ് പലപ്പോഴും പുറത്തറിയില്ല. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടാകുമ്പോഴാണ് അവ സാധാരണ പുറത്തറിയുന്നത്. കൊവിഡിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ ഒട്ടും തന്നെ ഉണ്ടാകില്ല. എന്നിട്ടും 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തറിഞ്ഞതെങ്കില്‍ സ്ഥിതി അതിലും എത്രയോ അധികം വഷളായിരിക്കാനാണ് ഇട.
 
ബന്ധുക്കളില്‍നിന്നോ കുടുംബാംഗങ്ങളില്‍നിന്നുതന്നെയോ ഉള്ള ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളും പലപ്പോഴും കുട്ടികളെ അങ്ങേയറ്റത്തെ നിരാശയിലേക്കും സങ്കടങ്ങളിലേക്കും തള്ളിവിടുന്നു. പഴയപോലെ ഒരു സാമൂഹ്യാവസ്ഥയിലേക്കു നമ്മുടെ ജീവിതം വൈകാതെ തിരികെവരും എന്നു മുതിര്‍ന്നവര്‍ക്കു പ്രതീക്ഷിക്കാം. കുടുംബത്തില്‍ പുരുഷനില്‍നിന്ന് ഒരു സ്ത്രീയാണ് പീഡനങ്ങളനുഭവിക്കുന്നത് എങ്കില്‍ കൊവിഡ് കാലം കഴിഞ്ഞാലെങ്കിലും പുറത്തുപറയാം എന്നു വിചാരിക്കാം. എന്നാല്‍, കുട്ടികള്‍ക്ക് ഇതിനൊരു അവസാനം പ്രതീക്ഷിക്കാനാകുന്നില്ല. തങ്ങളനുഭവിക്കുന്ന നിരന്തര ചൂഷണങ്ങളും പീഡനങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നത് പുറത്തറിയിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ട് അവര്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. 

കുട്ടികളുടെ ആത്മഹത്യാ കാരണങ്ങളെക്കുറിച്ച് മിക്കപ്പോഴും നമ്മുടെ ഭരണാധികാരികളടക്കം നിസ്സാരവല്‍ക്കരിച്ചാണ് സംസാരിക്കാറുള്ളത്. അമ്മയും അച്ഛനും ശകാരിച്ചതിനു ആത്മഹത്യ ചെയ്യേണ്ടതുണ്ടോ? ടി.വിയും മൊബൈല്‍ഫോണും അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്തതിന് ആരെങ്കിലും ജീവിതം അവസാനിപ്പിക്കുമോ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍, പലപ്പോഴും അവയെല്ലാം പുറത്തു കേള്‍ക്കുന്ന കാരണങ്ങളായിരിക്കും. ഗുരുതരമായ മറ്റു പല കാരണങ്ങളായിരിക്കും അവര്‍ സ്വയം ജീവനൊടുക്കിയതിന്റെ പശ്ചാത്തലം. ഈ നിസ്സാരവല്‍ക്കരണത്തിനു മുതിരുന്നതിനു മുന്‍പേ എന്താണ് യഥാര്‍ത്ഥ പ്രശ്‌നം എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. 
കുട്ടികളുടെ ആത്മഹത്യ എന്ന പ്രശ്‌നത്തില്‍ ബോധവല്‍ക്കരണം വേണ്ടത് കുട്ടികള്‍ക്കിടയിലല്ല. മുതിര്‍ന്നവര്‍ക്കിടയിലാണ്. മുതിര്‍ന്നവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങളും സുഖേച്ഛകളുമാണ് കുട്ടികളെ ഇരയാക്കുന്നത്. കേരളത്തില്‍ പൊതുവേ ആത്മഹത്യാനിരക്ക് കൂടുതലാണ്. എന്നാല്‍, ഇപ്പോള്‍ ഈ കൊവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിച്ചത് ലോകം ഞെട്ടലോടെയാണ് കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com