ക്വാറന്റൈനിലുള്ളവര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇറങ്ങി നടക്കുന്നു; ആശങ്കയില്‍ കേരളം

ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പുകളുടെ സംയുക്ത നിരീക്ഷണം വേണ്ടവിധം നടപ്പാകാത്തത് ക്വാറന്റൈനിലുള്ളവര്‍ ചട്ടങ്ങള്‍ ലംഘിക്കാനും ഇറങ്ങി നടക്കാനും കാരണമാകുന്നു
ക്വാറന്റൈനിൽ പോകുന്നവർക്ക് സർക്കാർ നൽകുന്ന അടയാള മു​ദ്ര
ക്വാറന്റൈനിൽ പോകുന്നവർക്ക് സർക്കാർ നൽകുന്ന അടയാള മു​ദ്ര

ഭാര്യയും ഭര്‍ത്താവും മകനും ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ പതിവു വിവരാന്വേഷണത്തിന് എത്തിയ പൊലീസ് കണ്ടത് മകനെ മാത്രം. വീടിനു മുന്നിലെ ജനല്‍ മാത്രം തുറന്നാണ് സംസാരിക്കുക. കുറേനേരം കഴിഞ്ഞിട്ടും മകനെയല്ലാതെ മറ്റാരേയും കാണാതെ വന്നപ്പോഴാണ് സംശയം തോന്നിയത്. അവര്‍ അകത്തുണ്ടെന്നു മകന്‍ ആദ്യം പറഞ്ഞു. സംശയം തോന്നി പൊലീസ് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സത്യം പറഞ്ഞു, അമ്മയും അച്ഛനും പുലര്‍ച്ചെ തിരുനല്‍വേലിയിലേക്കു പോയി. തലസ്ഥാനത്താണ് സംഭവം. പൊലീസ് പിന്തുടര്‍ന്ന രണ്ടുപേരെയും പിടികൂടി ക്വാറന്റൈന്‍ ലംഘനത്തിനു കേസെടുത്തു.

ചെന്നൈയില്‍നിന്നു വന്ന യുവദമ്പതികളും ഒരു വയസ്സുള്ള കുഞ്ഞും ക്വാറന്റൈനില്‍ കഴിയുന്ന വീടിന്റെ തൊട്ടടുത്ത അയല്‍ക്കാരന്‍ രാവിലെ പത്രമെടുക്കാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ ഞെട്ടി; ക്വാറന്റൈനിലുള്ളയാള്‍ പൂമുഖത്ത് ഉലാത്തുന്നു. അയല്‍ക്കാരന്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങിയതെങ്കിലും ക്വാറന്റൈനിലുള്ളയാള്‍ക്ക് അതുമുണ്ടായിരുന്നില്ല. നോക്കുമ്പോള്‍ കുഞ്ഞുമുണ്ട് അടുത്ത്. അല്‍പ്പം കഴിഞ്ഞു ഭാര്യയും വന്നു. വീട്ടുടമയുടെ മകനും മരുമകളുമാണ്. അവരെ അവിടെയാക്കി അച്ഛന്‍ ബന്ധുവീട്ടിലേയ്ക്കു മാറി. അമ്മ മറ്റൊരു നഗരത്തില്‍ മകള്‍ക്കും കുടുംബത്തിനുമൊപ്പമാണ്. ചെന്നൈയില്‍ സ്ഥിരതാമസക്കാരനായ യുവാവുമായി അടുപ്പമില്ലാത്തതുകൊണ്ട് നേരിട്ടു സംസാരിക്കാതെ അകത്തു കയറി കതകടച്ച അയല്‍ക്കാരന്‍ ആദ്യം വിളിച്ചത് കൊവിഡ് കണ്‍ട്രോള്‍ റൂമില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അറിയിക്കാം എന്ന് അവര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരു കുടുംബം ക്വാറന്റൈനിലുള്ളത് അവര്‍ക്ക് അറിയുക പോലുമില്ല. എങ്കിലും അന്വേഷിക്കാം എന്നു പറഞ്ഞു. പിറ്റേന്നു രാവിലെ ക്വാറന്റൈന്‍ ലംഘനം തിണ്ണയില്‍നിന്നു മുറ്റത്തേക്ക് ഇറങ്ങുന്നതാണ് കണ്ടത്; മാലിന്യങ്ങള്‍ കവറിലാക്കി പുറത്തുവയ്ക്കാന്‍ യുവാവ് ഏഴു മണിക്ക് ഗേറ്റില്‍ നില്‍ക്കുന്നു. പക്ഷേ, അതിനു മുന്‍പ് ശുചീകരണത്തൊഴിലാളികള്‍ വന്നുപോയിരുന്നു. സംഗതി കുഴപ്പത്തിലേക്കു നീങ്ങുന്നുവെന്നു തോന്നിയപ്പോള്‍ അയല്‍ക്കാരന്‍ റെസിഡന്റ്സ് അസോസിയേഷനെ സമീപിച്ചു. അസോസിയേഷന്‍ ഭാരവാഹികൂടി ഉള്‍പ്പെട്ട വാര്‍ഡുതല സമിതി അപ്പോഴാണ് അറിയുന്നത്.

ഏതായാലും അവര്‍ ഇടപെട്ടതോടെ ആരോഗ്യപ്രവര്‍ത്തകര്‍ അടുത്ത ദിവസമെത്തി ദമ്പതികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. രണ്ടു സംസ്ഥാനങ്ങളുടേയും പാസ് ഇല്ലാതെ എത്താന്‍ പറ്റില്ലെന്നിരിക്കെ ചെന്നൈപോലെ അതിതീവ്ര മേഖലയില്‍നിന്ന് എത്തിയവരെക്കുറിച്ചു ബന്ധപ്പെട്ടവര്‍ക്ക് അറിയാതിരുന്നതിന് അപ്പോഴും ഇപ്പോഴും ആര്‍ക്കുമില്ല മറുപടി. ഇതും തലസ്ഥാനത്താണ്. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതിന് ഈ ദിവസങ്ങളില്‍ പൊലീസ് നടപടികള്‍ കര്‍ക്കശമാക്കിയതും മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും പ്രതികരണങ്ങളും തന്നെ തെളിവ്.

കൊവിഡ്, ലോക്ഡൗണ്‍ കാലത്തെ കേസുകളുടെ പട്ടികയില്‍ നിരോധനം ലംഘിച്ചുള്ള യാത്ര, മാസ്‌ക് ധരിക്കാതിരിക്കല്‍ എന്നിവയ്ക്കു പുറമേ ഹോം ക്വാറന്റൈന്‍ ലംഘനം കൂടി ഇടംപിടിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്. തുടക്കത്തില്‍ ഇതായിരുന്നില്ല സ്ഥിതി. ഹോട്ട്സ്പോട്ടുകളില്‍ ക്വാറന്റൈന്‍ ലംഘനം ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. പക്ഷേ, രാജ്യത്തിനു പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ വന്നു തുടങ്ങിയതോടെ സംസ്ഥാനവ്യാപകമായി കൂടുതല്‍ ശ്രദ്ധനല്‍കേണ്ട കാര്യങ്ങളിലൊന്നായി ഇതും മാറി. മെയ് 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസം മാത്രം 351 കേസുകളാണ് എടുത്തത്. സമ്പര്‍ക്കവിലക്കില്‍ വീട്ടിലിരിക്കുന്നവര്‍ അതിന്റെ ചിട്ടവട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല എന്ന പരാതി വ്യാപകമായി. ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പുകളുടെ സംയുക്ത നിരീക്ഷണം വേണ്ടവിധം നടപ്പാകാത്തത് ക്വാറന്റനിലുള്ളവര്‍ ചട്ടങ്ങള്‍ ലംഘിക്കാനും ഇറങ്ങി നടക്കാനും കാരണമാകുന്നു.

ക്വാറന്റൈൻ സീൽ
ക്വാറന്റൈൻ സീൽ

പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് ക്വാറന്റൈന്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ ഉദ്ദേശിച്ച രീതിയില്‍ സജീവമല്ലെന്നു സര്‍ക്കാര്‍ സമ്മതിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത് തല സമിതികള്‍ ഫലപ്രദമായി ഇടപെടണമെന്നാണ് നിര്‍ദ്ദേശം. ''രോഗം സമ്പര്‍ക്കത്തിലൂടെ പടരുത് തടയുക എതാണ് ഇനി നമ്മുടെ മുന്‍പിലുള്ള പ്രധാന കടമ. പുറത്തു നിന്നും വരുന്ന ചിലരില്‍ രോഗം ഉണ്ടാവും എന്നു നമുക്കറിയാം. എന്നാല്‍, മറ്റുള്ളവരിലേയ്ക്ക് അതു പടരാതിരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. പഞ്ചായത്ത്തല സമിതികളുടെ പ്രവര്‍ത്തനം ജില്ലാതല സമിതികള്‍ തുടര്‍ച്ചയായി പരിശോധിക്കണം'' - ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറയുന്നു.

ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും എന്നാണ് മെയ് 24-ന് ആരോഗ്യമന്ത്രി അറിയിച്ചത്. മെയ് 25 വരെയുള്ള കണക്കുപ്രകാരം 84,258 ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍. ഇവരില്‍ 609 പേര്‍ മാത്രമാണ് ആശുപത്രികളിലുള്ളത്; ബാക്കി 83,649 പേരും വീടുകളിലും സര്‍ക്കാര്‍ സജ്ജീകരിച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റനിലുമാണ് കഴിയുന്നത്. ജാഗ്രത എത്രത്തോളം വലുതാകണം എന്നു മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ മാത്രം മതി. ഒരു ലക്ഷത്തില്‍ താഴെ ആളുകള്‍ പുറത്തു നിന്നു വന്നപ്പോഴാണ് ഈ സ്ഥിതി. മൂന്നിരട്ടി ആളുകള്‍ ഇനിയും വരാനിരിക്കുന്നു. അപ്പോള്‍ ഹോം ക്വാറന്റൈനിലുള്ളവരുടെ എണ്ണവും പല ഇരട്ടിയാകും. അതിനൊപ്പം ക്വാറന്റൈന്‍ ലംഘനവും വര്‍ധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും എന്നാണ് ആശങ്ക.

ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടേയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. അതിനിടെയാണ് പുറത്തുനിന്നുള്ള മലയാളികളുടെ വരവ് എന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കേണ്ടി വന്നത്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ മാറ്റം

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കൊവിഡ് വ്യാപന ഭീഷണി കണക്കിലെടുത്താണ് മെയ് 10-ന് കേരളത്തിലെ ഹോം ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയത്. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിനു വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശന മേല്‍നോട്ടത്തിലും എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണെന്നും വിദഗ്ദ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. അതംഗീകരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കിയത്. ആര്‍.റ്റി.പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കണം എന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കപ്പെടുന്നവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ ആര്‍.റ്റി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

രാജ്യത്തിനുള്ളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ എന്നതില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും സ്വീകരിച്ചത്. അതേസമയം ഇങ്ങനെ എത്തുന്നവരുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാം.

ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിനു കര്‍ശനമായി നടപ്പാക്കേണ്ട അഞ്ച് കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒന്നാമതായി, സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്കു മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു.

ഈ സൗകര്യങ്ങള്‍ മാര്‍ഗ്ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തണം. മാര്‍ഗ്ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കണം. പക്ഷേ, സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനു ബന്ധുക്കളുടേയും മറ്റും എതിര്‍പ്പു നേരിടുന്നവര്‍ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന സംഭവങ്ങളുണ്ട് എന്നാണ് ആരോഗ്യപ്രവര്‍ത്തകരും പൊലീസും പറയുന്നത്.

ഇതു പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരോ വാര്‍ഡുതല സമിതിയോ പൊലീസോ അറിയാതെ പോകുന്ന സ്ഥിതിയുമുണ്ടായി. തലസ്ഥാനത്തെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ ഇത്തരം ആളുകളുടെ ഹോം ക്വാറന്റൈനെക്കുറിച്ച് അയല്‍ക്കാരുടെ പരാതി അറിയിപ്പുകള്‍ ലഭിച്ചു. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികളും രോഗബാധയുള്ള വ്യക്തികളുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല, നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കണം, ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊള്ളാമെന്നു വ്യക്തിയുടെ സമ്മതപത്രം വേണം, ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതു തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റണം എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.

ഇതെല്ലാം തികഞ്ഞ ജാഗ്രതയോടെ നടപ്പാക്കുന്ന സ്ഥലങ്ങളും അങ്ങനെയല്ലാത്ത സ്ഥലങ്ങളും ഉണ്ട്. അതുകൊണ്ടാണ് ക്വാറന്റൈന്‍ ലംഘനത്തിനെതിരായ നടപടികള്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നേരത്തേ ഇരട്ട ലോക്ഡൗണ്‍ നിലനിന്ന കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും സ്വീകരിച്ച മാതൃകയില്‍ കര്‍ക്കശ നടപടികള്‍ ഹോം ക്വാറന്റൈനിലുള്ളവരുടെ കാര്യത്തില്‍ വേണം എന്നു പൊലീസില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എങ്കിലും അത്രയും കര്‍ക്കശമാക്കാതെ തന്നെ ക്വാറന്റൈന്‍ ലംഘനങ്ങള്‍ നിയന്ത്രിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ് എന്നും പൊലീസ് പറയുന്നു. ഉദാഹരണത്തിന്, മെയ് 22-ന് 100 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, 24-ന് ഇത് 47 ആയി, 25-ന് 27-ഉം. വാര്‍ഡ്തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്‍സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഫലം കണ്ടു എന്നാണ് വിലയിരുത്തല്‍. പക്ഷേ, നിരീക്ഷണത്തില്‍ കഴിയുവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളന്റിയര്‍മാര്‍ വാര്‍ഡുതല സമിതിക്കുണ്ടാകണം എന്നും പൊലീസും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍.

വാളയാറില്‍ തുടങ്ങിയ രാഷ്ട്രീയ ക്വാറന്റൈന്‍

വാളയാര്‍ ചെക്പോസ്റ്റുവഴി പാസില്ലാതെ ചെന്നൈയില്‍നിന്നു വന്ന ചിലരെ കോണ്‍ഗ്രസ്സ് എം.പിമാരും എം.എല്‍.എമാരും ഇടപെട്ട് കേരളത്തിലേക്കു കടത്തിവിട്ടതിനെ തുടര്‍ന്നാണ് ക്വാറന്റൈന്‍ ഒരു രാഷ്ട്രീയ വിഷയമായത്. മെയ് ഒന്‍പതിനാണ് പാസ്സില്ലാത്ത വന്നവരെ കടത്തിവിട്ടത്. അങ്ങനെ വന്നവരിലൊരാള്‍ക്ക് അടുത്ത ദിവസം കൊവിഡ് സ്ഥിരീകരിച്ചു. അതോടെ വിഷയത്തിന്റെ ഗതി മാറി. എം.പിമാരായ വി.കെ. ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി.എന്‍. പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. തലേന്നു പുലര്‍ച്ചെ ഗുരുവായൂരില്‍ തിരിച്ചെത്തിയ പ്രവാസി മലയാളികളെ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ കണ്ടിരുന്നു. അവരില്‍ അഞ്ചു പേര്‍ക്കാണ് പിന്നീടു രോഗം സ്ഥിരീകരിച്ചത്.

മന്ത്രി ക്വാറന്റൈനില്‍ പോകേണ്ടവിധമുള്ള സമ്പര്‍ക്കം ഉണ്ടായില്ലെന്നും പൊതുപരിപാടികള്‍ ഒഴിവാക്കിയാല്‍ മതി എന്നുമാണ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്. എ.സി. മൊയ്തീന്‍ ആളുകളുടെ അടുത്തു പോയിട്ടില്ലെന്നും കൈവീശി കാണിച്ചതേയുള്ളു എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍, മന്ത്രി ക്വാറന്റൈനില്‍ പോകണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അനില്‍ അക്കര സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതിയും നല്‍കി. ''ഞങ്ങളെ ക്വാറന്റൈനിലാക്കിയ അതേ മാനദണ്ഡപ്രകാരം മന്ത്രിയും ക്വാറന്റൈനില്‍ പോകേണ്ടതാണ്. പക്ഷേ, തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിട്ടു പറഞ്ഞത് കൊവിഡ് പോസിറ്റീവായ ആരുമായും മന്ത്രിക്ക് സമ്പര്‍ക്കം ഉണ്ടാകാതിരുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ്. എങ്ങനെ ഒഴിവാക്കാന്‍ ശ്രമിച്ചാലും ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ടില്‍ മന്ത്രിയുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയത് അതേ സ്ഥിതിയില്‍ ക്വാറന്റൈനിലായ ഞങ്ങളോടു കാണിക്കുന്ന അനീതിയാണ്. അതു ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയത്'' - അനില്‍ അക്കര പറയുന്നു. മന്ത്രി ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ മന്ത്രിസഭ മൊത്തത്തില്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമായിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നുമുള്ള ഗുരുതര ആരോപണവും എം.എല്‍.എ ഉന്നയിക്കുന്നു: ''സംഗതി എന്താണെന്നു വച്ചാല്‍ 13-ന് തിരുവനന്തപുരത്തു മന്ത്രിസഭാ യോഗത്തില്‍ മന്ത്രി പങ്കെടുത്തിട്ടുണ്ട്. മന്ത്രി ക്വാറന്റൈനില്‍ പോകുന്ന സ്ഥിതി വന്നാല്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ അന്നു മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പോകേണ്ടിവരും. അവരെല്ലാം സെക്കന്‍ഡറി കോണ്ടാക്ടില്‍പ്പെടും. കേരളത്തില്‍ ഭരണംതന്നെ പ്രതിസന്ധിയിലാകുന്ന ഈ സാഹചര്യം ഒഴിവാക്കാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.''

തങ്ങളെ ക്വാറന്റൈനില്‍ അയയ്ക്കുകയും മന്ത്രിയെ ഒഴിവാക്കുകയും ചെയ്തതിനെക്കുറിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനായ തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസിനോടു ചോദിച്ചപ്പോള്‍, പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അതാണ്, ഞങ്ങളുടെ തീരുമാനം ഇതാണ് എന്നാണ് എം.എല്‍.എയ്ക്കു ലഭിച്ച മറുപടി. പക്ഷേ, തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പലേറ്റ് അതോറിറ്റി എന്ന നിലയില്‍ അവരുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കത്ത് തന്നാല്‍ പരിഗണിക്കാം എന്നും പറഞ്ഞു. വാളയാറിലെ വിഷയവും ഗുരുവായൂരിലെ വിഷയവും താരതമ്യപ്പെടുത്തി തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ടു 19-നു കത്തു കൊടുത്തു. മന്ത്രിക്കും തങ്ങള്‍ക്കും രണ്ടു നീതിയാണ് എന്ന് ആരോപിച്ചു തൃശൂര്‍ ജില്ലയില്‍നിന്നുള്ള എം.പിയും എന്ന നിലയില്‍ ടി.എന്‍. പ്രതാപനും അനില്‍ അക്കര എം.എല്‍.എയും ക്വാറന്റൈനില്‍ 24 മണിക്കൂര്‍ നിരാഹാരം ഇരിക്കുകയും ചെയ്തു. പക്ഷേ, തീരുമാനം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു വിടുകയാണ് ചെയ്തത്. 14 ദിവസത്തെ ക്വാറന്റൈന്‍ അഞ്ച് ജനപ്രതിനിധികളും മെയ് 23-നു പൂര്‍ത്തിയാക്കുകയും ചെയ്തു. ''ഇല്ലാത്ത സമ്പര്‍ക്കത്തിന്റെ പേരില്‍ ക്വാറന്റൈനിലാക്കിയത് വീട്ടു തടങ്കലിനു തുല്യമായ നടപടിയാണ്. ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ച വിവേചനത്തിനെതിരെ നിയമ നടപടി വേണം'' മനുഷ്യാവകാശ കമ്മിഷനു ലഭിച്ച പരാതിയിലെ ആവശ്യം ഇതാണ്.

വീട്ടുതടങ്കല്‍ വാദവും പ്രതിവാദവും

ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്നാണ് തുടക്കം മുതല്‍ മന്ത്രി എസി മൊയ്തീന്‍ സ്വീകരിച്ച നിലപാട്. എന്നാല്‍, മന്ത്രി ഗുരുവായൂരില്‍ പ്രവാസികളുമായി ഇടപഴകിയിട്ടും ക്വാറന്റൈനില്‍ പോയില്ല എന്ന വിമര്‍ശനത്തിന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം ഇതാണ്: ''ഗുരുവായൂരില്‍ 1200 കിടക്കകളാണ് പ്രവാസികളുടെ ക്വാറന്റൈനു വേണ്ടി സജ്ജീകരിച്ചത്. ഗുരുവായൂരിനെ ക്വാറന്റൈന്‍ നഗരമാക്കുന്നു എന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് അവിടെ ഒരു സമരം സംഘടിപ്പിച്ചിരുന്നു. മന്ത്രികൂടി വരുന്നത് നന്നായിരിക്കും എന്ന് തൃശൂര്‍ കളക്ടര്‍ പറഞ്ഞതുകൊണ്ടാണ് അന്ന് അവിടെ പോയത്. വിദേശത്തു നിന്നു വന്നവരുടെ തൊട്ടടുത്തു പോവുകയോ സംസാരിക്കുകയോ ചെയ്തില്ല. മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു. വന്നവരില്‍ പ്രായമായ ഒരു സ്ത്രീ മന്ത്രിയെക്കണ്ട് അടുത്തേയ്ക്കു വന്നു. അസുഖമൊന്നും ഇല്ലെങ്കില്‍ വീട്ടിലേക്കു വിടാമോ എന്ന് അവര്‍ ചോദിച്ചു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കാന്‍ നിര്‍ബ്ബന്ധിക്കാതിരുന്നാല്‍ നന്നായിരുന്നു എന്നു പറയുകയും ചെയ്തു. പരിശോധിക്കാം എന്നു മന്ത്രി മറുപടി നല്‍കി. അവരോടു സംസാരിച്ചപ്പോള്‍ മാത്രമാണ് മാസ്‌ക് കുറച്ചൊന്നു നീക്കിയത്. തൊട്ടടുത്തു നിന്നല്ല സംസാരിച്ചതും.''

അതിനിടെ, പൊതുചടങ്ങുകളില്‍ പോകരുത് എന്നു പറഞ്ഞെങ്കിലും മന്ത്രി മരണവീട്ടില്‍ പോയി എന്ന് ആരോപിച്ചു വടക്കാഞ്ചേരി പൊലീസിനു പരാതി ലഭിച്ചു. മങ്കരയില്‍ മരിച്ച വടക്കാഞ്ചേരി എങ്കക്കാട് നമ്പ്രത്തു വീട്ടില്‍ എ.വി. ശ്രീധരന്റെ വീട്ടില്‍ പോവുകയും മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചേയ്തു എന്നു മെയ് 16-നു പരാതി നല്‍കിയത് അഡ്വ. അഖില്‍ പി. സമദ്. മന്ത്രിയുടേത് നിരുത്തവാദപരമായ നടപടിയായി കണക്കാക്കി പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നുമാണ് ആവശ്യം. പരാതിക്കാരനല്ല കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബിന്‍ പി. സാമുവല്‍ ആണ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നു കൊടുത്തത്. പൊലീസ് രസീത് നല്‍കിയതും അബിന്റെ പേരില്‍ത്തന്നെ. 'ക്വാറന്റൈന്‍ രാഷ്ട്രീയത്തിന്റെ' ഭാഗമാണ് പരാതി എന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു.

തൃശൂര്‍ ജില്ല ഗ്രീന്‍ സോണായിരുന്നപ്പോള്‍ മെയ് 6, 7, 8 തീയതികളില്‍ കേരളത്തിനു പുറത്തു നിന്ന് വരുന്നവര്‍ക്ക് പാസ് കൊടുക്കണ്ട എന്നൊരു അപ്രഖ്യാപിത നിര്‍ദ്ദേശം നിലനിന്നിരുന്നു എന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. സ്വാഭാവികമായും ഈ ജില്ലയിലേക്ക് വന്നവര്‍ക്ക് പാസ് കിട്ടാതെ, ഓണ്‍ലൈനില്‍ അപേക്ഷിച്ചവരുടെ അപേക്ഷകള്‍ പെന്‍ഡിംഗിലായി. അങ്ങനെയാണ് വാളയാറില്‍ പ്രശ്‌നമുണ്ടായത്. പക്ഷേ, അതിനു മുന്‍പ് പ്രതിപക്ഷ ജനപ്രതിനിധികള്‍ ഇടപെട്ടപ്പോള്‍ ഏഴിനും എട്ടിനും വൈകുന്നേരത്തോടെ കുറേ ആളുകളെ കടത്തിവിടാനും ജില്ലാ ഭരണകൂടം തയ്യാറായിരുന്നു.

ക്വാറന്റൈനിലേക്ക് പോകുന്നവർക്ക് കൈകളിൽ സീൽ പതിപ്പിക്കുന്നു
ക്വാറന്റൈനിലേക്ക് പോകുന്നവർക്ക് കൈകളിൽ സീൽ പതിപ്പിക്കുന്നു

ഒന്‍പതിനാണ് പാസ്സിലാതെ വന്ന ആരെയും കടത്തിവിടില്ല എന്ന നിലപാട് സര്‍ക്കാര്‍ കര്‍ക്കശമാക്കിയത്. ജനപ്രതിനിധികള്‍ വാളയാറിലേക്കു പോയ അതേ ദിവസമായത് യാദൃശ്ചികം. പാലക്കാട് ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ എ.കെ. ബാലനും കെ. കഷ്ണന്‍കുട്ടിയും ഇടപെട്ട ശേഷമാണ് അന്ന് ആളുകളെ കടത്തിവിടാന്‍ തയ്യാറായത്. പുറത്തുനിന്നുവന്നവരെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു. അതുവരെ അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. വന്നവരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണ് എന്നു സ്ഥിരീകരിച്ചത് 12-നാണ്. പോസിറ്റീവായ ആള്‍ ജനപ്രതിനിധികളുമൊത്ത് പ്രതിഷേധത്തില്‍ പങ്കെടുത്തതായി വാര്‍ത്തയും വന്നു.

വാളയാറില്‍ ജനപ്രതിനിധികളുമായി സമ്പര്‍ക്കമുണ്ടായി എന്നു പറയുന്ന ചെന്നൈയില്‍നിന്നെത്തിയ മലപ്പുറം സ്വദേശി അതു നിഷേധിച്ച് മെഡിക്കല്‍ ബോര്‍ഡിനു മൊഴി നല്‍കിയിരുന്നു. ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും അതുതന്നെയാണ് അദ്ദേഹം പറഞ്ഞത്: ''നോമ്പായിരുന്നു. ക്ഷീണംകൊണ്ട് ഞാന്‍ മരച്ചുവട്ടില്‍ ഇരിക്കുകയാണു ചെയ്തത്. പ്രതിഷേധം നടക്കുന്നിടത്തേക്കൊന്നും പൊയിട്ടില്ല.'' എന്നാല്‍, കൊവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തിലായ ആളുകളുമായി ജനപ്രതിനിധികള്‍ സംസാരിച്ചു എന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. അതായത് എം.പിമാരും എം.എല്‍.എമാരും ഹൈറിസ്‌ക് പ്രൈമറി കോണ്ടാക്ട്സ് അല്ല, ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട്സ് ആണ്. ആ കണ്ടെത്തല്‍ സാങ്കേതികമായി ശരിയാണുതാനും.

വാളയാര്‍ സംഭവം കഴിഞ്ഞു ക്വാറന്റൈനിലാകുന്നതിനു മുന്‍പ് ടി.എന്‍. പ്രതാപന്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ സംസാരിച്ച ജീവനക്കാരെ ക്വാറന്റൈനിലാക്കി. പക്ഷേ, അന്നുതന്നെ എം.പിയുമായി നേരിട്ടു സംസാരിച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ക്വാറന്റൈനില്‍ പോയില്ല എന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.

സംസ്ഥാനതലത്തില്‍ വിവാദങ്ങള്‍ കനക്കുമ്പോഴും പ്രാദേശികതലത്തില്‍ കഴിയുന്ന കാര്യങ്ങളിലൊക്കെ രാഷ്ട്രീയത്തിന് അതീതമായി സഹകരിച്ചാണ് പോകുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മുകളിലേക്കു വിവിധ പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണ് എന്നതും ഇതിനു കാരണമാണ്. ഏഴ് ജില്ലാ പഞ്ചായത്തുകളും രണ്ടു കോര്‍പ്പറേഷനുകളും ഭരിക്കുന്നത് യു.ഡി.എഫാണ് താനും. പൊതുവായ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഹകരിക്കുന്നുമുണ്ട്. ക്വാറന്റൈന്‍ രാഷ്ട്രീയം പരസ്പരം വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ആ സഹകരണം ദുര്‍ബ്ബലപ്പെടുത്തിയിട്ടില്ല എന്നത് കൊവിഡ് കാലത്തു കേരളം ഒന്നിച്ചു നില്‍ക്കുന്നതിന് ഉദാഹരണമായി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com