നാലുകൊല്ലം അഞ്ചുവെല്ലുവിളികള്‍; വികസനരംഗത്ത് ഇടതു-മധ്യ അജന്‍ഡയുമായി പിണറായി സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റ്, നിപ, രണ്ടു വെള്ളപ്പൊക്കങ്ങള്‍, ഇപ്പോഴിതാ കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി. ഇവയെ ഏറെക്കുറെ ഫലപ്രദമായി നേരിട്ടുകൊണ്ട് പിണറായി സര്‍ക്കാര്‍
ഉരുട്ടലിൽ കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ, മകന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോ​ഗസ്ഥരെ കോടതി ശിക്ഷിച്ചപ്പോൾ നന്ദി പറയാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയപ്പോൾ/ ഫയൽ ചിത്രം
ഉരുട്ടലിൽ കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ, മകന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോ​ഗസ്ഥരെ കോടതി ശിക്ഷിച്ചപ്പോൾ നന്ദി പറയാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയപ്പോൾ/ ഫയൽ ചിത്രം

ക്ഷേമം എന്ന വാക്ക് മുതലാളിത്തലോകത്തെ നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളിലും പ്രയോഗത്തിലും കൊണ്ടുവന്നത് ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് ആണ്. 1930-ല്‍ മുതലാളിത്ത ലോകത്തുണ്ടായ മഹത്തായ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതത്തിലെ കമ്പോളയുക്തികളെക്കുറിച്ചുള്ള പുനരാലോചന കൂടിയായിരുന്നു അത്. ലോകമെമ്പാടും ഇടതുചായ്വുള്ള മദ്ധ്യപക്ഷ ഭരണകൂടങ്ങള്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ എന്നിവര്‍ കെയ്നീഷ്യന്‍ ചിന്തകളെ പിന്‍പറ്റിപ്പോരുന്നുണ്ട്.

ഇപ്പോള്‍ കെയ്ന്‍സിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഹേതുവാകുന്നത് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഗവണ്‍മെന്റിന്റെ നാലാംവര്‍ഷത്തെക്കുറിച്ചുള്ള ആലോചനകളാണ്. നവലിബറല്‍ യുഗത്തില്‍ ക്ഷേമം എന്ന വാക്ക് രാഷ്ട്രീയ വ്യവഹാരങ്ങളില്‍ കടന്നുവരുന്നത് ഏറെക്കുറെ വര്‍ജ്ജ്യമായ ഒരു വാക്കായിട്ടാണ് (Taboo). പൂര്‍ണ്ണമായ അര്‍ത്ഥത്തിലോ സ്ഥായിയായ തോതിലോ അല്ലെങ്കില്‍പ്പോലും അങ്ങനെയൊരു വാക്കിന്റെ പ്രയോഗത്തിന് ജനജീവിതത്തില്‍ സാധുതയുണ്ടെന്ന വീക്ഷണം പോലും ധിക്കാരമാകുന്ന കാലത്ത് ഒരു ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ക്ഷേമാധിഷ്ഠിത പരിപാടികള്‍ക്ക് ഏറെ സാംഗത്യമുണ്ട്.

സാമൂഹ്യക്ഷേമം, അടിസ്ഥാന ജീവിതസൗകര്യങ്ങള്‍, ക്രമസമാധാനപാലനം എന്നിവയെ ഭദ്രമാക്കുന്ന നടപടികളാണ് ഒരു ഗവണ്‍മെന്റില്‍നിന്നും ജനം പ്രതീക്ഷിക്കുക. എല്ലാം ശരിയാകും എന്ന മുദ്രാവാക്യം നല്‍കിയ പ്രതീക്ഷയെ നെഞ്ചേറ്റിയാണ് 2016-ല്‍ ഇടതുമുന്നണിയെ ജനം വിജയിപ്പിക്കുന്നത്. ജയിച്ചുവന്ന മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ കൊടുത്ത വാക്കാകട്ടെ, ഒപ്പമുണ്ട് എന്ന ഉറപ്പും. ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തം, രണ്ടുതവണയായി വന്ന നിപ എന്ന പകര്‍ച്ചവ്യാധി, രണ്ടു മഹാപ്രളയങ്ങള്‍. ഇപ്പോഴിതാ കീഴടക്കാനൊക്കാത്ത ഇച്ഛാശക്തിയോടെ കൊവിഡിനോട് പൊരുതേണ്ടി വരുന്നു. വികസനമുഖത്തും ഭരണതലത്തിലുമൊക്കെയായി സാധാരണരീതിയില്‍ നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുംവിധമാണ് ഇവയോരോന്നും വന്നുപോകുന്നത്. നടപ്പാക്കുന്ന തരം വികസനത്തെക്കുറിച്ച് വിമര്‍ശനങ്ങളേറെയുണ്ടെങ്കിലും എതിര്‍പ്പുകള്‍ക്കും അവിചാരിതമായി വരുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും പേമാരികള്‍ക്കും മഹാമാരികള്‍ക്കും ഇടയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ഇടങ്ങള്‍ പ്രയോജനപ്പെടുത്തി വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം അത് നടത്തുന്നതായി നാം കാണുന്നു.

കഴിഞ്ഞ നാലുവര്‍ഷവും ഒന്നിനു പിറകെ ഒന്ന് എന്ന നിലയിലാണ് നാടിനെ ദുരന്തങ്ങള്‍ വേട്ടയാടിയത്. ഇപ്പോള്‍ കൊവിഡ് പടരുന്ന ഈ സന്ദര്‍ഭത്തില്‍ വലിയൊരു സന്ദിഗ്ധതയെയാണ് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്നത്. എല്ലായിടത്തും നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തിലും കേരളം കൊവിഡ് എന്ന മഹാമാരിയെ നേരിടുന്ന വിധം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ മാധ്യമസമ്മേളനത്തിനു ജനം കാതുകൂര്‍പ്പിക്കുന്നു. ഒരു ഗവണ്‍മെന്റ് നായകത്വം വഹിക്കുന്നുവെന്നതിന്റെ സുരക്ഷിതത്വം കുറേയൊക്കെ ജനം അനുഭവിക്കുന്നുണ്ട് എന്നത് നേരാണ്. കൊവിഡിനെതിരെയുള്ള നമ്മുടെ ചെറുത്തുനില്‍പ്പില്‍ ശക്തമായ പൊതുജനാരോഗ്യ സംവിധാനം, കുറേയൊക്കെ പൗരബോധവും സമ്പൂര്‍ണ്ണസാക്ഷരതയുമുള്ള ജനങ്ങള്‍, ത്രിതല പഞ്ചായത്ത് സംവിധാനം, ആശാവര്‍ക്കര്‍മാരുടെ എല്ലാതലത്തിലുമുള്ള സാന്നിധ്യം, പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം എന്നിവയൊക്കെയും ഘടകങ്ങളാകുന്നുവെങ്കിലും ഇച്ഛാശക്തിയും കാഴ്ചപ്പാടും ശാസ്ത്രബോധവുമുള്ള ഭരണനേതൃത്വവും നിര്‍ണ്ണായകമാണ്.  
ഈ പ്രതിസന്ധികള്‍ക്കു നടുവിലും അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായതും സര്‍ക്കാര്‍ നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ ജനങ്ങള്‍ക്കു മുന്‍പാകെ വരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിലെ അടിസ്ഥാനമേഖലകളില്‍ നാലു മിഷനുകള്‍ക്കാണ് ഇടതുമുന്നണി തുടക്കമിട്ടത്. ജലവിഭവ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷിയും കോര്‍ത്തിണക്കിയുള്ള ഹരിതകേരളം, മികച്ച ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതും സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദപരമാക്കുന്നതും ലക്ഷ്യമിട്ടുള്ള ആര്‍ദ്രം മിഷന്‍, ഉയര്‍ന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചുവാര്‍ക്കുന്നത് ലക്ഷ്യമിട്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയാണ് അവ.

ആരോഗ്യരംഗത്ത്, പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഒരു ചരടില്‍ കോര്‍ത്താണ് സംസ്ഥാന ഗവണ്‍മെന്റ് കൊവിഡിനെ നേരിടാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഈ മാതൃക ലോകമെമ്പാടും ശ്ലാഘിക്കപ്പെടുന്നുമുണ്ട്. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളും പുതിയ ഗവേഷണസംരംഭങ്ങളും ആരോഗ്യമേഖലയിലുണ്ടാക്കിയ നേട്ടങ്ങളാണ്.

പശ്ചാത്തല വികസനരംഗത്തും വലിയ നേട്ടമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 54,391 കോടി രൂപയുടെ നിക്ഷേപമത്രേ ഈ രംഗത്ത് യാഥാര്‍ത്ഥ്യമായത്. ഉപേക്ഷിക്കപ്പെട്ട ഗെയ്ല്‍ പദ്ധതി വിമര്‍ശനങ്ങള്‍ക്കും കടുത്ത എതിര്‍പ്പുകള്‍ക്കും ഇടയില്‍ മുന്നോട്ടു കൊണ്ടുപോകാനായി. 400 കിലോമീറ്ററിലധികം പൈപ്പ് ലൈന്‍ വലിച്ചു. ദേശീയപാതാ വികസനം സംബന്ധിച്ചും നടപടികളില്‍ പുരോഗതിയുണ്ട്. അതിവേഗ റെയില്‍പ്പാത സംബന്ധിച്ച നടപടികളും ഇഴഞ്ഞാണെങ്കിലും മുന്നോട്ടു നീങ്ങുന്നുണ്ട്. കിഫ്ബി വഴിയാണ് അടിസ്ഥാന പശ്ചാത്തല വികസനം പുനരുദ്ധരിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഭരണകൂടം കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന സാമ്പത്തികനയങ്ങളുടെ പരിധികള്‍ക്കുള്ളില്‍നിന്നുള്ള മുതലാളിത്ത വികസന മാതൃകയാണ് നിശ്ചയമായും എല്‍.ഡി.എഫ് ഗവണ്‍മെന്റ് പിന്തുടരുന്നത് എന്നു മനസ്സിലാക്കാന്‍ സൂക്ഷ്മമായ പരിശോധനയൊന്നും ആവശ്യമില്ല. ഗെയ്ല്‍ പൈപ്പ്ലൈന്‍, ദേശീയപാതാ വികസനം എന്നിവ വ്യക്തമായ ഉദാഹരണങ്ങളാണ്. എന്നാല്‍, കൂടെ നില്‍ക്കുന്ന ജനത്തെ ബോധ്യപ്പെടുത്തി നടപ്പാക്കാനുള്ള ഇച്ഛാശക്തിയും സമയബന്ധിത പരിപാടിയും ഗവണ്‍മെന്റിനുണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ സവിശേഷത. മുതലാളിത്തത്തിന്റെ തൊഴിലാളി, പ്രകൃതിചൂഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന വികസനപരിപാടി, വികസനം സംബന്ധിച്ച നമ്മുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതുമാണെന്നും കാണാം.

പ്രകൃതിക്ഷോഭങ്ങളായാലും പകര്‍ച്ചവ്യാധികളായാലും അവ സൃഷ്ടിക്കുന്നതില്‍ മുതലാളിത്ത വികസനക്രമത്തിന് സാരമായ പങ്കുണ്ട്. എന്നാല്‍, ഈ വസ്തുത കാര്യമായി പരിഗണിക്കാതിരിക്കുകയോ, സുസ്ഥിര വികസനമെന്ന മുദ്രാവാക്യം കണ്ടില്ലെന്നു നടിക്കുകയോ ഒക്കെയാണ് സംസ്ഥാന ഗവണ്‍മെന്റ് ചെയ്യുന്നത്. രണ്ടു വെള്ളപ്പൊക്കങ്ങള്‍ നല്‍കിയ പാഠങ്ങളെ കണക്കിലെടുക്കാതെ അശാസ്ത്രീയമായ പ്രകൃതിചൂഷണത്തിനു പച്ചക്കൊടി കാണിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്.

ഓഖി വിതച്ച ദുരിതങ്ങള്‍

സുനാമി ദുരന്തത്തിനുശേഷം നമ്മുടെ സംസ്ഥാനം കണ്ട അപ്രതീക്ഷിതമായ വലിയ ദുരന്തമായിരുന്നു 2017 നവംബര്‍ 29-നുണ്ടായ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. പുതിയ വര്‍ഷത്തെ എതിരേല്‍ക്കാന്‍ കാത്തിരുന്ന കേരളീയര്‍ക്ക് അവിചാരിതമായി ലഭിച്ച പ്രഹരം. ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളേയും ശ്രീലങ്കയേയും സാരമായി ബാധിച്ച ഈ പ്രകൃതിക്ഷോഭത്തില്‍നിന്ന് സംസ്ഥാനത്തിനു കരകയറാനാകുമോ എന്ന തോന്നലിലായിരുന്നു അന്നു ലോകവും നമ്മുടെ രാജ്യവും.

തീരത്ത് നിന്നും ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തായിരുന്നു ഓഖി കൊടുങ്കാറ്റ് പ്രധാനമായും ശക്തി പ്രാപിച്ചത്. ഈ ദൂരക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ഏറ്റവും ദുഷ്‌കരമാക്കി. എങ്കിലും സംസ്ഥാന ഗവണ്‍മെന്റ് വിവിധ വകുപ്പുകളേയും ഏജന്‍സികളേയും നാവിക, വ്യോമ, തീരരക്ഷാ സേനകളേയും ഏകോപിപ്പിച്ച് ഏറെ പ്രയാസപ്പെട്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു അന്നു നടത്തിയത്.

ഇന്ന് ഓഖി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ഓര്‍ക്കുന്നതിന് ഹേതുവാകുന്നത് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് സൃഷ്ടിക്കുന്ന സങ്കടങ്ങള്‍ മാത്രമല്ല. ഇപ്പോഴും ഏറെ വിമര്‍ശനങ്ങളുണ്ടെങ്കിലും ആ ദുരന്തം തകര്‍ത്തുകളഞ്ഞ നമ്മുടെ തീരജനതയേയും കടലോരത്തേയും രക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുകൂടിയാണ്. ദുരന്തത്തിനിരയായ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു. അത് ജനപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി.

കേരളം എന്ന സംസ്ഥാനത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു ഓരങ്ങളില്‍ കിടക്കുന്ന ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണ് കേരളീയ സമൂഹത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍. ഇവരില്‍ ജനസംഖ്യകൊണ്ടു മുന്‍പന്തിയില്‍ നില്‍ക്കുന്ന മത്സ്യത്തൊഴിലാളികളാണ് പ്രകൃതിക്ഷോഭങ്ങളുടെ ആദ്യ ഇരകള്‍. ഓഖിദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 143 മത്സ്യത്തൊഴിലാളികളുടെ ജീവന്‍ കടലില്‍ നഷ്ടപ്പെട്ടു. ഇതില്‍ 52 പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലാണ്. 91 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു ഇവരെ കാണാതായവരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് കാലത്തെ തോതിലല്ലെങ്കിലും അത്യന്തം സങ്കീര്‍ണ്ണമായിരുന്നു തീരദേശത്തെ അന്നത്തെ സ്ഥിതിവിശേഷവും. അത്തരം സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ ആര്‍ക്കും സംഭവിക്കാവുന്ന കൈകുറ്റപ്പാടുകളെ മുതലാക്കാനും മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളുന്നയിക്കാനും അന്നും പ്രതിപക്ഷം ഔത്സുക്യം കാണിച്ചു. എങ്കിലും മികച്ച ഏകോപനത്തോടേയും അച്ചടക്കത്തോടേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ഗവണ്‍മെന്റ് നേതൃത്വം നല്‍കാന്‍ പരമാവധി ശ്രമം നടത്തി.

സുനാമി ദുരന്തത്തിനിരയായ ജനതയെ പുനരധിവസിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഗവണ്‍മെന്റിന്റെ പക്ഷത്തുനിന്നും വലിയ പരിശ്രമമുണ്ടായി.

ഓഖിയില്‍ മരിക്കുകയോ കാണാതാകുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു സമഗ്രമായ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശജനതയിലെ കിന്റ്ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാരെ വരെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍ നടപ്പാക്കിയ രക്ഷാപ്രര്‍ത്തനവും അതിനെ തുടര്‍ന്നു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തേയും രാജ്യത്തെ പുനരധിവാസ ചരിത്രത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അവകാശപ്പെടുന്നു. ഓഖിയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ലഭ്യമാക്കി.

നിപയുടെ വരവും പോക്കും

2018-ലായിരുന്നു നിപ എന്ന മഹാരോഗത്തിന്റെ കേരളത്തിലേയ്ക്കുള്ള വരവ്. 18 പേര്‍ രോഗത്തെ തുടര്‍ന്നു മരിച്ചു. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ആക്രമണം ഉണ്ടാകുന്നത് 2018 മെയ് മാസത്തിലാണ്. ഫ്രൂട്ട് ബാറ്റ് അഥവാ പഴംതീനി വാവലുകള്‍ എന്ന ഒരിനം വാവലുകളില്‍നിന്നാണ് രോഗം മനുഷ്യരിലേയ്ക്ക് പടര്‍ന്നതെന്നു വിദഗ്ദ്ധര്‍ പറയുന്നു. മെയ് അഞ്ചിനു മരിച്ച മുഹമ്മദ് സാബിത് ആയിരുന്നു രോഗത്തിനു ആദ്യം കീഴടങ്ങിയത്. രണ്ടു ആഴ്ചയ്ക്കുശേഷം സാബിത്തിന്റെ സഹോദരനും പിതാവും രോഗത്തിനു കീഴടങ്ങി. ഈ അസുഖം മൂലം മരിച്ച മൂന്നുപേര്‍ കോഴിക്കോട് ചെങ്ങരോത്ത് പഞ്ചായത്തിലെ ഒരേ വീട്ടില്‍ കഴിഞ്ഞിരുന്നവരായിരുന്നു എന്നതാണ് വൈറസ് ബാധയെക്കുറിച്ച് സംശയം ജനിപ്പിച്ചത്. സാബിത്തിന്റെ സഹോദരനെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ മറ്റൊരു രോഗം സംശയിച്ച് പ്രവേശിപ്പിച്ചപ്പോഴാണ് ഇത് നിപ വൈറസ് ആണെന്ന ആശങ്കയും ഉണ്ടായത്. തുടര്‍ന്ന് സാബിത്തിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളുകള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച് പരിശോധിപ്പിച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

സാബിത്തിന്റെ വീടിന്റെ പരിസരത്തുള്ള കിണറ്റില്‍ ഫ്രൂട്ട് ബാറ്റ് ഇനത്തില്‍പ്പെട്ട വാവലുകളെ കണ്ടെത്തുകയും അതില്‍ മൂന്നു വാവലുകളെ പരിശോധനക്കായി അയയ്ക്കുകയും ചെയ്തു.

17 പേരാണ് അന്നു നിപാ വൈറസിന്റെ ആക്രമണത്തിനു കീഴടങ്ങിയത്. രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ പെടാത്തയാളും ബാലുശ്ശേരിയിലെ നിര്‍മ്മാണത്തൊഴിലാളിയുമായ റെസിന്‍ എന്നൊരാള്‍ ഇതേ രോഗത്തെ തുടര്‍ന്ന് മേയ് 31-നു മരിക്കുകയും രോഗം ബാധിച്ച രണ്ടുപേരുടെ നില ആശങ്കയില്ലാതെ തുടരുകയും ചെയ്തതോടെ സംസ്ഥാന ഗവണ്‍മെന്റ് നിപ്പാ വൈറസിന്റെ രണ്ടാംഘട്ട പകര്‍ച്ചയുണ്ടാകാമെന്ന് ആശങ്കപ്പെടുകയും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നേരത്തെ പനിയെത്തുടര്‍ന്ന് റെസിന്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് നിപ വൈറസ് ബാധിച്ച് മരിച്ച കോട്ടൂര്‍ സ്വദേശി ഇസ്മായിലും അതേ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതാണ് രോഗം ആദ്യത്തെ ഘട്ടത്തില്‍നിന്നു പുറത്തേയ്ക്ക് വ്യാപിച്ചിരിക്കാമെന്ന ആശങ്കയുണ്ടാക്കിയത്. മെയ് 20-നു മലപ്പുറത്ത് രണ്ടുപേരും നിപ ബാധിച്ചു മരിച്ചു.
പുതിയതരം സാംക്രമികരോഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്ടിച്ച ആദ്യ രക്തസാക്ഷിയും നിപയുടെ കാലത്താണ് ഉണ്ടായത്. കോഴിക്കോട്ടെ ഒരാശുപത്രിയില്‍ നഴ്‌സ് ആയ ലിനി പുതുശ്ശേരിയാണ് നിപ ബാധിച്ചു മരിച്ചത്.

നിപ പകരുന്നത് തടയാന്‍ വിപുലമായ സംവിധാനമാണ് സംസ്ഥാന ഗവണ്‍മെന്റ് ഉണ്ടാക്കിയത്. രോഗബാധ തടയാന്‍ പ്രത്യേക സമിതി രൂപീകരിക്കുകയും രോഗം സംശയിക്കുന്നവരുമായി സമ്പര്‍ക്കത്തിലായി എന്നു കരുതുന്ന രണ്ടായിരത്തോളം പേരെ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാക്കി. ഓസ്ട്രേലിയയില്‍നിന്ന് റിബാവരിന്‍ എന്ന പേരിലുള്ള മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകള്‍ രോഗത്തെ നേരിടുന്നതിനായി കേരളത്തില്‍ എത്തിച്ചെങ്കിലും അത് ആരിലും പ്രയോഗിക്കേണ്ടി വന്നില്ല.

പൊതുജനാരോഗ്യത്ത് കേരളം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനത്തിനു മകുടോദാഹരണമായിരുന്നു നിപയെ നേരിടാന്‍ സംസ്ഥാന ഗവണ്‍മെന്റും ജനങ്ങളും നടത്തിയ ശ്രമങ്ങള്‍. അന്താരാഷ്ട്രതലത്തില്‍ വരെ ആ ശ്രമങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ മുതല്‍ വാര്‍ഡ് തലത്തില്‍ വരെ പ്രവര്‍ത്തിച്ചവരുടെ അര്‍പ്പണബോധത്തിന്റെ ഫലമായിട്ടായിരുന്നു നിപയെ നമുക്കു നേരിടാനായത്.
 
2019-ല്‍ പറവൂരില്‍ നിപയുടെ രണ്ടാംവരവ് ഉണ്ടായപ്പോഴും ഇപ്പോള്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊവിഡ് ബാധയില്‍നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും 2017-ലെ നിപ ബാധക്കാലത്തെ ചിട്ടയോടേയും കൃത്യമായ ആസൂത്രണത്തോടേയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ മുന്‍ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടന മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിപ മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗങ്ങളിലൊന്നാണ്. വ്യാധിയോടൊപ്പം ആധി പടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുന്നത് തടയാനായതും കൃത്യമായ കരുതല്‍ സ്വീകരിക്കാനായതുമാണ് അന്നു കേരളത്തെ രക്ഷിച്ചത്. രോഗത്തെ നേരിടുന്നതിനു മൂന്നുജില്ലകളില്‍നിന്നായി നാലായിരത്തോളം പേര്‍ക്കാണ് ബോധവല്‍ക്കരണ പരിശീലനം നല്‍കിയത്.

2019-ല്‍ നിപയുടെ രണ്ടാംവരവിന്റെ ഘട്ടത്തില്‍ നമ്മെ സഹായിച്ചത് മുന്നനുഭവങ്ങളാണ്. കോഴിക്കോട്ടെ മാതൃക കൊച്ചിയിലും പഴുതില്ലാത്തവിധം ആവര്‍ത്തിക്കുകയായിരുന്നു. നിപയെ നേരിടാന്‍ വഴികാട്ടിയത് ലോകാരോഗ്യസംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചും നല്‍കിയ ചികിത്സാ പ്രോട്ടോക്കോള്‍ ആയിരുന്നു. വൈറസിന്റെ ഉറവിടം തേടിപ്പോകുന്നതിനേക്കാള്‍ രോഗം പകരുന്നത് തടയുക എന്നതിലാണ് അന്നും ആരോഗ്യവകുപ്പ് ഊന്നിയത്.

ജലം കൊണ്ടു മുറിവേറ്റ കേരളം

50 കോടി പേരെ ബാധിക്കുകകയും അഞ്ചുകോടിയോളം ആളുകള്‍ മരിക്കുകയും ചെയ്ത സ്പാനിഷ് ഫ്‌ലൂ എന്ന എച്ച്1എന്‍1 എ ടൈപ്പ് പകര്‍ച്ചവ്യാധി 1918-1919 കാലത്തായിരുന്നു രൗദ്രരൂപം പൂണ്ട് ആഞ്ഞടിച്ചത്. അന്നും ഇന്ത്യയിലും കേരളത്തിലും ഒരുപാടു പേര്‍ ചത്തൊടുങ്ങിയിട്ടുണ്ടാകാം. ഏതാണ്ട് അതേ കാലത്തോടടുപ്പിച്ചാണ് കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട വെള്ളപ്പൊക്കം സംഭവിക്കുന്നത്. 99-ലെ വെള്ളപ്പൊക്കമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട അതു സംഭവിക്കുന്നത് 1924-ലാണ്. ഇരു സംഭവങ്ങളിലേക്കും ഒരു നൂറൂവര്‍ഷത്തോളം അകലം.

എന്നാല്‍, 2018-ലെ വെള്ളപ്പൊക്കം മുഖ്യമായും മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുടേയും അതേത്തുടര്‍ന്നുള്ള കാലാവസ്ഥാമാറ്റത്തിന്റേയും സൃഷ്ടിയായിരുന്നു. പരിസ്ഥിതി സംരക്ഷണം ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെടുപ്പു പത്രികയിലെ മുഖ്യഇനങ്ങളിലൊന്നായിരുന്നെങ്കിലും നാട്ടിലെ ചില വരേണ്യ ക്ലബ്ബുകളുടെ മരംനടല്‍ പോലുള്ള പ്രാഥമികമായ പാരിസ്ഥിതികാവബോധത്തെ മറികടക്കുന്ന, കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു പരിസ്ഥിതി പരിപാടിയും ഗവണ്‍മെന്റിനുണ്ടായിരുന്നില്ല. അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ച കാത്തലിക് സഭയിലെ വലിയൊരു വിഭാഗത്തോടു കൈകോര്‍ക്കാനും ഇടതുമുന്നണി മടിച്ചിരുന്നുമില്ല. 2018-ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഒരു മാറ്റം കുറച്ചുകൂടി ഗൗരവത്തോടെ പാരിസ്ഥിതിക വിഷയങ്ങളെ വിലയിരുത്താനും സുസ്ഥിര വികസനത്തെക്കുറിച്ച് ചിന്തിക്കാനും പരിമിതികളുണ്ടെങ്കിലും ഇടതു ഗവണ്‍മെന്റ് തയ്യാറാകുന്നു എന്നതു സംബന്ധിച്ച സൂചനകളാണ്. അതേസമയം വികസനത്തെക്കുറിച്ചുള്ള മുന്‍നിലപാടുകള്‍ അതു കയ്യൊഴിയാന്‍ ഒട്ടും തയ്യാറായിട്ടില്ലെങ്കിലും. പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നത് '2018-ലെ വെള്ളപ്പൊക്ക ശേഷം പരിസ്ഥിതി വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ആകെ മാറി. പലതും ഉള്‍ക്കൊള്ളാന്‍ തുടങ്ങി. മനസ്സിലാക്കാനും പരസ്യമായി പറയാനും തുടങ്ങി. മൂന്നാറിലെ റിസോര്‍ട്ടുകളുടെ നിയമലംഘന വിഷയത്തിലൊക്കെ എല്ലാവര്‍ക്കും പറയാനുള്ളത് വിശദമായി കേട്ടു, വിഷയം പഠിച്ചു, പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയെപ്പോലും തിരുത്തി, ശരിയായ നിലപാട് എടുപ്പിച്ചു. വന്‍കിട നിയമലംഘനങ്ങള്‍ ഇളവില്ലാതെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഉത്തരവായി.'' ഉത്തരവ് ഇതുവരേയും നടപ്പായില്ലെങ്കിലും. എന്തായാലും പരിസ്ഥിതിയും വികസനവും തമ്മിലുള്ള നേര്‍ത്ത സന്തുലനം സാധ്യമാക്കുന്നതിനെക്കുറിച്ച് ഇനിയും ഗവണ്‍മെന്റ് വേണ്ടവിധം ചിന്തിക്കുന്നതിനു തയ്യാറാകുന്നില്ല എന്നതാണ് 2019-ല്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും ഉണ്ടായിട്ടുപോലും ക്വാറികളെ സംബന്ധിച്ച് ഒരു പുനര്‍വിചിന്തനത്തിനു ഗവണ്‍മെന്റ് തയ്യാറാകാത്തത് കാണിക്കുന്നത്. തോളിലിരുന്ന ഒരു തോര്‍ത്തുകൊണ്ടു വീശിയാല്‍ തീരുന്ന ചൂടും അതേ തോര്‍ത്തുകൊണ്ടു പുതച്ചാല്‍ തീരുന്ന തണുപ്പുമുള്ള സമശീതോഷ്ണ അവസ്ഥകളില്‍നിന്ന് നമ്മുടെ നാട് എത്രയോ പിറകോട്ടു പോയി. അതിരൂക്ഷമായ വെള്ളപ്പൊക്കങ്ങളുടെ അനുഭവങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വിരളമായിരുന്നു. ദരിദ്ര ജനതയെ സംബന്ധിച്ചിടത്തോളം നീണ്ടുനില്‍ക്കുന്ന മഴ അത്ര സുഖമുള്ള അനുഭവമല്ലായിരുന്നെങ്കിലും. എന്നാല്‍, മഴയുടെ രൗദ്രഭാവം എന്താണെന്നറിഞ്ഞത് 2018-ലായിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 72-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്നതിന്റെ തൊട്ടുതലേന്നായിരുന്നു കാലവര്‍ഷം ശക്തിപ്പെട്ടത്. അസാധാരണമായി അപ്പോള്‍ ഒന്നും ആര്‍ക്കും അനുഭവപ്പെട്ടില്ല. എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം അനിയന്ത്രിതമായി ഉയര്‍ന്നു. എന്നാല്‍, സാധാരണ മട്ടില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുള്ളതുപോലെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കും ഈ മഴക്കെടുതിയെന്നായിരുന്നു പലരും കരുതിയത്.
അതേസമയം, അണക്കെട്ടുകളില്‍ ജലനിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നു. മലയോരങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായി. ഒപ്പം ദിവസങ്ങളോളം ശമിക്കാത്ത മഴയും. അസാധാരണമായി ചിലത് വൈകാതെ സംഭവിക്കുമെന്ന് നാട് ഉറപ്പിച്ചു. ചെറുതോണിയടക്കമുള്ള അണക്കെട്ടുകളുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തേണ്ടിവന്നതോടെ മലനാട്ടിലും ഇടനാട്ടിലും കടലോരത്തും വീടുകളും ജനാധിവാസകേന്ദ്രങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജലസമാധിയിലാണ്ടു. റോഡുകള്‍ ഒലിച്ചുപോകുകയും കുന്നുകള്‍ ഇടിഞ്ഞുതീരുകയും ചെയ്തു. റെയില്‍, റോഡ്, വ്യോമഗതാഗതം ദിവസങ്ങളോളം താറുമാറായി.

കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേരാണ് മരിച്ചത്. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മഴ ശക്തിപ്പെട്ടതോടെ നാലുലക്ഷത്തോളം കുടുംബങ്ങളില്‍നിന്നായി പതിനാലര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലായി. മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിക്കപ്പെട്ടു.

ഏറെക്കുറേ ജാതി, മത, രാഷ്ട്രീയ ഭേദങ്ങള്‍ മറന്നു ക്യാംപുകളില്‍ കഴിയേണ്ടി വന്ന നാളുകളായിരുന്നു അത്. കിട്ടിയതെല്ലാം പെറുക്കിയെടുത്തു പലര്‍ക്കും ക്യാംപുകളില്‍ അഭയം തേടേണ്ടിവന്നു. ചിട്ടയോടേയും ആസൂത്രണത്തോടേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏകോപിപ്പിച്ച ഒരു സംവിധാനം സംസ്ഥാനതലത്തില്‍ തന്നെ ഉണ്ടായി. നാവികസേനയുടേയും സന്നദ്ധ സേവനത്തിനു തയ്യാറായ യുവാക്കളുടേയും മറ്റും സഹായത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. സാമൂഹ്യമാധ്യമങ്ങള്‍ കണ്‍ട്രോള്‍ റൂമുകളായി മാറുകയും മത്സ്യത്തൊഴിലാളി സമൂഹം ഒന്നടങ്കം രക്ഷാസേനയായി മാറുകയും ചെയ്ത നാളുകളായിരുന്നു അത്. സൈന്യവും പൊലീസും ഭരണകൂടവും ജനങ്ങളും കൈകോര്‍ത്ത് പ്രളയത്തെ നേരിടുകയായിരുന്നു.

2018-ലെ പ്രളയം ലോകം കണ്ട മഹാദുരന്തമായിട്ടാണ് ലോക കാലാവസ്ഥ സംഘടന വിലയിരുത്തിയത്. സാമ്പത്തിക നഷ്ടം കണക്കാക്കുമ്പോള്‍ ആഗോളദുരന്തങ്ങളില്‍ നാലാമതുമായിരുന്നു ആ വര്‍ഷം ഉണ്ടായത്. 54 ലക്ഷം പേരെ നേരിട്ടു ബാധിചചു. 14 ലക്ഷം പേര്‍ക്കു വീടു നഷ്ടമാകുകയും ചെയ്തു. മുപ്പതിനായിരം കോടി രൂപയുടെ നഷ്ടമത്രേ കേരളത്തിനു ഉണ്ടായത്. എന്നാല്‍, യഥാര്‍ത്ഥനഷ്ടം ഇതിലുമേറെ വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

ജീവനോടെ മണ്ണിലടക്കം നിനച്ചിരിക്കാതെ മടക്കം
 
തൊട്ടടുത്ത വര്‍ഷവും വെള്ളപ്പൊക്കം ആവര്‍ത്തിച്ചു. പക്ഷേ, 2019-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ ശ്രദ്ധേയമാക്കിയത് ഉരുള്‍പൊട്ടലുകളാണ്. ഉരുള്‍പൊട്ടലുകളില്‍ മലയോരങ്ങളില്‍ നിരവധിപേര്‍ ജീവനോടെ മണ്ണിലടക്കം ചെയ്യപ്പെട്ടു. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി ആളുകളുടെ സുരക്ഷിതമായ ഇടങ്ങളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും മാറ്റേണ്ടിവരികയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി തന്നെയായിരുന്നു. അന്നും അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവന്നു.

2019 ഓഗസ്റ്റ് 19-ലെ കണക്കനുസരിച്ച് കേരള സംസ്ഥാനത്ത് വെള്ളപ്പൊക്കം മൂലം 121 പേര്‍ മരിച്ചു. അതിവൃഷ്ടിയെ തുടര്‍ന്നു ഓഗസ്റ്റ് എട്ടിനും 19-നും ഇടയില്‍ 1,789 വീടുകള്‍ പൂര്‍ണ്ണമായും 14,542 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണക്കുകള്‍ പറയുന്നു. ചെറുതും വലുതുമായി 65 ഉരുള്‍പൊട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഏറ്റവുമധികം ഉരുള്‍പൊട്ടലുകളുണ്ടായത് പാലക്കാട് ജില്ലയിലാണ്. 18 ഉരുള്‍പൊട്ടലുകള്‍. രണ്ടാമത്തേത് മലപ്പുറവും.

ഈ സന്ദര്‍ഭത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏറെക്കുറെ കാര്യക്ഷമമായി ഏകോപിപ്പിക്കാനും മുന്നോട്ടു കൊണ്ടുപോകാനും സംസ്ഥാനം ഭരിക്കുന്നവര്‍ക്കു കഴിഞ്ഞു. ഇത്തവണ വടക്കന്‍ കേരളത്തെയാണ് പ്രകൃതിക്ഷോഭം കാര്യമായി ബാധിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന, തീരദേശ സേന, കര-വ്യോമ-നാവികസേനകള്‍ എന്നിവ സജീവമായി രംഗത്തിറങ്ങി. ഇത്തവണയും തീരദേശത്തുനിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com