ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഓഫ്‌ലൈന്‍ ആധികള്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഓഫ്‌ലൈന്‍ ആധികള്‍
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഓഫ്‌ലൈന്‍ ആധികള്‍

''ഈ ജൂണ്‍ ഒന്നിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്ന് നേരിട്ടു പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരു ദിവസംപോലും നഷ്ടപ്പെടാതെ നമ്മുടെ മക്കളെ നമുക്കു പഠിപ്പിക്കണം'' - പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മെയ് 30-നു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോ സന്ദേശം തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു ദിവസംപോലും നഷ്ടപ്പെടരുത് എന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഒരു ക്ലാസ്സ്‌പോലും കിട്ടാന്‍ വഴിയില്ലാതെ ലക്ഷക്കണക്കിനു കുട്ടികള്‍ പുറത്തുനില്‍ക്കുകയായിരുന്നു. അന്നുതന്നെ എഴുതിയ ലേഖനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ പറയുന്നു: ''ഒന്നാം ക്ലാസ്സുമുതല്‍ 12-ാം ക്ലാസ്സുവരെ ഇത്തരമൊരു മാറ്റത്തിനു സജ്ജരായിക്കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് അതിനു കഴിയുമെങ്കില്‍ എന്തുകൊണ്ട് കോളേജുകളിലും പോളിടെക്നിക്കുകളിലും അതായിക്കൂടാ?''

കൊവിഡ് ആണെങ്കിലും ലോക്ഡൗണ്‍ ആണെങ്കിലും നേരിട്ടു ക്ലാസ്സില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ജൂണ്‍ ഒന്നിനുതന്നെ ക്ലാസ്സ് തുടങ്ങണം എന്ന വാശി രണ്ടു മന്ത്രിമാരുടെ വാക്കുകളിലും പ്രകടം. കോളേജ് വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കയ്യെത്തുന്ന ദൂരത്തായിരുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ല എന്നതിന് ഒരു കണക്കെങ്കിലുമുണ്ട്. പക്ഷേ, കോളേജുകളുടെ കാര്യത്തില്‍ അതുമില്ല. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ആണ് സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ എണ്ണം അറിയാന്‍ പഠനം നടത്തിയത്. ആ പഠനമൊരു കാട്ടിക്കൂട്ടല്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്; അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്റെ ആധികാരികതയും സംശയത്തിലാണ്. 2.96 ലക്ഷം കുട്ടികള്‍ക്കു സൗകര്യങ്ങളില്ല എന്നായിരുന്നു ആദ്യ കണക്ക്. അതില്‍നിന്നു പ്രീപ്രൈമറി കുട്ടികളെ ഒഴിവാക്കിയപ്പോള്‍ 2.61 ലക്ഷമായി. നേരിട്ടു പഠനം നടത്താന്‍ കഴിയാത്ത സാഹചര്യമായതുകൊണ്ട് കണക്കെടുപ്പും 'ഓണ്‍ലൈനില്‍' ആയിരുന്നു. സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കണമെന്ന് പ്രധാനാധ്യാപകരോട് ഡി.ഇ.ഒമാരോ എ.ഇ.ഒമാരോ എസ്.എസ്.കെയില്‍നിന്നോ ആവശ്യപ്പെട്ടു. അവര്‍ അധ്യാപകരേയും രക്ഷിതാക്കളേയും ഫോണില്‍ വിളിച്ചു ചോദിച്ചു, മറുപടി കിട്ടാത്തത് കിട്ടിയില്ല, കിട്ടിയതുവെച്ച് കണക്കുണ്ടാക്കി. നാലു ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ടിവിയും കേബിള്‍ അല്ലെങ്കില്‍ ഡിഷ് ഉള്ളവര്‍, കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ളവര്‍, സ്മാര്‍ട്ട് ഫോണും നെറ്റും ഉള്ളവര്‍, ഇതൊന്നും ഇല്ലാത്തവര്‍. ഒന്നെങ്കിലും ഉള്ളവരെ സൗകര്യങ്ങളുള്ളവരായി പരിഗണിച്ചു. ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തവര്‍ക്ക് ഇതില്‍ ഏതെങ്കിലും സൗകര്യങ്ങള്‍ ഉള്ളവരായി പരിഗണിച്ചാല്‍ മതി എന്നായിരുന്നു പ്രധാനാധ്യാപകര്‍ക്കു കിട്ടിയ നിര്‍ദ്ദേശം. അകലം പാലിക്കണം എന്നതുകൊണ്ടാണ് സ്‌കൂളുകളും കോളേജുകളും തുറക്കാത്തതും ക്ലാസ്സുകള്‍ ഓണ്‍ലൈനിലാക്കിയതും. സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ അവിടെയും അകലെത്തന്നെയായിപ്പോകുന്ന സ്ഥിതി നിലനില്‍ക്കുന്നു. തിടുക്കപ്പെട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ വിഭജനം ചെറുതല്ല.

സി. രവീന്ദ്രനാഥ്
സി. രവീന്ദ്രനാഥ്

ചാനല്‍ ക്ലാസ്സിന്റെ പരിമിതികള്‍

സ്‌കൂളുകളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ അല്ല എന്നതാണ് വസ്തുത. വിക്ടേഴ്സ് ടി.വി ചാനല്‍ ക്ലാസ്സിനെ ഓണ്‍ലൈന്‍ ക്ലാസ്സ് എന്നു വിളിക്കുന്ന അബദ്ധം കൂടിയാണ് അവിടെ സംഭവിക്കുന്നത്. ക്ലാസ്സുകള്‍ തുടങ്ങിയ ദിവസം തന്നെ മലപ്പുറം വളാഞ്ചേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തു. ടി.വിയും സ്മാര്‍ട്ട് ഫോണും ദേവികയ്ക്ക് ഉണ്ടായിരുന്നില്ല. വൈകാതെ എത്തിക്കാം എന്ന് ദേവികയ്ക്കും ആ സ്‌കൂളിലെ സൗകര്യങ്ങളില്ലാത്ത മറ്റു കുട്ടികള്‍ക്കും സ്‌കൂളധികൃതര്‍ ഉറപ്പു നല്‍കുന്നതായി വിശദീകരിക്കുന്നു. പക്ഷേ, ദേവിക കാത്തു നിന്നില്ല. ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് ട്രയല്‍ ക്ലാസ്സുകള്‍ മാത്രമാണെന്നും നഷ്ടപ്പെട്ടാല്‍ വേവലാതി വേണ്ടെന്നും അതിനുശേഷമാണ് സര്‍ക്കാര്‍ പറഞ്ഞത്. വിദ്യാഭ്യാസമന്ത്രി നേരത്തെ പറഞ്ഞതും മുഖ്യമന്ത്രി പിന്നീട് പറഞ്ഞതും നോക്കിയാല്‍ ഇതു വ്യക്തമാകും. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് 2020-'21 അക്കാദമിക വര്‍ഷം ക്ലാസ്സുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും 2020-'21 'സുവര്‍ണ്ണ അക്കാദമിക വര്‍ഷ'മാകണം എന്നാണ് നാം ആഗ്രഹിച്ചിരുന്നത് എന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ച മന്ത്രി രവീന്ദ്രനാഥ് ഇങ്ങനെ തുടരുന്നു: ''എന്തെങ്കിലും പരിമിതികളുണ്ടെങ്കില്‍ അതിനെയെല്ലാം മറികടന്നുകൊണ്ട് ഈ ആഗ്രഹം സഫലമാക്കുവാന്‍ നമുക്കു കഴിയേണ്ടതുണ്ട്. അതുകൊണ്ട് ജൂണ്‍ ഒന്നിനുതന്നെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് എത്തി പഠനം നടത്താന്‍ കഴിയാത്ത സഹചര്യം ഉണ്ടായാല്‍ ജൂണ്‍ ഒന്നിനുതന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്ന രീതിയില്‍ നമുക്കു പഠനം തുടങ്ങാം. 40 ലക്ഷം കുട്ടികളുടെ വീട്ടിലും പാഠഭാഗങ്ങള്‍ കൈറ്റ് വിക്ടേഴ്സ് ചാനലലിലൂടെയും ഓണ്‍ലൈനുമായും എത്തിക്കാനുള്ള വലിയ ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 'ഹൈടെക് വിദ്യാഭ്യാസം' എന്നത് അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ കൂടി ഇതുവഴി കഴിയും.'' തുടങ്ങുന്നതു ട്രയലാണ് എന്ന യാതൊരു സൂചനയും ഇതിലില്ല. അധ്യയന വര്‍ഷത്തിന്റെ ഔപചാരിക തുടക്കം തന്നെയാണ് എന്ന സൂചന പ്രകടവുമാണ്. രണ്ടു ലക്ഷത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ സ്വന്തം വീടുകളില്‍ ഇല്ല എന്നു കണ്ടെത്തിയിട്ടുണ്ട് എന്നും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടേയും സഹകരണ സ്ഥാപനങ്ങളുടേയും മറ്റു സ്പോണ്‍സര്‍മാരുടേയും സഹായത്തോടെ ഈ കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ് എന്നും അതിനോടു ചേര്‍ത്തുപറയുക മാത്രമാണ് ചെയ്തത്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുവരെ കാത്തിരുന്നാല്‍ പ്രത്യേകിച്ചു നഷ്ടമൊന്നും സംഭവിക്കുമായിരുന്നില്ല.

കെ.ടി. ജലീല്‍
കെ.ടി. ജലീല്‍

ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ് എന്നും അപ്പോഴേക്കും എല്ലാ കുട്ടികളും ഇതിന്റെ ഭാഗമാക്കാനാകും എന്നും മുഖ്യമന്ത്രി വിശദീകരിച്ചത് പിന്നീടാണ്; ക്ലാസ്സുകള്‍ തുടങ്ങിയശേഷം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താല്‍ക്കാലിക പഠനസൗകര്യമാണ് എന്ന അദ്ദേഹത്തിന്റെ വാക്കുകളും ദിവസങ്ങള്‍ക്കു മുന്‍പ് വിദ്യാഭ്യാസമന്ത്രി പറഞ്ഞതിനെ തിരുത്തുന്നതായി. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല എന്നു കണ്ടെത്തിയതായും ഈ കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തേണ്ടവര്‍ തന്നെയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ, അപ്പോഴേയ്ക്കും ഒരു പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുകയും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കം ധൃതിപിടിച്ചായിപ്പോയി എന്ന ധാരണ പരക്കുകയും ചെയ്തിരുന്നു.

ഇനി, തുടങ്ങിയ ക്ലാസ്സുകളുടെ കാര്യമോ? ''കുട്ടികളെല്ലാം വീട്ടിലിരുന്നു വിക്ടേഴ്സ് ചാനലില്‍ ക്ലാസ്സ് കാണുന്നു എന്നത് ഒരു സങ്കല്പമാണ്. കാണുന്നവരുള്ളതുപോലെ കാണാത്തവരുമുണ്ടാകാം. നവമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും വാട്സാപ്പിലൂടെ അതിന്റെ തുടര്‍ച്ച അധ്യാപകര്‍ നല്‍കണം എന്നാണ് നിര്‍ദ്ദേശം. മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കളുടെ ഫോണിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അധ്യാപകരുമായി ആശയവിനിമയം സാധിക്കണമെന്നില്ല. ജോലിക്കു പോകുന്ന രക്ഷിതാവ് വൈകിട്ട് എത്തിയശേഷമാണ് മിക്ക സ്‌കൂളുകളുടേയും വാട്സാപ്പ് ഗ്രൂപ്പുകളിലെ ക്ലാസ്. ഇതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്'' കേരള പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) പ്രസിഡന്റ് വി.കെ. അജിത്കുമാര്‍ പറയുന്നു. അധ്യാപകരെ ആത്മവിശ്വാസത്തിന്റെ മാത്രമല്ല, സമ്മര്‍ദ്ദത്തിന്റേയും പരകോടിയില്‍ എത്തിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനു പശ്ചാത്തലമൊരുക്കിയത്. വിദ്യാഭ്യാസമന്ത്രിതന്നെ അതിനു ചുക്കാന്‍പിടിച്ചു. ഉപയോഗിച്ചത് മധുരം പുരട്ടിയ വാക്കുകളാണ് എന്നുമാത്രം. കുട്ടിക്ക് നേരിട്ടു ക്ലാസ്സില്‍ എത്താന്‍ പറ്റില്ല എന്നതുകൊണ്ട് കുട്ടിക്ക് ക്ലാസ്സ് വീട്ടില്‍വെച്ചു നല്‍കുന്നു, ഇതാണ് മാറ്റം - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ''വിക്ടേഴ്സ് ചാനലും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളും വഴി ക്ലാസ്സുകള്‍ കുട്ടികള്‍ക്കു കിട്ടും. പക്ഷേ, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് നമ്മളാണ്. ഇത്തരത്തിലുള്ള ഏത് ആധുനിക അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തരാണ് കേരളത്തിലെ അധ്യാപകര്‍ എന്നു സംശയമില്ല. ആധുനിക പരിശീലനം ലഭിച്ച നിങ്ങളെല്ലാം ഇതിനു പ്രാപ്തരാണ്. അതില്‍ വിദ്യാഭ്യാസ വകുപ്പിനു സന്തോഷവും അഭിമാനവുമുണ്ട്. ഇതും നമുക്കു വിജയിപ്പിക്കണം'' എന്ന് മന്ത്രി പറഞ്ഞാല്‍ തങ്ങള്‍ പ്രാപ്തരല്ലെന്നും വേണ്ടത്ര പരിശീലനം ഇല്ലെന്നും ആരാണു തിരിച്ചു പറയുക. പക്ഷേ, തുടങ്ങിയപ്പോഴാണ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുറത്തുവന്നത്. കാര്യങ്ങള്‍ പിടിച്ചിടത്തു നില്‍ക്കുന്നില്ല.

മന്ത്രി നിര്‍ദ്ദേശിച്ച തുടര്‍പ്രവര്‍ത്തനരീതിയും ഇപ്പോള്‍ അധ്യാപകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നോക്കാം: ''ഒരു കുട്ടി, ഒരു പാഠഭാഗം ഒരേ അധ്യാപകനില്‍നിന്ന് ഒരേ സമയം കേള്‍ക്കുന്നു. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ വീട്ടിലാണ് ഇരിക്കുന്നത്, ക്ലാസ്സിലല്ല. എല്ലാ പാഠങ്ങളും അധ്യാപകരും കേള്‍ക്കണം. ക്ലാസ്സു കേട്ട ഉടനെ ടീച്ചറെന്നെ വിളിച്ചു, അതു മതി ആ ജൈവബന്ധം ആരംഭിക്കാന്‍. ക്ലാസ്സില്ലെങ്കിലും ടീച്ചര്‍ കൂടെയുണ്ട്'' -ഇതാണ് മന്ത്രി പറഞ്ഞത്. അടുത്ത വരികളില്‍ അധ്യാപകര്‍ക്കുള്ള താക്കീതുണ്ട്. ഈ ആഹ്വാനത്തിന്റെ സ്പിരിറ്റ് അതേപടി ഉള്‍ക്കൊണ്ടാണ് മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്തനത്തിലേക്കു കടന്നത്. അതില്‍ അധ്യാപകസംഘടനകളുടെ രാഷ്ട്രീയമൊന്നും തീരെ കലര്‍ന്നില്ല. പക്ഷേ, തുടങ്ങിയ ശേഷമുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍  സര്‍ക്കാരിന്റെ വേണ്ടത്ര പിന്തുണ കിട്ടിയുമില്ല. പ്രധാനാധ്യാപകരുടെ തലയില്‍ വെച്ചുകൊടുക്കുന്ന മട്ട്. അച്ഛനോ അമ്മയ്‌ക്കോ മുതിര്‍ന്ന ചേച്ചിക്കോ ചേട്ടനോ ആയിരിക്കും സ്മാര്‍ട്ട് ഫോണ്‍ ഉള്ളത്. അവര്‍ ജോലിക്കു പോകുന്ന സമയത്ത് കിട്ടുന്നില്ല. വൈകുന്നേരം വാട്സാപ്പ് ക്ലാസ്സുകള്‍ വയ്ക്കുമ്പോള്‍ എല്ലാ കുട്ടികളേയും ഒന്നിച്ചു കിട്ടാന്‍ ബുദ്ധിമുട്ട്. രക്ഷിതാക്കളുടെ ഫോണിലെ ഗ്രൂപ്പില്‍ എല്ലാവരും ഒരേ സമയം വരുന്നതിന്റെ ബുദ്ധിമുട്ടുതന്നെ പ്രശ്‌നം. സ്‌കൂളിലെ ലാപ്ടോപ്പ് കുട്ടികള്‍ക്കു കൊടുക്കാന്‍ അതിനിടെ ഉത്തരവ് ഇറങ്ങി. പ്രധാന അധ്യാപകന്റെ ഉത്തരവാദിത്വത്തിലുള്ളതാണ് ഇതും. മറ്റ് അധ്യാപകര്‍ക്കു കൊടുക്കുമ്പോള്‍ത്തന്നെ ഉത്തരവാദിത്ത്വം നിശ്ചയിച്ച് ഒപ്പിട്ടുവാങ്ങണമെന്നാണ് നിര്‍ദ്ദേശം. പുറത്തു കൊടുത്താല്‍ ആരൊക്കെ ഉപയോഗിക്കും, എങ്ങനെ ഉപയോഗിക്കും, തകരാറിലാകുമോ എന്നാണ് പേടി. തകരാറിലായാല്‍ രക്ഷിതാക്കളും പ്രധാനാധ്യാപകരും വെട്ടിലാകും.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചിരുന്നു. സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്കു പുതിയ സംവിധാനം ആലോചിക്കുന്നു എന്നാണ് അതില്‍ പറഞ്ഞത്. നാട്ടിലെ ലൈബ്രറികളിലും മറ്റും കുട്ടികള്‍ക്കു ക്ലാസ്സ് കാണാന്‍ സംവിധാനം ശരിയാക്കാം എന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഫലത്തില്‍ അതും ക്ലാസ്സ്‌റൂം പോലെതന്നെയാകില്ലേ എന്ന സംശയം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. മാത്രമല്ല, ഹോട്ട്സ്പോട്ടോ കണ്ടെയ്ന്‍മെന്റ് സോണോ ആണെങ്കില്‍ എങ്ങനെ ഇതു സാധിക്കും എന്നതും പ്രശ്‌നമാണ്. നൂറിലധികം ഹോട്ട്‌സ്പോട്ടുകളുണ്ട് കേരളത്തില്‍. സൗകര്യങ്ങളുള്ള മറ്റു വീടുകളിലെ സൗകര്യം ഉപയോഗിക്കാനും പറയുന്നു. അയല്‍ക്കാര്‍ തമ്മില്‍ നല്ല ബന്ധം ഉള്ളിടങ്ങളില്‍ ഇതു സാധ്യവുമാണ്. പക്ഷേ, ഈ കൊവിഡ് കാലത്ത് പലര്‍ക്കും മറ്റുള്ളവര്‍ വീട്ടില്‍ കയറുന്നത് ഇഷ്ടമല്ല എന്നു രക്ഷിതാക്കളും അധ്യാപകരും പറയുന്നത് അനുഭവത്തില്‍നിന്നാണ്. കുട്ടികള്‍ക്ക് ക്ലാസ്സ് കിട്ടുന്നുണ്ട് എന്നു പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തണം എന്നാണ് പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ പ്രധാനാധ്യാപകര്‍ എന്തുചെയ്യും എന്ന് അവര്‍ ചോദിക്കുന്നു. യുവജന, വിദ്യാര്‍ത്ഥി, സന്നദ്ധസംഘടനകളുടെ സഹകരണം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. പക്ഷേ, അതൊരു പൊതുസ്ഥിതിയല്ല. സ്‌കൂളല്ലാത്ത മറ്റൊരിടത്ത് വിടുന്നതിലുള്ള ആശങ്കയും പല രക്ഷിതാക്കളും അറിയിക്കുന്നതായി പ്രധാനാധ്യാപകര്‍ പറയുന്നു. അവരുടെ സുരക്ഷതന്നെ പ്രശ്‌നം.

റെക്കോര്‍ഡ് ചെയ്ത ക്ലാസ്സുകള്‍ വീണ്ടും കാണിക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടമായി പറയുന്നത്. അപ്പോഴും കുട്ടികളില്‍ ഇത് എത്രത്തോളം എത്തുന്നു എന്നതു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. 15 ലക്ഷത്തിലധികം സ്‌കൂള്‍ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവരാണ്. ഇവര്‍ക്കു വിക്ടേഴ്സ് ചാനല്‍ ക്ലാസ്സ് ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന രക്ഷിതാക്കളുടെ മക്കളാണെന്നാണ് സങ്കല്പം. അവര്‍ക്കു ടി.വിയോ സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ ഇതെല്ലാമോ ഉണ്ട്. പക്ഷേ, അവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഗുണഫലം ലഭിക്കാത്ത സ്ഥിതി. ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തമിഴ് മീഡിയം പഠിക്കുന്നവരുണ്ട്; കാസര്‍ഗോഡ് കന്നഡ മീഡിയവുമുണ്ട്. അവര്‍ക്കാര്‍ക്കും ക്ലാസ്സ് കിട്ടുന്നില്ല. അറബി, ഉറുദു ഭാഷാ ക്ലാസ്സുകളുമില്ല.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുന്‍പേ വന്നെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പ്, മെയ് 29-നു മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട ഗുണമേന്മാ സമിതി (ക്യു.എല്‍.സി) സംസ്ഥാന തലത്തില്‍ ചേര്‍ന്നത്. അതിലാണ് ജൂണ്‍ ഒന്നിനുതന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുവെന്ന നയപരമായ തീരുമാനം അറിയിക്കുന്നത്. അന്നത്തെ തീയതിവച്ച ഉത്തരവു പിറ്റേന്ന് അധ്യാപകര്‍ക്കും ലഭിച്ചു. ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍, ഇതു നമുക്കങ്ങ് തുടങ്ങാം എന്നാണ് ഡി.പി.ഐ പറഞ്ഞത് എന്ന് അതില്‍ പങ്കെടുത്ത അധ്യാപക സംഘടനാ നേതാക്കളില്‍ ചിലര്‍ പറയുന്നു. തുടങ്ങിയശേഷം കുറവുകള്‍ നികത്തി മുന്നോട്ടു പോകാം എന്നാണ് ഔദ്യോഗിക നിലപാട്. സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അക്ഷയ തുടങ്ങിയവ വഴി സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് എന്നാണ് യോഗത്തില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞത്. പക്ഷേ, താഴേയ്ക്ക് അപ്പോഴും നിര്‍ദ്ദേശങ്ങള്‍പോലും കിട്ടിയിരുന്നില്ല. സര്‍ക്കാര്‍ ഈ സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചശേഷം മാത്രമേ തുടങ്ങാന്‍ പാടുള്ളു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും 80 ശതമാനം കുട്ടികള്‍ക്കെങ്കിലും ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കിയിട്ടു മതിയായിരുന്നു എന്ന് കേരള പ്രൈവറ്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ അഭിപ്രായപ്പെടുന്നു.

ദേവിക
ദേവിക

ഡിജിറ്റല്‍ വിഭജനം

കൊവിഡിന്റേയും നിയന്ത്രണങ്ങളുടേയും കാലത്ത് ക്ലാസ്സുകള്‍ക്കു ബദല്‍ മാര്‍ഗ്ഗങ്ങള്‍ വേണമെന്നു കോളേജ് അധ്യാപകര്‍ തന്നെയാണ് ആദ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സി.പി.എം അനുകൂല കോളേജ് അധ്യാപക സംഘടന എ.കെ.പി.സി.ടി.എ കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ഈ ആവശ്യം ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. പക്ഷേ, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ രീതിയും ക്ലാസ്സ് സമയമാറ്റത്തിലെ ഏകപക്ഷീയ തീരുമാനവും പിന്നീട് ഇതേ സംഘടനയ്ക്കുതന്നെ വിമര്‍ശിക്കേണ്ടിവന്നു. അധ്യാപകര്‍ക്കു പരിശീലനം നല്‍കുകയും വിദ്യാര്‍ത്ഥിക്കു മുഴുവന്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കുന്നതിനു പദ്ധതിയും വേണം എന്നായിരുന്നു നിര്‍ദ്ദേശം. കംപ്യൂട്ടര്‍ സാക്ഷരതയും അതിനപ്പുറം വൈദഗ്ദ്ധ്യവും സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യവുമൊക്കെ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കു പരിശീലനം ലഭിച്ചവരല്ല കോളേജ് അധ്യാപകര്‍. സ്‌കൂളുകളിലെ ഐ.ടി അറ്റ് സ്‌കൂള്‍പോലെയുള്ള പദ്ധതികളൊന്നും കോളേജുകളില്‍ നടപ്പാക്കിയിട്ടുമില്ല. വിദ്യാര്‍ത്ഥികളിലെ 'ഡിജിറ്റല്‍ വിഭജനം' ആണ് മറ്റൊരു പ്രധാന പ്രശ്‌നം. കുട്ടികളില്‍ വലിയൊരു വിഭാഗം ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ക്കു പുറത്തുനില്‍ക്കുന്നു. സ്‌കൂളുകളുടെ കാര്യത്തിലുണ്ടായ നാമമാത്ര പഠനം കോളേജ് വിദ്യാര്‍ത്ഥികളെക്കുറിച്ചു  നടന്നിട്ടുമില്ല.

പഠനം നടന്നിരുന്നെങ്കില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാപ്യമാകാതെ വരുന്നത് എന്ന ഏകദേശ ധാരണ ഉണ്ടാകുമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രയാസങ്ങളൊക്കെ മറികടക്കാന്‍ സജ്ജരായ വിദ്യാര്‍ത്ഥികളും പരിശീലനം ലഭിച്ച അധ്യാപകരും കൂടിയായാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അതിന്റെ ലക്ഷ്യം നേടുമായിരുന്നു. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. മാത്രമല്ല, എട്ടര മുതല്‍ ഒന്നര വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തീരുമാനിക്കുകയും കോളേജുകള്‍ തുറക്കുമ്പോഴും ഇതുതന്നെ ആയിരിക്കും സമയം എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ കാര്യത്തിലെപ്പോലെതന്നെ ഇതിലും വിദ്യാര്‍ത്ഥികളുടെ സൗകര്യം കണക്കിലെടുത്തില്ല. വളരെ ദൂരെനിന്ന് എത്തുന്ന, കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത നിരവധി വിദ്യാര്‍ത്ഥികളെ ഇതു ദോഷകരമായി ബാധിക്കും. ഭരണപക്ഷ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുമുണ്ട് അതൃപ്തി. എതിര്‍പ്പുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അയഞ്ഞു എന്ന സൂചനയുണ്ട്. തീരുമാനമായിട്ടില്ല. ''ഈ സമയക്രമം കോളേജുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടാകും. ഉന്നത വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം അത് അംഗീകരിക്കുകയും കോളേജുകള്‍ തുറക്കുമ്പോള്‍ മാറ്റാം എന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.'' ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) പ്രസിഡന്റ് ഡോ. സി. പത്മനാഭന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പുതുക്കിയ സമയക്രമവും സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് അടിച്ചേല്പിക്കുന്നു എന്നാണ് യു.ഡി.എഫ് അനുകൂല കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ) വിമര്‍ശിക്കുന്നത്. ഒരുപടികൂടി കടന്ന്, പൊതുവിദ്യാഭ്യാസ മേഖല ദുര്‍ബ്ബലപ്പെടുന്നതിനും സ്വകാര്യ സര്‍വ്വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കു വിപണിയൊരുക്കുന്നതിനും ഇതു വഴിതെളിക്കുമെന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരവധി അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്നതിന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കാരണമാകാം എന്നത് കോളേജ് അധ്യാപക സംഘടനകളുടെ പൊതുവായ ഭയമാണ്.

വിദ്യാഭ്യാസ മേഖല സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സജീവമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സുകളോടു യോജിക്കുകയാണ് ഗവണ്‍മെന്റ് കോളേജുകളിലെ സി.പി.എം അനുകൂല അധ്യാപക സംഘടന എ.കെ.ജി.സി.ടി.എ. സമയമാറ്റവും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുവേണ്ടി താല്‍ക്കാലികമായി നടപ്പാക്കിയതാണ് എന്ന നിലപാടാണ് അവര്‍ പ്രകടിപ്പിക്കുന്നത്. പക്ഷേ, സര്‍ക്കാരിനെ വെട്ടിലാക്കാതിരിക്കാന്‍ പരസ്യമായി ഇങ്ങനെ പറയുന്നുണ്ടെങ്കിലും അവരും വിയോജിപ്പ് മന്ത്രിയെ അറിയിക്കുകതന്നെ ചെയ്തു. റെഗുലര്‍ ക്ലാസ്സുകള്‍ തുടങ്ങുമ്പോള്‍ എല്ലാവരുമായി ആലോചിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്ന നിലപാടിലേക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ എത്തിക്കുന്നതിന് അതുമൊരു കാരണമായി. ''ഇതൊരു രണ്ടാഴ്ചത്തെ ട്രയലാണ്. ആദ്യത്തെ ഒരാഴ്ച എത്ര കുട്ടികള്‍ക്ക് ക്ലാസ്സ് കിട്ടി എന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കണക്കു ശേഖരിക്കുകയാണ്. ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കും എന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പ്രതീക്ഷയുണ്ട്. സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്നു പരിഹരിക്കുന്നതിനും ശ്രമിക്കുകയാണ്'' -എ.കെ.ജി.സി.ടി.എ ജനറല്‍ സെക്രട്ടറി ഡോ. എന്‍. മനോജ് പറയുന്നു.

ക്ലാസ്സ്‌റൂം പഠനത്തിനു ബദലായി അല്ല ഓണ്‍ലൈന്‍ പഠനം നടപ്പിലാക്കുന്നത് എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. അതേസമയം തന്നെ, വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഹാജര്‍നില ശേഖരിക്കണം എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ അതിലും രാവിലെ എട്ടരയ്ക്ക് ഹാജരെടുക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസ്സ് എന്നത് യഥാര്‍ത്ഥ ക്ലാസ്സ്മുറികളുടെ പകര്‍പ്പല്ല എന്നാണ് ഇതിനോട് അധ്യാപകസംഘടനകളുടെ പ്രതികരണം. ഏതു സമയത്തും എവിടെനിന്നും പങ്കെടുക്കാന്‍ കഴിയണം എന്നതാണ് ഓണ്‍ലൈന്‍ ക്ലാസ്സിന്റെ പ്രത്യേകത. അതിനു പരമ്പരാഗത രീതിയില്‍ ഹാജരെടുക്കുന്നതിനു പകരം പങ്കാളിത്തം പരിശോധിക്കുന്നതിനു വേറെ രീതി കൊണ്ടുവരണം എന്ന അഭിപ്രായമാണ് വിദ്യാര്‍ത്ഥി സംഘടനകളും ഉന്നയിക്കുന്നത്.

സ്വന്തം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത കോളേജുകളിലോ മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ലൈബ്രറികളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി സൗകര്യം ഒരുക്കാവുന്നതേയുള്ളൂ എന്ന് അലസമായി പറഞ്ഞുപോകുന്ന രീതിയാണ് മന്ത്രിയില്‍നിന്നുണ്ടായത്. ഫലത്തില്‍ അത് ക്ലാസ്സ് മുറിപോലെതന്നെയായി മാറും എന്നതാണ് പ്രശ്‌നം.

ഏപ്രിലില്‍ത്തന്നെ എ.കെ.പി.സി.ടി.എ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുത്തു. സര്‍വ്വകലാശാലകളുടെ സിലബസ് തന്നെ അതത് സര്‍വ്വകലാശാലകളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ പാഠങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. വീഡിയോയും ഓഡിയോയും ഉണ്ടായിരുന്നു. അത് ചെയ്തുവന്നപ്പോഴാണ് അധ്യാപക പരിശീലനത്തിന്റെ അഭാവം വ്യക്തമായത്. അപ്പോള്‍ അധ്യാപക പരിശീലനം നടത്തി. എണ്ണായിരത്തോളം അധ്യാപകര്‍ പത്തു ദിവസത്തെ കോഴ്സില്‍ പങ്കാളികളായി.

മുതിര്‍ന്ന അധ്യാപകരുള്‍പ്പെടെ ഇതിന്റെ ഭാഗമാവുകയും ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ കഴിവ് നേടുകയും ചെയ്തു. ലേണ്‍ ഇന്‍ ലോക്ഡൗണ്‍ വിത്ത് എ.കെ.പി.സി.ടി.എ എന്ന പദ്ധതിയെ മുഖ്യമന്ത്രി പ്രശംസിച്ചെങ്കിലും രണ്ടു പ്രശ്‌നങ്ങള്‍ ബാക്കിയായി. ഒന്നാമത്തേത്, സ്വയം വലുതാകാന്‍ എ.കെ.പി.സി.ടി.എ സ്വന്തം നിലയില്‍ ക്ലാസ്സുകള്‍ നടത്തി എന്ന പ്രതിപക്ഷ സംഘടനകളുടെ വിമര്‍ശനം. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഇല്ലാത്തതാണ് അതിനേക്കാള്‍ പ്രധാനം. അത് സംഘടന തുറന്നു സമ്മതിക്കുന്നുമുണ്ട്. ''ക്ലാസ്സ്മുറികളിലെ പഠനം ഇപ്പോള്‍ സാധ്യമല്ലാത്തതുകൊണ്ട് ഓണ്‍ലൈനു പ്രാധാന്യം നല്‍കുന്നു എന്നേയുള്ളു. ക്ലാസ്സ്മുറികളിലെ പഠനം സാധ്യമാകുന്ന ഘട്ടം തിരിച്ചുവരുമ്പോള്‍ ഓണ്‍ലൈന്‍ അതിന്റെ അനുബന്ധമാകണം. ഞങ്ങളുടേത് അന്ധമായ എതിര്‍പ്പല്ല; അതേസമയം ചില വിയോജിപ്പുകളുണ്ടുതാനും - ഡോ. പത്മനാഭന്‍ വിശദീകരിക്കുന്നു.

ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

അരികിലായിപ്പോകുന്നവര്‍

മാറ്റങ്ങളോടു മുഖം തിരിച്ചുനില്‍ക്കുന്നില്ല എന്നു പറയുന്ന യു.ഡി.എഫ് കക്ഷികളുടെ പൊതുസംഘടന, കെ.പി.സി.ടി.എ അവരുടെ വിവിധ അവകാശങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് മെയ് 12-നു സമരം നടത്തിയത്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ കാര്യം അതിനിടയില്‍ പറഞ്ഞുപോയി. ''മൂവായിരത്തി അഞ്ഞൂറോളം തസ്തികകള്‍, 16 മണിക്കൂറില്‍ കുറവ് വര്‍ക്ക് ലോഡുള്ള തസ്തികകള്‍, കാലങ്ങളായി നടപ്പിലിരുന്ന സമയക്രമം, പി.ജി. വെയിറ്റേജ്, അഡ്വാന്‍സ് ഇന്‍ക്രിമെന്റ്, ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷന്‍ പരിഗണിക്കുന്നത്, മൂല്യനിര്‍ണ്ണയ വേതനം തുടങ്ങി അടുത്തകാലത്ത് കവര്‍ന്നെടുക്കപ്പെട്ട ആനുകൂല്യങ്ങളുടെ പട്ടിക നിരവധിയാണ് എന്ന് കെ.പി.സി.ടി.എ പറയുന്നു. അതിനെതിരെയാണ് ഡി.ഡി ഓഫീസുകളുടെ മുന്‍പില്‍ ധര്‍ണ്ണ നടത്തിയത്. എന്നാല്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം അന്യമാകുമോ എന്ന ഭയമുണ്ടെന്ന് മുസ്ലിം ലീഗ് അനുകൂല സി.കെ.സി.ടി (കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സ്) വൈസ് പ്രസിഡന്റ് ഷഹദ് ബിന്‍ അലി പറയുന്നു. ''ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് ഇപ്പോഴത്തെ ഒരേയൊരു പരിഹാരം എന്നതുകൊണ്ട് അതുമായി സഹകരിക്കുന്നു, ഇനിയും സഹകരിക്കും. പക്ഷേ, അധ്യാപകരുമായി പ്രായോഗിക വശങ്ങള്‍ സര്‍ക്കാര്‍ കൂടിയാലോചിച്ചിട്ടില്ല. എത്ര കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കുന്നുണ്ട് എന്നു കണക്കെടുത്തിട്ടില്ല.''

ഒരു മണിക്കൂര്‍ ക്ലാസ്സെടുത്തു കഴിയുമ്പോള്‍ കുറഞ്ഞത് 500 എം.ബി ഡാറ്റയെങ്കിലും വേണ്ടി വരുമെന്നും കുട്ടികള്‍ക്ക് രാവിലെ എട്ടര മുതല്‍ ഒന്നര വരെ ക്ലാസ്സിന് എത്ര ഡാറ്റ വേണ്ടിവരുമെന്നത് പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം പറയുന്നു. ''ഇത് എല്ലാ ദിവസവും വേണമല്ലോ. എല്ലാ കുട്ടികളും ലാപ്ടോപ്പും ബ്രോഡ്ബാന്റും ഉള്ളവരല്ല. ഒരു ജി.ബി ഒരു ദിവസം കിട്ടണമെങ്കില്‍ മാസം 250 രൂപയെങ്കിലും വേണം. എല്ലാ രക്ഷിതാക്കളും അതിനു പ്രാപ്തിയുള്ളവരല്ല. ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്നവരാണ് ഭൂരിഭാഗം രക്ഷിതാക്കളും.''

ഇതേ ആശങ്ക കെ.പി.സി.ടി.എ അംഗവും എഴുത്തുകാരിയുമായ ഡോ. ബെറ്റിമോള്‍ മാത്യുവും പങ്കുവയ്ക്കുന്നു: ''കിട്ടുന്ന തുച്ഛ വരുമാനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങുമോ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമോ, ഡേറ്റ വാങ്ങുമോ, അരി വാങ്ങുമോ? ഈ വിഷയം ശരിയായി അഡ്രസ്സ് ചെയ്യപ്പടുന്നില്ല. ആരാണ് വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷം എന്നു മനസ്സിലാക്കണം. അതിവേഗ ബ്രോഡ്ബാന്റും കംപ്യൂട്ടറുമുള്ള മധ്യവര്‍ഗ്ഗക്കാര്‍ക്കു മാത്രമാണ് കിട്ടുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന് ഇതൊന്നുമില്ല. അവര്‍ ഇതിനു പുറത്തു പോവുകയാണ്. ദാരിദ്ര്യം, പ്രത്യേകിച്ചും ഈ ലോക്ഡൗണ്‍ കാലത്ത് ഒരു യാഥാര്‍ത്ഥ്യമാണ്. ഓട്ടോറിക്ഷാ തൊഴിലാളികളുടേയും തട്ടുകടക്കാരുടേയും മത്സ്യത്തൊഴിലാളികളുടേയും വഴിയൊര കച്ചവടക്കാരുടേയുമൊക്കെ മക്കള്‍ പഠിക്കുന്നുണ്ട്. അവരുടെ വരുമാനം മുടങ്ങിയിട്ട് മാസങ്ങളായി.''

കൊവിഡ് കാലത്തു വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെയുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ദളിത് നേതാക്കളും ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തിലും സമാന ആശങ്കകളുണ്ട്. ''ഇപ്പോള്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണം ദളിത്, ആദിവാസി, അതീവ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ അനുഭവങ്ങളെ വേണ്ടത്ര പരിഗണനയിലെടുത്തിട്ടില്ല. അറിവിന്റെ മണ്ഡലത്തില്‍നിന്നും മാറ്റി നിര്‍ത്തിയിരുന്ന ജനവിഭാഗങ്ങള്‍ എന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യത അതിപ്രധാനമാണ്. ഒരു ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ഉണ്ടായി എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തീരദേശ, ആദിവാസി, പട്ടിക ജാതി-വര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ല'' - നിവേദനത്തില്‍ വിശദീകരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com