വരുമോ രാഷ്ട്രീയത്തെ പുറത്തുനിര്‍ത്തുന്ന വെര്‍ച്ച്വല്‍ ക്ലാസ്സ്മുറികള്‍?

കൊവിഡിനെത്തുടര്‍ന്ന് ലോകം പുണരുന്ന 'ന്യൂ നോര്‍മല്‍' നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് എന്താകണം എന്നതു സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ കരടുരേഖയെ മുന്‍നിര്‍ത്തി മുറുകുന്ന ചര്‍ച്ചകളിലുള്ളത്
വരുമോ രാഷ്ട്രീയത്തെ പുറത്തുനിര്‍ത്തുന്ന വെര്‍ച്ച്വല്‍ ക്ലാസ്സ്മുറികള്‍?

 
കൊവിഡ് കാലത്തിനുശേഷം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം സമഗ്രമായ ഒരഴിച്ചുപണിക്ക് തയ്യാറാകുന്നു എന്നതിന്റെ സൂചനകളാണ് ഇതു സംബന്ധിച്ച് ഡോ. രാജന്‍ ഗുരുക്കള്‍ ഉപാധ്യക്ഷനായുള്ള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ കരടുരേഖ നല്‍കുന്നത്. കൊവിഡ് അനന്തരകാലത്ത് മറ്റേതുരംഗത്തേയുമെന്നപോലെ ഉന്നതവിദ്യാഭ്യാസരംഗത്തേയും ദുരന്ത മുതലാളിത്തം (Disaster capitalism) വിഴുങ്ങിയേക്കാമെന്ന ആശങ്ക വ്യക്തമായും മുന്നോട്ടുവെയ്ക്കുന്നുണ്ട് ഈ രേഖ. അതേസമയം, നിരവധി പൊരുത്തക്കേടുകളും സന്ദിഗ്ദ്ധതകളും നിറഞ്ഞ ഒന്നാണ് ഈ രേഖയെന്നും നവലിബറല്‍ അജന്‍ഡയില്‍ അധിഷ്ഠിതമായ പരിഷ്‌കാരങ്ങള്‍ക്ക് കടന്നുവരാവുന്ന നിരവധി പഴുതിടങ്ങള്‍ രേഖയിലുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ നിലവാരം സംബന്ധിച്ച രേഖയിലെ പരാമര്‍ശങ്ങളും ലക്ച്ചറിംഗ് രീതിയിലെ പോരായ്മകളെക്കുറിച്ചുമുള്ള വിമര്‍ശനമാണ് മുഖ്യമായും അധ്യാപകസമൂഹത്തിലെ പലരേയും ചൊടിപ്പിച്ചിട്ടുള്ളത്. നിലവിലെ ലക്ച്ചര്‍ രീതിയെ കരടുരേഖ അടിമുടി വിമര്‍ശനവിധേയമാക്കുന്നുണ്ട്. Democratization of mediocrtiy എന്നാണ് കേരളത്തിലെ നിലവിലുള്ള ലക്ച്ചര്‍ അധിഷ്ഠിത അധ്യയന/പഠനരീതിയെ രേഖ വിശേഷിപ്പിക്കുന്നത്. നമ്മുടെ ലക്ച്ചര്‍ അധിഷ്ഠിത പഠനരീതിയോടുള്ള നിശിതവും. അശാസ്ത്രീയവുമായ വിമര്‍ശനവുമായിട്ടാണ് പലര്‍ക്കും കരടുരേഖ ഈ രീതിയെ ഇങ്ങനെ വിശേഷിപ്പിച്ചത് അനുഭവപ്പെട്ടത്. ശരാശരിയിലോ അതില്‍ താഴെയോ ഉള്ള നിലവാരത്തെ സാര്‍വ്വത്രികമാക്കിത്തീര്‍ക്കുകയായിരുന്നു എന്ന കരടുരേഖയിലെ വിമര്‍ശനം കഴിവുകേടിന്റെ വിമര്‍ശനം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്.

നമ്മുടെ കലാലയ സര്‍വ്വകലാശാലകളിലും ഏറെക്കാലമായി തുടര്‍ന്നുപോരുന്ന ലക്ച്ചര്‍ രീതിയും അധ്യാപനശൈലികളും മീഡിയോക്രിറ്റിയെ ജനാധിപത്യവല്‍ക്കരിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും വെര്‍ച്ച്വല്‍ ക്ലാസ്സ്മുറികളും ഉപയോഗിച്ച് 'സ്മാര്‍ട്ട് ടീച്ചിങ്' സാധ്യമാക്കാമെന്നും രേഖ വാദിക്കുന്നു. ഏറ്റവും നവീനമായ പഠനവസ്തുക്കളും നൊബേല്‍ സമ്മാനിതര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള അധ്യാപകരുടെ പ്രഭാഷണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാക്കാമെന്ന വസ്തുതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് കരടുരേഖ.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പീക്ക്‌സ് ഒഫ് മിഡിയോക്രിറ്റി ആണ് നിലവിലുള്ളതെന്ന് ആദ്യം വിമര്‍ശനമുയര്‍ത്തിയത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന യു.ആര്‍. അനന്തമൂര്‍ത്തി ആയിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് മെച്ചപ്പെടുത്തലുകളുടെ അനിവാര്യത ആര്‍ക്കും നിഷേധിക്കാനാകാത്തതാണ്. എന്നാല്‍, കരടുരേഖ നിര്‍ദ്ദേശിച്ചിട്ടുള്ള കുറിപ്പടികള്‍ വിപരീതഫലമാണ് ചെയ്യുകയെന്ന് വിദ്യാഭ്യാസ ചിന്തകനായ അമൃത് ജി. കുമാര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കുള്ള ചുവടുമാറ്റം ആഗോളമായ പരോക്ഷതാല്പര്യങ്ങളില്‍ വേരുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

''നമ്മുടെ വിദ്യാഭ്യാസം കഴിവില്ലായ്മയുടെ ജനാധിപത്യവല്‍ക്കരണമാണ് എന്നു പറയുന്നത് എത്രമാത്രം ശരിയാണ്? കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വന്‍തോതിലുള്ള തള്ളിക്കയറ്റം ഉണ്ടായിട്ടുണ്ട്. മുന്‍പ് വരേണ്യവിഭാഗങ്ങളുടെ കുത്തകയായിരുന്ന ഉന്നതവിദ്യാഭ്യാസത്തില്‍ ഇന്ന് സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്നുണ്ട്. അവര്‍ക്കുമേല്‍ സൂചിപ്പിക്കപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തിനു പൂര്‍ണ്ണമായ അര്‍ഹതയുണ്ട് എന്നാല്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടപ്പിലാക്കപ്പെട്ട കമ്പോളവിദ്യാഭ്യാസം അവരുടെ ശേഷികളേയും ആത്മവിശ്വാസത്തേയും തകര്‍ത്തു എന്നല്ലേ വസ്തുത? കഴിവില്ലാത്തവരെന്നു നാം മുദ്രകുത്തുന്ന അധ്യാപകര്‍ ഇവരില്‍ ആത്മവിശ്വാസം ജനിപ്പിക്കാനും ജീവിക്കാനുള്ള ധൈര്യം പകര്‍ന്നുകൊടുക്കാനുമുള്ള കഠിനപ്രയത്‌നത്തിലാണ്. അതില്‍ അവരുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കാനുള്ള എന്ത് നിക്ഷേപമാണ് നമ്മുടെ വിദ്യാഭ്യാസവിദഗ്ധരും മാനേജ്മെന്റുകളും നടത്തിയിട്ടുള്ളത്? വഴിപാടുപോലെ നടത്തുന്ന ഓറിയന്റേഷന്‍ റിഫ്രഷര്‍ കോഴ്സുകള്‍ ഇത്തരത്തിലുള്ള ഒരു റിസോഴ്സും അവര്‍ക്കു നല്‍കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താനുള്ള ചിലരുടെ അമേച്ച്വറിഷ് ശ്രമങ്ങള്‍ പ്രയോജനകരമല്ല എന്നും പറയുന്നു. ചുരുക്കത്തില്‍ നിങ്ങള്‍ മാറിനില്‍ക്കുക, ഞങ്ങള്‍ വിദഗ്ദ്ധരെക്കൊണ്ടു ക്ലാസ്സ് നടത്തിക്കൊള്ളാം എന്നാണ് ഇപ്പോള്‍ പറയുന്നത് അതിനുപകരം നിങ്ങളാണ് ക്ലാസ്സ് കൈകാര്യം ചെയ്യേണ്ടത്. അതിനാവശ്യമായ വിഭവങ്ങളും പൂര്‍ണ്ണ പിന്തുണയും ഞങ്ങള്‍ തരാം എന്നല്ലേ പറയേണ്ടിയിരുന്നത്?'' ചരിത്രകാരനും ഇടതുസഹയാത്രികനുമായ ഡോ. കെ.എന്‍. ഗണേഷ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

അറിവുല്പാദനത്തിന്റെ നിലവാരക്കുറവല്ല, മറിച്ച് അതിന്റെ ജനാധിപത്യവല്‍ക്കരണമാണ് കൗണ്‍സിലിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്നും ആരോപിക്കപ്പെടുന്നുണ്ട്. അറിവുല്പാദനത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ്, അതായത് കുറച്ചുപേര്‍ക്കിടയില്‍ ഒതുങ്ങി നിന്നിരുന്ന 'മീഡിയോക്രിറ്റി' കുറെ അധികം പേരിലേക്കെത്തിയതാണ്/ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതാണ് കൗണ്‍സിലിന്റെ പ്രശ്‌നം - ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഡോ. നജീബ് പി.എം. പറയുന്നു. അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രശ്‌നമെന്നും അറിവിന്റേയും വിജ്ഞാനോല്പാദനം നടത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടേയും നിയന്ത്രണം പിടിച്ചെടുക്കാന്‍ ഒരുമ്പെടുന്ന കമ്പോളമുതലാളിത്തത്തേയും ജനവിരുദ്ധ ഫാസിസ്റ്റു ഭരണകൂടങ്ങളുടേയും അജന്‍ഡകള്‍ നടപ്പാക്കാനുള്ള ചട്ടുകമായാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള സംശയം ജനിപ്പിക്കുന്നതാണ് നയരേഖയുടെ ഉള്ളടക്കമെന്നും നജീബ് ആരോപിക്കുന്നു.

''കൊവിഡിന്റെ മറവില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ കുഴിതോണ്ടുന്ന വിധത്തിലുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് അധികാരികള്‍ തുനിഞ്ഞിറങ്ങുന്നത്. ഒരു വശത്ത് 'കേരളം നമ്പര്‍ വണ്‍' എന്നു പറയുമ്പോള്‍ വേറെ ഒരു വശത്ത് കേരളത്തെ ഒന്നാം നമ്പര്‍ ആക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കലാലയങ്ങളേയും സര്‍വ്വകലാശാലകളേയും മുച്ചൂടും നശിപ്പിക്കാനുതകുന്ന നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്. സാമൂഹികതയില്‍ ഊന്നിയ കേരളവികസന മാതൃകയുടെ പ്രധാന ഊര്‍ജ്ജസ്രോതസ്സായ കലാലയങ്ങളേയും അവിടത്തെ സംവാദാധിഷ്ഠിതമായ അധ്യയനരീതിയേയും പരിഹാസത്തോടെയാണ് കൗണ്‍സില്‍ കാണുന്നത്. നമ്മുടെ കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും ഉള്ള നിലവാരം 'അത്ര പോരാ' എന്നാണ് കൗണ്‍സില്‍ കരുതുന്നത്. വിദേശ സര്‍വ്വകലാശാലകളിലെ നൊബേല്‍ സമ്മാനിതരായ അധ്യാപകരെ ഇവിടത്തെ ലോക്കല്‍ പ്രൊഫസ്സര്‍മാര്‍ കണ്ടുപഠിക്കണം എന്ന സൗജന്യ ഉപദേശവും കൗണ്‍സില്‍ വകയായി ഉണ്ട്'' - നജീബ് പറയുന്നു.

''വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഇറക്കിയും വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറച്ചും അധ്യാപക തസ്തികകള്‍ കൂടുതല്‍ സൃഷ്ടിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും ഒക്കെയാണ് മികവുണ്ടാക്കേണ്ടത്. അന്താരാഷ്ട്ര പ്രശസ്തരായ അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ സ്‌ക്രീനില്‍ കാണിച്ചതുകൊണ്ടുമാത്രം മികവ് ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ ഇവിടെയുള്ള അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്'' - ഡോ. നജീബ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നത് നയരേഖയല്ലെന്നും കരടുരേഖയാണെന്നുമാണ് കൗണ്‍സില്‍ ഉപാധ്യക്ഷനായ ഡോ. രാജന്‍ ഗുരുക്കള്‍ പറയുന്നത്. വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും, കൊവിഡ് കാലം എല്ലാ മേഖലയിലുമെന്നപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമണ്ഡലത്തിലും വലിയ മാറ്റങ്ങള്‍ക്കു നിമിത്തമാകുമെന്ന് ഉറപ്പാണ്. ആ മാറ്റങ്ങള്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നും. തീര്‍ച്ചയായും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കരടുരേഖയെക്കുറിച്ച് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് അതാണ്.

ലക്ഷ്മണരേഖ നിശ്ചയിക്കണം
ജെ. പ്രഭാഷ്

കൊവിഡാനന്തര ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ ഏതു നയവും ഊന്നിപ്പറയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഒന്നാമതായി അത് ഒരു സ്റ്റോപ്ഗ്യാപ് അറേഞ്ച്‌മെന്റ് ആണെന്നും ടെംപററി ആണെന്നുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ലാസ്സ്മുറികളിലിരുന്നു പഠിക്കുക സാധ്യമല്ല. അധ്യയനം പൂര്‍ണ്ണമായും തടസ്സപ്പെടാതിരിക്കാന്‍ ഒരു ഉപാധി എന്ന നിലയ്ക്കു മാത്രമായിരിക്കണം നാം ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കേണ്ടത്.

അതേസമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ചിലത് ഇവിടെ നിലനില്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിനു ഒരു അസൈന്‍മെന്റ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈനായിട്ട് സമര്‍പ്പിക്കാനാകും. പരീക്ഷാസംബന്ധിയായ ചില കാര്യങ്ങള്‍ക്കുമൊക്കെ ഓണ്‍ലൈന്‍ ഉപയോഗിക്കാനാകും. അതായത് ഇപ്പോഴുള്ള ക്ലാസ്സ്മുറി വിദ്യാഭ്യാസത്തിനു പൂരകമായിട്ടായിരിക്കണം ഓണ്‍ലൈന്‍ സംവിധാനം വിനിയോഗിക്കേണ്ടത്. ഒരിക്കലും നമ്മുടെ ക്ലാസ്സ്മുറികളിലെ മുഖാമുഖമുള്ള വിദ്യാഭ്യാസത്തിനു അതിനു പകരംവയ്പാകില്ല.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്രത്തോളമാകാമെന്നതു സംബന്ധിച്ച് ഒരു ലക്ഷ്മണരേഖ നിശ്ചയിക്കണമെന്നുള്ളതാണ് എന്റെ അഭിപ്രായം. ഏതാനും വിവരങ്ങളുടെ കൈമാറ്റമല്ല, ക്ലാസ് മുറികളില്‍ നടക്കുന്നത്. വിജ്ഞാനോല്പാദനവും പൊതുബുദ്ധിജീവികളെ സൃഷ്ടിക്കലുമാണ്. വിമര്‍ശനാത്മകചിന്തയാണ് അത്തരമൊരു വിദ്യാഭ്യാസത്തിന്റെ കാതല്‍. വിദ്യാഭ്യാസം പരിപൂര്‍ണ്ണമായും ഓണ്‍ലൈനാകുന്നത് ഇതിനു സഹായിക്കുമെന്നു തോന്നുന്നില്ല. മാനവിക വിഷയങ്ങളില്‍ മാത്രമല്ല, ശാസ്ത്രവിഷയങ്ങളിലും പൊതുബുദ്ധിജീവികളെ സൃഷ്ടിക്കുക തന്നെയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഒരു ശാസ്ത്രജ്ഞന്‍ ഒരു പൊതുബുദ്ധിജിവി കൂടിയാകണമല്ലോ.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ശരാശരിയോ അതില്‍ താഴെയോ ആയിരിക്കുന്നതിനു സാമൂഹികമായ പല കാരണങ്ങളുണ്ട്. ലക്ച്ചറിംഗിന്റെ പഴയ രീതികള്‍ മാത്രമല്ല. ഒരുകാലത്ത് കേരളത്തിലെ മധ്യവര്‍ഗ്ഗം പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത് പൊതുവിദ്യാലയങ്ങളെ ആയിരുന്നു. നിരവധി പ്രതിഭകള്‍ പൊതുവിദ്യാലയങ്ങളില്‍നിന്നാണ് പഠിച്ചിറങ്ങിയത് എന്നതിന് ഇതാണ് കാരണം. പില്‍ക്കാലത്ത് മധ്യവര്‍ഗ്ഗം എല്ലാ കാര്യങ്ങളിലും സ്വകാര്യമേഖലയെ ആശ്രയിച്ചുതുടങ്ങി. റേഷന്‍ കടയില്‍ പോകുന്നതിനു പകരം സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഗവണ്‍മെന്റ് ആശുപത്രിയില്‍ പോകുന്നതിനു പകരം സ്വകാര്യ ആശുപത്രികളിലേക്കുമൊക്കെ അവര്‍ കൂടുമാറിയ കൂട്ടത്തില്‍ അവരുടെ കുട്ടികളെ അവര്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും അയയ്ക്കാന്‍ തുടങ്ങി. നമ്മുടെ പൊതുവിദ്യാലയങ്ങളേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമൊന്നും പല സ്വാശ്രയ കോളേജുകളിലും ഇല്ലെങ്കിലും സാമൂഹികമായി മെച്ചപ്പെട്ട പശ്ചാത്തലമാണ് ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ളത് എന്നതാണ് ഒരു കാര്യം. അത് അവരുടെ മിടുക്കിലും പ്രതിഫലിക്കും. പ്രധാനപ്പെട്ട മറ്റൊരു കാര്യം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മധ്യവര്‍ഗ്ഗം വേണ്ടെന്നുവെച്ചതോടെ രാഷ്ട്രീയമായി അവര്‍ക്കുള്ള സമ്മര്‍ദ്ദശേഷി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തലസൗകര്യം ഉറപ്പുവരുത്തുന്നതില്‍ പിന്നീടുണ്ടായില്ല എന്നതാണ്. യഥാര്‍ത്ഥ ക്ലാസ്സ്മുറികള്‍ക്കുള്ള സമയം കുറച്ചുകൊണ്ട് കൂടുതല്‍ സമയം വെര്‍ച്ച്വല്‍ ക്ലാസ്സ് മുറികളിലേക്ക് മാറുന്നതിനോടു യോജിക്കാനാകില്ല. ശരിക്കും പറഞ്ഞാല്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെയുള്ള പഴയ അദ്ധ്യയന സമയം തന്നെയാണ് അഭികാമ്യം. ക്ലാസ്സ്മുറികളിലെ പഠിത്തം മാത്രം പോരല്ലോ.

വിദ്യാര്‍ത്ഥി ഒരു സാമൂഹികജീവി കൂടിയാണ്. ക്യാംപസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവുമൊക്കെ വേണം. അതിനും കൂടിയുള്ള സമയം കിട്ടണം. സെമസ്റ്ററൈസേഷന്‍ വന്നതോടെ മുന്‍കാലങ്ങളിലുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യമൊക്കെ ഏറെക്കുറെ ഇതിനകം തടയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇനിയും സമയം കുറച്ചുകൊണ്ടു വരണം എന്നു പറയുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ.

ആശങ്കയുണര്‍ത്തുന്ന രേഖ

ഡോ. നജീബ് പി.എം.
ഗവ. വിക്ടോറിയ കോളേജ് പാലക്കാട്

ഈ കരടുരേഖയില്‍ നമ്മള്‍ കാണേണ്ട ഏറ്റവും വലിയ പ്രശ്‌നമെന്നു പറയുന്നത് വിദ്യാര്‍ത്ഥികളെ ഇത് ക്രമേണ കരിയറിസത്തിലേക്കും കോര്‍പ്പറേറ്റു താല്പര്യങ്ങളിലേക്കും വഴുതിവീഴുന്നതിനു സഹായിക്കുമെന്നതാണ്. നിറയെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒന്നാണ് ഈ രേഖ. ഉന്നതവിദ്യാഭ്യാസരംഗം കരിയറിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാകരുത്. കാരണം ഒരു ജോലി കിട്ടുന്നതിനു മാത്രമാകരുതല്ലോ നമ്മുടെ വിദ്യാഭ്യാസം. കുറച്ചുനേരത്തെ ഇത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ തുടങ്ങിവെച്ചിട്ടുണ്ട്. 2012-ല്‍ ആരംഭിച്ച അസാപ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ഈ ദിശയിലുള്ള ഒന്നായിരുന്നു. ഇത് ഉന്നതവിദ്യാഭ്യാസവകുപ്പില്‍നിന്നും ഏതാണ്ട് സ്വതന്ത്രമായ നിലയിലാണ് നടന്നിരുന്നത്. ഇംഗ്ലീഷ്, ഐ.ടി. തുടങ്ങിയവയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യം പോരാ എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയായിരുന്നു ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളെ എംപ്ലോയബ്ള്‍ ആക്കുക എന്നതിലപ്പുറമൊരു ലക്ഷ്യം ഉന്നതവിദ്യാഭ്യാസത്തിന് ഇല്ലാതെ പോകുന്നത് കഷ്ടമല്ലേ?

രേഖയ്ക്ക് പൊതുവേ ഒരു സംവരണവിരുദ്ധത ഉണ്ട്. അത് നമ്മുടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ മികവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മെറിറ്റോക്രസിയും മെറിറ്റുമൊക്കെ ആഘോഷിക്കപ്പെടുന്നത് മിക്കപ്പോഴും സംവരണവിരുദ്ധതയുടെ സന്ദര്‍ഭത്തിലാണ്.

മെച്ചപ്പെട്ട ഒരു സാമൂഹിക വികസനസൂചികയാണ് കേരളത്തിനുള്ളത്. ഇതിനു പ്രധാന കാരണം നമ്മുടെ സാര്‍വത്രിക വിദ്യാഭ്യാസം എന്ന സമ്പ്രദായമാണ്. അങ്കണവാടി തൊട്ടു ഉന്നതവിദ്യാഭ്യാസം വരെയുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായം. അങ്കണവാടിക്കാലം തൊട്ട് തുടങ്ങും നമ്മുടെ സമൂഹബന്ധം. ഇതെല്ലാം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് നമ്മളോട് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കാന്‍ പോകുന്നത്. അതിനു കൊവിഡ് കാലം നിമിത്തമാകുകയും ചെയ്യും.

ജനകീയ വിദ്യാഭ്യാസം തകരും
അമൃത് ജി. കുമാര്‍

 
ഏറെ കൗശലപൂര്‍വ്വം തയ്യാറാക്കപ്പെട്ട ഒരു രേഖയായിട്ടാണ് കരടുരേഖയെ ഞാന്‍ വിലയിരുത്തുന്നത്. ആല്‍വിന്‍ ടോഫ്‌ലറുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രിമെച്ച്വര്‍ അറൈവല്‍ ഒഫ് ഫ്യൂച്ച്വര്‍. ഇവിടെ ഉന്നതവിദ്യാഭ്യാസമേഖലയിലാണ് ഇങ്ങനെ സമയമാകും മുന്‍പേ ഭാവി എത്തിച്ചേരുന്നത്. പ്രിമെച്ച്വര്‍ അറൈവല്‍ ഒഫ് ഫ്യൂച്ച്വര്‍ ഇന്‍ ഹയര്‍ എജുക്കേഷന്‍. വിദൂരമായിരുന്ന ഒരു ഭാവിയെ കൊവിഡ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിലേക്കു കൊണ്ടുവരുന്നു. അതായത് ഓണ്‍ലൈന്‍ രീതിയിലുള്ള വിദ്യാഭ്യാസമൊക്കെ വിദൂരഭാവിയിലേ പ്രതീക്ഷിക്കേണ്ടതായിരുന്നുള്ളൂ. കൊവിഡ് വന്നതോടെയാണ് രായ്ക്കുരാമാനം ഗൂഗിളിലൂടെയോ സൂമിലൂടെയോ ഒക്കെ പഠിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നുവരുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ കുടക്കീഴിലേക്ക് പോകുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പ്രവണത പ്രകടമായിത്തുടങ്ങിയിട്ട്. ഇനിയങ്ങോട്ട് ഈ രീതിയാകും എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള രേഖയാണിത്.

എന്തിനാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത് എന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തീര്‍ച്ചയായും ഇതിനു ഒരു രഹസ്യ അജന്‍ഡയുണ്ട്. ഉന്നതവിദ്യാഭ്യാസത്തെ ഡിജിറ്റൈസ് ചെയ്യുകയെന്നതാണ് പ്രത്യക്ഷ അജന്‍ഡ. പരോക്ഷ അജന്‍ഡയാകട്ടെ, ഉന്നതവിദ്യാഭ്യാസമണ്ഡലത്തില്‍ ഉള്ള നിരവധി വെര്‍ച്ച്വല്‍ പ്രോഗ്രാമുകള്‍ക്ക് നിയമസാധുത നല്‍കലും. ഇത്തരം പ്രോഗ്രാമുകള്‍ നമുക്ക് വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കും. ഇപ്പോള്‍ പഠനത്തിനു തിരഞ്ഞെടുക്കുന്ന പ്രോഗ്രാമിലെ ഒരു പേപ്പര്‍ വേണ്ടെന്നു വയ്ക്കാനും പുതിയവ സ്വീകരിക്കാനും സാധിക്കും. കോഴ്‌സുകള്‍ നമുക്ക് പേഴ്സണലൈസ് ചെയ്യാനാകും. അതേസമയം ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കയ്യൊഴിയുകയും ചെയ്യാം. എന്തു പഠിക്കാനും എങ്ങനെ പഠിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്വമില്ല എന്ന ഭരണകൂടത്തിന്റെ നിലപാടാണത്. അതായത് വിദ്യാഭ്യാസത്തില്‍ വലിയൊരളവ് ഉത്തരവാദിത്വം ഭരണകൂടം കയ്യൊഴിയുകയും സ്വകാര്യമൂലധനത്തിനു മുന്‍തൂക്കം കൊടുക്കുകയും ചെയ്യും. അതേസമയം, ഭരണകൂടത്തിനു വ്യക്തിയുടെ മേലുള്ള പിടുത്തം അയയുകയില്ല. സര്‍വെയ്ലെന്‍സ് ശക്തിപ്പെടും. വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ/എത്രയെണ്ണം പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്തു, എന്താണ് അവരുടെ വായനാശീലം എന്നൊക്കെ നിരീക്ഷിക്കപ്പെടും. സോഷ്യലിസത്തെക്കുറിച്ചുള്ള പേപ്പറാണോ മാര്‍ക്കറ്റിംഗ് വിഷയങ്ങളെക്കുറിച്ചാണോ അവര്‍ കൂടുതലായി വായിക്കുന്നത് എന്നൊക്കെ അറിയാനാകും.

രേഖയിലുടനീളം മാര്‍ക്‌സിസ്റ്റ് പദാവലിയാണ് ഉള്ളതെങ്കിലും അകമേ നിറയെ മാര്‍ക്കറ്റിംഗിന്റെ ഭാഷയാണ്. ഹൈ ഇന്‍പുട്ട്, ഔട്ട്പുട്ട് ഇങ്ങനെ പോകുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാന്വല്‍ പോലെയാണ് ഈ കരടുരേഖ അനുഭവപ്പെടുന്നത്. ശത്രു കരുത്തനാണെങ്കില്‍ അവനോട് വഴക്കിടാന്‍ പോകരുതെന്നും അവനെ ഇക്കിളിയാക്കുകയാണ് വേണ്ടതെന്നും എം.എന്‍. വിജയന്‍ പണ്ടു പറഞ്ഞതുപോലെ ജനകീയ വിദ്യാഭ്യാസത്തിന്റെ അനുകൂലികളെ ഇക്കിളിയിടാനാണ് കരടുരേഖ ശ്രമിച്ചിട്ടുള്ളത്. ജനകീയ വിദ്യാഭ്യാസത്തിന്റെ ഒരു അനുഭാവിയായിട്ട് കരടുരേഖ അക്കാദമിക സമൂഹത്തോട് ഉപദേശകഭാവത്തില്‍ വിദ്യാഭ്യാസം ഡിജിറ്റൈസ് ചെയ്യാനാണ് പറയുന്നത്. നേരിട്ടു കാര്യം പറഞ്ഞാല്‍ വലിയ എതിര്‍പ്പുണ്ടാകും എന്ന് അറിയുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ശ്രമത്തിനു രേഖയിലൂടെ മുതിരുന്നത്. ഒരുതരം പരുവപ്പെടുത്തിയെടുക്കലിന്റെ ഭാഗമായിട്ടാണ് ഈ രേഖ നമുക്ക് മുന്നിലേയ്ക്ക് ഇട്ടുതന്നിട്ടുള്ളത്.  

രാജന്‍ ഗുരുക്കള്‍
രാജന്‍ ഗുരുക്കള്‍

കൊവിഡ് അനന്തരലോകത്തെ അഭിമുഖീകരിക്കുന്ന നയം ലക്ഷ്യം

രാജന്‍ ഗുരുക്കള്‍/സതീശ് സൂര്യന്‍

എന്താണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇങ്ങനെയൊരു കരടുനയം പുറത്തിറക്കാനുള്ള കാരണവും പശ്ചാത്തലവും?

കൊവിഡാണ് പശ്ചാത്തലം. അഭൂതപൂര്‍വ്വമാംവിധം ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് വിനാശകാരിയായ ഈ ആഗോള ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുകയെന്നു പല വിദഗ്ദ്ധരും കരുതുന്നു. ലോകത്തെയാകെ ഇതൊരു നൂതന സാങ്കേതിക സാമ്പത്തിക സംസ്‌കൃതിയിലേക്കു നയിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിനു ഈ നൂതന സംസ്‌കൃതിയില്‍നിന്നു വേറിട്ടൊരു നിലനില്‍പ്പു സാദ്ധ്യമല്ല. പുതുതായി രൂപംകൊള്ളുന്ന സാഹചര്യവും സവിശേഷതകളുമനുസരിച്ചു ചില തയ്യാറെടുപ്പുകളാവശ്യമായിവരും. വരാനിരിക്കുന്ന സ്ഥിതിഗതികള്‍ അവതരിപ്പിച്ചും ആവശ്യം ചൂണ്ടിക്കാട്ടിയും എന്തൊക്കെ തയ്യാറെടുപ്പുകളാണ് വേണ്ടതെന്നു സര്‍ക്കാരിനേയും സര്‍വ്വകലാശാലകളേയും ഉപദേശിക്കുകയെന്നതാണ് കൗണ്‍സിലിന്റെ ചുമതല. അതിനായി ഒരു വിദഗ്ദ്ധസമിതി രൂപീകരിച്ചു. സമിതിക്കുവേണ്ടി ഒരു കരടുപശ്ചാത്തലരേഖയും നല്‍കി. കൊവിഡാനന്തര ഉന്നത വിദ്യാഭ്യാസ ചിന്തകളെന്ന തലക്കെട്ടിലാണ് രേഖ. പൂര്‍വ്വകാലാനുഭവം, കൊവിഡാനന്തര ഘട്ടം, ഉന്നത വിദ്യാഭ്യാസ മണ്ഡലം, നടന്നേക്കാവുന്ന പരിവര്‍ത്തനം, ഇന്ത്യയിലെ സാഹചര്യം, വെല്ലുവിളികളെന്തൊക്കെ - ഇവയാണ് രേഖയിലെ ഉള്ളടക്കം. രേഖ ഇംഗ്ലീഷിലാണ്. അതാവട്ടെ, കൗണ്‍സിലിന്റെ സൈറ്റിലുണ്ടുതാനും.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കരടുനയത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം കഴിവുകെട്ട ഒന്നായിരുന്നുവെന്നു വിശേഷിപ്പിക്കുന്നുവെന്ന് പരാതിയുണ്ട്. അതില്‍ കഴമ്പുണ്ടോ?
കഴിവുകെട്ട ഒന്നായിരുന്നുവെന്നു ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞത് ഇപ്രകാരമാണ്: 'It ist rue that the age-old in-face lecture mode followed in colleges and universities has democratized mediocrtiy. It is alost rue that smart teaching under eletcronic osphistication can render students the latest course material as well as lectures of high profile professors including Nobel Laureates through virtual classrooms. Administering of courses online would definitely have to compromise qualtiy unless used as a complementary alternative.'

'കോളേജുകളിലും സര്‍വ്വകലാശാലകളിലും പിന്തുടരുന്ന പഴയ ലെക്ച്ചര്‍ സമ്പ്രദായം ഇടത്തരം അദ്ധ്യാപനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനിടയാക്കി എന്നതു നേരാണ്. ഇലക്ട്രോണിക് പരിഷ്‌കാരമുള്ള സ്മാര്‍ട്ട് അദ്ധ്യാപനത്തിന് ഏറ്റവും പുതിയ കോഴ്സ് സാമഗ്രികളും നൊബേല്‍ സമ്മാനജേതാക്കളുള്‍പ്പെടെയുള്ള ഉന്നതരായ പ്രൊഫസ്സര്‍മാരുടെ ലെക്ച്ചറുകളും ഓണ്‍ലൈന്‍ ക്ലാസ്സ്മുറികളിലൂടെ കുട്ടികള്‍ക്കു നല്‍കാനാവുമെന്നതും നേരാണ്.'' രേഖയിലെ പ്രസ്താവം ഇതാണ്. തീര്‍ന്നില്ല. തുടര്‍ന്നുള്ള വാക്യങ്ങളും നോക്കണം:

''ഇതൊക്കെ പോഷക ബദലായല്ലാതെ ഏര്‍പ്പെടുത്തിയാലതു തീര്‍ച്ചയായും ഗുണനിലവാരത്തെ ബാധിക്കും. എന്നിരുന്നാലും കാമ്പസ് പഠനത്തിനു പേരുകേട്ട വലിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ പലരും കൊഴ്സെറ, എഡ്എക്‌സ്, ഫ്യൂച്ചര്‍ലേണ്‍, ഉഡാസിറ്റി, കാന്‍വാസ് നെറ്റുവര്‍ക്ക് തുടങ്ങിവയും യൂറോപ്പിലെ ഭാഷകളിലുള്ള മറ്റു സൈറ്റുകളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പാഠങ്ങളെ പോഷകങ്ങളായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഓണ്‍ലൈനായി ലഭിക്കുന്ന ലോകപ്രശസ്ത പണ്ഡിതരുടെ ക്ലാസ്സുകളിലൂടെ പോഷിപ്പിച്ച കുട്ടികളുടെ അറിവ് സാധാരണ അദ്ധ്യാപകരെ അവരുടെ ക്ലാസ്സുകളെ അക്കാദമിക വെല്ലുവിളി ഉയര്‍ത്തുംവിധം മെച്ചപ്പെടുത്തുന്നതിനു നിര്‍ബ്ബന്ധിക്കും. ഓണ്‍ലൈനിലുള്ള ഉന്നത വിദ്യാഭ്യാസം ഒരിക്കലും വിവിധ വിമര്‍ശനോന്മുഖ വശങ്ങളുടെ തെളിമയുള്ള കാമ്പസ്സ് പഠനത്തിനു സമമല്ല.''

ഓണ്‍ലൈനായുള്ള വിദ്യാഭ്യാസം അടിച്ചേല്പിക്കുന്നതിനെ വിമര്‍ശിക്കുന്നതാണ് സന്ദര്‍ഭം. ഓണ്‍ലൈനിന്റെ വക്താക്കളുടെ ന്യായീകരണങ്ങളിലെന്തൊക്കെ വാസ്തവമുണ്ടെന്നു നോക്കുന്ന ഭാഗമാണിത്. അതിനു തൊട്ടുമുന്‍പു പറഞ്ഞകാര്യം കൂടി അറിയണം. അതിപ്രകാരമാണ്: 'Online teaching and evaluation would be pushed as a new normal under the pretext of the pandemic crisis. Online delivery of lesosns would not be feasible in the case of about thtiry percent of students at home under lock down wanting net connectivtiy. It would upset objectives of access, equtiy and excellence in the higher education sector. Further, this massive shift to online mode would be tantamount to leaving one third of the teaching facutly redundant. This would help crony capitalist governments to cut public expenditure on higher education by replacing a considerable portion of the teaching facutly.' ഇതൊക്കെ വായിക്കാതെ കിടന്നു തുള്ളുകയാണോ അതോ മനസ്സിലാവാതെ അലമുറയിടുകയോ?
 
വിദ്യാഭ്യാരംഗത്തെ പോരായ്മകള്‍ക്ക് സാങ്കേതികവിദ്യയുടെ വ്യാപകമായ പ്രയോഗവും സ്മാര്‍ട്ട് ക്ലാസ്സുകളുമൊക്കെയാണോ പരിഹാരം?

അവ പരിഹാരമാണെന്നല്ല, പൂരകമാണെന്നാണ് രേഖ പറയുന്നത്. നേരത്തെ ഉദ്ധരിച്ച ഖണ്ഡിക ഒരാവര്‍ത്തികൂടി വായിച്ചുനോക്കിയാലതു വ്യക്തമാവും. പിന്നെ ഒരു പ്രധാന സംഗതി മനസ്സിലാക്കേണ്ടതുണ്ട്. വെറും ഓണ്‍ലൈന്‍ അദ്ധ്യാപനവും സ്മാര്‍ട്ട് ക്ലാസ്സ്‌റൂം അദ്ധ്യാപനവും ഒന്നല്ല. രണ്ടും പരസ്പര പോഷകങ്ങളാവാണം. കാലഘട്ടത്തിന്റെ സാങ്കേതിക സജ്ജീകരണങ്ങളെ ഒഴിവാക്കുകയല്ല, എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഉപയോഗിച്ചുവരുന്ന ഓണ്‍ലൈനല്ല ശരിയായ ഇ-അദ്ധ്യാപന രീതി. അതു പ്രൊഫഷണലായി ചെയ്യേണ്ടതുണ്ട്. അതിനു പരിശീലനവും സാങ്കേതിക ഇന്‍ഫ്രാസ്ട്രക്ച്ചറും വേണം. അതു വെല്ലുവിളികളുടെ ഭാഗമായി രേഖ പറയുന്നുണ്ട്.

വിജ്ഞാനോല്പാദനത്തിന്റെ നിലവാരക്കുറവല്ല, മറിച്ച് അതിന്റെ ജനാധിപത്യവല്‍ക്കരണമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉല്‍ക്കണ്ഠയ്ക്ക് കാരണം എന്നു ചിലര്‍ ആക്ഷേപിക്കുന്നു. വേദ വിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതില്‍ ബ്രാഹ്മണ്യത്തിനുണ്ടായിരുന്ന ആശങ്കയുടെ സമകാലിക പതിപ്പ് മാത്രമാണ് കരടുനയം എന്നും വിമര്‍ശനമുണ്ട്. കമ്പോള മുതലാളിത്തത്തേയും ജനവിരുദ്ധ ഫാസിസ്റ്റ് ഭരണകൂടങ്ങളുടേയും അജന്‍ഡ നടപ്പാക്കുന്നതിനു സഹായകമായ രീതിയിലാണ് കൗണ്‍സിലിന്റെ കരടുനയം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

രേഖയിലെ ഒരക്ഷരംപോലും വായിക്കാത്തവര്‍ക്കേ ഇങ്ങനെ ആക്ഷേപിക്കാനാവൂ. ഈ ആക്ഷേപങ്ങള്‍ക്കും ദുരാരോപണത്തിനും രേഖയിലൊരു തെളിവുമില്ല. ഏതു പരാമര്‍ശമാണ് ഈ ദുര്‍വ്യാഖ്യാനത്തിനു പ്രേരകം? വലിയ വലിയ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിലൊരു വ്യക്തത വേണം. തോന്നിയതൊക്കെ വിളിച്ചുപറയുന്നതിനോടു എന്തു പ്രതികരിക്കാനാണ്?

കേരളത്തിലെ കലാലയ അധ്യാപകസമൂഹത്തോടു കടുത്ത പുച്ഛവും പരിഹാസവുമാണ് രേഖയിലുള്ളതെന്നും അവരെ മെച്ചപ്പെടുത്താന്‍ നൊബേല്‍ സമ്മാനജേതാക്കളുടേതുള്‍പ്പെടെയുള്ള ലോകോത്തര പണ്ഡിതന്മാരുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നാണോ കൗണ്‍സില്‍ കരുതുന്നത്? സമൂഹത്തിന്റെ ആകെ മികവിനൊപ്പമേ അധ്യാപനത്തിനും വിദ്യാഭ്യാസത്തിനും മികവുണ്ടാക്കാനാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇക്കാലത്ത് നമ്മുടെ ഗവണ്‍മെന്റ്-എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാലയങ്ങളിലും മറ്റും എത്തിപ്പെടുന്നത് ഒന്നാം തലമുറ അധ്യേതാക്കള്‍ ആണ്. ഈ തരം വിദ്യാര്‍ത്ഥികളുടെ മുന്‍തലമുറ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരോ കേവലാക്ഷരാഭ്യാസം മാത്രം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവരായിരിക്കുമെന്നും അതുകൊണ്ട് പ്രതീക്ഷിത നിലവാരം അവര്‍ക്കുണ്ടാകില്ലെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വാശ്രയ-സ്വയംഭരണ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍, പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ എന്നിങ്ങനെ രണ്ടുതരം വിദ്യാഭ്യാസം നടപ്പാക്കിയതിന്റെകൂടി പരിണതഫലമാണ് ആരോപിക്കപ്പെടുന്ന നിലവാരത്തകര്‍ച്ച എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളത്?

രേഖയിലെങ്ങും പുച്ഛവും പരിഹാസവും ഇല്ല. ഇതു വിമര്‍ശകരുടെ വ്യക്തിപരമായ തോന്നലിന്റെ ഭാഗമാണ്. നൊബേല്‍ സമ്മാനജേതാക്കളുടേതുള്‍പ്പെടെയുള്ള ലോകോത്തര പണ്ഡിതന്മാരുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്കു ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നൊന്നും രേഖ അവകാശപ്പെടുന്നില്ല. രേഖയിലെ പരാമര്‍ശം എന്താണെന്നും സന്ദര്‍ഭം ഏതാണെന്നും രണ്ടാമത്തെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കാം. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അത് അറിവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും എന്ന സമീപനമാണ് കൗണ്‍സിലിന്റേത്. നൊബേല്‍ ജേതാക്കളേയും മറ്റു പ്രശസ്ത പണ്ഡിതരേയും കൊണ്ടുവരുന്ന വളരെ ചെലവേറിയ ഒരു സ്‌കീം (ERUDITE Scholar-in-Residence) തന്നെ കൗണ്‍സില്‍ വഴി നടക്കുന്നുണ്ട്. നിലവാരത്തകര്‍ച്ചയ്ക്കു ചൂണ്ടിക്കാട്ടുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളൊക്കെ നന്നായറിയാം. അവയൊന്നും രേഖ ഒരിടത്തും നിഷേധിച്ചിട്ടില്ല.
 
വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ മൂലധനനിക്ഷേപം ഉണ്ടാക്കിയും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കുറച്ചും കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചുമാണ്. അല്ലാതെ അന്താരാഷ്ട്ര പ്രശസ്തമായ അധ്യാപകരുടെ ക്ലാസ്സുകള്‍ സ്‌ക്രീനില്‍ കാണിച്ചതുകൊണ്ട് മികവുണ്ടാക്കാനാകില്ലെന്നും കരടുനയത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. എങ്ങനെയാണ് പ്രതികരിക്കുന്നത്? അതേസമയം അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ കണ്ടില്ലെന്നു വരുത്തുകയാണെന്നും ആക്ഷേപമുണ്ട്?

അന്താരാഷ്ട്ര പ്രശസ്തമായ അധ്യാപകരുടെ ക്ലാസ്സുകള്‍ സ്‌ക്രീനില്‍ കാണിച്ചതുകൊണ്ട് മികവുണ്ടാക്കാനാകുമെന്നൊന്നും രേഖ പറയുന്നില്ല. വിദ്യാഭ്യാസമേഖലയില്‍ മൂലധനമല്ല, പൊതു നിക്ഷേപമാണ് സുഹൃത്തേ വര്‍ദ്ധിപ്പിക്കേണ്ടത്. അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ കണ്ടില്ലെന്നു വരുത്തുകയല്ല, തിരിച്ചറിഞ്ഞു മുന്നറിയിപ്പു നല്‍കുകയാണ് ചെയ്തത്. രേഖയിലെ പരാമര്‍ശം ശ്രദ്ധിക്കുക:

Online teaching and evaluation would be pushed as a new normal under the pretext of the pandemic crisis. Online delivery of lesosns would not be feasible in the case of about thtiry percent of students at home under lock down wanting net connectivtiy. It would upset objectives of access, equtiy and excellence in the higher education sector. Further, this massive shift to online mode would be tantamount to leaving one third of the teaching facutly redundant. This would help crony capitalist governments to cut public expenditure on higher education by replacing a considerable portion of the teaching facutly.
 
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതോടെ ക്ലാസ്സ്മുറികളില്‍ ഒരുമിച്ചിരുന്നുള്ള പഠനം എന്ന സമ്പ്രദായം അപ്രസക്തമാകും എന്ന് വലിയ ആശങ്ക അക്കാദമിക സമൂഹത്തിനുണ്ട്. ഇത് അധ്യാപനരംഗത്തെ വലിയ തൊഴില്‍നഷ്ടത്തിനും കാരണമാകുമെന്ന ഭയവും. ഇപ്പോള്‍ത്തന്നെ അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴുള്ള കോഴ്സുകളുടെ അധ്യയനസമയം കുറയ്ക്കാനുള്ള നീക്കം ബാക്കിസമയം അലസമായി കിടക്കുന്ന ലാബും മറ്റും അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനാണ് എന്നും പരാതിയുണ്ട്?

ഇതിന്റെ പേരിലെന്തിനാണ് കൗണ്‍സിലിനോടു പരാതി? കൗണ്‍സിലിന്റെ രേഖ പങ്കുവെയ്ക്കുന്നതും ഈ ആശങ്കതന്നെയാണ്. രേഖ ശ്രദ്ധിച്ചു വായിച്ചുനോക്കൂ.

കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ മിഡ്ലെവല്‍ ജോലിക്കാരെ ഉല്പാദിപ്പിക്കുന്ന കേന്ദ്രമായി മാത്രം ആണ് കൗണ്‍സില്‍ കോളേജുകളേയും സര്‍വ്വകലാശാലകളേയും കാണുന്നതെന്നും അതിനനുസരിച്ചാണ് നയസമീപനമെന്നും ആക്ഷേപമുണ്ട്. കരിയറിസത്തിനു ആവശ്യത്തിലധികം പ്രോത്സാഹനം കിട്ടുമ്പോള്‍ ക്യാമ്പസുകളില്‍ നഷ്ടമാവുന്ന രാഷ്ട്രീയ ഇടത്തെക്കുറിച്ചു കൗണ്‍സില്‍ അജ്ഞത നടിക്കുകയാണെന്നും. അങ്ങനെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ഇടങ്ങളിലേക്ക് വലതുപക്ഷ ഫാസിസം എളുപ്പത്തില്‍ കടന്നുകയറും എന്ന വസ്തുതയും കൗണ്‍സില്‍ കാണാതെ പോകുന്നു. കേരളത്തെയാകെ ഫാസിസത്തിനു വിഴുങ്ങാന്‍ പാകത്തില്‍ ഒരുക്കിക്കൊടുക്കുന്ന കോര്‍പ്പറേറ്റ് അജന്‍ഡയുടെ മാനിഫെസ്റ്റോ ആയിട്ടാണ് കൊവിഡാനന്തര ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കരടുനയത്തെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍ സാംഗത്യമുണ്ടോ?

ഒരു സാംഗത്യവുമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ മിഡ്ലെവല്‍ ജോലിക്കാരെ ഉല്പാദിപ്പിക്കുന്ന കേന്ദ്രമായി കോളേജുകളേയും സര്‍വ്വകലാശാലകളേയും കാണുന്നതു കൗണ്‍സിലല്ല. ദേശീയ വിദ്യാഭ്യാസനയമാണ്. അതു വിമര്‍ശാവബോധത്തോടെ ചൂണ്ടിക്കാട്ടുകയാണ് രേഖ ചെയ്യുന്നത്. കരിയറിസത്തിനു ആവശ്യത്തിലധികം പ്രോത്സാഹനം കിട്ടുമ്പോള്‍ ക്യാമ്പസുകളില്‍ നഷ്ടമാവുന്ന രാഷ്ട്രീയ ഇടത്തെക്കുറിച്ചു കൗണ്‍സിലിനു നല്ല ബോദ്ധ്യമുണ്ട്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ഇടങ്ങളിലേക്ക് വലതുപക്ഷ ഫാസിസം എളുപ്പത്തില്‍ കടന്നുകയറും എന്ന വസ്തുതയും കൗണ്‍സിലിനറിയാം. കേരളത്തെയാകെ ഫാസിസത്തിനു വിഴുങ്ങാന്‍ പാകത്തില്‍ ഒരുക്കിക്കൊടുക്കുന്ന കോര്‍പ്പറേറ്റ് അജന്‍ഡ തുറന്നുകാട്ടുകയാണ് രേഖ ചെയ്യുന്നത്. നടന്നേക്കാവുന്ന പരിവര്‍ത്തനവും ഇന്ത്യയിലെ വരാനിരിക്കുന്ന സാഹചര്യവും പ്രതിപാദിക്കുന്ന ഭാഗം മുഖ്യമായും അതാണ് ചെയ്യുന്നത്. തുറന്ന മനസ്സോടെ രേഖ വായിച്ചുനോക്കൂ.

ഇതൊരു സമഗ്രരേഖയെന്നോണമാണ് വിമര്‍ശകരെല്ലാം സമീപിച്ചത്. രേഖ അവസാനിപ്പിക്കുന്നതു ശ്രദ്ധിക്കണം: 'There may be more serious questions to be addressed. This draft is only a background document to proceed further through deliberations and expert advice.' ആ നിലയ്ക്കു നിര്‍ദ്ദേശങ്ങളറിയിച്ച പലരുണ്ട്. എടുത്തുപറയാനുള്ളത് എ.കെ.പി.സി.ടി.എ പ്രസിഡന്റായ ഡോ. ചന്ദ്രോത്ത് പത്മനാഭന്റെ സുദീര്‍ഘമായ കുറിപ്പാണ്. നിര്‍ദ്ദേശം തന്നവര്‍ക്കെല്ലാം രേഖയുടെ ഉള്ളടക്കം മനസ്സിലായതുകൊണ്ട് എവിടെയൊക്കെ വിശദീകരണം വേണമെന്നും എന്തൊക്കെ കൂട്ടിച്ചേര്‍ക്കണമെന്നും വ്യക്തമായി. പക്ഷേ, ബഹളമുണ്ടാക്കുന്നവര്‍ക്കു രേഖ വായിക്കാനുള്ള ക്ഷമപോലുമില്ല. അവരെ സംബന്ധിച്ചിടത്തോളം രേഖ അങ്ങോളമിങ്ങോളം ശുപാര്‍ശകളാണ്. വെല്ലുവിളികളായി രേഖപ്പെടുത്തിയവ വിശേഷിച്ചും. രേഖ പൂര്‍ണ്ണമാവട്ടെ. അതിന്റെ മലയാള വിവര്‍ത്തനസഹിതം സൈറ്റിലുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com