വാളയാര്‍; പ്രോസിക്യൂട്ടറും പൊലീസും ഭയക്കുന്ന ആ അഭിഭാഷകന്‍ ആരായിരിക്കാം?

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിന്റേയും പൗരത്വ നിയമഭേദഗതിയുടേയും ചര്‍ച്ചകള്‍ക്കിടയില്‍ കേരളം മാറ്റിവച്ച വാളയാര്‍ ചര്‍ച്ച വീണ്ടും തുടങ്ങുകതന്നെ വേണ്ടതല്ലേ?
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ്
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ്

ലവട്ടം ലൈംഗിക പീഡനത്തിനു വിധേയരായി ദാരുണമായി കൊല്ലപ്പെട്ട വാളയാര്‍ അട്ടപ്പള്ളത്തെ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരുടെ കൊലയാളികള്‍ക്കും കൂട്ടാളികള്‍ക്കും ശിക്ഷ അകലെ. പ്രതികളെ വെറുതെ വിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ മുന്നിലുണ്ട്. വിധി റദ്ദാക്കി പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കുകയോ സമഗ്ര തുടരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യണം എന്നാണ് ആവശ്യം. പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചത്. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്തെങ്കില്‍ മാത്രമാണ് നിയമപരമായ അടിയന്തര ഇടപെടലും അതിവേഗ നടപടികളുമുണ്ടാവുക. നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സും അനങ്ങാതിരുന്നാല്‍ അപ്പീല്‍ അവിടെക്കിടക്കും. സര്‍ക്കാരിന്റെ കൂടി അപ്പീലുള്ളതുകൊണ്ട് അമ്മയുടെ അപ്പീലില്‍ മാത്രമായി കോടതി തീരുമാനമെടുക്കാനും സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു പല പെണ്‍വാണിഭ - പീഡന കേസുകളിലേയുംപോലെ ഈ പ്രതികളും അവരെ സംരക്ഷിച്ചവരും എന്നേക്കുമായി രക്ഷപ്പെടുമോ എന്ന ആശങ്കയിലാണ് കേരളം. ജീവിച്ചു തുടങ്ങും മുന്‍പേ രണ്ടു കുരുന്നു ജീവനുകള്‍ ഇല്ലാതാക്കിയ കൊലയാളികള്‍ക്കു ശിക്ഷ കിട്ടുക മാത്രമാണ് അവര്‍ക്കുള്ള മരണാനന്തര നീതി. 

2017 ജനുവരി 13-നു ചേച്ചിയേയും മാര്‍ച്ച് നാലിന് അനിയത്തിയേയും ഒറ്റമുറിക്കുടിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ മരണം കൊലപാതകമാണ് എന്നു കൂലിപ്പണിക്കാരായ അമ്മയും അച്ഛനും സംശയം പ്രകടിപ്പിച്ചിരുന്നു. മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുന്നതു കണ്ടതായി ഇളയ കുട്ടി അവരോടു പറഞ്ഞതായിരുന്നു ആ സംശയത്തിനു കാരണം. പക്ഷേ, കേസ് പോയത് ആത്മഹത്യയുടെ വഴിയിലാണ്. സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി. 52 ദിവസത്തിനുശേഷം അനിയത്തിയേയും അതേവിധം ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതും തുടര്‍ച്ചയായ ലൈംഗിക പീഡനവും അതിലുള്‍പ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തു വന്നതും. കേരളം ഇളകിമറിഞ്ഞു. അറസ്റ്റുണ്ടായെങ്കിലും പതിമൂന്നും ഒന്‍പതു വയസ്സുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്തു എന്നുതന്നെയായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. മൂന്നു പ്രതികള്‍ക്കെതിരെ ആറു കേസുകളെടുത്തു; കുറ്റം ബലാത്സംഗവും ആത്മഹത്യാ പ്രേരണയും. പ്രതികള്‍ ട്യൂഷന്‍ അധ്യാപകന്‍ പ്രദീപ് കുമാര്‍, അച്ഛന്റെ സുഹൃത്ത് വി. മധു, ബന്ധു എം. മധു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതികൂടിയുണ്ട്, പെണ്‍കുട്ടികളുടെ അച്ഛനൊപ്പം കൂലിപ്പണിക്കു കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഷിബു. അയാള്‍ക്കെതിരായ കേസ് ജുവനൈല്‍ കോടതിയിലാണ്. മറ്റു പ്രതികളെ വെറുതെ വിട്ടതുപോലെ അതിലും സംഭവിച്ചാല്‍ ഉണ്ടാകാവുന്ന കോളിളക്കം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തല്‍ക്കാലം ആ കേസിലെ വിധി തടഞ്ഞിരിക്കുന്നു.

പാലക്കാട് ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത് മൂന്നു മാസം മുന്‍പാണ്; 2019 ഒക്ടോബര്‍ 25-ന്. വന്‍ പ്രതിഷേധമുയര്‍ന്നു. സര്‍ക്കാര്‍ ഈ വിഷയത്തെ മനുഷ്യത്വപരമായാണ് കാണുന്നത് എന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും മാത്രമല്ല, സി.ബി.ഐ അന്വേഷണ ആവശ്യം ഉയര്‍ന്നാല്‍ എതിര്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷമാണ് അപ്പീല്‍ പോയത്. അതിനു മുന്‍പേ അമ്മ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ ഇളക്കിമറിക്കുകയും പെണ്‍കുട്ടികളുടെ വീട്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്ത പ്രതിപക്ഷ നേതാക്കളും ഈ വിഷയം മാറ്റിവച്ച മട്ടാണ്.

എങ്കിലും കേരളം ഈ നീതികേടിനെ നിശ്ശബ്ദം സ്വീകരിച്ച് മിണ്ടാതിരിക്കുകയല്ല; വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുകതന്നെ വേണം എന്നതില്‍ സംശയമേതുമില്ലാതെ പലരും പല വാതിലുകള്‍ മുട്ടിക്കൊണ്ടേയിരിക്കുന്നു. എസ്.ഐ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) ചുമത്തപ്പെട്ട കേസിലെ പ്രതികളിലൊരാളുടെ അഭിഭാഷകനും പിന്നീട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാനുമായ എന്‍. രാജേഷ്, വേണ്ടത്ര ഇടപെടല്‍ നടത്താതെ പ്രതികളെ രക്ഷപ്പെടുത്താന്‍ നിശ്ശബ്ദം കൂട്ടുനിന്നുവെന്ന് ആരോപണവിധേയയായ സ്പെഷ്യല്‍ പോക്സോ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് തുടങ്ങി സംശയനിഴലില്‍ നില്‍ക്കുന്ന പലരുമുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടരുത് എന്നു നിര്‍ബ്ബന്ധമുള്ള ആരോ മുകളില്‍നിന്ന് ഇവരെയൊക്കെ നിയന്ത്രിച്ചു. കേസില്‍ ഫലപ്രദമായി ഇടപെട്ട ജലജാ മാധവനെ മാറ്റിയാണ് ലതാ ജയരാജിനെ കൊണ്ടുവന്നത്. പിന്നീട് വിധി വിവാദമായതോടെ അവരെ മാറ്റി. ഉന്നതങ്ങളില്‍ സ്വാധീനമില്ലാത്ത, സമ്പന്നരല്ലാത്ത പ്രതികള്‍ക്കുവേണ്ടി അമിതതാല്പര്യത്തോടെ തുടക്കം മുതല്‍ ആര്, എന്തിനു ചരടുവലിച്ചു എന്ന ചോദ്യമാണ് പ്രധാനം. പ്രദീപ് കുമാര്‍ മാത്രമാണ് സാമ്പത്തികമായി കുറച്ചെങ്കിലും മെച്ചപ്പെട്ട നിലയിലുള്ള പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു ശീലമാക്കിയ പലരില്‍ ചിലര്‍ മാത്രമാണ് പ്രതികള്‍ എന്നും അവര്‍ ശിക്ഷിക്കപ്പെട്ടാല്‍ വമ്പന്‍ സ്രാവുകളുടെ പേര് പുറത്തുവരും എന്നും സംശയിക്കുന്നവരുണ്ട്. പൊലീസിലും രാഷ്ട്രീയ, നിയമവൃത്തങ്ങളിലുമുണ്ട് ഈ സംശയം ഉന്നയിക്കുന്നവര്‍. പക്ഷേ, അത് പുറത്തു വരുന്നില്ല; കേസ് അന്വേഷണം മനപ്പൂര്‍വ്വം അട്ടിമറിച്ചതുകൂടി ഉള്‍പ്പെടുത്തി വിശദമായ മറ്റൊരു അന്വേഷണം ഉണ്ടായാല്‍ കൊന്നവരുടേയും കൊല്ലിച്ചവരുടേയും വിവരങ്ങള്‍ പുറത്തു വരും. കുട്ടികളെ പീഡിപ്പിക്കുന്നവരെ ന്യായീകരിക്കുന്നവര്‍ സാമൂഹികവിരുദ്ധരാണ് എന്നും പ്രതികളേയും അവരെ സംരക്ഷിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. 2017 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്ര വനിതാ ദിനത്തിലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇക്കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പ്രഖ്യാപിക്കുന്നതുമായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി വിധി വന്ന ശേഷവും അദ്ദേഹം അത് ആവര്‍ത്തിച്ചു. കേസ് മനപ്പൂര്‍വ്വം അട്ടിമറിച്ചതാണ് എന്ന പ്രതിപക്ഷ വാദം അംഗീകരിക്കാന്‍ സ്വാഭാവികമായും തയ്യാറായുമില്ല. എന്നാല്‍, പൊലീസ് പ്രതികളെ സഹായിക്കുകയാണ് ചെയ്തതെന്ന് വാളയാര്‍ ഉള്‍പ്പെടുന്ന മലമ്പുഴ നിയോജകമണ്ഡലത്തിലെ എം.എല്‍.എ കൂടിയായ വി.എസ്. അച്യുതാനന്ദന്‍ സംശയരഹിതമായി ചൂണ്ടിക്കാണിച്ചിരുന്നു. 

ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമൊപ്പം 

തുടക്കത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയത് മുതല്‍ പ്രതികള്‍ക്കുവേണ്ടിയുള്ള ഇടപെടലുകള്‍ പ്രകടമായിരുന്നു. പ്രാദേശിക സി.പി.എം പ്രവര്‍ത്തകരുടെ നേര്‍ക്കാണ് അമ്മ വിരല്‍ചൂണ്ടിയത്. 'അരിവാള്‍ പാര്‍ട്ടിക്കാര്‍' എന്ന് അവര്‍ പറഞ്ഞത് പ്രതിപക്ഷം പിന്നീട് രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. രണ്ട് മധുമാരേയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരാണ് സ്റ്റേഷനില്‍ പോയി ഇറക്കിക്കൊണ്ടുപോയത് എന്നു സാമൂഹിക പ്രവര്‍ത്തകന്‍ എം. ബാലമുരളിയും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പൊലീസ് നന്നായി അന്വേഷിച്ചിരുന്നെങ്കില്‍ കടുത്ത ശിക്ഷ കിട്ടുമായിരുന്ന കേസാണ് എന്നായിരുന്നു ബാലമുരളിയുടെ അഭിപ്രായം.

പെണ്‍കുട്ടികള്‍ നിരവധി തവണ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരകളായി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ, കൊലപാതകമാണെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും കോടതിയില്‍ എത്തിയില്ല. കുട്ടികള്‍ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുടെ സ്വകാര്യ സംഭാഷണത്തിലെ വാക്കുകള്‍ പുറത്തുവന്നു. കേരളം അതു കേട്ടത് നടുക്കത്തോടെയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായുള്ള ഏതു തരത്തിലുള്ള ലൈംഗികബന്ധവും ബലാത്സംഗമാണ് എന്ന നിയമപരമായ തിരിച്ചറിവു മാറ്റിവച്ച്, മരണശേഷവും അവരെ അപമാനിക്കുകയായിരുന്നു. പക്ഷേ, ആ ഉദ്യോഗസ്ഥന്‍ ഇപ്പോഴും പൊലീസില്‍ തുടരുന്നു. അഡ്വ. എന്‍. രാജേഷിനെ ശിശുക്ഷേമസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിനിര്‍ത്തുക മാത്രം ചെയ്തു. അധികാര ദുര്‍വ്വിനിയോഗത്തിനു നിയമപരമായോ തൊഴില്‍പരമായ അധാര്‍മ്മികതയ്ക്കു പാര്‍ട്ടി തലത്തിലോ ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല, അഭിഭാഷകരുടെ അച്ചടക്കം പരിശോധിക്കുന്ന സമിതിയില്‍ അംഗമായി തുടരുകയും ചെയ്യുന്നു. 2019 മാര്‍ച്ച് എട്ടിന് ചെയര്‍മാനായ ശേഷവും രാജേഷ് പതിന്നാല് പോക്സോ കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി എന്ന് പിന്നീടു പുറത്തുവന്നു. ഇപ്പോഴത്തെ സാമൂഹിക നീതി ഡയറക്ടര്‍ ഷീബാ ജോര്‍ജ് സംസ്ഥാന വനിതാ ശിശുക്ഷേമ ഡയറക്ടറായിരിക്കെ നേതൃത്വം നല്‍കിയ ഉന്നതതല സമിതിയുടെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ശിശുക്ഷേമസമിതി ചെയര്‍മാനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു പോക്സോ കേസിലെ ഇരയെ പ്രതിപ്പട്ടികയിലുള്ള അമ്മയുടേയും അമ്മൂമ്മയുടേയും കൂടെ അയയ്ക്കാന്‍ ആ പെണ്‍കുട്ടി താമസിച്ചിരുന്ന നിര്‍ഭയ (വിമന്‍ ആന്റ് ചില്‍ഡ്രന്‍) ഷെല്‍ട്ടര്‍ ഹോം അധികൃതരെ രാജേഷ് നിര്‍ബ്ബന്ധിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച ശിശുക്ഷേമസമിതിയുടെ ചെയര്‍മാന്‍ സ്ഥാനം പോലെ സുപ്രധാന തസ്തികയിലുള്ള വ്യക്തി പോക്സോ കേസുകളില്‍ പ്രതിക്കുവേണ്ടി ഹാജരാകുന്നത് അതീവ ഗൗരവമുള്ള കാര്യമാണ് എന്ന നിരീക്ഷണം ഉന്നതതല സമിതി നടത്തിയിരുന്നു. അതുകൊണ്ട് ഈ തസ്തികയില്‍നിന്നു നീക്കിയാല്‍ മാത്രം പോരെന്നും ഇനി ഇത്തരം ഒരു പദവിയിലേക്കും പരിഗണിക്കാത്തവിധം വലക്ക് ഏര്‍പ്പെടുത്തണം എന്നും ശുപാര്‍ശ നല്‍കുകയും ചെയ്തു. 

ഫാ. റോബിന്‍ വടക്കുംചേരി പ്രതിയായ പീഡനക്കേസില്‍ അയാള്‍ക്കു സഹായകമായ നിലപാടെടുത്തതിന് വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തേരകത്തിനെ ഈ സര്‍ക്കാര്‍ തന്നെ പുറത്താക്കിയ അനുഭവം മുന്നിലുണ്ട്. മലപ്പുറം സി.ഡബ്ല്യു.സി ചെയര്‍മാനായിരുന്ന ഷെരീഫ് ഉള്ളകത്തിനെ കഴിഞ്ഞ സര്‍ക്കാര്‍ പുറത്താക്കിയത് നിയമവിരുദ്ധ ദത്തെടുക്കലിനെ സഹായിച്ചതിനാണ്. ഇരട്ടക്കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഇടപെടല്‍ ആരോപണത്തില്‍ ആലപ്പുഴയില്‍ സി.ഡബ്ല്യു.സി മുഴുവനായും പിരിച്ചുവിട്ടു. വേണമെങ്കില്‍ ശക്തമായ നടപടികള്‍ സാധിക്കും എന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നത്. 

അഡ്വ. എന്‍. രാജേഷ് പ്രദീപ്കുമാറിനുവേണ്ടി വാദിച്ചതുകൊണ്ടു മാത്രമാണ് കേസ് മൊത്തത്തില്‍ തള്ളിപ്പോയത് എന്ന് ആരും പറയുന്നില്ല. പക്ഷേ, രാജേഷിന്റെ നടപടി ധാര്‍മ്മികമായിക്കൂടി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ശിശുക്ഷേമസമിതി ചെയര്‍മാനായ ആള്‍ ഇത്തരമൊരു കേസില്‍ പ്രതിക്കുവേണ്ടി വാദിക്കുന്ന വക്കീലായിരിക്കാന്‍ പാടുണ്ടോ എന്ന ചോദ്യമാണ് ഏറ്റവും പ്രധാനം. ആരും കണ്ടുപിടിക്കില്ല എന്നാണ് കരുതിയതെങ്കില്‍ അത് വളരെ വേഗം തെറ്റിപ്പോവുകയും ചെയ്തു. 

അത് യഥാര്‍ത്ഥത്തില്‍ പുറത്തുകൊണ്ടുവന്നത് സ്പെഷ്യല്‍ പോക്സോ പ്രോസിക്യൂട്ടര്‍ ജലജാ മാധവന്‍ ആയിരുന്നില്ല. പക്ഷേ, അങ്ങനെ കരുതിയാണ് അവരെ നീക്കിയതും അവധിയെടുത്ത് വീട്ടിലിരിക്കാന്‍ നിര്‍ബ്ബന്ധിതയാക്കുന്ന വിധത്തില്‍ വേട്ടയാടിയതും. പ്രദീപ് കുമാറിന്റെ വക്കാലത്ത് നേരിട്ട് രാജേഷിന് ആയിരുന്നില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകയ്ക്കായിരുന്നു. അതു പക്ഷേ, സാങ്കേതികം മാത്രമായിരുന്നു. രാജേഷിന് ഒരു ദിവസം കോടതിയില്‍ ഈ കേസിന് ഹാജരാകാന്‍ സാധിക്കാതെ വന്നപ്പോള്‍ അവധിക്ക് അപേക്ഷ കൊടുത്തതില്‍ ഇക്കാര്യം വ്യക്തമാണ്. അത് ജഡ്ജിയുടെ പ്രൊസീഡിംഗ്സ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രതിഭാഗം അഭിഭാഷകന്‍ ശിശുക്ഷേമസമിതി ചെയര്‍മാനാണ് എന്നും ഇന്ന് സമിതിയുടെ സിറ്റിംഗ് ഉള്ളതുകൊണ്ട് എത്താന്‍ പറ്റില്ല എന്നും പറഞ്ഞാണ് കേസ് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്പിച്ചത്. 

ആരതി (യഥാര്‍ത്ഥ പേരല്ല) എന്ന മറ്റൊരു പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതികളുടെ വക്കാലത്താണ് ഇതേസമയം തന്നെ രാജേഷ് ഏറ്റെടുത്തിരുന്നത്. ഒരു കേസില്‍ അബദ്ധമാണെങ്കില്‍ മറ്റു കേസുകളിലും അതേ 'അബദ്ധം' ആവര്‍ത്തിക്കുന്നത് യാദൃച്ഛികമല്ല. ആ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമില്‍നിന്നു മാറ്റി പ്രതിസ്ഥാനത്തുള്ള അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം വിടാന്‍ രാജേഷ് ഇടപെട്ടു. ഷീബാ ജോര്‍ജിന്റെ റിപ്പോര്‍ട്ടില്‍ ഇതും പറയുന്നുണ്ട്. നേരിട്ട് ഹോമിലെത്തി പെണ്‍കുട്ടിയുടെ പേരെടുത്തു പറഞ്ഞ് ആവശ്യം ഉന്നയിക്കുകയായിരുന്നു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുവേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ രാജേഷ് ആയിരുന്നു. അവര്‍ക്ക് അനുകൂലമായി പിന്നീട് ആ കുട്ടി മൊഴിമാറ്റുകയും ചെയ്തു. 

ആ പെണ്‍കുട്ടി എവിടെ?  

ആദ്യം മരിച്ച കുട്ടിയുടെ കൂട്ടുകാരിയും അനിയത്തിയും മറ്റൊരു ലൈംഗിക പീഡനക്കേസില്‍ ഇരയായി നിര്‍ഭയ ഹോമില്‍ എത്തിയിരുന്നു. ഇതിലെ മൂത്ത കുട്ടി വാളയാര്‍ കേസിനെക്കുറിച്ച് ചില വിവരങ്ങള്‍ കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. അത് ഹോം അധികൃതര്‍ അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ആ പെണ്‍കുട്ടിയുടെ നിര്‍ണ്ണായകമാകുമായിരുന്ന മൊഴി കേസില്‍ ഉള്‍പ്പെടുത്തിയില്ല. നിര്‍ഭയ ഹോമില്‍നിന്നു കുട്ടിയെ മാറ്റുകയാണുണ്ടായത്. ഇപ്പോള്‍ എവിടെയാണ് എന്നുപോലും വ്യക്തമല്ല. ഒരേ പ്രദേശത്ത് ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതിനുകൂടി തെളിവായ സംഭവം ഇങ്ങനെയാണ്: വാളയാറിലെ രണ്ടു കുട്ടികളും മരിച്ചശേഷം ഇതിലെ മൂത്ത കുട്ടി വളരെ അസ്വസ്ഥയായിരുന്നു. മരിച്ച കുട്ടികളെ അറിയാമായിരുന്നു എന്നു പറഞ്ഞു. എന്നു മാത്രമല്ല, വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ കുട്ടിയെ കേസില്‍ സാക്ഷിയാക്കണം എന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ ഹോമുകളുടെ നടത്തിപ്പുകാരായ മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ സാമൂഹിക നീതി വകുപ്പിനും ശിശുക്ഷേമസമിതിക്കും നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ക്കും കത്ത് കൊടുത്തത്. പാലക്കാട് നിര്‍ഭയ ഷെര്‍ട്ടര്‍ ഹോമിലെ ഇന്ന കുട്ടി കൗണ്‍സലിംഗില്‍ വാളയാര്‍ കേസുമായി ബന്ധമുള്ളതിനെക്കുറിച്ച് പറഞ്ഞുവെന്നും ആ കുട്ടിയെ വാളയാര്‍ കേസില്‍ സാക്ഷിയാക്കണം എന്നുമാണ് 2018 ജൂലൈയില്‍ നല്‍കിയ ആ കത്തില്‍ ആവശ്യപ്പെട്ടത്. കൗണ്‍സിലിംഗ് റിപ്പോര്‍ട്ടും കത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. അത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. സി.ഡബ്ല്യു.സി സാക്ഷിയാക്കിയില്ല എന്നു മാത്രമല്ല, പിന്നീട് ആ പെണ്‍കുട്ടിയെ അമ്മ നിര്‍ഭയ ഹോമില്‍നിന്നു കൊണ്ടുപോവുകയും ചെയ്തു. ഇരയാക്കപ്പെട്ട ഒരു കുട്ടി, സമാനമായി ഇരകളാക്കപ്പെട്ട കൂട്ടുകാരികളുടെ ദുരൂഹ മരണത്തെക്കുറിച്ച് അറിയുന്നതോടെ ആയുഷ്‌കാലം മുഴുവന്‍ അതൊരു മാറാത്ത വേദനയായി അവശേഷിക്കും എന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. അതിന്റെ അസ്വസ്ഥതയാണ് ആ കുട്ടി കാണിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍നിന്നുതന്നെ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ മനസ്സിലാക്കിയിരിക്കാന്‍ ഇടയുള്ള ആ കുട്ടി എവിടെ? 

മൊഴി കൊടുക്കാന്‍ തയ്യാറായി ഒരു പെണ്‍കുട്ടി വന്നിരുന്നുവെന്നും എന്നാല്‍, ഏതോ അഭിഭാഷകന്‍ കോടതിയുടെ ഇടനാഴിയില്‍ വച്ച് ആ കുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി എന്നും ചില പൊലീസുകാര്‍ പറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും അറിയാം. അത് ഹോമിലെ കുട്ടി തന്നെയാണോ എന്നു വ്യക്തമല്ല. ശരിയായി മൊഴി നല്‍കാന്‍ ആ കുട്ടിക്കു സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായിരുന്നു. എന്നാല്‍, തന്നെ പേടിപ്പിച്ചു എന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുപോലും അവര്‍ ഒന്നും ചെയ്തില്ല. പ്രോസിക്യൂട്ടറും പൊലീസും ഭയക്കുന്ന ആ അഭിഭാഷകന്‍ ആരായിരിക്കാം?

അഡ്വ. ജലജാ മാധവന്‍ ഇപ്പോള്‍ കോടതിയില്‍ പോകുന്നതു നിര്‍ത്തിയിരിക്കുന്നു. സ്വന്തം വക്കീലോഫീസിന്റെ പ്രവര്‍ത്തനംപോലും അവസാനിപ്പിച്ച് വിട്ടുനില്‍ക്കുകയാണ് അവര്‍. അനുഭവിക്കേണ്ടിവന്ന മാനസിക സംഘര്‍ഷം ചെറുതല്ല എന്ന് ജലജാ മാധവന്‍ പറയുന്നു. അഭിഭാഷകയായി തുടരേണ്ട എന്നുപോലും ചിന്തിക്കാന്‍ ഇടയാക്കുന്നവിധം രൂക്ഷമായ പ്രതികരണങ്ങളാണ് അവര്‍ക്കു നേരെ ഉണ്ടായത്. ആറില്‍ രണ്ടു കേസുകളിലാണ് ജലജാ മാധവന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹാജരായത്. അവര്‍ ചുമതല ഏല്‍ക്കുമ്പോള്‍ ആ കേസുകളില്‍ ഔദ്യോഗിക സാക്ഷിയെ ഉള്‍പ്പെടെ മറ്റെല്ലാവരേയും വിസ്തരിച്ചും കഴിഞ്ഞിരുന്നു. ''രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാകാന്‍ സാധ്യതയുണ്ട് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും ആത്മഹത്യയാക്കിയത് കണ്ടപ്പോള്‍ത്തന്നെ അത്ഭുതം തോന്നിയിരുന്നു. പ്രതികള്‍ക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല എന്നും തോന്നി. പ്രതികള്‍ക്ക് ഊരിപ്പോരാനുള്ള സാധ്യതയായിരുന്നു അത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത പറഞ്ഞ കേസില്‍ ആ വഴിക്ക് അന്വേഷിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല'' ജലജാ മാധവന്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കു സ്വയം ചെയ്യാനാകുന്നതിലും ഉയരത്തിലാണ് മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരുന്നത് എന്നും പ്രഥമദൃഷ്ട്യാ തന്നെ കൊലപാതക സൂചന പ്രകടമായിരുന്നു എന്നും ഈ കേസ് നിരീക്ഷിച്ചവരൊക്കെ തുടക്കം മുതല്‍ പറഞ്ഞു. ലൈംഗികമായി ഉപയോഗിക്കപ്പെട്ടത് കണ്ടതായി അമ്മ മൊഴി നല്‍കിയിരുന്നു; അവര്‍ പിന്നീടത് മാധ്യമങ്ങളോടും പറഞ്ഞു. ''കുട്ടിക്ക് നാണക്കേടല്ലേ എന്നുവച്ചാണ് അന്നു പരാതി പറയാതിരുന്നത്. അതില്‍ എന്റെ ഭാഗത്ത് തെറ്റുണ്ട്. മധുവിന്റെ വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയാല്‍ അയാളുടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ ഭാവി എന്താകുമെന്ന് ആലോചിച്ചു. എന്റെ മക്കളേക്കാള്‍ ഞാന്‍ അയാളുടെ മക്കളെക്കുറിച്ചാണ് ആലോചിച്ചത്'' എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. മാത്രമല്ല, മധുവില്‍നിന്നു മോശം പെരുമാറ്റമുണ്ടായപ്പോള്‍ അത് തന്നോട് പറയാതിരുന്നതെന്താണ് എന്നു ചോദിച്ചുവെന്നും അമ്മയോട് പറഞ്ഞാല്‍ കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തിയെന്നാണ് മകള്‍ പറഞ്ഞതെന്നും കൂടി അവര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ കുട്ടി മരിച്ചപ്പോള്‍ രണ്ടാമത്തെ കുട്ടിക്ക് കൗണ്‍സലിംഗ് കൊടുക്കണമെന്നു പൊലീസ് നിര്‍ദ്ദേശിച്ചതായി തുടക്കത്തില്‍ കേസ് അന്വേഷിച്ച എ.എ.സ്.പി ജി. പൂങ്കുഴലി പറയുന്നു. പക്ഷേ, രക്ഷിതാക്കള്‍ കൊണ്ടുവന്നില്ല എന്നും അവര്‍ പറഞ്ഞു. ''അങ്ങനെ കൗണ്‍സലിംഗ് കൊടുത്തിരുന്നെങ്കില്‍ ഇരുവരേയും ലൈംഗികമായി പലരും പീഡിപ്പിച്ച വിവരം പുറത്തുവരുമായിരുന്നു. രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാനും കഴിയുമായിരുന്നു'' പൂങ്കുഴലിയുടെ വാക്കുകള്‍.

ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു മൂത്ത കുട്ടി. എന്തൊക്കെയോ വിഷമങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു എന്നും സ്‌കൂളില്‍ കൗണ്‍സലിംഗ് കൊടുത്തുവെന്നും മലയാളം അധ്യാപിക ഗീത വ്യക്തമാക്കി ''ആരെയൊക്കെയോ ഭയക്കുന്നതുപോലെയാണ് സംസാരിക്കുക. മലയാളം നോട്ട്ബുക്കില്‍ അവള്‍ വരച്ച ചിത്രം കണ്ടു. നടുവില്‍ പൂവ്, ചുറ്റിനും പറക്കുന്ന പൂമ്പാറ്റകള്‍. അതിനൊക്കെ പുരുഷ പേരുകള്‍. ഒരുപക്ഷേ, ആ പേരുകളുള്ളവര്‍ തന്നെയാകാം പിന്നീട് പിടിയിലായത്'' - ടീച്ചര്‍ പറഞ്ഞു. 

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചു കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. പക്ഷേ, പീഡിപ്പിച്ചവരുടെ ഭീഷണി സഹിക്കാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നായി മാറി. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ ഞെട്ടിക്കുന്ന ഒരു വിവരമുണ്ട്. ഒരു നിശ്ചിത കിലോഗ്രാം വരെ തൂക്കമുള്ളവരെ, അതിനേക്കാള്‍ ആരോഗ്യമുള്ളവര്‍ക്കു വലിയ ബുദ്ധിമുട്ടില്ലാതെ തൂക്കിയെടുത്ത് കെട്ടിത്തൂക്കാം. അത് എത്ര കിലോ വരെ ആണ് എന്നത് പൊലീസും അഭിഭാഷകരും ഉള്‍പ്പെടെ അറിയാവുന്നര്‍ വെളിപ്പെടുത്താറില്ല. ഞങ്ങളും വെളിപ്പെടുത്തുന്നില്ല. ഈ കേസില്‍ രണ്ടു പെണ്‍കുട്ടികളുടേയും തൂക്കം ഇതിനുള്ളിലായിരുന്നു. ആത്മഹത്യയുടെ സാധ്യത തള്ളുന്ന ഈ സാഹചര്യത്തെളിവുകളൊന്നും  പൊലീസ് കണക്കിലെടുത്തില്ല.

പലപ്പോഴായി, വ്യത്യസ്ത സമയങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുകൊണ്ടാണ് പല സംഭവങ്ങളിലായി മൂന്നു വീതം കേസുകളെടുത്തത്. പക്ഷേ, ഓരോ സംഭവങ്ങളേയും അതില്‍ പ്രതികളുടെ പങ്കിനേയും കുറിച്ച് ഒഴുക്കന്‍ മട്ടിലാണ് കുറ്റപത്രത്തില്‍ പറഞ്ഞുപോകുന്നത്. ഈ വിമര്‍ശനം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിച്ചിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസുകളില്‍ കുറ്റകൃത്യത്തിലേക്ക് എത്തിയ സാഹചര്യങ്ങളെല്ലാം കൃത്യമായി പരസ്പരം ബന്ധപ്പെട്ടു വരണം. ആ വിധത്തില്‍ കുറ്റപത്രം തയ്യാറാക്കണം. അതുണ്ടായില്ല. ഈ കുറ്റപത്രം വച്ച് മുന്നോട്ട് എന്തു ചെയ്തിട്ടും കാര്യമില്ല എന്നാണ് കേസുകളെക്കുറിച്ച് വിവരമുള്ളവരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. തുടര്‍ അന്വേഷണവും പുതിയ കുറ്റപത്രവും വേണം. തൃശൂരില്‍ 24 വര്‍ഷത്തിനുശേഷം കൊലക്കേസിലെ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയ സംഭവം, എത്രകാലം കഴിഞ്ഞാലും തെളിവുകള്‍ ശേഖരിക്കാനും കുറ്റം തെളിയിക്കാനും സാധിക്കും എന്നതിനു സമീപകാലത്തെ തെളിവാണ്. ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ പുനരന്വേഷണം എന്നൊന്നില്ലാത്തതുകൊണ്ട് തുടരന്വേഷണമാണ് നടന്നത്; ഇതിലും അത് സാധ്യമാണ്. ''ശാസ്ത്രീയ തെളിവുകളോ ദൃക്സാക്ഷിയോ ഇല്ലാത്ത സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസാണ് വാളയാറിലേത്. അതുകൊണ്ടുതന്നെ വളരെ ശക്തമായ കുറ്റപത്രമില്ലെങ്കില്‍ വിട്ടുപോകും. അതാണ് സംഭവിച്ചത്. പക്ഷേ, അതുകൊണ്ട് പ്രതികളെ കണ്ടുപിടിക്കാനേ കഴിയില്ല എന്നര്‍ത്ഥമില്ല'' അമ്മയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പി. ഉദയഭാനു പറയുന്നു. 

സി.ബി.ഐക്കു വിടുകയോ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം നടത്തുകയോ ചെയ്യുക, കേസ് അട്ടിമറിച്ചുവെന്ന് ആരോപണവിധേയനായ ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുക, പ്രതികള്‍ക്കും അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തവര്‍ക്കും ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. വാളയാറില്‍നിന്ന് തിരുവനന്തപുരത്തേക്ക്  ജനുവരി നാല് മുതല്‍ 22 വരെ നീതിയാത്ര നടത്തിയ ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി. സി.ബി.ഐ അന്വേഷണ ആവശ്യത്തെ മാത്രം അവര്‍ പിന്തുണയ്ക്കുന്നില്ല. കേരളത്തില്‍ സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ മിക്കതും യഥാര്‍ത്ഥ പ്രതികളില്‍ എത്തിയില്ല എന്നാണ് അവരുടെ വിമര്‍ശനം. ''പ്രോസിക്യൂഷന്റെ പരാജയം മൂലമാണ് പ്രതികളെ വിട്ടയയ്ക്കേണ്ടിവരുന്നത് എന്നു വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഡി.വൈ.എസ്.പി എം.ജെ. സോജന്‍ ആയിരുന്നു വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. മതിയായ തെളിവുകള്‍ ശേഖരിക്കാതിരിക്കുക, യഥാര്‍ത്ഥ സാക്ഷികളെ കോടതിക്കു മുന്നില്‍ ഹാജരാക്കാതിരിക്കുക, ഹാജരാക്കിയ സാക്ഷികളെക്കൊണ്ട് പരസ്പരവിരുദ്ധമായി മൊഴി നല്‍കിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഈ ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നത്. സര്‍വ്വീസില്‍ തുടരുന്ന ഈ ഉദ്യോഗസ്ഥനെ മാറ്റണം, കേസെടുക്കുകയും വേണം'' ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം ആവശ്യപ്പെടുന്നു. വി.എം. മാര്‍സന്‍, പ്രസാദ് സോമരാജന്‍, എം. ഷീജ, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, പി.എ. പ്രേംബാബു എന്നിവരാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.

ആര്‍ക്കൊപ്പം? 

കേസിന്റെ തുടക്കത്തില്‍, അതായത് ആദ്യത്തെ പെണ്‍കുട്ടി മരിക്കുമ്പോള്‍ എസ്.ഐ. ചാക്കോ ആണ് അന്വേഷിച്ചത്. എ.എസ്.പി ജി. പൂങ്കുഴലിയുടെ മേല്‍നോട്ടം വളരെക്കുറച്ചു കാലമാണ് ഉണ്ടായിരുന്നത്. അനിയത്തിയും മരിച്ചതോടെയാണ് ഡി.വൈ.എസ്.പി എം.ജെ. സോജനെ അന്വേഷണച്ചുമതല ഏല്പിച്ചത്. പ്രശ്‌നമൊന്നു തണുപ്പിക്കാനുള്ള ഇടപെടലാണ് ആദ്യംതന്നെ സോജന്‍ നടത്തിയത്. എത്രയും വേഗം പ്രതികളെ അറസ്റ്റു ചെയ്യുക, അവര്‍ക്ക് ജാമ്യം കിട്ടാതെ നോക്കുക എന്ന രീതി. വേഗം അറസ്റ്റുണ്ടായി; തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് ഒഴിവാക്കുകയും ചെയ്തു. പക്ഷേ, പ്രതികള്‍ എന്നേയ്ക്കുമായി രക്ഷപ്പെടാനുള്ള പഴുതുകള്‍ ആ തിരക്കിട്ടു തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നുതാനും. 

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ആവര്‍ത്തിച്ചു പറയേണ്ടിവരുന്നു. എസ്.ഐ ചാക്കോയിലേക്കാണ് കുറ്റപ്പെടുത്തലിന്റെ വിരല്‍ചൂണ്ടപ്പെടുന്നത്. രാജേഷിനു മുന്‍പ് ശിശുക്ഷേമസമിതി ചെയര്‍മാനായിരുന്ന ഫാ. ജോസ് പോളുള്‍പ്പെടെ ആരും ഇടപെട്ട് രണ്ടാമത്തെ കുട്ടിയെ ആ വീട്ടില്‍നിന്നു മാറ്റിത്താമസിപ്പിച്ചുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിലും രണ്ടാമതൊരു ദുരന്തം ഉണ്ടാകുന്നത് തടയാമായിരുന്നു. ചേച്ചി ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടില്‍ അനിയത്തി സുരക്ഷിതയാകില്ല എന്നു മനസ്സിലാക്കി തീരുമാനമെടുക്കാന്‍ ശിശുക്ഷേമസമിതിക്കു കഴിഞ്ഞില്ല. മരിച്ച കുട്ടികളുടെ ഇളയ സഹോദരനെ പിന്നീട് മാറ്റിത്താമസിപ്പിച്ചു. ആ കരുതല്‍ നേരത്തെ ഉണ്ടാകാതിരുന്നതുകൊണ്ട് ഒരു ജീവനാണ് നഷ്ടപ്പെടുത്തിയത്. ആദ്യത്തെ കുട്ടി മരിച്ച ദിവസം മുഖം മറച്ച രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന അനിയത്തിയുടെ മൊഴിയെക്കുറിച്ച് കേസിന്റെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ആ മൊഴി കോടതിയില്‍ എത്തിയില്ല. അതില്‍ വ്യക്തത വരുത്താന്‍ രണ്ടാമത്തെ കുട്ടി ജീവനോടെ ഉണ്ടായിരുന്നുമില്ല. മാത്രമല്ല, ഒന്‍പതു വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടിയോട് പൊലീസ് ചോദിക്കുന്ന രീതിയും പ്രശ്‌നം തന്നെയാണ്. ''ശരിക്കും നീ കണ്ടോ, വെറുതേ ഉറപ്പില്ലാത്ത കാര്യം പറഞ്ഞാല്‍ കുഴപ്പമാകും കേട്ടോ'' എന്നു ഭീഷണിയുടെ സ്വരത്തിലാണ് പൊലീസ് വീണ്ടും ചോദിക്കുന്നതെങ്കിലോ. ഈ സംശയം ഉന്നയിക്കുന്നുണ്ട് പൊലീസില്‍ തന്നെയുള്ള പലരും. കേസിലെ പ്രതിയായ വലിയ മധു (വി. മധു) ആ സ്ഥലത്തുണ്ടായിരുന്നു എന്നും ഇളയ കുട്ടിയുടെ മൊഴിയുണ്ട്. അതും തെളിവായി കോടതിയില്‍ വന്നില്ല. ആ മൊഴി വന്നിരുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരുന്നു എന്നാണ് കേസ് വിലയിരുത്തുന്ന നിയമജ്ഞരും അഭിപ്രായപ്പെടുന്നത്. ജലജാ മാധവനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത് ആഭ്യന്തരവകുപ്പില്‍ നിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും സമ്മതവുമില്ലാതെ അത്തരമൊരു ഉത്തരവ് ഇറങ്ങാനുള്ള സാധ്യതയും സംശയത്തിലാണ്. ഒരു വെറും സ്ഥലംമാറ്റ ഉത്തരവ് ചിലപ്പോള്‍ മുഖ്യമന്ത്രി കണ്ടില്ലെന്നു വരാം. പക്ഷേ, ഇത് അങ്ങനെയല്ല. അപ്പോള്‍പ്പിന്നെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടോ, എങ്കില്‍ ഏതുവിധം, ആരുമൂലം? 

സാഹചര്യത്തെളിവുകളും വൈദ്യശാസ്ത്രപരമായ തെളിവുകളും ഉണ്ടായിരുന്നില്ല എന്നും അതംഗീകരിച്ചുകൊണ്ടാണ് പ്രതികളെ കോടതി വെറുതേ വിട്ടത് എന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ ഇത് പൊലീസ് അന്വേഷണത്തിലെ ന്യൂനതയാണ് എന്നുപോലും പ്രതികളുടെ അഭിഭാഷകന്‍ രഞ്ജിത് കൃഷ്ണന്‍ അന്നു പറയാന്‍ തയ്യാറായി. ''ഇതില്‍ ഒരുപാട് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. അതാകാം പൊലീസ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ കാരണം. കൃത്യമായി അന്വേഷിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു'' അഡ്വ. രഞ്ജിത് കൃഷ്ണന്റെ വാക്കുകള്‍. പറയുന്നത് പ്രതിഭാഗം അഭിഭാഷകനാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം.

എട്ടും പൊട്ടും തിരിയാത്ത രണ്ട് ദളിത് പെണ്‍കുട്ടികളുടേയും അവരുടെ കുടുംബത്തിന്റേയും കണ്ണീരിനു മുകളിലൂടെത്തന്നെയാകുമോ ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക എന്നത് കാത്തിരുന്നു കാണുകതന്നെ വേണം. പ്രതികളുടേയും അവര്‍ക്ക് പലവിധത്തില്‍ കൂട്ടുനിന്നവരുടേയും പക്ഷത്താണോ അതോ നീതിയുടെ പക്ഷത്താണോ സര്‍ക്കാര്‍ എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ് ഈ കാത്തിരിപ്പില്‍ കേരളത്തിനു ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com